ഗോൾവാൾക്കർ: ആ പേരിടലിനുപിന്നിൽ ഒരു പ്രത്യയശാസ്ത്ര അജണ്ടയുണ്ട്

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ കച്ചമുറുക്കിയ ഒരു തനി വംശീയവാദിയുടെ പേര് കേരളത്തിലെ ശാസ്ത്രസ്ഥാപനത്തിന് എന്തിനു നൽകുന്നു എന്നതാണ് ചോദ്യം. സംശയരഹിതമായും സാധൂകരണത്തിനായി ഒരു വ്യവഹാരം സൃഷ്ടിക്കുകയാണ് അതിന്റെ താൽപര്യം. ആവർത്തിച്ചാവർത്തിച്ച് ആ പേരുച്ചരിച്ച് നാം പുറത്താക്കിക്കളഞ്ഞവയെ അകത്തുകയറ്റുക എന്ന പ്രത്യയശാസ്ത്ര താൽപര്യം. ആ പേര് വെറുമൊരുപേരല്ല, വംശീയതയുടെ പ്രവാചക നാമമാണ്

എവിടെ ചിഹ്നമുണ്ടോ, അവിടെയൊരു പ്രത്യയശാസ്ത്രവുമുണ്ട്
വൊളാഷിനോവ്

രു പൊതുസ്ഥാപനത്തിന്/വ്യവഹാരത്തിന് ഏതെങ്കിലും സവിശേഷ വ്യക്തിയുടെ പേര് നൽകുന്നതിൽ നാം പുലർത്തിപ്പോരുന്ന ഔചിത്യമുണ്ട്. ലിഖിതമല്ലെങ്കിലും പാലിക്കപ്പെട്ടു പോരുന്ന പൊതുതത്വം. ഒന്നുകിൽ ആ സ്ഥാപനം മുന്നോട്ട് വെക്കുന്ന വൈജ്ഞാനികവളർച്ചക്ക് നിർദ്ദിഷ്ട വ്യക്തി നൽകിയ സംഭാവനയാവാം, മലയാളം സർവകലാശാലക്ക് എഴുത്തച്ഛന്റെ പേര് നൽകുന്നതിലെ യുക്തി അതാണ്.

ചിലപ്പോൾ ആ സ്ഥാപനം നിലകൊള്ളുന്ന സ്ഥലത്ത് ജീവിച്ച വ്യക്തിയുടെ ഓർമയുമായി ബന്ധപ്പെട്ടാവാം, കൊടുങ്ങല്ലൂരിൽ ഗവ.കോളേജിന് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പേരു നൽകുന്നതിലെ താൽപര്യം അതാവാം. ചിലപ്പോൾ പൊതു രാഷ്ട്രീയ / സാംസ്‌കാരിക വളർച്ചക്ക് ചാലകമായി മാറിയവർക്കുള്ള സ്മരണാഞ്ജലിയാവാം. കോഴിക്കോട് സ്റ്റേഡിയത്തിന് ഇ.എം.എസിന്റെ പേരു നൽകുന്നത് അങ്ങനെയാണ്. അപൂർവം ചിലപ്പോൾ ആ സ്ഥാപനമോ, സ്ഥലമോ സ്മരണീയരായ വ്യക്തികൾ സന്ദർശിച്ചത് ഓർമിക്കാനാവാം. ഇവയിൽ ഒന്നോ രണ്ടോ തത്വങ്ങൾ പേരിടലിന് പിന്നിൽ പ്രവർത്തിക്കാം. എങ്കിലും ഒന്നുറപ്പ്, എല്ലാ പേരിടലിന് പിന്നിലും ആ ‘പേര് ' വൈജ്ഞാനിക- സാംസ്‌കാരിക- രാഷ്ട്രീയ വികാസത്തിൽ ഇടപെട്ട ഒന്നാണെന്ന പൊതുതത്വം പ്രവർത്തിക്കുന്നുണ്ടാവും.

വംശീയവാദത്തിന്റെ സൈദ്ധാന്തികൻ

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന്റെ പേര് എം.എസ്. ഗോൾവാൾക്കറുടേത് ആക്കി മാറ്റുന്നത് അനൗചിത്യമാകുന്നത് ഈ പ്രകരണത്തിലാണ്. ആരാണ് എം.എസ്.ഗോൾവാൾക്കർ? അദ്ദേഹം ഇന്ത്യയുടെയോ വിശിഷ്യാ കേരളത്തിന്റെയോ പൊതുവളർച്ചക്ക് എന്ത് സംഭാവനയാണ് നിർവഹിച്ചിട്ടുള്ളത്. ‘ശാസ്ത്രീയം' എന്ന് സാമാന്യമായി വിളിക്കാനെങ്കിലും പര്യാപ്തമായ ഏത് ആശയഗതിയാണ് അദ്ദേഹം ആവിഷ്‌കരിച്ചിട്ടുള്ളത്.

ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരക്കളത്തിൽ പൂജ്യം നൽകാമെന്നതിനു പുറമേ, ഗോൾവാൾക്കർ ഒരാധുനിക ജനാധിപത്യസമൂഹമാവാനുള്ള ഇന്ത്യൻ ശ്രമങ്ങളുടെ അടിവേരറുക്കാൻ ശ്രമിക്കുന്ന വംശീയവാദത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും എക്കാലത്തെയും വലിയ സൈദ്ധാന്തികനായിരുന്നുതാനും. ബനാറസ് ഹിന്ദുസർവ്വകലാശാലയിലെ ശാസ്ത്രാധ്യാപകനായിരുന്ന ആ സന്യാസിയാണ് ഇന്ത്യയിന്ന് നേരിടുന്ന സകല വിപത്തിന്റെയും ആണിക്കല്ല് എന്ന യാഥാർത്ഥ്യം പരിഗണിക്കുമ്പോഴാണ് പ്രതീകങ്ങളെ സമർത്ഥമായുപയോഗിക്കുന്ന ഇന്ത്യൻ ഫാസിസത്തിന്റെ രീതിശാസ്ത്രത്തെ നമുക്ക് വെളിച്ചപ്പെടുത്താൻ കഴിയുക.

ആർ.എസ്​.എസിന്റെ രണ്ടാം സർ സംഘ് ചാലക് എന്ന നിലയിൽ അവർക്കിടയിൽ ഗുരുജി എന്നറിയപ്പെടുന്ന മാധവ് സദാശിവ് ഗോൾവാൾക്കറുടെ ഉയർച്ചയോടെയാണ് ലക്ഷണമൊത്ത ഫാസിസ്റ്റ് പ്രസ്ഥാനമായി ആർ. എസ്.എസ് മാറുന്നത്. ഹിന്ദുമഹാസഭയെ - അതിന്റെ മതപരതയിലൂന്നുന്ന സമ്മർദ്ദ സ്വഭാവത്തെ - കടത്തിവെട്ടി ഹിന്ദുത്വ തീവ്ര രാഷ്ട്രീയത്തിന് അടിത്തറയൊരുക്കുകയാണ് ഗോൾവാൾക്കർ ചെയ്തത്. ഹെഡഗേവാറോ സാക്ഷാൽ സവർക്കർ തന്നെയോ ഗോൾവാൾക്കറുമായുള്ള താരതമ്യത്തിൽ നിരുപദ്രവകാരിയായി മാറും. ‘തുളച്ചു കയറുന്ന തിളങ്ങുന്ന കണ്ണുകളുള്ള രക്തം ഉറഞ്ഞുപോകുന്ന ഏതോ ഇന്ദ്രജാലം കാട്ടുന്ന ദുർമന്ത്രവാദിയെ' ന്ന് രാമചന്ദ്രഗുഹ ഗോൾവാൾക്കറെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല.

1906 ൽ നാഗ്പൂരിൽ ജനിച്ച ഗോൾവാൾക്കർ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബനാറസ് ഹിന്ദു സർവകലാശാലയിൽ ജന്തുശാസ്ത്രം പഠിച്ച് 1933 വരെ അവിടെ അധ്യാപകനായി പ്രവർത്തിച്ചു. അക്കാലത്ത് തന്നെ ആർ.എസ്.എസ് അംഗത്വമെടുത്തുവെങ്കിലും രാമകൃഷ്ണമഠത്തിന്റെ സരഗച്ചി ആശ്രമത്തിൽ സന്യാസിയായി നാല് വർഷം ജീവിച്ചു. 1937 ൽ വീണ്ടും ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനായിത്തീർന്ന ഗുരുജിയെക്കാത്ത് സുവർണാവസരങ്ങൾ തളികയിലുണ്ടായിരുന്നു. സംഘടനയിൽ താരതമ്യേന പുതുമുഖമായിരുന്നിട്ട് പോലും തന്റെ പിൻഗാമിയായി ഹെഡ്‌ഗേവാർ 1940 ൽ അദ്ദേഹത്തെ നിർദ്ദേശിച്ചു. ഗോൾവാൾക്കർ പദവിയേറ്റെടുക്കുന്ന ഘട്ടം അദ്ദേഹത്തെ സംബന്ധിച്ച് വളക്കൂറുള്ള മണ്ണായിരുന്നു. മുസ്‌ലിംലീഗിന്റെ പാക്കിസ്ഥാൻ പ്രമേയം ഒരുക്കിയ വർഗീയ പ്രചാരണത്തിന്റെ അന്തരീക്ഷത്തിൽ ‘ഗുരുജി' ഒരു പാട് വിതച്ചു കൂട്ടി, അതിന്റെ ഫലങ്ങളാണ് ഒന്നൊന്നായി നാമിന്നും കൊയ്തുകൊണ്ടിരിക്കുന്നത്.

ഗോൾവാൾക്കറുടെ ‘സംഭാവന' കൾ

വി ഓർ ഔർ നേഷൻ ഹുഡ് ഡിഫൈൻഡ്, ബഞ്ച് ഓഫ് തോട്ട്‌സ് എന്നീ ഗോൾവാൾക്കറുടെ ഗ്രന്ഥങ്ങളിലൂടെ പ്രക്ഷേപിക്കപ്പെട്ട ആശയങ്ങൾ ‘ഗോൾവാൾക്കറിസം' എന്നറിയപ്പെടുന്നു. മുൻപേ പറഞ്ഞതു പോലെ സവർക്കറെ മറികടക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതും ഈ ആശയഗതികളിലൂടെയാണ്. ഏകാധിപത്യം, ജാതീയത, ഹൈന്ദവവൽക്കരണം, വംശീയ സദാചാരം, ന്യൂനപക്ഷ വിരുദ്ധത, ജനാധിപത്യ വിരുദ്ധ ആശയങ്ങൾ എന്നിവയുടെ മികവുറ്റ പാഠപുസ്തകങ്ങളാണ് മേൽഗ്രന്ഥങ്ങൾ.

ഇതിലെ ആദ്യപുസ്തകം ‘ഗുരുജി' എഴുതിയതല്ല എന്ന് ആർ.എസ്.എസിനുതന്നെ പറയേണ്ടിവന്നത് ആലോചിക്കുമ്പോഴാണ് അതിലെ വിശാംഷത്തിന്റെ തോത് നമ്മെ അമ്പരിപ്പിക്കുക (We or Our Nation hood defined A Critique എന്ന ഷംസുൽ ഇസ്‌ലാമിന്റെ പുസ്തകത്തിൽ പുസ്തക കർതൃത്വത്തെ സംബന്ധിച്ചുള്ള സൂക്ഷ്മ ചർച്ചകളുണ്ട്). ഇന്ന് ആർ. എസ്.എസിനെതിരെ മതേതരവാദികൾ ഉന്നയിക്കുന്ന സകലവിമർശനങ്ങളുടെയും കേന്ദ്രങ്ങൾ ഈ ഗ്രന്ഥങ്ങളാണ്. ഗോൾവാൾക്കറുടെ ഈ ‘സംഭാവന' കൾ അദ്ദേഹത്തെ ഏതു നിലയിലാണ് സ്മരണീയമാക്കുന്നത് എന്ന് പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്.

സവർക്കറുടെ രാഷ്ട്രത്തെ സംബന്ധിച്ച ആശയങ്ങൾ പരിഷ്‌കരിച്ച ഗോൾവാൾക്കർ ഹിന്ദുരാഷ്ട്രവും ഇന്ത്യൻ രാഷ്ട്രവും ഒന്നുതന്നെ എന്ന് സമർത്ഥിച്ചു. ശബ്ദോൽപ്പത്തി പോലും അദ്ദേഹം ഭൂമിശാസ്ത്രത്തെ മുൻനിർത്തി വ്യാഖ്യാനിച്ചു. ഹിമാലയത്തിൽ നിന്ന് ‘ഹി' യും ഇന്ദുസരോവരത്തിൽ നിന്ന് ‘ഇന്ദു'വും ചേർന്ന് ഹിന്ദു ഉണ്ടാകുന്നെന്നും മാതൃഭൂമിയുടെ മുഴുവൻ പ്രദേശവും ‘ഹിന്ദു' എന്ന ശബ്ദത്തിൽ ഉൾക്കൊള്ളുന്നു എന്നും നിഷ്‌കർഷിച്ചു. സ്വാഭാവികമായി ഹിന്ദുക്കൾ സ്വാഭാവികമായ രാഷ്ട്രപൗരത്വത്തിന് അർഹതപ്പെട്ടവരാകുന്നു ഗോൾവാൾക്കറിസത്തിൽ. അഹിന്ദുക്കൾ ഒന്നുകിൽ ഹിന്ദുമതവും സംസ്‌കാരവും അംഗീകരിക്കുക അല്ലെങ്കിൽ രണ്ടാം തരം പൗരന്മാരായി ഔദാര്യം സ്വീകരിച്ചു ജീവിക്കുക. അടിസ്ഥാനപരമായി ഗോൾവാൾക്കറിസം പറഞ്ഞു വെക്കുന്നതിതാണ്. ആ അർത്ഥത്തിൽ ഇന്ത്യ കണ്ട ഏറ്റവും കടുത്ത വംശീയവാദിയാവുന്നു ഗോൾവാൾക്കർ.

മാതൃക ഹിറ്റ്‌ലറും നാസിയും

നാൽപ്പതുകൾ, ദേശീയസ്വാതന്ത്ര്യ സമരത്തിൽ നിലപാട് പ്രഖ്യാപിക്കാൻ ഗോൾവാൾക്കറെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഹെഡ്ഗവറുടെ പാത പിന്തുടർന്ന അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ‘പിന്തിരിപ്പൻ' എന്നാണ് വിശേഷിപ്പിച്ചതെന്നത് പ്രധാനമാണ്. പൊതുവിപത്തുകളായ ആഭ്യന്തരശത്രുക്കളാ (മുസ്‌ലിം, ക്രിസ്ത്യൻ, കമ്യൂണിസ്റ്റ് ) യിരുന്നു അദ്ദേഹത്തിന്റെ ശത്രുക്കൾ. ബ്രിട്ടീഷ് ഭരണത്തെ പുറംതള്ളുന്നത് ഇന്ത്യയിൽ മുസ്‌ലിം വാഴ്ച പുനഃസ്ഥാപിക്കാനിടയാക്കും എന്ന കുപ്രചാരണമായിരുന്നു ഗോൾവാൾക്കറുടെ തന്ത്രം.

ബ്രിട്ടീഷുകാർ ഇന്ത്യ വിടുമെന്ന് അദ്ദേഹം അവസാന നിമിഷം വരെ വിശ്വസിച്ചിരുന്നില്ല എന്നതാണ് സത്യം. 1947 ആഗസ്ത് രണ്ടാം വാരത്തിൽ പഞ്ചാബിലെ ഫഗ്വാരയിൽ ആർ. എസ്.എസ് സംഘടിപ്പിച്ച ഒ.ടി.സി ക്യാമ്പിൽ ഒരംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി ഗോൾവാൾക്കർ തന്റെ വിശ്വാസം പ്രകടിപ്പിക്കുന്നത് നോക്കുക: ‘ബ്രിട്ടീഷുകാർ ഇന്ത്യ വിടുകയാണ്, ഇനി ആർ.എസ്.എസിന്റെ പങ്ക് എന്തായിരിക്കും?'. അദ്ദേഹം പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു മറുചോദ്യം ചോദിച്ചു: ‘ബ്രിട്ടീഷുകാർ ഇന്ത്യ വിടുമെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ? അധികാരം കൈയാളാൻ കച്ച കെട്ടിനിൽക്കുന്നവർ ഒന്നിനും കൊള്ളാത്തവരാണ്. ഒരു മാസം പോലും ഭരണം നടത്താൻ അവർക്കാവില്ല. അവർ തന്നെ ബ്രിട്ടീഷുകാരോട് തിരിച്ചുവരാൻ കേണപേക്ഷിക്കും. അപ്പോൾ ആർ.എസ്.എസിന് അതിന്റെ പഴയ പണി തുടരേണ്ടി വരും ' (രാജേന്ദ്രശർമ്മ: വർഗീയ വിദ്വേഷത്തിന്റെ സന്തതി). ഒരു മാസം പോലും തികച്ചു ഭരിക്കാൻ കഴിയാത്ത ഒന്നായി തദ്ദേശ ജനായത്ത ഭരണസമ്പ്രദായത്തെ ഗോൾവാൾക്കർ വിലയിരുത്തിയത് നിഷ്‌കളങ്കതയല്ല. മറിച്ച് അദ്ദേഹത്തെ സംബന്ധിച്ച് കരുത്തുറ്റ ഒരു ഭരണസമ്പ്രദായത്തിന്റെ മാതൃക ഹിറ്റ്‌ലറും നാസികളുമായിരുന്നു.

വി ഓർ ഔർ നാഷൻ ഹുഡ് ഡിഫൈൻസിലെ ഗോൾവാൾക്കറുടെ വീക്ഷണം ഉദ്ധരിക്കട്ടെ: ‘തങ്ങളുടെ വംശത്തിന്റെയും സംസ്‌കാരത്തിന്റെയും തനിമ പരിരക്ഷിക്കാൻ സെമറ്റിക് വംശജരായ ജൂതന്മാരെ കൂട്ടക്കൊല ചെയ്ത് ജർമനി ലോകത്തെത്തന്നെ നടുക്കുകയുണ്ടായി. വംശീയാഭിമാനബോധത്തിന്റെ ഉന്നതമായ ആവിഷ്‌കാരമാണ് നാം അവിടെ കണ്ടത്. അഗാധമായി ഭിന്നങ്ങളായ വംശങ്ങൾക്കും സംസ്‌കാരങ്ങൾക്കും ഒരിക്കലും ഇഴുകിച്ചേരാനാവില്ലെന്നാണ് ജർമ്മി നി കാട്ടിത്തന്നത്.ഇതാവട്ടെ ഹിന്ദുസ്ഥാന് പഠിച്ച് പ്രയോജനപ്പെടുത്താവുന്ന ഒരു പാഠവുമാണ് '

ഇതാണ് ഗോൾവാൾക്കർ. സർ സംഘചാലക് എന്ന നിലയിൽ അദ്ദേഹത്തിന്റെ മുപ്പത്തിയൊന്ന് വർഷക്കാലം ആർ.എസ്.എസിന് എക്കാലത്തേക്കും അഭിമാനാർഹമായ വളർച്ചയുടേതാണ്. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഭയത്തിന്റെയും ജുഗുപ്‌സയുടെയും കാലവും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ കച്ചമുറുക്കിയ ഒരു തനി വംശീയവാദിയുടെ പേര് കേരളത്തിലെ ശാസ്ത്രസ്ഥാപനത്തിന് എന്തിനു നൽകുന്നു എന്നതാണ് ചോദ്യം. സംശയരഹിതമായും സാധൂകരണത്തിനായി ഒരു വ്യവഹാരം സൃഷ്ടിക്കുകയാണ് അതിന്റെ താൽപര്യം. ആവർത്തിച്ചാവർത്തിച്ച് ആ പേരുച്ചരിച്ച് നാം പുറത്താക്കിക്കളഞ്ഞവയെ അകത്തുകയറ്റുക എന്ന പ്രത്യയശാസ്ത്ര താൽപര്യം. ആ പേര് വെറുമൊരുപേരല്ല, വംശീയതയുടെ പ്രവാചക നാമമാണ്.


എന്തുകൊണ്ട് ജി.എൻ. രാമചന്ദ്രൻ ?

Comments