ജി. ആർ. ഇന്ദുഗോപൻ

മരണഭീതിയുടെ ഛായാചിത്രങ്ങൾ

സമകാല മലയാള കഥയിൽ മരണഭീതിയെയും അതിൽനിന്നുരുവാകുന്ന നായകപദവിയെയും സൂക്ഷ്മമായി ഉപയോഗിച്ച ഒരു കഥാകൃത്ത് ജി. ആർ. ഇന്ദുഗോപനാണ്.

രണത്തെക്കുറിച്ചുള്ള മനുഷ്യന്റെ ആകാംക്ഷകൾക്കും സംശയങ്ങൾക്കും മനുഷ്യനോളം പഴക്കമുണ്ട്. പൗരാണികമായി തുടർന്നുപോരുന്ന വിശ്വാസങ്ങൾ മുതൽ ശാസ്ത്രയുക്തികളിലധിഷ്ഠിതമായ ബോധ്യങ്ങളിൽ വരെ എത്തിനിൽക്കുന്ന ദീർഘമായ ചർച്ചകൾ മരണവുമായി ബന്ധപ്പെട്ട് എക്കാലത്തും നടന്നിരുന്നു. ഒരു സജീവ വസ്തു അതിന്റെ എല്ലാ ജൈവിക പ്രവർത്തനങ്ങൾക്കും പൂർണവിരാമം നൽകുന്ന പ്രക്രിയയെയാണ് വൈദ്യശാസ്ത്രം മരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. എല്ലാ ജീവിവർഗങ്ങളിലും സാർവത്രികമായി കാണപ്പെടുന്ന അനിവാര്യതയാണത്. മനുഷ്യനെ സംബന്ധിച്ച് ഈ അനിവാര്യത ബൗദ്ധികവും വൈകാരികവുമായ ഒരു പ്രശ്‌നമായി തുടർന്നുപോരുന്നുണ്ട്.

മരണം എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളുമ്പോൾ തന്നെ മരണാനന്തരം എന്ന കൂട്ടിച്ചേർക്കൽ കൂടി മനുഷ്യന്റെ ചിന്തകളിൽ ഉൾച്ചേരുന്നു. ഇഹലോകത്തിനപ്പുറം പരലോകം എന്നൊരു സാധ്യത മനുഷ്യൻ സ്വപ്നം കാണുന്നു. ജീവിതം പോലെയോ അതിനേക്കാൾ മനോഹരമോ ആയ മറ്റൊന്ന് മരണാനന്തരം സംഭവിക്കുമെന്ന് പലരും വിശ്വസിക്കുകയും ചെയ്യുന്നു. യുക്തിവിചാരത്തിനപ്പുറം മതങ്ങളെയും വിശ്വാസങ്ങളെയുമാണ് മനുഷ്യൻ ഇതിനായി ആശ്രയിക്കുന്നത്. മരണം എന്ന അനിവാര്യതയെ നിഷേധിക്കാനുള്ള പ്രവണതയാണ് ഇത്തരം ചിന്തകൾക്കൊക്കെ അടിസ്ഥാനം. ഈ നിഷേധം രൂപപ്പെടുന്നതിനുപിന്നിൽ മിക്കപ്പോഴും പ്രവർത്തിക്കുന്നത് മനുഷ്യരുടെ മരണഭീതിയാണ്.

The Man Made Mad with Fear by Gustave Courbet. മരിച്ചുപോയവർ തങ്ങളുടെ സ്വെെര്യജീവിതത്തിലേക്ക് കടന്നുകയറുമെന്ന ഭീതി നെക്രോഫോബിയ അനുഭവിക്കുന്ന മനുഷ്യർക്കുണ്ട്

നെക്രോഫോബിയ (Necrophobia), തനറ്റോഫോബിയ (Thanatophobia) തുടങ്ങിയ സംജ്ഞകളാണ് മരണഭീതിയെ കുറിക്കാൻ പൊതുവെ ഉപയോഗിച്ചുവരുന്നത്. മരണവുമായി ബന്ധപ്പെട്ട എന്തിനോടുമുള്ള ഭയമാണ് നെക്രോഫോബിയ. മരണത്തോടുള്ള ഭയം കൂടാതെ മരിച്ചവരെക്കുറിച്ചുള്ള ഭയവുമാണ് നെക്രോഫോബിയ. മരിച്ചുപോയവർ തങ്ങളുടെ സ്വെെരജീവിതത്തിലേക്ക് കടന്നുകയറുമെന്ന ഭീതി നെക്രോഫോബിയ അനുഭവിക്കുന്ന മനുഷ്യർക്കുണ്ട്. അമേരിക്കൻ മനശാസ്ത്രഞ്ജയായ ഡോറിസ് ബെഴ്‌സിങ് (Doris Bersing) നടത്തിയ ഒരു സർവേയിൽ അമേരിക്കയിലെ 68 ശതമാനം ജനങ്ങളും നെക്രോഫോബിയ അനുഭവിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുമ്പോൾ മരണഭീതി മനുഷ്യരുടെ സാമാന്യമായ ഉത്കണ്ഠാരോഗമാണെന്ന് (Anxiety Disorder) പറയേണ്ടിവരും. നെക്രോഫോബിയയുടെ ഒരു വകഭേദം തന്നെയാണ് തനറ്റോഫോബിയയും. ഒരാൾക്ക് അയാളുടെ തന്നെ മരണത്തെക്കുറിച്ചുള്ള ഉത്കണ്ഠയാണത്. ബന്ധുക്കളോ സുഹൃത്തുക്കളോ മരിക്കുമ്പോഴും തനിക്ക് പ്രായം കൂടിവരികയാണല്ലോ എന്ന തോന്നലുണ്ടാവുമ്പോഴും ഒരാൾ സ്വന്തം മരണത്തെപ്പറ്റി ആലോചിക്കുന്നു. ഈ ആലോചന മനുഷ്യനെ സംബന്ധിച്ച് തീർത്തും സ്വാഭാവികമായ ഒന്നാണ്. സ്വാഭാവികതയിൽ ഇതൊരു രോഗമായി പരിഗണിക്കുകയും ചെയ്യാറില്ല. പക്ഷേ സ്വന്തം മരണത്തെക്കുറിച്ചുള്ള നിരന്തരമായ ആലോചന പല ഘട്ടങ്ങളിലും മനുഷ്യരുടെ സ്വച്ഛമായ മാനസികജീവിതത്തെ അപകടത്തിലാക്കാറുണ്ട്. അമരത്വത്തിനുള്ള അഭിവാഞ്ഛയും ഈ മരണഭീതിയും കൂടിച്ചേരുമ്പോൾ ചില പ്രതിരോധസംവിധാനങ്ങളും (Defence Mechanisms) അതിനൊപ്പം മനുഷ്യമനസ്സിൽ രൂപപ്പെടുന്നു. അമരത്വത്തിലേക്കുള്ള പൂരണം സാധ്യമാക്കുക എന്നതാണ് ഈ പ്രതിരോധസംവിധാനങ്ങളുടെ ഉദ്ദേശ്യം. അതിലൂടെ തനറ്റോഫോബിയ മറികടക്കാനുള്ള പ്രവണത മനുഷ്യർ പ്രകടിപ്പിക്കുന്നു. ചുരുക്കത്തിൽ, ജീവിതം ജീവിച്ചുതീർക്കുമ്പോഴൊക്കെയും മരണഭീതിയെ മറികടക്കാനുള്ള പ്രവൃത്തികൾ തന്നെയാണ് മനുഷ്യർ ചെയ്യുന്നത്. ആത്മാഭിമാനം (Self esteem) എന്ന മൂല്യമാണ് ഈ പ്രവൃത്തിയിൽ മനുഷ്യരുടെ ആശ്രയങ്ങളിലൊന്ന്. ധാർമികതയുടെ അളവുകോലുകളിലൊന്നായി ആത്മാഭിമാനം എന്ന വ്യവഹാരം നിലനിൽക്കുന്നതിനാൽ മരണഭീതി ചിന്തയിൽ മാത്രം പ്രവർത്തിക്കുന്ന സങ്കീർണവും സംഘർഷഭരിതവുമായ പ്രശ്‌നമായി എപ്പോഴും നിലനിൽക്കുന്നു.

അനശ്വരതയോടുള്ള അഭിനിവേശമാണ് മനുഷ്യരിലെ ‘നായകപദവി'യെ രൂപപ്പെടുത്തുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത്.

അമേരിക്കൻ മനഃശാസ്ത്രജ്ഞനായ റോബർട്ട് ലാങ്‌സ് (Robert Langs) സ്വത്വപരമായ മരണഭീതിയെപ്പറ്റി (Existential Death Anxiety) ഡത്ത് ആങ്‌സൈറ്റി ആന്റ് ക്ലിനിക്കൽ പ്രാക്ടീസ്‌ എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. മരണത്തെക്കുറിച്ചുള്ള ഏറ്റവും അപകടകരമായ ഭീതി എന്ന നിലയിലാണ് അദ്ദേഹം സ്വത്വപരമായ മരണഭീതിയെ കാണുന്നത്. ‘നിരാകരണം' (Denial) എന്ന സങ്കല്പനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശകലനം ചെയ്യുന്നത്. തീവ്രമായ മരണഭീതിയോട് നിഷേധാത്മകമായ സമീപനം കൈക്കൊള്ളുക എന്നതാണ് മനുഷ്യൻ ഇവിടെ ചെയ്യുന്നത്. മരണം എന്ന യാഥാർഥ്യത്തെ അമരത്വം (Immortality) എന്ന സങ്കല്പത്തിലൂടെ മറികടക്കുക എന്നതാണ് നിഷേധം കൊണ്ടുദ്ദേശിക്കുന്നത്. ശരീരം നശ്വരമാണെന്ന ബോധ്യത്തിൽ നിന്ന് അനശ്വരതയെക്കുറിച്ചുള്ള ആലോചനകളിലേക്ക് മനുഷ്യർ എത്തുന്നു. ഈ ബോധ്യം മനുഷ്യന് പലപ്പോഴും തിരിച്ചറിയാനാവാത്ത മാനസികാവ്യാപാരങ്ങളിലൂടെ അയാളെ കടത്തിവിടുന്നു. മരണത്തെ എങ്ങനെയൊക്കെ നിഷേധിക്കാം എന്ന ആലോചനയാണത്. മാനസികവും ശാരീരികവുമായ ചില പ്രവൃത്തികളിലൂടെയാണ് മനുഷ്യൻ നിഷേധം പ്രകടിപ്പിക്കുന്നത്. നിയമലംഘനങ്ങൾ, മറ്റുള്ളവർക്കുനേരെയുള്ള ആക്രമണങ്ങൾ, തന്റെ വിജയങ്ങളെ ഭ്രാന്തമായി ആഘോഷിക്കൽ, അനിതരസാധാരണമായ കഴിവുകളുടെ പ്രകടനങ്ങൾ തുടങ്ങിയ കാര്യങ്ങളിലൂടെയാണ് മനുഷ്യർ മരണത്തോടുള്ള നിഷേധം സാധ്യമാക്കുന്നത്. മരണം എന്ന സാധാരണ ജൈവികപ്രവൃത്തിയെ തന്റെ ജീവിതപ്രവൃത്തികളിലൂടെ അമരത്വം എന്ന അസാധാരണമായ തലത്തിലേക്കുയർത്താനുള്ള ശ്രമമാണത്. അപകടകരമായ പ്രവൃത്തികളിലൂടെയായാലും തന്റെ സ്വത്വത്തെ അനശ്വരമാക്കാൻ മനുഷ്യൻ ശ്രമിക്കുമെന്നാണ് ലാങ്‌സിന്റെ നിരീക്ഷണം. അനശ്വരതയോടുള്ള ഈ അഭിനിവേശമാണ് മനുഷ്യരിലെ ‘നായകപദവി'യെ (Heroic State) രൂപപ്പെടുത്തുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത്.

മരണവും മനുഷ്യരും തമ്മിലുള്ള ചൂതാട്ടങ്ങളും അതിലെ സംഘർഷങ്ങളും പല സർഗാത്മകസൃഷ്ടികളുടെയും മൂലക്കല്ലായി പ്രവർത്തിച്ചിട്ടുണ്ട്. Liu Haichan with his Money Toad and string of cash, (early 16th century) painting by Zhang Lu

മരണഭീതിയിൽ നിന്ന് ജന്യമാകുന്ന നായകപദവിയെക്കുറിച്ചുള്ള ചർച്ചകൾ ചരിത്രാതീതകാലം മുതൽക്കുതന്നെ നിലവിലുണ്ട്. മെസപ്പൊട്ടേമിയൻ രാജാവായിരുന്ന ഗിൽഗമേഷിന്റെ (Gilgamesh) കഥ ഇതിനുദാഹരണമാണ്. അമരത്വം ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്ത ഗിൽഗമേഷ് അത് സാധ്യമാകില്ലെന്ന തിരിച്ചറിവിൽ വീരപുരുഷനായി ജനഹൃദയങ്ങളിൽ അമരനായിരിക്കാൻ തീരുമാനിക്കുന്ന ഐതിഹ്യകഥ പ്രസിദ്ധമാണ്. നിയോ അസീറിയൻ കാലത്തേത് എന്ന് വിശ്വസിക്കപ്പെടുന്ന The Hero Overpowering a Lion എന്ന ഗിൽഗമേഷിന്റേതെന്ന് കരുതപ്പെടുന്ന ശില്പം ആ പ്രദേശത്ത് 1843ൽ നടന്ന ഉത്ഖനനത്തിൽ കണ്ടെടുത്തതോടെ അദ്ദേഹത്തിന്റെ അനശ്വരജീവിതമെന്ന സ്വപ്നം കൂടിയാണ് നിലനിന്നുപോരുന്നത്. മരണഭീതിയും മരണനിഷേധത്തിനുള്ള അതിതീവ്രമായ അഭിലാഷവും പ്രകടമാകുന്ന ഇത്തരം ഉദാഹരണങ്ങൾ ലോകത്ത് അനവധിയാണ്. The Denial of Death എന്ന ഗ്രന്ഥത്തിൽ അമേരിക്കൻ നരവംശശാസ്ത്രജ്ഞനായ ഏർണസ്റ്റ് ബെക്കർ മരണഭീതിയെയും നായകപദവിയെയും വിശകലനം ചെയ്യുന്നുണ്ട്. നായകപദവിയിലേക്കെത്താനുള്ള മനുഷ്യന്റെ ത്വര ജന്മവാസന തന്നെയാണെന്നും ഈ ത്വരയുടെ മൂലകാരണം മനുഷ്യർക്കിടയിലുള്ള മരണഭീതിയാണെന്നും അമരത്വത്തിനുവേണ്ടിയുള്ള നിരന്തരമായ പരിശ്രമങ്ങളിൽ പരാജയപ്പെടുമ്പോഴെല്ലാം മനുഷ്യർ ആശ്വാസം കണ്ടെത്തുന്നത് ഈ നായകപദവിയിലാണെന്നും ബെക്കർ നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങളാണ് പിന്നീട് Terror Management Theory എന്ന മനഃശാസ്ത്രമേഖലയായി വികസിച്ചത്. മണ്മറഞ്ഞുപോയാലും മനുഷ്യർ ലോകത്തിന് നൽകിയ സംഭാവനകൾ കല്പാന്തം വരെ നിലനിൽക്കുമെന്ന ചിന്തയാണ് ഈ സിദ്ധാന്തം മുന്നോട്ടുവെക്കുന്നത്. മരണവും മനുഷ്യരും തമ്മിലുള്ള ഇത്തരം ചൂതാട്ടങ്ങളും അതിലെ സംഘർഷങ്ങളും പല സർഗാത്മകസൃഷ്ടികളുടെയും മൂലക്കല്ലായി പ്രവർത്തിച്ചിട്ടുണ്ട്. സാഹിത്യത്തിലും അത്തരം പ്രവണതകൾ ധാരാളമായി കാണാം. കഥകളിലും നോവലുകളിലുമൊക്കെയുള്ള നായകപദവികൾ പലതും മരണഭീതിയിൽ നിന്നാണ് രൂപപ്പെട്ടത്.

സമകാല മലയാള ചെറുകഥയിൽ മരണഭീതിയെയും അതിൽനിന്നുരുവാകുന്ന നായകപദവിയെയും സൂക്ഷ്മമായി ഉപയോഗിച്ച ഒരു കഥാകൃത്ത് ജി. ആർ. ഇന്ദുഗോപനാണ്. അദ്ദേഹത്തിന്റെ മിക്ക കഥകളിലും മരണഭീതിയെയാണ് നായകസ്ഥാനത്ത് കാണാനാവുക. മരണം കാത്തുകിടക്കുന്നവരും മരണത്തോട് മല്ലയുദ്ധം നടത്തുന്നവരും പ്രേതബാധയെ ഭയപ്പെടുന്നവരുമൊക്കെയായി ഒരുപറ്റം മനുഷ്യർ ഇന്ദുഗോപന്റെ കഥകളിൽ കടന്നുവരുന്നു. സ്വന്തം പേര് എപ്പോൾ വേണമെങ്കിലും എഴുതിച്ചേർക്കാവുന്ന മരണസർട്ടിഫിക്കറ്റുകളുമായി അവർ വായനക്കാരോട് നിരന്തരം സംവദിക്കുന്നു. അമരത്വത്തിനുവേണ്ടിയുള്ള ഏറ്റവും അവസാനത്തെ ശ്രമവും നടത്തികഴിഞ്ഞതിനുശേഷം മാത്രമേ ഇഹലോകത്തിന്റെ സാധ്യതകൾ അവസാനിക്കുകയുള്ളൂ എന്ന് ആ കഥാപാത്രങ്ങൾ ഓർമിപ്പിക്കുന്നു. മരണവുമായുള്ള ഒളിപ്പോരിൽ എല്ലാ സാധ്യതകളും അവസാനിക്കുമ്പോൾ "എന്നാണിനി അയാൾ വരുന്നത്?' എന്ന ചോദ്യവുമായി മരണത്തോട് മുഖാമുഖം നിൽക്കുന്നു. ജീവിതം മരണത്തേക്കാൾ ദുസ്സഹമാവുന്ന സന്ധികളിൽ മാത്രം അനിവാര്യതയുടെ വഴി സ്വീകരിക്കുന്നു. വിഖ്യാത സ്വീഡിഷ് ചലച്ചിത്രകാരനായ ഇങ്മർ ബർഗ്മാന്റെ (Ingmar Bergman) ദി സെവൻത് സീൽ (The Seventh Seal) എന്ന സിനിമയിൽ ‘കൂടെ വരാൻ തയ്യാറാണോ?' എന്ന് ചോദിക്കുന്ന മരണത്തോട് "എന്റെ ശരീരം തയ്യാറാണ്, ഞാൻ അല്ല' എന്ന് മറുപടി പറയുന്ന അന്റോണിയസ് ബ്ലോക്ക് (Antonius Block) എന്ന കഥാപാത്രത്തെക്കാണാം. ഇന്ദുഗോപന്റെ കഥാപാത്രങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന സ്ഥായിയായ മനോഭാവമാണിത്.

'ദി സെവൻത് സീൽ' എന്ന സിനിമയിൽ നിന്നൊരു രംഗം

മരണത്തിന് നേർക്കുള്ള ഈ നിഷേധം ജീവിതകാലം മുഴുവൻ അവർ പേറിനടക്കുന്നു. തോൽക്കുമെന്നുറപ്പുള്ള യുദ്ധത്തിൽ തന്റെ സ്വത്വത്തെ അടയാളപ്പെടുത്താനുള്ള പൊരുതലായി അവരുടെ ജീവിതത്തെ പരിവർത്തിപ്പിക്കുന്നു. ഇത്തരം ജീവിതങ്ങളിൽ നിന്നാണ് ഇന്ദുഗോപൻ തന്റെ കഥകളിലെ നായകപദവി സൃഷ്ടിക്കുന്നത്. പണവും അധികാരവും കായികബലവും ആണത്തവും പാരമ്പര്യവുമൊക്കെ സ്വയമേവ ഈ നായകപദവിയുടെ മൂലകങ്ങളാവുന്നു. സാമൂഹ്യമോ വൈയക്തികമോ ആയ യുക്തികൾക്കും മൂല്യബോധത്തിനും നീതിന്യായങ്ങൾക്കുമൊക്കെയപ്പുറം തങ്ങളുടെ അമരത്വത്തെ നിർമ്മിക്കാൻ വ്യഗ്രതയുള്ള മനുഷ്യരുടെ ഗണം ഇന്ദുഗോപന്റെ കഥകളിൽ നിന്നും എളുപ്പത്തിൽ വേർതിരിച്ചെടുക്കാനാവും. പ്രത്യക്ഷത്തിൽ പരമ്പരാഗതമായ നായകപദവിയുടെ ചേഷ്ടകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽപ്പോലും ഈ ഗണത്തിന്റെ ബീജാവരണമായി പ്രവർത്തിക്കുന്നത് അതിൽ രൂഢമൂലമായിരിക്കുന്ന മരണഭീതിയാണ്.

സാധാരണക്കാർക്ക് ഏറ്റവുമെളുപ്പം സാത്മീകരിക്കാവുന്ന ജനപ്രിയമൂലകമാണ് മരണഭീതിയെന്ന ചിന്ത. ഇത്തരം നായകപദവികളുടെ തുടർച്ചകളിൽ ജി. ആർ. ഇന്ദുഗോപൻ എന്ന എഴുത്തുകാരനും കണ്ണുടക്കി നിൽക്കുന്നുണ്ട്.

പാശം എന്ന കഥയിൽ രുദ്രൻപിള്ളയുടെ മരണത്തിന് ഇടനിലക്കാരനാവാൻ വേണ്ടി ക്ഷണിക്കപ്പെട്ട ചക്രപാണി എന്ന കഥാപാത്രത്തെക്കാണാം. ജീവച്ഛവമായി കിടക്കുന്നവരുടെ മരണത്തിന് ഉത്‌പ്രേരകമായി പ്രവർത്തിക്കുകയെന്നതാണ് അയാളുടെ ധർമ്മം. അയാൾ കാണിക്കുന്ന വഴി മരണത്തിലേക്കുള്ള എളുപ്പവഴിയാണ്. രുദ്രൻപിള്ളയാകട്ടെ, തന്റെ എല്ലാ അവശതകൾക്കുമിടയിലും മരണമെന്ന അനിവാര്യതയോട് മുഖംതിരിഞ്ഞു നിൽക്കുന്നു. മരണക്കിടക്കയിൽ കിടന്നും മരണത്തെ അതിജീവിക്കാൻ ശ്രമിക്കുന്ന രുദ്രൻപിള്ള കഥയുടെ നായകപദവി കയ്യാളുന്നു. പൂർവകാലത്തെ തന്റെ സാഹസികജീവിതത്തിന് മരണക്കിടക്കയിലും കൂട്ടിച്ചേർക്കലുകൾ നടത്തുന്ന രുദ്രൻപിള്ള ജീവിതാസക്തിയുള്ള മനുഷ്യരുടെ ശക്തമായ പ്രതീകമാണ്. അനൈച്ഛികമായ ജൈവികപ്രവർത്തനങ്ങളോടുള്ള സംഘർഷങ്ങൾ മനുഷ്യരിൽ സൃഷ്ടിക്കുന്ന നായകപദവിയാണ് രുദ്രൻപിള്ളയുടെ മനോഭാവത്തിലുടനീളം കാണാനാവുക. പുറമേക്ക് ധീരരും സാഹസികരുമൊക്കെയായിരിക്കുമ്പോഴും അനിവാര്യതകളോടുള്ള സമാന്തരസമരം മനുഷ്യമനസുകളിൽ ഇവ്വിധം പുരോഗമിക്കുന്നുണ്ട്. വിധി എന്ന സമാശ്വാസമാഗ്രഹിക്കാത്ത അത്തരം മനുഷ്യരിലെല്ലാം കൂടിയും കുറഞ്ഞും രുദ്രൻപിള്ള പരകായപ്രവേശം നടത്തുന്നു. അപ്പർ ബർത്തിലെ പ്രേതം എന്ന കഥയിലും മരണഭീതി അതിന്റെ ഏറ്റവും ഉച്ചതയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മകനെ കുറച്ചുനേരം കാണാതാവുമ്പോഴേക്കും ജില്ലാശുപത്രിയിൽ വിളിച്ച് കണ്ണടവെച്ച ഒരു ശവം കൊണ്ടുവന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്ന അച്ഛനെ ഈ കഥയിൽ കാണാം. ഒറ്റക്കാഴ്ചയിൽ നിസ്സംഗനെന്ന് തോന്നിപ്പിക്കുമ്പോഴും മകന്റെ മരണത്തെക്കുറിച്ചു മാത്രം നിരന്തരമായി അന്വേഷിക്കുന്ന അയാളിൽ മരണഭീതി എത്രമാത്രം ആവേശിച്ചിരിക്കുന്നുവെന്ന് ബോധ്യമാവും. തികച്ചും വിചിത്രമായ ഈ അന്വേഷണമാണ് അയാളിലെ മരണഭീതിയുടെ അടയാളം. ട്രാൻസ് ഡയഗ്‌നോസ്റ്റിക് (Transdiagnostic)* സമീപനത്തിലൂടെ മാത്രം തിരിച്ചറിയാനാവുന്ന മാനസികഘടനയാണ് ഇത്തരം കഥാപാത്രങ്ങൾക്കുള്ളത്. സങ്കീർണമായ അവരുടെ മാനസികവ്യാപാരങ്ങളിലെല്ലാം മരണഭീതിയിൽ നിന്ന് ജന്യമാകുന്ന നായകപദവി സൃഷ്ടിച്ചെടുക്കാനുള്ള അനൈച്ഛിക പ്രവർത്തനമുണ്ട്. ഇന്ദുഗോപൻ തന്റെ കഥാപാത്രങ്ങളെ കണ്ടെടുക്കുന്നത് ഈ സങ്കീർണതകളിൽ നിന്നാണ്.

ഇന്ദുഗോപന്റെ പുസ്​തകങ്ങളിൽ ചിലത്

തന്റെ മരണം ആത്മഹത്യയായി പത്രത്തിൽ വരാത്തതിനെച്ചൊല്ലി ദുഖിക്കുന്ന ഒരു ശവത്തിന്റെ നോട്ടത്തിലൂടെയാണ് 11.42ന് മുമ്പും പിമ്പും എന്ന കഥ പുരോഗമിക്കുന്നത്. തന്റെ മരണം ആത്മഹത്യയായി ലോകം അറിയാത്തത്തിലാണ് അയാളുടെ ദുഃഖം. ആത്മഹത്യയുടെ ദുരൂഹമായ കാരണങ്ങൾ തന്നെ അടുത്തറിയാവുന്നവർക്ക് മാത്രം കണ്ടെടുക്കാനാവുന്ന ഒരു ഗൂഢപ്രശ്‌നമായി തനിക്കുശേഷവും നിലനിൽക്കുമെന്ന് അയാൾ വിശ്വസിച്ചു. മരണകാരണങ്ങളുടെ ചുരുളഴിയുമ്പോൾ അത് ചരിത്രമായി മാറും എന്ന ആത്മവിശ്വാസംപോലും അയാൾക്കുണ്ട്. മരണം ഒരു തെരഞ്ഞെടുപ്പാവുമ്പോൾ അതിലെ അസാധാരണത്വം സൃഷ്ടിക്കുന്ന നായകപദവിയിലേക്ക് മനുഷ്യന്റെ നോട്ടം കടന്നുചെല്ലും. ജീവിതത്തിന്റെ അവസാനനിമിഷങ്ങളിലായാലും തന്റേതായി എന്തെങ്കിലും അവശേഷിപ്പിക്കാനുള്ള മനുഷ്യരുടെ വ്യഗ്രത ഈ കഥയിൽ ഇന്ദുഗോപൻ സൂക്ഷ്മതയോടെ അവതരിപ്പിക്കുന്നു. മരണം കൊണ്ട് സൃഷ്ടിക്കുന്ന ഇത്തരം നായകപദവികളുടെ ആഖ്യാനങ്ങൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ട്രോജൻ യുദ്ധവീരനായിരുന്ന "അയാക്‌സി'ന്റെ (Ajax) പോരാട്ടങ്ങളുടെയും ആത്മഹത്യയുടെയും കഥ പറഞ്ഞ സോഫോക്ലിസിന്റെ നാടകം ഇതിനുദാഹരണമായി ചൂണ്ടിക്കണിക്കാം. പുരാതനകാലം മുതൽക്കുതന്നെ ഇത്തരം നായകപദവികൾ ജനമനസ്സുകളെ സ്വാധീനിച്ചിരുന്നതായാണ് ഇതിൽനിന്നും വ്യക്തമാവുന്നത്. സാധാരണക്കാർക്ക് ഏറ്റവുമെളുപ്പം സാത്മീകരിക്കാവുന്ന ജനപ്രിയമൂലകമാണ് മരണഭീതിയെന്ന ചിന്ത അന്നത്തെ എഴുത്തുകാരും മനസിലാക്കിയിട്ടുണ്ടാവണം. എന്തുതന്നെയായാലും ഇത്തരം നായകപദവികളുടെ തുടർച്ചകളിൽ ജി. ആർ. ഇന്ദുഗോപൻ എന്ന എഴുത്തുകാരനും കണ്ണുടക്കി നിൽക്കുന്നുണ്ട്.

മനുഷ്യന്റെ സഹജവാസനയെന്നുറപ്പിക്കും വിധം വായനക്കാരിലേക്ക് ഭയം അരിച്ചിറങ്ങുന്നു. മരണത്തെക്കുറിച്ചുള്ള ഈ സാമാന്യമായ ഭീതി എല്ലാ മനുഷ്യർക്കുമുള്ളതാണ്.

പിൻകാഴ്ച എന്ന കഥയിലെ ടാക്‌സി ഡ്രൈവർ പിൻസീറ്റിലെ യാത്രക്കാരി മരിച്ചുവോ എന്ന സംശയത്തിൽ തിരിഞ്ഞുനോക്കാതിരിക്കുമ്പോഴും "കരടിയിനം പട്ടി' എന്ന കഥയിൽ അച്ഛന്റെ ദയാവധം നടപ്പിലാക്കി മരണത്തിന് കൂട്ടിരിക്കുന്ന മകന്റെ മാനസികാവസ്ഥ വിവരിക്കുമ്പോഴും ഇന്ദുഗോപൻ മരണഭീതിയുടെ ഛായാചിത്രങ്ങൾ വായനക്കാർക്കുമുന്നിൽ വരച്ചിടുന്നു. മനുഷ്യന്റെ സഹജവാസനയെന്നുറപ്പിക്കും വിധം വായനക്കാരിലേക്ക് ഭയം അരിച്ചിറങ്ങുന്നു. മരണത്തെക്കുറിച്ചുള്ള ഈ സാമാന്യമായ ഭീതി എല്ലാ മനുഷ്യർക്കുമുള്ളതാണ്. പ്രത്യേകമായ സാഹചര്യങ്ങളിൽ അത് എല്ലാവരും അനുഭവിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ സാധാരണീകരിക്കപ്പെട്ട മരണഭീതിയിൽ നിന്ന് നായകപദവി സൃഷ്ടിക്കപ്പെടുന്നില്ല. പാരമ്പരാഗതമായ നായകത്വത്തെ നിർമിക്കുന്നത് ശക്തമായ മരണഭീതികളാണെന്ന് കാണാം. അത്തരം ഭീതികളിൽ നിന്നാണ് ആണത്തവും അധികാരവും സാമൂഹ്യനിയമങ്ങളെ അതിലംഘിക്കുന്നവരുമായ ഇന്ദുഗോപന്റെ കഥാപാത്രങ്ങൾ രൂപപ്പെടുന്നത്. ഒരാളുടെ ആത്മാഭിമാനത്തിൽ അയാൾക്കുണ്ടാകുന്ന ആത്മവിശ്വാസക്കുറവാണ് അയാളുടെ മാനസികമായ ആത്മവിശ്വാസക്കുറവിന് നിദാനമെന്ന് ഓസ്ട്രിയൻ മനഃശാസ്ത്രജ്ഞനായ ആൽഫ്രെഡ് ആഡ്‌ലർ നിരീക്ഷിച്ചതുപോലെ ഇന്ദുഗോപന്റെ കഥാപാത്രങ്ങളുടെ നായകപദവിയും ആത്മാഭിമാനത്തിൽ അഭിരമിക്കുന്നുണ്ട്.

അക്കിലിസിന്റെ പടച്ചട്ടക്ക് വേണ്ടി യുദ്ധം ചെയ്യുന്ന അയാക്‌സും ഒഡീസ്സസും (Taleides Painter), ബി.സി 520ലെ ഒരു Kalos inscription . മരണഭീതിയിൽ നിന്ന് നായകപദവിയിലെത്താനുള്ള പരിശ്രമങ്ങൾക്ക് പ്രചോദനം സ്വീകരിക്കുകയെന്ന സങ്കല്പസിദ്ധാന്തം ഇന്ദുഗോപന്റെ കഥാപാത്രങ്ങളുടെ ഏറ്റവും പ്രകടമായ സവിശേഷതയാണ്.

മരണം വരെ നിലനിർത്തുന്ന ആത്മാഭിമാനത്തിലാണ് അവർ തങ്ങളുടെ അമരത്വത്തെ പ്രതിഷ്ഠിക്കുന്നത്. അതിലേൽക്കുന്ന ചെറിയ ആഘാതം പോലും അവർക്ക് അസഹനീയമായിത്തീരുന്നു. സ്വന്തം മരണത്തെപ്പോലും വകവെക്കാതെയുള്ള പ്രതികാരത്തിന് തയ്യാറായ അമ്മിണിപ്പിള്ളയും (അമ്മിണിപ്പിള്ള വെട്ടുകേസ്) തന്റെ നിരപരാധിത്വം തെളിയിക്കാനായി അപകടകരമായ വഴി സ്വീകരിക്കുന്ന മൈതീനും (ചെങ്ങന്നൂർ ഗൂഡസംഘം) സൈക്കിൾ സീറ്റിന്റെ ഇരുമ്പുകുഴലിൽ നിന്ന് വാളെടുത്ത് വീശി "എന്റെ കുഞ്ഞിന്റെ ചോരയ്ക്ക് വിലയുണ്ടെടാ...' എന്നലറുന്ന പൂക്കുഞ്ഞുമൊക്കെ(പടിഞ്ഞാറേക്കൊല്ലം ചോരക്കാലം) പരമ്പരാഗത നായകപദവിയുടെ എല്ലാ അംശങ്ങളും പേറുന്നവരാണ്. ധീരകൃത്യമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ഇവരുടെ പ്രവൃത്തികൾക്കെല്ലാം അതിതീവ്രമായ മരണഭീതിയാണ് പ്രേരകമാവുന്നത്. സമൂഹത്തിലെ മൂല്യമുള്ള അംഗമാണ് താനെന്ന ബോധം ഈ കഥാപാത്രങ്ങൾക്കെല്ലാമുണ്ട്. ഈ മൂല്യമാണ് മരണത്തിന്റെ അനിഷേധ്യമായ അനൈച്ഛികസ്വഭാവത്തെ നിഷേധിക്കുന്നതിനുള്ള കാരണമായി പ്രവർത്തിക്കുന്നത്. മരണഭീതിയിൽ നിന്ന് നായകപദവിയിലെത്താനുള്ള പരിശ്രമങ്ങൾക്ക് പ്രചോദനം സ്വീകരിക്കുകയെന്ന സങ്കല്പസിദ്ധാന്തം ഇന്ദുഗോപന്റെ കഥാപാത്രങ്ങളുടെ ഏറ്റവും പ്രകടമായ സവിശേഷതയാണ്.

മനുഷ്യർ ഏറ്റവുമധികം ഭയപ്പെടുന്നത് സ്വയം അടയാളപ്പെടുത്താൻ സാധിക്കാതെ മരിച്ചുപോകുന്നതിനെയാണെന്ന് എസ്‌കേപ്പ് ഫ്രം ഈവിൾ (Escape from Evil) എന്ന പുസ്തകത്തിൽ ഏർണസ്റ്റ് ബെക്കർ അഭിപ്രായപ്പെടുന്നുണ്ട്. സ്വത്വപരമായ ഈ ഭീതിയിൽ നിന്നാണ് നായകപദവികൾ സൃഷ്ടിക്കപ്പെടുന്നത്. ഇന്ദുഗോപന്റെ കഥാപാത്രങ്ങളും ഇത്തരത്തിൽ സ്വയം അടയാളപ്പെടുത്തി കടന്നുപോകാൻ ആഗ്രഹിക്കുന്നവരാണ്. സാമൂഹ്യമൂല്യങ്ങളെ അതിലംഘിച്ചുകൊണ്ടാണെങ്കിലും ഉന്നതമായ സാമൂഹ്യനില കൈവരിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്. പൊതുസമൂഹം നിയമങ്ങൾക്കും ധാർമികതയ്ക്കുമനുസരിച്ച് ജീവിതം ക്രമപ്പെടുത്തുമ്പോൾ അനിതരസാധാരണവും സാഹസികവുമായ പ്രവൃത്തികളിലൂടെ അവർ തങ്ങളുടെ നായകപദവി സജീവമാക്കി നിലനിർത്തുന്നു. ഇത്തരത്തിൽ മരണഭീതിയെ ഭാവനാത്മകമായി നായകപദവിയിലേക്ക് പുനസൃഷ്ടിക്കുകയെന്ന നൈസർഗിക ചോദനയാണ് ഇന്ദുഗോപന്റെ ഏറ്റവും സവിശേഷമായ രചനാതന്ത്രം. ഭൂതിമ എന്ന കഥയിലേതുപോലെ പല മരണങ്ങൾക്കും അറിഞ്ഞോ അറിയാതെയോ കാരണക്കാരനാവുന്ന മനോജ് എന്ന കഥാപാത്രത്തിന്റെ ഭാവഹാദികളണിഞ്ഞ് കഥാകൃത്ത് തന്റെ കഥകളിലുടനീളം അദൃശ്യസാന്നിധ്യമാവുന്നു. ഏത് നിമിഷവും വായനക്കാർ ഒരു മരണത്തിന്റെ സാക്ഷിയായേക്കാം. എഡ്വേർഡ് മഞ്ചിന്റെ Anxiety എന്ന വിഖ്യാതചിത്രത്തിലേതുപോലെ മരണഭീതിയുടെ ഛായാചിത്രങ്ങളായി ഇന്ദുഗോപന്റെ കഥാപാത്രങ്ങൾ പരിണമിക്കുന്നത് തിരിച്ചറിയുകയും ചെയ്‌തേക്കാം.▮

* Transdiagnostic Approach - A "transdiagnostic approach' is the label given to a mechanism which is present across disorders and which is either a risk or maintaining factor for the disorder. For this, a worksheet is designed to help clinicians and their clients to understand core processes which are operating to prolong distress.


അനൂപ് വി. എസ്.

അധ്യാപകൻ, ഗവേഷകൻ. ​​ക്ലോസ്​​ട്രോഫോബിയ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments