truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
12

Crime against women

പ്രണയക്കൊലപാതകം;
ആത്മനിന്ദയോടെ ഉച്ചരിക്കേണ്ട
ഒരു വാക്ക്​

പ്രണയക്കൊലപാതകം; ആത്മനിന്ദയോടെ ഉച്ചരിക്കേണ്ട ഒരു വാക്ക്​

സ്ത്രീ പുരുഷന്റെ ഇഷ്ടത്തിനനുസരിച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഉപകരണമല്ല. ഭൂമിയില്‍ ജീവിക്കാന്‍ തുല്യാവകാശമുള്ള മനുഷ്യരാണ്. അവളുടെ ശരീരവുമായി ബന്ധപ്പെട്ട പ്രകിയകളെക്കുറിച്ച് അറിവുണ്ടാവുന്നത് നല്ലതു തന്നെ. എന്നാല്‍ അവയെ കാല്പനികവല്‍ക്കരിക്കുകയോ ആ രക്തം, മൂത്രം, കാലുകള്‍, വസ്ത്രം,  ഉടല്‍ എന്റെ കൂടിയാണ് എന്ന് ഏറ്റെടുക്കുകയോ ചെയ്യേണ്ടതില്ല. സഹജീവിയോടുള്ള സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പെരുമാറുക മാത്രം ചെയ്താല്‍ മതിയാകും. അന്തസ്സുള്ള ഒരു മനുഷ്യജീവിയായി അവളെയും അവനവനെയും കാണാന്‍ ശ്രമിക്കുക മാത്രമേ വഴിയുള്ളൂ. ഇല്ലെങ്കില്‍ ഇപ്പോഴത്തേതുപോലെ അവള്‍ക്കൊപ്പം എരിയാമെന്നല്ലാതെ ഒരിക്കലും നിങ്ങള്‍ ജയിക്കില്ല.

20 Dec 2021, 10:33 AM

ആര്‍. രാജശ്രീ

പ്രണയക്കൊലപാതകം എന്ന വാക്ക് ഏറ്റവും സാധാരണമായി സ്വീകരിക്കേണ്ടി വരുന്ന  ഒരു ജനതയുടെ നിസ്സഹായത ഭീകരമാണ്. ആത്മനിന്ദയുടെ ഏറ്റവും താഴത്തെ പടിയില്‍ നിന്നുകൊണ്ടു വേണം അത് ഉച്ചരിക്കേണ്ടത്.

മനുഷ്യരായിരിക്കാന്‍ തങ്ങള്‍ക്കുള്ള അര്‍ഹതയെക്കുറിച്ച് അവര്‍ പലവട്ടം ആലോചിക്കണം. പൗരര്‍ എന്ന നിലയില്‍ സമൂഹത്തിനും സാമൂഹിക ജീവിയെന്ന നിലയില്‍ സഹജീവികള്‍ക്കും രക്ഷിതാക്കള്‍ എന്ന നിലയില്‍ കുട്ടികള്‍ക്കും എന്തു തരം മാതൃകകളായിരുന്നു തങ്ങളെന്നുള്ള സ്വയം വിമര്‍ശനങ്ങള്‍ക്കും സമയമായിട്ടുണ്ട്. ഓരോ തവണയും പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴുള്ള ഞെട്ടലുകള്‍ക്കും  പ്രതിഷേധങ്ങള്‍ക്കും ആക്കം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അതെന്തായാലും വേണം. മനുഷ്യാന്തസ്സിനെക്കുറിച്ചും തുല്യതയെക്കുറിച്ചും നടക്കുന്ന സംവാദങ്ങള്‍ വലിയൊരു വിഭാഗത്തിന്റെ തലയ്ക്കു മുകളിലൂടെ മാത്രം ഒഴുകിപ്പോകുന്നവയാണ് എന്ന് നിരന്തരമുണ്ടാകുന്ന ഈ സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. ഈ പരമ്പരയില്‍ കൃഷ്ണപ്രിയയല്ല അവസാനത്തെ വ്യക്തിയെന്ന കാര്യം ഏകദേശം ഉറപ്പാണ്.  ജനാധിപത്യ ബോധം തൊട്ടു തെറിച്ചിട്ടില്ലാത്ത വിധം അടഞ്ഞതും അങ്ങേയറ്റം രോഗാതുരവുമായി ആണ്‍മനസ്സുകള്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ഏറ്റവും ആധുനികവും പുരോഗമനോന്മുഖവുമാണെന്ന് ഭാവിക്കുമ്പോഴും അതിനൊക്കെയും കടകവിരുദ്ധമായ ഉള്‍ക്കാമ്പാണ് അതിനുള്ളത് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മനോവൈകല്യമുള്ള ക്രിമിനലുകള്‍ ചെയ്യുന്ന ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളായി ഇത്തരം പെണ്‍ ഹത്യകളെ വിശേഷിപ്പിക്കുന്നത് അതിന്റെ ഗൗരവം കുറച്ചു കാണലാണ് .

ALSO READ

വിവാഹപ്രായം 21: സ്​ത്രീവിരുദ്ധതയിലേക്ക്​ ഒരു കുറുക്കുവഴി

 സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അതിനെ പലതരത്തില്‍ പിന്തുണയ്ക്കുകയും കൊല്ലപ്പെട്ടവരെ തെറ്റുകാരായി സ്ഥാപിക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നവരെ എക്കാലത്തും കാണാം. അവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. എല്ലാ പ്രായപരിധികളിലും പെട്ടവരുണ്ട്. ഇതേക്കുറിച്ച് ഒമ്പതാം ക്ലാസുകാര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലടക്കം ‘അവനാണ് ആണ്‍കുട്ടി’യെന്ന് നെഞ്ചുവിരിക്കുന്ന ആണ്‍കുട്ടികളും അവള്‍ ‘അവനെ തേച്ചിട്ടല്ലേ’ എന്ന് ചൂളുന്ന പെണ്‍കുട്ടികളുമുണ്ട്. ഇരയായ പെണ്‍കുട്ടി മരണം അര്‍ഹിക്കുന്നവളാണെന്ന് ബോധപൂര്‍വമോ അല്ലാതെയോ ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരിലുണ്ട് ഇനിയും പൊട്ടന്‍ഷ്യല്‍ കൊലപാതകികള്‍. നിര്‍ഭാഗ്യവശാല്‍ പല കുടുംബങ്ങളുടെയും മനോനിലയടക്കം അങ്ങനെ രൂപപ്പെട്ടിട്ടുണ്ട് എന്ന് തിരിച്ചറിയാതെ പോകുന്നത് ദാരുണമാണ്.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

കൃഷ്ണപ്രിയയുടെ കൊലപാതകത്തിനു ശേഷം കൊലയാളിയുടെ സുഹൃത്തുക്കള്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടവര്‍ പ്രചരിപ്പിച്ച ഒരു ഓഡിയോ ക്ലിപ്പില്‍ മകളുടെ ഭാവികൊലയാളി അന്തസ്സുള്ള ആണ്‍കുട്ടിയാണ് എന്ന് സമ്മതിക്കുന്ന ഒരു പുരുഷശബ്ദം കേള്‍ക്കാം. ആ ഓഡിയോ ക്ലിപ്പ് സത്യമാണെങ്കില്‍ ഈ സംഭവത്തിലെ ഏറ്റവും ക്രൂരമായ ഘടകം അതാണ്. എന്തുകൊണ്ടാണ്  ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും സ്വന്തമായി തീരുമാനങ്ങളുള്ള പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമാണത്. അച്ഛനായാലും ഭര്‍ത്താവായാലും സഹോദരനായാലും കാമുകനായാലും മകനായാലും ആണിന്റെ അന്തസ്സ് പെണ്ണിനെ നിയന്ത്രിക്കാനുള്ള അവന്റെ കഴിവിലും അധികാരത്തിലുമാണ്  കുടികൊള്ളുന്നതെന്ന പഴയ വാറോലയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദമാണത്.  ‘മകളെ അടക്കി വളര്‍ത്തേണ്ട ' അമ്മയുടെ ഉത്തരവാദിത്തം പരമാവധി താന്‍ നിറവേറ്റിയിട്ടുണ്ടെന്ന്  അപമാനത്തിന്റെ ആഴത്തില്‍ വീണ് വിങ്ങിപ്പൊട്ടുന്ന ഒരു സ്ത്രീ സ്വരം കൂടിയുണ്ട് അതില്‍. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ചോദ്യം ചെയ്യുന്ന മറ്റൊരു സ്ത്രീശബ്ദം അതില്‍ മുഴങ്ങുന്നുണ്ട്. അത് ഒറ്റപ്പെട്ട ഒന്നല്ല ,മേല്‍ സൂചിപ്പിച്ച ആണ്‍കൂട്ടത്തിന്റെ ശബ്ദമാണത്.  പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ച്  അപമാനകരമായി സംസാരിക്കാന്‍ സ്ത്രീക്കായാലും പുരുഷനായാലും  അധികാരം നല്കുന്ന വ്യവസ്ഥയേതാണ്?

നമ്മുടെ നാട്ടിലെ വിവാഹങ്ങളില്‍ ആണ്‍വീട്ടുകാരുടെയും പെണ്‍ വീട്ടുകാരുടെയും അധികാരബന്ധങ്ങള്‍ വിചിത്രമാണ്. പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടുകാര്‍ക്ക് കീഴടങ്ങണമെന്ന അലിഖിതനിയമത്തിന്റെ തുടര്‍ച്ചയുണ്ടതില്‍. വിവാഹം എന്ന ഒരു ഉടമ്പടിയോടെയാണ് അതിന് എല്ലായിടത്തും ബലമുണ്ടാകുന്നത്. പ്രചരിപ്പിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പില്‍, സമീപഭാവിയില്‍ നടക്കുമെന്നു വിശ്വസിക്കുന്ന വിവാഹത്തിന്റെ ബലത്തിലാണ് കൊലയാളിയുടെ സഹോദരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിക്ക് ഇരയുടെ വീട്ടുകാരെ അധിക്ഷേപിച്ചു സംസാരിക്കാനും മകളുടെ തെരഞ്ഞെടുപ്പുകള്‍ക്ക് യാതൊരു വിധത്തിലും ഉത്തരവാദിയല്ലാത്ത മറ്റൊരു സ്ത്രീയെ കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിടാനും കഴിയുന്നത് എന്നു കാണാം.

വിവാഹം വഴി സാമൂഹികാംഗീകാരം കിട്ടിയതും ടോക്‌സിക് ആയതുമായ ഒരു ബന്ധത്തിനകത്തുനിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ അതിജീവനത്തിന് ഇന്നും കുറഞ്ഞ സാധ്യതകളാണുള്ളത് എന്നത് വാസ്തവമാണ്. വളരെ ശ്രമകരമാണത്. പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കാര്യത്തിലാവുമ്പോള്‍ സ്ത്രീയുടെ ചുമലുകളില്‍ അധികഭാരം വരും. കാരണം പ്രണയത്തിന് എഴുത്തിലും സിനിമയിലുള്ള കാല്പനികഭാവമല്ല യഥാര്‍ത്ഥ ജീവിതത്തിലുള്ളത് എന്നതു തന്നെ. പ്രണയം സമൂഹത്തിനെതിരായ കുറ്റകൃത്യമായിത്തന്നെയാണ് ഇന്നും ഗണിക്കപ്പെടുന്നത്. സിനിമയില്‍ നായികാനായകന്മാരുടെ പ്രണയസാഫല്യത്തിനായി നെഞ്ചുരുകുന്നവര്‍ സ്വന്തം കുടുംബങ്ങളില്‍ അതിനെ പുറത്തു നിര്‍ത്താന്‍ തന്നെ ശ്രമിച്ചെന്നു വരാം. കുടുംബത്തിനകത്തെ ജനാധിപത്യത്തിന്റെ കാര്യം അതിലും വലിയ തമാശയാണ്. തന്റെ കുടുംബത്തിലെ ജനാധിപത്യം അധികാരം പ്രയോഗിച്ച് തനിക്കനുകൂലമാക്കിയെടുക്കുന്ന ഒരു കഥാപാത്രം തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലുണ്ട്. പലപ്പോഴും കുടുംബത്തിലെ  പെണ്‍കുട്ടികളുടെ പ്രണയ കാര്യങ്ങളില്‍ ഈ മാതൃകയിലാണ് തീരുമാനങ്ങള്‍ വരാറ്. പതിനെട്ടിലായാലും ഇരുപത്തൊന്നിലായാലും സ്വന്തം ശരീരത്തിനും മനസ്സിനും തീരുമാനങ്ങള്‍ക്കും മേല്‍ അധികാരമില്ലാത്തവരാണ് ബഹുഭൂരിപക്ഷം സ്ത്രീകള്‍. അത്തരമൊരു അധികാരത്തിനു വേണ്ടി അവള്‍ സര്‍വശക്തിയുമെടുത്ത് പൊരുതേണ്ടി വരും . അതില്‍ത്തന്നെ എടുത്തു പറയേണ്ട മറ്റൊന്നുണ്ട്;  സ്വന്തം പ്രണയമോ വിവാഹമോ തെരഞ്ഞെടുക്കുന്നതിനെക്കാള്‍ ദുഷ്‌കരമാണ്  ഒരു സ്ത്രീക്ക് ഇന്ത്യന്‍ കുടുംബ സാഹചര്യങ്ങളില്‍ പ്രണയമോചനമോ വിവാഹമോചനമോ  തെരഞ്ഞെടുക്കാന്‍.  കുടുംബം സമൂഹത്തിനു മുന്നില്‍ അപഹസിക്കപ്പെടുമെന്ന ഭയം കൊണ്ട് അതില്‍ത്തന്നെ തുടരുകയാണ് പലരും ചെയ്യുക.

movie
തിങ്കളാഴ്ച നിശ്ചയം സിനിമയില്‍ നിന്ന്

താന്‍ തെരഞ്ഞെടുത്ത വ്യക്തിയും അയാളുടെ ബന്ധുക്കളും തന്റെ ചിന്താഗതികളുമായി ഒത്തുപോകുന്നില്ലെന്നോ ഈ ബന്ധങ്ങള്‍ക്ക് പരിധിവിട്ട ടോക്‌സിസിറ്റിയുണ്ടെന്നോ ഉള്ള കൃഷ്ണപ്രിയ കണ്ടെത്തിയിട്ടുണ്ടാവാം. സമീപകാലത്തുണ്ടായ ചില സംഭവങ്ങളും അതേക്കുറിച്ചു നടന്ന ചര്‍ച്ചകളും മറ്റും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള അവള്‍ നിരീക്ഷിച്ചിട്ടുമുണ്ടാകാം. ടോക്‌സിക്കായ ബന്ധങ്ങളെക്കുറിച്ച് പെണ്‍കുട്ടികള്‍ തിരിച്ചറിവു നേടിക്കൊണ്ടിരിക്കുകയും അതില്‍ നിന്നു പുറത്തു കടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമയം കൂടിയാണിത്. മറ്റൊരുദ്ദേശ്യത്തില്‍ പ്രചരിപ്പിക്കപ്പെട്ടതാണെങ്കിലും ആ ഓഡിയോ ക്ലിപ്പ്  ബന്ധത്തില്‍ നിന്നു പിന്മാറാനുള്ള അവളുടെ തീരുമാനം  ശരിവയ്ക്കുന്നുണ്ട് എന്നതാണ് വാസ്തവം. നിലവിലുള്ള ബന്ധം അനാരോഗ്യകരമാണെന്നു കണ്ട് പിന്മാറുകയോ മറ്റൊരു ബന്ധം കണ്ടെത്തുകയോ ചെയ്യുന്നത് മനുഷ്യരെ സംബന്ധിച്ച്​  സ്വാഭാവികമായ പ്രവൃത്തിയാണ്. സ്ത്രീയെ അപേക്ഷിച്ച് പുരുഷന് ഇക്കാര്യത്തില്‍ സാമൂഹിക പിന്തുണ കൂടുതലും ലഭിച്ചേക്കും.

ALSO READ

2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ വേണമെങ്കിലും സമരം തുടരാന്‍ ഞങ്ങള്‍ സജ്ജരാണെന്ന് സ്വയം തിരിച്ചറിഞ്ഞു

പക്ഷേ ഏറ്റവും ദാരുണമായ വസ്തുത,  കൃഷ്ണപ്രിയയ്ക്ക് കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ പിന്തുണ ലഭിച്ചില്ല എന്നതാണ്. അതിനും ആ ഓഡിയോ തന്നെയാണ് തെളിവ്. ഫോണ്‍ കോള്‍ വഴി അത്തരത്തില്‍ അപമാനിക്കപ്പെടുകയും മകളെ  ‘അച്ചടക്കത്തില്‍ ' വളര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്തം ഏറെക്കുറെ തനിയെ ഏൽക്കേണ്ടി വരികയും ചെയ്യുന്ന ഒരു സ്ത്രീക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ നീതിന്യായ വ്യവസ്ഥയോടോ ഇക്കാര്യത്തില്‍ സഹായാഭ്യര്‍ത്ഥന നടത്താനുള്ള ധൈര്യമുണ്ടാവുന്നതെങ്ങനെയാണ്? പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനത്തെക്കാള്‍ പലപ്പോഴും സ്ത്രീകള്‍ ഭയക്കുന്നത് കുടുംബത്തിനകത്തു പോലും പിന്തുണയില്ലാതെ വരുന്ന സാഹചര്യമാണ്. പീഡന വിവരങ്ങള്‍ പോലും സമൂഹത്തെ ഭയന്ന് മൂടിവയ്ക്കപ്പെടുന്നത് പതിവാണല്ലോ
പെണ്‍മക്കളുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങളുടെ വൈകാരിക സമ്മര്‍ദ്ദം ഒറ്റയ്ക്ക് പേറേണ്ടി വരുന്ന നിരവധി അമ്മമാര്‍ നമ്മുടെ നാട്ടിലുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യവുമാണ്. 

വിവാഹവും കുടുംബ സ്ഥാപനവും എത്ര വിഷമയമായ ബന്ധങ്ങളെയും നീതീകരിച്ചു കളയും. അതിനുള്ളില്‍ നടക്കുന്ന അനീതികളൊക്കെ ഏറ്റവും സ്വാഭാവികമായ കാര്യങ്ങളാണെന്ന്  അംഗങ്ങളെ വിശ്വസിപ്പിക്കും. വാസ്തവത്തില്‍ ഇത്രയും രോഗാതുരമായ ആണ്‍ മനോനിലകളെ സൃഷ്ടിച്ചതും വളര്‍ത്തി വഷളാക്കിയതും നിലവിലെ വിവാഹ - കുടുംബ വ്യവസ്ഥകള്‍ തന്നെയാണ്. എല്ലാ പ്രിവിലേജുകളുടെയും ഉടമയാണ് പുരുഷനെന്നും അവന്റെ അധികാരം ചോദ്യം ചെയ്യപ്പെടാതെ നിലനിന്നുപോകേണ്ടതാണെന്നുമുള്ള തോന്നല്‍ വീട്ടകങ്ങളില്‍ നിന്നു തന്നെയുണ്ടാവുന്നതാണ്.  സിനിമകളും സീരിയലുകളുമൊക്കെ അത്തരം തോന്നലുകളെ പരമാവധി പൊലിപ്പിക്കുകയും ബന്ധങ്ങളിലെ പ്രകടമായ ടോക്‌സിസിറ്റിയെപ്പോലും കാല്പനികമായി ചിത്രീകരിക്കുകയും ചെയ്യും. നമ്മുടെ ജനപ്രിയ നായകരിലധികവും കൈകാര്യം ചെയ്ത വേഷങ്ങളിലധികവും അത്തരത്തിലുള്ളവയാണെന്നു കാണാം. നിലവില്‍ ഏറ്റവും ജനപ്രിയമായ സീരിയലുകളുടെയും പ്രമേയം മറ്റൊന്നല്ല.
വരുതിക്കു നില്ക്കാത്ത സ്ത്രീയെ പുരുഷന്‍ അടിച്ചൊതുക്കുമ്പോള്‍ കയ്യടിക്കുന്ന വീട്ടകങ്ങള്‍ ആണ്‍കുട്ടിക്ക് ( പെണ്‍കുട്ടിക്കും) നല്കിയിരുന്ന സന്ദേശം എന്തായിരുന്നു?

ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും നേടുകയും പുറം നാടുകളില്‍ ജീവിക്കുകയും ചെയ്ത പെണ്‍കുട്ടികള്‍ക്ക് അവരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ ഉള്‍ക്കാഴ്ചയുണ്ടാകും. പുതിയ പെണ്‍കുട്ടികള്‍ സ്വന്തം ജീവിതത്തെക്കുറിച്ച് ധാരണയുള്ളവരാണ്. അധ്വാനിച്ച് പുലരാനും കുടുംബം പുലര്‍ത്താനും  പ്രാപ്തിയുള്ളവരാണ്. അവരില്‍ ചിലര്‍ ദരിദ്രരായിരിക്കാം. ഗവണ്‍മെന്റ് തലത്തിലും അല്ലാതെയും പല വിധത്തിലുള്ള സഹായങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടാവാം.

അത്തരത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ സുഭദ്രമായ സാമ്പത്തിക സ്ഥിതിയുള്ളവരെ അപേക്ഷിച്ച് മറ്റൊരു തരത്തില്‍ക്കൂടി സാമൂഹികമായ ഓഡിറ്റിംഗിന് വിധേയരായെന്നു വരാം. സഹായങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് അതിനുള്ള അര്‍ഹതയുണ്ടോ എന്നതിനെക്കാള്‍ അവര്‍ സദാചാരനിഷ്ഠരും ലക്ഷണയുക്തരുമായ നിസ്സഹായരാണോ എന്നതാവും മുഖ്യവിഷയം. സഹായങ്ങള്‍ നല്കിയെന്നത് അവരുടെ തുടര്‍ജീവിതത്തെ നിരീക്ഷിക്കാനും  ഇടപെടാനും എല്ലായിടത്തും വിമര്‍ശിക്കാനും പലപ്പോഴും ക്രൂരമായി പരിഹസിക്കാനുമുള്ള അവകാശമായി കാണുന്ന രീതിയുണ്ട്. ജിഷയുടെ അമ്മയെയും സൗമ്യയുടെ അമ്മയെയും താരതമ്യം ചെയ്തു കൊണ്ടുള്ള ആഖ്യാനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് പെട്ടെന്ന് പിടി കിട്ടും. അത്തരത്തില്‍ തങ്ങളില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിച്ചവര്‍ തങ്ങളുടെ നിര്‍ദ്ദേശാനുസരണമാണ് ജീവിക്കേണ്ടത് എന്നാരു പൊതുബോധം രൂപപ്പെട്ടിട്ടുണ്ട്.  പ്രണയക്കൊലപാതകങ്ങളുടെ സന്ദര്‍ഭത്തിലേക്കു വരുമ്പോള്‍ അതിന് മറ്റൊരുമാനം കൈവരുന്നതു കാണാം. ജോലി കിട്ടിയതോടെ ആളുമാറി എന്നതു പോലുള്ള പരാതികളുണ്ടാകുന്ന സന്ദര്‍ഭം അതാണ്. ഇത്തരം പെണ്‍കുട്ടികള്‍ക്ക് നല്ല കുട്ടി എന്ന ഇമേജിനെ പരിക്കുപറ്റാതെ കൊണ്ടു നടക്കേണ്ട അധികബാധ്യത കൂടിയുണ്ട്. ജാതിനിലയും ഇതുപോലെയോ ഇതിലധികമോ ബാധകമാണെന്നതിനും ഉദാഹരണങ്ങള്‍ നാം കണ്ടു കഴിഞ്ഞു. അവയെപ്പോലുള്ള ദുരഭിമാനക്കൊലകള്‍ തന്നെയാണ് ഒരര്‍ത്ഥത്തില്‍ ഈ പ്രണയക്കൊലകളും. പുരുഷന്റെ അഹന്തയുടെയും ദുരഭിമാനത്തിന്റെയും ഇരകളാകുന്ന പെണ്‍കുട്ടികള്‍ രണ്ടിലുമുണ്ട്.

ALSO READ

ജാനകി ഓർക്കുന്നു; കീനേരി കുഞ്ഞമ്പു എന്ന രക്തസാക്ഷി​യെ, സഹോദരനെ

അതിനു ശേഷം നടക്കുന്ന  ‘സത്യാന്വേഷണ'ങ്ങളും  ‘പുറത്തുവിടലു'കളും വാസ്തവത്തില്‍ കൊലയെ ന്യായീകരിക്കലാണ്. ഒളിച്ചിരിക്കുന്ന കൊലയാളികള്‍ക്കു കൂടി ധൈര്യം പകരുന്നതാണ്. വേലി ചാടുന്ന പശുക്കള്‍ക്ക് വിധിക്കപ്പെടുന്ന മരണങ്ങളായി അവയെ  സ്വീകരിക്കാന്‍ സമൂഹത്തിനു നല്കുന്ന പരിശീലനമാണ്. സ്വാതന്ത്ര്യ കാംക്ഷികളായ സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലാന്‍ നടക്കുന്ന അത്തരം വിചാരണക്കൂട്ടങ്ങള്‍ ഒരിക്കലും നീതീകരിക്കപ്പെടരുത്. 
‘തേപ്പുകാരി’ യെ അപമാനിക്കാന്‍ കേക്കുമുറിക്കുകയും ബലൂണ്‍ പറത്തുകയും അതിനൊക്കെ കയ്യടിക്കുകയും ചെയ്യുന്ന ദുര്‍ബലരോടാണ്:
പ്രണയവും ലൈംഗികതയും ആത്യന്തികമായി വ്യക്തികളുടെ സ്വന്തം കാര്യമാണ് എന്ന ബാലപാഠം  പഠിച്ചു തുടങ്ങേണ്ടതുണ്ട്. അതില്‍ പിടിച്ചടക്കലിന്റെയോ വിട്ടുകൊടുക്കലിന്റെയോ കാര്യമില്ല. ദമ്പതികള്‍ തമ്മിലായാലും കുടുംബാംഗങ്ങള്‍ തമ്മിലായാലും  സ്വകാര്യതയെ മാനിക്കുകയെന്നത് പരമപ്രധാനമാണ്. ഓരോ വ്യക്തിക്കും സ്വന്തമായ ഇടങ്ങളുണ്ട്. അതില്‍ അതിക്രമിച്ചു കയറുന്നത് മാന്യതയല്ല. എന്ത് കടപ്പാടുണ്ടായാലും ഓരോരുത്തരുടെ തെരഞ്ഞെടുപ്പുകളെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നതാണ് ഭംഗി. അവയെ ബലം പ്രയോഗിച്ച് ഇല്ലായ്മ ചെയ്യുന്നത് മനുഷ്യത്വ വിരുദ്ധവും കുറ്റകൃത്യവുമാണ്. വൈകാരിക സമ്മര്‍ദ്ദത്തിനോ പ്രലോഭനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ  അടിപ്പെടുത്തി ലോകത്ത് ആരെയും സ്‌നേഹിപ്പിക്കാന്‍ സാധിക്കില്ല. മറിച്ചു ചിന്തിക്കുന്നത് നിങ്ങളെയും അപകടത്തിലാക്കുകയേയുള്ളൂ.

മനുഷ്യബന്ധങ്ങളിലും നിരന്തരമായ നവീകരണം നടക്കുന്ന കാലമാണ്. അടിമ- ഉടമ ബന്ധം പരിഹാസ്യമായ ഏര്‍പ്പാടാണെന്ന് തിരിച്ചറിയുന്ന സ്ത്രീകള്‍ അത്തരം ബന്ധങ്ങളില്‍ നിന്ന് ഇറങ്ങിപ്പോകും. താല്‍ക്കാലികമായി കലിപ്പന്റെ  കാന്താരി കളിക്കുന്ന സ്ത്രീകള്‍ക്കു പോലും ഒട്ടു കഴിയുമ്പോള്‍ ബോധം വരും. പുരുഷന്റെ അക്രമസ്വഭാവവും വിവരക്കേടുകളും അവന് അലങ്കാരമാണെന്നു കരുതുന്ന സ്ത്രീകള്‍ ഇനിമേല്‍ കുറഞ്ഞു വരികയേയുള്ളൂ. സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അപകര്‍ഷതയും മിഥ്യാബോധവും മറച്ചുവയ്ക്കാന്‍ സ്ത്രീകളെ തെറി വിളിക്കുന്നതിലെ വ്യര്‍ത്ഥത ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്. സ്ത്രീ പുരുഷന്റെ ഇഷ്ടത്തിനനുസരിച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഉപകരണമല്ല. ഭൂമിയില്‍ ജീവിക്കാന്‍ തുല്യാവകാശമുള്ള മനുഷ്യരാണ്. മനുഷ്യസഹജമായ ശക്തി ദൗര്‍ബല്യങ്ങളാണ് അവള്‍ക്കുള്ളത്. അവളുടെ ശരീരവുമായി ബന്ധപ്പെട്ട പ്രകിയകളെക്കുറിച്ച് അറിവുണ്ടാവുന്നത് നല്ലതു തന്നെ. എന്നാല്‍ അവയെ കാല്പനികവല്‍ക്കരിക്കുകയോ ആ രക്തം, മൂത്രം, കാലുകള്‍, വസ്ത്രം,  ഉടല്‍ എന്റെ കൂടിയാണ് എന്ന് ഏറ്റെടുക്കുകയോ ചെയ്യേണ്ടതില്ല. സഹജീവിയോടുള്ള സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പെരുമാറുക മാത്രം ചെയ്താല്‍ മതിയാകും. അന്തസ്സുള്ള ഒരു മനുഷ്യജീവിയായി അവളെയും അവനവനെയും കാണാന്‍ ശ്രമിക്കുക മാത്രമേ വഴിയുള്ളൂ. ഇല്ലെങ്കില്‍ ഇപ്പോഴത്തേതുപോലെ അവള്‍ക്കൊപ്പം എരിയാമെന്നല്ലാതെ ഒരിക്കലും നിങ്ങള്‍ ജയിക്കില്ല.
അവളുടേതല്ല, നിങ്ങളുടേതാണ് പടുമരണം.

  • Tags
  • #Crime against Women
  • #Crime
  • #Patriarchy
  • #Gender
  • #R Rajasree
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
woman

Crime against women

റിദാ നാസര്‍

ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം: പൊരുതുന്ന സ്​ത്രീകളുടെ എണ്ണം കൂടുന്നു

Jan 21, 2023

18 Minutes Read

muslim-women

Human Rights

എം.സുല്‍ഫത്ത്

മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശം: ഭരണകൂടം കാണേണ്ടത്​ മതത്തെയല്ല,  മതത്തിനുള്ളിലെ സ്ത്രീയെ

Jan 12, 2023

10 Minutes Read

Anupama Mohan

OPENER 2023

അനുപമ മോഹന്‍

വസ്​ത്ര സ്വാതന്ത്ര്യത്തിനായി കുടുംബത്തിനകത്ത്​ നടത്തിയ ഒരു ഫൈറ്റിന്റെ വർഷം

Jan 03, 2023

5 Minutes Read

Toxic love

Society

ആര്‍. രാജശ്രീ

പ്രണയിക്കുന്നവര്‍ക്കിടയില്‍ സമൂഹത്തിന് എന്തുകാര്യം?

Dec 28, 2022

10 Minutes Read

Nireeksha-Women's-Theatre

Theatre

എസ്.കെ. മിനി

അത്ര സുഖകരമല്ല, അരങ്ങിലേക്കുള്ള പെൺസഞ്ചാരങ്ങളിപ്പോഴും

Dec 24, 2022

6 Minutes Read

R Rajasree

Literature

ആര്‍. രാജശ്രീ

കല്യാണിയുടെയും ദാക്ഷായണിയുടെയും കത പിറന്ന കഥ

Nov 23, 2022

10 Minutes Read

Wonder Women

Film Review

ദേവിക എം.എ.

പ്രോഗ്രസീവായ ഒന്നുമില്ലാത്ത വണ്ടര്‍ വിമെന്‍

Nov 19, 2022

4 minutes read

Bhagaval Singh

Crime

ഡോ. ടി.എസ്. ശ്യാംകുമാര്‍

ഇന്നും തുടരുന്ന നരബലിയും മന്ത്രവാദവും

Oct 11, 2022

2 Minutes Read

Next Article

വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ: ഭക്ഷണത്തിന്റെയും വിശപ്പിന്റെയും  അനുഭവങ്ങളില്‍ നിന്നൊരു ഭക്ഷണശാല

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster