അനിത തമ്പി

നഗരത്തെ നാലുമൂലയ്ക്കും പിടിച്ച് ചുരുട്ടിക്കൂട്ടി
വായിലിട്ട് വിഴുങ്ങുന്ന മാർതി സാലെസ്

ഈ കവിത പരിഭാഷപ്പെടുത്തുമ്പോൾ കൊച്ചിയോ തിരുവനന്തപുരമോ തെരുവുമൂലകളിൽ പിടിച്ച് വിഴുങ്ങുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചുപോയി, ഉള്ളിലെത്തിയ നഗരം മൂരി നിവർന്ന് ഉടൽ തകർത്ത് വിശ്വരൂപപാർജ്ജിക്കുന്നതിനെപ്പറ്റി...

മാർതി സാലെസ് (Marti Sales) എന്ന കവിയെ 2018-ൽ കൊച്ചിയിൽ ഒരു പരിഭാഷാശില്പശാലയിൽ വച്ചാണ് ഞാൻ കണ്ടത്.

ചുരുചുരുണ്ട മുടിയും കട്ടിക്കൂട്ടുപുരികവും പൊട്ടിച്ചിരിയുമായി പൂച്ചയെപ്പോലെ അനായാസം പാഞ്ഞുനടക്കുന്നവൻ. കാറ്റലൻ ഭാഷയിൽ എഴുതുന്ന ചെറുപ്പക്കാരൻ. വടക്കുകിഴക്കൻ സ്‌പെയിനിന്റെ സ്വയംഭരണാധികാരമുള്ള പ്രവിശ്യയാണ് കാറ്റലോണിയ. അവിടുത്തെ ഭാഷ കാറ്റലൻ. തലസ്ഥാനം ബാർസിലോണ. കാറ്റലന് ഭാഷാപരവും രാഷ്ട്രീയവുമായ നീണ്ട ചരിത്രമുണ്ട്. സ്പാനിഷിന്റെ വകഭേദമല്ല കാറ്റലൻ, സ്പാനിഷിനേക്കാൾ ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളോടാണ് കാറ്റലന് ചാർച്ച. സ്‌പെയിനിൽ നിന്ന് വേറിട്ട് സ്വതന്ത്രരാഷ്ട്രമാകാനുള്ള നൂറ്റാണ്ടിലേറെ നീണ്ട കാറ്റലോണിയൻ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ സംഘർഷങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായ ജനത.

മാർതിയുടെ കവിതകൾക്കുള്ളത് ഭ്രമാത്മകമായ അന്തരീക്ഷം, രാത്രിനഗരത്തിന്റെ നിറവും സ്വരവും, ദ്രുതനടത്തയുടെ, ചെറുനൃത്തത്തിന്റെ താളം. മാർതിയുടെ മറ്റു കവിതകളിൽ നിന്ന് രൂപപരമായി ലേശം വ്യത്യസ്തമായ ഒരു കവിതയാണ് ‘ആവാസസ്ഥലം സ്വാംശീകരിക്കുന്നതിനെപ്പറ്റി'. സ്വന്തം പാർപ്പിടം അകത്താക്കുന്ന കാര്യമാണ്. ബാർസിലോണ നഗരത്തിൽക്കൂടി നടന്നുപോകുമ്പോൾ നഗരത്തെ നാലുമൂലയ്ക്കും പിടിച്ച് ചുരുട്ടിക്കൂട്ടി വായിലിട്ട് വിഴുങ്ങുന്നതിനെപ്പറ്റിയുള്ള വിചാരം.

മാർതി സാലെസ് 1979 ൽ ബാർസിലോണയിൽ ജനിച്ചു. റോമിലും ക്യൂബയിലും ന്യൂയോർക്കിലും കുറേക്കാലം ജീവിച്ചശേഷം ബാർസിലോണയിൽ തിരിച്ചെത്തി കവിയും എഴുത്തുകാരനും പരിഭാഷകനുമായി തുടരുന്നു. ഒന്നാന്തരമായി പാടും, പത്തുവർഷം ഒരു പങ്ക് റോക്ക് ബാൻറിന്റെ ഭാഗവുമായിരുന്നു. താൻ ഒരു അധോലോകസംഘത്തിലും കുറേക്കാലം ഉണ്ടായിരുന്നുവെന്ന് മാർതി ഞങ്ങളോടു പറഞ്ഞു. കെൽപ്പില്ലാത്തവരെ ആരെങ്കിലും ഉപദ്രവിച്ചാൽ അതുതടയാനും അവർക്കുവേണ്ടി പകരം ചോദിക്കാനും ചെല്ലുന്നതരം ഒരു സംഘം!

മാർതി സാലെസ്

മാർതിയുടെ കവിതകൾക്കുള്ളത് ഭ്രമാത്മകമായ അന്തരീക്ഷം, രാത്രിനഗരത്തിന്റെ നിറവും സ്വരവും, ദ്രുതനടത്തയുടെ, ചെറുനൃത്തത്തിന്റെ താളം. മാർതിയുടെ മറ്റു കവിതകളിൽ നിന്ന് രൂപപരമായി ലേശം വ്യത്യസ്തമായ ഒരു കവിതയാണ് ‘ആവാസസ്ഥലം സ്വാംശീകരിക്കുന്നതിനെപ്പറ്റി'. സ്വന്തം പാർപ്പിടം അകത്താക്കുന്ന കാര്യമാണ്. ബാർസിലോണ നഗരത്തിൽക്കൂടി നടന്നുപോകുമ്പോൾ നഗരത്തെ നാലുമൂലയ്ക്കും പിടിച്ച് ചുരുട്ടിക്കൂട്ടി വായിലിട്ട് വിഴുങ്ങുന്നതിനെപ്പറ്റിയുള്ള വിചാരം. ഒരുപക്ഷെ ഒരു വ്യക്തിക്ക് തന്റെ ചുറ്റുപാടിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ അട്ടിമറി. മാർതിയെ കാണുന്നതിന് രണ്ടുകൊല്ലം മുൻപ് 2016 ഏപ്രിൽ മാസത്തിൽ നാലു ദിവസങ്ങൾ ബാർസിലോണ നഗരത്തിന്റെ മുക്കും മൂലയും നടവഴിയിടവഴികളും ഞാൻ ഒറ്റയ്ക്ക് നടന്നുകണ്ടിട്ടുണ്ട്. കഠിനമായി വിശന്നപ്പോഴും വിഴുങ്ങാനല്ല നഗരത്തെ നാലുമൂലയ്ക്കും പിടിച്ചുകൂട്ടിപ്പറക്കാനാണ് എനിക്കന്ന് തോന്നിയത്. സ്വന്തം നഗരത്തെ വിഴുങ്ങാനും അന്യനഗരങ്ങളെ പറത്താനുമായിരിക്കും മനുഷ്യർക്ക് തോന്നുക.

ഈ കവിത പരിഭാഷപ്പെടുത്തുമ്പോൾ കൊച്ചിയോ തിരുവനന്തപുരമോ തെരുവുമൂലകളിൽ പിടിച്ച് വിഴുങ്ങുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചുപോയി, ഉള്ളിലെത്തിയ നഗരം മൂരി നിവർന്ന് ഉടൽ തകർത്ത് വിശ്വരൂപപാർജ്ജിക്കുന്നതിനെപ്പറ്റി, സൂക്ഷിച്ചുനോക്കിയൽ നഗരത്തിന്റെ എടുപ്പുകളിൽ കാണാവുന്ന വലിഞ്ഞ് പറ്റിയിരിക്കുന്ന എന്റെ തൊലിയെപ്പറ്റിയും സ്‌നായുക്കളെപ്പറ്റിയും.

ആവാസസ്ഥലം സ്വാംശീകരിക്കുന്നതിനെപ്പറ്റി

ഒരു രഹസ്യോദ്ദേശ്യത്തോടെ ബാഴ്സലോണയിലൂടെ ഞാൻ നടക്കുകയായിരുന്നു, അന്നേരം ഒരു ഭയങ്കര വിശപ്പ് എന്നെ പിടികൂടി. അതിങ്ങനെയായിരുന്നു: നടത്തത്തിനിടയിൽ ഓരോ തെരുവായി തുടങ്ങുന്നിടത്ത് -തുഞ്ചത്ത്- പിടിച്ചെടുക്കും-എന്നിട്ടതിനെ ചുരുട്ടും- എത്ര പ്രയാസമുള്ള പണി! - പ്രഭുക്കളുടെ നഗരത്തിന്റ (Ciutat Comtal അതായത് പ്രഭുക്കളുടെ നഗരം എന്ന് ബാഴ്സലോണയെ അതിന്റെ പഴയ കാറ്റലോണിയൻ പ്രഭുവാഴ്ച സൂചിപ്പിച്ച് വിളിക്കാറുണ്ട്.), പിടിയിൽ നിൽക്കാത്ത നൂലാമാല ചുറ്റിയെടുക്കുക. ചത്വരങ്ങൾ മടക്കുമ്പോൾ, പലപ്പോഴും ഏറെ ദൂരത്തിലായിരിക്കുന്ന മൂലകൾ വരെ എത്തണമെങ്കിൽ നീണ്ട കമ്പുകൾ വേണ്ടിയിരുന്നു. ചിലപ്പോൾ എന്റെ പിടിയിൽ ഒതുങ്ങാത്തത്ര ഉയരമുള്ള ഒരു കെട്ടിടമോ മരമോ പകുതിയിൽ വച്ച് മുറിക്കേണ്ടി വന്നു. നന്നായി ചുറ്റിയെടുത്തുകഴിഞ്ഞ് ഒരൊറ്റക്കടിയ്ക്ക് ഞാനത് അകത്താക്കി. തിങ്ങിഞെരുങ്ങിയ നഗരം എന്റെ പല്ലുകളുടെ സഹായത്താൽ ആ ചുരുണ്ടിരിപ്പിൽ നിന്ന് വിടുതൽ നേടി ഒരു മഹാനഗരത്തിന് സഹജമായ ബലമാർജ്ജിച്ച് വിശ്വരൂപം പൂണ്ടു നിവർന്നു: എന്റെ മനുഷ്യപ്പടുതി അതിനെത്തടഞ്ഞുനിറുത്താൻ പോന്നതല്ലായിരുന്നു, എന്റെ തോളെല്ലുകളും എന്റെ കാൽമുട്ടുകളും എന്റെ മുലഞെട്ടുകളും എന്റെ കൺപീലികളും തുളച്ചുവരുന്ന ഗോപുരങ്ങൾക്ക്, അയൽക്കൂട്ടങ്ങൾക്ക്, ചോലമരപ്പാതകൾക്ക്, എന്റെ അകം പൊട്ടിത്തകർന്നു വഴികൊടുത്തു. അങ്ങനെ തന്റെ മർദ്ദകനിൽ നിന്ന് സ്വതന്ത്രമായ ബാഴ്സലോണ പഴയപടിയായി... എങ്കിലും ഒരുദിവസം നിങ്ങൾ ഏതെങ്കിലും ഒരു കല്ലോ മരമോ ട്രാഫിക് ലൈറ്റോ സൂക്ഷിച്ച് നോക്കിയാൽ, ശക്തിയുള്ള ഒരു ഭൂതക്കണ്ണാടി കൊണ്ട് ശ്രദ്ധിച്ച് പരിശോധിച്ചാൽ, കാണാൻ കഴിയും, എന്റെ തൊലി എത്രയോ, എത്രയെത്രയോ ലോലമായി അതിനെയെല്ലാം പൊതിഞ്ഞിരിക്കുന്നുവെന്ന്; അത്രയ്ക്ക് വലിഞ്ഞ്, സുതാര്യമായി.

I was consumed by a tremendous hunger, crossing Barcelona with a secret purpose. It went like this: on my stroll I would take each street by its beginning -by the tip- and I would roll it -a difficult task!- to wind the wild skein of Ciutat Comtal. To fold the squares, I needed long poles if I wanted to reach its corners, which were often far away. Sometimes I even had to cut a building or tree in half that was too tall to fit in the envelope. Once I had it well rolled, I wolfed it down in one single bite. With the help of my teeth the compressed city freed itself of its subjugated shape and unfolded with the characteristic strength of a metropolis of its dimensions: my human scaffolding wans't enough to restrain it and I shattered inside, making way for towers, neighborhoods, and boulevards that penetrated my shoulder blades, my knees, my nipples, and my eyelashes. And thus, Barcelona, freed from its oppressor, was the same as before... However, if one day you look closely at any stone, tree, or traffic light, exploring them carefully with a powerful microscope, you will be able to see how very, very thinly my skin covers it all; so taught and transparent. ▮


അനിത തമ്പി

കവി, വിവർത്തക. ആദ്യ കവിതാസമാഹാരം മുറ്റമടിക്കുമ്പോൾ. അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നിവ മറ്റു സമാഹാരങ്ങൾ​. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്വീഡിഷ് ഭാഷകളിലേക്ക്​ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Comments