എസ്. ജോസഫ്

ഞാവൽനീല പശ്ചാത്തലത്തിൽ
മഴ നോക്കി നിൽക്കുന്ന പുഴുപ്പല്ലൻ കുട്ടി

എസ്. ജോസഫ് ഒരു ഫെയ്‌സ്ബുക് ആക്ടിവിസ്റ്റുമാണ്. ആളുകളുടെ കവിതകൾ ഇഷ്ടപ്പെടുന്ന കാര്യത്തിൽ ഒരു കർശനക്കാരൻ. മറ്റു കവിതകൾ വേണ്ടത്ര അംഗീകരിക്കാത്ത എസ്. ജോസഫിന്റെ നിലപാടുകൾ ആകെ കുഴപ്പം എന്ന മട്ടിൽ മറ്റു കവികളുടെ പോസ്റ്റുകളും വരുന്നു.

വി എസ്. ജോസഫ് ചീന്തലാർ കുറിപ്പുകളിൽ തന്റെ ഭാഷയും താളവും എങ്ങനെ കണ്ടെടുത്തു എന്ന് എഴുതിക്കൊണ്ടിരിക്കുന്നു. ഫെയ്‌സ്ബുക്കിൽ എഴുതുന്ന ആ കുറിപ്പിന്റെ വിശദവിവരങ്ങളിലേക്കൊന്നും പ്രവേശിക്കുവാൻ വിചാരിക്കുന്നില്ല. അത് വായിക്കുമ്പോൾ കവി നയിച്ച ജീവിതത്തിൽ നിന്നാണ്, ആ ഭാഷയും താളവും വീണ്ടെടുക്കപ്പെട്ടത് എന്ന് കരുതുവാൻ ന്യായം കാണുന്നു. എല്ലാ കവികളുടെ കാര്യത്തിലും അത് ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയായിരിക്കണം.

എന്നാൽ ചില കവികൾ അവനവനു കിട്ടിയ മുലപ്പാൽഭാഷയെ വ്യവഹാരഭാഷക്കനുസരിച്ച് രൂപപ്പെടുത്തുന്നു.
വ്യവഹാരഭാഷ എന്നാൽ പൊതുധാരാഭാഷ.
നിലവിൽ നല്ല എഴുത്തായി കണക്കാക്കപ്പെടുന്ന ഭാഷ എന്നു സാരം.
ഒരാൾക്ക് ഏറെ പരിചയമുള്ള നാടൻ പ്രയോഗങ്ങൾ ഒഴിവാക്കിയും, പരക്കെ അംഗീകരിക്കപ്പെട്ട ബാഹ്യരൂപഘടന സ്വായത്തമാക്കിയും ഒക്കെയാണ് ഈ നിലവാരപ്പെടൽ സാധ്യമാവുക. അത്തരം സ്റ്റാൻഡേർഡ് ഉൽപന്നങ്ങൾ എളുപ്പം സ്വീകരിക്കപ്പെടുന്നു.

അത്രയെളുപ്പം സ്വീകരിക്കപ്പെട്ട ഒരു കവിയാണ് എസ്. ജോസഫ് എന്ന് കരുതാനാകുന്നില്ല. ഒന്നോ, രണ്ടോ കവിതകൾ പാഠഭേദത്തിലും മറ്റുമായി വായിച്ചത് ഓർക്കുന്നു. പിന്നെ ഈ കവിയെ കാണാതായി. പിന്നെ കാണുന്നത് മലയാള കവിതക്കൊരു കത്ത് എന്ന കവിതയാണ്. ആ കവിത എനിക്കു തലക്കുപിടിച്ചു.
സമർഥമായ ഭാഷാപ്രയോഗങ്ങൾ, തീവ്രബിംബങ്ങൾ, ഒന്നുമില്ലാതെ ഒരു സാധാരണ കവിത. അത് വെറുതെ ഒരു ജീവിതം പറഞ്ഞു വയ്ക്കുന്നു.
കവിത പറയുന്നു:

‘...പാവങ്ങൾക്കിടയിൽ ഞാൻ കഴിയുന്നു അവരുടേതു പോലൊരു കുടിലിൽ കിട്ടുന്നതു തിന്നുന്നു. അകലെ നിന്നു വെള്ളമെടുക്കണം അപ്പൻ എന്നെ പട്ടീ എന്നു വിളിക്കുന്നതു കേൾക്കണം അമ്മയുടെ തീട്ടവും മുള്ളിയും എടുത്തു കളയണം..'

​​​​​​​ഇതെല്ലാം പറയുന്നത് പുഴയുടെ ജനലിലൂടെ പറന്നുനടക്കാനും, കാറിലിരുന്ന് അമ്പലത്തിൽ പോകാനും സാധ്യതയുള്ള പെണ്ണിനോടാണ്.
അയാൾ തുടരുന്നു:

‘നിനക്കു വേണ്ടത് സ്വാതന്ത്ര്യമല്ലേ ഇവിടെ അതേയുള്ളു. ഇഷ്ടമുള്ളതു പറയാം, ചെയ്യാം തോട്ടിൽ പോയി കുളിക്കാം. ........................................................ കഞ്ഞിയും മുളപ്പിച്ച പയറും കഴിച്ചു കിടക്കാം അല്ലെങ്കിൽ ആകാശം നോക്കിയിരിക്കാം മൂങ്ങകൾ മൂളുന്നതു കേട്ടു നീ പേടിക്കണം ഞാൻ അപ്പോൾ നിന്നെ സ്‌നേഹം കൊണ്ടു മൂടും' ​​​​​​​​​​​​​​

വീട് ജയിൽ എന്ന സങ്കൽപ്പം, പുഴയ്ക്ക് ജനൽ വരക്കുന്നതിലൂടെ
ഭാവിജോസഫിൽ കൂടുതൽ കൂടുതൽ തെളിയാനിരിക്കുന്ന വരക്കാരൻ,
പ്രകൃതി തന്നെ വീട് എന്ന ഇക്കാല ജോസഫ് എല്ലാം ഈ കവിതയിൽ
മുളയിടുന്നു. ഇഷ്ടമുള്ളതു പറയാനും ചെയ്യാനും കഴിയുന്ന ഒരു ഇടം
എന്ന് സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു വിശുദ്ധ നിർവചനവും ഈ കവിത.

കവികളായ അക്ബർ, അൻവർ അലി, അയ്യപ്പൻ, സെബാസ്റ്റ്യൻ, ഡി. വിനയചന്ദ്രൻ, എസ്. കണ്ണൻ തുടങ്ങിയവർക്കൊപ്പം എസ്. ജോസഫ്‌ / Photo: Vijesh
കവികളായ അക്ബർ, അൻവർ അലി, അയ്യപ്പൻ, സെബാസ്റ്റ്യൻ, ഡി. വിനയചന്ദ്രൻ, എസ്. കണ്ണൻ തുടങ്ങിയവർക്കൊപ്പം എസ്. ജോസഫ്‌ / Photo: Vijesh

ഒരു സവർണ യുവതിയാണ് ഈ കവിതയിലെ നായിക എന്നാണ് കാണാനാവുക. അവളുടെ ആൾക്കാർ വലിയ കെട്ടിടങ്ങൾ പോലെ ഉള്ളവരാണ്. അവൾ കാറിൽ അമ്പലത്തിൽ പോകുന്നവൾ. അവൾക്കു പറന്നു നടക്കണം. അവളെയാണ് ആ പെറുക്കി തന്റെ കുടിലിലേക്കു വിളിക്കുന്നത്. അവൾക്കു വേണ്ടി അയാൾ
കഞ്ഞിക്കൊപ്പം മുളപ്പിച്ച പയർ ഉണ്ടാക്കുന്നു (കവിതയിൽ പറയുന്ന തരം ജീവിതസാഹചര്യങ്ങളിൽ മുളപ്പിച്ച പയർ സാധാരണമാണോ എന്ന് അറിയില്ല).
അക്കാലം മലയാളകവിത ഒരു ബിംബനിർമാണ ഫാക്ടറി ആയിരുന്നു, വിദേശ കവിതകളുടെ വിവർത്തനങ്ങൾ ധാരാളമായി ഒഴുകി എത്തി, മലയാള കവിതയും ലോകകവിതയും അങ്ങനെ വേറിട്ടു കാണാൻ കഴിയാതെയായി. ആറ്റൂർ പറഞ്ഞ പോലെ ഭാഷയൊക്കെ പരിഭാഷയായി. പ്രാശാന്തബിംബങ്ങൾ, ബൗദ്ധികബിംബങ്ങൾ, ഭ്രമാത്മക ബിംബങ്ങൾ, ഇവയിലെല്ലാം വ്യാമുഗ്ധനായ ഒരു സാധാരണവായനക്കാരനായിരുന്നു ഞാൻ.
അക്കാലത്താണ് കുങ്കുമം പ്രസിദ്ധീകരണത്തിൽ മലയാളകവിതക്കൊരു കത്ത് അച്ചടിച്ചു വന്നത്. അത് വായിച്ച് ഞാൻ കോൾമയിർക്കൊണ്ടു. വ്യക്തമായ ഒരു പാരഡയിം ഷിഫ്റ്റ്... (സമീപനമാറ്റം).*
എസ്.ജോസഫ് എന്ന കവിയെ അന്നൊന്നും എനിക്ക് നേരിട്ടു പരിചയമില്ല. ഏറെ കാലം കഴിഞ്ഞ് ആദ്യസമാഹാര പ്രകാശനത്തിന് കോട്ടയത്തുവച്ചാണ് പരിചയപ്പെട്ടത്. ആൾ ഒരു വരക്കാരനായിരുന്നൊ, എന്നൊന്നും എനിക്ക് അറിയില്ല. എന്നാൽ ഭാഷ, ലളിതമായി വരയുന്ന ഒരു ചിത്രകാരനുണ്ട് ഈ കവിയിൽ. കുട്ടികളുടെ ചിത്രകാരനാണ് കവി.

‘കുട്ടികൾക്കു പഴങ്ങൾ പരുന്തുകൾ പട്ടുടുപ്പ് കടലാസുപുലികളും ഒറ്റമേഘം ഉറങ്ങുമാകാശവും ദുഖമില്ലാത്ത ജഞാനവും സ്നേഹവും

പിന്നെയും ചിത്രകാരാ ബ്രഷുകൊണ്ടൊരാനയെ ഇഷ്ടമുള്ള നിറത്തിൽ വരക്കുക കുട്ടികൾ പുഴു കേറിയ പല്ലുമായ് പച്ചവെയിലിനെ നോക്കിനിൽക്കുമോ കൂണിനു കീഴെ മഴ നോക്കി നില്ക്കുമോ ചിത്രകാരാ വരയ്ക്കുക മാമ്പഴക്കുട്ടകൾ ഞാവൽനീലകൾ പാലിനെ കട്ടിയാക്കി വരയ്ക്കുക, പൈക്കളെ പൂവുകളൾക്കിടക്കൊക്കെ വരക്കുക

ചിത്രകാരാ വരച്ചു വരച്ചു നീ കുട്ടിയായി തിരിച്ചു പോകുന്നുവോ?'

ഏത് ലോകകവിതയുടെ മേശപ്പുറത്തും വയ്ക്കാവുന്ന ഒരു തെളിഞ്ഞ കവിതയാണ് ഇത് എന്നാണ് എന്റെ വിചാരം. അടിത്തട്ടു കാണാവുന്ന ജലരാശി.

കവിത എഴുതിയെഴുതി കുട്ടിയായ ഒരാളാണ് ഈ കവി.
ചെയ്യുന്നതെന്തായാലും നമുക്ക് പൊതുവിൽ ഒരു നിഗമനം, ഒരു ഫലം വേണം.
ഒരു തൂണ് ഉണ്ടാക്കുന്നു എന്നു വയ്ക്കുക. അതിനു താങ്ങാൻ എന്തെങ്കിലും വേണം. വെറുതെ ഒരു തൂണ് നമുക്ക് പ്രയാസമുണ്ടാക്കും. നമുക്ക് റിസൽറ്റു വേണം. അവസാനം നമുക്ക് ശുഭം എന്നെഴുതിവെക്കണം. കവിതയുടെ കാര്യത്തിലും അങ്ങനെ തന്നെ. വരച്ചുവരച്ചു അയാൾക്ക് ഒരു കുട്ടിയായി തിരിച്ചു പോയേ പറ്റൂ. കവിതയും ഓരോന്നിലൂടെ ഇറങ്ങി വന്ന് അവസാനം ഒരു ഗംഭീര ഫലം ഉണ്ടാക്കുന്നു. എന്നാൽ ഈയിടെ ഞാൻ ഈ കവിത വായിക്കുമ്പോൾ അവസാനത്തെ രണ്ടു വരി വിട്ടു വായിക്കുന്നു. എനിക്ക് ആ ചിത്രത്തിലെ പുഴുപ്പല്ലൻ കുട്ടികൾ, ഞാവൽ നീലകൾ ഒക്കെയാണ് പ്രശ്നം. അത് വരച്ചയാൾ വെണമെങ്കിൽ വരച്ചുവരച്ചു കുട്ടിയാവുകയൊ, പാബ്ളോ പിക്കാസോ പറഞ്ഞ മാതിരി ഒരു കുട്ടിയെപ്പോലെ ചിത്രം വരക്കാൻ പഠിക്കുകയോ, ഒരു കവിതാ വായനവേളക്കു ശേഷം കവി ജോസഫ് ചെയ്തേക്കാവുന്ന രീതിയിൽ
പുറത്ത്​ ബാറിലിരുന്ന് കള്ളു കുടിക്കുകയോ ചെയ്തുകൊള്ളട്ടെ.
എനിക്കു പ്രശ്നമില്ല...

ദുഃഖമില്ലാത്ത ജഞാനവും സ്‌നേഹവും

ആശയക്കുഴപ്പങ്ങളുടെ അന്ധകാരത്തിലൂടെ അറിഞ്ഞതിന്റെ പേരിൽ താഴേക്കു ചുഴറ്റിയെറിയപ്പട്ടവന്റെ ദുഃഖം. ജ്ഞാനം അടിച്ചേൽപ്പിക്കാവുന്ന അധികാരത്തിന്റെ ഭാരം പേറുന്ന ദുഃഖം.
ഏതാണ് ഈ പറഞ്ഞിരിക്കുന്ന ദുഃഖം.

ഒട്ടൽ

പ്രകൃതിയും ഉപജീവനവും കൈകൊർത്ത് നൃത്തം ചെയ്യുന്ന കവിതയാണ് ഒട്ടൽ. ഈറ്റയുടെ മറ്റൊരു തരം ആണ് ഓട. അതുകൊണ്ട് കൊട്ടത്തോക്കുണ്ടാക്കി കുട്ടികൾ കളിക്കുന്നു, അതുകൊണ്ട് കൊട്ട കെട്ടി ചന്തയിൽ വിറ്റ് അവശ്യസാധനങ്ങൾ വാങ്ങുന്നു. സൂക്ഷ്മവും വസ്തുനിഷ്ഠവുമായ ഒരു ഡോക്യുമെന്ററിചിത്രം പോലെ ഒട്ടൽ കവിത നീങ്ങുന്നു.

‘....കട്ടൻ കുടിച്ച് കുടിച്ച് മുറുക്കി ചുവപ്പിച്ച് ഒട്ടലും തേരും പിടി പോയ അരുവായും ചേർത്ത് അല്ലെങ്കിൽ വഴുകവള്ളിയും തേരും ചേർത്ത് പാട്ടും ചേർത്ത് കൊട്ട കെട്ടുന്നു...'

അതൊരു കുഞ്ഞുസൂര്യനാകുന്നു. ചന്തക്കു പോകുന്നു. തെരണിയും കുറിച്ചിയും, കൈച്ചെരവയും പിള്ളേർക്കു തിന്നാൻ തേങ്ങയുടെ പൊങ്ങും ഒക്കയായി വരുന്നു. കവിയുടെ മൂവിക്യാമറ നീങ്ങുന്നു.

വീടിന്റെ ഉള്ളിലുമുണ്ട് കൊട്ടകൾ. അരിസാമാനങ്ങളും ചക്കപ്പഴവും ഒക്കയായി കോഴി പൊരുന്നയിരിക്കുന്ന കൊട്ട വേറെയുണ്ട്.
രണ്ടു കൊട്ട കൂട്ടിവച്ച് ഒരു ഭൂഗോളം ഉണ്ടാക്കാം, എന്ന് കവി പറയുന്നു.
എന്നാൽ ജീവിതം അനിവാര്യമായും മാറി. ആരും ഇന്ന് ഒട്ടലുകൾ കൊണ്ടുവരുന്നില്ല. കൊട്ടകെട്ടലുമില്ല, പാട്ടുകളും ഇല്ല. കിഴക്ക് വെള്ള കീറി വരികയാണ് ഒരു കൊട്ട.

ഒരു പ്രദേശം, അവിടുത്തെ പ്രകൃതി, അവിടുത്തെ മനുഷ്യർ, അവരുടെ ജീവിതം, അവരുടെ തൊഴിൽ, ഇതിൽ കാലം കൊണ്ടു വന്ന മാറ്റം... ഒരു സംസ്‌കാരത്തിന്റെ പോയ്​മറയൽ. എല്ലാം, അതിഭാവനയാൽ വക്രീകരിക്കപ്പടാത്ത ഭാഷയിൽ ആവിഷ്‌കരിക്കപ്പെട്ട മറ്റാരു മലയാള കവിത ഞാനങ്ങനെ കണ്ടിട്ടില്ല.
ഒരു പൂർണ എസ്. ജോസഫിനെ ഈ കവിതയിൽ കാണാനാകുന്നു.
സാധാരണമനുഷ്യർ ഉപയോഗിക്കുന്ന സാധാരണവാക്കുകളാണ് ജോസഫ് കവിതയിൽ. വാക്കുകൾ എന്ന പേരിൽ ഒരു കവിത തന്നെയുണ്ട്.

‘തുറകളിലോ നാട്ടിൻപുറങ്ങളിലോ ചില വാക്കുകൾ ഉണ്ട് തെക്കനൻ കൊല്ലൻ, കാഴ കൂമ്പി വെയിൽ എന്നിങ്ങനെ ഒറ്റക്കേൾവിക്കോ അർത്ഥം പറയാതെയോ മനസ്സിലാവില്ല അവയ്ക്കു പകരം വാക്കുകളില്ല....'

എന്നിങ്ങനെ വാക്കുകളുടെ മൂലധനവിചാരം മുന്നോട്ടു പോകുന്നു.

വായുവിൽ എഴുതുന്ന വിരൽ... പൊള്ളുന്ന ഒരടി, ഒക്കെ കേൾക്കാനാകാത്ത പുള്ളയുടെ പ്രാണൻ രക്ഷിക്കും എന്നാണ് കവി പറയുന്നത്.

പ്രകൃതിയാണ് എല്ലാം കവികളുടെയും അയിര്.
എന്നാൽ മിക്കവാറും കവികൾ പ്രകൃതിയെ പുനഃസംവിധാനം ചെയ്യന്നു.
ഒരു മരത്തടിയിൽ അല്ലെങ്കിൽ കരിങ്കല്ലിൽ എന്ന പോലെ അതിൽ മനോധർമശിൽപങ്ങൾ കൊത്തുന്നു. ഈ ശിൽപങ്ങളാണ് പിന്നിട് അവർ എന്ത് വിചാരിക്കുന്നുവോ അതിനെ ധ്വനിപ്പിക്കുന്നത്. മഴ മഴ മാത്രമല്ല.
മഴക്ക് നാനർത്ഥങ്ങളുണ്ട്, നമ്മുടെ പ്രിയ കവി സച്ചിദാനന്ദന്.
ചേനയും മറ്റും കെ.ജി.എസ്സിന് പശിമരാശി മണ്ണിന്റെ കിരീടങ്ങളാണ്.
പുഴയെ പുഴയാക്കി വിടുകയില്ല പി. രാമൻ. പുള്ളി പുഴയെ ഒരു ഉത്തുംഗ ഗോപുരമാക്കുന്നു. അതിൽ ചാരിയിരിക്കുന്നു.

ഇങ്ങനെ ഒന്നും ചെയ്യുന്നില്ല എസ്. ജോസഫ്. പ്രകൃതിയിൽ കാണുന്ന ഓരോന്നിനെയും അങ്ങനെ തന്നെ എടുത്തു നിരത്തുന്നു. കുട്ടികൾ ഇലകളും പൂക്കളും പറിച്ചെടുത്ത് നോട്ടുപുസ്തകത്തിൽ ഒട്ടിച്ചുവയ്ക്കുന്നതു പോലെ ഒരു പരിപാടി.

ആടുകൾ പുല്ലു തിന്നുന്നു. തുള്ളിച്ചാടുന്നു. കല്ലുകൾക്കിടയിലൊരു മഞ്ചട്ടിപ്പാമ്പിനെക്കണ്ട് ഞാൻ പേടിച്ചു കാറി

ഇങ്ങനെയൊക്കെ എഴുതും പുള്ളി. പ്രകൃതിയെ അതായി വിടും. എഴുതുന്നവന്റെ സാമർത്ഥ്യത്തിനു പ്രത്യേക റോൾ ഇല്ല.

ഒരു പക്ഷെ കവിക്ക് സ്‌കൂൾമാഷുജോലി കിട്ടിയ ചീന്തലാറിലെ ജീവിതാവസ്ഥയും പുള്ളി പിറന്ന ഇടത്തിന്റെ ഒരു ആവർത്തനം തന്നെ ആയിരുന്നിരിക്കണം. വാക്കുകൾ അവയുടെ സ്വാഭാവിക താളം ഇവക്കൊന്നും പറയാവുന്ന മാറ്റം ഇല്ല.

മീൻകാരൻ എന്ന സമാഹാരത്തിലെ മൂന്നു നാലു കവിതകളൊഴികെ ഓരോ കവിതയും പ്രകൃതിയോട് കൂടുതൽ കൂടുതൽ അടുക്കുകയാണ്. പ്രകൃതി തന്നെ ആവുകയാണ്. പുഴുവിൽ നിന്ന് മരപ്പൊത്തുകൾ എടുക്കല്ലേ, മരപ്പൊത്തിൽ നിന്ന് കിളി കാണും മാനം എടുക്കല്ലേ എന്നെല്ലാം അത് ദീനമായി അപേക്ഷിക്കുന്നു. ഓരോ വീട്ടിലും ഒരു ഗ്രാമം, അത് എടുക്കല്ലേ, എന്നെല്ലാം അത്
കരയുന്നു.

പച്ചിലപാമ്പുകൾ കവിത കുറിക്കുന്ന കയ്യാലകൾ എടുക്കല്ലേ.

മുടിയുന്ന പ്രകൃതി തന്നെയാണ് കവി എസ്. ജോസഫിന്റെ വിഷയം. മീൻകാരൻ സമാഹാരത്തിലെ ഏറെ വ്യത്യസ്തമായ കവിതയാണ് പെങ്ങളുടെ ബൈബിൾ. ഈ കവിത പ്രത്യേകമായി മനുഷ്യനെക്കുറിച്ചു സംസാരിക്കുന്നു. പെങ്ങളുടെ ബൈബിളിൽ ഉള്ളവയുടെയും ഇല്ലാത്തവയുടെയും പട്ടിക ആണ് കവിത.

ഉള്ളവ: കുത്തുവിട്ട റേഷൻ കാർഡ് കടം വായ്പ്പക്കുള്ള അപേക്ഷാഫോറം ബ്ലേഡുകാരുടെ കാർഡ് ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ ഒരു നൂറുരൂപാ നോട്ട്

ഇല്ലാത്തവ: ആമുഖം പഴയ നിയമം പുതിയ നിയമം ഭൂപടങ്ങൾ ചുവന്ന പുറംചട്ട

ജോസഫിന്റെ ഏറെ ആഘോഷിക്കപ്പെട്ട കവിത ഇതാണെന്നു തോന്നുന്നു.
കവിതയുടെ രാഷ്ട്രീയ മുനയാകാം കാരണം. കാര്യമായി വിവർത്തനം ചെയ്യപ്പെട്ട കവിതയും ഇതുതന്നെ.

പ്രകൃതി ഇല്ല ഈ കവിതയിൽ എന്നു പറഞ്ഞുകൂടാ.
മരങ്ങളും മലകളും പുഴകളും പോലെ മനുഷ്യനും പ്രകൃതിയാണല്ലോ.
എന്നാൽ മറ്റു കവിതകളിൽ കാണുന്ന മാസ്മരികമായ ചുറ്റുപാടുകളുടെ അസാന്നിധ്യം, പ്രകടം. കവിത കടക്കെണിയെക്കുറിച്ചും കുത്തഴിഞ്ഞ റേഷൻ കാർഡിനെക്കുറിച്ചും സംസാരിക്കുന്നു. അസുന്ദരമായ ജീവിതം കവിതയുടെ വിഷയം. സിസ്റ്റേഴ്സ് ബൈബിൾ എന്നു തന്നെ ജോസഫ് കവിതകളുടെ ഇംഗ്ലീഷ് വിവർത്തന സമാഹാരത്തിന്റെ പേരും.

ഈ സമാഹാരത്തിലെ മറ്റു കവിതകളിലും പെങ്ങളുടെ ബൈബിളിനോട് സാമ്യമുള്ള മറ്റു കവിതകളില്ല. എല്ലാം തുള്ളിച്ചാടുന്ന, കോഴിയും, പൂച്ചയും കാറ്റും, വെള്ളവും തന്നെ. പിരിയുമ്പോൾ, പ്രണയിക്കുമ്പോൾ, ഇങ്ങനയൊക്കെ ചില കവിതകളുണ്ട്. തുറയിൽ നിന്നുള്ള ഒന്നു രണ്ടു കവിതകളുണ്ട്. അല്ലെങ്കിൽ കുളത്തിനടിയിൽ നേരേ തൊടുന്ന വെയിലും കാക്ക കാപ്പിക്കമ്പിൽ പറന്നു വന്നിരിക്കുന്നതും ഒക്കെത്തന്നെ.

മറ്റൊരു ജീവിതം എന്ന ഒരു കവിതയുണ്ട് മീൻകാരൻ എന്ന സമാഹാരത്തിൽ.
കവിത ഇടമുറിഞ്ഞ കാലത്ത് മുറ്റം നിറയെ ചെടി നടുന്നു. കവി കൃഷി ചെയ്യുന്നു. അയാൾ വാഴക്കും തെങ്ങുകൾക്കുമൊക്കെ പേരിടുന്നു.

കവിത ഇടമുറിഞ്ഞ ഇക്കാലത്താണോ എസ്. ജോസഫിനെ കാണാതായത്?
അക്കാലത്തോ, അതിന് ഇത്തിരി മുമ്പോ പിമ്പോ ഇറങ്ങിയ ഇക്കാലം കത്തി നിൽക്കുന്ന മലയാള കവിതകളുടെ സമാഹാരമായ പുതുമൊഴിവഴികളിൽ (ജൂലൈ, 1999), എസ്. ജോസഫിനെ കണ്ടില്ല. പുള്ളി എഴുതിയിരുന്നില്ലേ? അതോ ആ സമാഹാരത്തിന്റെ ആളുകൾക്ക് പുള്ളിയുടെ കവിത ബോധിച്ചില്ലേ? എഡിറ്റർ
ആയിരുന്ന ആറ്റൂർ രവിവർമയുടെ മുന്നിൽ ജോസഫിന്റെ കവിത എത്തിയില്ലേ?
ഇക്കാലം തൊട്ടാണോ പുള്ളി പ്രധാന ദളിത് കവിയായി അറിയപ്പെട്ടുതുടങ്ങിയത്?
ഉത്തരങ്ങൾ പ്രധാനമല്ല. ജനാധിപത്യത്തിന്റെ തുറസ് വിശാലം. എല്ലാം നല്ലതിന് (?).

എസ്. ജോസഫ് പ്രകൃതിയുടെ കവിയാണ്.
പിന്നിടുവന്ന സമാഹാരങ്ങൾ- ഐഡിൻഡിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം ഇവയിലൊന്നും പെങ്ങളുടെ ബൈബിൾ എന്ന കവിതയുടെ പ്രമേയ, ഭാവ പരിസരങ്ങളോടടുക്കാവുന്ന കവിതകൾ ഇല്ല എന്നുതന്നെ പറയാം. സമീപനത്തിലും രചനാരീതിയിലും കാര്യമായ വ്യത്യാസങ്ങൾ കാണുന്നില്ല. ധ്വനി തുടങ്ങിയ ചില കവിതകൾ പെൺ അവസ്ഥകളെ കാണിക്കുന്നു എന്നേയുള്ളു. ഒരെഴുത്തുകാരന്റെ ഏറ്റവും സങ്കീർണമായ പ്രതിസന്ധി അയാൾ അയാളെ തന്നെ ആവർത്തിക്കേണ്ടി വരുന്നു എന്നതാകണം. രക്ഷപ്പെടണം എങ്കിൽ ഫെർണാഡൊ പെസോവയെപ്പോലെ സ്വത്വങ്ങൾ വച്ചു മാറാൻ കഴിയണം. തികച്ചും മറ്റൊരാളായി എഴുതുക. അല്ലങ്കിൽ എഴുത്തു നിർത്തി സന്യാസം
സ്വീകരിക്കാൻ കഴിയണം.

കായികാധ്വാനവും കൃഷിയും പരിചയമുള്ള ഒരു കവിയാണ് എസ്. ജോസഫ്.
കൃഷിയും, എന്നു പറയുമ്പോൾ അത്ര റൊമാന്റിക് അല്ല കൃഷി എന്നു കാണണം.
നല്ല കർഷകൻ ആകാശത്തിലെ പറവയല്ല. അയാൾ വിതയ്ക്കുകയും കൊയ്യുകയും കിട്ടാപ്പോരു നോക്കുകയും ചെയ്യുന്ന ഒരു കടുംമനുഷ്യൻ. (കൃഷി തുലഞ്ഞുകാണുമ്പോഴും അതും ഈ കളിയിലുണ്ട് എന്നു പുഞ്ചിരിക്കുന്ന പഴവന്മാർക്കു വംശനാശം വന്നു. ഇപ്പോൾ ഇത്ര ചതുരശ്രയടി ടൈൽ ഒട്ടിച്ചു, ഇത്ര കൂലി എന്ന ലൈൻ ആണ് കൃഷിയിലും).

മുളങ്കൂട്ടത്തിൽ പടം തൂക്കുക മൂലം വീട് മുളങ്കൂട്ടമായ് മാറി കിളികൾ ഇനിയെത്തും

മഞ്ഞ പറന്നാൽ എന്ന സമാഹാരത്തിൽ നിന്ന് പൊള്ളാച്ചി എന്ന കവിത കൂടി:

പുലർന്നിട്ടും ചാറ്റമഴയും കാറ്റും കൊണ്ട് ഇരുൾ മൂടിയ പരപ്പുകളിലെ മറവുകളിൽ കൂവുന്ന മയിലുകൾ വെയിലുദിക്കേ തെളിയുന്നു അപ്പോൾ കരിമ്പനകൾ അടയാളമിട്ട പോർക്കോഴിയുടെ ചോര വീണു ചുവന്ന മൺനിലങ്ങളിലെ പച്ചമുളകിനും നിലക്കടലയ്ക്കും ചോളത്തിനും ഇടയിലെ വീടുകളിൽ ചടഞ്ഞിരുന്ന ചിത്രകാരൻമാർ അവയെ വരയ്ക്കുവാൻ പുറപ്പെടുന്നു.

ഇതാണ് എസ്. ജോസഫ്. കട്ടായം, ചിത്രകാരൻ തന്നെ. ഇപ്പൊഴാകട്ടെ
ചിത്രശിൽപ്പകലകളെ കുറിച്ച് എഴുതുകയും ചെയ്യുന്നു.

കഴിഞ്ഞ മൂന്നു നാലു മാസങ്ങളിലായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്ന ജോസഫ് കവിതകളിൽ പ്രത്യേകിച്ചും രൂപത്തിൽ എടുത്തു പറയേണ്ട മാറ്റം കാണുന്നു. നാടോടി മട്ടിൽ എഴുതിയിരുന്ന കവി കർശനവൃത്തങ്ങൾ സ്വീകരിക്കുന്നു. അതിൽ ഒന്ന് മഹാരാജാസ് കോളേജിനെക്കുറിച്ചെഴുതിയ കവിത.
ഈ കൂട്ടത്തിൽ വന്ന ശ്രദ്ധേയമായ ഒരു കവിതയാണ് രാത്രി, തടാകം.

ആകാശക്കണ്ണുകൾ പോലനവധിയുഡുജാലം, തടാകം വിലോലം

കവി ഒരു നൗകക്കകത്താണ്.
പണ്ടത്തെ വള്ളം നൗക. മോട്ടോർ ഘടിപ്പിച്ച ഒരു ഫൈബർ വള്ളമായിരിക്കാം അത്. അതിനെ നൗക എന്നല്ലാതെ എന്തു പറയും.
സ്രാങ്ക് ഓടിക്കുന്ന ബോട്ട് എന്നുപറയുന്നുണ്ട് കവി.
ഈ നൗകയെ വള്ളമെന്നും തോണിയെന്നും പറയുന്നുമുണ്ട്.
കവിയുടെ ഭാഷയിൽ കാതലായ മാറ്റം കാണുന്നുണ്ടല്ലോ.

നക്ഷത്രാകീർണവ്യോമം മിനുമിനെ, മതിയും കൂടെ, യിങ്ങോ തടാകം മിഥ്യാലോകം പണിഞ്ഞൂ, പകരമതധികം ഭംഗിയായ് മേളിലേക്കാൾ....

അനുഭവരസം എന്നൊക്കെയാണ് കവി ഉപയോഗിക്കുന്നത്. പഴയ ജോസഫുകവിതയോട് അടുത്തു നിൽക്കുന്ന അഞ്ചാറു വരികളുമുണ്ട് ഈ കവിതയിൽ.

പൂർവാഹ്നം ഞങ്ങളെല്ലാം വനവിപുലതയെ ത്തേടി നീലപ്പരപ്പായ് സായാഹ്നം ഞങ്ങൾ കാടിൻമടിയിലലയവേ തേടീ പച്ചപ്പിനർഥം കണ്ടല്ലൊ ഞങ്ങളെല്ലാം കടുവയൊരടയാ ളത്തിനാലോർത്തു വയ്ക്കു വൻവൃക്ഷം ചുറ്റുപാടും പലനിറമിലകൾ- ക്കൊക്കെ നൽകും വെളിച്ചം...

എന്നെല്ലാം (ഈ കവിതയുടെ വരികൾ ടൈപ്പു ചെയ്ത് അവശനായി ഞാൻ).

പഴയ ജോസഫ് കവിതയിലെ അഞ്ചാറു വരികൾ

‘....വെയിൽവരും മുമ്പനിക്കാ- ക്കുന്നിന്മുകളിലെത്തണം മഴക്കുട്ടിയാണു ഞാൻ മഴ തോർന്നാൽ ഞാനില്ല മനസ്സു തോർന്നാൽ ഞാനില്ല മറ്റൊരു മഴയിൽ ഞാൻ വരാം ​​​​​​​മലഞ്ചെരുവിൽ കൂട്ടു കൂടാം. നമ്മളെന്നും ജീവിക്കും നമ്മൾ മഴേം വെയ്​ലുമാകും....'

ഒരു പക്ഷെ കവിതയുടെ ഏതു തരത്തിലുള്ള രൂപങ്ങളും വഴങ്ങുന്ന മാസ്റ്റർ എന്നു കാണിക്കയാകാം കവി. എന്നാൽ നക്ഷത്രങ്ങളെ ഉഡുജാലങ്ങൾ എന്നു പറഞ്ഞാൽ മാത്രം ശരിയാകുന്ന കവിതാരൂപത്തിൽ ഉറച്ചു നിൽക്കുന്നില്ല കവി. അത് ആറ്റൂർ രവിവർമ്മയും കൂട്ടരും നേരത്തെ എറിഞ്ഞുടച്ച പെരുംവാർപ്പ് എന്നു തോന്നിയിട്ടോ, അതോ എനിക്കു ഇപ്പോൾ ഇങ്ങനെ തോന്നുന്നു, ഞാൻ ഇങ്ങനെ എഴുതും എന്നു തോന്നിയിട്ടോ പൊടുന്നനെ മറ്റൊരു രൂപത്തിൽ വരുന്നു വംശചരിത്രം കവിത. പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകളെ ആധാരമാക്കിയ കവിത.

പൊയ്കയിൽ അപ്പച്ചന്റെ ഒരു പാട്ട് ഇങ്ങനെ:

കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ എന്റെ വംശത്തിൻ കഥ എഴുതി വച്ചിടാൻ പണ്ട് ഉർവിയിതിൽ ആരുമങ്ങില്ലാതെ പോയല്ലോ ഓർത്തിടുമ്പോൾ ഖേദമുള്ളിൽ ആരംഭിക്കുന്നേ അവ ചേർത്തിടട്ടെ സ്വന്തരാഗത്തിൽ ചിലതല്ലാം

ജോസഫിന്റെ വംശചരിത്രം കവിത ഇങ്ങനെയും:

കാണുന്നില്ല ഒരു എഴുത്തു പോലും ഇവിടെ എൻ വംശത്തിനെപ്പറ്റി ഞാൻ കാണുന്നുണ്ട് ചരിത്രം ഏറെയെഴുതപ്പെട്ടിട്ടുള്ള വംശങ്ങൾ എൻ വംശത്തിന്റെ ചരിത്രമെഴുതാൻ ആരോരും ഇല്ലാതെ പോയല്ലോ ഭൂമിയിൽ.

കവിത കുറെ നീങ്ങുമ്പോൾ പൊയ്കയിൽ അപ്പച്ചൻപാട്ടിൽ വരുന്ന "സ്വന്തരാഗത്തിൽ' എന്ന പദക്കൂട്ടും കവിതയിൽ വരുന്നു.
ഇക്കവിതയുടെ രൂപം നിർണയിച്ചിരിക്കുന്നത് അതിന്റ പ്രമേയ, ഭാവ പരിസരങ്ങൾ.

കവി ഏതൊന്നിനെയും അയാളുടെ ഒരു അത്ഭുത മൗലിക രൂപത്തിലേക്ക് ഒതുക്കുന്ന ‘ട്രന്റിനു' പകരം ഇവിടെ പ്രമേയം, ഭാവം, കവിയുടെ കന്മതിൽ ഈഗോ തകർത്ത് സ്വന്തരൂപത്തിൽ ഉരുവമാകുന്നു. കവി വഴി മാറി കൊടുക്കുന്നു. വഴി മാറിക്കൊടുക്കുന്ന കവി കവിത്വത്തിന്റെ ഉത്തുംഗനിമിഷത്തിൽ എന്നാണ് എന്റെ വിചാരം.

കവി എസ്. ജോസഫിന് സംഗീതവുമായി ബന്ധം ഉണ്ടായിരിക്കാം.
ഈയിടെ പുള്ളി ബോബ് മാർലിയെക്കുറിച്ചും ഫെയ്‌സ്ബുക്കിൽ എഴുതിക്കണ്ടു. ഐ ഷോട്ട് ദ ഷറീഫ് എന്ന ഗാനം മൊഴിമാറ്റിയിരിക്കുന്നതും കണ്ടു.
ഹൃദയഹാരിയായി സംഗീതം ചെയ്തുപാടിയിട്ടുള്ള പൊയ്കയിൽ അപ്പച്ചന്റെ ഗാനങ്ങളായിരിക്കാം കവിയെ ആകർഷിച്ചത്. അതോ ആ ഗാനത്തിലെ തീവ്രമായ ദളിത് ചരിത്രസത്യങ്ങളോ.

പിന്നെ ജോസഫ് സിനിമകളുടെ ആളുമാണ്. ഒരു ഫിലിംഫെസ്റ്റിവെൽ തീർത്ഥാടകൻ.*
​എസ്. ജോസഫ് ഒരു ഫെയ്‌സ്ബുക് ആക്ടിവിസ്റ്റുമാണ്. ആളുകളുടെ കവിതകൾ ഇഷ്ടപ്പെടുന്ന കാര്യത്തിൽ ഒരു കർശനക്കാരൻ. ഒരു കവിതയും വെറുതെ പുള്ളിയെ അങ്ങ് സ്പർശിക്കുകയില്ല.

ഫെയ്സ്ബുക്കിൽ, ബ്ലോഗിലുമാകട്ടെ ധാരാളം കവിതകൾ വരുന്നു. അച്ചടിമാധ്യമങ്ങളിൽ വന്ന കവിതകൾ തന്നെ ചൂടോടെ ഫെയ്സ്​ബുക്കിലും കൊടുക്കുന്നു. അത് കൂടുതൽ ആളുകൾ കാണുന്നു.
മറ്റു കവിതകൾ വേണ്ടത്ര അംഗീകരിക്കാത്ത എസ്. ജോസഫിന്റെ നിലപാടുകൾ ആകെ കുഴപ്പം എന്ന മട്ടിൽ മറ്റു കവികളുടെ പോസ്റ്റുകളും വരുന്നു.

ഫെയ്‌സ്ബുക്കിൽ ചോദിക്കാനും പറയാനും ആരുമില്ലാതെ കവിതകൾ വരുന്നത് അത്ര നന്നല്ല എന്ന് ധ്വനിപ്പിക്കാറുണ്ട് എസ്. ജോസഫ്.

ജോസഫിന്റെ ഒരു ഫെയ്സ്ബുക്ക് തമാശ ഇങ്ങനെ:

ചോ: താങ്കൾ ഒരു അച്ചടിക്കവിയാണോ
ഉ: അല്ല.
ചോ: താങ്കൾ ഒരു സൈബർ കവിയാണോ
ഉ: അല്ല
ചോ: താങ്കൾ പിന്നെ എന്തു കവിയാണ്
ഉ: ഞാൻ മലയാള കവിയാണ്. പേന കൊണ്ടും പെൻസിൽ കൊണ്ടും കവിത എഴുതിയിരുന്നു.
വീടുകളിൽ, തീവണ്ടികളിൽ, ബസിൽ, പണിസ്ഥലങ്ങളിൽ ഒക്കെയിരുന്ന് കവിതകൾ എഴുതിയിരുന്നു, സൈബർ കവികൾ. നല്ലത്, അങ്ങനെ വന്ന കവിതകൾ പുസ്തകമാക്കുന്നത് നല്ലത് എന്നെല്ലാം ഉത്തരങ്ങൾ തുടരുന്നു.

ഭാവികാലം സൈബർ കവിതയുടേതാണോ എന്ന ചോദ്യത്തിന് സാധ്യതയുണ്ട് എന്നും കറണ്ടിന്റെ ലഭ്യത പ്രധാനമാണ് എന്നും കറണ്ടു പോയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഒരു വിളക്കു കത്തിക്കും, എന്നിട്ട് വിളക്കുവെട്ടത്തിത്തിരുന്ന് കടലാസ്സിൽ ഒരു കവിത എഴുതും എന്നും ഉത്തരങ്ങൾ സമാപിക്കുന്നു.
സൈബർ കവിതകൾക്ക് എതിരല്ല എന്നു പറയുന്നുവെങ്കിലും പുള്ളി പഴയ മാതിരി എഴുത്തുകവികളുടെ കൂടെ എന്നു ധ്വനി. ഹൃദയമാണ് സ്ലേറ്റ് എന്ന് പ്രത്യേകം പറയുന്നു.

അച്ചടിമാധ്യമങ്ങൾക്ക് ഉള്ളത്രയുമോ അതിൽ കൂടുതലോ പ്രാധാന്യം സാമൂഹികമാധ്യമങ്ങൾക്കും ഉണ്ട് എന്നു കാണണം. ഞങ്ങളുടെ ഗ്രാമക്കവലയിൽ മുന്നെ ഒരു കപ്പ- ബീഫ് കട ഉണ്ടായിരുന്നേടത്ത് ഇപ്പോൾ ഒരു ഒറ്റമുറി കെട്ടിടം. ഡിജിറ്റൽ സേവ എന്നൊരു ബോർഡും. ലോകം എപ്പോഴും പുതുമയെ പുൽക്കുന്നു.
അതിൽ വരുന്ന എഴുത്തുകൾക്ക് ഒരു പത്രാധിപരില്ലന്നൊ, ഒരു എഡിറ്റിങ്ങ് ഇല്ലന്നോ ഒന്നും ബേജാറാകേണ്ട കാര്യമേ ഇല്ല. മഹത്തായ ജനാധിപത്യത്തിന്റെ അപാരസ്വാതന്ത്ര്യത്തിന്റെ പൊതുച്ചുമർ ആണത്. അവിടെ ഒരാൾക്ക് എഴുതാം, വരയ്ക്കാം, തെറി പറയാം, തെറി പിടിക്കാം.

എനിക്കിഷ്ടം വിളക്കുവെട്ടത്തിരുന്ന് കവിത എഴുതുന്ന ജോസഫിനെയാണ്. ഉഡുജാലകവിയെ അല്ല. ഒട്ടൽ കൊണ്ട്, കൈശായക്കായ വച്ച് കൊട്ടത്തോക്കുണ്ടാക്കി കളിക്കുന്ന ജോസഫ് എന്ന തനി നാട്ടുചെക്കനെ. ഞാവൽനീല പശ്ചാത്തലത്തിൽ മഴ നോക്കി നിൽക്കുന്ന ആ പുഴുപ്പല്ലൻ കുട്ടിയെ.


എൻ.ജി. ഉണ്ണികൃഷ്​ണൻ

കവി, നാടകപ്രവർത്തകൻ, വിവർത്തകൻ. കൊച്ചിൻ ​കോളേജിൽ ഇംഗ്ലീഷ്​ പ്രൊഫസറായിരുന്നു. ഒരു കുരുവി ഒരു മരം, ചെറുത്​ വലുതാകുന്നത്‌, പശുവിനെക്കുറിച്ച്​ പത്തു വാചകങ്ങൾ/യന്ത്രവും എന്റെ ജീവിതവും, കടലാസുവിദ്യ, ​​​​​​​Ten Sentences about the Cow and other Poemsഎന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments