അലക്സ് തിയോഡോർ കാലിനിക്കോസ്

ഒരു യഥാർത്ഥ മാർക്സിസ്റ്റ് ദളിത്- ആദിവാസി- ന്യൂനപക്ഷ മുന്നേറ്റങ്ങളിൽ പങ്കാളിയാവുകയാണ്​ വേണ്ടത്​

ഇന്ത്യയിലെ ഇടതുപക്ഷം ശ്രമിക്കേണ്ടത്, പല വിധ സമരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും, പല സമരങ്ങളെ കൂട്ടിക്കെട്ടി മുതലാളിത്തത്തെ ചെറുക്കാനുമാണ്. സമരങ്ങളെ പഠിക്കുക, അതിന്റെ ഭാഗമാവുക. മഹാമാരികൾ നേരിടേണ്ടത് മനുഷ്യർ ഒന്ന് ചേർന്നാണ്, മാർക്സിസ്റ്റുകൾ മനുഷ്യരുടെ ഒന്നിച്ചു ചേരലിന് ഹേതുവാകണം.

കുഞ്ഞുണ്ണി സജീവ് : ഗ്ലോബൽ സൗത്തിൽ എങ്ങും ഇടതുപക്ഷ ചിന്താധാരകൾ അധികാരങ്ങളിൽ നിന്ന്​ മാറുന്ന സാഹചര്യമാണ്​ കാണുന്നത്, അധികാരം തീവ്രവലതുപക്ഷ പാർട്ടികളുടെ കൈയിൽ ഭദ്രമാകുമ്പോഴും. പക്ഷെ, അതിനെതിരെ ഉയർന്നു വന്ന ശബ്ദങ്ങൾ പ്രധാനമായും സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെട്ടവയായിരുന്നു. മാർക്സിസ്റ്റ് വിശകലനത്തിൽ കണ്ടാൽ വർഗ സമരത്തിന് വെളിയിൽ നടക്കുന്നവ. അമേരിക്കയിൽ Black Lives Matter എന്ന മുദ്രാവാക്യം ശക്തമായപ്പോൾ ഇന്ത്യയിൽ ചെറിയ രീതിയിലെങ്കിലും ഇന്ന് ദളിത്-ആദിവാസി- ന്യൂനപക്ഷ മുന്നേറ്റങ്ങൾക്ക് ശബ്ദിക്കുവാൻ കഴിയുന്നുണ്ട്. അത്തരമൊരു പശ്ചാത്തലത്തിൽ ഗ്ലോബൽ സൗത്തിലെ ഇടതുപക്ഷ വിപ്ലവസാധ്യതയെ എങ്ങനെ കാണുന്നു. അതോ വർഗ സമരത്തിന്റെ സ്ഥാനം സ്വത്വരാഷ്ട്രീയ സമരങ്ങൾ കൈയ്യടക്കുമോ?

അലക്​സ്​ തിയോഡോർ കാലിനിക്കോസ്: സ്വത്വ രാഷ്ട്രീയം ഒരിക്കലും ഇടതുപക്ഷ ചിന്തകൾക്കോ, മാർക്സിസത്തെ ആശയമായി സ്വീകരിക്കുന്ന രാഷ്ട്രീയ പ്രവർത്തകനോ ഒരു പ്രശ്നമാകുവാൻ പാടില്ല. അമേരിക്കയിൽ നടന്ന പ്രതിഷേധങ്ങളും ഇപ്പോൾ ഇന്ത്യയിൽ നിങ്ങൾ പറഞ്ഞ ദളിത്- ആദിവാസി- ന്യൂനപക്ഷ മുന്നേറ്റവും ഒന്നും മാർക്സിസത്തിന് എതിരല്ല. മറിച്ച് ഒരു യഥാർത്ഥ മാർക്സിസ്റ്റ് അത്തരം മുന്നേറ്റങ്ങളിൽ പങ്കാളിയാവുകയും അത്തരം മുന്നേറ്റങ്ങളിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കുവാനും ശ്രമിക്കണം. വ്യവസ്ഥാപിത ചട്ടക്കൂടുകളിൽ നിന്ന് പുറത്തുകടന്ന് വിപ്ലവസാധ്യതയുള്ള സമരങ്ങളെ കണ്ടെത്തുക എന്നതാണ് മാർക്സിസ്റ്റ് ചെയ്യേണ്ട കർമം.

നോക്കൂ, നാം എല്ലാവരും ഇപ്പോൾ ഒരു മഹാമാരിക്ക് നടുവിലാണ്. കണ്ണുതുറന്ന് നോക്കിയാൽ കാണാവുന്നത് മുതലാളിത്തം എത്ര വേഗത്തിൽ മനുഷ്യകുലത്തെ മരണത്തിലേക്ക് തള്ളി വിടുന്നു എന്നതാണ്. മഹാമാരികൾ മാത്രമല്ല, ചരിത്രത്തിൽ മുമ്പുനടന്ന പല ദുരന്തങ്ങളുടെയും പിന്നിൽ അതിന്റെ തീവ്രത വർധിപ്പിക്കുന്നതിൽ മുതലാളിത്തം വഹിച്ച പങ്ക് ചെറുതല്ല. നോക്കൂ, കോറോണയുടെ വ്യാപനത്തോടെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചാൽ അറിയാം, നമ്മുടെ ലോകത്ത് നിലനിൽക്കുന്ന വർഗ വേർതിരിവുകൾ.

വർഗങ്ങൾ ഇല്ലാതെയായി എന്ന് പ്രമുഖ ചിന്തകരെല്ലാം ഉറപ്പിക്കുമ്പോഴാണ് മഹാമാരിയിലൂടെ വർഗ വ്യത്യാസങ്ങൾ പുറത്തുവരുന്നത്. മറ്റൊരു പ്രധാന വൈരുധ്യം, ഭരണകൂടവും ജനങ്ങളും തമ്മിലുള്ളതാണ്. ഇന്ത്യയും മറ്റു പല രാജ്യങ്ങളും നേരിടുന്ന ഓക്സിജൻ ക്ഷാമവും, മറ്റു പല സൗകര്യങ്ങളുടെ കുറവും ഈ വൈരുധ്യം വെളിവാക്കുന്ന ഒന്നാണ്. ജനസേവനത്തിന്​ നിലകൊള്ളേണ്ട ഭരണകൂടം തന്നെ മഹാമാരി ഒരു അവസരമായി മുന്നിൽ കണ്ട് കൊണ്ട് കച്ചവടത്തിന്​ ഇറങ്ങിത്തിരിച്ചാൽ എന്താണ് ചെയ്യുക.

കൊറോണ പടിഞ്ഞാറ് പടർന്നു പിടിച്ചപ്പോൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആഫ്രിക്കൻ-അമേരിക്കൻ, ലാറ്റിനോ വംശജരുടെ മരണ നിരക്ക് യൂറോപ്യൻ വംശജരെ അപേക്ഷിച്ച് രണ്ടിരട്ടിയായിരുന്നു

ഇപ്പോഴും മഹാമാരിയെ ജനങ്ങളാണ് പൊരുതി തോൽപ്പിക്കുന്നത്, ഡോക്ടർമാരുൾപ്പെടെയുള്ള മറ്റു ആരോഗ്യപ്രവർത്തകർ തങ്ങൾക്ക് ലഭ്യമായ സൗകര്യങ്ങളും മരുന്നുകളും കൈവശം വെച്ച് ജനങ്ങളെ രക്ഷപ്പെടുത്തുവാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മഹാമാരികളെ നേരിടുന്നത് ജനങ്ങളാണ് അല്ലാതെ ഭരണകൂടമല്ല.
​എത്ര വർഷമായി നാം മനുഷ്യന്റെ ജീവിക്കുവാനുള്ള അവകാശത്തിന് പോരാടുന്നു. അത്തരം അവകാശങ്ങളിൽ മരുന്നും, മെച്ചപ്പെട്ട ആരോഗ്യവും പെടും. കൊറോണ പടിഞ്ഞാറ് പടർന്നു പിടിച്ചപ്പോൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആഫ്രിക്കൻ-അമേരിക്കൻ, ലാറ്റിനോ വംശജരുടെ മരണ നിരക്ക് യൂറോപ്യൻ വംശജരെ അപേക്ഷിച്ച് രണ്ടിരട്ടിയായിരുന്നു. അതോടൊപ്പം വംശീയ അധിക്ഷേപവും കൂടി വരുമ്പോഴാണ് "system' അപകടത്തിലാണ് എന്ന് നാം തിരിച്ചറിയുന്നത്.

സ്വത്വരാഷ്ട്രീയത്തെ കുറിച്ച് താങ്കൾ പറഞ്ഞുവല്ലോ, സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി നിലകൊള്ളുന്നത് അത്തരം പല സ്വത്വങ്ങൾക്കുവേണ്ടിയാണ്. അഭയാർത്ഥികൾ, മർദിത വംശങ്ങൾ, സ്ത്രീകൾ, LGBTQ ഗ്രൂപ്പുകൾ എല്ലാം ഞങ്ങൾക്ക് പ്രധാനമാണ്. അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുമ്പോൾ സാധിക്കുന്നത് വിപ്ലവത്തിലേക്ക് കൂടുതൽ അടുക്കുവാനാണ്. സ്വത്വ രാഷ്ട്രീയത്തോടൊപ്പം, പ്രകൃതി ചൂഷണവും കൂടി ഞങ്ങളുടെ മാനിഫെസ്‌റ്റോയിൽ വരുന്നതോടെ മുതലാളിത്തത്തിനെതിരായ സമരങ്ങൾക്ക് ആഗോള മാനം കൈവരുന്നുണ്ട്. ഗ്ലോബൽ സൗത്തും ഇതിന്റെ ഭാഗമാണ്.

ലിയോൺ ട്രോട്‌സ്‌കി, വ്‌ളാദിമിർ ലെനിൻ, ലെവ് കാമനോവ് (1920)

ആഗോള മുതലാളിത്തം അതിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ സംഭവിക്കുന്ന "Imperialism' (ലെനിൻ വിഭാവനം ചെയ്തത് പോലെ) എന്ന ചരിത്രഘട്ടത്തിൽ നിന്ന്​ വ്യത്യസ്തമല്ല ഗ്ലോബൽ സൗത്തിന്റെ പ്രശ്നങ്ങൾ. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഇടതുപക്ഷം ശ്രമിക്കേണ്ടത്, പല വിധ സമരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും, പല സമരങ്ങളെ കൂട്ടിക്കെട്ടി മുതലാളിത്തത്തെ ചെറുക്കാനുമാണ്. ചുരുക്കിപ്പറഞ്ഞാൽ ട്രോട്സ്കി വിഭാവനം ചെയ്തതുപോലെ ചരിത്രം എന്നും അസമമായതും കൂടിച്ചേരുന്നതുമായ പല പ്രക്രിയകളുടെ ഫലമാണ് (Uneven and Combined Development). അതുകൊണ്ട്​സമരങ്ങളെ പഠിക്കുക, അതിന്റെ ഭാഗമാവുക. മഹാമാരികൾ നേരിടേണ്ടത് മനുഷ്യർ ഒന്ന് ചേർന്നാണ്, മാർക്സിസ്റ്റുകൾ മനുഷ്യരുടെ ഒന്നിച്ചു ചേരലിന് ഹേതുവാകണം.

ട്രോട്സ്കി എന്ന ചിന്തകനും അദ്ദേഹത്തിന്റെ വിപ്ലവചിന്തകളും എങ്ങനെ ഇന്നത്തെ സമരത്തിന് സഹായകമാകുന്നു? ഗ്ലോബൽ സൗത്തിന് അതിൽ പങ്കുണ്ടോ?

തീർച്ചയായും. വളരെ വ്യക്തമായ ബന്ധമാണ് ഇന്ന് ഗ്ലോബൽ നോർത്തും സൗത്തും തമ്മിലുള്ളത്. അത് സാമ്പത്തികവും രാഷ്ട്രീയവുമായ ചൂഷണത്തിന്റെ ബന്ധമാണ്. അതുകൊണ്ടുതന്നെ ഈ വ്യത്യാസം നാം മറികടക്കേണ്ടതുണ്ട്. പക്ഷെ ആ മറിക്കടക്കൽ ഒരിക്കലും ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നിന്ന് സാധ്യമല്ല. മുതലാളിത്തം രാജ്യാതിർത്തികൾ ചൂഷണത്തിനായി ഭേദിക്കുമ്പോൾ എന്തുകൊണ്ട് നാം സമരത്തിനായി രാജ്യാതിർത്തികൾ ഭേദിച്ചുകൂടാ. അവിടെയാണ് ട്രോട്സ്കി എന്ന ചിന്തകൻ പ്രധാനമാകുന്നത്. ലോകത്തിന്റെ വളർച്ചയെ, പുരോഗതിയെ നിർണയിക്കുന്നത് ഒരിക്കലും ഏകമുഖമായ പരിണാമമല്ല; മറിച്ച് പല മുഖങ്ങളുള്ള വൈരുധ്യങ്ങളാണ്. മാത്രവുമല്ല മുതലാളിത്തം ഒരിക്കലും ഒരു രാജ്യത്തിൽ മാത്രമായി ഒതുങ്ങുന്നതല്ല (മാർക്സ് പറയുന്നുണ്ട്) അതുകൊണ്ടുതന്നെ അതിനെ ചെറുക്കാൻ വൈരുധ്യങ്ങൾ നിലനിൽക്കുന്ന പല സ്വഭാവങ്ങളുള്ള സമരങ്ങൾ കൂടിച്ചേരണം. ഈ കൂടിച്ചേരലിന് സാധ്യത കണ്ടെത്തുക എന്ന കർത്തവ്യമാണ് ട്രോട്സ്കിയൻ രീതിശാസ്ത്രം നമ്മോട് പറയുന്നത്.

ലോകനേതാക്കൾ എല്ലാവരും ഒരു പക്ഷത്തും ജനങ്ങൾ എതിർ പക്ഷത്തും നിലനിൽക്കുന്ന സ്ഥിതിവിശേഷം ആവശ്യപ്പെടുന്നത് എല്ലാ സമരങ്ങളുടെയും ഐക്യമാണ്.

​ഇന്ന് നിലനിൽക്കുന്നത് ആഗോളവൽക്കരണമല്ല, മറിച്ച് ആഗോള രാഷ്ട്രീയ മത്സരമാണ്​. ലോകനേതാക്കൾ എല്ലാവരും ഒരു പക്ഷത്തും ജനങ്ങൾ എതിർ പക്ഷത്തും നിലനിൽക്കുന്ന സ്ഥിതിവിശേഷം ആവശ്യപ്പെടുന്നത് എല്ലാ സമരങ്ങളുടെയും ഐക്യമാണ്. ഗ്ലോബൽ സൗത്ത് ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്കുള്ള മറുപടി ഒരു ആൻറി- ഫാസിസ്​റ്റ്​ ലീഗ് (Anti - Fascist League) കെട്ടിപ്പടുക്കുക എന്നതാണ്. വർഗീയ ശക്തികൾക്ക് വിരുദ്ധമായി, പ്രകൃതിചൂഷണത്തിനെതിരെ, വിവേചനങ്ങൾക്കെതിരെ അത്തരമൊരു സഖ്യം രൂപപ്പെടുമ്പോൾ നമ്മുടെ ശത്രു ആഗോള മുതലാളിത്ത വ്യവസ്ഥിതിയാണ് എന്ന് തിരിച്ചറിയണം. അതുകൊണ്ട് അതിനെതിരെ ആഗോള സമരമാണ് ആവശ്യം. അതിലൂടെ നിർമിക്കപ്പെടുക മനുഷ്യകുലത്തിന്റെ ഒത്തൊരുമയാണ്. അതിൽ എല്ലാ വർണങ്ങളും വംശങ്ങളും അഭയാർത്ഥികളും തുല്യപ്രാധാന്യത്തോടെ അണിനിരക്കേണ്ടതുണ്ട്‌. ട്രോട്സ്കി വിഭാവനം ചെയ്ത "Permanent Revolution' എന്ന ആശയം നമുക്ക് പഠിപ്പിച്ച് തരുന്നതും ഇതാണ്. ▮


അലക്സ് തിയോഡോർ കാലിനിക്കോസ്

മാർകസിസ്റ്റ് ചിന്തകൻ. ബ്രിട്ടനിലെ യോർക്ക് സർവകലാശാലയിലും പിന്നീട് കിങ്‌സ് കോളേജിലും രാഷ്ട്ര മീമാംസ, യൂറോപ്യൻ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. യൂറോപ്പിലെ തീവ്രഇടതുപക്ഷ പാർട്ടിയായ 'സോഷ്യലിസ്റ്റ് വർക്കേഴ്‌സ് പാർട്ടി'യുടെ ഇന്റർനാഷണൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ഇന്റർനാഷണൽ സോഷ്യലിസം എന്ന പാർട്ടി മുഖപത്രത്തിന്റെ എഡിറ്ററും പാർട്ടി സെൻട്രൽ കമ്മിറ്റി അംഗവുമാണ്. Social Theory (1999), Equality(2000), Against the Third Way (2001), Anti- Capitalist Manifesto(2003), Imperialism and Global political Economy (2009) തുടങ്ങിയവ പ്രധാന കൃതികൾ.

കുഞ്ഞുണ്ണി സജീവ്

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിദ്യാർത്ഥി

Comments