കെ.ജി.എസ്.

കെ.ജി.എസ്. കവിതകളുടെ അപകോളനീകരണവിദ്യ

ആഖ്യാനമേഖലയിലെ അപകോളനീകരണമാണ് കെ.ജി.എസ് കവിതകൾ. ഇവ രാഷ്ട്രീയപരമാകുന്നത് ആഖ്യാന ജനാധിപത്യവത്ക്കരണത്തിലൂടെയാണ്.

ലയാള കവിതാ സാഹിത്യചരിത്രത്തിൽ ബ്രാഹ്‌മണികാധിനിവേശത്തിന്റെയും യൂറോപ്യൻ അധിനിവേശത്തിന്റെയും അഭിനിവേശ സഞ്ചാരപഥങ്ങളുണ്ട്. അധിനിവേശകർക്കും അധിനിവേശിതർക്കും ഇടയിൽ സങ്കരതയുടെ ഇടനിലങ്ങളുണ്ട്. അധിനിവേശാഭിചാരത്തിന് ദണ്ഡനം, മാരണം, സ്തംഭനം, വശീകരണം എന്നീ തന്ത്രങ്ങളുണ്ട്. നമ്പൂതിരിമാരുടെ പരമാധികാരം അവരെ ജന്മഭോഗാധികാരികളും വിശുദ്ധാവിശുദ്ധ വിവേചനാധികാരികളും അറിവധികാരികളും ആക്കി. പതിനഞ്ചാം നൂറ്റാണ്ടു മുതൽ യൂറോപ്യൻ അധിനിവേശം രാഷ്ട്രീയവും മതപരവും പാരിസ്ഥിതികവും ലൈംഗികവുമായ സാമ്രാജ്യത്വമായി; ആധുനികത, ജനാധിപത്യം, വികസനം, മതേതരത്വം, സാർവലൗകികത, മാനവികതാവാദം എന്നിവ അധിനിവേശ ഹിംസയെ മറച്ചുവെയ്ക്കുന്ന വശീകരണ മന്ത്രങ്ങളായി.

ആധുനികതാന്തരത, (Trans modernity) ആധുനികതയുടെ ഉറവിടവും കേന്ദ്രവും ആണ് യൂറോപ്പ് എന്ന കെട്ടുകഥയെ കെട്ടഴിയ്ക്കുന്നു. ഏഷ്യ, ആഫ്രിക്ക, അമേരിക്ക വൻകരകളിലെ പ്രകൃതി - സംസ്‌കൃതി വിഭവങ്ങൾ കൊള്ളയടിച്ചുകൊണ്ടാണ് യൂറോപ്യൻ കൊളാഷ് ആധുനികത രൂപപ്പെട്ടത്
എൻറിക് ഡ്യുസ്സെൽ, വാൾട്ടർ മിഗ്‌നാലോ, അനിബാൾ ക്വിജാനോ, റാമോൺ ഗ്രോസ്ഫോഗ്വൽ, അർത്തൂറോ എസ്കോബാർ എന്നീ ലാറ്റിനമേരിക്കൻ ചിന്തകരാണ് ഈ പദ്ധതിയുടെ അഗ്രഗാമികൾ. അപകോളനീകരണാത്മക സ്ത്രീവാദമായും അപകോളനീകരണാത്മക പ്രകൃതിദർശനമായും അപകോളനീകരണാത്മക ദൈവശാസ്ത്രമായും അപകോളനീകരണാത്മക സൗന്ദര്യശാസ്ത്രമായും ക്വിയർ ദർശനമായും ഈ പദ്ധതി ബഹുമുഖമായിട്ടുണ്ട്.

എൻറിക് ഡ്യുസ്സെൽ, വാൾട്ടർ മിഗ്‌നാലോ, അനിബാൾ ക്വിജാനോ
എൻറിക് ഡ്യുസ്സെൽ, വാൾട്ടർ മിഗ്‌നാലോ, അനിബാൾ ക്വിജാനോ

ആധുനികതാന്തരതയുടെ കാഴ്ചപ്പാടിൽ ഭവം സാംക്രമികഭവം (Trans being) ആണ്. ആധുനികതാന്തരതയുടെ ഭവശാസ്ത്രം ഭിന്നതാപരവും ബന്ധപരവും ആയിത്തീരലിൽ വർത്തിക്കുന്നതുമാണ്. അതുകൊണ്ട് ആധുനികത, ശരീരം, വസ്തു, ചരിത്രം, മതം, അനന്തത, വ്യക്തി, രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം എന്നിവ സംക്രമണ സ്വഭാവമുള്ളവയാണ്. അതുകൊണ്ട് ആധുനികതാന്തരതയെ ശരീരാന്തരത (Trans corporeality), ഭൗതികാന്തരത (Trans materiality), ചരിത്രാന്തര കാലം (Trans historical time), മതാന്തരത, സാന്താന്തര അനന്തതകൾ (Transfinite infinities), വ്യക്ത്യന്തരത (Trans individuality), രാഷ്ടീയപ്പകർച്ച (Trans politics) സൗന്ദര്യശാസ്ത്ര പ്പകർച്ച (Trans aesthetics) എന്നു വിളിക്കാം.

കെ.ജി.എസിന്റെ ജന്മരാത്രി, കറുത്ത വാവ്, കാക്ക എന്നീ ആദ്യകാല കവിതകളിൽ കൃഷ്ണപക്ഷത്തിലാടുന്ന സൃഷ്ടി താണ്ഡവത്തിന്റെ ഭീകരസൗന്ദര്യമുണ്ട്

പാരമ്പര്യത്തിന്റെ അടയാളങ്ങളാണ് ഗ്രാമം -വനം; മിത്തിക്കൽ കാലം, മിത്ത്, നാട്ടറിവ്, മതം, വാമൊഴി, ജാതി വ്യവസ്ഥ, ജാതീയ വിഷയി, അനുഷ്ഠാനം, നാടൻ - സവർണ വൈദ്യം, ദൈവശാസ്ത്രം പ്രാദേശികത എന്നിവ.

യൂറോകേന്ദ്രിത ആധുനികതയുടെ അടയാളങ്ങളാണ് നഗരം; ചരിത്രകാലം, യുക്തി, യൂറോ കേന്ദ്രിത ശാസ്ത്രം, അച്ചടി-എഴുത്ത്, ദേശീയത, അണുകുടുംബ ലൈംഗികത, സിനിമ, അലോപ്പതി, നരവംശശാസ്ത്രം, സാർവലൗകികത, ആറ്റം സങ്കൽപ്പം, എന്നിവ.

ആധുനികാനന്തരതയുടെ അടയാളങ്ങളാണ് സ്ഥലസങ്കരത, വംശാവലി ചരിത്രം; അപനിർമാണം, ബഹു സാംസ്‌ക്കാരികത, സാമൂഹ്യനിർമിതി വാദം, വ്യവഹാരം, നാടോടി വിഷയി, മൾട്ടി മീഡിയ, സൈബർ സെക്‌സ്, വംശീയ വൈദ്യം, സൈബോർഗ് പഠനം, ക്വാണ്ടം മെക്കാനിക്‌സ് എന്നിവ.

ആധുനികതാന്തരതയുടെ അടയാളങ്ങളാണ് ബഹുലൗകികത; ചരിത്രാന്തര കാലം, മതാന്തര സംവാദം, ശാസ്ത്രപ്പകർച്ച, മാധ്യമപ്പകർച്ച, സ്വത്വപ്പകർച്ച, ലിംഗപ്പകർച്ച, ഇന്റർനെറ്റ്, വംശാന്തര വൈദ്യം, മനുഷ്യാനന്തര വിഷയി, ഭൗതികപ്പകർച്ച എന്നിവ.

അർത്തൂറോ എസ്കോബാർ, റാമോൺ ഗ്രോസ്ഫോഗ്വൽ
അർത്തൂറോ എസ്കോബാർ, റാമോൺ ഗ്രോസ്ഫോഗ്വൽ

യൂറോപ്പിന്റെ ആധുനികത ഇനിയും പൂർത്തീകരിക്കേണ്ട പദ്ധതിയല്ല, അതിനെ അപകോളനീകരിക്കുന്ന പദ്ധതിയാണ് നമുക്കിനി നിർവഹിക്കാനുള്ളത്. ഇതിന് പരസ്പരബന്ധാവസ്ഥയുണ്ട്. അധിനിവേശത്തിന് രാഷ്ട്രീയവും ലിംഗപരവും ലൈംഗികവും വംശീയവും പാരിസ്ഥിതികവും മതപരവും സൗന്ദര്യശാസ്ത്രപരവും ജാതീയവും ആയ തലങ്ങളുണ്ട്.
സ്‌പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് അധിനിവേശം തുടങ്ങിയതെങ്കിലും ബ്രിട്ടനും ഫ്രാൻസും ജർമനിയും ഹോളണ്ടും അധിനിവേശ പ്രകിയ പൂരിപ്പിച്ചു. നവോത്ഥാനം, പാശ്ചാത്യ പ്രബുദ്ധതാ പദ്ധതി, വ്യവസായ വിപ്ലവം, ഫ്രഞ്ചു വിപ്ലവം, മതനവീകരണം എന്നിവ അധിനിവേശാധുനികതയുടെ പടവുകളാണ്.

ആഖ്യാനപരമായ ബഹുലൗകികത

മലയാളികളുടെ കോസ്‌മോപോളിറ്റൻ സംസ്‌കാര ശീലങ്ങളുടെ അടയാളം മൺസൂൺ കാറ്റുകളാണ്. യൂറോപ്യൻ സാർവലൗകികതയിലേക്കുമാത്രം തുറക്കുന്ന വാതിലല്ല ഇത്. ബഹുലൗകികതയിലേക്ക് പറക്കാനുള്ള പലതരം ദേശാടനക്കിളിച്ചിറകുകൾ നമുക്ക് കിട്ടുന്നത് മറ്റു വൻകരകളിലേക്കു നയിക്കുന്ന മൺസൂൺ കാറ്റുവഴികളിലൂടെയാണ്. കോളനിവത്കരണ ശക്തികൾ വരുന്നതും ഈ കടൽപ്പാതയിലൂടെയാണ്. നമ്മുടേത് മൺസൂൺ ബഹുലൗകികതയാണ്​. മൺസൂൺ ആധുനികതാനന്തരയാണ്​.

ആദ്യകാല കവിതകളായ ജന്മരാത്രി, കറുത്തവാവ്, കാക്ക, ഞാൻ എന്നിവ ഭാവഗീതപരമല്ല. നാർസിസസ് കാഴ്ചയെ തകർക്കുന്ന പുതുകാഴ്ചകളാണ്. വിവിധ ആഖ്യാന പാരമ്പര്യങ്ങളെ വർത്തമാനകാല പ്രതിസന്ധികളെ എഴുതാനായി കവി നവീകരിയ്ക്കുന്നു.

ഭൂഗോളത്തിലെ പല വംശങ്ങളും പല പല ശാസ്ത്രങ്ങളും വിദ്യകളും കലാവിദ്യകളും പ്രകൃതി വിഭവങ്ങളും സസ്യജന്തുസൂക്ഷ്മാണുജാലങ്ങളും രോഗങ്ങളും ചികിത്സകളും മതങ്ങളും വിനിമയം ചെയ്യുന്ന അഴിമുഖമായി കേരളം പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പേ മാറിയിട്ടുണ്ട്. ബ്രാഹ്‌മണർ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞെങ്കിലും ബുദ്ധരും ജൈനരും മുസ്‌ലിംകളും ക്രിസ്ത്യാനികളുമടങ്ങുന്ന കച്ചവട സംഘങ്ങൾ ബഹുലൗകികത സൃഷ്ടിച്ചിട്ടുണ്ട്. ഇത് ആഖ്യാനപരമായ ബഹുലൗകികതയും സൃഷ്ടിച്ചിട്ടുണ്ട്.

ആദിവാസി ആഖ്യാനങ്ങൾ, ദളിത് ആഖ്യാനങ്ങൾ, ബുദ്ധ- ജൈന ആഖ്യാനങ്ങൾ, വൈദിക - ഇതിഹാസ പുരാണാഖ്യാനങ്ങൾ, കുടില രാഷ്ട്രീയാഖ്യാനങ്ങൾ (അർത്ഥശാസ്ത്രം, മനുസ്മൃതി, ശാങ്കരസ്മൃതി, വ്യവഹാര മാല), ശൃംഖലാഖ്യാനങ്ങൾ (കഥാസരിത്‌സാഗരം), അന്യാപദേശം (പഞ്ചതന്ത്രം), മഹാകാവ്യം, ദ്രാവിഡാഖ്യാനങ്ങൾ, നാടോടി ആഖ്യാനങ്ങൾ (ഐതിഹ്യമാല), ക്രിസ്ത്യൻ ആഖ്യാനങ്ങൾ, മുസ്‌ലിം ആഖ്യാനങ്ങൾ, മാർക്‌സിയൻ ആഖ്യാനങ്ങൾ എന്നിവയുടെ വാമൊഴിപരവും വരമൊഴിപരവും പ്രകടനപരവും ആയ ശൃംഖലാ ബന്ധത്തിലാണ് നമ്മുടെ ആഖ്യാന പാരമ്പര്യം.

നാടൻപാട്ട്, പാട്ടുകവിത കിളിപ്പാട്ട്, തുള്ളൽ, ഗാഥ, ചമ്പു, മണിപ്രവാളം, കഥകളി, കൂത്ത്, പാഠകം, മാപ്പിള പാട്ട്, വാതിൽ തുറപ്പാട്ട്, ചവിട്ടുനാടകപ്പാട്ട്, ശ്ലോകം, ഖണ്ഡകാവ്യം, സന്ദേശകാവ്യം, വള്ളംകളി പാട്ട്, മുക്തകം, കൈകൊട്ടിക്കളിപ്പാട്ട് എന്നിവയാണ് പരമ്പരാഗത ആഖ്യാനങ്ങൾ.

യൂറോപ്യൻ ആധുനികതയുടെ വ്യാപനത്തിന്റെ ഭാഗമായി അച്ചടിയും പത്രമാധ്യമങ്ങളും ഉണ്ടായി. മിഷണറി സാഹിത്യം ഉണ്ടായി. ചെറുകഥ, നോവൽ, ഭാവഗീതം, ഗീതകം, വിലാപകാവ്യം, ട്രാജഡി- കോമഡി, നാടകീയ സ്വഗതോക്തി എന്നീ ആഖ്യാന ഗണങ്ങൾ പറിച്ചുനട്ട് പലതരം മലയാളങ്ങളുണ്ടായി. അറബി മലയാളം, മിഷണറി മലയാളം, ആദിവാസി മലയാളം, രഹസ്യമലയാളം, മാനകമലയാളം ഭാഷാന്യൂനപക്ഷ മലയാളം എന്നിവയുടെ ഗണപകർച്ചകളുണ്ടായി. ഈ ആഖ്യാന ജനിതക വിത്തുകളെയാണ് നമ്മൾ കൂട്ടുമുണ്ടകനായും കരിങ്കൊറയായും കൃഷി ചെയ്തു കൊണ്ടിരിക്കുന്നത്. പരദേശി വിത്തുകൾ നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും ഇണങ്ങുന്നവ അതിജീവിച്ചു.

ശിവതാണ്ഡവപ്പകർച്ചകൾ

എം.ഗോവിന്ദൻ ‘കടുന്തുടിയും ഓടക്കുഴലും' എന്ന പഠനത്തിൽ ഗ്രീക്ക് സംസ്‌ക്കാരത്തിലെ അപ്പോളോണിയൻ- ഡയനീഷ്യൻ സംസ്‌ക്കാരഭേദം പോലെ വൈഷ്ണവ - ശൈവ ഭേദത്തെക്കുറിച്ചുള്ള ചിന്തകളവതരിപ്പിക്കുന്നു. ഈ കാഴ്ചയ്ക്ക് പരിമിതികളുണ്ട്. ബ്രഹ്‌മം- വിഷ്ണു ദേവതകൾ സവർണ സംസ്‌കാരത്തിന്റേതാണ്. എന്നാൽ ശിവ- കൃഷ്ണ -ദേവി പാരമ്പര്യം കീഴാളമാണ്. ഇവയെ മേലാളർ സങ്കരവത്ക്ക രിച്ചിട്ടുണ്ടെങ്കിലും. കൃഷ്ണന്റെ ലീലാപരത, ലൈംഗികോർജ്ജം എന്നിവ വിധ്വംസകമാണ്. ശിവ സംസ്‌ക്കാരം ആട്ടത്തിന്റെയും കൂട്ടത്തിന്റെയും ശരീരത്തിന്റെയും ആത്മീയതയാണ്.

എം. ഗോവിന്ദൻ / Photo: Keralaculture.org
എം. ഗോവിന്ദൻ / Photo: Keralaculture.org

ശിവ സംസ്‌കാര മാർഗം ഉന്മാദകരവും കൂട്ടായതുമായ ആഘോഷപരത; ജൈവ തീക്ഷ്ണത, ക്രമരാഹിത്യം, വന്യത എന്നിവയാൽ സൗമ്യവും കുലീനവും അന്തർമുഖവും ആയ രീതികളിൽ നിന്ന്​ വേറിട്ടു നിൽക്കുന്നു. ശിവതാണ്ഡവത്തിൽ ഭിന്ന ഭാവ ഋതുക്കളുണ്ട്. ആൺ- പെൺ പകർച്ചയുണ്ട്. ഓരോ ജീവജാലവുമായുള്ള പകർന്നാട്ടമുണ്ട്. സൃഷ്ടി സ്ഥിതി സംഹാര തിരോധാന അനുഗ്രഹ സാക്ഷാത്ക്കാര ഭേദമുണ്ട്.

കെ.ജി.എസിന്റെ ജന്മരാത്രി, കറുത്ത വാവ്, കാക്ക എന്നീ ആദ്യകാല കവിതകളിൽ കൃഷ്ണപക്ഷത്തിലാടുന്ന സൃഷ്ടി താണ്ഡവത്തിന്റെ ഭീകരസൗന്ദര്യമുണ്ട്. വൃക്ഷം, ഞാൻ എന്നിവയിൽ അസ്തിത്വ സ്ഥിതിയുടെ രോദനമുള്ള രുദ്രതാണ്ഡവമുണ്ട്. അയോധ്യ, ബംഗാൾ, ആനന്ദൻ, കഷണ്ടി, നിശ്ശബ്ദത, വരും വരും എന്ന പ്രതീക്ഷ എന്നിവയിൽ രക്തകാളിയോടൊത്തുള്ള സംഹാര പ്രചണ്ഡ താണ്ഡവത്തിന്റെ വേനൽനട്ടുച്ചയുണ്ട്.അന്യാധീനം, കൊച്ചിയിലെ വൃക്ഷങ്ങൾ, മണൽക്കാലം, കടമ്പനാട്ടു കടമ്പില്ല, അഗ്‌നിശമനം എന്നിവയിൽ കോളനിവത്ക്കരണം മരുവൽക്കരിച്ച ഇടത്തിൽ മഞ്ഞുകാല തിരോധാന നൃത്തമുണ്ട്. ചെറുതിനെ വിഴുങ്ങുന്ന വലുത്, മണൽക്കാലം, തത്ത്വചിന്തയുമായി ഞാനുലാത്തുമ്പോൾ എന്നിവയിൽ പ്രകൃതിയുടെ അനുഗ്രഹകാലത്തിന്റെ നിനവുകളുണ്ട്.

കവിത ഒരു ഇടനിലപദം ആണ്. അറിയാത്തവ കൊണ്ട് അത് അറിഞ്ഞതിനെ മറയ്ക്കുന്നു. സൂര്യന്റെ ബിംബത്തിൽ ഇരുട്ടടയ്ക്കുന്ന നിറങ്ങളിൽ അറിയാത്തതിനെ വരയ്ക്കുന്നു എന്ന് ജോർജസ് ബതായി അഭിപ്രായപ്പെടുന്നു

സ്വത്വത്തിന്റെ അപകോളനീകരണം
ഇന്ന് ഇരട്ട കോളനീകരണം സവർണ പുരുഷനെ യൂറോപ്യൻ അധിനിവേശത്തിന്റെ നടത്തിപ്പുകാരനാക്കിയിട്ടുണ്ട്. വികസന പുരുഷനും ദേശീയതയുടെ കഥാപുരുഷനും ആക്കിയിട്ടുണ്ട്. ഈ ഇൻസുലാർ വിഷയി പ്രകൃതിയെയും അപരരെയും പുറംഇടമായി മാറ്റിയിട്ടുണ്ട്. സാംക്രമിക വ്യക്തി ((Trans individual) യുടെ അഭാവത്തിന്റെ ഒഴിവിടങ്ങളെയാണ് അന്യാധീനം, കടമ്പനാട്ട് കടമ്പില്ല, മെഴുക്കുപുരണ്ട ചാരുകസേര, മണൽക്കാലം, ഗൂർഖ, കീറിയ സോക്‌സിലെ പാദം എന്നീ കവിതകൾ എഴുതുന്നത്.

പ്രകൃതിയുടെ അപകോളനീകരണം
ദക്ഷിണാർദ്ധഗോളത്തിലെ പ്രകൃതിയെ യൂറോപ്യൻ പാരിസ്ഥിതിക സാമ്രാജ്യത്വം കീഴടക്കിവാഴുന്നത് പ്ലാന്റേഷനുകൾ, വൻകിട അണക്കെട്ടുകൾ, അണുനിലയം, ഹരിത വിപ്ലവം, ധവള വിപ്ലവം, ജനിതക മാറ്റം വരുത്തിയ വിളകൾ എന്നിവ വഴിയാണ്. നമുക്ക് യൂറോപ്യൻ പരിസ്ഥിതി പ്രസ്ഥാനങ്ങളെ മിമിക് ചെയ്യാതെ തദ്ദേശീയ പരിസ്ഥിതി ദർശനം ഉരുത്തിരിയേണ്ടതുണ്ട്. കൊച്ചിയിലെ വൃക്ഷങ്ങൾ എന്ന കവിത അധിനിവേശം എങ്ങനെ പ്രകൃതി ബന്ധങ്ങളെ അന്യവത്ക്കരിച്ചു എന്നന്വേഷിക്കുന്നു. ചെറുതിനെ വിഴുങ്ങുന്ന വലുത് എന്ന കവിത മിഷ്യനറി ആധുനികതയുടെ ഭാഗമായ വികസനാധുനികത, ഉപകരണാത്മക യുക്തിയിലൂന്നിയ ജ്ഞാന- ഭാഷാ വ്യവഹാരങ്ങളിലൂടെ പ്രകൃതി ബന്ധത്തെ മാറ്റി എന്നന്വേഷിക്കുന്നു.തത്ത്വചിന്തയുമായി ഞാനുലാത്തുമ്പോൾ എന്ന കവിത ആന്തരിക പ്രകൃതിയുടെ മരുവത്ക്കരണത്തെ കാണി ച്ചുതരുന്നു. മണൽക്കാലം ബന്ധപാരസ്പര്യത്തിന്റെ പശിമ പോയി മണൽ കൂനയാവുന്ന സാമൂഹ്യ ബന്ധങ്ങളിലെ ഉർവരതാ നഷ്ടത്തെക്കുറിച്ചാണ്.

കാഴ്ചയുടെ അപകോളനീകരണംപല പോസിലുള്ള ഫോട്ടോകൾ, കാഴ്ചക്കാരൻ, ലോകാന്തത എന്നീ കവിതകൾ ദൃശ്യ സംസ്‌ക്കാരത്തിൽ അധിനിവേശം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അനുഭവസാക്ഷ്യം തരുന്നു.

കേൾവി ശീലങ്ങളുടെ അപകോളനീകരണംപ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ, ശബ്ദാസുരന്റെ നഗരത്തിൽ എന്നീ കവിതകളിൽ പുതുകേൾവി സംസ്‌കാരം നിശ്ശബ്ദതയുടെ ഇടങ്ങളെ എങ്ങനെ കീഴടക്കുന്നുവെന്ന് കാണിച്ചുതരുന്നു.

സ്വാതന്ത്ര്യാഭിലാഷത്തിന്റെ അപകോളനീകരണം
ഇന്നത്തെ ഇരട്ട കോളനീകരണത്തിലൂടെ പുതുവശീകരണ തന്ത്രങ്ങൾ, പുതു അഭിലാഷങ്ങളെയും സ്വാതന്ത്ര്യ സ്വർഗങ്ങളെയും സൃഷ്ടിക്കുന്നു. ഈ മോഹിനിയുടെ മായാജാലത്തെ അപനിർമിക്കുകയാണ് ഒടിച്ചു മടക്കിയ ആകാശം, പക്ഷി, വേണ്ട, അമൃതിനും വിഷത്തിനുമിടയിൽ, തിരസ്‌ക്കാരം എന്നീ കവിതകൾ.

പ്രേമത്തിന്റെ അപകോളനീകരണം
പരമ്പരാഗതമായ ബ്രാഹ്‌മണിക പുരുഷ മേൽക്കോയ്മയും പുത്തൻ അണുകുടുംബ ലൈംഗികതയും മലയാളികളുടെ പ്രേമാനുഭവത്തിൽ എങ്ങനെ ഇടപെട്ടുവെന്ന് അന്വേഷിക്കുകയാണ് കുടമറ, ഉള്ളിന്റെയുള്ളിൽ, സുനിൽ സ്വാമിയുടെ ആത്മഗതം, ഒട്ടകം, രമണ യാമം കഴിഞ്ഞ്, പ്രേമമെന്നെന്തിനെ നാം വിളിക്കുന്നു?, മാവും പോപ്‌ളാറും, കലർപ്പ് എന്നീ കവിതകൾ

ആഖ്യാനത്തിന്റെ അപകോളനീകരണം
ആഖ്യാനമേഖലയിലെ അപകോളനീകരണമാണ് കെ.ജി.എസ് കവിതകൾ. ഇവ രാഷ്ട്രീയപരമാകുന്നത് ആഖ്യാന ജനാധിപത്യവത്ക്കരണത്തിലൂടെയാണ്. ആത്മനായകത്വം, ആത്മരതി, രേഖീയത, ആദിമധ്യാന്ത പൊരുത്തം, സുനിശ്ചിതാന്ത്യം, പ്രശ്‌നപരിഹാരം എന്നീ ആഖ്യാന നിയമങ്ങളെ ഈ കവിതകൾ ലംഘിക്കുന്നു.
ആദ്യകാല കവിതകളായ ജന്മരാത്രി, കറുത്തവാവ്, കാക്ക, ഞാൻ എന്നിവ ഭാവഗീതപരമല്ല. നാർസിസസ് കാഴ്ചയെ തകർക്കുന്ന പുതുകാഴ്ചകളാണ്. വിവിധ ആഖ്യാന പാരമ്പര്യങ്ങളെ വർത്തമാനകാല പ്രതിസന്ധികളെ എഴുതാനായി കവി നവീകരിയ്ക്കുന്നു. നോവൽ, സിനിമ, ഇന്റർനെറ്റ് എന്നിവ അരേഖീയവും ക്രമരഹിതവും വിശാലവും പങ്കാളിത്തപരവും ആയ ആഖ്യാനരീതികൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവയുടെ വെല്ലുവിളി ഏറ്റെടുത്ത് കവിതയെ നവീകരിയ്ക്കുന്നു. കൊച്ചിയിലെ വൃക്ഷങ്ങൾ, കഴുതകളായി നടിക്കേണ്ടി വന്ന കുതിരകൾ എന്നീ കവിതകളിൽ ചരിത്രാന്തര കാലത്തിന്റെ ബഹുകാലികതയെ എഴുതാനായി സിനിമയുടെ ചലന ബിംബ ഭാഷ സ്വീകരിയ്ക്കുന്നു.

കെ.ജി.എസ്.
കെ.ജി.എസ്.

പ്രകടനാത്മക കലകളുമായുള്ള പാഠാന്തരബന്ധം ചൊൽക്കാഴ്ചക്കൂത്തിന്റെ പാരമ്പര്യത്തെ സൃഷ്ടിച്ചിട്ടുണ്ട്. തുള്ളലും ആട്ടക്കഥകളും അനുഷ്ഠാന - തൊഴിൽപ്പാട്ടുകളും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഭാഷയുടെ താണ്ഡവവത്ക്കരണം വഴി ശരീര സ്പർശാഖ്യാനങ്ങളായി (Haptic narrations) കവിതകൾ മാറുന്നു. അശനത്തിൽ കൂത്തുപറച്ചിൽ, പല പോസിലുള്ള ഫോട്ടോകൾ എന്ന കവിതയിലെ കമന്ററി, അഗ്‌നിശമനം, കുടമറ, മുജ്ജന്മങ്ങളെ തൊട്ട് എന്നിവയിലെ യാത്രാവിവരണങ്ങൾ, കൊച്ചിയിലെ വൃക്ഷങ്ങൾ, ചെറുതിനെ വിഴുങ്ങുന്ന വലുത് എന്നിവയിലെ സിനിമാറ്റിക് രീതി, കഴുതകളായി നടിക്കേണ്ടിവന്ന കുതിരകൾ, കഥ കടന്ന് പുഴയിലേക്ക് എന്നിവയിലെ നോവലിസ്റ്റിക് രീതി, അന്യാധീനം, അസുന്ദരം, പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ, മണൽക്കാലം എന്നിവയിലെ ആത്മകഥനരീതി, തത്ത്വചിന്തയുമായി ഞാനുലാത്തുമ്പോൾ, ഒട്ടകം, ചൊൽക്കാഴ്ച, ഹമുക്ക്, അന്തിച്ചന്തയിൽ എന്നിവയിലെ നാടകീയ സ്വഗതോക്തി എന്നിവ പാഠപ്പകർച്ചയുടെ അടയാളങ്ങളാണ്.

ഫെഡറൽ ബിംബക്കെട്ടുമുറ

ഒരു വസ്തുവും മറ്റൊരു വസ്തുവും തമ്മിൽ സാദൃശ്യം, സമ്പർക്കം, അന്യോന്യാദേശം, സാന്ദ്രീകരണം. വക്രീകരണം എന്നിവ വഴി പുലർത്തുന്ന ദ്വിപദ രീതി (Binomial method) ആണ് കാണാറുള്ളത്. അനേകം അനേകങ്ങളുമായി ചേർന്ന് ബന്ധപ്പടർപ്പുകൾ സൃഷ്ടിക്കുന്ന ബഹുപദരീതി (polynomial method) ആണ് ഈ കവിതകളിലുള്ളത്. കഷണ്ടി, നിശ്ശബ്ദത എന്നീ കവിതകളിൽ ഒറ്റക്കല്ലിൽ ഭിന്നാവതാരങ്ങളെ കൊത്തിയെടുക്കുന്ന കെട്ടുമുറയാണ്. എന്നാലിത് തൊണ്ണൂറുകളിൽ ബഹുശിലാത്മക രീതിയാവുന്നു.

‘മരങ്ങളും മഹാജന്മങ്ങളും സഹസ്രശീർഷം കൊണ്ട് കാണിക്കുന്ന, താണ്ഡവമാടുന്ന കൊടുങ്കാറ്റിനെ ഒറ്റവരിയുടൽ കൊണ്ട് കാണിച്ചിരുന്ന എന്റെ മന്ത്രസിദ്ധി' (അസുന്ദരം)- ഇത് ഫെഡറൽ ആഖ്യാനരീതിയാണ്.

ഞായർ തിങ്കളിനോടും തിങ്കൾ വെൺമേഘ ഖേദത്തിനോടും മേഘങ്ങൾ വൃക്ഷങ്ങളോടും വൃക്ഷങ്ങൾ മൃഗപക്ഷി ജന്മങ്ങളോടും പക്ഷികൾ ഋതുനൃത്തമാടും ലയത്തിനോടും മനസ്സേ നീ എന്നോടും മന്ത്രിക്കുന്ന വിശ്വവിസ്തൃതമായ മൗനം (പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ).

ഈ വരികൾ മറ്റൊരു ബഹുപദ രീതിയാണ്. കഥനം, ചൊൽക്കാഴ്ച, പകൽപ്പലത്, ഗൗളിവാൽ, വഴി, മറയൂർക്ക് പോകാനായില്ല, മേള, കഠം എന്നിവ അതി കവിതകളാണ്. എഴുത്തിനെ കുറിച്ചുള്ള എഴുത്ത്.

ചരിത്രാന്തരകാലത്തിന്റെ എഴുത്തുകൾ

ചരിത്രകാലവും അനന്തതയും ശരീരകാലവും ആയി പകരുന്ന ബഹുകാലികതയെ ആണ് ഈ കവിതകൾ എഴുതുന്നത്. ‘എനിക്ക് കവിത വനപ്പടർപ്പിൽ മുടങ്ങുന്ന രശ്മിയോ, കുരുങ്ങുന്ന ശരമോ, കുടുങ്ങുന്ന മൃഗമോ ആണ്' എന്നും ‘ഒരുപിടികിട്ടായ്മ കുറച്ചെങ്കിലും പിടിയിലാകുന്നതാണ് കവിത ' എന്നും കവി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവ എല്ലാം വെളിവായെന്ന പ്രബുദ്ധതാഹന്ത പുലർത്തുന്നില്ല. എല്ലാം മറവിലാണെന്ന് നിഗൂഢവത്ക്കരിക്കുന്നുമില്ല.

കവിത ഒരു ഇടനിലപദം ആണ്. അറിയാത്തവ കൊണ്ട് അത് അറിഞ്ഞതിനെ മറയ്ക്കുന്നു. സൂര്യന്റെ ബിംബത്തിൽ ഇരുട്ടടയ്ക്കുന്ന നിറങ്ങളിൽ അറിയാത്തതിനെ വരയ്ക്കുന്നു എന്ന് ജോർജസ് ബതായി അഭിപ്രായപ്പെടുന്നു. കവിത മറയുകയും തെളിയുകയും ചെയ്യുന്ന ഭവനൃത്തത്തോടൊപ്പം ആടുന്നു. ▮

റഫറൻസ്: 1. Enrique Dussel world system and Trans modernity nepantla, 2005. 2. Arturo Escobar Design for pluriverse, Duke university press, 2017. 3. Georges Bataile- The Georges Bataile Reader, Black well publishers1997 page112. 4. കെ.ജി.ശങ്കരപ്പിള്ള- കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകൾ, ഡി.സി.ബുക്‌സ്, 2007.


കെ. രാജൻ

അധ്യാപകനും പത്രപ്രവർത്തകനുമായിരുന്നു. കൂട്ടുവഴി, വി.പി.ശിവകുമാർ, പ്രേതം, വില്ലൻ, സർപ്പസുന്ദരി - മലയാള സിനിമയിലെ തിന്മയുടെ ചരിത്രപരിണാമം തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments