റാംജി റാവ് സ്പീക്കിംഗ്:
സവര്‍ണ ദാരിദ്ര്യമെന്ന മിത്തും
അര്‍ഹതപ്പെട്ട ജോലിയും
റാംജി റാവ് സ്പീക്കിംഗ്: സവര്‍ണ ദാരിദ്ര്യമെന്ന മിത്തും അര്‍ഹതപ്പെട്ട ജോലിയും
ദാരിദ്ര്യവും തൊഴിലില്ലായ്മയും കേരളത്തില്‍ മലയാളത്തിലെ സാഹിത്യാദി ആഖ്യാനങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ജാതിയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമായിട്ടാണെന്നുള്ളതാണ് കാണേണ്ട പ്രധാനപ്പെട്ട കാര്യം. പരമ്പരാഗതമായ എല്ലാ പദവികളും ആസ്വദിച്ചിരുന്ന ജാതികള്‍ക്ക് അതെല്ലാം നഷ്ടമാകുന്നു എന്നുള്ള ഭീതിയായിട്ടാണ് ഇത്തരം ആഖ്യാനങ്ങള്‍ രൂപപ്പെട്ടതെന്നുകാണാം. ‘റാംജി റാവ് സ്പീക്കിംഗ്’ എന്ന സിനിമയുടെ സമകാലിക വായന
15 Feb 2022, 10:28 AM
1940കളില്‍ പുറത്തിറങ്ങിയ വൈലോപ്പിള്ളി ശ്രീധരമേനോന്റെ ആസ്സാം പണിക്കാര്‍ എന്ന കവിത പുറംനാടുകളില്‍ ജോലിതേടി പോകുന്ന മലയാളികളുടെ വൈകാരിക സംഘര്‍ഷം അവതരിപ്പിച്ചതിലൂടെ കേരളത്തിലെ നവോത്ഥാന സാമൂഹ്യഘടനയിലേക്കും തൊഴില്‍ സംസ്‌കാരത്തിലേക്കും വെളിച്ചം വീശുന്ന ഒന്നായി അടയാളപ്പെട്ടിട്ടുണ്ട്. കൊളോണിയലിസത്തിലൂടെ ജാതിത്തൊഴിലുകളെ ലംഘിച്ച് ആധുനിക തൊഴിലിടങ്ങളിലേക്ക് പോയ മലയാളിക്ക് തൊഴിലെടുക്കാനായി കേരളത്തിനു പുറത്തെ സ്ഥലങ്ങളിലേക്ക് പോകേണ്ടതുണ്ടെന്നു പറയുകയാണ് പ്രസ്തുത കവിത ചെയ്യുന്നത്. അങ്ങനെ മറ്റിടങ്ങളില്‍ ജോലിക്ക് പോയവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലൂടെ കേരളസമൂഹത്തിന്റെ അവസ്ഥയെ വിവരിക്കുകയാണ് കവിത.
ഇക്കാലത്ത് കേരളത്തില്‍ തന്നെ കേരളത്തില്‍ അമ്പതിനായിരത്തിലേറെ പേര്‍ ബോംബെയില്‍ ജോലി ചെയ്തിരുന്നു എന്ന കണക്കുകളും മറ്റും കേരളത്തിലെ സാമൂഹ്യാവസ്ഥയും ആധുനികതയുടെ സ്വഭാവത്തെയും വിശദമാക്കുന്നുണ്ട്. വിദ്യാഭ്യാസവും ആരോഗ്യവും ഉള്ളവര്‍ക്കുപോലും ഇവിടെ ആവശ്യത്തിനു തൊഴിലും വരുമാനവും ലിഭിച്ചില്ലെന്നും അതിനാല്‍ ലോകമഹായുദ്ധത്തില്‍ പട്ടാളക്കാരായൊക്കെ നിരവധി ചെറുപ്പക്കാര്‍ പോയെന്നും അക്കാലത്തെ സാഹിത്യാദികൃതികള്‍ പറയുന്നുണ്ട്.
അടിസ്ഥാനപരമായി ഇത്തരം ആഖ്യാനങ്ങള്‍ കേരളത്തിലെ സാമൂഹ്യ- സാമ്പത്തിക അവസ്ഥയിലെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്നു. ജാതിപരമായി വിഭജിക്കപ്പെട്ട കേരളത്തില്‍ സവര്‍ണര്‍ക്കുപോലും തറവാടും അതിലെ ഭൂമിയുമായി കഴിഞ്ഞുകൂടുക അസാധ്യമായിരുന്നുവെന്നും അതൊന്നുമില്ലാത്ത കീഴാളരുടെ അവസ്ഥ അതിലും മോശമായിരുന്നുവെന്നും കാണാം. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജനസംഖ്യാനുപാതികമായി സംവരണം കൊണ്ടുവരാനുള്ള നിവര്‍ത്തനസമരവും മറ്റും ഇക്കാലത്ത് തിരുവിതാംകൂറിലുണ്ടായത് സവര്‍ണാധിപത്യപരമായിരുന്ന സര്‍ക്കാര്‍ സംവിധാനത്തെ ചോദ്യം ചെയ്ത് കീഴാളര്‍ ആ ജോലികള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതിന്റെ അടയാളമാണ്. എന്നിരുന്നാലും സര്‍ക്കാര്‍ ജോലിയും മറ്റും സാമ്പത്തികമായി സുരക്ഷിതമാണെന്നുള്ള ചിന്ത ഇവിടെ വളര്‍ന്നില്ല എന്നതാണ് വസ്തുത.
പുതിയ കാലത്ത് സാമൂഹിക മാന്യത പണത്തെ ആശ്രയിച്ചാണെന്നും കൂടുതല്‍ പണം ഉണ്ടാക്കുന്നതിലൂടയേ എന്തെങ്കിലും നേട്ടം സാധ്യമാകൂ എന്നുമുള്ള വിശ്വാസം ശക്തമായി. തൊഴിലില്ലായ്മ രൂക്ഷമായ പ്രശ്‌നമായി തുടരുന്നതിലൂടെ യുവജനങ്ങള്‍ക്ക് സംഭവിക്കുന്ന അരക്ഷിതാവസ്ഥയും അവരുടെ വൈകാരിക പ്രതിസന്ധികളുമാണ് 1970- 80 കളിലെ ഏറെ മലയാള സിനിമകളും പങ്കുവെച്ച പ്രധാന പ്രമേയങ്ങളില്‍ ഒന്ന്.

കേവലമായ ദാരിദ്ര്യത്തിന്റെ ആഖ്യാനത്തിനുപരി കേരള സമൂഹത്തിലെ ആധുനികതാപരമായ പരിണാമങ്ങളെ സവിശേഷമായി പ്രത്യയശാസ്ത്രവല്‍ക്കരിക്കുന്ന ഒരു ചിത്രവും ഈ കാര്യത്തിലുണ്ടെന്നു കാണാം. പരമ്പരാഗതമായ ജാതിതൊഴിലുകളും പദവികളും അപ്രത്യക്ഷമാവുകയും ആദ്യ ഇടതുപക്ഷ സര്‍ക്കാരിലൂടെ ഭൂപരിഷ്‌കരണം സംഭവിക്കുകയും ചെയ്തതോടെ പരമ്പരാഗതമായി സമ്പന്നരായിരുന്ന ജന്മികളും മറ്റും സാമ്പത്തികമായി തകരുകയും അവരുടെ കുടുംബം ശിഥിലമാവുകയും ദാരിദ്ര്യത്തിലേക്ക് പതിക്കുകയും ചെയ്തുവെന്നുള്ള ആഖ്യാനങ്ങളാണവ. ഇങ്ങനെ നോക്കുമ്പോള്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും കേരളത്തില്‍ മലയാളത്തിലെ സാഹിത്യാദി ആഖ്യാനങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ജാതിയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമായിട്ടാണെന്നുള്ളതാണ് കാണേണ്ട പ്രധാനപ്പെട്ട കാര്യം. പരമ്പരാഗതമായ എല്ലാ പദവികളും ആസ്വദിച്ചിരുന്ന ജാതികള്‍ക്ക് അതെല്ലാം നഷ്ടമാകുന്നു എന്നുള്ള ഭീതിയായിട്ടാണ് ഇത്തരം ആഖ്യാനങ്ങള്‍ രൂപപ്പെട്ടതെന്നുകാണാം. സാഹിത്യത്തില്‍ അറുപതുകളില്‍ പ്രത്യക്ഷപ്പെട്ട ഇത്തരം ആഖ്യാനങ്ങളെ സിനിമ ശക്തമാക്കിയത് തൊണ്ണൂറുകളിലാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങളിലേക്ക് ഒരാമുഖം കുറിക്കുകയാണ് പ്രത്യക്ഷതലത്തില്‍ തട്ടിക്കൊണ്ടുപോകലിന്റെ കഥപറയുന്ന റാംജിറാവ് സ്പീക്കിംഗ് (1989) എന്ന സിനിമ ചെയ്യുന്നത്.
ദാരിദ്ര്യം കൂട്ടിയിണക്കിയ അഞ്ചുപേര്‍
അച്ഛന്റെ മരണശേഷം തനിക്ക് കിട്ടേണ്ട ജോലി ലഭിക്കാൻ ബാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ കെമിക്കല്‍ എന്ന സ്ഥാപനത്തില്‍ വരുന്നതാണ് സിനിമയുടെ തുടക്കം. ആ ജോലി കിട്ടാനുള്ള ശ്രമത്തിനിടയില്‍ തൊഴിലില്ലാതെ നടക്കുന്ന ഗോപാലകൃഷ്ണനൊപ്പം മാന്നാര്‍ മത്തായിയുടെ പ്രതിസന്ധിയിലായ "ഉര്‍വശി തിയേറ്റേഴ്‌സില്‍' താമസിക്കുവാന്‍ നിര്‍ബന്ധിതനാകുന്നു ബാലകൃഷ്ണന്‍. ഏതാണ്ട് ആറുവര്‍ഷം മുമ്പ് കിട്ടേണ്ട തൊഴില്‍ ഇത്തവണ റാണിയെന്ന പെണ്‍കുട്ടി തട്ടിയെടുക്കുന്നതോടുകൂടി നിരാശയിലാകുന്ന ബാലകൃഷ്ണന്‍ മാന്നാര്‍മത്തായിയോടൊപ്പം താമസിക്കുന്നു.
നാട്ടിലാകെ കടമുള്ള ബാലകൃഷ്ണന്‍, ജോലിയില്ലാതെ ജീവിക്കുന്ന ഗോപാലകൃഷ്ണന്‍ സ്ഥാപനം തകര്‍ന്നതിലുള്ള സങ്കടവുമായി ജീവിക്കുന്ന മാന്നാര്‍ മത്തായി എന്നിവര്‍ ഇവര്‍ മൂന്നുപേരും കാലഘട്ടത്തിന്റെ സാമൂഹിക തൊഴില്‍ സംസ്‌കാരത്തിന്റെ അടയാളങ്ങളാണെന്ന് കാണാം. എങ്ങനെയും കുറച്ചുപണം ഉണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ ജീവിക്കുമ്പോഴാണ് അവര്‍ക്കിടയിലേക്ക് ഉറുമീസ് തമ്പാന്റെ മക്കളെ തട്ടിക്കൊണ്ടുപോയ ഫോണ്‍കോള്‍ എത്തുന്നതും ആ ഫോണ്‍കോള്‍ ഉപയോഗിച്ച് അതിന്റെ ഇടനിലനിന്ന് നാലു ലക്ഷംരൂപ സമ്പാദിക്കുകയും ചെയ്യുന്നത്. ഈ പണം സമ്പാദിച്ചത് നിയമവിരുദ്ധമായിട്ടാണെങ്കിലും അവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കുന്നു എന്നു സൂചിപ്പിച്ച് അവരുടെ ജീവിതത്തിലെ സന്തോഷത്തെ അടയാളപ്പെടുത്തിയാണ് സിനിമ അവസാനിക്കുന്നത്.
ഒറ്റയടിക്ക് നോക്കിയാല്‍ സാമ്പത്തികമായി തകര്‍ന്ന നാലു വ്യക്തികള്‍ക്ക് പെട്ടന്ന് അത്യാവശ്യം പണംകിട്ടി, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നവെന്നുള്ള സൂചന ജനപ്രിയ സിനിമയുടെ പതിവു ചേരുവയാണെന്നു കാണാം. കാശില്ലാത്ത പാവങ്ങള്‍ക്ക് പണം കിട്ടി അവരുടെ ജീവിതം ധന്യമാകുന്നത് സാധാരണ ജനപ്രിയ ഭാവനയില്‍ ദൈവത്തിന്റെയും മറ്റും ഒരു ഇടപെടലായിട്ട് ചിത്രീകരിക്കുകയാണ് പതിവ്. അല്ലാതെ സമൂഹത്തിലെ വര്‍ഗ്ഗപ്രതിസന്ധികള്‍ അവസാനിച്ച് സോഷ്യലിസമോ മറ്റോ സ്ഥാപിതമായതിലൂടെ സംഭവിക്കുന്നതായി പൊതുവില്‍ ആഖ്യാനങ്ങള്‍ സൂചിപ്പിക്കാറില്ല. ഇത്തരം ആഖ്യാനങ്ങള്‍ ചെയ്യുന്നത് സമൂഹത്തിലെ വര്‍ഗ- ജാതി വൈരുദ്ധ്യങ്ങളെയും മുതലാളിത്തത്തെയും അതേപടി നിലനിര്‍ത്തുകയാണെന്നുള്ള വിമര്‍ശനങ്ങളുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് സമൂഹത്തിലെ മുതലാളിത്തത്തിനുണ്ടെന്നും അതിനെ ചോദ്യംചെയ്യുന്നതിലൂടെയാണ് കീഴാളരുടെ സാമ്പത്തികപ്രതിസന്ധികള്‍ പരിഹരിക്കാനാവൂ എന്നാണ് ഇത്തരം വാദങ്ങളുടെ കാതല്‍. പ്രത്യേകിച്ച് ഒരു അധ്വാനമോ തൊഴിലോ എടുക്കാതെ പെട്ടെന്നു ധാരാളം പണംകിട്ടുന്നു എന്നുള്ള ആഖ്യാനങ്ങള്‍ ഇന്‍ ഹരിഹര്‍നഗര്‍ പോലുള്ള സിനിമകളിലൂടെ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പണമില്ലായ്മ എന്ന പ്രശ്‌നം രൂക്ഷമായിരുന്ന കേരളത്തിലേക്ക് പലരൂപത്തില്‍ പണംവരുന്നു എന്ന സൂചനയായാണ് ഇതു മാറുന്നത്.

റാണി, മത്തായി, ബാലകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, ഹംസക്കോയ എന്നീ അഞ്ചു വ്യക്തികളുടെ സാമ്പത്തികമായ പിന്നാക്കാവസ്ഥ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കാതലായ വശം. ഉര്‍വ്വശി തിയേറ്റേഴ്‌സില്‍ താമസിക്കുന്ന മൂവരുടെ ദാരിദ്ര്യമാണ് പ്രധാന കാഴ്ച. ബാലകൃഷ്ണനു തൊഴിലില്ല, കടം ഏറെയുണ്ട്. ഗോപാലകൃഷ്ണനെ അമ്മയ്ക്ക് തീരെ വയ്യ, അവനും തൊഴിലില്ല. മാന്നാര്‍ മത്തായിക്കാകട്ടെ തന്റെ നാടകക്കമ്പനിയുടെ പ്രതിസന്ധിയാണ് പ്രശ്‌നം. ഇവരുടെ ദാരിദ്ര്യത്തിന്റെ ശക്തമായ സൂചന അവരുടെ ജീവിതത്തിലെ ആഹാരത്തിലൂടെ പ്രത്യക്ഷപ്പെടുന്നത്- കഞ്ഞി എന്ന വാക്ക്. അവരുടെ ആ മൂന്നു പേരുടെയും നിത്യഭക്ഷണം കഞ്ഞിയാണ് എന്നാവര്‍ത്തിക്കുന്നത് ചോറും കൂട്ടാനും അല്പമെങ്കിലും സമൃദ്ധമായി വച്ചുകഴിക്കാനുള്ള ശേഷിയില്ല എന്നതാണ്. കഞ്ഞി എന്നുള്ളത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദരിദ്രജനതയുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് എന്നുള്ളത് കേരളത്തിലെ വ്യവഹാരങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ട ഒന്നാണ്. ഈ മൂന്നുപേരും കൂടാതെ ഹംസക്കോയയുടെ സാമ്പത്തികപ്രശ്‌നവും കടന്നുവരുന്നു. ബാലകൃഷ്ണന്‍ കൊടുക്കാനുള്ള കടമാണത്. മകളുടെ വിവാഹം ആ പണത്തിലാണ് കിടന്നാടുന്നത്.
ഒരര്‍ത്ഥത്തില്‍ സിനിമ ഏറെ ദീര്‍ഘമായി കാണിക്കുന്നത് അല്ലെങ്കില്‍ സഹതാപം ജനിപ്പിക്കുന്ന മട്ടില്‍ കാണിക്കുന്നത് നായികയായ റാണിയുടെ വീട്ടിലെ ദാരിദ്ര്യമാണ്. അതു ദൃശ്യവല്‍ക്കരിക്കുന്നത് ബാലകൃഷ്ണന്‍ നേരിട്ട് കാണുന്ന മട്ടിലായതിനാല്‍ അതിന് വളരെയേറെ ആഴവും പരപ്പും സിനിമയില്‍ ഉണ്ടെന്നു കാണാം. അച്ഛന്‍ ശിവശങ്കരപ്പണിക്കരുടെ മരണത്തിനുശേഷം റാണിയുടെ കുടുംബത്തില്‍ സംഭവിക്കുന്ന തകര്‍ച്ചയുടെ അവസ്ഥ റാണിയുടെ വീട്ടില്‍ പോയിവന്നശേഷം ബാലകൃഷ്ണന്‍ മാന്നാര്‍ മത്തായിയുടെ പറയുന്ന ഒരു കാര്യത്തില്‍ നിന്നു വ്യക്തമാക്കുന്നുണ്ട്. "റാണിയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മളൊക്കെ രാജാക്കന്മാരാണ്' എന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. അതായത് മൂവരുടെയും ദാരിദ്ര്യം സാമ്പത്തികമായ പിന്നാക്കാവസ്ഥയും പരിഗണിക്കുമ്പോള്‍ ഏറ്റവും രൂക്ഷമായ പ്രശ്‌നമുള്ളത് റാണിക്കാണെന്ന് വ്യക്തമാക്കുന്നു. അച്ഛന്റെ മരണത്തിനുശേഷം ആ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്-
1. അമ്മയ്ക്ക് ഭ്രാന്ത് പിടിക്കുന്നു, ചികിത്സിക്കാന്‍ കഴിയാതാവുന്നു.
2. നാലുമക്കളുള്ള രോഗിയായ സഹോദരിയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും വീട്ടില്‍ കൊണ്ടുവന്നാക്കുകയും ചെയ്യുന്നു.
3. അനിയന്‍ ഉണ്ണിക്ക് ഗുരുതരമായ വിധത്തില്‍ കാഴ്ചയ്ക്ക് രോഗം ബാധിക്കുന്നു, ചികിത്സിക്കാന്‍ കഴിയാതെ നിസ്സഹായതയിലാകുന്നു.
ഇങ്ങനെയുള്ള കുടുംബത്തിന്റെ ഭാരംമുഴുവനും റാണിയുടെ ചുമലിലേക്ക് പതിക്കുന്നു.
റാണിയുടെ സാമൂഹ്യപദവിയെകുറിച്ചുള്ള ഏകസൂചന റാണിയുടെ അച്ഛനായ ശിവശങ്കരപ്പണിക്കരുടെ പേരാണ്. പണിക്കര്‍ എന്ന നാമധേയം വ്യാപകമായി ഉപയോഗിച്ചിരുന്നത് നായര്‍ വിഭാഗത്തില്‍പെട്ടവരാണ് എന്നാണ് ചരിത്രപരമായ സൂചനകള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലഘട്ടത്തില്‍ കവിയായ മൂലൂര്‍ പത്മനാഭപ്പണിക്കര്‍, പണിക്കര്‍ എന്ന നാമം ഉപയോഗിച്ചപ്പോള്‍ സവര്‍ണര്‍ അതെതിര്‍ത്തത് വലിയ കോലാഹലത്തിനിഇടയാക്കിയത് ചരിത്രത്തിലുണ്ട്. ഏതായാലും റാണിയുടെ ദൃശ്യവത്കരണവും അവരെക്കുറിച്ചുള്ള ആഖ്യാനരീതിയും സൂചിപ്പിക്കുന്നത് ഒരു സവര്‍ണ കുടുംബാംഗമാണ് എന്ന സൂചനയാണ്. അതുകൊണ്ടാണ് അവളുടെ വീടിനകത്തു വച്ചുതന്നെ കൃത്യമായ ദൃശ്യവല്‍ക്കരണം നടത്തി അവളുടെ ദാരിദ്ര്യത്തിന്റെ ഭീമമായ അവസ്ഥയെ സിനിമ കാണിക്കുന്നത് എന്നു കരുതേണ്ടിവരുന്നു. ഏറെ സഹതാപം ജനിപ്പിക്കുന്ന ഒരു അവസ്ഥയിലാണ് റാണിയെ പോലുള്ളവര്‍ കഴിയുന്നത് എന്നുള്ള സൂചനയാണ് ഇത് നല്‍കുന്നത്. ഭൂപരിഷ്‌കരണമൊക്കെ നടപ്പാക്കിയശേഷം ഉയര്‍ന്ന ജാതിക്കാര്‍ സാമ്പത്തികമായി പിന്നാക്കം പോയി എന്നുള്ള സൂചനകളെ ബലപ്പെടുത്തുന്ന ചരിത്രപരമായ സൂചനകള്‍ ഈ ദൃശ്യവുമായി കണ്ണിചേര്‍ക്കപ്പെടുന്നുണ്ടെന്നു കാണാം.
പണം: സ്ത്രീയുടേതും പുരുഷന്റേതും
റാണിയുടെ ആഖ്യാനം സൂചിപ്പിക്കുന്നത് അവള്‍ക്ക് ജോലി കിട്ടിയിട്ടും അവളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവളെക്കൊണ്ട് പറ്റില്ല എന്ന മട്ടിലാണ്. അനിയന്റെ കാഴ്ചയില്ലായ്മയാണ് അവള്‍ക്ക് അടിയന്തരമായി പരിഹരിക്കേണ്ട എന്ന പ്രശ്‌നം. അതിനുവേണ്ടത് ഓപ്പറേഷനുള്ള തുകയായ 50,000 രൂപയാണ്. ജോലികിട്ടിയ സ്ഥിതിക്ക് വായ്പ വാങ്ങാവുന്ന തുകയാണ് അതെങ്കിലും അതിനു ശ്രമിക്കാതെ നിസ്സഹായതയില്‍ നില്‍ക്കുകയാണ് റാണി ചെയ്യുന്നതെന്ന് കാണാം. റാണിയുടെ ആഖ്യാനത്തിലൂടെ ഉന്നയിക്കപ്പെടുന്ന പ്രശ്‌നം മലയാള സിനിമ പൊതുവില്‍ കൈകാര്യം ചെയ്തിട്ടുള്ള സമ്പത്തും ലിംഗവും തമ്മിലുള്ള ബന്ധത്തിന്റെ ജനപ്രിയവശമാണ്. കടുത്ത ദാരിദ്ര്യത്തിനിടയിലും പുരുഷന് ജോലി കിട്ടിയാല്‍ - ചെറിയ ജോലിയാണെങ്കില്‍പോലും- വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ വേഗം പരിഹരിക്കുന്നത് കാണിക്കും. എന്നാല്‍ സ്ത്രീക്ക് നല്ല ജോലിയുണ്ടെങ്കില്‍പോലും അവളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതായി കാണിക്കില്ല. അതേസമയം പ്രശ്‌നം രൂക്ഷമാകുന്നത് ചിത്രീകരിക്കുകയും ചെയ്യും.
ജോലിയുണ്ടായിട്ടും റാണിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും എന്ന വിശ്വാസം പോലും അവള്‍ക്കുണ്ടാകുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതേസമയം ജോലിയില്ലാത്ത ബാലകൃഷ്ണന്‍ അവളുടെ അനിയന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താമെന്നു പറയുകയും അവളതില്‍ വിശ്വസിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് വൈരുദ്ധ്യം. അതിനര്‍ത്ഥം പുരുഷന്‍ വിചാരിച്ചാല്‍ കാശുണ്ടാവും എന്ന പൊതുബോധമാണ്. പണവും പുരുഷനുമായിട്ടാണ് ബന്ധമുള്ളത് സ്ത്രീക്ക് അതിനുള്ള കഴിവില്ലെന്ന പുരുഷാധിപത്യത്തെ യുക്തികൊണ്ടുവരികയാണ് ഈ ഭാഗം ചെയ്യുന്നത്. അതായത് ‘സാമര്‍ഥ്യക്കാരി’യായിട്ടും അവളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സാമര്‍ത്ഥ്യത്തോടെ പരിഹരിക്കാന്‍ ഒരു സ്ത്രീക്ക് കഴിയുകയില്ല എന്നാണ് ഇത്തരം സിനിമകള്‍ പറയുന്നത്. എന്നാലതേസമയം ഒരു സാമര്‍ത്ഥ്യവുമില്ലാത്ത പുരുഷന്മാര്‍ക്ക് വളരെ നിസ്സാരമായി സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അല്ലെങ്കില്‍ അങ്ങനെയുള്ള തോന്നലുണ്ടാക്കാനെങ്കിലും സാധിക്കുമെന്ന് പറയുന്നു. ഗോപാലകൃഷ്ണന്റെ കഥയാണ് ഇതിനുദാഹരണം.

പഠനം കഴിഞ്ഞു ജോലികിട്ടാതെ നടന്നിട്ടും അമ്മയെക്കൊണ്ട് വലിയ ജോലി ഉണ്ടെന്നും വലിയ വീടുവയ്ക്കുകയാണെന്നുമുള്ള തോന്നലും വിശ്വാസവും ജനിപ്പിക്കാന്‍ ഗോപാലകൃഷ്ണനു കഴിയുന്നുണ്ട്, ആ വിശ്വാസത്തില്‍ അമ്മ ജീവിക്കുന്നു. ചുരുക്കത്തില്‍ പുരുഷനാണ് സമ്പത്തിന് ശരിയായ ഉടമയെന്നും അവരിലൂടെയാണ് കുടുംബത്തിന്റെ ആവശ്യങ്ങള്‍ ശരിയായവിധത്തില്‍ പരിഹരിക്കപ്പെടുകയും ചെയ്യുകയെന്നുമുള്ള പ്രത്യയശാസ്ത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. അങ്ങനെ റാണിയുടെ വീട്ടിലെ കുഴഞ്ഞുമറിഞ്ഞ സാമ്പത്തികപ്രശ്‌നം വരെ ഏറ്റെടുക്കാന്‍ ബാലകൃഷ്ണനു കഴിയുന്നത് അതുകൊണ്ടാണ്. അതേസമയം, ബാലകൃഷ്ണന്‍ ആവശ്യമുള്ള 35,000 രൂപയുടെ ഒരുപങ്കുപോലും വഹിക്കാന്‍ റാണിക്കു കഴിയുന്നില്ല എന്നുവ്യക്തമായി സൂചിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അച്ഛന്റെ മരണശേഷമാണ് കുടുംബത്തില്‍ തകര്‍ച്ച ഉണ്ടായത് എന്ന് റാണി പറയുന്നത്. അച്ഛനാണ് ശരിയായി കുടുംബം നയിക്കേണ്ട അന്നദാതാവ്. അയാള്‍ക്ക് മരണമാണ് കുടുംബത്തിന് തകര്‍ച്ചയുണ്ടാക്കുന്നത്. പുരുഷന്റെ സ്ഥാനം ഏറ്റെടുക്കുക സ്ത്രീക്ക് കഴിയുകയില്ലെന്നു വ്യക്തമായി സിനിമ പറയുന്നു.
കഞ്ഞിയില്ലാത്ത പ്രവാസ ജീവിതം
ഗോപാലകൃഷ്ണന്റെ സാമ്പത്തികപ്രശ്‌നം ഇവിടെ ശ്രദ്ധേയമാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഉടനെ ജോലി കിട്ടുമെന്നാണ് അയാളും അമ്മയും കരുതിയത്. എന്നാലങ്ങനെ സംഭവിക്കാതിരിക്കുകയും ജോലി അന്വേഷണങ്ങളെല്ലാം വൃഥാവിലാകുകയും ചെയ്യുന്നു. മകനു ജോലികിട്ടാത്തതിനാല്‍ അമ്മയുടെ മാനസികസംഘര്‍ഷം കൂടുന്നുവെന്നുള്ള സൂചന വളരെ പ്രധാനമാണ്. ചെറുപ്പക്കാര്‍ക്ക് ജോലി ഇല്ലാത്തതിനാല്‍ വീടുകളില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയും സാമ്പത്തികമായ ദാരിദ്ര്യവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് പഠനം കഴിഞ്ഞാല്‍ വിദ്യാഭ്യാസം നേടിയാലും തൊഴില്‍കിട്ടുന്നില്ല എന്നുള്ളത് എണ്‍പതുകളിലെ ഗൗരവമായ പ്രശ്‌നമായിരുന്നുവെന്നും സിനിമ പറയുന്നു. ഇതിനെ മറികടക്കാന്‍ ഗോപാലകൃഷ്ണന്‍ കണ്ടെത്തുന്ന വഴി അയാള്‍ കല്‍ക്കട്ടയിലാണെന്ന് അമ്മയെ ധരിപ്പിക്കുകയാണ്. അതായത് കല്‍ക്കട്ടയിലാണെങ്കില്‍ അതു ജോലികിട്ടാനുള്ള സാധ്യതയാണെന്ന് അമ്മ വിശ്വസിക്കുന്നു എന്നതിനര്‍ത്ഥം പ്രവാസത്തില്‍ കൂടെയാണ് ആ കാലഘട്ടത്തില്‍ തൊഴില്‍സാധ്യത കേരളത്തില്‍ നിലനിന്നിരുന്നത് എന്നാണ്. ഏതുകമ്പനിയാണെന്നോഎന്തു തൊഴിലാണെന്നോ ഉള്ളത് അമ്മയ്ക്ക് വിഷയമാകുന്നില്ല, മറിച്ച് മകനൊരു വലിയ കമ്പനിയില്‍ ജോലിയാണെന്നുള്ള വിശ്വാസം അമ്മയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായിട്ടാണ് കാണുന്നത്.
കേരളത്തിനു പുറത്തോ ഗള്‍ഫിലോ ആയിക്കഴിഞ്ഞാല്‍ മതിയാകും ഉയര്‍ന്ന ജോലിയിലാണെന്ന വിശ്വാസമുണ്ടാകാന്‍. കേരളത്തിനകത്താണെങ്കില്‍ ഉയര്‍ന്നജോലിയാണെങ്കില്‍ പോലും ഭേദപ്പെട്ട നിലയിലാവില്ല എന്നുള്ള പൊതുബോധം പ്രകടമായിരുന്നു എന്നാണിതു സൂചിപ്പിക്കുന്നത്. ആ പൊതുബോധത്തിന് അടയാളമാണ് റാണിയുടെ അവസ്ഥ പറയുന്നത്. ജോലികിട്ടിയിട്ടും വീട്ടിലെ സാമ്പത്തികകുഴപ്പങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അവള്‍ക്ക് വിശ്വാസം ഉണ്ടാകുന്നില്ല എന്നുള്ളതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. പ്രവാസമാണ് തൊഴിലില്ലായ്മയും സാമ്പത്തികകുഴപ്പങ്ങളും പരിഹരിക്കുക എന്നുള്ള സൂചന എണ്‍പതുകളിലെ സിനിമ വളരെ വ്യക്തമായി നിര്‍ദേശിക്കുന്നു എന്നതാണ് കാണാന്‍ കഴിയുന്നത്. ഗോപാലകൃഷ്ണന്റെ അമ്മയെയും ബാലകൃഷ്ണനും തമ്മിലുള്ള സംഭാഷണരംഗത്ത് ഇത് കാണാന്‍ കഴിയും. ഗോപാലകൃഷ്ണന്‍ ഇന്നും വൈകിട്ട് കഞ്ഞി വെക്കണമെന്ന് ബാലകൃഷ്ണന്‍ ആവശ്യപ്പെടുമ്പോള്‍ "കഞ്ഞിയോ, താന്‍ കല്‍ക്കട്ടയിലെന്നും കഞ്ഞിയാണോ കുടിക്കുന്നതെന്നു' അമ്മ ചോദിക്കുന്ന രംഗം ഇത് സൂചിപ്പിക്കുന്നു. അതായത് പുറത്തു ജോലിചെയ്യുന്ന ആള്‍ കഞ്ഞികുടിക്കുക എന്നത് ചിന്തിക്കാനാകാത്ത കാര്യമാണ്. സാമ്പത്തികമായ വളര്‍ച്ചയും പണവും ഉള്ളയിടങ്ങളില്‍ കഞ്ഞിയെന്ന വിലകുറഞ്ഞ ഭക്ഷണമുണ്ടാവില്ല എന്നുള്ള ചിന്ത ദാരിദ്ര്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കാം. കല്‍ക്കട്ടയില്‍ ജോലിചെയ്യുന്ന മകന്‍ ദാരിദ്ര്യത്തിലാണ് എന്നുള്ളത് അംഗീകരിക്കാന്‍ കഴിയാത്ത മാതാവിന്റെ മാനസികാവസ്ഥയാണ് ഇവിടെ കഞ്ഞിയോടുള്ള അവിശ്വാസമായി പ്രത്യക്ഷപ്പെടുന്നത്.
അര്‍ഹതയുള്ള ജോലിയും സംവരണവും
കഥയില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു പ്രയോഗം അര്‍ഹതയുള്ള ജോലി എന്നുള്ളതാണ്. കഴിവും യോഗ്യതയും അര്‍ഹതപ്പെട്ട ആളിനായിരിക്കണം ജോലികിട്ടേണ്ടതെന്നാണ് ഇതിന്റെ സൂചന. അല്ലാതെ വളഞ്ഞവഴിക്ക് ആളുകള്‍ക്ക് ജോലി നല്കുന്നത് ശരിയല്ലെന്നാണ് പറച്ചില്‍. കേരളത്തിലെ തൊഴിലിന്റെ ജാതീയമായ പശ്ചാത്തലത്തില്‍ അതങ്ങനെയല്ലെന്ന് വ്യക്തമായി കാണാം. കഴിവെന്നുപറയുന്നത് ജാതിയും വര്‍ഗ്ഗവുമായി ബന്ധപ്പെട്ട പ്രയോഗമായിട്ടാണ് കാണേണ്ടത്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഒരാള്‍ക്ക് അര്‍ഹതപ്പെട്ട ജോലി എന്നു പറയുന്നത് വിദ്യാഭ്യാസം നേടിയശേഷം തൊഴിലിനുവേണ്ടി കാത്തിരിക്കുന്ന ഒരാള്‍ക്ക് കിട്ടേണ്ട ആ യോഗ്യതയുടെ അംഗീകാരം നിലയിലാണ് മനസ്സിലാക്കുന്നത്. സര്‍ക്കാര്‍ ജോലികളെല്ലാം പരീക്ഷയുടെയും വിദ്യാഭ്യാസ യോഗ്യതയുടെയും മറ്റും അടിസ്ഥാനത്തിലാണെന്നുള്ള വസ്തുതകൂടി ഇവിടെയോര്‍ക്കണം. ഈ യോഗ്യതയെ പ്രശ്‌നവല്‍ക്കരിക്കുന്ന ഒന്നായിട്ടാണ് സംവരണം എന്നുപറയുന്ന ഘടകം ഉന്നയിക്കപ്പെടുന്നത്.

പഠിപ്പും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ക്ക് അര്‍ഹതപ്പെട്ട ജോലിയെ പലപ്പോഴും ജാതിയുടെ പേരില്‍ അല്ലെങ്കില്‍ സംവരണത്തിന്റെ പേരില്‍ തട്ടിയെടുക്കുന്നത് മറ്റു ചിലരാണ് എന്നുള്ളതാണ് പൊതുബോധം സംസാരിക്കുന്നത്. യോഗ്യതയെ ഇല്ലാതാക്കുന്നതാണ് സംവരണമെന്ന വാദമെന്ന് ഇന്ത്യയിലെ സംവരണവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു. ബാലകൃഷ്ണന് അര്‍ഹതപ്പെട്ട ജോലി എന്ന പ്രയോഗത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത് യോഗ്യതയെക്കുറിച്ചുള്ള സമൂഹത്തിലെ പൊതുബോധമാണെന്നു കാണാം. യോഗ്യതയുണ്ടായിട്ടും അയാളുടെ ജോലി മറ്റുള്ളവര്‍ തട്ടിയെടുക്കുന്നു എന്നുള്ള സൂചന കഴിവും യോഗ്യതയും ഉള്ളവരെ സംവരണത്തിന്റെയും മറ്റും ബലത്തില്‍ ആള്‍ക്കാര്‍ തട്ടിമറിച്ചിട്ട മുന്നോട്ടു കയറിപ്പോകുന്നു എന്നുള്ള സൂചനയാണ് നല്‍കുന്നത്. നിലവിലെ സമൂഹത്തില്‍ യോഗ്യതയുള്ളവര്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും യോഗ്യരല്ലാത്തവര്‍ തെറ്റായവഴികളിലൂടെ സ്ഥാനങ്ങളില്‍ കയറിപ്പറ്റുന്നു എന്നുമാണ് സൂചന. കേരളത്തിലെ സര്‍ക്കാര്‍ ജോലിയില്‍ സംവരണമൊക്കെ വന്നത് നിവര്‍ത്തന സമരത്തോടുകൂടിയാണെന്നു കാണാം. അതിനുമുമ്പ് നായന്മാര്‍ തങ്ങള്‍ക്ക് ജോലി നല്കണമെന്നു പറഞ്ഞ് നായര്‍ മെമ്മോറിയല്‍ കൊണ്ടുവരുന്നുണ്ട്. പബ്ലിക് സര്‍വീസ് കമീഷന്‍ രൂപീകരിക്കുന്നതിനു മുമ്പ് ഏതെങ്കിലും ഉദ്യോഗത്തിലിരിക്കുന്ന ഉദ്യോഗസ്ഥനെ സേവപിടിച്ചുപറ്റി തൊഴില്‍ സമ്പാദിക്കുകയായിരുന്നു മിക്കവരും ചെയ്തിരുന്നത്. അങ്ങനെയുദ്യോഗത്തിലെത്തുക സവര്‍ണരായിരിക്കും. സംവരണം ഇല്ലാതാക്കാനുള്ള മേല്‍ജാതിയുടെ തീവ്രമായ അഭിലാഷമാണ് സംവരണവിരുദ്ധ സമരങ്ങളായി പ്രത്യക്ഷപ്പെട്ടത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ബാലകൃഷ്ണന്‍ കിട്ടുന്ന അര്‍ഹതപ്പെട്ട ജോലിയും ഒരു തരത്തിലുള്ള സംവരണ വിഭാഗത്തില്‍പെടുന്ന ജോലിയാണെന്നുള്ളതാണ്- ആശ്രിത നിയമനം. ഈ ജോലിപോലും വളഞ്ഞവഴിയിലൂടെ മറ്റുപലരും തട്ടിയെടുക്കുന്നു എന്നുള്ള സൂചന തൊഴില്‍മേഖലയിലുള്ള കടുത്തമത്സരവും രൂക്ഷമായ തൊഴിലില്ലായ്മയുമാണ് അടയാളപ്പെടുത്തുന്നത്.
ബാലകൃഷ്ണന്റെ അര്‍ഹതപ്പെട്ട ജോലി റാണി അല്പം വളഞ്ഞ വഴിയിലൂടെയാണ് സ്വന്തമാക്കുന്നത്. എങ്കിലും അവസാനം അവളുടെ വീട്ടിലെ ദാരിദ്ര്യം കണ്ടു ആ ജോലി അവള്‍ക്കു തന്നെ നല്‍കുന്ന ബാലകൃഷ്ണന്റെ ദയാവായ്പും ശ്രദ്ധിക്കേണ്ടതുണ്ട്. റാണിയുടെ കുടുംബത്തിലെ അവസ്ഥ ആലോചിക്കുമ്പോള്‍ തങ്ങളൊക്കെ രാജാക്കന്മാരാണെന്ന ബാലകൃഷ്ണന്‍ പരാമര്‍ശം ഇവിടെ അര്‍ഥവത്താകുന്നു. അതായത് റാണിയുടെ അവസ്ഥയെന്നു പറയുന്നത് ഉന്നതിയില്‍ ഇരിക്കേണ്ട ഒരാളുടെ അവസ്ഥയല്ലെന്നും അതു പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നുമാണ് സൂചിപ്പിക്കുന്നത്. റാണിയെപ്പോലുള്ളവര്‍ ഇത്രയും കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുന്നത് ശരിയല്ലെന്നു പറഞ്ഞ് അവരുടെ കുടുംബത്തിന്റെ അവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ള സഹതാപമാക്കിമാറ്റുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ബാലകൃഷ്ണനു ജോലിയില്ലെങ്കിലും കുഴപ്പമില്ലെന്നും എന്നാല്‍ റാണിയെപ്പോലുള്ളവരുടെ പ്രശ്‌നമാണ് ഗൗരവകരമായതെന്നുമാണ് ആഖ്യാനം സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ "ചിലരുടെ' സാമ്പത്തിക പിന്നാക്കാവസ്ഥ വലിയ പ്രശ്‌നമായി അവതരിപ്പിക്കുന്ന സഹതാപ നോട്ടങ്ങളാണ് സവര്‍ണ ദാരിദ്ര്യമെന്ന മിത്തിനെ സവിശേഷമായി ഉന്നയിക്കുന്നതെന്ന് പറയാം. അര്‍ഹതപ്പെട്ട ജോലി എന്ന വ്യവഹാരം സവിശേഷമായി മറ്റൊരു രീതിയില്‍ ഇവിടെ ഉന്നയിക്കപ്പെടുന്നു. വളഞ്ഞ വഴിയിലൂടെ അര്‍ഹതപ്പെട്ട ആളിന്റെ ജോലി തട്ടിയെടുത്തെ റാണിയാണ് ശരിയായ, അര്‍ഹതപ്പെട്ട ആളെന്ന് ബാലകൃഷ്ണനിലൂടെ പറയിപ്പിച്ചുകൊണ്ട്, അര്‍ഹത ചിലരുടെ ദാരിദ്ര്യമാണെന്നു ഉറപ്പിക്കുന്നു. ചിലരുടെ "യോഗ്യത'യെ മറികടക്കാന്‍ "ചിലരുടെ' ദാരിദ്ര്യത്തിനു സാധിക്കുമെന്ന് സിനിമ പറയുന്നു.
വളരെ വലിയതോതിലുള്ള പണത്തിന്റെ വിതരണത്തിലൂടെ അവരുടെ സാമ്പത്തികപ്രശ്‌നം അവസാനിക്കുന്നതായിട്ടാണ് സിനിമ പറഞ്ഞവസാനിപ്പിക്കുന്നത്. ബിസിനസുകാരനായ ഉറുമീസ് തമ്പാന് അത്രമാത്രം പണം എവിടെനിന്നാണ് അയാള്‍ക്ക് ലഭിച്ചതെന്നത് പ്രധാനമാണ്. തട്ടിക്കൊണ്ടുപോയ റാംജിറാവു സംഘത്തിനുവേണ്ടത് ഒരുലക്ഷമാണെങ്കില്‍ ഗോപാലകൃഷ്ണനും ബാലകൃഷ്ണനും ചോദിക്കുന്നത് നാലുലക്ഷമാണ്. അത്രയും പണം ഒരു മടിയുമില്ലാതെ കൈമാറാന്‍ തയ്യാറാകുന്നതില്‍നിന്ന് അത്രമാത്രം സമ്പത്തുള്ള ആളാണ് എന്ന സൂചനയുണ്ടെങ്കിലും ഈ പ്രശ്‌നം അക്കാലത്തെ സാമൂഹികമായി ബന്ധപ്പെടുത്തുമ്പോള്‍ മറ്റുചില സൂചനകളായിട്ടാണ് പരിഗണിക്കേണ്ടതെന്നു തോന്നുന്നു. മകളെ സ്‌നേഹിക്കുന്ന ബിസിനസുകാരന്‍ മകള്‍ക്കുവേണ്ടി എത്രയും പണം ചെലവഴിക്കുന്നു എന്നുള്ള വ്യക്തിപരമായ പ്രശ്‌നത്തിന് അപ്പുറം കേരളത്തില്‍ വലിയ തോതില്‍ മറ്റിടങ്ങളില്‍നിന്ന് പണം വരുന്നു എന്നുള്ളതിന്റെ സൂചനയാണത്. ഒരുവ്യക്തി നല്‍കുന്ന പണമായിട്ടല്ല അതിന്റെ സാമൂഹിക സൂചനകള്‍ മനസ്സിലാക്കേണ്ടതെന്നര്‍ഥം.
70കള്‍ക്കുശേഷം കേരളത്തില്‍ ഗള്‍ഫ് പ്രവാസികളുടെ മറ്റും ധാരാളം പണം എത്തിച്ചേരുന്നത് ഇവിടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കുടുംബങ്ങളിലും വലിയമാറ്റങ്ങള്‍ കൊണ്ടുവരുന്നുവെന്നുള്ള സൂചനയുടെ ആവിഷ്‌കാരമാണ് അവസാനം എത്തിച്ചേരുന്ന ആ പണം നല്‍കുന്നത്. മൂന്നുനേരവും കഞ്ഞിമാത്രം കുടിച്ചുകഴിയുന്ന ദാരിദ്ര്യമുള്ള കേരളസമൂഹത്തില്‍ പണത്തിന്റെ വലിയതോതിലുള്ള ചലനം സാധ്യമാകുകയും കൊളോണിയലിസം കൊണ്ടുവന്ന നാണയസമ്പദ് വ്യവസ്ഥ പുതിയൊരുഘട്ടത്തിലേക്കു കടക്കുകയും ചെയ്യുന്നതാണ് ഇവിടെ സൂചിതമാകുന്നത്. ഇതിനിടയില്‍ പരമ്പരാഗത ജാതിസമൂഹം അതിന്റെ പദവികള്‍ നിലനിര്‍ത്താന്‍ സംഘടിതശ്രമം നടത്തുന്നതും സൂചനകളായി ദൃശ്യവല്കരിക്കപ്പെടുന്നു.
ജോണി
15 Feb 2022, 04:20 PM
ചിത്രം വന്ദനം തുടങ്ങിയ കുട്ടകളി സിനിമയുടെ ഫിലോസഫിയും കൂടി പറയാമോ?
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
സോമൻ റ്റി.കെ.
17 Feb 2022, 05:33 PM
80 കളിലെ കേരളത്തിലെ സാമൂഹ്യ അവസ്ഥ, പ്രത്യേകിച്ച് യുവാക്കളുടെ , ലേഖകൻ വരച്ച കാട്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ.