‘The dispute over the reality or non-reality of thinking that is isolated from practice is a purely scholastic question’.
‘All social life is essentially practical. All mysteries which lead theory to mysticism find their rational solution in human practice and in the comprehension of this practice’.
- KARL MARX
▮
ഇന്ത്യയിലെ പ്രമുഖ ഇടതുപക്ഷ പാർട്ടിയായ സി പി എമ്മിന്റെ സമ്മേളനങ്ങളിൽ ചർച്ച ചെയ്യാൻ മുന്നോട്ടു വയ്ക്കപ്പെട്ട കരടുരേഖകളിൽ കൂടുതൽ വിശദീകരണവുമായി പോളിറ്റ്ബ്യൂറോ തയ്യാറാക്കിയ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ചിന്ത വാരികയിൽ ഇത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.
ഇന്ത്യയിലെ ഭരണകൂടം ഫാഷിസവൽക്കരിക്കപ്പെട്ടുവെന്നോ സംഘപരിവാറിന്റെ രാഷ്ട്രീയകക്ഷി ഫാഷിസ്റ്റു പാർട്ടിയാണെന്നോ സി പി എം കരുതുന്നില്ലെന്ന സമീപനത്തെ വളരെ കൃത്യമായി വ്യക്തമാക്കുന്ന കുറിപ്പാണിത്. പോളിറ്റ്ബ്യൂറോയുടെ കുറിപ്പിൽ നിന്നുള്ള ചില പ്രസക്തഭാഗങ്ങൾ അതേപടി ഉദ്ധരിക്കാം:
‘6. ബി ജെ പി- ആർ എസ് എസിന്റെ കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയസംവിധാനം നവ ഫാസിസ്റ്റ് സവിശേഷതകൾ പ്രദർശിപ്പിക്കുന്ന ഹിന്ദുത്വ - കോർപ്പറേറ്റ് അമിതാധികാര ഭരണകൂടമാണെന്ന് നാം പ്രസ്താവിച്ചിട്ടുണ്ട്. മോദി ഗവണ്ടെന്റ് ഒരു ഫാസിസ്റ്റ് ഗവണ്മെന്റ് ആണെന്ന് നാം പറയുന്നില്ല. ഇന്ത്യൻ ഭരണകൂടത്തെ നവ ഫാസിസ്റ്റ് ഭരണകൂടമായി നാം വിശേഷിപ്പിക്കുന്നില്ല. ആർ എസ് എസിന്റെ കയ്യിൽ രാഷ്ട്രീയാധികാരത്തിന്റെ ദൃഢീകരണം സംഭവിച്ചിട്ടുണ്ട്. അത് നവ ഫാസിസ്റ്റ് സവിശേഷതകളുടെ പ്രകടനത്തിലേക്കു നയിച്ചിട്ടുണ്ട്. സവിശേഷതകൾ എന്ന പദത്തിന്റെ അർത്ഥം പ്രവണതകൾ എന്നോ ലക്ഷണങ്ങൾ എന്നോ ആണ്. അവ ഫാസിസ്റ്റ് ഗവണ്മെന്റോ ഭരണസംവിധാനമോ ആയിട്ടില്ല.’’
7. ഇത് സി പി ഐയുടെയും സി പി ഐ (എംഎൽ) ന്റെയും നിലപാടുകളിൽ നിന്ന് ഭിന്നമാണ്. സി പി ഐ മോദി ഗവണ്മെന്റിനെ ഫാസിസ്റ്റ് ഗവണ്മെന്റ് ആയി വിശേഷിപ്പിക്കുന്നു. ഇന്ത്യയിൽ ഫാസിസം നിലവിൽ വന്നുവെന്നാണ് സി പി ഐ (എം എൽ) പ്രസ്താവിച്ചിരിക്കുന്നത്’.
യഥാർത്ഥത്തിൽ, വളരെ കൃത്യതയോടെ ഇങ്ങനെയൊരു കുറിപ്പ് (സി പി എമ്മിനല്ലാതെ ആർക്കാണ് ഇത്ര നിശ്ചിതത്വത്തോടെ, സന്ദേഹങ്ങളേതുമില്ലാതെ, ഭരണകൂടസ്വഭാവം പറയാൻ കഴിയുക?) ഇപ്പോൾ പുറത്തിറക്കാനുള്ള കാരണം, പാർട്ടി സമ്മേളനങ്ങളിലെ കരടുരേഖകളുടെ ചർച്ചകളിൽ സഖാക്കൾ പങ്കെടുക്കുന്നത്, ബി ജെ പിയെ ഫാഷിസ്റ്റ് കക്ഷിയായി കണ്ടുകൊണ്ടാണ് എന്നതു കൊണ്ടാണെന്ന് സ്വയം വ്യക്തമാണ്. പാർട്ടിയുടെ കരടുരേഖയെ വിമർശിച്ചവർക്കെതിരെ, അവർ രേഖകൾ വായിക്കാതെയയാണ് വിമർശിക്കുന്നതെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും പാർട്ടിയുടെ അടിസ്ഥാനഘടകങ്ങളിലുള്ള സഖാക്കൾ പറയുന്നതും അവരുടെ ഇതേ അവബോധത്തിൽ നിന്നുകൊണ്ടാണ്.

കുറ്റം അടിസ്ഥാനതലത്തിലെ സഖാക്കളുടേതല്ല എന്നു തീർച്ച. സംഘപരിവാർ ഫാഷിസ്റ്റാണെന്ന് സഖാക്കൾക്കറിയാം. ഇപ്പോഴത്തെ പാർട്ടി നേതൃത്വത്തിനാണ് അറിയാത്തത്. പാർട്ടിയുടെ മുൻ സെക്രട്ടറി സീതാറാം യച്ചൂരി ഈ സമീപനത്തിൽ നിന്നുകൊണ്ടാണ് ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലും മറ്റും പങ്കെടുത്തത് എന്നതുകൊണ്ടാണ് സാധാരണ പാർട്ടിഅംഗങ്ങൾക്ക് സംഘപരിവാർ ഫാഷിസ്റ്റാണെന്ന് ബോദ്ധ്യപ്പെടുന്നത്. സംഘപരിവാറിനെ കുറിച്ചുള്ള വിലയിരുത്തലിലും ഐക്യമുന്നണിയെ കുറിച്ചുള്ള സങ്കൽപ്പനത്തിലും കരടുരേഖയും പുതിയ കുറിപ്പും യച്ചൂരിയുടെ പ്രഖ്യാപിതമോ പ്രവർത്തനത്തിലൂടെ തെളിയിച്ചതോ ആയ നിലപാടുകളിൽ നിന്നും പിന്നിലേക്കു പോകുന്നുവെന്നതാണ് യാഥാർത്ഥ്യം.
ഇന്ത്യയിലെ ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിലുള്ള നവ ഫാഷിസ്റ്റ് പ്രവണതകളെ യൂറോപ്യൻ അനുഭവങ്ങളുടെ ക്ലാസിക്കൽ ഫാഷിസത്തിൽ നിന്ന് വ്യതിരിക്തമായി മനസ്സിലാക്കാനാണ് കരടുരേഖ ശ്രമിക്കുന്നതെന്നാണ് പാർട്ടി വക്താക്കൾ വിശദീകരിക്കുന്നത്.
ഇന്ത്യയിലെ ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിലുള്ള നവ ഫാഷിസ്റ്റ് പ്രവണതകളെ യൂറോപ്യൻ അനുഭവങ്ങളുടെ ക്ലാസിക്കൽ ഫാഷിസത്തിൽ നിന്ന് വ്യതിരിക്തമായി മനസ്സിലാക്കാനാണ് കരടുരേഖ ശ്രമിക്കുന്നതെന്നാണ് പാർട്ടി വക്താക്കൾ വിശദീകരിക്കുന്നത്. എന്നാൽ, ഇവരെല്ലാം പറയാതെ മറച്ചുവയ്ക്കുന്നത്, കഴിഞ്ഞ രണ്ടു പാർട്ടി കോൺഗ്രസുകളിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി മുന്നോട്ടുവയ്ക്കുകയും സ്വയംബോദ്ധ്യത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത നിലപാടിനു വിരുദ്ധമായ സമീപനമാണ് ഈ കരടുപ്രമേയത്തിലുള്ളതെന്നും യെച്ചൂരിയുടെ സമീപനത്തിനെതിരെ ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ പാർട്ടിക്കുള്ളിൽ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ മുന്നോട്ടുവയ്ക്കപ്പെട്ടിരുന്നുവെന്നുമുള്ള കാര്യമാണ്. കഴിഞ്ഞ രണ്ടു പാർട്ടി കോൺഗ്രസുകളിലും സീതാറാം യച്ചൂരിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെ കാരാട്ടിന്റെ സമീപനങ്ങൾ ഫലത്തിൽ തള്ളപ്പെടുകയായിരുന്നു. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും പാർട്ടിയുടെ ദേശീയ രാഷ്ട്രീയകക്ഷിപദവി നിലനിർത്താൻ സഹായിക്കുന്ന രീതിയിൽ രാജസ്ഥാനിൽ നിന്നു കൂടി ഒരു എം.പിയെ ലോക്‌സഭയിലേക്ക് എത്തിക്കുന്നതിനു കഴിഞ്ഞതും സീതാറാം യെച്ചൂരിയുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു.

പ്രകാശ് കാരാട്ടിന്റെ സമീപനം ഇന്ത്യയിലെ ഹിന്ദുത്വം ഒരു ഫാഷിസ്റ്റു ശക്തിയല്ലെന്നു കാണുന്നതാണ്. ഇന്ത്യയിലെ സംഘപരിവാർ ഭരണത്തിനെതിരെ ഉറച്ച നിലപാടെടുക്കാൻ കാരാട്ട് ലക്ഷണയുക്തമായ ഫാഷിസത്തെ തിരയുകയാണെന്നു പറയണം. ക്ലാസിക്കൽ ഫാഷിസത്തിന്റെ നിർവ്വചനങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ കാലത്തെ ഫാഷിസത്തെ വിലയിരുത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്നതിൽ സൈദ്ധാന്തികമായി ശരിയായ കാഴ്ചയുണ്ട്. എന്നാൽ, ഇത് സമൂർത്തമായ ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ സമൂർത്ത വിശകലനത്തിനല്ല ഉപയോഗിക്കുന്നതെന്നതാണ് പ്രശ്‌നം. ഹിന്ദുത്വശക്തികൾ ഫാഷിസമോ നവ ഫാഷിസമോ അല്ലെന്നും ചില നവ ഫാഷിസ്റ്റു ഫ്രവണതകൾ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പറയുമ്പോൾ ഇന്ത്യൻ സമൂർത്ത യാഥാർഥ്യത്തെ ന്യൂനീകരിക്കാനോ ലഘൂകരിച്ചു കാണാനോ ആണ് ശ്രമിക്കുന്നത്.
കേരളത്തിൽ UAPA നടപ്പിലാക്കാനും പോലീസ് ഭരണത്തെ സംഘപരിവാറിനു വിട്ടുകൊടുക്കാനും നിയോലിബറിസത്തിന്റെ പേരിൽ കോൺഗ്രസിനെ വിമർശിക്കുമ്പോഴും മോദി ഭരണത്തിന്റെ ഉത്തമപങ്കാളിയായ കോർപ്പറേറ്റിനെ വിളിച്ചുവരുത്തി സൽക്കരിച്ച് അവരുടെ 'നല്ല' വാക്കുകൾ കേട്ട് പുളകിതരാകുന്നതിന് അനുവദിക്കുന്ന ഒരു വിശകലനരീതി മാത്രമാണിവ. കമ്മ്യൂണിസ്റ്റുകളുടെ ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രീതിയിൽ ഐക്യമുന്നണി രൂപീകരിക്കണമെന്നും ഈ കാര്യം പ്രസ്ഥാനം അതിന്റെ മുൻകൈയിൽ നിറവേറ്റണമെന്നും പറയുന്ന നിലപാടുകൾ ഇതു മുന്നോട്ടുവയ്ക്കുന്നില്ല. ഈ ഉപേക്ഷ സംഘപരിവാറുമായുള്ള പരോക്ഷബന്ധത്തെ നിലനിർത്തുന്നതാണ്. തമിഴ്‌നാട്ടിൽ തമിഴ് ദേശീയബോധമുയർത്തി ഡി എം കെ ചെയ്യുന്ന കാര്യങ്ങൾ പോലും ചെയ്യാൻ ഫലത്തിൽ സി പി എമ്മിനെ സഹായിക്കാത്ത സമീപനമാണത്.
തമിഴ്‌നാട്ടിൽ തമിഴ് ദേശീയബോധമുയർത്തി ഡി എം കെ ചെയ്യുന്ന കാര്യങ്ങൾ പോലും ചെയ്യാൻ ഫലത്തിൽ സി പി എമ്മിനെ സഹായിക്കാത്ത സമീപനമാണ് പാർട്ടി ഇപ്പോൾ സ്വീകരിക്കുന്നത്.
കഴിഞ്ഞ നാളുകളിൽ ഇതിനെ അൽപ്പമെങ്കിലും മറികടന്നത് സീതാറാം യച്ചൂരിയുടെ സെക്രട്ടറി എന്ന നിലയിലുള്ള സ്വയം ബോദ്ധ്യത്തിലുള്ള പ്രവർത്തനങ്ങളായിരുന്നു. ഇതിന് തുടക്കം മുതൽ തടസ്സം ചെയ്തിരുന്ന പ്രകാശ് കാരാട്ടിനെയാണ് ഇപ്പോൾ രേഖകൾ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം തയ്യാറാക്കിയ കരടുരേഖയുടെ ചർച്ചയിലും പാർട്ടി സഖാക്കൾ ബി ജെ പിയെ ഫാഷിസമായി കണ്ട് വിമർശനങ്ങൾ നടത്തുകയായിരുന്നു. കരടുരേഖയ്ക്കു പുറത്ത് കൃത്യമായ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ പുതിയ നോട്ട് പുറത്തിറക്കിയത് ഇത്തരുണത്തിലാണ്. നാം ഈ യാഥാർത്ഥ്യത്തെ യാഥാർത്ഥ്യമായി തന്നെ കാണേണ്ടിയിരിക്കുന്നു. പോളിറ്റ്ബ്യൂറോയുടെ ലക്ഷ്യങ്ങൾ സുതാര്യവും ജനാധിപത്യപരവും സംഘപരിവാർ വിരുദ്ധവുമാണെങ്കിൽ, അതിന് ധനാത്മകലക്ഷ്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അത് പാർട്ടി വക്താക്കൾ പറയുന്ന രീതിയിൽ കൂടുതൽ മെച്ചപ്പെട്ട നിലപാടായിരുന്നെങ്കിൽ, സഖാക്കളുടെ ചർച്ചകളെ സ്വാധീനിക്കുന്ന രീതിയിലും ഉൾപ്പാർട്ടി ജനാധിപത്യത്തെ ലംഘിക്കുന്ന രീതിയിലും പാർട്ടി സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പുതിയ വിശദീകരണക്കുറിപ്പുമായി വരാൻ പോളിറ്റ്ബ്യൂറോ ഒരുമ്പെടുമായിരുന്നില്ല. അടിസ്ഥാനതലത്തിലെ സഖാക്കൾക്ക് അവരുടെ രാഷ്ട്രീയബോദ്ധ്യങ്ങളനുസരിച്ച് ചർച്ച ചെയ്യാനും തീരുമാനിക്കാനുള്ള അവസരം നൽകുകയെങ്കിലും ചെയ്യുമായിരുന്നു.
നിങ്ങൾ കരുതുന്നതു പോലെയല്ല, നമ്മുടേത് സി പി ഐ, സി പി ഐ (എംഎൽ) പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നേർപ്പിച്ച നിലപാടാണെന്ന് സ്ഥാപിക്കുകയും സഖാക്കൾ ആർജ്ജിച്ചിട്ടുള്ള ഫാഷിസ്റ്റ് വിരുദ്ധ അവബോധത്തെ പോലും തകർക്കുകയും ചെയ്യുകയെന്ന നിഗൂഢമായ താൽപ്പര്യങ്ങളാണ് ആ കുറിപ്പിലൂടെ വിവൃതമാകുന്നത്. പാർട്ടി സമ്മേളനങ്ങൾ തീരുന്നതിനു മുന്നേ കരടുരേഖയക്ക് വിശദീകരണങ്ങളുമായി പോളിറ്റ് ബ്യൂറോ നോട്ട് നൽകുന്നതും സഖാക്കളെ സവിശേഷമായി തിരുത്താൻ ശ്രമിക്കുന്നതും ഏതു തരത്തിലുള്ള ഉൾപ്പാർട്ടി ജനാധിപത്യപ്രയോഗമാണെന്ന ചോദ്യം അടിസ്ഥാനതലത്തിലെ സഖാക്കൾ ഉയർത്തുമെന്നു തന്നെ കരുതണം.

ഇന്ത്യയിൽ കോൺഗ്രസുമായി ചേർന്ന് UPA മുന്നണി ഉണ്ടാക്കിയതിന്റെ ചരിത്രം സി പി എമ്മിനുണ്ട്. അന്നത്തെ ദൽഹി രാഷ്ട്രീയം നേരിട്ടു കാണുകയും അതിൽ പങ്കാളികളാകുകയും ചെയ്ത ഇന്ത്യയിലെ ഒരു പ്രമുഖ പത്രപ്രവർത്തകൻ ആ സാഹചര്യത്തെ കുറിച്ച് എന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ട്. വാജ്‌പേയി സർക്കാരിന്റെ അവസാനനാളുകളിൽ, ഇന്ത്യ തിളങ്ങുന്നുവെന്ന വമ്പൻ പ്രചാരണങ്ങളുമായി സംഘപരിവാർ തുടർഭരണത്തെ ഉറപ്പിച്ചുകൊണ്ട് പ്രവർത്തിക്കുമ്പോഴാണ് ഹർകിഷൻ സിങ് സുർജിത്ത് കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് UPA രൂപീകരിക്കാൻ ശ്രമം നടത്തുന്നതും അതിൽ വിജയിക്കുന്നതും. യു പി എ അധികാരത്തിൽ വന്നുവെന്നതു മാത്രമല്ല, ഇന്ത്യയിൽ ഇടതുപക്ഷ കക്ഷികൾക്ക് ലോക്‌സഭയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ലഭിച്ച (62) തെരഞ്ഞെടുപ്പുഫലവുമായിരുന്നു അത്.
പിന്നീട് പ്രകാശ് കാരാട്ടിന്റെ സെക്രട്ടറിപദത്തിന്റെ കാലത്ത് UPA-യിൽനിന്ന് കമ്മ്യൂണിസ്റ്റുകൾ പിന്മാറുന്നു. അമേരിക്കയുമായി ആണവക്കരാറിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു യുപിഎക്കുള്ള പിന്തുണ പിൻവലിക്കുന്നതിലേക്ക് അന്നത്തെ സി പി എം സെക്രട്ടറിയായിരുന്ന കാരാട്ടിനെ എത്തിച്ചത്. സി പി എം ആവശ്യം സ്വീകരിക്കാവുന്നതാണെന്ന സമീപനം സോണിയഗാന്ധി എടുത്തെങ്കിലും മൻമോഹൻ സിങ് രാജി ഭീഷണി മുഴക്കി നിർബ്ബന്ധബുദ്ധി കാണിച്ചതുകൊണ്ടാണ് സി പി എം സഖ്യം വിട്ടതെന്നാണ് കരുതപ്പെടുന്നത്. ആണവനയത്തിൽ, തീർച്ചയായും കാരാട്ടിന്റെ സമീപനമായിരുന്നു ഉചിതമായതെന്നു തീർച്ച. മൻമോഹന്റേത് പിടിവാശിയായിരുന്നുവെന്നത് സോണിയഗാന്ധിയുടെ അന്നത്തെ സമീപനം കാണിക്കുന്നുമുണ്ട്. കാരാട്ട് വ്രണിതനായത് യാഥാർത്ഥ്യം തന്നെ. എന്നാൽ, വരട്ടുതത്വവാദപരമായ പിടിവാശികൾ രാജ്യത്തെ എവിടെയെത്തിച്ചുവെന്നു മനസ്സിലാക്കേണ്ട സന്ദർഭമാണിത്. രാജ്യം വലിയ ഭീഷണിയിലാണ്. മൻമോഹൻ സിങ് അന്തരിച്ചു. നിർബ്ബന്ധബുദ്ധികൾ രാജ്യതാൽപ്പര്യത്തെ മുൻനിർത്തിയെങ്കിലും ഉപേക്ഷിക്കേണ്ട സന്ദർഭമാണിത്. യു പി എക്ക് നൽകിയിരുന്ന പിന്തുണ പിൻവലിച്ചത് തെറ്റായ നടപടിയായിരുന്നെന്ന് മരിക്കുന്നതിനു തൊട്ടു മുന്നേ പോലും സീതാറാം യെച്ചൂരി പ്രസംഗിച്ചിരുന്നു.
ഇന്ത്യയിലെ ഹിന്ദുത്വം ഫാഷിസമാണെന്നു സി പി എം വിലയിരുത്തിയാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള ജനാധിപത്യകക്ഷികളുമായി ഐക്യമുന്നണിയുണ്ടാക്കുന്നത് അതിന്റെ അടിയന്തരകടമയായി മാറിത്തീരും.
സംഘപരിവാർ ഫാഷിസമല്ലെന്ന്, നവ ഫാഷിസമല്ലെന്ന്, തങ്ങളുടെ രേഖ സി പി ഐ, സി പി ഐ (എംഎൽ) രേഖകൾ പോലെ അല്ലെന്ന് സി പി എം പോളിറ്റ്ബ്യൂറോ പുതിയ കുറിപ്പിലൂടെ ഉറപ്പിക്കാൻ ശ്രമിക്കുന്നതെന്തു കൊണ്ടാണ്? ഭരണകൂടം ഫാഷിസത്തിലേക്കു നീങ്ങിയാൽ എന്തുചെയ്യണമെന്ന് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം അവരോടു പറയുന്നുണ്ട്. കടുത്ത കമ്മ്യൂണിസ്റ്റ് വിരോധികൾക്കു പോലും കമ്മ്യൂണിസത്തിന്റെ മാനവികവീക്ഷണം എന്താണെന്നു പഠിപ്പിച്ച ദിമിത്രോവിന്റെ രേഖയാണത്.
ലോകം ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ഫാഷിസത്തിലേക്കു നീങ്ങിയിരിക്കുന്നുവെന്നും ലോകത്തിലെ എല്ലാ ജനാധിപത്യവാദികളുമായി സഖ്യമുണ്ടാക്കേണ്ട സന്ദർഭമാണിതെന്നും ദിമിത്രോവിന്റെ രേഖ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ വലിയ ശത്രുക്കളും സാമ്രാജ്യവാദികളുമായ ബ്രിട്ടനും അമേരിക്കയും ഉൾപ്പെട്ട സഖ്യകക്ഷികളുമായി സോവിയറ്റ് യൂണിയൻ ചേരുന്നതും ജർമ്മൻ നാസിസത്തിനും ഇറ്റാലിയൻ ഫാഷിസത്തിനുമെതിരെ അണിനിരക്കുന്നതും. ഫാഷിസത്തെ തോൽപ്പിച്ച സോവിയറ്റ് യൂണിയന്റെ യുദ്ധം ചരിത്രത്തിലെ വലിയ ധനാത്മകപാഠമായിട്ടാണ് കമ്മ്യൂണിസ്റ്റുകൾ കാണുന്നത്. ഈ പാഠത്തെ സ്വീകരിച്ചാൽ, ഇന്ത്യയിലെ ഹിന്ദുത്വം ഫാഷിസമോ നവഫാഷിസമോ ആണെന്നു വിലയിരുത്തിയാൽ, അതിനെതിരെ മുന്നണിപ്പോരാളികളാകുകയെന്നത് കമ്മ്യൂണിസ്റ്റുകളുടെ അടിയന്തര കടമയാണ്. സി പി ഐ (എം) പോളിറ്റ് ബ്യൂറോയുടെ ഫാഷിസത്തെ നേർപ്പിച്ചെടുക്കുന്ന കുറിപ്പ് ഈ അടിയന്തരകടമയിൽ നിന്ന് പിന്മാറുന്നതാണ്. അത് അടിസ്ഥാനതല സഖാക്കളുടെ ഇടപെടലിലൂടെ പരാജയപ്പെടുത്തേണ്ടതാകുന്നതും ഇതുകൊണ്ടാണ്. ഇന്ത്യയിലെ ഹിന്ദുത്വം ഫാഷിസമാണെന്നു സി പി എം വിലയിരുത്തിയാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള ജനാധിപത്യകക്ഷികളുമായി ഐക്യമുന്നണിയുണ്ടാക്കുന്നത് അതിന്റെ അടിയന്തരകടമയായി മാറിത്തീരും. സീതാറാം യെച്ചൂരി നടത്തിയ ഐക്യമുന്നണി പ്രവർത്തനത്തിന്റെ മർമ്മവും ഇതായിരുന്നു.
ഫാഷിസത്തെ നേർപ്പിച്ചെടുക്കുന്ന സി പി ഐ (എം) പോളിറ്റ് ബ്യൂറോയുടെ കുറിപ്പ് പാർട്ടിയുടെ അടിയന്തരകടമയിൽ നിന്ന് പിന്മാറുന്നതാണ്. അത് അടിസ്ഥാനതല സഖാക്കളുടെ ഇടപെടലിലൂടെ പരാജയപ്പെടുത്തേണ്ടതാകുന്നതും ഇതുകൊണ്ടാണ്.
ഹിന്ദുത്വം ഫാഷിസമാണോ?
ദിമിത്രോവിന്റെ രേഖ ഇവിടെ പ്രസക്തമാണോ?
ഹിറ്റ്‌ലറുടെ നാസിസത്തോടുള്ള സമീപനം വ്യക്തമാക്കിയ ദിമിത്രോവിന്റെ രേഖ ഇങ്ങനെ പറയുന്നു: A complete identification of the State interests with that of the Corporate interests is the major feature of fascism.
ഭരണകൂടതാൽപ്പര്യങ്ങളുടെ കോർപ്പറേറ്റ് താൽപ്പര്യങ്ങളുമായുള്ള പരിപൂർണ്ണമായ ഉദ്ഗ്രഥനം. നരേന്ദ്ര മോദിക്ക് സ്വന്തമായി അദാനി എന്ന കോർപ്പറേറ്റുണ്ടെന്ന്, നവ ലിബറൽ എന്ന് സി പി എം ആരോപിക്കുന്ന രാഹുൽ ഗാന്ധി പോലും പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മുതലാളി പ്രധാനമന്ത്രിയുടെ തന്നെ ബിനാമിയാണെന്ന ആരോപണം ഇപ്പോൾ എത്ര ശക്തമാണ്? ഈ കോർപ്പറേറ്റ് മുതലാളി ആഗോളതലത്തിൽ നടത്തുന്ന അഴിമതിയുടെയും മറ്റു മാനവികവിരുദ്ധ പ്രവർത്തനങ്ങളുടെയും പേരിൽ അമേരിക്കയെ പോലുള്ള രാജ്യങ്ങളിൽ നിന്നും വിചാരണ നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ട്. ഇനിയും ദിമിത്രോവിന്റെ ഫാഷിസ്റ്റു നിർവ്വചനം മോദിയുടെ സർക്കാരിൽ നിന്നും എത്രമാത്രം അകലെയാണെന്ന് സി പി എം ചർച്ച ചെയ്യട്ടെ. തെരഞ്ഞെടുപ്പു കമ്മീഷനെ മോദിയും അമിത്ഷായും ചേർന്നു തീരുമാനിക്കുന്ന സ്വേച്ഛാധിപത്യത്തിന്റെ ഘട്ടവും ആഗതമായിരിക്കുന്നു. സംഘപരിവാറിന്റെ തെരഞ്ഞെടുപ്പുവിജയങ്ങൾ അട്ടിമറികളായിരുന്നെന്ന് സാമാന്യമായ വിശകലനശേഷിയുള്ള ആർക്കും മനസ്സിലാക്കാവുന്നതുമാണ്. ഇനിയും ലക്ഷണയുക്തമായ ഫാഷിസം വരാൻ കാത്തിരിക്കുകയാണോ?

രാജ്യം അതിഗുരുതരമായ ഫാഷിസ്റ്റ് ഭീഷണി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ സി പി എമ്മിനെ പോലെ ഒരു പ്രസ്ഥാനത്തെ അതിനീചമായ സമീപനം സ്വീകരിക്കുന്നതിലേക്ക് ഈ കരടുരേഖ നയിക്കുമോയെന്നത് എല്ലാ ജനാധിപത്യവിശ്വാസികളുടെയും ഉൽക്കണ്ഠയുടെ പ്രശ്‌നമാണ്. ഈ രേഖ പാർട്ടി കോൺഗ്രസിൽ അംഗീകരിക്കപ്പെട്ടാൽ ഫാഷിസത്തിനെതിരായ കൂട്ടായ പ്രവർത്തനത്തിൽ നിന്ന് ഇന്ത്യയിലെ പ്രമുഖ ഇടതുപക്ഷകക്ഷി പിന്നിലേക്കു പോകുമെന്നാണ് ഇതിന്നർത്ഥം. ഇന്ത്യയിലെ ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് പ്രവണതകൾക്കെതിരെ ഐക്യമുന്നണി പ്രവർത്തനം അടിയന്തരാവശ്യമായി നാം ഏറ്റെടുക്കണമെന്നു പറയുന്ന വാക്യങ്ങൾ രേഖയിലുണ്ടാകുന്ന വിധത്തിൽ തിരുത്തുകൾ നിർദ്ദേശിക്കാൻ അടിസ്ഥാനതലത്തിലെ സഖാക്കൾക്കു കഴിയുമോയെന്ന പ്രശ്‌നം മാത്രമേ അവശേഷിക്കുന്നുള്ളൂ. സി പി എം ഈ രേഖ തിരുത്തുന്നില്ലെങ്കിൽ ഇന്ത്യയിലെ പ്രമുഖ ഇടതുകക്ഷി ഫാഷിസത്തിന്റെ മാപ്പുസാക്ഷികളോ ഒറ്റുകാരോ ആയി പ്രവർത്തിച്ചുവെന്ന് ചരിത്രം വിലയിരുത്തും.
ഈ രേഖ പാർട്ടി കോൺഗ്രസിൽ അംഗീകരിക്കപ്പെട്ടാൽ ഫാഷിസത്തിനെതിരായ കൂട്ടായ പ്രവർത്തനത്തിൽ നിന്ന് ഇന്ത്യയിലെ പ്രമുഖ ഇടതുപക്ഷകക്ഷി പിന്നിലേക്കു പോകുമെന്നാണ് ഇതിന്നർത്ഥം.
ഫാഷിസം, നവ ഫാഷിസം, ഫാഷിസത്തിന്റെ /നവ ഫാഷിസത്തിന്റെ ചില പ്രവണതകൾ, സോഷ്യൽ ഫാഷിസം .... സൈദ്ധാന്തികമായി എങ്ങനെയെല്ലാം വർഗീകരണങ്ങൾ നടത്തിയാലും നമ്മുടെ രാജ്യത്ത് നാം തൊട്ടറിയുന്ന സമൂർത്ത യാഥാർത്ഥ്യമുണ്ട്. ജനവിരുദ്ധവും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും വളർത്തുന്നതും ആക്രാമകവും ആയ പ്രതിലോമപരത രാജ്യത്തെ ഭരിക്കുന്നു. അതിനെ ചെറുത്തുതോൽപ്പിക്കുന്നതിന് മുഴുവൻ ജനാധിപത്യശക്തികളെയും ഒരുമിപ്പിക്കുന്ന ഐക്യമുന്നണി ഉണ്ടാക്കുന്നത് അടിയന്തര കടമയാണെന്നും അതിന് മുന്നിട്ടിറങ്ങണമെന്നും അത് സാദ്ധ്യമായ എല്ലാ തലത്തിലും പ്രായോഗികമാക്കണമെന്നും രാഷ്ട്രീയരേഖകളിൽ (കരട് / അസ്സൽ) എഴുതാനും അതനുസരിച്ചു പ്രവർത്തിക്കാനും തയ്യാറുണ്ടോയെന്നതാണ് പ്രധാന പ്രശ്‌നം.
ലെനിൻ ബോൾഷേവിക്ക് വിപ്ലവകാരികളോടു നടത്തിയ ആഹ്വാനമുണ്ടല്ലോ; ചരിത്രം നീട്ടുന്ന എല്ലാ അവസരങ്ങളേയും ഉപയോഗിക്കുക. ലെനിന്റെ വാക്കുകളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് പോൾ ഫയറബന്റ് പറഞ്ഞ വാക്യമുണ്ടല്ലോ - സർഗാത്മകമായ അരാജകത്വത്തെ സ്വീകരിക്കുക.
ഒരു കാര്യം കൂടി പറയട്ടെ. വർഗീയതയെയും ഹിന്ദുത്വ ഫാഷിസത്തെയും തെരഞ്ഞെടുപ്പു കൊണ്ട് തോൽപ്പിക്കാൻ കഴിയില്ലെന്നും ജനാധിപത്യപരവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങൾ ആവശ്യമുണ്ടെന്നും ഒരു മലയാളി ബുദ്ധിജീവി ബാംഗ്ലൂരിൽ പ്രസംഗിച്ചതായി മാധ്യമം ദിനപത്രത്തിന്റെ കർണ്ണാടക എഡിഷൻ പറയുന്നു. തീർച്ചയായും വലിയ സാംസ്‌കാരിക പ്രവർത്തനം ആവശ്യമായ മേഖലയാണത്. എന്നാൽ, തെരഞ്ഞെടുപ്പും രാഷ്ട്രീയാധികാരവും ന്യൂനീകരിക്കപ്പെടേണ്ട കാര്യമെന്ന പ്രതീതി ജനിപ്പിക്കുന്ന ഈ വാക്കുകൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? രാഷ്ട്രീയപ്രവർത്തനത്തിൽ നിന്ന് തെന്നിമാറുന്ന പ്രവണതയല്ലേ ഈ പ്രസ്താവനയിലുള്ളത്? സാംസ്‌കാരികമായ പ്രതിരോധങ്ങളുടെ ഭാഗമായാണോ പാർട്ടി അണികളെ അഷ്ടമിരോഹിണി ആഘോഷങ്ങൾക്കും സമ്മേളനങ്ങളിലെ തിരുവാതിരകളികൾക്കും പ്രേരിപ്പിക്കുന്ന സമീപനങ്ങളിലേക്ക് എത്തിക്കുന്നതെന്നു കൂടി ആലോചിക്കേണ്ടതാണ്.
എന്താണ് ബദൽ സാംസ്‌കാരികപ്രവർത്തനം? പാർട്ടി സംസ്ഥാനസമ്മേളനത്തിന്റെ അനുബന്ധ സാംസ്‌കാരികപരിപാടിയിൽ ബി ജെ പി നേതാവിനെ ക്ഷണിച്ചിരുത്താൻ കഴിയുന്നതാണോ അത്? സി പി എം സംഘപരിവാറുമായി ബന്ധങ്ങൾ സൂക്ഷിക്കുന്നുവെന്നതിന് പരസ്യമായ തെളിവുകളും വന്നുതുടങ്ങുകയാണ്.