പുതിയ കാലത്ത് പുതിയ തലമുറ മുഖാമുഖം കാണുന്ന പുതിയ രാഷ്ട്രീയത്തെ കുറിച്ചുള്ള ചിന്തകളും ചർച്ചകളും വീണ്ടും സജീവമായത് കോക്റോച്ച് ജനതാപാർട്ടിയുടെ (CJP) നേതൃത്വത്തിൽ ദൽഹിയിലെ ജന്ദർമന്ദറിൽ അരങ്ങേറിയ ഐതിഹാസിക സമരവുമായി ബന്ധപ്പെട്ടാണ്. ‘ജെൻ -സി’ (Gen-Z) എന്ന് വിശേഷിപ്പിക്കുന്ന പുതിയ യുവതലമുറയുടെ രാഷ്ട്രീയ പ്രമേയങ്ങളെക്കുറിച്ചും, മുൻഗണനകളെക്കുറിച്ചും, ആശങ്കകളെക്കുറിച്ചും, പ്രതീക്ഷകളെക്കുറിച്ചും, സംവേദന രീതികളെക്കുറിച്ചും, ജീവിതസമരങ്ങളെക്കുറിച്ചും ഒക്കെ വിപുലമായ വിചിന്തനങ്ങൾ പല തലങ്ങളിലും ഉയർന്നുവന്നു. ഇപ്പോഴും തുടരുന്നു. പുതിയ തലമുറയുടെ മാറിയ രാഷ്ട്രീയഭൂമികയിൽ ഇടതുപക്ഷം അതിന്റെ ചരിത്രദൗത്യം നിർവഹിക്കാൻ കഴിയുംവിധം പ്രസക്തമായിരിക്കുന്നതിന്റെയും, അതിനായി അവശ്യം വേണ്ട സ്വയം നവീകരണത്തിന്റെയും പുനർ നിർമാണത്തിന്റെയും ആവശ്യകതയെയും കുറിച്ചാണ് ഇവിടെ വിചാരം ചെയ്യുന്നത്.
1997-2012 കാലയളവിൽ ജനിച്ച, ഇന്ന് കൗമാരത്തിന്റെ അവസാനത്തിലുള്ളവർ മുതൽ മുപ്പതുകളുടെ ആദ്യഘട്ടത്തിലേക്ക് പ്രവേശിക്കുന്നവർ വരെയുള്ള ഒരു തലമുറയെയാണ് ജെൻ-സി എന്ന് വിശേഷിപ്പിക്കുന്നത്. എന്താണ് ഈ തലമുറയുടെ പ്രത്യേകത? ജെൻ-സി എന്നത് സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ, അതിവേഗ ഇന്റർനെറ്റ് തുടങ്ങിയവയുടെ ലോകത്ത് ജനിച്ചുവീണ ആദ്യ തലമുറയാണ്. അവർക്ക് പിന്നാലെ വരുന്നവരെ ജെൻ ആൽഫ (2013-25) എന്നും, മുൻപേ വന്നവരെ മില്ലേനിയൽസ് (ജെൻ-Y- 1981–96) എന്നുമാണ് വിശേഷിപ്പിക്കാറ്. അതിനും മുൻപേയുള്ളവർ ജെൻ -X (1965-80).
ജെൻ-സിയെക്കുറിച്ചുള്ള പൊതുധാരണ പലപ്പോഴും അവരുടെ രീതികളുമായുള്ള അപരിചിതത്വത്തിൽ നിന്നുയരുന്നതാണ്.
മില്ലേനിയൽ തലമുറയും സാങ്കേതികവിദ്യയുമായി ഏറെ അടുത്ത് ഇഴുകിച്ചേർന്നവരാണെങ്കിലും (high-tech savvy- അവരും കമ്പ്യൂട്ടർ സാങ്കേതികവിദ്യ, മൊബൈൽ ഫോൺ തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നവരും അവയിൽ വൈദഗ്ദ്യം നേടിയവരുമാണ്)- ഈ സാങ്കേതികവിദ്യകൾ ഇല്ലാതിരുന്ന ഒരു കാലത്തെ അറിയുന്ന, നേരിൽ കണ്ടിട്ടുള്ള, ഒരു തലമുറയാണ് അത്. നേരെമറിച്ച്, ജെൻ-സി ആകട്ടെ ടെക്നോളജിയുടെ ലോകത്ത് ജനിച്ചുവീണവരാണ്. അവർക്ക് അതില്ലാത്ത ഒരു ലോകം അനുഭവത്തിലില്ല. അത് സങ്കൽപ്പിക്കാൻ സാധ്യവുമല്ല. ഡിജിറ്റൽ യുഗത്തിൽ ജനിച്ച ‘ഡിജിറ്റൽ നേറ്റീവ്’ എന്ന് ജെൻ -സി തലമുറയെ വിളിക്കാം.
ആധുനിക സ്മാർ ട്ട് ഫോൺ അവരുടെ ശരീരത്തിന്റെ തന്നെ എക്സ്റ്റൻ ഷനാണ്. അതുകൊണ്ട് അവരുടെ ലോകവീക്ഷണവും, രീതികളും, അഭിരുചികളും ഡിജിറ്റൽ സാങ്കേതികവിദ്യയാൽ രൂപപ്പെട്ടതാണ്. ഈ വ്യത്യാസം മനസ്സിലുണ്ടാവുക എന്നത് ഇന്നത്തെ യുവതലമുറയുമായി സംവദിക്കുമ്പോൾ, അവരോടുള്ള കമ്മ്യൂണിക്കേഷൻ രീതികൾ രൂപപ്പെടുത്തുമ്പോൾ, അവർക്കായുള്ള സന്ദേശങ്ങൾ ആവിഷ്കരിക്കുമ്പോൾ ഒക്കെ പ്രധാനമാണ്. അല്ലെങ്കിൽ ജെൻ -X- ൽ ഉള്ളവരോ അതിനും മുതിർന്നവരോ ആയവർ വർഷങ്ങളായി തങ്ങൾക്ക് പരിചയമുള്ള അതേ ശൈലികളും, ശീലങ്ങളും പിന്തുടർന്ന് ജെൻ -സി തലമുറയുമായി സംവദിക്കാൻ ശ്രമിക്കുകയും, അത് പരാജയപ്പെടുമ്പോൾ അവരെയും ആ രാഷ്ട്രീയത്തെയും തെറ്റായി മുദ്രകുത്തി പിൻ വാങ്ങുകയും ചെയ്യുന്ന അവസ്ഥയുണ്ടാവും. ജെൻ -സി തലമുറയും മില്ലേനിയൽ തലമുറയും തമ്മിൽ പോലും സംവേദനരീതികളിലും (communication style) ഭാഷയിലും ഇഷ്ടപ്പെടുന്ന ഉള്ളടക്കരൂപങ്ങളിലും (content preference) ഗണ്യമായ വ്യത്യാസമുണ്ട്. അപ്പോൾ അതിലും മുതിർന്ന തലമുറയുടെ കാര്യം പറയേണ്ടതില്ലല്ലോ.
ഒരു തലമുറയുടെ രാഷ്ട്രീയത്തെ മനസ്സിലാക്കണമെങ്കിൽ പ്രായം മാത്രം നോക്കിയാൽ പോരാ, അവർ വളർന്ന കാലത്തേയും സമൂഹത്തിന്റെയും പശ്ചാത്തലം, ചരിത്രം, ഘടന, ശാസ്ത്രസാങ്കേതികവിദ്യ, സമ്പദ് വ്യവസ്ഥ ഇവയൊക്കെ ആഴത്തിൽ അറിയണം. അവരുടെ ബോധത്തെ രൂപപ്പെടുത്തിയ ലോകത്തെ അറിയണം. അവർ ജനിച്ചുവീണ ലോകത്തെ സാങ്കേതികവിദ്യയുടെ പരിസരമാണ് അവരുടെ സംവേദനങ്ങളെ, ആശയവിനിമയരീതികളെ, ജ്ഞാനലോകത്തെ, മുൻ ഗണനകളെ, മുൻധാരണകളെ, വിശ്വാസങ്ങളെ, രാഷ്ട്രീയത്തെ ഒക്കെ രൂപപ്പെടുത്തിയത്. ഈ രീതികളുമായി പൊരുത്തപ്പെടാത്ത സംവാദങ്ങൾ അവർക്ക് അപരിചിതമായിരിക്കും, അനാകർഷകമായിരിക്കും.

ജെൻ -സിയെക്കുറിച്ചുള്ള പൊതുധാരണ പലപ്പോഴും അവരുടെ രീതികളുമായുള്ള അപരിചിതത്വത്തിൽ നിന്നുയരുന്നതാണ്. രാഷ്ട്രീയം അവർക്ക് താൽപ്പര്യമില്ല, രാഷ്ട്രീയ പാർട്ടികളോട് അവർ അകലം പാലിക്കുന്നു, ആശയപരമായ പ്രതിബദ്ധത കുറവാണ്, വ്യക്തികേന്ദ്രിതമായ ജീവിതമാണ് അവർ ആഗ്രഹിക്കുന്നത് തുടങ്ങി സാധാരണ കേൾക്കുന്ന വിലയിരുത്തലുകൾ പൂർണ്ണമായും ശരിയാണെന്ന് പറയാനാവില്ല.
ജെൻ -സി പരമ്പരാഗത രാഷ്ട്രീയത്തിൽനിന്ന് അകലം പാലിക്കുന്നുണ്ടാകാം; എന്നാൽ രാഷ്ട്രീയ പ്രശ്നങ്ങളിൽനിന്ന് അവർ വിട്ടുനിൽക്കുന്നില്ല. തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, ജാതി-ലിംഗ വിവേചനം, വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം, മാനസികസമ്മർദ്ദം, ഡിജിറ്റൽ സ്വകാര്യത, യുദ്ധങ്ങൾ, കുടിയേറ്റം, മനുഷ്യാവകാശങ്ങൾ, കാലാവസ്ഥാവ്യതിയാനം, തുടങ്ങിയ വിഷയങ്ങളിലൊക്കെ പുതുതലമുറ ശക്തമായി പ്രതികരിക്കുന്നു. ഇത് അരാഷ്ട്രീയതയല്ല, മറിച്ച് ശക്തമായ രാഷ്ട്രീയ അവബോധം തന്നെയാണ്. ഇതാകട്ടെ ഇടത് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന രാഷ്ട്രീയവുമാണ്. ഇടതുപക്ഷം ഉയർത്തുന്ന പ്രശ്നങ്ങളും മുദ്രാവാക്യങ്ങളുമാണ് ഇവയെല്ലാം.
ഇടതുപക്ഷത്തെ സംബന്ധിച്ച് ജെൻ -സിയുടെ സാങ്കേതികവും, സാമൂഹികവും, രാഷ്ട്രീയവും, സാമ്പത്തികവുമായ അനുഭവങ്ങളേയും, അതിന്റെ ആവിഷ്കാര രീതികളേയും ഇടതുപക്ഷ രാഷ്ട്രീയത്തിന് എത്രത്തോളം മനസ്സിലാക്കാനും, അതിനനുയോജ്യമായ, പുതുതലമുറയെക്കൂടി ഉൾക്കൊള്ളാൻ കഴിയുംവിധമുള്ള, രാഷ്ട്രീയഭാഷയും, പ്രവർത്തനശൈലിയും, ഭാവിദർശനവും വികസിപ്പിക്കാനും കഴിയുന്നു എന്നതാണ് പ്രധാനം.
ജെൻ- സി തലമുറ വ്യവസ്ഥാപിത സ്ഥാപനവൽകൃത രാഷ്ട്രീയത്തിൽനിന്ന് അകന്നവരാണെങ്കിലും വിഷയാധിഷ്ഠിത രാഷ്ട്രീയത്തിൽ സജീവമാണ്.
തീർച്ചയായും ജെൻ -സിയുടെ ആവിഷ്കാര രീതികൾ അടിസ്ഥാനപരമായി വ്യത്യസ്തങ്ങളാണ്. പരമ്പരാഗത രാഷ്ട്രീയപാർട്ടികൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, പാർട്ടി ഓഫീസുകൾ, പത്രങ്ങൾ, രാഷ്ട്രീയ പ്രസംഗങ്ങൾ എന്നിവയിലൂടെ മാത്രം രാഷ്ട്രീയബോധം രൂപപ്പെടുന്ന കാലഘട്ടമല്ല ഇത്. യുവാക്കളുടെ രാഷ്ട്രീയബോധം ഇന്ന് രൂപപ്പെടുന്നത് യൂട്യൂബ് വീഡിയോകളിലൂടെയും, ഇൻസ്റ്റഗ്രാം റീലുകളിലൂടെയും, പോഡ്കാസ്റ്റ്കളിലൂടെയും, മീംമ്സ്കളിലൂടെയും, ഓൺലൈൻ കമ്മ്യൂണിറ്റികളിലൂടെയും, വ്യക്തിപരമായ അനുഭവങ്ങളിലൂടെയുമൊക്കെയാണ്. അതുകൊണ്ട് ജെൻ -സി, രാഷ്ട്രീയത്തിൽനിന്ന് അകലം പാലിക്കുന്നവരാണ് (politically disengaged) എന്ന് വിലയിരുത്തുന്നതിനുമുൻ പ് നാം മനസ്സിലാക്കേണ്ടത്, അവർ പലപ്പോഴും വ്യവസ്ഥാപിത സ്ഥാപനവൽകൃത രാഷ്ട്രീയത്തിൽ (institutional politics) നിന്ന് അകന്നവരാണെങ്കിലും വിഷയാധിഷ്ഠിത രാഷ്ട്രീയത്തിൽ (issue-based politics) സജീവമാണ് എന്നതാണ്.
ഉദാഹരണത്തിന്, ഒരു യുവാവ് ഒരു രാഷ്ട്രീയ പാർട്ടി അംഗമാകണമെന്നില്ല. എന്നാൽ തൊഴിലില്ലായ്മക്കെതിരെ സംസാരിച്ചേക്കാം. ഒരു യുവതി ഒരു രാഷ്ട്രീയ സംഘടനയിൽ പ്രവർത്തിക്കണമെന്നില്ല. എന്നാൽ ലിംഗസമത്വത്തിനായി ശക്തമായി നിലകൊള്ളാം. ഒരു വിദ്യാർത്ഥി ‘സോഷ്യലിസ്റ്റ്’ എന്ന സ്വത്വം സ്വീകരിക്കണമെന്നില്ല. എന്നാൽ വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവരുടേയും തുല്യാവകാശമായിരിക്കണം എന്ന് വിശ്വസിക്കാം.
ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ കൊടി പിടിക്കാത്തതുകൊണ്ടുമാത്രം അവർ അരാഷ്ട്രീയവാദി (apolitical) ആകുന്നില്ല. അവർ മറ്റൊരു ഭാഷയിലാണ് രാഷ്ട്രീയം സംസാരിക്കുന്നത്. അവർ ഉന്നയിക്കുന്ന ചോദ്യങ്ങളും വിഷയങ്ങളും രാഷ്ട്രീയ ചോദ്യങ്ങളായിരിക്കും. പക്ഷേ അവയെല്ലാം ജെൻ -Xന് പരിചിതമായ പരമ്പരാഗത രാഷ്ട്രീയ നിഘണ്ടുവിൽ (traditional political vocabulary) കാണണമെന്നില്ല.

ജെൻ -സിയുടെ രാഷ്ട്രീയം പലപ്പോഴും നിശ്ചിത ഐഡിയോളജിയിൽ നിന്ന് വിഷയാധിഷ്ഠിത നിലപാടുകളിലേക്കും, സംഘടനയിൽ നിന്ന് കൂട്ടായ്മയിലേക്കും, ഔപചാരികമായ പ്രസംഗങ്ങളിൽനിന്ന് ജൈവികമായ വർത്തമാനങ്ങളിലേക്കും മാറിയിരിക്കുന്നു. രാഷ്ട്രീയബോധം എല്ലായ്പ്പോഴും ആശയപരമായ ലേബലുകളിലൂടെ തന്നെ ആരംഭിക്കണം എന്നില്ലല്ലോ. അത് ഒരനുഭവത്തിൽ നിന്നാകാം ആരംഭിക്കുന്നത്. ഒരു അനീതിയിൽ നിന്ന്, തൊഴിലില്ലായ്മയിൽ നിന്ന്, ഒരു വിവേചനത്തിൽ നിന്ന്, ഒരു സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്, ഒരു ചോദ്യം ഉയരുന്നതിൽ നിന്ന് ഒക്കെ രൂപമെടുക്കാം. ഇടതുപക്ഷത്തിന്റെ വെല്ലുവിളി യുവതലമുറയിൽ ഉയർന്നുവരുന്ന ഈ പുതിയ രാഷ്ട്രീയബോധത്തെ സംഘടനാചട്ടക്കൂടുകളിലേക്ക് പരിമിതപ്പെടുത്താതെ തന്നെ, വിശാലമായ സാമൂഹിക- രാഷ്ട്രീയ പദ്ധതിയുമായി ബന്ധിപ്പിക്കുക എന്നതാണ്.
യുവതലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അഭാവമാണ്. മുൻ തലമുറകൾക്ക് മുന്നിലുള്ള ജീവിതം താരതമ്യേന ഋജുവും വ്യക്തതയുള്ളതുമായിരുന്നു. വിദ്യാഭ്യാസം നേടുക. ജോലി നേടുക. വീട് സ്വന്തമാക്കുക. കുടുംബം സ്ഥാപിക്കുക. സാമൂഹിക സുരക്ഷിതത്വത്തോടെ വിരമിക്കുക. ഇങ്ങനെ ജീവിതം പൊതുവേ നേർരേഖയിലായിരുന്നു.
നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും തൊഴിൽ ഉറപ്പില്ല. ജോലിയുണ്ടെങ്കിലും സ്ഥിരത ഉറപ്പില്ല. ശമ്പളമുണ്ടെങ്കിലും സാമ്പത്തിക സുരക്ഷ ഉറപ്പില്ല. സാങ്കേതികവിദ്യയുണ്ടെങ്കിലും അവയിൽ അവർക്ക് നിയന്ത്രണമില്ല.
ഇന്ന് ആ സമവാക്യം കൂടുതൽ സങ്കീർണമായിരിക്കുന്നു. ഇന്നത്തെ യുവതലമുറയെ സംബന്ധിച്ച് ഈ മാതൃക അസാധുവായിരിക്കുന്നു. നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും തൊഴിൽ ഉറപ്പില്ല. ജോലിയുണ്ടെങ്കിലും സ്ഥിരത ഉറപ്പില്ല. ശമ്പളമുണ്ടെങ്കിലും സാമ്പത്തിക സുരക്ഷ ഉറപ്പില്ല. സാങ്കേതികവിദ്യയുണ്ടെങ്കിലും അവയിൽ അവർക്ക് നിയന്ത്രണമില്ല. സാമൂഹ്യ മാധ്യമങ്ങളുണ്ടെങ്കിലും സാമൂഹ്യ ബന്ധങ്ങളിൽ ഉറപ്പില്ല. ധാരാളം വിവരങ്ങൾ (information) ഉണ്ടെങ്കിലും ഏതാണ് സത്യം (truth) എന്നതിൽ ഉറപ്പില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ ചെലവ് വർദ്ധിക്കുന്നു. തൊഴിൽ വിപണിയിൽ മത്സരം ശക്തമാണ്. സ്ഥിരം തൊഴിൽ കുറയുന്നു. കരാർ തൊഴിൽ, ഗിഗ് വർക്കർമാർ, ഫ്രീലാൻ സ് തൊഴിൽ തുടങ്ങിയ തൊഴിൽരീതികൾ വ്യാപിക്കുന്നു. ജീവിതച്ചെലവ് ഉയരുന്നു. ഇതൊക്കെയാണ് ഇന്നത്തെ ജെൻ -സി കാലഘട്ടത്തിന്റെ ഏകദേശ ചിത്രം.
പഴയ ഇടതുപക്ഷ രാഷ്ട്രീയത്തിൽ തൊഴിലാളി (worker) എന്നത് വ്യക്തമായി തിരിച്ചറിയാവുന്ന സാമൂഹിക വിഭാഗമായിരുന്നു. 20-ാം നൂറ്റാണ്ടിലെ വ്യവസായ തൊഴിലാളിയെ എളുപ്പം തിരിച്ചറിയാനാകുമായിരുന്നു. ഫാക്ടറി തൊഴിലാളി, ഗവൺമെൻറ് ജോലിക്കാർ, പ്ലാൻറേഷൻ വർക്കർ, കർഷക തൊഴിലാളി, നിർമാണ തൊഴിലാളികൾ അങ്ങനെ കൃത്യമായ ക്ലാസ്സിഫിക്കേഷൻ സാധ്യമായിരുന്നു. ഫാക്ടറിയുണ്ടായിരുന്നു, മെഷീനുകളുണ്ടായിരുന്നു, അസംബ്ലി- ലൈൻ ഉണ്ടായിരുന്നു, മുതലാളി അഥവാ തൊഴിൽ ഉടമ ഉണ്ടായിരുന്നു. തൊഴിലാളിയും മൂലധനവും തമ്മിലുള്ള ബന്ധം നേരിട്ട് കാണാമായിരുന്നു.
എന്നാൽ ഡിജിറ്റൽ ഇക്കോണമിയിൽ സ്ഥിതി വ്യത്യസ്തമാണ്. ഇന്നത്തെ കേരളത്തിലെ തൊഴിൽ ഘടന നോക്കൂ. ഐ.ടി.പ്രൊഫഷണൽ, ഡെലിവറി വർക്കർ, ഫ്രീ ലാൻ സർ, താൽക്കാലിക തൊഴിലാളികൾ, കരാർ തൊഴിലാളികൾ, സ്റ്റാർട്ട്-അപ്പ് എംപ്ലോയി, സ്വകാര്യമേഖലാ എംപ്ലോയി, അന്തർ സംസ്ഥാന തൊഴിലാളി, ടെക് സംരംഭകർ, യൂട്യൂബർ, കണ്ടൻറ് ക്രിയേറ്റർ, ഓൺലൈൻ സെല്ലർ, ഇങ്ങനെ മുൻപില്ലാതിരുന്ന നിരവധി തൊഴിൽ മേഖലകളും വിഭാഗങ്ങളും ഉയർന്നുവന്നിരിക്കുന്നു.

ഒരു ഡെലിവറി വർക്കറുടെ ജോലിസ്ഥലം ഒരു ഫാക്ടറി അല്ല; ഒരു ആപ്പ് (software application) ആണ്. ഒരു ഗിഗ് വർക്കറുടെ മേലധികാരി (supervisor) പലപ്പോഴും ഒരു മനുഷ്യനല്ല; ആൽഗോരിതം (algorithm) ആണ്. ഒരു ഫ്രീലാൻ സർ വീട്ടിലിരുന്ന് ലോകത്തിന്റെ മറ്റൊരു ഭാഗത്തുള്ള കമ്പനിക്കായി ജോലി ചെയ്യുന്നു. ഒരു കണ്ടൻറ് ക്രിയേറ്ററുടെ വരുമാനം നിർണ്ണയിക്കുന്നത് ചിലപ്പോൾ ഒരു പ്ലാറ്റ്ഫോം ആൽഗോരിതമാണ്. ക്ലിക്സ്, ലൈക്സ്, ഷെയർ, ഫോർവേഡ് തുടങ്ങിയവയാണ് അവരുടെ വരുമാനം നിശ്ചയിക്കുന്നുണ്ടാവുക.
അതായത്, ഡിജിറ്റൽ കാപ്പിറ്റലിസത്തിൽ വർഗ്ഗബന്ധങ്ങൾ അപ്രത്യക്ഷമാവുകയല്ല, പുതിയ രൂപങ്ങളിൽ ആവിഷ്കൃതമാവുകയാണ്. ഡേറ്റ ആരുടേതാണ്? ഡിജിറ്റൽ പ്ലാറ്റ്ഫോം ആരുടേതാണ്? ആൽഗോരിതമുകളെ ആരാണ് നിയന്ത്രിക്കുന്നത്? ആർട്ടിഫിഷ്യൽ ഇൻറലിജൻ സിന്റെ ഉടമസ്ഥത ആരുടെ കൈകളിലാണ്? AI സൃഷ്ടിക്കുന്ന സമ്പത്തിന്റെ വിതരണം എങ്ങനെ നടക്കും? ഓട്ടോമേഷൻ സൃഷ്ടിക്കുന്ന അധിക ഉൽപ്പാദനത്തിന്റെ പ്രയോജനം ആർക്കാണ്? ഓട്ടോമേഷൻ മൂലം തൊഴിൽ നഷ്ടപ്പെടുന്നവരുടെ സാമൂഹിക സുരക്ഷ ആരാണ് ഉറപ്പാക്കുക? ഇവയെല്ലാം അടിസ്ഥാനപരമായി രാഷ്ട്രീയ ചോദ്യങ്ങളാണ്. ഇടത് രാഷ്ട്രീയം ഉയർത്തുന്ന ചോദ്യങ്ങളാണ്. അതുകൊണ്ട് ഡിജിറ്റൽ കാലഘട്ടത്തിൽ വർഗ്ഗരാഷ്ട്രീയം അവസാനിക്കുകയല്ല, അതിന്റെ രൂപം മാറുകയാണ്.
ജെൻ -സിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരിക എന്നത് കേവലം ഒരു റിക്രൂട്ട്മെൻറ് പണി മാത്രമല്ല. അത് കാലത്തിനനുസൃതമായ ഇടതിന്റെ രാഷ്ട്രീയ പുനർനിർമാണമാണ്. നിരന്തര നവീകരണമാണ്.
മൂലധനം എങ്ങനെ പ്രവർത്തിക്കുന്നു, അദ്ധ്വാനം എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു, സമ്പത്ത് എങ്ങനെ കേന്ദ്രീകരിക്കുന്നു, ഉൽപ്പാദനത്തിന്റെ ഉടമസ്ഥത ആരുടേതാണ്, സാമ്പത്തിക ശക്തി രാഷ്ട്രീയശക്തിയെ എങ്ങനെ സ്വാധീനിക്കുന്നു, ഈ ചോദ്യങ്ങൾ ഇന്നും പ്രസക്തമാണ്. ഇടത് പ്രത്യയശാസ്ത്രം, വർഗ്ഗരാഷ്ട്രീയം, മതേതരത്വം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ, എല്ലാം പ്രസക്തമാണ്. അവയെ ജെൻ -സിക്ക് അവരുടെ ഭാഷയിലും സംവേദനക്ഷമമായ രീതികളിലും അനുഭവവേദ്യമാക്കുക എന്നതാണ് ഇടതുപക്ഷം ഏറ്റെടുക്കേണ്ട ദൌത്യം. പുതിയ സാഹചര്യത്തിൽ പുതിയ ഉത്തരങ്ങൾ കണ്ടെത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ ബൗദ്ധിക ബാധ്യത. ഒരു പ്രസ്ഥാനത്തിന്റെ ഭാവി അതിന്റെ ചരിത്രം എത്ര മഹത്തായതാണ് എന്നതിൽ മാത്രം തീരുമാനിക്കപ്പെടുന്നതല്ലല്ലോ. ഇടതുപക്ഷ രാഷ്ട്രീയം കഴിഞ്ഞകാലത്തിന്റെ ഓർമ്മ മാത്രമല്ല, അത് ഭാവിയുടെ രാഷ്ട്രീയം കൂടിയാണ്.
ജെൻ -സിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരിക എന്നത് കേവലം ഒരു റിക്രൂട്ട്മെൻറ് പണി മാത്രമല്ല. അത് കാലത്തിനനുസൃതമായ ഇടതിന്റെ രാഷ്ട്രീയ പുനർനിർമാണമാണ്. നിരന്തര നവീകരണമാണ്. അത് ഇടതുപക്ഷത്തെ പുതിയ തലമുറയുടെ പക്ഷം കൂടി ആക്കുന്ന രാഷ്ട്രീയപ്രക്രിയയാണ്. അതിന് സംഘടന പുതിയ വാതിലുകൾ അഥവാ ചാനലുകൾ തുറന്നിടേണ്ടതുണ്ട്. കാരണം, ജെൻ -സിയെ പരമ്പരാഗത ഇടങ്ങളിലും ഇടനാഴികളിലും കണ്ടെത്താനായെന്നുവരില്ല. പുതിയ തൊഴിലാളിയെ ഇൻ സ്റ്റാഗ്രാമിലും, യൂട്യൂബിലും, വാട്സ്ആപ്പിലുമാകും തിരയേണ്ടിവരുക. അവരെക്കൂടി പ്രതിനിധാനം ചെയ്യാനും ചേർത്തുപിടിക്കാനും ഉതകുംവിധം വേദികൾ വിശാലമാവേണ്ടിവരും. അതിനുള്ളിലെ ആശയവിനിമയരീതികളും, തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളും, അധികാരശ്രേണികളും ഒക്കെ പുതുതലമുറകളുടെ രീതികളെ കൂടി ഉൾക്കൊള്ളും വിധം തുറന്നതും ജൈവികവും അനൗപചാരികവും ആവേണ്ടിവരും.

കാരണം, പുതുതലമുറ അധികാരത്തെയും ശ്രേണീഘടനയേയും (hierarchy) ചോദ്യം ചെയ്യാൻ തയ്യാറാവുന്ന തലമുറയാണ്. “ഞങ്ങൾ എപ്പോഴും ഇങ്ങനെയാണ് ചെയ്തിരുന്നത്. കാലങ്ങളായി ഞങ്ങൾ ഇങ്ങനെയാണ്” എന്ന മറുപടി അവർക്ക് സ്വീകാര്യമാവില്ല. പ്രസംഗിക്കുക മാത്രം ചെയ്യുന്ന നേതാക്കളിൽനിന്ന്, തങ്ങളെ കേൾക്കുന്ന, തങ്ങളോടു സംവദിക്കുന്ന നേതൃത്വവുമായാണ് അവർ സ്വയം ‘ഐഡന്റിഫൈ’ ചെയ്യുന്നത്. നേതാക്കളും അണികളും എന്നല്ല, തുല്യരെന്ന നിലയിലുള്ള സഹകരണമാണ് (collaboration) അവർ കണ്ടുശീലിച്ച രീതി. സംഘടനകൾ അതിനനുസരിച്ച് വഴക്കമുള്ളതാകേണ്ടതുണ്ട് (flexible). ‘ഞാൻ പറയും, നിങ്ങൾ കേൾക്കും’ എന്നല്ല, ‘നമ്മൾ ഒന്നിച്ച് ചർച്ച ചെയ്ത് നമ്മൾ കൂട്ടായി തീരുമാനിക്കും’ എന്ന രീതിയുമായാണവർ ഐക്യപ്പെടുക. മുകളിൽനിന്ന് താഴേക്ക് എന്നതുപോലെ തന്നെ, ഒരു പക്ഷെ അതിലധികമായി, താഴെനിന്ന് മുകളിലേക്കുള്ള കമ്മ്യൂണിക്കേഷൻ ചാനലുകൾ തുറന്നിടണം.
കോക്റോച്ചുകളുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഗംഭീരവിജയം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംവേദന രീതികളെക്കുറിച്ചുള്ള വലിയ സൂചന കൂടിയാണ്.
ഇന്ന് യുവതലമുറ മുഖാമുഖം നിൽക്കുന്നത് അനിശ്ചിതമായ ഒരു ലോകത്തിനുമുന്നിലാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർ അനിശ്ചിതത്വം നേരിടുന്നു. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയശക്തിയാകട്ടെ “മറ്റൊരു ലോകം സാധ്യമാണ്” എന്ന നിശ്ചയമാണ്. ആ വിശ്വാസം പുതിയ തലമുറയ്ക്ക് വീണ്ടും നൽകേണ്ടതുണ്ട്. സമൂഹത്തിന്റെ സാമ്പത്തിക ഘടനയും അധികാരബന്ധങ്ങളും പരിശോധിക്കുകയും, വിപ്ലവകരമായ പരിവർത്തനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഇടത് പ്രത്യയശാസ്ത്രം അതുകൊണ്ടുതന്നെ ഇന്നും പ്രസക്തമാണ്. ജന്തർ മന്തറിൽ കണ്ടത് അരാഷ്ട്രീയതയുടെ ആൾക്കൂട്ടമല്ല, വർഗ്ഗരാഷ്ട്രീയത്തിന്റെ കാലികമായ ആവിഷ്കാര രൂപങ്ങളാണ്.
എന്തുകൊണ്ടാണ് വിദ്യാർത്ഥികളും യുവാക്കളും ദൽഹി തെരുവിൽ പോരാട്ടചരിത്രം രചിക്കാൻ തുനിഞ്ഞിറങ്ങിയത് എന്നറിയാൻ ഒരേയൊരു ഡേറ്റ മാത്രം പരിശോധിച്ചാൽ മതി. ഇന്ത്യയിലെ 15- 24 വയസ്സിനിടയിലെ വിദ്യാസമ്പന്നരായവരുടെ തൊഴിലില്ലായ്മാനിരക്ക് ഏറ്റവും ഉയർന്ന് ഇന്ന് 45%- ൽ എത്തിനിൽക്കുകയാണ്. അതായത്, ബിരുദമോ ബിരുദാനന്തരബിരുദമോ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളിൽ പകുതി പേർക്കും ജോലിയില്ല. 2024-ൽ പാസായ എൻ ജിനീയറിംഗ് ബിരുദധാരികളിൽ 80 ശതമാനത്തിനും ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല എന്ന് സർവ്വേകൾ വെളിപ്പെടുത്തുന്നു. എല്ലാ മേഖലകളിൽ നിന്നും സർക്കാർ പിൻവാങ്ങുകയാണ്. അതുകൊണ്ടുതന്നെ സർക്കാർ ജോലികൾ തീർത്തും ഇല്ലാതാവുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്ത വികസനമാതൃക (jobless growth) തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വൻ നിരയെ ബാക്കിയാക്കുന്നു. അങ്ങനെ രൂക്ഷമായ തൊഴിലില്ലായ്മയും സർവത്ര അഴിമതിയും നിറഞ്ഞ ഒരു സംവിധാനത്തിലുള്ള എല്ലാ വിശ്വാസവും തകരുമ്പോൾ യുവാക്കൾ തെരുവിൽ രോഷാകുലരാകുന്നതിൽ അത്ഭുതമില്ല. അതാണ് ജന്തർ മന്തറിലും രാജ്യമെമ്പാടും ഇപ്പോൾ കാണുന്നത്.

തങ്ങൾക്ക് നീതി നിഷേധിച്ച് പുച്ഛത്തോടെ പുറം തിരിഞ്ഞുനിന്ന ഭരണാധികാരികൾക്കെതിരെയുള്ള സമരത്തിന് ജന്തർ മന്തറിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും തോളോട് തോൾ ചേർന്നവർ ആരും ആരോടും മതമോ ജാതിയോ ഭാഷയോ ചോദിച്ചില്ല. ഒറ്റക്കെട്ടായി, തങ്ങളുടെ അതിജീവനത്തിനും ഭാവിയ്ക്കും സഹജീവികൾക്കും രാജ്യത്തിനുമായി പോരാട്ടത്തിനിറങ്ങി. മതവും ജാതിയും പറഞ്ഞ് ജനങ്ങളെ തമ്മിൽ തല്ലിച്ച് അധികാരം കൊയ്യുന്നവരെ എതിരിടേണ്ടതെങ്ങനെ എന്നതിനും ഇന്ത്യൻ യുവത്വം ഈ സമരത്തിലൂടെ വഴികാട്ടിയായി.
തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പുതിയ തലമുറ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഒരേയൊരു വഴി എന്ന നിലക്കാണ് വർഷങ്ങളുടെ കഠിനാധ്വാനവും ഒരുപാട് പണവും ചെലവാക്കി NEETഉം IIT-JEE- യും പോലുള്ള മത്സരപരീക്ഷകളെ ആശ്രയിക്കുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും വിദ്യാഭ്യാസം മാത്രമാണ് അവരുടെ ദുരവസ്ഥയിൽ നിന്നുള്ള മോചനത്തിനുള്ള ഏക മാർഗം എന്ന് കരുതുന്നവരാണ്. ആ സിസ്റ്റത്തെപ്പോലും അവർക്ക് വിശ്വസിക്കാൻ കഴിയില്ല എന്ന അവസ്ഥ ഭീകരമാണ്. 22,79,743 വിദ്യാർത്ഥികളാണ് 2026-ലെ NEET UG പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 2019-ൽ 15 ലക്ഷവും അതിനും മുൻ പ് 12 ലക്ഷവും ഒക്കെ ആയിരുന്നു എന്നോർക്കണം. അതായത് കൂടുതൽ കൂടുതൽ യുവാക്കൾ ഭാവിജീവിതം കെട്ടിപ്പടുക്കുന്നതിന് ഇത്തരം പരീക്ഷകളേയും അത് തുറന്നിടുന്ന പ്രൊഫഷനുകളെയും ആശ്രയിക്കുകയാണ്. അതുകൊണ്ടുതന്നെ കടുത്ത മത്സരവും സമ്മർദ്ദവുമാണ് വിദ്യാർത്ഥികൾ അനുഭവിക്കുന്നത്.
പരമ്പരാഗത ആശയ പ്രചാരണരീതികൾ കാലഹരണപ്പെട്ടിരിക്കുന്നു എന്നും, പുതിയ രീതികളും സമീപനങ്ങളും ആശയങ്ങളുമാണ് ഇന്നിന്റെ ആവശ്യം എന്നതിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് CJP സമരവും അവർ ആശയപ്രചാരണവും സമരസംഘാടനവും നടത്തിയ രീതിയും.
2026-27 വർഷത്തിൽ രാജ്യത്തെ ആകെ MBBS സീറ്റുകളുടെ എണ്ണം വെറും 1,36,939 ആണ്. അതിൽ തന്നെ സർക്കാർ മെഡിക്കൽ കോളേജുകളിലുള്ളത് 63,296 സീറ്റുകളാണ്. ബാക്കി സ്വകാര്യ മേഖലയിലാണ്. അതായത് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വമ്പിച്ച ഫീസ് താങ്ങാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തവരെ സംബന്ധിച്ച് ഈ 63,296 സീറ്റുകളിലേക്കാണ് അവർ മത്സരിക്കുന്നത്. ഭീമമായ പണം പിടുങ്ങുന്ന വലിയൊരു വ്യവസായമായി തഴച്ചുവളർന്ന കോച്ചിംഗ് സെൻററുകളിൽ ചേരാൻ കഴിവില്ലാത്തവർക്ക് മെഡിക്കൽ വിദ്യാഭ്യാസം സ്വപ്നം മാത്രമാണ്. ഒരു പാട് കുടുംബങ്ങൾ സർവസ്വവും വിറ്റും പണയപ്പെടുത്തിയുമൊക്കെയാണ് അഞ്ചു ലക്ഷം രൂപവരെ ഒരു വർഷം ഫീസ് ഈടാക്കി കൊള്ളയടിക്കുന്ന കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വിശ്വാസവും ജീവിതവുമാണ് സർക്കാറും അതിനുകീഴിലുള്ള സംവിധാനങ്ങളും തകർത്തെറിഞ്ഞുകൊണ്ടിരിക്കുന്നത്.
‘പാറ്റ പ്രക്ഷോഭം’ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുടെ വിഷയം മാത്രമായിരുന്നില്ല. ഒരു കേന്ദ്രമന്ത്രിയുടെ രാജിയുടെ മാത്രം പ്രശ്നവുമായിരുന്നില്ല. അത് ഭരണകൂടം നിരന്തരമായി ജനങ്ങളോട് കാണിക്കുന്ന അവജ്ഞയോടും അവഗണനയോടും ധാർഷ്ട്യത്തോടും ഉത്തരവാദിത്തരാഹിത്യത്തോടുമുള്ള രൂക്ഷമായ പ്രതികരണമായിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജനാധിപത്യ ഭരണസംവിധാനങ്ങളെ കൈപ്പിടിയിലൊതുക്കുകയും, സ്വന്തക്കാർക്ക് മാത്രമായി രാജ്യത്തെ വിറ്റുമുടിക്കുകയും, അഴിമതി സാർവത്രികമാക്കുകയും, യുവാക്കളെ തീർത്തും അവഗണിക്കുകയും ചെയ്ത സർക്കാരിനെതിരായ ജനരോഷത്തിന്റെ പൊട്ടിത്തെറിയാണ് ‘പാറ്റ’കളായി പറന്നിറങ്ങിയത്. തുടർച്ചയായ പരീക്ഷാ ചോദ്യപേപ്പർ കച്ചവടത്തിന്റെ ഭീകരമായ അഴിമതിക്കഥകളുടെ അവസാനത്തെ എപ്പിസോഡാണ് യുവതയുടെ അടക്കിപ്പിടിച്ച രോഷം തെരുവിലെ തീയായി ആളിക്കത്തുന്നതിനുള്ള ട്രിഗ്ഗർ ആയത് എന്നുമാത്രം.

വർഷങ്ങളായി തുടരുന്ന പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഏതെങ്കിലും വ്യക്തികൾക്കോ സംവിധാനത്തിനോ പറ്റിയ ഒരു തവണത്തെ കൈപ്പിഴവല്ല, മറിച്ച് കോച്ചിംഗ് മാഫിയയും അധികാരത്തിലുള്ളവരും അവരുടെ ബന്ധുക്കളും സ്വന്തക്കാരും ഒക്കെ ചേർന്ന് വർഷങ്ങളായി നടത്തിവരുന്ന ആസൂത്രിത കുംഭകോണമാണ്. രണ്ടു വർഷത്തിനുള്ളിൽ മാത്രം 70 തവണയാണ് വിവിധ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നത്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താൽ 152 തവണയാണ് ചോർച്ചയുണ്ടായത്. അതായത് മാസത്തിൽ മിനിമം ഒരു പരീക്ഷാചോർച്ചയെങ്കിലും ഉണ്ടായി എന്നർത്ഥം. ഇത് യാദൃശ്ചികമായ പിഴവല്ല. ഇത് മാഫിയാ കച്ചവടമാണ്. തുടർച്ചയായി ഇങ്ങനെ സംഭവിക്കുന്നു എന്നതിനർത്ഥം കുറ്റവാളികൾക്ക് അധികാരകേന്ദ്രങ്ങളുടെ ശക്തമായ പിന്തുണയുണ്ട് എന്നാണ്. കഴിഞ്ഞ പത്ത് വർഷത്തിൽ ഒരൊറ്റ ആൾ പോലും പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നറിയുമ്പോഴാണ് ഇത് എത്ര വലിയ മാഫിയാശൃംഖലയാണെന്നും അതിന്റെ നീരാളിക്കൈകൾ എത്രത്തോളം ഉന്നത തലങ്ങളിലേക്ക് പടർന്നിരിക്കുന്നു എന്നും മനസ്സിലാവുക.
ഈ വർഷമുണ്ടായ നീറ്റ് പരീക്ഷാ പേപ്പർ ചോർന്നതിന് സമാനമായി 2024-ലും ചോർന്നിരുന്നു. അന്നും അന്വേഷണമെന്ന പ്രഹസനമുണ്ടായി. പ്രധാനമന്ത്രിയുടെ വലിയ പ്രസ്താവനകളുണ്ടായി. പാർലമെന്റിൽ ബില്ല് പാസ്സാക്കി. വിദഗ്ദ സമിതി രൂപീകരിച്ചു. കുറ്റവാളികളെ കർശനമായി ശിക്ഷിക്കുമെന്നും ചോർച്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഇതേ പ്രധാനമന്ത്രി ഉറപ്പുനൽകി. പക്ഷെ എല്ലാം വെറും വാക്കായി. അവർ ഒന്നും ചെയ്തില്ല. 2026 വന്നു. പഴയതിലും വലിയ തോതിൽ, കൂടുതൽ വ്യാപകമായി, നീറ്റ് പേപ്പർ ചോർന്നു. രാജ്യമൊട്ടാകെ പരീക്ഷ റദ്ദാക്കുകയും വീണ്ടും പരീക്ഷ നടത്തുകയും ചെയ്യേണ്ടിവന്നു. അതായത് പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ജനങ്ങളെ പറ്റിക്കുകയായിരുന്നു എന്നർത്ഥം.
ഏതു വിഷയമാണ് ട്രെൻ ഡ് ചെയ്യുന്നത്, ഏതൊക്കെ പോസ്റ്റുകൾ വൈറൽ ആവുന്നു എന്നതൊക്കെ നിയന്ത്രിക്കുന്നതിലൂടെ ജനങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്നതുമാത്രമല്ല, എന്തിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത് എന്നതു പോലും നിർണയിക്കാ൯ സാമൂഹ്യമാധ്യമങ്ങളിൽ ആധിപത്യം നേടുന്നവർക്ക് കഴിയുന്നു.
2024- ലെ ചോർച്ചക്കുശേഷം കൊടുത്ത വാഗ്ദാനങ്ങളിലൊന്നുപോലും നടപ്പാക്കിയില്ല. സംവിധാനം കുറ്റമറ്റതാക്കാൻ സർക്കാർ ചെറുവിരലനക്കിയില്ല എന്ന് പകൽ പോലെ വ്യക്തമായി. 2024- ലോ മുൻപോ പേപ്പറുകൾ ചോർത്തിയ ക്രിമിനലുകൾക്ക് ഒരു പോറൽ പോലും ഏറ്റില്ല. ഒരു സംവിധാനവും തരിമ്പും മാറിയില്ല. മാഫിയ യാതൊരു ഭയവുമില്ലാതെ കൊള്ള നിർബാധം തുടർന്നു. കാരണം, അവർക്ക് ഭരണകേന്ദ്രങ്ങളിലുള്ളവരുടെ അനുഗ്രഹാശിസ്സുണ്ടായിരുന്നു. അതുകൊണ്ടാണ് ഏത് അർദ്ധരാത്രി എന്ത് നാടകം കാണിച്ചാലും, റീലുണ്ടാക്കിയാലും പ്രധാനമന്ത്രിയുടെ വാക്കുകളെ ആരും മുഖവിലക്കെടുക്കാത്തത്. അതുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്ന് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നിൽ അപഹാസ്യനാവുന്നത്.
രാജ്യത്തെ ലക്ഷോപലക്ഷം യുവാക്കളുടെ ഭാവി തന്നെ നിർണയിക്കുന്ന ഈ സുപ്രധാന പരീക്ഷകൾ നടത്തുന്ന National Testing Agency (NTA) ഏറ്റവും കുത്തഴിഞ്ഞ സ്ഥാപനമാണെന്ന് എത്രയോ വട്ടം തെളിഞ്ഞതാണ്. എന്നിട്ടും ആ സംവിധാനത്തെ ശരിയാക്കാൻ ചുമതലയുള്ള വിദ്യാഭ്യാസമന്ത്രിയോ, പ്രധാനമന്ത്രിയോ ഒന്നും ചെയ്തില്ല. ഡെപ്യൂട്ടേഷനിലുള്ള കുറച്ച് ഉദ്യോഗസ്ഥരും, ഭൂരിഭാഗം കരാർ ജോലിക്കാരും ചേർന്നാണ് എൻ .ടി.എയുടെ നടത്തിപ്പ്. പരീക്ഷാനടത്തിപ്പ് സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചിരിക്കുകയാണ്. പിന്നെ ആർക്കാണ് ഉത്തരവാദിത്തം ഉണ്ടാവുക?. അങ്ങനെ NTA-യിലേ ഇല്ലാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു എന്നാണ് പ്രധാനമന്ത്രി കള്ളം പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. യുവതയുടെ രോഷം പ്രധാനമന്ത്രിയിലേക്ക് തിരിയുന്നു എന്ന അപകടം മണക്കുന്നതുവരെ തന്റെ മന്ത്രിസഭയിലെ കുറ്റവാളിയെ രക്ഷിക്കാനാണ് പ്രധാനമന്ത്രി തുനിഞ്ഞത്.

ഇങ്ങനെ അവഗണനയിലും കെടുകാര്യസ്ഥതയിലും വ്യാപക അഴിമതിയിലും സഹികെട്ട് നിൽക്കുന്ന യുവതലമുറയെയാണ് ഉന്നത നീതിപീഠത്തിന്റെ തലവൻ തന്നെ കോക്റോച്ചുകൾ എന്നും പരാന്നഭോജികളെന്നും വിളിച്ച് പരിഹസിച്ചത്. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മിശ്രയിൽനിന്നുണ്ടായ ഈ പരാമർശത്തോട് പ്രതികരിച്ച് അഭിജീത് ദീപ്കെ എന്ന വിദ്യാർത്ഥി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത കമൻറിൽ നിന്നാണ് CJP എന്ന കൂട്ടായ്മ ജനിച്ചത്. വെറുമൊരു ആക്ഷേപഹാസ്യവേദി എന്ന നിലയിൽ തുടങ്ങിയ കോക്റോച്ച് ജനതാപാർട്ടി വളരെ വേഗം രാജ്യത്തെ യുവതയുടെ രോഷവും ആകുലതകളും ആശങ്കകളും ആശയങ്ങളും പങ്കുവെക്കാനുള്ള പ്ലാറ്റ്ഫോമായി വളരുകയായിരുന്നു. ബാക്കി നമ്മുടെ കണ്മുന്നിൽ വിരിഞ്ഞ ഐതിഹാസിക ചരിത്രമാണ്.
കോക്റോച്ചുകളുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഗംഭീരവിജയം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംവേദന രീതികളെക്കുറിച്ചുള്ള വലിയ സൂചന കൂടിയാണ്. പരമ്പരാഗത ആശയ പ്രചാരണരീതികൾ കാലഹരണപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ ഫലപ്രദമല്ലാതായിരിക്കുന്നു എന്നും, പുതിയ രീതികളും സമീപനങ്ങളും ആശയങ്ങളുമാണ് ഇന്നിന്റെ ആവശ്യം എന്നതിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് CJP സമരവും അവർ ആശയപ്രചാരണവും സമരസംഘാടനവും നടത്തിയ രീതിയും. ഈ സമരത്തിൽനിന്ന് പഠിക്കാനുള്ള വലിയൊരു പാഠവും തിരിച്ചറിവുമാണത്.
പഴയ തലമുറ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളെ ഇപ്പോഴും മുഖ്യധാരാ രാഷ്ട്രീയസംവാദത്തിന്റെ വേദിയായി കാണുന്നതിൽ വിമുഖത കാണിക്കുന്നവരാണ്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയ ഒരു പുതിയ രാഷ്ട്രീയ പൊതുവേദിയാണ്. അവിടെ വാർത്തകൾ പ്രചരിക്കുന്നു. അഭിപ്രായങ്ങൾ രൂപപ്പെടുന്നു. പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. സാമൂഹിക വിഷയങ്ങൾ ദേശീയ ചർച്ചയാകുന്നു. പക്ഷേ അതേ പ്ലാറ്റ്ഫോമുകൾ വ്യാജവാർത്തകൾ, വിദ്വേഷ പ്രചാരണങ്ങൾ, പ്രൊപഗാണ്ട, ധ്രുവീകരണം എന്നിവയ്ക്കും ഇടമാകുന്നു.
ഇടത് മാറേണ്ടത് ഇടതിന്റെ കാതലായ മൂല്യങ്ങൾ ഉപേക്ഷിച്ചുകൊണ്ടല്ല. ആ മൂല്യങ്ങളെ പുതിയ കാലത്തിനനുസരിച്ച് പുനർനിർവചിച്ചുകൊണ്ടാണ്.
മോദിഭരണം പൂർണമായും വിലക്കെടുത്തുകഴിഞ്ഞ ‘ഗോദി മാധ്യമങ്ങൾ’ ‘പാറ്റ സമര’ത്തെ തീർത്തും അവഗണിക്കുകയും അവഗണിക്കാനാവാത്ത ഘട്ടത്തിൽ നുണക്കഥകളും വ്യാജവാർത്തകളും പ്രചരിപ്പിച്ച് സമരത്തെ പരമാവധി ഇകഴ്ത്തുകയും ചെയ്യാനാണ് ശ്രമിച്ചത്. എന്നാൽ യുവതയാവട്ടെ ഒരു പടി മുന്നിൽ കയറി ഗോദി മീഡിയയെ തീർത്തും അപ്രസക്തമാക്കി ഡിജിറ്റൽമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ചു. സാമൂഹ്യമാധ്യമങ്ങൾ സമരവേദിയായപ്പോൾ ഭരണകൂടത്തിന്റെ പരമ്പരാഗത ആയുധങ്ങൾ നിഷ്പ്രഭമാവുകയായിരുന്നു.
ഡിജിറ്റൽ മാധ്യമങ്ങളെ ഒഴിവാക്കി ഇനി രാഷ്ട്രീയ സംവേദനം സാധ്യമല്ല എന്ന സ്ഥിതിയിലേക്ക് നമ്മൾ എത്തിച്ചേർന്നിരിക്കുന്നു. ഡിജിറ്റൽ മാധ്യമങ്ങളെ പുണരുക, അല്ലെങ്കിൽ പൊതുരംഗത്ത് അപ്രസക്തമാവുക എന്ന രണ്ടിലൊന്ന് തെരഞ്ഞെടുക്കുക മാത്രമേ ഇന്ന് രാഷ്ട്രീയ പാർട്ടികൾക്കുമുന്നിൽ പോംവഴിയായുള്ളൂ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐ.ടി വാർ റൂമുകളും, സാമൂഹ്യമാധ്യമ ട്രെൻ ഡുകൾ നിരീക്ഷിച്ച് അപ്പപ്പോൾ പുതിയ നറേറ്റീവുകൾ സൃഷ്ടിക്കുന്ന ഐ.ടി. പ്രൊഫഷണലുകളും, സ്റ്റ്രാറ്റജിസ്റ്റുകളും, ഡേറ്റ അനലിസ്റ്റുകളും, എതിരാളികളുടെ പ്രചാരണങ്ങൾക്ക് ഉടനടി പ്രതികരണങ്ങളുണ്ടാക്കി പ്രചരിപ്പിക്കുന്ന കണ്ടൻറ് ടീമുകളും കളം നിറയുന്ന കാലത്തിലാണ് നമ്മൾ. രാഷ്ട്രീയ സംവാദങ്ങളേയും, സമരങ്ങളേയും, തെരഞ്ഞെടുപ്പ് പ്രക്രിയയേയുമൊക്കെ സമൂലം മാറ്റിമറിക്കാനും, തെരഞ്ഞെടുപ്പ് അജണ്ടകളേയും പ്രചാരണങ്ങളേയും ഫലങ്ങളേയുമൊക്കെ പുതുക്കി നിശ്ചയിക്കാനും, ആഴത്തിൽ സ്വാധീനിക്കാനും പറ്റുന്ന ശക്തിയായി ഡിജിറ്റൽ മീഡിയ മാറിയിരിക്കുന്നു. ഈ മാധ്യമത്തെ ആഴത്തിലറിയാനും, ശരിയായി ഉപയോഗിക്കാനും കഴിയുന്നവർക്കേ ഭാവിയിൽ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും നിലനിൽക്കാനാവൂ എന്ന നിലയിലേക്ക് ഡിജിറ്റൽ മീഡിയയുടെ സ്വാധീനം വ്യാപിച്ചിരിക്കുന്നു.

ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെ ഡിജിറ്റൽ മീഡിയ രാഷ്ട്രീയ സംവാദ പ്രചാരണ രീതികളെ ഇത്ര വലിയ തോതിൽ സ്വാധീനിക്കുന്ന നിലയിലേക്ക് വളർന്നു എന്ന് മനസ്സിലാക്കുന്നതിന് ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയുടെ വ്യാപ്തി മനസ്സിലാക്കേണ്ടതുണ്ട്. അടുത്ത കാലത്തെ കണക്കനുസരിച്ച് ഇന്ത്യയിലുള്ള ഇൻ റ്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഏതാണ്ട് 100 കോടി കടന്നിരിക്കുന്നു. ഇതിൽ 57 ശതമാനത്തോളം റൂറൽ മേഖലയിൽ നിന്നുള്ളവരാണ്. 90% പേരും മൊബൈൽ ഫോൺ വഴിയാണ് ഇൻറ്റർനെറ്റ് ഉപയോഗിക്കുന്നത്. സ്ത്രീകളാണ് മൊബൈൽ ഫോൺ ഉപയോഗത്തിൽ മുന്നിൽ. ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉപഭോക്താക്കളുള്ള (75 കോടി) ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. സ്മാർട്ട് ഫോൺ വഴിയുള്ള ഡേറ്റ ഉപഭോഗത്തിലാകട്ടെ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. യഥാർത്ഥത്തിൽ, രാജ്യവ്യാപകമായി ലഭ്യമായ കുറഞ്ഞ ചെലവിലുള്ള ഡേറ്റാ കണക്ടിവിറ്റി അഥവാ ‘ഡേറ്റാ വിപ്ലവ൦’ ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ മാറ്റിമറിച്ചു എന്നുപറയാം. അത് ഒരു തരത്തിൽ ‘പാറ്റ വിപ്ലവ’ത്തിന് ചാലകശക്തിയായി.
ലോകത്തിൽ ഏറ്റവും കൂടുതൽ വാട്ട്സ്ആപ്പ് ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. 2026 തുടക്കത്തിലെ കണക്കനുസരിച്ച് ഏകദേശം 85 കോടി വാട്ട്സ്ആപ്പ് അക്കൌണ്ടുകളുണ്ട് ഇന്ത്യയിൽ. ദിവസവും ഗണ്യമായ സമയം വാട്ട്സ്ആപ്പിൽ ചെലവഴിക്കുകയും, വാർത്തകൾക്കും വിനോദത്തിനുമുള്ള പ്രധാന സ്രോതസ്സായി ഈ ആപ്പിനെ ഉപയോഗിക്കുകയും ചെയ്യുന്നവരാണ് ഇതിൽ ഭൂരിപക്ഷവും. യുവതലമുറയിൽ പെട്ടവർക്ക് കൂടുതൽ പ്രിയങ്കരമായ ഇൻ സ്റ്റാഗ്രാമിൽ 40 കോടിയിലധികം അക്കൌണ്ടുകൾ ഇന്ത്യയിലുണ്ട്. ഇതിൽ 70 ശതമാനത്തിനടുത്ത് 18-24 ഇടയിൽ പ്രായമുള്ള പുരുഷൻ മാരാണ്. കേരളത്തിൽ ഏറ്റവും അധികം ഉപഭോക്താക്കളുള്ള ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോം ഇൻസ്റ്റാഗ്രാം ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് കോക്റോച്ച് സമരം ഇൻ സ്റ്റാഗ്രാമിൽ തന്നെ മുളപൊട്ടി വിരിഞ്ഞ് പന്തലിച്ചത്.
ഡിജിറ്റൽ മീഡിയ സമൂഹത്തെ ബഹുമുഖമായ രീതിയിലാണ് സ്വാധീനിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ പലപ്പോഴും സാമൂഹ്യഅജണ്ട തന്നെ നിശ്ചയിക്കാൻ പ്രാപ്തമാണ്. ഏതു വിഷയമാണ് ട്രെൻഡ് ചെയ്യുന്നത്, ഏതൊക്കെ പോസ്റ്റുകൾ വൈറൽ ആവുന്നു എന്നതൊക്കെ നിയന്ത്രിക്കുന്നതിലൂടെ ജനങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്നതുമാത്രമല്ല, എന്തിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത് എന്നതു പോലും നിർണയിക്കാൻ സാമൂഹ്യമാധ്യമങ്ങളിൽ ആധിപത്യം നേടുന്നവർക്ക് കഴിയുന്നു. അതുകൊണ്ട് ഡിജിറ്റൽ മീഡിയയെ ഭരിക്കുന്നവർക്ക് എതിർകക്ഷികളെ തങ്ങൾക്കിഷ്ടമുള്ള രീതിക്കനുസരിച്ച് പ്രതികരിക്കാനും ഇടപെടാനും നിർബന്ധിതരാക്കാൻ സാധിക്കുന്നു. ചെറിയ വിഡിയോകളും റീലുകളും അടക്കം, ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ പ്രൊപ്പഗാണ്ടക്കായി പങ്കുവെക്കപ്പെടുന്ന ഉള്ളടക്കങ്ങൾ പെട്ടെന്ന് വൈകാരിക ഉത്തേജനങ്ങൾ സൃഷിക്കാൻ കഴിയുന്ന തരത്തിലുള്ളവയായിരിക്കും. ദേഷ്യം, ഭയം, ആകാംക്ഷ, മിത്ഥ്യാഭിമാനം- ഇങ്ങനെ ജനങ്ങളെ പെട്ടെന്ന് വികാരങ്ങൾക്കടിമപ്പെടുത്തുവാൻ ഇത്തരം ഉള്ളടക്കങ്ങൾക്ക് സാധിക്കും. വൈകാരിക ഉള്ളടക്കങ്ങൾ കൂടുതൽ പങ്കുവെക്കപ്പെടുന്നതിലൂടെ ജനങ്ങളുടെ പ്രതികരണങ്ങളെ അനുകൂലമാക്കി മാറ്റാനും സാമൂഹ്യമാധ്യമങ്ങൾക്ക് കഴിയും.
പ്രപഞ്ചവീക്ഷണവും, പ്രത്യയശാസ്ത്രവും ഉൾപ്പെടെയുള്ള ഇടത് അടിസ്ഥാന ആശയങ്ങളും സാമൂഹ്യനീതി, മതനിരപേക്ഷത, സമത്വം, തൊഴിലാളി അവകാശങ്ങൾ, അടിസ്ഥാന പൊതുസേവനങ്ങൾ, തുടങ്ങിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഇന്നും എന്നത്തെക്കാൾ പ്രസക്തമാണ്. ചോദ്യം, അവയെ 2026-ലെ കേരളത്തിന്റെ ഭാഷയിൽ എങ്ങനെ അവതരിപ്പിക്കും എന്നതാണ്.
ഇന്ത്യൻ ജനാധിപത്യത്തിൽ ഡിജിറ്റൽ മീഡിയ മുന്നോട്ട് വെക്കുന്ന സാധ്യതകളും അതോടൊപ്പം അതുയർത്തുന്ന അപകടകരമായ വെല്ലുവിളികളും അനാവരണം ചെയ്യുന്നതിന് കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകൾ സാക്ഷിയായി. ഒരു വശത്ത് അത് മുൻ പില്ലാത്തവിധം ജനങ്ങളെ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാക്കുന്നതിനും, പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും, ജനങ്ങൾക്ക് അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിനുമുള്ള വേദിയാവുമ്പോൾ, മറുവശത്ത് അത് വസ്തുതാപരമായ രാഷ്ട്രീയ സംവാദങ്ങളേയും, നീതിയുക്തമായ തെരഞ്ഞെടുപ്പിനേയും തന്നെ അസാധ്യമാക്കും വിധം വ്യാജവാർത്താനിർമിതികൾക്കും, ഡീപ്-ഫേക്ക് വീഡിയോ പോലുള്ള കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യകൾക്കും, ദുഷ്പ്രചാരണങ്ങൾക്കും, ആസൂത്രിത പ്രൊപ്പഗാണ്ടക്കും, ജനങ്ങൾക്കിടയിൽ ഭിന്നതയും പരസ്പരവിദ്വേഷവും മൂർച്ഛിപ്പിക്കുന്നതിനും ഒക്കെയുള്ള മൂർച്ഛയേറിയ ആയുധമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഡിജിറ്റൽ മാധ്യമങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണോ അപകടത്തിലാക്കുകയാണോ എന്നത് ആ പ്ലാറ്റ്ഫോം ആര്, എങ്ങനെ, എന്തിന് ഉപയോഗിക്കുന്നു, ആരാണ് അത് നിയന്ത്രിക്കുന്നത്, അതിന്റെ ഉപഭോഗം ഏതു വിധത്തിലാണ് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും. കോക്റോച്ച് സമരം ഡിജിറ്റൽ മീഡിയയുടെ ഈ രണ്ടു സാധ്യതകളും ആവോളം വെളിപ്പെടുത്തിയ സന്ദർഭമായിരുന്നു.

ഇന്ത്യയിലെ ഡിജിറ്റൽ ആവാസവ്യവസ്ഥ അതിന്റെ സങ്കീർണതയിലും വ്യാപ്തിയിലും വികസിക്കുന്നതിനനുസരിച്ച്, പ്രചാരണ സാമഗ്രികളുടെ നിർമാണത്തിനുപയോഗിക്കുന്ന AI ടൂളുകൾ കൂടുതൽ ശക്തവും ചെലവു കുറഞ്ഞതുമായി വികസിച്ചുവരുന്നതിനനുസരിച്ച്, ജനാധിപത്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കുള്ള പ്രസക്തിയും സ്വാധീനവും പങ്കും, ഇനിയും വർദ്ധിക്കുകയേയുള്ളൂ. അതുകൊണ്ട്, രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് ഇനി തിരിച്ചുപോക്കില്ല. ഡിജിറ്റൽ മാധ്യമങ്ങളെ തങ്ങളുടെ ആശയപ്രചാരണത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും, ജനങ്ങളുമായി സംവദിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാധ്യമമെന്ന നിലക്ക് സാമൂഹ്യ മാധ്യമങ്ങളുടെ ചലനനിയമങ്ങളെ കൃത്യമായി മനസ്സിലാക്കി അതിനനുസൃതമായ തന്ത്രങ്ങൾ രൂപീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്കായിരിക്കും വരുംകാലം രാഷ്ട്രീയ മേധാവിത്തം കൈവരിക്കാനാവുക എന്നത് അവിതർക്കിതമാണ്.
ആശയപ്രചാരണത്തിന് നവീന മാധ്യമങ്ങളെ യുവത ഉപയോഗപ്പെടുത്തിയ രീതികളേയും തന്ത്രങ്ങളേയും പ്രതിരോധിക്കുന്നതിൽ മോദി ഭരണകൂടവും ബി.ജെ.പി. സൈബർ സംഘങ്ങളും അമ്പേ പരാജയപ്പെട്ടു. പ്രതിഷേധശബ്ദങ്ങളെ രാജ്യദ്രോഹികളായും,തീവ്രവാദികളായും നുഴഞ്ഞുകയറ്റക്കാരായും ചാപ്പ കുത്തുന്ന പതിവ് രീതി യുവതക്കുമുന്നിൽ വിലപ്പോയില്ല. അവർ അത്തരം ബ്രഹ്മാസ്ത്രങ്ങളെ അതിലും മൂർച്ചയേറിയ ട്രോളുകളാക്കി തിരിച്ചയച്ചു. അവ ബൂമറാംഗുകളായി പതിച്ച് മോദിയേയും കൂട്ടരേയും പരിഹാസ്യരാക്കി. പുത്തൻ സമരരീതികളും നേതൃത്വവും മുദ്രാവാക്യങ്ങളും പ്രക്ഷോഭത്തെ കൂടുതൽ സർഗാത്മകമാക്കി. ജനങ്ങളിൽ അത് ആവേശമായി. അവർ സ്വയം സമരത്തെ ഏറ്റെടുത്തു. ആ ജനപിന്തുണയുടെ ബലത്തിൽ യുവത നടത്തിയ ധീരോദാത്തമായ ചെറുത്തുനിൽപ്പിന്റെ മുന്നിലാണ് ഒടുവിൽ മോദി മടങ്ങിയത്.
കേരളത്തിലെ ഇടത് സംഘടനാമാതൃക ഇപ്പോഴും അതേ രീതിയിൽ ഫലവത്തായി പ്രവർത്തിക്കുന്നുണ്ടോ എന്നത് പരിശോധനക്ക് വിധേയമാകേണ്ട വിഷയമാണ്.
തെരഞ്ഞെടുപ്പു കമ്മീഷനും ജഡീഷ്യറിയും ഉൾപ്പെടെയുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കാൽക്കീഴിലാക്കി ജനാധിപത്യത്തെ അമ്പേ തകർത്ത ഒരു ജനാധിപത്യവിരുദ്ധ ഭരണകൂടത്തിനെതിരെ ജനങ്ങൾ പ്രതിരോധിക്കാൻ തയ്യാറായിരിക്കുന്നു എന്ന സന്ദേശമാണ് ജന്തർ മന്തർ നൽകുന്നത്. അത് ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും സന്തോഷകരവും ആവേശകരവുമാണ്.
ജന്തർ മന്തറിൽ ഇന്ത്യൻ യുവത്വം തുടക്കം കുറിച്ച ഈ പോരാട്ടം രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള ഉജ്ജലമായ ജനകീയ പ്രതിരോധമായി വളരുന്നതിന്റെ സൂചനകൾ ഇപ്പോൾ പ്രകടമാണ്. അത്തരമൊരു ജനകീയ പ്രസ്ഥാനത്തെ മുന്നിൽനിന്ന് നയിക്കാൻ ഇടതുപക്ഷത്തിന് കഴിയണം. അതിന് രാജ്യത്ത് ഇടതുപക്ഷം പുതിയ തലമുറയെ കൂടി ചേർത്തുപിടിച്ച് ശക്തമാവേണ്ടതുണ്ട്. ഇതിനുള്ള അന്വേഷണം എന്ന നിലക്കാണ് 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോൽവിയെ കുറിച്ചുള്ള വിശകലനം പ്രസക്തമാവുന്നത്.
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി സാധാരണപോലെ മാറിമാറി വരുന്ന ഒരു മുന്നണിയുടെ തോൽവി മാത്രമായി കാണാമോ, അതോ, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയഭാഷയും ശൈലിയും സംഘടനാരീതിയും കേരളത്തിലെ പുതിയ വോട്ടറുമായി ഡിസ്കണക്ട് ആയിരിക്കുന്നു എന്നതാണോ ഈ തോൽവി പറയുന്ന പാഠം എന്ന അന്വേഷണവും, ആത്മപരിശോധനയുമാണ് ഇടതുപക്ഷം നടത്തിയത്. കേരളത്തിലെ ഇടതുപക്ഷം ഇതുവരെ പിന്തുടർന്ന രാഷ്ട്രീയ മാതൃകയെക്കുറിച്ചു തന്നെ ജനങ്ങൾ ഉയർത്തിയ ഒരു വലിയ ചോദ്യമാണോ ഈ പരാജയം എന്ന ഒരു പ്രശ്നം ഈ തോൽവി ഉയർത്തി. ‘ഇടത് മാറണം’ എന്നതാണോ ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ സന്ദേശം? ഈ ചോദ്യങ്ങൾ നിർദ്ധാരണം ചെയ്യാനാണ് വിപുലമായ സംഘടനാചർച്ചകളും വിശകലനങ്ങളും ഒക്കെ വഴി ഇടതുപാ൪ട്ടികൾ ശ്രമിച്ചത്.

2026-ലെ തോൽവിയെ മുഴുവൻ ഭരണവിരുദ്ധ വികാരം (anti-incumbency), എന്ന ഒറ്റ വാക്കിൽ വിശദീകരിക്കാമോ? തീർച്ചയായും ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നിരിക്കാം. പത്തു വർഷത്തെ തുടർച്ചയായ ഭരണത്തിനുശേഷം ഒരു സർക്കാറിനെതിരെ ഭരണവിരുദ്ധവികാരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. സർക്കാർ എത്ര നല്ല പദ്ധതികൾ നടപ്പാക്കിയാലും, ദീർഘകാല ഭരണത്തിനുശേഷം ജനങ്ങളിൽ ഒരു മാറ്റത്തിനുള്ള ആഗ്രഹം ഉണ്ടാകാം.
പക്ഷേ, അതുമാത്രം മതിയോ ഈ തോൽവി വിശദീകരിക്കാൻ? 2021-ൽ 99 സീറ്റുകൾ. 2026-ൽ 35. അത് 64 സീറ്റിന്റെ ഇടിവാണ്. ഇടതിന്റെ നിരവധി പരമ്പരാഗത മണ്ഡലങ്ങളിൽ തന്നെ വലിയ തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. അതിനാൽ ഇത് വെറും ‘സർക്കാർ മാറണം’ എന്ന വികാരത്തിന്റെ പ്രതിഫലനം മാത്രമെന്ന് പറഞ്ഞാൽ വിശകലനം പൂർണ്ണമാവില്ല.
സി.പി.എം കേന്ദ്രകമ്മിറ്റിയും സംസ്ഥാന നേതൃത്വവും ഒക്കെ നടത്തിയ തെരഞ്ഞെടുപ്പ് അവലോകനം തന്നെ ചിലയിടങ്ങളിലെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള രാഷ്ട്രീയമായ കണക്കുകൂട്ടലുകളിലെ വീഴ്ചകൾ, സംഘടനാപരമായ ദൗർബല്യം, താഴെത്തലത്തിൽ നേതൃത്വത്തിനും സർക്കാരിനും ഉണ്ടായ ബന്ധമില്ലായ്മ, പൊതുയിടങ്ങളിലെ പെരുമാറ്റരീതികൾ, രാഷ്ട്രീയം സംവദിക്കുന്നതിൽ വന്ന പോരായ്മ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത്, പാർട്ടിയുടെ തന്നെ വിലയിരുത്തലിലും പരിശോധനയിലും, പ്രശ്നം സർക്കാറിനെതിരെയുള്ള ഭരണവികാരം മാത്രമല്ല. അത് കുറച്ചുകൂടി അടിസ്ഥാനപരമാണ് എന്ന് തെളിഞ്ഞു. അതിന്റെ പ്രതിഫലനവും, അതിനനുസൃതമായ തിരുത്തൽ പ്രക്രിയകൾക്കുമാണ് കോഴിക്കോട് നടന്ന വിശാല സംസ്ഥാന കമ്മിറ്റി സമ്മേളനം തുടക്കം കുറിച്ചിരിക്കുന്നത്.
കേരളത്തിലെ മധ്യവർഗ്ഗം മാറി. യുവാക്കളുടെ രാഷ്ട്രീയ മുൻഗണനകൾ മാറി. ഡിജിറ്റൽ മാധ്യമരാഷ്ട്രീയത്തിന്റെ സ്വഭാവം മാറി. ഈ പുതിയ കേരളത്തോട് ഇടതുപക്ഷം പക്ഷേ അതേ പഴയ രാഷ്ട്രീയ ഭാഷയിൽ തന്നെയാണോ ഇപ്പോഴും സംസാരിക്കുന്നത് എന്നത് വിശകലന വിധേയമാക്കേണ്ടതാണ്.
പരമ്പരാഗതമായി കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശക്തി എന്നത് പാർട്ടി സംഘടന, കേഡർ ശൃംഖല, വർഗ്ഗരാഷ്ട്രീയം, ട്രേഡ് യൂണിയൻ , അടിത്തട്ടിൽ ജനങ്ങൾക്കിടയിലുള്ള സാന്നിധ്യം, പ്രത്യയശാസ്ത്രവ്യക്തതയും സ്ഥിരതയും- ഇതൊക്കെയാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരുടെ ശക്തി തെരഞ്ഞെടുപ്പ് സമയത്തുമാത്രം പ്രത്യക്ഷപ്പെടുന്നതല്ല. അവർ ഗ്രാമത്തിലുണ്ട്. തൊഴിലാളിക്കൊപ്പം ഉണ്ട്. സഹകരണ സ്ഥാപനങ്ങളിലുണ്ട്. വിദ്യാർത്ഥി സംഘടനകളിലുണ്ട്. കർഷക സംഘടനകളിലുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിലുണ്ട്. അവർ ജനങ്ങൾക്കിടയിൽ എല്ലായിടത്തുമുണ്ട്. അതാണ് കേരളത്തിലെ ഇടത് സംഘടനാമാതൃകയുടെ വലിയ ശക്തി. ഈ മാതൃക പക്ഷെ ഇപ്പോഴും അതേ രീതിയിൽ ഫലവത്തായി പ്രവർത്തിക്കുന്നുണ്ടോ എന്നത് പരിശോധനക്ക് വിധേയമാകേണ്ട വിഷയമാണ്.
കേരളം മാറി. കേരളത്തിലെ മധ്യവർഗ്ഗം മാറി. യുവാക്കളുടെ രാഷ്ട്രീയ മുൻഗണനകൾ മാറി. ഡിജിറ്റൽ മാധ്യമരാഷ്ട്രീയത്തിന്റെ സ്വഭാവം മാറി. കുടിയേറ്റം കേരളത്തിന്റെ സാമൂഹിക ഘടന മാറ്റി. പുതിയ സാങ്കേതികവിദ്യയുടെ വ്യാപനത്തിനനുസരിച്ച പുതിയ തൊഴിൽ മേഖലകളുണ്ടായി. ഈ പുതിയ കേരളത്തോട് ഇടതുപക്ഷം പക്ഷേ അതേ പഴയ രാഷ്ട്രീയ ഭാഷയിൽ തന്നെയാണോ ഇപ്പോഴും സംസാരിക്കുന്നത് എന്നത് വിശകലന വിധേയമാക്കേണ്ടതാണ്. ആവശ്യമായ പുതുക്കലുകൾ വരുത്തേണ്ടതുണ്ട്.
കേരളത്തിലെ ഇടതുപക്ഷത്തിനുമുന്നിലുള്ള വെല്ലുവിളിയും അതേസമയം അവസരവുമാണ് പുതുതലമുറയുമായി കണക്റ്റ് ആവുക എന്നത്. അത് ഇന്ന് ആ തലമുറയിൽ പെട്ടവർ ഉയർത്തുന്ന പ്രധാന രാഷ്ട്രീയചോദ്യങ്ങളെ അവരുടെതായ ഭാഷയിലും രീതിയിലും അഭിസംബോധന ചെയ്തുകൊണ്ടേ സാധ്യമാവൂ. തൊഴിൽ, മൽസര പ്രവേശന പരീക്ഷകൾ, മൈഗ്രേഷൻ , പാർപ്പിടം, വിദ്യാഭ്യാസം, എ.ഐ., ഒട്ടോമേഷൻ , സ്വകാര്യ വൽക്കരണം, സ്റ്റാർട്ട്- അപ് സംരഭങ്ങൾ, കാലാവസ്ഥാമാറ്റം, മാനസികാരോഗ്യം, വ്യക്തി സ്വാതന്ത്ര്യം, ഡിജിറ്റൽ സ്വകാര്യത, ലിംഗസമത്വം- അങ്ങനെ നിരവധി പുതിയ പ്രശ്നങ്ങളിൽ കൃത്യമായ നിലപാടുകൾ മുന്നോട്ട് വെക്കുക എന്നത് ഇതിന്റെ ഭാഗമാവണം. നയങ്ങളിലെ സ്ഥിരത (consistency) ഇതിന് പ്രധാനമാണ്. നിലപാടുകളിലെ ഒത്തുതീർപ്പുകൾ, സംഘടനയും സർക്കാരിനുമിടയിലുള്ള വിടവ് എന്നിവയൊക്കെ ജനങ്ങളിൽ ചിന്താക്കുഴപ്പം സൃഷ്ടിക്കും. എന്തിനെ പിന്തുണയ്ക്കുന്നു? എന്തിനെ എതിർക്കുന്നു? എന്തുകൊണ്ട്? എന്നതിലൊക്കെ വ്യക്തതയും, സമീപനങ്ങളിലെ സ്ഥിരതയും ഒക്കെ പ്രധാനമാണ്.

പുതുതലമുറയെ സംബന്ധിച്ച് രാഷ്ട്രീയ ഐഡിയോളജി പ്രധാനം തന്നെയാണ് എങ്കിലും, അതിലുപരി, അവർ അവരുടെ ജീവിതത്തിന്റെ സമീപഭാവിയുടെ ഗതിവിഗതികളെ കുറിച്ചാണ് കൂടുതൽ ആശങ്കാകുലരായിരിക്കുന്നത്. ഈ ആകുലമായ അന്വേഷണമനസ്സുകളോട് ഫലപ്രദമായി സംവദിക്കുന്നതിന് ഇടത് രാഷ്ട്രീയം പുതിയ ഭാഷ ഉപയോഗിക്കേണ്ടതുണ്ട്, പുതിയ ഉള്ളടക്കം തേടേണ്ടതുണ്ട്. പിന്നിട്ട വഴികളും ചരിത്രവുമെല്ലാം പ്രധാനമാണ്. പക്ഷെ അതുമാത്രം എപ്പോഴും ചർവിതചർവണം ചെയ്യുന്നത്, അതൊന്നും അനുഭവത്തിന്റെ ഭാഗമാവുകയോ അതുമായി താദാത്മ്യം പ്രാപിക്കുകയോ ചെയ്യാൻ കഴിയാത്ത ഒരു തലമുറയെ ആകർഷിക്കുകയോ അവരുമായി സംവദിക്കുകയോ ഇല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഇടത് വികസന രാഷ്ട്രീയം നേരിടുന്ന മറ്റൊരു വെല്ലുവിളി ഇതാണ്. ഒരു വശത്ത്, വികസനം വേണം, നിക്ഷേപം വേണം, അടിസ്ഥാന സൗകര്യങ്ങളുണ്ടാവണം, ഐ.ടി. പാർക്കുകൾ, വ്യവസായം, ടൂറിസം, എ.ഐ ഇതൊക്കെ വേണം. അതേസമയം; പരിസ്ഥിതി- തൊഴിലാളി അവകാശങ്ങൾ, ഭൂമി, സാമൂഹികനീതി, ഇവയും സംരക്ഷിക്കപ്പെടണം. അതിനനുസൃതമായ ഒരു പുതിയ രാഷ്ട്രീയസമവാക്യം ഇടതിന് രൂപപ്പെടുത്തേണ്ടതുണ്ട്. ഇത് യഥാർത്ഥത്തിൽ ഇടതിന് ഒരവസരവും, ഒരുപക്ഷെ ഇടതിന് മാത്രം പ്രായോഗികമാക്കാവുന്ന നയസമീപനവുമാണ്. അതിനുള്ള കൃത്യമായ നയവ്യക്തത ഉണ്ടാവുകയും, അത് വ്യക്തമായി ജനങ്ങളിലേക്ക് സംവദിക്കാൻ കഴിയുകയും ചെയ്യേണ്ടതുണ്ട് എന്നുമാത്രം.
കഴിഞ്ഞ ഇടത് സർക്കാരിന് തീർച്ചയായും നിരവധി നേട്ടങ്ങൾ അവകാശപ്പെടാനുണ്ടായിരുന്നു. ഒരു പക്ഷെ കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് യാഥാർത്ഥ്യമാക്കിയ സർക്കാറായിരുന്നു കഴിഞ്ഞ ഇടതു മുന്നണി സർക്കാർ. പല മേഖലകളിലും സർക്കാറിന് അഭിമാനപൂർവ്വം അവകാശപ്പെടാവുന്ന നേട്ടങ്ങളുണ്ടായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് വിജയിക്കുന്നത് പദ്ധതിനേട്ടങ്ങളുടെ പട്ടിക കൊണ്ടുമാത്രമല്ല. ജനങ്ങളുടെ ദൈനംദിന അനുഭവം കൂടി നിർണായകമാണ്.
അതിനാൽ ഒരു രാഷ്ട്രീയ പാർട്ടി പറയുന്ന “ഞങ്ങൾ ഇത്രയും ചെയ്തു” എന്ന നറേറ്റീവിനും ജനങ്ങൾ പറയുന്ന “എന്റെ ജീവിതത്തിൽ എന്താണ് മാറിയത്?” എന്ന അനുഭവത്തിനും ഇടയിൽ വലിയ വ്യത്യാസമുണ്ടാകാം. വ്യത്യാസം ഊതിവീർപ്പിക്കുന്ന (amplify) രീതിയിലുള്ള പ്രചാരണങ്ങളും, അത്തരം ധാരണകളും പൊതുബോധത്തിന്റെ ഭാഗമാക്കാനുള്ള ആസൂത്രിത പ്രവർത്തനങ്ങളും വ്യാജനിർമിതികളുമൊക്കെ മുഖ്യധാരാമാധ്യമങ്ങളിലും, പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചും നടക്കുന്ന ഇന്നത്തെ അവസ്ഥയിൽ വിശേഷിച്ചും ഈ വ്യത്യാസം പർവതീകരിച്ച് ചിത്രീകരിക്കപ്പെടാം. ഇത് ഇടതുപക്ഷം ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്.
‘ഡിജിറ്റൽ ഫസ്റ്റ്’ മാതൃകയിലേക്ക് മാറിയ ഈ തെരഞ്ഞെടുപ്പിൽ പൊതുബോധനിർമിതിയിൽ ഡിജിറ്റൽ മാധ്യമങ്ങൾ വഹിച്ച നിർണായക റോൾ ഗൗരവത്തോടെ പരിശോധിക്കപ്പെടണം. ഈ മാധ്യമങ്ങൾ പുതിയ കാലത്ത് എങ്ങനെ ഫലപ്രദമായി രാഷ്ട്രീയസംവാദങ്ങൾക്കും ആശയപ്രചാരണത്തിനും ഉപയോഗിക്കാം എന്ന അന്വേഷണം നടത്തുകയും, സ്ട്രാറ്റജികൾക്ക് രൂപം കൊടുക്കുകയും വേണം.

മാറുക എന്നതിനർത്ഥം ഇടതുപക്ഷത്തെ ഉപേക്ഷിക്കുക എന്നതല്ല. പ്രപഞ്ചവീക്ഷണവും, പ്രത്യയശാസ്ത്രവും ഉൾപ്പെടെയുള്ള ഇടത് അടിസ്ഥാന ആശയങ്ങളും സാമൂഹ്യനീതി, മതനിരപേക്ഷത, സമത്വം, തൊഴിലാളി അവകാശങ്ങൾ, അടിസ്ഥാന പൊതുസേവനങ്ങൾ, തുടങ്ങിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഇന്നും എന്നത്തെക്കാൾ പ്രസക്തമാണ്. ചോദ്യം അവ പ്രസക്തമാണോ എന്നല്ല. അവയെ 2026-ലെ കേരളത്തിന്റെ ഭാഷയിൽ എങ്ങനെ അവതരിപ്പിക്കും എന്നതാണ്. അവയെ 21-ാം നൂറ്റാണ്ടിന്റെ ഭാഷയിലേക്കും ശൈലിയിലേക്കും പരിഷ്കരിക്കാൻ കഴിയണം. സംവേദനവും സംഘടനാസംവിധാനവും അതിനനുസൃതമായി മാറണം. പ്രസംഗങ്ങൾക്കും, നിർദ്ദശങ്ങൾക്കും പകരം കൺസൾട്ടേഷന് പ്രാമുഖ്യം വരണം. മുകളിൽനിന്ന് താഴേക്കും തിരിച്ചും നിരന്തരമായി ജൈവികമായ ആശയവിനിമയ സംവിധാനങ്ങൾ ഉണ്ടാവണം. ഇവയെല്ലാം സംഘടനാസംസ്കാരത്തിന്റെ ഭാഗം തന്നെയായി മാറണം.
2026-ലെ തോൽവി കൊണ്ടുമാത്രം ഇടത് രാഷ്ട്രീയ മാതൃക പരാജയപ്പെട്ടു എന്ന് പറയാനാകില്ല. ഒരു തെരഞ്ഞെടുപ്പു ഫലം ഒരു ഐഡിയോളജിയുടെ ഡെത്ത് സർട്ടിഫിക്കറ്റ് അല്ല. രാഷ്ട്രീയം എന്നത് ഒരു ദീർഘകാല പ്രക്രിയയാണ്. തെരഞ്ഞെടുപ്പ് അതിനിടയിലെ ചില സംഭവങ്ങൾ മാത്രം. പക്ഷേ, ഒരു വലിയ തോൽവി ഒരു മുന്നറിയിപ്പ് സിഗ്നൽ ആണെന്ന കാര്യവും നിഷേധിക്കാനാകില്ല. അതുകൊണ്ട്, അത് തീർച്ചയായും അവഗണിക്കേണ്ട ഒന്നല്ല. അതിൽനിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടു നീങ്ങുകയാണ് വേണ്ടത്. രാഷ്ട്രീയത്തിൽ തോൽവി അവസാനമല്ല. തോൽവിയിൽനിന്ന് എന്താണ് പഠിക്കുന്നത് എന്നതാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്നത്.
ഇടത് മാറേണ്ടത് ഇടതിന്റെ കാതലായ മൂല്യങ്ങൾ ഉപേക്ഷിച്ചുകൊണ്ടല്ല. ആ മൂല്യങ്ങളെ പുതിയ കാലത്തിനനുസരിച്ച് പുനർനിർവചിച്ചുകൊണ്ടാണ്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ ചരിത്രമാണ്. പക്ഷെ ചരിത്രത്തിന്റെ തടവുകാരാവാതെ, ചരിത്രത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട് പുതുതലമുറക്ക് പ്രതീക്ഷ നൽകുന്ന ഭാവിയിലേക്കുള്ള പരിപ്രേക്ഷ്യം മുന്നോട്ട് വെക്കുക എന്നതാണ് ഇടതിന്റെ വർത്തമാനകാല ദൗത്യം. പുതിയ കേരളത്തിന്, പുതിയ ഇന്ത്യക്ക്, എന്തുകൊണ്ട് ഇടത് ആവശ്യമുണ്ട് എന്ന ചോദ്യത്തിന് പുതിയതും, പുതുതലമുറക്ക് ബോധ്യപ്പെടുന്നതുമായ ഉത്തരം മുന്നോട്ട് വെക്കുക എന്നത് ഇടതിന്റെ ഉത്തരവാദിത്തമാണ്. 2026-ലെ തെരഞ്ഞെടുപ്പ് തീ൪ച്ചയായും ഇടതിന്റെ അവസാനമല്ല, മറിച്ച്, പുതിയ, കൂടുതൽ ശക്തമായ, ഒരു ഇടതിന്റെ തുടക്കമായിരിക്കും. കാരണം, ശക്തമായ ഇടത് നാടിന്റെ ആവശ്യമാണ്.

