പി.എൻ. ഗോപീകൃഷ്ണൻ

മനസ്സുകൊണ്ടു മാത്രം എത്തിച്ചേരാനാവുന്ന സ്ഥലങ്ങൾ

പി.എൻ. ഗോപീകൃഷ്ണന്റെ കവിതകളിൽ പലതരത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച്, ഭൂമിശാസ്ത്രപരമായ കേവലസ്ഥലം മാത്രമല്ലാതാകുന്ന ഇടങ്ങളെക്കുറിച്ച് ഒരു വിചാരം

കലും, ഓട്ടോക്കാർ രാത്രിച്ചാർജ് വാങ്ങുന്ന സ്ഥലത്തെക്കുറിച്ചറിയാമോ; വികാരങ്ങൾകൊണ്ട് അതിർത്തികൾ അടയാളപ്പെടുത്തുന്ന, ഓർമ കൊണ്ട് വഴിതെളിക്കേണ്ട ഒരിടത്തെക്കുറിച്ച്?
പാതാളത്തിലേയ്ക്ക് തുറക്കുന്ന കുളവും, മലയാളം അറിയുന്ന പുളിയും, ഇത്തിരി ഇംഗ്ലീഷ് അറിയുന്ന താറാപ്പറ്റവുമൊക്കെയുള്ള ഇത്തരം ഇടങ്ങൾ ശരിയ്ക്കുമുണ്ടോ എന്നാണോ?
ഉണ്ടാവും. കാരണം, അവിടെ, ശ്രീനാരായണനെ കണ്ടതുകൊണ്ട് പ്രായം നിലച്ച കണ്ണുകളുള്ള, എന്നാൽ, മനുഷ്യവ്യവഹാരങ്ങളനുസരിച്ച് പ്രായം ചെന്ന ഒരുടലുണ്ട്! ഇങ്ങനെ ചില ശരീരങ്ങളുടെ സാന്നിധ്യം കൊണ്ട്, നമ്മൾ നിത്യജീവിതത്തിൽ പെരുമാറുന്ന ഇടങ്ങളിൽ നിന്ന് ഈ ‘സ്ഥല'ങ്ങൾ വേറിട്ടു നിൽക്കുന്നുവെന്നു തോന്നാം. എന്നാൽ, സൂക്ഷിച്ചു നോക്കുമ്പോഴാണ്, നമ്മുടെ നിത്യജീവിതത്തെത്തന്നെയാണ് ഈ ഇടങ്ങൾ അടയാളപ്പെടുത്തുന്നതെന്നു കാണുക; അതും, കുറെക്കൂടി ആഴത്തിൽ. (‘ഭൂമിയുടെ നടുമദ്ധ്യ'മെന്ന് ബഷീർ പറഞ്ഞ ‘കടുവാക്കുഴിക്കുന്നു' പോലെയുള്ള സ്ഥലങ്ങൾ ഒറ്റനോട്ടത്തിൽ, അസംഭാവ്യമെന്നു തോന്നിച്ചാലും ജനതയുടെ ഭാവനാഭൂപടത്തിൽ ഇടം നേടിയിട്ടുണ്ടല്ലോ).

പറഞ്ഞുവരുന്നത്, പി.എൻ. ഗോപീകൃഷ്ണന്റെ കവിതകളിൽ പലതരത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ചാണ്; ‘സ്ഥല'മെന്നാൽ, ഭൂമിശാസ്ത്രപരമായ കേവലസ്ഥലം മാത്രമല്ലാതാകുന്ന ഇടങ്ങളെക്കുറിച്ചാണ്. കുറച്ചൊന്ന് സാങ്കേതികമായിപ്പറഞ്ഞാൽ, ഫ്രഞ്ച് ഫിലോസഫറും മാർക്‌സിയൻ ചിന്തകനുമായ ഹെൻറി ലുഫേവറിന്റെ (Henri Lefebvre) സിദ്ധാന്തങ്ങൾ, പ്രത്യേകിച്ച്, സ്ഥലം/ഇടത്തെ (space) കുറിച്ചും ദൈനദിന ജീവിതത്തെക്കുറിച്ചുമുള്ള സങ്കൽപനങ്ങൾ, ഗോപീകൃഷ്ണന്റെ കവിതകളിൽ പ്രത്യക്ഷപ്പെടുന്നതെങ്ങനെ എന്ന സാമാന്യമായൊരാലോചനയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്.

സാമൂഹികമായ ഒരുൽപ്പന്നമാണ്, അഥവാ സങ്കീർണമായ ഒരു സാമൂഹിക നിർമിതിയാണ് ഇടം (space), എന്നതാണല്ലോ ലുഫേവർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ദർശനം. നിലനിൽക്കുന്ന സാമൂഹികഘടകങ്ങളാണ് ആ ‘ഇട'ത്തിന് അർത്ഥമുണ്ടാക്കിക്കൊടുക്കുന്നത്. അതിനാൽത്തന്നെ, സവിശേഷ വ്യവഹാരങ്ങളിൽ, ഏതു സ്ഥലത്തിനും അതിന്റെ കേവലമായ സത്തയ്ക്കപ്പുറത്ത് പുതിയ അർത്ഥങ്ങൾ ഉണ്ടാക്കാനും സാധിയ്ക്കും.
ഉദാഹരണത്തിന്, വാടാനപ്പള്ളി എന്ന സ്ഥലത്തെ എടുക്കുക: നമ്മുടെ അറിവനുസരിച്ച്, അത് തൃശൂർ ജില്ലയിലുള്ള, നാട്ടിക മണപ്പുറത്തോടു ചേർന്ന ഒരു സ്ഥലമാണ്. അവിടെ, റേഷൻ കാർഡുള്ളവരുണ്ടാകാം, സുഹൃത്തുക്കളുള്ളവരുണ്ടാകാം, സ്വന്തം ശരീരമുള്ളവർ പോലുമുണ്ടാകാം. എന്നാൽ, കവി നോക്കുമ്പോൾ തിരിച്ചറിയും:

വാടാനപ്പള്ളി വാടാനപ്പള്ളിയേ അല്ല. അത് പലപ്പോഴും കേരളത്തിൽത്തന്നെയല്ല. ഇന്ത്യയിലും ആവണമെന്നില്ല. ചിലപ്പോൾ അത് കടൽ നീന്തി ഒമാനിലെത്തും, മസ്‌ക്കറ്റിലെ കോർണിഷിൽ മലർന്നു കിടക്കും, ദുബായ് വഴിതിരിച്ചു കയറി ചാവക്കാടെത്തും, അയില വില്ക്കുന്ന മമ്മദിന്റെ കാല്ക്കൽ പട്ടിയെപ്പോലിരിയ്ക്കും, ചിലപ്പോൾ ഉയർന്നുപൊങ്ങി ചന്ദ്രനിലെത്തും, ചിലപ്പോൾ ഒരു വിമാനത്തിന്റെ ചിറകിൽ വെയിലെന്നപോലെ പാറും, ചിലപ്പോൾ ഒരു വൃക്ഷ ശിഖരത്തിൽ ആത്മഹത്യ ചെയ്യാനെന്ന പോലെ കയറി നില്ക്കും, ചിലപ്പോൾ കൊച്ചുകുഞ്ഞുങ്ങളെപ്പോലെയോ കുടിയന്മാരെപ്പോലെയോ ഒറ്റയടി വെച്ച് നടക്കും .

ആദ്യമൊരു വായനയിൽ ചിന്ത തടഞ്ഞു നില്ക്കും: ഇതൊരു സ്ഥലത്തെപ്പറ്റിത്തന്നെയാണോ? അതോ അവിടുത്തെ പല പല മനുഷ്യരെപ്പറ്റിയോ? അവർ ആ ദേശം തന്നെയാവുകയാണോ? അവർ പോകുന്നിടത്തൊക്കെ, സ്വന്തം ശരീരത്തോടൊപ്പം ദേശശരീരം കൂടി കൊണ്ടു പോകുകയാണോ? അങ്ങനെയൊക്കെയാവാമെന്ന് സമാധാനിച്ചു വരുമ്പോഴേയ്ക്ക്, കവിത രണ്ടാം ഭാഗത്തിലേക്ക് കടക്കും:

1973ൽ കൊടുങ്ങല്ലൂരിനടുത്ത എസ്​.എ​ൻ. പുരത്ത്​ തുടങ്ങിയ പോള തിയറ്റർ സന്ദർശിച്ച ബോളിവുഡ്​ താരം ദിലീപ്​ കുമാറിനെ തിയറ്ററുടമ പി.കെ. ഭഗീരഥൻ സ്വീകരിക്കുന്നു. പി.എൻ. ഗോപീകൃഷ്​ണന്റെ കവിതകളിൽ കടന്നുവരുന്ന ഒന്നാണ്​ പോള തിയറ്റർ

ഒരു രാത്രി ആരൊക്കെയോ ചേർന്ന് വാടാനപ്പള്ളിയെ പിടികൂടി. ഉടലിൽ നിന്നും ഉന്മാദം വലിച്ചു കീറി. ചുറ്റിയ കടലിനെ, ചൂടിയ ചന്ദ്രനെ വലിച്ചെറിഞ്ഞു. മലർത്തിക്കിടത്തി ഉദ്ധൃതമായൊരു നാഷണൽ ഹൈവേ കൊണ്ട് ബലാത്സംഗം ചെയ്തു.

ഇപ്പോൾ, വാടാനപ്പള്ളി എന്ന ജീവച്ഛവത്തിൽ ആർക്കും വരാം കാർക്കിച്ചു തുപ്പാം, പോകാം.

തീർച്ചയായും, ഇത് ദേശത്തെ ഏതെങ്കിലും വ്യക്തിയെക്കുറിച്ചല്ല, ദേശത്തെക്കുറിച്ചു തന്നെയാണ്. വികസനത്തിന്റെ പേരിൽ, സ്വന്തം സ്വത്വത്തെ പിൻവലിക്കുകയോ മറച്ചുവെക്കുകയോ ചെയ്യേണ്ടി വരുന്ന ദേശം; മുറിവേറ്റ ഇടം. അതിന് അതിന്റേതായുണ്ടായിരുന്ന സ്വകാര്യതകളെ ഇല്ലാതാക്കുന്ന പുതിയ ലോകവ്യവസ്ഥയുടെ കടന്നുവരവിനെ സൂചിപ്പിച്ചു കൊണ്ടാണല്ലോ കവിത അവസാനിയ്ക്കുന്നത്. കുറ്റിപ്പുറം പാലം ആധുനികതയുടെ കടന്നുവരവിനെ സൂചിപ്പിച്ചതു പോലെത്തന്നെയാണ്, വാടാനപ്പള്ളിയിലെ നാഷണൽ ഹൈവേ ആഗോളവത്ക്കരണത്തിന്റെ വരവിനെ അടയാളപ്പെടുത്തുന്നത് എന്നു പറയാം; ഒരുപക്ഷേ, കുറച്ചു കൂടി രൂക്ഷമായ ഭാഷയിൽ. അങ്ങനെ നോക്കുമ്പോൾ, വാടാനപ്പള്ളി എന്ന സ്ഥലം ‘കേരളത്തിലാകണമെന്നില്ല, ഇന്ത്യയിൽത്തന്നെയാകണമെന്നില്ല' എന്ന് കുറച്ചു മുമ്പേ വായിയ്ക്കുന്നതിന്റെ വിശാലമായ അർത്ഥത്തിലേയ്ക്ക് നമ്മൾ എത്തിച്ചേരുന്നു.
മനുഷ്യരുടെ വേരുകൾ ആഴത്തിലിറങ്ങിയ സ്ഥലങ്ങളാവും ഇത്. ഓരോരുത്തർക്കും അവരവരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്ന സ്ഥലങ്ങൾ; അതിവേഗം മറഞ്ഞുകൊണ്ടിരിയ്ക്കുന്ന സ്ഥലങ്ങൾ. അന്വേഷിച്ചു ചെല്ലുമ്പോൾ, ഇങ്ങനെയൊരു സ്ഥലം സ്ഥലം വാടാനപ്പള്ളിയിൽ മാത്രമല്ല പനങ്ങാടുമുണ്ട് എന്നു കാണും:

വീടുവിട്ടാൽ മലർന്നു കിടക്കാവുന്ന സ്ഥലം .... ആധാരമോ പട്ടയമോ വേണ്ടാതെ ഞങ്ങളുടെ മൈതാനത്തിന്റെ ഉടമസ്ഥതയിൽ ഒരു ആകാശമുണ്ടായിരുന്നു. പന്തുകൾ കൂടണഞ്ഞാൽ മലർന്നു കിടന്ന് നോക്കാവുന്നത്, അനുഭവിയ്ക്കാനാവുന്നത്.

അവിടെ ഗലീലിയോ ഉലാത്തി, താർക്കോവ്‌സ്‌കി പടം പിടിച്ചു, ആയിരത്തൊന്നു രാവുകളെ ഒറ്റ രാവിൽ ആയിരത്തൊന്നു നക്ഷത്രങ്ങൾ സംഗ്രഹിച്ചു'
(ഹൈസ്‌കൂൾ മൈതാനം, പനങ്ങാട്)

ദൈനംദിനതയുടെ അടയാളങ്ങൾ സമൃദ്ധമായി പതിഞ്ഞു കിടക്കുന്നുണ്ടെങ്കിലും ഏകതാനതയുടെ ചെളിപ്പാടങ്ങളായി മാറിപ്പോകാത്ത ഇടങ്ങളാണ് ഗോപീകൃഷ്ണന്റെ കവിതകളിൽ പ്രത്യക്ഷപ്പെടുന്നത്.

ആളുകളുടെ ഓർമ്മകൾ, അഭിലാഷങ്ങൾ, ചിന്തകൾ എന്നിങ്ങനെ അസ്തിത്വത്തിന്റെ എല്ലാ ഘടകങ്ങളും ചേർത്ത് നിർമ്മിയ്ക്കപ്പെട്ടതാണ് ഈ സ്ഥലങ്ങൾ; ‘കൈപ്പുണ്യമുള്ള ഒരമ്മൂമ്മയെപ്പോലെ, ജനത പാകം ചെയ്‌തെടുത്ത' സ്ഥലങ്ങൾ. ഓരോ കാലഘട്ടവും, ഒരോ ജനതയും അവിടെ സ്വന്തം അടയാളങ്ങൾ പതിപ്പിച്ചു; ജീവിച്ചതിന്റേയും, അതിജീവിച്ചതിന്റേയും അടയാളങ്ങൾ. ആ സ്ഥലം വെറുതെ ഉണ്ടായതല്ല, ജനങ്ങൾ ഉണ്ടാക്കിയതാണ് എന്നർത്ഥം. അതു കൊണ്ടാണ്, ജനതയുടെ ഓരോ രോമകൂപത്തിലും ദേശം വിയർക്കുന്നത്, ദേശം മണക്കുന്നത്! അതുകൊണ്ടുതന്നെ, അവിടെ ജീവിച്ചവർ എങ്ങോട്ടൊക്കെ പോയാലും അതിനെ കൂടെക്കൊണ്ടു പോകും. സ്വിമ്മിങ്ങ് പൂളുകളെ വെടിഞ്ഞ് കടലിൽ കുളിയ്ക്കാനും സുഗന്ധദ്രവ്യങ്ങൾ തട്ടിക്കളഞ്ഞ് (സഹ്യന്റെ മകനെപ്പോലെ!) മണൽ വാരിപ്പൂശാനും വെയിൽ വള്ളിയിൽ പൂക്കുന്നവയോടു ചിരിയ്ക്കാനും ചന്ദ്രക്കല ചൂടാനുമൊക്കെ പ്രചോദിപ്പിക്കുന്ന ആദിമചോദനകളായി അവർക്കുള്ളിൽ ദേശം നിലകൊള്ളും. അവരെല്ലാം ചേർന്ന്, വീണ്ടും വീണ്ടും വാടാനപ്പള്ളിയെ നിർമ്മിച്ചു കൊണ്ടിരിയ്ക്കും.

തൊണ്ണൂറുകളുടെ അവസാനം എടപ്പാൾ ഹൈസ്​കൂളിൽ നടന്ന കവി സമ്മേളനത്തിൽ കൽപ്പറ്റ നാരായണൻ സംസാരിക്കുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട്​, പി.എ. നാസിമുദ്ദീൻ, പി.പി. രാമചന്ദ്രൻ, എ.സി. ശ്രീഹരി, ശ്രീകുമാർ കരിയാട്​, വി.ജി.തമ്പി, പി.എൻ. ഗോപീകൃഷ്​ണൻ തുടങ്ങിയവരെയും കാണാം

എന്നാൽ, വേറൊരു തരത്തിൽ ആലോചിയ്ക്കുമ്പോൾ മനസ്സിലാകും, ദേശത്തെ സൃഷ്ടിച്ചു എന്നു പറയുന്ന ഈ ആളുകളെ സൃഷ്ടിച്ചത് ‘സ്ഥലം' തന്നെയാണെന്ന്! പല കാലങ്ങളിൽ, പല രീതിയിലാണെന്നു മാത്രം. ഗോപീകൃഷ്ണന്റെ കവിതയിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന ‘പാപ്പിനിവട്ട'ത്തെക്കുറിച്ചുള്ള സൂചകങ്ങൾ വെച്ച് ഇതിനെ വിശദീകരിയ്ക്കാൻ ശ്രമിയ്ക്കാം. സർക്കാർ കണക്കിൽ, ‘അൺ എക്കണോമിക്കൽ' ആയതു കൊണ്ട് അടച്ചുപൂട്ടാൻ പുറപ്പെട്ട ഒരു പ്രാഥമികവിദ്യാലയമാണ്, ജി.എൽ.പി.എസ്. പാപ്പിനിവട്ടം. എന്നാൽ, അവിടെ പഠിച്ച്, പൗരന്മാരും പൗരികളുമായിത്തീർത്ത കുട്ടികളുടെ കണക്കിലോ? അവർക്കതിനെ ഒരു കണക്കിലും ഒതുക്കാനാവില്ല. പഠിയ്ക്കാൻ മാത്രമല്ല, സ്‌കൂളവരെ പഠിപ്പിച്ചത്:

ക്ലാസുകളിൽ നീ ഉറക്കം പഠിപ്പിച്ചു സ്വപ്നം പഠിപ്പിച്ചു അമ്മിണി ടീച്ചറെക്കൊണ്ട് പാടിച്ച് ഞങ്ങൾക്ക് ചെമ്പരുന്തിന്റെ ചിറകു മുളപ്പിച്ചു. വരകളും വലകളും വിസിലുകളുമില്ലാത്ത മുറ്റത്തേയ്ക്കിറങ്ങി ഞങ്ങൾ പറന്നു കളിച്ചു.
(ജി.എൽ.പി.എസ് പാപ്പിനിവട്ടം)

പേരിൽ, പാപ്പിനിവട്ടത്തിന്റെ മുദ്ര ചാർത്തുന്നുണ്ടെങ്കിലും, അനുഭവങ്ങളെ സാമാന്യവത്ക്കരിച്ചുകൊണ്ട്, ഓർമയുടെ ആദ്യവിദ്യാലയങ്ങളെയെല്ലാം പ്രതിനിധീകരിക്കുകയാണ്, ജി.എൽ.പി.എസ്. പാപ്പിനിവട്ടം. മറുപുറത്ത്, ശിക്ഷയായും ശാസനയായും വെളിച്ചപ്പെടുന്ന, എല്ലാക്കാലത്തേയ്ക്കുമായി ഉടലിൽ ഇടം പിടിയ്ക്കുന്ന ചില അടയാളങ്ങളുണ്ടാക്കുന്നതും ഇതേ സ്‌ക്കൂൾ തന്നെ:

കീറി മുറിച്ച് അവർ എന്റെ ഉടലിൽ ഒരു തറക്കല്ലിട്ടു - പിൽക്കാലത്ത് പോലീസിനും ഡോക്ടർക്കും എമിഗ്രേഷൻ ഓഫീസർക്കും പരിശോധിക്കാൻ പാകത്തിൽ. മുക്കിയെടുക്കാനും ഊരിപ്പിഴിയാനും ഉണക്കാനും വെട്ടിയൊതുക്കാനും സുഗന്ധം തേച്ചു പിടിപ്പിയ്ക്കാനും പാകത്തിൽ
(ഉടലിൽ ഒരു സ്‌കൂൾ)

വ്യക്തിപരമെന്നും പ്രാദേശികമെന്നും തോന്നാവുന്ന അനുഭവങ്ങളെ, സാർവലൗകികവും വിശാലവുമായ തുറസ്സുകളാക്കി പരിവർത്തിപ്പിയ്ക്കുന്നതിൽ ഗോപീകൃഷ്ണന്റെ കവിത പ്രത്യേകം ശ്രദ്ധിയ്ക്കുന്നുണ്ട്.

ചില അദ്ധ്യാപകരുടെ പേരെടുത്തു പറയുന്നുണ്ടെങ്കിലും അവർ ഒറ്റയൊറ്റ വ്യക്തികളല്ല. വ്യക്തികളോടൊപ്പം അവരുടെ ശരീരത്തിൽ കയറിപ്പറ്റി, അവർ പോകുന്നിടത്തെല്ലാം സഞ്ചരിയ്ക്കുന്ന, അവരെ പരിശോധിക്കുന്ന ആർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യവസ്ഥ തന്നെയാണ്. വാടാനപ്പള്ളി എന്ന ദേശവും ഇതുപോലെ ഉടലിൽ ഉള്ളതാണ്. എന്നാൽ, അത് സ്വാഭാവികമായി അദേശിച്ചതും, ഇത് കൃത്രിമമായി, കീറിമുറിച്ച്, ശരീരത്തിൽ സന്നിവേശിപ്പിച്ചതുമാണ് എന്നതത്രേ വ്യത്യാസം. സ്‌കൂളിംഗ് എന്നാൽ ഒരുതരം പരുവപ്പെടുത്തൽതന്നെയാണ് എന്ന ആൽവിൻ ടോഫ്‌ളറുടെ സിദ്ധാന്തവും ഇവിടെ ഓർമ്മിയ്ക്കാം. അതുകൊണ്ടുതന്നെ, ‘സുശിക്ഷിതരായ', പല പല മധുരങ്ങളാൽ മയക്കപ്പെട്ട കുട്ടികൾ വളരെയെളുപ്പത്തിൽ പാപ്പിനിവട്ടം ജി.എൽ.പി.എസിൽ നിന്ന് ബാംഗ്ലൂരിലെ ഐ.ടി. പാർക്കുകളിലേയ്ക്ക് ചേക്കേറും, ഉള്ളിൽ നിന്ന് ദേശത്തിന്റെ വേര് വേർപ്പെടുത്തും:

രണ്ടു മഴ ബാംഗ്ലൂരിൽ കഴിഞ്ഞാൽ നന്നായുരുളും, ​​​​​​​പൊതിയ്ക്കുള്ളിലാകും,

പിന്നെ, പഞ്ചാര റിപ്പബ്ലിക്കുകളിലേയ്ക്ക്, മിഠായി നഗരങ്ങളിലേയ്ക്ക് പറന്നു പറന്നു പോകാം.

പറന്നു പറന്നു പോയി, അലിഞ്ഞലിഞ്ഞു തീർന്നു.
(കുഴലൂത്തുകാരൻ )

ദേശം ഉളളു കൊണ്ടറിഞ്ഞ മനുഷ്യരല്ല ഇവർ എന്നതുകൊണ്ടാണിത്. ദേശത്തിന്റേതെന്ന പേരിൽ കൃത്രിമമായ ചില അടയാളങ്ങളെ കീറിമുറിച്ച ഉടലിൽ സന്നിവേശിപ്പിച്ച പാവകൾ മാത്രമാണവർ. ഇവരുടെ കാലത്താണ്, ദേശത്തിന്, അമ്മൂമ്മ രുചികളുടെ വൈവിധ്യം നഷ്ടമാകുന്നതും ഏകതാനമായ മിഠായി മധുരങ്ങളിൽ ദേശം അലിഞ്ഞു പോകുന്നതും. അപൂർവം ചിലർ, ഇങ്ങനെ നഷ്ടപ്പെടുന്ന ഇടങ്ങളെ, അതീവരഹസ്യമായി ഓർമ കൊണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുന്നതും കാണാം:

നാടുവിട്ടവന്റെ കണ്ണിൽ ഭൂമി മാത്രമല്ല ഉരുണ്ടത്. ഓർമയും. അതിനാലാണ് തണ്ണിമത്തൻ കാണുമ്പോഴൊക്കെ കാറു നിർത്തുന്നത്.

മേശയിൽക്കിടത്തി മെല്ലെ മെല്ലെ കത്തി പേടിച്ചാഴ്ത്തുന്നത് അതിന്നുള്ളിലെ ഉരുണ്ടു മരവിച്ച നദിയിൽ നിന്നും ഒരു ചുമന്ന പ്രേംനസീർ പുറത്തുചാടിയാലോ?
(പോളാ ടാക്കീസ്, എസ്.എൻ.പുരം)

ഭൂതകാലത്തിൽ, പോളാ ടാക്കീസ് എന്ന നദിയോടൊപ്പം ഉറച്ചു പോയതാണ് ആ പ്രേംനസീർ. ഓർമയുടെ ഏതോ അറയിൽ ഖനീഭവിച്ച്, അവിടെയുണ്ടെന്നേ അറിയിക്കാതെ ഇരിക്കുകയായിരുന്നു. എന്നാൽ തണ്ണിമത്തന്റെ പച്ചയിലൂടെ നാട് നുഴഞ്ഞു കയറിയോ? പ്രേംനസീറിനൊപ്പം പുറത്തുചാടുമെന്ന് അയാൾ ഭയക്കുന്നത് തന്റെയുള്ളിലെ ആ പഴയ ഗ്രാമീണനെയല്ലേ?
എസ്. എൻ. പുരം /പാപ്പിനിവട്ടം/ വാടാനപ്പള്ളി എന്നത്, ലോകത്തെ ഏതു ദേശവുമായി മാറാനുള്ള ഒരു സാധ്യതയിലേയ്ക്കാണ് ഇത് നീളുന്നത്. ദേശത്തെ അടയാളപ്പെടുത്തുന്ന സന്ദർഭങ്ങളിലെല്ലാം അതിനെ കേവലസ്ഥലത്തിൽ നിന്ന് മോചിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നതായി കവിതന്നെ സൂചിപ്പിയ്ക്കുന്നുണ്ട്: ജി.എൽ.പി.എസ് പാപ്പിനിവട്ടത്തിൽ, ‘പൂന്തോട്ടങ്ങൾക്കു പകരം / വന്മരങ്ങൾ നാട്ടി/ നീ ഉയരം ധൂർത്തടിച്ചു' എന്ന വരികളുണ്ട്. അതിലെ വന്മരങ്ങൾ വായനക്കാർക്ക് പുളിയോ മാവോ പ്ലാവോ മറ്റേതെങ്കിലും ഉയർന്ന മരങ്ങളോ ആകാം. പക്ഷേ, അതെഴുതുമ്പോൾ ഏതു മരമാണ് ആ മുറ്റത്തുണ്ടായിരുന്നത് എന്ന് എനിയ്ക്ക് കൃത്യമായി ഓർമിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അത്തരം എഴുത്തുകൾ പ്രയാസം. വായനക്കാർക്ക് ഇതുകൊണ്ടെന്തു പ്രയോജനം എന്നു ചോദിച്ചാൽ, അവരവരുടെ നാട്ടനുഭവത്തിലേയ്ക്ക്, വിദ്യാലയാനുഭവത്തിലേയ്ക്ക് അതിനെ എളുപ്പത്തിൽ പറിച്ചുനടാനാവും- ' (എസ്. കലേഷുമായുള്ള അഭിമുഖം, 2016, ഏപ്രിൽ).

എസ്​.എൻ. പുരത്തെ പോള തിയറ്റർ

‘ഇട'ത്തിന്റെ പ്രതീകാത്മകതലം (symbolic diamention of space) എന്നാണ് ലുഫേവർ ഇതിനെ അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തെ സംബന്ധിച്ച്​, ആ പ്രതീകങ്ങൾ, മരങ്ങളും കെട്ടിടങ്ങളുമെല്ലാമടങ്ങുന്നതാണ്, ആ പ്രദേശത്തെ ലാന്റ്‌സ്‌കേപ്പിനെ നിർണ്ണയിയ്ക്കുന്ന എല്ലാ ഘടകങ്ങളേയും ഉൾക്കൊള്ളുന്നതാണ്. അങ്ങനെ നോക്കുമ്പോഴാണ്, സിനിമാ ടാക്കീസിനെവിടെയാണ് തീരം എന്ന ചോദ്യം അപ്രസക്തമാകുന്നതും പോളാ ടാക്കീസ് നിർണയിച്ച 'നദീതട സംസ്‌ക്കാരം' രൂപപ്പെടുന്നതെങ്ങനെയെന്ന് തെളിഞ്ഞു കിട്ടുന്നതും:

പേരാറിന്റെയോ പെരിയാറിന്റെയോ തീരമായിരുന്നില്ല എന്റെ ഗ്രാമം. പോളാ ടാക്കീസിന്റെ തീരമായിരുന്നു

ജാതിയിൽ വസിയ്ക്കുകയും ജാഥകളിൽ നൃത്തം വെയ്ക്കുകയും ചെയ്തു പോന്ന ജനതയ്ക്ക് പോളാ ടാക്കീസ് അവധിയില്ലാത്ത സർവ്വകലാശാലയായി; പുതിയ പുതിയ പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തു:

എങ്ങനെയിരിക്കും കോളേജ്? പോലീസ്? ഡോക്ടർ? ജഡ്ജി?

എങ്ങനെയിരിക്കണം കരുണ? കണ്ണീർ? എന്താണ് വിധി? ലോട്ടറി?

ആഗോളവത്ക്കരണത്തിന് മുമ്പുള്ള കാലത്ത്, ഗ്രാമങ്ങളിലെ മനുഷ്യർക്ക് പുറംലോകക്കാഴ്ച്ചകൾ നല്കിയത് സിനിമയായിരുന്നു. സ്വർഗം പോലെ നഗരക്കാഴ്ച്ചകൾ അവരെ പ്രലോഭിപ്പിച്ചു. യുവാക്കളിലധികവും സിനിമാതാരങ്ങളെലെപ്പോലെയാകാൻ, സിനിമയിലെ പോലെ പെരുമാറാൻ ആഗ്രഹിച്ചു! നാട്ടുരുചികളിൽ പുതിയ കലർപ്പുകൾ വന്നു തുടങ്ങി. എന്നാലും ആ മനുഷ്യരുടെയുള്ളിൽ ‘നാട്' ഉണ്ടായിരുന്നു. അടുത്ത തലമുറയിൽ നിന്നാകട്ടെ, ആദ്യം കൊഴിഞ്ഞു പോയത് ഈ ‘നാട്' ആണ്.

സാമൂതിരി കീഴടക്കുകയും വധശിക്ഷയ്ക്കു വിധിയ്ക്കപ്പെടുകയും ചെയ്ത പാപ്പിനിവട്ടത്തെ ഒരു രാജാവിനെക്കുറിച്ചുള്ള കവിതയാണ്, ‘എന്റെ തെളിവ് ഞാൻ തന്നെ'. മരണത്തിന് തൊട്ടു മുമ്പേ, അയാൾ ആലോചിച്ചത്, പാപ്പിനിവട്ടത്തെ ഇത്തിരി മണ്ണിനെക്കുറിച്ചോ, അവിടുത്തെ പ്രജകളെക്കുറിച്ചോ, താൻ വരുത്തിയ വീഴ്ച്ചകളെക്കുറിച്ചോ അല്ല. പുതിയൊരു ചതുരംഗം കണ്ടു പിടിയ്ക്കുന്നതിനെക്കുറിച്ചാണ്:

വലതു കൈ കൊണ്ട് ഇപ്പുറം നീക്കി, ഇടതു കൈ കൊണ്ട് അപ്പുറം നീക്കി, ഒറ്റയ്ക്കു കളിയ്ക്കാൻ കഴിയുന്നത്.

എങ്കിൽ ജയിക്കുന്നതും തോല്ക്കുന്നതും ഒരാൾ തന്നെയാകും എന്നതുകൊണ്ടല്ല, വേണമെങ്കിൽ കൊല്ലലിനെ നമുക്ക് ചാവലാക്കാൻ കഴിയും തിനാൽ.

ദേശത്തെ സൃഷ്ടിയ്ക്കുന്ന മനുഷ്യർ, മറ്റേതിനോ ആ ദേശത്താൽ നിർണയിക്കപ്പെടുന്ന മനുഷ്യർ. രണ്ടും പരസ്പരപൂരകമായിരുന്ന പഴയ കാലത്തിൽ നിന്ന് മുന്നോട്ടു നീങ്ങുമ്പോഴുണ്ടാകുന്ന സംഘർഷങ്ങളാണ് ഗോപീകൃഷ്ണന്റെ കവിതകളെ ചലനാത്മകമാക്കുന്നത് എന്നു പറയാം.

ദേശത്തെ സംബന്ധിച്ച കാഴ്ച്ചകളിലും ഈ ചാവലും കൊല്ലലും മാറി മാറി വരുന്നുണ്ട് എന്നു കാണാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദേശത്തിന്റെ രണ്ടു സാധ്യതകൾ. ഒന്നിന്റെ അടിസ്ഥാനം, ദേശത്തെ സൃഷ്ടിയ്ക്കുന്ന മനുഷ്യർ, മറ്റേതിനോ ആ ദേശത്താൽ നിർണയിക്കപ്പെടുന്ന മനുഷ്യർ. രണ്ടും പരസ്പരപൂരകമായിരുന്ന പഴയ കാലത്തിൽ നിന്ന് മുന്നോട്ടു നീങ്ങുമ്പോഴുണ്ടാകുന്ന സംഘർഷങ്ങളാണ് ഗോപീകൃഷ്ണന്റെ കവിതകളെ ചലനാത്മകമാക്കുന്നത് എന്നു പറയാം.
മൂന്നാമതായി, ഈ ദേശം അവിടത്തെ ജനങ്ങളിലൂടെ പ്രതിഫലിയ്ക്കുന്നതെങ്ങനെ എന്നുകൂടി സൂചിപ്പിച്ചിട്ട് ചുരുക്കാം എന്നു വിചാരിയ്ക്കുന്നു. 'രുചിയൊന്ന് കഥ വേറെ' എന്ന കവിതയിലൊക്കെ കാണുന്നതുപോലെ, ആളുകളുടെ സ്വഭാവവും ജീവിതവും ദേശത്തിൽ പ്രതിഫലിയ്ക്കുന്ന സന്ദർഭങ്ങൾ. കവി, കടല വില്പനക്കാരനോടു ചോദിക്കും: ഒരേ കടല വിറ്റ് നിനക്ക് മടുത്തില്ലേ? നിത്യജീവിതത്തിലെ ആവർത്തനം ആരെയായാലും മടുപ്പിയ്ക്കുമെന്നതുകൊണ്ടും കടലക്കാരൻ ഈ ആവർത്തനത്തെ ഉല്ലംഖിയ്ക്കാൻ എന്തെങ്കിലുമൊന്ന് ചെയ്യുന്നതായി കവി (നമ്മളും) കാണുന്നില്ല എന്നതുകൊണ്ടും വളരെ പ്രസക്തമായൊരു ചോദ്യമായി ഇതനുഭവപ്പെടും. പക്ഷേ, വിലയിലെ ഏറ്റക്കുറച്ചിലനുസരിച്ച് കടലക്കാരൻ കടലകളുടെ നാടു മാറ്റുന്നുണ്ടായിരുന്നു, നാടു മാറുമ്പോൾ കഥയും കഥ മാറുമ്പോൾ രുചിയും മാറുന്നുണ്ട്. നമ്മൾ കാണാഞ്ഞിട്ടാണ്:

ബംഗാൾക്കടലയ്ക്ക് ദാരിദ്ര്യത്തിന്റെ കഥ, ചതിയുടെ കഥ, സ്വപ്നങ്ങൾ സംഹരിയ്ക്കപ്പെട്ട കഥ. കാബൂൾക്കടല മൈൻ പാടത്ത് വിളഞ്ഞത്, ചോരയിൽ കുതിർന്നത്. ഒരിയ്ക്കലും ശമിയ്ക്കാതെ അവ ചട്ടിയിൽ പൊട്ടിപ്പൊട്ടിച്ചിരിയ്ക്കും പൊട്ടിപ്പൊട്ടിക്കരയും തമിഴൻ കടലയ്ക്ക് ജാതിയുണ്ട്, ആൺ പെൺ കുളന്തൈ ഭേദമുണ്ട്.

കടല വില്പനക്കാരനോടു മാത്രം കടലകൾ അവയുടെ ഭാഷയിൽ സംസാരിയ്ക്കുമെന്നു മനസ്സിലായപ്പോൾ കവിയ്ക്ക് ആകാംക്ഷയേറി:

കേരളത്തിലെ കടലയോ? അത് ബലൂൺ പോലെ പൊള്ള, മത്തങ്ങയാണെന്ന് ഭാവിയ്ക്കും തേങ്ങയാണെന്ന് വാചകമടിയ്ക്കും വറചട്ടിയിൽക്കിടന്ന് ഭേരിയടിയ്ക്കും.

വായിൽ ചതഞ്ഞരയുമ്പോഴാകട്ടെ, ഞങ്ങളിതാ ഒരു മനുഷ്യനെത്തിന്നുന്നു എന്ന് പ്രഖ്യാപിയ്ക്കും. ​​​​​​​വീമ്പുപറച്ചിലല്ല, അത്രയും ആത്മാർത്ഥതയിൽ, പച്ചമലയാളത്തിൽ.

പൊള്ളയായ, അത്രയേറെ ആത്മാർത്ഥതയോടെ ആത്മപ്രശംസയിൽ അഭിരമിക്കുന്ന മലയാളി ജീവിതം ഈ കടലകളിലൂടെ വെളിച്ചത്തു വരുന്നതു നോക്കൂ. നമ്മുടെ ദൈനംദിന ജീവിത (everyday Iife) ത്തോടുള്ള സൂക്ഷ്മമായ സംവേദനത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നൊരു കാഴ്ച്ചയാണിത്. കവിയുടെ ഭാഷയിൽ പറഞ്ഞാൽ ദൈനംദിനതയുടെ ചെളി മാറ്റി നോക്കുമ്പോൾ കാണുന്ന ജീവിതത്തിന്റെ സങ്കീർണത.

‘ജീവിയ്ക്കുന്ന കാലത്തിന്റെ സങ്കീർണതകളിൽ തൊടാൻ കവിതകളിലൂടെ ഞാൻ ശ്രമിച്ചിട്ടുണ്ട്. കാലം എന്നു വിളിയ്ക്കുമ്പോൾ നമ്മളിൽ പലരും സമീകരിയ്ക്കുന്നത് പത്രമാധ്യമങ്ങളിലെ അച്ചടിയക്ഷരങ്ങളോടും ടി.വി.യിലെ പുതിയ മാധ്യമങ്ങളിലെ ദൃശ്യപരമ്പരകളോടുമാണ്. വാക്കുകളാലും ദൃശ്യങ്ങളാലും തർക്കങ്ങളാലും നമ്മുടെ മേൽ അടിച്ചേൽപ്പിയ്ക്കപ്പെടുന്ന കാലമല്ല, കവിത അഭിമുഖീകരിക്കുന്ന കാലം. ഈ ദൈനംദിനതയുടെ ചെളിനീക്കിയാലേ അനുഭവത്തിന്റെ കടലും കരയും ജീവനും കിട്ടൂ. അതിലാണ് നാം വസിയ്ക്കുന്നത്. എന്നാൽ നാമതൊട്ടും അറിയുന്നില്ല-' (എസ്. കലേഷുമായുള്ള അഭിമുഖം, 2016, ഏപ്രിൽ).
​ലുഫേവർ മുന്നോട്ടു വയ്ക്കുന്ന ദൈനംദിനത (everyday Life) എന്ന ആശയത്തോട് അതിശയകരമാം വിധത്തിൽ ചേർന്നു പോകുന്ന വിധത്തിലാണ് ഈ കാഴ്ചകൾ എന്നു പറയാം.

ചുരുക്കട്ടെ: ദൈനംദിനതയുടെ അടയാളങ്ങൾ സമൃദ്ധമായി പതിഞ്ഞു കിടക്കുന്നുണ്ടെങ്കിലും ഏകതാനതയുടെ ചെളിപ്പാടങ്ങളായി മാറിപ്പോകാത്ത ഇടങ്ങളാണ് ഗോപീകൃഷ്ണന്റെ കവിതകളിൽ പ്രത്യക്ഷപ്പെടുന്നത്. സ്ഥലത്തിന്റെ നേർച്ചിത്രങ്ങളോ അനുഭവങ്ങളുടെ ഫോട്ടോസ്റ്റാറ്റോ അവിടെ കാണുകയുമില്ല. വ്യക്തിപരമെന്നും പ്രാദേശികമെന്നും തോന്നാവുന്ന അനുഭവങ്ങളെ, സാർവ്വലൗകികവും വിശാലവുമായ തുറസ്സുകളാക്കി പരിവർത്തിപ്പിയ്ക്കുന്നതിൽ ഗോപീകൃഷ്ണന്റെ കവിത പ്രത്യേകം ശ്രദ്ധിയ്ക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിലും, ചതുരബസ്റ്റാന്റും ബിസ്‌ക്കറ്റും പെപ്‌സിയും പാനിപൂരിയും പരിചിതമായ ഓട്ടോയും കണ്ടെന്നുവരാം. പക്ഷേ, യാഥാർത്ഥ്യത്തെ ഒന്നര ഇരട്ടിയായി ചാർജു ചെയ്യുന്ന ആ ഓട്ടോയിൽ കയറി യാത്രചെയ്ത ശേഷം, നമുക്ക് പച്ചയും ചുവപ്പും കാവിയും മാത്രമുപയോഗിച്ച്, കേരളത്തിന്റെ (എന്നല്ല, ഒരു നാടിന്റേയും) ഭൂപടങ്ങളിൽ അടയാളം വെയ്ക്കാനാവില്ല! ▮


ഇ.എം. സുരജ

കവി. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ മലയാള വിഭാഗം അധ്യാപിക. ഒരിലയ്​ക്ക്​ എങ്ങനെയൊക്കെ പറക്കാം (കവിത), കവിതയിലെ കാലവും കാൽപ്പാടുകളും, മാരാരുടെ നിരൂപണം: വഴിയും ​പൊരുളും (പഠനങ്ങൾ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments