‘‘സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകൾ നടപ്പിലാക്കാനുള്ളതല്ല ഇടതുപക്ഷ സർക്കാരുകൾ. അങ്ങനെ സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകൾ നടപ്പിലാക്കുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്ന നിലപാട് തന്നെ തെറ്റ്. ഇന്ത്യൻ ഭരണകൂടം കുത്തക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും താൽപര്യം സംരക്ഷിക്കുന്നതാണ്. ഇങ്ങനെ ഒരു ഭരണകൂടത്തിൽ അസംബ്ലിയിൽ ഭൂരിപക്ഷം കിട്ടിയതുകൊണ്ടായില്ല. ജുഡീഷ്യറിയിൽ ഭൂരിപക്ഷമുണ്ടോ, എക്‌സിക്യൂട്ടിവിൽ ഭൂരിപക്ഷമുണ്ടോ, അവിടെയൊക്കെ വർഗപരമായ താൽപര്യമാണ്. നിലപാട് സ്വീകരിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. ഞങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ നടപ്പിലാക്കുന്നതിനുള്ള സർക്കാരല്ല, ഇടതുപക്ഷ മുന്നണി സർക്കാർ, ഇ.എം.എസ് 1957- ൽ അധികാരത്തിൽ വന്നതുമുതലുളള കാഴ്ചപ്പാടാണിത്’’- സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങൾക്ക് നൽകിയ ഒരു അഭിമുഖത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞ കാര്യങ്ങളാണിത്.
സ്വന്തം രാഷ്ട്രീയ നിലപാടുകൾ നടപ്പിലാക്കാൻ പറ്റുന്ന സാഹചര്യമില്ലെന്നും തങ്ങളുടെ പോലും സർക്കാരുകൾക്ക് അതിന് സാധിക്കില്ലെന്ന് പറയാൻ കഴിയുന്നതും, പറയേണ്ടിവരുന്നതുമായ ഒരു പാർട്ടി കൂടിയാണ് സി.പി.എം എന്നതാണ് മറ്റ് ‘ബൂർഷ്വാ രാഷ്ട്രീയ പാർട്ടി'കളിൽനിന്ന് അതിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും പാർട്ടി മറച്ചുവയ്ക്കുന്നുമില്ല. അത് ആ പാർട്ടിയുടെ പരിപാടിയെന്ന നിലയിൽ പരസ്യപ്പെടുത്തിയതും ആർക്കും മനസ്സിലാക്കാവുന്നതുമായ കാര്യവുമാണ്.
എല്ലാ അർത്ഥത്തിലും പാർട്ടി കഴിഞ്ഞ കുറെ കാലമായി കൈയൊഴിയാൻ തീരുമാനിച്ച 'ദ്വന്ദ' വ്യക്തിത്വം ഒഴിവാക്കുന്നതിൽ നിർണായക മുന്നേറ്റമാണ് കൊല്ലം സമ്മേളനത്തിൽ ഉണ്ടായതെന്നത് വ്യക്തമാണ്.
നിയമനിർമ്മാണസഭയിൽ ഭൂരിപക്ഷം ലഭിച്ചതുകൊണ്ടു മാത്രമായില്ല. എക്‌സിക്യൂട്ടീവിലും ജുഡിഷ്യറിയിലും വർഗതാൽപര്യമാണ് നടക്കുന്നതെന്ന കാര്യം പാർട്ടിസെക്രട്ടറി ആവർത്തിക്കുന്നുണ്ട്. വിപ്ലവകരമായ മാറ്റം വന്നാൽ നടപ്പിലാക്കേണ്ട രാഷ്ട്രീയ നിലപാടുകളും അതുവരെ ജനങ്ങൾക്ക് സാധ്യമാകുന്നിടത്തോളം ക്ഷേമം നൽകുന്ന സർക്കാർ പരിപാടിയും- ഇതാണ് പാർട്ടി അനുവർത്തിച്ചുപോരുന്ന സമീപനം.
അങ്ങനെ വരുമ്പോൾ, ഒരു ഉദാഹരണം പറഞ്ഞാൽ, സ്വകാര്യ വിദേശ സർവകലാശാലകളെ രാഷ്ട്രീയമായി എതിർക്കുമ്പോഴും സർക്കാർ എന്ന രീതിയിൽ അവയെ സ്വാഗതം ചെയ്യേണ്ടിവരും. ഇത് ഉന്നത വിദ്യാഭ്യാസരംഗത്തെ മൂലധനവുമായി മാത്രം ബന്ധപ്പെട്ടതല്ല, ഏത് മേഖലയിലെ മൂലധനത്തോടുമുള്ള സമീപനമാണ്. രാഷ്ട്രീയ നിലപാടുകൾ ഇടതു സർക്കാരുകൾ നടപ്പിലാക്കുമെന്ന തോന്നലിൽനിന്നുണ്ടാകുന്ന വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്നുകൂടിയാണ് സംസ്ഥാന സെക്രട്ടറി പറയുന്നതിന്റെ അർത്ഥം. പാർട്ടി പരിപാടിയെയും രാഷ്ട്രീയ സമീപനങ്ങളെയും അതിന്റെ ദൈനംദിനനയങ്ങളായി മാറിക്കാണരുത്. രണ്ടും രണ്ടാണ്. അത് മനസ്സിലാക്കുകയെന്നതാണ് നിരീക്ഷകരും വിമർശകരും ചെയ്യേണ്ട കാര്യം. ഇത്തരമൊരു അവസ്ഥ സാധാരണ പാർട്ടികൾക്ക് ഇല്ല. ഇതറിയാതെ ന്യായവാദങ്ങൾ ചിലർ ചമയ്ക്കുമ്പോഴാണ് ‘നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല’ എന്ന് പറയേണ്ടിവരുന്നത്.

രാഷ്ട്രീയമായും ഭരണപരമായും രണ്ട് ജീവിതങ്ങൾ പാർട്ടിക്കുണ്ട്. ഒരുതരം 'ഉഭയ' ജീവിതം. ഈ സവിശേഷത മനസ്സിലാക്കാതെയുളള കാൽപനിക വിമർശനങ്ങളാണ് സി.പി.എമ്മിനെതിരെ പ്രധാനമായും ഉയരാറുള്ളതെന്നും ഈ പശ്ചാത്തത്തിൽ നോക്കിയാൽ കാണാം. മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ള പാർലമെന്ററി ജീവിതാനുഭവം പക്ഷെ പാർട്ടിയെ ഈ ഉഭയ ജീവിതം കൈവടിയാൻ പലപ്പോഴും പ്രേരിപ്പിച്ചുണ്ടെന്നതിന് പല ചരിത്രാനുഭവങ്ങളുമുണ്ട്. റവല്യൂഷന്റെയും പ്രാഗ്മാറ്റിസത്തിന്റെയും ഉഭയ ജീവിതം- വിപ്ലവത്തിനും പ്രയോജനവാദത്തിനുമിടയിലെ ഉഭയ ജീവിതം- കൈയൊഴിഞ്ഞ്, പ്രയോജനവാദത്തിന്റെ പ്രായോഗികയുക്തികളെ പൂർണമായും വരിക്കുന്നതിലേക്കുള്ള ചരിത്രപരമായ അനുഭവങ്ങളാണ് സി.പി.എമ്മിന്റെ പാർലമെന്ററി പ്രവർത്തനങ്ങൾ ആ പാർട്ടിക്ക് നൽകിയത്. ആ പ്രേരണകളെ ത്യജിക്കാൻ പാർട്ടിയിലെ പലരും പല രീതിയിലും പല കാലത്തും ശ്രമിച്ചു. അതിന്റെ ഫലമായി കൂടിയാണ് ഇക്കാലമത്രയും, നേരത്തെ സൂചിപ്പിച്ചതുപോലെ, അതിന് ഉഭയ ജീവിതം തുടരേണ്ടിവന്നത്. രാഷ്ട്രീയമായി വിപ്ലവകരമെന്ന നിലയ്ക്കും ഭരണപാർട്ടിയെന്ന നിലയിൽ പ്രയോജനവാദത്തിന്റെയും ഇടയിൽ മാറിമാറിയുള്ള ഉഭയ ജീവിതം.
കഴിഞ്ഞ രണ്ട് സംസ്ഥാന സമ്മേളനങ്ങളിലെങ്കിലും പാർട്ടി സെക്രട്ടറിയുടെ സംഘടനാ രാഷ്ട്രീയ റിപ്പോർട്ടുകളെക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ എടുക്കേണ്ട വികസന കാഴ്ചപ്പാടുകൾ സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ അവതരിപ്പിച്ച രേഖകളായിരുന്നു.
ഈ ഉഭയ ജീവിതം ഫലത്തിൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിലുള്ള വലിയ മുന്നോട്ടുപോക്കിലാണ് സി.പി.എം എന്ന് തെളിയിക്കുന്നതാണ് കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനം. സി.പി.എമ്മിന്റെ ജനസ്വാധീനം മാത്രമല്ല, വിപ്ലവവാദങ്ങൾക്കും പ്രയോജനവാദത്തിനുമിടയിൽ ആ പാർട്ടിക്ക് ജനിതകമായി തന്നെ നടത്തേണ്ടിവരുന്ന ബാലൻസിങ് ആക്ടാണ് മറ്റൊരു പാർട്ടിക്കുമില്ലാത്ത വിധം മാധ്യമശ്രദ്ധയും ജനശ്രദ്ധയും അതിന് കിട്ടാനുള്ള പ്രധാന കാരണം. ആ ബാലൻസിങിന്റെ കഥ മാധ്യമങ്ങൾക്ക് സവിശേഷമായ വിഭവങ്ങളാണ് നൽകിയത്. ആ ഉഭയ ജീവിതത്തെ പ്രായോഗികാടിസ്ഥാനത്തിൽ കൈയൊഴിയാനുള്ള വർഷങ്ങളായുള്ള ശ്രമം പൂർണമായും വിജയത്തോടടുക്കുന്നുവെന്നതാണ് കൊല്ലം സമ്മേളനം തെളിയിക്കുന്നത്.
കഴിഞ്ഞ രണ്ട് സംസ്ഥാന സമ്മേളനങ്ങളിലെങ്കിലും പാർട്ടി സെക്രട്ടറിയുടെ സംഘടനാ രാഷ്ട്രീയ റിപ്പോർട്ടുകളെക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ എടുക്കേണ്ട വികസന കാഴ്ചപ്പാടുകൾ സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ അവതരിപ്പിച്ച രേഖകളായിരുന്നു. മൂലധന നിക്ഷേപങ്ങളെ സംബന്ധിച്ചും നവലിബറൽ നയങ്ങളോട് സാധ്യമാകുന്ന എല്ലാ അർത്ഥത്തിലും പൊരുത്തപ്പെടേണ്ടതിന്റെയും ആവശ്യമാണ് ആ രേഖകൾ പറഞ്ഞത്. മുഖ്യധാരാ വികസന സങ്കൽപങ്ങൾ എത്രമാത്രം മഹത്തരമാണെന്ന് ആ രേഖകൾ കാഡറുകളോട് പറഞ്ഞു. പിന്നിട്ട വഴിയിൽ നടത്തിയ അസംബന്ധ പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ അത്രമാത്രം അബദ്ധമായിരുന്നുവെന്ന് അത് സഖാക്കളെ ഓർമ്മിപ്പിച്ചു. നവലിബറലിസം ആഗോളാടിസ്ഥാനത്തിൽ പ്രതിസന്ധി നേരിടുകയണെങ്കിലും അതിന്റെ ഗുണങ്ങൾ മഹത്തരവും കേരളത്തെ വികസനത്തിന്റെ ഉത്തുംഗതയിൽ എത്തിക്കുമെന്നും ആ രേഖകൾ ഓർമ്മിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള ശത്രുതാപരമായ സമീപനത്തെ രാഷ്ട്രീയമായി എതിർക്കുകയെന്നതിലപ്പുറം (നേരത്തെയുള്ള ഉഭയ ജീവിതത്തിന്റെ അവശിഷ്ടമുള്ളതുകൊണ്ട്) അതിന്റെ പ്രായോഗിക പോംവഴിയായി സെസ്സുകളെയും ടോളുകളെയും ആ രേഖ കാണുന്നുണ്ട്. അതായത്, കേന്ദ്ര വിരുദ്ധ സമീപനത്തിന്റെ രാഷ്ട്രീയം പറഞ്ഞതു കൊണ്ടുമാത്രമല്ല, അതിനെ മറികടക്കാനുള്ള സമീപനങ്ങളോടെ ആവണമെന്നതാണ് സി.പി.എം കാണുന്നത്. എന്നു മാത്രമല്ല, ബദൽ എന്നു പറയുന്നത് നവലിബറൽ നയങ്ങൾക്കുള്ളിൽനിന്നു കൊണ്ടുതന്നെ സാധ്യമാകുന്ന ഒന്നാണെന്നും സി.പി.എം പ്രായോഗികമായി സ്ഥാപിക്കുന്നു.
ഇപ്പോഴത്തെ സംസ്ഥാന സമ്മേളനത്തിൽവെച്ച വികസന രേഖയിൽ മാത്രമല്ല, 2016- ൽ പിണറായി വിജയൻ സർക്കാർ ആദ്യമായി അധികാരമേറ്റെടുത്തശേഷം വികസനത്തെ മുന്നോട്ടുകൊണ്ടുപോകാൻ കൊണ്ടുവന്ന ‘കിഫ്ബി’യെ നോക്കൂ. അത്തരം ബദലുകൾ ഇപ്പോഴത്തെ വികസന സമീപനങ്ങളിൽനിന്നുതന്നെ കണ്ടെടുക്കാൻ സി.പി.എമ്മിന് കഴിയുന്നുവെന്നതാണ് പ്രത്യേകത. എല്ലാ ടോളുകളും ജനവിരുദ്ധമോ, എതിർക്കപ്പെടേണ്ട വികസന സമീപനത്തിന്റെ ഭാഗമോ അല്ലെന്ന് സി.പി.എം കണ്ടെത്തുന്നതും ഇങ്ങനെ തന്നെയാണ്.
ഫെഡറൽ ഘടനയെ അട്ടിമറിക്കുകയെന്നത് ബി.ജെ.പി സർക്കാരിന്റെ ലക്ഷ്യമാണ്. നേരത്തെയുള്ള കോൺഗ്രസ് സർക്കാരുകളും അടിസ്ഥാനപരമായി ഈ സമീപനത്തിൽനിന്ന് വ്യത്യസ്തമായിരുന്നില്ല. എങ്കിലും ഫിസ്‌ക്കൽ ഫെഡറിലസത്തെ കഴുത്ത് ഞെരിക്കുമ്പോഴും, അത് മറികടക്കാനുള്ള നിയമപോരാട്ടത്താടൊപ്പം ബദൽ മാർഗങ്ങളും പാർട്ടി കണ്ടെത്താൻ ശ്രമിക്കുന്നു. അത്തരമൊരു സമീപനത്തിന്റെ രാഷ്ട്രീയ അനിവാര്യതയെ മാനിക്കുകയെന്നതാണ് ഇനി കേരളത്തിന് ചെയ്യാനുള്ളത്. നവലിബറലിസം വികസനത്തിന്റെ വലിയ സാധ്യതകളെ അതിനുള്ളിൽതന്നെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആ തിരിച്ചറിവിലാണ് ഇപ്പോൾ പാർട്ടി.
വികസനത്തിന്റെ കാര്യത്തിൽ മാവൂർ ഗ്വാളിയർ റയോൺസുമായി ബന്ധപ്പെട്ട് ബിർളയോട് എടുത്ത സമീപനത്തിന്റെ തുടർച്ചയായി തന്നെ വേണം ഇപ്പോൾ അദാനിയോടെടുക്കുന്ന സമീപനത്തെയും കാണേണ്ടത്.
യഥാർത്ഥത്തിൽ നിലനിൽക്കുന്ന വ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള ഭരണനിർവഹണത്തെക്കുറിച്ചുള്ള അന്വേഷണം, പാർട്ടി പാർലമെന്ററി രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നത് മുതൽ തുടങ്ങിയതാണ്. അതിനെ പിണറായി വിജയന്റെ രാഷ്ട്രീയവ്യതിചലനമായി കാണുന്ന കാൽപനികർ ചരിത്രത്തിലേക്ക് നോക്കണം. വികസനത്തിന്റെ കാര്യത്തിലായാലും പാർട്ടി ഭരണകാലത്തെ മറ്റ് സമരത്തോടായാലും, കാലത്തിനനുസരിച്ച് മാറിയെന്നല്ലാതെ പുതുതായി പാർട്ടി ഒന്നും തുടങ്ങിയിട്ടില്ലെന്നതാണ് സത്യം. വികസനത്തിന്റെ കാര്യത്തിൽ മാവൂർ ഗ്വാളിയർ റയോൺസുമായി ബന്ധപ്പെട്ട് ബിർളയോട് എടുത്ത സമീപനത്തിന്റെ തുടർച്ചയായി തന്നെ വേണം ഇപ്പോൾ അദാനിയോടെടുക്കുന്ന സമീപനത്തെയും കാണേണ്ടത്. അന്നും ബിർളയുടെ വർഗ താൽപര്യത്തെ തിരിച്ചറിഞ്ഞ് ശക്തമായി പാർട്ടി പ്രത്യയശാസ്ത്രപരമായി നേരിടുമ്പോൾ തന്നെയാണ് മാവൂരിലേക്ക് ആ വ്യവസായിയെ ക്ഷണിച്ചതും. അതുകൊണ്ട് ഇപ്പോൾ അദാനിയോട് എടുക്കുന്ന സമീപനം പാർട്ടിയുടെ പഴയകാല സമീപനത്തിൽനിന്ന് വ്യത്യസ്തമാണെന്ന നിലപാട് ചരിത്രത്തിന് നിരക്കുന്നതല്ല. വികസനത്തിന് മൂലധനവും അതിന് സ്വകാര്യ വ്യവസായികളും ആവശ്യമാണ്. അത് പണ്ടേ ഭരണത്തിലുള്ള കാലത്ത് പാർട്ടിക്കറിയാം. അതിൽ പുതിയ തിരിച്ചറിവൊന്നുമില്ല. പുതിയ ഊന്നലുകൾ മാത്രം.
പാർട്ടിയുടെ സംസ്ഥാന സമ്മേളന സമയത്തു തന്നെയാണ് തിരുവനന്തപുരത്ത് ആശ വർക്കർമാർ സമരം ചെയ്യുന്നത്. പാട്ടകുലുക്കി നടത്തിയ അരാജക സമരമായി അടിസ്ഥാന വർഗത്തിൽപ്പെട്ടവരുടെ സമരത്തെ പാർട്ടിയും യുണിയൻ നേതാക്കളും അപഹസിച്ചതിനെക്കുറിച്ചും വലിയ വിമർശനങ്ങളുണ്ടായി. പാർട്ടി മാറിപ്പോയെന്നായിരുന്നു ആക്ഷേപം. ഇങ്ങനെ തൊഴിലാളി സമരത്തെ എതിർക്കുന്നതും പാർട്ടിയുടെ പുതിയ രീതിയായാണ് കാൽപനികർ കണ്ടത്. യഥാർത്ഥത്തിൽ ബിർള- അദാനി തുടർച്ച പോലെ തന്നെയാണ് ഇതും. പാർട്ടിക്ക് പുറത്തുനടക്കുന്ന ഒന്നിനെയും പുരോഗമനപരമായി അംഗീകരിച്ച ചരിത്രം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനില്ല (ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാര്യം അറിയില്ല).

കേരളം രൂപികരിച്ചതിനുശേഷം ആദ്യം അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാരിന്റെ കാലത്ത് നടന്ന ചന്ദനതോപ്പ് സംഭവം ഓർത്തുനോക്കൂ. അവിടെയും പാവപ്പെട്ട തൊഴിലാളികളാണ് സമരം ചെയ്തത്. പക്ഷെ പോലീ്‌സ് വെടിവെച്ചു. തൊഴിലാളികൾ കൊല്ലപ്പെട്ടു. തൊഴിലാളികൾക്ക് അത് കശുവണ്ടി തൊഴിലാളികളായാലും, ആശാ വർക്കർമാരായാലും സമരം ചെയ്യാൻ ഒരു സംഘടനയുണ്ട്. അവർ ചെയ്യും. അതിനപ്പുറം പോയി ചെയ്യുന്നത് അന്നും ഇന്നും അരാജക സമരമാണ്. (കെ. ദാമോദരനുമായി താരിഖ് അലി നടത്തിയ ന്യൂ ലെഫ്റ്റ് റിവ്യൂ അഭിമുഖത്തിലുടെ പ്രശസ്തമാക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ചരിത്രത്തിൽചന്ദനത്തോപ്പ് വെടിവെപ്പുണ്ടാകുമായിരുന്നോ?).
സൈലന്റ് വാലി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നടന്ന സമരത്തോടും പെരിങ്ങോത്തെ ആണവ നിലയത്തിന്റെ കാര്യത്തിലും വികസന സങ്കൽപത്തിനെതിരായ ഒരു സമീപനവും പാർട്ടി ഒരു കാലത്തും സ്വികരിച്ചിട്ടില്ലെന്നതാണ് ചരിത്രം. അതുകൊണ്ട് ഇപ്പോൾ കെ റെയിലിനോടോ, മറ്റ് വികസന പരിപാടികളോടോ ഉള്ള സമീപനം വ്യതിചലനമല്ല തുടർച്ചയാണ്. നേരത്തെ വിശദീകരിച്ചതുപോലെ വർത്തമാനകാല സംഭവങ്ങളുടെ ചരിത്രത്തിലെ അടയാളങ്ങൾ കാണാതെയാണ് സി.പി.എം നയംമാറ്റി എന്ന വിമർശനം ഉയർത്തുന്നത്.
സംഭവങ്ങളോടുമാത്രമല്ല, പാർട്ടിക്ക് പുറത്തുള്ള വ്യക്തികളോടുള്ള സമീപനവും അതുതന്നെയായിരുന്നു. അംബേദ്ക്കറിനോടെടുത്ത സമീപനം നോക്കൂ. കേരള ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ അയ്യങ്കാളിയെ മറന്നുപോയത് നോക്കൂ. അങ്ങനെ പാർട്ടി പുറത്തുള്ളവർ 'ബൂർഷ്വാ പണ്ഡിത മൂഢർ' ആണെന്നൊക്കെ നേരത്തെ തന്നെ ആചാര്യന്മാർ വിലയിരുത്തിക്കഴിഞ്ഞതാണ്. അങ്ങനെയൊക്കെ ചെയ്തത് അവഗണനയോ, മറവിയോ ആയിരുന്നില്ല. രാഷ്ട്രീയ അവഗണനയും രാഷ്ട്രീയമറവിയുമായിരുന്നു. പാർട്ടിക്കുപുറത്ത് വിപ്ലവകരമായി ഒന്നും സംഭവിക്കുന്നില്ല, പാർട്ടിയിലൂടെയല്ലാതെ ഒരാവശ്യങ്ങളും മുന്നോട്ടുവെയ്ക്കപ്പെടാനും പാടില്ല. അത് ആശമാരായാലും മൂന്നാറിലെ തേയില തൊഴിലാളികളായാലും. ഇത്തരം കാര്യങ്ങളിലൊക്കെ നേരത്തെ ‘കമ്മ്യൂണിസ്റ്റ് വ്യക്തത' പാർട്ടിക്കുണ്ടായിട്ടുണ്ട്.
വിമർശകരെയും എതിരാളികളെയും നേരിടുന്നതിന് ഡിജിറ്റൽ കാലത്ത് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചുമുള്ള വ്യക്തതയും പാർട്ടി ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്. തങ്ങൾക്കെതിരെ നിന്ന മാധ്യമങ്ങളെ ‘പ്രെസ്റ്റിറ്റ്യൂട്ട്സ്’ എന്ന് സംഘപരിവാരം അധിക്ഷേപിച്ചതാണ് പാർട്ടി ഒരു സൂചകമായി എടുത്തിട്ടുള്ളത്.
മറ്റ് പാർട്ടികളിൽനിന്ന് വ്യത്യസ്തമായി പാർട്ടി ഭരണഘടനയ്ക്കുപുറമെ, പരിപാടി കൂടിയുള്ളതുകൊണ്ടും അതൊക്കെ അധികാരം കിട്ടിയാലുടൻ നടപ്പിലാക്കുമെന്നുമുള്ള തോന്നലുള്ളവരാണ് സി.പി.എമ്മിൽ നയ വ്യതിചലനം ആരോപിക്കുന്നത്. തുടക്കത്തിൽ ഉദ്ധരിച്ച അഭിമുഖത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതുപോലെ, നിയമനിർമ്മാണ സഭയിൽ ഭൂരിപക്ഷം കിട്ടിയതുകൊണ്ടുമാത്രം സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകൾ ഇടതുസർക്കാരിന് നടപ്പിലാക്കാൻ സാധിക്കില്ലെന്ന കാര്യം നിഷ്‌കളങ്കരായ ശുദ്ധിവാദികൾ മറക്കുന്നു. ഇത് പാർട്ടിക്ക് പുറത്തുനിൽക്കുന്ന അഭ്യുദയകാംക്ഷികളുടെ മാത്രം തെറ്റിദ്ധാരണയായി കണക്കാക്കാനും പറ്റില്ല. ഒരേ സമയം വർത്തമാനകാല പ്രായോഗികതയിൽ മുന്നോട്ടുപോകുമ്പോഴും വിപ്ലവത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചെല്ലാമുള്ള പാർട്ടിയിലെ ചർച്ചകളും വിലയിരുത്തലുകളും തർക്കങ്ങളും സി.പി.എമ്മിനെ 'വ്യത്യസ്തമാക്കി' നിലനിർത്തി. വിപ്ലവത്തിന്റെ വഴികളെക്കുറിച്ചും, ഭരണകൂടത്തിന്റെ സ്വഭാവത്തെക്കുറിച്ചും, സോഷ്യലിസ്റ്റ് പാതയെക്കുറിച്ചും മറ്റൊരു ലോകം സാധ്യമാണെന്നു പറഞ്ഞു കൊണ്ടുമുള്ള പാർട്ടിയിലെ ചർച്ചകളും നേതാക്കളിൽ ചിലരുടെ പ്രസ്താവനകളും എഴുത്തുകളും സി.പി.എമ്മിന് ഒരർത്ഥത്തിൽ അധികഭാരം നൽകുകയാണ് ചെയ്തത്. പ്രായോഗിക രാഷ്ട്രീയത്തിൽ ഇതൊക്കെ സി.പി.എം പ്രാവർത്തികമാക്കാൻ പോകുന്ന സമീപനങ്ങളാണെന്ന തോന്നൽ പാർട്ടി പ്രവർത്തികരിലും അഭ്യദയകാക്ഷികളിലും സാധാരണ ജനങ്ങളിലും ഉണ്ടാക്കി. ഭരിക്കാനവസരം കിട്ടിയ പല സന്ദർഭങ്ങളിലും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വേറെ, പ്രായോഗിക സമീപനങ്ങൾ വേറെ എന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പാർട്ടിയിലെ വിശ്വാസസമൂഹം അത് ഗൗരവത്തിലെടുത്തില്ല. രാഷ്ട്രീയ നിലപാടുകൾ നടപ്പിലാക്കാനുള്ളതാണെന്ന തെറ്റിദ്ധാരണയിൽ അവർ പാർട്ടിയോട് പിണങ്ങുകയും സങ്കടപ്പെടുകയും ചെയ്തു. ശത്രുക്കളാവട്ടെ, പാർട്ടിയുടെ ഇരട്ടത്താപ്പ് സമീപനമായി ഇവയെ കുറ്റപ്പെടുത്തുകയും ചെയ്തു. നേരത്തെ സൂചിപ്പിച്ച 'ഉഭയ ജീവിതം’ ജീവിക്കേണ്ടിവന്നതിന്റെ പ്രത്യാഘാതമാണിതെല്ലാം. അതാണ് പാർട്ടി കൈയൊഴിഞ്ഞ് സുതാര്യമാകാൻ പോകുന്നത്.

ഇങ്ങനെ രണ്ട് ജീവിതം ജീവിക്കുന്നത് ഫലത്തിൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ സി.പി.എം വളരെ മുന്നോട്ടുപോയി എന്നത് കൂടിയാണ് എറണാകുളം സമ്മേളനത്തെയും കൊല്ലം സമ്മേളനത്തെയും പ്രാധാന്യമുള്ളതാക്കുന്നത്. എറണാകുളത്തായാലും കൊല്ലത്തായാലും സമ്മേളനത്തിലെ ഊന്നലുകൾ മുഖ്യധാരാ വികസന സങ്കൽപങ്ങളെ എത്ര തീവ്രതയോടെ ആവിഷക്കരിച്ച് നടപ്പിലാക്കാമെന്നതായിരുന്നു. ഫലത്തിൽ നവലിബറലിസത്തിൽനിന്നുകൊണ്ടുള്ള വികസന കുതിപ്പിനെക്കുറിച്ചുള്ള ചർച്ചകളും രേഖകളുമായാണ് സമ്മേളനങ്ങൾ അവസാനിച്ചത്. പുതിയ കേരളത്തിന്റെ സൃഷ്ടിയിൽ നവ ലിബറൽ വികസന രീതികൾക്ക് വലിയ പങ്കുണ്ടെന്ന് സമ്മേളനം പറയാതെ പറഞ്ഞുവെച്ചു. അത്തരമൊരു സമീപനത്തെ പാർട്ടിയിലെ പ്രതിനിധികളും ആന്തരികവൽക്കരിച്ചുവെന്നതാണ് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുന്നത്.
സമ്മേളനത്തിനുശേഷം ചില നേതാക്കൾ രേഖപ്പെടുത്തിയ ഭിന്നാഭിപ്രായങ്ങൾ നോക്കുക. ആർക്കും പാർട്ടി സ്വീകരിക്കുന്ന നയസമീപനങ്ങളോട് ഒരു വിയോജിപ്പുമില്ല. ആകെയുള്ളത് തനിക്ക് സ്ഥാനം കിട്ടിയില്ലെന്ന തേങ്ങലടിമാത്രമാണ്. വിപ്ലവ പാർട്ടിയായി സ്വയം അവതരിപ്പിക്കുകയും പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനത്തിൽ ജീവിക്കുകയും ചെയ്ത ‘രണ്ട് ജീവിത' കാലത്ത് പാർട്ടിയുടെ രാഷ്ട്രീയ ലൈനുമായി ബന്ധപ്പെടുത്തിയായിരുന്നു ചിലർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഇപ്പോൾ അത്തരം വ്യത്യസ്താഭിപ്രായങ്ങൾ ഇല്ലാതായി കഴിഞ്ഞിരിക്കുന്നു. അതായത് നേരത്തെ സൂചിപ്പിച്ച 'ഉഭയ' ജീവിതം അവസാനിപ്പിക്കുന്നതിനോടുള്ള സമ്പൂർണ യോജിപ്പാണ് ഇതിലൊക്കെ പ്രതിഫലിക്കുന്നത്.
ദേശീയ രാഷ്ട്രീയത്തെ വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിൽ നയസമീപനങ്ങൾ രൂപികരിക്കുകയെന്ന കേന്ദ്രീകൃത സമീപനത്തിലും 'പ്രാഗ്മാറ്റിക്’ രീതിയുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പാർട്ടിക്ക് ഏറ്റവും കൂടുതൽ സ്വാധീനവും ശക്തിയുമുള്ള പ്രദേശങ്ങളിലെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുക, അതിന്റെ അടിസ്ഥാനത്തിലുള്ള ദേശീയ നയസമീപനങ്ങൾ സ്വീകരിക്കുകയെന്ന പ്രയോഗികതയിലേക്ക് മാറിയതും ഇതിന്റെ ഭാഗമായി കാണാം.
മോദി സർക്കാർ ഫാഷിസ്റ്റാണ് എന്ന് വിലയിരുത്തിയാൽ ജനാധിപത്യ മതേതര കക്ഷികളുമായുള്ള ഐക്യമുന്നണിയുടെ ഭാഗമായി അതിനെതിരെ പോരാട്ടം നടത്തേണ്ടിവരും. അങ്ങനെയായാൽ കേരളത്തിലെ കോൺഗ്രസുമായി സഹകരിക്കേണ്ട അവസ്ഥ സംജാതമാകും. അത് പാർട്ടിയെ അതിന്റെ ശക്തികേന്ദ്രത്തിൽ തന്നെ ദുർബലമാക്കുന്ന അവസ്ഥയുണ്ടാക്കും.
ഫാഷിസ്റ്റ് സംഘടനയെന്ന് പാർട്ടി തന്നെ വിലയിരുത്തിയ ആർ.എസ്.എസ് നിയന്ത്രിക്കുന്ന, ബി.ജെ.പിയുടെ ഭരണകൂടം ഫാഷിസ്റ്റല്ലെന്നും അതിന് ക്ലാസിക്കൽ ഫാഷിസമായി സാമ്യമില്ലെന്നുമുള്ള വിലയിരുത്തലും അത് നവ ഫാഷിസ്റ്റ് പ്രവണതകൾ കാണിക്കുക മാത്രമാണെന്നുമുള്ള വിലയിരുത്തലും ഇതിന്റെ ഭാഗമാണ്. ഫാഷിസമാണെന്ന് വിലയിരുത്തിയാൽ എല്ലാ ജനാധിപത്യ മതേതര കക്ഷികളുമായുള്ള ഐക്യമുന്നണിയുടെ ഭാഗമായി അതിനെതിരെ പോരാട്ടം നടത്തേണ്ടിവരും. അങ്ങനെയായാൽ കേരളത്തിലെ കോൺഗ്രസുമായി സഹകരിക്കേണ്ട അവസ്ഥ സംജാതമാകും. അത് പാർട്ടിയെ അതിന്റെ ശക്തികേന്ദ്രത്തിൽ തന്നെ ദുർബലമാക്കുന്ന അവസ്ഥയുണ്ടാക്കും. ശക്തികേന്ദ്രത്തെ സംരക്ഷിക്കുകയെന്നതിലുപ്പുറം ഫാഷിസത്തിനെതിരെ ഐക്യമുന്നണിയുണ്ടാക്കി, അതിനെതിരെ പോരാടുന്നത് പ്രായോഗികമല്ല. അതുകൊണ്ടാണ് നവ ഫാഷിസ്റ്റ് പ്രവണതകൾ കാണിക്കുന്ന ഭരണകൂടമാണ് എന്നതിൽ മോദി ഭരണകൂടത്തെക്കുറിച്ചുള്ള വിലയിരുത്തൽ അവസാനിപ്പിച്ചത്.
വിമർശകരെയും എതിരാളികളെയും നേരിടുന്നതിന് ഡിജിറ്റൽ കാലത്ത് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചുമുള്ള വ്യക്തതയും പാർട്ടി ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്. തങ്ങൾക്കെതിരെ നിന്ന മാധ്യമങ്ങളെ ‘പ്രെസ്റ്റിറ്റ്യൂട്ട്സ്’ എന്ന് സംഘപരിവാരം അധിക്ഷേപിച്ചതാണ് പാർട്ടി ഒരു സൂചകമായി എടുത്തിട്ടുള്ളത്. വിവിധ കണ്ണികളായി പ്രവർത്തിക്കുന്ന ഡിജിറ്റൽ കടന്നൽക്കൂട്ടങ്ങളെ അഴിച്ചുവിട്ടുള്ള അപഹസിക്കലും ഡോഗ് വിസ്‍ലിങും എതിരാളികളെ നേരിടാൻ ഫലപ്രദമായ മാർഗമാണെന്ന് കണ്ടെത്തിയതും സംഘ്പരിവാർ രീതികളിൽനിന്നാവണം. വികസന സമീപനത്തിൽ നവലിബറൽ രീതികളാവാമെങ്കിൽ രാഷ്ട്രീയ രീതികളിൽ സംഘപരിവാർ സമീപനങ്ങളുമാകാം.
എല്ലാ അർത്ഥത്തിലും പാർട്ടി കഴിഞ്ഞ കുറെ കാലമായി കൈയൊഴിയാൻ തീരുമാനിച്ച 'ദ്വന്ദ' വ്യക്തിത്വം ഒഴിവാക്കുന്നതിൽ നിർണായക മുന്നേറ്റമാണ് കൊല്ലം സമ്മേളനത്തിൽ ഉണ്ടായതെന്നത് വ്യക്തമാണ്. കാൽപനികവും ഗൃഹാതുരത്വവും നിറഞ്ഞ അരാജക വിമർശനങ്ങൾ ഉന്നയിച്ച് അതിനെ നേരിടുകയല്ല വേണ്ടത്, മറിച്ച് ആ സുതാര്യതയെ, 'ഉഭയ ജീവിതം' അവസാനിപ്പിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. കാരണം ഇരട്ട ജീവിതം കബളിപ്പിക്കലായിരുന്നു. ഇനി ആ കബളിപ്പിക്കലില്ലാതെ കാര്യങ്ങൾ നടത്താമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം.