ഇവിടെയൊരു സൈബർ സ്‌പേസ് നവീകരണ പ്രസ്ഥാനത്തിന്റെ ആവശ്യമുണ്ട്‌

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറയേണ്ടതില്ലല്ലോ. സംവാദങ്ങൾക്ക് ഇടമില്ലായെങ്കിൽ പകരം അരങ്ങേറുക കൂട്ടക്കൊലകൾ ആയിരിക്കുമല്ലോ. സംവാദങ്ങൾ, പൊതുവെ സങ്കൽപ്പിക്കപ്പെടുന്ന പോലെ, രണ്ടു വാദങ്ങൾ തമ്മിൽ പറയാനുള്ളത് പറയുക എന്ന ദൗത്യം മാത്രമല്ല നിർവഹിക്കുന്നത്. അത് ന്യൂനീകരണമാകും. ആർക്ക് വേണമെങ്കിലും എന്തും പറഞ്ഞിട്ടുപോകാം എന്ന, ഉത്തരവാദിത്തരഹിതമായ, ഒരു തുറസ്സ് മാത്രമല്ല വേണ്ടത്. കേൾക്കാൻ കഴിയണം, ശ്രദ്ധിക്കാൻ കഴിയണം, ക്ഷമ പാലിക്കാൻ കഴിയണം, നേരിട്ട് ഒന്നും പറയാൻ കഴിയാത്തവർക്കുപോലും പഠിക്കാൻ കഴിയണം.

അങ്ങനെയാണ് സംവാദം (dialogue) തർക്കത്തിൽ (polemic) നിന്ന് വ്യത്യസ്തമാകുന്നത്. താർക്കിക സ്വഭാവമുള്ള ഏറ്റുമുട്ടലുകൾ നീതിയെ മാനിക്കണമെന്നില്ല. അധികാരത്തിന്റെ തുണയോടെ ഒരുപക്ഷം എതിർപക്ഷത്തെ അടിച്ചമർത്തുന്ന സന്ദർഭങ്ങൾ താർക്കിക വേദികളിൽ ഉണ്ടാകാം. വിജയികൾക്ക് രാജാവിൽ നിന്ന് പണക്കിഴി സമ്മാനമായി കിട്ടുന്ന പട്ടത്താനങ്ങൾ അല്ലല്ലോ ഇന്നാവശ്യം. ജനാധിപത്യം വളരുന്നതും കരുത്താർജിക്കുന്നതും പറയാനും കേൾക്കാനും വിലയിരുത്താനും തിരുത്താനും അവസരം ലഭിക്കുന്ന സംവാദങ്ങളിലൂടെയാണ്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സഹിഷ്ണുതയാണ് ഏതൊരാളുടെയും ഭാഷയെ വിവേകപൂർണമാക്കുക. കേൾക്കാനുള്ള സഹിഷ്ണുത. മറ്റൊരാൾ എന്താണ് പറയുന്നതെന്ന് അറിയാനുള്ള സഹിഷ്ണുത. സ്വയം അവലോകനം ചെയ്യാനുള്ള സഹിഷ്ണുത. ചരിത്രം പ്രധാനമാണ്, ശാസ്ത്രം പ്രധാനമാണ്, സാമൂഹികശാസ്ത്രം പ്രധാനമാണ് എന്നൊക്കെ ഉള്ളിൽ സൂക്ഷിക്കാനുള്ള സഹിഷ്ണുത. ഇതൊക്കെ ഉണ്ടെങ്കിൽ ഏതു സംവാദത്തിലും നമുക്ക് മറ്റൊരാളുടെ അന്തസ്സിനു കേടുവരുത്താത്ത ഭാഷ ഉണ്ടാകും. ഒരുപക്ഷേ പാശ്ചാത്യ ആധുനികതയ്ക്ക് സൃഷ്ടിക്കാൻ കഴിഞ്ഞ അത്രയും ഉപചാരപൂർവമായ സംവാദഭാഷ ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രതീക്ഷിക്കാൻ കഴിയില്ല.

വ്യക്തി എന്ന കേന്ദ്രകഥാപാത്രം അന്നാടുകളിൽ നേടിയെടുത്ത കരുത്ത് അതിശക്തമായ ഒരു ഭരണഘടനയുടെ പിൻബലത്തിൽ പോലും ഇന്ത്യൻ പൗരൻ നേടിയെടുത്തില്ല. പക്ഷെ സാമൂഹിക, രാഷ്ട്രീയ പരിണാമങ്ങളുടെ ഒരു പ്രത്യേകകാലഘട്ടം വരെ ഇന്ത്യൻ സമൂഹത്തിന്റെയും വലിയ സവിശേഷത സഹിഷ്ണുത തന്നെയായിരുന്നു. സംവാദത്തെ അർഥപൂർണമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ സഹിഷ്ണുതയെ അടിസ്ഥാനമാക്കിയുള്ള ഭാഷയാണ് ഏറ്റവും പ്രധാനം. ചോദ്യത്തിൽ സൂചിപ്പിച്ച പോലെ, മറ്റു പ്രയോഗഭാഷകളിൽ നിന്ന് വേറിട്ടുനിൽക്കുന്നതോ അല്ലാത്തതോ ആകട്ടെ, എതിരാളിയുടെ (എതിർക്കുന്നയാൾ എന്ന അർത്ഥത്തിൽ മാത്രം, ശത്രുവല്ല) മാനുഷികാന്തസിന് ചോര പൊടിയുന്ന മൂർച്ച ഞാൻ ഉച്ചരിക്കുന്ന വാക്കിന്റെ തുമ്പത്ത് ഉണ്ടാകരുതെന്ന് ഓരോരുത്തരും ശഠിക്കുകയാണ് വേണ്ടത്.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

നമ്മുടെ സമൂഹത്തെ നിയന്ത്രിക്കുന്ന അധികാരകേന്ദ്ര/ഘടകങ്ങളുടെ പരിധിക്കു പുറത്തല്ല സൈബർ സ്‌പേസ്. സാമൂഹിക വിനിമയങ്ങളിലെ എല്ലാ മേലധികാര പ്രവണതകളും അവിടെ അതിശക്തമായിത്തന്നെ തുടരുന്നുണ്ട്. ജാതി, മതം, ലിംഗം എന്നീ മൂന്ന് ആയുധങ്ങൾ ഏറ്റവും പ്രധാനമായും അടിച്ചമർത്തലിനായി ഉപയോഗിക്കുന്നുണ്ട്. കീഴ്ജാതിക്കാരെയും മതന്യൂനപക്ഷങ്ങളെയും സ്ത്രീകൾ/ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉന്നമിട്ടുള്ള ജനാധിപത്യവിരുദ്ധ ഭാഷാശൈലിയിൽ ഇത് വ്യക്തമാണ്.

ആ ശൈലിയിൽ കെട്ടിപ്പടുക്കുന്ന ഗുണ്ടാ സ്വരൂപങ്ങളാണ് സൈബർ സ്‌പേസിലെ രാഷ്ട്രീയ പാർട്ടികളുടെ പടയാളികൾ. ഇത് ഏത് രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചും ഇങ്ങനെയാണ്. ജനാധിപത്യത്തിന്റെ അംശങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളിൽ അടക്കം ചോർന്നുപോകുന്നുവെന്ന ഭീഷണി ശക്തമായ കാലത്താണ് ഇത് സംഭവിക്കുന്നത്. ജനാധിപത്യത്തിന്റെ സ്ഥൂലതയിൽ അനുഭവപ്പെടുന്ന ഈ അരക്ഷിതാവസ്ഥ അതിന്റെ സൂക്ഷ്മതയിൽ, ചെറുസംവാദങ്ങളിൽ അടക്കം പെരുത്തുവരുന്നത് എന്തുകൊണ്ട് മതേതര ജനാധിപത്യ പാർട്ടികൾ മനസ്സിലാക്കുന്നില്ല? ഇന്ന് ഏറ്റവും എളുപ്പത്തിൽ സംഭവിക്കാവുന്ന കാര്യമാണ് സൈബർ സംവാദങ്ങൾ. അത് ഒരു സെമിനാർ വേദിപോലെ ഔപചാരികമായ ഒന്നിനും കാത്തുനിൽക്കുന്നില്ല. അതുകൊണ്ടുതന്നെ ആശയ സംഘട്ടനങ്ങൾ കുറേക്കൂടി തുറന്നതാണ്. അതിന് അനുസരിച്ച് അത് ആത്മനിഷ്ഠവുമാകും. വ്യക്തിപരമായ ഒരാവിഷ്‌കാരത്തിന്റെ ഘടകങ്ങൾ അതിലുണ്ടാകാം. പൊതുവെ ഔപചാരികമായ സംവാദ വേദികളിൽ കാണാത്തത്. ഒരാളുടെ ശക്തി/അറിവ്/മികവ് മാത്രമല്ല, ചിലപ്പോൾ ദൗർബല്യം/(സാമുദായിക കാരണങ്ങൾ കൊണ്ടുപോലും ആകാവുന്ന) അറിവിൽ നിന്നുള്ള അകലം/ മികവില്ലായ്മ എന്നിവയും പ്രകടമായേക്കാം. എന്നാലോ, പറയുന്നയാൾ ലോകമെങ്ങും ഒരേനിമിഷത്തിൽ തിരിച്ചറിയപ്പെടുകയും ചെയ്യും. പക്ഷെ ആ നിമിഷത്തിൽ അയാൾക്ക് കിട്ടേണ്ട സാമൂഹിക പരിരക്ഷ ആരുടെയും ബാധ്യതയാകുന്നില്ല. അയാൾ ടാർഗറ്റ് ചെയ്യപ്പെട്ടാൽ പെട്ടതുതന്നെ. അതിനാൽ സംവാദങ്ങൾ എന്ന സങ്കല്പത്തിന്റെ ടെക്സ്റ്റ് ബുക്ക് അർഥത്തിൽ നിന്ന് വ്യത്യസ്തമായി ഒരു ജീവൻമരണ പിടച്ചിൽ കൂടി വേണ്ടിവരുന്ന സന്ദർഭമാണ് അത് മാറുകയാണ്. ഭൗതിക ആക്രമണത്തിന് പോലും തടയിടാൻ പൊലീസിന്റെയോ സഹജീവികളുടെയോ പേരിനെങ്കിലുമുള്ള ശ്രമം ഉണ്ടായേക്കാം. ഇവിടെ അതുപോലുമില്ല. ഇത് നേരിടാനും മറികടക്കാനും വ്യക്തികൾക്ക് സാധിക്കില്ല.
ജനാധിപത്യത്തിന്റെ ഏറ്റവും തുറസ്സായ, പാകമായ ഇടങ്ങളാക്കി സൈബർ സ്‌പേസിനെ മാറ്റണമെങ്കിൽ അവിടെ ഒരു വിപ്ലവം നടക്കേണ്ടിവരും. ജനാധിപത്യപരമായ ഭാഷ രൂപപ്പെടണമെങ്കിൽ സഹിഷ്ണുതയിൽ ഊന്നിയുള്ള നവോത്ഥാനം വേണ്ടിവരും. സൈബർ സ്‌പേസ് നവീകരണ പ്രസ്ഥാനം ഈ കാലഘട്ടത്തിൽ ആവശ്യമാണെന്ന് ഞാൻ കരുതുന്നു.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ആക്രമിക്കപ്പെടുന്നയാൾ നൂറുശതമാനം മാനസികമായി ഒറ്റപ്പെട്ടുപോകുന്നു എന്നതാണ് ഏറ്റവും പ്രധാന വ്യത്യാസം. ഭൗതികമായ ആക്രമണങ്ങൾ തടുക്കപ്പെട്ടേക്കാം. ഇവിടെ അതിന് ഒരു മാർഗവുമില്ല. ആർക്കും ആക്രമിക്കാം. എത്ര ആവർത്തി വേണമെങ്കിലും ആക്രമിക്കാം. ഒരിക്കലോ പല തവണയായോ ആജീവനാന്തമോ ആക്രമിക്കാം. ആർക്കും തടയാൻ സാധിക്കില്ല. പ്രായോഗികതലത്തിൽ അതീവ ദുർബലമായ സൈബർ നിയമങ്ങളുടെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാനും പ്രയാസമില്ല. ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നയാൾ മാനസികമായി ഒറ്റപ്പെടുകയും തകർന്നുപോവുകയും ചെയ്യാം. അതല്ല, താൻ അങ്ങനെ തോറ്റുകൊടുക്കാൻ തയാറല്ല എന്ന് പ്രഖ്യാപിച്ച് അതിജീവിക്കുന്നവരും ഉണ്ടാകാം.

അവർക്ക് അവർ തന്നെ മനസ്സിലാക്കാത്ത, ആ അതിജീവനത്തിനു സഹായിക്കുന്ന പ്രിവിലെജുകളും ഉണ്ടാകാം. നേരത്തെ പറഞ്ഞ സൈബർ ഗുണ്ടാ സ്വരൂപങ്ങൾ സംഘടിതമായി രംഗത്തിറങ്ങിയാൽ അവരെ ഒരാൾക്ക് ഒറ്റയ്ക്ക് നേരിടുന്നതിന് പരിമിതികൾ ഇല്ലേ. തിരിച്ച്, ഇങ്ങോട്ടു ലഭിക്കുന്ന പിന്തുണ ഒറ്റപ്പെട്ടതാകാം. അപരിചിതരും നിസ്സഹായരുമായ ചില വ്യക്തികളുടെ ശബ്ദങ്ങൾ അനുകൂലമായി കേട്ടെന്നുവരാം. ചിലപ്പോൾ അതും ഉണ്ടാകില്ല. അതുകൊണ്ട്, ഒരാൾ ഒരു പൊതുസ്ഥലത്ത് വച്ച് ആക്രമിക്കപ്പെട്ടാൽ ഉണ്ടാകുന്ന സാമൂഹിക പിന്തുണ സൈബർ ഇടത്തിൽ ഉണ്ടാകുന്നില്ല. പിന്നെ, രുചിക്കാത്ത അഭിപ്രായം പറഞ്ഞയാളെ ബ്രാൻഡ് ചെയ്യുക എന്നതാണ് അയാളെ ഒറ്റപ്പെടുത്താൻ ഏറ്റവും വിദഗ്ധമായി ഈ ഗുണ്ടാ സ്വരൂപങ്ങൾ ഉപയോഗിക്കുന്ന മാർഗം. അങ്ങനെ, ഒരേയാൾ സംഘിയായും കമ്മിയായും കൊങ്ങിയായും മൗദൂദിസ്റ്റായും ബ്രാൻഡ് ചെയ്യപ്പെടുന്നു. പിന്നെ എളുപ്പമാണ് കാര്യം. എന്നാൽ ഈ "ബ്രാൻഡ്'വൽക്കരണത്തിലും പ്രിവിലേജ് ഉണ്ട്. സംഘിക്കും കമ്മിക്കും കൊങ്ങിക്കുമൊക്കെ പ്രിവിലേജ് ഉണ്ട്.
ഏറ്റവും അടിയിൽ ആരുടെയും തല്ല് എപ്പോഴും ഏറ്റുവാങ്ങി ചിലർ കിടക്കുകയും ചെയ്യുന്നു. എന്റെ ഏറ്റവും വലിയ ഐക്യദാർഢ്യം ആ മനുഷ്യർക്കൊപ്പമാണ്. ബിന്ദു കല്യാണി ഉൾപ്പെടുന്ന ആ ബ്രാൻഡഡ് മനുഷ്യർക്കൊപ്പം. അവരുടെ കൂടി ശബ്ദം ഉജ്വലമായി കേൾക്കാൻ കഴിയുന്ന ഒരിടത്തുമാത്രമേ സസ്റ്റൈനബിൾ ഡെമോക്രസി ഉണ്ടെന്ന് ഞാൻ പറയൂ.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

വ്യക്തിപരമായി ബി.ജെ.പി, സി.പി.എം, കോണ്ഗ്രസ് എന്നീ മൂന്നു പാർട്ടികളിൽ നിന്നു മാത്രമല്ല, മറ്റു മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് വരെ എനിക്ക് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. കഠിനമായി ഒറ്റപ്പെട്ട നിലയും ഉണ്ടായിട്ടുണ്ട്. പക്ഷെ, ഞാൻ പറഞ്ഞല്ലോ, ഏതെങ്കിലും വിധത്തിൽ ഞാനൊക്കെ പ്രിവിലെജ്ഡാണ്. അതിനാൽ സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയനായിട്ടില്ല. അങ്ങനെയാകുന്നവരെ കുറിച്ചാണ് എന്റെ ഉത്കണ്ഠ. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ നിരന്തരം ഓഡിറ്റ് ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിൽ ഒരു സൗജന്യവും ഞാൻ ചോദിക്കില്ല. പക്ഷെ പറയുന്ന കാര്യത്തെ അതിന്റെ ഗൗരവത്തിൽ സമീപിക്കാതെ നമ്മളെ അല്ലെങ്കിൽ നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തെ ബ്രാൻഡ് ചെയ്യുന്നതാണ് കാണുന്നത്. അത് തികച്ചും അന്യായമാണ്.

Comments