ചിനു അച്ചേബെ

ഗോത്രസംസ്‌കാരത്തിന്റെ മഷിനോട്ടം

ഒരു ഗോത്രത്തിന്റെ പാടിപ്പതിഞ്ഞകഥകൾക്ക് ലിഖിതരൂപം അതേ ഭാഷയിൽ സൃഷ്ടിക്കപ്പെടാൻ കഴിയാതെ പോകുന്നതിൽപരം മറ്റൊരു സാംസ്‌കാരികവൈരുധ്യം കാണാനാവില്ല

നുഷ്യവംശത്തിന്റെ ചരിത്രം പല പലായനങ്ങളിലൂടെയും രൂപപ്പെട്ടതാണ്. ഇത്തരം പ്രയാണങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും സഞ്ചരിക്കുന്ന ജനത തലമുറകളായി കൈമാറ്റം ചെയ്യുന്ന അന്യൂനതകൾ പ്രാധാന്യമർഹിക്കുന്ന പ്രമാണങ്ങങ്ങളത്രെ. പല വിധത്തിലുള്ള ആചാരങ്ങളും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന വർഗങ്ങളും ഗോത്രങ്ങളും നരവംശശാസ്ത്രപരമായ മാറ്റങ്ങൾക്കും വിധേയമാവുന്നു. ഇത്തരത്തിലൊന്നായ ആഫ്രിക്കയിലെ ഇഗ്ബോ ഗോത്രം തനതായ രീതികളും വിശ്വാസങ്ങളും സമകാലത്തും വെച്ചുപുലർത്തുന്നു.

തെക്കുകിഴക്കേ നൈജീരിയയിലെ ഇഗ്ബോലാൻഡ് എന്ന പ്രദേശമാണ് ഈ വിഭാഗത്തിന്റെ ആവാസകേന്ദ്രം. കൊളോണിയലിസത്തിന്റെ ഭാഗമായി ക്രിസ്ത്യൻമതത്തെ സ്വീകരിക്കാനും പാശ്ചാത്യവിദ്യാഭ്യാസം നേടാനും ഇഗ്ബോ വംശജർ താല്പര്യം പ്രകടിപ്പിച്ചു. എങ്കിലും കൃഷി, വിശേഷിച്ചു കോഴിക്കൃഷി പക്ഷിവളർത്തൽ എന്നിവയൊക്കെയാണ് അവരുടെ ജീവനോപാധി. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഫലമായുണ്ടായ സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ മാറ്റം ഇഗ്ബോകളുടെ ജീവിതത്തിലും ചലനങ്ങൾ സൃഷ്ടിച്ചു. ചിനു അച്ചേബെയുടെ Things Fall Apart ൽ ഇതിന്റെ ചില സൂചനകൾ കാണാം. അൻപതില്പരം ഭാഷകളിലേക്ക് തർജമ ചെയ്ത വിഖ്യാതകൃതിയായ Things Fall Apart അച്ചേബെയുടെ മാതൃഭാഷയായ ഇഗ്ബുവിലേക്ക് പരിഭാഷപ്പെടുത്തിയിട്ടില്ല എന്നത് എടുത്തുപറയണം. സങ്കീർണമായ ഗോത്രഭാഷയുടെ വഴക്കത്തിലേക്ക് ആഖ്യാനത്തെ ഭാഷാന്തരം ചെയ്യാനുള്ള പ്രയാസമായിരുന്നു ഇതിനുകാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഒരു ഗോത്രത്തിന്റെ പാടിപ്പതിഞ്ഞകഥകൾക്ക് ലിഖിതരൂപം അതേ ഭാഷയിൽ സൃഷ്ടിക്കപ്പെടാൻ കഴിയാതെ പോകുന്നതിൽപരം മറ്റൊരു സാംസ്‌കാരികവൈരുധ്യം കാണാനാവില്ല. അനവധി ഭാഷകളിൽ വായിക്കാൻ സാധിക്കുന്ന ബൈബിളിന്റെ ഇഗ്ബോയിലുള്ള പരിഭാഷ അസംബന്ധമാണെന്ന അദ്ദേഹത്തിന്റെ വിലയിരുത്തലും ഇവിടെ പ്രസക്തമാണ്. വാമൊഴിത്തഴക്കത്തിന്റെ മുഴക്കത്തെയും മൗനത്തെയും ആവാഹിക്കുന്നതിൽ വാക്കുകൾ പരാജയപ്പെടുന്നു എന്നല്ലേ ഇത് തെളിയിക്കുന്നത്. ഗോത്രസങ്കല്പങ്ങളുടെ വീര്യവും സ്വഭാവസവിശേഷതകളുടെ ആർജവവും വ്യത്യസ്തമായ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാനാവുമോ എന്ന ചോദ്യത്തെ കൃത്യമായി അപഗ്രഥിക്കേണ്ടതുണ്ട്. എന്നാൽ ആത്യന്തികമായി കല മനുഷ്യരെ സേവിക്കുന്നതിനു വേണ്ടിയാണെന്നും സൗന്ദര്യാത്മകമായ സമീപനത്തെക്കാൾ അത് മനുഷ്യോപകാരപ്രദമാവണമെന്നും അച്ചേബെ വാദിച്ചു.

ഇതൊക്കെയാണെങ്കിലും ഇഗ്ബോകളെ കുറിച്ചും ഇഗ്ബോലാൻഡ്‌നെ കുറിച്ചും അച്ചേബെ ആഴത്തിൽ വിലയിരുത്തിയിട്ടുണ്ട്. Home and Exile എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിൽ, അച്ചേബെ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി ഇഗ്ബോകളെ അവലോകനം ചെയ്തിരുന്നു. കോളനിവൽക്കരണത്തിനു മുൻപുള്ള നൂറുകണക്കിന് ഇഗ്‌ബൊ ഗ്രാമങ്ങളുടെയും ചെറുപട്ടണങ്ങളുടെയും സഞ്ചയത്തെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. മുപ്പതുകൊല്ലത്തെ മിഷനറി പ്രവർത്തനത്തിനുശേഷം ഓഗിഡി എന്ന ജന്മഗ്രാമത്തിലേക്ക് കുടുംബവുമൊത്ത് മടങ്ങിപ്പോകാൻ അച്ചേബെയുടെ പിതാവ് തീരുമാനിച്ചു. കേന്ദ്രീകൃതമായ ഒരു സർക്കാർ സംവിധാനം ഇല്ലാതിരുന്ന അന്ന്, പ്രായം, ജോലി, സ്ഥാനം എന്നിങ്ങനെയുള്ള അടിസ്ഥാനത്തിലായിരുന്നു സമൂഹം നടത്തിക്കൊണ്ടുപോകാനുള്ള പുരുഷവർഗത്തിന്റെ വേർതിരിവ്. വീട്ടുകാര്യങ്ങൾ നടത്തുകയും ചന്തയിൽ നിന്ന് അവശ്യസാധങ്ങൾ വാങ്ങുകയും മറ്റും സ്ത്രീകളുടെ ചുമതലയായിരുന്നു. ഇഗ്ബോകൾ ഒരു കൂട്ടമായി ജീവിക്കുന്ന പതിവാണ് പുലർത്തിയിരുന്നത്. അവർക്കിടയിൽ സാമൂഹികവും മതപരവും രക്തപരവുമായ ബന്ധം നിലനിന്നു. മാത്രമല്ല ഒരു പൊതുസംസ്‌കാരവും, ഭാഷാരീതിയും, പൊതുനേതാവും അവരുടെ ഇഴയടുപ്പത്തെ ദൃഢമാക്കുന്ന കണ്ണികളായി ഭവിച്ചു. പല ഭാഷാഭേദങ്ങളിൽ സംസാരിക്കുന്ന ഇഗ്ബോകളെ സമഗ്രമായ ഒരു സ്വത്വബോധം ഉറപ്പിച്ചുനിർത്തുന്നുണ്ടോ എന്ന കാര്യത്തിൽ അച്ചേബെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും ഗ്രാമങ്ങളിൽ അധീശത്വം ഉറപ്പിക്കുന്നതിനും പ്രായോഗികകാര്യങ്ങളുടെ നടത്തിപ്പിനുമൊക്കെ നേതൃത്വം ശ്രദ്ധ കൊടുക്കാറുണ്ട്.

ആഭ്യന്തരകലാപത്തെ തുടർന്ന്, ഇഗ്ബോകൾ ബിയാഫ്ര എന്ന രാഷ്ട്രം 1967ൽ രൂപീകരിച്ചിരുന്നുവെങ്കിലും മൂന്നു വർഷമേ അതിനു നിലനിൽക്കാൻ സാധിച്ചുള്ളൂ. യുദ്ധങ്ങളും ലഹളകളും മൂലം ഇരുപതാം നൂറ്റാണ്ടിലും പലായനം സ്ഥിരം ദൃശ്യമായ ആഫ്രിക്കയിൽ, ഇഗ്ബോകളും നിരന്തരം അലയാൻ വിധിക്കപ്പെട്ടവരാണ്. പല കാരണങ്ങളാലും സമ്മർദങ്ങളാലും സ്വദേശവും രാഷ്ട്രവും ഉപേക്ഷിക്കാൻ ഇഗ്ബോകൾ തയ്യാറാവുന്നു. തനത് സംസ്‌കാരവും ആചാരങ്ങളും ഭൂതകാലത്തെ ഓർമകളാക്കിത്തീർത്തുകൊണ്ട്, വൈയക്തികലാഭത്തിനും വിദ്യാഭ്യാസത്തിനും ജോലിക്കുമായി അവർ യാത്ര ആരംഭിക്കുന്നു. മഹാരാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും ഏതുവിധേനയും കുടിയേറാമെന്ന ചിന്ത ആഫ്രിക്കൻ ഗോത്രവംശജരെ പല ആപത് സന്ധികളിലേക്കും കൊണ്ടെത്തിക്കുന്ന മാർഗമായി മാറിയിരിക്കുകയാണ്. സ്വാഭാവികമായും വാഗ്ദാനലംഘനവും വാഗ്ദത്തഭൂമിയിലെ തിക്താനുഭവങ്ങളും പലായനം ചെയ്യുന്നവരെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്ന ഘടകങ്ങളായി സംഗതമാവുന്നത് ഇവിടെയും ബാധകമാണ്.

ആഫ്രിക്കയിലെ പുരാതനവിശ്വാസങ്ങളെയും വർത്തമാനകാല പ്രതിസന്ധികളെയും ആശയപരമായി അവതരിപ്പിക്കുന്നതിനു ഭാഷ ഒരു തടസ്സമാവില്ല എന്ന് അച്ചേബെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ധാരയിൽ, ഇഗ്‌ബൊ സംസ്‌കാരത്തെ അടിസ്ഥാനപ്പെടുത്തി നോവലുകൾ രചിച്ച അച്ചേബെയുടെ പിൻഗാമിയായി ചിഗോസി ഒബിയോമയെ കാണുന്നതിൽ തെറ്റില്ല. നൈജീരിയക്കാരനായ ഇഗ്‌ബൊ വംശജനായ ഒബിയോമ, പ്രസ്തുതഗോത്രത്തിന്റെ സ്വത്വത്തിനു മഷിക്കറുപ്പ് കൊടുക്കുകയാണ്. അച്ചേബെ വാർത്തെടുത്ത സർഗാത്മകലോകത്തിന്റെ അവകാശിയായി ന്യൂയോർക്ക് ടൈംസ് അവരോധിച്ച, നൈജീരിയയിൽ നിന്നുള്ള ഈ മുപ്പത്തഞ്ചുകാരൻ The Fishermen എന്ന ആദ്യനോവലിലൂടെ തന്നെ ലോകശ്രദ്ധ നേടി. An Orchestra of Minorities എന്ന രണ്ടാമത്തെ നോവലിൽ ഇഗ്ബോകളുടെ ലോകത്തിന്റെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിഷ്‌കളങ്കതയുമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പരമ്പരാഗതമായി അവർ പിന്തുടരുന്ന നിഷ്ഠകളെ സമകാലികമായ അന്തരീക്ഷത്തിൽ നോക്കിക്കാണുന്ന എഴുത്തുകാരനാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. യാഥാസ്ഥിതികമായ ചിട്ടവട്ടങ്ങളുമായി ബന്ധപ്പെടുമ്പോൾ തന്നെ മനുഷ്യരുടെ വ്യഥകളുടെ വിരൽപ്പാടുകൾ സ്പർശനീയമാക്കുന്ന ഒബിയോമ കഥപറച്ചിലിന്റെ മാന്ത്രികതയെ സ്ഥാപിക്കുന്നു. അധികാരം, നീതി, നഷ്ടം, സ്ഥാനചലനം എന്നിങ്ങനെയുള്ള സംവർഗങ്ങളാണ് ഈ നോവലിനു ശക്തി പകരുന്ന ഉൾപ്രവാഹം. അധിനിവേശത്തിനു മുമ്പുള്ള പശ്ചാത്തലത്തിൽ എഴുതപ്പെട്ട അച്ചേബെയുടെ നോവലുകളിലെ ഇഗ്ബോ രീതികളും കാലികമായ ചുറ്റുപാടിലുള്ള ഒബിയോമയുടെ ഇഗ്ബോ കഥാപാത്രങ്ങളും തമ്മിൽ കാഴ്ചപ്പാടിൽ ചില അന്തരങ്ങളുണ്ട്.

പ്രാഥമികമായി സ്രഷ്ടാവ് എന്ന തലത്തിൽ "ചുക്വു' എന്ന ദൈവത്തിൽ വിശ്വസിക്കുന്ന ഇഗ്ബോകൾ ഭൂമിയെയും മറ്റനവധി ഉപദൈവങ്ങളെയും ആരാധിക്കുന്നു. ഇഗ്ബോ വിശ്വാസപ്രകാരം ഓരോരുത്തർക്കും ഒരു ജീവചൈതന്യമുണ്ട്. അതിന്റെ പ്രതിനിധിയെ "ചി' എന്ന് വിളിക്കുന്നു. മനുഷ്യരും ദൈവവുമായുള്ള വ്യവഹാരത്തിൽ മധ്യസ്ഥനാണ് "ചി'. അത്തരത്തിലൊരു "ചി' ആണ് An Orchestra of Minorities എന്ന ചിഗോസി ഒബിയോമയുടെ രണ്ടാമത്തെ നോവലിനെ മുന്നോട്ടു നയിക്കുന്നത്. ഇഗ്‌ബൊ വംശജനായ ചിനോൻസോയാണ് നോവലിലെ മുഖ്യകഥാപാത്രം. അവിചാരിതമായി എൻഡാലി ഓബ്യലോർ എന്ന യുവതിയെ ആത്മഹത്യാശ്രമത്തിനിടയിൽ നിന്ന് നോൻസോ രക്ഷപ്പെടുത്തുന്നു. കോഴിക്കൃഷി നടത്തുന്ന നോൻസോയും ഫാർമസിസ്റ്റായ എൻഡാലിയും അങ്ങനെ പരിചയപ്പെടുക്കുകയും പരസ്പരം അടുക്കുകയും ചെയ്യുന്നു. പ്രണയനൈരാശ്യം മൂലം മരിക്കാനൊരുങ്ങിയ അവളെ നോൻസോയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. അധികം വൈകാതെ എൻഡാലി അവന്റെ കൂടെയുള്ള ജീവിതത്തിനു തയാറെടുക്കുന്നു. പണം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും നോൻസോയ്ക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്ത തരത്തിലുള്ളവരാണ് അവളുടെ കുടുംബാംഗങ്ങൾ. പല വട്ടം അവരിൽ നിന്ന് അപമാനം ഏറ്റുവാങ്ങിയ അവൻ വിദ്യാഭ്യസത്തിലൂടെ ഇതിനെ നേരിടാം എന്ന് തീരുമാനിക്കുകയാണ്.

മിത്തുകളുടെയും ഇനിയും ചൂഷണം ചെയ്യാതെ ബാക്കിയുള്ള പ്രകൃതിവിഭവങ്ങളുടെയും ഉറവിടമായ ആഫ്രിക്കയിൽ നിന്നുമുള്ള കുടിയേറ്റം മെച്ചപ്പെട്ട ജീവിതം കാംക്ഷിച്ചുകൊണ്ടാണെന്നു പറയുന്നതിൽ ശരികേടില്ല

യൂറോപ്പിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്ത് ആഫ്രിക്കയിലെ പുരോഗതിയെ മൂല്യനിർണയം നടത്തുന്ന രീതി ചില സാമൂഹ്യശാസ്ത്ര പഠനങ്ങളിൽ കാണാറുണ്ട്. മിത്തുകളുടെയും ഇനിയും ചൂഷണം ചെയ്യാതെ ബാക്കിയുള്ള പ്രകൃതിവിഭവങ്ങളുടെയും ഉറവിടമായ ആഫ്രിക്കയിൽ നിന്നുമുള്ള കുടിയേറ്റം മെച്ചപ്പെട്ട ജീവിതം കാംക്ഷിച്ചുകൊണ്ടാണെന്നു പറയുന്നതിൽ ശരികേടില്ല. ഇഗ്ബോവിഭാഗത്തെ പോലെ മലിനമാക്കപ്പെടാത്ത സംസ്‌കൃതിയിൽ പൂർണമായും ലയിച്ചുചേർന്ന നോൻസോയെ പോലെയുള്ളയൊരാൾ കാമുകിയെ സ്വന്തമാക്കാനും വ്രണപ്പെട്ട ആത്മാഭിമാനം തിരിച്ചുപിടിക്കാനും വേണ്ടിയാണ് അന്യരാജ്യത്തേക്ക് പോകുന്നത്. ലോകം എന്നത് ഇഗ്ബോകൾ കണ്ടിട്ടില്ലാത്ത സ്വാർത്ഥതയും ക്രൂരതയും നിറഞ്ഞ മനുഷ്യരുടേതാണെന്ന ബോധ്യം അവനിൽ കൊരുത്തിടുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. സ്വന്തം വീടും സ്ഥലവും വിട്ടുകൊണ്ട് വിദ്യാഭ്യാസത്തിനു സൈപ്രസിലേക്ക് പോകുന്ന നോൻസോയുടെ അനുഭവങ്ങൾ ആണ് നോവലിനെ സജീവമാക്കുന്നത്. തനതായ ശീലങ്ങളിൽ ജീവിതം കരുപിടിപ്പിക്കുന്ന ഗോത്രവർഗം മാറുന്ന ലോകത്തോട് വൈമുഖ്യം കാണിക്കാതെ, വ്യവസ്ഥകളിൽ ക്രമീകരണം വരുത്തുന്നതിന്റെ ദൃഷ്ടാന്തമായി നോൻസോയുടെ സ്വഭാവത്തെ വിശകലനം ചെയ്യാൻ സാധിക്കും.

ചിഗോസി ഒബിയോമ
ചിഗോസി ഒബിയോമ

ആഫ്രിക്കൻവാസികൾ പഠനത്തിനും മറ്റും യൂറോപ്പിന്റെ കിഴക്കെയറ്റത്തുള്ള സൈപ്രസ്സിലേക്ക് പോകാറുണ്ട്. ഇവിടേക്കുള്ള മനുഷ്യക്കടത്തു സാധാരണമാണ്. അതിനുള്ള ദല്ലാളന്മാരും ആഫ്രിക്കയിലുണ്ട്. എന്നാൽ തന്റെ സഹപാഠിയായ ജമികെ അത്തരത്തിൽ ഒരാളാണെന്ന് ചിന്തിക്കാൻ പോലും നോൻസോയ്ക്ക് കഴിഞ്ഞില്ല. കോളേജിൽ പ്രവേശനം ശരിയാക്കാമെന്നു പറഞ്ഞു നോൻസോയെ ഇടനിലക്കാരനും സുഹൃത്തുമായ ജമികെ കബളിപ്പിക്കുകയായിരുന്നു. പക്ഷെ പിന്നീട്, ഒരു ഘട്ടത്തിൽ നാട്ടിലേക്ക് തിരിച്ചെത്തുന്ന നോൻസോയുടെ ഒപ്പം പല കാര്യങ്ങളിലും സഹായിയായി നിൽക്കുന്നത് അയാൾ തന്നെയാണ്. നൈജീരിയയെക്കാളും മികച്ച സൗകര്യങ്ങളുള്ള യൂറോപ്യൻരാജ്യങ്ങളിലും അമേരിക്കയിലും എത്തിപ്പെട്ടാൽ ജീവിതം സുരക്ഷിതമാവുമെന്ന "പൊതുവിശ്വാസം' നോൻസോയും പിന്തുടരുകയായിരുന്നു. പക്ഷെ അതിനു കൊടുക്കേണ്ട വില വലുതായിരുന്നുവെന്നു മാത്രം. കബളിക്കപ്പെട്ട നോൻസോ മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലായിരുന്നു. ഈ സ്ഥിതിയിൽ അവനെ സഹായിക്കാനെത്തുന്നത് ജർമനിക്കാരിയായ ഒരു നേഴ്സാണ്.

വിദ്യാഭ്യാസത്തിനായി സൈപ്രസിലേക്ക് പോയ ഒബിയോമയുടെ അനുഭവസാക്ഷ്യങ്ങൾ നോൻസോയുടെ കഥാപാത്രരൂപീകരണത്തിൽ സഹായിച്ചിട്ടുണ്ടാവുമെന്നത് തീർച്ചയാണ്. വടക്കേ സൈപ്രസിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ നോവൽ രൂപപ്പെടാൻ ഇടയായ സംഭവം നടന്നത് എന്ന് ഒബിയോമ പറയുന്നുണ്ട്. ജയ് എന്ന നൈജീരിയക്കാരനെ ഒബിയോമ അവിടെവെച്ചു കണ്ടുമുട്ടിയിരുന്നു. മധ്യസ്ഥർ ചതിച്ച അയാൾ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു. നൈജീരിയയിൽ തുച്ഛമായ സംഖ്യയ്ക്ക് പഠിക്കുന്നതിനു പകരം പണം കഷ്ടപ്പെട്ട് ചെലവഴിച്ചു യൂറോപ്പിലേക്ക് പഠിക്കാൻ പോകുന്നത് നല്ല ജോലി കൂടി ഉന്നമാക്കി കൊണ്ടാണ്. രാഷ്ട്രീയധാരണ കുറവായവരെ എളുപ്പത്തിൽ കബളിപ്പിക്കാൻ ഇങ്ങനെയുള്ള ഇടനിലക്കാർക്ക് കഴിയാറുണ്ട്. വടക്കേ സൈപ്രസ് എന്നത് യൂറോപ്പിലും ഏഷ്യയിലും പെടാത്ത ഒരു സ്ഥലമാണ്. ഐക്യരാഷ്ട്രസഭയുടെ മുന്നിലെ തർക്കവിഷയമായ പ്രസ്തുതയിടത്തിൽ "പഠിച്ചാൽ' ഭാവി ശോഭനമാവുമോ എന്ന് സംശയിക്കാൻ പോലും പണം ചെലവാക്കുന്നവർ ചിന്തിക്കുന്നില്ല എന്നത് ദു:ഖകരമാണ്. "ആധുനിക' ലോകത്തിന്റെ കാപട്യത്തെ കുറിച്ച് അറിവില്ലാതെ ഇത്തരം ചതിക്കുഴികളിൽ വീഴുന്ന ഗോത്രവർഗത്തിന്റെ പ്രതിനിധിയായി നോൻസോയെ കാണാം.

പ്രതീക്ഷാനിർഭരമായ ഒരു ജീവിതം കെട്ടിയുയർത്താനുള്ള കരുക്കൾ സമ്പാദിക്കാനായി വിദേശത്തേക്ക് പോയി മടങ്ങിയെത്തിയ അവൻ ഉത്കണ്ഠകളുടെ ഇരുട്ടറയിൽ അകപ്പെടുകയാണ്

സങ്കീർണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നോൻസോയെ കുറിച്ചുള്ള "ചി' യുടെ പരിദേവനങ്ങളും ആശങ്കകളും ആഖ്യാനത്തിന്റെ മാറ്റ് കൂട്ടുന്നു. ദൈവത്തിങ്കൽ ചി നടത്തുന്ന സംവാദങ്ങളും ഉത്കണ്ഠകളും ദാർശനികതലത്തിലാണ് നിലകൊള്ളുന്നത്. "വിദൂര' കാഴ്ചയ്ക്കുള്ള മനുഷ്യന്റെ പരിമിതിയും പരിധിയും എത്രമാത്രമാണെന്നു ബോധ്യമുള്ള "ചി'യ്ക്ക് താൻ കുടിയിരിക്കുന്ന മനുഷ്യന്റെയടുത്ത് അത്തരം കാര്യങ്ങളെ വെളിപ്പെടുത്താൻ അവകാശമില്ല. തന്മൂലം ദൈവത്തോട് പരാതിപ്പെടാൻ മാത്രമേ "ചി'യ്ക്ക് സാധിക്കൂ. "ചി'യുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഉരുവപ്പെടുന്ന തത്വങ്ങളെ കുറിച്ച് മനുഷ്യർക്ക് കടകവിരുദ്ധമായ കാഴ്ചപ്പാടുണ്ടാവുക സ്വാഭാവികമാണ്. നോൻസോയുടെ ശരീരത്തിൽ നിന്ന് പുറത്തു സഞ്ചരിച്ചുകൊണ്ട് മറ്റു ആത്മാക്കളെ കാണാറുള്ള "ചി', നോൻസോയിലേക്ക് തന്നെ മടങ്ങി വരുകയും അയാളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ആത്മസംഘർഷങ്ങളുടെ ചരിത്രത്തിലേക്ക് അദ്ധ്യായങ്ങൾ കൂട്ടിവെക്കുന്ന നോൻസോയെ ആശ്വസിപ്പിക്കാൻ ചിയ്ക്ക് സാധിക്കുന്നില്ല. നോൻസോയുടെ ഉള്ളിലെ ചൈതന്യമായി കൂടെയുള്ള "ചി' അപ്പപ്പോൾ അവൻ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സ്വന്തമായി ധാരണ പുലർത്തുന്നു. അതെപ്പോഴും നോൻസോയുമായി സമരസപ്പെടണമെന്നില്ല. എങ്കിലും നോൻസോയുടെ തീരുമാനങ്ങളെ മാറ്റാനുള്ള ശക്തി "ചി'യ്ക്ക് ഇല്ല.

പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ഇഗ്‌ബോ ഗോത്രത്തിലെ ഒരു കുടുംബം
പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ഇഗ്‌ബോ ഗോത്രത്തിലെ ഒരു കുടുംബം

നോൻസോ നേരിടുന്ന ചുഴൽവഴിച്ചുറ്റുകളെ ന്യായീകരിക്കാൻ പൂർവ്വഗാമികൾ പ്രകടമാക്കിയ ജ്ഞാനസംഹിതയെ നോവലിൽ വ്യാഖ്യാനിക്കുന്നുണ്ട്. വിദേശത്തേക്ക് കുടിയേറിയാൽ സാമ്പത്തികസ്ഥിതി മെച്ചമാവുകയും വിദ്യാഭ്യാസം ഉൾപ്പടെയുള്ള ജീവിതനിലവാരം വർധിക്കുകയും ചെയ്യുമെന്ന "പൊതു' വിശ്വാസത്തിന്റെ വേരുകളാണ് ഇവിടെ പിഴുതെടുക്കപ്പെട്ടത്. ശരിയായ വഴികളിലൂടെയല്ലാത്ത "കുടിയേറ്റം' എളുപ്പമാർഗമല്ലെന്നു നോൻസോയ്ക്ക് വ്യക്തമായി. സൈപ്രസ് ഒരു സ്വപ്നഭൂമി അല്ലായെന്ന വസ്തുത അവനെ സംഭീതനാക്കുകയാണ്. നൈജീരിയയിൽ നിന്ന് അവിടെ എത്തുന്നത് വരെയുള്ള കാലയളവിൽ രൂഢമൂലമായി മനസ്സിൽ പതിഞ്ഞ, "വെള്ളക്കാരുടെ' നാട്ടിൽ പോയാൽ ജോലിയും വിദ്യാഭ്യാസവും സിദ്ധിക്കും എന്ന ധാരണയാണ് കീഴ്‌മേൽമറിഞ്ഞത്. സമാധാനപൂർണമായ ജീവിതം ഉറപ്പു വരുത്താനാവുന്നില്ലെങ്കിൽ എന്തിനാണ് തന്റെ നാട്ടുകാർ പുറംരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതെന്ന് സംശയം ന്യായമായും അവനെ അലട്ടി. കുടിയേറ്റമെന്നത് മടക്കയാത്രകളുടെയും തിരിച്ചറിവുകളുടെയും ബോധോദയം കൂടെയാണെന്ന് നോൻസോയുടെ അനുഭവം ദൃഢമാക്കുന്നു. താമസിയാതെ, എൻഡാലിയെ സ്വന്തമാക്കാനും വിദ്യാഭ്യാസം സിദ്ധിക്കാനും വേണ്ടി ചെയ്ത ഈ യത്‌നത്തിന്റെ ബുദ്ധിശൂന്യത അവനു മനസിലായി. ഇഗ്ബോ സമൂഹത്തിന്റെ ചില ആകുലതകൾ "ചി' സൂചിപ്പിക്കുന്നത് ഇതിനോട് ചേർത്തുവായിക്കണം. പുതിയ തലമുറയിലുള്ളവർ പഴയ ആചാരാനുഷ്ഠാനങ്ങളിൽ ബദ്ധശ്രദ്ധരല്ലെന്നും വേഷധാരണരീതിയിൽ വരെ ആധുനികമനോഭാവം പുലർത്തുന്നുണ്ടെന്നും പോയ തലമുറയിലെ ആളുകളെ അലോസരപ്പെടുത്തി. ദൈവങ്ങളുടെ അൾത്താരയും ഇരിപ്പിടവും വേണ്ടവണ്ണം പരിപാലിക്കുന്നില്ല എന്നതും അവർക്ക് പ്രശ്‌നമായി. വെള്ളക്കാരുടെ ആകർഷണവലയത്തിൽ പെട്ടതുകൊണ്ടാവാം ഈ മാറ്റങ്ങളെന്നാണ് "ചി' വിലയിരുത്തുന്നത്. ഈ ആലോചനയെ ബലപ്പെടുത്താനെന്നോണം "മനുഷ്യർ എത്ര കുതിച്ചുചാട്ടം നടത്തിയാലും അവർക്ക് പറക്കാനാവില്ല' എന്ന ഇഗ്ബോ പഴഞ്ചൊല്ലിനെ ആഖ്യാനത്തിൽ ഓർക്കുന്നു. മാമൂൽപ്രിയമുള്ള മുഹൂർത്തങ്ങളെ അയവിറക്കാൻ കൂടിയാണ് ചി എന്ന ആഖ്യാതാവിലൂടെ നോവലിസ്റ്റ് ലക്ഷ്യമിടുന്നത് എന്ന് കരുതണം.

വിദേശത്തേക്കുള്ള യാത്രയ്ക്കിടയിൽ നാടിന്റെ പോരായ്മകളെ പറ്റി നോൻസോ ചിന്തിക്കുന്നുണ്ട്. തൊഴിലിലായ്മയുടെയും അരാജകത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ഇടത്ത് നിന്നുള്ള താത്കാലികമായ മോചനം അവനെ സന്തോഷിപ്പിച്ചു. എന്നാൽ എൻഡാലിയെ ഹ്രസ്വകാലത്തേക്കാണെങ്കിലും പിരിയുക പ്രയാസകരവും ആയിരുന്നു. പക്ഷെ, അതൊരു നീർക്കുമിള മാത്രമായി അവശേഷിക്കുന്ന കാഴ്ചയാണ് പിന്നീട് സംജാതമാവുന്നത്. പരാജിതനായി നാട്ടിൽ തിരിച്ചെത്തിയ നോൻസോ എൻഡാലിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ഏർപ്പെടുകയാണ്. ഓർമകളുടെ ഭാരം അവനെ കൂടുതൽ തളർത്തി.

അമേരിക്കൻ ആഭ്യന്തരയുദ്ധക്കാലത്ത് തലസ്ഥാനത്തിന്റെ സുരക്ഷക്ക് നിയോഗിക്കപ്പെട്ട കറുത്തവംശജരുടെ സേന
അമേരിക്കൻ ആഭ്യന്തരയുദ്ധക്കാലത്ത് തലസ്ഥാനത്തിന്റെ സുരക്ഷക്ക് നിയോഗിക്കപ്പെട്ട കറുത്തവംശജരുടെ സേന

അതിനിടയിലാണ് പഴയ "സുഹൃത്ത്' ജെകിനെ വീണ്ടും കണ്ടുമുട്ടിയത്. ചാക്രികമായ ജീവിതത്തിന്റെ നിയോഗം എന്നതുപോലെ ജെകിൻ നോൻസോയെ പിന്തുണയ്ക്കാനെത്തി. പഴയ സ്വഭാവമൊക്കെ ഉപേക്ഷിച്ച അയാൾ ഇപ്പോൾ ഭക്തിയുടെ മാർഗം ചരിക്കുന്ന പാസ്റ്ററാണ്. അങ്ങനെ പ്രതീക്ഷാനിർഭരമായ ഒരു ജീവിതം കെട്ടിയുയർത്താനുള്ള കരുക്കൾ സമ്പാദിക്കാനായി വിദേശത്തേക്ക് പോയി മടങ്ങിയെത്തിയ അവൻ ഉത്കണ്ഠകളുടെ ഇരുട്ടറയിൽ അകപ്പെടുകയാണ്. ലോകദർശനത്തിലുള്ള വിശ്വാസത്തകർച്ച അലട്ടുന്ന നോൻസോയിൽ അഭയസ്ഥാനം നഷ്ടപ്പെട്ട ഒറ്റപ്പെട്ടവന്റെ വേദനയാണ് പ്രതിഫലിക്കുന്നത്.

എൻഡാലിയെ കുറിച്ചുള്ള നോൻസോയുടെ ഓർമകൾ സുഗന്ധദ്രവ്യം നിറച്ച സ്ഫടികപാത്രം പോലെയാണെന്ന് വിചാരിക്കുന്നതിൽ തെറ്റില്ല. അവളുടെ അസാന്നിധ്യം ഗന്ധമില്ലാത്ത ജീവിതത്തിന്റെ മടുപ്പിലേക്ക് അവനെ തള്ളി. വൃഥാത്യാഗങ്ങളുടെ സുവിശേഷവാഹകനായി നിരാശയിലേക്കും വിഷാദത്തിലേക്കും വീഴുന്ന നോൻസോ എങ്ങനെയാണ് തുടർന്നുള്ള ജീവിതം നയിക്കുന്നത് എന്നതാണ് നോവലിന്റെ ബാക്കിഭാഗത്തിൽ വിശദമാക്കുന്നത്. സന്ദർഭങ്ങളുടെ ഭൂമിശാസ്ത്രപരമായ ദൃശ്യതയും കഥാപാത്രങ്ങളുടെ ആന്തരികപ്രകൃതിയും സൂക്ഷ്മമായി പ്രതിപാദിക്കുക വഴി ഇഗ്ബോകളുടെ വീക്ഷണത്തെ ഉറപ്പിക്കുന്ന എഴുത്തുരീതിയാണ് ഒബിയോമ സ്വീകരിച്ചിട്ടുള്ളത്.

ഇഗ്ബോസമൂഹത്തിനു വേണ്ടി ഒരു Paradise Lost രചിക്കണമെന്ന ഒബിയോമയുടെ ആഗ്രഹത്തെ തുടർന്ന് രൂപപ്പെട്ടതാണ് An Orchestra of Minorities. "ആഫ്രിക്ക' എന്ന ഇടത്തോട് എല്ലാ അർത്ഥത്തിലും ഭൂഗുരുത്വം പ്രദർശിപ്പിക്കുന്ന ആഖ്യാനമാണ് ഒബിയോമോയുടെത്. പ്രാദേശികത്വത്തിന്റെ ഉർവ്വരതയെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന അദ്ദേഹം ഇംഗ്ലീഷിൽ എഴുതുന്നത് ആഫ്രിക്കൻ ഭാഷാ- സാംസ്‌കാരിക ബോധത്തിന്റെ അകത്തളങ്ങളിൽ നിന്നുകൊണ്ടാണ്.

ആഫ്രിക്കയിലെ മണ്ണിന്റെ താളം, മിത്തുകളുടെ വൈപുല്യം, ഗോത്രങ്ങളുടെ ജൈവികത തുടങ്ങിയവയൊക്കെ പ്രതിബിംബിപ്പിക്കാൻ ഇംഗ്ലീഷിനുമാവുമെന്നു അദ്ദേഹം എഴുതിയ രണ്ടു നോവലുകളുടെ ആഖ്യാനഘടനയിലൂടെ സമർത്ഥിക്കുകയാണ്. അസ്തിത്വവും നിലനിൽപ്പും സംബന്ധിച്ച തത്വചിന്താപരമായ സംവാദങ്ങളെ നോവലിൽ ആവിഷ്‌കരിക്കാനാണ് ഒബിയോമയുടെ ഉദ്യമം. അതേ സമയം ജീവിതത്തെ കൊളുത്തിവലിക്കുന്ന ഓർമകളുടെ വിശാലഭൂമികയിൽ നിന്ന് കഥകളെയും കഥാപാത്രങ്ങളെയും സർഗാത്മകമായി മെനഞ്ഞെടുക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. സ്വാഭാവികമായും ജീവിതത്തിന്റെ പുതിയ ക്രമവും ആത്മീയത നിറഞ്ഞ പരിസരങ്ങളെയും വിശകലനം ചെയ്യാനും അദ്ദേഹം മുതിരുന്നു. ഈ ഉദ്യമത്തിൽ ഭാഷയെ ഒബിയോമ സമീപിക്കുന്ന വിധം വേറിട്ടതാണ്. ചടുലരൂപമില്ലാത്ത വാക്കുകളെ സചേതനമായ അനുഭവത്തിലേക്ക് മാറ്റിയെടുക്കാനുതകുന്ന തരത്തിലാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. ▮


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments