എല്ലാ തത്വങ്ങളും പ്രായോഗികമാകുക എന്നത് അത്ര എളുപ്പമല്ല.
എന്നാൽ മാനവരാശിയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തിൽ രൂപപ്പെട്ട തത്വങ്ങൾ പ്രായോഗികപാതയിൽ തുടരുകതന്നെ ചെയ്യും. ചില സമയങ്ങളിൽ, ഒരു രാജ്യത്തെ വിമോചിപ്പിക്കാൻ ഒന്നിലേറെ തത്വങ്ങളുടെ കൂടിച്ചേരൽ ആവശ്യമാണ്.
കോൺഗ്രസിലെ ബ്രാഹ്മണമേൽക്കോയ്മയെ ചോദ്യംചെയ്തുകൊണ്ടായിരുന്നു പെരിയാർ എന്ന ഇ.വി. രാമസ്വാമി നായ്ക്കർ പാർട്ടി വിട്ട് നീതി പാർട്ടിയിൽ അംഗമായത്. പിന്നിട് ‘സ്വയ മര്യാദ ഇയക്ക’ത്തിന് രൂപം നൽകി. നീതി പാർട്ടിയുടെ പ്രധാന ലക്ഷ്യം, എല്ലാ രീതിയിലും ബ്രാഹ്മണ മേൽക്കോയ്മയെ ചെറുക്കുകയും അതിനെതിരെ സാമൂഹികചലനങ്ങൾ രൂപപ്പെടുത്തുകയുമായിരുന്നു.
1924 -25 കാലഘട്ടത്തിൽതന്നെ, പെരിയാറിന് കോൺഗ്രസിൽ ബ്രാഹ്മണ മേൽക്കോയ്മയുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. എങ്കിലും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന് മുൻഗണന നൽകി അദ്ദേഹം കോൺഗ്രസിൽ തുടർന്നു. എല്ലാ ജാതിക്കാരും കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് എത്തിച്ചേരണമെന്ന് ആ കാലത്ത് അദ്ദേഹം ആഗ്രഹിച്ചു. വർഷങ്ങളായി അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ ഇതൊന്നും നടക്കില്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു. വൈക്കം സത്യാഗ്രഹത്തിനുശേഷം അദ്ദേഹം കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. ബദലായി അദ്ദേഹം കണ്ടെത്തിയ ആശയമാണ് ‘സുയ മര്യാദൈ ഇയക്കം.’
താഴേക്കിടയിലുള്ളവർ ജാതിയുടെ പേരിൽ അനുഭവിക്കുന്ന അടിച്ചമർത്തലുകളെയും സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തെയും കുറിച്ച് അദ്ദേഹം നിരന്തരം പ്രസംഗിക്കുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു. അമ്പലം പണിയുന്നത് എല്ലാ ജാതിയിൽ പെട്ടവരും ചേർന്നല്ലേ, പിന്നെയെന്തുകൊണ്ട് ഉയർന്ന ജാതിക്കാരെ മാത്രം പ്രവേശിപ്പിക്കുകയും താഴ്ന്ന ജാതിക്കാരെ തടയുകയും ചെയ്യുന്നു? ശില നിർമിക്കുന്നത് എല്ലാവരും ചേർന്നാണ്, പക്ഷേ അതിനെ പൂജിക്കാനുള്ള അനുമതി ബ്രാഹ്മണർക്കുമാത്രം നൽകിയത് ആരാണ്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചാൽ നമ്മൾ ആരാണെന്ന് നമുക്ക് മനസ്സിലാവും. വാസ്തവത്തിൽ ബ്രാഹ്മണർ ദൈവത്തിന്റെ പേരുപറഞ്ഞ് സാധാരണ ജനങ്ങളെ വഞ്ചിക്കുകയാണ്. അതുകൊണ്ട് ഹിന്ദുമതം അയിത്തം കൽപ്പിക്കുന്ന ശൂദ്രൻമാർക്ക് എന്തുകൊണ്ട് ദൈവത്തെ പൂജിച്ചുകൂടാ എന്ന് നമ്മൾ ചിന്തിക്കണം. നമ്മളെ അയിത്തം കൽപ്പിക്കുന്ന ദൈവത്തോട് നമ്മളും അയിത്തം കൽപ്പിക്കണം എന്ന വാദം മുൻനിർത്തി പെരിയാർ സംസാരിച്ചു. സമൂഹത്തിന്റെ നാനാഭാഗങ്ങളിലും ആ ചോദ്യം തീ പോലെ പടർന്നു. ബ്രാഹ്മണർക്കെതിരെ ശക്തമായ പോരാട്ടമാണ് പെരിയാർ ആ കാലയളവിൽ നടത്തിയത്. ദൈവത്തിന്റെയും ജാതിയുടെയും പേരിൽ ആട്ടിയോടിക്കപ്പെടുന്ന മനുഷ്യർ, സ്വയം തിരിച്ചറിഞ്ഞ് ആത്മാഭിമാനമുള്ളവരായി മാറണം എന്ന ലക്ഷ്യത്തോടെയാണ് പെരിയാർ സെൽഫ് റെസ്പെക്ട് മൂവ്മെൻറിന് രൂപംനൽകിയത്. ദ്രാവിഡ സിദ്ധാന്തത്തിന്റെ ഏറ്റവും കാതലായ ആശയങ്ങളിലൊന്നാണ്, എല്ലാ ജാതിക്കാർക്കും ദൈവത്തെ പൂജിക്കാം എന്നത്.
ഒരു നൂറ്റാണ്ടിലേറെ ദ്രാവിഡ പാർട്ടിക്ക് ശ്രമിച്ചിട്ടും കഴിയാതെ പോയ, എല്ലാ ജാതിക്കാർക്കും ക്ഷേത്രത്തിൽ പൂജാരിയാകാം എന്ന ആശയം കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി സർക്കാറാണ് നടപ്പിലാക്കിയത്, തമിഴ് പത്രങ്ങൾ കൊച്ചുകേരളത്തെ ഇന്ത്യയിലെ ‘സോഷ്യലിസ്റ്റ് രാജ്യം' എന്നാണ് പുകഴ്ത്തിയത്.
84 വർഷങ്ങൾക്കുമുമ്പുതന്നെ പെരിയാർ മറ്റുള്ള ചിന്തകരിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയെ കാണാൻ തുടങ്ങി. 1944-ൽ ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെടുന്നതിനു മുമ്പുതന്നെ ദ്രാവിഡ പാർട്ടിയുടെ തത്വങ്ങൾക്ക് പെരിയാർ രൂപംനൽകി. ബ്രാഹ്മണ്യത്തോടുള്ള എതിർപ്പ്, കുലത്തൊഴിൽ ഇല്ലായ്മ ചെയ്യുക, എല്ലാവർക്കും വിദ്യാഭ്യാസം, ജോലി തുടങ്ങിയ ആശയങ്ങളിലൂന്നിയാണ് ദ്രാവിഡ സിദ്ധാന്തം മുന്നോട്ടുപോയത്. ബ്രാഹ്മണ മേൽക്കോയ്മ ഇല്ലായ്മ ചെയ്യുമ്പോൾ കുലത്തൊഴിൽ ഇല്ലാതാകും. സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിച്ചാൽ സമൂഹത്തിൽ ഏറ്റക്കുറച്ചിലില്ലാതാവും, അപ്പോൾ മനുഷ്യർ അസമത്വത്തിൽ നിന്ന് വിമോചിതരാവും. ഈ അസമത്വത്തെ മറികടക്കുമ്പോൾ ഒരു സമധർമ സമൂഹം രൂപപ്പെടും. അങ്ങനെ, ജാതീയചൂഷണങ്ങളിൽനിന്ന് സമൂഹം വിമോചിക്കപ്പെടും എന്നതാണ് ദ്രാവിഡ സിദ്ധാന്തത്തിന്റെ സത്ത.
തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകം അധികാരത്തിൽ വന്നപ്പോൾ മുത്തുവേൽ കരുണാനിധിയുടെ കാലഘട്ടത്തിൽ നിയമസഭയിൽ ഏറ്റവും ചർച്ചയായ വിഷയം, എല്ലാ ജാതിയിൽപെട്ടവർക്കും അമ്പലങ്ങളിൽ പൂജിക്കാം എന്നതായിരുന്നു. കരുണാനിധി എന്ന ‘രാഷ്ട്രീയ തന്ത്രജ്ഞൻ' തമിഴ്‌നാട്ടിൽ അഞ്ചുതവണ മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടും ആ ആശയം സാക്ഷാത്കരിക്കാൻ കഴിയാതെപോയി. ഒന്നാം പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിൽ കയറി അഞ്ചുകൊല്ലം തികയുന്നതിനുമുമ്പുതന്നെ ദലിത് വിഭാഗത്തിൽപെട്ടവരെ അമ്പലങ്ങളിൽ പൂജ ചെയ്യാൻ നിയമിച്ചു. ജാതിമാടമ്പികൾക്ക് ഇതൊരു തിരിച്ചടിയായി. ഇന്ത്യൻ ബ്രാഹ്മണിസത്തിനേറ്റ മറ്റൊരു തിരിച്ചടിയായിരുന്നു, ശബരിമലയിൽ സ്ത്രീപ്രവേശനം സാക്ഷാത്കരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി. ഇതിൽ പ്രകോപിതരായി, ജാതിഹിന്ദുക്കളായ ‘കുലസ്ത്രീകൾ' നാമജപഘോഷയാത്രയുമായി തെരുവിലേക്കിറങ്ങി. പിണറായി വിജയനെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചു.
റഷ്യൻ മാതൃക സ്വീകരിച്ചാൽ മാത്രമേ ജാതിയുടെ പേരിൽ തഴയപ്പെടുന്ന ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ എന്ന് തന്റെ കുടിയരസു എന്ന പത്രത്തിൽ പെരിയാർ നിരന്തരം എഴുതി
പക്ഷേ, തമിഴ്‌നാട്ടിലെ ജനത ഈ കാര്യങ്ങളെ വ്യത്യസ്തമായാണ് സ്വീകരിച്ചത്. ഒരു നൂറ്റാണ്ടിലേറെ ദ്രാവിഡ പാർട്ടിക്ക് ശ്രമിച്ചിട്ടും കഴിയാതെപോയ, എല്ലാ ജാതിക്കാർക്കും ക്ഷേത്രത്തിൽ പൂജാരിയാകാം എന്ന ആശയം കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി സർക്കാറാണ് നടപ്പിലാക്കിയത്, തമിഴ് പത്രങ്ങൾ കൊച്ചുകേരളത്തെ ഇന്ത്യയിലെ ‘സോഷ്യലിസ്റ്റ് രാജ്യം' എന്നാണ് പുകഴ്ത്തിയത്. കാരണം, പെരിയാർ തന്റെ ജീവിതത്തിന്റെ അന്തിമാഭിലാഷമായി കൊണ്ടുനടന്ന ഒരാശയമായിരുന്നു ഇത്. ഇക്കാര്യമാണ്, സി.പി.എം. 23-ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള സെമിനാർ വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ സൂചിപ്പിച്ചത്. ആ ബന്ധം പിണറായി വിജയനും സ്റ്റാലിനും തമ്മിലുള്ള വ്യക്തിപരമായ ബന്ധമല്ല, മറിച്ച്, സൈദ്ധാന്തിക ബന്ധമാണ്.
1935-ൽ തന്നെ പെരിയാർ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തമിഴിലേക്ക് വിവർത്തനം ചെയ്തു. 1931-ലെ റഷ്യൻ സന്ദർശനമായിരുന്നു അതിനുകാരണം. പെരിയാർ തന്റെ റഷ്യൻ സന്ദർശനത്തിനിടെ, മെയ് ദിന റാലിയിൽ പങ്കെടുത്തിരുന്നു. റഷ്യൻ സോഷ്യലിസത്തെക്കുറിച്ചും വിദ്യാഭ്യാസ മാതൃകയെ കുറിച്ചും ലേഖനങ്ങളെഴുതി. റഷ്യൻ മാതൃക സ്വീകരിച്ചാൽ മാത്രമേ ജാതിയുടെ പേരിൽ തഴയപ്പെടുന്ന ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ എന്ന് തന്റെ കുടിയരസു (Republic) എന്ന പത്രത്തിൽ അദ്ദേഹം നിരന്തരം എഴുതി. ബ്രിട്ടീഷ് ഗവൺമെൻറ് പെരിയാറിന്റെ ലേഖനങ്ങൾക്ക് വിലക്കേർപ്പെടുത്തി. പിന്നീട് പെരിയാർ സെൽഫ് റസ്പെക്ട് മൂവ്മെൻറുമായി വന്നു. ജാതിയിൽ നിന്ന് മനുഷ്യരെ വിമോചിപ്പിച്ചാൽ മാത്രമേ ഇന്ത്യയിൽ സാധാരണക്കാരെ പൂർണ സ്വാതന്ത്രരാക്കാൻ കഴിയൂ എന്നദ്ദേഹം പ്രഖ്യാപിച്ചു.
1857-ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ചൂണ്ടി കാൾ മാർക്‌സ് പറഞ്ഞതും അതുതന്നെയായിരുന്നു. ജാതിബോധത്തിൽ നിന്ന് ഇന്ത്യാക്കാർ അവരെ സ്വയം വിമോചിപ്പിച്ചാൽ മാത്രമേ അവർക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കൂ- ഈ വാക്കുകൾ ഇന്നും പ്രസക്തമാണ്. മാർക്‌സിസ്റ്റ് തത്വങ്ങളെയും അംബേദ്കരുടെ ആശയങ്ങളെയും ചേർത്തുപിടിച്ച് ഇന്ത്യൻ ആശയങ്ങൾക്ക് രൂപംനൽകിയ ഏക ചിന്തകൻ പെരിയാറായിരുന്നു. 1931 മുതൽ 2022 വരെ തുടരുന്ന ഈ ബന്ധം മാനവരാശിയെ ജാതിയുടെ കൊടുംപിടിയിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തിൽനിന്നാണ് രൂപപ്പെട്ടത്.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്- മാർക്‌സ്, ജാതി മനുഷ്യനെ നീചനാക്കുന്നു, മതം മനുഷ്യനെ വിഡ്ഢിയാക്കുന്നു- പെരിയാർ.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.