വോട്ടർക്കും പാർട്ടിക്കും
ഇടയിൽപ്പെട്ട ഭരണഘടന

അശോകകുമാർ വി. എഴുതുന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം തുടരുന്നു.

ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം 2, അധ്യായം രണ്ട്:

ന്നത്തെ ജനായത്ത വ്യവസ്ഥയുടെ നായകകഥാപാത്രങ്ങൾ രാഷ്ട്രീയപ്പാർട്ടികളാണെങ്കിലും, ലിബറൽ ഡെമോക്രസിയുടെ ആദ്യകാല ഭരണഘടനകൾ ഏറെയും രാഷ്ട്രീയപ്പാർട്ടികളെ നേരിട്ട് പരാമർശിച്ചിരുന്നില്ല എന്ന് നാം നേരത്തേ കണ്ടതാണ്. പ്രാതിനിധ്യ ജനായത്തത്തിൽ രാഷ്ട്രീയപ്പാർട്ടികൾ അനിവാര്യസ്ഥാപനങ്ങളായി മാറിയിട്ടും, ഭരണഘടനാസിദ്ധാന്തം പാർട്ടികൾക്ക് ഭരണഘടനാപരമായ സ്ഥാനം നൽകുന്നതിൽ ദീർഘകാലം വിമുഖത പുലർത്തി.

തരുണാബ് ഖെയ്താൻ (Tarunabh Khaitan) ചൂണ്ടിക്കാണിക്കുന്നതുപോലെ, ആംഗ്ലോ- അമേരിക്കൻ ഭരണഘടനാ പാരമ്പര്യത്തിൽ രാഷ്ട്രീയപ്പാർട്ടികൾ ഭരണഘടനാസിദ്ധാന്തത്തിന്റെ കേന്ദ്രവിഷയമായിരുന്നില്ല. (Tarunabh Khaitan, “Political Parties in Constitutional Theory”). പകരം, പാർട്ടികളെ സംബന്ധിച്ച വ്യവസ്ഥകൾ പ്രധാനമായും നിയമനിർമ്മാണസഭ പാസ്സാക്കുന്ന നിയമങ്ങൾ, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ, കീഴ്‌വഴക്കങ്ങൾ, നടപടിക്രമങ്ങൾ, ഭരണഘടനാവ്യാഖ്യാനങ്ങൾ എന്നിവയിലൂടെയാണ് വികസിച്ചത്.

നിയമനിർമ്മാണസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പ്, മൗലികാവകാശങ്ങൾ എന്നിവയെ നിർണ്ണയിക്കുന്ന അടിസ്ഥാന പ്രമാണമായ ഭരണഘടന (Big C) പാർട്ടികളെ കുറിച്ചു മൗനം പാലിക്കുകയും, എന്നാൽ ദൈനംദിനഭരണത്തിന്റെയും (Small c) തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും ചട്ടക്കൂടിനകത്ത് പാർട്ടികളെ സംബന്ധിച്ച വ്യവസ്ഥകൾ ക്രമേണ വികസിക്കുകയും ചെയ്തതിൽ പ്രധാനപ്പെട്ട ഒരു ഭരണഘടനാപ്രശ്നം അടങ്ങിയിരിക്കുന്നു. കാരണം, പാർട്ടി രജിസ്ട്രേഷൻ, തെരഞ്ഞെടുപ്പ്, ധനസമാഹരണം, സ്ഥാനാർത്ഥി നിർണ്ണയം, സംഘടനാപ്രവർത്തനം തുടങ്ങിയ മേഖലകളിലെ നിയന്ത്രണങ്ങൾ പലപ്പോഴും സാധാരണ നിയമനിർമ്മാണത്തിലൂടെയാണ് രൂപപ്പെടുന്നത്. അത്തരം നിയമങ്ങൾ പാസ്സാക്കുന്ന സഭകളിൽ ഭരണപ്പാർട്ടികൾക്ക് നിർണ്ണായക സ്വാധീനമുണ്ടാകുമല്ലോ. പാർട്ടികളെ നിയന്ത്രിക്കേണ്ട നിയമങ്ങൾ പാർട്ടികൾ തന്നെ തീരുമാനിക്കുമ്പോൾ അവ എത്രത്തോളം ജനായത്തത്തെ ശക്തിപ്പെടുത്താനുതകും?

ഇലക്ട്രൽ ബോണ്ട് പദ്ധതിയെ കോടതി ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചെങ്കിലും, പിരിച്ച പണം പാർട്ടികൾക്കു ഉപയോഗിക്കുന്നതിൽ തടസ്സങ്ങളുണ്ടായില്ല. ഫലത്തിൽ ഭരണപ്പാർട്ടിക്ക് അവരുടെ ലക്ഷ്യം താൽക്കാലികമായെങ്കിലും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇലക്ട്രൽ ബോണ്ട് പദ്ധതിയെ കോടതി ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചെങ്കിലും, പിരിച്ച പണം പാർട്ടികൾക്കു ഉപയോഗിക്കുന്നതിൽ തടസ്സങ്ങളുണ്ടായില്ല. ഫലത്തിൽ ഭരണപ്പാർട്ടിക്ക് അവരുടെ ലക്ഷ്യം താൽക്കാലികമായെങ്കിലും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ഇലക്ട്രൽ ബോണ്ട് വിവാദത്തെ ഈ പ്രശ്നത്തിന്റെ ഒരു സമകാലിക ഉദാഹരണമായി കാണാം. 2017-18 കാലഘട്ടത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതികളിലൂടെ ഇലക്ട്രൽ ബോണ്ട് സംവിധാനം നിലവിൽ വന്നു. രാഷ്ട്രീയപ്പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളുടെ ഉറവിടവുമായി ബന്ധപ്പെട്ട സുതാര്യത കുറയ്ക്കുന്ന രീതിയിലായിരുന്നു ഈ സംവിധാനം. 2024 ഫെബ്രുവരി 15-ന് സുപ്രീംകോടതി ഈ പരിഷ്‌ക്കരണം ഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കുകയും ബന്ധപ്പെട്ട നിയമഭേദഗതികൾ അസാധുവാക്കുകയും ചെയ്തു. ഈ കേസിലെ (Association for Democratic Reforms vs. Union of India) വിധി രാഷ്ട്രീയധനസമാഹരണത്തിലെ സുതാര്യതയും വോട്ടർമാരുടെ വിവരാവകാശവും തമ്മിലുള്ള ബന്ധത്തെ പ്രത്യേകമായി ഉയർത്തിക്കാട്ടി. അതിനാൽ, രാഷ്ട്രീയപ്പാർട്ടികളെ നിയന്ത്രിക്കുന്ന നിയമങ്ങൾ സാധാരണ നിയമനിർമ്മാണ പ്രക്രിയയിലൂടെ മാത്രം രൂപപ്പെടുന്നതിന്റെ അപകടസാധ്യത ഈ സംഭവം വ്യക്തമാക്കുന്നു. ഇലക്ട്രൽ ബോണ്ട് പദ്ധതിയെ കോടതി ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചെങ്കിലും, പിരിച്ച പണം പാർട്ടികൾക്കു ഉപയോഗിക്കുന്നതിൽ തടസ്സങ്ങളുണ്ടായില്ല. ഫലത്തിൽ ഭരണപ്പാർട്ടിക്ക് അവരുടെ ലക്ഷ്യം താൽക്കാലികമായെങ്കിലും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

READ: നേർപ്പിച്ച
ലിബറൽ ഭരണഘടനയും
പാർട്ടി ആധിപത്യവും

ഒരു രാഷ്ട്രീയസമൂഹം എങ്ങനെയാകണം എന്നതിനുള്ള അടിസ്ഥാന രൂപരേഖയാണ് ഭരണഘടനയെങ്കിൽ, യഥാർത്ഥ ലോകത്ത് ഭരണഘടനാസ്ഥാപനങ്ങളും അതിന്റെ അനുബന്ധ നിയമങ്ങളും തെരഞ്ഞെടുപ്പും മൗലികാവകാശങ്ങളുടെ പ്രയോഗവും എല്ലാം ഭരണപ്പാർട്ടിയിലേക്ക് വന്നുചേരുന്നു. അതിനാൽ പാർട്ടികളെപ്പറ്റി ഭരണഘടനയായ ബ്ലൂപ്രിൻ്റും അതിൻ്റെ പ്രായോഗിക സംവിധാനങ്ങളും തമ്മിൽ നിലനിൽക്കുന്ന പൊരുത്തക്കേട് ഭരണഘടനാ തത്വങ്ങളെ തന്നെ ലംഘിക്കാൻ ഭരണപ്പാർട്ടികൾക്ക് അവസരം സൃഷ്ടിക്കാം. പാർട്ടികൾ ഭരണകൂടത്തെ നിയന്ത്രിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമ്പോഴും, അവ പലപ്പോഴും ഭരണകൂടത്തിന്റെ ഔപചാരിക സ്ഥാപനങ്ങളായി കണക്കാക്കപ്പെടുന്നില്ല. അതിനാൽ അവയ്ക്ക് കോടതികൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ബാധകമായ അതേ തരത്തിലുള്ള സുതാര്യത, നിഷ്പക്ഷത, ഉത്തരവാദിത്വം എന്നിവ സ്വതവേ ബാധകമാകണമെന്നില്ല. എന്നാൽ അധികാരത്തിന്റെ വലിയൊരു ഭാഗം പാർട്ടികളിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ഒന്നാം ലോകയുദ്ധാനന്തര യൂറോപ്പിലെ ദുർബലമായ ജനായത്ത സംവിധാനങ്ങളുടെ പ്രതിസന്ധിയെ ഫാഷിസ്റ്റ്, നാസി പ്രസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തി അധികാരം പിടിച്ചെടുത്ത അനുഭവവും പുതിയ ജനായത്ത രാഷ്ട്രങ്ങളുടെ ഉദയവും പാർട്ടികളെ പറ്റിയുള്ള പുനരാലോചന അനിവാര്യമാക്കിത്തീർത്തു.

ഈ സാഹചര്യത്തിൽ ഭരണപ്പാർട്ടിയിൽ കേന്ദ്രീകരിക്കുന്ന ജനകീയാധികാരം ഭരണഘടനാവിരുദ്ധമോ ജനായത്തവിരുദ്ധമോ ആകാതിരിക്കണമെങ്കിൽ പാർട്ടികളെ ഭരണഘടനാപരമായ ചട്ടക്കൂടിനകത്ത് കൊണ്ടുവന്ന് അവയുടെ അധികാരത്തെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് തരുണാബ് ഖെയ്താൻ വാദിക്കുന്നു. പാർട്ടികളെ പൂർണ്ണമായും സ്വകാര്യ സംഘടനകളായി മാത്രം കണക്കാക്കപ്പെടാൻ പറ്റാത്തതിനാൽ, അവയുടെ പൊതുപ്രാധാന്യത്തിന് അനുസൃതമായ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിർണ്ണയിക്കേണ്ടതുണ്ട്. ആഭ്യന്തര ജനായത്തം, സാമ്പത്തിക സുതാര്യത, അഴിമതി നിയന്ത്രണം, സ്ഥാനാർത്ഥി നിർണ്ണയത്തിലെ നീതി, ഭരണഘടനാവിരുദ്ധ രാഷ്ട്രീയലക്ഷ്യങ്ങളിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾപ്പെടാം. ഇതിന്റെ അർത്ഥം പാർട്ടികളുടെ എല്ലാ ആഭ്യന്തര കാര്യങ്ങളും ഭരണഘടന നേരിട്ട് നിയന്ത്രിക്കണമെന്നല്ല; മറിച്ച്, ജനായത്ത പ്രക്രിയയിൽ നിർണ്ണായകമായ പൊതുപങ്ക് വഹിക്കുന്ന സംഘടനകൾക്ക്, കുറഞ്ഞത് ഭരണഘടനാപരമായ ചില മാനദണ്ഡങ്ങളെങ്കിലും ബാധകമാകണം എന്നതാണ്.

പാർട്ടികൾ ഭരണഘടനയിലേക്ക്

ലിബറൽ ഡെമോക്രസിയുടെ ഭരണഘടനാ ശില്പികൾക്ക് പാർലമെൻ്ററി പാർട്ടികളോടുണ്ടായിരുന്ന സംശയം, അവയെ ഭരണഘടനാപരമായി അംഗീകരിക്കാനുള്ള ദീർഘകാല വൈമുഖ്യം, ഒടുവിൽ വൈകിയാണെങ്കിലും അവയ്ക്ക് നിയമപരമായ അംഗീകാരം നൽകേണ്ടിവന്ന സാഹചര്യം- ഈ ചരിത്രവൈരുദ്ധ്യം നമ്മുടെ മുന്നിൽ മൂന്ന് പ്രധാന ചോദ്യങ്ങൾ ഉയർത്തുന്നു.

ഒന്ന്​; എന്തുകൊണ്ടാണ് ലിബറൽ ഡെമോക്രസിയുടെ താത്വികാടിത്തറയായ ക്ലാസിക്കൽ ലിബറൽ രാഷ്ട്രീയചിന്ത പാർലമെന്ററി പാർട്ടികൾക്ക് ഭരണഘടനാപരമായ സ്ഥാനം നൽകുന്നതിൽ വിമുഖത പുലർത്തിയത്?

രണ്ട്; ഭരണഘടനാപരമായി മാറ്റിനിർത്തപ്പെട്ടിട്ടും, എന്തുകൊണ്ടാണ് രാഷ്ട്രീയപ്പാർട്ടികൾ ക്രമേണ ലിബറൽ ഡെമോക്രസിയുടെ കേന്ദ്ര രാഷ്ട്രീയ സ്ഥാപനങ്ങളായി മാറിയത്?

മൂന്ന്; പാർട്ടികളുടെ രാഷ്ട്രീയാധികാരം ഏറെക്കാലം ഭരണഘടനയ്ക്ക് പുറത്തു വളർന്നശേഷം, എന്തുകൊണ്ടാണ് അവയെ ഒടുവിൽ ഭരണഘടനാപരമായി അംഗീകരിക്കേണ്ടിവന്നത്?

രാഷ്ട്രീയപ്പാർട്ടികൾ ഭരണകൂടത്തിനു പുറത്ത് പൗരസമൂഹ സംഘടനകളായി രൂപപ്പെടുന്നു. എന്നാൽ തെരഞ്ഞെടുപ്പിലൂടെ അവ ഭരണത്തിലേക്ക് പ്രവേശിക്കുകയും ഭരണകൂടത്തിന്റെ അധികാരത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതിന്റെ ഒരു മുഖം സമൂഹത്തിലേക്കും മറ്റൊരു മുഖം ഭരണസിരാകേന്ദ്രങ്ങളിലേക്കുമാണ് തിരിഞ്ഞിരിക്കുന്നത്. ഈ അർത്ഥത്തിൽ പാർട്ടികൾക്ക് ഒരു ഇരട്ടസ്വഭാവമുണ്ട്. അവ പൂർണ്ണമായും ഭരണകൂട സ്ഥാപനങ്ങളല്ല; അതേസമയം സാധാരണ സ്വകാര്യസംഘടനകളായി മാത്രം അവയെ കാണാനും കഴിയില്ല. തെരഞ്ഞെടുപ്പ്, നിയമനിർമ്മാണം, സർക്കാർ രൂപീകരണം, പൊതുനയം എന്നിവയിൽ അവയ്ക്കുള്ള നിർണ്ണായക പങ്കാണ് ഈ പ്രത്യേകതയ്ക്ക് കാരണം.

പാർട്ടികൾ തെരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ രൂപീകരിക്കുകയും ഭരണകൂടത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ജനപ്രതിനിധിസഭയിൽ അവ നിയമങ്ങൾ രൂപീകരിക്കുകയും റദ്ദാക്കുകയും ചെയ്യുന്നു. എന്നിട്ടും പാർട്ടികളുടെ ആഭ്യന്തര സംഘാടനം, നേതൃത്വനിർണ്ണയം, സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ്, നയനിർണ്ണയം എന്നിവ ചരിത്രപരമായി പൊതുസ്ഥാപനങ്ങൾക്ക് ബാധകമായ അതേ തരത്തിലുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തിന് വിധേയമാകുന്നില്ല.

റോമൻ പുരാണത്തിലെ, രണ്ടു ദിശകളിലേക്കും മുഖമുള്ള ജാനസ് ദേവതയോടാണ് പൊതു- സ്വകാര്യ പ്രകൃതം കൂടിക്കലർന്ന പാർലമെൻ്ററി പാർട്ടികളെ തരുണാഭ് ഖെയ്താൻ വിശേഷിപ്പിക്കുന്നത്.
റോമൻ പുരാണത്തിലെ, രണ്ടു ദിശകളിലേക്കും മുഖമുള്ള ജാനസ് ദേവതയോടാണ് പൊതു- സ്വകാര്യ പ്രകൃതം കൂടിക്കലർന്ന പാർലമെൻ്ററി പാർട്ടികളെ തരുണാഭ് ഖെയ്താൻ വിശേഷിപ്പിക്കുന്നത്.

ആരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതെന്നു പാർട്ടികൾ തീരുമാനിക്കുന്നുവെങ്കിലും അവരുടെ തീരുമാനങ്ങൾ ആർക്കു മുന്നിലും, സർക്കാർ സ്ഥാപനങ്ങളെ പോലെ സുതാര്യമാക്കേണ്ട ആവശ്യമില്ല.

രാഷ്ട്രത്തിൻ്റെ ദിശയും നയങ്ങളും നിർണ്ണയിക്കുന്നത് രാഷ്ട്രീയപ്പാർട്ടികളാണെങ്കിലും, പൊതുസംവിധാനങ്ങൾ പോലെ പക്ഷപാതരഹിതമാകണമെന്ന നിബന്ധന അവയ്ക്കു ബാധകമല്ല.

മനുഷ്യർക്കുള്ള സംഘടനാ സ്വാതന്ത്ര്യത്തിലാണ് പാർട്ടികളുടെ നിലനിൽപ്പ്. എന്നാൽ അവയുടെ തീരുമാനങ്ങൾ രാഷ്ട്രത്തിലെ എല്ലാവരിലേക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. പാർട്ടികൾക്ക് തങ്ങളുടെ നേതാക്കളെ തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ട്. തങ്ങളുടെ അംഗത്വം ആർക്കൊക്കെ നൽകണമെന്നും അവർക്കു നിശ്ചയിക്കാം. ആരിൽ നിന്നെല്ലാം സംഭാവന വാങ്ങാം എന്നും തീരുമാനിക്കാം. ഇങ്ങനെ അവ ഏറിയകൂറും സ്വയംഭരണ സ്ഥാപനങ്ങളായി നിൽക്കുന്നു. പക്ഷേ, ഈ സ്വയംഭരണ സ്ഥാപനങ്ങൾ അധികാരത്തിലെത്തുമ്പോൾ അവരുടെ തീരുമാനങ്ങൾ പൊതുസമൂഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തെ ആകെ നിർണ്ണയിക്കുന്നു.

റോമൻ പുരാണത്തിലെ, രണ്ടു ദിശകളിലേക്കും മുഖമുള്ള ജാനസ് ദേവതയോടാണ് പൊതു- സ്വകാര്യ പ്രകൃതം കൂടിക്കലർന്ന പാർലമെൻ്ററി പാർട്ടികളെ തരുണാഭ് ഖെയ്താൻ വിശേഷിപ്പിക്കുന്നത്. അഥവാ അവ പൂർണ്ണമായും സ്വകാര്യ സംഘടനകളോ ഭരണകൂട സ്ഥാപനങ്ങളോ അല്ല. പാർട്ടികളുടെ ഈ ഉഭയസ്വഭാവം- ഒരുവശത്ത് പൗരസമൂഹത്തിലെ സ്വയംഭരണസംഘടനകളായും മറുവശത്ത് ഭരണകൂടാധികാരത്തെ നിർണ്ണയിക്കുന്ന പൊതുരാഷ്ട്രീയ സ്ഥാപനങ്ങളായും പ്രവർത്തിക്കുന്ന അവസ്ഥ- അവയുടെ ഭരണഘടനാപരമായ സ്ഥാനനിർണ്ണയത്തെ സങ്കീർണ്ണമാക്കുന്നു.

എന്നാൽ, ഒന്നാം ലോകയുദ്ധാനന്തര യൂറോപ്പിലെ ദുർബലമായ ജനായത്ത സംവിധാനങ്ങളുടെ പ്രതിസന്ധിയെ ഫാഷിസ്റ്റ്, നാസി പ്രസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തി അധികാരം പിടിച്ചെടുത്ത അനുഭവവും, പുതിയ ജനായത്ത രാഷ്ട്രങ്ങളുടെ ഉദയവും പാർട്ടികളെ പറ്റിയുള്ള പുനരാലോചന അനിവാര്യമാക്കിത്തീർത്തു (Ingrid van Biezen, "Constitutionalizing Party Democracy:The Constitutive Codification of Political Parties in Post-war Europe’’). പാർട്ടികളുടെ ജനായത്തപരമായ പങ്കിനെക്കുറിച്ച് ഉയർന്ന സംശയങ്ങളാകാം പാർട്ടികളെ ഭരണഘടനാപരമായി അംഗീകരിച്ചു കൊണ്ട് അവയ്ക്കും ജനായത്തത്തിനും ഒരേപോലെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പ്രേരിപ്പിച്ചത്.

ലിബറൽ രാഷ്ട്രീയചിന്തയുടെ പ്രാഥമിക രാഷ്ട്രീയ മാനദണ്ഡം സ്വതന്ത്ര വ്യക്തിയാണ്. ക്ലാസിക്കൽ ലിബറലിസത്തിൻ്റെ സൈദ്ധാന്തിക വക്താക്കളിൽ മുൻപന്തിയിലുള്ള ജോൺ ലോക്ക് മുതൽ ആധുനിക ലിബറൽ രാഷ്ട്രീയ തത്വചിന്തകരിൽ പേരെടുത്ത ജോൺ റോൾസ് വരെയുള്ളവർ "സ്വതന്ത്രരും തുല്യരുമായ വ്യക്തിക"ളെയാണ് അടിസ്ഥാന രാഷ്ട്രീയഘടകമായി കാണുന്നത്.

രാഷ്ട്രീയപ്പാർട്ടികളുടെ ആധുനിക ഭരണഘടനാവൽക്കരണം (Constitutionalisation)- അതായത്, പാർട്ടികളെ ഭരണഘടനാപരമായ ജനായത്തത്തിന്റെ അംഗീകൃത ഘടകങ്ങളായി നിർവ്വചിക്കുകയും ചുമതലകളും പരിധികളും നിശ്ചയിക്കുകയും ചെയ്യുന്ന പ്രക്രിയ-പ്രധാനമായും രണ്ടാം ലോകയുദ്ധാനന്തര യൂറോപ്പിലാണ് ശക്തമായത്. ഇൻഗ്രിഡ് വാൻ ബീസൻ എഴുതുന്നതുപോലെ, യുദ്ധാനന്തര യൂറോപ്പിലെ ഭരണഘടനകൾ രാഷ്ട്രീയപ്പാർട്ടികളെ ഇനി വെറും പൗരസമൂഹ സംഘടനകളായി മാത്രം കാണാതെ ജനായത്ത ഭരണത്തിന്റെ ഘടകങ്ങളായി അംഗീകരിക്കാൻ തുടങ്ങി. ഇറ്റലി 1947-ലും ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി 1949-ലും ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. ജർമ്മൻ ബേസിക് ലോയിലെ ആർട്ടിക്കിൾ 21 പ്രത്യേകിച്ചും നിർണ്ണായകമായി. രാഷ്ട്രീയപ്പാർട്ടികൾ ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാരൂപീകരണത്തിൽ പങ്കുചേരുന്നവയാണെന്ന് അംഗീകരിച്ചു കൊണ്ട് അവയുടെ ആഭ്യന്തര സംഘാടനം ജനായത്ത തത്ത്വങ്ങൾ പാലിക്കുന്ന വിധത്തിലായിരിക്കണമെന്നും, സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത വേണമെന്നും അത് നിർദ്ദേശിക്കുന്നു.

ഇപ്രകാരം, 20-ാം നൂറ്റാണ്ടിന്റെ മധ്യം മുതൽ രാഷ്ട്രീയപ്പാർട്ടികൾ ഭരണഘടനാപരമായി തന്നെ ജനായത്തത്തിന്റെ അനിവാര്യ സ്ഥാപനങ്ങളായി ക്രമേണ അംഗീകരിക്കപ്പെടുമ്പോൾ, ലിബറൽ ഭരണക്രമത്തിൻ്റെ ആദർശപരമായ അടിത്തറയിൽ തന്നെ ഒരു പ്രധാന മാറ്റം സംഭവിച്ചതായി കാണാം.

പൊതുവേ, ലിബറൽ രാഷ്ട്രീയചിന്തയുടെ പ്രാഥമിക രാഷ്ട്രീയ മാനദണ്ഡം സ്വതന്ത്ര വ്യക്തിയാണ്. ക്ലാസിക്കൽ ലിബറലിസത്തിൻ്റെ സൈദ്ധാന്തിക വക്താക്കളിൽ മുൻപന്തിയിലുള്ള ജോൺ ലോക്ക് മുതൽ ആധുനിക ലിബറൽ രാഷ്ട്രീയ തത്വചിന്തകരിൽ പേരെടുത്ത ജോൺ റോൾസ് (John Rawls) വരെയുള്ളവർ "സ്വതന്ത്രരും തുല്യരുമായ വ്യക്തിക"ളെയാണ് അടിസ്ഥാന രാഷ്ട്രീയഘടകമായി കാണുന്നത്. ഓരോ വ്യക്തിക്കും പ്രായപൂർത്തി വോട്ടവകാശവും നിയമത്തിനു മുന്നിലെ തുല്യതയും ഭരണഘടന ഉറപ്പാക്കുന്നതിൻ്റെ അർത്ഥം ഈ ആദർശമാണ്. സ്വതന്ത്രരും തുല്യരുമായ വ്യക്തികൾ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിനിധികളെ തിരഞ്ഞെടുക്കുകയും, ആ പ്രതിനിധികളിലൂടെ സർക്കാർ രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമാണ് ലിബറൽ ഭരണക്രമത്തിന്റെ ആദർശ മാതൃക. സർക്കാരിന്റെ അടിസ്ഥാന നിയമസാധുതയാകട്ടെ വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും സ്വാഭാവിക അവകാശങ്ങളെയും സംരക്ഷിക്കുന്നതിലുള്ള അതിന്റെ ശേഷിയിൽ അധിഷ്ഠിതമാണ്. സർക്കാർ ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ, അതിനെ എതിർക്കാനും മാറ്റി സ്ഥാപിക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്ന ആശയവും ഇതിന്റെ ഭാഗമായിവരുന്നു.

1215 ജൂൺ 15-ന് ഇംഗ്ലണ്ടിലെ ജോൺ രാജാവ് അംഗീകരിച്ച ചരിത്രപ്രസിദ്ധമായ മാഗ്നാ കാർട്ട.
1215 ജൂൺ 15-ന് ഇംഗ്ലണ്ടിലെ ജോൺ രാജാവ് അംഗീകരിച്ച ചരിത്രപ്രസിദ്ധമായ മാഗ്നാ കാർട്ട.

അതിനാൽ ആംഗ്ലോ- അമേരിക്കൻ ലിബറൽ ഭരണഘടനാമാതൃക വ്യക്തിയും ജനപ്രതിനിധിയും ഭരണകൂടവും തമ്മിൽ നേരിട്ടുള്ള ബന്ധത്തെ മുൻനിർത്തിയുള്ളതാകുന്നു. വ്യക്തികൾ തങ്ങളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനായി പ്രതിനിധികളെ തിരഞ്ഞെടുക്കുകയും, പ്രതിനിധികൾ പൊതുതാൽപര്യത്തെ അടിസ്ഥാനമാക്കി ഭരണനിർവ്വഹണത്തിൽ പങ്കാളികളാകുകയും ചെയ്യുന്നു. അതിനാൽ ഭരണകൂടം സ്വതന്ത്ര വ്യക്തികൾ ചേർന്ന സമൂഹത്തിന്റെ പൊതുവായ രാഷ്ട്രീയലക്ഷ്യത്തിന്റെ പ്രതീകമായാണ് സങ്കൽപ്പിക്കപ്പെട്ടത്; പ്രത്യേക വിഭാഗീയ താൽപര്യങ്ങളുടെ അടയാളമായിട്ടല്ല.

ഇവിടെയാണ് രാഷ്ട്രീയപ്പാർട്ടിയുടെ ആവിർഭാവം ക്ലാസിക്കൽ ലിബറൽ രാഷ്ട്രീയഘടനയ്ക്ക് ഒരു സൈദ്ധാന്തിക വെല്ലുവിളി ഉയർത്തുന്നത്. പാർട്ടി എന്നത് പൊതുതാൽപര്യത്തിനകത്ത് നിലനിൽക്കുന്ന ഒരു പ്രത്യേക താൽപര്യത്തിന്റെ സംഘടിത രാഷ്ട്രീയ രൂപമായി മനസ്സിലാക്കപ്പെട്ടു. ഡേവിഡ് റഗസോണി (David Ragazzoni) പറയുന്നു, "ഫിലാഡെൽഫിയയിൽ വെച്ച് അമേരിക്കൻ ഭരണഘടന രൂപപ്പെടുത്തിയവർ ഒരിക്കലും പാർട്ടി ലേബൽ അംഗീകരിച്ചില്ല. ആനുകാലിക തിരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഗവൺമെന്റ് എന്ന കാര്യത്തിൽ അവരാരും സംശയിച്ചില്ല. എങ്കിലും, പാർട്ടികൾ തമ്മിലുള്ള മത്സരങ്ങളിലൂടെ സഭാംഗങ്ങളെ തിരഞ്ഞെടുക്കുക എന്ന ആശയം ഒരിക്കലും അവർ പരിഗണിച്ചില്ല. മറിച്ച്, സ്ഥാനാർത്ഥികൾ അവരുടെ പ്രശസ്തി, തത്ത്വശുദ്ധിയുള്ള പെരുമാറ്റം, പൊതുനന്മയോടുള്ള നിഷ്പക്ഷമായ പ്രതിബദ്ധത എന്നിവയുടെ പേരിൽ ഉയർന്നു നിൽക്കുമെന്നാണ് കരുതപ്പെട്ടത്."(David Ragazzoni, "Parties, Democracy, and the Ideal of Anti-factionalism: Past Anxieties and Present Challenges’’).

സമൂഹത്തിനകത്തെ ആശയപരമായ പാർട്ടീഷ്യൻ്റെ സംഘടിത രൂപമാണ് പാർട്ടികൾ. അതിനാൽ, സ്വതന്ത്ര വ്യക്തികൾ ചേർന്ന് രൂപീകരിക്കുന്ന രാഷ്ട്രീയ സമൂഹത്തിനകത്ത് വീണ്ടും പ്രത്യേക താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ വിഘടിത കൂട്ടായ്മകളെ ലിബറൽ ഭരണതത്ത്വങ്ങൾക്ക് അംഗീകരിക്കുക ബുദ്ധിമുട്ടാണ്. കാരണം വ്യക്തിയും ഭരണകൂടവും തമ്മിൽ നേരിട്ടുള്ള രാഷ്ട്രീയബന്ധത്തിനിടയിൽ ഒരു പുതിയ ഇടനിലക്കാരൻ- രാഷ്ട്രീയപ്പാർട്ടി- എന്തിനു പ്രവേശിക്കണം?

രാഷ്ട്രീയപ്പാർട്ടികളുടെ ഭരണഘടനാവൽക്കരണം കേവലം ഒരു പുതിയ സംഘടനാരൂപത്തെ ഭരണഘടനയിൽ ഉൾച്ചേർക്കുന്ന പ്രക്രിയയല്ല; ലിബറൽ ഭരണഘടനയുടെ അടിസ്ഥാന രാഷ്ട്രീയ ഘടകത്തെക്കുറിച്ചുള്ള ധാരണയിൽ സംഭവിച്ച മാറ്റമാണ്.

വ്യക്തിപ്രതിനിധാനത്തിൽ നിന്ന് പാർട്ടി പ്രതിനിധാനത്തിലേക്കു മാറുമ്പോൾ വ്യക്തി ഇനി സ്വതന്ത്ര പൗരരെന്ന നിലയിൽ മാത്രം ഭരണപ്രക്രിയയിൽ പങ്കാളിയാകുന്നില്ല; മറിച്ച്, ഒരു രാഷ്ട്രീയപ്പാർട്ടിയുടെ അംഗം, പിന്തുണക്കാരൻ, അല്ലെങ്കിൽ പാർട്ടി നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ വോട്ടർ എന്ന നിലയിലാണ് രാഷ്ട്രീയപ്രക്രിയയിൽ പ്രവേശിക്കുന്നത്. അതിനാൽ ആധുനിക പ്രാതിനിധ്യ ജനായത്തത്തിൽ വ്യക്തിയുടെ രാഷ്ട്രീയ കർത്തൃത്വം ക്രമേണ പാർട്ടി കർത്തൃത്വത്തിലൂടെ പ്രകാശിതമാകുന്നു. വ്യക്തി → പ്രതിനിധി → സർക്കാർ എന്ന ക്ലാസിക്കൽ ലിബറൽ മാതൃകയ്ക്കുപകരം വ്യക്തി → പാർട്ടി → സ്ഥാനാർത്ഥി/പ്രതിനിധി → സർക്കാർ എന്ന കൂടുതൽ സങ്കീർണ്ണമായ ബന്ധം രൂപപ്പെടുന്നു.

ഈ അർത്ഥത്തിൽ രാഷ്ട്രീയപ്പാർട്ടികളുടെ ഭരണഘടനാവൽക്കരണം കേവലം ഒരു പുതിയ സംഘടനാരൂപത്തെ ഭരണഘടനയിൽ ഉൾച്ചേർക്കുന്ന പ്രക്രിയയല്ല; ലിബറൽ ഭരണഘടനയുടെ അടിസ്ഥാന രാഷ്ട്രീയ ഘടകത്തെക്കുറിച്ചുള്ള ധാരണയിൽ സംഭവിച്ച മാറ്റമാണ്. വ്യക്തി ലിബറൽ രാഷ്ട്രീയക്രമത്തിന്റെ അടിസ്ഥാന ഘടകമായി തുടരുമ്പോഴും, ഭരണത്തിൽ വ്യക്തിയുടെ പങ്കാളിത്തം ക്രമേണ സംഘടിതമായ രാഷ്ട്രീയപ്പാർട്ടികളിലൂടെ നടത്തേണ്ടി വരുന്നു. ഇതോടെ വ്യക്തിക്കും സർക്കാരിനുമിടയിലെ ബന്ധത്തിൽ പാർട്ടി ഒരു അനിവാര്യ ഇടനിലക്കാരനായി മാറുന്നു.

ആദ്യകാല ക്ലാസിക്കൽ ലിബറൽ രാഷ്ട്രീയചിന്തയിൽ രാഷ്ട്രീയചേരികളോടു (faction) നിലനിന്നിരുന്ന സംശയം ഇപ്രകാരം മനസ്സിലാക്കാവുന്നതാണ്. സ്വതന്ത്ര വ്യക്തികളുടെ പൊതുതാൽപര്യത്തെ പ്രതിനിധീകരിക്കുന്ന ഭരണകൂടത്തിനകത്ത് പ്രത്യേക താൽപര്യങ്ങളുടെ വിഘടിത ശക്തിയെ പാർട്ടികൾ കൊണ്ടുവരുന്നു എന്നായിരുന്നു അടിസ്ഥാന ആശങ്ക. അതിനാൽ പാർട്ടികളെ ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ ഭാഗമാക്കുന്നതിനു പകരം, അവയെ സിവിൽ സൊസൈറ്റിയുടെ പരിധിയിൽ നിർത്തുകയായിരുന്നു പരമ്പരാഗത ലിബറൽ ഭരണഘടന ചെയ്തത്.

അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന് (1775–1783) മുമ്പുമുള്ള, വടക്കേ അമേരിക്കൻ വൻകരയിലെ ബ്രിട്ടീഷ് കോളനികളും കരീബിയൻ കടലിലെ ബ്രിട്ടീഷ് വെസ്റ്റ് ഇൻഡീസ് ദ്വീപ് കോളനികളും.
അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന് (1775–1783) മുമ്പുമുള്ള, വടക്കേ അമേരിക്കൻ വൻകരയിലെ ബ്രിട്ടീഷ് കോളനികളും കരീബിയൻ കടലിലെ ബ്രിട്ടീഷ് വെസ്റ്റ് ഇൻഡീസ് ദ്വീപ് കോളനികളും.

എന്നാൽ, 20-ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയാനുഭവം ഈ ക്ലാസിക്കൽ ലിബറൽ നിലപാടിന്റെ പരിമിതികളെ കൂടുതൽ വ്യക്തമായി വെളിപ്പെടുത്തി. പ്രത്യേകിച്ച് ഫാഷിസ്റ്റ്, ഏകകക്ഷി, സർവ്വാധിപത്യ രാഷ്ട്രീയത്തിന്റെ ഉയർച്ചയിലൂടെ രാഷ്ട്രീയപ്പാർട്ടികൾക്ക് ജനായത്ത ക്രമത്തിനകത്തു കൂടി ജനായത്തത്തെ അട്ടിമറിക്കാൻ കഴിയുമെന്നു തെളിഞ്ഞു. ജനായത്തപരമായ രാഷ്ട്രീയമത്സരത്തിന്റെ മാധ്യമമായിരിക്കേണ്ട പാർട്ടി തന്നെ ഭരണകൂടവുമായി ലയിക്കുകയും, രാഷ്ട്രീയാധികാരത്തിന്റെ ഏകാധിപത്യ കേന്ദ്രമായി മാറുകയും ചെയ്യാമെന്ന അനുഭവം ലിബറൽ ഡെമോക്രസിയുടെ സ്ഥാപനപരമായ സുരക്ഷയെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തി. ഇതോടെ ജനായത്ത ഭരണത്തിലെ അനിവാര്യമായ ഇടനിലക്കാരായി മാറിയ പാർട്ടികളെ എങ്ങനെ ഭരണഘടനാപരമായ നിയന്ത്രണത്തിനും ഉത്തരവാദിത്വത്തിനും വിധേയമാക്കാം എന്നതായി പുതിയ ആലോചന. ഒരിക്കൽ വ്യക്തിസ്വാതന്ത്ര്യത്തിനും പൊതുതാൽപര്യത്തിനും ഭീഷണിയായ ഫാക്‌ഷൻ ആയി കണക്കാക്കപ്പെട്ടിരുന്ന സംഘടനയെ, അതേ സമയം, ജനാധിപത്യ പ്രതിനിധാനത്തിൻ്റെ സ്ഥാപനമായി അംഗീകരിക്കേണ്ട രാഷ്ട്രീയ അനിവാര്യത ഇവിടെ രൂപപ്പെട്ടു.

ലിബറൽ രാഷ്ട്രീയചിന്തയുടെ അടിസ്ഥാന രാഷ്ട്രീയഘടകമായി "സ്വതന്ത്രവ്യക്തി" എങ്ങനെ രൂപപ്പെട്ടു? വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഭരണകൂടത്തിന് മുമ്പുള്ളതും, ഭരണകൂടത്തിൽ നിന്ന് സ്വതന്ത്രവുമായവയാണെന്ന ധാരണയ്ക്ക് എന്താണ് ചരിത്രപരമായ അടിത്തറ?

ഈ മാറ്റത്തെ ലിബറൽ ഡെമോക്രസിയുടെ തന്നെ ഒരു പ്രതിരോധാത്മകമായ പുനഃസംഘടനയായി കാണേണ്ടതുണ്ട്. പാർട്ടികളെ ഭരണഘടനാപരമായി അംഗീകരിക്കുകയും അവയുടെ സംഘാടനം, തെരഞ്ഞെടുപ്പ് പ്രവർത്തനം, ധനസമാഹരണം, ആന്തരിക ജനായത്തം, രാഷ്ട്രീയ അധികാരത്തിലേക്കുള്ള പ്രവേശനം എന്നിവയെ വിവിധ രീതികളിൽ നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ, ജനായത്തത്തെ നശിപ്പിക്കാൻ കഴിയുന്ന അതേ രാഷ്ട്രീയ ശക്തിയെ ജനായത്തത്തിന്റെ ഭരണഘടനാപരമായ ചട്ടക്കൂടിനകത്ത് നിലനിർത്താനുള്ള ശ്രമമാണ് നടന്നത്.

സ്വതന്ത്ര വ്യക്തി എന്ന രാഷ്ട്രീയ ഏകകം

ആദ്യം ഉന്നയിച്ച മൂന്ന് ചോദ്യങ്ങളിൽ ഒന്നാമത്തെയും മൂന്നാമത്തെയും ചോദ്യങ്ങൾക്കുള്ള ഉത്തരം മുകളിൽ നടത്തിയ ചർച്ചയിൽ ഒരു പരിധിവരെ ഉൾക്കൊള്ളുന്നുണ്ട്. എന്നാൽ രണ്ടാമത്തെ ചോദ്യം-വ്യക്തികേന്ദ്രിതമായ ലിബറൽ രാഷ്ട്രീയ ഘടനയിൽ എന്തുകൊണ്ടാണ് രാഷ്ട്രീയപ്പാർട്ടികൾ അനിവാര്യമായ ഇടനിലക്കാരായി മാറിയത്-ഇനിയും വിശദീകരിക്കേണ്ടതുണ്ട്.

ഈ ചോദ്യത്തിലേക്ക് നേരിട്ട് കടക്കുന്നതിനു മുമ്പ്, ഇതുമായി ബന്ധപ്പെട്ട ഒരു മുൻചോദ്യം പരിശോധിക്കേണ്ടിയിരിക്കുന്നു. ലിബറൽ രാഷ്ട്രീയചിന്തയുടെ അടിസ്ഥാന രാഷ്ട്രീയഘടകമായി "സ്വതന്ത്രവ്യക്തി" എങ്ങനെ രൂപപ്പെട്ടു? വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഭരണകൂടത്തിന് മുമ്പുള്ളതും, ഭരണകൂടത്തിൽ നിന്ന് സ്വതന്ത്രവുമായവയാണെന്ന ധാരണയ്ക്ക് എന്താണ് ചരിത്രപരമായ അടിത്തറ? എന്തുകൊണ്ടാണ് ലിബറൽ രാഷ്ട്രീയ തത്ത്വചിന്ത സ്വതന്ത്രവും അവകാശങ്ങളുള്ളതുമായ വ്യക്തിയെ അതിന്റെ രാഷ്ട്രീയചിന്തയുടെ ആരംഭബിന്ദുവാക്കിയത്?

വ്യക്തിയുടെ സ്വാതന്ത്ര്യം എന്നത് സമൂഹത്തിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വേർപെട്ട് നിലനിൽക്കുന്ന അമൂർത്തമായ സ്വാഭാവിക അവകാശം എന്നതിലുപരി, പ്രത്യേക സാമൂഹിക പദവി, ആചാരം, പ്രാദേശിക സമൂഹം, കുടുംബബന്ധം, മതസ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ടിരുന്നു.
വ്യക്തിയുടെ സ്വാതന്ത്ര്യം എന്നത് സമൂഹത്തിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വേർപെട്ട് നിലനിൽക്കുന്ന അമൂർത്തമായ സ്വാഭാവിക അവകാശം എന്നതിലുപരി, പ്രത്യേക സാമൂഹിക പദവി, ആചാരം, പ്രാദേശിക സമൂഹം, കുടുംബബന്ധം, മതസ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ടിരുന്നു.

ലിബറൽ ആശയങ്ങളുടെ ഉദയത്തിനു മുമ്പുള്ള ഇംഗ്ലീഷ് രാഷ്ട്രീയ-നിയമ പാരമ്പര്യത്തിൽ വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും, ഒരു പരിധിവരെ, വ്യക്തി ഉൾപ്പെട്ടിരുന്ന സാമൂഹിക, പ്രാദേശിക, മതപര, കോർപ്പറേറ്റ് സ്ഥാപനങ്ങളുമായും അവയുടെ പാരമ്പര്യ അവകാശങ്ങളുമായും ബന്ധപ്പെട്ടാണ് മനസ്സിലാക്കപ്പെട്ടിരുന്നത്. കൊറിൻ സി. വെസ്റ്റൺ (Corinne C. Weston) പുരാതന ഇംഗ്ലീഷ് ഭരണഘടനാപാരമ്പര്യത്തെക്കുറിച്ചുള്ള പഠനത്തിൽ കാണിക്കുന്നതുപോലെ, ഇംഗ്ലീഷ് ഭരണഘടനാ ചിന്തയിൽ വ്യക്തിയുടെ അവകാശങ്ങൾ ചരിത്രപരമായ ആചാരങ്ങൾ, പൊതു നിയമം (commom law), കോർപ്പറേറ്റ് അധികാരങ്ങൾ, പ്രാദേശിക സ്വാതന്ത്ര്യങ്ങൾ എന്നിവയുമായി ചേർന്ന വിധത്തിലായിരുന്നു (Corinne C. Weston, “England: Ancient Constitution and Common Law”). വ്യക്തിയുടെ സ്വാതന്ത്ര്യം എന്നത് സമൂഹത്തിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വേർപെട്ട് നിലനിൽക്കുന്ന അമൂർത്തമായ സ്വാഭാവിക അവകാശം എന്നതിലുപരി, പ്രത്യേക സാമൂഹിക പദവി, ആചാരം, പ്രാദേശിക സമൂഹം, കുടുംബബന്ധം, മതസ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ടിരുന്നു. മഗ്‌നാ കാർട്ട ഈ രാഷ്ട്രീയ ഭാഷയുടെ ഒരു പ്രധാന ഉദാഹരണമാണ്. അതിലെ സ്വാതന്ത്ര്യം എന്ന ആശയം പ്രധാനമായും വ്യക്തിയുടെ സ്വകാര്യ സ്വാതന്ത്ര്യത്തിൽ കേന്ദ്രീകരിക്കുന്നില്ല; ഇംഗ്ലീഷ് ചർച്ചിൻ്റെ സ്വാതന്ത്ര്യം, ലണ്ടൻ മാതിരി നഗരങ്ങളുടെ പുരാതന സ്വാതന്ത്ര്യം, പ്രഭു കുടുംബങ്ങൾ തുടങ്ങിയ സാമൂഹിക വിഭാഗങ്ങളുടെ പാരമ്പര്യ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെടാണ് ഇവിടെ പ്രധാനമായും സ്വാതന്ത്ര്യവും അവകാശവും കടന്നു വരുന്നത്.

അതേസമയം, “free man” എന്ന നിലയിൽ വ്യക്തിയുടെ ശരീരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിയമപരമായ സംരക്ഷണവും മഗ്‌നാ കാർട്ടയിൽ കാണാം. അതിനാൽ മഗ്‌നാ കാർട്ടയിലെ സ്വാത്രന്ത്ര്യത്തെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അഭാവമായി കാണാനാവില്ല. എങ്കിലും വ്യക്തിസ്വാതന്ത്ര്യം ഏറിയകൂറും സാമൂഹിക സ്ഥാപനങ്ങളുടെ നിയമപരമായ അവകാശക്രമത്തിനുള്ളിൽ സ്ഥിതിചെയ്തിരുന്നു.

17-ാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ തന്നെ അമേരിക്കയിലേക്കുള്ള കുടിയേറ്റം ആരംഭിച്ച ഇംഗ്ലീഷുകാരും അവരുടെ മാതൃരാജ്യ- സാമ്രാജ്യ ഭരണാധികാരികളും തമ്മിൽ രാഷ്ട്രീയ സംഘർഷം ഉടലെടുക്കുന്നുണ്ട്. ഇംഗ്ലീഷ് രാജാവിനാൽ പ്രത്യേകമായി കച്ചവട കമ്പനികൾക്ക് അനുവദിച്ചു നൽകിയ ചാർട്ടറിൻ്റെ പുറത്താണ് അമേരിക്കൻ ഭൂമികളിൽ ഇംഗ്ലീഷ് കുടിയേറ്റ കോളനികൾ സ്ഥാപിക്കപ്പെടുന്നതെങ്കിലും, കോളനിവാസികൾ രാജാവിൻ്റെ സമ്പൂർണ്ണ നിയന്ത്രണത്തിനു വിധേയരാകാൻ വിസമ്മതിക്കുകയുണ്ടായി. രാജാവിൻ്റെ ഏകപക്ഷീയ ശാസനങ്ങളെ കുടിയേറ്റത്തിൻ്റെ തുടക്കം മുതൽ തന്നെ കോളനിവാസികൾ എതിർത്തു പോന്നു. ഇംഗ്ലീഷ് കുടിയേറ്റക്കാർ രാജശാസനങ്ങളെ ധിക്കരിച്ചത് അവ മഗ്‌ന കാർട്ട തുടങ്ങിയ പരമ്പരാഗത ഇംഗ്ലീഷ് ഭരണനിയമങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് (Harold Dexter Hazeltine, "The Influence of Magna Carta on American Constitutional Development’’) പരമ്പരാഗതമായി രാജ്യം പിന്തുടരുന്ന ഭരണവ്യവസ്ഥക്കു വിധേയനാകണം ഭരണാധികാരി എന്നവർ ഓർമ്മിപ്പിച്ചു. രാജ്യത്ത് ഓരോ സാമൂഹിക വിഭാഗങ്ങളും അനുഭവിച്ചു പോരുന്ന ഭരണഘടനാപരമായ സ്വാതന്ത്ര്യവും അവകാശവും അമേരിക്കൻ കോളനികളിൽ താമസിക്കുന്ന പ്രജകൾക്കും കിട്ടണമെന്ന് ഇംഗ്ലീഷ് കുടിയേറ്റക്കാർ ആവശ്യപ്പെട്ടു. വിവിധ സാമൂഹിക സ്ഥാപനങ്ങളുടെ പാരമ്പര്യാവകാശങ്ങൾ സംരക്ഷിക്കുന്നതും, അതുവഴി വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുന്നതും, അങ്ങനെ സ്വേച്ഛാപരമായ ഭരണത്തെ നിയന്ത്രിക്കുന്നതുമായ ഇംഗ്ലീഷ് നിയമവാഴ്ച കോളനികൾക്കും ബാധകമാണെന്നു അവർ ശഠിച്ചു.

തങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി യൂറോപ്പിൽ സ്ഥിതിചെയ്യുന്ന ഇംഗ്ലീഷ് ഭരണാധികാരികളുടെ സ്വേച്ഛാധികാരത്തെ ചോദ്യം ചെയ്യുന്നതിനു പുറമേ, അമേരിക്കൻ ഭൂഖണ്ഡത്തിൽ തങ്ങൾ സ്ഥാപിച്ച പുതിയ രാഷ്ട്രീയ-സാമൂഹിക ക്രമത്തെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു വലിയ സംഘർഷത്തെയും കുടിയേറ്റക്കാർക്കു നേരിടേണ്ടിവന്നു. അമേരിക്കയിലെ തദ്ദേശീയ സമൂഹങ്ങൾക്കു അവരുടെ നാടിൻ്റെ മേലുള്ള രാഷ്ട്രീയ അധികാരവും പരമ്പരാഗത ഭൂമിയവകാശങ്ങളും കോളനിവൽക്കരണത്തിന്റെ വ്യാപനത്തിന് ഒരു പ്രധാന തടസ്സമായിരുന്നല്ലോ.

ഇംഗ്ലണ്ടിൽ തങ്ങൾക്കു പാരമ്പര്യമായി ലഭിച്ച ഭരണഘടനാ അവകാശങ്ങൾ അമേരിക്കൻ ഭൂമിയിലും സംരക്ഷിക്കപ്പെടണമെന്ന് ഇംഗ്ലീഷ് ഭരണത്തോട് ആവശ്യപ്പെട്ടിരുന്ന കോളനിവാസികൾ, അമേരിക്കൻ ഭൂഖണ്ഡത്തിലെ തദ്ദേശീയ സമൂഹങ്ങളുടെ പരമ്പരാഗത ഭൂമിയവകാശങ്ങളെ അതേ രീതിയിൽ അംഗീകരിച്ചില്ല. അതിനാൽ, ഇംഗ്ലീഷ് ഭരണകൂടത്തിന്റെ സ്വേച്ഛാധികാരത്തെ എതിർത്തുകൊണ്ടിരുന്ന അതേ രാഷ്ട്രീയ സമൂഹം തന്നെ തദ്ദേശീയ സമൂഹങ്ങളുടെ പരമ്പരാഗത സ്വയംഭരണാവകാശങ്ങൾക്കു മേൽ സ്വേച്ഛാപരമായ അധികാരം പ്രയോഗിക്കുകയും, അവരുടെ ഭൂമിയിൽ തങ്ങളുടെ രാഷ്ട്രീയമായ സ്വയംഭരണാവകാശം സ്ഥാപിക്കുകയും ചെയ്തു.

"ഭൂമിയുടെ പരിഷ്കരണം" എന്ന ആശയത്തിലൂടെയാണ് അമേരിക്കൻ തദ്ദേശീയർക്കു മേലുള്ള തങ്ങളുടെ സ്വേച്ഛാധികാരത്തെ നിയമപരമായും ബൗദ്ധികമായും ഇംഗ്ലീഷ് കൈയേറ്റക്കാർ ന്യായീകരിച്ചത്. യൂറോപ്യൻ കോളനിവാസികൾ അമേരിക്കൻ ഭൂമി വേലികെട്ടി, കൃഷി ചെയ്തു സ്വന്തം അധ്വാനത്തിലൂടെ അതിൽ മൂല്യം സൃഷ്ടിക്കുന്നു എന്ന വാദം തദ്ദേശീയരുടെ പരമ്പരാഗത ഭൂമിയവകാശത്തെ ചോദ്യം ചെയ്യുന്നതിനായി ഉപയോഗിക്കപ്പെട്ടു. എല്ലാവർക്കും പൊതുവായ ഭൂമി വ്യക്തികൾ അവരുടെ അധ്വാനത്താൽ പ്ലാൻ്റേഷൻ തോട്ടങ്ങളാക്കി, ഉല്പാദനപരമാക്കി, പണമൂല്യമുള്ളതാക്കി മാറ്റുന്നതിനാൽ അത്തരം ഭൂമികൾക്കു മേൽ ഇംഗ്ലീഷ് വ്യക്തികൾക്കു സ്വകാര്യമായ അവകാശമുണ്ടെന്നു സ്ഥാപിച്ചു. (Barbara Arneil’s, "The Wild Indian’s Venison: Locke’s Theory of Property and English Colonialism in America’’).

ഇവിടെ ഇംഗ്ലീഷ് സ്വത്തവകാശ പാരമ്പര്യത്തിന് അമേരിക്കയിലെ മാറിയ സാമൂഹിക സാഹചര്യത്തിൽ പുതിയ അർത്ഥം ലഭിച്ചു. അമേരിക്കൻ കോളനികളിലെ ഭൂമിയുടെ ലഭ്യത, ഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്യാനുള്ള സാധ്യത, പ്രാദേശിക ഭൂവിതരണം എന്നിവ സ്വത്തുടമസ്ഥതയെ വ്യക്തിഗത സാമ്പത്തിക സ്വാതന്ത്ര്യവുമായി കൂടുതൽ ബന്ധിപ്പിച്ചു. ഭൂമിയിൽ സ്വന്തം അധ്വാനം നിക്ഷേപിക്കുകയും അതിന്റെ ഫലം തൻ്റെ സ്വകാര്യ സ്വത്തായി അവകാശപ്പെടുത്തുകയും ചെയ്യുന്ന വ്യക്തി എന്ന ആശയം ഇതുവഴി ശക്തമായി.

മുമ്പ് വ്യക്തിയുടെ സ്വാതന്ത്ര്യം പ്രധാനമായും “ഞാൻ ഏത് സാമൂഹിക-നിയമപരമായ സമൂഹത്തിലെ അംഗമാണ്” എന്ന ചോദ്യവുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ, കോളനികളിലെ പുതിയ സാഹചര്യത്തിൽ “എനിക്ക് സ്വന്തമായി സ്വത്ത് ആർജ്ജിക്കാനും അതിന്റെ മേൽ നിയന്ത്രണം പുലർത്താനും കഴിയുന്നുണ്ടോ” എന്ന ചോദ്യവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിർണായക ഘടകമായി മാറി.

അതിനാൽ അമേരിക്കൻ കോളനിവൽക്കരണത്തിൽ രണ്ട് വ്യത്യസ്ത അവകാശ ഭാഷകൾ ഒരേസമയം പ്രവർത്തിച്ചു. ഇംഗ്ലീഷ് ഭരണാധികാരികളുടെ സ്വേച്ഛാധികാരത്തെ എതിർക്കുമ്പോൾ അമേരിക്കൻ കോളനിവാസികൾ പരമ്പരാഗത ഇംഗ്ലീഷ് സ്വാതന്ത്ര്യം, പ്രജകളുടെ ഭരണഘടനാ അവകാശങ്ങൾ, സ്റ്റേറ്റിൻ്റെ ഉത്തരവാദിത്വം എന്നീ നിയമ ഭാഷകൾ ഉപയോഗിച്ചു. എന്നാൽ തദ്ദേശീയരുടെ പരമ്പരാഗത ഭൂമിയിലുള്ള അവകാശത്തെ നിഷേധിക്കുന്നതിനായി വ്യക്തിയുടെ അധ്വാനം, കാർഷിക മെച്ചപ്പെടുത്തൽ, സ്വത്തുടമസ്ഥത എന്നിവയെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു ഭാഷയാണ് അവർ പ്രയോഗിച്ചത്. ഒന്നാമത്തെ ഭാഷ പ്ലാൻ്റേഷൻ കോളനിവാസിയുടെ സ്വയംഭരണ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചപ്പോൾ, രണ്ടാമത്തെ ഭാഷ പ്ലാൻ്റേഷൻ സ്വത്തുടമസ്ഥതയെ വികസിപ്പിക്കുന്നതിനും തദ്ദേശീയ ഭൂമിയിലേക്കുള്ള കടന്നുകയറ്റത്തെ ന്യായീകരിക്കുന്നതിനും സഹായിച്ചു.

സ്വത്തുടമസ്ഥതയെന്നത് സാമ്പത്തിക തലത്തിൽ ഒതുങ്ങുന്നല്ലെന്നും, രാഷ്ട്രീയ സ്വാധീനം, സാമൂഹിക പദവി, തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം, വ്യക്തിയുടെ സ്വയംഭരണം ഇവയെല്ലാം സ്വത്തുടമസ്ഥതയുമായി നേരിട്ടു തന്നെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, അതിനാൽ ഇംഗ്ലീഷ് അമേരിക്കയിൽ ധാരാളം വ്യക്തികൾ സ്വകാര്യസ്വത്തിൻ്റെ ഉടമകളായത് അമേരിക്കൻ വ്യക്തിവാദം വളരുന്നതിലെ പ്രധാന ഘടകങ്ങളിലൊന്നാണെന്നും ഗ്രേ ഡി. ലിബികാപ് പറയുന്നു. (Gary D. Libecap, "Property Rights to Frontier Land and Minerals: US Exceptionalism").

ഇംഗ്ലീഷ് പാരമ്പര്യ ഭരണഘടനാവാദത്തിന്റെയും അമേരിക്കൻ കോളനികളിൽ വികസിച്ചുകൊണ്ടിരുന്ന സ്വകാര്യ വ്യക്തിയെ കേന്ദ്രീകരിച്ച പുതിയ സ്വത്തവകാശത്തിൻ്റെയും സംയോജനം “സ്വതന്ത്ര വ്യക്തി” എന്ന ആശയത്തിന് അതുവരെയില്ലാത്ത പുതിയ മാനങ്ങൾ നൽകി. ഇപ്പോൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അളവുകോൽ പാരമ്പര്യമായി ലഭിച്ച സാമൂഹിക അവകാശങ്ങളിൽ മാത്രം ഒതുങ്ങി നിന്നില്ല; വ്യക്തിക്ക് സ്വന്തം അധ്വാനത്തിലൂടെയും സ്വത്തവകാശത്തിലൂടെയും സാമ്പത്തികമായി സ്വയംപര്യാപ്തനാകാനുള്ള ശേഷിയുമായി അയാളുടെ സ്വാതന്ത്ര്യം നിർവ്വചിക്കപ്പെടാൻ തുടങ്ങി. സ്വകാര്യസ്വത്ത് സമ്പാദിക്കാനും കൈവശം വയ്ക്കാനും അതിന്റെ ഫലം സ്വയം അനുഭവിക്കാനും കഴിയുന്ന വ്യക്തി, പാരമ്പര്യ സാമൂഹിക സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന അവകാശങ്ങളുടെ ഒരു ഉപഭോക്താവ് എന്ന സ്ഥാനം കൂടാതെ, സ്വന്തം സാമ്പത്തിക-രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ സ്രഷ്ടാവായും ഉയർന്നുവന്നു.

അങ്ങനെ സ്വാതന്ത്ര്യത്തിൻ്റെ സാമൂഹിക അടിത്തറയിൽ ഒരു മാറ്റം സംഭവിക്കാൻ തുടങ്ങി. മുമ്പ് വ്യക്തിയുടെ സ്വാതന്ത്ര്യം പ്രധാനമായും “ഞാൻ ഏത് സാമൂഹിക-നിയമപരമായ സമൂഹത്തിലെ അംഗമാണ്” എന്ന ചോദ്യവുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ, കോളനികളിലെ പുതിയ സാഹചര്യത്തിൽ “എനിക്ക് സ്വന്തമായി സ്വത്ത് ആർജ്ജിക്കാനും അതിന്റെ മേൽ നിയന്ത്രണം പുലർത്താനും കഴിയുന്നുണ്ടോ” എന്ന ചോദ്യവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിർണായക ഘടകമായി മാറി. വ്യക്തിയുടെ സ്വാതന്ത്ര്യം ഇനി പാരമ്പര്യാവകാശങ്ങളുടെ സംരക്ഷണം മാത്രമല്ല; സ്വത്ത് ആർജ്ജിക്കാനും സ്വയംപര്യാപ്തനാകാനും സ്വന്തം ജീവിതത്തെ സ്വയം നയിക്കാനുമുള്ള ശേഷിയുമായും ബന്ധപ്പെട്ടു.

ഈ പരിവർത്തനം പൂർണ്ണമായും പരമ്പരാഗത ഇംഗ്ലീഷ് ഭരണഘടനാവാദത്തിന്റെ നിരാകരണമായിരുന്നില്ല. മറിച്ച്, അതിന്റെ ഒരു പുതിയ കൊളോണിയൽ പുനഃസംഘാടനം ആയിരുന്നു. ഇംഗ്ലീഷ് ഭരണഘടനാവാദം വ്യക്തിക്ക് സ്വേച്ഛാധികാരത്തിൽ നിന്നുള്ള സംരക്ഷണത്തിന്റെ ഭാഷ നൽകിയപ്പോൾ, പുതിയ കോളനി ഭൂവുടമാ ബന്ധം വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഒരു ഭൗതിക അടിത്തറ നൽകി. വ്യക്തിയെ ഒരു പ്രത്യേക സാമൂഹിക സ്ഥാപനത്തിന്റെ അംഗം എന്ന നിലയിൽ കൂടാതെ സ്വത്ത്, അധ്വാനം, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവയുടെ അവകാശിയായ സ്വതന്ത്രവ്യക്തി എന്ന വിധത്തിലും സങ്കല്പിക്കാനുള്ള സാഹചര്യം ഈ ആശയസംയോഗം സൃഷ്ടിച്ചു. ചുരുക്കത്തിൽ, സ്വതന്ത്രനായ ഇംഗ്ലീഷുകാരൻ എന്ന പഴയ സങ്കൽപ്പം ക്രമേണ സ്വതന്ത്രനായ സ്വത്തുടമ (free property-holding individual) എന്ന കൂടുതൽ വ്യക്തികേന്ദ്രിതമായ രാഷ്ട്രീയ സങ്കൽപ്പത്തിലേക്ക് നീങ്ങാൻ തുടങ്ങി.

ജോൺ ലോക്കിന്റെ ഛായാചിത്രം, 1697-ൽ Godfrey Kneller വരച്ചത്.
ജോൺ ലോക്കിന്റെ ഛായാചിത്രം, 1697-ൽ Godfrey Kneller വരച്ചത്.

ഇംഗ്ലീഷ് ഭരണഘടനാവാദത്തിന്റെയും അമേരിക്കൻ കോളനി ഭൂമിയിൽ വികസിച്ച പുതിയ സ്വത്തുടമസ്ഥതാവാദത്തിൻ്റെയും സംയോഗത്തിൽ രൂപംകൊണ്ട സ്വതന്ത്ര വ്യക്തിവാദരാഷ്ട്രീയം അമേരിക്കൻ കോളനികളിൽ മാത്രം ഒതുങ്ങിനിന്നില്ല. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇംഗ്ലണ്ടിൽ രാജാധികാരത്തിന്റെ സ്വേച്ഛാപരമായ പ്രയോഗത്തിനെതിരെ നടന്ന ആഭ്യന്തര സംഘർഷത്തിലും സമാനമായ ആശയസംയോജനത്തിന്റെ ശക്തി കാണാൻ കഴിയും. പ്രത്യേകിച്ച് ലെവലർമാരുടെ രാഷ്ട്രീയചിന്തയിൽ, പരമ്പരാഗത ഇംഗ്ലീഷ് സ്വാതന്ത്ര്യത്തിൻ്റെ സംരക്ഷണവും വ്യക്തിയുടെ സ്വത്തവകാശവും തമ്മിൽ പുതിയൊരു ബന്ധം രൂപപ്പെടുന്നതായി കാണാം.

ലെവലർമാർ മുന്നോട്ടുവച്ച ഭരണഘടനാപരമായ പദ്ധതികളുടെ അടിത്തറ സ്വേച്ഛാപരമായ ഭരണകൂടത്തെ നിയന്ത്രിക്കുന്നതിനുള്ള ജനങ്ങളുടെ രാഷ്ട്രീയ അധികാരമായിരുന്നു. ഭരണാധികാരിയുടെ അധികാരം നിയമത്തിനും ജനങ്ങളുടെ സമ്മതത്തിനും വിധേയമായിരിക്കണം എന്ന ആശയത്തോടൊപ്പം, ഓരോ സ്വതന്ത്ര ഇംഗ്ലീഷുകാരന്റെയും നിയമപരവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യത്തിനും അവർ പ്രാധാന്യം നൽകി. ഇവിടെ "ജന്മനാ സ്വതന്ത്രനായ ഇംഗ്ലീഷുകാരൻ "(free-born Englishman) എന്ന പഴയ ഭരണഘടനാ ഭാഷ കൂടുതൽ വ്യക്തികേന്ദ്രിതമായ രാഷ്ട്രീയാവകാശത്തിൻ്റെ അടയാളമായി മാറി. ലെവലർമാരുടെ നേതാക്കളിൽ പ്രമുഖനായ ജോൺ ലിൽബണിനെ (John Lilburne) കുറിച്ചു റേച്ചൽ ഫോക്‌സ്‌ലി (Rachel Foxley) പറയുന്നത് ലിൽബണിൻ്റെ ‘‘ജന്മനാ സ്വതന്ത്രനായ ഇംഗ്ലീഷുകാരൻ’’ എന്ന പ്രയോഗത്തിൻ്റെ അർത്ഥം പരമ്പരാഗത ഇംഗ്ലീഷ് ഭരണഘടന പ്രകാരമുള്ള സ്വാതന്ത്ര്യവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും പകരം, ലിൽബൺ ഈ പ്രയോഗത്തിന് പുതിയ ഒരർത്ഥം കൂടി നൽകിയെന്നുമാണ്. രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ ജന്മനാ തന്നെ അവകാശങ്ങളുള്ള ഒരു വ്യക്തിയാണ് സ്വതന്ത്രനായ ഇംഗ്ലീഷുകാരൻ (Rachel Foxley, "John Lilburne and the Citizenship of ‘Free-Born Englishmen").

അതോടൊപ്പം, ഭൂസ്വത്തിൻ്റെ സംരക്ഷണവും ലെവലർ രാഷ്ട്രീയചിന്തയിൽ മുഖ്യസ്ഥാനം പിടിച്ചു. പ്രത്യേകിച്ച് ചെറുകിട സ്വത്തുടമകളുടെയും സ്വതന്ത്ര കർഷകരുടെയും ഭൂമി സ്വേച്ഛാപരമായ അധികാരത്തിൽ നിന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ആശയം, വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ രാഷ്ട്രീയ സ്വാതന്ത്ര്യവുമായി ബന്ധിപ്പിച്ചു. ഒരാളുടെ സ്വത്തുവകയിൽ അന്യായമായി ഇടപെടുന്നത് അയാളുടെ സാമ്പത്തിക അവകാശത്തെ മാത്രമല്ല, സ്വതന്ത്രവ്യക്തി എന്ന നിലയിലുള്ള അയാളുടെ രാഷ്ട്രീയ സ്ഥാനത്തെയും ബാധിക്കുന്നതായി കാണപ്പെട്ടു.

ഇതുവഴി ലെവലർമാരുടെ രാഷ്ട്രീയചിന്തയിൽ രണ്ടു തലങ്ങൾ ഒരേസമയം പ്രവർത്തിക്കുന്നതായി കാണാം. ഒന്നാമതായി, പ്രാദേശിക സമൂഹങ്ങൾക്കും പരമ്പരാഗത സ്ഥാപനങ്ങൾക്കും പിൻതുടർച്ചയായി ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന ഇംഗ്ലീഷ് ഭരണഘടനാവാദം. രണ്ടാമതായി, ഈ സാമൂഹിക-നിയമക്രമത്തിനുള്ളിൽ സ്വതന്ത്ര വ്യക്തിക്ക് തന്റെ ശരീരം, സ്വാതന്ത്ര്യം, സ്വത്തുവക, രാഷ്ട്രീയ പങ്കാളിത്തം എന്നിവയിൽ അവകാശമുണ്ടെന്ന കൂടുതൽ വ്യക്തികേന്ദ്രിതമായ ആവശ്യം. അതിനാൽ ലെവലർമാരുടെ രാഷ്ട്രീയചിന്തയിൽ സാമൂഹികമായ അവകാശങ്ങളും വ്യക്തിപരമായ അവകാശങ്ങളും സമ്മേളിക്കുന്നുണ്ട്.

ഈ നിലയിൽ, അമേരിക്കൻ കോളനികളിലെ സംഘർഷങ്ങളും ഇംഗ്ലീഷ് ആഭ്യന്തര സമരവും പരസ്പരം വേർതിരിച്ച സംഭവങ്ങളായി കാണേണ്ടതില്ല. രണ്ടിടത്തും പഴയ ഇംഗ്ലീഷ് ഭരണഘടനാ തത്ത്വങ്ങൾ പുതിയ രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങളിൽ പുനർവ്യാഖ്യാനിക്കപ്പെട്ടു. അതിനാൽ പതിനേഴാം നൂറ്റാണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പെട്ടെന്നുള്ള ജനനകാലം എന്നതിലുപരി, സാമൂഹികമായി മനസ്സിലാക്കപ്പെട്ടിരുന്ന വ്യക്തിസ്വാതന്ത്ര്യം ക്രമേണ വ്യക്തികേന്ദ്രിതമായ അവകാശമായി പുനർനിർവ്വചിക്കപ്പെട്ട കാലഘട്ടം എന്ന നിലയിൽ കാണാവുന്നതാണ്. അമേരിക്കൻ കോളനിവൽക്കരണവും ലെവലർ പ്രസ്ഥാനവും ഈ വിശാലമായ പരിവർത്തനത്തിന്റെ വ്യത്യസ്ത ചരിത്രവേദികളായി പ്രവർത്തിച്ചു.

ജോൺ ലോക്കിൻ്റെ ലിബറൽ തത്ത്വചിന്തയുടെ നേരിട്ടുള്ള സ്വാധീനം മഹത്തായ വിപ്ലവത്തിനു ശേഷമുള്ള ഇംഗ്ലീഷ് ഭരണപരിഷ്ക്കാരങ്ങളിൽ പ്രകടമായി കാണാമെന്ന് മാർക്ക് നൈറ്റ്സ് ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ ഭരണഘടനാ നിർമ്മാതാക്കളിലും ലോക്കിൻ്റെ സ്വാധീനം നിഷേധിക്കാനാവില്ല.

എന്നാൽ 17 -ാം നൂറ്റാണ്ടിൻ്റെ മധ്യത്തിലെ ലെവലർമാരിൽ നിന്നും അതേ നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ ക്ലാസിക്കൽ ലിബറൽ ചിന്തയുടെ പ്രധാന പ്രണേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ജോൺ ലോക്കിലെത്തുമ്പോൾ “സ്വതന്ത്ര വ്യക്തി” എന്ന രാഷ്ട്രീയ പരികല്പന അനിതര സാധാരണമായ പ്രാധാന്യം കൈവരിക്കുന്നു. ലെവലർമാരുടെ രാഷ്ട്രീയചിന്തയിൽ വ്യക്തിസ്വാതന്ത്ര്യം, സ്വത്തുടമസ്ഥത, ജനകീയ സമ്മതം എന്നിവയ്ക്കൊപ്പം പൊതുനിയമം, പുരാതന ഭരണഘടന, പരമ്പരാഗത അവകാശങ്ങൾ തുടങ്ങിയവയും ഉൾപ്പെട്ടിരുന്നെങ്കിൽ, ജോൺ ലോക്കിന്റെ രാഷ്ട്രീയചിന്ത ആരംഭിക്കുന്നതു തന്നെ സ്വതന്ത്രരും തുല്യരും സ്വത്തുടമകളുമായ വ്യക്തികളിൽ നിന്നാണ്.

ലോക്കിന്റെ ചിന്തയിൽ രാഷ്ട്രീയാധികാരത്തിന്റെ ന്യായീകരണം ഒരു പ്രത്യേക സാമൂഹിക പദവിയിൽനിന്നോ പാരമ്പര്യ കോർപ്പറേറ്റ് അവകാശത്തിൽ നിന്നോ മാത്രം ഉത്ഭവിക്കുന്നതല്ല. മറിച്ച്, സ്വതന്ത്രരും തുല്യരുമായ വ്യക്തികൾ അവരുടെ പരസ്പര സമ്മതത്തിലൂടെ രാഷ്ട്രീയ ഘടന രൂപീകരിക്കുന്നു എന്ന സങ്കൽപ്പമാണ് കേന്ദ്രത്തിൽ വരുന്നത്. ജീവൻ, സ്വാതന്ത്ര്യം, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിയുടെ അവകാശങ്ങൾ രാഷ്ട്രീയ സമൂഹത്തിന്റെ സ്ഥാപനത്തിനു മുമ്പുതന്നെ നിലനിൽക്കുന്നവയായി സങ്കൽപ്പിക്കപ്പെടുന്നു. അതിനാൽ രാഷ്ട്രീയസമൂഹം വ്യക്തിയുടെ അവകാശങ്ങളുടെ സ്രഷ്ടാവെന്നതിനേക്കാൾ അവ സംരക്ഷിക്കുന്നതിനായി രൂപപ്പെടുന്ന ഒരു സംവിധാനമായി പ്രത്യക്ഷപ്പെടുന്നു. ലോക്കിൻ്റെ ചിന്തയിൽ വ്യക്തിയുടെ അവകാശങ്ങൾക്ക് അവന്റെ പ്രത്യേക സാമൂഹിക അംഗത്വവുമായി വലിയ ബന്ധമില്ല. വ്യക്തി ഒരു പ്രത്യേക സമൂഹത്തിന്റെ അംഗമായതിനാലല്ല ആദ്യം അവകാശങ്ങളുടെ ഉടമയാകുന്നത്. മറിച്ച് അവകാശങ്ങളുള്ള വ്യക്തികൾ ചേർന്നാണ് രാഷ്ട്രീയ വ്യവസ്ഥയ്ക്കു രൂപം നൽകുന്നത്.

ലോക്കിൻ്റെ അധ്വാനസിദ്ധാന്തപ്രകാരം തൻ്റെ സ്വന്തം അധ്വാനം കൊണ്ട് ഭൂമിയിൽ സമ്പത്ത് ഉല്പാദിപ്പിക്കുന്നവനാണ് വ്യക്തി. തൻ്റെ അധ്വാന ഫലം അനുഭവിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതിനാൽ സ്വന്തം ജീവിതത്തിൻ്റെയും സ്വത്തിൻ്റെയും നിയന്ത്രണം അയാളുടെ അധികാരമാണ്. അമേരിക്കയിലെ ഇംഗ്ലീഷ് പ്ലാൻ്റേഷൻ കോളനികളിൽ ജോൺ ലോക്കിനു നേരിട്ടു തന്നെയുള്ള അനുഭവങ്ങളും ഇടപെടലുകളുമാണ് ഇംഗ്ലണ്ടിലിരുന്നു കൊണ്ട് തൻ്റെ ലിബറൽ രാഷ്ട്രീയ ഘടനയെ പറ്റിയുള്ള തത്ത്വചിന്ത രൂപപ്പെടുത്താൻ സഹായിച്ചത് (Jess Edwards, "A Compass to Steer By: John Locke, Carolina, and the Politics of Restoration Geography"). "In the beginning all the world was America" എന്ന ലോക്കിൻ്റെ പ്രസ്താവന പ്രസിദ്ധമാണ്. സ്വതന്ത്രനായ സ്വത്തുല്പാദിപ്പിക്കുന്ന വ്യക്തി എന്ന സാർവ്വജനീന പരികല്പനക്ക് അമേരിക്കയിലെ തദ്ദേശീയ ഭൂമി കൈയേറുന്നതിൻ്റെ ന്യായീകരണവുമായി നേരിട്ടു തന്നെ ബന്ധമുണ്ട്.

1776 ജൂലൈ നാലിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസിന്റെ പെയ്ന്റിങ്.
1776 ജൂലൈ നാലിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസിന്റെ പെയ്ന്റിങ്.

ഇംഗ്ലണ്ടിൽ നിന്നും അമേരിക്കൻ ഭൂമികളിലെത്തുന്ന കൈയേറ്റക്കാരെ സ്വതന്ത്രവ്യക്തികളായി ലോക്ക് കാണുന്നു. തദ്ദേശീയരുടെ അമേരിക്കൻ ഭൂമികൾ അവർ കൈയടക്കുകയും അവിടെ തങ്ങളുടെ അധ്വാനത്താൽ (യഥാർത്ഥത്തിൽ അടിമകളുടെ അധ്വാനം ഉപയോഗിച്ച് ) പ്ലാൻ്റേഷനുകൾ സ്ഥാപിക്കുകയും സമ്പത്ത് ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സ്വത്തുടമകളായ വ്യക്തികൾ ചേർന്നു തങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കുന്നതിനായി ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കു രൂപം നൽകുന്നു. തങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണാധികാരികളുടെ ധർമ്മം സ്വതന്ത്ര വ്യക്തികളുടെ സ്വത്തവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ്. ഈ കരാർ ലംഘിച്ചാൽ സ്വതന്ത്രവ്യക്തികളുടെ സമൂഹം ഭരണാധികാരികളെ താഴെയിറക്കും. ഇപ്രകാരം ലിബറൽ ഭരണഘടനാവാദം ലോക്ക് അവതരിപ്പിക്കുന്നു.

ലോക്കിൻ്റെ ലിബറൽ തത്ത്വചിന്തയുടെ നേരിട്ടുള്ള സ്വാധീനം മഹത്തായ വിപ്ലവത്തിനു ശേഷമുള്ള ഇംഗ്ലീഷ് ഭരണപരിഷ്ക്കാരങ്ങളിൽ പ്രകടമായി കാണാമെന്ന് മാർക്ക് നൈറ്റ്സ് ചൂണ്ടിക്കാട്ടുന്നു (Mark Knights, "John Locke and Post-Revolutionary Politics: Electoral Reform and the Franchise"). അമേരിക്കൻ ഭരണഘടനാ നിർമ്മാതാക്കളിലും ലോക്കിൻ്റെ സ്വാധീനം നിഷേധിക്കാനാവില്ല. അതായത് പരമ്പരാഗത സാമൂഹിക സ്ഥാപനങ്ങളിലൂടെ വ്യക്തിയുടെ അവകാശങ്ങൾ നിർണ്ണയിക്കുന്ന ഭരണഘടനാവാദത്തിൽ നിന്നും, സ്വതന്ത്ര വ്യക്തിയിൽ സ്വയമേവ വന്നു ചേരുന്ന അവകാശങ്ങൾക്കു (life, liberty, estate) പ്രാധാന്യമുള്ള ഭരണഘടനാവാദത്തിലേക്കുള്ള -ലിബറൽ കോൺസ്റ്റിസ്റ്റ്യൂഷണലിസത്തിലേക്കുള്ള പരിവർത്തനമാണ് ജോൺ ലോക്കിലൂടെ ആഗ്ലോ-അമേരിക്കൻ ലോകത്ത് സംഭവിക്കുന്നത്.

ഇപ്രകാരം, വ്യക്തിയുടെ സ്വാതന്ത്ര്യം, അധ്വാനം, സ്വയംഭരണം ഇവയെ രാഷ്ട്രീയ ചിന്തയിൽ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചതുകൊണ്ടാകാം വ്യക്തിക്കും ഭരണകൂടത്തിനും ഇടയിൽ വരുന്ന പാർട്ടി എന്ന സാമൂഹിക സ്ഥാപനത്തെ ലിബറൽ ഭരണഘടനയിൽ നിന്നും ഒഴിവാക്കിയത്. സാമൂഹിക സ്ഥാപനങ്ങളുടെ മാധ്യസ്ഥമില്ലാതെ തന്നെ വ്യക്തികൾ സ്വതന്ത്രമായി കൂടിച്ചേർന്നു രാഷ്ട്രീയ ക്രമത്തെ നയിക്കുന്ന ഒരു ആദർശലോകം ലിബറൽ ഭരണവ്യവസ്ഥ സങ്കല്പിക്കുന്നു. എന്നാൽ യഥാർത്ഥ ലോകത്ത് സംഭവിച്ചതാകട്ടെ സ്വതന്ത്ര വ്യക്തിയുടെ രാഷ്ട്രീയ പങ്കാളിത്തം പാർട്ടി എന്ന സാമൂഹിക സ്ഥാപനം മുഖാന്തിരം സാധ്യമാകുന്നതായിട്ടാണ്. എന്തുകൊണ്ട് പാർട്ടികളെ ഒഴിവാക്കാനാവുന്നില്ല എന്ന രണ്ടാം ചോദ്യമാണ് ഇനി അവശേഷിക്കുന്നത്.

(തുടരും)


Summary: The Constitution Between Voters and Political Parties, AshokaKumar. V writes a Series, Chapter 2, Part 2.


അശോകകുമാർ വി.

എഴുത്തുകാരൻ. രാഷ്ട്രീയം, സമൂഹം , സംസ്‌ക്കാരം, പരിസ്ഥിതി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ എഴുതുന്നു.

അറിവിൻ്റെ ആപൽക്കരമായ തൂവൽസ്പർശം: നവലിബറലിസം -സാംസ്കാരിക പഠനങ്ങൾ, പരിസ്ഥിതി പ്രവർത്തനം: വീട്ടിലും വിദ്യാലയത്തിലും, രോഗം തരുന്ന വെളുത്ത ചോറ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments