എത്രയേറെ പാട്ടുകാർ ഉണ്ടായിട്ടും എന്ത് കൊണ്ട് തലത്ത് മഹമൂദിനെത്തന്നെ ഏറ്റവും ഇഷ്ടം എന്ന ചോദ്യത്തിന്, നമുക്ക് വേണ്ടി മാത്രം പാടുന്നതു കൊണ്ട് എന്നാണ് രവിമേനോന്റെ ഉത്തരം. പാട്ടിനോടുള്ള ഇഷ്ടങ്ങൾക്ക് അതുമായി ബന്ധപ്പെട്ട ഓർമകൾ തന്നെയാവും എല്ലാവർക്കും കാരണം. ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്ന പാവം മനുഷ്യന്റെ ശബ്ദം പേറുന്ന തലത്തിന്റെയും തലത്തിന്റെ പാട്ടുകളുടേയും ഓർമകൾ പങ്കുവെയ്ക്കുകയാണ് പാട്ടെഴുത്തുകാരനായ രവിമേനോൻ
20 Apr 2020, 04:10 PM
തുറന്നിട്ട ജനാലയ്ക്കപ്പുറത്ത് നിലാവ് പെയ്യുന്നു. ആകാശത്ത് താരകള്‍ കണ്‍ചിമ്മുന്നു. ഇളംകാറ്റില്‍ രാപ്പൂക്കളുടെ സൗരഭ്യം നിറയുന്നു. പകരം വെക്കാനില്ലാത്ത ഈ മായികാനുഭൂതിയെ മറ്റെന്തു വിളിക്കും ഞാന്‍ .... തലത്ത് മഹമൂദ് എന്നല്ലാതെ?

ഏകാന്തരാവുകളില്‍ ഇന്നും കൂട്ട് തലത്തിന്റെ ഗാനങ്ങള്‍ തന്നെ. ജീവിതം ജീവിക്കാന്‍ കൊള്ളാവുന്നതാണെന്ന് ഈ കോവിഡ് കാലത്തും കാതുകളില്‍ മന്ത്രിച്ചുകൊണ്ടിരിക്കുന്നു ആ പാട്ടുകള്‍. ഇരുട്ട് കട്ടപിടിച്ച ഈ നീണ്ട ഇടനാഴിയുടെ അറ്റത്ത് ഒരു തുള്ളി വെളിച്ചമുണ്ടെന്നും.
``ഫിര്‍ വഹീ ശാം വഹീ ഗം വഹീ തന്‍ഹായീ ഹേ, ദില്‍ കോ സംജാനേ തേരി യാദ് ചലീ ആയീ ഹേ..'' -- ഭരത് ഭൂഷണ്‍ അവതരിപ്പിച്ച മിര്‍സാ യൂസുഫ് ചെങ്കാസി എന്ന വിരഹിയായ കാമുകന് വേണ്ടി തലത്ത് പാടുകയാണ് ``ജഹനാര'' എന്ന ചിത്രത്തില്‍: വീണ്ടും ആ പഴയ സന്ധ്യ, അതേ വേദന, അതേ ഏകാന്തത..നിന്റെ ഓര്‍മ്മകള്‍ തിരികെ വരുന്നു; എന്റെ ഹൃദയത്തിന് തണലേകാന്‍ .... രാജേന്ദ്ര കിഷന്റെ വരികളും മദന്‍മോഹന്റെ മാന്ത്രികസംഗീതവും തലത്തിന്റെ തെല്ലു വിറയാര്‍ന്ന ശബ്ദവും ചേര്‍ന്ന് മാഞ്ഞുപോയ ഒരു കാലം വീണ്ടെടുക്കുകയാണ്.
തീര്‍ന്നില്ല. ``ഫിര്‍ തസവ്വൂര്‍ തേരേ പെഹലൂ മേ ബിഠാ ജായേഗാ, ഫിര്‍ ഗയാ വഖ്ത് ഘടി ഭര്‍ കോ പലട് ആയേഗാ, ദില്‍ ബഹല്‍ ജായേഗാ ആഖിര്‍ കോ തോ സൗദായി ഹേ...'' ഒരുമിച്ചു ചെലവഴിച്ച നിമിഷങ്ങള്‍ സ്വപ്നത്തിലെങ്കിലും വീണ്ടെടുക്കാന്‍ മോഹിക്കുന്ന കാമുകമനസ്സുണ്ട് രജീന്ദര്‍ കിഷന്റെ വരികളില്‍. തലത്ത് ആ മോഹത്തിന് ശബ്ദചിറകുകള്‍ നല്‍കുന്നു; പ്രണയാര്‍ദ്രമായ ആലാപനത്തിലൂടെ. മദന്‍ മോഹന്‍ ആ ചിറകുകളെ ഈണം കൊണ്ട് തഴുകുന്നു.
ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുന്ന പാവം മനുഷ്യന്റെ ശബ്ദമാണ് തലത്തിന്റേത് എന്ന് തോന്നും ചിലപ്പോള്‍. ഏകാകിയുടെ എല്ലാ ആഹ്ലാദങ്ങളും വേദനകളും വിഹ്വലതകളും നിറഞ്ഞ ആത്മഗീതം. നിത്യജീവിതത്തിലെ നെറികെട്ട പന്തയങ്ങളുടെ ഭാഗമാകാന്‍ കഴിയാത്ത, തീര്‍ത്തും അന്തര്‍മുഖനും നിസ്സഹായനുമായ ഒരാളുടെ മനസ്സുണ്ടതില്‍. ഏതു തിരക്കിലും ബഹളത്തിലും സ്വന്തം ലോകത്തേക്ക് ഉള്‍വലിയാനും പുറത്തെ ശബ്ദഘോഷങ്ങള്‍ക്കുമേല്‍ കാതുകള്‍ കൊട്ടിയടയ്ക്കാനും എന്നെ സഹായിക്കുന്നു ആ പാട്ടുകള്‍. ഈ ദുരിതകാലത്തും ഏറ്റവുമടുത്ത കൂട്ടുകാരനെപ്പോലെ തൊട്ടരികെയിരുന്ന് പാടിക്കൊണ്ടിരിക്കുന്നു തലത്ത് .-- മ്യൂസിക് സിസ്റ്റത്തില്‍, കംപ്യൂട്ടറില്‍, മൊബൈല്‍ ഫോണില്‍. ഒരു പക്ഷേ ഈ ലോക്ക് ഡൗണ്‍ കാലം എന്റെ മനസ്സില്‍ അവശേഷിപ്പിക്കാന്‍ പോകുന്ന പ്രസാദമധുരമായ ഒരേയൊരു ഓര്‍മ്മയും ആ കേള്‍വിയുടെ ഇന്ദ്രജാലമാകാം.

മുഹമ്മദ് റഫിയും കിഷോര്‍ കുമാറും അവരുടെ കാക്കത്തൊള്ളായിരം അനുകര്‍ത്താക്കളും ഉള്ളപ്പോള്‍ എന്തുകൊണ്ട് തലത്ത് മഹമൂദ് എന്ന് ചോദിച്ചിട്ടുണ്ട് പലരും. ഒരു പാട്ടുകാരനോടും അകല്‍ച്ചയില്ല എനിക്ക്. എല്ലാവരും ഹൃദയത്തിന്റെ ഭാഗം. റഫിയുടെ പ്രണയവും കിഷോറിന്റെ വിഷാദമാധുര്യവും ഹേമന്ത് കുമാറിന്റെ ആര്‍ദ്രതയും മുകേഷിന്റെ ഗദ്ഗദവും മന്നാഡേയുടെ ഭാവമാധുര്യവും ഭുപീന്ദറിന്റെ പ്രസാദാത്മകതയുമെല്ലാം ഒരുപോലെ പ്രിയങ്കരം. എങ്കിലും പൊടി ഇഷ്ടം കൂടുതലുണ്ട് തലത്തിനോട്. നമുക്ക് വേണ്ടി മാത്രം പാടുന്നതു കൊണ്ടാവാം. അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിക്കാന്‍ കഴിയുന്നതു കൊണ്ടാവാം. ഏതെങ്കിലുമൊരു പാട്ടിന്റെ കൈപിടിച്ച് മരണതീരത്തേക്ക് യാത്രചെയ്യാന്‍ ഈശ്വരന്‍ അനുവദിക്കുകയാണെങ്കില്‍ കണ്ണും ചിമ്മി ഞാന്‍ തിരഞ്ഞെടുക്കുക ``ജല്‍ത്തേ ഹേ ജിസ്‌കേലിയേ'' ആയിരിക്കുമെന്ന് ഒരിക്കല്‍ എഴുതിപ്പോയതും അതുകൊണ്ടുതന്നെ.
പാതിരാവില്‍ ഞെട്ടിയുണര്‍ന്ന് ഭാവിയെക്കുറിച്ചുള്ള അശുഭചിന്തകളുമായി ഉറക്കം വരാതെ കിടക്കുമ്പോഴെല്ലാം ഉപബോധമനസ്സ് തലത്തിനെ തേടും. പാതിമയക്കത്തില്‍ തലത്തിനെ കേള്‍ക്കുന്നതോളം ലഹരി നിറഞ്ഞ അനുഭവം മറ്റെന്തുണ്ട്? സിന്ദഗി ദേനേവാലെ സുന്‍, ജായേ തോ ജായേ കഹാം, അന്ധേ ജഹാം കേ, തസ് വീര്‍ ബനാത്താ ഹൂ, മേരി യാദ് മേ തും നാ, സീനേ മേ സുലഗ്താ, മേ പാഗല്‍ മേരാ മന്‍വാ പാഗല്‍, മേ ദില്‍ ഹൂം ഏക് അര്‍മാന്‍ ഭരാ....എല്ലാം എന്റെ നിദ്രാവിഹീനനിശകളില്‍ സ്വപ്നം നിറയ്ക്കുന്ന പാട്ടുകള്‍. നൂറു തവണ, ചിലപ്പോള്‍ ആയിരം തവണയെങ്കിലും കേട്ടിരിക്കും അവയില്‍ പലതും. പക്ഷെ, ഇന്നും ആദ്യ കേള്‍വിയിലെ അതേ അനുഭൂതി പകരുന്നു ആ പാട്ടുകളെല്ലാം.
എന്നായിരിക്കണം തലത്തിനെ കാതുകള്‍ ആദ്യമായി തിരിച്ചറിഞ്ഞതും സ്‌നേഹിച്ചു തുടങ്ങിയതും? വൈകി മാത്രം വീട്ടിലെത്തുന്ന അച്ഛന്റെ മോട്ടോര്‍ സൈക്കിളിന്റെ വിദൂരശബ്ദത്തിന് കാതോര്‍ത്ത് വയനാട്ടിലെ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്ത്, മുന്നിലെ കൂരിരുട്ടിലേക്ക് ഭയപ്പാടോടെ നോക്കിയിരുന്ന ഏകാകിയായ സ്‌കൂള്‍ കുട്ടിയെ ഒരു രാത്രി വന്ന് ചേര്‍ത്തു പിടിക്കുകയായിരുന്നു ആ ശബ്ദം -- `ജല്‍ത്തേ ഹേ ജിസ്കേലിയേ'' എന്ന ഗാനത്തിന്റെ രൂപത്തില്‍. റേഡിയോ സിലോണില്‍ നിന്ന് തരംഗമാലകളായി ഒഴുകിവന്ന ആ ഗാനം അവനെ പൊടുന്നനെ ഉറക്കച്ചടവില്‍ നിന്നുണര്‍ത്തി; വിഹ്വല ചിന്തകളില്‍ നിന്നും. ഉള്ളിലടക്കിപ്പിടിച്ച ഭയത്തെ പോലും തുടച്ചുനീക്കാന്‍ പോന്ന എന്തോ ഒരു മാജിക് ഉണ്ടായിരുന്നു തലത്തിന്റെ ശബ്ദത്തില്‍. ഈ ലോകത്ത് താന്‍ ഒറ്റയ്ക്കല്ല എന്ന സത്യം ഒരു പാട്ടിലൂടെ അവന്‍ ആദ്യമായി തിരിച്ചറിഞ്ഞത് അന്നായിരിക്കണം.

തലത്ത് മഹമൂദിന്റെ ആദ്യത്തെ കോഴിക്കോടന്‍ സന്ദര്‍ശനത്തെ കുറിച്ച് പ്രിയസുഹൃത്തും പഴയ തലമുറയിലെ സംഘാടകനുമായ അരങ്ങില്‍ വാസുദേവന്‍ പങ്കുവെച്ച ഒരോര്‍മ്മയുണ്ട്. 1960 ലെ കഥ. 1500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന കോഴിക്കോട്ടെ ബി ഇ എം ഹൈസ്‌കൂള്‍ മൈതാനത്ത് വൈകുന്നേരം പരിപാടി തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് അപ്രതീക്ഷിതമായി മഴ പെയ്തു. തോരാത്ത മഴ. സ്‌കൂള്‍ ഹാളിനകത്തേക്ക് വേദി മാറ്റുകയല്ലാതെ ഗത്യന്തരമില്ലാതായി സംഘാടകര്‍ക്ക്. അപ്പോള്‍ വേറൊരു പ്രശ്‌നം. അകത്ത് 500 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമേയുള്ളൂ. ടിക്കറ്റ് ഉള്ളവരും ഇല്ലാത്തവരുമായി ആയിരത്തിലേറെ പേര്‍ പുറത്ത്. ബഹളമുണ്ടാകാന്‍ മറ്റു കാരണങ്ങള്‍ വേണോ? ക്ഷുഭിതരായ ജനക്കൂട്ടത്തെ അനുനയിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി സംഘാടകര്‍. അന്തരീക്ഷം ശാന്തമാക്കാന്‍ കോഴിക്കോടിന്റെ അഭിമാനമായ എം.എസ് ബാബുരാജിന്റെ സോളോ ഹാര്‍മോണിയം കച്ചേരി വരെ പെട്ടെന്ന് തട്ടിക്കൂട്ടി. സാധാരണ ഗതിയില്‍ ബാബുക്കയുടെ മാന്ത്രിക വിരലുകള്‍ ഹാര്‍മോണിയത്തില്‍ ഒഴുകിതുടങ്ങിയാല്‍ നിശബ്ദരായി അതില്‍ അലിയേണ്ടതാണ് കോഴിക്കോട്ടുകാര്‍. പക്ഷെ അന്ന് ബാബുരാജിന് പോലും സദസ്സിന്റെ രോഷം ശമിപ്പിക്കാനായില്ല. ആരൊക്കെയോ ചേര്‍ന്നു സ്റ്റേജില്‍ ഓടിക്കയറി കര്‍ട്ടന്‍ വലിച്ചുകീറി. അന്തരീക്ഷം ആകെ പ്രക്ഷുബ്ധം .
തിരക്കിനും ബഹളത്തിനും പ്രതിഷേധത്തിനും ഇടയ്ക്ക് തലത്ത് മഹമൂദ് പിന്നിലൂടെ വേദിയില്‍ കടന്നു വന്നത് തന്നെ ആരും അറിഞ്ഞില്ല. പിന്നീടുള്ള കഥ അന്ന് ആ പരിപാടിക്ക് സാക്ഷ്യം വഹിച്ച വാസുദേവന്റെ വാക്കുകളില്‍: ``ഹാളിനുള്ളിലും പുറത്തുമായി വലിച്ചു കെട്ടിയിരുന്ന കോളാമ്പി സ്പീക്കറുകളിലൂടെ തലത്തിന്റെ ശബ്ദം ഒഴുകി വന്നത് തീര്‍ത്തും അപ്രതീക്ഷിതമായാണ്: ``തസ് വീര്‍ തേരി ദില്‍ മേരാ ബഹലാന സകേഗി ...'' എങ്ങനെയാണ് ആ അനുഭൂതി വിശദീകരിക്കേണ്ടത് എന്നറിയില്ല. സ്വിച്ചിട്ടപോലെ സദസ്സിലെ കോലാഹലം നിന്നു. ഹാളിലും പുറത്തും സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. തലത്തിന്റെ ശബ്ദത്തിന്റെ മാസ്മരലഹരിയിലായിരുന്നു സദസ്സ്. ഹാളില്‍ തിക്കിത്തിരക്കിയിരുന്ന ജനം പതുക്കെ പുറത്തേക്ക് ഇറങ്ങിനിന്നു. തലത്തിന്റെ മുഗ്ദ്ധമധുരമായ ആലാപനത്തില്‍ മുഴുകി നിന്ന അവര്‍ മറ്റെല്ലാ പ്രശ്‌നങ്ങളും പരാതികളും മറന്നുപോയിരുന്നു. കോരിച്ചൊരിയുന്ന മഴ പോലും പ്രശ്‌നമായില്ല അവര്‍ക്ക്. ഒരു ശബ്ദത്തിന് എത്രത്തോളം തീവ്രമായി നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കാനും കീഴടക്കാനും കഴിയുമെന്ന് അന്ന് മനസ്സിലായി.''

തലത്ത് പിന്നീട് മൂന്ന് തവണ കൂടി കോഴിക്കോട്ടെത്തി. 1966 ലും 68 ലും 80 ലും. 1966 ഫെബ്രുവരി 27 ന് മാനാഞ്ചിറ മൈതാനിയില്‍ എം ഇ എസ് സംഘടിപ്പിച്ച ഗാനമേള ആയിരുന്നു ഇവയില്‍ ഏറെ കേമം. ഗായകരായി മുഹമ്മദ് റഫിയും തലത്തും. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും പ്രശസ്തരായ രണ്ടു ഗായകരുടെ അപൂര്‍വ സംഗമം. ഗായികയായി മീനു പുരുഷോത്തമും ഉണ്ട് കൂടെ. ``റഫിയോടൊപ്പം വേദി പങ്കിടാന്‍ തലത്തിന് സങ്കോചമുണ്ടായിരുന്നു ,'' -- വാസുദേവന്റെ ഓര്‍മ്മ. `` രണ്ടു പേരും വ്യത്യസ്ത ശൈലികളുടെ ഉടമകള്‍. ചടുലമായ പാട്ടുകളും ഒപ്പം മെലഡികളും പാടി സദസ്സിനെ ഇളക്കിമറിക്കും റഫി. തലത്താകട്ടെ അധികവും ലളിതവും പ്രണയാര്‍ദ്രവുമായ ഗസലുകളാണ് പാടുക. റഫിയുടെ കടുത്ത ആരാധകര്‍ക്ക് തലത്തിന്റെ സൗമ്യ മധുരമായ ഗാനങ്ങള്‍ ആസ്വദിക്കാന്‍ കഴിയണം എന്നില്ല. അതുപോലെ മറിച്ചും. റഫിയ്‌ക്കൊപ്പമാണ് പാടേണ്ടതെന്നു തലത്ത് അറിയുന്നത് തന്നെ ഇവിടെ വന്ന ശേഷമാണ്. സ്വാഭാവികമായും അദ്ദേഹം അസ്വസ്ഥനായി. ഒരു മത്സരത്തിനുള്ള മൂഡിലായിരുന്നില്ല രണ്ടു പേരും.''

എന്നാല്‍, മാനാഞ്ചിറ മൈതാനം നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം അന്ന് കണ്ടത് രണ്ടു ഗായകരുടെ മത്സരമല്ല; രണ്ടു ലജന്‍ഡുകള്‍ ചേര്‍ന്നുള്ള അപൂര്‍വ ``ജുഗല്‍ബന്ദി'' ആയിരുന്നു. റഫിയ്ക്ക് വേണ്ടി ആര്‍ത്തുവിളിച്ചു കൊണ്ടിരുന്ന ജനക്കൂട്ടത്തിനു മുന്നിലേക്ക് തലത്ത് എത്തിയത് ``ഏക് സാല്‍'' എന്ന സിനിമയില്‍ രവി ചിട്ടപ്പെടുത്തിയ `സബ് കുച്ഛ് ലുടാ കെ ഹോഷ് മേ '' എന്ന സുന്ദരഗാനവുമായാണ്. റഫിയാകട്ടെ കോഹിനൂറിലെ മധുബന്‍ മേ രാധിക എന്ന ക്ലാസിക് ഗാനം പാടി ജനത്തെ കയ്യിലെടുത്തു. `` ദോസ്തി എന്ന ചിത്രത്തിലെ ചാഹൂംഗ മേ തുജെ , ദില്‍ തേരാ ദീവാനയിലെ ദില്‍ തേരാ ദീവാന ഹേ സനം എന്നീ ഗാനങ്ങള്‍ ആണ് റഫി തകര്‍ത്തു പാടിയത്. തലത്ത് ആകട്ടെ ആര്‍ദ്ര പ്രണയഗാനങ്ങളും വിഷാദ ഗാനങ്ങളും ആലപിച്ചു സദസ്സിന്റെ ഹൃദയം കവര്‍ന്നു. ആലാപന ശൈലികളിലെ ഈ കൗതുകകരമായ വൈരുധ്യം ജനങ്ങള്‍ അതിന്റെ സ്പിരിറ്റില്‍ സ്വീകരിച്ചു എന്നതാണ് കൗതുകകരം.
ഇന്നും പ്രതീക്ഷാനിര്‍ഭരമായ ഒരു കാത്തിരിപ്പിന്റെ സുഖം പകരുന്നു എനിക്ക് തലത്തിന്റെ പാട്ടുകള്‍. ഏറെ പ്രിയപ്പെട്ട ഒരാളുടെ സാമീപ്യത്തിനായുള്ള കാത്തിരിപ്പ്. ``ശാം-എ-ഗം കി കസം ആജ് ഗംഗീ ഹേ ഹം, ആഭിജാ ആഭിജാ ആജ് മേരെ സനം, ദില്‍ പരേശാന്‍ ഹേ രാത് വീരാന്‍ ഹേ ദേഖ് ജാ കിസ് തരഹ് ആജ് തന്‍ഹാ ഹേ ഹം...'' ഹൃദയം അകാരണമായി അസ്വസ്ഥമാകുന്ന രാത്രികളില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനവുമായി കടന്നു വരാതിരിക്കില്ല തലത്ത്; ക്ഷണിക്കാതെ തന്നെ.
രവി മേനോന്റെ മറ്റ് എഴുത്തുകള്‍ വായിക്കാം
"ചൗദ് വീ കാ ചാന്ദ് ഹോ' അറുപതാം വയസ്സിലേക്ക്
Sulekha c.George
12 Jul 2020, 03:55 PM
പാട്ടിന്റെ ഹൃദയത്തോട് ചേർന്നെഴുതി. വായനക്കാർക്കും അനുഭൂതി പകർന്നു തന്നു.നന്ദി,നന്ദി,നന്ദി
Mohan Das A
14 May 2020, 08:02 PM
What a wonderful narration by Mr. Ravi Menon....His research n hardship behind every song is highly appreciated.. A big salute to you Mr. Ravi Menon.. All the very best to you..
Aby Varghese
14 May 2020, 02:26 AM
His song whispers into your soul !
EJ Zacharias
24 Apr 2020, 08:21 AM
ഹൃദയം അകാരണമായി അസ്വസ്ഥമാകുന്ന രാത്രികളില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനവുമായി കടന്നു വരാതിരിക്കില്ല തലത്ത്; ക്ഷണിക്കാതെ തന്നെ. 😍😍
അജിത് നീലാഞ്ജനം
21 Apr 2020, 09:04 AM
ജായേ തോ ജായേ കഹാ ആണ് ഞാൻ കൂടെ കൊണ്ട് പോകാൻ കാത്ത് വെച്ചിരിക്കുന്നത്
Madhusmitha Anil
20 Apr 2020, 11:56 PM
ഹൃദ്യമായ എഴുത്ത് ! "ജൽത്തേ ഹേ ജിസ്കേലിയേ" എന്ന അനശ്വര ഗാനത്തിലൂടെ എന്റെയും ഹൃദയത്തിൽ ഇടം പിടിച്ച ആ അഭൗമ ശബ്ദത്തിന്റെ ഉടമയെക്കുറിച്ചുള്ള എഴുത്ത് വായനക്കാർക്ക് രവി മേനോൻ സർ നൽകുന്ന നല്ലൊരു അക്ഷര സമ്മാനം തന്നെ! എത്രയോ ഗാനങ്ങൾ പാടിയെങ്കിലും ഈ ഗാനമാണ് തലത് മെഹമൂദ് എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക. ഏകാന്തതയിൽ സ്നേഹ സാമീപ്യം നൽകാനും ഏകാകിയുടെ മനസ്സിന് സാന്ത്വന സ്പർശമേകാനും ആ മാന്ത്രിക ശബ്ദത്തിനുള്ള കഴിവ് അനിർവ്വചനീയമാണ്. കൊറോണ സൃഷ്ടിച്ച തടവറയ്ക്കകത്തും ആ ശബ്ദം നൽകുന്ന മായികാനുഭൂതിയെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ കാലിക പ്രസക്തമായ വിഷയങ്ങൾക്കും അതാത് സാഹചര്യങ്ങൾക്കുമനുസരിച്ച് ഗായകരെയും പാട്ടുകളെയും അപഗ്രഥിച്ചെഴുതാനുള്ള രവി സാറിന്റെ അപാരമായ കഴിവിനെ നമിച്ചു പോകുന്നു !
Sabir Muhammed
20 Apr 2020, 10:20 PM
മനോഹരം. നന്ദി രവി മോനോൻ.
Babu Mather
20 Apr 2020, 10:17 PM
Indeed a great tribute to the one and only Talat Mahmood saheb who was undoubtedly the ‘golden voice ‘of India with his unique voice and style of singing. His fans included none other than the late Pandit Jawaharlal Nehru... Talat’s dream to become an actor, perhaps, might have shifted his focus from singing career...who knows!!! Thanks a ton Ravi💐 -Babu
ജമാൽ കൊച്ചങ്ങാടി
Oct 07, 2020
9 Minutes Read
സയനോര ഫിലിപ് / മനില സി. മോഹന്‍
Aug 31, 2020
66 Minutes Watch
പുഷ്പവതി
Aug 15, 2020
3 Minutes Read
Ashraf meleveettil
14 Jul 2020, 10:54 PM
Jalte hain jiske liye, teri aakhon ke diye.. Dhoond laya hoon wahi geet main tere liye Jalte hain jiske liye... എന്തിനേറെ..! 💖