പിണറായി വിജയൻ

സ്വന്തം ചോരയിൽ നനഞ്ഞു വന്ന ഒരു പ്രസ്ഥാനത്തിന്
ഏതിരുളിലും ജനങ്ങളെ തിരിച്ചറിയാനാവും

ആഗോള മൂലധന വാഴ്ചക്കാലത്ത് ഇന്ത്യക്ക് എങ്ങനെ മുന്നോട്ടു പോകാൻ കഴിയും എന്നതിനുള്ള കൃത്യമായ ഒരു ബദൽ മാതൃക പരീക്ഷിച്ചു വിജയിപ്പിക്കുകയും ചെയ്തു എന്നതാണ്​ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ പ്രധാന നേട്ടം

ണ്ടാമത്തെ പിണറായി സർക്കാർ ഒരുവർഷം പൂർത്തിയാക്കാൻ പോകുകയാണ്. കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകുന്ന സർക്കാരുകളുടെ പ്രവർത്തനം പരിശോധിക്കുമ്പോൾ 1957-ൽ ഇ.എം.എസ്. പറഞ്ഞ ഒരു കാര്യം ഓർമയിലുണ്ടാവേണ്ടതാണ്. അന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടനെ ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചു, ‘കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിയാണോ ഈ സർക്കാരിലൂടെ അങ്ങ് നടപ്പാക്കാനുദ്ദേശിക്കുന്നത്?'
മറുപടി: ‘അല്ല. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഈ രാജ്യത്തെ ജനങ്ങൾക്ക് ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. 1947-ൽ അധികാരത്തിൽ വന്ന കോൺഗ്രസ്​ അതൊന്നും നടപ്പാക്കാൻ ശ്രമിച്ചില്ല. അവ സംസ്ഥാനത്ത് നടപ്പാക്കാനായിരിക്കും ഞങ്ങൾ ശ്രമിക്കുക.'

പാർലിമെന്ററി ഡെമോക്രസിയിൽ പങ്കെടുക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി തങ്ങൾക്ക് ലഭിക്കുന്ന അധികാരം എങ്ങനെയാണ് വിനിയോഗിക്കുക; വിനിയോഗിക്കേണ്ടത് എന്നതിന്റെ രത്നച്ചുരുക്കം ഈ വാചകങ്ങളിലുണ്ട്. മതദർശനം പോലെ ഉരുവിട്ടു നടക്കാനുള്ളതല്ല മാർക്‌സിസ്റ്റ് ദർശനം; കാലത്തെയും ലോകത്തെയും തിരിച്ചറിഞ്ഞു മുന്നോട്ടുപോകാനുള്ള മാർഗരേഖയാണത്. ഈ വഴിയിൽ മുന്നോട്ടുപോയതുകൊണ്ടാണ് ഏതാണ്ടെല്ലാ ഇടതുപക്ഷ സർക്കാരുകളും കേരളത്തിന്റെ സാമൂഹ്യപരിവർത്തന ചരിത്രത്തിലെ നാഴികക്കല്ലുകളായത്.

നയങ്ങളും സമീപനങ്ങളുമാണ് പ്രധാനം. അത് മാറിയിട്ടില്ല. എന്നാൽ എന്തുകൊണ്ട് പതിവുചരിത്രം തിരുത്തിക്കൊണ്ട് എൽ.ഡി.എഫ്. സർക്കാർ വൻ ജനസമ്മതിയോടെ വീണ്ടും അധികാരത്തിൽ വന്നു എന്ന ചോദ്യം പ്രസക്തമാണ്.

ഒന്നാം പിണറായി സർക്കാർ, രണ്ടാം പിണറായി സർക്കാർ എന്നിങ്ങനെ വേറിട്ടുനിർത്തി പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഒന്നിന്റെ തുടർച്ചയാണ് രണ്ടാമത്തേത്. മന്ത്രിമാർ മാറിയിട്ടുണ്ടാകാം. ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടനാസംവിധാനത്തിൽ അതത്ര പ്രധാനമല്ല. മാറിയവർ എവിടേയ്ക്കും പോയിട്ടില്ല. പുതിയവരാകട്ടെ മറ്റേതെങ്കിലും ഗ്രഹത്തിൽ നിന്ന് എത്തിയവരുമല്ല. നയങ്ങളും സമീപനങ്ങളുമാണ് പ്രധാനം. അത് മാറിയിട്ടില്ല. എന്നാൽ എന്തുകൊണ്ട് പതിവുചരിത്രം തിരുത്തിക്കൊണ്ട് എൽ.ഡി.എഫ്. സർക്കാർ വൻ ജനസമ്മതിയോടെ വീണ്ടും അധികാരത്തിൽ വന്നു എന്ന ചോദ്യം പ്രസക്തമാണ്.

ഒന്നും രണ്ടും പിണറായി സർക്കാരുകൾ കേരളത്തെ അപ്പാടെ സ്വർഗരാജ്യമാക്കി എന്നൊന്നും ആരും അവകാശപ്പെടുന്നില്ല. പ്രതീക്ഷകൾ പരിമിതപ്പെടുത്തി വീടിന്റെ മുറ്റത്തെ കയർകട്ടിലിൽ ചുരുണ്ടുകിടക്കാൻ കേരളം യു.പി. അല്ല. ആധുനിക വിദ്യാഭ്യാസവും സംസ്‌കാരവും നേടിയ ജനത എന്ന നിലയിൽ ഇവിടത്തെ ആകാശത്തിന് അതിരുകളില്ല. അന്തിമമായ സംതൃപ്തി എന്ന സംഗതി ഇവിടെ ഉണ്ടാകുകയില്ല. മുന്നോട്ടുപോയിക്കൊണ്ടിരിക്കണം. എന്നാൽ പരിശോധിച്ചു വിലയിരുത്താൻ ഒരുമ്പെടുമ്പോൾ ചില വസ്തുതകൾ മനസ്സിലുണ്ടാവണം.

ഇന്ത്യ എന്ന രാജ്യത്തെ ഒരു സംസ്ഥാനമാണ് കേരളം. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ഘടനയ്ക്കകത്തുനിന്നുള്ള അധികാരങ്ങളും പരിമിതികളും സംസ്ഥാന സർക്കാരിനുണ്ട്. ഫ്യൂഡൽ വ്യവസ്ഥയുടെ അവശിഷ്ടങ്ങളുമായി സന്ധിചെയ്ത ഒരു മുതലാളിത്ത സമ്പദ്ഘടനയാണ് തുടക്കം മുതലേ രാജ്യം പിന്തുടരുന്നത്. നരസിംഹറാവുവിന്റെ കാലം മുതലേ കോൺഗ്രസ് പാർട്ടി ആഗോള മൂലധനശക്തികൾക്ക് വിധേയപ്പെട്ടുകൊണ്ടാണ് കേന്ദ്രഭരണം നടത്തിയത്. ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബി.ജെ.പി.യാകട്ടെ ഈ നയങ്ങൾ കൂടുതൽ മാരകമായ രീതിയിൽ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആസൂത്രിതമായ രീതിയിൽ രാജ്യത്ത് വർഗീയ വിഭജനം നടത്തുന്നു. ഇതിന്റെയെല്ലാം ഫലമായ ദുരനുഭവങ്ങൾ കേരളമടക്കമുള്ള ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ അനുഭവിക്കുന്നുണ്ട്. കേരളത്തെയും മലയാളികളെയുമാകട്ടെ ബി.ജെ.പി. സർക്കാർ കണ്ണിലെ കരടായിട്ടാണ് കാണുന്നത്.

Kerala Floods 2018 - Angamaly / Wikimedia Commons

ഭരണവർഗത്തിന്റെ കടന്നാക്രമണത്തിനെതിരെ സഹികെട്ട മനുഷ്യരുടെ പ്രതികരണമാണ് ഉത്തരേന്ത്യയിൽ നടന്ന മഹത്തായ കർഷകസമരം. ഈ ദുരിതമഴയിൽ നിന്ന് ഒരു പരിധിവരെയെങ്കിലും കേരളജനതയെ സംരക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ പ്രധാന നേട്ടം. മാത്രമല്ല ഇന്നത്തെ ഈ ആഗോള മൂലധന വാഴ്ചക്കാലത്ത് ഇന്ത്യക്ക് എങ്ങനെ മുന്നോട്ടുപോകാൻ കഴിയും എന്നതിനുള്ള കൃത്യമായ ഒരു ബദൽ മാതൃക പരീക്ഷിച്ചു വിജയിപ്പിക്കുകയും ചെയ്തു.

നിലവിലുള്ള കേന്ദ്രഭരണവുമായും ഇതര സംസ്ഥാനങ്ങളിലെ വലതുപക്ഷ സർക്കാരുകളുമായും താരതമ്യപ്പെടുത്തി വേണമല്ലോ നിലവിലെ കേരളമാതൃകയെ പരിശോധിക്കേണ്ടത്. സാമ്പത്തിക സർവേകൾ പ്രഖ്യാപിക്കുന്നത്, അടിസ്ഥാന ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കഴിഞ്ഞ അഞ്ചിലധികം വർഷങ്ങൾ കൊണ്ട് കേരളം മുന്നിലെത്തിയിരിക്കുന്നു എന്നാണ്. ഇത് എന്തെങ്കിലും മാന്ത്രികവിദ്യ കൊണ്ടൊന്നുമല്ല. സംസ്ഥാനത്തിന്റെ വിഭവങ്ങളും നികുതി വരുമാനവും എങ്ങനെ ആർക്കുവേണ്ടി വിനിയോഗിക്കണം എന്ന കാര്യത്തിലാണ് മറ്റിടങ്ങളുമായുള്ള പ്രധാന വ്യത്യാസം. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിൽ എന്ത് എഴുതിവെച്ചാലും വലതുപക്ഷ സർക്കാരുകൾ എന്നും നിലകൊണ്ടത് ധനികവർഗങ്ങൾക്കുവേണ്ടിയായിരുന്നു. ജീവിക്കാൻ അർഹതയുള്ള ഒരു വിഭാഗമുണ്ടെന്ന് അവർ കരുതുന്നു. അവരുടെ അടിമയായി ജീവിക്കുക എന്നതാണ് പണിയെടുക്കുന്നവർക്കുള്ള ദൗത്യം. അതിസമ്പന്നർക്ക് കൂടുതൽ കൂടുതൽ നികുതിയിളവും നികുതി വെട്ടിക്കാനുള്ള സൗകര്യവും പൊതുമുതൽ കൊള്ളയടിക്കാനുള്ള അവസരവും നൽകുക എന്നതാണ് വലതുപക്ഷനയം. ഇടതുപക്ഷമാകട്ടെ എന്നും അടിസ്ഥാന ജനതയെയാണ് പരിഗണിച്ചത്.

പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ എന്നിവയുണ്ടാക്കുന്ന ദുരിതങ്ങളും സാമ്പത്തിക തകർച്ചയും മുക്കാൽ പങ്കും അനുഭവിക്കുന്നത് സാധാരണക്കാരാണ്. അവരെ രക്ഷിക്കുന്നതിനാണ് ഇടതുജനാധിപത്യ സർക്കാർ മുഖ്യപരിഗണന നൽകിയത്.

തങ്ങളുടെ ആഗോള യജമാനന്മാർക്കുവേണ്ടി കേന്ദ്രസർക്കാർ നടപ്പാക്കുന്ന നയങ്ങൾ തകർക്കുന്നത് സാധാരണ മനുഷ്യന്റെ ജീവിതമാണെന്ന് ഇടതുപക്ഷം തിരിച്ചറിയുന്നു. പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ എന്നിവയുണ്ടാക്കുന്ന ദുരിതങ്ങളും സാമ്പത്തിക തകർച്ചയും മുക്കാൽ പങ്കും അനുഭവിക്കുന്നത് സാധാരണക്കാരാണ്. അവരെ രക്ഷിക്കുന്നതിനാണ് ഇടതുജനാധിപത്യ സർക്കാർ മുഖ്യപരിഗണന നൽകിയത്. സൗജന്യ ചികിത്സ, സൗജന്യവും ഉന്നതനിലവാരമുള്ളതുമായ വിദ്യാഭ്യാസം, ക്ഷേമ പെൻഷനുകൾ, പണിയെടുക്കാൻ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ, സൗജന്യറേഷൻ, സമൂഹ അടുക്കളകൾ, ഭക്ഷ്യക്കിറ്റുകൾ എന്നിവയിലൂടെ ഒരു ജനത അതിജീവിച്ചതിന്റെ ചരിത്രമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം മുന്നോട്ടുവെക്കുന്നത്. ഒപ്പം സുസ്ഥിരവും സമതുലിതവുമായ വികസനം നിശ്ചയദാർഢ്യത്തോടെ നടപ്പാക്കുന്ന കാഴ്ചയും നാം കാണുന്നു.

പ്രതീക്ഷകൾ പരിമതപ്പെടുത്തി വീടിന്റെ മുറ്റത്തെ കയർ കട്ടിലിൽ ചുരുണ്ടു കിടക്കാൻ കേരളം യു.പി.അല്ല. ആധുനിക വിദ്യാഭ്യാസവും സംസ്‌കാരവും നേടിയ ജനത എന്ന നിലയിൽ ഇവിടത്തെ ആകാശത്തിന് അതിരുകളില്ല.

സമീപനത്തിലെ വ്യത്യാസത്തിനും അതുണ്ടാക്കുന്ന ഫലങ്ങൾക്കും രണ്ട് ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കട്ടെ:
1. പ്രളയം പോലുള്ള ദുരനുഭവങ്ങൾ ഇന്ത്യയിൽ അപൂർവമല്ല. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രളയവും വരൾച്ചയും ഉണ്ടാകാറുണ്ട്. എന്നാൽ എന്താണ് അവിടങ്ങളിൽ നടക്കാറുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ? വീടും കൃഷിയിടങ്ങളും കന്നുകാലികളും നശിച്ചുപോയ പാവങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ച് പട്ടണത്തിലെ താലൂക്ക് കച്ചേരിക്കുമുന്നിലെത്തുന്നു. അവിടെ മുറ്റത്ത് ദിവസങ്ങൾ കുത്തിയിരുന്നാൽ (കൈമടക്കു കൊടുത്താൽ) അവർക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. ആ സർട്ടിഫിക്കറ്റുമായി അവർക്ക് അന്യസംസ്ഥാനങ്ങളിലേക്ക് പോകാം. വീടുകൾ കയറിയിറങ്ങി പണവും വസ്ത്രവും യാചിച്ചു വാങ്ങിക്കാം. അങ്ങനെ വരുന്നവരെ കേരളത്തിൽ വീട്ടുമുറ്റത്തുവെച്ചു നാം കണാറുണ്ടല്ലോ.

2018-ലും 2019-ലും കേരളത്തിൽ പ്രളയമുണ്ടായി. കേരളം അപ്പാടെ മുങ്ങിപ്പോയി. എന്തായിരുന്നു ഇവിടത്തെ ദുരിതാശ്വാസപ്രവർത്തനം എന്നത് ഞാൻ വിശദീകരിക്കുന്നില്ല.

2. ലോകത്തെല്ലായിടത്തും കോവിഡ് എന്ന മഹാവ്യാധി ബാധിച്ചു. ഇപ്പോഴും അതു തുടരുന്നു. ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാർ രാജ്യത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. തുടർന്ന് ഉത്തരേന്ത്യൻ തെരുവുകളിൽ കണ്ട കാഴ്ച അത്യന്തം ദയനീയമായിരുന്നു. ഡൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾ തൊഴിലും ഭക്ഷണവും പാർപ്പിടവും നഷ്ടപ്പെട്ട് തെരുവിലിറങ്ങി. കൈയിലെടുക്കാവുന്നതെടുത്ത് കുഞ്ഞുങ്ങളെയും രോഗികളെയും വൃദ്ധമാതാക്കളെയും ചുമന്ന് അവർ നടക്കുകയാണ്. ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള സ്വന്തം ഗ്രാമത്തിലേയ്ക്ക്. ആയിരങ്ങൾ വഴിയിൽ വീണുമരിച്ചു.

ഇന്ത്യയിൽ ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടത് കേരളത്തിലാണ്. ഇവിടെയും ലോക്ക്ഡൗണുണ്ടായി. പരിഭ്രാന്തരായ അന്യസംസ്ഥാന തൊഴിലാളികൾ ലഹളകൂട്ടി പുറപ്പെടാനൊരുങ്ങിയതാണ്. പക്ഷേ സർക്കാർ അവരെ സമാധാനിപ്പിച്ചു. അവർക്ക് തുണയായി നിന്നു. അടച്ചിരിപ്പിന്റെ അക്കാലത്ത് ഇടതുപക്ഷ സർക്കാർ ജനങ്ങളെ എങ്ങനെയെല്ലാം പരിപാലിച്ചു എന്ന കാര്യം ഞാൻ വിശദീകരിക്കുന്നില്ല.

കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചൺ

അടിസ്ഥാനപരമായ വ്യത്യാസം ഇതുതന്നെയാണ്: പ്രതിസന്ധിയുണ്ടാവുമ്പോൾ ജനങ്ങൾക്ക് എന്തുസംഭവിക്കും, അവർ എങ്ങനെ ജീവിക്കും എന്ന സംഗതി ചിന്തിക്കാനും അവരെ രക്ഷിക്കാനും മതവാദികളുടെ സർക്കാരിനു കഴിയില്ല. അവർക്ക് ജനങ്ങളുടെ സാമൂഹ്യജീവിതം എന്ന അനുഭവമില്ല. വർഗീയത ആളിക്കത്തിച്ച് ചുളുവിൽ വോട്ടുനേടി അധികാരത്തിൽ വന്നവർക്ക് ജനങ്ങളെ എങ്ങനെ അറിയാനാണ്?

ദേശീയസ്വാതന്ത്ര്യത്തിനും വഴിനടക്കാനുള്ള അവകാശത്തിനും തൊഴിലിനും കൂലിക്കും പാർപ്പിടത്തിനും വസ്ത്രത്തിനും മരുന്നിനും വേണ്ടി ജനങ്ങൾക്കൊപ്പം സമരം ചെയ്ത് ലോക്കപ്പിലും കഴുമരത്തിലും നഷ്ടപ്പെട്ട് സ്വന്തം ചോരയിൽ നനഞ്ഞു വന്ന ഒരു പ്രസ്ഥാനത്തിന് ഏതിരുളിലും ജനങ്ങളെ തിരിച്ചറിയാനാവും. അവരുടെ സങ്കടങ്ങളും വേദനകളും നെടുവീർപ്പുകളും മനസ്സിലാവും. അതുതന്നെയാണ് കാര്യം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments