ഒരു പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഒരു മാധ്യമസ്ഥാപനത്തിന്, അവിടുത്തെ ഒരു ജോലിക്കാരന് നൽകാവുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം അയാളെ വെറുതേ വിടുക എന്നതാണ്. അത്തരം ഒരു സ്വാതന്ത്ര്യം എനിക്ക് ദേശാഭിമാനിക്കാലത്ത് ലഭിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസം.
എന്റെ ദേശാഭിമാനി അനുഭവം ‘ചിന്ത പബ്ലിഷേഴ്‌സി’ലേതിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. അതിനെ ഏറ്റവും പ്രസന്നമായ അനുഭവമാക്കി മാറ്റിയത് പി. ജിയുടെ സാന്നിധ്യവും മാനേജർ കണ്ണൻ നായർ, ദേശാഭിമാനി വാരിക പത്രാധിപർ എം. എൻ. കുറുപ്പ് തുടങ്ങി അവിടെയുള്ള സീനിയർ പത്രപ്രവർത്തകർ എനിക്ക് നൽകിയ ഹാർദ്ദമായ സ്വാഗതവും വരവേൽപ്പും എല്ലാം ആയിരുന്നു. അതിന്റെ തലേ ആഴ്ച കൊച്ചിയിൽ നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ നടന്ന കവിയരങ്ങ് ശ്രദ്ധിച്ച എം.എൻ, ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് എം. കൃഷ്ണൻകുട്ടി മനംനൊന്ത് ചൊല്ലിയ കവിതയെക്കാൾ അവതരണമികവും കാവ്യഗുണവും എന്റെ കവിതയ്ക്കാണെന്ന് പറയുകയും ദേശാഭിമാനി വാരികയിൽ എഴുതുകയും ചെയ്തിരുന്നു. എന്നിരുന്നാലും എം.എൻ. എന്നോട് എപ്പോഴും പറഞ്ഞിരുന്നത്, "തന്റെ വഴി കവിതയല്ല; കാവ്യാത്മകമായ പുതിയൊരു ഗദ്യശൈലിയാണ് താൻ സൃഷ്ടിക്കാൻ പോകുന്നത്' എന്നാണ്.
ഒരു കമ്മിസാർ (commissar) സംസാരിക്കുന്നതു പോലെ തോന്നുന്നുവോ? പാവം എം. എൻ. ഉള്ളിൽ തോന്നിയത് അങ്ങ് പറയുന്നു എന്നേയുള്ളൂ. പിന്നെ, റഷ്യൻ കമ്മിസാർ ശൈലിയിൽ അല്ലെങ്കിലും അല്പമൊരു "പേട്രനൈസിംഗ്' രോഗം (പാർട്ടി) പത്രങ്ങളിലെ എല്ലാ സീനിയർ പത്രപ്രവർത്തകരെയും പോലെ അദ്ദേഹത്തിനും ഉണ്ട് എന്ന് മാത്രം. എം. എന്നിനെ കാണാൻ പല പ്രമുഖരും വരാറുണ്ടായിരുന്നു. വി. ബി. സി നായരൊക്കെയാണ് വരുന്നതെങ്കിൽ ചിലപ്പോൾ എം. എൻ. എന്നെയും വിളിക്കും. ആ കാലത്ത് മലയാളനാട്ടിൽ ഞാൻ കുറച്ചെല്ലാം എഴുതിയിരുന്നു.
സുരാസു വന്നത് ഓർമിക്കുന്നു.
അദ്ദേഹം വന്നത് എന്തിനാണെന്ന് ഊഹിക്കാമല്ലോ.
ഒരു ദിവസം എം. എന്നിനെ കണ്ട്, കിട്ടാനുള്ളതെല്ലാം വാങ്ങി പുറത്തുവന്ന സുരാസു ഡെസ്‌കിന്റെ ഒരറ്റത്ത് വന്നുനിന്നു. അപ്പോൾ ഡെസ്‌കിൽ സാധാരണ ഉണ്ടാവുക ടി. വി. പത്മനാഭൻ (ഈയിടെ അദ്ദേഹം അന്തരിച്ചു), എ. എൻ. മോഹൻ ദാസ്, ജി. ശക്തിധരൻ, പട്ടുവം രാഘവൻ, ഞാൻ എന്നിവരാണ്. സുരാസുവിനെ കാണണം, പരിചയപ്പെടണം എന്നെല്ലാം വിചാരിച്ചിരുന്നു, ഞാൻ. അപ്പോഴിതാ സുരാസു മുന്നിൽ. എല്ലാവരും തിരക്കിട്ട ജോലിയിലാണ്. അദ്ദേഹം ഞങ്ങളെ പുച്ഛത്തോടെ, ഒന്ന് നോക്കി. എന്നിട്ട്, എല്ലാവരും കേൾക്കാൻ, എന്നാൽ ആത്മഗതമായി മൊഴിഞ്ഞു, "ഹും, പത്രം നടത്തി വിപ്ലവം വരുത്താൻ പോകുന്നു, ഇവന്മാർ...' ഒരു നിമിഷത്തെ നിശ്ശബ്ദത.
ആരെങ്കിലും എന്തെങ്കിലും പറയും എന്നു ഞാൻ വെറുതെ പ്രതീക്ഷിച്ചു.
അകത്തുനിന്ന് എം. എൻ. ഇറങ്ങി വന്ന് സുരാസുവിനെ പുറത്തേക്ക് നയിച്ചു.
ഒരു പാർട്ടി പത്രം ആണെങ്കിൽക്കൂടി അവിടത്തെ അന്തരീക്ഷം ചുറുചുറുക്കുള്ള, അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിന്റേതായിരുന്നു. അന്ന് അവിടെ ഞാൻ പ്രവേശിക്കുമ്പോൾ ഉണ്ടായിരുന്ന യുവ‘താരങ്ങ’ളായ ജി. ശക്തിധരൻ, എസ്. ആർ. ശക്തിധരൻ, സിദ്ധാർത്ഥൻ പരുത്തിക്കാട്, ലാസർ (എം. എം. ലോറൻസിന്റെ അനുജൻ), സീനിയർ ആയിരുന്നെങ്കിലും ചെറുപ്പത്തിന്റെ കുസൃതികളും ഊർജ്ജസ്വലതയും വേണ്ടുവോളമുണ്ടായിരുന്ന എ. എൻ. മോഹൻ ദാസ് (എ. എൻ. രവീന്ദ്രദാസിന്റെ ജ്യേഷ്ഠൻ) എന്നിവരെല്ലാം അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിരുന്നത്. ചിന്ത വാരിക ഓഫീസും പത്രത്തിന്റെ ഓഫീസിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്തായിരുന്നു. അവിടെ എപ്പോഴും ചിരിക്കുന്ന മുഖങ്ങളുമായി രണ്ടുപേർ ഉണ്ടായിരുന്നു- ചന്ദ്രനും താരയും.
പി. ജിയുടെ അത്ഭുതകരമായ "മാൻ മാനേജ്‌മെൻറ്' പാടവം ഒരുപക്ഷെ അത്തരം ദ്രുതചഞ്ചല സ്വഭാവമുള്ള സംഘടനകളെ നയിക്കാൻ നിയോഗിക്കപ്പെടുന്നവർക്ക് ഒരു പാഠമാണ്. ഏതാണ്ട് പത്ത് വർഷമായി അധികാരസോപാനത്തിൽ നിന്ന് ബഹിഷ്‌കൃതമായ ഒരു കക്ഷി; ആ കക്ഷിയുടെ ബൗദ്ധികവും രാഷ്ട്രീയവുമായ പ്രതിഷേധത്തുടിപ്പുകളെയും അകലെ തെളിയുന്ന പ്രത്യാശാദീപങ്ങളെയും ഒരു നിമിഷം പോലും ആളിക്കത്തിക്കുകയോ തല്ലിക്കെടുത്തുകയോ ചെയ്യാതെ നിഷ്പന്ദമായി തെളിഞ്ഞു നിൽക്കാൻ ഉയിരും ഊർജ്ജവും നൽകുക എന്ന അതീവ ദുഷ്‌കരമായ ജോലി ആയിരുന്നു പാർട്ടി പ്രസിദ്ധീകരണങ്ങളുടേത്. ആ കാലഘട്ടത്തിൽ പി. ജി. അല്ലാതെ മറ്റാർക്കും അത്തരം ഒരു യത്‌നം ധൈര്യപൂർവം ഏറ്റെടുക്കാനോ വിജയിപ്പിക്കാനോ കഴിയില്ലായിരുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും ദേശാഭിമാനിയിലും ഞാൻ അല്പായുസ്സായിരുന്നു. ഒരു പാർട്ടി സ്ഥാപനത്തിന്; അതും കടുത്ത സ്വഭാവവൽക്കരണത്തിൽ ശ്രദ്ധിക്കുക മാത്രമല്ല; പലപ്പോഴും വ്യക്തികളുടെ സാമൂഹ്യബന്ധങ്ങളിലും സൗഹൃദങ്ങളിലും (പ്രത്യേകിച്ച് സ്ത്രീ- പുരുഷ സൗഹൃദങ്ങളിൽ) ‘വൊയൂറിസ്റ്റിക്' എന്ന് വിശേഷിപ്പിക്കാവുന്ന ‘മേൽനോട്ടം' ഒരു അപ്രഖ്യാപിതചര്യയായി മാറ്റിക്കൊണ്ടിരുന്ന ഒരു പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഒരു മാധ്യമസ്ഥാപനത്തിന്, അവിടുത്തെ ഒരു ജോലിക്കാരന് നൽകാവുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം അയാളെ വെറുതേ വിടുക എന്നതാണ്. അത്തരം ഒരു സ്വാതന്ത്ര്യം എനിക്ക് ദേശാഭിമാനിക്കാലത്ത് ലഭിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസം. ഒരിക്കൽ മാത്രം ഒരു സ്‌നേഹിതൻ എന്നെ കാണാൻ അടിക്കടി വരുന്നത് ശ്രദ്ധിക്കാനിടയായ ചെറുപ്പക്കാരനായ ഒരു പത്രാധിപർ (പേർ പറയില്ല) എന്നോട് ചോദിച്ചു,""തനിക്ക് ................നെ എത്ര കാലമായിട്ടറിയാം?''""ഇവിടെ വന്നതിനു ശേഷമാണ് കാണുന്നത്. ഒരിക്കൽ യു. സി കോളേജിലുള്ള ഒരു സുഹൃത്തുമൊത്ത് എന്റെ മുറിയിൽ വന്നു. അതുകഴിഞ്ഞ് വല്ലപ്പോഴുമൊക്കെ കാണാറുണ്ട്.''
പകുതി തമാശയായും പകുതി ഗൂഢാലോചനാസ്വരത്തിലും അയാൾ എന്നോട് പറഞ്ഞു; ""അവനെ സൂക്ഷിക്കുക,''
സംഗതിയുടെ ഗൗരവം ലഘൂകരിക്കാനെന്നോണം ചിരിച്ച് ആ മാർക്‌സിയൻ തിരുമനസ്സ് മൊഴിഞ്ഞു; ""അവൻ അപകടകാരികളുടെ ലിസ്റ്റിൽ മേലെ ഉണ്ട്.''
ഇങ്ങനെയുള്ള ചില, പുറമേ നിർദ്ദോഷമെന്ന് തോന്നുന്ന വർത്തമാനങ്ങളിലൂടെ പഴയ ‘ബി ബി' ഒരു തിരശ്ശീലയ്ക്കപ്പുറത്തു നിന്ന് കാര്യങ്ങളെല്ലാം നോക്കി മനസ്സിലാക്കി ആസ്വദിക്കുന്നുണ്ടായിരുന്നെന്ന് വേണമെങ്കിൽ വ്യഖ്യാനിക്കാം. പക്ഷേ ഞാൻ ഒരു മാർക്‌സിസ്റ്റ് വിരുദ്ധനോ ‘ഇടത് നിരീക്ഷക’നോ അല്ലാത്തതിനാൽ അന്ന് അതിന് മുതിർന്നില്ല; ഇപ്പോഴും മുതിരുന്നില്ല.
തിരികെ എസ്. എഫ്. ഐ. കാലത്തേക്ക് തിരിച്ചുപൊയ്‌ക്കോട്ടെ. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുൻപുള്ള മാസങ്ങളിലൊന്നിലാണ് എസ്. എഫ്. ഐയുടെ സംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത് നടന്നത്. ഒരു ‘ചെയ്ഞ്ചിംഗ് ഓഫ് ദ ഗാർഡ്' ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു. ആ സമയം പ്രസിഡന്റായിരുന്ന ജി. സുധാകരൻ അഖിലേന്ത്യ തലത്തിലേക്കോ നാട്ടിൽ തന്നെ യുവജനസംഘടനയിലേക്കോ പോകാനായിരുന്നു സാധ്യത. അതുപോലെ തന്നെ സംഭവിച്ചു. അതുവരെ ഉണ്ടായിരുന്നതിൽ നിന്നെല്ലാം വ്യത്യസ്തമായി കൊല്ലം എസ്. എൻ. കോളേജിൽ അവസാന വർഷ ബി. എ വിദ്യാർത്ഥി ആയിരുന്ന, അന്ന് അക്ഷരാർത്ഥത്തിൽ ‘അനാഗതശ്മശ്രു’(!) ആയിരുന്ന എം. എ. ബേബി പ്രസിഡന്റും കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയും ആയി തെരഞ്ഞെടുക്കപ്പെട്ടു.
ആ വർഷത്തെ സമ്മേളനം ഇപ്പോഴത്തെ അയ്യങ്കാളി ഹാളിലാണ് പ്രധാനമായും നടന്നത്. ആ വർഷം ആദ്യമായി എസ്. എഫ്. ഐ. സമ്മേളനത്തിന്റെ ഭാഗമായി കോളേജ് തലത്തിൽ കലാമത്സരം സംഘടിപ്പിച്ചു.
ജി. സുധാകരന്റെ ഉത്സാഹത്തിലായിരുന്നു അങ്ങനെ ഒരാശയം രൂപപ്പെട്ടതെന്ന് ഞാൻ വിചാരിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ സിറ്റി കോളേജുകൾ സംശയദൃഷ്ടിയോടെയാണ് ആ നീക്കം നേരിട്ടതെന്ന് എനിക്ക് തോന്നി. എങ്കിലും ഗവൺമെന്റ് വിമൻസ് കോളേജ് പോലെ ചില അപ്രതീക്ഷിത കേന്ദ്രങ്ങൾ മത്സരാർത്ഥികളെ അയച്ച് ഞങ്ങളോട് നന്നായി സഹകരിച്ചു. (വിമൻസിൽ നിന്നുവന്ന മത്സരാർത്ഥികളിലൊരാൾ അക്കാലത്ത് തിരുവനന്തപുരത്തെ കലാലയ പ്രസംഗവേദികളിലെ മിന്നും താരമായിരുന്ന ബീനാ അലക്‌സ് എന്ന പ്രീ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. ഒന്നാംതരം കഥകൾ എഴുതിയിരുന്ന ബീനാ അലക്‌സ് പിന്നീട് എ. ഐ. എസ്. എഫിന്റെ തീപ്പൊരി നേതാവായി. പിൽക്കാലത്ത് എന്റെ സഖിയായി. നാലു പതിറ്റാണ്ടായി എന്റെ സഖിയായി തുടരുന്നു...) വിമൻസ് കോളേജിലെ ആദ്യത്തെ എസ്. എഫ്. ഐ. യൂണിറ്റ് ആ കാലത്ത് രൂപീകൃതമായി എന്നാണ് എന്റെ അറിവ്.
അടിയന്തരാവസ്ഥയെ ചെറുക്കാൻ എസ്. എഫ്. ഐ മുൻകയ്യെടുത്ത് സംഘടിപ്പിച്ച ഒരു പരിപാടിയെക്കുറിച്ച് പറയാം. എറണാകുളത്ത് ചേർന്ന ഒരു പ്രതിപക്ഷ വിദ്യാർത്ഥി സംഘടനാസമ്മേളനത്തിൽ ‘സ്റ്റുഡൻറ്സ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്’ എന്ന കൂട്ടായ്മ രൂപപ്പെട്ടു.
അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെപ്പറ്റി നേതാക്കൾ ഒപ്പുവച്ച കത്ത് പ്രധാനമന്ത്രിക്കും പ്രസിഡന്റിനും അയച്ചു. ആ കൂട്ടായ്മ പിന്നീട് തിരുവനന്തപുരത്ത് മനുഷ്യാവകാശസമ്മേളനം നടത്തി. വൈലോപ്പിള്ളി, കോവിലൻ, എന്നിവരുടെ ഉജ്ജ്വലമായ പ്രഭാഷണങ്ങൾ ആ പരിപാടിയെ തിളക്കമാർന്ന ഒന്നായി അടയാളപ്പെടുത്തി. എൻ. പ്രഭാകരൻ, ഗീതാ പോറ്റി (ഹിരണ്യൻ) തുടങ്ങിയവർ ആ പരിപാടി വിജയിപ്പിക്കാൻ ഞങ്ങൾക്കൊപ്പം മുഴുവൻ സമയവും ഉണ്ടായിരുന്നു.
കലാലയങ്ങളിൽ എസ്. എഫ്. ഐ. യൂണിയനുകൾ വഴി വന്നു ചേർന്ന ഗുണപരമായ മാറ്റങ്ങൾ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വ്യക്തികളുടെ തെരഞ്ഞെടുപ്പിൽ നിന്ന് തുടങ്ങി. ഞങ്ങൾ യൂണിവേഴ്‌സിറ്റി കോളേജിലെ ആർട്‌സ് ക്ലബ്ബിന്റെ വർഷാന്ത്യ സമ്മേളനത്തിന് അതിഥിയായി വിളിച്ചത് അക്കാലത്ത് തിരുവനന്തപുരം സ്വന്തമാക്കി ഇവിടെ സ്ഥിര(!?)താമസമാക്കിയിരുന്ന മഹാകവി പിയെ ആയിരുന്നു. അതുപോലുളള ഉചിതമായ തെരഞ്ഞെടുപ്പുകൾ ഞങ്ങളുടെ പരിപാടികൾക്ക് മുൻപില്ലാത്ത ആകർഷകത്വം നൽകിയെന്നത് തർക്കമില്ലാത്ത കാര്യം തന്നെ.
നേരത്തേ എം.എ. ബേബി സൂചിപ്പിച്ചതു പോലെ നാട്ടിലും പുറത്തും നടക്കുന്ന ജനാധിപത്യധ്വംസനങ്ങളെ എത്ര അകലെയുള്ള നാട്ടിൽ നിന്നായാലും എതിർക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നത് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ എക്കാലത്തെയും സ്വഭാവമായിരുന്നു. അങ്ങനെയാണ് അടിയന്തരാവസ്ഥക്കാലത്ത് അടച്ചിട്ട ജെ. എൻ. യു. തുറന്ന്പ്രവർത്തിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് എസ്. എഫ്. ഐ. തിരുവനന്തപുരത്ത് പ്രകടനം നടത്തിയത്.
പുതിയതായി ഭരണമേറ്റ ജനതാ സർക്കാറിൽ ഡോ. പ്രതാപ് ചന്ദ്ര ചുന്ദർ എന്നൊരു
വിദ്യാഭ്യാസമന്ത്രി ഉണ്ടായിരുന്നു. ഡോ. ചുന്ദർ ഒരു ചരിത്രകാരൻ കൂടി ആയിരുന്നു. ലോക മലയാള സമ്മേളനം സമാപനത്തിന്റെ ഉദ്ഘാടകനായി വരുന്നത് ചുന്ദർ ആണ്. അദ്ദേഹത്തെക്കണ്ട് ഒരു നിവേദനം കൊടുക്കുക എന്നതാണ് ഞങ്ങളുടെ പ്രകടനത്തിന്റെ ഉദ്ദേശ്യം. കരുണാകരന്റെയല്ലേ പൊലീസ്. കേന്ദ്രത്തിൽ ആരായാലും ഇവിടെ അദ്ദേഹത്തിന്റെ കളിവിളയാട്ടം തുടരുകയായിരുന്നല്ലോ. ആ പ്രകടനത്തിന് ഞങ്ങൾ മുൻകൂട്ടി അനുമതി തേടിയിരുന്നു. പക്ഷേ പ്രകടനം നടത്തിയാൽ യാതൊരു സുരക്ഷയും ഉറപ്പു തരാനാവില്ലെന്ന് "യജമാനന്മാർ അരുളപ്പാട്' നടത്തിയിരുന്നു. ചുന്ദറിനെ കാണാനുള്ള പ്രകടനമല്ലേ; അവിടെ ചെല്ലുക; അനുവദിച്ചാൽ എല്ലാവരും കൂടി അകത്തുചെന്ന് മന്ത്രിക്ക് കടലാസ് കൊടുക്കുക; നമ്മുടെ പ്രതിഷേധമറിയിക്കാൻ കുറച്ച് മുദ്രാവാക്യങ്ങൾ വിളിച്ച് ശാന്തമായി പിരിയുക; അത്രമാത്രമേ ഞങ്ങളുടെ അജണ്ടയിൽ ഉണ്ടായിരുന്നുള്ളു.
ആ പ്രകടനം പക്ഷെ ഞങ്ങൾ വിചാരിച്ചതുപോലെ അല്ല അവസാനിച്ചത്. അംഗബലം ഏറെ ഇല്ലായിരുന്നെങ്കിലും അടിയന്തരാവസ്ഥയെ നിർഭയമായി നേരിട്ടതിന്റെ ആത്മവിശ്വാസം ഞങ്ങളുടെ പ്രകടനത്തെ ഊർജ്ജസ്വലമാക്കി. പാളയം രക്തസാക്ഷിമണ്ഡപം കടന്ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്തെ റോഡിലൂടെ ഞങ്ങൾ നീങ്ങിയത് ഉറച്ച ശബ്ദത്തിൽ അടിയന്തരാവസ്ഥയ്‌ക്കെതിരെമുദ്രാവാക്യങ്ങളും ജെ. എൻ. യു. തുറക്കണം എന്ന ആഹ്വാനവും മുഴക്കിയാണ്. എം.എ. ബേബി, കോടിയേരി ബാലകൃഷ്ണൻ എന്നിവരെക്കൂടാതെ ലോ കാളേജിലെ സുരേഷ് കുമാർ, കോഴിക്കോടുനിന്ന് സംസ്ഥാന കമ്മറ്റിയിലും സ്റ്റുഡൻറ് മാസികയുടെ എഡിറ്റോറിയൽ മീറ്റിംഗിലും പങ്കെടുക്കാൻ വന്ന കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് വിദ്യാർത്ഥി പ്രതിനിധി സി. പി. ജോൺ എന്നിവരും പ്രകടനത്തിന്റെ മുൻനിരയിൽത്തന്നെ ഉണ്ടായിരുന്നു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കടന്ന് പ്രകടനം മുന്നോട്ടുനീങ്ങി . യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ഗാലറിയിലിരുന്നവർ എഴുന്നേറ്റ് തിരിഞ്ഞു നിന്ന് പ്രകടനം കാണുകയാണ്. ആൾക്കൂട്ടം ചെറുതെങ്കിലും മുദ്രാവാക്യങ്ങളുടെ വീറും വാശിയും ആവണം അവരെ സ്പർശിച്ചത്. മാത്രമല്ല, സ്റ്റേഡിയത്തിലെ ആൾക്കൂട്ടത്തിൽ കുറെ ചെറുപ്പക്കാർ ഉണ്ടായിരുന്നു.
യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിനു മുന്നിലെത്തിയപ്പോൾ ഞങ്ങളെ തടഞ്ഞു. പ്രകടനത്തിന്റെ നേതാക്കൾ, തടഞ്ഞ പൊലീസ് ഓഫീസർമാരോട് നിവേദനം നൽകാൻ അനുമതി ചോദിച്ചു.
ആ വീഴ്ചയെക്കാൾ പൊലീസിന് പൊതുവെ അപമാനകരമായത് വലിയ "യജമാന'ന്റെ 'കിരീടം' തെറിച്ചതിലായിരുന്നു. പിന്നീട് നന്ദാവനം പൊലീസ് ക്യാംപിൽ എത്തിക്കുന്നത് ഒരു നീണ്ട നഗരയാത്രയ്ക്കു ശേഷമാണ്.
ഒന്നോ രണ്ടോ പേരെ മാത്രം അകത്തേക്ക് കയറ്റി വിടാമെന്ന് ഏറെ നേരത്തെ സംവാദങ്ങൾക്ക് ശേഷം സമ്മതിച്ചു. ഞങ്ങൾ എല്ലാവരും റോഡ് നിറഞ്ഞ് ഇരുന്നു. അപ്പോൾ അടുത്ത നിബന്ധന വരുന്നു: നിരത്തിൽ ഇരിക്കാൻ പാടില്ല.
"ഇത് ഞങ്ങളുടെ പ്രതിഷേധമാ'ണെന്ന് അറിയിച്ചപ്പോൾ അന്ന് കന്റോൺമെന്റ് സ്റ്റേഷനിൽ അസിസ്റ്റൻറ് കമ്മീഷണർ ആയിരുന്ന കൃഷ്ണൻ കുട്ടി നായർ പറയുന്നു, "അങ്ങനെയുള്ള പ്രതിഷേധം അങ്ങ് സ്റ്റേഷനിൽ വന്ന് ഒന്ന് കാണിക്ക്, ഞങ്ങൾ കാണട്ടെ'. ഒപ്പമുള്ള കിങ്കരന്മാർ ആർത്തുചിരിച്ചു.
ഈ സംസാരമൊന്നും ദൂരെ നിൽക്കുന്ന ജനം കേൾക്കുന്നില്ലല്ലോ. അവർ നോക്കുമ്പോൾ ഞങ്ങളുടെ നേതാക്കളിൽ ചിലർ പൊലീസ് മേധാവിയോട് സംസാരിക്കുന്നു, ഒപ്പം നിൽക്കുന്ന പൊലീസുകാർ ചിരിക്കുന്നു. സംസാരത്തിന്റെ ദിശയും സ്ഥായിയും മാറുകയായിരുന്നു, പെട്ടെന്ന്. ഒന്നും അനുവദിക്കില്ല എന്ന നിലപാടിലേക്ക് പൊലീസ് പെട്ടെന്ന് എത്തുകയായിരുന്നു എന്ന് സംശയം ജനിപ്പിക്കും വിധമായിരുന്നു വർത്തമാനത്തിന്റെ ഗതിമാറ്റം. എവിടെ നിന്നെങ്കിലും ലഭിച്ച സന്ദേശമായിരിക്കാം അതിനു കാരണമെന്നും ഞങ്ങൾക്ക് മനസ്സിലായി.
ഞങ്ങൾ നിരത്തിൽ നിന്ന് മാറാൻ വിസമ്മതിച്ചു. കൈകൾ കോർത്ത് ഞങ്ങൾ കിടന്നു. പൊലീസ് താണ്ഡവം തുടങ്ങി. ഒന്നും രണ്ടുമായി അവർ സഖാക്കളെ തൂക്കി പോലീസ് വാനിലേക്ക് അക്ഷരാർത്ഥത്തിൽ വലിച്ചെറിയുകയായിരുന്നു. അതിൽ ഏറ്റവും അസ്ഥിമാത്രൻ ഞാനായിരുന്നതിനാൽ എന്നെ നിഷ്പ്രയാസം "ചുരുട്ടിക്കൂട്ടി' ഒരു ഏറ് കൊടുക്കാൻ മാത്രമേയുള്ളൂ. അതുതന്നെ സംഭവിച്ചു. അത് കഴിഞ്ഞ് സംഭവിച്ചത് ഞാനോ മറ്റാരെങ്കിലുമോ ഉദ്ദേശിച്ചതല്ല. എന്നെ "എറിഞ്ഞതിനു' പിറകേ "കേറെടാ അകത്ത്' എന്നുപറഞ്ഞ് വാനിന്റെ പിൻ വാതിലിനരികിൽ നിന്നിരുന്ന അൽപം പ്രായക്കൂടുതലുള്ള ഒരു ഓഫീസർ ചൂരൽ കൊണ്ട് എന്റെ കാലിന്റെ അടിയിൽ (വെള്ളയിൽ) തുരുതുരെ അടിച്ചു. വേദനിച്ചപ്പോൾ പെട്ടെന്നുണ്ടായ പ്രതികരണം "അടിച്ചവനെ തിരിച്ചടിക്കുക' എന്നതായിരുന്നു. അടിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നതിനാൽ എന്നെ അടിച്ചയാൾക്ക് അവശേഷിച്ച ശക്തിയെല്ലാം ഉപയോഗിച്ച് ഒരു ചവിട്ട് കൊടുത്തു. അയാളുടെ വയറ്റിലാണ് ഞാൻ ചവിട്ടിയത്. അയാളുടെ തൊപ്പി തെറിച്ചു വീണു. അയാൾ പിന്നിലേക്ക് മലർന്നുവീണു. പിറകിൽ സ്റ്റേഡിയത്തിൽ ലോകമലയാള സമ്മേളനം സമാപിക്കുന്നതിന് ദൃക്‌സാക്ഷികളാവാൻ വന്നവർ റോഡിലെ ഈ നാടകം കണ്ട് ആർത്തുവിളിച്ചു തുടങ്ങി. ആ വീഴ്ചയെക്കാൾ പൊലീസിന് പൊതുവെ അപമാനകരമായത്, വലിയ "യജമാന'ന്റെ ‘കിരീടം' തെറിച്ചതിലായിരുന്നു. പിന്നീട് നന്ദാവനം പൊലീസ് ക്യാംപിൽ എത്തിക്കുന്നത് ഒരു നീണ്ട നഗരയാത്രയ്ക്കു ശേഷമാണ്.
ആ യാത്രയ്ക്കിടെ കിട്ടാവുന്നത്ര മർദ്ദനം ഞങ്ങൾക്ക് കിട്ടി. ആ ഒരു രാത്രി ആ പൊലീസ് ക്യാമ്പിൽ ഞങ്ങൾ കഴിഞ്ഞു. കേസൊന്നും ചാർജ് ചെയ്തില്ല. നിവർന്ന് നടക്കാൻ കുറെ ദിവസത്തെ പരിശ്രമം വേണ്ടി വന്നു എന്നുമാത്രം. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളിൽ ചിലരെ കന്റോൺമെൻറ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അന്ന് കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററായിരുന്ന ജഗദീഷ് ബാബു (പിൽക്കാലത്ത് കേരളകൗമുദി പത്രാധിപർ)വും എസ്. എഫ്. ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് എബ്രഹാമും ആ വിളിക്കപ്പെട്ട കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഞങ്ങൾ വിളി കിട്ടിയ ദിവസം പോയില്ല. വിളി എന്തിനാണെന്ന് അറിയില്ലല്ലോ. ചിലപ്പോൾ തന്ത്രത്തിൽ വിളിച്ചു വരുത്തി കൂടുതൽ തല്ലു തരാനോ പിടിച്ച് അകത്തു കയറ്റി കേട്ടിട്ടില്ലാത്ത വകുപ്പുകൾ ചുമത്താനോ ആയിരിക്കാം. ഒരു പ്രാവശ്യം കൂടി വിളിച്ചിട്ടാണ് ഞങ്ങൾ പോയത്. ആ കെട്ടിടത്തിൽ ഒരു ഗംഭീര കോൺഫറൻസ് റൂം ഉണ്ടായിരുന്നു. അവിടേക്കാണ് ഞങ്ങൾ ആനയിക്കപ്പെട്ടത്.
അത്ഭുതങ്ങളിൽ അത്ഭുതമെന്ന് പറയണം; അവിടെ ഞങ്ങളെ സ്വീകരിക്കാൻ സുസ്‌മേരവദനനായി ഇരുന്നയാൾ, എന്റെ ദുർബ്ബലമായ ചവിട്ടിൽ നൈമിഷികമായി കിരീടം നഷ്ടമായ കൃഷ്ണൻകുട്ടി നായർ എന്ന അസി. കമ്മീഷണർ. ഞങ്ങളോടെല്ലാം ഇരിക്കാൻ പറഞ്ഞിട്ട് അദ്ദേഹം സംസാരിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കുന്നില്ല പക്ഷെ ആ സംസാരത്തിന്റെ രത്‌നച്ചുരുക്കം ഇതായിരുന്നു:
നീയൊക്കെ എന്നെ അങ്ങ് ശരിപ്പെടുത്തിയെന്നൊന്നും വിചാരിക്കണ്ട. നിന്നെയെല്ലാം നേരെ കയ്യിൽ കിട്ടുന്ന ഒരു ദിവസം വരും. അന്ന് നിന്നെക്കൊണ്ടെല്ലാം ഞാൻ നക്ഷത്രക്കാലെണ്ണിക്കും... എന്തിനാടാ വീട്ടിലിരിക്കുന്ന തന്തമാരേം തള്ളമാരേം കോടതി കേറ്റിയെറക്കുന്നത്?
ഇത് അദ്ദേഹത്തിന്റെ ആത്മഗതം ആയിരുന്നിരിക്കണം. അദ്ദേഹം പറഞ്ഞതോ? "എനിക്ക് നിങ്ങളുടെ പണ്ടത്തെ സ്റ്റേറ്റ് സെക്രട്ടറി സുധാകരനെപ്പറ്റി നന്നായി അറിയാം. അയാൾ ബ്രില്യൻറ് സ്റ്റുഡൻറ് ആയിരുന്നു. സിവിൽ സർവീസിലെങ്ങാനും കേറിയിരുന്നെങ്കിൽ വലിയ നിലയിൽ എത്തിയേനെ. ഞാൻ നിങ്ങളെ കാണണം എന്നു പറഞ്ഞത് ഇത് ഓർമിപ്പിക്കാനാണ്. നല്ല ഭാവിയുള്ളവരാണ് നിങ്ങൾ. അത് വെറുതെ രാഷ്ട്രീയത്തിനു വേണ്ടി കളഞ്ഞു കുളിക്കരുത്. ഇത് എല്ലാ മുതിർന്നവരും പറയാറുള്ളതാണ് ; അതുകൊണ്ട് അതിന് വില കൊടുക്കേണ്ട കാര്യമില്ല എന്നു നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ആ തോന്നൽ നിങ്ങൾ മാറ്റിയെടുക്കണം. ഇതുപോലെ എപ്പോഴും നിങ്ങളെ വിളിച്ച് നല്ല വാക്ക് പറഞ്ഞു തരാനൊന്നും ഞങ്ങൾക്ക് സമയവും സൗകര്യവും ഒത്തുവരില്ല. സൂക്ഷിച്ച് മുന്നോട്ട് പോയാൽ കൊള്ളാം'.
അന്ന് പൊലീസ് സർവകലാശാലാ ഓഫീസ് വളപ്പിൽ കയറിയാണ് ഞങ്ങളെ തല്ലിയത്. ഞാൻ പേര് പറയാത്ത ചില ഫയർബ്രാൻഡ് നേതാക്കൾ പൊലീസ് ‘ചാർജ്ജ്’ എന്നുവിളിച്ച് പ്രതികരിക്കും മുമ്പേ തന്നെ ഓടിയ ഓട്ടം നല്ലൊരു പൊളിറ്റിക്കൽ സറ്റയറിൽ ഇടം പിടിച്ചെനേ.
ഞങ്ങളുടെ മറുപടി കേൾക്കാനൊന്നും അദ്ദേഹം നിന്നില്ല. അതിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി, ഈ കൂടിക്കാഴ്ച ഒരു വലിയ നാടകത്തിലെ ചെറിയ സീൻ ആയിരിക്കാം എന്ന്. സി. ഭാസ്‌കരൻ എന്നോട് പറഞ്ഞിട്ടുള്ള വൈരനിര്യാതനം കൂടുതൽ നാഗരികശോഭയോടെ ഞങ്ങൾക്കുമുന്നിൽ അവതരിക്കുകയാണെന്ന് എനിക്ക് തോന്നി. ഇങ്ങനെയുള്ള ചെറിയ ഗ്രൂപ്പ് ഇടപഴകലിൽ നിന്ന് സമർത്ഥരായ പൊലീസുകാർ, വഴങ്ങാൻ സാധ്യതയുള്ളവരെ കണ്ടുപിടിക്കുകയും അവരിലേക്ക് പിൽക്കാല ഇടപഴകലുകൾ സീറോ ഇൻ ചെയ്യുകയും ആവാമല്ലോ.
ഞങ്ങളിൽ നിന്നാരും ആ ഇനത്തിൽ പെട്ടവരല്ലെന്ന് ഞങ്ങളെ അന്ന് വിളിച്ച് പ്രസംഗിച്ച ഓഫീസർക്ക് മനസ്സിലായിട്ടുണ്ടാവും. പക്ഷെ ഞങ്ങളുടെ പ്രിൻസിപ്പൽ ശ്രീമതി എൻ. ഐ. ജോസഫിന് ഞങ്ങളിൽ ചിലരെക്കുറിച്ച് പ്രതീക്ഷ ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. ആ വർഷം പിന്നീട് വലിയൊരു സമരം എല്ലാ വിദ്യാർത്ഥി സംഘടനകളും ചേർന്ന് നടത്തി. അടിയന്തരാവസ്ഥക്കാലത്ത് ഇരട്ടിപ്പിച്ച ഫീസ് പഴയ തോതിലേക്ക് കുറയ്ക്കുക എന്നായിരുന്നു പ്രധാന ആവശ്യം. അത് നടന്ന കാലത്ത് അതിനെതിരെ ഉയർന്ന ഓരോ ചെറിയ പ്രതിഷേധചലനങ്ങളെയും ഓരോ കൊച്ചു പ്രതീകങ്ങളെയും വിരൽ ചൂണ്ടി കാണിച്ചു കൊടുത്ത് ഒറ്റുകാരായ കെ. എസ്. യു. സുഹൃത്തുക്കളും സമരത്തിനെ എതിർത്തില്ല. ആ സമരത്തിൽ കഠിനമായ മർദ്ദനമേറ്റവരിൽ എം. എ. ബേബിയും ഞാനും ഉണ്ടായിരുന്നു. അന്ന് പൊലീസ് സർവകലാശാലാ ഓഫീസ് വളപ്പിൽ കയറിയാണ് ഞങ്ങളെ തല്ലിയത്. ഞാൻ പേര് പറയാത്ത ചില ഫയർബ്രാൻഡ് നേതാക്കൾ പൊലീസ് ‘ചാർജ്ജ്’ എന്നുവിളിച്ച് പ്രതികരിക്കും മുമ്പേ തന്നെ ഓടിയ ഓട്ടം നല്ലൊരു പൊളിറ്റിക്കൽ സറ്റയറിൽ ഇടം പിടിച്ചെനേ.
സമരം കഴിഞ്ഞു. അതിന്റെ പ്രേതാത്മാക്കൾ എന്നെ വിട്ടില്ല. വല്ല വിധേനയും ജനറൽ ആശുപത്രിയിലെ ചികിത്സയും കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞാൻ തിരുവനന്തപുരം വിട്ടു. എറണാകുളത്ത് ദേശാഭിമാനിയിൽ ജോലി കിട്ടിയതിനു ശേഷമാണ് സത്യം പറഞ്ഞാൽ ഞാൻ മാനസികമായി അൽപ്പം ശാന്തത അറിഞ്ഞു തുടങ്ങിയത്. എന്നാൽ അവിടെക്കും നീണ്ടു വന്നു, മിസിസ് എൻ. ഐ. ജോസഫിന്റെ കരങ്ങൾ.▮
(തുടരും)