മാർക്സും ഗ്രാംഷിയും നൽകിയ പാഠങ്ങൾ

'സ്ത്രീകളോട്, ദളിത്-ആദിവാസി വിഭാഗങ്ങളോട്, പരിസ്ഥിതിയോട്, അംബേദ്കറൈറ്റുകളോടും കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ട സമീപനം ഈ വികലനത്തിൽ തെളിഞ്ഞു വരുന്നുണ്ട്. കെ.മുരളിയും മറ്റും ഇപ്പോഴും സ്വപ്നം കാണുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന കേന്ദ്രീകൃതാധികാരരൂപത്തിൽ നിന്നും ഭിന്നമായ ദിശയിലാണ് ഈ വികലനം സഞ്ചരിച്ചത്'. മാർക്‌സിസവുമായി ബന്ധപ്പെട്ട് ഡോ.എം കുഞ്ഞാമൻ 'തിങ്കി'ലൂടെ പങ്കുവെച്ച നിരീക്ഷണങ്ങളെ തുടർന്നുണ്ടായ പ്രതികരണങ്ങളുടെ തുടർച്ച.

കേരളത്തിലെ മാർക്സിസ്റ്റുകളും അംബേദ്ക്കറിസ്റ്റുകളും തമ്മിൽ നടക്കുന്ന ചർച്ചയിൽ ഏതെങ്കിലും ഒരു പക്ഷത്തു നിന്നു കൊണ്ടു സംസാരിക്കാനുള്ള ഒരു ശ്രമമല്ല, ഇത്. മാർക്സിസ്റ്റ് വിചാരലോകത്തോടു കൂറു പുലർത്തുകയും ജാതിവ്യവസ്ഥ ഉൾപ്പെടയുള്ള പല പ്രശ്നങ്ങളിലും ഇന്ത്യയിലെ മാർക്സിസ്റ്റുകൾക്ക് ക്രിയാത്മകമായി ഇടപെടാൻ കഴിഞ്ഞിട്ടില്ലെന്നു കരുതുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് ഈ പ്രശ്നങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്നു പറയുകയാണ് ഈ ലേഖനത്തിന്റെ മുഖ്യലക്ഷ്യം.

ഐജാസ് അഹമ്മദ്
ഐജാസ് അഹമ്മദ്

എങ്കിലും, ചർച്ചക്കിടയിൽ ഉയർന്നുവന്ന ആനുഷംഗികമായ ചില പരാമർശങ്ങളെ കുറിച്ചു പ്രതികരിച്ചു കൊണ്ട് ആരംഭിക്കാമെന്നു കരുതുന്നു. ഇന്ത്യയിലെ മാർക്സിസ്റ്റുകളുടെ പരാജയത്തെ മാർക്സിലേക്കു വ്യാപിപ്പിക്കുന്ന പ്രവർത്തനം നിരർത്ഥകമാണെന്നു ഞാൻ കരുതുന്നു. മാർക്സിനെ കൊളോണിയലിസത്തിന്റെ ആരാധകനാക്കി ചിത്രീകരിക്കാനുള്ള ഒരു ശ്രമം വർഷങ്ങൾക്കു മുന്നേ എഡ്വേഡ് സെയ്ദിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. (അതിനു സമാനമോ അതേ ഫലങ്ങൾ നൽകുന്നതോ ആയ ചില പരാമർശങ്ങൾ ഈ ചർച്ചയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.) പിന്നീട്, ഐജാസ് അഹമ്മദ് സെയ്ദിനെ വിമർശിക്കുന്നുണ്ട്. മാർക്സ് മുതലാളിത്തത്തിന്റെ ആരാധകനായിരുന്നുവെന്നു പറയുന്നതിനു തുല്യമാണിതെന്ന് ഐജാസ് അഹമ്മദ് എഴുതിയിരുന്നു. ബ്രിട്ടീഷ് അധിനിവേശം ഇന്ത്യയിൽ സൃഷ്ടിച്ചേക്കാവുന്ന അനന്തരഫലങ്ങളെ കുറിച്ചുള്ള മാർക്സിന്റെ വിലയിരുത്തലുകൾ സൈദ്ധാന്തികമെന്നതിലുപരി ഊഹാത്മകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കൊളോണിയലിസം നിർവ്വഹിക്കുന്ന ഇരട്ടദൗത്യത്തെ കുറിച്ച് മാർക്സ് പറഞ്ഞ കാര്യങ്ങളെ കൊളോണിയൽ ആധുനികതയുടേയും കാല്പനിക പൗരസ്ത്യവാദത്തിന്റേയും പട്ടികയിൽ പെടുത്താനുള്ള ഏതൊരു ശ്രമവും അസംഗതമായിരുന്നു. കൊളോണിയൽ ചൂഷണത്തിന്റെ ഭീകരതയെ വെളിപ്പെടുത്തിക്കൊണ്ടും മുതലാളിത്തത്തിന്റെ ഉദയത്തിനും വളർച്ചക്കും ഇത് എങ്ങനെ കാരണമായെന്നു ചൂണ്ടിക്കാണിച്ചു കൊണ്ടും മാർക്സ് എഴുതുന്നുണ്ടല്ലോ. അമേരിക്കയിൽ സ്വർണ്ണവും വെള്ളിയും കണ്ടെത്തിയതും ആദിമജനതകളെ ഖനികളിൽ അടിമകളാക്കിയതും അവരെ ഉന്മൂലനം ചെയ്തു കുഴിച്ചു മൂടിയതും പൂർവേന്ത്യൻ പ്രദേശങ്ങളെ കീഴ്പ്പെടുത്താനും കൊള്ളയടിക്കാനും തുടങ്ങിയതും അടിമകളാക്കാനായി കറുത്തതൊലിയുള്ള ആഫ്രിക്കക്കാരെ വേട്ടയാടാനാരംഭിച്ചതുമൊക്കെയാണ് മുതലാളിത്ത' വ്യവസ്ഥയുടെ തുടക്കത്തിനു കാരണമായതെന്ന് മാർക്സ് വിശദീകരിക്കുന്നു. പ്രതികാരത്തോടെ രക്തമൂറ്റുന്ന പ്രക്രിയയെന്നാണ് മാർക്സ് കൊളോണിയലിസത്തെ വിശേഷിപ്പിച്ചത്. ഇതൊക്കെ വീണ്ടും ആവർത്തിക്കേണ്ട കാര്യങ്ങളേയല്ല. ഹെഗലിന്റേയും റിക്കാഡോയുടേയും നാമങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഒന്നരനൂറ്റാണ്ടിനു ശേഷം മാർക്സിന്റെ മൗലികതയെ കുറിച്ചു പറയുന്നതും ഗൗരവതരമായ ഒരു കാര്യമല്ല. വിജ്ഞാനത്തിന്റെ ചരിത്രപരതയെ കുറിച്ചു പറയുന്നതാണ് മൗലികതയെ കുറിച്ചു പറയുന്നതിനേക്കാൾ ഉചിതമെന്നും തോന്നുന്നു. മൗലികത ആധുനികതാവാദത്തിന്റെ വ്യക്തിവാദത്തോടു ബന്ധപ്പെടുത്തി ചർച്ച ചെയ്യാവുന്ന ഒരു പരികൽപ്പനയാണ്. കാതലായ വിഷയം മാർക്സിസം നേരിടുന്ന പ്രതിസന്ധിയാണ്. ചർച്ച ചെയ്യേണ്ടതും അതിനെ കുറിച്ചാണ്.

മാർക്സിസവും കമ്മ്യൂണിസ്റ്റ്പ്രസ്ഥാനങ്ങളും നേരിടുന്ന പ്രതിസന്ധി ബൂർഷ്വാ അധീശത്വം കൂടുതൽ ശക്തിയാർജ്ജിച്ചതിന്റെ ഫലമല്ല. മുതലാളിത്തവ്യവസ്ഥ അഭിമുഖീകരിച്ചിട്ടുളള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ കുറേ കാലമായി അത് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മുതലാളിത്തത്തിന്റെ വിശ്വാസ്യത എന്നെത്തേക്കാളുമേറെ നഷ്ടപ്പെട്ടിരിക്കുന്നു. ഈ പ്രതിസന്ധിയിൽ നിന്നും കര കയറാൻ ചോര വാർക്കുന്ന കഴുത്തറപ്പൻ പരിഷ്‌ക്കാരങ്ങൾ നടപ്പിൽ വരുത്താനാണ് അതു ശ്രമിക്കുന്നത്. മുതലാളിത്തത്തിന്റെ വലിയ പ്രതിസന്ധികൾക്കിടയിലും മാർക്സിസ്റ്റുകൾക്ക് ശരിയായ ചുവടുകൾ വയ്ക്കാൻ കഴിയുന്നില്ല. മാർക്സിസം നേരിടുന്ന വെല്ലുവിളികൾ എത്രമാത്രം ബൃഹത്താണെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സവിശേഷസന്ദർഭമാണിത്.

മാർക്സിസത്തിന്റെ പ്രയോഗങ്ങൾ ഒരു അടഞ്ഞ വ്യവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണ്. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള കൊടുക്കൽ-വാങ്ങലുകൾ നിലച്ചിരിക്കുന്നു. വികസിക്കാത്ത സിദ്ധാന്തം മുരടിച്ച പ്രയോഗങ്ങളെ നിലനിർത്തുന്നു. ഈ വ്യവസ്ഥാപിതത്വമാണ് മാർക്സിസത്തെ ജഡാവസ്ഥയിലേക്കെത്തിച്ചത്. മാർക്സിസം ഒരു പ്രതിസന്ധിയിലാണെന്നു നിഗമിക്കാവുന്ന അവസ്ഥാവിശേഷമാണിത്. വലിയ മാറ്റങ്ങൾക്കും പരിവർത്തനങ്ങൾക്കും സ്വയം വിധേയമായിക്കൊണ്ടു മാത്രമേ ഈ പ്രതിസന്ധിയെ മറികടന്ന് മാർക്സിസത്തിനു മുന്നോട്ടു പോകാനാകൂ. മാറ്റത്തിന്റെ അലംഘനീയതയെ കുറിച്ചു പറയുന്ന മാർക്സിസത്തിന് സ്വയം മാറിത്തീരാനും കഴിയുന്നതാണ്. ശാസ്ത്രത്തിലെ വിപ്ലവങ്ങളേയും രാഷ്ട്രീയവിപ്ലവങ്ങളേയും സമാനമായി കണ്ട തോമസ്‌കുണിന്റെ പദാവലി കടമെടുത്തു പറഞ്ഞാൽ, മാർക്സിസം ഒരു ആശയമാതൃകാമാറ്റ(Paradigm Shift)ത്തിനു വിധേയമാകേണ്ട സന്ദർഭമാണിത്. മാർക്സിസത്തിനുളളിലെ ആശയമാതൃകാവ്യതിയാനം നിർണ്ണയവാദപരമായ എല്ലാ മുൻവിധികളേയും തളളിക്കളയുന്നതും പുത്തൻ ലോകസാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റവും വിപ്ലവാത്മകമായി പ്രസ്ഥാനത്തെ നവീകരിക്കുന്നതിനു പ്രാപ്തമാകുന്നതും ആയിരിക്കണം.

കാൾ മാർക്സ്
കാൾ മാർക്സ്

മതാത്മകവും ജാഡ്യം ബാധിച്ചതുമായ വിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങൾ മാറിപ്പോകുന്നതിനെ കുറിച്ച് ജനങ്ങൾ പറയുന്നത് കേൾക്കാതെ ഇനി മാർക്സിസ്റ്റുകൾക്കു മുന്നോട്ടു പോകാൻ കഴിയില്ല. പാപികളേ, നിങ്ങൾ വരൂ, സ്വർഗരാജ്യം നിങ്ങൾക്കുളളതാണ്'എന്ന പെന്തക്കോസ്തുകാരന്റെ വിളിയിൽ നിന്നും കമ്മ്യൂണിസ്റ്റ് സമൂഹത്തിനു വേണ്ടിയുളള ശാസ്ത്രീയ സോഷ്യലിസ്റ്റ് വിശ്വാസിയുടെ ഇപ്പോഴത്തെ ആഹ്വാനത്തിന് വലിയ വ്യത്യാസമൊന്നുമില്ല! വിമർശബുദ്ധിയോടെയല്ലാതെ മാർക്സിനെയോ ലെനിനെയോ ഉദ്ധരിക്കുന്ന കമ്മ്യൂണിസ്റ്റുകാരൻ സത്യവേദപുസ്തകത്തിൽ നിന്നും ഉദ്ധരിക്കുന്ന പുരോഹിതനിൽ നിന്നും വളരെയൊന്നും വ്യത്യസ്തനല്ല. നിരന്തരനവീകരണക്ഷമതയെ നിരാകരിക്കുകയും ശാസ്ത്രമാത്രവാദത്തെ സ്വീകരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ മതാത്മകതയുടെ മൂല്യങ്ങളെയാണ് കടത്തിക്കൊണ്ടു വരികയെന്നു തീർച്ച! നിരന്തരനവീകരണക്ഷമതയെ ഉപേക്ഷിക്കുന്ന മാർക്സിസം മറ്റൊരു മതമായി മാറുന്നു. മതാത്മകതയുടെ മൂല്യങ്ങളിൽ നിന്നും നിർണ്ണയവാദപരമായ സമീപനങ്ങളിൽ നിന്നും വിമുക്തി നേടുകയാണ് മാർക്സിസ്റ്റുകൾ ചെയ്യേണ്ടത്. കാതലായ വിമർശം മതാത്മകതയുടെ വിമർശമാണെന്നു പറഞ്ഞ മാർക്സിനെ അറിഞ്ഞവർക്ക് അതു നിർവ്വഹിക്കാനുള്ള കടമയുണ്ട്.

ബോൾഷേവിക് സംഘടനാരൂപത്തിലുള്ള അദമ്യമായ വിശ്വാസം, മനുഷ്യരാശിയെ വിമോചിപ്പിക്കുന്ന വർഗ്ഗത്തെ കുറിച്ചും തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തെ കുറിച്ചുമുള്ള സങ്കൽപ്പനങ്ങൾ, മുഖ്യവൈരുദ്ധ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയവയെല്ലാം ഒരു അതിഭൗതികതലത്തിലെത്തി നിൽക്കുകയാണ്. ഉപേക്ഷിക്കപ്പെടേണ്ട അതിഭൗതികവിശ്വാസങ്ങളായി ഇവ മാറിത്തീർന്നിരിക്കുന്നു.

തൊഴിലാളിവർഗ്ഗത്തെ വിമോചകവർഗ്ഗമായി കണ്ടെത്തുന്നതിലെ ന്യായീകരണങ്ങൾ എന്തെല്ലാമാണ്? മദ്ധ്യകാലത്തെ എല്ലാവിധ നാടുവാഴിത്തബന്ധങ്ങളിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമായ വർഗ്ഗമാണത്. ശാസ്ത്രസാങ്കേതികവിപ്ലവങ്ങളോടൊപ്പം രംഗത്തു വരികയും രൂപപ്പെടുകയും ചെയ്ത വർഗ്ഗമാണത്. ഏറ്റവും അധുനാതനമായ സാങ്കേതികവിദ്യയോടും യന്ത്രങ്ങളോടും ഇടപെടുകയും കരണപ്രതികരണങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന വർഗ്ഗമാണത്. ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും മണ്ഡലങ്ങളിൽ ഉണ്ടാകുന്ന എല്ലാ പരിവർത്തനങ്ങളേയും ഉൾക്കൊള്ളാനും സ്വയം മാറിത്തീരാനും കഴിവുള്ള വർഗ്ഗമാണത്. ആധുനികപൗരസമൂഹവുമായി നിരന്തരം ഇടപെടുന്ന വർഗ്ഗമാണത്. ചരിത്രപരമായി പുരോഗമനസ്വഭാവമുള്ളതും പൂർണ്ണമായി ചലിക്കാൻ കെൽപ്പുള്ളതുമായ വർഗ്ഗമാണത്. ഇവയെല്ലാം ശരിയായ വാദഗതികളായിരിക്കാം. ചരിത്രപരമായ പുരോഗമനസ്വഭാവം തൊഴിലാളിവർഗ്ഗത്തിൽ ആരോപിച്ചു കൊണ്ടാണ് വിമോചകവർഗ്ഗത്തെ കുറിച്ചുള്ള നിദർശനം സത്താവാദപരവും അതിഭൗതികവും മതാത്മകവുമായ മൂലകങ്ങളിൽ നിന്നും സ്വയം രക്ഷിച്ചിരുന്നത്. ആധാരം ചരിത്രപരതയായിരുന്നു. സമീപഭൂതകാലചരിത്രം ഈ നിദർശനത്തെ അസാധുവാക്കുന്നതാണ്. ഇതോടുകൂടി വിമോചകവർഗ്ഗമെന്ന സങ്കൽപ്പനം സത്താവാദപരമായതായി മാറിത്തീർന്നിരിക്കുന്നു. സത്താവാദപരമായത് മതാത്മകതയിലേക്കു നയിക്കുന്നതാണ്. ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ സ്ഥാനമാണ് ലോകവിമോചകനായ തൊഴിലാളിവർഗ്ഗത്തിന് ഇപ്പോഴുള്ളത്. എന്നാൽ, ഈ സന്ദിഗ്ദ്ധത മാർക്സിസത്തിന്റെ സാദ്ധ്യതകളെ ഇല്ലാതാക്കുന്നില്ല. മറിച്ച്, നിർണ്ണയവാദപരമായ സമീപനങ്ങളെ ഒഴിവാക്കാനുള്ള ഈ അവസരം അതിനു പുതിയ വഴികളെ തുറന്നു തരുന്നു.

ബാബസാഹിബ് അംബേദ്കർ
ബാബസാഹിബ് അംബേദ്കർ

നിശ്ചിതദിശയിലുളള ചരിത്രത്തിന്റെ മുന്നേറ്റത്തിലൂടെ സോഷ്യലിസത്തിലെത്തിച്ചേരുന്ന വികാസനിയമങ്ങളെ കുറിച്ചുളള ഉറപ്പാണ് പഴയ സങ്കൽപ്പനങ്ങൾ മുന്നോട്ടുവെച്ചിരുന്നത്. ഈ പരിപ്രേക്ഷ്യത്തിൽ രാഷ്ട്രീയപ്രക്ഷോഭങ്ങൾ സാമ്പത്തികപ്രക്രിയയുടെ ഉപരിഘടന മാത്രമായിരുന്നു. അവിടെ, സാമൂഹികക്രമത്തെ രൂപീകരിക്കുന്ന ഘടകങ്ങളായി രാഷ്ട്രീയപ്രക്ഷോഭങ്ങളെ തിരിച്ചറിഞ്ഞിരുന്നില്ല. ഈ സങ്കല്പനത്തിനെതിരെ, രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ പ്രാഥമ്യത്തെ ഉറപ്പിക്കുന്ന നിലപാടുകളിലൂടെ മാർക്സ് തന്നെ കടന്നു പോകുന്നുണ്ടെന്നു തീർച്ച! വരട്ടുതത്ത്വവാദപരമായ നിലപാടുകളോട് മാർക്സ് ഒരിക്കലും യോജിച്ചിരുന്നില്ലെന്നു മാത്രമല്ല, വലിയ അകലം സൂക്ഷിക്കുകയും ചെയ്തിരുന്നു. ന്യൂട്ടോണിയൻ ബലതന്ത്രത്തിനു പ്രാമുഖ്യമുണ്ടായിരുന്ന ഒരു കാലത്തെ ഏതു വ്യക്തിയേയും നിർണ്ണയവാദസമീപനങ്ങൾ സ്വാധീനിക്കുമെന്നു തീർച്ച! മാർക്സ് നടത്തുന്ന പ്രവചനങ്ങൾ ഈ സ്വാധീനത്തെ കാണിക്കുന്നുണ്ട്. എന്നാൽ, ഉല്പാദനവികാസത്തിന്റെ വിവിധഘട്ടങ്ങളെ കുറിച്ചും മുതലാളിത്തത്തിന്റെ പരമകാഷ്ഠയിൽ നടക്കേണ്ടുന്ന തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുവിപ്ലവത്തെ കുറിച്ചുമുള്ള തന്റെ നിലപാടുകളെ മാറ്റമില്ലാതെ സ്വീകരിക്കേണ്ടുന്ന അന്തിമവാക്കുകളായി മാർക്സ് കണ്ടിരുന്നില്ല. ചരിത്രത്തിന്റെ പരീക്ഷണശാലയിൽ തെളിയിക്കേണ്ട കാര്യമായിട്ടാണ് മാർക്സ് അതിനെ കണ്ടിരുന്നത്. ഇപ്പോൾ ചരിത്രം അതിനു മറുപടി നൽകിക്കഴിഞ്ഞിരിക്കുന്നു.

നിർണ്ണയവാദപരമായ സമീപനങ്ങളോട് മാർക്സ് വലിയ കൂറു പുലർത്തിയിരുന്നില്ലെന്നതിനു നിരവധി തെളിവുകൾ എടുത്തുകാട്ടാൻ കഴിയും. റഷ്യൻ ഗ്രാമീണ കമ്മ്യൂണിസ്റ്റുകൾ സോഷ്യലിസ്റ്റുദിശയിലേക്കുളള വികാസത്തിനു പ്രാപ്തമാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് വേരാ സസുലിച്ച് എഴുതിയ കത്തിന് മാർക്സ് നൽകുന്ന മറുപടി ഇതിനുളള നല്ല തെളിവാണ്. വേരാ സസുലിച്ച് റഷ്യയിലെ സോഷ്യലിസ്റ്റ് തീവ്രവാദികളുടെ സംഘടനയായ നരോദ്നിക്കുകളിൽ ഉൾപ്പെട്ട ഒരു വനിതയായിരുന്നു. യൂറോപ്പിന്റെ പാതയിൽ സഞ്ചരിക്കാതെ, മുതലാളിത്തത്തെ സ്വീകരിക്കാതെ, സോഷ്യലിസത്തിലേക്കു വികസിക്കാൻ റഷ്യക്കു കഴിയുമോയെന്നാണ് വേര ചോദിച്ചത്. മുതലാളിത്തത്തിന്റെ കടന്നാക്രമണത്തിൽ, ചരിത്രപരമായി അനിവാര്യമായ നശീകരണത്തിനു ശപിക്കപ്പെട്ടതാണോ റഷ്യയിലെ ഗ്രാമീണ കമ്മ്യൂണുകളെന്ന് വേര ഉത്ക്കണ്ഠാകുലയാകുന്നുണ്ട്. യൂറോപ്പിലെ രോഗിയായി കരുതിയിരുന്ന ഒരു ദരിദ്രരാഷ്ട്രമായ റഷ്യയെകുറിച്ചുളള വേരയുടെ ചോദ്യത്തെ ഒരു ജീവന്മരണപ്രശ്നമായി മാർക്സ് കണ്ടിരുന്നുവെന്ന് മകളായ ജെന്നി എഴുതുന്നു. പ്ലഖ്നോവിനെ പോലെ നേർരേഖീയമായ സിദ്ധാന്തങ്ങളെ കൈപ്പറ്റിയിരുന്നവരിൽ നിന്നും വ്യത്യസ്തമായി, മുതലാളിത്തഭരണക്രമത്തിന്റെ എല്ലാ നിർഭാഗ്യ വിപര്യയങ്ങളിൽനിന്നും രക്ഷപ്പെടുന്നതിന് ചരിത്രം റഷ്യക്ക് അവസരം നല്കിയേക്കാമെന്നാണ് മാർക്സ് പറഞ്ഞത്. യൂറോപ്പിന്റെ ചരിത്രത്തെ ഒരു രാജ്യത്തിനു മേലും അടിച്ചേല്പിക്കാൻ മാർക്സ് തയ്യാറായിരുന്നില്ല. ചരിത്രവികാസത്തെ കുറിച്ചുള്ള യൂറോകേന്ദ്രീകൃതവും നേർരേഖീയവുമായ നിലപാടുകളെ മാർക്സ് തളളിക്കളയുകയായിരുന്നു. വരട്ടുതത്ത്വവാദത്തിന് മാർക്സിസത്തിൽ സ്ഥാനമില്ലെന്ന് തെളിയിക്കുകയായിരുന്നു. സമൂർത്ത സാഹചര്യങ്ങൾക്കും രാഷ്ട്രീയമായ ഇച്ഛാശക്തിക്കുമുള്ള പ്രാധാന്യത്തിലാണ് മാർക്സ് ഊന്നിയിരുന്നത്.
കാൾ മാർക്സിന്റെ നിലപാടുകൾ രാഷ്ട്രീയസമരത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നതായിരുന്നുവെങ്കിലും മഞ്ഞ ഇന്റർനാഷണൽ എന്നു വിളിക്കുന്ന രണ്ടാം ഇന്റർനാഷണലിലൂടെ ചരിത്രത്തെ കുറിച്ചുളള കേവലനിർണ്ണയവാദപരമായസമീപനങ്ങൾ മാർക്സിസ്റ്റു പ്രസ്ഥാനങ്ങൾക്കുള്ളിൽ ഉറപ്പിക്കപ്പെടുന്നുണ്ട്. രണ്ടാം ഇന്റർനാഷണലിൽ മാർക്സിസത്തിന്റെ സങ്കല്പനങ്ങൾ ക്രമീകൃതമാക്കാനുളള വലിയ ശ്രമങ്ങൾ നടന്നു. മുതലാളിത്ത വികാസത്തിന്റെ അനിവാര്യനിയമങ്ങൾ, അടിത്തറയേയും ഉപരിഘടനയേയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ, ശാസ്ത്രീയത എന്നിവയെല്ലാം മാർക്സിസത്തിന്റെ പ്രാഥമികസങ്കല്പനങ്ങളായി മുന്നോട്ടുവയ്ക്കപ്പെട്ടപ്പോൾ രാഷ്ട്രീയസമരം ഒരു കീഴ്സങ്കല്പനമായി മാത്രമാണ് അവിടെ പരിഗണിക്കപ്പെട്ടത്.സംഘടനാതത്ത്വങ്ങളുടെ ഭാഗമായി മാർക്സിസത്തെ കൃമീകൃതമാക്കുന്ന ആദ്യസന്ദർഭം രണ്ടാം ഇന്റർനാഷണലിന്റേതായിരുന്നു. അതിനു മുമ്പ് മാർക്സിസ്റ്റുകൾ ഇടപെട്ടു കൊണ്ടിരുന്ന പ്രശ്നങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ മേഖലകളിലെ പല പ്രശ്നങ്ങളേയും ഇപ്പോൾ അവർക്ക് അഭിമുഖീകരിക്കേണ്ടിയിരുന്നു. പാർലമെന്ററി പ്രക്ഷോഭങ്ങൾ, തൊഴിലാളി സംഘടനകളും അവയുടെ നേതൃത്വത്തിലുളള പ്രക്ഷോഭങ്ങളും, ദേശീയരാഷ്ട്രീയത്തിലെ നിലപാടുകൾ... എന്നിങ്ങനെ പല കാര്യങ്ങളേയും മാർക്സിസ്റ്റ് സംഘടനകൾക്ക് ഏറ്റെടുക്കേണ്ടിയിരുന്നു. എന്നാൽ, നാളെ എന്താകുമെന്ന് ഇന്നേ നന്നായി അറിയാവുന്നവരുടെ ചരിത്രത്തെ കുറിച്ചുളള പ്രയോജനവാദപരവും സത്താവാദപരവുമായ സമീപനങ്ങൾ കൊണ്ട് ഇപ്പോൾ എന്തു ചെയ്യണമെന്നു തീരുമാനിക്കപ്പെടുന്ന രീതി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇതിന്റെ ഭാഗമായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമരങ്ങൾ കീഴ്നിലയിലുളള കാര്യങ്ങളായി മാറിത്തീർന്നതിനെ കുറിച്ച് ഏണസ്റ്റോ ലക്ലാവുവും ചന്ദൻ മൗഫേയും പറയുന്നുണ്ട്. ദൈനംദിന രാഷ്ട്രീയപ്രയോഗവും ചരിത്രനിയമങ്ങളെ കുറിച്ചുളള പൂർവ്വനിശ്ചിതവിജ്ഞാനവും തമ്മിൽ ഒരു വലിയ വിടവാണ് സ്ഥാപിക്കപ്പെട്ടതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയസമരങ്ങൾ ഉപരിഘടനയുടെ പ്രശ്നമായി ചുരുക്കപ്പെട്ടതിന്റെ 'ഭവിഷ്യത്ഫലമായിരുന്നു ഇത്.

ഇതിൽ നിന്നും വ്യത്യസ്തമായി, രാഷ്ട്രീയപ്രക്ഷോഭത്തിന്റെ പ്രാഥമ്യത്തെ എടുത്തുപറഞ്ഞതിലാണ് ലെനിന്റെ സൈദ്ധാന്തിക ഇടപെടലിന്റെ പ്രാധാന്യം കാണേണ്ടത്. കേവലനിർണ്ണയനത്തിന്നുതകുന്ന ഏകഘടകമായി ഉല്പാദനബന്ധങ്ങളെ കണ്ടെത്തുന്ന സമീപനത്തെ തന്നെയാണ് ലെനിൻ മറികടന്നത്. സാമ്പത്തികവാദപരമായ മാതൃകയുടെ അപചയത്തിനു തുടക്കം കുറിച്ച ലെനിൻ രാഷ്ട്രീയസമരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. രണ്ടാം ഇന്റർനാഷണലിന്റെ കേവലനിർണ്ണയവാദപരമായ നിലപാടുകൾക്കെതിരെ ഉറച്ച നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മുതലാളിത്തത്തിന്റെ ഉയർന്നഘട്ടത്തിൽ സംഭവിക്കുന്ന തൊഴിലാളിവർഗവിപ്ലവത്തെ കുറിച്ചുളള മാർക്സിസ്റ്റു നിരീക്ഷണത്തെ മാറ്റിവയ്ക്കുന്നതിനും ലോകമുതലാളിത്തവ്യവസ്ഥയെ സാമ്രാജ്യത്വത്തിന്റെ ഒരു ചങ്ങലയായി കാണാനും അതിലെ ദുർബ്ബലകണ്ണികളെ ഭേദിച്ചുകൊണ്ട് തൊഴിലാളിവർഗവിപ്ലവം നടക്കുന്നതിനുളള സാദ്ധ്യതയെ കുറിച്ചു പറയാനും ലെനിനു കഴിഞ്ഞത്, കേവലനിർണ്ണയവാദത്തിന്റെ സമീപനങ്ങളിൽ നിന്നും മാറിനടന്നതുകൊണ്ടാണ്. ഇപ്പോൾ, ലെനിന്റെ നിരീക്ഷണത്തിൽ, വിപ്ലവമെന്നത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ബിന്ദുവിൽ നടക്കുന്ന പ്രതിഭാസമല്ലാതായി മാറിത്തീർന്നു. ചരിത്രം സവിശേഷമായ ഉദ്ദേശ്യത്തെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന സങ്കല്പനങ്ങളും സാമ്പത്തികവാദപരമായ നിലപാടുകളും നിരാകരിക്കപ്പെടുകയും ചെയ്തു. മുതലാളിത്തത്തെ സാമ്രാജ്യത്വത്തിന്റെ ചങ്ങലയായി കണ്ടെത്തുന്നതിലൂടെ മുതലാളിത്തം എന്നത് കൊളോണിയലിസം കൂടിയാണെന്ന വസ്തുതയെ ശരിയായി ഉറപ്പിക്കാനും ലെനിനു കഴിഞ്ഞു.

വർഗവൈരുദ്ധ്യങ്ങളും വിവിധ സാമൂഹികവിഭാഗങ്ങൾക്കിടയിലെ ബന്ധങ്ങളും ഉല്പാദനബന്ധങ്ങളുടെ അഥവാ സാമ്പത്തികബന്ധങ്ങളുടെ തുടർച്ചയോ പരിണിതഫലമോ മാത്രമല്ലെങ്കിൽ, കൂടുതൽ വ്യക്തമായി പറഞ്ഞാൽ, അത് ഒരു മുഖ്യവൈരുദ്ധ്യത്തിന്റെ ഫലമല്ലെങ്കിൽ, ഏതൊരു രാഷ്ട്രവും ലോകമുതലാളിത്തവ്യവസ്ഥയോട് എങ്ങനെ കണ്ണിചേർക്കപ്പെട്ടിരിക്കുന്നുവെന്ന അതിനിർണ്ണയനത്തിൽനിന്നും ഉരുവംകൊളളുന്ന പ്രശ്നമാണെങ്കിൽ, ഈ വൈരുദ്ധ്യങ്ങൾ പരിഹരിക്കുന്നതിന് മുൻകൂട്ടി നിശ്ചയിക്കുന്ന അടിസ്ഥാനതത്ത്വങ്ങളുണ്ടെന്നു പറയാൻ കഴിയില്ല. രാഷ്ട്രീയസമരങ്ങൾകൊണ്ടു മാത്രമേ ഇതു പരിഹരിക്കപ്പെടുന്നുളളൂ. എല്ലാ മേഖലകളിലും രാഷ്ട്രീയത്തിന്റെ പ്രാഥമ്യം സ്ഥാപിക്കുന്നതിലാണ് നാം എത്തിച്ചേരുന്നത്. മെൻഷേവിക്കുകളുടെ നിലപാടുകളിൽനിന്നും ലെനിന്റെ നിലപാടുകൾ വ്യത്യസ്തമായത് രാഷ്ട്രീയസമരത്തിന്റെ പ്രാഥമ്യവും പ്രാധാന്യവും അദ്ദേഹം തിരിച്ചറിഞ്ഞുവെന്നതുകൊണ്ടാണ്. സമൂർത്തസാഹചര്യങ്ങളുടെ സമൂർത്ത വിശകലനമെന്ന് ലെനിൻ പറയുമ്പോൾ വർഗങ്ങൾക്കിടയിലെ രാഷ്ട്രീയബന്ധങ്ങളെയാണ് അദ്ദേഹം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. രാഷ്ട്രീയബന്ധങ്ങളെ കുറിച്ചുളള വിശകലനവും ധാരണകളും രാഷ്ട്രീയസമരത്തിലേക്കു നയിക്കുന്നതാണ്. കൊളോണിയൽ തിസീസിലൂടെ, കോളനികളായി മാറ്റപ്പെട്ട രാഷ്ട്രങ്ങളുടെ വിപ്ലവപാതയെ കുറിച്ചു പറയാൻ ലെനിനു കരുത്തു നല്കിയതും രാഷ്ട്രീയസമരത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞ ഈ നിലപാടുകളായിരുന്നു. ജനകീയ ജനാധിപത്യവിപ്ലവത്തെ കുറിച്ചുള്ള സങ്കല്പനങ്ങൾ മുന്നോട്ടുവക്കപ്പെട്ട ശേഷം തൊഴിലാളിവർഗത്തെ വിപ്ലവത്തിന്റെ നേതൃശക്തിയായി കണ്ടിരുന്നുവെങ്കിൽ തന്നെ ഫാസിസ്റ്റ് വിരുദ്ധ സമരകാലഘട്ടത്തിൽ വിശാലമായ ഐക്യമുന്നണിയുടെ രൂപീകരണത്തെയും കർഷകരും സ്ത്രീകളും അധ:കൃതജനവിഭാഗങ്ങളും ഉൾപ്പെടെ മുഴുവൻ ബഹുജനങ്ങളും വിപ്ലവത്തിന്റെ ചാലകശക്തിയാണെന്ന് കണ്ടറിയുന്നതിനു മാവോയെ പോലുള്ള നേതാക്കളെയും സഹായിച്ചത് ഈ ലെനിനിസ്റ്റ് നിലപാടായിരുന്നു.

ലെനിന്റെ ഇടപെടൽ വളരെ പ്രാധാന്യമുളള ഒന്നായിരുന്നുവെങ്കിലും സാമ്പത്തികവാദപരമായ വ്യവഹാരങ്ങൾക്കിടയിൽ ഈ ഇടപെടലിനു നിർവ്വഹിക്കാൻ കഴിയുന്ന കാര്യങ്ങൾ പരിമിതമായിരുന്നു. ലെനിനിസ്റ്റ് നിലപാടുകളിൽ ഒരു അസ്പഷ്ടതയുണ്ടായിരുന്നു. അത് രാഷ്ട്രീയസമരത്തിന്റെ പ്രാഥമ്യത്തെ കുറിച്ചുളള സങ്കല്പനങ്ങളെ അതിന്റെ പൂർണ്ണരൂപത്തിൽ ഉൾക്കൊളളുകയും മാർക്സിസത്തിന്റെ സൈദ്ധാന്തികപദ്ധതിയിൽ ഉൾച്ചേർക്കുകയും ചെയ്തില്ല. ലക്ലാവുവും മൗഫേയും ചൂണ്ടിക്കാണിക്കുന്നതുപോലെ, ലെനിനിസം വിപ്ലവത്തെ കുറിച്ചുളള ഒരു സിദ്ധാന്ത(Theory of Revolution)മായി ചുരുങ്ങിപ്പോകുകയും സമൂഹത്തിന്റെ സിദ്ധാന്ത(Theory of Society)മാകാതിരിക്കുകയും ചെയ്തു. വർഗങ്ങളുടെ രാഷ്ട്രീയബന്ധങ്ങൾക്കപ്പുറം സാമൂഹികവ്യവസ്ഥയുടേതായ ഒരു സത്ത നിലനില്ക്കുന്നില്ലെന്ന് ഊന്നിപ്പറയാൻ ലെനിനു കഴിഞ്ഞില്ല. സാമ്പത്തികവാദത്തിനെരായ സമീപനങ്ങൾ സ്വീകരിക്കപ്പെട്ടുവെങ്കിലും വിപ്ലവത്തിനുള്ള തെരഞ്ഞെടുക്കപ്പെട്ട ഏകവർഗമായി തൊഴിലാളിവർഗത്തെ കണ്ടെത്തുന്ന സമീപനം കൈയ്യൊഴിയപ്പെട്ടതുമില്ല. കോമിന്റേണിന്റെ രാഷ്ട്രീയ നിലപാടുകളുടെ പരിമിതികൾ കൊണ്ടു തന്നെ സാമ്പത്തികനിർണ്ണയവാദത്തിന്റെ നിലപാടുകൾ പല ഘട്ടങ്ങളിലും അധീശത്വം സ്ഥാപിക്കുകയും സ്റ്റാലിന്റെ കാലമാകുമ്പോഴേക്കും വളരെ യാന്ത്രികവാദപരമായ നിലപാടുകളിലൂടെ മാർക്സിസത്തെ ശാശ്വതസത്യങ്ങളുടെ വ്യവസ്ഥയാക്കി മാറ്റുകയും ചെയ്തു. മാർക്സിസത്തെ ജഡാവസ്ഥയിലേക്കു നയിച്ചത് സ്റ്റാലിനിസമായിരുന്നു. സ്റ്റാലിനിസ്റ്റ് നിലപാടുകളാണ് ഇപ്പോഴും പ്രച്ഛന്നരൂപത്തിൽ ഇവിടെ പ്രചരിക്കുന്നത്. മാർക്സിസത്തെ മറ്റൊരു മതമാക്കി പരിവർത്തിപ്പിച്ച സ്റ്റാലിനിസ്റ്റ് ജഡാവസ്ഥയിൽ നിന്നും അതിനെ വിമോചിപ്പിക്കുകയെന്നതാണ് ഓരോ യഥാർത്ഥ മാർക്സിസ്റ്റിന്റേയും കടമ.

എന്നാൽ, സ്റ്റാലിന്റെ കാലത്തു തന്നെ കോമിന്റേണിന്റെ രാഷ്ട്രീയ നിലപാടുകളുടെ പരിമിതി പുറത്തു വരികയുണ്ടായി. ഫാസിസത്തിനെതിരെ രൂപീകരിക്കപ്പെട്ട ഐക്യമുന്നണിയുടെ ഘട്ടമായിരുന്നു അത്. ജനാധിപത്യവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളെ വിപുലപ്പെടുത്തുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ള പങ്കിനെ വിശദീകരിക്കുന്ന ദിമിത്രോവിന്റെ ഐക്യമുന്നണിയെ കുറിച്ചുള്ള നയം (ഏഴാം കോമിന്റേൺ കോൺഗ്രസിൽ അവതരിപ്പിച്ചത്) ചില സന്ദിഗ്ദ്ധതകളെ സൃഷ്ടിക്കുന്നുണ്ടായിരുന്നു. പാർലമെന്ററി 'ഭരണക്രമങ്ങളെ ബൂർഷ്വാ അധികാരത്തിന്റെ ഉപരിഘടനകളായി മാത്രം കാണുന്നവർക്ക് അവ കൂടി ഉൾക്കൊള്ളുന്ന ഫാസിസത്തിനെതിരായ ഐക്യമുന്നണിയെ അടവുപരമായി മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. ഫാസിസ്റ്റ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത വിശാല ഐക്യമുന്നണി വർഗപരമായ ഐക്യത്തിന്റെ മുന്നണി ആയിരുന്നില്ല. ഈ വിശാല ഐക്യമുന്നണിയിൽ മുഴുവൻ ബഹുജനങ്ങളും പങ്കെടുത്തു. നാം പരിഗണിക്കേണ്ടിരിക്കുന്ന രാഷ്ട്രീയഗണങ്ങൾ വർഗപരമായവ മാത്രമല്ലെന്ന്, ബഹുമുഖമായ സാമൂഹികവൈരുദ്ധ്യങ്ങളിൽ നിന്നും ഉയിർക്കൊള്ളുന്ന വ്യത്യസ്തങ്ങളായ അനേകം രാഷ്ട്രീയവിഷയങ്ങളെ സോഷ്യലിസ്റ്റ്ശക്തികൾ പരിഗണിക്കുകയും ഉൾക്കൊള്ളുകയും ചെയ്യണമെന്ന് തിരിച്ചറിയപ്പെട്ട സന്ദർഭമായിരുന്നു ഇത്.

ഈ ദൗത്യം ഏറ്റെടുത്തത് അന്റോണിയോ ഗ്രാംഷി ആയിരുന്നു. ഗ്രാംഷിയുടെ ചിന്ത ലെനിനിസത്തിന്റെ തുടർച്ചയും വിച്ഛേദവുമായിരുന്നു. ലളിതമായ നിയാമകങ്ങൾക്കനുസരിച്ചല്ല ചരിത്രം സഞ്ചരിക്കുന്നതെന്ന ലെനിന്റെ ഉൾക്കാഴ്ച ഗ്രാംഷി നിലനിർത്തുന്നു. എന്നാൽ, ലെനിനിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രീയത്തിന്റെ പ്രാഥമ്യത്തെ വിപ്ലവത്തിന്റെ സാന്ദർഭികസ്ഥാനങ്ങളിലേക്കു മാത്രമായി ചുരുക്കി കാണാതെ എല്ലാ സാമൂഹികസാഹചര്യങ്ങളേയും സ്പഷ്ടമായി കൂട്ടിച്ചേർക്കുന്ന നിയമമായി കാണുന്നതിനു ഗ്രാംഷിക്കു കഴിഞ്ഞു. ഒരു വർഗത്തിന് രാഷ്ട്രീയമായ അധീശത്വം ലഭിക്കുന്നതിന് അതിന്റെ ഇടുങ്ങിയ സാമ്പത്തികതാല്പര്യങ്ങളും കാഴ്ചപ്പാടുകളും ഉപേക്ഷിച്ചു കൊണ്ട് ധൈഷണികവും സാംസ്‌ക്കാരികവുമായ അധീശത്വം നേടണമെന്ന്, ഇതിനായി സമൂഹത്തിലെ വിവിധ രാഷ്ട്രീയഗണങ്ങളുമായി സഖ്യങ്ങളിലും സമവായങ്ങളിലുമെത്തണമെന്ന് ഗ്രാംഷികാണുന്നു. ഇതിനെ ചരിത്രപരമായ കൂട്ടായ്മയെന്നു ഗ്രാംഷി വിളിച്ചു. ഇത്തരമൊരു ഉന്നതഘടന അടിത്തറയുമായുള്ള ബന്ധത്തെ നിലനിർത്തുന്നതിനും വിച്ഛേദിക്കുന്നതിനുമെല്ലാം ആവശ്യമാണ്. മാർക്സിസത്തിന് മതത്തിന്റെ സാംസ്‌ക്കാരികാവസ്ഥയെ തരണം ചെയ്യണമെങ്കിൽ ജനങ്ങളുടെ ആത്മീയാവശ്യങ്ങളെ അത് നിവർത്തിക്കേണ്ടതുണ്ടെന്ന് ഗ്രാംഷി കണ്ടെത്തുന്നുണ്ട്. രാഷ്ട്രീയാധികാരത്തെ സ്ഥാപിച്ചെടുക്കുന്നതിന്നപ്പുറം ഗ്രാംഷി കാര്യങ്ങളെ കാണുന്നു. എന്നാൽ, വിമോചനത്തിനായി തെരഞ്ഞെടുക്കപ്പെട്ട വർഗത്തെ കുറിച്ചുള്ള സങ്കല്പനങ്ങളെ ഗ്രാംഷിയും കൈയ്യൊഴിഞ്ഞില്ല. ഗ്രാംഷിയിൽ നിന്നും മുന്നോട്ടു പോകേണ്ട സന്ദർഭങ്ങൾ ആഗതമായിരിക്കുന്നു.

അന്റോണിയോ ഗ്രാംഷി
അന്റോണിയോ ഗ്രാംഷി

വ്യത്യസ്ത സാമൂഹികഗണങ്ങളുടെ സ്വതന്ത്രമായ ഇടപെടലിനേയും സ്വേച്ഛാചലനങ്ങളേയും അംഗീകരിക്കുന്ന, അവരുടെ ഐക്യത്തോടെയുള്ള പ്രവർത്തനത്തെ അംഗീകരിക്കുന്ന ഒരു കൂട്ടായ്മയായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിത്തീരേണ്ടതുണ്ട്. ഈ ഐക്യം സങ്കല്പിക്കപ്പെടേണ്ടതല്ല, കൂട്ടായ പ്രവർത്തനങ്ങളിലൂടെ നിർമ്മിക്കപ്പെടേണ്ടതാണ്. ഇവിടെ, വ്യത്യസ്ത സാമൂഹികപ്രസ്ഥാനങ്ങൾ പാർട്ടിയുടെ പോഷകസംഘടനകളോ 'വർഗബഹുജനസംഘടനകളോ അല്ല. അതാത് സവിശേഷമേഖലകളിൽ സവിശേഷമായ പ്രവർത്തനം ഏറ്റെടുക്കുന്നവരാണ്. ഇവിടെ, വനിതകളുടെ മേഖലയിലെ പ്രവർത്തനവും പാരിസ്ഥിതികപ്രവർത്തനവുമെല്ലാം സാമ്പത്തികമേഖലയിലെ പ്രവർത്തനത്തിന്റെ അനുബന്ധമല്ല. എന്നാൽ, ഈ സാമൂഹികപ്രസ്ഥാനങ്ങൾ സ്വന്തം സ്വത്വത്തിൽ രമിച്ച് തങ്ങളുടെ സവിശേഷതക്ക് സാമാന്യത്തിലുള്ള സ്ഥാനവും ഉത്തരവാദിത്തവും കാണാതിരിക്കുന്നവരുമല്ല. കമ്മ്യൂണിസ്റ്റ്പാർട്ടി സ്വതന്ത്രസ്വഭാവമുള്ള ഇത്തരം സമൂഹസംഘടനകളുടെ കൂട്ടായ്മ മാത്രമാണ്.

സാമ്പത്തികവാദത്തിന്റെ ന്യൂനീകരണത്തിലേക്കു നിപതിക്കേണ്ടതില്ലെന്നു തീരുമാനിക്കുന്നത് സാമ്രാജ്യത്വചൂഷണത്തെയോ സമ്പദ്സ്ഥിതിയുടെ ആപേക്ഷികപ്രാധാന്യത്തെയോ കാണാതിരിക്കാനുള്ള മാർഗമെന്ന നിലയ്ക്കല്ല, സാമൂഹികവൈരുദ്ധ്യങ്ങൾ അനിശ്ചിതസ്വഭാവമുള്ളതാണെന്നു കാണുന്നതു കൊണ്ടാണ്. വർഗവൈരുദ്ധ്യങ്ങളുടെ പ്രാധാന്യത്തേയും മുതലാളിവർഗത്തിന്റെ അധീശത്വത്തേയും മൂലധനവും അദ്ധ്വാനവും തമ്മിലുള്ള വൈരുദ്ധ്യത്തെ പരിഹരിക്കാൻ മുതലാളിത്തത്തിനു കഴിയില്ലെന്ന മർമ്മപ്രധാനമായ വസ്തുതയേയും ഇവിടെ കാണാതിരിക്കുന്നില്ല.

ഉല്പാദനബന്ധങ്ങളേക്കാളുപരിയായി പ്രത്യുല്പാദനബന്ധങ്ങൾക്കോ ജാതിപ്രശ്നത്തിനോ പ്രാധാന്യം കൈവരുന്ന സന്ദർഭങ്ങളുണ്ടാകാമെന്നു കുടി പറയുന്നുവെന്നു മാത്രം. എന്നാൽ, മുതലാളിത്തത്തിന്റെ വികാസം അനിവാര്യമായും സോഷ്യലിസത്തിലേക്കു നയിക്കപ്പെടുമെന്ന നിർണ്ണയവാദപരമായ സമീപനം ഉപേക്ഷിക്കപ്പെടണം. മറിച്ച്, മുതലാളിത്തത്തിന്റെ വികാസം പ്രകൃതിവിഭവങ്ങളുടേയും സമകാലനാഗരികതയുടേയും ഭൂമിയുടെ തന്നെയും നാശത്തിലേക്കാണ് നയിക്കപ്പെടുന്നതെന്നു നമ്മുടെ അനുഭവങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന്റെയർത്ഥം മറ്റേതൊരു മേഖലയേയും എന്നതു പോലെ തന്നെ സമ്പദ്മേഖലയും രാഷ്ട്രീയസമരത്തിന്റെ വേദിയാണെന്നാണ്. സമ്പദ്മേഖലയിലെ ചലനത്തെ ലളിതമായ അനിവാര്യ നിയമങ്ങൾ കൊണ്ട് വിശദീകരിക്കുക അസാദ്ധ്യമാണ്. സമ്പദ്മേഖലയിലെന്ന പോലെ എല്ലാ സാമൂഹികപ്രശ്നമേഖലകളിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെടുകയും പൊതുസമൂഹത്തിൽ ധൈഷണികവും സാംസ്‌കാരികവുമായ മേൽക്കോയ്മ നേടിയെടുക്കുകയും വേണം. ഭരണകൂടാധികാരം സ്ഥാപിച്ചെടുക്കുകയെന്നതു മാത്രമല്ല അതിന്റെ ലക്ഷ്യം. അതിന്റെ പ്രധാന പ്രവർത്തനമേഖല പൊതുമണ്ഡലമാണ്. ഗ്രാംഷി സൂചിപ്പിക്കുന്നതു പോലെ ഭരണാധികാരവും മർദ്ദനോപകരണങ്ങളുമെല്ലാം ഉൾപ്പെടുന്ന അധികാരരാഷ്ട്രീയമണ്ഡലത്തെ ചുരുക്കി കൊണ്ടുവരികയും പൊതുമണ്ഡലത്തെ സ്വയംപര്യാപ്തമാകുന്ന രീതിയിൽ വളർത്തിക്കൊണ്ടു വരികയുമായിരിക്കണം കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ലക്ഷ്യം. രാഷ്ട്രീയമണ്ഡലത്തിന്റെ ന്യൂനവല്ക്കരണം ഭാവിയിൽ ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്കിനുള്ള സാദ്ധ്യതയെ സൂചിപ്പിക്കുന്നുണ്ട്.

മുംബൈയിൽ നടന്ന കിസാൻ സഭയുടെ ലോംഗ് മാർച്ച്
മുംബൈയിൽ നടന്ന കിസാൻ സഭയുടെ ലോംഗ് മാർച്ച്

ഡയലക്ടിക്സിനെ കുറിച്ചുള്ള സാമാന്യധാരണകളെ കയ്യൊഴിയുകയും വിരുദ്ധദ്വൈതങ്ങൾക്കു പകരം ബഹുലവൈരുദ്ധ്യത്തെ സംബോധന ചെയ്യുന്ന ഒരു സമീപനം മുഖ്യവൈരുദ്ധ്യത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്കു വിശ്രമം നൽകുകയും സാമൂഹികയാഥാർത്ഥ്യത്തിന്റെ ബഹുലരൂപങ്ങളെ മനസ്സിലാക്കുന്നതിനു സഹായകമാകുകയും ചെയ്യും. സാമൂഹികയാഥാർത്ഥ്യത്തിന്റെ ബഹുലതയെ ഉൾക്കൊള്ളുകയെന്നാൽ വിമോചകവർഗ്ഗത്തെ കുറിച്ചുള്ള ധാരണകളെ ഉപേക്ഷിക്കുകയെന്നാണർത്ഥം. സാമൂഹികവൈരുദ്ധ്യങ്ങളെ ഏതെങ്കിലും സവിശേഷവർഗ്ഗങ്ങളിലേക്കു ചുരുക്കുന്നതിനു പകരം എല്ലാ സാമൂഹികബഹുജനഗണങ്ങളിലേക്കും മാറ്റപ്പെടുന്നതായി നാം സങ്കൽപ്പിക്കുന്നു. രാഷ്ട്രീയജനാധിപത്യസമരങ്ങൾക്ക് അവസാനബിന്ദു നിർദ്ദേശിക്കാതിരിക്കുന്നതിലൂടെ പരിഹൃതമാകാത്ത വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നതായി കാണുന്നു. എപ്പോഴും ചരിത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ചരിത്രത്തിന്റെ അന്ത്യം പ്രഖ്യാപിച്ച ഫുക്കുയാമ അസാധുവാകുന്നു.

സ്ത്രീകളോട്, ദളിത്-ആദിവാസി വിഭാഗങ്ങളോട്, പരിസ്ഥിതിയോട്, അംബേദ്കറൈറ്റുകളോടും കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ട സമീപനം ഈ വികലനത്തിൽ തെളിഞ്ഞു വരുന്നുണ്ട്. കെ.മുരളിയും മറ്റും ഇപ്പോഴും സ്വപ്നം കാണുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന കേന്ദ്രീകൃതാധികാരരൂപത്തിൽ നിന്നും ഭിന്നമായ ദിശയിലാണ് ഈ വികലനം സഞ്ചരിച്ചത്. പഴയ പാതകളും പഴയ വീക്ഷണങ്ങളുമാണ് ഇപ്പോഴും പ്രസക്തമെന്നു കരുതുന്നവർക്ക് ഈ വികലനം പുച്ഛമോ അസ്വാരസ്യമോ സൃഷ്ടിച്ചേക്കാം. തീർച്ചയായും ഇത് അന്തിമപാഠമല്ല.


Summary: 'സ്ത്രീകളോട്, ദളിത്-ആദിവാസി വിഭാഗങ്ങളോട്, പരിസ്ഥിതിയോട്, അംബേദ്കറൈറ്റുകളോടും കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ട സമീപനം ഈ വികലനത്തിൽ തെളിഞ്ഞു വരുന്നുണ്ട്. കെ.മുരളിയും മറ്റും ഇപ്പോഴും സ്വപ്നം കാണുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന കേന്ദ്രീകൃതാധികാരരൂപത്തിൽ നിന്നും ഭിന്നമായ ദിശയിലാണ് ഈ വികലനം സഞ്ചരിച്ചത്'. മാർക്‌സിസവുമായി ബന്ധപ്പെട്ട് ഡോ.എം കുഞ്ഞാമൻ 'തിങ്കി'ലൂടെ പങ്കുവെച്ച നിരീക്ഷണങ്ങളെ തുടർന്നുണ്ടായ പ്രതികരണങ്ങളുടെ തുടർച്ച.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments