നോർവീജിയൻ നോവലിസ്റ്റ്​ ഡാഗ് സോൾസ്റ്റ

സ്വന്തം കുട തല്ലിയൊടിച്ച് അതുമായി
നനഞ്ഞുപോകുന്ന മനുഷ്യൻ

വായനക്കാരുടെ ജീവിതത്തിലെ രഹസ്യസംഘത്തിലേക്ക് ഈ വർഷം കടന്നുവന്ന ഒരെഴുത്തുകാരനെ വായിക്കുന്നു, അത് നോർവീജിയൻ നോവലിസ്റ്റായ ഡാഗ് സോൾസ്റ്റ (Dag Solstad) ആണ്

ചില വർഷങ്ങൾ സൗഭാഗ്യകരമാണ്. അവിടെ നാം വിശ്വസ്തരായ എഴുത്തുകാരെ കണ്ടുമുട്ടും. അവർ തുടർന്നങ്ങോട്ടും നമ്മുടെ കൂടെവരും. പക്ഷേ അതൊരു രഹസ്യജീവിതമായിരിക്കും.

പല വായനക്കാരുടെയും ജീവിതത്തിൽ ഇത്തരം കൂട്ടുകെട്ടുകളുണ്ട്. അത് രഹസ്യസംഘമായാണ്​ പ്രവർത്തിക്കുക. ഒരു പുതിയ എഴുത്തുകാരനെ കിട്ടിയാൽ അയാൾക്ക് ഈ സംഘത്തിൽ ചേരാനുള്ള യോഗ്യതകളുണ്ടോയെന്ന് കണിശമായി പരിശോധിക്കപ്പെടും. (പണ്ട് വാൾട്ടർ ബെന്യമിൻ പറഞ്ഞത്, താൻ ഇങ്ങനെ പുസ്തകത്തിന്റെ ക്വാളിറ്റി അളക്കുന്ന ഒരു യന്ത്രം കണ്ടുപിടിക്കാൻ പോകുന്നുവെന്നാണ്. ഒരു പുസ്തകം കിട്ടിയാൽ കുഴൽ പോലെയുള്ള ആ യന്ത്രത്തിലൂടെ കടത്തിവിട്ടുനോക്കും. പുസ്തകം മറുവശത്തുകൂടി പുറത്തുവരുമ്പോൾ ഫലം കിട്ടും). ഈ പരിശോധനയിൽ വിജയിച്ചാൽ ആ എഴുത്തുകാരനും രഹസ്യസംഘത്തിലേക്കു ചേർക്കപ്പെടും. നിരോധിത സംഘടനകളുടെ മൊഡ്യൂളുകൾ പോലെയാണ് ഇത്തരം കൂട്ടുകെട്ടുകൾ സാഹിത്യലോകത്ത് പ്രവർത്തിക്കുക. പുറമേനിന്നു നോക്കുന്ന ആരും ഇതൊന്നും അറിയുന്നില്ല. ഇപ്രകാരം രഹസ്യസംഘത്തിലേക്ക് ഒരു എഴുത്തുകാരനും കൂടി വന്നുവെന്നതാണ് ഈ വർഷത്തെ സൗഭാഗ്യകരമാക്കുന്നത്. അത് നോർവീജിയൻ നോവലിസ്റ്റായ ഡാഗ് സോൾസ്റ്റ (Dag Solstad) ആണ്.

നൊബേൽ സമ്മാന ജേതാവായ പീറ്റർ ഹൻഡ്‌കെ, സോൾസ്റ്റയുടെ ഷൈനസ് ആൻഡ് ഡിഗ്‌നിറ്റിയെക്കുറിച്ചു (Shyness and Dignity) പറഞ്ഞ നല്ല വാക്കുകളാണ് ആദ്യം വഴികാട്ടിയത്. ഹറുകി മുറകാമി ജാപ്പനീസിലേക്ക് സോൾസ്റ്റയെ വിവർത്തനം ചെയ്തിട്ടുണ്ടെന്നും കണ്ടു. മുറകാമിയുടെ മറ്റൊരു പ്രധാന വിവർത്തനം റെയ്മണ്ട് കാർവറുടെ കഥകളാണ്. ഞാൻ കാർവറെ പുനർവായന നടത്താനുള്ള പ്രധാന പ്രചോദനം മുറകാമിയും കാർവറും തമ്മിലുള്ള ബന്ധത്തെപ്പറ്റി കേട്ടതാണ്. മുറകാമി രാജ്യാന്തര പ്രശസ്തനാകുന്നതിനു മുൻപേ യു.എസിൽ കാർവറുടെ വീട്ടിൽ അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ട്. അസാധാരണ വണ്ണമായിരുന്നു കാർവർക്ക്. കസേരയിൽ ഇരുന്നാൽ എഴുന്നേൽക്കാൻ ആയാസപ്പെടണം. മുറകാമി ചെല്ലുമ്പോൾ അതിനാൽ കാർവർ ഇരുന്നിടത്തുനിന്ന് അനങ്ങിയതേയില്ല.

ഡാഗ് സോൾസ്റ്റയ്ക്ക് പ്രായം ഇപ്പോൾ എൺപതിലേറെ. പക്ഷേ ഇംഗ്ലീഷിലേക്ക് നാലോ അഞ്ചോ നോവലുകൾ മാത്രമേ​ പരിഭാഷപ്പെടുത്തിവന്നിട്ടുള്ളൂ. ലിഡിയ ഡേവിസ് പറഞ്ഞത്, താൻ നോർവീജിയൻ ഭാഷ പഠിച്ചത് സോൾസ്റ്റയുടെ ഏറ്റവും ദൈർഘ്യമേറിയതും പ്രയാസകരമായതുമായ നോവൽ തനിയെ വായിച്ചിട്ടാണ് എന്നാണ്​. ലിഡിയ ഡേവിസ് മറ്റു ഭാഷകളിലെ അത്ഭുതങ്ങൾ കണ്ടുപിടിക്കുന്നതിൽ വൈഭവമുള്ള സ്ത്രീയാണ്. അവരെ വിശ്വസിച്ചാണ്​ ഞാൻ മുന്നോട്ടുപോയത്. സാഹിത്യത്തിൽ ഇത്തരം വിശ്വാസങ്ങൾ പ്രധാനമാണ്.

എനിക്ക് ഷൈനസ് ആൻഡ് ഡിഗ്‌നിറ്റി വായിക്കാൻ കിട്ടിയപ്പോൾ ലോക്ഡൗൺ ആരംഭിച്ചിരുന്നു. തുടർന്നുള്ള മാസങ്ങളിൽ അദ്ദേഹത്തിന്റെ ടി സിംഗർ, പ്രഫസർ ആൻഡേഴ്‌സൻസ് നൈറ്റ്, നോവൽ11 ബുക് 18 എന്നീ നോവലുകളും എത്തി. ഭാഗ്യവശാൽ ഇതേസമയം ഇതേ കൃതികൾ വായിച്ച ഒരു സ്‌നേഹിതൻ എന്നെ നിരന്തരം ഫോണിൽ വിളിച്ചു. അദ്ദേഹത്തിന് സോൾസ്റ്റയെക്കുറിച്ച്​ സംസാരിക്കണം. ഞാൻ പറഞ്ഞു, ചില എഴുത്തുകാരെപ്പറ്റി ഞാൻ ആരോടും സംസാരിക്കാറില്ല. അവരെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാനാവില്ല. സോൾസ്റ്റ അക്കൂട്ടത്തിൽപ്പെട്ടയാളാണ്.

എന്റെ സ്‌നേഹിതനു ഉറക്കം നഷ്ടമായിരുന്നു. ആ കഥാപാത്രങ്ങളെ നോക്കൂ, നമ്മുടെ എല്ലാം അവസ്ഥ ഇതാണോ?, സ്‌നേഹിതൻ ആധികൊണ്ടു.

നോവൽ11 ബുക്18 എന്ന നോവലിൽ (നിഗൂഢമാണ് ആ തലക്കെട്ട്. അതെന്താണ്​സൂചിപ്പിക്കുന്നതെന്നു മനസിലായില്ല) നോർവെയിലെ ഒരു പട്ടണത്തിൽ നാടകപ്രേമികളായ ഒരു സംഘം അവരുടെ പ്രതിമാസ അവതരണത്തിനു തിരഞ്ഞെടുക്കുന്നത് ഇബ്‌സന്റെ നാടകമാണ്. അതുപക്ഷേ, നോവലിലെ നായകനായ ആളുടെ നിർബന്ധം മൂലമാണ്. മറ്റുള്ളവർക്ക് ഇബ്‌സൻ അത്ര താൽപര്യമുണ്ടായിരുന്നില്ല. നാടക അവതരണം ഒരു സമ്പൂർണ പരാജയം ആയിരുന്നു. കാണികളിൽ ഇബ്‌സൻ ഒരു ചലനവും ഉണ്ടാക്കിയില്ല.

തന്റെ അഭിരുചി ഉന്നതമാണെന്ന് ഒരാൾ സ്വയം കരുതുന്നു, തനിക്കുള്ള മികവിനെക്കുറിച്ച്; തന്റേത് ഉയർന്ന നിലവാരത്തിലുള്ള ആവിഷ്‌കാരമാണെന്നും. എന്നാൽ യഥാർഥ അരങ്ങിലേക്ക്​ വരുമ്പോൾ എല്ലാം ശുഷ്‌കമായിപ്പോകുന്നു. ഇബ്‌സൻ നാടകം, അത് അവതരിപ്പിക്കുന്നവരുടെ സ്ഥൂലതയെ മറച്ചുവയ്ക്കുകയില്ല.

ഭൂരിപക്ഷം പേരും പിന്തുണയ്ക്കുന്ന ഒരു ശരിയുടെ കൂടെ നിൽക്കുക എളുപ്പമാണ്. എന്നാൽ ഏറ്റവും ന്യൂനപക്ഷമായ, ഏറ്റവും ഏകാന്തമായ ഒരു ശരിയുടെ കൂടെ ഉറച്ചുനിൽക്കാൻ അപാരമായ ധാർമികശക്തി വേണം. ഈ ധാർമികതയാണ് ഒരു മനുഷ്യന്റെ അന്തസ്സിനെ നിർണയിക്കുന്നത്.

തിരശ്ശീല വീണശേഷം അവർ മൂകരായി അണിയറയിൽ ഇരുന്ന്​ മേക്കപ് അഴിച്ചുമാറ്റുന്ന രംഗത്തിൽ താൻ ഒരൊറ്റ സന്ധ്യ കൊണ്ട് എത്രമാത്രം അപഹാസ്യനായി, പരിഹാസ്യനായിത്തീർന്നു എന്നെല്ലാം നായകൻ വിചാരിക്കുന്നുണ്ട്. മറ്റു മനുഷ്യരുടെ കൂട്ടത്തിൽപ്പെടുന്നില്ല, അവർക്കൊപ്പം കുതികൊള്ളാൻ തനിക്കാവുന്നില്ല എന്ന വിചാരമാണ് സോൾസ്റ്റയുടെ പുരുഷന്മാരുടെ സവിശേഷതകളിലൊന്ന്. നോവൽ1 8 ലെ ഈ കഥാപാത്രം ഒരു സ്ത്രീയെക്കണ്ട്​ ഭ്രമിച്ചു ഭാര്യയെയും മകനെയും ഉപേക്ഷിച്ചു പോകുന്നു. ആ സ്ത്രീ വിളിച്ചില്ലെങ്കിലും അവളുടെ പിന്നാലെ ചെല്ലുന്നു. അവൾക്കൊപ്പം താമസിക്കുന്നു. അപഹാസ്യരായ ആണുങ്ങളുടെ ലോകം അപഹാസ്യമായ ഭാവുകത്വത്തിന്റെ ലോകം കൂടിയാണ്. വലിയ കലാകാരന്മാരുടെ നിഴലിലും അവരുടെ ജീവിതം രക്ഷപ്പെടുകയില്ല.

അരനൂറ്റാണ്ടിലേറെ ഔട്ട്‌സൈഡറായിനിന്ന്​ സാഹിത്യമെഴുതിയ സോൾസ്റ്റ നോർവേയുടെ രാഷ്ട്രീയ പ്രക്ഷുബ്ധമായ എഴുപതുകളുടെ ഭാഗമായിരുന്നു. നോർവെയിലെ മാവോയിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പരീക്ഷണാത്മകമായ രചനകളിൽ ഈ രാഷ്ട്രീയം സൂക്ഷ്മതലത്തിലാണ്​ പ്രവർത്തിക്കുന്നത്. വ്യക്തിധാർമികത എന്നത്​ ഉന്നതമായ സ്വഭാവ ഗുണമായിട്ടാണ് ഈ എഴുത്തുകാരനിൽ പ്രവർത്തിക്കുന്നത്. ഭൂരിപക്ഷം പേരും പിന്തുണയ്ക്കുന്ന ഒരു ശരിയുടെ കൂടെ നിൽക്കുക എളുപ്പമാണ്. എന്നാൽ ഏറ്റവും ന്യൂനപക്ഷമായ, ഏറ്റവും ഏകാന്തമായ ഒരു ശരിയുടെ കൂടെ ഉറച്ചുനിൽക്കാൻ അപാരമായ ധാർമികശക്തി വേണം. ഈ ധാർമികതയാണ് ഒരു മനുഷ്യന്റെ അന്തസ്സിനെ നിർണയിക്കുന്നത്.

എം. സുകുമാരന്റെ കഥകളിലെ ചില കഥാപാത്രങ്ങളും അവരുടെ ജീവിതാന്തരീക്ഷവും എനിക്കോർമ വന്നു. സ്വന്തമായി ഒരു വാച്ച് ഉപയോഗിക്കുന്നതുപോലും ആദർശലംഘനമായി കരുതുന്ന കഥാപാത്രങ്ങൾ സുകുമാരനിലുണ്ട്. രാഷ്ട്രീയ ഇടതുപക്ഷ ചിന്തയുടെയും സാഹിത്യവായനയുടെയും ഭാഗമായി യൗവനം ആരംഭിച്ച പലരും പിന്നീട് ഇതിനെല്ലാം പുറത്തുള്ള മറ്റൊരു കളത്തിൽ കളിക്കാരായി മാറുന്നതിനു സോൾസ്റ്റയുടെ നായകൻ സാക്ഷിയാണ്. അയാൾക്ക് സ്വന്തം അരങ്ങ് പക്ഷേ മാറ്റാനാവുന്നില്ല. മറ്റൊരിടത്തേക്കും പോകാനാവുന്നില്ല. അയാൾ ഒരു ഷേക്ക്സ്പിയർ കഥാപാത്രത്തെപ്പോലെ മോണോലോഗുകളിൽ അഭയം തേടുന്നു.

കോർത്തസർ വിദ്യാർഥികൾക്കു മുൻപാകെ നടത്തിയ ദീർഘമായ പ്രഭാഷണത്തിൽ പറയുന്നു, ""ഞാനെന്നും എഴുതിയിട്ടുള്ളത് ശരിക്കും എന്താണ് എഴുതുന്നത് എന്ന് ശരിക്ക് അറിയാതെയാണ്. ആകസ്മികതകളാണ് എന്നെ എന്നും സ്പർശിച്ചിട്ടുള്ളത്. യാദൃച്ഛികതകളുടെ ഒരു പരമ്പരയിലൂടെ കാര്യങ്ങൾ എന്നിലേക്കു വരുന്നു. ജനാലയ്ക്കു കുറുകെ പറന്നുപോകുന്ന ഒരു പക്ഷിയെപ്പോലെ. ''

ഇത്തരം ഒരു ആകസ്മികതയാണു ഷൈനസ് ആൻഡ് ഡിഗ്‌നിറ്റിയിലെ നായകന്റെ ജീവിതഗതിയെ വഴിതിരിക്കുന്നത്.

ഒരു മനുഷ്യൻ ഒന്നുകിൽ അയാളുടെ രാഷ്ട്രീയത്തിൽ വിജയിക്കണം. അല്ലെങ്കിൽ പ്രേമത്തിൽ. അതുമല്ലെങ്കിൽ കലയിൽ. ഇവ മൂന്നിലും പരാജയപ്പെട്ട പുരുഷന്മാരെയാണു സോൾസ്റ്റ അവതരിപ്പിക്കുന്നത്. അവരുടെ നൈരാശ്യമെന്നത്​യൂറോപ്യൻ നാഗരികതയുടെ ആന്തരിക ശൂന്യതകളുടെ കൂടി പ്രതീകമാകുന്നു.

അൻപതു പിന്നിട്ട എലിയാസ് റുഖ് ല എന്ന നോർവീജിയൻ ഭാഷാ അധ്യാപകൻ 25 വർഷത്തിലേറെയായി കുട്ടികളെ ഇബ്‌സൻ പഠിപ്പിക്കുന്നു. (നോർവെക്കാർക്ക് ഇബ്‌സൻ ഒരു വലിയ പൈതൃകമാണ്. ബംഗാളികൾക്ക് ടാഗോറിനെപ്പോലെ. ക്‌നോസ്ഗാർഡിന്റെ നോവലിൽ താൻ കുട്ടിക്കാലത്ത് ഒരു വീട്ടിൽ ചെന്നപ്പോൾ അവിടെ ഇബ്‌സന്റെ വലിയൊരു ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നതു കണ്ട് ഏതോ സെയ്ന്റാണെന്നു കരുതിയത് ഓർമിക്കുന്നുണ്ട്)

അന്നത്തെ വേതനത്തിനുമേൽ അല്ലെങ്കിൽ ശമ്പളത്തിനുമേൽ ഒരു വ്യക്തിയുടെ അന്തസ്സ് കെട്ടിയിടുകയാണെങ്കിൽ, അതിനു ചുറ്റും മാത്രം ആ വ്യക്തി കറങ്ങിക്കൊണ്ടിരിക്കും. അങ്ങനെ തന്റെ യൗവനം തിരിച്ചെടുക്കാൻ കഴിയാത്തവിധം കഴിഞ്ഞുപോയിരിക്കുന്നുവെന്നും താൻ അസ്തമിക്കാറായെന്നും അയാൾ വിചാരിക്കുന്നു. ഈ വിചാരത്തിൽനിന്നാണു ജീവിതത്തിൽ താൻ ഇതേ വരെ പ്രതിമാസ ശമ്പളം മാത്രം കാത്തിരിക്കുന്ന മനുഷ്യനായിരുന്നുവെന്നും താൻ എന്താകണമെന്ന് ആഗ്രഹിച്ചോ അതൊന്നും സംഭവിച്ചില്ലെന്നുമുള്ള തിരിച്ചറിവിലേക്ക് അയാൾ ചെല്ലുന്നത്.

ഒരു മനുഷ്യൻ ഒന്നുകിൽ അയാളുടെ രാഷ്ട്രീയത്തിൽ വിജയിക്കണം. അല്ലെങ്കിൽ പ്രേമത്തിൽ. അതുമല്ലെങ്കിൽ കലയിൽ. ഇവ മൂന്നിലും പരാജയപ്പെട്ട പുരുഷന്മാരെയാണ്​ സോൾസ്റ്റ അവതരിപ്പിക്കുന്നത്. അവരുടെ നൈരാശ്യമെന്നത്​യൂറോപ്യൻ നാഗരികതയുടെ ആന്തരികശൂന്യതകളുടെ കൂടി പ്രതീകമാകുന്നു. (ഒരിക്കൽ ഇടതുപക്ഷ ചിന്തകളുടെ അരങ്ങായിരുന്ന നോർവെ ഇപ്പോൾ വലതുപക്ഷ തീവ്രദേശീയവാദികളുടെ രാജ്യമായി മാറിയത് നമ്മുടെ നാട്ടിലേത് അടക്കമുള്ള രാഷ്ട്രീയമാറ്റങ്ങളുമായി ചേർത്ത് കാണണം)

യൗവനം കടന്നുപോയെന്നത്​ എലിയാസ് റുഖ് ലയുടെ ഉള്ളിൽ കുത്തിത്തുളക്കുന്ന ഒരു വേദന ഉണ്ടാക്കുന്നുണ്ട്. ക്ലാസ് മുറി ഉപേക്ഷിക്കാൻ പൊടുന്നനെ അയാൾ തീരുമാനിക്കുന്നതും അപ്പോഴാണ്. കാൽനൂറ്റാണ്ടു മുൻപു നടന്നിരുന്ന സാഹിത്യരാഷ്ട്രീയ സംവാദങ്ങൾ അയാൾ ഓർക്കുന്നു. അന്ന് മാർക്‌സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ സുഹൃത്ത് പൊടുന്നനെ നാടുവിട്ടുപോയപ്പോൾ, തനിച്ചായിപ്പോയ അയാളുടെ ഭാര്യയെയും മകളെയും കൂടെത്താമസിപ്പിക്കുന്ന റുഖ് ല പിന്നീട് ആ സ്ത്രീയെ വിവാഹം കഴിക്കുന്നു. സത്യത്തിൽ ഈ സ്ത്രീയുമായി രഹസ്യ അനുരാഗത്തിലായിരുന്നു അയാൾ. അമേരിക്കയിലേക്ക്​ കുടിയേറിയ സുഹൃത്ത് അവിടെ ഒരു രാജ്യാന്തര പരസ്യകലാക്കമ്പനിയുടെ തലവനായി. അയാൾ ഇനി നാട്ടിലേക്കു മടങ്ങിവരില്ലെന്നുമുള്ള യാഥാർഥ്യം തിരിച്ചറിയുമ്പോഴാണ് റുഖ് ലയെ വിവാഹം ചെയ്യാൻ ആ സ്ത്രീ തയാറാകുന്നത്. റുഖ് ലയുടെത് അസാധ്യമായ പ്രേമമായിരുന്നു. ഐ ലവ് യൂ , ഐ ലവ് യൂ എന്ന് ഓരോ ആലിംഗനത്തിലും അയാൾ അവളോടു പറഞ്ഞുകൊണ്ടിരുന്നു. 25 വർഷത്തിനിടെ അവൾ തിരിച്ച് ഒരിക്കൽ പോലും ആ വാക്യം പറഞ്ഞിട്ടില്ല. ഇണചേരുമ്പോൾ ഒരിക്കലും അവൾ തന്റെ മുഖത്തേക്കു നോക്കാറില്ലെന്നും റുഖ് ല പറയുന്നുണ്ട്.

ഒടുവിൽ മഴയത്തേക്ക് ഇറങ്ങുന്ന അയാൾ ആ കുട സ്‌കൂൾ നടുമുറ്റത്ത് അടിച്ചു ഒടിക്കുകയാണ്. ഒടിഞ്ഞ കുടയുമായി, കുടക്കമ്പികൊണ്ടു മുറിഞ്ഞു ചോര വാർന്ന കയ്യുമായി അയാൾ തെരുവിലൂടെ നനഞ്ഞു പോകുന്നു.

ആ സ്ത്രീയെയും മകളെയും പോറ്റാൻ വേണ്ടിയാണു ഇടത്തരം ശമ്പളക്കാരനായ റുഖ് ലയുടെ ജീവിതം. വിരസമായ അധ്യാപന ജോലി അവസാനിപ്പിക്കാൻ അയാൾ ആഗ്രഹിക്കും. ശമ്പളമില്ലെങ്കിൽ എങ്ങനെ ജീവിക്കുമെന്ന ചിന്ത അയാളെ വീണ്ടും ജോലിസ്ഥലത്തേക്കു കൊണ്ടുപോകുന്നു. ജോലി പോയെന്നു ഭാര്യയോടു പറയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് അയാൾ നടുങ്ങുന്നു.

അൺബെയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിങ് വായിച്ചപ്പോൾ ആ പുസ്തകം തന്നെ നിരാശപ്പെടുത്തിയെന്നു റുഖ് ല പറയുന്നുണ്ട്. മോശം നോവലായതുകൊണ്ടല്ല. മഹത്തായ രചനയാണത്. പക്ഷേ ആ തലക്കെട്ട് തെറ്റാണ്.

നോവൽ തുടങ്ങുമ്പോൾ, ഈ കഥാപാത്രം കുട്ടികൾക്ക് ഇബ്‌സന്റെ നാടകം പഠിപ്പിക്കാൻ പോകുകയാണ്. തന്റെ അവസാനത്തെ ക്ലാസ് ആണ് അതെന്ന് അയാൾക്ക് അറിയാം. കുട്ടികളാകട്ടെ കോട്ടുവായിട്ടും അലസരായും പുസ്തകം പോലുമില്ലാതെയാണു ക്ലാസിലിരിക്കുന്നത്. ഇബ്‌സന്റെ വൈൽഡ് ഡക്ക് എന്ന നാടകത്തെക്കുറിച്ചുള്ള നീണ്ട പ്രഭാഷണം കേട്ട് കുട്ടികൾ നിസ്സംഗരാണ്. മണിയടിക്കുന്നതോടെ അയാളെ കൂസാതെ കുട്ടികൾ പാഞ്ഞുപുറത്തേക്കുപോകുന്നു.

അവർക്കു പിന്നാലെ അയാളും ക്ലാസ് മുറിവിടുന്നു. സ്‌കൂൾ കവാടത്തിൽ എത്തുമ്പോൾ മഴ പെയ്യുന്നുണ്ട്. അയാൾ കുട നിവർത്താൻ നോക്കി. അതിനു കഴിയുന്നില്ല. കുറെ ശ്രമിച്ചു. സമീപത്തുനിൽക്കുന്ന കുട്ടികളിൽ ചിലർ അയാളുടെ വൃഥാശ്രമം കാണുന്നുണ്ട്. അവർ പരിഹസിക്കുന്നുണ്ടാകും. ഒടുവിൽ മഴയത്തേക്ക് ഇറങ്ങുന്ന അയാൾ ആ കുട സ്‌കൂൾ നടുമുറ്റത്ത് അടിച്ചു ഒടിക്കുകയാണ്. ഒടിഞ്ഞ കുടയുമായി, കുടക്കമ്പികൊണ്ടു മുറിഞ്ഞു ചോര വാർന്ന കയ്യുമായി അയാൾ തെരുവിലൂടെ നനഞ്ഞു പോകുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൽ സാഹിത്യകലയെ സംബന്ധിച്ച ആഗോള ചിന്തകളുടെ കേന്ദ്രമായി പ്രവർത്തിച്ച ചില യൂറോപ്യൻ നോവലുകളുണ്ട്. 1920കളിലെ നോവലുകൾ എന്നാണ് അവ അറിയപ്പെട്ടത്. ഒന്നാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഭാവുകത്വ പരിണാമങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഈ രചനകളിൽ പലതും യഥാർഥത്തിൽ 1920കളിൽത്തന്നെ എഴുതപ്പെട്ടവയായിരുന്നില്ലെങ്കിലും അതെഴുതിയ വ്യക്തികൾ ഇരുപതുകളുടെ സന്താനങ്ങളായിരുന്നു. മാർസൽ പ്രൂസ്റ്റ്, ഫ്രാൻസ് കാഫ്ക, ഹെർമൻ ബ്രോച്ച്, തോമസ് മാൻ, റോബർട് മുസിൽ, ജയിംസ് ജോയിസ് എന്നിവരാണ് ഈ നിരയിലെ പ്രമുഖർ. ഇവർ കഴിഞ്ഞ നൂറ്റാണ്ടിൽ ലോകമെമ്പാടുമുള്ള എഴുത്തുകാരുടെയും വായനക്കാരുടെയും അഭിരുചികളെ ഉഴുതുമറിക്കുകയുണ്ടായി. പല ഭാഷകളിലും ആധുനികത സംഭവിച്ചത് ഇവരിലൂടെയായിരുന്നു. ആനന്ദിന്റെ മരണസർട്ടിഫിക്കറ്റാണ്​ നമ്മുടെ ഭാഷയിലെ ഒരു മികച്ച ഉദാഹരണം.

ഡാഗ് സോൾസ്റ്റയുടെ നായകനായ റുഖ് ലയുടെ അഭിരുചികൾ രൂപപ്പെടുത്തിയത്​1920കളുടെ എഴുത്തുകാരാണ്. കാഫ്കയെയാണ് അയാൾ ആദ്യം ഇഷ്ടപ്പെട്ടത്. പിന്നീട് പ്രൂസ്റ്റ്. അതുകഴിഞ്ഞ തോമസ് മാൻ. തന്റെ ജീവിതം ഒരു നോവൽ ആക്കുമെങ്കിൽ അതെഴുതാൻ കഴിയുക തോമസ് മാന്നിനു മാത്രമാണെന്നാണ് അയാളുടെ വിചാരം. ഒരു വലിയ നോവലിലെ കഥാപാത്രമായി സ്വയം സങ്കൽപിക്കാൻ കഴിയുന്നതു തന്നെ വലിയ നേട്ടമായിട്ടാണു ഈ മനുഷ്യൻ കാണുന്നത്.

1980കളുടെ ഒടുക്കം മുതൽ പ്രോസ് ഫിക്ഷന്റെ ഭാഷയുടെ കാര്യത്തിൽ ഡാഗ് സോൾസ്റ്റയാണു നോർവീജിയൻ സാഹിത്യത്തിലെ മുഖ്യ സ്വാധീനം. നിത്യ യാഥാർഥ്യങ്ങളുടെ പുറത്ത് തങ്ങളുടേതായ മറ്റൊരു യാഥാർഥ്യമുണ്ടാക്കി അതിനുള്ളിൽ കഴിയുന്നവരാണ് ഈ കഥാപാത്രങ്ങൾ. അവർക്കറിയാം, പുറത്തെ യാഥാർഥ്യം തങ്ങളെ നിരന്തരം വെല്ലുവിളിക്കുന്നുവെന്ന്, എന്നാൽ ആ വെല്ലുവിളികളെ തങ്ങളുടെ യാഥാർഥ്യം കൊണ്ടു നേരിടുന്നു. സോൾസ്റ്റയുടെ കൃതികളിൽ ഇതേ പ്രമേയം നിരന്തരം ആവർത്തിക്കുന്നതു കാണാം.

ജീവിതത്തിലെ ഏറ്റവും ഹീനമായ ഭാഗം എന്താണെന്നു വച്ചാൽ മറ്റുള്ളവരോട് ഇനി തനിക്ക് ഒന്നും പറയാനില്ലാതെ വരുന്നതാണ്. സ്വയം സംസാരിക്കുക മാത്രമാണ്​പിന്നെ ചെയ്യുന്നത്. ഇങ്ങനെ സംസാരിക്കുമ്പോൾ മുന്നിൽ മറ്റൊരു അരങ്ങ് തെളിയുന്നുണ്ട്. അവിടെ തോമസ് മാൻ എഴുതേണ്ടിയിരുന്ന നായകകഥാപാത്രമായല്ല താൻ പ്രത്യക്ഷപ്പെടുന്നതെന്നും അയാൾക്കറിയാം.

തന്നെപ്പോലെ തന്റെ മകനും സ്‌നേഹിതരില്ലെന്നു മനസ്സിലാക്കുന്ന നിമിഷം നോവൽ11ലെ നായകൻ പാതിരാത്രി മകൻ തിരിച്ചുവരുന്നതും കാത്ത് ഉറങ്ങാതെയിരിക്കുന്നുണ്ട്. പക്ഷേ, മകന് അച്ഛനോട് ഒന്നും സംസാരിക്കാനില്ല. അവർക്കിടയിൽ പ്രത്യേകിച്ച് ആശയവിനിമയം ഒന്നും നടക്കുന്നില്ല. അവർക്കിടയിൽ സ്‌നേഹമോ സഹാനുഭൂതിയോ ഉണ്ടെന്നു പോലും പറയാനാവില്ല.

പ്രഫസർ ആൻഡേഴ്‌സൻസ് നൈറ്റ് എന്ന നോവലിൽ തൊട്ടടുത്ത ഫ്‌ളാറ്റിന്റെ തുറന്ന ജനാലയിലൂടെ ഒരു കൊലപാതകം നേരിട്ടു കാണുന്ന വ്യക്തിക്ക് അതു റിപ്പോർട്ട് ചെയ്യാനാകുന്നില്ല. അതു ചെയ്ത മനുഷ്യനുമായി പിന്നീടു കണ്ടുമുട്ടുന്നു. എന്നിട്ടും അയാൾ പൊലീസിനെ സമീപിക്കുന്നില്ല. ശരിക്കും ആ കൊലപാതകം നടന്നതാണോ, അതോ തനിക്കങ്ങനെ തോന്നിയതാണോ എന്നെല്ലാം അയാൾ സംശയിക്കുന്നു. ഹാംലെറ്റ് തന്റെ സന്ദേഹങ്ങൾക്കു നടുവിൽ ഉന്മത്തനായി കഴിയുന്നതുപോലെയാണ് പ്രഫസർ ആൻഡേഴ്‌സനും. അഭിജാത ജീവിതം നയിക്കുന്ന ഈ മനുഷ്യൻ സ്ഥിരജോലിയില്ലാതെ കഷ്ടപ്പെട്ടു ജീവിക്കുന്ന തന്റെ പഴയ ഒരു സ്‌നേഹിതനെ കണ്ടുമുട്ടുമ്പോൾ സാമ്പത്തികബന്ധങ്ങളാണ്​ മൂല്യങ്ങൾ നിർമിക്കുന്നതെന്ന് ഓർമിക്കുന്നുണ്ട്. പക്ഷേ കൂട്ടുകാരനെയും ഭാര്യയെയും നക്ഷത്ര ഹോട്ടലിലെ വിരുന്നിനു ക്ഷണിച്ചശേഷം അന്നേ ദിവസം അവരെ പറ്റിച്ചു മുങ്ങുകയാണു പ്രഫസർ ചെയ്യുന്നത്.

സോൾസ്റ്റയിലെ പെസിമിസത്തിന്റെ ആഴത്തിൽ ശ്വാസം മുട്ടിയിട്ടാണ് എന്റെ സുഹൃത്ത് എന്നെ വിളിച്ചത്. അയാൾക്കു സംസാരിക്കണം. ഈ പെസിമിസം അയാളുടെ ഉറക്കം കെടുത്തുന്നു.

ഇബ്‌സനാണു സോൾസ്റ്റയുടെ നോവലുകളിലെ ഒരു നിത്യസാന്നിധ്യം. ഇബ്‌സനെ മുൻനിർത്തി സോൾസ്റ്റ പറയാൻ ശ്രമിക്കുന്ന ഒരു കാര്യം, ലോകം മാറുമ്പോൾ സാഹിത്യവും കാലഹരണപ്പെട്ടേക്കാമെന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിൽ നോർവേയിലെ പട്ടണങ്ങളിൽ ഇബ്‌സൻ നാടകങ്ങൾ

അവതരിപ്പിക്കപ്പെടുമ്പോൾ കാണികൾ വികാരവിവശരായി അതു കണ്ടു. ഉള്ളം ഉലഞ്ഞ് അവർ ചിന്താധീനരായി നാടകശാലകൾ വിട്ടു. ആ കഥാപാത്രങ്ങൾ അവർക്ക് അന്യരായി തോന്നിയില്ല. എന്നാൽ നൂറുവർഷത്തിനുശേഷം അതേ വികാരം ഉണർത്താൻ ഇബ്‌സനു കഴിയുന്നില്ലെന്നതാണു വാസ്തവം.

ആനന്ദ്, പട്ടത്തുവിള. വി.പി.ശിവകുമാർ, എം.സുകുമാരൻ എന്നീ എഴുത്തുകാർ സാഹിത്യത്തിലെ ഗൂഢമായ ഒരു കൂട്ടുകെട്ടിന്റെ ഭാഗമാണ്. ഇതറിയുന്ന ചില വായനക്കാർ ഉണ്ട്. അവർ എപ്പോഴും കൊണ്ടുനടക്കാവും വിധം ഇവരെ അടുത്തടുത്തു വയ്ക്കും. ജലാശയത്തിനുമീതേ വീശിയെറിയുന്ന വലയുടെ എല്ലാ വക്കുകളും കൃത്യമായ അകലത്തിൽ താഴ്ന്നുപോകുന്നതുപോലെ, അലംഘനീയമായ പെസിമിസത്തിന്റെ ഭൂഗുരുത്വം ഈ എഴുത്തുകാരിൽ പ്രവർത്തിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ അവർ പരസ്പരം അറിയാത്തവരായി തുടരുകയും എന്നാൽ രഹസ്യസംഘത്തിൽ അവർ ഒരുമിച്ചു പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

സോൾസ്റ്റയിലെ പെസിമിസത്തിന്റെ ആഴത്തിൽ ശ്വാസം മുട്ടിയിട്ടാണ് എന്റെ സുഹൃത്ത് എന്നെ വിളിച്ചത്. അയാൾക്കു സംസാരിക്കണം. ഈ പെസിമിസം അയാളുടെ ഉറക്കം കെടുത്തുന്നു.

ഒരു അഭിമുഖത്തിൽ, സോൾസ്റ്റ താൻ എന്നാണ് ഒരു ശുഭകരമായ രചന നടത്തുകയെന്നു പറയാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം തന്റെ ലൈബ്രറിയെപ്പറ്റി സംസാരിക്കുകയായിരുന്നു. മൂന്നു പട്ടണങ്ങളിലായി മൂന്നു ലൈബ്രറികൾ തനിക്കുണ്ട്. ഒടുവിൽ അതെല്ലാം ഒരൊറ്റ വീട്ടിലേക്കു മാറ്റി. സോൾസ്റ്റ പറയുന്നു-

""ഞാൻ ഒരു നോവലെഴുതുന്നതു സങ്കൽപിക്കുന്നു. ആയിരക്കണക്കിനു പുസ്തകങ്ങൾക്കു നടുവിൽ "ഞാൻ' നിൽക്കുന്നു. എന്നിട്ട് ഈ അലമാരകളിലെ ഓരോ പുസ്തകവും എടുത്ത് അതിന്റെ പേരും എഴുത്തുകാരന്റെ പേരും കുറിച്ചുവയ്ക്കുന്നു. ഷെൽഫിന്റെ ഏറ്റവും മുകളിലെ പുസ്തകമെടുക്കാൻ ഏണിവച്ചു കയറുന്നു. ഏറ്റവും താഴെത്തേത് എടുക്കാൻ നിലത്ത് ഇഴയുന്നു. ഇങ്ങനെ ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും നോട്ടുപുസ്തകവുമായി പോകുന്നു. എഴുതിയെടുക്കുന്നു. ഒടുവിൽ ഞാൻ ഒരു വാക്യം, ഒരു വിസ്മയ സ്വരം പുറപ്പെടുവിക്കുന്നു ""എന്തൊരു സമ്പന്നമായ ജീവിതം!'' ഇപ്രകാരം ഒടുവിൽ ഞാൻ ശുഭകരമായ ഒരു കൃതി രചിക്കുന്നതിലേക്ക് എത്തും''. ▮


അജയ് പി. മങ്ങാട്ട്

മാധ്യമപ്രവർത്തകൻ, നോവലിസ്റ്റ്, വിവർത്തകൻ. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments