ഓർമകൾ പോലും അനക്കമറ്റ രീതിയിൽ, ജീവിതം മുന്നോട്ടുനീക്കുന്ന മനുഷ്യരുടെ തനിച്ചാകൽ വ്യഖ്യാനങ്ങൾക്കതീതമാണ്.
4 Apr 2020, 11:32 AM
ഏകാന്തത ഉരുകിയുറച്ച് ഉണ്മയായി ഭവിക്കുന്ന, മൗനം ശബ്ദായമാനമാവുന്ന, സ്പർശം സാന്ത്വനമേകാത്ത ജീവിതമുഹൂർത്തങ്ങൾ പറഞ്ഞുഫലിപ്പിക്കാനോ, എഴുതി അനുഭവിപ്പിക്കാനോ അനായാസം സാധിക്കില്ല. അന്ധകാരവും നിശബ്ദതയും പോലെ ബാഹ്യസമ്മർദമില്ലാതെ തന്നെ ഏകാന്തത നിർണായകത്വം ഏറ്റെടുക്കുന്ന സാഹചര്യങ്ങളിൽ മനുഷ്യർ ഭൂമിയിലെ ചലിക്കുന്ന കളിപ്പാവകളാവുന്നു.
ഭൂമി എന്ന ആവാസവ്യവസ്ഥ സംഘർഷങ്ങളുടെയും അന്തഃച്ഛിദ്രങ്ങളുടെയും ഗൂഢാലോചനകളുടെയും വിളനിലമായി അരികുകളിലും മൂലകളിലും അതിരുകളിലും ‘കാത്തു’ നിൽക്കുന്നവരെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. കൂട്ടമായി നിൽക്കുമ്പോഴും ഒറ്റയാവുന്നവരെപ്പോലെ മനുഷ്യർ മാറുന്ന സ്ഥിതിവിശേഷമാണത്.
ഗർഭപാത്രത്തിലെ ഭ്രൂണാവസ്ഥയെ പോലും അസ്ഥിരപ്പെടുത്തുന്ന വിധത്തിൽ പുറംലോകം അലങ്കോലപ്പെട്ടിരിക്കുന്ന നാളുകളിൽ ഏകാന്തതയുടെ വരണ്ട പാളങ്ങൾ ലക്ഷ്യമില്ലാതെ നീണ്ടു കിടക്കുകയാണ്.
അധികാരം, അരാജകത്വം, അരക്ഷിതാവസ്ഥ എന്നിങ്ങനെയുള്ള ഘടകങ്ങൾ സംഭ്രമം സൃഷ്ടിക്കുമ്പോൾ, ജനങ്ങളുടെ മനഃസ്വസ്ഥത നഷ്ടപ്പെടുകയാണ്. അലറിപ്പായുന്ന തീയുണ്ടകളുടെ വേഗത്തെ എന്നന്നേക്കുമായി മറന്ന്, സമാധാനത്തെ ഏറ്റവും വലിയ വികാരമായി കാംക്ഷിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ നെടുവീർപ്പുകളുടെ മാറ്റൊലി കുറയ്ക്കാൻ പ്രയാസമാണ്.
ഗർഭപാത്രത്തിലെ ഭ്രൂണാവസ്ഥയെ പോലും അസ്ഥിരപ്പെടുത്തുന്ന വിധത്തിൽ പുറംലോകം അലങ്കോലപ്പെട്ടിരിക്കുന്ന നാളുകളിൽ ഏകാന്തതയുടെ വരണ്ട പാളങ്ങൾ ലക്ഷ്യമില്ലാതെ നീണ്ടു കിടക്കുകയാണ്.
ഓർമകൾ പോലും അനക്കമറ്റ രീതിയിൽ, ജീവിതം മുന്നോട്ടുനീക്കുന്ന മനുഷ്യരുടെ തനിച്ചാകൽ വ്യഖ്യാനങ്ങൾക്കതീതമാണ്. പ്രക്ഷുബ്ദമായ ചില സന്ദർഭങ്ങൾ മുൻകൂട്ടി തയ്യാറാക്കാത്ത ജീവിതചക്രത്തിലേക്ക് മനുഷ്യരെ വീഴ്‌ത്തുന്നു. ഏകാധിപത്യമോ അധികാരമോ അസ്വതന്ത്രമാക്കി വെച്ചിരിക്കുന്ന ഇടങ്ങളിൽ മനുഷ്യരുടെ ഉയിരും ഉടലും പ്രത്യാശാഭരിതമാവുന്നത് അതിജീവന യത്നങ്ങളിലൂടെയാണ്; വിപ്ലവങ്ങളിലൂടെ ഭരണകൂടങ്ങളുടെ ആധിപത്യത്തിന് അറുതിയുണ്ടാക്കുമ്പോഴാണ്.
എന്നാൽ ഇത്തരം വിപ്ലവങ്ങളിലൂടെ തളിർക്കാനും പൂക്കാനും മറന്നു പോയ വസന്തം വീണ്ടും ആഗതമായി എന്ന് ധരിക്കുന്നത് പൂർണമായും ശരിയാവണമെന്നില്ല. അടച്ചിട്ട മുറിയിൽ ജാലകത്തിലൂടെ മാത്രം ആകാശത്തെ കാണുന്നവരുണ്ടാവും. ഭൂമിയിൽ ചുവടുറപ്പിച്ചുകൊണ്ടുള്ള സ്വച്ഛമായ ആകാശക്കാഴ്ച അപ്പോഴും അന്യമായിരിക്കും. വാതിലുകൾ അടയ്ക്കുന്ന ഭൂമിയിൽ, ഏകരായിത്തീരുന്നവർക്ക് രക്ഷപ്പെടൽ ദുഷ്കരമാണ്.
‘അവസാനത്തെ അതിരുകൾക്കപ്പുറം എവിടേക്കാണ് നാം പോകുക?
ഒടുവിലത്തെ ആകാശത്തിനപ്പുറം എങ്ങോട്ടാണ് പക്ഷികൾ പറക്കുക?’ എന്ന മഹ്മൂദ് ദർവീഷിെൻറ വരികൾ ഇവിടെ ഓർക്കണം.
‘ഒരാൾക്ക് മറ്റൊരാളുടെ കൂടെ ജീവിക്കുമ്പോഴേ വിശ്വാസവഞ്ചന ചെയ്യാൻ സാധിക്കൂ’

പോർച്ചുഗീസ് ഭരണത്തിന് കീഴിലായിരുന്ന അംഗോളക്ക് ഇടതുപക്ഷത്തിൻെറ നേതൃത്വത്തിൽ നടന്ന കലാപത്തെ തുടർന്ന് സ്വാതന്ത്ര്യം ലഭിച്ചത് 1975ലാണ്.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏതാനും നാൾ മുമ്പ്, പോർച്ചുഗലിൽനിന്ന് അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിലേക്ക് താമസം മാറ്റിയ ലുഡോ എന്ന ലുഡോവിക്കയാണ് പോർച്ചുഗീസ് ഭാഷയിലെ എഴുത്തുകാരനായ ഹോസെ എഡ്‌വാർഡൊ അഗ്വ്‌ലാസയുടെ (Jose Eduardo Agualasa) നോവലായ ‘A General Theory of Oblivion’ലെ കേന്ദ്രകഥാപാത്രം.
ആയിടയ്ക്ക് വിവാഹിതയായ സഹോദരിയുടെയും മൈനിങ് എഞ്ചിനീയറായ ഭർത്താവിൻെറയും ഒപ്പം ലുഡോ തൻെറ വേരുകൾ പറിച്ചുനടുകയായിരുന്നു. ഇതിനിടെ, അംഗോളയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഉച്ചസ്ഥായിലെത്തുകയും ചെയ്തു. എന്നാൽ സ്വാതന്ത്ര്യലബ്ധി രാജ്യത്തെ ആഭ്യന്തരലഹള അവസാനിപ്പിച്ചില്ല. കലുഷകാലം പിന്നെയും കുറെ വർഷം നീണ്ടു.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് തലേന്നാൾ രാത്രി ഒരു സൽക്കാരത്തിൽ പങ്കെടുക്കാൻ പോയ സഹോദരിയും ഭർത്താവും പിന്നീട് തിരിച്ചുവന്നില്ല. ഇതോടെ അന്തച്ഛിദ്രം നിറഞ്ഞ ലുവാണ്ടയിൽ ഏകയായി, പതിനൊന്നാം നിലയിലെ ഫ്‌ളാറ്റിൽ താമസിക്കേണ്ടി വരുന്ന ലുഡോയുടെ മാനസികസംഘർഷങ്ങളിലാണ് നോവലിസ്റ്റ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.
ഏകാന്തത തിരികൊളുത്തിയ പതിഞ്ഞ അന്തരീക്ഷം പശ്ചാത്തലവാദ്യങ്ങളില്ലാത്ത സംഗീതം പോലെ ലുഡോയ്ക്ക് അനുഭവപ്പെട്ടിരുന്നോ എന്ന് സംശയമാണ്. ഓർമകളുടെയും സ്വപ്നങ്ങളുടെയും വിനിമയത്തിൽ ഏകാന്തത മാത്രം അവശേഷിക്കുന്ന സ്ഥിതിയിൽ ജീവിക്കേണ്ടി വരുന്ന ലുഡോ ഒരു സൂചനയാണ്.
രാഷ്ട്രത്തിൻെറ അരാജകത്വം വ്യക്തിയുടെ പരിസരങ്ങളിൽ ചെലുത്തുന്ന അർത്ഥഗർഭമായ നിശബ്ദതയുടെ പ്രതീകമാണ് അവർ. ഉറ്റവരുടെ വിയോഗവും, തനിക്ക് സംഭവിച്ച ‘ദുരന്തവും’ , ജന്മദേശത്തിൻെറ സുരക്ഷിതത്വം ഉപേക്ഷിക്കേണ്ടി വന്നതും അവരുടെ മനസ്സിൻെറ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കാൻ പോലും സാധിക്കുന്ന ഘടകങ്ങളായിരുന്നു.
ഓർമകളുടെയും സ്വപ്നങ്ങളുടെയുംവിനിമയത്തിൽ ഏകാന്തത മാത്രം അവശേഷിക്കുന്ന സ്ഥിതിയിൽ ജീവിക്കേണ്ടി വരുന്ന ലുഡോ ഒരു സൂചനയാണ്.
ക്രൂരമായ ബലാത്സംഗത്തിനിരയാവുകയും അതിനെത്തുടർന്ന് ജന്മം നൽകേണ്ടി വന്ന പെൺകുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത ഹതഭാഗ്യയാണ് ലുഡോ എന്ന് വൈകാതെ നമുക്ക് മനസ്സിലാവുന്നുണ്ട്. വ്യര്‍ത്ഥമായിപ്പോകുമെന്നു തോന്നിയ ജീവിതത്തെ സഹോദരിയുടെ കുടുംബത്തിൻെറ സന്തോഷവുമായി ഇടകലർത്തി കരകയറാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അവരുടെ തിരോധാനം.
സ്വതന്ത്രമായിട്ടും, അരാജകത്വം പാടെ തുടച്ചുമാറ്റാൻ കഴിയാതെപോകുന്ന രാഷ്ട്രത്തിൻെറ സ്ഥിതി മറ്റൊരുവശത്ത്. ഇതിനിടെ, ഫാൻറം എന്ന നായ മാത്രം കൂട്ടായി ജീവിക്കുന്ന ലുഡോ. പല തരം സന്നിഗ്ധതകളിലൂടെ കടന്നുപോയ അവർക്ക് വീട്ടിൽ അതിക്രമിച്ചുകയറാനുള്ള ചിലരുടെ ഉദ്യമത്തെ വെടിയുതിർത്തു പ്രതിരോധിക്കേണ്ടി വരുന്നുണ്ട്.

അംഗോളയിൽ എത്തിയ ലുഡോയ്ക്ക് അവിടവുമായി അടുപ്പമുണ്ടാക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, അൽപം വംശവിരോധവും അവർക്കുണ്ടോ എന്ന് സംശയിക്കണം. ‘കറുത്ത’വരുടെ രീതികളും സ്വഭാവങ്ങളും പിടിക്കുന്നില്ല എന്നൊരവസരത്തിൽ അവർ പറയുന്നുണ്ട്.
ഭാഷ മനസിലാവാത്ത അവസ്ഥയും ലുഡോയെ ബാധിച്ചു. അങ്ങനെ സാമൂഹിക ജീവിതം ഏറെക്കുറെ ഇല്ലാതായ അവർ പൂർണമായും ആ വീട്ടിൽ ഒതുങ്ങിക്കൂടി. ഇങ്ങനെയൊരാൾ അവിടെ ജീവിക്കുന്നുവെന്ന് അതേ കെട്ടിടസമുച്ചയത്തിലെ മറ്റുള്ളവർ പോലും അറിഞ്ഞിരുന്നില്ല.
ബി.ബി.സി യും മറ്റും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന അവർക്ക് അംഗോളയിലെ റേഡിയോയിൽ പ്രക്ഷേപണം ചെയ്തിരുന്ന കൊളോണിയലിസത്തിനെതിരായ പ്രഭാഷണം അലോസരം സൃഷ്ടിച്ചു. കോളനിഭരണത്തിൽ നിന്ന് മുക്തി നേടിയ ശേഷവും അങ്കലാപ്പുകൾ അവസാനിച്ചില്ല. പരസ്പരം കൊല്ലാൻവരെ മടിയില്ലാത്തവരായി അംഗോളക്കാർ പെരുമാറാൻ ആരംഭിച്ചു.
ഈ ബഹളങ്ങളിൽനിന്ന് അകലം പാലിച്ച്, കവചനിർമിതമായ ഏതോ അറയിൽ കഴിയുന്നതുപോലെയാണ് ലുഡോ ജീവിച്ചത്. സന്തതസഹചാരിയായ റേഡിയോ പ്രവർത്തക്ഷമമല്ലാതായതോടെ ഏകാന്തത അതിൻെറ കല്ലറയിലെ അവസാനത്തെ ആണിയും അടിച്ചു തുടങ്ങി.
പുറംലോകത്തെ പിരിമുറുക്കങ്ങളും വിക്ഷോഭങ്ങളും അറിയാതെ, ഭക്ഷണം ഇല്ലാതെ അവർ ജീവിച്ചു. ഇതിനിടയിൽ എപ്പോഴോ ആണ് ലുഡോ എഴുതാൻ ആരംഭിച്ചത്. കടലാസുകൾ ഇല്ലാതായപ്പോൾ കരിക്കട്ട കൊണ്ട് ഭിത്തിയിൽ എഴുതുന്ന വഴക്കവും സംഭവിച്ചു.
ഏകാന്തജീവിതത്തിൻെറ ആദ്യമാസങ്ങളിൽ കുടയുമായി ടെറസ്സിൽ പോകുക ലുഡോ പതിവാക്കിയിരുന്നു. വൈകാതെ അവർ കണ്ണിൻെറ സ്ഥാനത്ത് ദ്വാരങ്ങളുള്ള ഒരു പലകക്കടലാസിൻെറ ആവരണം ഉപയോഗിക്കാൻ ആരംഭിച്ചു. അതണിഞ്ഞായിരുന്നു പിന്നെ ടെറസിലേക്കും ചെടികളുടെ അടുത്തേക്കും ഒക്കെ ഇറങ്ങിയിരുന്നത്. തന്നോടുതന്നെ സംസാരിക്കുന്ന ശീലം തുടങ്ങിയതും അക്കാലത്തായിരുന്നു.
ചെഗുവേര എന്ന് പേരിട്ട കുരങ്ങനും, വവ്വാലുകളും, പ്രാവുകളും അവരുടെ ചങ്ങാതിമാരായി. നിരാശകളുടേതായ കാലത്തെ എഴുതിതോൽപ്പിക്കാനുള്ള ശ്രമമായിരുന്നു അതെന്ന് തോന്നും. പുറംലോകത്തെ പിരിമുറുക്കങ്ങളും വിക്ഷോഭങ്ങളും അറിയാതെ, ഭക്ഷണം ഇല്ലാതെ അവർ ജീവിച്ചു.
ഇതിനിടയിൽ എപ്പോഴോ ആണ് ലുഡോ എഴുതാൻ ആരംഭിച്ചത്.
കടലാസുകൾ ഇല്ലാതായപ്പോൾ കരിക്കട്ട കൊണ്ട് ഭിത്തിയിൽ എഴുതുന്ന വഴക്കവും സംഭവിച്ചു. ‘മരങ്ങളും കുഞ്ഞുമൃഗങ്ങളും, എണ്ണമറ്റ പുഴുക്കളും പ്രാണികളും അവരുടെ സ്വപ്‌നങ്ങൾ എന്നോട് പറയാറുണ്ട്. സംഘമായി, ഒരു കൊച്ചുമുറിയിലെ ആൾക്കൂട്ടം കണക്കെ ആശയങ്ങളും ഗന്ധവും ആശ്ലേഷവും കൈമാറുന്നവരായി ഞങ്ങൾ മാറുന്നു.

ഒരേസമയം ഇരയ്ക്കുനേരെ ചാടി വീഴുന്ന ചിലന്തിയായും വലയ്ക്കുള്ളിൽ കുടുങ്ങുന്ന കീടമായും ഞാൻ രൂപാന്തരം പ്രാപിക്കുന്നു. സൂര്യൻെറ തഴുകലിൽ വിടരുന്ന പൂക്കളായും കാറ്റ് വഹിക്കുന്ന പൂമ്പൊടിയായും ഞാൻ മാറുന്നു. എന്നാൽ, ഉണരുമ്പോൾ ഞാൻ ഒറ്റയ്ക്കാണ്.
ഉറക്കത്തിൽ, നാം ഉറങ്ങുന്നതായി സ്വപ്നം കാണാനും എഴുന്നേൽക്കുമ്പോൾ സ്വച്ഛമായ യാഥാർഥ്യത്തോടെ എഴുനേൽക്കാനും നമുക്ക് സാധിക്കുമോ?’. ഏകയായ ലുഡോയുടെ ഇത്തരം ചിതറിയ ചിന്തകൾ ഒറ്റയായ്മ അലട്ടുന്ന സ്ത്രീയുടെ മനോവികാരങ്ങളായേ കാണാനാവൂ.
വളരെ പതുക്കെ സമൂഹത്തിൽ ഒരു ശുദ്ധികലശം നടക്കുന്നുവെന്ന് ലുഡോവിന് ബോധ്യപ്പെട്ടു.
ചുമരിലെ തൂക്കിയിട്ട അംഗോളയിലെ ഗോത്രവർഗക്കാരുടെ ചിത്രത്തോട് നടാടെ അവർക്ക് ഒരു താത്പര്യം തോന്നി. ഇതേവരെ ഒരു മമതാബന്ധവും ഇല്ലാതിരുന്ന അംഗോളയോട് ചെറുതായെങ്കിലും ലുഡോയ്ക്ക് പ്രതിപത്തി വന്നു. വീട്ടിലുണ്ടായിരുന്ന ഫർണീച്ചറും അനേകം പുസ്തകങ്ങളും കത്തിച്ചുകളഞ്ഞെങ്കിലും ഈ ചിത്രം നശിപ്പിക്കാൻ ലുഡോ തുനിഞ്ഞില്ല.
ഉറുഗ്വെയിലെ പ്രസിദ്ധ എഴുത്തുകാരനായ ഫെലിസ്ബെർറ്റൊ ഹെർനാണ്ടസിെൻറ (Felisberto Hernandez)പ്രശസ്തമായ ഒരു വരിയുണ്ട്, ‘ഒരാൾക്ക് മറ്റൊരാളുടെ കൂടെ ജീവിക്കുമ്പോഴേ വിശ്വാസവഞ്ചന ചെയ്യാൻ സാധിക്കൂ. എന്നാൽ അവനവൻെറ ശരീരത്തിൽ മാത്രമായി ജീവിക്കുമ്പോൾ വഞ്ചനയുടെ അദ്ധ്യായങ്ങൾക്ക് പ്രസക്തിയുണ്ടാവുന്നില്ല’. ലുഡോയുടെ മൂന്നുപതിറ്റാണ്ട് നീളുന്ന ഏകാന്തജീവിതത്തെ അടയാളപ്പെടുത്തുന്ന തത്വവിചാരം ഇങ്ങനെയുമാവാം എന്ന് കരുതാവുന്നതാണ്.
‘നമ്മൾ സ്നേഹിക്കുന്നവരെ നമ്മിൽനിന്ന് എടുത്തുകൊണ്ടുപോകും’

ലോകത്തെ ആമൂലാഗ്രം ഗ്രസിച്ചിരിക്കുന്ന അധികാരക്കൊതിയും യുദ്ധങ്ങളോടുള്ള അനുഭാവവും കണക്കുകൾ സൂക്ഷിക്കാൻ കഴിയാത്തവണ്ണം എണ്ണമറ്റ മനുഷ്യരെ അഭയാർത്ഥികളാക്കുകയാണ്. സ്വപ്നങ്ങളിൽ നിന്ന് മുക്തമായ ജീവിതം ‘സ്വപ്നം’ കാണാൻ മനുഷ്യർക്കാവില്ല എന്നതാണ് വാസ്തവം.
അക്രമാത്മകമായ വ്യവഹാരങ്ങളിലേക്ക് ലോകം തെന്നിവീഴുകയും കുടിയേറ്റക്കാരും അഭയാർത്ഥികളും ഔദ്യോഗികവും അനൗദ്യോഗികവുമായ തരത്തിൽ അതിർത്തികൾ ഭേദിക്കാനുള്ള ശ്രമങ്ങളിൽ അനുദിനം വ്യാപൃതരുമാണ്. രക്തച്ചൊരിച്ചിലിൻെറ പര്യായമായിത്തീർന്ന സിറിയ ഈ കാഴ്ചകളാൽ നിറഞ്ഞിരിക്കുകയാണ്. പല ഇടങ്ങളെ ചോരപ്പാലങ്ങളാൽ ഘടിപ്പിക്കുന്ന രാജ്യമായി സിറിയ മാറിയിട്ട് നാളുകളേറെയായി. രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ അവിടെയുള്ളവർ നിർബന്ധിതരാവുകയാണ്.
‘ഞാൻ ഇന്നലെ കണ്ട സ്വപ്‌നങ്ങൾ ചിതറിയതായിരുന്നു.
അങ്ങനെ പറഞ്ഞത് എന്താ?
അവ പൊട്ടിച്ചിതറിപ്പോയി’.
നിലക്കണ്ണാടി അവിചാരിതവും അപ്രതീക്ഷിതവുമായി പൊട്ടിയുടയുന്നതുപോലെയായിരുന്
കടൽത്തീരത്ത് ജനിച്ചുവളർന്ന അഫ്ര, കടലിനെ ഓർക്കുമ്പോഴൊക്കെ അത് വരച്ചുകൊണ്ടിരുന്നു; കടൽപ്പൂക്കളും കടൽഗന്ധവും നിറഞ്ഞ ചിത്രങ്ങൾ
കടലിലെ നരച്ച കല്ലുകൾ പോലെയുള്ള കണ്ണുകളുള്ള, അന്ധയായ അഫ്ര, ക്രിസ്‌റ്റി ലെഫ്‌ടെറി(Christy Lefteri) എഴുതിയ ‘The Beekeeper of Aleppo’ എന്ന നോവലിലെ മുഖ്യ കഥാപാത്രമാണ്. സിറിയയിലെയും അവിടെ നിന്ന് പലായനം ചെയ്യുന്ന അഭയാർഥികളുടെയും ജീവിതമാണ് നോവലിൻെറ പ്രമേയം.
തേനീച്ചവളർത്തൽ ഗൗരവമായ പ്രവൃത്തിയായി എടുത്ത മുസ്‌തഫയും നൂറിയും ബന്ധുക്കളും സുഹൃത്തുക്കളുമാണ്. എന്നാൽ സിറിയയിലെ നിർഭാഗ്യകരമായ സാഹചര്യങ്ങൾ കാരണം സ്വദേശമായ ആലെപ്പോ വിടാൻ രണ്ടു കുടുംബങ്ങളും തീരുമാനിക്കുകയാണ്. അവരുടെ മക്കൾ ആയിടെ കൊല്ലപ്പെട്ടതും ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അവരെ എത്തിക്കുന്നു.

ഏകമകൻ നഷ്ടപ്പെട്ട വേദനയിൽ നൂറിയുടെ ഭാര്യയായ അഫ്രയുടെ ജീവിതത്തിലെ നിറങ്ങളെല്ലാം മാഞ്ഞിരുന്നു. തേനീച്ചകളുടെ മൂളൽ ഇല്ലാതായതും അലോസരപ്പെടുത്തുന്ന വിഷയമായിരുന്നു. മൂന്നുതലമുറയിൽപ്പെട്ട തേനീച്ചക്കൂട്ടത്തെയാണ് വിഘടനവാദികൾ തീയിട്ട് ഇല്ലാതാക്കിയത്.
തേനീച്ചകൾ പാറിനടന്ന മേഘാവൃതമായ ആകാശം പെട്ടെന്ന് ശൂന്യമായപ്പോൾ പറഞ്ഞറിയിക്കാനാവാത്ത നിസ്സംഗത മൂടിയവർക്ക് ഫിറാസിൻെറയും സമിയുടെയും മരണം കനത്ത ആഘാതമായി. ‘വിപ്ലവ’ത്തിെൻറ പരിണതഫലങ്ങൾ ശവശരീരങ്ങളായി നദിയിലൂടെ ഒഴുകിവരാൻ ആരംഭിച്ചതോടെ ദുഖത്തിൻെറ കാർമേഘങ്ങൾ കനത്തുപെയ്തു.

മണി കിലുങ്ങുന്നതുപോലെ ചിരിച്ച, കുഞ്ഞുങ്ങളെപ്പോലെ കരഞ്ഞ, ഭൂമിയിലെ എല്ലാ നിഷ്കളങ്കതയും ചേർത്തുവെച്ചുകൊണ്ട് ഹൃദ്യമായി പുഞ്ചിരിച്ച, ലോകത്തെ ഒരു പനിനീർപ്പൂപോലെ ശ്വസിച്ച, നക്ഷത്രങ്ങൾ തീരെയില്ലാത്ത രാത്രിയിലെ ആകാശത്തിനെ കറുപ്പുനിറമുള്ള മുടിയുള്ള അഫ്ര വളരെ പെട്ടെന്നാണ് ഏകാന്തതതയിലേക്ക് മടുത്തുകൂടിയത്.
സിറിയയിലെ ആഭ്യന്തരയുദ്ധത്തിൻെറ ജീവിക്കുന്ന രക്തസാക്ഷിയാണ് അഫ്ര. ബോംബുകൾ വർഷിക്കാത്ത ഒരു ദിവസം മകൻെറ ഒപ്പം വീടിനു പുറത്തുള്ള പൂന്തോട്ടത്തിൽ കളിയ്ക്കാൻ വേണ്ടി ഇറങ്ങിയ അഫ്ര പെട്ടെന്ന് വലിയൊരു ശബ്ദം കേൾക്കുകയായിരുന്നു. ആകാശം പിളർന്നുപോകുന്നയത്ര ഉച്ചത്തിലുള്ള ശബ്ദത്തിൻെറ ആഘാതത്തിലാണ് അഫ്രയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടത്.
ഊഹിക്കാൻ കഴിയാത്തയത്ര വെല്ലുവിളികൾ നിത്യവും അഭിമുഖീകരിക്കേണ്ട ഒരു ജനതയാണ് സിറിയയിലുള്ളത്. സായുധധാരികളായ വിപ്ലവകാരികൾ പരസ്പരം പന്തയംവെച്ചുകൊണ്ട് മനുഷ്യരെ കൊന്നൊടുക്കുന്ന സ്ഥിതിയിൽ സമാധാനമായി ശ്വാസം കഴിക്കാൻ പോലും സാധിക്കില്ല. അച്ഛനമ്മമാരുടെ കണ്ണുവെട്ടിച്ച് നിരത്തിലിറങ്ങുന്ന കുട്ടികളെ വരെ വെടിവെച്ചുവീഴ്ത്തുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ സിറിയയിൽ പലയിടത്തും കാണാം.
‘നമ്മൾ സ്നേഹിക്കുന്നവരെ നമ്മിൽനിന്ന് എടുത്തുകൊണ്ടുപോകും’ എന്ന തത്വത്തിൽ വിശ്വസിക്കാൻ ശ്രമിച്ചുകൊണ്ട് മകൻെറ ഓർമകളിൽ ജീവിക്കുന്ന അഫ്ര വേറെ മാർഗമൊന്നുമില്ലാത്തതിനാൽ പലായനം ചെയ്യുകയാണ്. ആലെപ്പോയിൽ ശിഷ്ടകാലം ജീവിക്കാൻ സാഹചര്യങ്ങൾ അവരെ സമ്മതിക്കുന്നില്ല.
മനുഷ്യരുടെ ശവശരീരങ്ങൾ ആർത്തിയോടെ ഭക്ഷിക്കുന്ന നായ്ക്കളുടെ ഇടയിൽ, കൂരമ്പുപോലെ കൂർത്ത ഇരുട്ടിനെ തടുക്കാനുള്ള ശേഷി നഷ്ടപ്പെടുന്നുവെന്ന ഉത്കണ്ഠ കൂടി പലായനത്തിന് അവരെ പ്രേരിപ്പിക്കുന്ന അംശമാണ്.
വെളിച്ചമില്ലാത്ത കണ്ണുകൾക്ക് ഉൾക്കാഴ്ച പകർന്നു കൊടുക്കുന്ന മകൻെറ അദൃശ്യസാന്നിധ്യം അവർ തിരിച്ചറിയുന്നുണ്ട്. ബോംബുകൾ വർഷിക്കുന്ന തെരുവിൽ, മനുഷ്യരുടെ ശവശരീരങ്ങൾ ആർത്തിയോടെ ഭക്ഷിക്കുന്ന നായ്ക്കളുടെ ഇടയിൽ, കൂരമ്പുപോലെ കൂർത്ത ഇരുട്ടിനെ തടുക്കാനുള്ള ശേഷി നഷ്ടപ്പെടുന്നുവെന്ന ഉത്കണ്ഠ കൂടി പലായനത്തിന് അവരെ പ്രേരിപ്പിക്കുന്ന അംശമാണ്.
പുതുരസങ്ങൾ ദൃശ്യമാവാത്ത കണ്ണിൽ എപ്പോഴും മരവിപ്പിൻെറ തവിട്ടുനിറമാണ്. വെടിയൊച്ചകൾ കൊണ്ട് എന്നോ അടഞ്ഞുപോയ അകക്കാതുകൾ അവരുടെ ജീവിതത്തെ കൂടുതൽ ഏകാന്തമാക്കി. പ്രതീക്ഷയുടെ വൻകരയെക്കാളും സ്വാസ്ഥ്യത്തിൻെറ ഇത്തിരിവട്ടമാകുമോ അതിർത്തികൾ ഭേദിക്കുന്നതിലൂടെ അവർ ആഗ്രഹിക്കുന്നത്.
കാലം മുന്നോട്ടുപോകുന്തോറും കലാപങ്ങളുടെ തോതും വർധിക്കുകയാണ്

ജീവിതത്തിൻെറ ഓരോ ചെറിയ വൃത്തത്തിലും രാഷ്ട്രീയം നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്ന അവസരത്തിൽ, മുന്നോട്ടുള്ള വഴി ഉറച്ചതാണോ ചതുപ്പാണോ എന്ന സംശയത്തിൽ സാധാരണക്കാർ പതറുന്നു. ദേശ-രാഷ്ട്ര ഭേദമില്ലാതെ അധികാരവർഗം മനുഷ്യരെ ദുരിതങ്ങളിലേക്കും ദുരന്തങ്ങളിലേക്കും തള്ളിവിടുന്നത് ഏതാണ്ട് പതിവായിത്തുടങ്ങി.
അസ്ഥിരമായ രാഷ്ട്രീയകാലാവസ്ഥ സംജാതമായ ഈജിപ്തിനെ ഒരു പെൺകുട്ടി നോക്കിക്കാണുകയാണ് യാസ്മിൻ എൽ റാഷിദി (Yasmin El Rashidi) എഴുതിയ ‘Chronicle of a Last Summer’ എന്ന നോവലിൽ. ഈജിപ്റ്റിലെ പ്രക്ഷുബ്ധമായ മൂന്നു പതിറ്റാണ്ടുകളിലൂടെ കടന്നുപോകുന്ന നോവലിലെ ആഖ്യാതാവ് പേര് വെളിപ്പെടുത്താത്ത പെൺകുട്ടിയാണ്.
1984, 1998, 2014 എന്ന മൂന്നു കാലഘട്ടങ്ങളിലെ ഈജിപ്ത് ആണ് നോവലിൽ. 1984 ൽ ആറു വയസ്സുള്ള ആഖ്യാതാവിന് അച്ഛൻ എവിടെയാണെന്ന് അറിയില്ല. അമ്മയാകട്ടെ തീർത്തും ഏകാന്തമായ ജീവിതമാണ് നയിച്ചിരുന്നത്. ഏകാന്തത അശാന്തമായ മനസ്സിനെ നിർമിക്കുന്നതിന് ദൃഷ്ടാന്തമാണ് അവളുടെ അമ്മ.
ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്ത ഒരാറുവയസ്സുകാരിയുടെ ഉത്കണ്ഠ ആഖ്യാതാവ് ഓർത്തെടുക്കുന്നുണ്ട്. അച്ഛൻ എവിടെയാണെന്ന ചോദ്യമായിരുന്നു അവയിൽ ഏറ്റവും പ്രധാനം.
രാജ്യത്തിൻെറ ഛിദ്രാവസ്ഥ വ്യക്തികളെ പ്രതിലോമകരമായി ബാധിക്കുന്നത് വിവിധ തരത്തിലാകും. ഭർത്താവിൻെറ തിരോധാനവും അതിൻെറ കൂടെ സംഭവിക്കുകയാണെങ്കിൽ ദൈനംദിന ജീവിതത്തിൽവരെ വിരക്തി ഉണ്ടാകുമെന്ന് തീർച്ചയാണ്.
ഏകാന്തതയിൽ അഭയം തേടൽ അതിന് പ്രതിരോധമാവുമോ എന്നതിലാണ് ആശങ്ക. ഈ ചുറ്റുപാടിൽ, ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്ത ഒരാറുവയസ്സുകാരിയുടെ ഉത്കണ്ഠ ആഖ്യാതാവ് ഓർത്തെടുക്കുന്നുണ്ട്. അച്ഛൻ എവിടെയാണെന്ന ചോദ്യമായിരുന്നു അവയിൽ ഏറ്റവും പ്രധാനം.
കുരുന്നുമനസ്സിലെ സംശയങ്ങൾ നിവർത്തിച്ചുകൊടുക്കേണ്ട അച്ഛനമ്മമാരോ അധ്യാപകരോ അവളുടെ സഹായത്തിനെത്തിയില്ല. പോലീസുകാരാണ് തൻെറ അച്ഛനെ പിടിച്ചുകൊണ്ടുപോയത് എന്ന ചിന്ത അവളിൽ കൊരുത്തു. സ്‌കൂളിൽ പഠിക്കുമ്പോൾ, അപ്രത്യക്ഷരാവുന്ന ആളുകളെ പറ്റി ഒരു ചെറിയ കഥ എഴുതി ടീച്ചറെ ഞെട്ടിക്കുക കൂടെ ചെയ്തു ആ കൊച്ചുമിടുക്കി.

പക്ഷെ അഭിനന്ദനങ്ങൾക്ക് പകരം, ഇത്തരം കഥകൾ മേലാൽ എഴുതരുതെന്ന താക്കീതാണ് അവൾക്ക് ലഭിച്ചത്. അച്ഛൻെറയും അമ്മയുടെയും രാഷ്ട്രീയകാഴ്ചപ്പാടുകൾ എപ്പോഴും ഒന്നാവണമെന്നില്ല എന്ന് പ്രായം അധികമെത്തും മുേമ്പ അവൾ മനസിലാക്കി. അച്ഛനെ കണ്ടില്ലെങ്കിലും, ചില കാര്യങ്ങളിൽ അച്ഛൻെറഅഭിപ്രായം ആയിരുന്നില്ല അമ്മയുടേത് എന്ന് അവൾക്ക് ബോധ്യപ്പെട്ടു.
കാലം മുന്നോട്ടുപോകുന്തോറും കലാപങ്ങളുടെ തോതും വ്യാപ്തിയും വർധിക്കുകയാണ്. അറബ് വസന്തത്തിൻെറഅലയൊച്ചകൾ ഈജിപ്തിലും എത്തി. ഒരു പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് അവിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയാണ്. രാഷ്ട്രീയാശയങ്ങൾ ജനാധിപത്യത്തിന് വിരുദ്ധമാവുകയും ഭരണകൂട ചൂഷണങ്ങളോട് ജനങ്ങൾക്ക് അങ്ങേയറ്റത്തെ എതിർപ്പുണ്ടാവുകയും ചെയ്തു.
ഭക്ഷണസാധങ്ങൾക്കും അവശ്യവസ്തുക്കൾക്കും വില കൂടിയത് സാധാരണക്കാരെ കഷ്ടത്തിലാക്കി. സ്വതവേ അന്തർമുഖയായ ആഖ്യാതാവിൻെറ അമ്മയെ ഭരണകൂടത്തിൻെറ പുതിയ നീക്കങ്ങളും നിലപാടുകളും കൂടുതൽ ഖിന്നയാക്കാനേ ഉപകരിച്ചുള്ളു.
സിനിമ എടുക്കണമെന്ന് ആഗ്രഹിക്കുന്ന ഇരുപതുകാരിയായ ആഖ്യാതാവിനെയാണ് ഇരുപതു വർഷങ്ങൾക്കുശേഷം കാണുന്നത്. മനുഷ്യരുടെ യഥാതഥമായ ജീവിതപ്രശ്നങ്ങളെ ദൃശ്യങ്ങളുടെ ഫ്രെയിമുകളിലേക്ക് പ്രതിഷ്ഠാപനം ചെയ്യാൻ അവൾ ആഗ്രഹിച്ചു. രാഷ്ട്രത്തിൻെറ നൈതികമാനങ്ങളെയും രാഷ്ട്രീയത്തിൻെറ നിക്ഷിപ്ത താൽപര്യങ്ങളെയും കുറിച്ച് ബോധവതിയായ അവൾക്ക് കൂട്ടാവുന്നത് ബന്ധുകൂടിയായ കമ്യൂണിസ്റ്റുകാരനായ ഡിഡോ ആണ്. അരാജകവാദിയായ അയാൾ രാജ്യത്തിൻെറ രാഷ്ട്രീയ സ്ഥിതിഗതി മാറിയേ തീരൂ എന്ന് വാശി പിടിക്കുന്നയാളാണ്.
രാഷ്ട്രം കലുഷമാവുമ്പോൾ, ധാർമികത ഇനിയും നശിച്ചിട്ടില്ലാത്ത പൗരർ തങ്ങളുടെ ചെറുത്തുനിൽപ്പുകൾ എങ്ങും എത്തുന്നില്ലല്ലോ എന്ന നിരാശയിൽ അകപ്പെടാനിടയുണ്ട്. ഒരുപക്ഷെ, പങ്കാളിയുടെ അഭാവം അമ്മയെ നിശബ്ദയാക്കിയത് ചില പ്രതീക്ഷകൾക്ക് ഭ്രംശം സംഭവിച്ചതുകൊണ്ടു കൂടിയാവാം.
ജീവിതത്തിൻെറ വിറങ്ങലിച്ച അടയാളങ്ങൾ
സാഹിത്യത്തിലെ പരികൽപനകൾക്കോ സിദ്ധാന്തങ്ങൾക്കോ നിശ്ചയിക്കാൻ പ്രയാസമുള്ള മാനുഷികവികാരങ്ങൾ നിത്യജീവിതത്തിൻെറ ഋണബാധ്യതകളിൽ പൂപ്പൽ പോലെ പറ്റിപ്പിടിച്ചിരിക്കുന്നു. സാഹിത്യത്തിൻെറ നടപ്പുശീലങ്ങളെ അട്ടിമറിക്കാനോ ശീലിച്ച പ്രമേയപരിസരങ്ങൾക്ക് വിച്ഛേദം സൃഷ്ടിക്കാനോ പ്രതിഭാശാലിയായ എഴുത്തുകാരനാവും എന്നതിന് രണ്ടുപക്ഷമില്ല.
എങ്കിലും ജീവിതത്തെ തൊടുന്ന എഴുത്തിൽ മനുഷ്യരുടെ അന്ത്യമില്ലാത്ത വേദനക്കുതന്നെയാണ് പ്രാധാന്യം. ജീവിതം പകർത്തിയെഴുതുന്ന ആഖ്യാനങ്ങളിൽ കണ്ണീരിൻെറ നനവും ആശ്വാസത്തിൻെറ ഇമ്പവും സദാ നിഴലിക്കുന്നു. പീറ്റർ ഹാൻഡ്‌കെ അമ്മയെ കുറിച്ചെഴുതിയ ‘A Sorrow Beyond Dreams’ , അദ്ദേഹത്തോടുള്ള രാഷ്ട്രീയ വിയോജിപ്പ് മാറ്റിവെച്ച് ആസ്വദിക്കാനും, അംഗോളയിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത അേൻറാണിയോ ലോബോ അന്തുണിസിൻെറ ‘Knowledge of Hell’ൽ ആത്മകഥാസ്പർശം ഉണ്ടെന്നറിഞ്ഞുകൊണ്ട് ആർദ്രമായി വായിക്കാനും ഇംമ്രേ കെർട്ടീസ് ഹോളോകോസ്റ്റിനെക്കുറിച്ച് എഴുതിയ തുടർ ആഖ്യായികകളും, എലി വീസലിൻെറ നോവലുകളും വ്യത്യസ്തമായ തലത്തിൽ അനുഭവിക്കാനും നമ്മെ പ്രാപ്തമാക്കുന്നത് ജീവിതത്തിൻെറ വിറങ്ങലിച്ച അടയാളങ്ങൾ അവയിലുള്ളതുകൊണ്ടാണ്.
വരികൾക്കിടയിലെ ഏകാന്തതയും നൈരാശ്യവും അപരിചിതമായ സൗന്ദര്യാത്മകതയാണ് പകർന്നു തരുന്നതെന്നു ഉറപ്പ്. കെട്ട കാലത്തിൻെറ പരിണതി എന്നതുപോലെ ഒറ്റപ്പെടലും അന്യഥാത്വവും അനുഭവിക്കുന്ന കഥാപാത്രങ്ങൾ എത്രയോ നോവലുകളിൽ ബിംബങ്ങൾ തന്നെയാവുന്നു.
ജെ എം കൂറ്റ്സിയുടെ ‘Life and Times of Michael K’, തോമസ് എലോയ് മാർട്ടിനെസിെൻറ ‘Purgatory’, ഹുവാൻ ഗബ്രിയേൽ വാസ്‌ക്കസിെൻറ ‘The Sound of Things Falling’, മിയാ കൗട്ടോയുടെ ‘The Tuner of Silences’, കോർമാക്ക് മക്കാർത്തിയുടെ ‘The Road’ തുടങ്ങിയ നോവലുകൾ ഉദാഹരണങ്ങളാണ്.
‘The Picador Book of Latin American Stories’ ൻെറ മുഖവുരയിൽ നോവലിനെ വലിയ കപ്പലിനോട് കാർലോസ് ഫ്യുയന്തസ് ഉപമിച്ചിട്ടുണ്ട്. കഥയാകട്ടെ ചെറിയ പായ്‌വഞ്ചിയും. കഥാകൃത്ത് ഏകാന്തനായ നാവികനും നോവലിസ്റ്റ് വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഒരുപറ്റം ആളുകളുടെ കേന്ദ്രസ്ഥാനം വഹിക്കുന്ന ആളും ആണെന്നാണ് അദ്ദേഹം പറയുന്നത്. എങ്ങനെയായാലും കാലത്തെ അതിജീവിക്കുന്ന ഫിക്ഷൻ ജീവിതത്തിൻെറ ആർദ്രതയുടെ തണുപ്പിനെ അനുഭവവേദ്യമാക്കുന്നു.
ജീവിക്കാൻ പ്രചോദനമേകുന്ന സകല ബിന്ദുക്കളും നിശ്ചലാവസ്ഥയെ പുൽകുന്ന നിലയിലാവുമ്പോൾ, സ്വയം ഉൾവലിഞ്ഞ് ജീവിക്കേണ്ടിവരുന്ന കഥാപാത്രങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ സമകാലസാഹിത്യം പരിചരിക്കുന്നത് അത്യന്തം ഗൗരവപൂർവമാണ്.
സാഹിത്യം പൂർണമായും ഭാവനയെ അധികരിച്ച് എഴുതുന്ന ‘സങ്കൽപ്പ’ങ്ങളിലെ ആഖ്യാനം എന്നതിനേക്കാൾ ചരിത്രത്തിലെ നാൾവഴികളിൽ പ്രസ്തുത ആഖ്യാനവും കഥാപാത്രങ്ങളും എത്രകണ്ട് ചേർന്നുനിൽക്കുന്നുവെന്ന അന്വേഷണം കൂടെ ഫിക്ഷൻെറ അടരുകളിൽപ്പെടുന്നു. അത്തരം ഫിക്ഷനുകളിലൂടെ ആത്യന്തികമായി സ്ത്രീയും പുരുഷനും അനുഭവിക്കുന്ന ബാഹ്യവും ആന്തരികവുമായ സംഘർഷം യഥാതഥമായി നാം വായിച്ചെടുക്കുകയാണ്.
ജീവിക്കാൻ പ്രചോദനമേകുന്ന സകല ബിന്ദുക്കളും നിശ്ചലാവസ്ഥയെ പുൽകുന്ന നിലയിലാവുമ്പോൾ, സ്വയം ഉൾവലിഞ്ഞ് ജീവിക്കേണ്ടിവരുന്ന കഥാപാത്രങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ സമകാലസാഹിത്യം പരിചരിക്കുന്നത് അത്യന്തം ഗൗരവപൂർവമാണ്. അങ്ങനെയുള്ള ചില കൃതികളെയും കഥാപാത്രങ്ങളെയും രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ ലേഖനത്തിലൂടെ നിർവഹിക്കുന്നത്.
ഓരോ സ്ത്രീയും ഒറ്റയ്ക്കൊരു കടൽ ആയിമാറുന്നതിൻെറ ആഴങ്ങളാണ് ഈ നോവലുകൾ പ്രതിഫലിപ്പിക്കുന്നത്. സന്ദേഹനിർഭരമായ വർത്തമാന-ഭാവികാലങ്ങളുടെ ഇഴകളിലൂടെ നെയ്തെടുത്ത ജീവിതാഖ്യായികകളിൽ, അതുവരെ ശീലിച്ചുപോന്നിട്ടില്ലാത്ത ഏകാന്തതയുടെ ചുഴികളിലേക്ക് നിപതിക്കുന്ന കഥാപാത്രങ്ങളെ, വിശേഷിച്ച് സ്ത്രീകളെ നാം കണ്ടുമുട്ടുന്നു.
ഇവിടെ വിശദീകരിച്ച മൂന്നു നോവലുകളിൽ മൂന്നു രാഷ്ട്രങ്ങൾ, മൂന്നു സ്ത്രീകൾ- അവരുടെ ഭാഷ, സംസ്കാരം, വിശ്വാസം എന്നിവയെല്ലാം വിഭിന്നമാണ്. എന്നാൽ സ്ത്രീ എന്ന നിലയിൽ അവർ അഭിമുഖീകരിക്കുന്ന വിഷമഘട്ടങ്ങളും പ്രതിസന്ധികളും സദൃശമാണ്.അതുതന്നെയാണ് സാഹിത്യം ഉയർത്തിപ്പിടിക്കുന്ന ഭാവുകത്വത്തിെൻറ ഈടുവെയ്പ്പും.
Suni Thomas
10 Apr 2020, 11:12 AM
The Beekeeper of Alepo യുടെ വായനാനുഭവം കൂടുതൽ നന്നായിരിക്കുന്നു..സമയത്തിന് അനുയോജ്യമായ എഴുത്ത്. ആശംസകൾ..
Nirmal raj
10 Apr 2020, 11:10 AM
മൂന്ന് രാജ്യങ്ങൾ മൂന്ന് സംസ്കാരങ്ങൾ മൂന്ന് പുസ്തകങ്ങൾ . ഒരേ ജീവിത പ്രതിസന്ധിയെ വിശകലനാത്മകമായി സമീപിച്ചിരിക്കുന്നു. ലോക സാഹിത്യത്തിൽ നിന്ന് ഇവ തെരെഞ്ഞെടുത്ത് പരിചയപ്പെടുത്തിയതിന് നന്ദി. ഉയർന്ന വായനാ നിലവാരം ആവശ്യപ്പെടുന്ന എഴുത്ത്. അഭിനന്ദങ്ങൾ .
Rashida
9 Apr 2020, 01:50 PM
എന്തിനാണ് ചേട്ടാ, ഇങ്ങനത്തെ ഭാഷ? ബുദ്ധിജീവി ഭാഷയുമല്ല, നാട്ടുഭാഷയുമല്ല, ക്രിയേറ്റീവിറ്റി ഇല്ലേയില്ല. കാര്യം നേരെ ചൊവ്വേ അങ്ങോട്ടു പറയാൻ പാടില്ലേ? ഇൻട്രോ കഴിഞ്ഞപ്പോൾ തന്നെ വായിയ്ക്കാനുള്ള മൂഡ് പോയി. മൂന്നു പുസ്തകങ്ങളും മൂന്നു തലത്തിലുള്ളതാണ് (i mean, how dare you club Agualusa with others?)- അത് ഒരേ ലേഖനത്തിൽ വന്നത്, എഴുത്തുകാരൻ അതേ വായിച്ചിട്ടുള്ളൂ എന്നത് കൊണ്ടാണോ, അതോ വേറെ എന്തെങ്കിലും കാരണമുണ്ടോ?
Junaith Aboobaker
9 Apr 2020, 02:58 AM
രാഹുൽ <3
Dyvia John Jose
9 Apr 2020, 12:44 AM
The Book Keeper of Aleppo നല്ലൊരു വായനയായിരുന്നു. Thanks for the other Refferences...
deepanappally
8 Apr 2020, 10:20 PM
രാഹുൽ,, പുതിയ പുസ്തകങ്ങൾ, അതും ഈ ഏകാന്തതയുടെ കാലത്തിന് ചേർന്ന പ്രമേയമുള്ളവ,,, പരിചയപ്പെടുത്തിയതിന് നന്ദി
anish francis
8 Apr 2020, 09:09 PM
വളരെ നല്ല ലേഖനം. A general theory of oblivion വായിച്ചിരുന്നു.
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
രാഹുല്‍ രാധാകൃഷ്ണന്‍
Jan 14, 2021
12 Minutes Read
Dr. N Renuka
14 Apr 2020, 02:37 PM
The Beekeeper of Aleppo ,Chronicle of a Last Summerഎന്നിവ പരിചയപ്പെടുത്തിയ രീതി നന്നായിട്ടുണ്ട്."ഓരോ സ്ത്രീയും ഒറ്റയ്ക്കൊരു കടൽ ആയിമാറുന്നതിൻെറ ആഴങ്ങളാണ് ഈ നോവലുകൾ പ്രതിഫലിപ്പിക്കുന്നത്." ആശംസകൾ