വെല്ലുവിളികളുണ്ട്​, കൃത്യമായ ഫോക്കസോടെ കോൺഗ്രസ്​ അത്​ മറികടക്കും

"ഇതിനുമുമ്പും പാർട്ടി പ്രതിസസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ ഇന്ന് ചില വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുമുണ്ട്. ഇതുപോലുള്ള പ്രതിസന്ധികളെ മുമ്പ് പലതവണയും മറികടന്നതുപോലെ കൃത്യമായ ഫോക്കസുണ്ടെങ്കിൽ ഇനിയും അതിനു കഴിയുമെന്ന അങ്ങേയറ്റത്തെ ആത്മവിശ്വാസം എനിക്കുണ്ട്." - 2020 ജൂലൈയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്ന്.

എൻ.ഇ. സുധീർ: ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവർത്തനം ഇന്ത്യയിൽ വിരളമാണ്. താങ്കളുടെ പാർട്ടിയായ കോൺഗ്രസ് ഉൾപ്പെടെ, പ്രതിപക്ഷപാർട്ടികൾ കോവിഡ്​ അടക്കമുള്ള പ്രതിസന്ധിഘട്ടത്തിൽ അവരവരുടെ റോളുകൾ കൈകാര്യം ചെയ്ത രീതിയിൽ താങ്കൾ സന്തുഷ്ടനാണോ?

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള, കേരളത്തിലെയും കേന്ദ്രത്തിലെയും, പ്രതിപക്ഷ പാർട്ടികൾ ഈ മഹാമാരിക്കാലത്ത് സൃഷ്ടിപരമായി, ഊർജ്ജസ്വലമായി അവരുടെ പങ്ക് നിർവഹിച്ചുവെന്ന് ദൃഢമായി ഞാൻ വിശ്വസിക്കുന്നു. വൈറസ് വ്യാപനം തടയാനും സാമ്പദ് വ്യവസ്ഥയിലെ മാന്ദ്യം കാരണം ദുരിതമനുഭവിക്കുന്ന വിഭാഗങ്ങൾക്ക് സഹായം നൽകാനും തുടക്കത്തിലേ നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറിനെ പ്രേരിപ്പിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. നമ്മൾ എല്ലാവരും ഒരുമിച്ചുനിന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വളരെയധികം ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ മഹാമാരിക്കാലം.

സർക്കാർ തനിച്ച് അല്ലെങ്കിൽ പ്രാദേശിക ഭരണകൂടമോ പൊതുസമൂഹമോ മാത്രം ദുരിതാശ്വാസ, രോഗനിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാരം ഏറ്റെടുക്കണമെന്ന് പ്രതീക്ഷിക്കുന്നത് പ്രായോഗികമോ യാഥാർത്ഥ്യത്തിന് നിരക്കുന്നതോ അല്ല. നമ്മുടെ ജനതയെ മുഴുവൻ നേരിട്ട് ബാധിക്കുന്ന, അടുത്തകാലത്തൊന്നും നമ്മൾ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രശ്നത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ, സങ്കുചിത രാഷ്ട്രീയം ഉപേക്ഷിച്ച് വ്യത്യസ്ത രാഷ്ട്രീയകക്ഷികൾ ഒരുമിച്ച് നിന്നുകൊണ്ട് പരിഹാരം കാണേണ്ട സാഹചര്യമാണിതെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരുമിച്ചുനിൽക്കുന്നതിലൂടെ, തീർച്ചയായും, ജനങ്ങൾക്കുവേണ്ടി നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.

അതേസമയം, ചെയ്യുന്ന കാര്യങ്ങളിൽ സർക്കാറിനെ അക്കൗണ്ടബിൾ ആക്കുന്നതിൽ ഞങ്ങൾ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഞാൻ വിശ്വസിക്കുന്നു. അങ്ങനെ അക്കൗണ്ടബിലിറ്റി ഉറപ്പു വരുത്തുക എന്നത് നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റെന്തിനേക്കാളും നിർണായകമാണ് എന്നുമാണ് ഞാൻ മുന്നോട്ടു വെക്കുന്ന വാദം.

ചോദ്യം: കോവിഡാനന്തര ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാവി എന്തായിരിക്കും എന്നാണ് താങ്കൾ കരുതുന്നത്?

ഇന്ന് കോൺഗ്രസ് എന്തിനുവേണ്ടിയാണോ നിലകൊള്ളുന്നത്, എന്താണോ രാജ്യത്തിനു വാഗ്ദാനം ചെയ്യുന്നത് അത് അടിസ്ഥാനപരമായി രാജ്യത്തിന്റെ ഭാവിയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് ആത്മാർത്ഥമായും തീവ്രമായും ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയെന്ന ആശയം സംബന്ധിച്ച ഒരു ബദൽകാഴ്ചപ്പാടിനെയാണ് കോൺഗ്രസ് പ്രതിനിധീകരിക്കുന്നത്. എല്ലാറ്റിനേയും ഉൾക്കൊള്ളുന്ന വൈവധ്യത്തിൽ വിശ്വസിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.

സാമൂഹ്യനീതിയും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുവരുത്തുവാൻ പ്രതിജ്ഞാബദ്ധമായ, ദേശീയ സുരക്ഷയും മനുഷ്യന്റെ സംരക്ഷണവും മുഖമുദ്രയായുള്ള രാജ്യസ്‌നേഹത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന, ലിബറലും അതേ സമയം സെൻട്രിസ്റ്റ് വീക്ഷണവുമുള്ള, പുരോഗമന ചിന്തയുള്ളതും എല്ലാറ്റിനേയും ഉൾക്കൊള്ളുന്നതുമായ ഒരു പ്രത്യയ ശാസ്ത്രത്തിന്, അത് കൃത്യമായി മുന്നോട്ടുവെച്ചാൽ ഇപ്പോഴും ആകർഷിക്കപ്പെടും.

കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും മറ്റും ഈ സന്ദേശം നല്ലരീതിയിൽ എത്തിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അതേസമയം, എന്തിനുവേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത് എന്നതുസംബന്ധിച്ച ബി.ജെ.പിയുടെ വളച്ചൊടിച്ച, മതഭ്രാന്തുള്ളതും സങ്കുചിതവുമായ കാഴ്ചപ്പാടിനെ ദേശീയതലത്തിൽ എതിർക്കപ്പെടാതെ പോവാൻ ഞങ്ങൾ അനുവദിക്കുകയുമില്ല.

ഇതിനുമുമ്പും പാർട്ടി പ്രതിസസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ ഇന്ന് ചില വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുമുണ്ട്. ഇതുപോലുള്ള പ്രതിസന്ധികളെ മുമ്പ് പലതവണയും മറികടന്നതുപോലെ കൃത്യമായ ഫോക്കസുണ്ടെങ്കിൽ ഇനിയും അതിനു കഴിയുമെന്ന അങ്ങേയറ്റത്തെ ആത്മവിശ്വാസം എനിക്കുണ്ട്. കാരണം ഇന്ത്യയ്ക്ക് വിശ്വാസയോഗ്യമായ ഒരു ദേശീയ ബദൽ ആവശ്യമുണ്ട്. കോൺഗ്രസിനു മാത്രമേ അതു നൽകാൻ സാധിക്കൂ.


അഭിമുഖത്തിന്റെ പൂർണരൂപം:"പ്രതിസന്ധികോൺഗ്രസ് മറികടക്കും'



Summary: "ഇതിനുമുമ്പും പാർട്ടി പ്രതിസസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ ഇന്ന് ചില വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുമുണ്ട്. ഇതുപോലുള്ള പ്രതിസന്ധികളെ മുമ്പ് പലതവണയും മറികടന്നതുപോലെ കൃത്യമായ ഫോക്കസുണ്ടെങ്കിൽ ഇനിയും അതിനു കഴിയുമെന്ന അങ്ങേയറ്റത്തെ ആത്മവിശ്വാസം എനിക്കുണ്ട്." - 2020 ജൂലൈയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്ന്.


Comments