ഫലസ്തീൻ, സിറിയ, ഇറാൻ, അഫ്‌ഗാനിസ്ഥാൻ, സൽമാൻ റുഷ്ദി, അയാം അഹമ്മദ്, ദിന നയേരി, ഖാലിദ് ഖലീഫ... അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ഇരകളാവുന്നവരുടെ വ്യഥകൾ എവിടെയും ഒന്നാണ്, ഭാഷ മാത്രമേ മാറുന്നുള്ളു. ഇന്ന് 'അവർക്ക്' സംഭവിച്ച ദുർവിധി നാളെ 'നമുക്ക്' ആണെന്ന കാഴ്ചപ്പാടിലേക്ക് നാം പൂർണമായും എത്തിയിട്ടില്ല. ജീവനുവേണ്ടി അതിരുകൾ ഭേദിക്കുന്നവരുടെ തീവ്രമായ അനുഭവങ്ങൾ
17 Jul 2020, 11:40 AM
‘Sometimes the facts threaten the truth'
Amos Oz ( A tale of love and darkness)
ലോകത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നത് പലായനങ്ങളില്‍ കൂടിയുമാണ്. തങ്ങളുടേതായ കാരണങ്ങള്‍ കൊണ്ടല്ലാതെ, അഭയാര്‍ഥികളായി മാറിയ കോടിക്കണക്കിനു മനുഷ്യരുടെ സംഘര്‍ഷങ്ങള്‍ അതേ തീവ്രതയോടെ രേഖപ്പെടുത്താനാവാത്തവിധം സങ്കീര്‍ണമാണ്. അസ്ഥിരതയും അസ്വസ്ഥതയും തരണം ചെയ്യാനാവാതെ ‘പ്രതീക്ഷ' എന്നത് അതിജീവിക്കാനാവാത്ത വാക്ക് മാത്രമായി അവശേഷിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍, അതിനാല്‍തന്നെ അവസാനമില്ലാത്തതുമാണ്. ഈ യാതനകള്‍ സഹിക്കേണ്ടിവരുന്നത് നമുക്ക് പരിചയമില്ലാത്ത ഒരു ജനതയ്ക്കാണല്ലോ എന്ന് ഇനി ചിന്തിക്കാനാവില്ല. ഏതുനിമിഷവും ഇങ്ങനെയുള്ള സന്ധികളെ നേരിടേണ്ടിവരാന്‍ സാധ്യതയുള്ളവരായി നാമെല്ലാം മാറിക്കഴിഞ്ഞു. ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യേണ്ടിവരുന്നതില്‍പരം സങ്കടകരമായ കാര്യം മറ്റൊന്നില്ല. അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ഇരകളാവുന്നവരുടെ വ്യഥകള്‍ എവിടെയും ഒന്നാണ്; ഭാഷ മാത്രമേ മാറുന്നുള്ളൂ. ഭൂമി വാതിലുകള്‍ അടയ്ക്കുന്ന പരിതസ്ഥിതിയില്‍ ‘അഭയ' സ്ഥാനത്തേക്കുള്ള എത്തിച്ചേരല്‍ അങ്ങേയറ്റം ദുഷ്‌കരമാണ്. അശാന്തിയുടെ അധ്യായങ്ങള്‍ നിറഞ്ഞ പുസ്തകത്തിലെ താളുകള്‍ പോലെയാകുന്ന അത്തരം ജീവിതത്തില്‍ നിന്നുള്ള മോചനം എളുപ്പമല്ല.പ്രക്ഷുബ്ധാവസ്ഥ നിറഞ്ഞ ദേശത്തില്‍ / രാഷ്ട്രത്തില്‍ നിന്നുള്ള പലായനം തുടര്‍ക്കഥ പോലെ അവസാനിക്കാത്ത അനുഭവങ്ങളിലേക്ക് എത്തുന്നു. വിടുതല്‍ ഇല്ലാത്ത കെടുതികളുടെ ഇരയായും സാക്ഷിയായും ജീവിച്ചുകൊണ്ടുള്ള മനുഷ്യരുടെ പ്രയാണം അനുസ്യൂതം തുടരുകയാണ്.

അതോടൊപ്പം മതിലുകളും വേലിക്കെട്ടുകളും അനുദിനം ഉയരുകയും പലായനങ്ങളും ‘അനധികൃത'മായ നുഴഞ്ഞുകയറ്റങ്ങളും സാധാരണകാഴ്ചയാവുകയും ചെയ്യുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍, അതിരുകളില്ലാത്ത രാഷ്ട്രം എന്ന സങ്കല്‍പം ഭാവനയില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളു. ജീവന്‍ രക്ഷിക്കാന്‍, ആയുഷ്‌കാലം സ്വരൂപിച്ച വസ്തുവകകള്‍ മറന്ന് ജനിച്ചുവളര്‍ന്ന ദേശത്തുനിന്ന് ഓടുന്ന അഭയാര്‍ഥികളുടെ ദൃശ്യം ഏകതാനമായ രംഗമായി കാണാന്‍ നമ്മുടെ കണ്ണുകള്‍ പരിശീലിച്ചുകഴിഞ്ഞു. എന്നാല്‍ ഇന്ന് "അവര്‍ക്ക്' സംഭവിച്ച ദുര്‍വിധി നാളെ ‘നമുക്ക്' ആണെന്ന കാഴ്ചപ്പാടിലേക്ക് നാം പൂര്‍ണമായും എത്തിയിട്ടില്ല.
അഭയാർഥികൾ, ഓര്‍മത്തീവണ്ടിയിലെ യാത്രികർ
പകയും വെറുപ്പും അടിച്ചമര്‍ത്തലും അടയാളവാക്യങ്ങളായ തീവ്രകലാപങ്ങളില്‍ ‘ദേശ-കാല'ങ്ങള്‍ നഷ്ടപ്പെടുന്നത് നിരപരാധികളായ സാധാരണക്കാര്‍ക്കാണ്. അഭയം തേടുന്ന രാജ്യത്ത് തങ്ങള്‍ അനഭിമതരാണെന്ന വിചാരം അഭയാര്‍ത്ഥികളെ കൂടുതല്‍ ഏകാകികളാക്കുന്നു. ഗൃഹാതുരത നിറഞ്ഞ സാഹചര്യങ്ങളെയും ഉറ്റവരെയും ഉപേക്ഷിച്ച് തന്നിഷ്ടത്തോടെയല്ലാതെ സ്വദേശം വിട്ടുപോകേണ്ടി വരുന്നവരുടെ സ്ഥിതി കുഴഞ്ഞുമറിഞ്ഞതാണ്. പൂര്‍ണമായും മായ്ചുകളയാന്‍ പറ്റാത്ത ഈ ഓര്‍മ്മകള്‍ മൂലമുള്ള വേദന ശമിക്കാന്‍ പ്രയാസമാണ്.
മതിലുകളും വേലിക്കെട്ടുകളും അനുദിനം ഉയരുകയും പലായനങ്ങളും ‘അനധികൃത'മായ നുഴഞ്ഞുകയറ്റങ്ങളും സാധാരണകാഴ്ചയാവുകയും ചെയ്യുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍, അതിരുകളില്ലാത്ത രാഷ്ട്രം എന്ന സങ്കല്‍പം ഭാവനയില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളു
വേദന തിന്നുതിന്ന് അതിനോട് താദാത്മ്യം പ്രാപിക്കാനോ, ഓര്‍മകള്‍ ഇല്ലെന്നു നടിക്കാനോ മാത്രമേ സാധിക്കൂ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഓര്‍മകളുടെ തീവണ്ടിയില്‍ സഞ്ചരിക്കുന്ന യാത്രികരാണ് അഭയാര്‍ത്ഥികള്‍. പ്രതിരോധിക്കാനാവാത്ത സന്നിഗ്ധസന്ദര്‍ഭങ്ങള്‍ ആ വണ്ടി നിര്‍ത്തുന്ന തീവണ്ടിനിലയങ്ങളായി വര്‍ത്തിക്കുന്നു. അത്തരം ഓര്‍മകള്‍ അര്‍ത്ഥപൂര്‍ണമാകുന്നത് അവ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുമ്പോഴാണ്. നിങ്ങള്‍ ഒറ്റയ്ക്കാവുകയും അപമാനകരമായ ഓര്‍മകളെ ശരിവെയ്ക്കാന്‍ പോലും ആരുമില്ലാതെ വരികയും ചെയ്യുമ്പോള്‍ ഓര്‍ത്തുവെയ്ക്കാനുള്ള കഴിവുപോലും നിങ്ങള്‍ക്ക് ഇല്ലാതാവുകയാണ് എന്ന ഉര്‍വശി ബൂട്ടാലിയയുടെ അഭിപ്രായം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് ഉചിതമാണ്. (Urvashi Butalia-The Other Side of Silence).

സംഘട്ടനങ്ങളാല്‍ അലങ്കോലപ്പെട്ട സമൂഹത്തിലെ അരാജകത്വം നിറഞ്ഞ ഓര്‍മകള്‍ മിക്കപ്പോഴും ഒരേ തരത്തില്‍ പെട്ടതാവും. വിശപ്പ് മൂലം മരിക്കാതിരിക്കാന്‍ യാതനകള്‍ സഹിച്ചു, നീണ്ടവരിയില്‍ ഭക്ഷണപ്പൊതി ക്കായി കാത്തുനില്‍ക്കുന്ന വയോധികരുടെയും സ്ത്രീകളുടെയും ചിത്രം ലോകത്തെവിടെയും കാണാം. ഇങ്ങനെ കഷ്ടപ്പെട്ട് ലഭിച്ച പൊതിച്ചോറുമായി മടങ്ങുന്നതിനിടയില്‍ വെടിയേറ്റ് മരിച്ചു വീഴുന്നവര്‍ ഏതു കലാപഭൂമിയിലും ഉണ്ടാകും. ആരാണെന്നു പോലും നോക്കാതെ അക്രമം അഴിച്ചുവിട്ടു രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുന്നത് ക്രമമായ ഒരു രൂപം പോലെയായിട്ടുണ്ട്.
കലാപങ്ങളുടെ ഭൂമികകള്‍ക്ക് പറയാനുള്ളത് ഒരേ കാര്യമാണെങ്കിലും ചെറുത്തുനില്‍പ്പുകളുടെ ചില രംഗങ്ങളെ പ്രത്യേകം എടുത്തുപറയണ്ടിവരും. വ്യത്യസ്തമായ രീതിയില്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ചിലരുടെ സൃഷ്ടിപരമായ ഉള്‍ക്കാഴ്ച പ്രത്യാശ നല്‍കുന്നതാണ്. സംഘര്‍ഷങ്ങളെ കലയിലൂടെ അഭിമുഖീകരിക്കുന്ന തരത്തിലുള്ള ഒറ്റയ്ക്കും കൂട്ടായുമുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. അസംഘടിതമായ ഉദ്യമമെന്നു പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും, ഇത്തരത്തിലുള്ള അനേകം വ്യവഹാരങ്ങളിലൂടെയാണ് മനുഷ്യരുടെ അസ്തിത്വം നിലനില്‍ക്കുന്നത്.
കലാപകാരികൾക്കുനടുവിൽ അയാം അഹമ്മദിന്റെ പിയാനോ
അശാന്തിയുടെ അന്തരീക്ഷത്തില്‍ ആശ്വാസത്തിന്റെ സംഗീതം നിറയ്ക്കുന്ന അയാം അഹമ്മദ് (Aeham Ahmad) എന്ന സംഗീതജ്ഞന്റെ ആത്മകഥയാണ് ‘The Pianist of Yarmouk'. കലാപങ്ങളും അന്തഃച്ഛിദ്രങ്ങളും സാധാരണജീവിതത്തെ ദുഷ്‌കരമാക്കുന്ന സിറിയയിലെ യാര്‍മൊക്കില്‍ വസിച്ചിരുന്ന അയാം ഫലസ്തീന്‍ വംശജനാണ്. അന്ധനായ അച്ഛന്റെ സംഗീതമാണ് അയാളിലേക്ക് പകര്‍ന്നു കിട്ടിയത്. മകന്‍ കേള്‍വികേട്ട സംഗീതകാരന്‍ ആവുന്നതിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞു വെച്ച അച്ഛന്റെ യത്‌നങ്ങളുടെയും മകന്റെ അതിജീവനത്തിന്റെയും അദ്ധ്യായങ്ങളാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്.
സംഗീതം സ്‌നേഹത്തിന്റെ ഭാഷയാണ് എന്ന് സ്വജീവിതത്താല്‍ പല തവണ ഉറപ്പിച്ച അയാം നടത്തിയ അതിജീവനം അധികാരത്തിന്റെ അസംബന്ധലീലകള്‍ക്കുള്ള ദൃഢമായ മറുപടിയാണ്
സിറിയയിലെ ദമാസ്‌ക്കസില്‍ 1988ല്‍ ജനിച്ച അയാമിന്റെ പൂര്‍വികര്‍ അയാള്‍ ജനിക്കുന്നതിനും നാല്‍പ്പത് കൊല്ലങ്ങള്‍ക്ക് മുന്നേ ഫലസ്തീനില്‍ നിന്ന് സിറിയയിലേക്ക് കുടിയേറിയതാണ്. ഏറെക്കുറെ സമാധാനപരമായ അന്തരീക്ഷമായിരുന്ന യാര്‍മൊക്കിലെ സ്ഥിതിഗതികള്‍ മാറിയത് പെട്ടെന്നായിരുന്നു. മരിച്ചവരെ അടക്കം ചെയ്യാനുള്ള ശവപ്പെട്ടികള്‍ക്ക് വരെ ദൗര്‍ബല്യം വന്നു തുടങ്ങിയ ദുര്‍ദിനങ്ങളില്‍ ഏതാണ്ട് ആറുലക്ഷത്തി മുപ്പതിനായിരം പേരോളം, ഭരണകൂടവും തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിന്റെ ഇരകളായിത്തീര്‍ന്നു. ഇത്തരം അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന അയാം അവിടെ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി.

ലഹളകളും ആക്രമങ്ങളും അഴിഞ്ഞാടിയ സിറിയന്‍ തെരുവുകളില്‍ ‘സ്‌നേഹം' അതിജീവിക്കുന്നത് വാക്കുകളിലൂടെ പുനരാഖ്യാനം ചെയ്യുന്ന അയാമിന്റെയും കൂട്ടരുടെയും ‘ജീവിതം' ഫിക്ഷനില്‍ പോലും സങ്കല്‍പ്പിക്കാനാവില്ല. അന്ധനായ അച്ഛന്റെ സ്‌നേഹത്തിന്റെ നീട്ടിയെഴുത്താണ് സംഗീതത്തിലൂടെ അയാം ഉയര്‍ത്തിയ പ്രതിരോധരാഷ്ട്രീയത്തിന്റെ കാതല്‍. ഫലസ്തീന്‍ വിഘടനവാദികളുടെ ശബ്ദമുഖരിതമായ ഇടങ്ങളില്‍ ഇരുന്നാണ് അയാം പിയാനോ പരിശീലിച്ചത് എന്നത് പ്രത്യേകം പറയണം. ഏതുനേരവും മുദ്രാവാക്യം മുഴക്കി റോന്തുചുറ്റുന്ന കലാപകാരികള്‍ക്കു നടുവിലായിരുന്നു മൊസാര്‍ട്ടിന്റെയും ബിഥോവന്റെയും രചനകള്‍ അയാള്‍ അഭ്യസിച്ചത്. അതിരുകള്‍ ഭേദിക്കുന്ന സംഗീതത്തിന്റെ വഴികളിലേക്ക് അച്ഛന്റെ സഹായത്തോടെ നടക്കുന്ന അയാമിന്റെ വ്യക്തിത്വം സ്വാഭാവികമായി ഉരുവപ്പെടുന്ന കാഴ്ച ഈ പുസ്തകത്തിലൂടെ വ്യക്തമാണ്.
അയാം പഠിച്ചത് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിലായിരുന്നു. അവിടത്തെ പ്രധാനാദ്ധ്യാപകന്‍ ഫലസ്തീന്‍കാരനായിരുന്നുവെങ്കിലും സിറിയയിലെ ദേശീയഗാനം ആലപിക്കുന്നതിലും മറ്റും അയാള്‍ നിഷ്‌കര്‍ഷ വെച്ചുപുലര്‍ത്തിയിരുന്നു. യാതൊരു സാമ്പത്തിക സഹായങ്ങളും വിദ്യാലയത്തിന് നല്‍കിയിരുന്നില്ലെങ്കിലും സിറിയയിലെ ഭരണകൂടത്തിനോട് അയാള്‍ക്ക് ചില താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. ഒരു ദിവസം വൈകിയെത്തിയ അയാമിനെ അയാള്‍ ശാസിച്ചു, ‘ദേശീയ'ഗീതം പാടുമ്പോള്‍ പിയാനിസ്റ്റായ അയാം അവിടെ ഇല്ലായിരുന്നത് അയാളെ ചൊടിപ്പിച്ചു. സങ്കീര്‍ത്തനം പോലെ ആ ഗാനത്തെ കണ്ടിരുന്ന അയാളോട്, അത് ‘‘നമ്മുടെ രാജ്യത്തിന്റെ ഗാനമല്ല'' എന്ന് ഉച്ചത്തില്‍ പറഞ്ഞ അയാമിനോട് അച്ഛനെ വിളിച്ചു കൊണ്ടുവരാന്‍ പ്രധാനാധ്യാപകന്‍ ആവശ്യപ്പെടുകയും അച്ഛനെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയും ചെയ്തു. സുരക്ഷിതമായ "താവള'ത്തില്‍ ഒളിച്ചിരിക്കുന്ന ‘ദേശീയത' നിഷ്‌കളങ്കരെ എങ്ങനെയെല്ലാം വേട്ടയാടാനിറങ്ങും എന്ന് ഈ രംഗം അനുസ്മരിപ്പിക്കുന്നു.
ജീവിതത്തെ ഉഴുതുമറിച്ച പ്രതിസന്ധികള്‍ക്കൊടുവില്‍ പിയാനോയും ഉരുട്ടിക്കൊണ്ട് ഭ്രാന്തമായ തെരുവുവീഥികളിലൂടെ അയാം മാനവികതയുടെ പ്രതീകമാണ്. ഉറ്റവര്‍ നഷ്ടപ്പെട്ടവരെയും അഭയം ലഭിക്കാത്തവരെയും കുഞ്ഞുങ്ങളെയും ചേര്‍ത്തുവെച്ചു അയാള്‍ പിയാനോ വായിച്ചു
സംഗീതം സ്‌നേഹത്തിന്റെ ഭാഷയാണ് എന്ന് സ്വജീവിതത്താല്‍ പല തവണ ഉറപ്പിച്ച അയാം നടത്തിയ അതിജീവനം അധികാരത്തിന്റെ അസംബന്ധലീലകള്‍ക്കുള്ള ദൃഢമായ മറുപടിയാണ്. സംഗീതത്തിലൂടെ നിര്‍മിച്ചെടുക്കുന്ന നിലപാടുതറയില്‍ നിന്ന്, സ്വന്തം നാടിനും നാട്ടുകാര്‍ക്കും വേണ്ടി കലഹിക്കുന്ന യുക്തിബോധത്തെയാണ് അയാമിലൂടെ പ്രകടമാകുന്നത്. സ്വജീവിതത്തെ രാഷ്ട്രീയമായി പരിണമിപ്പിക്കുന്ന/ പരിണമിപ്പിക്കേണ്ടി വരുന്ന സമകാല മനുഷ്യരുടെ പ്രതിനിധിയാണ് അയാള്‍. ജീവിതത്തെ ഉഴുതുമറിച്ച പ്രതിസന്ധികള്‍ക്കൊടുവില്‍ പിയാനോയും ഉരുട്ടിക്കൊണ്ട് ഭ്രാന്തമായ തെരുവുവീഥികളിലൂടെ അലയുന്ന അയാള്‍ മാനവികതയുടെ പ്രതീകമാണ്. ഉറ്റവര്‍ നഷ്ടപ്പെട്ടവരെയും അഭയം ലഭിക്കാത്തവരെയും കുഞ്ഞുങ്ങളെയും ചേര്‍ത്തുവെച്ചു അയാള്‍ പിയാനോ വായിച്ചു.

അതുവഴി അച്ഛനോടുള്ള കടമ കൂടി പരോക്ഷമായി നിര്‍വഹിക്കുന്ന മകനായിത്തീരുകയാണ് അയാം. അക്രമം കണ്ടു വിറങ്ങലിച്ചു പോയ കുട്ടികള്‍ക്ക് അയാമിന്റെ കൂടെ പാടുന്നത് ആശ്വാസകരമായി തോന്നി. എന്നാലൊരു ദിവസം, പാടാന്‍ വേണ്ടി അയാളുടെ അടുത്തുവന്ന സൈനബ് എന്ന പെണ്‍കുട്ടി, പാടാന്‍ തുടങ്ങുന്നതിനിടയില്‍ വെടിയേറ്റ് മരിക്കുകയാണ്. അയാമിനെ വൈകാരികമായി ബാധിച്ച സംഭവമായിരുന്നു ഇത്. രണ്ടായിരത്തിപതിനഞ്ചോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്തത്. അയാമിന്റെ പിയാനോ അഗ്‌നിക്കിരയാക്കിയ തീവ്രവാദികളെ തടയാന്‍ പോലും അയാള്‍ക്കായില്ല. രണ്ടായിരത്തിപതിനഞ്ചുവരെ സിറിയ വിട്ടു എങ്ങും പോകാതിരുന്ന അയാമിന്റെ ജീവിതം അവിശ്വസീനയമായ പലായനങ്ങളുടേത് ആയിത്തീരാന്‍ അധികം സമയം എടുത്തില്ല. തുര്‍ക്കിയിലൂടെ യൂറോപ്പിലെത്തിയ അയാള്‍ ജര്‍മനിയില്‍ അഭയം പ്രാപിക്കുകയാണ്.
പൗരത്വരേഖകളും തെളിവുകളും ഇല്ലാതെ
രക്ഷപ്പെടാന്‍ പഴുതുകള്‍ ബാക്കിയാവാത്തപ്പോള്‍, ജീവിതം സ്വപ്നങ്ങളിലൂടെയേ കരുപ്പിടിപ്പിക്കാന്‍ സാധ്യമാവൂ എന്ന് കരുതേണ്ടി വരും. ഏറ്റവും അവസാനത്തെ അതിര്‍ത്തിക്കുശേഷം ‘കര'യില്ലാത്ത സ്ഥിതിയാണ്. നില്‍ക്കാന്‍ പോലും ഇടമില്ലാത്ത നിലമില്ലായ്മയിലേക്കാണ് ലോകം സഞ്ചരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തന്നിടം പൂര്‍ണമായും നഷ്ടപ്പെടുന്നവര്‍ക്ക് കാലത്തെ തന്നെയാണ് നഷ്ടമാവുന്നത്. സ്ഥാനചലനത്തിന്റെയും പ്രവാസത്തിന്റെയും സ്വത്വനഷ്ടത്തിന്റെയും വിഷാദം കലര്‍ന്ന പുറങ്ങളിലൂടെയേ അവരുടെ ആഖ്യാനം എഴുതാനാവൂ. പൗരത്വരേഖകളും തെളിവുകളും ഇല്ലാതെ, ജീവനുവേണ്ടി അതിരുകള്‍ ഭേദിക്കുന്നവര്‍ക്ക് ‘മനുഷ്യര്‍' ആണെന്ന് സ്ഥാപിക്കുന്ന ആധാരങ്ങള്‍ ആരാണ് കൊടുക്കുന്നത്? ആഭ്യന്തര കലഹത്തെ തുടര്‍ന്നു യുദ്ധക്കെടുതിയാല്‍ കാരണമോ സ്വദേശം വിടേണ്ടി വരുന്നവര്‍ കൂടെകൊണ്ടുപോകുന്നത് ഏതാനും അവശ്യവസ്തുക്കള്‍ മാത്രമാവില്ല; അതുവരെ ജീവിച്ച ഭൂമിയുടെ ഗന്ധനിശ്വാസങ്ങള്‍ കൂടെയാണ്.
ഉത്കണ്ഠയുടെ മുനമ്പില്‍ നിന്ന് ഭയത്തിന്റെ നിലയില്ലാക്കയത്തിലേക്ക് വീഴ്ത്തുന്ന അസാധാരണ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു സാധാരണക്കാരെ പരിഭ്രാന്തരാക്കുന്ന അധികാരത്തിന്റെ ഉപജാപങ്ങള്‍ രാഷ്ട്രഭേദമെന്യേ കാണാനാകും. ഇതിനെ അഭിസംബോധന ചെയ്യാന്‍ അബോധപൂര്‍വം കല/ സംഗീതം ഉപാധിയാക്കുന്ന അയാം സംഗീതത്തിന്റെ ആയത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ്.
പൗരത്വരേഖകളും തെളിവുകളും ഇല്ലാതെ, ജീവനുവേണ്ടി അതിരുകള്‍ ഭേദിക്കുന്നവര്‍ക്ക് ‘മനുഷ്യര്‍' ആണെന്ന് സ്ഥാപിക്കുന്ന ആധാരങ്ങള്‍ ആരാണ് കൊടുക്കുന്നത്?
ചരിത്രഗ്രന്ഥത്തെക്കാളും വ്യക്തതയോടെ കലാപങ്ങള്‍ക്ക് ഗൃഹപാഠം നടത്തുന്ന രീതിശാസ്ത്രത്തെ ലളിതമായി വിശദീകരിക്കുന്ന ഈ പുസ്തകം അഭയാര്‍ത്ഥികളുടെ നിസ്സഹായതയെ കൃത്യമായി അടയാളപ്പെടുത്തുന്നു.
‘സ്ഥലവും കാലവും വ്യക്തിയും തിരിച്ചുകൊണ്ടുവരാനാകാത്തവണ്ണം കുഴഞ്ഞുകിടക്കുന്ന ഈ നാടകത്തില്‍ ആര് എപ്പോള്‍ അരങ്ങത്തു നിന്നിറങ്ങി കാണികള്‍ക്കിടയില്‍ വന്നിരിക്കുമെന്നോ കാണികള്‍ക്കിടയില്‍ നിന്ന് അരങ്ങത്തേക്ക് കയറിപ്പോകുമോ എന്ന് പറയാനാവില്ല. ‘എവിടെയും പൊരുതാം, അഭയം തേടാം' എന്ന് ആനന്ദ് ‘അഭയാര്‍ത്ഥികളി'ല്‍ പറയുന്നുണ്ട്. സ്വയംരക്ഷ തേടിയുള്ള ഓട്ടത്തില്‍ ഭൂമിശാസ്ത്രപരമായ പരികല്പനകളോ സ്ഥലത്തിന്റെ രാഷ്ട്രീയമോ കണക്കിലെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമാവുന്നത്. ശ്മശാനഭൂമിയായി പരിവര്‍ത്തനം ചെയ്ത യാര്‍മൊക്കില്‍ നിന്ന് ഉറ്റവരെയും കൂട്ടി രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു , ഒരു ഘട്ടത്തില്‍ അയാമിന്റെ ചിന്ത. അതേത് സ്ഥലത്തേക്ക് എന്നത് അയാളുടെ പരിഗണനയില്‍ ഉണ്ടായിരുന്നില്ല. വേരുകളില്ലാത്ത, തികച്ചും അപരിചിതമായ ഇടത്തേക്കുള്ള കുടിയേറ്റത്തിന്റെ ദാര്‍ശനിക പ്രശ്‌നങ്ങള്‍ അയാമിനെ പോലൊരു അഭയാര്‍ത്ഥിയുടെ ആലോചനാവിഷയമാണോ എന്നത് സംശയമാണ്. സംഘര്‍ഷങ്ങള്‍ ഇടകലര്‍ന്ന വഴികളിലൂടെ ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തു എത്തുന്ന മനുഷ്യര്‍ക്ക് ഒരുപക്ഷെ പേരോ, സ്വത്വമോ ഇല്ലാതാവുന്നതില്‍ അമ്പരക്കേണ്ടതില്ല. ശബ്ദങ്ങളുടെയും ഉച്ചാരണത്തിന്റെയും വകഭേദങ്ങള്‍ ഒരാളുടെ വ്യക്തിത്വത്തില്‍ മാറ്റങ്ങളുണ്ടാക്കുകയില്ലായിരിക്കാം; എന്നാല്‍ അയാള്‍/അവര്‍ കടന്നു പോകുന്ന സാംസ്‌കാരിക പരിവര്‍ത്തനം ഉച്ചാരണവൈകല്യത്തെക്കാള്‍ പ്രധാനമാണ്. സ്വന്തം ഭാഷയെയും പിതൃഭൂമിയെയും അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വരുന്നു. ജര്‍മന്‍ ഭാഷ പഠിക്കുന്ന അയാമിനെ ഈ അവസരത്തില്‍ പരാമര്‍ശിക്കണം.

നാടുവിടലിന്റെയും വിയോഗത്തിന്റെയും പരിണതഫലമായ മുറിവ് ഉണക്കാനാവാത്തതാണ്. അന്ത്യമറിയാത്ത യാത്രയുടെ സങ്കീര്‍ണതകളെ തൊട്ടറിഞ്ഞവര്‍ ക്രമഭംഗം വന്ന സ്ഥിതിവിശേഷത്തെ നേരിടാന്‍ സദാ സജ്ജരായി കാലക്രമേണ മാറിയേക്കാം. തങ്ങളുടെ സംസ്‌കാരവും ശൈലിയും പുലര്‍ത്തിക്കൊണ്ട് വേറൊരു രാജ്യത്ത് ജീവിക്കുന്നവരുടെ സമവാക്യങ്ങളെ വീണ്ടുമൊരു പലായനം പ്രശ്‌നഭരിതമാക്കുമെന്നു തീര്‍ച്ചയാണ്. ഫലസ്തീന്‍ വംശജരുടെ ഇത്തരം അന്തഃസംഘര്‍ഷങ്ങളെ അവലോകനം ചെയ്ത എഡ്വാര്‍ഡ് സൈദിന്റെ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. രക്തബന്ധുക്കളെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ചുകൊണ്ട് ഒരു തുണ്ടുഭൂമി പോലുമില്ലാത്തവര്‍ ശ്വാസം കഴിക്കാന്‍ വേണ്ടി നേരല്ലാത്തവഴികളിലൂടെ ഓടിയും നടന്നും നുഴഞ്ഞുകയറിയും രക്ഷപ്പെടാന്‍ യത്‌നിക്കുകയാണ്. ഫലസ്തീന്‍കാരുടെ മനോനിലയെ പറ്റി പറയുന്ന സൈദ് ഒരിടത്തു നിന്ന് മറ്റൊരു രാജ്യത്തേക്കുള്ള കുടിയേറ്റത്തിലൂടെയെ നമ്മുടെ ശരിയായ യാഥാര്‍ഥ്യം സ്പഷ്ടമാകുകയുള്ളു എന്നഭിപ്രായപ്പെട്ടിരുന്നു. സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകള്‍ ആണ് നമ്മെ ഇത്തരത്തില്‍ കുടിയേറ്റക്കാരും സങ്കരവര്‍ഗവും ആക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. തിരിച്ചു വരാന്‍ സാധിക്കാത്ത വിധത്തില്‍ മറ്റൊരിടത്തേക്കുള്ള പൂര്‍ണമായ കുടിയേറ്റം സമകാലത്തെ പ്രതിലോമകരമായ രാഷ്ട്രീയത്തിന്റെയും ഫാസിസത്തിന്റെയും വര്‍ഗീയതയുടെയും ആകെത്തുകയാണ് . സ്വന്തം രാജ്യം ഉപേക്ഷിച്ചു സിറിയയില്‍ കുടിയേറിയ അയാമിനെ പോലെയുള്ള പലസ്തീന്‍കാര്‍ക്ക് വീണ്ടും പലായനം ചെയേണ്ടി വരുന്നു. വേരുകള്‍ മുറിച്ചുമാറ്റപ്പെട്ട അവശതയില്‍ ഉള്ള അവര്‍ മറ്റു മാര്‍ഗങ്ങളില്ലാതെ പിന്നെയും അതിര്‍ത്തി കടക്കാന്‍ വിധിക്കപ്പെടുകയാണ്.
(തുടരും)
Jose John
25 Jul 2020, 12:10 PM
മികച്ച ലേഖനം. ലേഖകൻ്റെ അക്ഷരങ്ങൾ പെട്ടെന്ന് എന്നെ തീക്ഷ്ണമായ ദൃശ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. Italian Americans, Clouds over Sidra, Well founded fear (docu), Moscow on the Hudson ...etc ഒക്കെ ഓർമ്മയിലേക്ക് വന്നു.
shafistrokes
24 Jul 2020, 11:50 PM
The burning issue has been depicted in a few words with out losing its intensity. Waiting for the next part.
Suleikhahameed
23 Jul 2020, 07:28 PM
Good
എൻ.രേണുക
23 Jul 2020, 06:03 PM
"ജീവിതത്തെ ഉഴുതുമറിച്ച പ്രതിസന്ധികള്‍ക്കൊടുവില്‍ പിയാനോയും ഉരുട്ടിക്കൊണ്ട് ഭ്രാന്തമായ തെരുവുവീഥികളിലൂടെ അലയുന്ന അയാള്‍ മാനവികതയുടെ പ്രതീകമാണ്."അയാം അഹമ്മദിനെക്കുറിച്ചുള്ള വിവരണം ഹൃദ്യമാണ്.അഭയാർത്ഥിത്വമെന്ന എക്കാലത്തെയും കഠിനാനുഭവത്തെ ഹൃദയഭേദകമായി ആവിഷ്കരിക്കാൻ കലാവ്യക്തിത്വങ്ങൾക്ക് കഴിയും.
sankar s
18 Jul 2020, 01:33 PM
Nice write up
രാഹുല്‍ രാധാകൃഷ്ണന്‍
Jan 14, 2021
12 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Think
Nov 24, 2020
35 Minutes Read
Aswin
31 Jul 2020, 03:18 PM
Good write up