റഫീക്ക്​ തിരുവള്ളൂര്​

ഒരു ചെറിയ മഞ്ഞ പേരയ്ക്ക

അസാധാരാണമായതൊന്നും റഫീക്ക് എഴുതുന്നില്ല. മമതകളും മതിപ്പുകളും അല്ലാതെ മദിപ്പുകളും തിമിർപ്പുകളും അയാൾക്കില്ല. സാധാരണ ജീവിതം മാത്രം. കാഴ്ചക്കോണാണ് സാധാരണമല്ലാത്തത്: റഫീക്ക്​ തിരുവള്ളൂരിന്റെ കവിതകളിലൂടെ

ല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകൾ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്തവരുടേയും ആദ്യ ആവിഷ്‌കാരവും കവിത തന്നെ. രൂപപരമായി ചെറുതും എളുതും ആയി ആവിഷ്‌ക്കരിക്കാനുള്ള സൗകര്യം ഒരു കാരണമായിരിക്കാം. ഭാവപരമായ ചുരുക്കെഴുത്തിനുള്ള സാധ്യത മറ്റൊരു കാരണമായിരിക്കാം. സംഗീതബന്ധം കൊണ്ടാകാം. മാധ്യമം അനുവദിക്കുന്ന വ്യക്തിപരതയും സ്വകാര്യതയും വൈകാരികതയെ ഏതളവിലും വഹിക്കാനുള്ള കെൽപും ഇനിയൊരു കാരണമാവാം. മറ്റ് സാമൂഹ്യ, രാഷ്ട്രീയ കാരണങ്ങളും ഉണ്ട്.

ഉദാഹരണത്തിന് സ്ത്രീകൾ കടുത്ത മത, സാമുദായിക അടിച്ചമർത്തലുകൾ നേരിടുന്ന സമൂഹങ്ങളിൽ മിക്കപ്പോഴും എഴുതുക കവിതയാണ്. കവിതയിൽ അവളവളെ, രഹസ്യങ്ങളെ, ഒളിച്ചുകടത്താൻ കഴിയും എന്നാണ് ആ ദേശങ്ങളിലെ പെൺകവികൾ പറയുക. എത്ര കർശനമായ അധികാരത്തിന്റെ ദൃഷ്ടിയേയും കബളിപ്പിച്ച് കവിതയ്ക്കുള്ളിൽ ഒരാൾക്ക്, ഒരു ദേശത്തിന്, കാലത്തിന്, കാലങ്ങളോളം ഒളിച്ചിരിക്കുവാനും അങ്ങനെ സ്വയം രേഖപ്പെടുത്തുവാനും അതിജീവിക്കുവാനും കഴിയും. മത / രാഷ്ട്രീയ അധികാരത്തിന് അതു കണ്ടുപിടിക്കുക എളുപ്പമല്ല. അതിന് ഭാവുകത്വപരമായ സൂക്ഷ്മദൃഷ്ടി ആവശ്യമാണ്. കലയുടെ ലാവണ്യദൃഷ്ടി. ഹിംസാധികാരത്തിന് ഒരുകാലത്തും ആ ദൃഷ്ടി ഇല്ലാത്തതുകൊണ്ട് കവിത അതിന് പിടികൊടുക്കാത്ത സ്വതന്ത്രജീവിയായി ഏതുകാലത്തും പുലർന്നുപോരുന്നു.

കവിതയിൽ അവളവളെ, രഹസ്യങ്ങളെ, ഒളിച്ചുകടത്താൻ കഴിയും എന്നാണ് ആ ദേശങ്ങളിലെ പെൺകവികൾ പറയുക./Photo : Wikimedia Commons

കവിത ആദ്യാവിഷ്‌കാരമാവുന്നതിന് വളരെ പ്രധാനവും പ്രാഥമികവുമായ മറ്റൊരു കാരണം, ഭാഷയുടെ ദീർഘമായ ഓർമ നൽകുന്ന ധൈര്യവും സ്വാതന്ത്ര്യവും ആയിരിക്കണം. എഴുത്തുഭാഷയുടെ, സംസാര ഭാഷയുടെ, അബോധമുദ്രണം മറ്റ് കലാഭാഷകളെ അപേക്ഷിച്ച് നീണ്ടതും ശക്തവും ആയതുകൊണ്ടുള്ള സഹജമായ കെൽപ്. മണ്ണിൽ നടക്കുമ്പോഴാണല്ലൊ മനുഷ്യർക്ക് വെള്ളത്തിൽ നീന്തുന്നതേക്കാൾ, ആകാശത്ത് പറക്കുന്നതേക്കാൾ ഉറപ്പുണ്ടാവുക, അതുപോലെ ഒരുറപ്പ്. ഇക്കാലത്താണെങ്കിൽ സാങ്കേതികവിദ്യയുടെ തുറവും സ്വാതന്ത്ര്യവും കൂടി കവിതയെഴുത്തിനെ പിന്തുണയ്ക്കുന്നുണ്ട്. അച്ചടിയും വിൽപനയും അംഗീകാരങ്ങളും ഒക്കെയുൾപ്പെടുന്ന സാഹിത്യമെന്ന സ്ഥാപനത്തിന്റെ അധികാരത്തെ വകവയ്‌ക്കേണ്ട കാര്യമില്ല ഇന്നെഴുതുന്ന ഒരു കവിയ്ക്ക്. ആലോചിച്ചാൽ ഇനിയുമുണ്ട് പലകാര്യങ്ങൾ, കവിതയെഴുത്തിനെ പിന്നെയും പിന്നെയും പിന്തുണയ്ക്കുന്നവ.

ഇമ്മാതിരിയെല്ലാം മനുഷ്യരുടെ ആന്തരികജീവിതത്തിന്റെയും ലോകബന്ധത്തിന്റെയും തീവ്രാവിഷ്‌കാരമായ കവിതയുടെ വ്യാഖ്യാതാവാകുക ഒരെടുത്തുചാട്ടമാണ്. അനുഭൂതിപ്രധാനമായ ഏതു കലയേയും വ്യാഖ്യാനിക്കുന്നതിൽ ഒരു അതിപ്രവർത്തനം ഉണ്ടെന്ന് വിചാരിക്കണം. വ്യാഖ്യാനിക്കാൻ സൗകര്യമുള്ള, സാധുതയുമുള്ള, കൈവശമുള്ള ചില ചില്ലുകളിലൂടെ നോക്കുക, ചില ചട്ടക്കൂടുകൾ കൊണ്ട് അളന്നുമാറുക, അത്രയേ നിർവാഹമുള്ളൂ. അതാണ് ചെയ്യാൻ ശ്രമിക്കുന്നത്.

പലതരം ഒച്ചകൾ മധ്യവർഗ നാഗരിക ‘മുഖ്യധാര'യ്ക്കുമേൽ വേറിട്ട് കേട്ടുതുടങ്ങുന്ന കാലമാണിത്. ഒരാൾ ഒറ്റയ്ക്ക് ഒരു തലമുറയാകുന്ന കാലം! അഥവാ പല തലമുറകൾ ഒരാളിൽ സന്നിവേശിക്കുന്ന കാലം. പലകാലങ്ങൾ ഒരു ഇടത്തിൽ പ്രവർത്തിക്കുന്ന കാലം.

റഫീക്ക്​ തിരുവള്ളൂരിന്റെ കവിതകളുമായി അടുപ്പമുള്ള മുൻപരിചയം എനിക്കുണ്ടായിരുന്നില്ല. ‘വലിയ അശുദ്ധികളെ നാമുയർത്തുന്നു’ എന്ന സമാഹാരത്തിലെ കവിതകളുടെ ഉറ്റവായനയാണ് എന്റെ പരിചയപ്പെടൽ. റഫീക്കിന്റെ മൂന്നാമത്തെ സമാഹാരമാണിത്. എന്താണ് ഈ കവിയ്ക്ക് പ്രധാനം ഉള്ളടക്കത്തിലും ഭാഷയിലും അയാളുടെ ഉത്കണ്ഠകൾ, മമതകൾ എന്തൊക്കെയാണ്? അങ്ങനെ നോക്കുമ്പോൾ റഫീക്കിന്റെ കവിതകൾ നിൽക്കുന്നത് മൂന്നുനാല് നിരകളായാണ്. തമ്മിൽ തൊടാത്തവയോ കലരാത്തവയോ അല്ല ആ നിരകൾ എങ്കിലും. ഒന്ന് (ഒന്നാമതും)- പ്രണയവും രതിയും. രണ്ട്- ഓർമ, വീട്, നാട്, കുട്ടിക്കാലം, ആളുകൾ എന്നിങ്ങനെ; അതോടൊപ്പം പ്രവാസജീവിതവും. മൂന്ന്- ആത്മീയത, തത്വചിന്താപരമായ ഊന്നലുകൾ, പിന്നെ എഴുത്തിനെപ്പറ്റിയുള്ള വിചാരങ്ങൾ, പൊതുവായ ചില സാമൂഹ്യശ്രദ്ധകൾ എന്നിങ്ങനെ.

‘ഒരു ചെറിയ മഞ്ഞ പേരയ്ക്ക' എന്ന് പേരുള്ള ഒരു ചെറിയ കവിതയുണ്ട്, ഈ സമാഹാരത്തിൽ.

‘ഓലിക്കൊന്നും കൊടുക്കണ്ട ഞമ്മക്ക് ഒറ്റയ്ക്ക് തിന്നാം' എന്തോ വീതിക്കുകയാണു നീ ഇഞ്ഞ് തിന്നോ ഇഞ്ഞ് തിന്നോ ഞാൻ പറയുന്നു ഇഞ്ഞ് തിന്നോ, ഇനിക്കല്ലേ പയിക്കുന്നേ നീ പറയുന്നു. അപ്പോൾ കലമ്പിയത് മട്ത്തിറ്റ് ഞാൻ നിന്റെ കൈകളിലേക്ക് നോക്കി ഒരു ചെറിയ മഞ്ഞ പേരയ്ക്ക.'

റഫീക്ക് തിരുവള്ളൂരിന്റെ മറ്റെല്ലാ കവിതകളുടെയും വിത്ത് ഈ ചെറിയ കവിതയിലുണ്ട്. ഓർമ, കുട്ടിക്കാലം, വീട്, നാട്, പ്രണയം, രതി, വിശ്വാസം, ആത്മീയത, പ്രകൃതി ഇതെല്ലാം അടങ്ങുന്ന, അടയാളപ്പെടുന്ന കവിത. നേരുള്ള, ദേശപ്പറ്റുള്ള, മനുഷ്യപ്പറ്റുള്ള ഭാഷയും. അധികമധികം പറയാതിരിക്കൽ, പറയുന്നത് ഉള്ളുകൊണ്ടു പറയൽ എന്നതാണ് അയാളുടെ രീതി. പൂർണതയല്ല അതിന്റെ ഭംഗി, കുറവുകളും കൂടിയാണ് അതിനെ ഭംഗിയാക്കുന്നത്, മുടമ്പല്ലിന്റെ ചിരിപോലെ.

Photo : Unsplash

വലിയ അശുദ്ധികളെ നാമുയർത്തുന്നു

ഈ സമാഹാരത്തിന്റെ ശീർഷകകവിത തന്നെ ‘വലിയ അശുദ്ധികളെ നാമുയർത്തുന്നു' എന്നാണ്. അശുദ്ധികളെ ഉയർത്തി ശുദ്ധിയാക്കുന്നു എന്ന്. ശുദ്ധാശുദ്ധികളെപ്പറ്റിയുള്ള വിചാരമാണ് വാസ്തവത്തിൽ മനുഷ്യസംസ്‌കാരത്തിന്റെ, നാഗരികതയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്കണ്ഠകളിൽ ഒന്ന്. ശുദ്ധി എന്നാലെന്തെന്നും അശുദ്ധി എന്നാലെന്തെന്നും ഉള്ള വിചാരങ്ങൾ പിൻതുടർന്നാൽ മനുഷ്യസംസ്‌കാരത്തിന്റെ ഇന്നുവരെയുള്ള വഴി മുഴുവൻ തെളിഞ്ഞുകാണാനാകും. അറുപതുകളിൽ മേരി ഡൗഗ്ലസ് എഴുതിയ ‘ശുദ്ധിയും ആപത്തും' (Purtiy and Danger) എന്ന പുസ്തകം ശുദ്ധിയുടെ അർത്ഥവും അനർത്ഥവും വിശകലനം ചെയ്യുന്നുണ്ട്. അവർ പറയുന്നത് അഴുക്ക് അഥവാ അശുദ്ധമായത്, അസ്ഥാനത്തിരിക്കുന്നതാണ് എന്നാണ്. സ്വസ്ഥാനത്തല്ലാതെ, സ്ഥാനം തെറ്റി / മാറി ഇരിക്കുന്നത്. അതുകൊണ്ടുതന്നെ അത് ക്രമീകരിക്കപ്പെടുന്ന ലോകത്തിൽ നിന്ന് ക്രമംതെറ്റി പുറന്തള്ളപ്പെടുന്നതാണ്. മാലിന്യം എന്ന സങ്കൽപത്തെ പിന്തുടർന്ന് ശുദ്ധിയുടെ / അശുദ്ധിയുടെ ദർശനം തേടുന്ന വില്യം വീനി എന്നയാളുടെ മതം, അശുദ്ധമായത് കാലം തെറ്റിയതാണ് എന്നാണ്. അതായത് ഉപയോഗകാലം കഴിഞ്ഞത്. ചുരുക്കത്തിൽ അകാലത്തും അസ്ഥാനത്തും ഉള്ളതെന്തോ അത് അശുദ്ധം. മനുഷ്യരും വസ്തുക്കളും കാലവും തമ്മിലുള്ള പുരാതനബന്ധം മനസ്സിലാക്കാൻ ‘അഴുക്ക് / അശുദ്ധി' എന്ന സങ്കൽപം മതിയാകും. മനുഷ്യർക്കോ വസ്തുക്കൾക്കോ ഉള്ള ഉചിതമായ കാലവും സമയവും നിശ്ചയിക്കുന്നതാവട്ടെ, ഒരു സമൂഹത്തിലെ മാറിമാറിവരുന്ന അധികാരബന്ധങ്ങളും. ആ അർത്ഥത്തിൽ ശുദ്ധി / അശുദ്ധി എന്ന സങ്കൽപം ആപേക്ഷികവുമാണ്.

‘വലിയ അശുദ്ധികളെ നാമുയർത്തുന്നു' എന്ന ശീർഷകം റഫീക്കിന്റെ ജീവിതദർശനമായാണ് ഞാൻ വായിക്കുന്നത്. എന്താണ് വലിയ അശുദ്ധി ഇസ്​ലാമിൽ ‘വലിയ അശുദ്ധി' സ്ത്രീപുരുഷ ശാരീരികബന്ധം കൊണ്ടുണ്ടാകുന്നതാണ്. അതിന്റെ പരിഹാരം, കുളിച്ച് ശരീരശുദ്ധിയോടെ ആ ശുദ്ധിയാക്കൽ തന്നോടും ദൈവത്തോടും ഉച്ചരിച്ച് അറിയിക്കുകയാണ്, തനിക്കുണ്ടായ ‘വലിയ അശുദ്ധിയെ ഉയർത്തുന്നു' എന്ന്. വലിയ അശുദ്ധിയെന്ന് സമുദായത്താൽ വിധിക്കപ്പെട്ടതിനെ താൻ ഉയർത്തുന്നു, തന്റെ കവിത ഉയർത്തുന്നു, ആ അശുദ്ധിയെ കാലം കൊണ്ടും സ്ഥാനം കൊണ്ടും കെട്ടിൽ നിന്ന് വിടുതലാക്കുന്നു, ശുദ്ധമാക്കുന്നു, സ്വതന്ത്രമാക്കുന്നു.
ഈ പുസ്തകത്തിൽത്തന്നെയുള്ള, ഡോ. വി അബ്ദുൽ ലത്തീഫ് എഴുതിയ വിശദമായ ലേഖനത്തിൽ ഏറ്റവും പ്രധാനമായിത്തോന്നിയ നിരീക്ഷണം റഫീക്ക് ‘വലിയ അശുദ്ധികളെ ഉയർത്തുന്നു' എന്നു പറയുമ്പോൾ അതിനുപിന്നിൽ ഭാഷാപരമായ ഒരു തിരുത്തും സവിശേഷമായ അനുഭവലോകത്തെ ആവിഷ്‌കരിക്കുന്നതിലുള്ള സാഹസികതയും ഉണ്ട് എന്നതാണ്. സാമാന്യകവിതാഭാഷയിൽ അനുഷ്ഠാനഭാഷകൊണ്ടുള്ള തിരുത്ത്, ആചാരപരമായി കെട്ടിയിടുന്നവയെ കൂസലില്ലാതെ തുറന്നു വിടുന്ന സാഹസികത.

മറ്റ് സാഹിത്യരൂപങ്ങളിൽ നിന്ന് വ്യത്യസ്തമായി മലയാളത്തിലെ ആൺകവിതയിൽ രതി അങ്ങേയറ്റം ഒളിവിലും മറവിലും മാത്രമാണ് പൊതുവേ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളത്.

എല്ലാ പ്രണയകവിതകളിലും എന്ന പോലെ ഞാൻ, നീ, നമ്മുടേത് എന്നതാണ് റഫീക്കിന്റെയും പ്രണയപ്രപഞ്ചം. അയാൾ ആണാണ്, പ്രേമിക്കുന്നത് പെണ്ണിനെയാണ്. പക്ഷെ രക്ഷാധികാരിയായ, നയിക്കുന്നവനും നേടുന്നവനുമായ പുരുഷന്റെ പ്രേമമല്ല റഫീക്ക് ആവിഷ്‌ക്കരിക്കുന്നത്. തുല്യരായ രണ്ട് ആത്മാക്കളുടെ, ശരീരങ്ങളുടെ, പ്രേമമാണ് അത്. ‘നാം മരുഭൂമിയിലായിരുന്നപ്പോൾ' എന്ന കവിതയിൽ’ എന്റെ ശരീരത്തെ നോക്കുന്ന/അതേ കണ്ണുകൊണ്ട് നിന്റെ ശരീരത്തെയും കണ്ടു' എന്നു വ്യക്തമായിത്തന്നെ പറയുന്നു. ‘നിന്റെ വിരൽത്തുമ്പിൽ പിടിച്ച് റോഡ് മുറിച്ചുകടക്കുന്ന അന്ധനാണ് ഞാൻ' എന്നാണ് അയാൾ കരുതുന്നത്. പ്രണയത്തെ ‘നിന്റെ ആത്മാവിൽ നിന്ന് എന്റെ ആത്മാവിലേക്കുള്ള വഴി'യായാണ് അയാൾ കാണുന്നത്. ഒരു ‘ഇഫ്രീത്തിനും' പെണ്ണുകാണാനോ താലികെട്ടാനോ കഴിയാത്ത വെളിച്ചത്തെ എന്നേ വരിച്ചുകഴിഞ്ഞ പതിനേഴുകാരിയാണ് പതിനാലാം രാവിലെ നിലാവ്. അവളെച്ചൊല്ലി തർക്കിക്കുന്നവരെയും അവൾ വെളിച്ചത്തിൽ കുളിപ്പിച്ചുകളയും. അവൾ സ്വേച്ഛയാ ചരിക്കുന്നവളാകുന്നു. (കവിത: വെളിച്ചത്തെ വരിച്ചവൾ).
മറ്റൊരു കവിത, ‘അഥവാ നീ വന്നാലോ', ‘അവളെ' ആഗ്രഹിക്കുക മാത്രമല്ല, ആത്മാവിൽ ആശ്രയിക്കുകയും ചെയ്യുന്നവന്റെ വെമ്പലാണ്: ‘ഒറ്റക്കാകുമ്പോൾ/നിന്നിൽ/കൂട്ടത്തിലാകുമ്പോൾ/ആളിരിക്കാത്തൊരു കസേരയുടെ/ തൊട്ട് /ഞാനിരിക്കുന്നു...'.
മധ്യവയസ്സിലേക്കെത്തുമ്പോൾ താൻ കണ്ടെത്താൻ പോകുന്നവളെപ്പറ്റിയാണ് ‘ഒരുത്തി' എന്ന കവിത. അവൾ കിളികളെപ്പോലെയല്ല, നിലാവിന്റെ മടയിലിരുന്ന് കിനാവിനെ മുലയൂട്ടുന്നവളല്ല, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവളല്ല, മറിച്ച് അവയാലെല്ലാം പരിചരിക്കപ്പെടുന്ന ഒരു സാധാരണസ്ത്രീ ആയിരിക്കും. ‘ഞങ്ങളുടെ പ്രണയം പ്രായത്തിന്റെയും പ്രമാണങ്ങളുടെയും പിടിവിടുവിക്കും'- പ്രമാണങ്ങളുടെ പിടിവിടുവിക്കും പ്രണയം എന്ന ഈ പ്രഖ്യാപനമാണ് അതിന്റെ രാഷ്ട്രീയം. അതിൽ സന്ദിഗ്ദ്ധതകളില്ല, അതൊരു തീരുമാനമാണ്.

പ്രണയത്തിന്റെ ലയം മാത്രമല്ല, അത്രത്തോളം അതിൽ ഉൾച്ചേർന്നിട്ടുള്ള ഹിംസയും ചില കവിതകൾ സ്പർശിക്കുന്നുണ്ട് . ‘മയ്യത്തെങ്കിലും കരയ്‌ക്കെത്തിക്കുന്ന കടലിന്റെ കരുണപോലുമില്ലാത്ത' പ്രണയം/പ്രണയി. (കവിത: ‘അറിവ്'). പ്രണയത്തെപ്പറ്റിയുള്ള പരമമായ രഹസ്യം വെളിപ്പെടുത്തുന്ന കവിതയാണ് ‘ആഭ്യന്തര രഹസ്യം'. ആ രഹസ്യം ഇതാണ്:

‘ആത്മാവിലെ പട്ടിണിയിലല്ല സുഭിക്ഷതയിലാണ് നിന്നിലെനിക്ക് വിശപ്പുണ്ടായത് അതുകൊണ്ട് നമ്മുടെ സഖ്യം അതിർത്തി കടന്നുള്ള ദുരിതാശ്വാസമോ യുദ്ധമോ അല്ല പ്രണയം ഒരു വിദേശകാര്യമല്ല ആഭ്യന്തരരഹസ്യമാണ് പ്രണയത്തിൽ എപ്പോഴും ശത്രുരാജ്യം സ്വന്തം രാജ്യം തന്നെയാണ്'.

മറ്റ് സാഹിത്യരൂപങ്ങളിൽ നിന്ന് വ്യത്യസ്തമായി മലയാളത്തിലെ ആൺകവിതയിൽ രതി അങ്ങേയറ്റം ഒളിവിലും മറവിലും മാത്രമാണ് പൊതുവേ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളത്. ആൺരതിയുടെ നൈസർഗികമായ ആവിഷ്‌കാരങ്ങൾ രാഷ്ട്രീയമായി തെറ്റിപ്പോകാമെന്ന ഒരു ശങ്ക, ആ സംശയത്തിന്റെ ഒരു തടവ്, പുതുകവിതയിൽപ്പോലും പലപ്പോഴും കാണാം. എന്നാൽ തുറവോടെയും തീർച്ചയോടെയും തന്റെ ജീവിതചര്യകളോട് ചേർത്ത് ശരീരബദ്ധമായ രതി ആവിഷ്‌കരിക്കുന്നുവെന്നതാണ് റഫീക്കിന്റെ ഒരു വലിയ വ്യത്യാസം. ‘ദുആ' എന്ന കവിതയിൽ മതചര്യ രതിചര്യയുമായി ചേരുകയാണ്.

‘നിന്റെ രണ്ടു മുലകളുടെ സ്വർഗീയമായ ചെരുവിൽ ഞാൻ പണിയും ഒരാൾക്കു മാത്രം മുസല്ല വിരിക്കാവുന്ന എന്റെ നിസ്‌ക്കാരപ്പള്ളി നിന്റെ മുലപ്പാലുകൊണ്ട് അഞ്ച് ‘വക്തു'കളിൽ ഞാൻ വരുത്തും വ്യംഗ്യശുദ്ധി'.

തനിക്കായി ‘അവൾ പുറപ്പെടുവിക്കുന്ന ജലവും വെളിച്ചവും' എന്ന് അവളുടെ കാമത്തെ അഭിമുഖീകരിക്കുകയും അംഗീകരിക്കുകയും കൂടി ചെയ്യുന്നുണ്ട്. എങ്കിലും ‘എനിക്കുവേണ്ട സ്വർഗം, നരകത്തിലും നീയെന്റെ അരികിലുണ്ടാകണേ' എന്ന പ്രാർത്ഥനയോടെയാണ് കവിത അവസാനിക്കുന്നത്. ഈ നരകം ശരീരത്തിന്റെ ആനന്ദവും നോവും ഉള്ള ഭൂമിയിലെ നരകമാണ്. ‘എത്ര ആഴത്തിൽ, അഴകിൽ ഞൊറിയിട്ടതാണ് ഉടലെന്ന്' അതിശയിക്കുന്നുമുണ്ട് ‘ഞൊറികളിൽ' എന്ന കവിത. അനേകം കവിതകളുണ്ട് ഈ നിരയിൽ: ‘ചുംബനത്തിലേക്ക്/കുതികൊള്ളാത്തവരായി/ആരുണ്ട്, ഏതുണ്ട് ചരാചരങ്ങളിൽ'

‘താഴേക്കിറങ്ങിവന്ന് ഭൂമിയെ ഉമ്മ വയ്ക്കുന്ന ആകാശം. അത്​ ദൈവത്തിന്റെ ഉദാരത. ഭൂമിയെ ഇങ്ങനെ ഉരുട്ടിപ്പരത്തിയില്ലായിരുന്നെങ്കിൽ ഭൂമിയിലുള്ളവർക്കും ആകാശത്തുള്ളവർക്കും നഷ്ടം വന്നേനെ ചുംബനത്തിന്റെ ഈ ചക്രവാളങ്ങൾ'
(കവിത: ചുംബനസൂക്തം).

രതിയുടെ എത്ര കേറിയാലും തീരാത്ത പടികളുള്ളൊരു ഗോവണി (കവിത: ‘മധ്യപ്രലോഭനം').

സൈനബ എന്നുവിളിച്ച് തമിഴൻ പ്രേമിക്കുന്ന, ഓമനിക്കുന്ന പൂച്ചക്കുട്ടി, പക്ഷെ അയാൾ നോക്കുകയേ ഇല്ലാത്ത പെൺകുട്ടി (കവിത: ‘സൈനബ').

മതചരിത്രവും ആചാരക്രമങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സങ്കരഭാഷയിൽ പ്രണയ/രതിവർണനകൾ ഉണ്ടാകുമോ? ഉണ്ടാകും, ഉണ്ടായിരുന്നു. ധാരാളം കൃതികളുണ്ട്. മാപ്പിളപ്പാട്ടുകൾ അനവധി. പുലിക്കോട്ടിൽ ഹൈദർ എഴുതിയ തെറിപ്പാട്ടുകളെപ്പറ്റി പറയേണ്ടതില്ല.

പൂർണമായും വ്യക്തിപരമല്ലാത്തതും, ഒരളവ് പരോക്ഷമായതുമായ ചില അനുഭവങ്ങളും ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. നാട്ടുവഴിയിലെ ഉറപ്പില്ലാത്ത ക്ഷണികമായ ഒരു ശാരീരികക്ഷണമാണ് ‘ക്ഷണികം' എന്ന കവിത. നാട്ടിലെ ഏതോ ‘അഴിഞ്ഞ' ഒരുവൾ (?). ‘കണ്ടുനിന്നവരെപ്പോഴും ഒന്നു ക്ഷണിക്കപ്പെട്ടപോലെ പരുങ്ങിപ്പോകുന്ന' വിധം ഒരാട്ടവും ഇളക്കവും... അതിനൊപ്പം ഓട്ടോയിൽ അടുത്തടുത്തിരുന്ന് അങ്ങാടിയിൽ പോയി, അത് നോട്ടമിട്ടു, പക്ഷെ ക്ഷണിച്ചില്ല. ചത്ത മീനിന്റെ കണ്ണു കിള്ളി നോക്കിയിട്ട് മീൻ വാങ്ങാതെ അവൾ/അത് ഇറങ്ങിപ്പോയി തൽക്ഷണം. ആറ്റൂരിന്റെ ഓട്ടോവിൻ പാട്ടുമായി ബന്ധമൊന്നുമില്ല റഫീക്കിന്റെ ‘ഓട്ടോവിൻ പാട്ടി'ന്. റഫീക്കിന്റെ ഓട്ടോ കുന്നിറങ്ങി വരുന്ന കൂട്ടുകാരിയെ റോട്ടിൽ കാത്തുകിടക്കുന്നു, അവളടുത്തെത്തിയാൽ സാധുമൃഗമായി മാറുന്നു. അത് അവളെ ഓരോ വട്ടവും ‘ആട്ടി ഇളക്കി ഇക്കിളിയിട്ട്' വശീകരിക്കുന്നു. അവൾ പതുക്കെ കുന്നിറങ്ങുന്നു, പാട്ട് ഉച്ചത്തിലാവുന്നു. (കവിത: ‘ഓട്ടോവിൻ പാട്ട്'). ഈ രണ്ട് കവിതകളും പരോക്ഷ രതിസൂചനകൾ പിണച്ചുകെട്ടിയ സൃഷ്ടികളാണ്.

‘എന്നെ ഒറ്റ ഉന്തുവച്ചു തരട്ടെ നിന്റെ ഉറ്റ ഉദരത്തിനുള്ളിലേക്ക്..?'

എന്ന ആദിപ്രകൃതിയോടെന്നപോലെയുള്ള ഒരു ചോദ്യവുമുണ്ട് ഒരു കവിതയിൽ (കവിത: ‘ഉന്ത്').

മതചരിത്രവും ആചാരക്രമങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സങ്കരഭാഷയിൽ പ്രണയ/രതിവർണനകൾ ഉണ്ടാകുമോ? ഉണ്ടാകും, ഉണ്ടായിരുന്നു. എം. എൻ. കാരശ്ശേരി ഒരു സംഭാഷണത്തിൽ ഇതു സൂചിപ്പിക്കുന്നുണ്ട്, മോയിൻകുട്ടി വൈദ്യർ എഴുതിയ രതികൾ നിങ്ങൾക്ക് സങ്കൽപിക്കാനാകാത്തവയാണ് എന്ന്. ധാരാളം കൃതികളുണ്ട്. മാപ്പിളപ്പാട്ടുകൾ അനവധി. പുലിക്കോട്ടിൽ ഹൈദർ എഴുതിയ തെറിപ്പാട്ടുകളെപ്പറ്റി പറയേണ്ടതില്ല. ‘പൈങ്കിളി' അറബി മലയാളം നോവലുകൾ വ്യാപകമായി അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടിട്ടുപോലുമുണ്ട്. പ്രാർത്ഥന പുസ്തകങ്ങളും അത്തറും ഒക്കെ വിൽക്കാൻ വരുന്ന ആളുകൾ ആയിരുന്നുവത്രെ വീട്ടിലെ കാരണവർ കാണാതെ അവ യുവതികൾക്ക് കൈമാറിയിരുന്നത്. അതായത്, ശരീരബദ്ധമായ പ്രണയവും രതിയും ശ്ലീലമായും അശ്ലീലമായും തുറവിലും മറവിലും കൈകാര്യം ചെയ്യപ്പെട്ടിരുന്ന ഭാഷയാണ് അറബി മലയാളം. അതുകൊണ്ട് പെട്ടെന്നൊരു കവി ശരീരത്തെപ്പറ്റി ഉണർന്നെഴുതുമ്പോൾ ഭാഷയ്ക്ക് നാണമോ ചൂളലോ ക്ഷോഭമോ ഒന്നുമുണ്ടാവാൻ തരമില്ല എന്നു മാത്രമല്ല, ചില പ്രതീക്ഷകൾ ഉണ്ടാവുകയും ചെയ്യും.

റഫീക്കിന്റെ കവിതകളിൽ റിമെമറിയുടെ വലിയ സാന്നിധ്യം വായിക്കാനാകും. ഉണ്ടായിരുന്ന ഇടങ്ങൾ, ആ ഇടങ്ങളിലെ വസ്തുക്കൾ, ജീവിതങ്ങൾ ആളുകൾ എന്നിങ്ങനെ തലയ്ക്കുപുറത്ത് പാറുന്ന ചിത്രങ്ങൾ.

ആ ഭാഷയുടെ തുടർച്ചയിൽ റഫീക്കിന്റെ കവിത ചെയ്യുന്നത് വ്യക്തിപരവും/ആത്മീയവും സമുദായപരവും/മതപരവും ആയ അനുഭവത്തെ ഭാഷാപരവും ലാവണ്യപരവും ആയി വീണ്ടെടുക്കലാണ്, സ്ഥാപിക്കലുമാണ്. വി. അബ്ദുൽലത്തീഫ് റഫീക്കിന്റെ കാവ്യഭാഷയിൽ സാമാന്യമലയാളത്തിന്റെയും അറബി മലയാളത്തിന്റെയും ദർസ് മലയാളത്തിന്റെയും തുടർച്ച കാണുന്നുണ്ട്. ഈ കവിതകൾ സമുദായത്തിനകത്ത് വിചാരണ ചെയ്യപ്പെട്ടേക്കാം എന്ന് അദ്ദേഹം ഭയപ്പെടുന്നു, റഫീക്ക് പറയുന്നത് ബഹുവചനത്തിൽ, ‘വലിയ അശുദ്ധികൾ' എന്നാണ്. വലിയ അശുദ്ധികളെ ഉയർത്തുന്നുവെന്ന് പ്രഖ്യാപിക്കുകയാണ്. വഴക്കിന്റെ വിത്തു കുഴിച്ചിട്ട വഴക്കത്തിന്റെ ഭാഷയാണത്. അത് പൗരോഹിത്യത്തിന് വെളിപ്പെടുകയില്ല. അവരറിയാതെ ആ വിത്ത് മുളയ്ക്കും.

ഒരു ചെറിയ മഞ്ഞ പേരയ്ക്ക

ടോണി മോറിസന്റെ ദി ബിലവഡ് എന്ന നോവലിൽ റിമെമറി (Rememory) എന്നൊരു വാക്ക് അവർ ആവർത്തിച്ചുപയോഗിക്കുന്നുണ്ട്. വെറും ഓർമ അല്ല അത്. പുനരോർമ എന്ന് ഒരുപക്ഷെ പറയാം, അഥവാ ഓർമപ്പകർച്ച എന്ന്. ഓർമയുടെ ആവർത്തിക്കൽ, പകരൽ, പങ്കുവയ്ക്കൽ എന്നൊക്കെയുള്ള അർത്ഥത്തിൽ. അപ്പോഴും പക്ഷെ അതിന്റെ ശരിയായ, പൂർണമായ അർത്ഥം ആവുകയില്ല. നോവലിലെ കഥാപാത്രം തന്റെ മകൾക്ക് ആ വാക്ക് വിശദീകരിച്ചുകൊടുക്കുന്നത് ഇങ്ങനെയാണ്: ‘ചിലതെല്ലാം കടന്നു പോകും, ചിലത് തങ്ങും. ചിലത് നാം മറക്കും. മറ്റുചിലത് ഒരിക്കലും മറക്കുകയില്ല. ഇടങ്ങൾ അവിടെത്തന്നെയുണ്ടല്ലൊ. ഒരു വീട് കത്തിയമർന്നാൽ അത് പൊയ്ക്കഴിഞ്ഞു, പക്ഷെ അതിന്റെ ചിത്രം അത് നിലനിൽക്കും, എന്റെ റിമെമറിയിൽ മാത്രമല്ല, പൊതുവായി അത് നിൽക്കും. ഞാനോർമിക്കുന്നത് എന്റെ തലയ്ക്കു പുറത്ത് പാറുന്ന ആ ചിത്രമാണ്. ഞാനതേപ്പറ്റി ആലോചിക്കാതിരുന്നാലും, ഞാൻ മരിച്ചുപോയാലും, ഞാൻ ചെയ്തതിനെപ്പറ്റി, എനിക്കറിയാമായിരുന്നതിനെപ്പറ്റി, ഞാൻ കണ്ടതിനെപ്പറ്റി ഉള്ള ചിത്രം അവിടെയുണ്ടാകും. എവിടെയാണോ അത് സംഭവിച്ചത് അതേ ഇടത്തിൽ.'

​​​​​​​ ഓർമയല്ല അത്. ഓർമയിൽ നിന്ന് വ്യത്യസ്തമായി റിമെമറി ഒറ്റ മനസ്സിലല്ല ഉള്ളത്. അത് പല മനസ്സുകൾ പങ്കിട്ടെടുക്കുന്നതാണ്. ഓർക്കുന്നയാളിന്റെ ഇച്ഛയോ ഇഷ്ടമോ അതിന് വിഷയമല്ല. വേണമെങ്കിലും വേണ്ടെങ്കിലും അതവിടെയുണ്ട്. അടിമത്തത്തിന്റെ പൊതുവായ അനുഭവം റിമെമറീസ് സൃഷ്ടിച്ചു, പലരുടേതുമായ ഒറ്റ ഒരു വലിയ അനുഭവം, അതിന്റെ ഓർമകൾ. താൻ സ്വയം അനുഭവിക്കാത്ത, എന്നാൽ പങ്കാളിയായ ഒരനുഭവത്തിന്റെ ഭയാനകത ഒരടിമയ്ക്ക് അറിയാനാവും. (ആ അറിവ് നിലനിൽക്കെ എങ്ങനെ അതിന്റെ നടുക്കങ്ങളിൽ നിന്ന് വിടുതൽ നേടാൻ കഴിയും എന്നാണ് ടോണി മോറിസൺ ഉന്നയിക്കുന്ന ചോദ്യം).

റഫീക്കിന്റെ കവിതകളിൽ ഈ റിമെമറിയുടെ വലിയ സാന്നിധ്യം വായിക്കാനാകും. ഉണ്ടായിരുന്ന ഇടങ്ങൾ, ആ ഇടങ്ങളിലെ വസ്തുക്കൾ, ജീവിതങ്ങൾ ആളുകൾ എന്നിങ്ങനെ തലയ്ക്കുപുറത്ത് പാറുന്ന ചിത്രങ്ങൾ. കവി ഇന്ന് ജീവിക്കുന്നത് അവിടെയല്ല, വിദൂരത്താണ്. അയാൾ എഴുതിയാലും ഇല്ലെങ്കിലും അവ അവിടെയുണ്ട്. അയാളുടെ വീട്ടുകാർക്കും കൂട്ടുകാർക്കും നാട്ടുകാർക്കും അതറിയാം.
ഇരുനില വീടുകൾക്കുവേണ്ടി ഇടമൊഴിഞ്ഞുകൊടുത്ത കുന്നുകൾ, മൊബൈൽ ടവർ, വീണുകൊണ്ടിരിക്കുന്ന മരങ്ങൾ, മറുനാടൻ മൊഴികൾക്ക് ഒഴിഞ്ഞുകൊടുക്കുന്ന മലയാളം (കവിത: ‘ഒരാൾ കൂടി')- ഇത് ഒരാളുടെ മാത്രമല്ല, ഒരു ദേശത്തിന്റെ, അയൽദേശങ്ങളുടേയും, ഓർമയാണ്, അനുഭവമാണ്. അതുകൊണ്ടുതന്നെ മധ്യസ്ഥതയില്ലാതെ പങ്കിടാവുന്നതുമാണ്. ‘കണ്ണുപൊത്തിക്കളി' എന്ന കവിത കൃത്യമായിത്തന്നെ ഇത് സൂചിപ്പിക്കുന്നുണ്ട്.

‘വീതി കുറഞ്ഞ ഒരിടവഴി കഴിഞ്ഞാൽ ഇപ്പോഴുമുണ്ട് ആ വീടു നിന്നിടത്ത് ആടുമേഞ്ഞ പൊന്തയ്ക്കപ്പുറം ഇട്ടേച്ചുപോയ കളിയൊച്ചകൾ'.

ഇടങ്ങൾ ഇപ്പോഴും എപ്പോഴും അവിടെത്തന്നെയുണ്ട്, അതിന്റെ ഓർമകൾ അവിടെ പാറുന്നുണ്ട്.

ഈ ഗണത്തിൽ ഒരുപക്ഷെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കവിത ‘തിരുവള്ളൂര്' ആയിരിക്കണം. റഫീക്കിന്റെ ഗ്രാമമാണ് തിരുവള്ളൂര്. കോഴിക്കോടിന് ഏതാണ്ട് അൻപത് കിലോമീറ്റർ വടക്കുകിഴക്ക് കുറ്റ്യാടി മണ്ഡലത്തിലുള്ള ഒരു ഗ്രാമം. ആ ദേശം എനിക്കറിയില്ല. അവിടെയുള്ള ഒരാളെയോ വീടോ തെരുവോ അറിയില്ല. ഈ കവിതയാണ് ആ ദേശത്തേക്കുള്ള എന്റെ താക്കോൽ. കവിത പറഞ്ഞുതരുന്നത് ഇതാണ്: അവിടം സ്വകാര്യബസുകൾ വന്നുപോകുന്നിടമാണ്, ധാരാളം യുവാക്കൾ ഗൾഫിൽ തൊഴിൽ തേടി പോയിടമാണ്, നഗരത്തിന്, നഗരത്തിന്റെ പുതിയ എടുപ്പുകൾക്ക് വഴിമാറിക്കൊടുക്കുന്ന ചെറുതുകളുടെ ഗ്രാമമാണ്, എങ്കിലും പഴയ ഗ്രാമത്തിന്റെ അവശേഷിപ്പുകളായി അങ്ങാടിയും ചില പീടികകളും ഇപ്പോഴും അവിടെയുണ്ട്. ഞാൻ ജനിച്ചു വളർന്ന ആലപ്പുഴ ജില്ലയിലെ ഗ്രാമങ്ങളായി തിരുവള്ളൂരിന് പകരാൻ ഈ കവിത മതി. ദേശത്തിന്റെ ഭൂമിശാസ്ത്രപരമോ സാംസ്‌കാരികമോ ആയ അന്തരങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ഒരേപോലെ വന്നിറങ്ങി പടർന്ന, പടരുന്ന നഗരവൽക്കരണവും അതിന്റെ ഒരേമട്ടിലുള്ള ആകാരവൽക്കരണവും പുറന്തള്ളലുകളും ഈ കവിതയിൽ ഉണ്ട്. അത് കവിതയ്ക്കു പുറത്ത് എല്ലാടവും പാറുന്ന ചിത്രമാണ്. കെ. ജി. ശങ്കരപ്പിള്ള ഈ കവിതയെപ്പറ്റി എഴുതിയ കുറിപ്പിൽ ‘പോക്കുവരവുകളുടെയും പോകാവരായ്കകളുടെയും പൊരുൾ ആളുന്ന വെട്ടം' റഫീക്കിന്റെ വാക്കുകളിൽ കാണുന്നു. ഓർമയിൽ വാഴുന്ന ഒരിടത്തിന്റെ ‘ബന്ധനസ്ഥമായ നിൽപ്', അവിടുത്തെ ‘ബന്ദിജനത' എന്ന് പറയുന്നു.

‘ഓർമകളിലും ചുറ്റുപാടുകളിലും നിറയുന്നുവെങ്കിലും നാട് ഈ കവിതകളിൽ നൊസ്റ്റാൾജിയ അല്ല' എന്ന് റഫീക്കിന്റെ കവിതകളെപ്പറ്റിയുള്ള കുറിപ്പിൽ മനോജ് കുറൂർ നിരീക്ഷിക്കുന്നുണ്ട്.

ഇടങ്ങളേയോ ആളുകളേയോ പേരുപറഞ്ഞ് സൂചിപ്പിക്കാതെയും ഈ ഓർമപ്പകർച്ച ഉണ്ടാക്കുന്നുണ്ട് ചില കവിതകൾ. ‘ജീപ്പ്' എന്ന കവിതയിൽ തന്റെ നാടിന്റെ ദേശീയമൃഗമായാണ് ജീപ്പിനെ അവതരിപ്പിക്കുന്നത്. നാടിന്റെ നിത്യജീവിതപ്പോക്കുവരവുകൾ നിറവേറ്റുന്ന നാൽക്കാലി. കവിതയുടെ പകുതിവഴിയിൽ ജീപ്പ് അതിന്റെ പഴയൊരു നഷ്ടപ്രേമത്തെപ്പറ്റി സംസാരിക്കുന്നു, പഞ്ചറായ ടയറൊട്ടിക്കാൻ നിൽക്കുന്ന നേരത്ത്. അതുപോലെ, ‘ഉപ്പാപ്പ' കൈയ്യും കാലും കൈക്കോട്ടുമായി വെയിലിനോട് പടവെട്ടി മണ്ണിനെ പോറ്റിയ ആളായിരുന്നു. അദ്ദേഹത്തെ സ്വർഗവാതിൽ തുറക്കുവോളം മണ്ണ് കാത്തുകൊള്ളും (കവിത: ‘ഉപ്പാപ്പ'). ‘മിനുസം മിനുസം' എന്ന വാക്കിന്റെ അർത്ഥം പഠിപ്പിച്ച ചൈനാസിൽക്കിന്റെ ഓർമയിൽ മിനുസത്തിന് അന്നത്തെ അതേ മിനുസം. കുട്ടിക്കാലത്തു വന്നുദിച്ച ഒരു വസ്തു, ഒരനുഭവം, പറയാൻ അതേ രസമുള്ള അതിന്റെ വാക്ക്, ലളിതമായി പുനരവതരിക്കുകയാണ് ഈ കവിതയിൽ (കവിത: ‘ചൈനാസിൽക്ക്').
‘ആഡംബരമില്ലാതെ, സ്ഥലാധിക്യമില്ലാതെ, സന്ദർഭവൈചിത്ര്യമില്ലാതെ എങ്ങനെ കവിത സംസ്‌കാരത്തിന്റെ പ്രമാണമാകുന്നു' എന്ന് ഇ. പി. രാജഗോപാലൻ റഫീക്കിന്റെ ‘ഉരക്കടലാസ്' എന്ന കവിത ഉദാഹരിച്ച് എഴുതുന്നത് ഈ കവിതകളുടെ കാര്യത്തിലും സംഗതമാണ്: ‘ഓർമയുടെ സ്വാഭാവികമായ വരവിനെ കവിത ഇങ്ങനെ സ്ഥാനപ്പെടുത്തുന്നു' എന്ന്.

‘റിമെമറി' എന്ന സങ്കൽപ്പത്തെ അതിന്റെ അക്ഷരാർത്ഥത്തിൽ എഴുതുന്ന കവിതയാണ് മില്ല്. പണ്ടുണ്ടായിരുന്ന ഒരു മില്ലും അതിനെ ചുറ്റിപ്പറ്റി മൂന്ന് കൂട്ടുകാരുടെ ജീവിതവും. ഇപ്പോൾ അതോർക്കുമ്പോൾ കവി പറയുന്നത്, ‘മില്ലു നിന്നിടത്ത്/കിടപ്പുണ്ടല്ലൊ ഇപ്പോഴും / മില്ലുനിന്ന പേരിലൊരു സ്ഥലമെങ്കിലും' എന്നാണ്. വസ്തുക്കൾ നശിച്ചുപോയാലും അവ നിന്നിരുന്ന ഇടം അവിടെയുണ്ടല്ലൊ എന്ന്.
മരിച്ചുപോയ അച്ചാച്ചനെപ്പറ്റി, അച്ചാച്ചനോടൊപ്പം കാണാതായ മാവ്, കണ്ണട, വീട്, സൈക്കിൾ എന്നിവയെപ്പറ്റിയാണ് ‘ചൂട്' എന്ന കവിത. ഒരാൾ, അയാളുടെ ഇടം, ജീവനുള്ളതും അല്ലാത്തതുമായ അയാളുടെ വസ്തുക്കൾ എന്നിങ്ങനെയുള്ള ഓർമയുടെ വിന്യാസം. നാടകീയമായ ആഖ്യാനം കൊണ്ട് എടുത്തുപറയാവുന്നതുമാണ് ഈ കവിത. ‘ഉസ്താദിന്റെ മഴക്കാലം' ഇതേ ഗണത്തിൽപ്പെടുന്ന കവിതയാണ്. ‘പള്ളിമുറ്റത്തെ കാലൻകുടയും മുകളിലെ മിനാരവും... തണ്ണീരും കണ്ണീരും പെയ്തുതന്നെ കനം തീരണം' എന്ന് അവസാനിക്കുന്ന കവിത.
കേട്ടെഴുത്ത് കട്ടെഴുത്തായ കുട്ടിക്കാലം, മാഷ്, കൂട്ടുകാരി, അവൾ മറഞ്ഞുപോയത്, മാഷിന്റെ മരണം, അനുശോചനത്തിൽ താൻ പറഞ്ഞ സ്തുതിവാക്യം... ഇങ്ങനെയൊരു മൂന്ന് പതിറ്റാണ്ട് കാലത്തെ നീണ്ടകഥ തന്നെയുണ്ട് ‘ഉത്തരം ഹസീന' എന്ന ചെറുകവിതയിൽ. ‘റൂഹ്' എപ്പോഴും അടിതെറ്റുന്ന വീണുപോകുന്ന കൈപിഴയ്ക്കുന്ന ഒന്നുനിൽക്കാൻ ഒഴിവില്ലാത്ത ഒരു ഉമ്മായെപ്പറ്റി. ‘ഇസ്തിരി' എന്ന കവിതയാവട്ടെ, ഇസ്തിരിപ്പെട്ടി എന്ന നിത്യജീവിതവസ്തുവിന്റെ, ഇസ്തിരിയെന്ന പ്രവൃത്തിയുടെ, വരച്ചുവച്ച വർണനയാണ്. അതുവരെയുള്ള കവിതയിൽ നിന്ന് ഭിന്നമായി റഫീക്കിന്റെ നോട്ടസ്ഥാനം മാറുന്നുവെന്ന് എസ്. ജോസഫ് നിരീക്ഷിക്കുന്നുണ്ട്. വേറിട്ട നിരീക്ഷണരീതി കവി സൃഷ്ടിച്ചിരിക്കുന്നു എന്ന്. അതുപോലെ അചേതനവസ്തുക്കൾ കവിതയിൽ ആത്മാവും ഒച്ചയും നേടി സചേതനങ്ങളാകുന്നു എന്നും. വലിയ തോതിൽ സാമ്പത്തിക, സാംസ്‌കാരിക അധിനിവേശങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന, അതിന്റെ ഫലമായുള്ള പ്രകൃതി/വ്യവസ്ഥ/വസ്തു പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന നാട്ടിൽ ഈ ഓർമപ്പകർച്ചകൾ അനിവാര്യമാണ്. അത് പൊയ്‌പ്പോയവയെച്ചൊല്ലിയുള്ള ആധി മാത്രമല്ല, വർത്തമാനത്തോടുള്ള ജാഗ്രതയും വരാനിരിക്കുന്നവയോടുള്ള കരുതലും കൂടിയാണ്.

പ്രവാസജീവിതം പ്രമേയമാവുന്ന കവിതകൾ ഈ സമാഹാരത്തിൽ എണ്ണത്തിൽ കുറവാണ്. റഫീക്ക് സ്ഥലപരമായ ഒരു വേർപെടൽ അനുഭവിക്കുന്നില്ല എന്നു തോന്നും. ‘ഓർമകളിലും ചുറ്റുപാടുകളിലും നിറയുന്നുവെങ്കിലും നാട് ഈ കവിതകളിൽ നൊസ്റ്റാൾജിയ അല്ല' എന്ന് റഫീക്കിന്റെ കവിതകളെപ്പറ്റിയുള്ള കുറിപ്പിൽ മനോജ് കുറൂർ നിരീക്ഷിക്കുന്നുണ്ട്. പ്രവാസിയുടെ ‘ഇടം മാറ്റപ്പെടൽ' അയാൾക്കില്ല. അയാളിൽത്തന്നെ നാടും വീടും ഉണ്ട്. അഥവാ എവിടെയായിരിക്കുമ്പോഴും അയാളിൽ നാടും വീടും ആണ് ഉള്ളത്. പ്രവാസനാട് അയാൾക്കു പുറത്താണ്. അയാൾ അവിടെ പാർക്കുകയല്ല, അതിലൂടെ കടന്നുപോവുക മാത്രം. അയാൾക്ക് എപ്പോൾ വേണമെങ്കിലും സങ്കൽപത്തിലോ യാഥാർത്ഥ്യത്തിലോ നാട്ടിലെത്താനും ആകും. ഒരുപക്ഷെ മാറിവരുന്ന പൊതുവായ ഒരു പ്രവാസഅനുഭവത്തിന്റെ സ്വഭാവം കൂടിയാവാം ഇത്.

റഫീക്ക് സനദ് നേടി മതപുരോഹിതനായിരുന്നുവെങ്കിൽ കവിത കൂടടച്ച് അകത്തിരുന്നേനെ, അല്ലെങ്കിൽ നല്ല കവിതകളെഴുതുന്ന ഒരു ‘ഖത്തീബോ' ‘മുസ്ല്യാരോ' ഉണ്ടായേനെ എന്നൊരു സാധ്യത അജയ് പി. മങ്ങാട്ട് പറയുന്നുണ്ട്.

അഹംകോരി

പ്രപഞ്ചവും മനുഷ്യരുമൊത്ത് പുലരുന്നതാണ് റഫീക്കിന്റെ കവിതകളിലെ ആത്മീയത. പുറം എന്നപോലെ അകവും അകക്കണ്ണും അകക്കാഴ്ച്ചയും ഉള്ളത്. തത്വചിന്തയെന്ന് പറയാവുന്ന തരം വിചാരങ്ങളുടെ മുളപൊട്ടി ഇലവിരിക്കുന്ന വിത്തുകളും ധാരാളം. ഇത് പുതുകാല മലയാളകവിതയുടെ, തിരക്കവിതയുടെയും പൊതുസ്വഭാവത്തിൽ നിന്ന് ഭിന്നമാണ്.

‘എന്നെ തൂത്തുകളയാൻ ആത്മാവിൽ കാട്ടം കോരി മതിയാവില്ല അതിനു വേണം ഒരഹംകോരി’
(കവിത: ‘അഹംകോരി')

എന്നത് പുതുഭാവുകത്വത്തോട്, അതിന്റെ മൂർച്ചകളോട്, തീർച്ചകളോട്, അവനവനോടും ലോകത്തോടുമുള്ള ഭാരം കുറഞ്ഞ സമീപനത്തോട്, ലേശം പോലും ചേർന്നുനിൽക്കാത്തതരം ഒരു ചിന്തയാണ്. അത് ഇളതല്ല, ഇളയതുമല്ല. തുടർക്കണ്ണികളുടെ ദീർഘകാലത്തെ ജ്ഞാനം അതിലുണ്ട്. അതുകൊണ്ടുതന്നെ റഫീക്കിന്റെ ആദ്യകാലജീവിതം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ എങ്ങനെയായിരുന്നുവെന്നറിയാൻ താത്പര്യം തോന്നി, ചോദിച്ചറിഞ്ഞു. ചെറിയ പ്രായത്തിൽ, അഞ്ചാം തരം കഴിഞ്ഞപ്പോൾ മുതൽ, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ ഉള്ള ദാറുൽഹുദ ഇസ്​ലാമിക് അക്കാദമിയിലാണ് റഫീക്കിന്റെ തുടർപഠനം നടന്നത്. അതായത് പതിനൊന്നു വയസ്സുമുതൽ പന്ത്രണ്ട് വർഷം അവിടെയായിരുന്നു പഠനം. പ്രധാനമായും മതവിദ്യ, ഒപ്പം അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകൾ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം ഒക്കെയാണ് അവിടുത്തെ പാഠ്യപദ്ധതി. ഹുദവി എന്നറിയപ്പെടുന്ന മതപണ്ഡിതരെ വാർത്തെടുക്കാനുള്ള പഠനസംവിധാനമാണത്. അവിടെ പഠനം പൂർത്തിയാക്കിയെങ്കിലും, റഫീക്കിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ‘എന്റെ ദുർന്നടപ്പ് കാരണം ആ ബിരുദം അവർ നൽകിയില്ല.' അതെന്തായാലും ഈ പന്ത്രണ്ട് വർഷം അവിടെ നിന്നു പഠിച്ചത് ഖുർആൻ, ഹദീസ്, അവയുടെ വ്യാഖ്യാനം, കർമശാസ്ത്രം, സൂഫിസം ഉൾപ്പെടെയുള്ള മതതത്വചിന്തകൾ ഒക്കെയാണ്. സുന്നി മുസ്​ലിംകളുടെ ഭാഗത്തുനിന്നുള്ള വിചാരമൂല്യമുള്ള പ്രസിദ്ധീകരണം എന്ന് വിശേഷിപ്പിക്കപ്പെട്ട ‘തെളിച്ചം' എന്നൊരു മാസികയുടെ പിന്നിലും അക്കാലത്ത് പ്രവർത്തിച്ചിരുന്നു. വളർച്ചയുടെ ഈ കാലയളവിൽ അയാൾ വളരെ വായിച്ചു, കവിത എഴുതിത്തുടങ്ങി. ബ്ലോഗുകളുടെ ആരംഭകാലത്ത് ഉമ്പാച്ചി എന്ന പേരിൽ ബ്ലോഗെഴുത്തിലൂടെയാണ് റഫീക്ക് ശ്രദ്ധിക്കപ്പെടുന്നത്.

റഫീക്ക് സനദ് നേടി മതപുരോഹിതനായിരുന്നുവെങ്കിൽ കവിത കൂടടച്ച് അകത്തിരുന്നേനെ, അല്ലെങ്കിൽ നല്ല കവിതകളെഴുതുന്ന ഒരു ‘ഖത്തീബോ' ‘മുസ്ല്യാരോ' ഉണ്ടായേനെ എന്നൊരു സാധ്യത അജയ് പി. മങ്ങാട്ട് പറയുന്നുണ്ട്. പക്ഷെ റഫീക്ക് ആ വഴി വിട്ടു നടന്ന് കവിതയുടെ ആന്തരികലോകത്തിലെ, ഉൾവഴികളിലെ സഞ്ചാരിയാവുകയാണുണ്ടായത്. ഉറച്ച ഔപചാരിക മതവിദ്യാഭ്യാസവും സാഹിത്യത്തിലും തത്വചിന്തയിലും ഉള്ള പരന്ന വായനയും ശിക്ഷണവും കൊണ്ട് ഉരുത്തിരിയുന്ന ലോകവീക്ഷണം മാത്രമല്ല, റഫീക്കിന്റെ ആത്മീയതയുടെ ഉറവിടം എന്നെനിക്കു തോന്നുന്നു. അതെല്ലാമൊരു മൂശ മാത്രമായിരിക്കണം. ജഗദ്‌പ്രേമമാണ് അതിന്റെ ജീവൻ. മനുഷ്യാധീനവും മനുഷ്യാതീതവുമായ ലോകങ്ങൾക്കിടയിലാണ് അതിന്റെ വാസം, അത് രണ്ടുലോകങ്ങൾക്കുമിടയിൽ ഒരു പറവയെപ്പോലെ നിർത്താതെ പോയ്​വരുന്നു... ‘ഇരുട്ടിനേ വെളിപ്പെടുത്താനാകൂ / പ്രകാശദൂരങ്ങളും വെളിച്ചത്തിന്റെ ജീവനും' എന്നാണതിന്റെ തിരിച്ചറിവ്. അത് പ്രപഞ്ചപ്രതിഭാസങ്ങൾ പോലെ നിരന്തരം ആവർത്തിക്കപ്പെടുന്നതും അർത്ഥം ചോരാത്തതുമായ ഒന്നാണ്. ‘ഉൾക്കിണർ' എന്ന കവിത ഈ ആത്മീയതയെ വെള്ളം പോലെ വ്യക്തമാക്കുന്നു: ‘മനസ്സിന്ററ്റത്തെ കൈവരികെട്ടാത്ത കിണറ്റിലേക്ക് കെട്ടിത്തൂക്കിയ തൊട്ടിയാണ് ആത്മീയത' എന്ന്.

‘അനേകം മലക്കം മറിച്ചിലുകൾ കഴിഞ്ഞ് ജലനിരപ്പിൽ മുഖം പൂഴ്​ത്തി ജലസമാധി തണുപ്പുമായി മടങ്ങിവരവ് ഒഴിഞ്ഞ ഉള്ളുമായി തിരിച്ചിറക്കം വീണ്ടും വീണ്ടും ഒരേ വെള്ളംകോരലുകളുടെ പുനരാഖ്യാനം'.

‘ആകാശം പോലുള്ള ഒരു വിജനതയിൽ നമുക്ക് രാപ്പാർക്കണം ജനതയുടെ നോട്ടപ്പിശകുകളിലൊന്നും പെടാതെ എല്ലാ ഉടുപ്പുകളും ഊരിക്കളഞ്ഞ് പിറന്നപടിയുള്ള നിഷ്‌ക്കളങ്കതയിൽ രാത്രി അപ്പോൾ നമ്മുടെ ഉടുപ്പായിത്തീരും നിലാവ് വന്ന് നമ്മെ വെളിച്ചത്തിന്റെ വസ്ത്രം ധരിപ്പിക്കും ദൈവം അവന്റെ വചനം കൊണ്ട് തുന്നിയ പുടവ’
(കവിത: ‘പകൽ കിനാവ്').

ദൈവം വചനം കൊണ്ട് തുന്നിയ ഉടുപ്പണിഞ്ഞ ഈ പ്രണയമാണ് റഫീക്കിന്റെ ദൈവവും മതവും വിശ്വാസവും. ജീവിതം വിശ്വാസികൾക്കിടയിൽ എത്തിയ പരദേശിയെപ്പോലെയത്രെ.

‘ജീവിതമേ നീ ഞങ്ങളിലേക്ക് വരുന്ന വഴികൾ അതിശയം തന്നെ നിന്റെ ഹസ്തദാനം, ആലിംഗനം നീ കൈവിടുന്നതും കെട്ടിപ്പിടിക്കുന്നതും നിനക്കുമാത്രം വഴക്കമുള്ള ശീലങ്ങളിൽ ഞങ്ങളൊന്നടങ്കം നിന്നെക്കുറിച്ച് അടക്കം പറയുന്നു'
(കവിത: ‘അടക്കം').

ദൈവം വചനം കൊണ്ട് തുന്നിയ ഉടുപ്പണിഞ്ഞ ഈ പ്രണയമാണ് റഫീക്കിന്റെ ദൈവവും മതവും വിശ്വാസവും.

ഹിംസയുടെ രാഷ്ട്രീയം സ്പർശിക്കുന്നതാണ് ‘മരണചക്രം' എന്ന കവിത. ‘തീരുമാനം' എന്ന കവിതയും ഒരുതരത്തിൽ ഇതേ ഹിംസയെയാണ് അഭിമുഖീകരിക്കുന്നത്. അവനെ കൊല്ല് എന്ന അലർച്ചയ്ക്കിടയിൽ ആരെക്കൊല്ലണം എന്നറിയാതിരിക്കുമ്പോൾ അരുത് എന്നൊരു അപേക്ഷ എഴുന്നേറ്റ് നിൽക്കുന്നു. ആരെക്കൊല്ലണം എന്ന കാര്യത്തിൽ തീരുമാനമാകുന്നു. നാഗരിക മനുഷ്യന്റെ ഹിംസാവാസനയെപ്പറ്റിത്തന്നെയുള്ള ഒരു സൂക്ഷ്മവിചാരമാണ് ‘മ്യാവൂ വാദി' എന്ന കവിത. നരിയെന്ന് പറഞ്ഞ് കുഞ്ഞുങ്ങളെ വിശ്വസിപ്പിച്ച് വീട്ടിൽക്കൊണ്ടുവന്ന് വളർത്തിയ പൂച്ചയെ കൊന്ന് ചാക്കിൽക്കെട്ടി ഒഴുക്കുചാലിൽ തള്ളിയ ആൾ, അയാളുടെ കാലിൽ ഉരുമ്മി ഉള്ളിലേക്കരിച്ചു കയറുന്ന ഭയം. ഈ ഹിംസയുടെ മറുപുറമാണ് അയാളുടെ മമത. ഒരു വള്ളിച്ചെടിയെ ഇഷ്ടമായി. പിന്നെ അതേച്ചൊല്ലി നൂറ് വിചാരങ്ങളായി.

‘ഒരു വള്ളിച്ചെടി മാത്രമാണേലും ഇഷ്ടമായാൽ പിന്നെ എന്തുമാത്രം ആധികളാണ് ഉദ്യാനപാലകനൊന്നുമല്ലാതിരുന്നിട്ടും ഈയെനിക്കു തന്നെ'
(കവിത: ‘കള്ളിച്ചെടി').

‘പുഴയിൽ കുളിച്ചിട്ട് മീനുകൾക്ക് മടുത്തില്ല മീനിനെ കുളിപ്പിച്ച് പുഴകൾക്കും മടുത്തില്ല ചുവപ്പുകലർന്ന മഞ്ഞയിൽ ഒരുരുള സൂര്യൻ ഒരു വറ്റ് വേവു നോക്കീട്ട് നിനക്കു വായിൽ വച്ചുതരാൻ തോന്നുന്നു'
(കവിത: ‘ഊന്നുവരി').

‘മരിച്ചു ചെന്നാൽ താൻ ദൈവത്തെ കൂട്ടുവിളിച്ചു ചെന്ന് പുഴയിലിറങ്ങി ഊളിയിട്ടുതിരിച്ചുപോരും, കുളികഴിയുന്നതും കാത്ത് ദൈവം കരയ്ക്കിരിക്കുന്നതു കാണാൻ എന്തു രസമായിരിക്കും' (കവിത: ‘കുളി').
ഇങ്ങനെ ലോകത്തിന്റെ സത്തയെ, ദൈവത്തെ രുചിക്കാനുള്ള രചനയാണ് റഫീക്കിന്റെ കവിതയിലെ ആത്മീയത. അത് ചെറിയ നോവുകളെ അപ്രസക്തമാക്കുന്നു, വലിയ നോവുകളിലേക്ക് പ്രാർത്ഥന ചേർക്കുന്നു.

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ

ഇതേ പേരുള്ള കവിതയിൽ റഫീക്ക് ഇതിനുള്ള ഉത്തരം പറയുന്നുണ്ട്:

‘എഴുതപ്പെട്ട വാക്കുകളെ കൈപ്പട എന്നു വെറുതേ വിളിക്കുന്നതല്ല നമുക്കുവേണ്ടി കൊല്ലാനും ചാവാനും പുറപ്പെട്ട ഭടരും ചിലനേരത്ത് ഒളിപ്പോരുകാരുമവർ, പടവെട്ടുന്നുണ്ട് ഓരോ വാക്കും കവിതയിൽ.’

ഇങ്ങനെ ഓരോ വാക്കിനും റഫീക്കിന്റെ കവിതയിൽ പടവെട്ടേണ്ടിവരുന്നതിന് ചരിത്രപരമായ കാരണമുണ്ട്. അത് അയാളുടെ ഭാഷയാണ്. മാനവ മലയാള കാവ്യഭാഷയിൽ സുലഭമല്ലാത്ത ഒരു ഭാഷാലോകം റഫീക്കിന്റെ കവിതകളിലുണ്ട്. സമകാലമലയാളത്തിൽ അറബി വാക്കുകളും, ദർസ് മലയാളവും ചേരുന്ന ഒരു മാപ്പിളപ്പുതുമലയാളമാണ് അത്. ഇസ്​ലാം മതമോ അതിന്റെ ചര്യകളോ പരിചിതമല്ലാത്തവർക്ക് പല വാക്കുകളുടേയും അർത്ഥം മനസ്സിലാക്കാൻ എളുപ്പമല്ല. ഇശാ നിസ്‌ക്കാരം, ഒളു, സുജൂദ്, വക്ത്, മുസല്ല, ദസ്വിയ മുത്തുകൾ എന്നിങ്ങനെ അനേകം വാക്കുകൾ.

ആദിശങ്കരനും ഒരു നൂറ്റാണ്ട് മുൻപെങ്കിലും ഇവിടെ ഉണ്ടായിരുന്ന ഒരു മതജീവിതത്തിന്റെ, ഇപ്പോൾ ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ഒരു വിഭാഗത്തിന്റെ ജീവിതഭാഷ ആ നാടിന്റെ കവിതയിൽ ഇഴുകിച്ചേരാതെ പുറത്തുനിൽക്കുകയാണ് ഇന്നും!

സാമാന്യഭാഷയിൽ അതായത്, ‘മുഖ്യധാരാ'ഭാഷയിൽ, സാഹിത്യത്തിൽ, പ്രചാരമില്ലാത്ത വാക്കുകൾ കവിതയിൽ അധികമായി വരുന്നത് സമീപകാലത്താണ്. അവ കാവ്യഭാഷയിൽ പ്രത്യക്ഷമാകുമ്പോൾ നിർവഹിക്കപ്പെടുന്നത് രാഷ്ട്രീയധർമമാണ്, സാമൂഹ്യനീതിയും കലയുടെ നീതിയുമാണ്. അതുകൊണ്ടുതന്നെ അവയുടെ ഉപയോഗം സ്വാഭാവികമായിരിക്കുക എന്നതിനേക്കാൾ സത്യമായിരിക്കുക എന്നതാണ് പ്രധാനം. ആവർത്തിച്ചുള്ള ഉപയോഗം കൊണ്ട് അവയെ പൊതുവായനയിലേക്ക് സ്വാഭാവികമാക്കിത്തീർക്കുകയാണ് വേണ്ടത്. വാക്കുകളുടെയും പ്രയോഗങ്ങളുടെയും ബോധപൂർവമായ ഉപയോഗം അതിന് ആവശ്യമാണ്. പ്രാദേശികമായവയോ, സമുദായപരമായവയോ, ദലിത്, ആദിവാസി വിഭാഗങ്ങളുടെയോ, കടപ്പുറത്തിന്റെയോ, ഇസ്​ലാം, ക്രിസ്ത്യൻ മതചര്യകളുമായി ബന്ധപ്പെട്ടവയോ, തമിഴ്, കൊങ്കണി തുടങ്ങി കേരളത്തിൽ തലമുറകളായി പാർക്കുന്ന പരദേശ ഭാഷകളുമായി കലർന്നതോ ഒക്കെയായ വാക്കുകൾ, പ്രയോഗങ്ങൾ ഒക്കെ ഇതിൽപ്പെടും. നവസാങ്കേതികവിദ്യയുമായി, ഉപകരണങ്ങളും സംവിധാനങ്ങളുമായി, മാധ്യമലോകവുമായി, ഒക്കെ ബന്ധപ്പെട്ട് കവിതയിൽ അവതരിപ്പിക്കപ്പെടുന്ന പുതുവാക്കുകളുടെ ധർമത്തിൽ നിന്ന് വ്യത്യസ്തമാണ് ഇത്. അവ ജീവിതത്തിൽ പ്രത്യക്ഷമാകുന്നതിനനുസരിച്ച് കലയിലും പ്രത്യക്ഷപ്പെടും. ആ പ്രത്യക്ഷപ്പെടൽ കലയിലെ / കവിതയിലെ കാലത്തിന്റെ രേഖപ്പെടുത്തൽ എന്ന ധർമമാണ് നിർവഹിക്കുക. അത് സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. അത് നീതിയുടെ വിഷയമല്ല. കവിതയിൽ അത്തരം വാക്കുകളുടെ ബോധപൂർവമായ ചേർക്കൽ അതുകൊണ്ടുതന്നെ ഇണങ്ങുകയുമില്ല.

റഫീക്കിന്റെ കവിതയിൽ ധാരാളമായി ‘സ്വാഭാവികമായും' ‘സത്യമായും' ഇസ്​ലാം സംസ്‌കാരത്തിൽ നിന്ന്, നിത്യജീവിതത്തിൽ നിന്ന് ഉള്ള വാക്കുകൾ വരുന്നു. ആദിശങ്കരനും ഒരു നൂറ്റാണ്ട് മുൻപെങ്കിലും ഇവിടെ ഉണ്ടായിരുന്ന ഒരു മതജീവിതത്തിന്റെ, ഇപ്പോൾ ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ഒരു വിഭാഗത്തിന്റെ ജീവിതഭാഷ ആ നാടിന്റെ കവിതയിൽ ഇഴുകിച്ചേരാതെ പുറത്തുനിൽക്കുകയാണ് ഇന്നും! അതുകൊണ്ടാവണം ആ ജീവിതഭാഷയിൽനിന്നു വരുന്ന ഓരോ വാക്കിനും റഫീക്കിന്റെ കവിതയിൽ പടവെട്ടേണ്ടി വരുന്നത്. വാക്കുകളുടെ ആ പടവെട്ട് സ്വസമുദായത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ജീവിതത്തിന് മലയാളകവിതയിൽ സാധുത തേടാൻ വേണ്ടി മാത്രമല്ല, സമുദായത്തിനുള്ളിലുള്ള യാഥാസ്ഥിതികത്വത്തോടും ശഠതകളോടും ഉള്ള ചെറുക്കലും കൂടി അതിലുണ്ട്. വാക്കുകളുടെ ആ പടവെട്ടാണ്, റഫീക്കിന്റെ കവിതയെ മലയാളകവിതയിൽ അടയാളപ്പെടുത്തുന്ന ഒരു പ്രധാനഘടകം എന്ന് ഞാൻ കരുതുന്നു. കവിതയുടെ ഭാഷ പടവെട്ടുന്ന വാക്കുകളാൽ സമ്പന്നമായിരിക്കുമ്പോഴും കാവ്യഭാഷയിൽ (ശിൽപപരമായും ശൈലീപരമായും) മലയാളകവിതയുടെ ശീലങ്ങളോട് വലിയ ഇടർച്ചകൾ കാണുന്നില്ല. പുതുവഴി വെട്ടി നടപ്പല്ല, മറിച്ച് പഴയ വഴിയിൽ മാറ്റിച്ചവിട്ടുന്ന ചുവടുകളാണ് ഇവ എന്ന് പറയാം.

അസാധാരാണമായതൊന്നും റഫീക്ക് എഴുതുന്നില്ല എന്നതും പ്രധാനം. മമതകളും മതിപ്പുകളും അല്ലാതെ മദിപ്പുകളും തിമിർപ്പുകളും അയാൾക്കില്ല. സാധാരണ ജീവിതം മാത്രം. കാഴ്ചക്കോണാണ് സാധാരണമല്ലാത്തത്. എല്ലാവരും തെരുവിൽ നിന്നു കാണുന്ന ഒരു കെട്ടിടത്തെ ഒരാൾ ഒരു തെങ്ങിൻമണ്ടയിൽ നിന്ന് നോക്കിയാലോ അല്ലെങ്കിൽ നിലത്തു കിടന്നുകൊണ്ട് നോക്കിയാലോ എന്ന പോലെ. കവിത അസംബന്ധമായ ഒരു കഠിനപരിശ്രമമാണെന്നും കൺകെട്ടുവിദ്യയാകാമെന്നും റഫീക്ക് പറയുന്നുണ്ട്. (കവിത: ‘അസംബന്ധം')

ഒരാൾ ഒറ്റയ്ക്ക് ഒരു തലമുറയാകുന്ന കാലം! അഥവാ പല തലമുറകൾ ഒരാളിൽ സന്നിവേശിക്കുന്ന കാലം. പലകാലങ്ങൾ ഒരു ഇടത്തിൽ പ്രവർത്തിക്കുന്ന കാലം. സമകാലികമാകാനുള്ള ശ്രമങ്ങളേയില്ല ഈ കവിതകളിൽ.

കവിതയുടെ ഭാവുകത്വപരിണാമങ്ങളെ സൂചിപ്പിക്കാൻ പുതിയ തലമുറ എന്ന് പൊതുവായി പറയുകയാണ് പതിവ്. പക്ഷെ ശ്രദ്ധിച്ചാൽ അറിയാം, ഒരൊറ്റ ‘പുതിയ തലമുറ' എന്നൊന്നില്ല എന്ന്. പ്രദേശം, മതം, ജാതി, ധനസ്ഥിതി, വിദ്യാഭ്യാസം, തൊഴിൽ, ലിംഗപദവി എന്നിങ്ങനെ നിർണയിക്കപ്പെടുന്ന നിരവധി അടരുകളിൽ പുലരുന്ന പല തലമുറകളുണ്ട്, ഒരേസമയം. ചിലപ്പോൾ തമ്മിൽ ബന്ധമേയില്ലാത്ത പല തലമുറകൾ ഒരേ നാട്ടിൽ ഒരേ കാലത്ത് സംഭവിക്കുന്നുണ്ട്. ദലിത്, ആദിവാസി, കടലോര, മലയോര ഒച്ചകൾ, മാനക മലയാളം പഠിക്കുകയോ ശീലിക്കുകയോ ചെയ്യാത്തവരുടെ പലതരം ഒച്ചകൾ മധ്യവർഗ നാഗരിക ‘മുഖ്യധാര'യ്ക്കുമേൽ വേറിട്ട് കേട്ടുതുടങ്ങുന്ന കാലമാണിത്. ഒരാൾ ഒറ്റയ്ക്ക് ഒരു തലമുറയാകുന്ന കാലം! അഥവാ പല തലമുറകൾ ഒരാളിൽ സന്നിവേശിക്കുന്ന കാലം. പലകാലങ്ങൾ ഒരു ഇടത്തിൽ പ്രവർത്തിക്കുന്ന കാലം. സമകാലികമാകാനുള്ള ശ്രമങ്ങളേയില്ല ഈ കവിതകളിൽ. കാലം, നീരോടും പോലെ ഓടുന്ന ഒരിടം. ഭൂപടത്തിൽ ഒരേസമയം സ്ഥലവും കാലവും നിജപ്പെടുത്തി അടയാളപ്പെടുത്തിവയ്ക്കാൻ പറ്റാത്ത വിധം ഇളകുന്ന ഇടം. മനുഷ്യരും മൃഗങ്ങളും പച്ചയും ഉള്ള ഒരിടം. പ്രേമം അതിന്റെ മതം, കവി അന്ധനായ പ്രണയവിശ്വാസി. കാലബന്ധിയല്ലാത്ത ഉള്ള്, നാട്യങ്ങളില്ലാത്ത നടത്തം...

ആത്മാവിന്റെ വിളി പിന്തുടരുക, നിലനിൽക്കുന്ന അധികാരത്തെ കബളിപ്പിച്ച് അതിനോടുള്ള കലഹത്തിന്റെ വിത്തുകൾ ഒളിപ്പിച്ച് കടത്തുക, ഭാഷ എന്ന ഓർമയുടെ തുടർച്ചയോട് സ്വന്തം ഒച്ചയെ, സ്വസമുദായത്തിന്റെ ഒച്ചയെ ചേർക്കുക ഇതൊക്കെയാണ് കവിതയുടെ ചോദന എങ്കിൽ റഫീക്കിന്റെ കവിത ചെയ്യാൻ ശ്രമിക്കുന്നത് അതാണ്. അതു തന്നെയാണ് അതിന്റെ സാധുത. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അനിത തമ്പി

കവി, വിവർത്തക. ആദ്യ കവിതാസമാഹാരം മുറ്റമടിക്കുമ്പോൾ. അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നിവ മറ്റു സമാഹാരങ്ങൾ​. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്വീഡിഷ് ഭാഷകളിലേക്ക്​ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Comments