ഗുസ്​തി താരങ്ങളുടെ സമരം തുറന്നുകാട്ടുന്നു;
ഭരണകൂടം നടത്തിയ നിയമലംഘനങ്ങൾ

കുറ്റപത്രത്തിൽ ഒരു കുറ്റവാളി എന്ന നിലയിൽ ബ്രിജ്​ ഭൂഷന്റെ പേരു വന്നത്​, ഗുസ്​തി താരങ്ങളുടെ സമരത്തെ തുടർന്നാണ്​. ഇത്തരമൊരു കുറ്റപത്രത്തിൽ മാത്രം സമരത്തിന്റെ ഇംപാക്​റ്റ്​ അവസാനിക്കുന്നില്ല. അത്​, ​ദേശീയതലത്തിൽ തന്നെ, ​പ്രധാനപ്പെട്ട നിരവധി രാഷ്​ട്രീയ പ്രത്യാഘാതങ്ങൾക്ക്​ ഇടയാക്കുമെന്ന്​ ഉറപ്പാണ്​.

ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം ഒരു ഘട്ടത്തിലെത്തിയപ്പോൾ, ഇല്ലാതാക്കപ്പെട്ടു എന്ന പ്രതീതിയുണ്ട്. അതിനുള്ള പ്രധാന കാരണം ജന്തര്‍മന്തറില്‍ നടന്നുവന്നിരുന്ന സമരം ഇല്ലാതായി അല്ലെങ്കില്‍ ഇല്ലാതാക്കി എന്നതാണ്. സമാധാനപരമായി സമരം നടന്നുകൊണ്ടിരുന്ന പന്തല്‍ പൊലീസ് കയ്യേറി പൊളിച്ചുനീക്കിയതിനെതുടർന്ന്​ സമരം തുടരാൻ കഴിയാത്ത സ്ഥിതി വന്നു. പക്ഷെ ഗുസ്തിതാരങ്ങള്‍‌ അവരുടെ നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്ന്​ അവര്‍ പിന്നോട്ട് പോയിട്ടില്ല. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ഉറച്ചനിലപാടില്‍ തന്നെയാണ് അവർ.

ആറ് വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതിന് 1500 പേജുള്ള കുറ്റപത്രമാണ് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരി മജിസ്‌ട്രേറ്റിനുമുമ്പാകെ നല്‍കിയ മൊഴി പിന്‍വലിച്ചതിനാല്‍, ബ്രിജ്ഭൂഷണെ പോക്‌സോ കേസില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, കുറ്റപത്രത്തിൽ ഒരു കുറ്റവാളി എന്ന നിലയിൽ ബ്രിജ്​ ഭൂഷന്റെ പേരു വന്നത്​, ഗുസ്​തി താരങ്ങളുടെ സമരത്തെ തുടർന്നാണ്​. ഇത്തരമൊരു കുറ്റപത്രത്തിൽ മാത്രം സമരത്തിന്റെ ഇംപാക്​റ്റ്​ അവസാനിക്കുന്നില്ല. അത്​, ​ദേശീയതലത്തിൽ തന്നെ, ​പ്രധാനപ്പെട്ട നിരവധി രാഷ്​ട്രീയ പ്രത്യാഘാതങ്ങൾക്ക്​ ഇടയാക്കുമെന്ന്​ ഉറപ്പാണ്​.

അർധരാത്രി നടന്ന കൂടിക്കാഴ്​ച, സമരം ഇല്ലാതാക്കാൻ നടന്ന ഗൂഢനീക്കങ്ങൾ

അമിത്ഷായുമായുള്ള ഗുസ്​തി താരങ്ങളുടെ കൂടിക്കാഴ്ച നിര്‍‌ണായക ഘട്ടമായിരുന്നു. അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയാണ്. പക്ഷെ, ഗുസ്തി താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ ചര്‍ച്ച നടന്നത് അര്‍ധരാത്രിയാണ്. എന്തുകൊണ്ടാണ്, എല്ലാവർക്കും സുതാര്യമായി വ്യക്തമാകുന്ന വിധത്തില്‍, പ്രശ്നങ്ങളെ വിലയിരുത്താനും നടപടികള്‍ എന്താണെന്ന് വ്യക്തമാക്കാനും അദ്ദേഹത്തിന്​ കഴിയാതെ പോയത്. എന്തുകൊണ്ടാണ് രാത്രി യാതൊരു സുതാര്യതയുമില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.

അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പിയും ആര്‍.എസ്​.എസും നടത്തുന്ന ഇടപെടലുകളുടെ ഫലമായുള്ള വലി‌യൊരു മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ നിയമവിരുപ്രവര്‍ത്തനം നടത്തുന്നു. കുറ്റവാളികള്‍ക്കൊപ്പം നിന്ന്​ ഇരകള്‍ക്കെതിരായി ഗൂഢാലോചന നടത്തുകയും അവരെ ഭീഷണിപ്പെടുത്തുകയും സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു, അതും ആഭ്യന്തര മന്ത്രി അടക്കമുള്ളവർ. എന്തൊരു അപകടകരമായ സാഹചര്യത്തിലേക്കാണ് ഇത് രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ കൊണ്ടു പോകുന്നത്.

കര്‍ഷകസമരവും പൗരത്വസമരവുമെല്ലാം തകര്‍ക്കാൻ സംഘപരിവാറും ആര്‍.എസ്.എസും അവരുടെ പ്രവര്‍ത്തകരെ ഉള്‍പ്പടെ രംഗത്തിറക്കി. പൗരത്വ സമരത്തെ വര്‍ഗീയകലാപമാക്കി മാറ്റാൻ ശ്രമിക്കുകയും പൊലീസ് വെടിവെയ്പുണ്ടാക്കാനുള്ള സാഹചര്യമൊരുക്കി നിരവധിയാളുകളെ വെടിവെയ്പിലൂടെ കൊലപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഉത്തരേന്ത്യയിലടക്കം ഉണ്ടായിട്ടുണ്ട്.

കര്‍ഷകസമരം നടന്നപ്പോഴും ആര്‍.എസ്.എസ്​ പ്രവര്‍ത്തകരെ സിംഗൂര്‍ അതിർത്തിയിലടക്കം എത്തിച്ച് കര്‍ഷകരെ ആക്രമിക്കാനും പൊലീസ് ഇടപെടലിലൂടെ വെടിവെയ്പ് സൃഷ്​ടിക്കാനുമുള്ള ശ്രമം നടത്തിയിട്ടുണ്ട്. പൊലീസിനോടൊപ്പം ചേരുക, ഗൂഢാലോചന നടത്തുക, ഭരണകൂടത്തിന് ജനങ്ങളെ കടന്നാക്രമിക്കാൻ അവസരമുണ്ടാക്കി ഭരണകൂട ഭീകരതക്ക്​ സൗകര്യം ചെയ്ത്കൊടുക്കുക എന്നത് അര്‍ധ ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘടനകളുടെ പൊതുസ്വഭാവമാണ്.

കർഷക സമരത്തിൽ നിന്ന്

സമാന പ്രവര്‍‌ത്തനങ്ങള്‍ ഗുസ്തി താരങ്ങളുടെ സമരം ഇല്ലാതാക്കാനും നടന്നിട്ടുണ്ട്. ആർ.എസ്​.എസും ബി.ജെ.പിയും നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ പ്രധാനമായും ഡല്‍ഹി പൊലീസിനെ ഉപയോഗിച്ചാണ്​ ഇത്​ ചെയ്​തത്​. യഥാര്‍ത്ഥത്തില്‍, ഇന്ത്യയിലെ തന്നെ മികച്ച പ്രൊഫഷണലുകളടങ്ങിയ, നിരവധി ഭീകരവിരുധ കേസുകളിലുൾപ്പെ​ടെ, തെളിവുകൾ കണ്ടെത്തിയതടക്കം സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിച്ച സേനയാണ് ഡല്‍ഹി പൊലീസ്. എന്നാല്‍, ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതി ഡല്‍ഹി പൊലീസിന്റെ ചരിത്രത്തിലെ ഒരു മോശം അധ്യയമായി ഭാവിയില്‍‌ വിലയിരുത്തേണ്ടിവരും. തുടക്കം മുതൽ, ഡല്‍ഹി പൊലീസ് ഈ കേസില്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകാതെ ആർ.എസ്​.എസിന്റെയും ബി.ജെ.പിയുടെയും അമിത്ഷായുടെയുമെല്ലാം നിര്‍ദേശപ്രകാരം നിയമലംഘനം നടത്തുകയാണ് ചെയ്തത്.

ഭരണകൂടത്തിന്റെ നിയമലംഘനങ്ങൾ

ഇത്തരമൊരു കേസ് വന്നാല്‍, സുപ്രീംകോടതി വിധികളിലും പോക്സോ അടക്കമുള്ള ലൈംഗികാതിക്രമക്കേസ് വിധികളിലും കൃത്യമായി പറയുന്നൊരു കാര്യമുണ്ട്. ഇന്‍ ക്യാമറ പ്രസീഡിങ്സിലൂ‌ടെയാണ് റേപ് കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും നടപടി നടത്തേണ്ടത്. ആരാണ് പരാതിക്കാർ എന്നത്​ പുറത്തറിയേണ്ടതില്ല. അവരുടെ ഐഡന്‍റിറ്റി സംരക്ഷിക്കപ്പെടണം. ഈ കേസിൽ, അങ്ങനെയല്ല ഡല്‍ഹി പൊലീസ് ചെയ്തത്. വനിതാ താരത്തെ പ്രതിയായ പാര്‍ലമെന്‍റംഗത്തിന്റെ സാന്നിധ്യത്തില്‍ അശോക റോഡിലുള്ള ബംഗ്ലാവിലേക്ക് തെളിവെടുക്കാൻ കൊണ്ടുപോയതുതന്നെ നിയമലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി റിട്ട. ജസ്റ്റിസ് മദന്‍ ലോകൂറടക്കമുള്ളവര്‍‌ ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ചു. സുപ്രീംകോടതി ഇടപെട്ടശേഷം മാത്രമാണ് എഫ്​.ഐ.ആർ ഇടാന്‍ പോലും തയ്യാറായത്. ഡല്‍ഹി പൊലീസ് പ്രതിയോടൊപ്പം ചേര്‍ന്നുവെന്നത്​ വ്യക്തമാക്കുന്ന കാര്യമാണിത്​.

എം. പി സ്ഥാനത്തിരിക്കുന്ന ആള്‍ക്കെതിരെ ഇത്രയും ഗുരുതര ആരോപണം ഉയര്‍ന്നിട്ടും അറസ്റ്റ് ചെയ്യുകയെന്ന പ്രാഥമിക നടപടി പോലും സ്വീകരിക്കാത്തതിനാൽ, പരാതിക്കാരെ ഭീഷണിപ്പെടുത്താനുള്ള സൗകര്യം ബ്രി‍ജ്ഭൂഷണും അദ്ദേഹത്തൊടൊപ്പം നില്‍ക്കുന്നവര്‍ക്കും കിട്ടി. ഇക്കൂട്ടത്തില്‍ ഡല്‍ഹി പൊലീസും പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നതാണ് ഏറ്റവും ഗുരുതരമായ ആരോപണം. പരാതി നല്‍കിയിട്ടുള്ള മൈനറായ പെണ്‍കുട്ടിയിൽ വലിയ സമ്മര്‍ദ്ദം ചെലുത്തിയാണ് ഡല്‍ഹി പൊലീസ് പിന്തിരിപ്പിക്കാൻ നടപടിയെടുത്തത്​. നാല് പൊലീസുകാര്‍ അവരുടെ വീട്ടില്‍ പോയി, വലിയ പ്രത്യാഘാതമുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ്​ പരാതി. ഇക്കാര്യം പരിശോധിച്ച്​ തെറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണ്​.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്‌

മെയ് 28-ന് ഗുസ്​തി താരങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പാര്‍ലമെൻറ്​ മാര്‍ച്ച്​ പൊലീസ്​ ത‍ടഞ്ഞപ്പോള്‍‌, അവര്‍ ബാരിക്കേഡ് ചാടി മുന്നോട്ടു പോയി. അത്രയേ അവര്‍ ചെയ്തിട്ടുള്ളൂ. പക്ഷെ ഇതൊരു കലാപമാണെന്ന രൂപത്തിലുള്ള വകുപ്പുകളാണ് ചേര്‍ത്തത്. ജനകീയ സമരത്തിന്റെ  പേരില്‍ കലാപക്കുറ്റം ചുമത്തിയത് ഡല്‍ഹി പൊലീസാണ്. ഇതിനെ ജസ്റ്റിസ് ലോകൂര്‍ ഉള്‍പ്പടെയുള്ളവര്‍‌ പരിഹസിക്കുകയും ശക്തമായി വിമര്‍ശിക്കുകയുമുണ്ടായി.

ആഭ്യന്തരമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ‌നിര്‍ദേശമില്ലാതെ ഇത്തരമൊരു നിയമവിരുദ്ധ പ്രവര്‍ത്തി ഡല്‍ഹി പൊലീസിന് ചെയ്യാന്‍ സാധിക്കില്ല. ആര്‍.എസ്​.എസിന്റെയും ബി.ജെ.പിയുടെയും ഗുണ്ടാപണിയെടുക്കുന്നവരായി ഡല്‍ഹി പൊലീസ്​ ദുർബലപ്പെട്ടു. ഡല്‍ഹി പൊലീസ് വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ നടത്തിയത്​, ഗുരുതരമായ ഭരണകൂട ഭീകരതയാണ് എന്നാണ്​ ഈ നടപടികളെല്ലാം കാണിക്കുന്നത്​. മസിൽ പവറിലൂടെ, പ്രക്ഷോഭം ശക്തമായി തുടരാൻ കഴിയാത്ത സാഹചര്യം സൃഷ്​ടിക്കുകയായിരുന്നു പൊലീസും ഭരണകൂടവും.

ആദ്യഘട്ടത്തിൽ ബ്രിജ്ഭൂഷണെതിരെ പരാതി ഉന്നയിക്കുകയും ജനുവരിയിൽ പ്രക്ഷോഭം തുടങ്ങുകയുമാണ്​ ഗുസ്​തി താരങ്ങൾ ചെയ്​തത്​.  ഏപ്രിലിൽ, സമരം രണ്ടാം ഘട്ടത്തിലെത്തി. പോക്സോ വ്യവസ്ഥകള്‍ പ്രകാരം, പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് വിവരം കിട്ടിയാല്‍- അത് രക്ഷിതാവാകട്ടെ, അധ്യാപകരാകട്ടെ, ഭരണാധികാരികളാകട്ടെ- തുടര്‍നടപടി ഉറപ്പു വരുത്തേണ്ടതുണ്ട്. വിനേഷ് ഫോഗട്ട് പറഞ്ഞത്, തങ്ങളെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് പ്രധാനമന്ത്രിയുടെ മൗനമായിരുന്നു എന്നാണ്. പ്രധാനമന്ത്രിയെ ഈ വിഷയം അറിയിച്ചപ്പോൾ, കായികമ​ന്ത്രിയുമായി സംസാരിക്കാനും ഉടൻ പരിഹാരമുണ്ടാകുമെന്നുമാണ്, ഗുസ്​തി താരങ്ങൾക്ക്​​ മറുപടി ലഭിച്ചത്​. എന്നാൽ, സംഭവിച്ചതോ? ബ്രിജ്ഭൂഷണിന്റെ ആളുകള്‍ക്ക്​ ഈ വിവരം കിട്ടുന്നു. പ്രധാനമന്ത്രിയോട് നേരിട്ടു പറ‍ഞ്ഞ കാര്യങ്ങള്‍ കുറ്റവാളിയായ ബ്രിജ്ഭൂഷണറിയുകയാണ്. പിന്നീട്, ഇതുപയോഗിച്ച്​ വിനേഷ് ഫോഗട്ടുള്‍പ്പടെയുള്ളവരെ ഭീഷണിപ്പെടുത്തുകയാണ്.

ഗുസ്​തി താരങ്ങൾ ചോദിക്കുന്നു: എങ്ങനെയാണ് പ്രധാനമന്ത്രിയോട് പറഞ്ഞൊരു കാര്യം കുറ്റവാളിയായ ബ്രിജ്ഭൂഷണറിഞ്ഞത്? എങ്ങനെയാണ്​ ഈ കാര്യമുപയോഗിച്ച്​ അയാൾക്ക്​ തങ്ങളെ ഭീഷണിപ്പെടുത്താനായത്​? അതായത്​, പ്രധാനമന്ത്രിയെ പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ. എത്ര ഗുരുതരമായ സാഹചര്യമാണിത്.

ജീവൻ പോലും ഭീഷണിയിലായിട്ടും ഗുസ്​തി താരങ്ങൾ പരാതിയിലും സമരത്തിലും ഉറച്ചുനിന്നു. ഇതിനുശേഷമാണ് അമിത് ഷാ അര്‍ധരാത്രി ഇവരെ വിളിച്ച്​ സംസാരിക്കുന്നത്. അതൊരു സാധാരണഗതിയിലുള്ള നടപടിയായിരുന്നില്ല. നിയമപാലന ചുമതലയുള്ള ആഭ്യന്തരമന്ത്രി എന്തുറുപ്പാണ് സമരക്കാർക്ക്​ കൊടുത്തത് എന്ന്​ അറിയാൻ രാജ്യത്തിന് അവകാശമില്ലേ? പാര്‍ലമെന്‍റില്‍ ഇക്കാര്യം വിശദീകരിക്കാനും ഉത്തരവാദിത്തമില്ലേ?

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് കൊലപാതക കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടൊരാള്‍‌  ആഭ്യന്തര മന്ത്രിയാകുന്നത്​. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും ദയനീയമായ അവസ്​ഥ കൂടിയാണിത്​. ഇതെല്ലാം തുറന്ന് ചര്‍ച്ച ചെയ്യാനുള്ള ജനാധിപത്യാവകാശം ഇവിടെയുണ്ടെന്ന് പറയുമ്പോഴും, അത് പറയുന്നവരെ ആക്രമിക്കുകയും പരാതിപ്പെട്ടവരെ ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥ കൂടിയുണ്ട്​.

ഉന്നാവോ ബലാത്സംഗ കേസ് പ്രതിയായ കുൽദീപ് സിംഗ് സെംഗർ

ഉന്നാവോയില്‍ അച്ഛനെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞപ്പോള്‍, ഇരയുടെ അച്ഛനെ പൊലീസുകാർ ലോക്കപ്പിലിട്ട് മർദ്ദിച്ച്​ കൊലപ്പെടുത്തി. ആ പരാതിയുമായി മുന്നോട്ടു പോകാന്‍‌ തീരുമാനിച്ചപ്പോള്‍, കോടതിയിലേക്ക് പോകാനിറങ്ങിയ പെൺകുട്ടിയെയും അമ്മയേയും ചെറിയമ്മയേയും ട്രക്ക് കൊണ്ട് ഇടിപ്പിക്കുകയും അമ്മയെയും ചെറിയമ്മയെയും കൊലപ്പെടുത്തുകയും ചെയ്​തു. മാതാപിതാക്കളെയും ചെറിയമ്മയെയും നഷ്ടപ്പെട്ട ഇര ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉന്നാവോയിലെ ബി.ജെ.പി എം എല്‍ എയാണ് പ്രതി. ഇതെല്ലാം സംഭവിച്ച് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോൾ മാത്രമാണ്​ അയാളെ അറസ്റ്റ് ചെയ്തത്. ഇത്തരം അനുഭവം പരാതി പറയുന്ന ഗുസ്തി താരങ്ങള്‍ക്കും ഉണ്ടാകാം എന്നത്​ മറന്നുകൂടാ.

കേസിൽ കുറ്റപത്രം ഇത്ര ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന്​ എങ്ങനെയാണ്​ ആഭ്യന്തരവകുപ്പ് മന്ത്രിക്കും കായിക മന്ത്രിക്കും പറയാൻ കഴിയുക എന്നാണ്​ മദന്‍ലോകൂര്‍ ചോദിക്കുന്നത്. എഫ്​.ഐ.ആർ കോടതിക്കുമുന്നിലെത്തിയാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുള്‍പ്പടെ കോടതിയുടെ പരിധിയില്‍ വരുന്നതാണ്. ജുഡീഷ്യറിയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളിൽ പോലും ആഭ്യന്തരവകുപ്പ് മന്ത്രിയും കായിക മന്ത്രിയും ഇടപെടുകയാണ്. ഇവരുടെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നത് എന്നത്​ ഇതിൽനിന്ന്​ വ്യക്തമല്ലേ.

വ്യാമോഹങ്ങളില്ലാതാക്കിയ സമരം

ഗുസ്തി താരങ്ങളുടെ പിന്‍മാറ്റത്തിനുപിന്നിലുള്ള അടിസ്​ഥാന വസ്​തുത ഇതാണ്​: നിയമവാഴ്ചയും ഭരണവ്യവസ്ഥയും ഉറപ്പുവരുത്തേണ്ടവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്നു.  ആഭ്യന്തരമന്ത്രിയുമായുള്ള ചര്‍ച്ചക്കുശേഷം ഒന്നുകില്‍ താരങ്ങള്‍ അമിത്ഷായെ വെല്ലുവിളിച്ച് മുന്നോട്ടുപോകണം. ഇവർക്ക്​ അതിന്​ കഴിയുമോ? അങ്ങനെയൊരു പ്രശ്നം കൂടി നമ്മള്‍ കാണേണ്ടതുണ്ട്​. ഭരണകൂട ഭീകരതയുടേതും അപ്രഖ്യാപിത അടിയന്തരാവസ്ഥയു​ടേതുമായ സാഹചര്യത്തിലും ഈ ഗുസ്തിതാരങ്ങള്‍ കുറ്റവാളിയെ അറസ്റ്റു ചെയ്യണം എന്ന ഉറച്ച നിലപാടെടുക്കുകയും ജോലി നഷ്ടപ്പെട്ടാലും സമരം ചെയ്യുമെന്ന് പറയുകയും ചെയ്യുമ്പോൾ, ഇന്ത്യയിലെ ചെറുപ്പക്കാരെയാണ്​ ഇവർ പ്രതിനിധാനം ചെയ്യുന്നത് എന്ന്​ ഓർക്കണം. ഈ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണ്​ എന്നാണ്​, ബജ്റംഗ് പുനിയയുടെയും വിനേഷ് ഫോഗട്ടിന്റെയും സാക്ഷി മാലിക്കിന്റെയുമൊക്കെ നിലപാടുകള്‍ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ, അവരെക്കുറിച്ച്​ അഭിമാനിക്കുകയും പിന്തുണ നൽകുകയുമാണ്​ വേണ്ടത്​.

കോര്‍പറേറ്റ് ഉദാരവത്കരണ നയങ്ങളെ പിന്തുണയ്ക്കുകയും രാഷ്ട്രീയമായി ബി.ജെ.പിയുടെ ഉദാരവത്കരണ സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന ടൈംസ് ഓഫ് ഇന്ത്യ, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള പത്രങ്ങളും മാധ്യമങ്ങളും ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുത്തു. ഇന്‍ക്യാമറ പ്രൊസീഡിങ്സ് പ്രകാരം കോടതിയില്‍ പറയേണ്ട കാര്യങ്ങളാണെങ്കില്‍ പോലും, കോടതിയില്‍ പോലും പരാതിയെത്തില്ല എന്ന രൂപത്തിലേക്ക് ഭരണകൂടം നിയമലംഘനം നടത്തുമ്പോൾ, ജനം ഇതറിണമെന്ന ഉദ്ദേശ്യത്തോടെയാണ്​, ദ ന്യൂ ഇന്ത്യന്‍എക്സ്പ്രസ് എഫ്​.ഐ.ആറിലെ ആദ്യ പേജ് മുഴുവനായും പ്രസിദ്ധീകരിച്ചത്. ബ്രിജ്ഭൂഷണ്‍ ചെയ്​ത തെറ്റ്​ എന്താണ്​ എന്ന്​ പുറത്തറിയാൻ ഇത്​ സഹായിച്ചു.
പക്ഷെ, കോര്‍പറേറ്റുകളുടെ കൈകളിലുള്ള മുഖ്യധാരാ ടെലിവിഷന്‍ മാധ്യമങ്ങള്‍, ഗുസ്തി താരങ്ങള്‍‌ കുറ്റവാളികളാണെന്നും പ്രതിപക്ഷ മുതലെടുപ്പിനാണ്​ സമരം ചെയ്യുന്നതെന്നും വരുത്തി തീര്‍ക്കാൻ ​ശ്രമിച്ചു. കേസ് ഇല്ലാതാക്കാനും ബ്രിജ്ഭൂഷണെ സംരക്ഷിക്കാനുമുള്ള താൽപര്യമായിരുന്നു ഇതിനുപിന്നിൽ. ഉത്തരേന്ത്യയിലെ നിരവധി ഹിന്ദി പത്രങ്ങളും ബ്രിജ്ഭൂഷണെ സംരക്ഷിക്കാനും വാര്‍ത്തകള്‍ തമക്​കരിക്കാനും ശ്രമിച്ചിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട്​ വ്യാപകമായി വാര്‍ത്തകള്‍ വരാതിരിക്കാനും ഈ മാധ്യമങ്ങൾ ഇടപെട്ടിട്ടുണ്ട്​. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള പത്രങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കാതിരിക്കുകയെന്ന സമീപനവും എടുത്തു.

ഈ സമരത്തിൽ മുഖം നഷ്​ടപ്പെട്ട പ്രധാന വ്യക്തി, പ്രധാനമന്ത്രി തന്നെയാണ്​. ഒരു കുറ്റം നടന്നിട്ട്​ അതില്‍ നടപടിയെടുക്കാതിരിക്കുന്നതും, ഒരു കുറ്റകൃത്യമാണ്. രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയ ഈ സമരത്തെക്കുറിച്ച്​ മോദി ഒരക്ഷരം മിണ്ടാന്‍ തയ്യാറായിട്ടില്ല. അദ്ദേഹത്തിന് മുന്നില്‍ പോയി ഗുസ്തിതാരങ്ങള്‍ ഉന്നയിച്ച  പ്രശ്‌നങ്ങള്‍ക്കും ഗുരുതരമായ ആരോപണങ്ങള്‍ക്കും നിശ്ശബ്​ദത തന്നെയായിരുന്നു മറുപടി.

രാജ്യത്തെ ബാധിക്കുന്ന സമാനമായ നിരവധി വിഷയങ്ങളിലും​ മോദിക്ക്​ പരിപൂർണ നിശ്ശബദ്​ത തന്നെയാണ്​. പുൽവാമയിൽ 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം മോദി സർക്കാറിന്റെ വീഴ്​ചയെ തുടർന്നാണ്​ എന്ന മുൻ ജമ്മു കശ്​മീർ ഗവർണർ സത്യപാൽമാലിക്കിന്റെ ആരോപണത്തിനും ഇതേ നിശ്ശബ്​ദതയായിരുന്നുവല്ലോ. തന്റെ മന്ത്രിസഭയിലെ അജയ്കുമാര്‍ മിശ്ര തേനിക്കെതിരെ ഉന്നയിക്കപ്പെട്ടത്​ കൊലപാതകകുറ്റമാണ്. ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകര്‍ക്കുനേരെ വണ്ടിയോടിച്ച് കയറ്റി മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റ് ചെയ്തത് അജയ് കുമാര്‍മിശ്രയുടെ മകനെയാണ്. ഈ കേസില്‍ കൂട്ടുപ്രതിയാണ്, ആഭ്യന്തര വകുപ്പ് സഹമന്ത്രിയായ അജയ്കുമാര്‍ മിശ്ര. എന്നിട്ടും അദ്ദേഹത്തെ ഭരണത്തില്‍ തുടരാന്‍ അനുവദിക്കുന്നതും നരേന്ദ്രമോദിയാണ്.  ഇപ്പോള്‍, ​​ലൈംഗികാക്രമണ പരാതി ഉന്നയിക്കപ്പെട്ട ഒരു എം.പിയെയും സംരക്ഷിക്കുന്നത്​ ഇതേ ഭരണകൂടമാണ്​. ‘ഞങ്ങള്‍ വേറിട്ടൊരു പാര്‍ട്ടിയാണ്’ എന്ന അവകാശവാദമുന്നയിച്ചാണ് ബി.ജെ.പി ഉയര്‍ന്നുവന്നത്. ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്ന, ഹിന്ദു ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്ന ബി.ജെ.പിയും ആര്‍.എസ്.എസും ഈ വിഷയത്തെക്കുറിച്ച് മിണ്ടുന്നില്ല. ഇവരുടെ സ്ത്രീവിരുദ്ധ മുഖത്തെ വെളിവാക്കുന്ന നിശ്ശബ്​ദതയാണിത്​. പുരുഷപ്രധാനമായ അര്‍ധ ഫ്യൂഡല്‍ സംസ്ക്കാരത്തെയാണ് ഇരു സംഘടനകളും പ്രതിനിധാനം ചെയ്യുന്നതെന്ന്​ ജനങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ബോധ്യപ്പെടുത്താന്‍ ഈ പ്രക്ഷോഭം സഹായിച്ചു. അതാണ്, ഈ സമരത്തിന്റെ രാഷ്ട്രീയ പ്രധാന്യം.

നരേന്ദ്രമോദി

ഇന്ത്യയിലെ മധ്യവര്‍ഗവിഭാഗത്തിന്​ ബി.ജെ.പിയിലും ആര്‍.എസ്.എസിലും നരേന്ദ്രമോദിയിലുമുള്ള വ്യാമോഹം ഇല്ലാതാവുകയാണ്. നരേന്ദ്രമോദി ഉചിതനായ നേതാവാണെന്നു തെളിയിക്കുന്ന ഒന്നും അവര്‍ക്ക് കാണാനാകുന്നില്ല. ഇത്തരത്തില്‍ കാര്യങ്ങളെ മനസ്സിലാക്കാനും വ്യാമോഹങ്ങളില്‍ നിന്ന് പുറത്തുവരാനും ജനങ്ങളെ പ്രേരിപ്പിച്ച ഒന്നുകൂടിയായിരുന്നു, ഗുസ്തി താരങ്ങളുടെ സമരം.

2024- ലെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയ്ക്ക് വിധേയമാകുന്ന രാഷ്ട്രീയ പ്രശ്‌നമായി ഇത് ഉയര്‍ന്നു കഴിഞ്ഞു. കര്‍ണ്ണാടകയിലുണ്ടായതുപോലെ ഭീമമായ പരാജയത്തിലേക്കാണ് ഇത് ബി.ജെ.പിയെ നയിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ, ഗുസ്തി താരങ്ങളുടെ സമരത്തെ പൂര്‍ണമായി പിന്തുണക്കേണ്ടതും ബ്രിജ്ഭൂഷണിന്റെ അറസ്റ്റിനുവേണ്ടിയുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തേണ്ടതും​ പൗരരുടെയും ബഹുജന പ്രസ്ഥാനങ്ങളുടെയും ഉത്തരവാദിത്തമാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരരുടെ അവകാശം പോലും കേന്ദ്ര സര്‍ക്കാരും അവര്‍ക്ക് കീഴിലുള്ള ഡല്‍ഹി പൊലീസും അനുവദിക്കുന്നില്ല എന്ന അതീവ ഗൗരവമായ സാഹചര്യമാണ് നമ്മുടെ മുന്‍പിലുള്ളത്. ഇത് ഇന്ത്യയില്‍ എവിടെയും സംഭവിക്കുന്നു, എല്ലാ പൗരർക്കും എതിരായ അവകാശലംഘനമാണിതെന്ന്​ തിരിച്ചറിയേണ്ടതുണ്ട്​. ബി.ജെ.പിയുടെയും മോദി സര്‍ക്കാരിന്റെയും ജനാധിപത്യവിരുദ്ധമായ സമീപനത്തിനെതിരായ  പ്രക്ഷോഭം കൂട്ടായി ഉയര്‍ത്തിക്കൊണ്ടുവരാനാണ്​ ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തേണ്ടത്​.

Comments