എം.ആർ. രേണുകുമാർ

കിടക്കവിരിയിലെ മീനുകൾ

മലയാളകവിതയിൽ പുതിയ കവികൾ രൂപപ്പെടുത്തുന്നത്​ വേറി​ട്ടൊരു സൗന്ദര്യശാസ്ത്രമാണ്​

മീനുകൾ നീന്തുന്ന- കിടക്കവിരിയിൽ കെട്ട്യോളുടെ ചെതുമ്പലുകളിലോരോന്നും ചെവി ചേർത്തുവെച്ച് അയാൾ ചോദിക്കും പാർപ്പുകളെന്ത്യേ പെണ്ണേ നമ്മുടെ പാർപ്പുകളെന്ത്യേ.
(കൊതിയൻ)

സാധാരണജീവിതത്തിൽ നമ്മുടെ കൺമുമ്പിലുള്ളതും പക്ഷേ, ഒഴുകിപ്പോകുന്നതും അലിഞ്ഞുതീരുന്നതുമായ ഒരു പരിചിത ജീവിതത്തെ വേർതിരിച്ച് അനന്യമാക്കി (Identification) യെടുക്കുന്ന അന്വേഷണങ്ങളിലാണ് എം.ആർ.രേണുകുമാറിന്റെ കവിതകൾ പിറവിയെടുക്കുന്നത്. കവി തന്റെ അടുത്തുനിൽക്കുന്ന ഒന്നിൽനിന്ന് അതിവേഗതയിൽ ഇല്ലാതാകുന്ന ഒരവസ്ഥയെ പങ്കിടുന്ന കാവ്യാനുഭവങ്ങൾ രേണുകുമാർ കവിതയിലേക്കുള്ള പ്രധാനസൂചകങ്ങളാണ്. പേരില്ലാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ തന്റെ പരിചിതജീവിതത്തിലെ വാക്കുകളിൽ നിന്നുണരുന്ന സൗന്ദര്യശാസ്ത്രബോധമാണ് രേണുകുമാറിന്റെ കവിതകൾക്ക് അടിസ്ഥാനമായി വർത്തിക്കുന്നത്. പെട്ടെന്ന് അലിഞ്ഞുതീരുന്നതും കാണാതെ പോകുന്നതുമായ അനുഭവലോകം എന്നു പറയുന്നത്, കവി നേരത്തെ കടന്നുപോയതോ അനുഭവിച്ചറിഞ്ഞതോ ആയ ഒന്നാണ്. അത്തരം ജീവിതാനുഭവങ്ങളോട് ചേർന്ന്, പ്രകൃത്യാനുഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഉൾക്കൊണ്ടാണ് രേണുകുമാറിന്റെ കവിതകൾ ആവിഷ്‌കരിക്കപ്പെടുന്നത്. ജലം, പൂവ്, കാറ്റ്, വെളിച്ചം, മഴ, തണുപ്പ് ഇവയുടെയെല്ലാം സ്പർശം കാവ്യാനുഭവങ്ങളുടെ പങ്കിടലിൽ ഇഴചേർന്നു കിടക്കുന്നുണ്ട്. ഈ കാവ്യാനുഭവങ്ങളുടെ പങ്കിടലിനും വിശകലത്തിനും ഇവയൊക്കെ അപഗ്രഥനസാമഗ്രികളായി വർത്തിക്കുന്നവയാണ്.

വളരെ പെട്ടെന്ന് മാഞ്ഞുപോകുന്ന ഒരു അവസ്ഥയെ ആടയാഭരണങ്ങൾ ഇല്ലാതെ അക്ഷര തിളക്കങ്ങളിലേക്ക് കവി അടയാളപ്പെടുത്തുന്നു. തന്റെ പരിചിത ജീവിതത്തിൽ ദിവസേനയുണ്ടാക്കുന്ന വസ്തുക്കൾ, ഉപകരണങ്ങൾ, കാർഷികജീവിതം, പോയ്‌പ്പോകുന്ന വാക്കുകൾ തുടങ്ങിയവ വിലയുള്ള മൂലധനങ്ങളായി രേണുകുമാറിന്റെ കാവ്യാനുഭവങ്ങളിലേക്ക് കടന്നുവരുന്നു. പരിചിത ജീവിതത്തിലെ വാക്കുകൾക്ക് വിലയില്ലാതെ പോകുന്നത് കവിയുടെ രൂപകങ്ങൾ കണ്ടെത്തുന്നു. അവയിലെല്ലാം ജീവിതത്തെ ത്വരിതപ്പെടുത്തുന്ന പ്രിയവും സ്‌നേഹവും കവി കാണുന്നു. പ്രാഥമിക ആവശ്യം പോലും നേടാൻ കഴിയാത്ത ജീവിതത്തിന്റെ പരിഹാസവും പ്രിയവും കൊതിയൻ എന്ന കവിതയിലുണ്ട്.

വ്യക്തിയുടെ പ്രിയങ്ങൾപോലും അർഹതയില്ലാത്തതാണെന്ന് കരുതുന്ന പൊതുബോധ ധാരണകളെ സങ്കീർണമായ ആധുനികതയുടെയും പുറത്താക്കപ്പെട്ടവന്റെയും സ്ഥലകാലങ്ങളിൽനിന്ന് ആവിഷ്‌കരിക്കുവാനാണ് രേണുകുമാർ ശ്രമിക്കുന്നത്. സാധാരണത്വത്തിലെ ഈ അസാധാരണത്വത്തിലാണ് രേണുകുമാറിന്റെ കവിതയിലെ വാക്ക് വിലപിടിപ്പുള്ള മൂലധനങ്ങളായി മാറുന്നത്. പരിചിതലോകത്തിലോ സാധാരണത്വത്തിലോ ഉള്ള കാഴ്ചകൾ ഒരാളുടെ കാഴ്ചകളാകണമെന്നില്ല. അവയ്ക്ക് പുതിയ അർത്ഥങ്ങൾ നൽകി പഴയ സ്ഥലകാലങ്ങളെ പുതിയ പാറ്റേണുകളിലും അർത്ഥങ്ങളിലും അനന്യമാക്കി, ഒരു മൂലധനത്തിന്റെ മൂല്യമാക്കി രേഖപ്പെടുത്തിയെടുക്കുന്ന ഉദ്യമങ്ങളിലാണ് രേണുകുമാറിന്റെ കവിതകൾ സവിശേഷമായിതീരുന്നത്. ചിലപ്പോൾ ആടയാഭരണങ്ങളില്ലാതെ അതിവേഗതയിൽ വാക്കുകളെ രേഖപ്പെടുത്തേണ്ടി വരുന്നത് അതുകൊണ്ടുകൂടിയാണ്.

കവിയെ വട്ടമിട്ടു നിൽക്കുന്ന പ്രാദേശികാനുഭവങ്ങൾ, കുടുംബാനുഭവങ്ങൾ, വംശചരിത്രാനുഭവങ്ങൾ, തുടങ്ങിയവയെല്ലാം ജീവിതാനുഭവങ്ങളെ നിർമിച്ചെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു

വന്നും പോയും കൊണ്ടിരിക്കുന്ന കാഴ്ചയിൽ നിന്ന്, സ്വകല്പന വരുത്തി കവി വാക്കിനു മൂല്യം നൽകുന്നു. വാക്കിനെ മൂല്യങ്ങളിലേക്ക് മാറ്റിയെടുക്കുക എന്നത് സാഹസികമായ ഒരു തെരഞ്ഞെടുക്കലാണ്. വിലയില്ലാതെ പോകുന്ന വാക്കുകളെയും അർത്ഥങ്ങളെയും പുനഃപ്രതിഷ്ഠയിലൂടെ മാറ്റിയെടുക്കുന്ന കാവ്യഭാഷയുടെ പങ്കാളിത്തമൂല്യം രേണുകുമാറിന്റെ കവിതകളിൽ വായനക്കാർക്ക് അനുഭവിക്കാനാകുന്നു. പൊതുഭാഷയുടെയും പൊതുജീവിതത്തിന്റെയും മൂല്യങ്ങളിലേക്ക് കവി തന്റെ പരിചിത ജീവിതത്തിലെ വാക്കുകൾ രൂപകങ്ങളായി പരിവർത്തിപ്പിക്കുന്നു. രേണുകുമാറിന്റെ കവിതകളിൽ വാക്കുകൾ അതിവേഗതയിൽ വന്നുപോയിക്കൊണ്ടിരിക്കുന്ന അർത്ഥങ്ങളുടേതാണ്. വന്നുംപോയും കൊണ്ടിരിക്കുന്ന അനുഭവത്തിലേക്ക് മഴയുടെയും കാറ്റിന്റെയും വെള്ളത്തിന്റെയും സ്പർശത്തിലൂടെ കാവ്യഭാഷയെ കവി മൂർത്തമാക്കുന്നു.

തലയിൽ വീണ മഴത്തുള്ളികളിൽ നിന്ന് കണ്ണീരിനെ പിരിച്ചെഴുതാൻ എനിക്ക് കവിതയും
(പിരിച്ചെഴുത്ത്: പച്ചക്കുപ്പി)

വാക്കിന്റെ അർത്ഥങ്ങളെ തിരിച്ചെടുക്കുന്ന രൂപകമൂല്യം അനക്കങ്ങളുടെയും ഇളക്കങ്ങളുടെയും വേഗമേറിയ ചിത്രങ്ങളായി രേണുകുമാറിന്റെ കവിതകളിൽ കടന്നുവരുന്നതു കാണാം. ഈയൽ എന്ന കവിത നൽകുന്ന സൗന്ദര്യാനുഭവം, പെട്ടെന്ന് ഇല്ലാതാകുന്ന പങ്കിടലിന്റെ (Sharing) സവിശേഷമായ ഒരു അനുഭവമാണ് നൽകുന്നത്.

പുൽപച്ചയ്ക്കു മീതെ പാവാട പച്ച പറത്തി വിഹരിക്കുന്നു ഇളകിതുള്ളി നുരകുത്തി പതഞ്ഞ് തിരമാല പച്ചയായ് പായ തെറുത്തു പൊന്തുന്നു ഉടൽ വിട്ട് പറന്നുപോകുന്നു അവളിൽ നിന്ന് നൃത്തച്ചുവടുകൾ ഈയലുകളായ്
(ഈയൽ: പച്ചക്കുപ്പി)

കൊഴിഞ്ഞുപോകുന്നതോ നശിച്ചുപോകുന്നതോ ആയ സാധാരണ ജീവിതത്തിന്റെ നിലം തൊടാത്ത നൃത്തച്ചുവടുകളിലൂടെ കവി കണ്ടെത്തുന്ന അറിവിൽ തീവ്രമായ പ്രണയവും അഭിനിവേശവും ഉണ്ട്. കവിതയുടെ കാർട്ടോഗ്രാഫിയിൽ ഇത് അമൂർത്തമായി ആവിഷ്‌ക്കരിക്കപ്പെടുമ്പോഴും, ഇത് ആരുടെ അനുഭവമാണെന്ന് കവി വ്യക്തമാക്കുന്നില്ല. കവി സ്വന്തമായി അവകാശം സ്ഥാപിച്ചെടുക്കാത്ത ഇത്തരം കാവ്യാനുഭവങ്ങൾ ജീവിതത്തിന്റെ സ്ഥലകാലങ്ങളെയും അതിന്റെ ഭാഷയേയും വിപുലനം ചെയ്യുന്നവയാണ്. കവിയുടെ ഓർമയിലേക്ക് കടന്നെത്തുന്ന ഭാഷയും ഓർത്തെടുക്കുന്ന വാക്കുകളും ഒരു കുട്ടിയുടെയോ കൗമാരപ്രായത്തിന്റേയോ കാഴ്ചകളായി മിക്ക കവിതകളിലും ആവിഷ്‌കരിക്കപ്പെടുന്നത് കാണാം.

അരിയിലെ കല്ലുകൾ പോലെ മറവികൾക്കിടയിൽ അങ്ങിങ്ങായി ഓർമ്മകൾ
(ഓർമ്മയുടെ നിഴൽ: പച്ചക്കുപ്പി)

ജീവിതത്തെ മുഴുവൻ തിരിച്ചുപിടിക്കുന്ന ഒരു തുള്ളി തേൻ ആയി കവിക്ക് വാക്ക് മാറുന്നുണ്ട്.

അങ്ങനെ ഇരുന്നിരുന്നാണ് ഞങ്ങൾ പതിമ്മൂന്നാം വയസ്സിൽ ഉമിനീരിനെ തേനാക്കുന്ന വിദ്യ കണ്ടുപിടിച്ചത്
(കണ്ടുപിടിത്തം: പച്ചക്കുപ്പി)

അനുഭവങ്ങളെയും അർത്ഥങ്ങളെയും തിരിച്ചെടുക്കുന്ന വാക്കിന്റെ രൂപകമൂല്യം അനക്കങ്ങളുടെയും ഇളക്കങ്ങളുടെയും പ്രക്രിയകളായി രേണുകുമാറിന്റെ കാവ്യാനുഭവങ്ങളിൽ ഉൾച്ചേർന്നുകിടപ്പുണ്ട്. അതിവേഗതയിൽ കൊഴിഞ്ഞുപോകുന്നതും നശിച്ചുപോകുന്നതുമായ അനുഭവങ്ങളുടെ വേർപ്പെടുത്തലകളിലൂടെ കവി കണ്ടെത്തുന്ന അമൂർത്തതകളാണ് പച്ചക്കുപ്പി, വെഷക്കായ എന്നീ സമാഹാരങ്ങളിലെ മിക്ക കവിതകളിലും കാണാനാവുക.

പാദങ്ങളും പദങ്ങളും കുറഞ്ഞ വെഷക്കായയിലെ കവിതകൾ ചെറിയ രൂപകങ്ങളിലൂടെ മാറിമറിയുന്ന ജീവിതത്തിന്റെ കണ്ടെത്തലുകളാണ്. ഉറുമ്പുകൾ, മീനുകൾ, ചിതലുകൾ, പറവകൾ, ആട്ടാം പുഴുക്കൾ, മണ്ണിരകൾ, കുരുപ്പുകൾ എന്നീ ചെറുജീവികളിലൂടെ സംഭ്രമമാർന്ന കാഴ്ചകൾ ഇവിടെ കാണാൻ കഴിയുന്നു. ചുറ്റുപാടുകളുടെ സൂക്ഷ്മമായ അനന്യതകളും അതിന്റെ സഞ്ചാരവേഗങ്ങൾ നിർമ്മിക്കുന്ന ഭാഷയും രേണുകുമാറിന്റെ കാവ്യാന്വേഷണങ്ങളുടെ പ്രത്യേകതകളാണ്.

ചിതലിന് ചിറകുകൾ മുളക്കുന്നത് ഉറുമ്പുകളുടെ കണ്ണിലെ ലോകത്തെ പറവകളുടെ കാൽപ്പാടിനെ ആട്ടാം പുഴുവിന്റെ ചൊറിച്ചിലിനെ
(ഭൂമിയെ പണ്ടേ കേൾക്കേണ്ടിയിരുന്നു.)

*ഒമയുടെ പുതപ്പിനുള്ളിൽ ചുണ്ടുകൾ കോർത്ത് കിടക്കുമ്പോഅറിഞ്ഞു മീനുകൾ ഉടലുകളെ പാർപ്പിടമാക്കുന്നത്. (വെഷക്കായ)*എക്കൽ

കവിയുടെ അനുഭവത്തോട് ചേർന്നുകിടക്കുന്ന പുഴയും മീനും എക്കൽമണ്ണും കാവ്യാന്വേഷണത്തിന്റെ സൂക്ഷ്മരൂപമാക്കുന്നത് കാണാം; ഉടലുകളെ പാർപ്പിടമാക്കുന്ന മീനുകളും കിടക്കവിരിയിൽ ചിത്രങ്ങളായിമാറുന്ന മീനുകളും (കൊതിയൻ) ആധുനികമനുഷ്യന്റെ സങ്കീർണതകളെയും പുറത്താക്കപ്പെട്ടവന്റെ ജീവിതത്തെയും ഒരേപോലെ അനുഭവിപ്പിക്കുന്നു.

ആധുനിക കവിതയുടെ സങ്കീർണതയുമായി ബന്ധപ്പെട്ടുതന്നെ ഡോ. പി.പി.രവീന്ദ്രൻ രേണുകുമാറിന്റെ കവിതകളുടെ പാർശ്വഭാവനകളെ വിലയിരുത്തുന്നുണ്ട്. കിടക്കവിരിയിലെ മീനുകൾ എന്ന രൂപകം ശ്വാസംമുട്ടിക്കുന്ന ആധുനിക കവിതയുടെ സ്വഭാവത്തെയും ഭാഷയില്ലാതെയാകുന്ന ജീവിതത്തിന്റെ സ്ഥലകാലങ്ങളേയും തിരിച്ചുവിളിക്കുന്നു.
ഓരോ എഴുത്തുകാരനും അനുഭവത്തിന്റെ വ്യത്യസ്ത പ്രശ്‌നങ്ങളെ അഭിമുഖീ കരിക്കുന്നവയാണ്. ഇവയെല്ലാം എളുപ്പത്തിൽ പരിഹരിക്കപ്പെടുന്നവയല്ല. കവിയെ വട്ടമിട്ടു നിൽക്കുന്ന പ്രാദേശികാനുഭവങ്ങൾ, കുടുംബാനുഭവങ്ങൾ, വംശചരിത്രാനുഭവങ്ങൾ, തുടങ്ങിയവയെല്ലാം ജീവിതാനുഭവങ്ങളെ നിർമിച്ചെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ബുദ്ധിമുട്ടുകളെ കടന്നുപോകേണ്ടിവരുമ്പോഴുള്ള സങ്കീർണതകൾ തങ്ങളുടെ അനുഭവങ്ങളെ നോക്കിക്കാണുന്നതിൽ എഴുത്തുകാരനെ പ്രാപ്തനാക്കുന്നു. അതുകൊണ്ടുതന്നെ ഓരോ എഴുത്തുകാരുടെയും നാടും, വീടും, കൃഷിയും, വയലും, കാടും കടലും വ്യത്യസ്തമാണ്. നേരിട്ടുകാണാനോ അനുഭവിക്കാനോ അനുവാദമില്ലാത്തിടത്ത് ഒരാളുടെ കാഴ്ചകൾ വിദൂരതയിലേക്ക് മാറ്റിപാർപ്പിക്കപ്പെടുന്നവയാണ്. പൊതു ഇടങ്ങളിൽ നിന്നുള്ള ഒറ്റപ്പെടൽ, കിട്ടാതെ പോകുന്ന അനുഭവാവസ്ഥകൾ, പുറത്താക്കപ്പെടൽ തുടങ്ങിയവയെല്ലാം സൃഷ്ടിക്കുന്ന അവസ്ഥകൾ സാമൂഹ്യശാസ്ത്രജ്ഞമാരുടെ അപഗ്രഥന വിഷയങ്ങളാണ്. നഷ്ടത്തിന്റെ ശേഷിപ്പുകളായി ആത്മഹത്യയോ ദുരന്തമോ സമൂഹത്തിൽ ബാക്കിയാവുന്നു. ഇത്തരമൊരു അവസ്ഥയെക്കുറിച്ച് എമിലിഡർക്കിമിന്റെ ഡർക്കിമീയൻ ഇഫക്റ്റുകൾ എന്ന് വ്യവഹരിക്കപ്പെടുന്നവ, സാധാരണജീവിതത്തിൽ നേടാൻ കഴിയാതെ പോകുന്ന അനുഭവത്തിന്റെ അപകടങ്ങളെ ഓർമപ്പെടുത്തുന്നു. നഷ്ടപ്പെടുന്നുവെന്നും അന്യമാകുന്നുവെന്നും തോന്നുമ്പോൾ സ്ഥിരമായ അർത്ഥങ്ങളിൽ നിന്നു വിട്ടുപോകുകയും പുതിയ അർത്ഥാന്വേഷണങ്ങളിൽ ഏർപ്പെടുകയുമാണ് കവിത ചെയ്യുന്നത്. കവിയുടെ സാമൂഹ്യബോധവും പുതിയ അർത്ഥങ്ങളെ നിർമിക്കുന്നതിൽ ഇടപെടുന്നവയാണ്.

പുറത്താക്കപ്പെടുന്നവരുടെ ഭാഷയുടെ വിലാപം, സംസ്‌കൃതിയുടെ വിലാപം, നിർമിതിയിലെ വിലയില്ലായ്മകൾ തുടങ്ങിയവ ആവിഷ്‌കരിക്കാനുള്ള സൗന്ദര്യശാസ്ത്രപരമായ ശ്രമങ്ങളെന്നനിലയിലാണ് രേണുകുമാറിന്റെ കവിതകൾ മലയാളകവിതയിൽ സ്ഥാനം പിടിക്കുന്നത്.

ജീവിതാനുഭവങ്ങളെ മാറ്റികാണുന്ന പ്രിയങ്ങളിലാണ് എം.ആർ.രേണുകുമാറിന്റെ കവിതയിലെ സ്ഥലകാലങ്ങൾ വിപുലമാകുന്നത്. കൊതിയൻ എന്ന സമാഹാരത്തിലെ കവിതകൾ ജീവിതത്തിന്റെ പ്രിയങ്ങളുടെ ഉണ്മകൾ തേടുന്നവയാണ്. തന്നെ വട്ടമിട്ടുനിൽക്കുന്ന അനുഭവങ്ങളിൽനിന്നുള്ള മറ്റൊരു സഞ്ചാരത്തിന്റെ അനുഭവങ്ങളെ ചികഞ്ഞെടുക്കുവാൻ കവി പ്രേരിതനാകുന്നുണ്ട്. കുടുംബം, വംശം, കൃഷി, ജാതി, മണ്ണ് ഇവയെക്കുറിച്ചെല്ലാമുള്ള മറ്റൊരു പ്രിയങ്ങൾ ജീവിതസഞ്ചാരത്തിന്റെ ജ്ഞാനമായി കവി അറിയുന്നു. തന്റെ പ്രിയങ്ങളെ മാറ്റിവരയ്ക്കുന്ന ചിത്രങ്ങളാണ് രേണുകുമാറിന്റെ കവിതയിലെ "കൊതി' എന്ന ക്രിയയെ നിർണയിക്കുന്ന ഘടകവും ഫലവും. നിർണയിക്കപ്പെട്ട അർത്ഥങ്ങളിൽനിന്നും രൂപങ്ങളിൽനിന്നും വിട്ടുപോകുന്ന അന്വേഷണങ്ങളുടെ സർഗാത്മകമായ ഭാഷയാണ് രേണുകുമാറിന്റെ കാവ്യജീവിതം.

ടി.ടി. ശ്രീകുമാർ

ഒരു വഴുതലിനും സ്വാതന്ത്ര്യത്തിനും തയ്യാറാവാത്ത ജനജീവിതം നഷ്ടങ്ങളെയും ദുരന്തങ്ങളെയും അതിവേഗതയിലായിരിക്കും ഏറ്റുവാങ്ങുക. എം.ആർ രേണുകുമാറിന്റെ പരിചിതജീവിതം ഈ നഷ്ടങ്ങളെയും ഇല്ലായ്മകളെയും അതിവേഗതയിൽ അനുഭവിച്ചറിഞ്ഞവയാണ്. തനിക്കു പരിചിതമായ കുടിലാണ് ഈ കവിതയുടെ ആവാസസ്ഥലിയെന്ന് കൊതിയൻ എന്ന സമാഹാരത്തിന്റെ ആമുഖപഠനത്തിൽ ഡോ.ടി.ടി. ശ്രീകുമാർ നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. ഈ വാക്യം കവിതയിലെ സാമൂഹികതയിലേക്കുള്ള രീതിശാസ്ത്രത്തെ വെളിവാക്കുന്നുണ്ട്. രേണുകുമാറിന്റെ കാവ്യാനുഭവങ്ങളിലേക്കുള്ള ഒരു ഫീൽഡ്‌വർക്കിൽ ഒരു പരിചിതജീവിതത്തിന്റെ പദകോശം കണ്ടെത്താൻ കഴിയും. കവിയുടെ പരിചിതമായ വാക്കുകൾ മറ്റുള്ളവർക്ക് അപരിചിതമായ അനുഭവമാകാം. പരിചിതമായ ഈ അനുഭവ സംസ്‌കാരമാണ് പിൽക്കാല കവിതകളുടെ ജ്ഞാനമായി രേണുകുമാറിന്റെ കവിതയിൽ വർത്തിക്കുന്നത്.

ഓർത്തെടുക്കലും രേഖപ്പെടുത്തലും

രേണുകുമാറിന്റെ കാവ്യാനുഭവങ്ങളുടെ ഈ ഫീൽഡ്‌വർക്ക്, കവിതയിൽ രൂപകങ്ങളായിമാറിയ വാക്കുകളെക്കുറിച്ചുള്ള അപഗ്രഥനം ആവശ്യപ്പെടുന്നവയാണ്. കേവലമായ പദപരിചയപട്ടികയല്ല ഇത്. സാമൂഹ്യചിന്തകനായ പ്രൊഫ. എം.എൻ. ശ്രീനിവാസ ആർക്കൈവുകൾക്കും നിലവിലുള്ള ഗ്രന്ഥങ്ങൾക്കും അപ്പുറത്ത് ജീവിതത്തെ പ്രാഥമികമായി (primary source) നോക്കിക്കാണുന്ന ഫീൽഡ്‌വർക്കിനെ കുറിച്ച് പറയുന്നുണ്ട്. രേണുകുമാറിന്റെ കവിതകളുടെ അപഗ്രന്ഥത്തിന് ഒരു വിശകലനസാമഗ്രി (tool) എന്ന നിലയിൽ ഈ ഫീൽഡ്‌വർക്ക് എന്ന സങ്കൽപനത്തെ ഉപയുക്തമാക്കേണ്ടതുണ്ട്. പ്രാഥമികമായ ദത്തങ്ങൾ നൽകുന്ന അറിവിൽനിന്നും, അതിവേഗതയിൽ നഷ്ടം സംഭവിച്ചേക്കാവുന്ന ഒരു ജനതയുടെ വാക്കുകളിൽ നിന്നും പിറവിയെടുക്കുന്ന രൂപകങ്ങളാണ് രേണുകുമാറിന്റെ കാവ്യപക്ഷത്തെയും അതിന്റെ നവീനതയേയും നിശ്ചയിക്കുന്ന ഘടകം. രൂപകങ്ങളായിമാറുന്ന വാക്കുകൾ രേണുകുമാറിന്റെ കവിതയിലെ നിർമിതികളെയും സാമൂഹ്യബോധത്തെയും കുറിച്ച് മനസ്സിലാക്കിതരുന്ന ഘടകങ്ങളാണ്.
വെളുമ്പുകളിലെ പരിചിതമായ വാക്കുകൾ നമ്മുടെ കൺവെട്ടത്തു നിന്ന് അതിവേഗതയിൽ അപ്രത്യക്ഷമാകുമ്പോൾ, വാക്കുകളുടെ സൗന്ദര്യശാസ്ത്രപരമായ രേഖപ്പെടുത്തൽ അതിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. പുറത്താക്കപ്പെടുന്നവരുടെ ഭാഷയുടെ വിലാപം, സംസ്‌കൃതിയുടെ വിലാപം, നിർമിതിയിലെ വിലയില്ലായ്മകൾ തുടങ്ങിയവ ആവിഷ്‌കരിക്കാനുള്ള സൗന്ദര്യശാസ്ത്രപരമായ ശ്രമങ്ങളെന്ന നിലയിലാണ് രേണുകുമാറിന്റെ കവിതകൾ മലയാളകവിതയിൽ സ്ഥാനം പിടിക്കുന്നത്. ഔദ്യോഗിക മ്യൂസിയങ്ങളിലോ രേഖപ്പെടുത്തലുകളിലോ ഇവയൊന്നും നമുക്ക് കാണാൻ കഴിയുന്നില്ല. എം.എൻ. ശ്രീനിവാസയുടെ ഓർത്തെടുക്കുന്ന ഗ്രാമം (Remembered village) പോലെ, രേണുകുമാറിന്റെ കവിതകളിൽ ഓർത്തെടുക്കുന്ന ഭാഷയുടെ പ്രവർത്തനം കണ്ടെത്താൻ കഴിയും. ഇതു വാക്കുകളുടെ രേഖപ്പെടുത്തൽ ദൗത്യവുമാണ്.
പുറത്താക്കപ്പെട്ടവരുടെ നിർമ്മിതിയിലെ വിലയില്ലായ്മകൾ, മൂലധനങ്ങളാകാ തെപോയ കൃഷി, വിഭവങ്ങൾ, തൊഴിൽ, ഉപകരണങ്ങൾ, ഉത്പന്നം, ഭാഷ, സംസ്‌കാരം തുടങ്ങിയവ രേണുകുമാറിന്റെ കാവ്യാനുഭവങ്ങളുടെ സൗന്ദര്യശാസ്ത്രത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. ഇവയെല്ലാം രൂപകങ്ങളായി രേഖപ്പെടുത്തികൊണ്ടാണ് രേണുകുമാർകവിതകൾ ചലനവും പ്രതിഫലനശേഷിയും കൈവരിക്കുന്നത്. വെളുമ്പുകളിലെ വ്യത്യസ്തമായ മൂലധനങ്ങൾക്ക് കിട്ടാതെപോകുന്ന വിലയില്ലായ്മകൾ, നിലനിൽക്കുന്ന അധികാരക്രമത്തിൽ സംഭവിക്കുന്നവയാണ്. ജീവിതത്തിന്റെ വേദനകൾ, അതിനിടയിലെ തിളക്കങ്ങൾ, വിചാരങ്ങൾ, ശക്തികൾ ഇവയെല്ലാം കുടുംബാനുഭവങ്ങളെ ആഖ്യാനം ചെയ്യുന്ന കവിതകളിൽ കടന്നുവരുന്നത് കാണാം.

രേണുകുമാറിന്റെ കൃതികൾ

അവകാശം കിട്ടാതെ പോയ സ്ഥലകാലങ്ങളും പുസ്തകങ്ങളും രേണുകുമാറിന്റെ കവിതയിൽ കടന്നുവരുന്നത് തങ്ങൾക്ക് ഒരു സ്ഥലവും സംസ്‌കാരവും ഉണ്ടെന്ന അറിവിൽ നിന്നുതന്നെയാണ്. വേദനയിൽ വാക്കുപോലുമായി മാറാൻ കഴിയാതെ പിന്തിരിഞ്ഞ അനുഭവങ്ങളെ രൂപകങ്ങളിലൂടെ ഭാഷയിലേക്ക് കൊണ്ടുവരുന്നുവെന്നതാണ് രേണുകുമാറിന്റെ കവിതയിലെ സ്ഥലകാലങ്ങളുടെ പ്രത്യേകത. മനസ്സിനെ വ്യഥയിലാഴ്ത്തുന്ന വിഷാദമല്ല ഇവിടെ കാണാനാവുക. മനസ്സ് ശരീരത്തിലൂടെ അനുഭവങ്ങളുടെ ക്രിയാരൂപം സൃഷ്ടിച്ചെടുക്കുന്ന ആവിഷ്‌കരണമാണ്. ഓരോ ജീവിതപരീക്ഷണങ്ങളുടെയും രൂപകമായി വാക്ക് ഇവിടെ മാറുന്നു. കവിയുടെ പരിചിത ജീവിതത്തിലെ പരിചിതപദാവലികൾ പൊതുധാരണക്ക് അപരിചിതമായിരിയ്ക്കാം. ഇവ തിളക്കത്തോടെ കവിയെ ഉറ്റുനോക്കുന്നവയാണ്. വാക്കുകളുടെ സൗന്ദര്യശാസ്ത്രപരമായ മൂല്യങ്ങളാണ് രൂപകങ്ങളായും അർത്ഥങ്ങളായും വാക്കിനെ മാറ്റിയെടുക്കുന്നതിന് കവിയെ പ്രേരിപ്പിക്കുന്നത്.

ഇല്ലായ്മയുടെ കണ്ണാടിയിൽ കവി കാണുന്നതു മുഴുവൻ ഉള്ളവന്റെ ലോകത്ത് വിരിയുന്ന പൂക്കളും പഴങ്ങളും വൃക്ഷങ്ങളുമാണ്. ഇല്ലായെന്ന് ഉറപ്പിക്കപ്പെട്ട അർത്ഥലോകത്തെ ലംഘിച്ച് ഓർത്തെടുക്കാൻ പലതുമുണ്ടെന്ന ഉണ്മയിലാണ് രേണുകുമാറിന്റെ കവിതയുടെ നിൽപ്പ്.

പരിചിതപദങ്ങളിലെ ജീവിതത്തെ ആരാണ് നിഷ്‌കാസനം ചെയ്തതെന്ന ചോദ്യം രാഷ്ട്രീയ സാമൂഹിക അന്വേഷണങ്ങളുടേതാണ്. കവിത ഏകമാനമായ ഉത്തരങ്ങളോ അർത്ഥങ്ങളോ അല്ല ഇവിടെ നിർമിച്ചെടുക്കുന്നത്. അകാരണമായ ദുഃഖങ്ങൾ തന്നെയാണ് കാവ്യഭാഷയുടെ ഈടുവെപ്പുകളായി മാറുന്നത്. ലളിതമായ സാമൂഹിക- രാഷ്ട്രീയ യുക്തികളെ സ്വീകരിക്കാൻ കവിത ഒട്ടും തയ്യാറാവുന്നില്ല. എവിടെയെല്ലാം ദുഃഖങ്ങളെ കവി അറിയുന്നുവോ, അവിടെയെല്ലാം അനുഭവങ്ങളുടെ വീണ്ടെടുപ്പായി നിൽക്കുന്ന ക്രിയകളും കർമങ്ങളും രൂപകങ്ങളായി മാറുന്നുണ്ട്. അധികാരത്തിന്റെ തീരുമാനിക്കപ്പെട്ട അർത്ഥങ്ങളിലാണ് വെളുമ്പുകളിലെ ജീവിതത്തിന്റെ അഭാവങ്ങൾ ചരിത്രപരമായി രൂപപ്പെട്ടത്. എതിരിടലിന്റെയും സമ്മതിച്ചു കൊടുക്കലിന്റെയും ഇടയിലെ ജീവിതാനുഭവങ്ങൾ രൂപകങ്ങളുടെ തീവ്രതയിൽ അറിയാനാണ് കവി ഇവിടെ ശ്രമിക്കുന്നത്. പൊതുജനക്രമം അപരിചിതമാക്കി നിർത്തിയ ഭാഷയും അറിവും ഇല്ലായ്മ ചെയ്യപ്പെടുമ്പോൾ ബഹിഷ്‌കൃതത്വം കൂടുതൽ ആഴമുള്ള അഭാവമായി രൂപപ്പെടുന്നു. വാക്കുകൾ മുറിപ്പെടുകയും നശിക്കുകയും ചെയ്യുന്നു. ഇവിടെ വാക്കുകൾ ആരുടേയോ മൂലധനവും ഉപകരണവുമായി മാറുന്നു. വിലയില്ലാതെപോയ വാക്കുകളെ അതിന്റെ ചരിത്ര നിബന്ധങ്ങളിൽ നിന്ന് സൗന്ദര്യശാസ്ത്രപരമായി തിരിച്ചെടുക്കുന്നവയാണ് രേണുകുമാറിന്റെ കവിതകൾ.

വാക്കിനെ സഞ്ചരിപ്പിക്കുന്ന സൂത്രങ്ങൾ

കവിതയിലെ സമകാലീനത (contemporariness) നിർവ്വചിക്കപ്പെടുന്നത് കവിതയിലെ വാക്കുക്കൾ, പാറ്റേണുകൾ, രൂപകങ്ങൾ, ആന്തരികമായ പെരുമാറ്റക്രമങ്ങൾ തുടങ്ങിയവ എങ്ങനെ നിർമ്മിച്ചെടുക്കുന്നുവെന്നതിലൂടെയാണ്. നിലവിലുള്ള സാമൂഹികാനുഭവങ്ങളെയോ സ്ഥാപനങ്ങളെയോ വാക്കുകൾ ചുമക്കാൻ കവി തയ്യാറാകുന്നില്ല. രേണുകുമാറിന്റെ കാവ്യാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അവ നിലവിലില്ലാത്ത സാംസ്‌കാരികമായ ആനന്ദങ്ങളെ നിർമ്മിച്ചെടുക്കുന്നതു കാണാം. തിരയിലെ പൊൻതിളക്കങ്ങൾ പോലെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകളെ കവി രൂപകങ്ങളാക്കുന്നു. രേണുകുമാറിന്റെ ജീവിതാനുഭവത്തിന്റെ വ്യത്യസ്തങ്ങളായ സ്ഥലകാലങ്ങൾ കവിതയിൽ ഓരോ സ്ഥലത്തെയും നിർണയിക്കുന്ന പാറ്റേണുകളായി വ്യത്യാസപ്പെട്ടുനിൽക്കുന്നവയാണ്. ആദ്യസമാഹാരമായ കെണിനിലങ്ങളിൽ നിന്ന് മറ്റുസമാഹാരങ്ങളിൽ എത്തുമ്പോൾ ഇത് വ്യത്യസ്തവുമാണ്.

ചിട്ടപ്പെടുത്തിയിരിക്കുന്നു കവിതയിലെൻ കയറ്റം വഴുക്കുമിന്നിൻ തളപ്പായി
(തളപ്പ്)

വാക്കുകളിൽ പുതിയ അർത്ഥങ്ങളെ തേടുന്ന തിടുക്കം വഴുക്കലിനും തളപ്പിനുമിടയിൽ കവി കണ്ടെത്തുന്നു. കവിയുടെ പ്രിയങ്ങൾ കൈമോശം വന്നുപോകുന്ന, ഒരു സുരക്ഷിതത്വവും ഇല്ലാത്ത വസ്തുക്കളാണ് തന്റെ മുമ്പിലൂടെ കടന്നുപോകുന്നത്. ഇല്ലാത്ത ലോകത്തുനിന്ന് ഉള്ളലോകത്തേക്ക് എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കവിതകളാണ് പച്ചക്കുപ്പി എന്ന സമാഹാരത്തിലെ കവിതയിൽ കാണാനാവുക. അഭാവത്തിന്റെ ലോകത്തുനിന്ന് ഭാവത്തിലേക്കുള്ള നോട്ടത്തിൽ ഇവയൊന്നും സ്വന്തമാക്കാനാവില്ല എന്ന സത്യം കവി നേരിടുന്നു.

ധന്യ വേങ്ങച്ചേരി

വസ്തുക്കളുടെ വർണ്ണപ്പകിട്ടുമുഴുവൻ മാഞ്ഞ് ഇല്ലാതാകുന്ന ഒരു ജീവിതാവസ്ഥയെ അഭാവങ്ങളോടുള്ള പ്രിയത്തിൽ കവിതയുടെ പക്ഷത്തുനിന്നുതന്നെ കവി രൂപകാത്മകമാക്കുന്നു. സ്വന്തമായി ഒന്നും ഇല്ലാതിരുന്ന ഒരു ജീവിതം ഓർത്തെടുക്കുന്ന വസ്തുലോകം, ഉള്ളതാണെന്ന് അറിയാനുള്ള ഭാഷ തേടുകയാണ് ചെയ്യുന്നത്. ഇല്ലായ്മയുടെ കണ്ണാടിയിൽ കവി കാണുന്നതുമുഴുവൻ ഉള്ളവന്റെ ലോകത്ത് വിരിയുന്ന പൂക്കളും പഴങ്ങളും വൃക്ഷങ്ങളുമാണ്. ഇല്ലായെന്ന് ഉറപ്പിക്കപ്പെട്ട അർത്ഥലോകത്തെ ലംഘിച്ച് ഓർത്തെടുക്കാൻ പലതുമുണ്ടെന്ന ഉണ്മയിലാണ് രേണുകുമാറിന്റെ കവിതയുടെ നിൽപ്പ്. പരിചിത ജീവിതത്തിൽനിന്ന് പെട്ടെന്ന് മാഞ്ഞുപോകുന്നവയും നശിച്ചുപോകുന്നയുമായ വാക്കുകളിൽനിന്ന് ജീവിതത്തിനാവശ്യമായ രൂപകങ്ങളെ കണ്ടെത്തുകയാണ് കവി. ഈർക്കിലിവരകൾ വീണ മുറ്റത്തെ ചതുരവടിവുകളിൽനിന്ന്, ലിപികളായും അക്ഷരങ്ങളായും പരിചിതജീവിതചിത്രങ്ങളെ ഓർമിച്ചെടുക്കുന്ന കവിതയാണ് കാണുന്നുണ്ടനേകമക്ഷരങ്ങൾ. ജീവിതത്തിന്റെ ഏറ്റവും പ്രയാസമേറിയ സ്ഥലകാലങ്ങളിൽ നിന്ന് അർത്ഥം തിരയുന്നതിലൂടെ ഒരു അനന്യത സാധ്യമാക്കുകയാണ് കവി ചെയ്യുന്നത്. മുത്തച്ഛൻ, അമ്മാവൻ, അമ്മ, അച്ഛൻ, എന്നിവരെ ഓർമ്മിച്ചെടുക്കുന്ന കാവ്യാനുഭവങ്ങളിൽ കവി അറിയലിന്റെ അനന്യതകൾ സൃഷ്ടിച്ചെടുക്കുന്നു. ഇല്ലായ്മയിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്ന അക്ഷരങ്ങളിൽ ഒരു നിർമ്മിതിയെ വായനക്കാർ കാണുന്നു. ചുരുണ്ട കടലാസ് വലുതാകുന്നതുപോലെ കുട്ടമ്മാനെ ചരിത്രത്തിലൂടെ വലുതാക്കുന്ന കവിതയാണ് കുട്ടമ്മാൻ :

അലമാരയിൽ നിന്ന് പുസ്തകമെടുക്കുമ്പോലെ എടുക്കാനാവും എനിക്ക് ഓർമ്മകളിൽ നിന്ന് കുട്ടമ്മാനെ
***പേര് നിവരുന്നതു പോലെ കടത്തിണ്ണയിൽ അട്ടപോലെ ചുരുണ്ടിരിക്കുന്ന കുട്ടമ്മാന്റെ ജീവിതം നിവർന്നു നിൽക്കുമോ? ഒന്നാഞ്ഞുപിടിച്ചു നോക്കാം.
(കുട്ടമ്മാൻ)

കവിതയിൽ പൊതുവിൽ തന്നെ ഒരു റിയലിസ്റ്റിന്റെ മുഖം രേണുകുമാർ സ്വീകരിക്കുന്നില്ല. അലമാരയിൽ നിന്നും കടലാസിലെചുരുണ്ട അച്ചടിയിൽനിന്നും വലിച്ചു നിവർത്തിയെടുക്കുന്ന ഓർമ്മകളാണ് ഈ കവിത നൽകുന്നത്. ആരുടെ ഉള്ളിലും വളർന്നു വലുതാവുന്ന ഭൂതമായി കുട്ടമ്മാൻ മാറുന്നു. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അന്വേഷണ സാധ്യതയാണ് ആധുനികത അതിന്റെ സാഹിത്യനിർമ്മിതികളിൽ കണ്ടെത്തിയത്.

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാവ്യഭാഷയെ ഉണ്ടാക്കിയെടുക്കുന്നതിലൂടെ അതിനെ രേഖപ്പെടുത്തുവാനും അതിജീവിക്കുവാനും കവിക്ക് കഴിയുന്നു. ഒരു അനുഷ്ഠാനത്തിലൂടെ വാക്കിനെ സഞ്ചിരിപ്പിച്ചില്ലെങ്കിൽ കവിക്ക് പുതിയരൂപങ്ങളെ സൃഷ്ടിക്കുവാൻ കഴിയില്ല. ഇത്തരം ചലനവും ചാലകസ്വഭാവവുമാണ് രേണുകുമാർ കവിതകളിലെ സാധ്യതയെ നിശ്ചയിക്കുന്നത്. അദ്ദേഹത്തിന്റെ കവിതയുടെ നിർമ്മാണത്തിൽ പരിചിതജീവിതത്തിന്റെ ഭാഷ, എങ്ങനെ പരിവർത്തിപ്പിക്കപ്പെടുന്നുവെന്ന അന്വേഷണം ഇവിടെ പ്രധാനമായി തീരുന്നു. ജീവിതത്തോടുള്ള പ്രിയം, തൊഴിൽ, ചിന്ത, വികാരം, വസ്ത്രം, ധാരണകൾ, സാങ്കേതികത ഇവയുടെ അഭാവവും ഭാവവുമാണ് ഇവിടെ ഭാഷ. ഇവയെല്ലാം ഒരു ജനസമൂഹത്തിന്റെ പ്രാഥമിക തെളിവുകളാണ്. ഏറ്റവും അടുത്തുനിൽക്കുന്ന പ്രാഥമികതയിൽ നിന്നുകൊണ്ട് സമകാലികതയിലൂന്നി കവിത നിർമ്മിക്കുന്നുവെന്നതാണ് രേണുകുമാർ കവിതകളിലെ സവിശേഷത. അധികാരഘടനയിൽ കരുത്താർജ്ജിക്കുന്ന സമൂഹങ്ങൾ വെളുമ്പുകളിലെ ഭാഷയെതന്നെ മാറ്റുന്നു. വാക്കും വസ്ത്രവും പ്രിയവുമെല്ലാം മറ്റൊരു അഭാവമായി തകിടം മറിയുന്നു. ആർകൈവുകളില്ലാത്ത ഗോത്ര വർഗ്ഗസമൂഹങ്ങളിലും ബഹിഷ്‌കൃതസമൂഹങ്ങളിലും വാക്കിന് അനുഷ്ഠാന സ്വഭാവമുള്ള അർത്ഥമുണ്ട്.

എസ്. കലേഷ്

വാക്ക് പ്രിയമോ വെറുപ്പോ ആനന്ദമോ ആയി മാറുന്നത് വാക്കിനെ അനുഷ്ഠാനാത്മാകമായി നവീനാർത്ഥത്തിൽ അനുഭവിക്കുന്നതിലൂടെയാണ്. ആധുനിക നവീകരണത്തിൽ അതിവേഗതയിൽ നഷ്ടം സംഭവിച്ചത് വെളുമ്പുകളിലെ ജീവിതങ്ങൾക്കായിരുന്നു. തൊഴിലും ഉപകരണങ്ങളും സാങ്കേതികവിദ്യയും ഭാഷയും അതുവഴി സൗന്ദര്യ ശാസ്ത്രവും ഇവർക്ക് കൈമോശം വന്നു. നഷ്ടപ്പെടുന്ന സൗന്ദര്യശാസ്ത്രത്തിന്റെ തിരിച്ചുവരവ് പരിചിതഭാഷയെ ചലിപ്പിച്ചും പ്രതിഫലിപ്പിച്ചും മാത്രമേ സാധ്യമാകുകയുള്ളൂ. ഒരു ഉറുമ്പ് ലോകത്തെ വീക്ഷിക്കുന്ന സംഭ്രമത്തോടുകൂടിയ അറിയലും ദർശനങ്ങളും ഇത്തരമൊരു പശ്ചാത്തലത്തിലാണ് മനസ്സിലാക്കാനാവുക.

ഇലകളുടെ വക്കുകളിൽ എത്തിക്കുത്തി നിന്ന് ആകാശത്തെ തൊടാനൊരായൽ ചാഞ്ഞ കൊമ്പുകളിൽ ഞാന്ന് കിടന്ന് പുഴയിലേക്കൊരു ചേലുനോട്ടം.
(ഉറുമ്പുകളുടെ സ്‌കൂളിൽ: വെഷക്കായ)

നഷ്ടം വന്ന സൗന്ദര്യശാസ്ത്രത്തെ തിരിച്ചുപിടിക്കുന്നതിന്, കവിത പ്രാഥമികജീവിതത്തെളിവുകളെ തേടുന്ന ഒരു ഫീൽഡ് വർക്കിന്റെ ദൗത്യമേറ്റെടുക്കുന്നു. കുടുംബവൃത്താന്തങ്ങൾ, തൊഴിൽ, കൃഷി, ഭക്ഷണം, വെള്ളപ്പൊക്കം, വെയിൽ, മഞ്ഞ് ഇവയോരോന്നിന്റെയും ഭാഷയെ സഞ്ചരിക്കുന്ന ഒരു അനുഷ്ഠാനപരതയിൽ നിന്ന് കവി ഓർത്തെടുക്കുന്നു.

അശോകൻ മറയൂരും ഡി. അനിൽകുമാറും

ഇല്ലായ്മയിൽ നിന്നുകൊണ്ടാണ് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നിന്റെ വസ്തുരൂപം കവി സൃഷ്ടിച്ചെടുക്കുന്നത്. നവീകരണത്തിനും പുറത്താക്കലിനും ഇടയിലെ ജീവിതം സദാസമയവും പുറത്താക്കൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയുടേതാണ്.

സൗന്ദര്യശാസ്ത്രത്തിന്റെ നഷ്ടങ്ങൾ ഒരു ജനതയുടെ ഇല്ലായ്മയ്ക്ക് ആക്കം കൂട്ടുന്നതായി രേണുകുമാറിന്റെ കവിതകൾ ഓർമപ്പെടുത്തുന്നു. ആരും ഏറ്റെടുക്കാനില്ലാത്ത വാക്കുകൾ, അറിവുകൾ, ദൈവങ്ങൾ ഇവയുടെയെല്ലാം അഭാവങ്ങൾ കവിയുടെ വാക്കുകളിൽ നിറയുന്നു. ഇകഴ്ത്തികാണേണ്ടതില്ലാത്ത ജീവിതഭാഷയെ മനസ്സിലാക്കി കൊടുക്കുവാനും, അവരുടെ കൈയിൽ ജീവിതസാധ്യത ഇങ്ങനെയാവാമെന്ന് ചിന്തിക്കാനുമുള്ള സാധ്യതകളാണ് രേണുകുമാർ കവിതകൾ തുറന്നിടുന്നത്.

സുകുമാർ ചാലിഗദ്ധ

സമകാലിക മലയാളകവിതയിൽ ഇത്തരം രേഖപ്പെടുത്തലിന്റെ സൗന്ദര്യശാസ്ത്രത്തെ ആവിഷ്‌കരിക്കുവാൻ ഇന്ന് പുതിയകവികൾ ശക്തരാണ്. പരിചിതജീവിത്തിത്തിൽ അനുഭവിച്ചവയും വന്നു ചേരുന്നതുമായ അനുഭവങ്ങളാണ് ശബ്ദങ്ങളുടെ മൂലരൂപത്തെ നിരാകരിച്ചുകൊണ്ട് അവയ്ക്ക് പുതുരൂപം നൽകുന്നതെന്ന് എസ്. കലേഷിന്റെ ശബ്ദമഹാസമുദ്രം അനുഭവപ്പെടുത്തുന്നു. പറച്ചിലിന്റെയും ചൊല്ലലിന്റെയും അർത്ഥത്തിന്റെയും പുതിയ ബോധ്യം ഇതുവഴി നിർമിക്കപ്പെടുന്നു. കാടിന്റെയും കടലിന്റെയും സൗന്ദര്യശാസ്ത്രത്തെ അശോകൻ മറയൂരും ഡി.അനിൽകുമാറും കണ്ടെത്തുന്നു. സുകുമാർ ചാലിഗദ്ധ, ശിവലിംഗൻ, പ്രകാശ് ചെന്തളം, ധന്യ വേങ്ങച്ചേരി തുടങ്ങിയ കവികൾ തങ്ങളുടെ പരിചിത ജീവിതത്തിലൂടെ ഭാഷയിൽ കൃത്യമായ സ്ഥലം കണ്ടെത്തുന്നു. കത്തിപ്പോയ രേഖകകളിൽ നിന്ന് സാമൂഹികചിന്തകനായ എം.എൻ. ശ്രീനിവാസ ഓർത്തെടുക്കുന്ന ഗ്രാമം പോലെ, എം.ആർ. രേണുകുമാർ വാക്കുകളിലൂടെ ഒരു ജീവിത സൗന്ദര്യശാസ്ത്രത്തെ ഓർത്തെടുക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. കാണുന്ന അനേകം അക്ഷരങ്ങൾ തന്റെ സമരായുധമാണെന്നും എഴുത്തിലൂടെ മാത്രമേ രക്ഷപ്പെടാൻ കഴിയൂ എന്നും കവി വ്യക്തമാക്കുന്നു. ആധുനികകവിതയിൽ മുഴങ്ങിക്കേട്ട കടമ്മനിട്ടയുടെ കാടെവിടെ എന്ന കാവ്യശബ്ദം അതിസങ്കീർണമായി സമകാലികകവിതയിലേക്ക് തിരിച്ചുവരുന്നത്, കിടക്കവിരിയിൽ ചിത്രങ്ങളായി മാറിയ മീനുകളുടെ ചെതുമ്പലുകളിൽ ചേർത്ത ശ്വാസംമുട്ടിക്കുന്ന ശബ്ദങ്ങളിൽ നിന്നാണ്; പാർപ്പുകളെന്ത്യേ പെണ്ണേ/നമ്മുടെ പാർപ്പുകളെന്ത്യേ.▮


ഡോ. ആർ. ഐ. പ്രശാന്ത്

അധ്യാപകൻ, ഭാഷാ-സാഹിത്യവിമർശന സംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു. തീയേ എരിഹ (കഥാപഠനം ) എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments