സി.പി.എം ചർച്ച നടത്തിയിട്ടുണ്ട്, ഞാൻ ദൃക്സാക്ഷിയാണ്
കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ മുളപൊട്ടിയിട്ട് 100 സംവത്സരങ്ങളായി എന്ന കണക്കുകൂട്ടലിൽ ശതാബ്ദിയാഘോഷ പരിപാടികൾ സി.പി.എം ആരംഭിച്ചിട്ട് മാസങ്ങളായി. ഇടക്ക് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നുകയറിയതുകൊണ്ട് മുഴുശ്രദ്ധയും അതിലേക്ക് തിരിച്ചുവിടേണ്ടിവരുകയായിരുന്നു. കോവിഡ് മഹാമാരി കൊണ്ടുവന്ന ദുരിതങ്ങളും കടുത്ത നിയന്ത്രണങ്ങളും വിപുലമായ ആഘോഷങ്ങൾക്ക് തടസ്സമാവുകയും ചെയ്തു. നൂറ്റാണ്ടുകാലത്തെ പുരോഗതി അഥവാ അധോഗതിയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും അന്വേഷണങ്ങളും സ്വാഭാവികമായും നടക്കേണ്ടതായിരുന്നെങ്കിലും കൂടുതൽ ഗൗരവപ്പെട്ട കാര്യങ്ങളിൽ ഇടപെടേണ്ടി വന്നതിനാൽ ഉൾപാർട്ടി ചർച്ചകൾക്കും വിമർശനങ്ങൾക്കും അവധി നൽകേണ്ടിവന്നു. ഇനി അഞ്ചാറു മാസക്കാലം കേരള നിയമസഭ തെരഞ്ഞെടുപ്പാവും കമ്യൂണിസ്റ്റ് പാർട്ടികളുടെ സത്വര പരിഗണനാ വിഷയം.
തൊഴിലാളി വർഗ പ്രസ്ഥാനം 1917ൽ റഷ്യയിലും 1949ൽ ചൈനയിലും വിജയകരമായ വിപ്ലവങ്ങളിലൂടെ അധികാരം പിടിച്ചെടുത്തപ്പോൾ തൊഴിലെടുത്തു ജീവിക്കുന്ന ജനകോടികളുടെ നാടായ ഇന്ത്യയിൽ 100 വർഷങ്ങൾക്കുശേഷവും ഒരേയൊരു സംസ്ഥാനത്ത് മാത്രമാണ് കമ്യൂണിസ്റ്റുകൾക്ക് മേൽക്കൈ. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇനിയൊരു തിരിച്ചുവരവ് അതിവിദൂര സാധ്യതയായി കരുതാൻ മാത്രം പ്രസ്ഥാനം ശോഷിച്ചുപോയിരിക്കുന്നു.
1948ൽ ബി.ടി. രണദിവെ നേതൃത്വം നൽകിയ തെലങ്കാന വിപ്ലവം അലസിയതിനെ തുടർന്ന് അമ്പതുകളുടെ തുടക്കത്തിലാണ് പാർലമെന്ററി ജനാധിപത്യം, ലക്ഷ്യം നേടാനുള്ള മാർഗമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അംഗീകരിച്ചത്. പിന്നീടുള്ള പ്രയാണത്തിൽ പാർലമെന്റിലെ പ്രധാന പ്രതിപക്ഷമായി മാറാനും, കേരളത്തിലും തുടർന്ന് ബംഗാളിലും ത്രിപുരയിലും അധികാരത്തിലേറാനും പാർട്ടിക്ക് കഴിഞ്ഞപ്പോൾ അണികളിൽ ആവേശവും അനുകൂലികളിൽ ശുഭപ്രതീക്ഷയും പ്രകടമായിരുന്നു. 1990കളുടെ തുടക്കത്തിൽ ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂനിയൻ ചരിത്രത്തിന്റെ ഭാഗമാവുകയും രാഷ്ട്രാന്തരീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം തകർന്നടിയുകയും ചെയ്തപ്പോഴും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പിടിച്ചുനിൽക്കാൻ അവസരമൊരുക്കിയത്, രാജ്യത്തിന്റെ മേൽ ഹിന്ദുത്വ ഫാസിസം പിടിമുറുക്കിക്കൊണ്ടിരുന്നപ്പോൾ ചകിതരായ മതന്യൂനപക്ഷങ്ങളാണ്.
ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള തന്ത്രങ്ങളുടെ പരീക്ഷണമാണ് ഇപ്പോൾ കഴിഞ്ഞ നഗരസഭ- പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാം കണ്ടത്. അത് ഒട്ടൊക്കെ വിജയിച്ചെന്നും സമ്മതിക്കണം
45 വർഷത്തോളം ഭരണകുത്തക നിലനിർത്തിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ഫാസിസ്റ്റുകളെ ഒറ്റക്ക് നേരിടാനാവില്ലെന്ന് ബോധ്യപ്പെട്ട ഇന്ത്യയിലെ മതേതര വിശ്വാസികളും മതന്യൂനപക്ഷങ്ങളും ഇടതുപക്ഷത്തെ പ്രതീക്ഷാപൂർവം പിന്തുണച്ചപ്പോൾ, 2004ലെ പൊതുതെരഞ്ഞെടുപ്പിൽ ലോക്‌സഭയിൽ 60ൽപരം സീറ്റുകൾ നേടിയെടുത്തുകൊണ്ട് കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ഇടതുമുന്നണി ശക്തിതെളിയിക്കുകതന്നെ ചെയ്തു. അതിനുമുമ്പ് കേന്ദ്രഭരണം അനിശ്ചിതത്വത്തിലായ ഇടവേളയിൽ രാഷ്ട്രത്തെ നയിക്കാൻ സി.പി.എമ്മിന്റെ അതികായനായ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനെ വിളിക്കാൻ ഭരണത്തിൽ പങ്കാളികളായ കക്ഷികൾ സന്നദ്ധമാവുന്നിടത്തോളം ചുവപ്പ് നക്ഷത്രത്തിളക്കം രാജ്യത്തെ വിസ്മയിപ്പിച്ചതാണ്.
എല്ലാം ഗതകാല സ്മരണകളായി ഭവിക്കാൻ അധികകാലം വേണ്ടിവന്നില്ല. ബംഗാളിൽ ജ്യോതിബസുവിന്റെ പിൻഗാമി ബുദ്ധദേവ് ഭട്ടാചാര്യയുടെ പിടിവിടുകയും സംസ്ഥാനത്ത് സി.പി.എം നേതൃത്വത്തിലെ ഇടതുമുന്നണി തകർന്നടിയുകയും ചെയ്തത് പൊടുന്നനെ ആയിരുന്നു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ മുന്നിലാണ് സി.പി.എം- സി.പി.ഐ പാർട്ടി കൂട്ടുകെട്ട് അടിയറവ് പറഞ്ഞതെങ്കിലും പ്രസ്താവ്യമായ പ്രത്യയശാസ്ത്രാടിത്തറയോ അച്ചടക്കപൂർണമായ സംഘടനാ സംവിധാനമോ അവകാശപ്പെടാനില്ലാത്ത തൃണമൂലിന്റെ ബലഹീനതകളിൽനിന്ന് മുതലെടുത്ത് സമഗ്രാധിപത്യ സ്വഭാവമുള്ള, കേന്ദ്ര ഭരണകൂടത്തിന്റെ സമസ്ത സാധ്യതകളോടും കൂടി ബംഗാളിനെ വിഴുങ്ങാൻ തയാറെടുക്കുന്ന ബി.ജെ.പിക്ക് മുന്നിൽ സി.പി.എം- കോൺഗ്രസ് തട്ടിക്കൂട്ട് മുന്നണി ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടുകണക്കെ അവസാനത്തെ പുൽക്കൊടിയിന്മേലും പിടികൂടാൻ ദയനീയശ്രമം നടത്തുന്നതാണ് ഒടുവിലത്തെ കാഴ്ച. തിരിച്ചുവരവിന്റെ നേരിയ ലക്ഷണം പോലും കാണിക്കാത്ത ത്രിപുരയാണ് രണ്ടാമത്തെ നഷ്ടഭൂമി. കൗബെൽറ്റ് മുമ്പേ തന്നെ ചുവപ്പുകണ്ട കാളയാണ്. ചെങ്കൊടി കാണണമെങ്കിൽ തീവണ്ടിയാപ്പീസുകളിൽ പോവണം.
പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നത് മൊത്തം ഇടതുപക്ഷത്തിന്റെ ശവമഞ്ചത്തിന്മേൽ സമർപ്പിക്കേണ്ട റീത്തുമായാണ്. പിണറായി സർക്കാർ പറയത്തക്ക വെല്ലുവിളികളില്ലാതെ സുഖഭരണം നടത്തുന്ന കേരളത്തിൽ പോലും 19 മണ്ഡലങ്ങളിൽ നിലംപരിശായപ്പോൾ ഒരേയൊരു ആലപ്പുഴ മാത്രം സി.പി.എമ്മിന്റെ ഏകാംഗനായി ആരിഫിനെ പാർലമെന്റിലേക്കയച്ചു. നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ കണക്കു നോക്കുമ്പോൾ 140ൽ 123ഉം രാഹുൽഗാന്ധിയുടെ മുന്നണി കൊണ്ടുപോയിരിക്കുന്നു. അതുകൊണ്ട് മാത്രം രാഹുലോ അദ്ദേഹത്തിന്റെ പാർട്ടിയോ രക്ഷപ്പെട്ടില്ലെന്നത് വേറെ കാര്യം. മാസങ്ങളുടെ ദൈർഘ്യത്തിലാണ് സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. തുടർന്ന് നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പിന് നാലുമാസങ്ങൾ മാത്രം. സകലമാന അടവുനയങ്ങളും പുറത്തെടുത്ത്, സാധ്യമായ സർവമാധ്യമങ്ങളും പ്രയോഗിച്ച് രംഗത്തിറങ്ങിയില്ലെങ്കിൽ ഇന്ത്യാമഹാരാജ്യത്ത് അവശേഷിക്കുന്ന ഒരേയൊരു ചുവന്ന തുരുത്തും അപ്രത്യക്ഷമാവും എന്ന് സി.പി.എം ന്യായമായി വിലയിരുത്തുന്ന പശ്ചാത്തലം. അതിനാൽ, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭ ഇലക്ഷനിലും ഒരുപോലെ യു.ഡി.എഫിന് സാരമായ ക്ഷതമേൽപിച്ചു ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള തന്ത്രങ്ങളുടെ പരീക്ഷണമാണ് ഇപ്പോൾ കഴിഞ്ഞ നഗരസഭ- പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാം കണ്ടത്. അത് ഒട്ടൊക്കെ വിജയിച്ചെന്നും സമ്മതിക്കണം. നിയമസഭ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള മനക്കരുത്ത് ഇടതുമുന്നണി നേടിയെടുത്തുകഴിഞ്ഞു. അത് മൂലധനമാക്കി നാലഞ്ച് മാസം കൂടി പാർട്ടി അണികളെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തനക്ഷമമാക്കിയാൽ, സംഘടനാപരമായി ബലഹീനവും ഗ്രൂപ്പിസത്തിന്റെ അതിപ്രസരത്താൽ വീർപ്പുമുട്ടുന്നതും സർവോപരി നേതൃതലത്തിൽ ശിഥിലവുമായ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനും, തദ്വാരാ യു.ഡി.എഫിനെ തുടർന്നും പ്രതിപക്ഷത്തിരുത്താനും കഴിയുമെന്ന് പിണറായി വിജയൻ കണക്കുകൂട്ടുന്നു.
രണ്ട് പ്രളയങ്ങളും ഒരു നിപയും നീണ്ട കോവിഡ് കാലവും സാമാന്യം ഗുരുതരമായിത്തന്നെ കശക്കിയ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താൻ സാധിച്ചതാണ് തദ്വിഷയകമായ ക്രിയാത്മക പ്രവണത. തോമസ് ഐസക്കിന്റെ കിഫ്ബിയും, ശൈലജ ടീച്ചറുടെ ആരോഗ്യരംഗത്തെ അവസരോചിത ഇടപെടലും, സാധാരണ ജനങ്ങളുടെ കൃതജ്ഞത പിടിച്ചുപറ്റിയ സൗജന്യകിറ്റ് വിതരണവും, മുടക്കമില്ലാതെ തുടരുന്ന ക്ഷേമപെൻഷനും ചേർന്ന് ഏറ്റവും ഒടുവിൽ പ്രതിപക്ഷം ഉയർത്തിയ അഴിമതി-സ്വജനപക്ഷപാത ആരോപണങ്ങളെ നിർവീര്യമാക്കുന്നതിൽ പ്രസ്താവ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ കഴമ്പുള്ളതാണെന്നിരിക്കെത്തന്നെ, ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ ഒടുവിലത്തെ ഇടത് കോട്ടയെയും തകർത്തെറിയാനുള്ള തന്ത്രങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന പ്രചാരണം കേരളം തീവ്രവലതുപക്ഷത്തേക്ക് ചായരുതെന്ന് നിർബന്ധമുള്ളവരുടെ മനസ്സിനെ സ്വാധീനിച്ചിട്ടില്ലെന്നു കരുതിക്കൂടാ.
അതേയവസരത്തിൽ, ഈ പോസിറ്റിവ് പ്രവണത കൊണ്ട് തൃപ്തിപ്പെടാതെ സി.പി.എമ്മും പിണറായി സർക്കാറും ആവിഷ്‌കരിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന കുതന്ത്രങ്ങളാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കെ.എം. മാണിയുടെ വിയോഗത്തോടെ യു.ഡി.എഫിനെ നിയന്ത്രിക്കുന്ന ചാലകശക്തി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുസ്‌ലിംലീഗ് മാത്രമായി മാറിയെന്നും ലീഗിനെ നയിക്കുന്നത് "തീവ്രവർഗീയ സംഘടന'യായ ജമാഅത്തെ ഇസ്‌ലാമിയാണെന്നും രാപ്പകൽ പ്രചാരണം നടത്തുക വഴി കേരളത്തിൽ വർഗീയധ്രുവീകരണം സൃഷ്ടിക്കാനാവുമെന്നും, അത് ഹൈന്ദവ-ക്രൈസ്തവ സമുദായങ്ങളിൽ എൽ.ഡി.എഫിനനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നും സി.പി.എമ്മും സർക്കാറും ഒരുപോലെ കണക്കുകൂട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങുന്നതിനുമുമ്പേ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും വക്താക്കളും മാധ്യമങ്ങളും ആരംഭിച്ച ഈ ഇസ്‌ലാമോഫോബിയ സവർണ സമുദായങ്ങളെ ഒരളവോളം സ്വാധീനിച്ചതായി മധ്യ കേരളത്തിലെ ലോക്കൽ ബോഡി ഇലക്ഷൻ ഫലങ്ങൾ സൂചിപ്പിക്കുന്നു. നീതിരഹിതമായി നടപ്പാക്കിയ മുന്നാക്കക്കാരുടെ സാമ്പത്തിക സംവരണത്തിലെ അനീതിയും അട്ടിമറിയും സോദാഹരണം ചൂണ്ടിക്കാട്ടുന്ന വാർത്തകൾ പുറത്തുവന്നപ്പോൾ അത് തങ്ങൾക്കെതിരായ നീക്കമാണെന്ന് വ്യാഖ്യാനിക്കാൻ സമുന്നത സഭാ പിതാക്കൾപോലും തയാറായിരിക്കുന്നു.
യഥാർഥത്തിൽ ഇലക്ഷൻ രാഷ്ട്രീയത്തിൽ ഇഷ്യൂ ആവേണ്ട പ്രസ്ഥാനമല്ല 1948 മുതൽ സ്വതന്ത്ര ഇന്ത്യയിൽ നിയമാനുസൃതം പ്രവർത്തിച്ചുവരുന്ന ജമാഅത്തെ ഇസ്‌ലാമി. ഇസ്‌ലാമിനെ സമ്പൂർണ ജീവിതദർശനമായി പ്രമാണങ്ങളുടെയും ചരിത്ര യാഥാർഥ്യങ്ങളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഈ ധാർമിക- സാംസ്‌കാരിക പ്രസ്ഥാനത്തിന്, രാഷ്ട്രീയം മൂല്യാധിഷ്ഠിതവും മാനവികതയിലും സാമൂഹികനീതിയിലും അധിഷ്ഠിതവുമായിരിക്കണമെന്ന കാഴ്ചപ്പാടുണ്ടെന്നത് ശരിയാണ്. അതേസമയം, സജീവ രാഷ്ട്രീയത്തിലിറങ്ങി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയല്ല ജമാഅത്ത്. 1986 മുതൽ സമഗ്രാധിപത്യ, ഏകാധിപത്യ സ്വഭാവമുള്ള പാർട്ടികളെ മാറ്റിനിർത്തി മതനിരപേക്ഷ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ജമാഅത്തംഗങ്ങൾ വോട്ട് ചെയ്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ജനതാദൾ, തൃണമൂൽ, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികളും ഉൾപ്പെടുന്നു. ഈ പാർട്ടികളുടെയെല്ലാം നേതാക്കളും വക്താക്കളും അതത് സന്ദർഭങ്ങളിൽ ജമാഅത്ത് നേതൃത്വവുമായി സംവദിക്കുകയും പിന്തുണ നേടുകയും ചെയ്തിട്ടുമുണ്ട്. സി.പി.എം നേതാക്കളായ എസ്. രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, എളമരം കരീം, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരുമായി പല ഘട്ടങ്ങളിലും വട്ടങ്ങളിലും നടന്ന ചർച്ചകൾക്ക് ഞാൻ ദൃക്‌സാക്ഷിയാണ്. ജമാഅത്തെ ഇസ്‌ലാമിക്കുണ്ടെന്ന് ഇപ്പോൾ ആരോപിക്കുന്ന ‘മതരാഷ്ട്രവാദവും മതമൗലികതയും തീവ്രവർഗീയത'യുമൊന്നും ഈ ചർച്ചകളിൽ വിഷയീഭവിച്ചതേ ഇല്ല.
ഡൽഹി എ.കെ.ജി ഭവനിലെ ചർച്ചകൾക്കൊടുവിൽ ഞാൻ എസ്.ആർ.പിയോടങ്ങോട്ട് ചോദിച്ചതാണ്, കൽക്കത്താ പ്ലീനറി പ്രമേയത്തിൽ ജമാഅത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആ സംഘടനയോട് ബന്ധപ്പെടുന്നതിൽ പാർട്ടിക്ക് തടസ്സമാവില്ലേ എന്ന്. ‘അതൊക്കെ ആര് പരിഗണിക്കാൻ'! എന്നാണദ്ദേഹം പ്രതികരിച്ചത്. വെൽഫെയർ പാർട്ടി നിലവിൽ വന്നശേഷവും ഇതുതന്നെയായിരുന്നു സ്ഥിതി. 2015ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലേടത്തും വെൽഫെയർ പാർട്ടിയുമായി ധാരണയിലേർപ്പെട്ടാണ് സി.പി.എം മത്സരിച്ചത്. മുക്കം നഗരസഭയിലെ ഇരുപതാം വാർഡിലെ വോട്ടറാണ് ഞാൻ. നഗരസഭയിലെ 18, 19, 20, 21, 22 വാർഡുകളിൽ വെൽഫെയറും എൽ.ഡി.എഫും സംയുക്തമായി നിർത്തിയ സ്ഥാനാർഥികളിൽ വെൽഫെയർ പാർട്ടിയുടെ സജീവ പ്രവർത്തകരും ഉൾപ്പെടുന്നു. നഗരഭരണത്തിലും ഇവർ അവസാനം വരെ സഹകരിച്ചിരുന്നു. ഈ അനിഷേധ്യ സത്യങ്ങളെ കണ്ണും ചിമ്മി നിഷേധിച്ചുകൊണ്ട് വെൽഫെയർ പാർട്ടിക്കെതിരെ രാപ്പകൽ തീവ്രവാദ വർഗീയ മുദ്രകുത്താൻ മത്സരിക്കുകയാണ് മുഖ്യമന്ത്രി പിണറായിയും സി.പി.എം സെക്രട്ടറി മുതൽ എളമരം കരീം വരെയുള്ളവരും.
വെൽഫെയറിന്റെ വോട്ടുകൾ ഒരു മണ്ഡലത്തിലും നിർണായകമല്ലെന്നും പകരം ജമാഅത്തിനെ എതിർക്കുന്ന മുസ്‌ലിം മതസംഘടനകളുടെ പിന്തുണ നേടിയെടുക്കാൻ ജമാഅത്തിന് അയിത്തം കൽപിക്കുന്നതാണ് ലാഭകരമെന്നുമുള്ള ജലീലിയൻ തന്ത്രത്തിൽ വീഴുകയായിരുന്നു സി.പി.എം
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ഹിന്ദുത്വ സഖ്യത്തെ തോൽപിക്കാൻ ശേഷിയുണ്ടെന്ന് കരുതപ്പെട്ട യു.പി.എ സ്ഥാനാർഥികളെ പിന്തുണക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചതിന്റെ ഭാഗമായി കേരളത്തിലെ 20 സീറ്റുകളിലും യു.ഡി.എഫിനോടൊപ്പം നിന്നു എന്നത് ശരിയാണ്. അങ്ങനെ ചെയ്യരുതെന്നും കേരളത്തിൽ എൽ.ഡി.എഫും മതേതര മുന്നണി എന്ന നിലയിൽ പിന്തുണക്കർഹരാണെന്നും ആരാണ് വെൽഫെയർ നേതൃത്വത്തോട് ആവശ്യപ്പെട്ടത്? ഒരാൾ പോലും ബന്ധപ്പെട്ടിരുന്നില്ലെന്ന് കട്ടായമായും പറയാനാവും. വെൽഫെയറിന്റെ വോട്ടുകൾ ഒരു മണ്ഡലത്തിലും നിർണായകമല്ലെന്നും പകരം ജമാഅത്തിനെ എതിർക്കുന്ന മുസ്‌ലിം മതസംഘടനകളുടെ പിന്തുണ നേടിയെടുക്കാൻ ജമാഅത്തിന് അയിത്തം കൽപിക്കുന്നതാണ് ലാഭകരമെന്നുമുള്ള ജലീലിയൻ തന്ത്രത്തിൽ വീഴുകയായിരുന്നു സി.പി.എം. ഫലം പുറത്തുവന്നപ്പോൾ 20ൽ 19ലും എൽ.ഡി.എഫ് ക്ലീൻ ഔട്ട്. വീണത് വിദ്യയാക്കാനുള്ള പുറപ്പാടായി പിന്നെ. ജമാഅത്തെ ഇസ്‌ലാമിയുടെ പേരിൽ തെളിവുകളുടെ അംശമില്ലാതെ വർഗീയതയും തീവ്രവാദവും മതരാഷ്ട്രവാദവുമടക്കമുള്ള ദുരാരോപണങ്ങൾ വാമൊഴിയായും വരമൊഴിയായും ആവർത്തിക്കുമ്പോൾ ലക്ഷ്യമിട്ടത് പലതാണ്.
ഒന്ന്, ജമാഅത്തിനെ എതിർക്കുന്ന സുന്നി- സലഫി വിഭാഗങ്ങളിൽ ചിലതിനെ കൂടെ കൂട്ടാം. അതിനു പാകത്തിൽ വഖഫ് ബോർഡ്, മദ്‌റസ ക്ഷേമനിധി ബോർഡ് മുതൽ സർക്കാർ വിലാസം സമിതികളിൽ ചിലരെ തിരുകിക്കയറ്റുകയുമാവാം. രണ്ട്, തങ്ങൾ ഹിന്ദുത്വത്തെ മാത്രമല്ല മുസ്‌ലിം വർഗീയതയെയും തുറന്നെതിർക്കുന്നു എന്ന സന്ദേശം മതേതരവാദികൾക്കും ഹിന്ദു- ക്രിസ്ത്യൻ സമുദായങ്ങൾക്കും നൽകാം. മൂന്ന്, വെൽഫെയർ പാർട്ടിയുമായി മൃദുസമീപനം സ്വീകരിക്കുന്ന യു.ഡി.എഫിനെ അടിച്ചിരുത്താം. സത്യത്തിൽ ഈയടവാണ് കഴിഞ്ഞ ലോക്കൽ ബോഡി ഇലക്ഷനിൽ സർവശക്തിയും വിനിയോഗിച്ച് പയറ്റിയത്. നിയമസഭ ഇലക്ഷൻ ലക്ഷ്യമിട്ട് അതിപ്പോഴും തുടരുന്നു.
അതിനിടെ വീണുകിട്ടിയ സുവർണാവസരമാണ് പി.കെ. കുഞ്ഞാലിക്കുട്ടി പാർലമെന്റംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. അതോടെ യു.ഡി.എഫിൽ ഇന്ന് മേധാവിത്വം കുഞ്ഞാലിക്കുട്ടിക്കായിരിക്കുമെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും സവർണ- ക്രൈസ്തവ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാം. അതിപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും 10 ശതമാനം സംവരണം എന്ന പ്രഖ്യാപിത നയം സവർണരായ ഉദ്യോഗസ്ഥ മേധാവികൾ ഒ.ബി.സി വിഭാഗങ്ങളുടെ ചെലവിലാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന സത്യസന്ധമായ കണക്കുകൾ പുറത്തുവരുമ്പോഴാണ് സവർണ വോട്ട് ലാക്കാക്കിയുള്ള പ്രചാരണം.
സംവരണങ്ങളിലെ അനീതി പരിഹരിക്കുന്നതിനു പകരം ഉത്തരവാദിത്തം മുഴുവൻ മുസ്‌ലിം ലീഗിലും തദ്വാര യു.ഡി.എഫിലും വെച്ചുകെട്ടി സുറിയാനി കത്തോലിക്കരുടെ സഭാപിതാക്കളെ ഇടതുമുന്നണിയോടൊപ്പം നിർത്താനാണ് ശ്രമം. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം ഇതിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, മണ്ണും ചാരിനിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന പഴമൊഴിയെ ഓർമിപ്പിച്ചുകൊണ്ട് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ പിഴക്കുന്ന ലക്ഷണമാണ് കാണുന്നത്. പള്ളികളുടെ ഉടമസ്ഥതയെച്ചൊല്ലിയുള്ള ഓർത്തഡോക്‌സ്-യാക്കോബായ സമുദായങ്ങളുടെ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യസ്ഥ്യം വഹിക്കുമെന്ന അറിയിപ്പ് സവർണ ക്രൈസ്തവരുടെ വോട്ടുബാങ്ക് സംഘ്പരിവാർ തട്ടിയെടുക്കുന്നിടത്താണ് സംഭവങ്ങളിലെ പുതിയ വഴിത്തിരിവ്.
ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്ന മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള സഭാപിതാക്കളുമായി നടത്തിയ ചർച്ചകൾ, കേവലം മാധ്യസ്ഥ്യത്തിനപ്പുറം ന്യൂനപക്ഷാനുകൂല്യങ്ങൾ 80 ശതമാനവും കേരളത്തിൽ മുസ്‌ലിം സമുദായത്തിനാണ് ലഭിക്കുന്നതെന്ന ക്രൈസ്തവ സമുദായ നേതാക്കളുടെ പരാതിയുടെ പരിഹാരവും പ്രധാനമന്ത്രി പരിഗണിക്കുമെന്ന വിവരം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ കണക്കുകളും വസ്തുതകളുമാണ് നിജസ്ഥിതി വ്യക്തമാക്കേണ്ടതെങ്കിലും അതല്ല നടക്കാൻ പോവുന്നത്. മീഡിയയുടെ സഹായത്തോടെ പുകമറ സൃഷ്ടിച്ച് മിഥ്യയെ സത്യമാക്കാനുള്ള സംഘ്പരിവാർ മിടുക്ക് സാമുദായിക ധ്രുവീകരണത്തിലേക്കാണ് നയിക്കുക എന്ന് വ്യക്തം. അത്തരമൊരു പരിണതി ഇന്നേവരെ സംസ്ഥാനത്ത് രണ്ട് പ്രബല ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ നിലനിന്ന സൗഹൃദത്തെ അപകടപ്പെടുത്തും എന്ന് കാണാൻ സാമാന്യ ബുദ്ധി മതി.
അന്നേരം ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന് പറഞ്ഞൊഴിയാനുള്ളതാണ് സി.പി.എമ്മിന്റെ ഉള്ളിലിരിപ്പ് എങ്കിൽ തെരഞ്ഞെടുപ്പിലെ വോട്ടും സീറ്റും മാത്രം ലാക്കാക്കി നടത്തുന്ന വഴിവിട്ട നീക്കങ്ങൾ സ്വസ്ഥ കേരളത്തെ വർഗീയ ഭ്രാന്താലയമാക്കി മാറ്റുന്നതിലാണ് കലാശിക്കുക എന്നേ കമ്യൂണിസ്റ്റ് പാർട്ടികളെ ഓർമിപ്പിക്കാനുള്ളൂ. യു.ഡി.എഫിനെ തളർത്തി പകരം ബി.ജെ.പിയെ മുഖ്യപ്രതിപക്ഷ സ്ഥാനത്തിരുത്താനുള്ള ഗൂഢതന്ത്രവും പഞ്ചതന്ത്രം കഥയിലെ വെളുത്ത കാളയുടെ ഗതിയാണ് ഇടതുമുന്നണിക്ക് സമ്മാനിക്കുക എന്ന് മനസ്സിലാക്കുന്നതും നല്ലതാണ്.
വോട്ടിൽ മാത്രം കണ്ണുനട്ടുള്ള ഇക്കളി ഇപ്പോൾ മാത്രം സി.പി.എം ആരംഭിച്ചതല്ല എന്നുകൂടി ഓർക്കുന്നത് നന്നാവും. നിയമസഭ തെരഞ്ഞെടുപ്പിൽ, തങ്ങളോടൊപ്പം നിൽക്കുന്ന അഖിലേന്ത്യ മുസ്‌ലിംലീഗിന്റെ ഭാരം കുടഞ്ഞുകളയാനും ഒപ്പം ഹിന്ദു വോട്ടുകളെ ആകർഷിക്കാനുമായി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സൃഗാലബുദ്ധി കണ്ടെത്തിയതായിരുന്നല്ലോ 1985-86 കാലത്ത് ശരീഅത്തിനെതിരായ ആക്രമണവും പ്രചാരണവും. ഇസ്‌ലാമിക ശരീഅത്ത് സ്ത്രീവിരുദ്ധമാണെന്നും അനീതി നിറഞ്ഞതാണെന്നും സ്ഥാപിക്കാൻ സംസ്ഥാനത്തൊട്ടാകെ സി.പി.എം കാമ്പയിൻ നടത്തി. സ്വാഭാവികമായും അഖിലേന്ത്യ മുസ്‌ലിം ലീഗ് ഇടതുമുന്നണി വിട്ട് മുസ്‌ലിം ലീഗുമായി പുനഃസംയോജിച്ചു. അതോടെ ലീഗിന്റെ ഒരു കഷണം പോലുമില്ലാതെ തങ്ങൾ ഭരിക്കുമെന്ന് ഇ.എം.എസ് വെല്ലുവിളി മുഴക്കി; അതുപോലെ സംഭവിക്കുകയും ചെയ്തു. ഭൂരിപക്ഷ വർഗീയതയാണ് രക്ഷക്കെത്തിയതെന്ന് പറയേണ്ടതില്ലല്ലോ. എല്ലാം കഴിഞ്ഞപ്പോൾ ഇ.എം.എസിന്റെ കുമ്പസാരം: ‘ഞാൻ ശരീഅത്തിനെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടില്ല'! മുസ്‌ലിം ന്യൂനപക്ഷ വോട്ട് എന്നെന്നേക്കുമായി എഴുതിത്തള്ളാനാവില്ലല്ലോ. ഇപ്പോഴത്തെ ജമാഅത്ത് വിരുദ്ധ കാമ്പയിനിനും ഇങ്ങനെയൊരു പരിണാമം സമയത്തിന്റെ മാത്രം പ്രശ്‌നമായി കലാശിക്കാനാണിട. ▮