തുടർഭരണം, മൗദൂദി, മുസ്​ലിംലീഗ്​, ശബരിമല; ഒ. അബ്​ദുറഹ്​മാൻ സംസാരിക്കുന്നു

പിണറായി ഉയർത്തുന്ന ശക്തമായ വെല്ലുവിളി നേരിടാൻ മാത്രം മറുഭാഗം ശക്തമാണോ എന്നൊക്കെ ചോദിച്ചാൽ അതിലൊക്കെ ഭിന്നാഭിപ്രായത്തിന്​ വകയുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഭരണത്തുടർച്ചയുണ്ടാവുമെന്ന് നമുക്ക് തീർത്ത് പറയാനാവില്ല. പക്ഷേ അതിനുള്ള സാധ്യത കുറേയൊക്കെ അഭിപ്രായ സർവ്വേകളിൽ കാണുന്നതുപോലെ ഏതാണ്ടൊക്കെ വ്യക്തമാണ്. അത് അങ്ങനെ തന്നെ സംഭവിച്ചുകൂടെന്നില്ല. അവസാന നിമിഷത്തിലും അട്ടിമറി സംഭവിക്കാം. പലവിവരങ്ങളും പുറത്തുവരുന്ന സാഹചര്യമാണല്ലോ.

കെ. കണ്ണൻ: ഈ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ച് നിർണായകമാണെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നണികളും പുറത്തുനിൽക്കുന്നവരും ഒരേ പോലെ സമ്മതിക്കുന്നുണ്ട്. രണ്ട് മാധ്യമങ്ങളുടെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നയാളാണ് താങ്കൾ. ആ നിലയ്ക്ക് ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം എങ്ങനെയാണ് വിലയിരുത്തുന്നത്?

ഒ.അബ്​ദുറഹ്​മാൻ: കേരളത്തിൽ ആദ്യമായി ഭരണത്തുടർച്ച ഉണ്ടാവുമോയെന്ന ചർച്ച വളരെ സജീവമായി ഉയർന്ന ഒരു ഇലക്ഷനാണിത്. നേരത്തെ അങ്ങനെയൊക്കെ ചർച്ച വരാറുണ്ടെങ്കിലും സംഭവം നടക്കാറില്ല. ഒന്നുകിൽ ഇടതുമുന്നണി അല്ലെങ്കിൽ വലതുമുന്നണി. പക്ഷേ ഇത്തവണ, പിണറായി സർക്കാറിന് അടുത്ത അഞ്ചുവർഷംകൂടി കേരള ഭരണം ജനങ്ങൾ ഏൽപ്പിക്കുമെന്ന പ്രതീക്ഷ അവർ പരസ്യമായി പ്രകടിപ്പിക്കുന്നു. നടന്നിടത്തോളം സർവേകളൊക്കെ അതിന് അടിവരയിടുകയും ചെയ്യുന്നു. യു.ഡി.എഫ് ആകട്ടെ അതിന് സാധ്യതയില്ലയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. സ്വഭാവികമായും അവരങ്ങനയേ പറയൂ. ഇതാണ് ഒരു സവിശേഷത.

പിന്നെ ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും പറയണമല്ലോ. എൻ.ഡി.എ ഇതുവരെ കേരളത്തിൽ നിർണായക ശക്തിയായി വന്നിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാവട്ടെ അവർ തികച്ചും നിഷ്​പ്രഭരായിരുന്നു. വോട്ടുകിട്ടിയില്ല എന്നല്ല. പക്ഷേ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർക്ക് കുറച്ചുകൂടി ആവേശമുണ്ടായ ലക്ഷണമുണ്ട്. സീറ്റുകൾ ഒന്നോ രണ്ടോ വാങ്ങുകയെന്നതിനേക്കാൾ വോട്ടുഷെയർ വൻതോതിൽ വർധിക്കുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. ചില സർവേകൾ അങ്ങനെ കാണിക്കുകയും ചെയ്യുന്നു. അതു ഇതുവരെയുള്ള ചരിത്രത്തിൽ നിന്ന് വ്യത്യസ്തമായ കാര്യമാണിത്​.

മൂന്നാമത്തെ കാര്യം, കേരളം ഭീകരമായ രണ്ടുമൂന്ന് പ്രകൃതി കോപങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനുശേഷം വരുന്ന തെരഞ്ഞെടുപ്പാണിത് എന്നതാണ്​. രണ്ട് പ്രളയങ്ങൾ, ഇപ്പോൾ നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന കോവിഡ്. അതിനിടക്ക് വന്ന നിപ്പ. ഇതിനെയൊക്കെ അതിജീവിച്ചുമുന്നോട്ടുപോകുകയാണ് കേരളം. ഇതിനെ സർക്കാർ ഫലപ്രദമായി കൈകാര്യം ചെയ്‌തോ എന്ന ചോദ്യമുണ്ട്​. അതുമാത്രമല്ല, ജനങ്ങളുടെ സാമ്പത്തിക ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ജനങ്ങളുടെയെന്നു പറയുമ്പോൾ എല്ലാ വിഭാഗങ്ങളുടെയും. അതിൽ വ്യവസായങ്ങളുടെ തളർച്ചയുണ്ടായി, കാർഷികമേഖയിൽ ഇടിവുണ്ടായി​, കച്ചവട- വ്യാപാര സ്ഥാപനങ്ങളൊക്കെ സ്തംഭിച്ചു. ഇതിൽ നിന്ന് കരകയറുന്നതിനെപ്പറ്റി ഏതുമുന്നണിയാണ് ഫലപ്രദമായി ജനങ്ങൾക്ക് മാർഗനിർദേശം ചെയ്യുന്നത്, ആർക്കാണത് ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുക എന്നീ ചോദ്യങ്ങൾ അഭിമുഖീകരിക്കുന്ന തെരഞ്ഞെടുപ്പു കൂടിയാണിത്. ഇക്കാരണങ്ങളെല്ലാമാണ് തെരഞ്ഞെടുപ്പിന് മുമ്പില്ലാത്ത പ്രധാന്യം നൽകുന്നതെന്ന് ഞാൻ കരുതുന്നു.

തുടർഭരണം ചർച്ചയായി നിൽക്കുകയാണ്. താങ്കൾ സൂചിപ്പിച്ച ഘടകങ്ങൾവെച്ച്​അതിനുള്ള സാധ്യത ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എങ്ങനെയാണ് കാണുന്നത്?

പിണറായി വിജയൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് തുടർഭരണച്ചർച്ച നടക്കുന്നത്. അഞ്ചുവർഷം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ശരിക്കും ഒരു ഭരണാധികാരിയുടെ ലക്ഷണമൊത്ത ചിത്രമാണ് അദ്ദേഹം കാഴ്ചവെച്ചത് എന്ന് വലിയൊരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. ഇതുവരെയുള്ള എന്റെ അനുഭവത്തിൽ- അനുഭവം എന്നുപറഞ്ഞാൽ 1956 മുതൽക്കുള്ള അനുഭവമുണ്ട്- ഇതുവരെയും ഒരു വ്യക്തിയെ പ്രൊജക്ട് ചെയ്​ത്​ ഒരു തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി ആരാവുമെന്നതിനെക്കുറിച്ച് ചർച്ച നടന്നിട്ടുണ്ട്. പക്ഷേ വ്യക്തിയെ പ്രൊജക്ട് ചെയ്​ത്​ നടന്നിട്ടില്ല.

എന്നാൽ, സി.പി.എം പ്രത്യേകിച്ച് ഇടതുമുന്നണി, പിണറായി വിജയൻ തന്നെ ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് ഉറപ്പിച്ചു പറഞ്ഞ്​ അദ്ദേഹത്തെ പരമാവധി പ്രൊജക്ട് ചെയ്യുകയാണ്​,​ ബാക്കി ആരേയും നേരിയ അളവിൽ പോലും പ്രൊജക്ട് ചെയ്യുന്നുമില്ല​. ഇതാണ് പ്രത്യേകമായ അവസ്ഥ. അതുപോലെ, അദ്ദേഹത്തിന്റെ അനുയായികളോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരോ അദ്ദേഹത്തിൽ കാണുന്ന ഗുണം, നേരത്തെ പറഞ്ഞ ദുരന്തങ്ങളെ നേരിടുന്നതിൽ ഫലപ്രദമായി പ്രവർത്തിച്ചു എന്നതാണ്​; അതായത്,​ അദ്ദേഹത്തിന്റെ സർക്കാർ അതിൽ വിജയിച്ചുവെന്ന്​. പ്രതികൂല സാഹചര്യങ്ങളിലും അദ്ദേഹത്തിനത് സാധിച്ചുവെന്ന്​ ഒരു വിഭാഗം, എൽ.ഡി.എഫ് മാത്രമല്ല പുറത്തുള്ളവരും വിശ്വസിക്കുന്നു. അത് ഒരു കാര്യമാണ്.

മൂന്നാമത്തെ കാര്യം, യു.ഡി.എഫ്​ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേകമായി ഒരാളെയും പ്രൊജക്ട് ചെയ്യുന്നില്ല. പലരുടേയും പേര് പറയുന്നെങ്കിലും അതൊക്കെ കൺഫ്യൂഷനുണ്ടാക്കുന്ന രീതിയിലാണ്. അക്കാര്യത്തിലൊരു യോജിച്ച നിലപാടിലെത്താൻ അവർക്കു കഴിഞ്ഞില്ല. വളരെ വൈകിയാണ് ഒരു വക ഐക്യത്തോടുകൂടി ഇതിനെ നേരിടുന്ന സാഹചര്യമുണ്ടായത്​. ഇതൊക്കെവെച്ചുകൊണ്ടാണ് പൊതുവേ ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തേണ്ടത്.

എന്തുതന്നെയായാലും കോൺഗ്രസ് ആണല്ലോ യു.ഡി.എഫിലെ മുഖ്യകക്ഷി. കോൺഗ്രസ് എന്നും ഇങ്ങനെയായിരുന്നല്ലോ എന്നാണ്​ ജനം വിശ്വസിക്കുന്നത്. വിശ്വസിക്കുകയല്ല സംഭവം അങ്ങനെയൊക്കെയാണ്. എന്നാലോ, അവർ രക്ഷപ്പെട്ട് പോകാറുണ്ട്. ഏറ്റവുമൊടുവിൽ, നല്ല സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. മുമ്പൊരിക്കലുമില്ലാത്ത വിധം യുവാക്കൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ലിസ്റ്റാണത്. കുറേയൊക്കെ മുതിർന്ന പൗരന്മാരെയൊക്കെ മാറ്റിനിർത്താൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഇത്തവണയും കാര്യം മോശം തന്നെയാണ്. അത് പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കിയിട്ടുണ്ട്.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് വരുന്നതെന്നതുകൊണ്ട് ഞാൻ മനസിലാക്കുന്നത്, ആദ്യമുണ്ടായിരുന്ന മോശമായ അവസ്ഥ അതിജീവിക്കാൻ എന്തായാലും യു.ഡി.എഫിന്​കഴിഞ്ഞിട്ടുണ്ട്. പക്ഷേ അതൊക്കെ വോട്ടായി മാറുമോ, പിണറായി ഉയർത്തുന്ന ശക്തമായ വെല്ലുവിളി നേരിടാൻ മാത്രം മറുഭാഗം ശക്തമാണോ എന്നൊക്കെ ചോദിച്ചാൽ അതിലൊക്കെ ഭിന്നാഭിപ്രായത്തിന്​ വകയുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഭരണത്തുടർച്ചയുണ്ടാവുമെന്ന് നമുക്ക് തീർത്ത് പറയാനാവില്ല. പക്ഷേ അതിനുള്ള സാധ്യത കുറേയൊക്കെ അഭിപ്രായ സർവ്വേകളിൽ കാണുന്നതുപോലെ ഏതാണ്ടൊക്കെ വ്യക്തമാണ്. അത് അങ്ങനെ തന്നെ സംഭവിച്ചുകൂടെന്നില്ല. അവസാന നിമിഷത്തിലും അട്ടിമറി സംഭവിക്കാം. പലവിവരങ്ങളും പുറത്തുവരുന്ന സാഹചര്യമാണല്ലോ.

ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്‌ലിംകളെ സംബന്ധിച്ചും നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുകളുണ്ട്. കാരണം, ഇന്ത്യയിൽ തന്നെ പൗരത്വം പോലും നിഷേധിക്കപ്പെട്ടേക്കാം എന്ന ഒരു അവസ്ഥയുണ്ട്, രാഷ്ട്രീയത്തിൽ പ്രബലമാകുന്ന ഹിന്ദുത്വ വർഗീയത മുസ്‌ലിംകളെയാണ് യഥാർഥത്തിൽ അപരരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാക്കുന്നത്. ഇപ്പോൾ കേരളത്തിൽ ഹിന്ദു- മുസ്‌ലിം അകലം വർധിപ്പിക്കാനുള്ള, രാഷ്ട്രീയമായ ശ്രമങ്ങൾ നടക്കുന്നതായി സൂചനകളുണ്ട്. ജമാഅത്തെ ഇസ്‌ലാമി എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലക്ക് ഈ ഘടകങ്ങളെ വച്ചുകൊണ്ട് എത്രത്തോളം പ്രധാനമാണ് ഈ തെരഞ്ഞെടുപ്പ്?

ഞാൻ ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നില്ല. അതേസമയം, അതിന്റെ സഹയാത്രികനും എളിയ പ്രവർത്തകനുമാണെന്ന് സമ്മതിക്കാതിരിക്കാനും വയ്യ. തീർച്ചയായും അങ്ങനെയാണ്. അതിന്റെ ടോപ്പിൽ, നയരൂപീകരണം പോലുള്ള കാര്യങ്ങളിലൊന്നും എനിക്ക് പങ്കില്ല എന്ന് ആദ്യമേ പറയേണ്ടതുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ യഥാർത്ഥത്തിൽ ഈ തെരഞ്ഞെടുപ്പിൽ നമ്മളൊക്കെ പ്രതീക്ഷിക്കേണ്ടത് കേരളത്തിന്റെയൊരു പാരമ്പര്യം മുൻനിർത്തി വിഭാഗീയമായോ വർഗീയമായോ ധ്രുവീകരിക്കപ്പെടേണ്ടതല്ല എന്ന കാര്യമാണ്​. കേരളം ഒരിക്കലും അതിന്​ പാകമായ മണ്ണല്ലായിരുന്നു. എന്തുതന്നെ പ്രകോപനമുണ്ടെങ്കിലും ശരി സാമുദായിക ധ്രുവീകരണത്തിലൂടെ ഒരു തെരഞ്ഞെടുപ്പിനെ നേരിടുക പോലുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ല. പക്ഷേ അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനു വഴിവെച്ച കാര്യങ്ങളിൽ ഞാൻ കുറ്റപ്പെടുത്തുകയാണ്- തീർച്ചയായും അതിന് മറുവശമുണ്ടാവാം- ഞാൻ കാണുന്നത്, എന്തുവിലകൊടുത്തും ഭരണത്തുടർച്ച വേണം ഇടതുപക്ഷത്തിന്​ എന്നുണ്ട്​. ഇനിയും അഞ്ച് കൊല്ലം തങ്ങൾ ഭരണത്തിൽ നിന്ന് മാറി നിന്നാൽ സി.പി.എമ്മിന്​ ഇന്ത്യയിൽ തന്നെ അവശേഷിക്കുന്ന ഒരേയൊരു തുരുത്ത് നഷ്ടപ്പെടും എന്ന ആശങ്കയുണ്ട്​. ഇതിൽനിന്ന് അല്ലെങ്കിൽ അങ്ങനെയൊരു ബോധ്യത്തിൽ നിന്ന് അറ്റകൈ പ്രയോഗിക്കുകയാണ്​, സാധാരണ സി.പി.എമ്മിൽ നിന്നോ ഇടതുപക്ഷത്തുനിന്നോ പ്രതീക്ഷിക്കാത്ത ചില പൊടിക്കൈകൾ അവർ പ്രയോഗിച്ചു ഈ തെരഞ്ഞെടുപ്പിലെന്ന് തോന്നുന്നു. അതിൽപ്പെട്ടതാണ് ഈ കാര്യം.

യഥാർത്ഥത്തിൽ ഇവിടെ മുസ്‌ലിം- ക്രിസ്ത്യൻ പ്രശ്‌നം ഉണ്ടായിരുന്നില്ല. പക്ഷേ അത്തരത്തിൽ ഒരു വിഭാഗീയതയിലേക്ക് അല്ലെങ്കിൽ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കാവുന്ന അങ്ങനെ സംശയിക്കുകയെങ്കിലും ചെയ്യാവുന്ന ചില ഇനീഷ്യേറ്റീവ് അല്ലെങ്കിൽ ചില പ്രചാരണങ്ങൾ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായി. പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതിൽ നിന്ന്​ മുതലെടുത്തത് യഥാർത്ഥത്തിൽ ബി.ജെ.പിയാണ്. അതാണതിന്റെ പ്രശ്‌നം. അത്രത്തോളമൊന്നും അവരുദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇത് നല്ല സാഹചര്യമാണെന്ന് അവർക്ക് തോന്നി. പ്രത്യേകിച്ച് ക്രിസ്ത്യൻ- മുസ്‌ലിം സമുദായങ്ങളെ ഇതുവരെ ഇല്ലാത്തവിധം ഒരു ധ്രുവീകരണത്തിലേക്ക് നയിക്കാവുന്ന- പൂർണമായും നയിച്ചുവെന്നു പറയാൻ പറ്റില്ല എങ്കിലും- സൂചനകൾ നൽകി. അതിന്​ തുടക്കം കുറിച്ചത് എന്തായാലും ഇടതുപക്ഷമാണ്, പ്രത്യേകിച്ച് സി.പി.എമ്മാണ്. അത് കൊണ്ടുപിടിച്ച് ഇപ്പോഴും മുന്നോട്ടുകൊണ്ടുപോകുന്നത് ബി.ജെ.പിയാണ്.

കേരളത്തിലെ മുന്നണികളും രാഷ്ട്രീയ പാർട്ടികളും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് നടത്തുന്ന രാഷ്ട്രീയ വിനിയമങ്ങൾ സുതാര്യമല്ല എന്ന ഒരു പ്രതീതിയുണ്ട്. പ്രത്യേകിച്ച്, ഇലക്ഷൻ പൊളിറ്റിക്‌സിൽ. അതായത്, ജമാഅത്തെ ഇസ്‌ലാമിയുമായി ചർച്ച നടത്തുന്ന പാർട്ടികളും നേതാക്കളും അത് നിഷേധിക്കുകയും ധാരണകൾ തള്ളിപ്പറയുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജമാഅത്തെ ഇസ്‌ലാമിയുമായി പലതരത്തിലും ബന്ധപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ, സി.പി.എമ്മായാലും കോൺഗ്രസായാലും അതിനെ ഒരു അനഭിമത സംഘടന എന്ന നിലയ്ക്കാണ് കാണുന്നത് എന്ന് അവരുടെ പ്രതികരണങ്ങൾ തന്നെ സൂചിപ്പിക്കുന്നു. ഇത് എന്തുകൊണ്ടാണ്?

ഞാൻ എന്തുതന്നെ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞാലും മുൻവിധിയോടുകൂടിയുള്ളതാണെന്ന് ആളുകൾ ധരിക്കാൻ സാധ്യതയുണ്ട്. പക്ഷേ അതിനെ കൗണ്ടർ ചെയ്യാൻ വേണ്ടി ഞാൻ ഒരു അഭിനയത്തിന് മുതിരാറില്ല. എനിക്കറിയാവുന്ന വസ്തുതകൾ പറയുകയാണ്. തീർച്ചയായും അതിൽ ഭിന്നാഭിപ്രായമുണ്ടാകാം.

ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ച് ഈ രാഷ്ട്രീയ പാർട്ടികൾ പഠിച്ചിട്ടില്ല. വസ്തുത അതാണ്. ഇതെല്ലാം ശരിയെന്ന അർത്ഥത്തിലല്ല ഞാൻ പറയുന്നത്, തീർച്ചയായും അടിസ്ഥാനപരമായി വിയോജിക്കാവുന്ന കാര്യങ്ങളുണ്ടാവാം. പക്ഷേ പഠിച്ചല്ല പറയുന്നത്. ഇതാണ് പ്രധാന പ്രശ്‌നം. ജമാഅത്തിനെ വിമർശിക്കുന്ന ചില മുസ്‌ലിം ബുദ്ധിജീവികളും മറ്റും, കാലാകാലങ്ങളിൽ ആവർത്തിച്ചുകൊണ്ടിരുന്ന അതേ ആരോപണങ്ങൾ പുതുതായി മനസിലാക്കുകയോ പഠിക്കുകയോ ചെയ്യാതെ അപ്പടി ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് യഥാർത്ഥത്തിൽ ഇതിന്റെ അടിയൊഴുക്ക്. ഉദാഹരണത്തിന്, മതരാഷ്ട്രവാദമാണ്​ ആ​രാപിക്ക​പ്പെടുന്നത്​. യഥാർത്ഥത്തിൽ സംഘടനയുടെ സ്ഥാപകൻ അബുൽ അഅ്​ലാ മൗദൂദിയാണ്. 1941ൽ ലാഹോറിലാണ് സംഘടന സ്ഥാപിതമായത്. അന്ന് ഇന്ത്യ വിഭജിക്കപ്പെട്ടിട്ടില്ല. അദ്ദേഹം ഈ പ്രസ്ഥാനവുമായി രംഗത്തുവരുന്ന സമയത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഹിന്ദുക്കളും മുസ്‌ലിംകളും പൂർണമായും ധ്രുവീകരിക്കപ്പെട്ടിരിക്കുകയായിരുന്നു. ഒരുഭാഗത്ത് പാകിസ്ഥാൻ വാദമുയർത്തി അഖിലേന്ത്യാ മുസ്‌ലിം ലീഗും മറുഭാഗത്ത് ഹിന്ദുമഹാസഭ പോലുള്ള സംഘടകളും ചേർന്നുള്ള ഹിന്ദുത്വം. കോൺഗ്രസിൽ പോലും ഹിന്ദുത്വവാദികളുണ്ടായിരുന്ന കാലമാണ്​. ഈ സന്ദർത്തിലാണ് മൗദൂദി സംഘടന രൂപീകരിക്കുന്നത്, 75 ആളുകളെയുമായി. മുസ്‌ലിം ബുദ്ധിജീവികളും പണ്ഡിതന്മാരും തന്നെയായിരുന്നു അവർ. അവർ മുമ്പോട്ടുവെച്ചത്​, ഈ രാജ്യത്ത്​ സാമുദായിക ധ്രുവീകരണം ഒന്നിനും പരിഹാരമല്ല എന്ന കാഴ്​ചപ്പാടാണ്​. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ഒരുമിച്ച് ജീവിക്കാൻ കഴിയില്ല, പൂർണമായും വിഭജിക്കപ്പെട്ട് രണ്ട് രാജ്യങ്ങളാവണം എന്ന കാഴ്ചപ്പാടിനെ പൂർണമായും നിരാകരിക്കുകയാണ് മൗദൂദി ചെയ്​തതെന്ന്​ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാൽ മനസിലാവും. അദ്ദേഹത്തിന്റെ പുസ്​തകത്തിന്റെ ആദ്യ വാള്യം ഹിന്ദുത്വത്തെയും ഹൈന്ദവ ദേശീയതയേയും പൂർണമായും നിരാകരിക്കുന്നതായിരുന്നു. അതേപോലെ, മുസ്‌ലിം ദേശീയതയേയും വർഗീയതയേയും വിമർശിച്ചെഴുതി. തുടർന്ന്​, അദ്ദേഹം ഇതിനു രണ്ടിനും പരിഹാരം യഥാർത്ഥത്തിൽ ബ്രിട്ടീഷുകാരിൽ നിന്ന്​സ്വാതന്ത്ര്യം നേടുന്നതു മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്തായിരിക്കണമെന്ന ചിന്തയും വേണം എന്ന്​ വ്യക്​തമാക്കി. അത് തീർച്ചയായും തന്റെ ദൃഷ്ടിയിൽ ദൈവരാജ്യം എന്ന സങ്കല്പമാണ്. അതിൽ ദൈവം നേരിട്ടു ഭരിക്കില്ല. പുരോഹിതന്മാർ മുഖേനയും ഭരിക്കാൻ മുതിരില്ല, കാരണം ഇസ്​ലാമിൽ പൗരോഹിത്യമില്ലല്ലോ. അപ്പോൾ എന്താണത്​? ദൈവത്തിന്റേതായ നീതി, സത്യം, ധർമ്മം- ഇത്തരം മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മാറ്റം, ഒരു പ്രസ്ഥാനം- അങ്ങനെയുള്ളത് ഇന്ത്യയിൽ വളർന്നുവരിക മാത്രമാണ് ഇതിന്​ പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോട് യോജിക്കാത്ത ഒരുപാടുപേരുണ്ടാവും. ഞാൻ പറയുന്നത് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ്. ആ അർത്ഥത്തിലാണിത് പ്രവർത്തനം ആരംഭിച്ചത്.

വിഭജനം നടന്നപ്പോൾ അദ്ദേഹം പാക്കിസ്ഥാനിലായി. പോകുന്ന സമയത്ത് ഇന്ത്യയിൽ അവശേഷിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കാരോട് പറഞ്ഞത്​, നിങ്ങൾ തീർച്ചയായും ചെയ്ത തെറ്റ് ആവർത്തിക്കരുത്, സാമുദായിക ധ്രുവീകരണം ഒരിക്കലും നിങ്ങൾ ചിന്തിക്കുകയേ അരുത്, മേലിൽ എല്ലാ ആളുകളെയും എല്ലാ മനുഷ്യരേയും അഭിമുഖീകരിച്ചുകൊണ്ടാണ് സംസാരിക്കേണ്ടത് എന്നാണ്​. നിങ്ങൾ ഒന്നാമതായി തിരുത്തേണ്ടത് എല്ലാ കാര്യവും ഉറുദുവിലായിരിക്കണം എന്ന കാഴ്ചപ്പാടാണ്​. കേരളമൊഴിച്ച്​ എല്ലാ സംസ്ഥാനങ്ങളിലും മുസ്‌ലിംകൾ അങ്ങനെയാണ്. ഉറുദുവിൽ എന്നതിനു പകരം ഇന്ത്യയുടെ പ്രാദേശിക ഭാഷകൾ കൂടി പഠിക്കണം. നിങ്ങൾക്ക് പറയാനുള്ളത് അതിലൂടെ പറയണം. അവരുമായി സംവദിക്കണം എന്നൊക്കെ പറഞ്ഞാണ് അദ്ദേഹം പോയത്. അത് ഇന്നും രേഖപ്പെടുത്തിക്കിടക്കുന്നുണ്ട്.

ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി 1948ലാണ്​ ഉണ്ടാവുന്നത്. അവർ ആദ്യമേ സ്വീകരിച്ച നിലപാട്, ഒരിക്കലും പാകിസ്ഥാനിലേക്കോ മൗദൂദിയിലേക്കോ ഇനി നോക്കേണ്ടതില്ല, ഇന്ത്യ ഇന്ത്യയാണ്, നമ്മൾ ഇന്ത്യയിലാണ് പ്രവർത്തിക്കേണ്ടത് എന്നാണ്​. അങ്ങനെ ഒരു ഭരണഘടനയും അതിനുണ്ടായി. 1956 ലാണ് സംഘടനക്ക്​ ഭരണഘടനയുണ്ടാവുന്നത്. അന്നത്തെ ഭരണഘടന തന്നെയാണ് ഇന്നുമുള്ളത്, ചെറിയ ഭേദഗതികളോടെ. ആ ഭരണഘടനയിൽ എവിടേയും ഈ ദൈവരാജ്യത്തെക്കുറിച്ചോ അല്ലെങ്കിൽ ഉറുദുവിൽ പറയുന്ന ‘ഹുകൂമത്തെ ഇലാഹീ’യെക്കുറിച്ചോ ഒന്നും പറയുന്നില്ല. പകരം രാജ്യത്ത്, ലോകത്ത് ദൈവത്തിന്റെ വ്യവസ്ഥ അതായത് ഇഖാമത്തുദ്ദീൻ സംസ്ഥാപനമായിരിക്കണം ലക്ഷ്യം എന്നാണതിൽ പറയുന്നത്. അതിനോട് യോജിക്കാതിരിക്കാം, അത് വേറെക്കാര്യം. പക്ഷേ പറയുന്നത് ‘ഹുകൂമത്തെ ഇലാഹീ’ അല്ല. പക്ഷേ ഇപ്പോൾ പ്രതിയോഗികൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ അതിന്റെ പേരിലാണ്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. 1975ലെ അടിയന്താരവസ്ഥയിൽ ഇന്ദിരാഗാന്ധി ആർ.എസ്.എസിനെയും ആനന്ദ് മാർഗിനെയുമൊക്കെ നിരോധിച്ച കൂട്ടത്തിൽ ഒരു മുസ്‌ലിം ഗ്രൂപ്പ് കൂടി ഉണ്ടാവട്ടെയെന്നു കരുതി ജമാഅത്തെ ഇസ്‌ലാമിയെക്കൂടി നിരോധിച്ചു. അന്നും ജമാഅത്തെ ഇസ്‌ലാമി ഈ രാജ്യത്ത് പ്രവർത്തിച്ചിട്ടുണ്ട്, സമാധാനപരമായിട്ട് പ്രവർത്തിച്ചിട്ടുണ്ട്. ആശയപ്രചരണത്തിനാണ് മുൻഗണന നൽകിയത്. 1992 ഡിസംബർ ആറാം തിയ്യതി ബാബറി മസ്ജിദ് തകർപ്പെട്ടപ്പോഴും നരസിംഹറാവു ഗവൺമെൻറ്​ ജമാഅത്തെ ഇസ്​ലാമിയെ നിരോധിച്ചു. നിരോധനത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഗവൺമെന്റിന്റെ മുഴുവൻ വാദങ്ങളും നോക്കി. അതിൽ എല്ലാ ആരോപണങ്ങളുമുണ്ട്- ദേശവിരുദ്ധരാണ്, ജനാധിപത്യവിരുദ്ധരാണ് എന്നൊക്കെയുള്ള ആരോപണങ്ങൾ. അത് തലനാരിഴ കീറി പരിശോധിച്ച് കോടതി പറഞ്ഞു: ഇതൊന്നും തെളിയിക്കാൻ ഗവൺമെന്റിന് കഴിഞ്ഞിട്ടില്ല. തെളിവുണ്ടെങ്കിൽ നിരോധിക്കാം. തെളിവില്ലാത്ത സ്ഥിതിക്ക് സംഘടനയുടെ നിരോധനം റദ്ദാക്കുന്നു.

അതിനുശേഷം ഇന്നുവരേയും വേറെയൊരു വിധിയുമുണ്ടായിട്ടില്ല. ആരോപിക്കപ്പെടുന്നപെടുന്ന പോലെ ഇതൊരു വർഗീയ- ഭീകര- തീവ്രവാദി സംഘടനയായിരുന്നെങ്കിൽ എന്നോ നിരോധിക്കപ്പെട്ടേനെ? കൊല്ലങ്ങൾ എത്ര കഴിഞ്ഞു?. നിരോധിക്കുന്നത് പോട്ടെ, അനഭലഷണീയ സംഘടനകളുടെ പട്ടികയിലെങ്കിലുമുൾപ്പെടുത്തേണ്ടതല്ലേ. കോൺഗ്രസ് സർക്കാർ അങ്ങനെ ചെയ്​തില്ലെന്ന് വിചാരിക്കാം, ഇപ്പോൾ ബി.ജെ.പിയല്ലേ ഭരിക്കുന്നത്. അവരെന്തിനു പേടിക്കണം.

അപ്പോൾ, ഇല്ലാത്ത ഒരു സംഗതി, അതായത് വർഗീയ സംഘടനയാണെന്നും തീവ്രവാദി സംഘടനയാണെന്നും ഭീകരരുമായി ബന്ധമുണ്ട് എന്നും തെളിയിക്കപ്പെടാത്ത, അത്തരം ഒരു ആരോപണം പോലും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവാത്ത ഒരു സംഘടനയെക്കുറിച്ച് ഈ നടക്കുന്ന പ്രചാരണത്തിന് അർത്ഥമെന്താണ്. ഏറ്റവും ചുരുങ്ങിയത് എനിക്ക് അത് മനസിലായിട്ടില്ല.

അതേ അവസരത്തിൽ പൂർണമായും ഇതിനോട് യോജിക്കാം വിയോജിക്കാം, ഇപ്പറയുന്ന ദൈവം തന്നെ ഇല്ല എന്ന് വാദിക്കാനുളുണ്ട്... നാസ്തികനായ ഒരാൾക്ക് അത് തന്നെ പറയാം. ഇനി ദൈവം ഉണ്ടെങ്കിൽ തന്നെ നിങ്ങൾ ഈ പറയുന്ന സിദ്ധാന്തമോ തത്വശാസ്ത്രമോയൊന്നും അവതരിപ്പിച്ചില്ലെന്നു പറയാം. അല്ലെങ്കിൽ അത് അപ്രായോഗികമാണെന്ന് വാദിക്കാം. അതൊക്കെ വേറെ വാദമാണ്. ഇപ്പറയുന്ന രീതിയിൽ, അതായത് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച്​, മൗലികാവശങ്ങൾ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന ഒരു സംഘടനയെക്കുറിച്ച് ഏറ്റവും ചുരുങ്ങിയത് തങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കുകയെങ്കിലും വേണം. അത് സി.പി.എമ്മാകട്ടെ, മറ്റ്​ ആരോപകർ ആകട്ടെ ഇതുവരെ ചെയ്യുന്നില്ല എന്നാണ് എനിക്ക് വിലയിരുത്താനുള്ളത്.

അപ്പോൾ, ഇന്ത്യൻ ജമാഅത്തെ ഇസ്​ലാമിയുടെ രൂപീകരണത്തോടെ, സംഘടനക്ക്​​ മൗദൂദിയുമായുള്ള ബന്ധം ഇല്ലാതായോ?

അതെ, അദ്ദേഹം ഒരിക്കലും പിന്നെ ഇന്ത്യയിലേക്ക് വന്നില്ല. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ നയരൂപീകരണത്തിൽ ഒരിക്കലും അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചില്ല. അവിടെ അദ്ദേഹം കാര്യമായി പ്രവർത്തിച്ചതുതന്നെ അവിടുത്തെ പട്ടാള ഗവൺമെന്റുകൾക്കെതിരെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ വേണ്ടിയാണ്​.

അപ്പോൾ പ്രസ്ഥാനത്തിന് മൗദൂദിയുമായി ഒരു ബന്ധവുമില്ല, ആശയപരമായും അല്ലാതെയും?

അദ്ദേഹം ആദ്യകാലത്ത്​ എഴുതിയ ഗ്രന്ഥങ്ങളുണ്ട്. അതിൽ ജമാഅത്തെ ഇസ്‌ലാമി ചിലതൊക്കെ ഇന്ത്യയിലുമെടുക്കുന്നുണ്ട്. അതൊക്കെ ആദർശപരമായും ആശയപരമായും ശരിയാണ്. മറ്റൊരു തരത്തിൽ, പ്രായോഗികമായി പറഞ്ഞാൽ, ഈ സംഘടനയുടെ നയരൂപീകരണത്തിലോ മറ്റു കാര്യങ്ങളിലോ അദ്ദേഹം ഒരു പങ്കും വഹിച്ചിട്ടില്ല.

അതായത്, ഇന്ത്യൻ ഭരണഘടന പറയുന്ന ജനാധിപത്യത്തെയും സെക്യുലറിസത്തെയുമാണ്​ ഇന്ത്യൻ ജമാഅത്തെ ഇസ്​ലാമി പ്രതിനിധീകരിക്കുന്നത്​?

ഇന്ത്യൻ ജമാഅത്ത ഇസ്‌ലാമി ഭരണഘടനയിൽ വ്യക്​തമായി എഴുതിയിരിക്കുന്നു, സമാധാനപരമായി മാത്രമേ ഈ സംഘടന പ്രവർത്തിക്കൂ എന്ന്​. വർഗീയമോ വർഗപരമോ ആയ സംഘട്ടനങ്ങൾക്ക്​കാരണമാകുന്ന ഒരു പ്രവർത്തന രീതിയും അത് സ്വീകരിക്കുന്നതല്ല എന്ന് പ്രവർത്തന മാർഗം എന്നു പറയുന്ന ഖണ്ഡികയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുതന്നെയാണല്ലോ ജനാധിപത്യം എന്നതിന്റെ അർത്ഥം.

മതനിരപേക്ഷതയെക്കുറിച്ച കാഴ്ചപ്പാട് വളരെയേറെ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. അംബേദ്കർ മുതൽക്കുള്ള നമ്മുടെ ഭരണഘടനാ ശില്പികൾ വ്യക്തമാക്കിയതാണ്, ഇന്ത്യൻ ഭരണഘടന സെക്യുലർ ആണെന്നതിന്റെ അർത്ഥം, അത്​ മതനിഷേധപരമല്ല എന്നാണ്​. ഏതുമതത്തിനും ഇന്ത്യയിൽ നിലനിൽക്കാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുണ്ടാവും. ഭരണകൂടത്തിന് ഒരു മതത്തോടും പ്രത്യേകിച്ച് ആഭിമുഖ്യമോ പിൻബലമോ ഉണ്ടാവില്ല എന്ന അർത്ഥത്തിലാണ് ഈ ആശയം എന്ന്​ ​ഭരണഘടനാ നിർമാണ സഭയിൽ തന്നെ വ്യക്തമാക്കപ്പെട്ടതാണ്. ആ അർത്ഥത്തിലുള്ള മതനിരപേക്ഷതയെ ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും എതിർത്തില്ല. എതിർത്തില്ലെന്നു മാത്രമല്ല, വളരെ വ്യക്തമായിട്ട് പറഞ്ഞു; അത്തരത്തിലുള്ള മതനിരപേക്ഷ പാർട്ടികളോടാണ് ജമാഅത്തെ ഇസ്‌ലാമിക്ക് തെരഞ്ഞെടുപ്പുകളിലടക്കം ബന്ധമുണ്ടാകുക എന്ന്​. 1986 മുതൽക്കാണ് ജമാഅത്തെ ഇസ്​ലാമി അംഗങ്ങൾക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശം കിട്ടുന്നത്. അന്നുമുതൽ ഇന്നുവരെ, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന പാർട്ടികളുടെ സ്ഥാനാർത്ഥികൾക്കാണ്​വോട്ട്​ നൽകുന്നത്​. ഇപ്പോഴും തുടരുന്ന നയം അതുതന്നെയാണ്. ഇന്ത്യയിൽ മതനിരപേക്ഷത വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ സെക്യുലർ പാർട്ടികളെയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പുള്ള​തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലുമൊക്കെ പിന്താങ്ങിയിട്ടുള്ളത്. എൽ.ഡി.എഫിന്​ പിന്തുണ കൊടുത്തിട്ടുണ്ട് പല ഘട്ടത്തിലും. കോൺഗ്രസിനും ചില ഘട്ടങ്ങളിൽ പിന്തുണ കൊടുത്തിട്ടുണ്ട്​. ഇപ്പോഴും അതാണ് നിലപാട്.

അങ്ങ​നെയാണെങ്കിൽ, സർക്കാർ ജോലി സ്വീകരിക്കില്ല, തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങൾ ഒരു ഘട്ടം വരെ തുടർന്നത്​ എന്തുകൊണ്ടാണ്​?

സർക്കാർ ജോലി സ്വീകരിക്കുകയില്ല എന്നത്​ പണ്ട് ബ്രിട്ടീഷുകാരുടെ കാലത്തെ കാര്യമായ ചർച്ചാ വിഷയമായിരുന്നു; അതായത്​, ഒരു ഭാഗത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മൾ പൊരുതുകയും മറുഭാഗത്ത് ആ ഗവൺമെന്റിനുവേണ്ടി ജോലി ചെയ്യുന്നതിലും വൈരുദ്ധ്യമില്ലേ എന്ന അർഥത്തിൽ. ആ ഗവൺമെന്റിനെ നാം അംഗീകരിക്കുന്നില്ല, അതിനെ ഇവിടെനിന്ന്​ കെട്ടുകെട്ടണമെന്ന് വാദിച്ചുകൊണ്ടിരിക്കേ തന്നെ നമ്മൾ അതിന്റെ ജീവനക്കാരാകുന്നത് ശരിയല്ല എന്നൊരു വാദം. അന്ന്​, മുസ്‌ലിം പണ്ഡിതന്മാർ പൊതുവേ സ്വീകരിച്ച സമീപനം അതായിരുന്നു. മൗദൂദി അങ്ങനെയല്ല ഇതേക്കുറിച്ച്​ പറഞ്ഞത്. അദ്ദേഹം പറഞ്ഞത്​, തീർച്ചയായും അന്നത്തേത്​അനിസ്‌ലാമിക ഗവൺമെന്റാണ്, ആ ഗവൺമെന്റിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന നമ്മൾ അതേ ഗവൺമെന്റിന്റെ ജോലി ചെയ്യുന്നതിൽ വൈരുദ്ധ്യമില്ലേ? അതൊരിക്കലും ചെയ്യാൻ പാടില്ല എന്നാണ്. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി ഭരണഘടനയിൽ പറഞ്ഞത്, കുഞ്ചിക സ്ഥാനങ്ങൾ ജമാഅത്ത് അംഗങ്ങൾ വഹിക്കരുത് എന്നാണ്. ഒരു ഉദാഹരണം പറഞ്ഞാൽ ഇസ്ലാം നിഷേധിച്ചതാണ് പലിശ. അതിൽ ആർക്കും അഭിപ്രായവ്യത്യാസമുണ്ടാവില്ല. നിരോധിച്ചത് ശരിയോ തെറ്റോ എന്നത് വേറെ ചർച്ചയാണ്. പക്ഷേ നിരോധിച്ചുവെന്ന കാര്യത്തിൽ ഒരു സംശയവുമുണ്ടാവില്ല. പലിശയിൽ മാത്രം ജീവിക്കുന്ന ബാങ്കിൽ ഇതിനെതിരെ പൊരുതുന്ന ഒരു മനുഷ്യൻ അതിന്റെ വക്താവോ അതിന്റെ പ്രവർത്തകനോ ആയി നിൽക്കുന്നതിൽ വൈരുദ്ധ്യമില്ലേ. അത് ജമാഅത്ത് അംഗങ്ങൾ ചെയ്യാൻ പാടില്ല. മറ്റുള്ളവർ ചെയ്യുന്നതിനെ നമുക്കൊന്നും പറയാൻ കഴിയില്ല. മുസ്‌ലിംകളോട്​അങ്ങനെ ആഹ്വാനവും ചെയ്തിട്ടില്ല. പക്ഷേ ജമാഅത്ത് അംഗങ്ങൾ ചെയ്യരുത് എന്നു പറഞ്ഞു.

ഇലക്ഷനുമായി ബന്ധപ്പെട്ടും അല്ലാതെയും ജമാഅത്തെ ഇസ്​ലാമി സി.പി.എമ്മുമായി നടത്തിയ ചർച്ചകളെക്കുറിച്ച്​ താങ്കൾ പറഞ്ഞിട്ടുണ്ട്​. ഈ ചർച്ചകളുടെ ഉള്ളടക്കം എന്തായിരുന്നു?

ഇന്ത്യയിൽ തന്നെ കോൺഗ്രസ് ഗവൺമെൻറ്​ വലതുപക്ഷ സമീപനം വളരെ ശക്തമായി സ്വീകരിക്കുകയും അത് ബി.ജെ.പിയുടെ വളർച്ചയ്ക്ക് കാരണമായി തീരുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ആ ഘട്ടത്തിൽ കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പൊതുവേ സി.പി.ഐ.എമ്മിനോട് അനുകൂലമായ സമീപനം ഞങ്ങൾക്ക്​ സ്വീകരിക്കേണ്ടിവന്നു. കോൺഗ്രസിനേയും കമ്യൂണിസ്​റ്റ്​പാർട്ടികളേയും തുല്യമായ രീതിയിൽ കാണാൻ പറ്റിയില്ല. നീണ്ട ചരിത്രം വിവരിക്കാനുണ്ട്. പക്ഷേ ബാബറി മസ്ജിദ് പോലുള്ള പ്രശ്‌നങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച സമീപനം അങ്ങേയറ്റം പ്രതിലോമകരമായിരുന്നു എന്നുതന്നെ വിശ്വസിക്കുന്നു. ആ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റു പാർട്ടികളുമായി അടുക്കാനുള്ള ചർച്ചകൾ നടന്നത്. ഡൽഹിയിൽ എ.കെ.ജി ഭവനിൽ പോയി എസ്​. രാമചന്ദ്രൻ പിള്ള അടക്കമുള്ളവരുമായി സംസാരിച്ചു. പിന്നെ കേരളത്തിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എളമരം കരീം തുടങ്ങിയവരുമായി പലവട്ടം സംസാരിച്ചു. ഞങ്ങൾ പറഞ്ഞത് ഇതാണ്, സംഘടനയ്ക്ക് എന്തെങ്കിലും ആനുകൂല്യം വേണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഭരണഘടനാപരമായും ജനാധിപത്യപരമായും ലഭിക്കേണ്ട ആനുകൂല്യങ്ങൾ നേടിയെടുക്കുകയെന്നല്ലാതെ അത് ചോദിച്ചുവാങ്ങുന്ന പ്രശ്‌നമില്ല. പക്ഷേ നിങ്ങളെ ഈ കാര്യത്തിലാണ് ഞങ്ങൾ സപ്പോട്ട് ചെയ്യുന്നത്. അതിൽ വ്യതിയാനങ്ങളുണ്ടാവരുത്. എല്ലാവരേയും തുല്യമായി, നീതിപരമായി വീക്ഷിക്കാൻ നിങ്ങൾക്ക് കഴിയണം. അതുപോലെ തന്നെ അഴിമതിമുക്തവുമായിരിക്കണം. ഈ രണ്ട് കാര്യങ്ങളാണ് കാര്യമായി ജമാഅത്തെ ഇസ്‌ലാമി ചർച്ചകളിലൊക്കെ മുന്നോട്ടുവെച്ചത്.

ഇത്തരമൊരു സംവാദം യു.ഡി.എഫുമായി സാധ്യമാണോ? പ്രത്യേകിച്ച്​, ആശയപരമായി കോൺഗ്രസുമായി​​ട്ടൊക്കെ?

നടത്തിയിട്ടുണ്ട്. കോൺഗ്രസിനെ സംബന്ധിച്ച്​ ജനാധിപത്യം, മതനിരപേക്ഷത എന്നൊക്കെയുള്ളതിനെ താത്വികമായി ഒരിക്കലും എതിർക്കില്ലല്ലോ. അക്കാര്യത്തിൽ സംശയമില്ല. പക്ഷേ അവർക്ക് വ്യക്തമായ വ്യതിയാനങ്ങളുണ്ടായിട്ടുണ്ട് എന്ന കാര്യം അവരെ ബോധ്യപ്പെടുത്തി.

കേരളത്തിൽ കോൺഗ്രസ് നേതാക്കന്മാർ പറയുക, അതൊക്കെ സംഭവിക്കുന്നത് ഉത്തരേന്ത്യയിലാണ്, അവിടുത്തെ സാഹചര്യത്തിലാണ്, കേരളത്തിൽ ഞങ്ങൾ സ്വീകരിക്കുന്ന സമീപനം മതനിരപേക്ഷമാണ് എന്നൊക്കെയാണ്​. അപ്പോഴൊക്കെ അവരോട് പറയുന്നത് ഇതാണ്. ഈ തത്വം തന്നെയാണ് നിങ്ങൾക്ക് ബാധകമാകുക. ഞങ്ങൾ പ്രത്യേകിച്ച് സംഘടനയെന്ന നിലയിൽ ആനുകൂല്യം വേണമെന്ന് ആവശ്യപ്പെടില്ല, അതേ അവസരത്തിൽ പൊതുവായ നിങ്ങളുടെ സമീപനം എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്നതാവണം. തുല്യനീതിയിലും സമഭാവനയിലും അധിഷ്ഠിതമായ സമീപനം നിങ്ങളുടെ ഗവൺമെൻറ്​ സ്വീകരിക്കണം. നിങ്ങൾക്ക് ഭരണം കിട്ടിയാൽ പ്രതിപക്ഷത്താണെങ്കിലും ശരി നീതിയ്ക്കുവേണ്ടിയാണ് നിലകൊണ്ടേതെന്ന ഞങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്യാറുള്ളത്.

പൗരത്വ വിരുദ്ധ നിയമം നടപ്പാക്കില്ല എന്ന്​ ശക്​തമായി പ്രഖ്യാപിച്ച പിണറായി വിജയനെയല്ലേ മുസ്​ലിംകൾ പിന്തുണക്കേണ്ടത്​?

അങ്ങനെ ചോദിച്ചാൽ ചില പ്രശ്‌നങ്ങളുണ്ട്. ഇത് കേരളത്തിൽ നടപ്പാക്കുമോ ഇല്ലയോ എന്നതല്ല അടിസ്ഥാന പ്രശ്‌നം. ഇന്ത്യയിൽ അങ്ങനെയൊരു നിയമം വന്നാൽ എന്തിനാണ് കേരള സർക്കാറിന്റെ പിന്തുണ. ഇന്ത്യ ഗവൺമെൻറ്​ പൗരത്വ സംബന്ധമായ ഒരു നിയമം പാസാക്കിക്കഴിഞ്ഞാൽ തീർച്ചയായും ഇന്ത്യയൊട്ടാകെ നടപ്പാക്കുക തന്നെ ചെയ്യും. മോദിയും അമിത് ഷായും തീരുമാനിക്കുന്നതുപോലെയാണ് നടക്കുക.

സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സമീപനം വളരെ ശരിയാണ്. നടപ്പാക്കില്ല എന്നു തന്നെയാണ്​ പറയേണ്ടത്. പക്ഷേ നടപ്പാക്കേണ്ടിവരും. അപ്പോൾ, ദേശീയ തലത്തിൽ ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെയാണ്​ പൂർണമായി എതിർക്കേണ്ടത്. കേരളവും മറ്റെല്ലാ സംസ്ഥാനങ്ങളും മതേതര പാർട്ടികളും ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കണം.

കേരളത്തിൽ അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും മുസ്‌ലിം സംഘടന ഉണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?, അതായത് ജനാധിപത്യത്തിന് പൊതുവെയും മുസ്‌ലിംകളുടെ തന്നെ പ്രാതിനിധ്യത്തിന് പ്രതേ്യകമായും യോജിക്കാത്ത, വിധ്വംസകമായ പ്രവർത്തന പദ്ധതികളുള്ള മുസ്‌ലിം സംഘടന? എസ്.ഡി.പി.ഐയെക്കുറിച്ചൊക്കെ അത്തരം ആരോപണങ്ങൾ പതിവായി കേൾക്കാറുള്ള സാഹചര്യത്തിൽ കൂടിയാണ് ഇങ്ങനെയൊരു ചോദ്യം

എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിയുണ്ടാക്കുന്നതിനു മുമ്പ് പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയായിരുന്നു. അതിനു മുമ്പ് അത് എൻ.ഡി.എഫ് ആയിരുന്നു. ഏതായാലും സംഗതി ഒന്നാണ്. അവരുടെ നിലപാട് ഞാൻ മനസ്സിലാക്കിയത് ഇതാണ്​: എത്രയോ കാലമായി നമ്മൾ ന്യൂനപക്ഷങ്ങളുടെ കാര്യം മതേതര പാർട്ടികളെ ഏൽപ്പിക്കുന്നു. ഒരു കാര്യവുമുണ്ടായിട്ടില്ല. വർഗീയ കലാപങ്ങൾ നിരന്തരം നടക്കുന്നു. ആർ.എസ്.എസിന്റെ ഭാഗത്തുനിന്ന്​ശക്തമായ പ്രചാരണവും നിരന്തരം തീവ്രവാദ പ്രവർത്തനങ്ങളുമൊക്കെ നടക്കുന്നു. അതിനെ ഇങ്ങ​നെ അങ്ങനെ വിട്ടാൽ പറ്റില്ല. സമുദായം ഇതിനെ പ്രതിരോധിക്കണം എന്ന ഒരു കാഴ്ചപ്പാടുമായാണ്​ അവർ വന്നത്. ആ കാഴ്ചപ്പാടിനെ ജമാഅത്തെ ഇസ്ലാമി ശക്തമായി എതിർത്തു. ആദ്യം പറയുന്നതൊക്കെ ശരിയാണെങ്കിലും ഒരിക്കലും ശക്തികൊണ്ട്, ബല പ്രയോഗത്തിലൂടെ തടയാൻ ശ്രമിക്കരുത്. അത് രാജ്യത്ത് ആഭ്യന്തര കുഴപ്പമുണ്ടാക്കുമെന്നല്ലാതെ ഒരു കാര്യവുമില്ല.

തീർച്ചയായും മറ്റ് ഭൂരിപക്ഷ സമുദായത്തിന്റെ ഉൾപ്പെടെയുള്ള സദ്​വിചാരമുള്ള ആളുകളുടെ സൗമനസ്യം നേടാനാണ് ശ്രമിക്കേണ്ടത് എന്നാണ് ജമാഅത്തെ ഇസ്‌ലാമി പറഞ്ഞത്. ആ വിഷയത്തിലാണ് രണ്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസവും. പക്ഷേ പറയപ്പെടുന്നതുപോലെ ഭീകരരൂപത്തിലേക്ക് അല്ലെങ്കിൽ അങ്ങനെയൊരു രീതിയിലേക്ക്​ എസ്.ഡി.പി.ഐയൊക്കെ നീങ്ങിയെന്ന അഭിപ്രായമില്ല. പക്ഷേ ഇതേ കാര്യമാണ്​ അവർ സമുദായത്തെ ബോധ്യപ്പെടുത്തിയത്- അതായത്​, ഇനി മതേതര കക്ഷികളെ കാത്തിരുന്നിട്ട്​കാര്യമില്ല, നമ്മൾ തന്നെ നമ്മുടെ സുരക്ഷ എന്ന മട്ടിലുള്ളതാണ് അവരുടെ ബോധവത്കരിക്കണം. ആ ശൈലിയെപ്പോലും ജമാഅത്തെ ഇസ്‌ലാമി എതിർക്കും.

തേജസ് പത്രം പൂട്ടേണ്ടി വന്ന സാഹചര്യം നമ്മുടെ മുന്നിലുണ്ട്. എന്തുകൊണ്ടാണ് മാധ്യമം അതൊരു വിഷയമായി ഏറ്റെടുക്കാതിരുന്നത്?

അത് പൂട്ടിയത് ഇത്തരം വിഷയങ്ങൾ കൊണ്ടൊന്നുമല്ലല്ലോ.

അല്ല എന്ന് പൊതുവേ പറയാമെങ്കിലും അതിന്റെ അന്തർധാര വ്യക്​തമാണല്ലോ?

ഞാൻ മനസിലാക്കുന്നത് അച്ചടി മാധ്യമങ്ങൾ പൊതുവിൽ തന്നെ കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. പല നാടുകളിലും പടിഞ്ഞാറൻ നാടുകളിലടക്കം. പാശ്ചാത്യ രാജ്യങ്ങളിലടക്കം അച്ചടി മാധ്യമങ്ങൾ പലരും പൂട്ടി. ഇന്ത്യയിലും ആ പ്രവണത വരുന്നുണ്ട്, അത്ര വ്യാപകമായിട്ടല്ലെങ്കിലും. തേജസ്​, അവർ തന്നെ പ്രഖ്യാപിച്ചത് സാമ്പത്തിക കാരണങ്ങളാൽ നടത്തിക്കൊണ്ടുപോകാൻ കഴിയിയുന്നില്ല എന്നാണല്ലോ.

ജമാഅത്തെ ഇസ്​ലാമിക്കെതിരായ ആരോപണങ്ങളെ താങ്കൾ പ്രതിരോധിക്കുന്നത്​, ഒരു വർഗീയ കലാപത്തിൽ പോലും അതി​ന്റെ പേരു കാണില്ല, റെക്കോർഡു ചെയ്യപ്പെട്ട രേഖകളൊന്നുമില്ല എന്നു പറഞ്ഞാണ്​. എന്നാൽ, തീവ്രവാദം പോലുള്ള ആശയങ്ങൾക്ക്​ ഒരു ഇന്റലക്ച്വൽ പിന്തുണ ഉണ്ടാകുന്നു എന്ന ആക്ഷേപമുണ്ടാകാറുണ്ട്​.

അതിന്റെ കാരണമെന്താണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. തെളിവും കിട്ടിയിട്ടില്ല. ഞാൻ വെറുതെ നിഷേധിക്കുകയല്ല. ജമാഅത്തെ ഇസ്‌ലാമി അത്തരം ഒരു വാദത്തെയും ഒരുകാലത്തും അനുകൂലിച്ചിട്ടില്ല. എനിക്ക്​വ്യക്തമായി പറയാൻ കഴിയും, ഈ ചിന്ത ആദ്യമുണ്ടാക്കിയത് എൻ.ഡി.എഫ് ആണല്ലോ. എൻ.ഡി.എഫ് രൂപീകരിക്കാൻ പോകുന്ന ഘട്ടത്തിൽ മാധ്യമം പത്രത്തിൽ രണ്ട് ലക്കത്തിൽ അതിന്റെ അപകടത്തെക്കുറിച്ച് എഴുതിയത് ഞാനാണ്. ശക്തമായി എഴുതി. ഇതുപോലുള്ള പ്രവർത്തനങ്ങൾ നടന്ന രാജ്യത്തൊക്കെ മോശമേ ഉണ്ടായിട്ടുള്ളൂ. ആ ഒരു നിലപാട് തന്നെയാണ് ഇപ്പോഴും ഈ പത്രത്തിനും സംഘടനയ്ക്കും ബാക്കിയെല്ലാവർക്കും.

കാരണം പ്രത്യക്ഷത്തിൽ ഈ വാദം ശരിയാണെന്ന് തോന്നും. ഒരാക്രമണത്തെ പ്രതിരോധിക്കുന്നത് തെറ്റല്ലല്ലോ. അതി​ന്റെ ഭവിഷ്യത്ത് ആലോചിക്കേണ്ടേ. ആ ഭവിഷ്യത്ത്, തീർച്ചയായും ഈ സമുദായത്തിന് ഗുണം ചെയ്യില്ല. മറ്റുള്ളവരുടെ കാര്യം പറയുകയും വേണ്ട. അപ്പോൾ ആ അർത്ഥത്തിൽ സമാധാനപരമായിട്ടല്ലാതെ ഒരു മാറ്റത്തെക്കുറിച്ച്, ഒരു പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കരുത് എന്നാണ് ഇപ്പോഴും അപ്പോഴും ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാട്. ഇക്കാര്യത്തിൽ എൻ.ഡി.എഫിനോടും തുടർന്നുണ്ടായ എസ്.ഡി.പി.ഐയോടുമൊക്കെ വിയോജിപ്പ് ശക്തമായി തന്നെയുണ്ട്. അവർക്കത് വ്യക്തമായി തന്നെ അറിയാം.

സാമുദായിക സംഘടകൾ രാഷ്​ട്രീയത്തിൽ ഇടപെടുന്നതിനെക്കുറിച്ച്​ സംസാരിക്കാറുണ്ട്​. ലീഗിനോടൊപ്പമുള്ള സമസ്​തയും കാന്തപുരം വിഭാഗവും മുന്നോട്ടുവെക്കുന്ന രാഷ്​ട്രീയ താൽപര്യങ്ങൾ യഥാർഥത്തിൽ മുസ്​ലിംകളെ പ്രതിനിധീകരിക്കുന്നതാണെന്ന്​ തോന്നുന്നുണ്ടോ?

ആ സംഘടനങ്ങളുടെയൊക്കെ സമീപപകാലം വരെയുള്ള നിലപാട്, ഞങ്ങൾക്ക് മതപരമായ കാര്യങ്ങളിൽ മാത്രമേ താൽപര്യമുള്ളൂ, രാഷ്ട്രീയ പാർട്ടികളിൽ ഏതിലും ചേർന്ന് പ്രവർത്തിക്കാം, മുസ്‌ലിം ലീഗിലും ചേർന്നു പ്രവർത്തിക്കാം എന്നായിരുന്നു. സമസ്ത ഔദ്യോഗിക വിഭാഗം പൊതുവേ മുസ്‌ലിം ലീഗിനോടാണ് ആഭിമുഖ്യം പുലർത്തുന്നത്. കോൺ​ഗ്രസുകാർക്കോ കമ്യൂണിസ്​റ്റുകാർക്കോ ആ സംഘടനയുമായി ബന്ധപ്പെടുന്നതിൽ കുഴപ്പമില്ല. ഈ അടുത്തകാലത്താണ് അവർ കുറച്ചുകൂടി രാഷ്ട്രീയമായി ഇടപെടാൻ തുടങ്ങിയത്.

അത് എല്ലാ വിഭാഗങ്ങളും ചെയ്യുന്നുണ്ട്​. അതായത് കാന്തപുരം വിഭാഗവും ആദ്യമുള്ള ഔദ്യോഗിക വിഭാഗവും. രണ്ടുപേരും രാഷ്ട്രീയത്തിൽ ഒരർത്ഥത്തിൽ ഇടപെടുന്നുണ്ട്. അവർ നേർക്കുനേരെ സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കുന്നില്ലെങ്കിലും രാഷ്ട്രീയത്തിൽ അവർ ഇടപെടുന്നുണ്ട്. അവരുടെ പുതിയ പ്രമേയങ്ങളും ആവശ്യങ്ങളുമൊക്കെ പരിശോധിച്ചാൽ വ്യക്തമായും മനസിലാകും. അതുപോലെ, സലഫികൾ എന്നു പറയുന്ന മുജാഹിദ് വിഭാഗവും ഇടപെടുന്നുണ്ട്. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതുപക്ഷേ എല്ലാംകൂടി കൺസോളിഡേറ്റ് ചെയ്ത് ഒരു രാഷ്ട്രീയപാർട്ടിയാകുമെന്ന അഭിപ്രായമെനിക്കില്ല. അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല.

സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അഭികാമ്യമാണോ?

വളരെ ആലോചിക്കേണ്ടതാണ്. ഏറ്റവും ചുരുങ്ങിയത് മുസ്‌ലിം ലീഗ് നിലനിൽക്കേ, മറ്റൊന്ന് അതിൽ നിന്ന് വ്യത്യസ്തമായി വരു​േമ്പാൾ, അതിന്റെ സാധ്യത എത്രത്തോളമാണ് എന്നതൊക്കെ പരിശോധിക്കേണം. എന്തായാലും, ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളൊക്കെ അടങ്ങിയ സമുദായങ്ങളോട്​ സഹകരിച്ചുകൊണ്ടുള്ള രാഷ്ട്രീയമല്ലാതെ വേറിട്ടുള്ള ഒരു രാഷ്ട്രീയത്തിന് സാധ്യത കേരളത്തിലില്ല. ഉണ്ടെങ്കിൽ തന്നെ വളരെ വീക്കാണ്.

അങ്ങനെയാണെങ്കിൽ ജമാഅത്തെ ഇസ്​ലാമിയും വെൽഫെയർ പാർട്ടിയിലൂടെ ജനാധിപത്യത്തിൽ ഇടപെടുന്നില്ലേ?

വെൽഫെയർ പാർട്ടിയുണ്ടാക്കിയ സാഹചര്യം ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഉത്തരേന്ത്യയിൽ ഇമ്മാതിരി ഒന്നുമില്ലല്ലോ. മുസ്‌ലിം ലീഗിനെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്​ എന്നു പറയാമെങ്കിലും കേരള മുസ്​ലിംലീഗിന്റെ ശാഖ എന്നു പറയാം, അത്രത്തോളമാണതിന്റെ അവസ്ഥ. ബാക്കി സംഘടനകളൊന്നും എന്തോ പേരിലൊക്കെ അവിടെയും ഇവിടെയുമൊക്കെ ചെറിയ ഗ്രൂപ്പുകളുണ്ടാക്കിയെന്നല്ലാതെ, ഉവൈസിയെപ്പോലുള്ള ആളുകളൊക്കെ വരുന്നുണ്ട്. പക്ഷേ മൊത്തത്തിൽ ദേശീയ അടിസ്ഥാനത്തിൽ സംഘടനയില്ല. ഈ ഘട്ടത്തിലാണ് ഫാസിസം വലിയൊരു ഭീഷണിയായി വരുന്നത്. അതിനെ പ്രതിരോധിക്കാൻ സെക്യുലർ പാർട്ടികൾക്ക് കഴിയുന്നുമില്ല. പ്രത്യേകിച്ച് യു.പി പോലുള്ള സംസ്ഥാനങ്ങളിൽ ബി.എസ്.പി, എസ്.പി പോലുള്ള പാർട്ടികൾ രംഗത്തുണ്ടെങ്കിലും അവരൊക്കെ അതിൽ നിസ്സഹായരാവുകയാണ് ചെയ്തത്. ഈയൊരു ഘട്ടത്തിലാണ് ഒരു മുസ്‌ലിം ശക്തി രാഷ്ട്രീയമായി തന്നെ ഉണ്ടാക്കി, ഇവരോട് സഹകരിച്ചുകൊണ്ട്, അവരുടേതിൽ നിന്ന് വേറിട്ടല്ല, അവരെ ഏറ്റവും ചുരുങ്ങിയത് അതിന് പ്രേരിപ്പിക്കണം എന്ന വിധത്തിൽ പ്രവർത്തിക്കണം എന്ന അഭിപ്രായമുണ്ടാകുന്നത്. അതുപക്ഷേ സാമുദായികമായിരിക്കരുത്. തീർച്ചയായും തത്വാധിഷ്​ഠിതമായിരിക്കണം. അഴിമതിവിരുദ്ധമായ, നൈതികത ഊന്നിപ്പറയുന്ന, മാനവികതയിലും മനുഷ്യബന്ധത്തിലും വിശ്വസിക്കുന്ന ഒരു പൊതുബോധം സൃഷ്ടിച്ചുകൊണ്ടായിരിക്കണം അത് എന്നതിൽനിന്നാണ്​ വെൽഫെയർ പാർട്ടി രൂപീകരിക്കുന്നത്. അതിന്റെ നയരേഖയിൽ വ്യക്തമായി ആ കാര്യങ്ങൾ പറയുന്നുണ്ട്. അതേ അവസരത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നുമുണ്ട്. അതിന്റെയൊരു ശാഖയാണ്​ കേരളത്തിലും പ്രവർത്തിക്കുന്നത്. അല്ലാതെ, അത്​ ഇവിടെമാത്രമായിട്ടുള്ളതല്ല.

വെൽഫെയർ പാർട്ടിയിൽ ജമാഅത്തെ ഇസ്​ലാമിയുടെ റോൾ എന്താണ്​?

ഇങ്ങനെയൊരു പാർട്ടിയുണ്ടാക്കാൻ മുൻകൈയെടുത്തത് ജമാഅത്തെ ഇസ്‌ലാമിയാണ്. പക്ഷേ, അന്ന് കിട്ടാവുന്ന ആളുകളെയൊക്കെ അതിൽ സഹകരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണ്. ജമാഅത്തെ ഇസ്‌ലാമിക്കാർക്ക് ചേർന്ന് പ്രവർത്തിക്കാവുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് അത്. മറ്റ് ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാൻ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തകർക്ക് അനുവാദവുമുണ്ടായിരുന്നില്ല.

​ഫ്രറ്റേണിറ്റി, സോളിഡാരിറ്റി എന്നൊക്കെ പറയുന്ന സംഘടനകളുണ്ട്​. ഇവയുടെ പേരുകൾ നോക്കിയാലറിയാം, കുറെക്കൂടി ജനാധിപത്യപരവും സെക്യുലർ എന്ന്​ തോന്നിപ്പിക്കുന്ന തരത്തിലുള്ള പേരുകളാണിവയ്ക്ക്​​. എസ്​.ഐ.ഒ എന്നതിലെ ഇസ്​ലാമിക്​ എന്ന വാക്ക്​ മാറ്റിയിട്ടാണ്​ ഇത്​ വരുന്നത്​. ആ പദം ഉപയോഗിക്കുന്നതിൽ എന്തെങ്കിലും ഭീതി നിലനിൽക്കുന്നുണ്ടോ?

അങ്ങനെയല്ല. എസ്.ഐ.ഒ എന്നു പറഞ്ഞാൽ സ്റ്റുഡൻറ്​‌സ് ഇസ്​ലാമിക്​ഓർഗനൈസേഷൻ എന്നാണ്. ഇസ്‌ലാമിക കാര്യങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് അവർ കൈകാര്യം ചെയ്യേണ്ടത്. രാഷ്ട്രീയമല്ല. ഇന്നത്തെ നിലയിലുള്ള രാഷ്ട്രീയമല്ല. ആ അർത്ഥത്തിലാണത്​. ഫ്രറ്റേണിറ്റി, വെൽഫെയർ പാർട്ടിയുണ്ടാക്കിയത് എസ്.ഐ.ഒക്കാർക്കും അല്ലാത്തവർക്കുമൊക്കെ ജാതിയും മതവുമൊന്നും നോക്കാതെ പ്രവർത്തിക്കാവുന്ന ക്യാമ്പസ് സംഘടനയെന്ന നിലയിലാണ്​. സോളിഡാരിറ്റിയെന്നു പറയുന്നത് ആ പേരു മാത്രമാണ്. ബാക്കിയത് ജമാഅത്തെ ഇസ്‌ലാമിയുടെ അനുബന്ധ സംഘടന തന്നെയാണ്.

ഇസ്‌ലാമിക ഐഡിൻറിറ്റി മറച്ചു പിടിക്കുന്നുണ്ട്​ ഈ പേരുകൾ

പേരുകളുടെ കാര്യത്തിൽ അങ്ങനെയൊന്നുമില്ല. തുർക്കിയിൽ ഇപ്പോൾ ഭരിക്കുന്നത് എർദ്വാനാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ പേരെന്താണ്. അതിന് മതവുമായി ഒരു ബന്ധവുമില്ല. അതുപോലെ ഈജിപ്തിലുണ്ടാക്കിയ പാർട്ടി, ഫ്രീഡം ഓഫ് ദി ജസ്റ്റിസ്. ഇങ്ങനെ പല പേരുകളും സ്വീകരിക്കും, ഒക്കെ ഒരു സൗകര്യത്തിനുവേണ്ടി, അല്ലാതെ പേടിയുടെ പ്രശ്‌നമൊന്നുമില്ല. അങ്ങനെ, പേടി അല്ല. അതിലുള്ളത് മറ്റൊന്നാണ്​, ജമാഅത്തെ ഇസ്‌ലാമിയെന്നു പറഞ്ഞാൽ ഇസ്‌ലാമിക സംഘടനയെന്നാണ് അർത്ഥം. ഏത് ഘട്ടത്തിലും അത് ഇസ്‌ലാമിനുവേണ്ടി തന്നെയാണ് പ്രവർത്തിക്കുക. ഇസ്‌ലാമിന്റെ താൽപര്യങ്ങൾ തന്നെയാണ് അത് ഉയർത്തിപ്പിടിക്കുക. അതിൽ എല്ലാവരും ഉൾക്കൊള്ളും എന്നല്ലാതെ അതിനുവേണ്ടി അത് മാറ്റമൊന്നും വരുത്തുന്നില്ല. എന്നാൽ, പൊതു ആവശ്യത്തിനുവേണ്ടിയും പൊതുജനത്തിനെയും ഉൾക്കൊള്ളാൻ ഉണ്ടാക്കുമ്പോൾ അത് അങ്ങനെ പറ്റില്ലല്ലോ.

ശബരിമല ഒരു ഇലക്ഷൻ അജണ്ടയായി ബി.ജെ.പിയും സംഘ്​പരിവാറും കൊണ്ടുവരുന്നുണ്ട്​. ആ ട്രാപ്പിൽ യു.ഡി.എഫ്​ വീണുപോകുന്നുണ്ട്​, എൽ.ഡി.എഫും അതിന്​ മറുപടി പറയേണ്ടിവരുന്നുണ്ട്​. താങ്കൾ ഒരു മതവിശ്വാസിയാണ്​. വിശ്വാസത്തി​െൻറ പക്ഷത്തുനിൽക്കുന്ന ഒരാളെന്ന നിലക്ക്​, ശബരിമല വിഷയത്തെ എങ്ങനെയാണ്​ കാണുന്നത്​.

എന്തുതന്നെയായാലും ഒരു മതത്തിന്റെ വിശ്വാസവും അതിന്റെ ആചാരങ്ങളും നിശ്ചയിക്കേണ്ടത് അതിന്റെ ആളുകൾ തന്നെയാണ്. നമ്മളതിനോട് യോജിക്കണോ വിയോജിക്കണോയെന്നത് പ്രശ്‌നമല്ല. ഉണ്ടാക്കുന്നത് അവരാണ്. ഹിന്ദുമതത്തിൽ എന്തു വിശ്വസിക്കണം അതിന്റെ ആചാരങ്ങൾ എന്തായിരിക്കണം എന്നത് അതിന്റെയൊരു രീതിയിൽ അതിന്റെ ആളുകൾ തീരുമാനിക്കുന്നതാണ് ശരി. മറ്റുള്ളവർ അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. എന്നാൽ പൊതുവേ മതങ്ങളെ പറ്റിയുള്ള ഒരു ധാരണ, സ്ത്രീകളെ അത് ഒരു രണ്ടാംകിട കണ്ണോടു കൂടിയാണ് കാണുന്നത് എന്നാണ്​, കുറേയൊക്കെ വാസ്തവമായ ഒരു നിരീക്ഷണമാണത്​.

മുസ്‌ലിം സ്ത്രീകൾ പള്ളിയിൽ പോകുന്നതിനെ പറ്റി ശക്തമായ എതിർപ്പുണ്ട്. വലിയൊരു വിഭാഗം ആളുകൾ സ്​ത്രീകളെ പള്ളിയിൽ പോകാൻ അനുവദിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയെയും നദ്വത്തുൽ മുജാഹീദീനെയും പോലുള്ള ചില സംഘടനകൾ അനുവദിക്കുന്നു. അടിസ്ഥാനമെന്താണെന്ന് വെച്ചാൽ, പ്രമാണങ്ങൾ ഇതിന് എതിരല്ല. സ്ത്രീകൾക്ക് പ്രവാചകന്റെ പള്ളിയിൽ പ്രവാചകന്റെ കാലത്തുതന്നെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇന്നുവരെ അത് തുടരുന്നുണ്ട്. എതിർക്കുന്നവർ തന്നെ ഹജ്ജിന് പോയാൽ അവിടെ സ്ത്രീകളുണ്ട്, ഇവിടെ അത് പാടില്ല എന്ന്​പറയുന്ന ആളുകൾ തന്നെ അവിടെ സ്ത്രീകൾ പങ്കെടുക്കുന്നതിനെ എതിർക്കുന്നില്ല. അപ്പോൾ അത് ഇരട്ടത്താപ്പാണ്. ഈ സമുദായത്തിൽ മാറ്റം വരാൻ വേണ്ടി ഇടപെടുകയും കുറേയൊക്കെ മാറ്റംവരുകയും ചെയ്തിട്ടുണ്ട്.

ഹൈന്ദവ വിശ്വാസികൾക്കിടയിൽ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളാണ് ഇതിന് മുൻകൈയെടുക്കേണ്ടത്. നവോത്​ഥാന പ്രസ്​ഥാനങ്ങ​ളെന്നു പറയുന്നവർ. സ്ത്രീകൾക്ക് ആരാധനാലയങ്ങളിൽ പ്രത്യേകിച്ച് ശബരിമല പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രവേശനമേ പാടില്ല, പ്രത്യേകിച്ച് പത്തുവയസുമുതൽ അമ്പത് വയസുവരെയുള്ളവർ പോകരുത് എന്ന്​ പറയുന്നത്​ ശരിയല്ലെങ്കിൽ അക്കാര്യം പറയേണ്ടത് നവോത്ഥാന സംഘടനകളാണ്. ഇതോടൊപ്പം നിൽക്കുകയാണ് നമ്മളൊക്കെ പ്രതീക്ഷിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനം. സുപ്രീം കോടതി വിധിയനുസരിച്ച് ആ വിധി നടപ്പാക്കാൻ വേണ്ടി പിണറായി വിജയന്റെ ഗവൺമെന്റ് ശ്രമിച്ചിരുന്നു. അത് ഭയങ്കരമായ പ്രതിഷേധത്തിന്​ വഴിമാറിയപ്പോൾ അവരതിൽനിന്ന്​ പിന്മാറി. അതൊരു സെൻസിറ്റീവ് വിഷയമായി വരുന്നു, വോട്ടുകളെ ബാധിക്കുന്നുവെന്ന് മനസിലാക്കിയപ്പോഴായിരുന്നു പിന്മാറ്റം. പാർട്ടികളുടെ ഏറ്റവും വലിയ ദൗർബല്യം; വോട്ടാണെല്ലോ എല്ലാത്തിന്റേയും അടിസ്ഥാനം, തത്വമല്ലല്ലോ. എങ്ങനെ വോട്ടു നഷ്ടപ്പെടുമെന്ന് നോക്കിയിട്ടാണ്​ അവർ നയം രൂപീകരിക്കുന്നത്. ഇപ്പോഴും ആ ഒരു ഗതികേടിലാണ്​ നമ്മുടെ പാർട്ടികൾ. സത്യത്തിൽ, ചില സ്ത്രീകൾ അവിടെ വേഷം കെട്ടി പോയി പ്രശ്​നമുണ്ടാക്കിയതിനോട്​ യോജിക്കാൻ പറ്റില്ല. യഥാർത്ഥ വിശ്വാസിനികൾക്കും ഭക്തകൾക്കും പ്രായപരിധി പരിഗണിക്കാതെ ശബരിമലയിൽ പോകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ് നീതിയെന്ന് പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ തോന്നുന്നു

മുസ്‌ലിം റപ്രസ​േൻറഷനുള്ള കേരളത്തിലെ ഏറ്റവും പ്രധാന രാഷ്ട്രീയ സംഘടന മുസ്‌ലിം ലീഗാണ്. ഇന്ന് മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന നിലനിൽപും അതിജീവനവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൃത്യമായും ഫലപ്രദമായും അഡ്രസ് ചെയ്യാൻ ലീഗിന് കഴിയുന്നുണ്ടോ?

മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതൃത്വത്തെക്കുറിച്ച് പറഞ്ഞാൽ, തീർച്ചയായും അവർക്ക് വലിയൊരളവോളം അതിന്​ കഴിഞ്ഞിരുന്നു. കേരളത്തിലാണല്ലോ മുസ്‌ലിം ലീഗ് രൂപപ്പെട്ടത്. അവർ മുസ്‌ലിം സമുദായത്തിന്റെ ആവശ്യങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും ഉയർത്തിപ്പിടിച്ചു. ഒരളവോളം അവരത് നേടിയെടുക്കുകയും ചെയ്തു. ഉദാഹരണത്തിന് സപ്തകക്ഷി മന്ത്രിസഭയിൽ ആദ്യമായി മുസ്‌ലിം ലീഗിന് അംഗത്വം കിട്ടി. സി.എച്ച്. മുഹമ്മദ് കോയയും അഹമ്മദ് ഗുരുക്കളുമായിരുന്നു മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ചത്.

അക്കാലത്താണ് മലബാറിലൊക്കെ മുസ്‌ലിം കേന്ദ്രങ്ങളിൽ സ്‌കൂളുകൾ ധാരാളമായി വന്നത്. അതുപോലെയുള്ള ചില നിർമാണാത്മകമായ പ്രവർത്തനങ്ങളുണ്ടായി. എല്ലാ ഗവൺമെൻറ്​ ഡിപ്പാർട്ടുമെന്റുകളിലും മുസ്‌ലിം പ്രാതിനിധ്യത്തിനുവേണ്ടിയും സംവരണാനുകൂല്യങ്ങൾക്കും വേണ്ടി അത് പ്രവർത്തിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ ഏതുപാർട്ടിയേയും ബാധിക്കാവുന്ന ജീർണത മുസ്‌ലിം ലീഗിനെയും ബാധിച്ചുവെന്നതാണ് സത്യം. അതിലൊക്കെ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുണ്ട്. അത്ര ആത്മാർത്ഥതയൊന്നുമില്ലാതെ വെറും രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരുമുണ്ടാകാം. എന്നാലും മൊത്തത്തിൽ ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയപാർട്ടിയെന്ന ഇമേജാണ്​ മുസ്‌ലിം ലീഗിനെക്കുറിച്ച് ഇപ്പോഴും നിലനിൽക്കുന്നത്.

ഇത്തരം അടിസ്ഥാന വിഷയങ്ങൾ ഉന്നയിക്കാൻ കപ്പാസിറ്റിയുള്ള, ലീഗിന് ബദലായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളത്തിൽ സാധ്യതയുണ്ടോ?

വളരെ ആലോചിക്കേണ്ട ഒരു പ്രശ്‌നമാണിത്. മുസ്‌ലിം ലീഗിന്റെ ജീർണതകളും അതിലെ വ്യക്തികളുടെ ചില കൊള്ളരുതായ്മകളുമൊക്കെ വേണമെങ്കിൽ എളുപ്പം ചൂണ്ടിക്കാണിക്കാം. പക്ഷേ അതിനു പകരം ഉണ്ടാക്കുന്ന ഒന്ന് എത്രത്തോളം പ്രായോഗികമാണ്? ഉള്ള ശക്തി ശിഥിലീകരിക്കാനാണോ അത് ഉതകുക?. കൂടുതൽ തെറ്റിദ്ധാരണ വളർത്തുകയാണോ ചെയ്യുക എന്നൊക്കെ പലതവണ ആലോചിക്കേണ്ടിവരും. ആ സമയത്ത് വെറും വൈകാരികമായ എടുത്തുചാട്ടങ്ങളെക്കൊണ്ട്, ലീഗ് പരാജയപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ അതിന്റെ ലക്ഷ്യം നേടാൻ കഴിയുന്നില്ല, ഞങ്ങൾക്ക്​ അതിന്​ കഴിയും എന്നൊക്കെ പറയുമ്പോൾ ഈ പറയുന്ന ആൾക്കാർക്ക് അതിനുള്ള കഴിവ് വേണമല്ലോ.

രണ്ട്, ഈ ആരോപണൾ ഉന്നയിക്കുന്നവർക്കെതിരെ വരാവുന്ന സാഹചര്യങ്ങളുമുണ്ടാവുമല്ലോ. അതൊക്കെ വീക്ഷിച്ചു കൊണ്ടുമാത്രമേ ഒരു ബദൽ രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് ചിന്തിക്കാൻ കഴിയൂ എന്നാണ് എന്റെ അഭിപ്രായം.

Comments