തിരുവനന്തപുരം യൂണിവേഴ്​സിറ്റി കോളേജ് / Photo: University college trivandrum, facebook

കെ.എസ്.ആർ.ടി.സി ബസ് ഹൈജാക്കിങ്

വെയിൽക്കാലങ്ങൾ - 5

കോളേജിന് മുന്നിലൂടെ പോയ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് സ്വയം ഓടിച്ച് കോളേജിന്റെ തെക്കെ ഗെയിറ്റുവഴി കോമ്പൗണ്ടിൽ കയറ്റി ഒന്നിരപ്പിച്ച് വടക്കേ ഗെയിറ്റ് വഴി പുറത്തേക്ക് കൊണ്ടുപോയി അവിടെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. ഈ വിരുതൻ ഇന്ന് ഇന്ത്യയിൽ പരക്കെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്

ഹാരാജാസ് കോളേജിൽ എഴുപതുകളിലുണ്ടായിരുന്ന എസ്. രമേശൻ, തോമസ് ഐസക്, എൻ. കെ. വാസുദേവൻ, സി. എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയ ആരോടും ആ കാലത്തെക്കുറിച്ച് ചോദിച്ചാലും ആ കോളേജുമായുള്ള ഒരു കാൽപനിക പ്രണയം അവരുടെ വാക്കുകളിൽ നിറയുകയും അവരുടെ ശബ്ദം സ്വപ്നതുല്യമായ കാമുകഭാവത്തിൽ അഭൗമമായ ഒരു ആത്മസൗന്ദര്യമാർജ്ജിക്കുകയും അവരുടെ കണ്ണുകൾ പ്രണയാതുരതയുടെ മൂടൽമഞ്ഞണിയുകയും ചെയ്യുന്ന അനുഭവം എന്നെ എപ്പോഴും ആർദ്രചിത്തനാക്കിയിട്ടുണ്ട്.

ഞാനും ആ കോളേജിൽ വളരെ കുറച്ചു കാലം പഠിച്ചു.
അനേകം സുഹൃത്തക്കളെ ആ കലാലയം എനിക്കു നൽകി. എന്റെ തട്ടകം പക്ഷെ ഇങ്ങുതെക്ക് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജായിരുന്നു. എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠനെ പ്രീ യൂണിവേഴ്‌സിറ്റിക്ക് ചേർക്കാൻ കൊണ്ടുവന്നപ്പോൾ അച്ഛൻ ഞങ്ങളെയും കൂടെ കൂട്ടി. അന്ന് കോളേജിൽ ചേർത്തശേഷം ഹോസ്റ്റലിൽ വിടാൻ പോയപ്പോൾ ഞങ്ങളെ ഏട്ടന്റെ മുറി കാണാൻ അനുവദിച്ചു. ആ കാലം മുതൽ യൂണിവേഴ്‌സിറ്റി കോളേജ് എന്റെ സ്വപ്നങ്ങളുടെ അവിഭാജ്യഘടകമായി. ചെങ്കല്ലിന്റെ മാദകസൗന്ദര്യം, ഹോസ്റ്റൽ കെട്ടിടം പണിഞ്ഞ കരിങ്കല്ലിന്റെ വന്യമായ ദൃഢത, എല്ലാറ്റിന്റെയും ഗാംഭീര്യം... ഇതെല്ലാം എന്റെ; ഞാൻ എന്ന ആറ് വയസ്സുള്ള കുട്ടിയുടെ മനസ്സിൽ പതിഞ്ഞു കിടന്നു.

വൈലോപ്പിള്ളിയെ ആളറിയാതെ അപമാനിച്ച് പ്രിൻസിപ്പൽ കുപ്രസിദ്ധയായതും എന്നാൽ അതിനുശേഷം വൈലോപ്പിള്ളിയെ ആ വർഷം തന്നെ കോളേജിൽ കൊണ്ടുവരികയും മിസിസ് എൻ. ഐ. ജോസഫിന്റെ സാന്നിധ്യത്തിൽ അദ്ദേഹം അടിയന്തരാവസ്ഥയ്‌ക്കെതിരായി പ്രസംഗിക്കുകയും ചെയ്തുവെന്ന വസ്തുത ആ സംഭവത്തിന്റെ കാവ്യനീതിയായി അടിവരയിട്ട് ചരിത്രം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

ആ കലാലയവുമായുള്ള ബന്ധത്തിലെ ഏറ്റവും ശക്തമായ കണ്ണികൾ അവിടെ ഞാൻ കണ്ട അതിസമർഥരായ അധ്യാപകരായിരുന്നു. ഇംഗ്ലീഷ് വിഭാഗമെന്നത് ‘ആകാശഗംഗ' ആയിരുന്നെങ്കിൽ മലയാളം ‘ആൻഡ്രോമീഡ' ആയിരുന്നു. താരനിബിഢമായ വകുപ്പുകൾ.

പ്രൊഫ. കെ. കെ. നീലകണ്ഠൻ

ബി.എക്കു ചേരുമ്പോൾ പ്രൊഫ. കെ. കെ. നീലകണ്ഠൻ ആയിരുന്നു വകുപ്പ് തലവൻ. പ്രൊഫസർമാർ ഹൃദയകുമാരി, ജി. കുമാരപിള്ള, വിഷ്ണുനാരായണൻ നമ്പൂതിരി, വി. കെ. മൂത്തത്... ഇങ്ങനെ അതിപ്രഗത്ഭരായ അധ്യാപകരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. മലയാളം ഡിപ്പാർട്ടുമെന്റിലാണെങ്കിൽ പ്രൊഫ. കെ. എം. ഡാനിയൽ, ആനന്ദക്കുട്ടൻ, തിരുനല്ലൂർ, ഒ. എൻ. വി, പന്മന രാമചന്ദ്രൻനായർ, സുന്ദരം ധനുവച്ചപുരം എന്നിങ്ങനെ പ്രശസ്തരായ അധ്യാപകരുടെ മറ്റൊരു നിര. അങ്ങനെ ആ കാലഘട്ടത്തിൽ എന്നെപ്പോലൊരു വിദ്യാർഥിക്ക് ആഗ്രഹിക്കാവുന്ന ഏറ്റവും നല്ല അക്കാദമിക് സാഹചര്യങ്ങളാണ് ആ കലാലയത്തിൽ അന്നുണ്ടായിരുന്നത്.

ഇത്രയും വിശദമായി ഇതിവിടെ പറഞ്ഞത്, ആ കലാലയത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റി യാതൊന്നും അറിയാത്ത ചിലർ അവിടത്തെ പ്രിൻസിപ്പൽ സ്ഥാനം അലങ്കരിക്കാൻ ഇടയായപ്പോഴുണ്ടായ അശ്ലീലം നിറഞ്ഞ സംഭവങ്ങൾ പറയാനാണ്. വൈലോപ്പിള്ളിയെ ആളറിയാതെ അപമാനിച്ച് പ്രിൻസിപ്പൽ കുപ്രസിദ്ധയായതും എന്നാൽ അതിനുശേഷം വൈലോപ്പിള്ളിയെ ആ വർഷം തന്നെ കോളേജിൽ കൊണ്ടുവരികയും മിസിസ് എൻ. ഐ. ജോസഫിന്റെ സാന്നിധ്യത്തിൽ അദ്ദേഹം അടിയന്തരാവസ്ഥയ്‌ക്കെതിരായി പ്രസംഗിക്കുകയും ചെയ്തുവെന്ന വസ്തുത ആ സംഭവത്തിന്റെ കാവ്യനീതിയായി അടിവരയിട്ട് ചരിത്രം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

ഒ.എൻ.വി കുറുപ്പ്, പ്രഫ. കെ. എം. ഡാനിയൽ, പന്മന രാമചന്ദ്രൻ നായർ

ചിലർക്ക് വെളിച്ചം കിട്ടാൻ അത്രയും മതി. പക്ഷെ, ഞങ്ങളുടെ പ്രിൻസിപ്പലിന്റെ വഴിയിൽ വെളിച്ചം ഒരിക്കലും തെളിഞ്ഞില്ല. അടിയന്തരാവസ്ഥകാലത്ത് ഇരട്ടിപ്പിച്ച ഫീസ് കുറയ്ക്കാൻ ഞങ്ങൾ തീവ്രമായ സമരത്തിലേർപ്പെട്ടിരുന്ന ദിവസം അതിനോട് ഐക്യദാർഢ്യപ്പെട്ട് പഠിപ്പുമുടക്ക് നടന്നു. ചില കുസൃതികൾ അത്തരം സന്ദർഭം മുതലെടുത്ത് ചില വേലത്തരങ്ങൾ ചെയ്യാറുണ്ടല്ലോ.

സർവകലാശാലാ ഓഫീസ് അങ്കണത്തിൽ ഞങ്ങളിൽ പലരും മർദ്ദനമേറ്റുവീണു, പൊലീസ് തന്നെ ആംബുലൻസ് വരുത്തി ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സന്ദർഭത്തിൽ ചിലർ യൂണിവേഴ്‌സിറ്റി കോളേജിലെ ബെൽഫ്രി ടവറിലെ ബെല്ല് കെട്ടിയിരിക്കുന്ന കയർ (അത് വെറും കയറെന്ന് പറയാനാവില്ല) മുറിച്ചുമാറ്റി കയ്യിൽ കിട്ടിയത്രയും കൊണ്ട് സ്ഥലംവിട്ടു. മറ്റുരണ്ടുപേർ (അതോ ഒരാളോ) കോളേജിന് മുന്നിലൂടെ പോയ ഒരു ബസ് തടഞ്ഞു നിർത്തി. എല്ലാവരും ഇറങ്ങി നടന്നു. ഒരു വിരുതൻ (ആ ആൾ ഇന്ന് ഇന്ത്യയിൽ പരക്കെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്) ബസ് സ്വയം ഓടിച്ച് കോളേജിന്റെ തെക്കെ ഗെയിറ്റുവഴി കോമ്പൗണ്ടിൽ കയറ്റി ഒന്ന് ഇരപ്പിച്ച് വടക്കേ ഗെയിറ്റ് വഴി പുറത്തേക്ക് കൊണ്ടുപോയി അവിടെ ഉപേക്ഷിച്ച് സ്ഥലം വിട്ടു.

വന്നയാൾ പൊലീസ് ആയിരുന്നു. സൗമ്യമായെങ്കിലും ഗൗരവം വിടാതെയാണ് അയാൾ പറഞ്ഞത്: ‘സാർ, ഞാൻ സാറിനെ കൊണ്ടുപോകാനാണ് വന്നിരിക്കുന്നത്. രഞ്ജിത്ത് സാറിന് സാറിനെ ഒന്ന് കാണണം.'

സംഭവത്തിന്റെ രണ്ടാം ഭാഗം ഏതാനും ദിവസങ്ങൾക്ക് ശേഷമാണ്: പ്രിൻസിപ്പലിന്റെ ഒരു മെമ്മോ ആയിട്ടാണ് ആദ്യ അവതാരം. മെമ്മോയിലെ കഥ ഇതാണ്: നിങ്ങൾ ഈ പുരാതന കലാലയത്തിന്റെ അന്തസ്സ് കെടുത്തുന്ന രണ്ട് കർമങ്ങൾ ചെയ്തിരിക്കുന്നു. ഒന്ന്, ബെൽഫ്രി ടവറിൽ വലിഞ്ഞുകയറി ബെൽറോപ് മുറിച്ചെടുത്ത് പുറത്തുകൊണ്ടുപോയി വിറ്റു. രണ്ട്, കലാലയത്തിന്റെ യശസ്സിന് കളങ്കം വരുത്തുവാൻ വഴിയേ പോയ കെ.എസ്.ആർ.ടി.സി ബസ് ഹൈജാക്ക് ചെയ്ത് സ്വയം ഓടിച്ച് കാമ്പസിൽ കൊണ്ടുവരികയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നിങ്ങളുടെ പേരിൽ സമ്മറി ഡിസ്മിസൽ ഉൾപ്പടെയുള്ള നടപടികൾ എടുക്കാതിരിക്കണമെങ്കിൽ .... ദിവസങ്ങൾക്കകം തൃപ്തികരമായ മറുപടി എന്റെ ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്. അതോടൊപ്പം ഒരു സ്‌നേഹവചനം കൂടി ഉണ്ട്: ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അവരുടെ സ്വന്തം നിലയ്ക്ക് ബസ് ഹൈജാക്കിംഗിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് എന്റെ അറിവ്. ആ കേസിന് എന്റെ സ്വന്തം നിലയിലുള്ള അന്വേഷണവുമായി ഒരു ബന്ധവുമില്ല എന്നുകൂടി അറിയിക്കുന്നു.

തൃപ്തിയായി മഹതീ, തൃപ്തിയായി. എന്റെ അടുത്ത സുഹൃത്തുക്കളോട് സംസാരിച്ച് അതിനു മറുപടി എഴുതി.

പക്ഷെ ഞാൻ ആ മറുപടി കയ്യിൽ വച്ചതേയുള്ളു. ഈ രണ്ടാം ഭാഗം കഴിഞ്ഞ് അധികം കഴിയും മുൻപ് ഞാൻ എറണാകുളത്തേക്ക് പോന്നു. പിന്നെ ആ കാര്യം തന്നെ മറന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചയ്ക്ക് (ലഞ്ച് ഒക്കെ കഴിഞ്ഞ് തിരികെ ഡെസ്‌കിൽ വന്ന് അധികം കഴിയും മുൻപ്) ഒരാൾ
ടി. വി. പത്മനാഭനോട് എന്തോ സംസാരിക്കുന്നു. ടി. വി. എന്നെ ചൂണ്ടിക്കാട്ടി മറുപടിയും പറയുന്നുണ്ട്. ഞാൻ ശ്രദ്ധിക്കുന്നതുകണ്ട് ടി. വി. എന്നോട് പറഞ്ഞു,‘ദാ ഇയാൾ ജയചന്ദ്രനെ അന്വേഷിച്ചുവന്നതാണ്.'

ഞാൻ എണീറ്റ് ചെന്നു. കണ്ടപ്പോൾ ഏതോ ദേശാഭിമാനി സ്റ്റഡി സർക്കിൾ (അന്ന് പു.ക.സ ഇല്ല) പരിപാടിക്ക് ക്ഷണിക്കാൻ വന്നതാണ് എന്നാണ് തോന്നിയത്.
പക്ഷേ, ഇത് വേറൊരു ‘സർക്കിൾ' ആയിരുന്നു. പുറത്ത് സന്ദർശകർക്കുള്ള ഇടത്ത് ഒരു കസേരയിൽ അദ്ദേഹത്തെ ഞാൻ ഇരുത്തി. വിവരം ചോദിക്കും മുൻപ് അയാൾ സംസാരിച്ചു തുടങ്ങി. സൗമ്യമായ സംസാരത്തിന്റെ ഇടയിൽ അപകടത്തിന്റെ കത്തിമുന ഇടക്ക് നീണ്ടുവരുന്നുണ്ടായിരുന്നു.

വന്നയാൾ പൊലീസ് ആയിരുന്നു. സൗമ്യമായെങ്കിലും ഗൗരവം വിടാതെയാണ് അയാൾ പറഞ്ഞത്: ‘സാർ, ഞാൻ സാറിനെ കൊണ്ടുപോകാനാണ് വന്നിരിക്കുന്നത്. രഞ്ജിത്ത് സാറിന് സാറിനെ ഒന്ന് കാണണം.' ‘ഏത് രഞ്ജിത്ത് സാർ? ' ‘ഓ, നമ്മടെ പുതിയ കമീഷണർ സാർ.'
എന്നെ ‘കൊണ്ടുപോകാൻ' വന്നയാളുടെ ശരിയായ ഉദ്ദേശ്യം ഏതാണ്ട് മനസ്സിലായി. അപ്പോൾത്തന്നെ ഞാനും തീരുമാനിച്ചു, ഈ പൊലീസുകാരന് ഒരു ചെറിയ ‘പണി' കൊടുത്തേക്കാം എന്ന്.

ഇ. എൻ. മുരളീധരൻ നായർ / Photo: Pradeep Panangad

ഞാൻ ഒരു ഭയവിഹ്വലനെപ്പോലെ അയാളോട് പറഞ്ഞു, ‘സാറേ, നമ്മൾ തമ്മിൽ ഒരു പ്രശ്‌നവും ഇല്ലല്ലോ. പിന്നെയെന്തിനാ ഈ കടുത്ത നിയമമൊക്കെ?' അയാൾ പൂർവാധികം ഗംഭീരവദനനായി.‘ചേട്ടൻ ഒരു മിനിറ്റ് ഇരിക്കൂ. ഞാൻ എഡിറ്ററോട് പറഞ്ഞിട്ട് ഇപ്പൊ വന്നേക്കാം' എന്ന വാഗ്ദാനത്തോടെ ഞാൻ പി. ജിയെ വിവരം അറിയിച്ചു. ‘ആങ് ഹാ, അങ്ങനെയാണോ?' പി. ജി പുറത്തുവന്ന് ‘ആരാ ഇവിടെ ഞങ്ങളുടെ ആളെ അറസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നത്?' എന്ന് ഉറക്കെ, ഒട്ടും മയപ്പെടുത്താതെ എന്റെ ‘അതിഥി'യെ നോക്കി അന്വേഷിച്ചു.

‘രാമനിലയം' എത്താറായപ്പോൾ അതാ വരുന്നു എന്നെത്തേടി വന്ന ‘അപസർപ്പക'നും ഒപ്പം മറ്റു മൂന്ന് നിയമപാലകന്മാരും. എല്ലാവരും യൂണിഫോമിലാണ്. അവർ മൂന്നു പാവം വിദ്യാർത്ഥികളെ അറസ്റ്റുചെയ്ത കൊണ്ടുപോകുകയാണ്.

ഞങ്ങൾ ഇരുന്ന് സംസാരിച്ചിരുന്ന വരാന്തയോട് ചേർന്നിരുന്ന മുറിയിൽനിന്ന് മാനേജിംഗ് എഡിറ്റർ കണ്ണൻ നായർ ഇറങ്ങി വന്നു. പൊലീസുകാരൻ ആരും പറയാതെ എഴുന്നേറ്റു. പി. ജി. അയാളോട് പറഞ്ഞു, ‘നിങ്ങൾക്ക് ഇയാളെ അവിടെ വേണം അല്ലെ? ഇയാൾ നാളെ അവിടെ വന്നോളും. എന്താ പോരെ?'‘ഓ മതി,'; അയാൾ പോകാൻ എഴുന്നേറ്റു.‘സാറേ,' എന്നെ ദയനീയമായി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു, ‘നാളെ അങ്ങു വന്നേക്കണേ. വെള്ളിയാഴ്ചയാ.'
പിറ്റേന്ന് രാവിലെ ബസിൽ ഞാൻ തിരുവനന്തപുരത്തേക്ക് യാത്രയായി. ഉച്ചയോടെ അവിടെ ഇറങ്ങി. ‘രാമനിലയ'ത്തിലേക്ക് നടക്കുമ്പോൾ ജ്യേഷ്ഠസഹോദരനെപ്പോലെ ഞാൻ കരുതിയിരുന്ന ഒരു അധ്യാപകൻ എതിർദിശയിൽ വരുന്നു. അദ്ദേഹത്തോട് ഞാൻ കാര്യം പറഞ്ഞപ്പോൾ നല്ല മുന്നറിയിപ്പ് കിട്ടി: പൊലീസുകാരൻ പറഞ്ഞ കമീഷണ‘റദ്ദ്യം' ഒരു നവീന ‘ഇടിയൻ' പൊലീസാണ്. ഇന്ന് വെള്ളിയാഴ്ച, പിറ്റേന്ന് രണ്ടാം ശനിയാഴ്ച. ഇന്ന് കയറിയാൽ തിങ്കളാഴ്ച വരെ അയാൾക്ക് തന്നെ കയ്യിൽ കിട്ടും. എന്തെങ്കിലും വഴി നോക്കണം.

ആ മാഷെ വിട്ട് പോരുമ്പോൾ എന്തുചെയ്യും എന്ന ഒരു രൂപവും ഇല്ലായിരുന്നു. പക്ഷേ ചിലപ്പോൾ ചില പൂർവികർ നമുക്ക് വഴി കാട്ടും എന്നു പറഞ്ഞിട്ടുള്ളത് എത്ര കൃത്യമായി ഫലിക്കും എന്ന് അന്ന് ഞാൻ അറിഞ്ഞു. ‘രാമനിലയം' എത്താറായപ്പോൾ അതാ വരുന്നു എന്നെത്തേടി വന്ന ‘അപസർപ്പക'നും ഒപ്പം മറ്റു മൂന്ന് നിയമപാലകന്മാരും. എല്ലാവരും യൂണിഫോമിലാണ്. അവർ മൂന്നു പാവം വിദ്യാർത്ഥികളെ അറസ്റ്റുചെയ്ത കൊണ്ടുപോകുകയാണ്. എന്നെ കണ്ടപ്പോൾ അപസർപ്പകന്റെ മുഖം വിടർന്നു. ‘രാമനിലയ'ത്തോട് ചേർന്ന് വീരൻ എന്നുപേരുള്ള ഒരു നല്ലവനായ റെഡ്ഡ്യാരുടെ ജനപ്രിയമായിരുന്ന ‘എവരിബഡീസ് ക്ലോത്ത് സ്റ്റോർ' എന്ന ജൗളിക്കടയുണ്ടായിരുന്നു.

പൊലീസുകാർ അറസ്റ്റ്​ ചെയ്ത വിദ്യാർഥികൾ മൂവരും യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ നേതാക്കളായ ജഗദീഷ് ബാബു, സുബൈർ, സുധീർ എന്നിവരാണ്. ജഗദീഷ് ചെയർമാനും മറ്റു രണ്ടുപേരും പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവരുമാണ്. അവരോട് അപ്പോൾ എനിക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു. നാല് പൊലീസുകാർ അവർക്കുചുറ്റും നിലയുറപ്പിച്ചിരിക്കുകയാണ്. എനിക്ക് മുൻതൂക്കം എന്റെ കയ്യിലെ ബാഗും തോളിലെ സഞ്ചിയും ആണ്. ഞാൻ മനഃപ്പൂർവം ഉറക്കെ സംസാരിച്ചു. എന്റെ അന്തകനാവാൻ വന്ന ആ ദൂതനോട് ‘അയ്യോ, ചേട്ടാ...കണ്ടിട്ടെത്ര നാളായി...' എന്നിങ്ങനെ പറഞ്ഞു തുടങ്ങി. അയാൾ പക്ഷെ സൗഹൃദത്തിന് തയ്യാറല്ലായിരുന്നു. അയാളുടെ ‘ടെറിട്ടറി'യിലാണ് ഞാൻ എന്ന് എന്നെ ഓർമിപ്പിക്കും വിധം അയാൾ എന്നോട് നിർവികാരമായി പറഞ്ഞു, ‘എന്നാൽ നമുക്ക് പോകാം സാർ. രഞ്ജിത്ത് സാർ അവിടെ നോക്കിയിരിക്കുന്നു.'

‘ഒരു മിനിട്ട്, ഞാൻ ഈ ബാഗെല്ലാം ആ കൗണ്ടറിൽ ഒന്ന് വെച്ചോട്ടെ. ദാ വരുന്നു,' പ്രതികരണമറിയാൻ നിൽക്കാതെ ഞാൻ ‘രാമനിലയ'ത്തിന്റെ ഇടനാഴിയിലേക്ക് ഓടിക്കയറി. ബോസിന്റെ പഴയ റൂമിനെതിരെ ഒരു പഴകിയ ഗെയ്റ്റുണ്ടായിരുന്നു. ആ ഗേറ്റ് കോണിമേറാ മാർക്കറ്റിലേക്കാണ്. മാർക്കറ്റിനകത്തുകൂടി വേഗം നടന്നാൽ ബേക്കറി ജംഗ്ഷനിലേക്ക് അഞ്ചു മിനിട്ട്. ആരും പറഞ്ഞു തന്നിരുന്നില്ല ഇതൊന്നും. വഴി എനിക്കറിയാമായിരുന്നു. ഞാൻ ബേക്കറി ജംഗ്ഷനിൽ നിന്ന് ഉരുകി ഒരു ഓട്ടോക്കുവേണ്ടി...

എങ്ങോട്ടുപോകണം എന്ന കാര്യവും ‘ഇമ്പൾസീവ്' ആയി തീരുമാനിച്ചതാണ്. മുൻപൊരിക്കൽ സി.ഡി. എസിൽ ഐസക്കിനോടോപ്പം പോയി ഒരു രാത്രി കഴിഞ്ഞിട്ടുണ്ട്. ആ ഓർമയിൽ ‘ആക്കുളം' എന്ന് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ രണ്ട് ജാമ്യക്കാരുടെ സംരക്ഷണയിൽ കോടതിയിൽ ഹാജരായി അവിടെ നിൽക്കുമ്പോൾ എന്നെ കസ്റ്റഡിയിലെടുക്കാൻ കൊതിച്ചിരുന്ന ആ പൊലീസുകാരൻ വന്നെത്തി.

ഞാൻ പറഞ്ഞല്ലോ ദേശാഭിമാനിയിലും ഞാൻ അൽപ്പായുസ്സായിരുന്നെന്ന്. പക്ഷെ ആയുസ്സറ്റ് പോകും മുൻപ് പി. ജിയുടെ താൽപര്യപ്രകാരം ‘കൈരളി ഫിലിംസ്' നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന ‘ചെങ്കൊടി' എന്ന ഒരു ഡോക്യുമെന്ററി ചിത്രവുമായി സഹകരിക്കാൻ സാധിച്ചു.

‘എന്നാലും സാറേ, ഞാൻ എത്ര നേരം ആ വെയിലത്തു സാറിന്റെ ലോഡ്ജിന്റെ മുന്നിൽ നിന്നെന്നറിയാമോ. വല്ലാത്തൊരു ചെയ്തായിപ്പോയി...'
എന്റെ പേരിലുള്ള കേസുകൾ ഒന്ന്, കെ. എസ്. ആർ. ടി.സി വക ബസ് അപകടമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ കോളേജിലെ കുട്ടികളുടെ നേർക്ക് ഓടിച്ചു കയറ്റാൻ ശ്രമിച്ചു. രണ്ട്, കോളേജ് വക ബെൽഫ്രിയിലെ (എത്രയോ നീളം വരുന്ന) ‘ബെൽ റോപ്' മോഷ്ടിച്ചു.
​ജാമ്യം തന്നു കഴിഞ്ഞ് ഞങ്ങൾ കേസിലെ ‘വാദി'ക്കുവേണ്ടി കാത്തു.
വാദി അവധിക്ക് അപേക്ഷിച്ചിരുന്നതിനാൽ ഞങ്ങൾക്ക് താൽക്കാലിക വിടുതൽ ലഭിച്ചു. ആ കേസിന്റെ പേരിൽ പല പ്രാവശ്യം മറ്റിടങ്ങളിൽ നിന്ന് മെനക്കെട്ടു വരേണ്ടി വന്നിട്ടുണ്ട്. അതാണ് ഇത്തരം കേസുകളിലെ ശിക്ഷ എന്ന് ഞാൻ പിൽക്കാലത്ത് സമാധാനിച്ചു.

എം.ബി. ശ്രീനിവാസൻ

‘രാമനിലയം' ലോഡ്ജിന് ഞങ്ങളിൽ പലരുടെയും ജീവിതങ്ങളുമായി ഉണ്ടായിരുന്നത് ഒരുതരം ജൈവബന്ധമായിരുന്നു. വെറും ഒരു സാധാരണ ‘സത്രം'. 1972 ൽ തോമസ് ജോർജ്ജ് എന്ന സഖാവ് അവിടത്തെ താമസക്കാരനായതോടെയാണ് എസ്.എഫ്. ഐയുടെ പല പ്രവർത്തകരും (എന്നെപ്പോലുള്ളവർ) അവിടം സന്ദർശിക്കാൻ ആരംഭിച്ചത്. അതിനൊക്കെ മുമ്പേ ആ ലോഡ്ജ് മഹത്തായ ഒരു പത്രപ്രവർത്തന പാരമ്പര്യത്തിന്റെ തുടക്കത്തിന്; യുഗരശ്മി മാസികയുടെ പ്രസിദ്ധീകരണത്തിന് വേദിയായിരുന്നു. ആ മാസികയും അതിനുശേഷമുണ്ടായ നവധാരാ പബ്ലിഷേഴ്‌സും സ്വന്തം ജീവശ്വാസമായിരുന്ന ഒരാൾ ഉണ്ടായിരുന്നു: ഇ. എൻ. മുരളീധരൻ നായർ എന്ന കറതീർന്ന കമ്യൂണിസ്റ്റുകാരൻ. രാമനിലയവുമായി ഞാൻ ആദ്യം പരിചയപ്പെടുന്നത് യുഗരശ്മിയിലൂടെയാണ്. അതിനുശേഷം മുരളി സാറുമായി വളരെ അടുത്ത് ഇടപെടാൻ സാധിച്ചു. അത് ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമായി കാണാൻ ഇന്നെനിക്ക് കഴിയുന്നു.

ഞാൻ പറഞ്ഞല്ലോ ദേശാഭിമാനിയിലും ഞാൻ അൽപ്പായുസ്സായിരുന്നെന്ന്. പക്ഷെ ആയുസ്സറ്റ് പോകും മുൻപ് പി. ജിയുടെ താൽപര്യപ്രകാരം ‘കൈരളി ഫിലിംസ്' നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന ‘ചെങ്കൊടി' എന്ന് താൽക്കാലികമായി പേരിട്ടിരുന്ന, കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം രേഖപ്പെടുത്തുന്ന,
ഒരു ഡോക്യുമെന്ററി ചിത്രവുമായി സഹകരിക്കാൻ സാധിച്ചു. ഒരു നല്ല സംഘഗാനം തെരഞ്ഞെടുക്കാൻ പി. ജി. ഒരു ദിവസം എന്റെ കയ്യിൽ ഒരു ‘ഗാനസമാഹാരം' ഏൽപ്പിച്ചു. അതിന്റെ റെക്കോഡിംഗ് (അന്നത്തെ) മദിരാശിയിലാണ്. എന്റെ ജോലി കൈരളിയുടെ പ്രതിനിധിയായി ആ റെക്കോഡിംഗ് നടത്തി തിരികെ വരിക എന്നതാണ്.

ഉള്ളിൽ അൽപം നീരസം തോന്നിയെങ്കിലും ഞാൻ അത് പ്രകടിപ്പിച്ചില്ല. ആ നീരസം അലിഞ്ഞു പോകാൻ ഒട്ടും സമയം വേണ്ടി വന്നില്ല.
‘‘എം. ബി. ശ്രീനിവാസൻ ആയിരിക്കും ജയന്റെ ഹോസ്റ്റ്'' പി. ജി. എല്ലാവരും കേൾക്കെ പ്രഖ്യാപിച്ചു.
അത് കേട്ടതോടെ എനിക്ക് എത്രയും വേഗം മദിരാശിയിൽ എത്തിയാൽ മതി എന്നു തോന്നി. അത് മറക്കാനാവാത്ത മറ്റൊരു അനുഭവമാണ്.▮

(തുടരും)


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments