തദ്ദേശ തെരഞ്ഞെടുപ്പിൽ 'വൈറൽ സുന്ദരി' മത്സരം നടത്തുന്ന ന്യൂസ് ഡസ്‌കുകളോട്...

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ‘വൈറലായ സുന്ദരി'ളെക്കുറിച്ചുള്ള ഫീച്ചറുകളും മത്സര രംഗത്തുള്ള സ്ത്രീകളെ കേന്ദ്രീകരിച്ചുവന്ന ട്രോളുകളും സെക്‌സിസ്റ്റ് കമന്റുകളും ഒളിച്ചുവയ്ക്കാൻ ശ്രമിക്കുന്നത് കഴിഞ്ഞ രണ്ടു ദശകങ്ങളിൽ സ്ത്രീകൾ പൊതു വിടങ്ങളിൽ നേടിയ ദൃശ്യതയെയാണ്, അതിലുപരിയായി അവരുടെ രാഷ്ട്രീയബോധത്തെയും നിലപാടുകളെയുമാണ്, അവരുന്നയിക്കാൻ ശ്രമിക്കുന്ന ജീവൽ പ്രശ്‌നങ്ങളെയാണ്

തെരഞ്ഞെടുപ്പുജോലിക്ക് പുറപ്പെടുന്ന ഒരു ടീമിന്റെ ചിത്രം കാണിച്ച് സുഹൃത്ത് ചോദിക്കുന്നു, ഇതിൽ പോളിംഗ് അസിസ്റ്റന്റ് ആരാണെന്ന് പറയാമോ? ആദ്യം മനസ്സിൽ തോന്നിയതേ പറയാവൂ. അക്കാദമിക് പർപ്പസ്.

അത് കൃത്യമായ ഒരു പൊളിറ്റിക്കൽ വേതാളപ്രശ്‌നമാണ്. പറഞ്ഞാലും പറയാഞ്ഞാലും ഒരേ ഫലമാണ്. പ്രതീക്ഷിക്കാവുന്ന ഉത്തരവും അതിന്റെ കാരണവും രണ്ടു പേരുടെയും മനസ്സിലുണ്ട്. എന്തുകൊണ്ടാവും കൂട്ടത്തിൽ ആകർഷണീയത കുറഞ്ഞതെന്നു തോന്നുന്ന സ്ത്രീയുടെ നേരെ വിരലുകൾ ചൂണ്ടപ്പെടുന്നത്? അവരെ പ്രിസൈഡിംഗ് ഓഫീസറായോ എ.ആർ.ഒ ആയോ സങ്കൽപിക്കാൻ എന്തുകൊണ്ട് സാധിച്ചില്ല?

അതൊരു പൊതുസമ്മതി നിർമ്മാണത്തിന്റെ അനന്തരഫലമാണ്. വ്യക്തികളെ സംബന്ധിച്ച് അതിൽ നിന്നുള്ള വിടുതൽ അനായാസമല്ല. അതിനുപിന്നിൽ നിരവധി ഘടകങ്ങളുണ്ട്. ജാതിയും നിറവും സാമൂഹികമായ ശ്രേണീ വ്യത്യാസങ്ങളും ലിംഗപദവിയുമൊക്കെ അതിനെ നിയന്ത്രിക്കും.

പൊതുഇടത്തിൽ സവർണശരീരങ്ങൾക്ക് അധികമായി ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും അതിന് ജാതിയുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള ചർച്ച വ്യാപകമായി നടക്കുന്നുണ്ട്. ആ പശ്ചാത്തലത്തിലാണ് മേൽപറഞ്ഞ ചോദ്യവും അതിന്റെ ഉത്തരവും പ്രസക്തമാകുന്നത്.
അതോടൊപ്പം ചേർത്തു വയ്ക്കാവുന്ന ഒന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ സൗന്ദര്യത്തെ മുൻനിർത്തിയുള്ള ചർച്ചകൾ.

സൗന്ദര്യത്തിന്റെ പൊതുസമ്മതികൾ

Manufacturing Consent: The Political Economy of the Mass Media എന്ന പുസ്തകത്തിൽ നോം ചോംസ്‌കി വാർത്താമാധ്യമങ്ങൾ നിർമ്മിക്കുന്ന പൊതുസമ്മതിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. പണ്ഡിതരും സിദ്ധാന്തഗ്രന്ഥങ്ങളും ചേർന്നു സൃഷ്ടിക്കുന്ന ‘ശരി 'കളെക്കുറിച്ചുള്ള ബോധത്തിനു സമാനമായ ഒന്നാണ് മാധ്യമങ്ങളും ജനങ്ങളിലുണ്ടാക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അക്കാരണം കൊണ്ടു തന്നെ ജനങ്ങൾ ഇവയിലേതെങ്കിലും ഒന്നിന്റെ അനുയായികളായി മാറാനുള്ള സാധ്യതയുണ്ട്.

ദശലക്ഷക്കണക്കിന് വായനക്കാരുള്ള വാർത്താമാധ്യമങ്ങൾ ആ നിലയിൽത്തന്നെ ബഹുജനങ്ങളെ നിയന്ത്രിക്കാനും അവരുടെ അഭിരുചികളെ രൂപപ്പെടുത്താനും ശേഷിയുള്ളവയാണ്. ബഹുജന മാധ്യമങ്ങൾ എന്നാണ് ഇവയെ ചോംസ്‌കി വിളിക്കുന്നത്. അവയെയും നിയന്ത്രിക്കുന്ന കോർപറേറ്റ് മൂലധനത്തിന്റെ ശക്തിയിൽ പ്രവർത്തിക്കുന്ന വരേണ്യ മാധ്യമങ്ങളുമുണ്ട്. രണ്ടു വിഭാഗത്തിന്റെയും പ്രവർത്തനങ്ങളെ വിശകലനം ചെയ്താണ് വസ്തുതാപരമല്ലാത്തതോ പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതോ ആയ ചർച്ചകൾക്ക് അവ നൽകുന്ന സ്വീകാര്യതയിലേക്ക് അദ്ദേഹം എത്തുന്നത്. അത്തരത്തിൽ വ്യാജമായ പൊതുസമ്മതിയുടെ സ്ഥാപനം മാധ്യമങ്ങളുടെ മുൻകൈയിൽ നടക്കുന്നതെങ്ങനെയെന്നതിന്റെ ഒരു ചെറിയ ഉദാഹരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ‘വൈറലായ സുന്ദരി'ളെക്കുറിച്ചുള്ള ലേഖനങ്ങളും ഫീച്ചറുകളും. മത്സര രംഗത്തുള്ള സ്ത്രീകളെ കേന്ദ്രീകരിച്ചുവന്ന ട്രോളുകളും സെക്‌സിസ്റ്റ് കമന്റുകളും കൊണ്ട് സോഷ്യൽ മീഡിയയും രംഗം കൊഴുപ്പിച്ചു വിട്ടു.

പോസ്റ്റുകളിലെയും പോസ്റ്റുകളിലെയും ‘സാധ്യത'കൾ

സ്ത്രീകളുടെ രാഷ്ട്രീയ / ഭരണപ്രവേശന ശ്രമങ്ങളെ നമ്മുടെ പൊതുബോധം അഭിസംബോധന ചെയ്ത രീതികൾ എന്തൊക്കെയായിരുന്നു? സ്ത്രീകൾ ഭരണനിർവഹണത്തിൽ അർഹമായ പ്രാതിനിധ്യം ആവശ്യപ്പെടുമ്പോഴൊക്കെ പിൻസീറ്റ് ഡ്രൈവിംഗ് തിയറികൾ ഉയർന്നുവന്നിട്ടുണ്ട്. രാഷ്ട്രീയത്തിലെയും കുടുംബത്തിലെയും ആണധികാരത്തിന് അതിലുള്ള പങ്കിനെക്കുറിച്ച് വിമർശകർ തന്ത്രപരമായ മൗനം പാലിക്കുകയും ചെയ്തു. നമ്മുടെ സിനിമകളും വിനോദപരിപാടികളും സ്ഥാനാർത്ഥികളോ ഭരണാധികാരികളോ ആയ സ്ത്രീകളെ എപ്രകാരമാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നുകൂടി ആലോചിക്കുന്നത് നല്ലതാണ്. അവർക്കുണ്ടാകുന്ന ഭരണപരവും നേതൃത്വപരവുമായ കഴിവില്ലായ്മകളെയും കുടുംബത്തിന്റെ ചുമതലകൾ നൽകുന്ന അസ്വതന്ത്രതകളെയും പൊലിപ്പിച്ചു കാട്ടിക്കൊണ്ടാണ് പലതും ഹാസ്യമുണ്ടാക്കിയിട്ടുള്ളത്. സകുടുംബം ശ്യാമള പോലുള്ള ചലച്ചിത്രങ്ങൾ ഉദാഹരണമാണ്.

സ്ഥാനാർത്ഥികളായ സ്ത്രീകളുടെ ഡ്രസ് കോഡും ശരീരഭാഷയും വരെ നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥി പൊതുവേദിയിൽ നൃത്തം ചെയ്യുന്നത് അംഗീകരിക്കാൻ പറ്റാതെ വരുന്നത് അത്തരം മാനദണ്ഡങ്ങളിൽ സ്വതന്ത്രമായ ശരീരചലനങ്ങൾ ഉൾപ്പെടാത്തതു കൊണ്ടാണ്. സ്ത്രീകൾക്ക് സ്വരമാധുര്യവും സംഗീത പാടവവും സ്വീകാര്യ ഗുണങ്ങളായതുകൊണ്ട് സ്ഥാനാർത്ഥികളുടെ പാട്ട് അത്രത്തോളം ആക്ഷേപിക്കപ്പെടണമെന്നില്ല. തെരഞ്ഞെടുപ്പു പ്രചരണങ്ങളിൽ അത് വിപണിമൂല്യമുള്ള കഴിവാണ്. ഇവയോടൊപ്പം, മത്സരിക്കുന്ന സ്ത്രീകളുടെ സൗന്ദര്യം കൂടി പരിഗണനാവിഷയമായി എന്നതാണ് ഇത്തവണത്തെ സവിശേഷത. പോസ്റ്റുകളിലും പോസ്റ്ററുകളിലും ഫോട്ടോഗ്രഫിയുടെ സാധ്യതകൾ വ്യാപകമായി പരീക്ഷിക്കപ്പെടുന്നു. നോട്ടങ്ങളെ അത് സമർത്ഥമായി പ്രീണിപ്പിക്കുന്നുമുണ്ട്.

Beauty Meets Quality എന്നത് പ്രശസ്തമായ ഒരു പരസ്യവാക്യമാണ്. സൗന്ദര്യവും ഗുണമേന്മയും വിപരീത നിലകളിലാണ് എന്ന പൂർവധാരണ തിരുത്തിപ്പോകുന്നുവെന്നതാണ് അതിനെ ശ്രദ്ധേയമാക്കുന്നത്. അഴകുള്ള ചക്കയിൽ ചുളയില്ല, അഴകുള്ള പെണ്ണ് പണിക്കാകാ എന്നിങ്ങനെ ഫോക് ലോർ നല്കുന്ന ചില മുന്നറിയിപ്പുകളുടെ കൂടി പശ്ചാത്തലത്തിലാണ് ആ പരസ്യവാക്യം വായിക്കപ്പെടുന്നത്. സുന്ദരികളായ സ്ത്രീകൾ ബുദ്ധിയില്ലാത്തവരായിരിക്കും എന്ന ബർണാഡ് ഷാഫലിതവും ഓർത്തെടുക്കാം.

സൗന്ദര്യത്തിന്റെ ചെലവിൽ സ്ഥാപിക്കപ്പെടുന്ന അരാഷ്ട്രീയത

ഭരണത്തിൽ പങ്കാളികളാവാൻ ശ്രമിക്കുന്ന സ്ത്രീകളുടെ സൗന്ദര്യം പൊലിപ്പിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിൽ കാണണം. അതത്ര നിരുപദ്രവമല്ല. നേരത്തേ ചെയ്തിരുന്നതു പോലെ ന്യൂനതകൾ പറഞ്ഞ് ഇകഴ്ത്തുന്നതും ഇപ്പോൾ ചെയ്യുന്നതു പോലെ സൗന്ദര്യം പറഞ്ഞ് പുകഴ്ത്തുന്നതും ഒന്നു തന്നെയാണ്. ഉദാഹരണത്തിന്, ‘ഇതിനെയൊക്കെ കാണുമ്പോഴാണ് എന്റെ വാർഡിലെ സ്ഥാനാർത്ഥിയെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് ' എന്ന കമന്റും ‘ദേശപ്പോരി’ൽ വൈറലാകുന്ന സുന്ദരിമാർ എന്ന ശീർഷകവും നിർവഹിക്കുന്നത് ഒരേ ധർമമാണ്.

കൂടിയ പ്രായവും ഇരുണ്ട നിറമുള്ള തൊലിയും ആകർഷകമല്ലാത്ത ശരീരഘടനയുമുളള സ്ത്രീകൾ ‘ദേശപ്പോരി'ൽ നിന്ന് നിഷ്‌കാസിതരാകുന്നതു കാണാം. ദേശപ്പോര് മറ്റൊരു തരത്തിലും സവിശേഷാർത്ഥ മുണ്ടാക്കുന്ന വാക്കാണ്. ദേശപ്പോരുകളധികവും സുന്ദരിമാർക്കു വേണ്ടിയായിരുന്നുവെന്നാണല്ലോ നമ്മുടെ കഥാപാരമ്പര്യം പറഞ്ഞുവച്ചിട്ടുള്ളത്.

സൗന്ദര്യത്തെക്കുറിച്ചുള്ള പ്രസന്നമായ ചർച്ചകൾ ഒളിച്ചുവയ്ക്കാൻ ശ്രമിക്കുന്നത് കഴിഞ്ഞ രണ്ടു ദശകങ്ങളിൽ സ്ത്രീകൾ പൊതു വിടങ്ങളിൽ നേടിയ ദൃശ്യതയെയാണ്, അതിലുപരിയായി അവരുടെ രാഷ്ട്രീയബോധത്തെയും നിലപാടുകളെയുമാണ്, അവരുന്നയിക്കാൻ ശ്രമിക്കുന്ന ജീവൽ പ്രശ്‌നങ്ങളെയാണ്. അവ അപ്രസക്തമാവുകയും സൗന്ദര്യം പ്രസക്തമാവുകയും ചെയ്യുന്നു. സൗന്ദര്യത്തിന് നിലവിലുള്ള മാനദണ്ഡങ്ങൾ രൂപപ്പെടുന്നതെങ്ങനെയെന്നതിനെക്കുറിച്ച് ,അതിന്റെ ചരിത്രത്തിലെ ഏകപക്ഷീയതയെക്കുറിച്ച് സാമാന്യധാരണ നമുക്കുണ്ട്. അതിനു പുറത്തു നിൽക്കുന്ന ഒരു വലിയ വിഭാഗത്തെക്കുറിച്ചുള്ള അജ്ഞത മനഃപൂർവമുള്ളതാണ്.

നേരത്തെ പരാമർശിച്ച ലേഖനത്തിൽ ഒരു വെടിക്ക് രണ്ടു പക്ഷികളാണ്:
ഒന്ന്: കാണാൻ മാത്രം കൊള്ളാവുന്ന ഒരു കൂട്ടം സ്ത്രീകൾ മത്സരിക്കുന്നു. (കഴിവില്ല!). എന്നിട്ടും മാധ്യമങ്ങൾ അവരെ തെരഞ്ഞെടുത്തു വൈറലാക്കുന്നു. ആ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡത്തിൽ ആ സ്ത്രീകളുടെ രാഷ്ട്രീയമില്ല. എത്ര അനായാസമായാണ് സൗന്ദര്യത്തിന്റെ ചെലവിൽ അരാഷ്ട്രീയത സ്ഥാപിക്കപ്പെടുന്നത്!
രണ്ട്: കാണാൻ അത്ര കൊള്ളാത്ത ഒരു കൂട്ടം സ്ത്രീകൾ മത്സരിക്കുന്നു. (കഴിവുണ്ടായിട്ട് എന്തു കാര്യം!). അവർ ആദ്യ റൗണ്ടിലേ തെരഞ്ഞെടുക്കപ്പെടാതിരിക്കുന്നു.

സൗന്ദര്യത്തിന്റെ വിപണി മൂല്യത്തെക്കുറിച്ച് മറ്റാർക്ക് ധാരണയില്ലെങ്കിലും മാധ്യമങ്ങൾക്ക് ഉണ്ടാവും. രാഷ്ട്രീയശരികളെക്കുറിച്ചുള്ള മുൻവിധികളും ബോധ്യങ്ങളും രൂപപ്പെടുന്ന കാലത്ത് ഓരോ പ്രശ്‌നത്തോടുമുള്ള സമീപനങ്ങളും നിലപാടുകളും മനോഭാവങ്ങളും പരിഷ്‌കരിക്കേണ്ടതായുണ്ട്. ഭാഷാപ്രയോഗങ്ങളിലടക്കം ബോധപൂർവമായ എഡിറ്റിംഗ് വേണ്ടിവന്നേക്കുമെന്നു സാരം. അത് സാമൂഹികമായ ഉത്തരവാദിത്തമായിക്കണ്ട് ഏറ്റെടുക്കേണ്ടത് മാധ്യമങ്ങൾ തന്നെയാണ്. ഭൂരിപക്ഷത്തിന്റെ സമ്മതിനിർമ്മാണത്തിലെ അപാകതയെക്കുറിച്ചും അതിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും ചോംസ്‌കി തന്റെയൊരു പ്രഭാഷണത്തിൽ സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ ന്യൂസ് ഡെസ്‌കുകൾ അതൊന്നു കേൾക്കുന്നത് നല്ലതാണ്.


Summary: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ‘വൈറലായ സുന്ദരി'ളെക്കുറിച്ചുള്ള ഫീച്ചറുകളും മത്സര രംഗത്തുള്ള സ്ത്രീകളെ കേന്ദ്രീകരിച്ചുവന്ന ട്രോളുകളും സെക്‌സിസ്റ്റ് കമന്റുകളും ഒളിച്ചുവയ്ക്കാൻ ശ്രമിക്കുന്നത് കഴിഞ്ഞ രണ്ടു ദശകങ്ങളിൽ സ്ത്രീകൾ പൊതു വിടങ്ങളിൽ നേടിയ ദൃശ്യതയെയാണ്, അതിലുപരിയായി അവരുടെ രാഷ്ട്രീയബോധത്തെയും നിലപാടുകളെയുമാണ്, അവരുന്നയിക്കാൻ ശ്രമിക്കുന്ന ജീവൽ പ്രശ്‌നങ്ങളെയാണ്


ആർ. രാജശ്രീ

എഴുത്തുകാരി, നോവലിസ്റ്റ് കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും തുടങ്ങിയവ പ്രധാന കൃതികളാണ്.

Comments