ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം 2, അധ്യായം ഒന്ന്
▮
ഇന്ന് ലോകമെമ്പാടും പാർലമെൻ്ററി പാർട്ടികൾ സ്വതന്ത്ര ഭരണകൂട സ്ഥാപനങ്ങൾ കൈയേറി ജനായത്തത്തെ അത്യധികം ദുർബ്ബലപ്പെടുത്തുന്ന പശ്ചാത്തലത്തിൽ സാർവ്വത്രിക വോട്ടവകാശത്തിലേയ്ക്കെത്തിയ ജനായത്തത്തിൻ്റെ ആധുനിക ചരിത്രവും അതോടൊപ്പം പാർട്ടികളുടെ നീണ്ടകാലത്തെ ഉത്ഭവ പരിണാമങ്ങളുമാണ് ഒന്നാം ഭാഗത്ത് നാല് അധ്യായങ്ങളിലായി ചർച്ച ചെയ്തത്.
അപ്പോൾ കാണുന്നത് പ്രധാനമായും നാലു വസ്തുതകളാണ്.
ഒന്ന്; സ്ഥാനാർത്ഥീനിർണ്ണയത്തിലെ പ്രധാന റോൾ പാർലമെൻ്ററി പാർട്ടികൾ ഏറ്റെടുത്തിരിക്കുന്നു.
രണ്ട്; ഈ അമിതാധികാരം സാർവ്വത്രിക പ്രാതിനിധ്യത്തിനുള്ള അവകാശത്തെ ഏറിയകൂറും തടസ്സപ്പെടുത്തി, പ്രൊഫഷണലായ ഒരു എലീറ്റ് വർഗ്ഗത്തെ മിക്കവാറും ഭരണാധികാരികളാക്കി നിലനിർത്തുന്നു. മൂന്ന്; ഭരണസ്ഥിരത ഉറപ്പാക്കാൻ ഭൂരിപക്ഷ നിർമ്മിതിക്കുവേണ്ടിയുള്ള തന്ത്രങ്ങളുടെ ഭാഗമായി, പാർലമെൻ്ററി പാർട്ടികൾ ഭരണകൂട സ്ഥാപനങ്ങളുടെയും അനുബന്ധ സംവിധാനങ്ങളുടെയും സ്വയംഭരണത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും കൂടി കടന്നുകയറുമ്പോൾ, അതുവഴി ജനായത്തം ഒന്നുകൂടി ശോഷിച്ചു പോകുന്നു. അവസാനമായി, പാർലമെൻ്ററി പാർട്ടികൾ തന്നെ ജനായത്തത്തെ ശുഷ്ക്കിപ്പിക്കുന്ന ഈ പ്രവണത തടയാൻ വോട്ടർമാർക്കോ ഭരണഘടനാ സംവിധാനങ്ങൾക്കോ ഫലപ്രദമായി കഴിയുന്നില്ല. കാരണം, ഒരു പരിധിവരെ പാർലമെൻ്ററി പാർട്ടികൾ ഭരണഘടനക്കുള്ളിൽ നിൽക്കാത്തതും എന്നാൽ, ഭരണകൂടത്തെ നിയന്ത്രിക്കാൻ കെല്പുള്ളതുമായ സ്വയംഭരണസ്ഥാപനങ്ങളാണ്.
ജനങ്ങളിൽനിന്ന് ഭരിക്കാനുള്ള കൺസെൻ്റും ജനപ്രതിനിധിയെ നിയന്ത്രിക്കാനുള്ള കൺസെൻ്റും പാർലമെൻ്ററി പാർട്ടികൾ സ്വയംഭരണ സ്ഥാപനങ്ങളെന്ന നിലയിൽ ഒരേപോലെ നേടിയെടുത്തതിനെ നിയമപരമായി തന്നെ ഒരു പരിധി വരെ കോടതികൾ അനുവദിച്ചിരിക്കുന്നു.
അനുഭവത്തിൽ രാഷ്ട്രീയത്തിലെ സാമൂഹിക (സ്വയംഭരണ) സ്ഥാപനങ്ങളെന്ന നിലയിൽ പാർലമെൻ്ററി പാർട്ടികളാണ് പ്രതിനിധികളായി ജനങ്ങൾക്കും ഭരണകൂടത്തിനും ഇടയിൽ നിൽക്കുന്നത്; തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളല്ല. ജനങ്ങളുടെ വോട്ടധികാരവും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധിയുടെ സഭയിലെ വോട്ടധികാരവും പാർട്ടികളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ജനങ്ങൾ പാർട്ടിക്കു വോട്ടു ചെയ്യുന്നു; അതിനാൽ ജനപ്രതിനിധി മുഖ്യമായും പാർട്ടിപ്രതിനിധിയായി മാറുന്നു. വ്യക്തികളെന്ന നിലയിൽ വോട്ടർമാരും പ്രതിനിധിയും പാർട്ടിതീരുമാനങ്ങൾക്ക് വിധേയരാണ്. അതായത് വോട്ടർമാരുടെയും പ്രതിനിധിയുടെയും വ്യക്തിസ്വാതന്ത്ര്യം പാർട്ടിയുടെ അധികാരത്തിനും സ്വാതന്ത്ര്യത്തിനും മുകളിലല്ല. ചുരുക്കത്തിൽ വ്യക്തിസ്വാതന്ത്ര്യം പാർട്ടിഅധികാരത്തിലൂടെ മാത്രം പ്രകാശിതമാകുന്നു.
ജനങ്ങളിൽനിന്ന് ഭരിക്കാനുള്ള കൺസെൻ്റും ജനപ്രതിനിധിയെ നിയന്ത്രിക്കാനുള്ള കൺസെൻ്റും പാർലമെൻ്ററി പാർട്ടികൾ സ്വയംഭരണ സ്ഥാപനങ്ങളെന്ന നിലയിൽ ഒരേപോലെ നേടിയെടുത്തതിനെ നിയമപരമായി തന്നെ ഒരു പരിധി വരെ കോടതികൾ അനുവദിച്ചിരിക്കുന്നു എന്നതിനു തെളിവാണ്, ഇന്ത്യയിൽ നിലവിലുള്ള കൂറുമാറ്റ നിരോധന നിയമം. അതുപ്രകാരം ഒരു പാർട്ടി ടിക്കറ്റിൽ മത്സരിച്ചു ജയിച്ച ആൾ പാർട്ടിവിപ്പിന് വിരുദ്ധമായി വോട്ടു ചെയ്യരുത്. ജനങ്ങൾ പാർട്ടിയോട് വിശ്വാസം പുലർത്തി വോട്ടു ചെയ്തു ജയിപ്പിച്ചതിനാൽ, ആ ജനപ്രതിനിധിക്ക് പാർട്ടിതീരുമാനത്തോടൊപ്പം നിൽക്കാൻ ബാധ്യതയുണ്ട്.

ഇപ്രകാരം കൂറുമാറ്റ നിരോധന നിയമം ജനപ്രതിനിധിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പാർലമെൻ്ററി പാർട്ടികൾക്ക് വ്യക്തികളുടെ മേലുള്ള സ്വാതന്ത്ര്യത്തെയും അധികാരത്തെയും ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇതേ പാർട്ടികൾ തന്നെ ഭൂരിപക്ഷഭരണം ബലപ്പെടുത്താനും, നിലവിലുള്ള ഗവൺമെൻ്റിനെ താഴെയിറക്കി ഭരണം പിടിച്ചെടുക്കാനും അംഗങ്ങളെ കൂട്ടമായി ചാക്കിട്ടു പിടിക്കുന്നതും കാണാം. ഒരു പാർട്ടിയെന്ന രൂപത്തിൽ കാലുമാറിയാൽ അതിന് നിയമപരിരക്ഷ കൂടുതൽ കിട്ടുന്നു. എങ്കിലും ജനപ്രതിനിധിയുടെ വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെ അപ്പാടെ റദ്ദാക്കാൻ കോടതികൾ തയ്യാറാകുന്നില്ലെന്നു കൂടി കാണാം.
READ: പൗരസമൂഹത്തെ പൂട്ടിയിട്ടിരിക്കുന്ന
പാർട്ടിമെഷിനറി
ഭരണഘടനയ്ക്കു പുറത്ത് വളർന്ന്, ക്രമേണ ഭരണശക്തികളായി തീർന്ന പാർലമെൻ്ററി പാർട്ടികൾ എന്ന സാമൂഹിക (സ്വയംഭരണ) സ്ഥാപനങ്ങളുടെ അധികാരത്തെ കോടതികൾക്കു പോലും തള്ളിക്കളയാനാവാതെ, അവയെ പലപ്പോഴും വ്യക്തിസ്വാതന്ത്ര്യത്തിനും മുകളിൽ നിർത്തിയിരിക്കുന്നത് എന്തുകൊണ്ട്? ജനപ്രതിനിധി എന്ന വ്യക്തിയുടെ സ്വാതന്ത്ര്യവും പ്രതിനിധികളുടെ ഒരു സംഘം എന്ന നിലയിൽ പാർലമെൻ്ററി പാർട്ടിയുടെ അധികാരവും തമ്മിലുള്ള ഈ സംഘർഷത്തിൻ്റെ താത്വികമായ ചരിത്രത്തിലേക്കു കൂടി കടന്നുചെല്ലുമ്പോഴേ പാർട്ടികൾ സ്വയംഭരണസ്ഥാപനങ്ങളെന്ന നിലയിൽ വ്യക്തികൾക്കും ഭരണകൂടത്തിനും മേൽ വളർന്നു പന്തലിച്ച്, ജനായത്തത്തിൻ്റെ അടിത്തറ തന്നെ ജീർണ്ണിപ്പിക്കുന്നതിൻ്റെ കാരണങ്ങൾ തിരിച്ചറിയാൻ സാധിക്കൂ.
കോളനിവൽക്കരണവും
ലിബറൽ ഭരണത്തിൻ്റെ ഉദയവും
ഇന്ന് പല രാജ്യങ്ങളിലും നിലനിൽക്കുന്ന പാർലമെന്ററി ജനായത്തത്തിലേക്ക് സാർവത്രിക വോട്ടവകാശത്തിലൂടെ പാർലമെന്റ് വികസിക്കുന്നതിനുമുമ്പുതന്നെ, 17, 18 നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടിലെ പാർലമെന്ററി ഭരണവ്യവസ്ഥ ആഴത്തിലുള്ള ഭരണഘടനാപരവും രാഷ്ട്രീയവുമായ പരിണാമങ്ങൾക്ക് വിധേയമാകുന്നുണ്ടല്ലോ. ഇംഗ്ലീഷ് ആഭ്യന്തരയുദ്ധവും മഹത്തായ വിപ്ലവവും ഈ പരിണാമങ്ങളുടെ പ്രധാന രാഷ്ട്രീയ വേദികളായെന്നും നമുക്കറിയാം. സാർവ്വത്രിക വോട്ടവകാശവും പാർട്ടികളുടെ അപ്രമാദിത്വവും യഥാർത്ഥത്തിൽ ഭരണഘടനാപരമായ അടിസ്ഥാന പൊളിച്ചെഴുത്തുകൾക്കുമേൽ പിന്നീട് വരുത്തിത്തീർത്ത ചില കൂട്ടിച്ചേർക്കലുകളാണ്. അതുകൊണ്ട് ഇന്നത്തെ ജനായത്തവ്യവസ്ഥയെ നിർണ്ണയിക്കുന്നതിൻ്റെ അടിസ്ഥാന ശിലകൾ സാർവ്വത്രിക വോട്ടവകാശമോ പാർട്ടിസംവിധാനമോ അല്ല, രാജഭരണത്തെ ഘട്ടംഘട്ടമായി ദുർബലപ്പെടുത്തിയ 17, 18 നൂറ്റാണ്ടുകളിലെ ഭരണഘടനാപരമായ ലിബറൽ രാഷ്ട്രീയ മാറ്റങ്ങളാണ്. ഈ രണ്ടു നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നിർവ്വചിക്കപ്പെട്ടത് രാജാധികാരത്തിന്റെ പരിധി, പാർലമെന്റിന്റെ അധികാരം, നിയമത്തിന്റെ മേൽക്കോയ്മ, മതസ്വാതന്ത്ര്യം, സ്വത്തവകാശം, പ്രതിനിധാനം, വ്യക്തിസ്വാതന്ത്ര്യം, രാഷ്ട്രീയ സമ്മതം (Consent) തുടങ്ങിയ മൗലിക പ്രശ്നങ്ങളാണ്.

എന്നാൽ എന്തുകൊണ്ടാണ് 17, 18 നൂറ്റാണ്ടുകൾ മനുഷ്യൻ, ഭരണകൂടം, സ്വത്തവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിങ്ങനെയുള്ള രാഷ്ട്രീയ തത്ത്വചിന്തയുടെയും സംഘർഷങ്ങളുടെയും ഭരണഘടനാ നിർമ്മിതിയുടെയും നിർണായക ഘട്ടമായി മാറിയത്? യൂറോപ്പിൽ ഭരണഘടനാപരമായ ഇത്തരം മാറ്റങ്ങൾക്ക് ആശയപരമായ അടിത്തറ നൽകിയ ചിന്തകൾ ഏതൊക്കെയായിരുന്നു? അവ രൂപപ്പെടാനും രാഷ്ട്രീയമായി ശക്തിപ്പെടാനും കാരണമായ സാമൂഹിക സാഹചര്യങ്ങൾ എന്തായിരുന്നു?
READ: രാഷ്ട്രീയപാർട്ടികളും
സാമൂഹികനീതിയും തമ്മിലെന്ത്?
ഇതിൽ അവസാനത്തെ ചോദ്യത്തിൽ നിന്ന് തുടങ്ങാം. കാരണം സാമൂഹിക സാഹചര്യങ്ങൾ മാറിയപ്പോൾ പുതിയ ആശയങ്ങളും, പുതിയ ആശയങ്ങൾ രാഷ്ട്രീയമായ പൊളിച്ചെഴുത്തുകളും, അതുവഴി പുതിയ സാമൂഹിക സാഹചര്യങ്ങളും രൂപപ്പെടുത്തിയെന്നു പറയാം.
1620 - 30 കളിൽ ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലെത്തിയ ചില പ്യൂരിട്ടൺ പ്രൊട്ടസ്റ്റൻ്റുകൾ ഇങ്ങനെ ശഠിച്ചു: ഭൂമി ദൈവത്തിൻ്റെ സമ്മാനമാണ്; രാജാവിൻ്റെ സ്വന്തമല്ല. അതിനാൽ സ്വതന്ത്ര ഭൂവുടമകൾക്ക് രാജാവിനോട് യാതൊരുവിധ കടപ്പാടും ഇല്ല.
16-ാം നൂറ്റാണ്ടിലെ യൂറോപ്പിൻ്റെ മാറിയ സാമൂഹിക സാഹചര്യങ്ങളിൽ പ്രധാനമായ ഒന്ന് അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങൾ കോളനികൾ സ്ഥാപിക്കുന്നതാണ്. പുതിയ ജനവിഭാഗങ്ങളും അവരുടെ സംസ്കാരവുമായി യൂറോപ്പിൻ്റെ നേരിട്ടുള്ള ഇടപെടൽ ആരംഭിക്കുന്നു അപ്പോൾ. അന്ന് സ്പാനിഷ് അധിനിവേശം അമേരിക്കൻ പ്രദേശങ്ങളിലെ നാട്ടുകാരെ കൂട്ടക്കൊല നടത്തുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്തപ്പോൾ, അതിലെ മതധാർമ്മികതയെ ചില സ്പാനിഷ് പുരോഹിതർ (ഉദാഹരണമായി ആദ്യ സ്പാനിഷ് കുടിയേറ്റക്കാർക്ക് ഒപ്പം ഹിസ്പാനിയോളയിലെത്തിയ ബിഷപ്പ് Bartolomé de las Casas, 1484-1566) ചോദ്യം ചെയ്തു. എല്ലാ മനുഷ്യരും ദൈവത്തിൻ്റെ മക്കളാണെന്നും എല്ലാവരും സഹോദരങ്ങളാണെന്നും ദൈവപുസ്തകം പറയുമ്പോൾ, എന്തുകൊണ്ട് അമേരിക്കൻ പ്രദേശങ്ങളിലെ തദ്ദേശീയരെ സഹോദരങ്ങളായി നമ്മൾ കാണുന്നില്ല, എന്തുകൊണ്ട് അവരെ ക്രൂരമായി ഹിംസിക്കുന്നു എന്ന് അവർ ഭരണകൂടത്തോട്, സ്പാനിഷ് ആധിപത്യത്തിൻ്റെ ആദ്യദശകങ്ങളിൽ തന്നെ ചോദിക്കുന്നുണ്ട്.
മതധാർമ്മികത മുൻനിർത്തിയുള്ള സാർവ്വലൗകിക മനുഷ്യാവകാശത്തിനുവേണ്ടി ക്രിസ്തീയ പുരോഹിതർ നിലകൊണ്ടപ്പോൾ, അതിനെ എതിർത്ത് മറ്റു ചില ക്രിസ്തീയ പുരോഹിതരും (ഉദാഹരണമായി സ്പാനിഷ് കത്തോലിക്ക തിയോളജിഷ്യനായ Francisco de Vitoria,1483-1546) മുന്നോട്ടുവന്നു. ഭൂമിയിലെ മനുഷ്യരാകെ ദൈവസൃഷ്ടികളാണെന്ന വാദത്തെ അവർ നിരസിച്ചില്ല. എന്നാൽ അമേരിക്കൻ തദ്ദേശീയരെ യൂറോപ്പുകാർക്കു തുല്യരായി കണക്കാക്കുന്ന വിശ്വാസയുക്തിയെ ഇവർ എതിർത്തു.

അമേരിക്കൻ തദ്ദേശീയരുടെ രാഷ്ട്രീയ സംഘാടനം, സ്വത്തുടമസ്ഥത, സംസ്‌ക്കാരം, മതവിശ്വാസം എന്നിവ വ്യത്യസ്തമായതിനാൽ അവരെ യൂറോപ്പുകാർക്കു തുല്യം അവകാശങ്ങളുള്ളവരായി അംഗീകരിക്കാൻ കഴിയില്ലെന്ന് അനുഭവാധിഷ്ഠിത യുക്തിവിചാരത്തിലൂടെ (empirical reasoning) പാതിരിമാർ പ്രതികരിച്ചു. മാത്രമല്ല, ഭൂമി എല്ലാ മനുഷ്യർക്കും ഒരേപോലെ അവകാശപ്പെട്ടതാകയാൽ, അമേരിക്കൻ ഭൂമി സമ്പത്ത് ഉല്പാദിപ്പിക്കാൻ കൈവശപ്പെടുത്തുന്നത് ദൈവദത്തമായ അധികാരമാണെന്നും, അതിന് എതിരുനിന്നാൽ തദ്ദേശീയരെ കായികമായി തന്നെ നേരിടുന്നതിൽ ദൈവനിശ്ചയലംഘനമല്ല, സ്പെയിൻകാരുടെ പ്രകൃതിനിയമപരമായ (Natural Law) ജന്മാവകാശ സംരക്ഷണമാണുള്ളതെന്നും പാതിരിസംഘം മറുപടി നൽകി.
READ: ജനങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടോ
പാർട്ടികൾ?
പിന്നീട് 1620 - 30 കളിൽ ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലെത്തിയ ചില പ്യൂരിട്ടൺ പ്രൊട്ടസ്റ്റൻ്റുകൾ ഇങ്ങനെ ശഠിച്ചു: ഭൂമി ദൈവത്തിൻ്റെ സമ്മാനമാണ്; രാജാവിൻ്റെ സ്വന്തമല്ല. അതിനാൽ സ്വതന്ത്ര ഭൂവുടമകൾക്ക് രാജാവിനോട് യാതൊരുവിധ കടപ്പാടും ഇല്ല. (Andrew P. Morriss, Europe Meets America: Property Rights in the New World).
ഇംഗ്ലണ്ടിലേതുപോലെ സർവ്വ ഭൂമിയുടെയും ഉടമസ്ഥത രാജാവിൽ കേന്ദ്രിതമാകുന്ന ഫ്യൂഡൽ ബന്ധങ്ങളും, അതുവഴി പ്രഭുക്കന്മാർ മുതൽ താഴെത്തട്ടുകളിലേക്കുവരെ നികുതി ഉൾപ്പെടെയുള്ള കുടിയാൻ കടപ്പാടുകളും പുതിയ ലോകത്ത് അംഗീകരിക്കാൻ പല ഇംഗ്ലീഷ് കുടിയേറ്റക്കാരും വിസമ്മതിച്ചു. കാരണം, അവിടെ രാജാവിൻ്റെ ചാർട്ടർ പ്രകാരം കിട്ടിയ ഭൂമി ഉടമയ്ക്ക് പൂർണ്ണാവകാശത്തോടെ ക്രയവിക്രയം ചെയ്യാവുന്ന സ്വകാര്യസ്വത്തായിരുന്നു. അതിന് വാർഷിക നികുതി ഏർപ്പാടാക്കിയിരുന്നെങ്കിലും ഭൂവുടമകൾ മിക്കവാറും അനുസരിച്ചില്ല. ഇംഗ്ലണ്ടിലേതുപോലെ പൊതുഭൂമി എന്ന പാരമ്പര്യവും കുടിയേറ്റക്കാർ സ്വീകരിച്ചില്ല; പകരം എല്ലാം വേലികെട്ടി തിരിച്ച സ്വകാര്യഭൂമികളാക്കി. അതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് തദ്ദേശീയർക്ക് അമേരിക്കൻ ഭൂമികളിലുള്ള അവകാശം റദ്ദാക്കുക എന്നതായിരുന്നു. മാത്രമല്ല സ്വത്തിൻ്റെ പരിധിയിൽ ഭൂമിയോടൊപ്പം, നിലവിലെ ഇംഗ്ലീഷ് നിയമത്തിനു വിരുദ്ധമായി അടിമകളേയും അമേരിക്കയിൽ ഉൾപ്പെടുത്തുകയുണ്ടായി.
വ്യക്തിസ്വാതന്ത്ര്യം, നിയമവാഴ്ച, സ്വത്ത് സമ്പാദിക്കാനുള്ള പ്രകൃതിപരമായ നിയമം, അതിനുള്ള ഭരണകൂടത്തിൻ്റെ സംരക്ഷണം എന്നീ ലിബറൽ ആശയങ്ങൾ യൂറോപ്യൻ പാരമ്പര്യത്തിൽ മുമ്പേ നിലനിന്നിരുന്നെങ്കിലും, അവ പുനർവ്യാഖ്യാനിക്കാനും പ്രയോഗപരമായി പരീക്ഷിക്കാനും അമേരിക്കൻ അധിനിവേശം പുതിയൊരു രാഷ്ട്രീയ- അനുഭവപരമായ കളമൊരുക്കി.
അതായത്, അമേരിക്കയിലെ അധിനിവേശം മനുഷ്യൻ, പ്രകൃതിനിയമം, സ്വത്തുടമസ്ഥത, പരമാധികാരം, അവകാശങ്ങൾ, ഭരണകൂടം എന്നിവയെ പറ്റി, വിശ്വാസത്തെ മുൻനിർത്തിയാണെങ്കിലും, അനുഭവാധിഷ്ഠിതമായ യുക്തിവിചാരത്തിന് പുതിയ വാതിലുകൾ യൂറോപ്പിൽ തുറന്നിട്ടു കൊടുത്തു. അന്യഭൂഖണ്ഡമായ അമേരിക്കയിൽ സമ്പത്ത് ആർജ്ജിക്കാനും അത് സംരക്ഷിക്കാനും ഓരോ യൂറോപ്യനും സ്വാതന്ത്ര്യമുണ്ടെങ്കിൽ, അത് നടസ്സപ്പെടുത്തുന്നവർക്കെതിരെ പ്രകൃതിപരമായ അവകാശസംരക്ഷണത്തിനായി ഹിംസയാകാമെങ്കിൽ, ഇതേ ന്യായം യൂറോപ്പിലും ബാധകമാകേണ്ടതല്ലേ? യൂറോപ്യൻമാർക്ക് എല്ലാം തുല്യമായ പ്രകൃതിപരമായ അവകാശങ്ങൾ അമേരിക്കയിൽ മാത്രം ബാധകമാകുന്നതെങ്ങനെ? സ്വതന്ത്രമായി ജീവിക്കാനും സ്വത്ത് സമ്പാദിക്കാനും, അത് സംരക്ഷിക്കാനുമുള്ള അവകാശം അമേരിക്കയിലെത്തുമ്പോൾ മാത്രം പോരല്ലോ; സ്വന്തം നാട്ടിലും വേണ്ടതല്ലേ? വിദൂരമായ ഒരു രാജ്യത്ത്, സ്വന്തം ജനതയുടെ സ്വാതന്ത്ര്യവും സ്വത്തും സംരക്ഷിക്കുന്നതിൽ ജാഗരൂകമായ ഭരണകൂടം മാതൃരാജ്യത്തും ഇതേ സംരക്ഷണം എല്ലാവർക്കും നൽകേണ്ടതല്ലേ? മാതൃരാജ്യത്ത് ഭരണകൂടം പ്രകൃതിപരമായ നിയമങ്ങൾ പാലിക്കുന്നല്ലെങ്കിൽ, സംരക്ഷിക്കുന്നില്ലെങ്കിൽ ജനങ്ങൾക്ക് ഭരണകൂടത്തെ ചോദ്യം ചെയ്യാൻ അധികാരമില്ലേ? ഒരേ രാഷ്ട്രീയാവസ്ഥയിലും മതസംസ്കാരാദികളിലും ജനിക്കുന്നവർക്കെല്ലാം അവകാശങ്ങൾ തുല്യമാണെന്നു പറയുമ്പോൾ, സ്വന്തം രാജ്യത്ത് ന്യൂനപക്ഷമായ പ്രഭുവർഗ്ഗത്തിനു മാത്രം എന്തുകൊണ്ട് ഇത്തരം അവകാശങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു?

മറ്റൊരു വിധത്തിൽ പറഞ്ഞാൽ വ്യക്തിസ്വാതന്ത്ര്യം, നിയമവാഴ്ച, സ്വത്ത് സമ്പാദിക്കാനുള്ള പ്രകൃതിപരമായ നിയമം, അതിനുള്ള ഭരണകൂടത്തിൻ്റെ സംരക്ഷണം എന്നീ ലിബറൽ ആശയങ്ങൾ യൂറോപ്യൻ പാരമ്പര്യത്തിൽ മുമ്പേ നിലനിന്നിരുന്നെങ്കിലും, അവ പുനർവ്യാഖ്യാനിക്കാനും പ്രയോഗപരമായി പരീക്ഷിക്കാനും അമേരിക്കൻ അധിനിവേശം പുതിയൊരു രാഷ്ട്രീയ- അനുഭവപരമായ കളമൊരുക്കി. അങ്ങനെ ലിബറൽ ആശയങ്ങളുടെ സമകാലിക പ്രായോഗിക ഭൂമിയായി അമേരിക്കൻ കോളനികൾ മാറി. എന്നാൽ, വ്യക്തിയെ പരമ്പരാഗത സ്ഥാപനവ്യവസ്ഥകളിൽ നിന്നും വിമോചിപ്പിച്ച ഈ ലിബറൽ അവകാശങ്ങൾ കോളനികളിൽ വെളുത്തവർക്കു മാത്രമായി നിജപ്പെടുത്തി; തദ്ദേശീയരെയും ആഫിക്കൻ വംശജരെയും അവകാശങ്ങളുടെ വേലിക്കു പുറത്തും നിർത്തി.
READ: ഭരണപ്പാർട്ടിയുടെ ഭരണകൂട അധിനിവേശങ്ങൾ
യൂറോപ്യൻ ഫ്യൂഡൽബന്ധങ്ങളെ നിരസിക്കുന്ന അവകാശസങ്കൽപ്പങ്ങൾ പുതിയ സാമൂഹിക സാഹചര്യത്തിൽ പ്രയോഗിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്ത പ്രധാനപ്പെട്ട ഭൂമിയായി അമേരിക്കൻ കോളനികൾ മാറിയതിനാലാവാം ബ്രിട്ടീഷ് സ്വേച്ഛാധിപത്യത്തിനെതിരെ അമേരിക്കയിൽ വിപ്ലവം നടന്നതും, അതിനെ അക്കാലത്തെ പല ബ്രിട്ടീഷ് രാഷ്ട്രീയ- ബൗദ്ധിക വിഭാഗങ്ങൾ പിന്തുണച്ചതും, അമേരിക്ക 18-ാം നൂറ്റാണ്ടിൻ്റെ ഒടുവിൽ സ്വതന്ത്ര (ലിബറൽ) റിപ്പബ്ലിക് ആയതും.
സ്വേച്ഛാധിപത്യപരമായ ഭരണത്തിനെതിരെ ഇംഗ്ലണ്ടിൽ നടന്ന ആഭ്യന്തര സമരങ്ങളുടെയും പാർലമെൻ്ററി നിയമപരിഷ്‌ക്കാരങ്ങളുടെയും ആശയപരമായ ഇന്ധനമായി മാറിയത് ലെവലർമാർ ഉയർത്തിവിട്ട ലിബറൽ മുദ്രവാക്യങ്ങളാണ്.
ചുരുക്കത്തിൽ, 16-ാം നൂറ്റാണ്ടിൻ്റെ മധ്യം മുതൽ ആരംഭിച്ച അമേരിക്ക- യൂറോപ്പ് താരതമ്യം വ്യക്തിയുടെ ജന്മസിദ്ധമായ അവകാശങ്ങൾ, ഭരണകൂടത്തിൻ്റെ ധർമ്മം- ഈ രണ്ടിനെയും പറ്റിയുള്ള യൂറോപ്യൻ സമൂഹത്തിൻ്റെ പുതിയ രാഷ്ട്രീയ വിദ്യാഭ്യാസക്കളരിയായി മാറി. യൂറോപ്പിൽ ഭരണവർഗ്ഗമായ പ്രഭുസമൂഹം ഒഴികെ മറ്റാർക്കും വ്യക്തിയുടെ ജന്മാവകാശങ്ങൾ ഭരണകൂടത്താൽ സംരക്ഷിക്കപ്പെടുന്നില്ലെന്ന വൈരുദ്ധ്യം മധ്യവർഗ്ഗവും സാധാരണക്കാരും തിരിച്ചറിയാൻ തുടങ്ങി. അമേരിക്കൻ കോളനികളിൽ വെളുത്തവർഗ്ഗക്കാർക്കുണ്ടെന്നു പറയുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സ്വന്തം രാജ്യത്ത് ഏതാനും പേർക്കു മാത്രമേ അനുഭവിക്കാൻ കഴിയൂ എങ്കിൽ, അമേരിക്കയിലെ തദ്ദേശീയരെ പോലെ സ്വന്തം രാജ്യത്ത് തങ്ങളും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരാണെന്നു വെളുത്തവർഗ്ഗക്കാർ മനസ്സിലാക്കി.
തന്നെയുമല്ല സ്വാതന്ത്ര്യത്തിൻ്റെ പുതിയ പറുദീസയായ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ പോയി സ്വത്ത് സമ്പാദിച്ചാൽ, സ്വന്തം രാജ്യത്ത് അതിൻ്റെ യാതൊരു പരിഗണനയും പ്രോത്സാഹനവും ഭരണവർഗ്ഗത്തിൽ നിന്നും കിട്ടിയില്ലെങ്കിലോ? പുത്തൻ വാണിജ്യഭൂമികകളിൽ പോയി സ്വത്താർജ്ജിക്കുന്ന സമ്പന്നവർഗ്ഗത്തിൻ്റെ സ്ഥിതി ഇതാണെങ്കിൽ രാജ്യത്തെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ? അതിനാൽ 17-ാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ പുത്തൻ സമ്പന്നവർഗ്ഗവും സാധാരണക്കാരും തങ്ങളുടെ പ്രകൃതിപരമായ അവകാശങ്ങൾക്കുവേണ്ടി ഭരണകർത്താക്കളായ കുലീനവർഗ്ഗത്തോട് കലഹിക്കാൻ തുടങ്ങി. തങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും വിട്ടുതരാത്ത സ്വേച്ഛാധിപത്യ ഭരണകൂടം, സംഘടിത മതം മുതലായ സ്ഥാപനങ്ങളെ അവർ ചോദ്യം ചെയ്തു. തങ്ങളെ രണ്ടാംതരം മനുഷ്യരായി കാണുന്ന പരമ്പരാഗത സ്ഥാപനങ്ങളിൽ നിന്നുമുള്ള വിമോചനത്തിൻ്റെ രൂപരേഖ അവർ തയ്യാറാക്കി. അങ്ങനെ വ്യക്തിസ്വാതന്ത്ര്യം, നിയമവാഴ്ച, നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യനീതി എന്നീ പ്രബലമായ മൂന്നു ലിബറൽ ആശയങ്ങൾ 17-ാം നൂറ്റാണ്ടിൻ്റെ പകുതിയാകുമ്പോഴേക്കും ഇംഗ്ലണ്ടിൽ താഴെത്തട്ടുകളിൽ നിന്നും സമൂഹത്തിലെമ്പാടും വ്യാപിക്കുന്നതു കാണാം.

ജനകീയ പരമാധികാരവും പാർലമെൻ്റും
രാഷ്ട്രീയാധികാരമെന്നത് ദൈവകൽപ്പിതമായ അധികാരമല്ലെന്നും, അത് മനുഷ്യർ ഭരണാധികാരിക്കു നൽകിയ അധികാരമാണെന്നും, അതിനാൽ ഭരണാധികാരി ജനകീയാഭിലാഷങ്ങൾക്കു വിധേയമാകണമെന്നും 17-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ആഭ്യന്തര സമരകാലത്ത് ലണ്ടനിൽ ലെവലർമാർ (Levelles) എന്ന രാഷ്ട്രീയ പ്രസ്ഥാനം ആവശ്യപ്പെട്ടതു കഴിഞ്ഞ അധ്യായത്തിൽ നമ്മൾ കണ്ടു. അതിലൂടെ ലിബറൽ ചിന്തയുടെ അടിസ്ഥാനാശയങ്ങൾക്കു വിത്തു വിതയ്ക്കുകയായിരുന്നു ലെവലർ പ്രസ്ഥാനം ചെയ്തത്. (James R. Otteson, The Levellers and the Birth of Liberal Political Economy). തന്നെയുമല്ല, ലെവലർമാരുടെ രാഷ്ട്രീയ പ്രഖ്യാപനരേഖയെ (ജനങ്ങളുടെ സമ്മതപത്രം) ആധുനിക ജനകീയ ഭരണഘടനയുടെ ആദ്യകാല മാതൃകയായിട്ടാണ് പലരും വിലയിരുന്നുന്നത്.
ഇംഗ്ലണ്ടിൽ 1642-1646 കാലത്തെ ഒന്നാം ആഭ്യന്തര യുദ്ധത്തിൽ രാജാധികാരത്തിനെതിരെ പാർലമെൻ്റ് വിജയം നേടിയെങ്കിലും, ഇനി മുതൽ ഭരണം ഏതു വിധത്തിലാകണം എന്നതിൽ രാഷ്ട്രീയമായ അനിശ്ചിതത്വം ഉയർന്നുവന്നു. രാജാവിൽ നിന്നും നിയമനിർമ്മാണത്തിൻ്റെ അധികാരം പാർലമെൻ്റിലേക്കു മാറുമ്പോൾ പാർലമെൻ്റ് എങ്ങനെയുള്ളതാകണം? ഇതായിരുന്നു പ്രധാന തർക്കവിഷയം. ഭാവിഭരണഘടനാതത്വങ്ങളുടെ ഒരു പരീക്ഷണശാലയായി അന്ന് ഇംഗ്ലണ്ടു മാറിയപ്പോഴാണ് സാധാരണ പട്ടാളക്കാരും താഴ്ന്ന മധ്യവർഗ്ഗ ജനങ്ങളും ചേർന്ന് (ലെവലർമാർ) ഇംഗ്ലണ്ടിൻ്റെ ഭാവി ഭരണഘടനാതത്ത്വങ്ങൾ "ജനങ്ങളുടെ സമ്മതപത്രം" എന്ന പേരിൽ, 1647 മുതൽ 1649 വരെ, തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തി, പല തവണ പ്രസിദ്ധീകരിച്ചത് (Philip Baker and Elliot Vernon (Ed), The Agreements of the People, the Levellers and the Constitutional Crisis of the English Revolution). ആരു ഭരിച്ചാലും ലംഘിക്കാൻ പാടില്ലാത്ത അടിസ്ഥാന തത്വങ്ങളെപ്പറ്റി, ജനങ്ങളും അവരുടെ പ്രതിനിധികളും തമ്മിലുള്ള ഒരു എഗ്രിമെൻ്റായിട്ടാണ് അത് തയ്യാറാക്കിയത്; അല്ലാതെ ഏതാനും ഭരണപരിഷ്‌ക്കാരങ്ങൾ മുന്നോട്ടു വെയ്ക്കുകയല്ല ലെവലർമാർ ചെയ്തത്.
ലെവലർമാർ മുന്നോട്ടു വെച്ച ചില ലിബറൽ ആശയങ്ങൾ നോക്കുക: ചെറുകിട സ്വകാര്യസ്വത്തിന് സംരക്ഷണം തരിക എന്നത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വമാണ്.
പാരമ്പര്യാധിഷ്ഠിത ഫ്യൂഡൽ അധികാരങ്ങളും നികുതിസമ്പ്രദായവും സാധാരണക്കാർക്കു നീതി നിഷേധിക്കുന്നതാകരുത്.
ചെറുകൃഷിക്കാർ, കച്ചവടക്കാർ, കൈവേലക്കാർ എന്നീ സ്വതന്ത്ര വ്യക്തികൾ ചേർന്നു രൂപപ്പെടുത്തുന്നതാകണം രാഷ്ട്രത്തിൻ്റെ സാമൂഹികാടിത്തറ.
സാധാരണ മനുഷ്യർക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിലെ രാഷ്ട്രീയ സ്വാതന്ത്ര്യം നേടാൻ കഴിയൂ, അതുകൊണ്ട് ജന്മിത്വത്തിൽ നിന്നു വിമോചനം നേടിയ സ്വതന്ത്ര വ്യക്തികളുടെ സമൂഹമാണ് വേണ്ടത്.
1688-1689 ലെ മഹത്തായ വിപ്ലവത്തിൽ നടപ്പിലാക്കിയ "ബിൽ ഓഫ് റൈറ്റ്സ്" എന്ന ഭരണഘടനാ പരിഷ്കാരങ്ങൾ ബ്രിട്ടൻ്റെ ലിബറൽ ഭരണകൂടത്തിലേക്കുള്ള മാറ്റത്തിലെ സുപ്രധാന ചുവടുവെയ്പായിരുന്നു.
പിന്നീട് വളർന്നുവന്ന ലിബറലിസം എന്ന രാഷ്ട്രീയ തത്ത്വചിന്തയുടെ പ്രാഥമിക വക്താക്കൾ ലെവലർമാർ ആണെന്നും, ഇവർ ഉയർത്തിയ ആശയങ്ങൾ ജോൺ ലോക്ക്, ആഡം സ്മിത്ത് തുടങ്ങിയവരെ ക്ലാസിക്കൽ ലിബറലിസം സൈദ്ധാന്തികമായി വികസിപ്പിച്ചെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും ജെയിംസ് ആർ. ഓട്ട്സൺ പറയുന്നു. ഭരിക്കപ്പെടുന്നവരുടെ അനുവാദം ഭരിക്കുന്നവർക്ക് നിർബ്ബന്ധമാണ്; മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും എല്ലാവർക്കും വേണം; നീതിപൂർവ്വമായ വിചാരണ കൂടാതെ ആരെയും ഏകാധിപത്യപരമായി തടവിലിടരുത്; രാജാവും പ്രതിനിധി സഭയും ഭരണഘടനയെ അനുസരിക്കണം; വ്യാപാര വാണിജ്യങ്ങളിൽ സർക്കാർ ഇടപെടൽ അമിതമാകരുത് എന്നീ ആശയങ്ങൾ ക്ലാസിക്കൽ ലിബറലിസത്തിൻ്റെ നെടുന്തൂണുകളാണല്ലോ.
അതിനാൽ സ്വേച്ഛാധിപത്യപരമായ ഭരണത്തിനെതിരെ ഇംഗ്ലണ്ടിൽ നടന്ന ആഭ്യന്തര സമരങ്ങളുടെയും പാർലമെൻ്ററി നിയമപരിഷ്‌ക്കാരങ്ങളുടെയും ആശയപരമായ ഇന്ധനമായി മാറിയത് ലെവലർമാർ ഉയർത്തിവിട്ട ലിബറൽ മുദ്രവാക്യങ്ങളാണ്. അവരുടെ ജനകീയ പ്രക്ഷോഭത്തെ പാർലമെൻ്റ് അടിച്ചമർത്തിയെങ്കിലും, അത്യന്തം പുരോഗമനപരമായ ഈ മുദ്രാവാക്യങ്ങളെയും അതിനു പിറകിലെ ജനകീയാഭിലാഷങ്ങളെയും, രാജാവും പാർലമെൻ്റും തമ്മിലുള്ള അധികാര തർക്കത്തിൽ, തങ്ങൾക്കിണങ്ങും വിധം അവസരോചിതമായി പുന:ക്രമീകരിച്ചുകൊണ്ട്, ഭരണ നിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും പാർലമെൻ്റ് അതിൻ്റെ അധികാരങ്ങൾ വ്യാപിപ്പിച്ചുവെന്നു കൂടി കാണാം.

1688-1689 ലെ മഹത്തായ വിപ്ലവത്തിൽ നടപ്പിലാക്കിയ "ബിൽ ഓഫ് റൈറ്റ്സ്" എന്ന ഭരണഘടനാ പരിഷ്കാരങ്ങൾ ബ്രിട്ടൻ്റെ ലിബറൽ ഭരണകൂടത്തിലേക്കുള്ള മാറ്റത്തിലെ സുപ്രധാന ചുവടുവെയ്പായിരുന്നു. നിയമത്തിൻ്റെ അടിസ്ഥാനത്തിലാകണം ഭരണമെന്ന് (Rule of law) ബിൽ ഓഫ് റൈറ്റ്സ് ഉറപ്പാക്കി. ഭരണാധികാരികൾ ആരായാലും നിയമവാഴ്ചക്കു കീഴ്പ്പെടണം എന്ന് ആദ്യം ശബ്ദമുയർത്തിയത് ലെവലർമാർ ആണെന്നോർക്കുക. അതേപോലെ പാർലമെൻ്റ് അംഗീകാരമില്ലാതെ നികുതിതീരുമാനങ്ങൾ പാടില്ല എന്ന നിയമവ്യവസ്ഥയും ബിൽ ഓഫ് റൈറ്റ്സിൽ ഉൾപ്പെട്ടതിനും ലെവലർമാരാണ് മാതൃക. എന്നാൽ, ലിബറൽ ഭരണത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ലെവലർമാരുടെ വിശാലമായ അവകാശസങ്കൽപ്പം, ബിൽ ഓഫ് റൈറ്റ്സിൽ പ്രത്യക്ഷപ്പെട്ടത് പ്രധാനമായും പാർലമെൻ്റിനകത്തെ അഭിപ്രായസ്വാതന്ത്ര്യമായാണ്; വ്യക്തിയുടെ പൊതുവായ അഭിപ്രായസ്വാതന്ത്ര്യമായി അത് പിന്നീട് മാത്രമാണ് വികസിച്ചത്.
സ്വേച്ഛാപരമായ സർക്കാരിൽനിന്ന് ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുക എന്നു ലെവലർമാർ ആവശ്യപ്പെട്ടത്, ബിൽ ഓഫ് റൈറ്റ്സിൽ പ്രധാനമായും രാജാധികാരത്തെ സാരമായി വെട്ടിക്കുറക്കുന്നതിലേ വിജയിച്ചിട്ടുള്ളൂ എന്നു കാണാം. രാജാധികാരം പോലെ തന്നെ പാർലമെൻ്റും സ്വേച്ഛാപരമാകാമെന്നതായിരുന്നു ലെവലർമാരുടെ പ്രധാനപ്പെട്ട ആശങ്ക. പാർലമെൻ്റും സ്വേച്ഛാപരമാകാതിരിക്കാൻ നിയമപരമായ വിലങ്ങുതടി കൊണ്ടുവരാൻ "ജനങ്ങളുടെ സമ്മതപത്രം" ആവശ്യപ്പെടുകയുണ്ടായി. കാരണം വ്യക്തിയുടെ പ്രകൃതിപരമായ അവകാശങ്ങളെ നിരോധിക്കാൻ യാതൊരുവിധ സംഘടിത സാമൂഹ്യശക്തിക്കും അധികാരമില്ല എന്ന ലിബറൽ ചിന്ത ഈ പ്രസ്ഥാനത്തിൽ രൂഢമൂലമായിരുന്നു. “We are your Principals, and you our Agents” എന്ന് ലെവലർമാരുടെ നേതാക്കളിൽ ഒരാളായ റിച്ചാർഡ് ഒവർടൺ (Richard Overton) ഇംഗ്ലീഷ് പാർലമെൻ്റിനോട് ആഭ്യന്തരയുദ്ധകാലത്ത് പറഞ്ഞതോർക്കുക. എന്നാൽ, പാർലമെൻ്റ് (അഥവാ പാർട്ടി ) എന്ന സംഘടിതശക്തി ജനങ്ങളുടെ അടിസ്ഥാനാവകാശങ്ങളെ ഏകപക്ഷീയമായി കവരുന്നതു തടയാൻ ബിൽ ഓഫ് റൈറ്റ്സ് ബോധപൂർവ്വം ശ്രമിച്ചിട്ടില്ല. പകരം ബ്രിട്ടീഷ് ലിബറൽ ഭരണപരിഷ്ക്കാരങ്ങൾ പാർലമെൻ്റിൻ്റെ സ്വേച്ഛാധികാരത്തെ ഫലത്തിൽ ശക്തിപ്പെടുത്തുകയും ലെവലർമാർ ആവശ്യപ്പെട്ട ജനങ്ങളുടെ പരമാധികാരത്തെ (popular sovereignty) നിർവീര്യമാക്കുകയും ചെയ്തു.
അതേപോലെ, ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം (Liberty of conscience) ലെവലർ പ്രസ്ഥാനത്തിൻ്റെ ലിബറൽ അവകാശങ്ങളിൽ മുഖ്യമായ ഒന്നായിരുന്നു. എന്നാൽ മതാവകാശത്തിനുള്ള മതസഹിഷ്ണുതാനിയമം (Toleration Act of -1689) ചില പ്രൊട്ടസ്റ്റൻ്റ് വിഭാഗങ്ങൾക്കു (Protestant descendants) ഭാഗികമായി മാത്രം അനുവദിക്കുകയും കത്തോലിക്കരോട് നിലവിലുള്ള അസഹിഷ്ണുത ഇംഗ്ലീഷ് ഭരണകൂടം തുടരുകയും ചെയ്തു. പിന്നീട് 1829- ൽ മാത്രമാണ് അവിടെ കത്തോലിക്കർക്ക് പ്രതിനിധാനവും വോട്ടവകാശവും മറ്റും ലഭ്യമാക്കപ്പെട്ടത്.
നിയമവാഴ്ചയിലൂടെ ബിൽ ഓഫ് റൈറ്റ്സ് സ്വേച്ഛാഭരണത്തിനു കടിഞ്ഞാണിട്ടെങ്കിലും, നിയമപരമായ പ്രത്യേകാവകാശങ്ങൾക്കെതിരെയും നിയമത്തിനു മുന്നിലുള്ള വ്യക്തിയുടെ തുല്യസ്ഥിതിക്കുവേണ്ടിയും ലെവലർമാർ മുന്നോട്ടുവെച്ച വാദത്തെ അത് കാര്യമായി പരിഗണിച്ചില്ല. അതിനാൽ കുലീനർ പരമ്പരാഗതമായി അനുഭവിച്ചു പോന്ന നിയമപരമായ ആനുകുല്യങ്ങൾ കാലക്രമേണ, സാവധാനത്തിൽ മാത്രമാണ് ഒഴിവാക്കപ്പെട്ടത്.
ലെവലർമാരുടെ ഭരണഘടനാ നിർദ്ദേശങ്ങളും ബിൽ ഓഫ് റൈറ്റ്സിലൂടെ ബ്രിട്ടനിൽ നടപ്പിലാക്കപ്പെട്ട ലിബറൽ മാറ്റങ്ങളും തമ്മിൽ എടുത്തുപറയേണ്ട മറ്റൊരു വ്യത്യാസം പ്രതിനിധാനത്തെ സംബന്ധിച്ചുള്ളതാണ്. ജനങ്ങൾ പരമാധികാരികളായതിനാൽ, ജനപ്രതിനിധി ജനങ്ങളുടെ ഏജൻ്റ് മാത്രമായിരിക്കണമെന്നതിൽ ലെവലേഴ്സ് മൂവ്മെൻ്റ് ഉറച്ചു നിന്നു. ജനപ്രതിനിധികൾക്കുമേലുള്ള ജനാധികാരം ഉറപ്പാക്കാൻ കൃത്യമായ തെരഞ്ഞെടുപ്പും, പ്രതിനിധികളുടെ ഉത്തരവാദിത്വവും, സർക്കാരിൻ്റെ മേൽ അധികാര നിയന്ത്രണവും, ജനങ്ങളുടെ രാഷ്ട്രീയ സമ്മതവും പ്രധാനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഇച്ഛയ്ക്കും അവകാശത്തിനും അകത്താണ് ജനപ്രതിനിധികളുടെ സ്ഥാനം. എന്നാൽ ഭരണഘടനാ പരിഷ്ക്കാരങ്ങളിൽ നിയമനിർമ്മാണത്തിൻ്റെ പരമാധികാരം പാർലമെൻ്റിൽ കേന്ദ്രീകരിക്കപ്പെട്ടപ്പോൾ, ജനപ്രതിനിധികൾക്കു മേലും പാർലമെൻ്റിനു മേലും ജനാധികാരം സ്ഥാപിക്കപ്പെടുന്നതിനുള്ള നിയമപരിരക്ഷകൾ വേണ്ടത്ര ഏർപ്പാടായില്ല. അതായത് ജയിക്കുന്നതോടെ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും മേൽ പാർലമെൻ്ററി പാർട്ടികളുടെ ആധിപത്യത്തിനുള്ള വഴി അവിടെ തുറന്നു കിടക്കുന്നുണ്ട്.

രാജാവിനെ പോലെ പ്രതിനിധികളും പാർലമെൻ്റും സ്വേച്ഛാപരമാകാതിരിക്കാൻ, അവർ ജനങ്ങൾക്കു വിധേയരായി നിൽക്കുന്ന എഴുതപ്പെട്ട ഭരണഘടന അനിവാര്യമാണെന്നുള്ളത് ലെവലർമാരുടെ സുപ്രധാന തിരിച്ചറിവായിരുന്നു (D. J. Galligan (ed.), The Levellers, the People, and the Constitution Get access Arrow). ഭരണച്ചുമതല നിശ്ചിതവർഷത്തേക്കു പ്രതിനിധികളെ ഏൽപിക്കുന്നതിനുള്ള കൺസെൻ്റായി അവർ തെരഞ്ഞെടുപ്പിനെ കണ്ടിരുന്നില്ല. അധികകാലം ഒരാൾ പാർലമെൻ്റിൽ ഇരിക്കുന്നത് അധികാര ദുർവ്വിനിയോഗത്തിനു വഴിതെളിക്കുമെന്നതിനാൽ രണ്ടുവർഷം കൂടുമ്പോൾ തെരത്തെടുപ്പ് ആവശ്യമാണെന്ന് ലെവലർ സംഘം ‘ജനങ്ങളുടെ സമ്മതപത്ര’ത്തിൽ എഴുതി (An Agreement of the People, 28 October 1647) .
പ്രതിനിധികളുടെ പെർഫോമൻസ് ഓഡിറ്റ് ചെയ്യാനുള്ള വ്യവസ്ഥകൾ എഴുതപ്പെട്ട ഭരണഘടനയിൽ വേണമെന്നും ലെവലർ സംഘം തീരുമാനിച്ചിരുന്നു. റേച്ചൽ ഫാക്സ്ലി (Rachel Fqxley) പറയുന്നത്, 1645 ൽ ലെവലർ നേതാക്കൾ പുറത്തിറക്കിയ ലഘുലേഖകളിൽ, എം.പിമാർ പാർലമെൻ്റിനു പുറത്ത് ജനങ്ങളോട് മറുപടി പറയാൻ ബാദ്ധ്യസ്ഥരായ നിയമപരിഷ്ക്കരണം ആവശ്യപ്പെട്ടിരുന്നവെന്നും എന്നാൽ അതിൻ്റെ പ്രായോഗികരൂപങ്ങൾ വ്യക്തമായിരുന്നില്ല എന്നുമാണ്. പ്രതിനിധാനത്തെ സംബന്ധിച്ച ദീർഘവീക്ഷണമുള്ള ഈ തിരിച്ചറിവാണ് ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രീയ പത്രിക 1647- ൽ പ്രസിദ്ധപ്പെടുത്താൻ ഇടവരുത്തിയത് (Rachel Fqxley, The Levellers Radical political thought in the English Revolution).
മഹത്തായ വിപ്ലവത്തിനുശേഷം ബിൽ ഓഫ് റൈറ്റ്സിലൂടെ നിയമനിർമ്മാണം പാർലമെൻ്റിൻ്റെ അധികാരമായി മാറിയപ്പോൾ, മന്ത്രിസഭയെ നിശ്ചയിക്കാൻ തനിക്കുള്ള പരമ്പരാഗത അധികാരം വിനിയോഗിക്കുന്നതിൽ രാജാവിന് മുമ്പത്തേതിലും കൂടുതൽ ജാഗ്രത കാണിക്കേണ്ട സ്ഥിതി വന്നു.
എന്നാൽ, ബ്രിട്ടീഷ് ലിബറൽ പരിഷ്‌ക്കാരങ്ങൾ പ്രാബല്യത്തിൽ വരുത്തിയതാകട്ടെ, ജനങ്ങൾ വിശ്വാസപൂർവ്വം തങ്ങൾക്കുവേണ്ടി തീരുമാനങ്ങൾ എടുക്കാൻ കൺസെൻ്റ് നൽകിയവർ എന്ന നിലയിൽ ജനങ്ങളിൽനിന്ന് ഏറെക്കുറെ സ്വതന്ത്രരായ പ്രതിനിധി സംവിധാനമാണ്. പ്രതിനിധിക്കുമേൽ നിയമപരമായ നിയന്ത്രണം ജനങ്ങളുടെ അവകാശമാകുന്നില്ലെങ്കിൽ അതിനർത്ഥം ജനങ്ങൾ മൈനർ ആണെന്നല്ലേ? പ്രതിനിധി ഡെലിഗേറ്റ് എന്നതിൽ നിന്ന് ട്രസ്റ്റി ആയി മാറുമ്പോഴുള്ള വ്യത്യാസമാണോ ഇത്? ജനങ്ങളിൽ നിന്ന് സ്വതന്ത്രമായി നിൽക്കുന്ന പ്രതിനിധിയെയും പാർലമെൻ്റിനെയും അതിലും മേജറായ പാർലമെൻ്ററി പാർട്ടി ഏറ്റെടുക്കുന്നതാണ് പിന്നീടുള്ള ലിബറൽ ഭരണത്തിൻ്റെ ചരിത്രം.
(എങ്കിലും ലെവലർ പ്രസ്ഥാനം മുന്നോട്ടു വെച്ച ലിബറൽ ഡെമോക്രസിയുടെ രൂപരേഖ സമ്പൂർണ്ണമായിരുന്നുവെന്നും ധരിക്കേണ്ടതില്ല. ഭൂസ്വത്തുള്ളവർക്കു മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തുന്നതിനെതിരെ, ഏതു പാവപ്പെട്ടവനും വോട്ടവകാശം വേണമെന്നു അവർ ആവശ്യപ്പെട്ടെങ്കിലും, സ്ത്രീകൾക്കും വേലക്കാർക്കും മറ്റും വോട്ടവകാശം വേണമെന്നു കരുതിയോ എന്നു വ്യക്തമല്ല. സ്വതന്ത്ര വ്യക്തിക്കു മാത്രമേ രാഷ്ട്രീയത്തിൽ സ്വതന്ത്രമായ അഭിപ്രായങ്ങൾ സാധ്യമാകൂ എന്ന പരമ്പരാഗത ചിന്ത ഒരു പരിധിവരെ ലെവലർമാരെയും സ്വാധീനിച്ചിട്ടുണ്ടാകണം. ജോൺ ലോക്കിനെ പോലുള്ളവർ പിന്നീട് മുന്നോട്ടുവെച്ച ക്ലാസിക്കൽ ലിബറലിസവുമായി പല ആശയങ്ങളിലും സമാനതകൾ കാണാമെങ്കിലും, അധികാരം കേന്ദ്രീകരിക്കുന്നതിനെ തടയിടുന്നതിനായി അധികാര വികേന്ദ്രീകരണത്തിൻ്റെ പ്രാദേശിക സ്ഥാപനങ്ങളെപ്പറ്റിയുള്ള ആലോചനകൾ ക്ലാസിക്കൽ ലിബറലിസത്തിൽ നിന്നും വ്യത്യസ്തമായി ലെവലർമാർ മുന്നോട്ടുവെച്ചിരുന്നു (Philip Baker,“The Levellers, Decentralisation and the Agreements of the People”). അടുത്ത അധ്യായത്തിൽ ഈ വിഷയം പ്രത്യേകമായി പരിശോധിക്കാം).
മഹത്തായ വിപ്ലവത്തിനുശേഷം ബിൽ ഓഫ് റൈറ്റ്സിലൂടെ നിയമനിർമ്മാണം പാർലമെൻ്റിൻ്റെ അധികാരമായി മാറിയപ്പോൾ, മന്ത്രിസഭയെ നിശ്ചയിക്കാൻ തനിക്കുള്ള പരമ്പരാഗത അധികാരം വിനിയോഗിക്കുന്നതിൽ രാജാവിന് മുമ്പത്തേതിലും കൂടുതൽ ജാഗ്രത കാണിക്കേണ്ട സ്ഥിതി വന്നു. കാരണം രാജാവിൻ്റെ എക്സിക്യൂട്ടീവ് അധികാരപ്രകാരം, തനിക്ക് മുൻഗണനയുള്ള ബില്ലുകൾ സഭയിൽ കൊണ്ടുവന്നാലും പാർലമെൻ്റിൽ അത് പാസ്സാക്കിക്കിട്ടണം എന്ന കടമ്പയുണ്ട്. അങ്ങനെയെങ്കിൽ സഭാംഗങ്ങളെ സ്വാധീനിക്കാൻ കഴിവുള്ളവരെ വേണം മന്ത്രിമാരായി തൻ്റെ എക്സിക്യൂട്ടീവിൽ രാജാവ് നിയമിക്കേണ്ടത്. ഒരേസമയം രാജാധികാരത്തിന് വശംവദരും എന്നാൽ പാർലമെൻ്റ് അംഗങ്ങളെ ഒന്നിച്ച് വരുതിയിലാക്കാൻ കഴിവുള്ളവരുമായ നേതാക്കൾ തുടർന്നുള്ള കാലങ്ങളിൽ ഇംഗ്ലീഷ് മന്ത്രിസഭയിൽ ഉൾപ്പെടുന്നതുകാണാം. രാജാവിൻ്റെ താല്പര്യങ്ങളും അഥവാ മന്ത്രിസഭയുടെ തീരുമാനങ്ങളും പാർലമെൻ്റിലെ ഭൂരിപക്ഷ അഭിപ്രായവും ഒന്നു തന്നെയായി മാറുന്ന ഒരു കൂട്ടായ്മ രൂപപ്പെട്ടാൽ മാത്രമേ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ പാർലമെൻ്റിൽ പാസ്സാകുകയുള്ളൂ. 1679 -1681 കാലത്ത്, കത്തോലിക്കനായ ജെയിംസ് രണ്ടാമനെ രാജാവാക്കുന്നതിൻ്റെ സംഘർഷത്തിൽ (Exclusion Crisis) ഉടലെടുത്ത വിഗ്ഗ്-ടോറി വിഭജനം പിന്നീട്, പാർലമെൻ്ററി പാർട്ടികളായി പിറക്കുന്നതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്.

ലിബറൽ ഭരണവ്യവസ്ഥയുടെ പ്രാഥമികമായ വളർച്ചാഘട്ടത്തിൽ സ്വേച്ഛാഭരണത്തിൻ്റെയും പാർലമെൻ്റിൻ്റെയും താൽപ്പര്യങ്ങൾ സന്ധിക്കുന്നിടത്താണ് പാർലമെൻ്ററി പാർട്ടികൾ ആരംഭിക്കുന്നത്. 17, 18 നൂറ്റാണ്ടുകളെന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ വളർച്ചയിൽ ഏറ്റവും നിർണ്ണായക കാലഘട്ടമാണ്. അതുകൊണ്ട് രാഷ്ട്രീയശക്തിയെന്ന നിലയിൽ രാജ്യത്തിൻ്റെ ശ്രദ്ധ ഏറെയും കോളനിവിപുലനത്തിൽ കേന്ദ്രീകരിച്ചിരുന്നു. ആസൂത്രിതമായ അധികാര കേന്ദ്രീകരണവും യുദ്ധാവശ്യങ്ങൾക്കുവേണ്ട ധനസമാഹരണവും സുസംഘടിതമായ ബ്യൂറോക്രസിയും സമന്വയിപ്പിച്ചാണ് ബ്രിട്ടൻ ഏറ്റവും വലിയ സാമ്രാജ്യത്വശക്തിയായി ഉയരുന്നത്. രാജാവിൽ എക്സിക്യൂട്ടീവ് അധികാരങ്ങളും പാർലമെൻ്റിൽ നിയമനിർമ്മാണാധികാരങ്ങളും ഒരേപോലെ കേന്ദ്രീകരിച്ചും അവയെ പരസ്പരം കൂട്ടിയിണക്കിയുമുള്ള സാമ്രാജ്യത്വ രാഷ്ട്രീയമാണത്.
അക്കാലത്ത് പാർലമെൻ്റ് ചർച്ചകളിൽ ഏറ്റവും ചൂടുപിടിച്ച വിഷയങ്ങളിൽ മുഖ്യമായിരുന്നു കോളനികളിലെ ഭരണം. അതിനാൽ തുടർച്ചയായ സമ്മേളനങ്ങളും, വളരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ പുതിയ ആവശ്യങ്ങളും സഭാഭൂരിപക്ഷം അനായാസം ഉറപ്പാക്കുന്ന സോഷ്യൽ ഏജൻസി എന്ന നിലയിൽ പാർട്ടി സംവിധാനത്തെ സ്ഥിരപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചിരിക്കണം. അതുകൊണ്ട് പാർലമെൻ്ററി പാർട്ടികളുടെ വളർച്ചയിൽ 1689 - 1742 കാലയളവിനെ പ്രധാന വഴിത്തിരിവായി ബി. ഡബ്ലിയു. ഹിൽ വിലയിരുത്തുന്നു (B.W. HILL, The Growth of Parliamentary Parties 1689-1742).
ബ്രിട്ടീഷ് സാമ്രാജ്യത്വ വളർച്ചക്കുതകുന്ന രാഷ്ട്രീയസംവിധാനമെന്ന നിലയിൽ കൂടി പാർലമെൻ്റിനു കൈവന്ന അധികാരശക്തിയെയും അത് സുസാധ്യമാക്കുന്ന പാർട്ടിമേധാവിത്വത്തെയും മനസ്സിലാക്കാൻ കഴിയും. കാരണം, പാർലമെൻ്റ് അംഗങ്ങൾ പലരും നേരിട്ടോ പരോക്ഷമായോ കോളനിയുമായി ബന്ധപ്പെട്ടു വളർന്ന സാമ്പത്തിക താല്പര്യങ്ങളുടെ ഭാഗമായിരുന്നു. ഈ അധികാര കേന്ദ്രീകരണത്തെ സുഗമവും സ്വാഭാവികവുമാക്കുന്നതിനുള്ള സാമൂഹിക സ്ഥാപനം എന്ന വിധത്തിലും പാർലമെൻ്ററി പാർട്ടികളുടെ ആഗമനത്തെ വിലയിരുത്താൻ കഴിയും.
വ്യക്തിസ്വാതന്ത്ര്യത്തെ വ്യക്തിയുടെയും സമൂഹത്തിൻ്റെയും സ്വയംഭരണം (Autonomy) ആയി വികസിപ്പിക്കാനും ബ്രിട്ടീഷ് ലിബറലിസത്തിനു കഴിഞ്ഞോ എന്നും സംശയിക്കണം. കാരണം വ്യക്തിസ്വാതന്ത്ര്യം പ്രധാനമായും ലിബറൽ ചിന്തയിൽ വികസിക്കുന്നത് സ്വത്ത് ആർജ്ജിക്കാനുള്ള വ്യക്തിയുടെ അവകാശമെന്ന നിലയിലാണ്.
ബ്രിട്ടീഷ് പാർലമെൻ്ററി വ്യവസ്ഥ സാർവ്വത്രിക വോട്ടവകാശത്തിലൂടെ പാർലമെൻ്ററി ജനായത്തമായി പരിണമിക്കാൻ ആരംഭിക്കുന്നത് 1832 മുതലാണെങ്കിൽ അതിനു മുന്നേ, 17-ാം നൂറ്റാണ്ടിൻ്റെ അന്ത്യകാലം മുതൽ തന്നെ, ജന്മസിദ്ധമായ വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ എന്നീ ലിബറൽ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയ ഭരണഘടനാ പരിഷ്കാരങ്ങൾ പാർലമെൻ്ററി വ്യവസ്ഥയിലേക്ക് ഉൾപ്പെടുത്തി കഴിഞ്ഞിരുന്നു എന്നാണ് നാം കണ്ടത്. എന്നാൽ ഈ തത്വങ്ങൾ അക്കാലത്തെ സാധാരണ മനുഷ്യർ ആവശ്യപ്പെട്ട പ്രകാരം ജനങ്ങളിലേക്ക് പരമാധികാരം തിരികെ കൊണ്ടുവരുന്ന വിധത്തിലല്ല പ്രയോഗത്തിൽ വരുത്തിയത്. പകരം പരമ്പരാഗത അധികാരഘടന തീരെ ഉപേക്ഷിക്കാതെ പാർലമെൻ്റിലേക്കു നിയമനിർമ്മാണാധികാരം വരുന്ന നേർപ്പിച്ച ലിബറൽ ഭരണവ്യവസ്ഥയാണ് പ്രാബല്യത്തിലായത്. കാരണം വ്യക്തിസ്വാതന്ത്ര്യം, നിയമവാഴ്ച, സ്വത്തവകാശം, പ്രതിനിധാനം, തുടങ്ങിയ ലിബറൽ തത്ത്വങ്ങൾ ഇംഗ്ലീഷ് പാർലമെൻ്ററി വ്യവസ്ഥ സ്വീകരിച്ചെങ്കിലും, ജനങ്ങളുടെ പരമാധികാരം, പ്രാതിനിധ്യ തുല്യത, പ്രതിനിധികൾക്കും പാർലമെൻ്റിനും മേൽ ജനങ്ങളുടെ നിരന്തരമായ രാഷ്ട്രീയ ഓഡിറ്റിംഗും നിയന്ത്രണവും, അധികാര വികേന്ദ്രീകരണം ഇവ ഭരണഘടനാപരമായി തന്നെ ഉറപ്പാക്കാൻ സാധിച്ചിട്ടില്ല.
തന്നെയുമല്ല വ്യക്തിസ്വാതന്ത്ര്യത്തെ വ്യക്തിയുടെയും സമൂഹത്തിൻ്റെയും സ്വയംഭരണം (Autonomy) ആയി വികസിപ്പിക്കാനും ബ്രിട്ടീഷ് ലിബറലിസത്തിനു കഴിഞ്ഞോ എന്നും സംശയിക്കണം. കാരണം വ്യക്തിസ്വാതന്ത്ര്യം പ്രധാനമായും ലിബറൽ ചിന്തയിൽ വികസിക്കുന്നത് സ്വത്ത് ആർജ്ജിക്കാനുള്ള വ്യക്തിയുടെ അവകാശമെന്ന നിലയിലാണ്. അമേരിക്കയിലെ തദ്ദേശീയ ഭൂമികൾ സ്വകാര്യവൽക്കരിക്കുന്ന യൂറോപ്യൻ അധിനിവേശവുമായി അത് നേരിട്ടു തന്നെ ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തദ്ദേശീയ സമൂഹങ്ങളുടെ സ്വയംഭരണ സ്വാതന്ത്ര്യത്തെ വ്യക്തിയുടെ സ്വത്ത് ആർജ്ജിക്കാനുള്ള സ്വാതന്ത്ര്യവുമായി കണ്ണി ചേർക്കുന്നില്ല.

അതിനാൽ, ലിബറൽ ഭരണവ്യവസ്ഥ പാർട്ടികളുടെ അധീനതയിലായപ്പോൾ ലിബറലിസം എന്ന രാഷ്ട്രീയ തത്വചിന്തയുടെ അടിസ്ഥാന പ്രമാണം തന്നെ അപകടത്തിലായിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വൈരുദ്ധ്യം. മനുഷ്യാവകാശങ്ങളെ അടിച്ചമർത്തുന്ന സ്വേച്ഛാധിപത്യ ഭരണകൂടം, സംഘടിത മതം, പരമ്പരാഗത കുടുംബവ്യവസ്ഥ എന്നീ സാമൂഹിക സ്ഥാപനങ്ങളിൽ നിന്നും വ്യക്തിയുടെ ആജന്മസ്വാതന്ത്ര്യങ്ങൾ വീണ്ടെടുക്കുക എന്നതായിരുന്നു ലിബറൽ രാഷ്ട്രീയചിന്തയുടെ ശ്രദ്ധേയമായ ഒരു ചരിത്രദൗത്യം. സ്വതന്ത്രവ്യക്തിക്കു മാത്രമേ സാമൂഹികമായ സംഭാവനകൾ നൽകി സമൂഹത്തെ സുസ്ഥിരമാക്കാൻ കഴിയൂ. പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന സ്വതന്ത്ര വ്യക്തികളുടെ സമൂഹത്തെയാണ് ലിബറലിസം അതിൻ്റെ നേരായ അർത്ഥത്തിൽ വിഭാവനം ചെയ്യുന്നത്. അതിനാൽ വ്യത്യസ്ത അഭിപ്രായക്കാർക്കും മതക്കാർക്കും വംശക്കാർക്കും സഹിഷ്ണുതയോടെ കഴിയാൻ ഇടമുണ്ട് ലിബറൽ സമൂഹത്തിൽ. അതൊരു ഉൾക്കൊള്ളൽ (inclusive) സമൂഹമാണ്. ആജന്മ വ്യക്തിസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നതിനാൽ അമേരിക്കൻ സ്വാതന്ത്ര്യസമരത്തെ രാഷ്ട്രീയമായി നേരിട്ടാലും, ധാർമ്മികമായി ബ്രിട്ടന് അംഗീകരിക്കേണ്ടിവന്നു. ലിബറൽ അമേരിക്കക്ക് അടിമത്തം അവസാനിപ്പിച്ച് കറുത്തവർക്കും വോട്ടവകാശം നൽകേണ്ടിവന്നു. വൈകിയാണെങ്കിലും സാർവ്വത്രിക വോട്ടവകാശത്തിലേക്കു സാമ്രാജ്യശക്തികൾക്ക് സ്വയം എത്തേണ്ടിവന്നു; അതോടൊപ്പം തങ്ങളുടെ കോളനികളിൽ രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കേണ്ടിയും വന്നു.
പാർട്ടികൾ പാർലമെൻ്ററി വ്യവസ്ഥയിൽ അധികാര കേന്ദ്രങ്ങളാകുന്നതോടെ വോട്ടർ എന്ന വ്യക്തിയുടെയും ജനപ്രതിനിധി എന്ന വ്യക്തിയുടെയും അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങൾ ചോർന്നുപോകുന്നതായി കാണാം.
ഇങ്ങനെ പാർലമെൻ്ററി വ്യവസ്ഥയെ ലിബറൽ ഭരണ വ്യവസ്ഥയായും, കാലാന്തരത്തിൽ സാർവ്വത്രിക വോട്ടവകാശം വഴി ലിബറൽ ഡെമോക്രസിയായും വികസിപ്പിച്ച രാജ്യങ്ങളിൽ ലിബറൽ തത്വങ്ങളുടെ ആധാരശിലയായ വ്യക്തിയുടെ ആജന്മഅവകാശങ്ങളെ അധികാര കേന്ദ്രീകരണത്തിൻ്റെ രാഷ്ട്രീയരൂപങ്ങളിൽ നിന്ന് വേണ്ടവിധത്തിൽ സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് വൈപരീത്യം. ഭരണകൂടം ലിബറൽ ആയി ഭരണഘടനാപരമായി നിൽക്കുമ്പോൾ തന്നെ, വ്യക്തികളുടെ രാഷ്ട്രീയ അവകാശങ്ങൾക്കുമേൽ (സ്വയംഭരണം) പാർലമെൻ്ററി പാർട്ടികൾ ഏറെക്കുറെ അധീശത്വം നേടിയിരിക്കുന്നു. ചുരുക്കത്തിൽ, രാജാവ് - പാർലമെൻ്റ് സ്വേച്ഛാധികാരത്തിനു മേൽ ഭരണഘടനാപരമായി എങ്ങനെ ജനകീയ പരമാധികാരം സ്ഥാപിക്കാമെന്നതായിരുന്നു ലെവലർ പ്രസ്ഥാനത്തിൻ്റെ അന്വേഷണം. എന്നാൽ രാജാവിൻ്റെ സ്വേച്ഛാധികാരത്തെ എങ്ങനെ പാർലമെൻ്റിൻ്റെ അധികാരമാക്കി മാറ്റാം എന്നതായിരുന്നു ബിൽ ഓഫ് റൈറ്റ്സിൻ്റെ ഉന്നം (The Convention and Bill of Rights https://www.parliament.uk/). വ്യക്തികൾക്കുമേൽ പാർട്ടികളും പ്രതിനിധികളും സ്വേച്ഛാപരമാകുന്നത് എങ്ങനെ തടയാൻ കഴിയും എന്നതാണ് തുടർന്നുണ്ടായ പ്രശ്നം.
ഒരു വശത്ത് മൗലികാവകാശങ്ങളായ അഭിപ്രായസ്വാതന്ത്ര്യം, അന്തസ്സായി ജീവിക്കാനുള്ള അവകാശം. സ്വത്ത് ആർജ്ജിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം, നിയമവാഴ്ച, തുല്യനീതി, വോട്ടവകാശം എന്നിവ ഓരോ വ്യക്തിക്കും ഭരണഘടന ഉറപ്പുനൽകുന്നു. എന്നാൽ പാർട്ടികൾ പാർലമെൻ്ററി വ്യവസ്ഥയിൽ അധികാര കേന്ദ്രങ്ങളാകുന്നതോടെ വോട്ടർ എന്ന വ്യക്തിയുടെയും ജനപ്രതിനിധി എന്ന വ്യക്തിയുടെയും അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങൾ ചോർന്നുപോകുന്നതായി കാണാം. വോട്ടർമാരുടെയും പ്രതിനിധിയുടെയും കർതൃത്വം പാർലമെൻ്ററി പാർട്ടികൾ ഏറ്റെടുത്ത് അവ വ്യക്തിസ്വാതന്ത്ര്യത്തെ ദുർബ്ബലപ്പെടുത്തുന്നു. ഈ വൈപരീത്യം തിരിച്ചറിയുന്നതുകൊണ്ടാണ് ലിബറൽ ഭരണഘടനകൾ കാര്യമായി രാഷ്ട്രീയപ്പാർട്ടികളെ പറ്റി പറയാഞ്ഞത്. ജനങ്ങൾക്കും ഭരണകൂടത്തിനുമിടയിൽ ജനപ്രതിനിധിയെ അല്ലാതെ പാർട്ടികളെ ഭരണഘടനകൾ കാണുന്നില്ലല്ലോ.

ഇന്ത്യയിൽ കൂറുമാറ്റനിരോധനനിയമം വഴി പാർട്ടികളുടെ സാന്നിധ്യം ഭരണഘടന അംഗീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുപോലും, വ്യക്തിയെന്ന നിലയിലുള്ള ജനപ്രതിനിധിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പാടെ ഹനിക്കാൻ കോടതികൾ തയ്യാറായിട്ടില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ കൂറുമാറി പാർട്ടിയെ വഞ്ചിക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്നതായി കോടതി കണക്കാക്കുകയും ചെയ്യുന്നു. അതിനാൽ നിലവിലുള്ള ലിബറൽ വ്യവസ്ഥയിൽ, ഇനിയും ഏതേത് പഴുതുകളിലൂടെ പാർട്ടികൾ വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ കൂടുതൽ അധികാരശക്തിയായി ജനായത്തത്തെ ക്ഷയിപ്പിക്കുന്നു എന്ന അന്വേഷണത്തിനു പ്രസക്തിയുണ്ട്.
(തുടരും).

