ഡി. അനിൽകുമാർ

അടികുറിപ്പുകളോടെ മാത്രം വായിക്കാനാവുന്ന
​കവിത; ജീവിതവും

ടൽ എന്നോ മീനെന്നോ കേൾക്കുമ്പോൾ എനിക്ക് ഡി. അനിൽകുമാറിനെ ഓർമ വരാൻ തുടങ്ങിട്ടുണ്ട് ഈയടുത്തായി. അനിൽകുമാറിനായിരുന്നു ഈ വർഷത്തെ സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം. കടൽ തീരത്തു ജനിക്കുകയും ജീവിക്കുകയും മുക്കുവ ഭാഷയിൽ കവിത എഴുതുകയും ചെയ്യുന്ന ഒരാൾക്ക് മുഖ്യധാരാ സാഹിത്യലോകം നൽകുന്ന അംഗീകാരങ്ങൾ അസാധാരണമായതിനാൽ തന്നെ ആഘോഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം. ചങ്കൊണ്ടോ പറക്കൊണ്ടോ എന്ന കവിത സമാഹാരത്തിനാണ് അനിലിന് പുരസ്ക്കാരം ലഭിച്ചത്. കവിതയോളം തന്നെ അടികുറിപ്പുകൾ (Foot notes) ഉള്ള കവിതകളാണ് അതിൽ നിറയെ. അനിൽകുമാറിന്റെ നല്ല പങ്ക് കവിതകളും വായിച്ചെടുക്കാൻ അടിക്കുറിപ്പുകൾ ആവശ്യമാണ്. തീരദേശത്തെ ഭാഷയുടെ മാത്രമല്ല, അനുഭവങ്ങളുടെ കൂടെ അസാധാരണത്വം കൊണ്ടാണ് അങ്ങനെ വരുന്നത് എന്ന് കരുതാനാണ് എനിക്കിഷ്ടം. നമ്മുടെ പൊതുജീവിതത്തിന്റെ ഭാഷയോടോ അനുഭവങ്ങളുടെ അച്ചടക്ക നടപ്പിനോടോ അയാളാവിഷ്കരിക്കുന്ന ഭാഷയും സ്വത്വവും, അയാൾ പങ്കു വയ്ക്കുന്ന വംശസ്‌മൃതിയും ദേശ ഭാവനയും ക്രൂരമാം വിധം പുലർത്തുന്ന വിപ്രതിപത്തി കൊണ്ടു കൂടിയാണ് അനിൽകുമാറിന്റെ കവിതകൾക്ക് അടികുറിപ്പുകൾ വേണ്ടി വരുന്നത് എന്നതാണ് സത്യം.

ഭാഷയുടെയും അനുഭവങ്ങളുടെയും ഈ അപനിർമ്മാണം- സൂക്ഷ്മത്തിലുള്ള വൈജാത്യവൽക്കരണം, അതിന്റെ ആഘോഷം - ഇതൊക്കെ സാധ്യമാക്കാനായി അയാളുടെ കവിതകൾ സ്വാഭാവികമായി മുഖ്യധാരാ കവിതാ വ്യവഹാരത്തോടു പുലർത്തുന്ന കൂസലില്ലാത്ത വിപ്രതിപത്തി ഒക്കെയും അടിമുടി രാഷ്ട്രീയ നിലപാട് കൂടിയാണ് എന്നതത്രെ ഏറ്റവും പ്രധാനം.

തന്റെ ഭാഷയ്ക്ക് പുറം ലോകത്തോട് സംവദിക്കാൻ ജീവൻ നൽകിയ കവി മാത്രമല്ല അനിൽ. കടപ്പെറപ്പാസ എന്ന പേരിൽ അയാൾ സ്വന്തം ഭാഷയ്ക്ക്- സ്വന്തം അനുഭവങ്ങൾക്ക് ഒരു നിഘണ്ടു കൂടി നിർമിച്ച് കൊടുത്തു. അനിൽകുമാറിന്റെ കവിതകൾ വായിക്കാൻ- അനുഭവിക്കാൻ അയാളുടെ തന്നെ നിഘണ്ടു കൂടി ഉപയോഗിക്കേണ്ടി വരുന്നു എന്നത് മുക്കുവ ഭാഷയുടെ കരുത്തായി വേണം കരുതാൻ. പൊതുമയുടെ മലയാളത്തിന് ഇത്തരം ഭാഷാ വൈവിധ്യം ഉൾക്കൊള്ളാനുള്ള മെയ്‌വഴക്കമില്ലാത്തതിനാൽ പ്രത്യേകിച്ചും.

കടലിൽ പൊറുക്കുന്നതിന്റെ ആധിപോലെ തന്നെയാണ് കടൽ തീരത്ത് പൊറുക്കുന്നതിന്റെയും ആദി. എന്നാൽ മറ്റൊരു ജീവിതം- സാധ്യത- അചിന്തനീയവുമാണ്

മീനുകൾക്കൊപ്പം മാഞ്ഞു പോകുന്ന ജീവിതങ്ങൾ

മത്സ്യത്തൊഴിലാളിയുടെ ജീവിതവും മത്സ്യത്തിന്റെ ജീവിതവും തമ്മിലെ ദൂരക്കുറവ് എത്ര അദൃശ്യമാണ് എന്ന അജ്ഞതയിൽ കൂടിയാണ് ഇക്കാലമത്രയും മലയാള സാഹിത്യ പാരമ്പര്യം കടൽ ജീവിതത്തെ ആവിഷ്​കരിച്ചത് എന്ന തിരിച്ചറിവ് അനിൽകുമാറിന്റെ കവിതകളുടെ അടിയുടുപ്പായി പ്രവർത്തിക്കുന്നു. മത്സ്യത്തിന്റെ ജീവിതം പോലെ അനിശ്ചിതത്വവും പെടപ്പും കടൽ പണിക്കാരന്റെയും അയാളുടെ കുടുംബത്തിന്റെയും കൂടെപ്പിറപ്പാണ്. കടലിൽ പൊറുക്കുന്നതിന്റെ ആധിപോലെ തന്നെയാണ് കടൽ തീരത്ത് പൊറുക്കുന്നതിന്റെയും ആദി. എന്നാൽ മറ്റൊരു ജീവിതം- സാധ്യത- അചിന്തനീയവുമാണ്. ഫ്ളാറ്റുകളിലേക്ക് മാറാൻ അവസരം ലഭിച്ചിട്ടും തീരത്തെ കുടിലുകൾ ഉപേക്ഷിച്ചു പോകാനാവാതെ അവിടെ തന്നെ മഴയും വെയിലുമേറ്റ് മുറിയുന്ന കടലോര മനുഷ്യരെ പറ്റി അനിൽ ഒരു സ്വാകാര്യ സംഭാഷണത്തിൽ പറഞ്ഞതോർക്കുന്നു. കടലാണ് അവർക്ക് വീട്. ചൂണ്ടക്കൊളുത്തിൽ നിന്നും വലയിൽ നിന്നും വഴുതി മാറി ജീവിക്കാൻ കിതയ്ക്കുന്ന മീൻകുഞ്ഞുങ്ങളെ പോലെ വിധിയിൽ നിന്നും സുനിശ്ചിതമായ അനിശ്ചിതത്വത്തിൽ നിന്നും തെന്നിമാറാൻ കടലോര മനുഷ്യർക്ക് കഴിവില്ല എന്നത് മാത്രമാണ് മീനുകളുടെയും "മീൻ മനുഷ്യരുടെയും' ജീവിതങ്ങൾക്ക് ഇടയിലുള്ള ദൂരം.

ശരിക്കും ഒരു ഒറത്തായാണ്‌ ഞാൻ കടലിലേക്ക് തിരിച്ചു പോകാനായി ഹാർബറിന്റെ തലപ്പിൽ നിന്നു ചാടുകയാണ്

അനിലിന്റെ ഒറത്ത എന്ന കവിതയിലെ വരികളാണിത്. ഹാർബറിന്റെ തലപ്പിൽ നിന്ന്​ ജീവിതത്തിലേക്ക് തിരിച്ചു ചാടാൻ വെപ്രാളപ്പെടുന്ന മത്സ്യം- അതിന്റെ ജീവിതം മത്സ്യമനുഷ്യരുടെ ജീവിതം തന്നെയാണ്. വിഴിഞ്ഞം പദ്ധതി പൂർത്തിയാകുമ്പോൾ മൂന്നര ലക്ഷം കടലോര മനുഷ്യർ അവർ ജീവിക്കുകയും പണിയെടുക്കുകയും ചെയ്ത ആവാസവ്യവസ്‌ഥയിൽ നിന്ന് പുറത്താക്കപ്പെടും എന്നാണ് പഠനങ്ങൾ പറയുന്നത്. വികസനം ഒരു ജനതയുടെ ജീവിതത്തിന്റെ നട്ടെല്ലിൽ കോർത്ത ചൂണ്ടക്കൊളുത്തായി മാറുന്നത് മുഖ്യധാരാ രാഷ്രീയ - സാമൂഹിക ജീവിതത്തിന്റെ ആകുലത പോലുമല്ല. ആദിവാസികളെ പുനരധിവസിപ്പിക്കുന്ന വികസന നയങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ ചെറിയ ഒരംശം പോലും കടലോര മനുഷ്യരുടെ ജീവിതം അടച്ചു കളയുന്ന വികസന മന്ത്രങ്ങൾക്കെതിരെ ഉയരുന്നില്ല. കേരള മോഡൽ വികസനത്തിന്റെ ഗുണഭോക്‌തൃ പട്ടികയിൽ മത്സ്യത്തൊഴിലാളികൾ ഇല്ല എന്നത് മറന്നു കൂടാ. ആ മറവികൾക്കെതിരെ തുഴയെറിയുകയാണ് അനിൽകുമാർ തന്റെ കവിതകളിലൂടെ.

ഈ തുറയൊഴിഞ്ഞു പൊയ്ക്കൊള്ളാം ഞങ്ങൾ നിങ്ങട വികസന പെരുംകുതിപ്പിനായ് എടുക്കാം ഒരു തിര, നിങ്ങൾക്ക് കുടിച്ചു വറ്റിക്കാൻ ഇട്ടേക്കാം ഇക്കടൽ മറക്കാം അമ്മയപ്പന്മാരുടെ ഉടുത്തുണിയും വങ്കായവും നിങ്ങൾക്കുപകരിക്കും രക്ഷയില്ലാക്കാലത്ത് ഞങ്ങട കുഞ്ഞുങ്ങട കാലുപൂന്തിയ മണലും മുട്ടക്കുളവും നിങ്ങൾക്ക് തോണ്ടി വിൽക്കാം നട്ടുച്ചയ്ക്ക് കാറ്റാടിമരങ്ങൾക്കിടയിലുറങ്ങും സ്വാസ്ഥ്യത്തെ കെടുത്താം വെളുപ്പിനെ ബാങ്കുവിളിയേറ്റുണരും ഞങ്ങട കണ്ണുകളെ കുഴിച്ചുമൂടാം

നിങ്ങൾക്ക് മനസിലാകില്ല കല്ലിടേണ്ടത് തിരപ്പുറത്തല്ല ഞങ്ങട നെഞ്ചത്ത് ഹാർബറ് കെട്ടേണ്ടത് കടലില്ല ഞങ്ങട ഉടലിൽ

ഓരോ മഴക്കാലത്തും ഞങ്ങൾക്കൊപ്പമുണ്ട് പട്ടിണിയും പരിക്കോലവും
​(തുറ)

മൗറീഷ്യൻ കവിയും ഫോട്ടോഗ്രാഫറുമായ Umar Timol പകർത്തിയ അനിലിന്റെ ചിത്രം

തങ്ങളുടെ ഭാഷയുടെ ചൈതന്യവും ശക്തിയും വീണ്ടെടുക്കൽ മാത്രമല്ല അനിൽ അതിലൂടെ ചെയ്യുന്നത്. നമ്മുടെ കാവ്യ പാരമ്പര്യത്തിന്റെ ശുദ്ധി- അച്ചടക്ക സങ്കൽപ്പങ്ങളെ മുറുകെ പിടിക്കുന്ന ഭാഷയുടെ ഒറ്റ വഴികളെ പരിഹസിച്ചും അട്ടിമറിച്ചും അനിൽ കടൽ ഭാഷയുടെ ബദൽ വഴി പണിയുന്നു. അതിലൂടെ നടക്കാൻ- സഞ്ചരിക്കാൻ- വഴുതി വീഴാതെ കാൽ വെക്കാനെങ്കിലും വായനാലോകത്തെ വെല്ലുവിളിക്കുന്നുമുണ്ട് അനിൽ. തന്റെ വംശപരമ്പരയുടെ, ദേശ ഭാവനയുടെ, ഒക്കെ ജ്വലിക്കുന്ന അനുഭവച്ചുമടാണ് അയാൾക്കുള്ള കൈമുതൽ. സ്രാവിൻ കൊമ്പു പോലെ മെരുങ്ങാൻ മടിക്കുന്ന ആത്മവിശ്വാസം കടലോരമനുഷ്യരിൽ അന്തർലീനമാണ്. അനിലിന്റെ കവിതയിലും അതുണ്ട്. (അതുണ്ടാവാതെ പിന്നെ?) അത് കൊണ്ട് തന്നെ വികസന വേഴ്ചയിൽ ജീവിതം നഷ്ടപ്പെട്ടിട്ടും കുടിയൊഴിയാൻ ബാധ്യതപ്പെട്ടിട്ടും അനിലിന്റെ കടൽ മനുഷ്യൻ തുറ എന്ന മേലുദ്ധരിച്ച കവിതയെ ഒട്ടും മെരുക്കമില്ലാത്ത കരുത്തിൽ ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്.

ഈ തുറയൊഴിഞ്ഞു പൊയ്ക്കൊള്ളാം ഞങ്ങൾ എടുക്കാം ഒരു തിര, മതി ഞങ്ങൾക്കൊരു കടലായിരമ്പാൻ....

കാഴ്ചക്കാരുടേതല്ലാത്ത കടൽ, കാറ്റ്, മഴ

ആഗോള താപനമടക്കം മനുഷ്യകേന്ദ്രികൃതമായ സകലമാന പാരിസ്ഥിതിക ദുരന്തങ്ങളുടെയും പ്രഥമ ഇരകൾ തീരദേശത്തെ മനുഷ്യരാണ്. അവരുടെ ആവാസ്‌ഥ വ്യവസ്‌ഥ എളുപ്പത്തിൽ തകർക്കാനാവുന്ന ഒന്നായി തുടരുന്നു. അവരുടെ മനുഷ്യരെ കാറ്റിനും കോളിനും കടലിനും എളുപ്പത്തിൽ കൊണ്ട് പോകാനാകുന്നു. ഓഖിയടക്കമുള്ള ദുരന്തങ്ങൾ മുഖ്യധാരാ കേരളീയ ജീവിതത്തെ ബാധിക്കാതെ ഇരിക്കുന്നത് അത്തരം ദുരന്തങ്ങളുടെ തീവ്രത കുറവായിരുന്നത് കൊണ്ടല്ല. (കേരളത്തെ മുറിവേൽപ്പിച്ച കരിപ്പൂർ വിമാനദുരന്തത്തിൽ നഷ്ടമായതിലും എത്രയോ ഇരട്ടി മനുഷ്യരെ ഓഖി കാലത്ത്​ നഷ്ടമായി ) തീരദേശത്തെ മനുഷ്യരെ നമ്മുടെ മനുഷ്യരായി പരിഗണിക്കാൻ പൊതുമയുടെ ഭാഗമായി ജീവിക്കുന്നവർക്ക് കഴിഞ്ഞിട്ടില്ല എന്നതിനാലാണ് ഈ അവഗണന.

കാറ്റുകൊണ്ട് പോയവർ ഉപ്പുവെള്ളത്തിലലിഞ്ഞ് മീൻ തെവളകളിൽ വസിക്കുന്നു പെണമായോ പ്രേതമായോ കടലിന്നടിത്തട്ടിലൊഴുകി നടക്കുന്നു. ഞണ്ടിന്റെ മണമുള്ള സൂര്യവെട്ടമായി നമ്മെ തൊടുന്നു
(കാറ്റു കൊണ്ട് പോയവർ )

കാറ്റ് കൊണ്ടുപോയവർ എന്ന കവിത അനിൽ ഓഖിയുടെ ദുരന്ത തീരത്തിരുന്നു എഴുതിയതാണ്. മുഖ്യധാരാ കവിതയ്ക്ക് കാറ്റ് എന്നത് തണുപ്പിക്കുന്ന അനുഭവമാണ്. കാല്പനികതയുടെ വേലിയേറ്റം മിക്കപ്പോഴും അതിൽ അടക്കം ചെയ്യപ്പെട്ടിട്ടുണ്ടാകും. കുളിർ കാറ്റാണ് മുഖ്യധാരാ കാവ്യ ജീവിതത്തിനു പരിചിതമായ കാറ്റെന്ന ഇമേജ്. ആ കാറ്റേറ്റ് ഉറങ്ങാനും ഉള്ളം തണുക്കാനും ഭൂതകാല കുളിരിലേക്ക് ഓർമ്മകളെ എടുത്തെറിയാനും കഴിയുന്ന അനുഭവ പരിസരമേ നമ്മുടേതായി ഉള്ളൂ. നമ്മൾ കാറ്റ്, മഴ, കടൽ എന്നീ അനുഭവങ്ങളുടെ സന്ദർശകർ മാത്രമാണ്. അതിന്റെയൊക്കെ മസൃണ ഭാവങ്ങളെ മാത്രം അനുഭവിയ്ക്കുകയും ഘോഷിക്കുകയും ചെയ്യുന്നവർ. എന്നാൽ തീരത്ത് ജീവിക്കുന്നവർക്ക് ഇവയെല്ലാം അമിതമായ ലളിതവൽക്കരണത്തിനും കാല്പനികതയ്ക്കും വഴങ്ങുന്ന ഫ്ലെക്​സിബിൾ ടൂളുകൾ അല്ല. തീരത്തെ മനുഷ്യൻ കാറ്റ് വീശുമ്പോൾ ബാല്യകാലത്തേക്കും അവധികാലത്ത് കാറ്റിൽ നിലത്തു വീണ മധുരമാമ്പഴത്തിലേക്കും ഓർമകൾ ഡ്രൈവ് ചെയ്യാൻ നിയോഗിക്കപ്പെട്ടവരല്ല.

അത്തരം സാധ്യതകൾ പ്രിവിലേജുകളിൽ ജീവിക്കുന്ന മനുഷ്യർക്കുമാത്രം സാധ്യമാണ് എന്ന അടിവരയിടലാണ് അനിൽകുമാറിന്റെ കവിതയിലെ കാറ്റ്. കാറ്റ് മനുഷ്യരെ മരണത്തിലേക്കും വിസ്‌മൃതിയിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന- മുറിപ്പെടുത്തുന്ന അനുഭവങ്ങളുടെ പ്രതീകമാണ് അനിലിന്റെ വംശത്തിന്. കടൽ തീരദേശ മനുഷ്യർക്ക് കാഴ്ചവസ്തുവല്ല എന്നപോലെ മഴയോ കാറ്റോ അവരെ കുളിരണിയിക്കുന്നുമില്ല. എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന കൂരയെ, കിടക്കാൻ ഇടമില്ലാത്തവന്റെ കടൽ തീര വ്യഥയെ, കടൽ പണിക്കു പോയവരുടെ ജീവന്റെ മേലുള്ള വിധിയുടെ ചാഞ്ചാട്ടത്തെ ഒക്കെ കാറ്റ്, മഴ എന്നീ ഇമേജുകൾ ധ്വനിപ്പിക്കുന്നു. അനിലിന്റെ കവിത അയാളുടെ വംശപരമ്പര ഇക്കാലമത്രയും നൊന്ത് നൊന്ത് സൂക്ഷിച്ച വേദനകളുടെയും ആകുലതകളയുടെയും ഒടുക്കത്തെ നിലവിളിയായി പരിണമിക്കുന്നത് കാണാം.

തീട്ടമണമുള്ള കവിതകൾ

പെരട്ട്, മൂത്രം, വെളുപ്പാങ്കാലം എന്നീ കവിതകൾ അനിൽകുമാർ എന്ന കടലോര മനുഷ്യന്റെ വംശവും സമകാലികരും കടന്നു പോകുന്ന- മുഖ്യധാരാ മനുഷ്യർക്ക് അശ്ലീലം എന്ന് തോന്നുന്ന- ചില അനുഭവങ്ങളുടെ ഉറക്കെയുള്ള വായനകളാണ്. അനിലിന്റെ അപ്പൻ കടൽ പണിക്കാരനായിരുന്നു. അമ്മ ഇപ്പോഴും തലച്ചുമടായി മീൻ വീടുകളിൽ കൊണ്ട് ചെന്ന് വിൽക്കുന്ന പണിയെടുക്കുന്നു. ജേഷ്ഠന്മാരും കടൽ പണിക്കാരാണ്. അനിലും അപ്പനും ജേഷ്ഠന്മാർക്കും ഒപ്പം കടൽപ്പണിക്ക് പോയിരുന്നു. അയാളുടെ മൂത്ത ജേഷ്ഠൻ കഴിഞ്ഞ ഡിസംബറിലാണ് കടലിൽ വീണു മരിച്ചത്. ഇങ്ങനെയുള്ള ഒരാൾക്ക് കവിതയിൽ സ്വന്തം ജീവിതത്തിന്റെ മൂത്രവും തീട്ടവും തെറിയും മരണവും നിറഞ്ഞ മനംപിരട്ടുന്ന ഓർമകൾ അവതരിപ്പിക്കാൻ ഒരു കൂസലും പാടില്ല (അനിലിന് അതൊട്ടുമില്ല). ശൗചാലയങ്ങൾ സാർവത്രികമാക്കി എന്ന് വാഴ്ത്തുന്ന സർക്കാർ പരസ്യങ്ങൾ ആഘോഷിക്കപ്പെടുകയും, പെട്രോൾ ഡീസൽ വിലവർധനവ് പാവങ്ങൾക്ക് കക്കൂസ് പണിയാനാണ് എന്ന അപൊളിറ്റിക്കൽ കോമഡി കേന്ദ്ര മന്ത്രിമാർ ആവർത്തിക്കപ്പെടുകയും ചെയ്യുന്ന അതേ കാലത്താണ് കടൽത്തീരത്ത് തൂറുകയും പെടുക്കുകയും അവിടെ തന്നെ കിടക്കുകയും ചെയുന്ന തന്റെ മനുഷ്യരെ പറ്റി അനിൽകുമാർ കവിത പണിയുന്നത്. ബിരിയാണി എന്ന സിനിമയിൽ കടലോരത്തു ജീവിക്കുന്ന കനി കുസൃതിയുടെ കഥാപാത്രം പകൽ വെളിച്ചത്തിൽ തീരത്ത്​ മലമൂത്ര വിസർജനം ചെയ്യുന്ന രംഗമുണ്ട്. മലയാളി കാഴ്ചക്കാർക്ക് എളുപ്പം ദഹിക്കാൻ ഇടയില്ലാത്ത കാഴ്ചയാണത്. എന്നാൽ കേരളത്തിലെ കടപ്പുറങ്ങളിൽ - വിഴിഞ്ഞവും പൂന്തുറയും അടക്കമുള്ള തീരങ്ങളിൽ എത്ര ആയിരം മനുഷ്യരാണ് വീട്ടിൽ ശൗചാലയമില്ലാത്തതിനാൽ കടൽത്തീരത്ത് ദിവസവും മൃഗങ്ങൾക്കൊപ്പം വിസർജിക്കുന്നത്.

കക്കൂസില്ലാത്ത വീട്ടിൽ നിന്നുള്ളവൾ വെളുപ്പാങ്കാലത്ത് തൂറാൻ കാട്ടിൽപ്പോകുന്നു മഞ്ഞു വീഴുന്ന വെളുപ്പാങ്കാലത്ത് മറ്റുചില പെണ്ണുങ്ങൾ വെള്ളമെടുക്കാനായ് പൈപ്പിൻമൂട്ടിൽ പോകുന്നു

അതേ നേരം ആണൊരുത്തൻ ഇളിയിലൊറ്റ തോർത്തുമാ - യവിടെ കുളിക്കുന്നു

കടൽ കൊത്തിയ ഉപ്പറയും മൊശടും ഓവ്ചാലിൽ ഒഴുക്കികളയുന്നു

അവന്റെ പെണ്ണ് പുട്ടും ചുട്ടമീനും വിളമ്പുമ്പോൾ മക്കളുണരുന്നു

ഇതെല്ലാമുള്ള വെളുപ്പാങ്കാലത്തെ സൂര്യൻ ഒറ്റച്ചൂടിന് വറ്റിച്ചെടുക്കുന്നു

അനിൽകുമാറിന്റെ വെളുപ്പാങ്കാലം എന്ന കവിത സ്വച്ഛഭാരതത്തിനും കോടികൾക്ക് കക്കൂസ് കൊടുത്ത ഭരണകൂട പരസ്യങ്ങൾക്കും നേരെ തങ്ങളുടെ ജീവിതം തുറന്നു വയ്ക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്.

നീ പെരട്ടം കഴുകുന്നത് പാറകൾക്കിടയിലെ വെള്ളത്തിലും ഞാൻ കഴുകുന്നത് തിരയടിക്കുന്നിടത്തുമാണെല്ലോ

ഒരുമിച്ചു നടന്നല്ലോ കളിച്ചല്ലോ തിന്നല്ലോ

എന്റെ പെരട്ടം കണ്ടതായി നീയോ നിന്റെ പെരട്ടം കണ്ടതായി ഞാനോ മിണ്ടിയിട്ടില്ലെല്ലോ
​(പെരട്ടം)

ശരീരത്തെ സംബന്ധിച്ച സ്വകാര്യതകൾ പോലും നിഷിദ്ധമാണ് കടപ്പുറത്തെ മനുഷ്യർക്ക്. തൂറാൻ വെളുപ്പാൻകാലത്ത് ഇരിക്കുന്ന മനുഷ്യർക്ക് ശരീരം ഒരു ബാധ്യത കൂടിയാണ്. എന്നാൽ പോകെ പോകെ ശരീരത്തെ പ്രതിയുള്ള ലജ്ജയും സ്വകാര്യതയെക്കുറിച്ചുള്ള ആകുലതകളും തീരത്തെ മനുഷ്യർക്ക് ഇല്ലാതാവുന്നു. ഒറ്റ മുറിയിൽ എട്ടും ഒൻപതും പേര് താമസിക്കുന്ന കുടിലുകളിൽ നിന്ന് പുറത്തേക്കിറങ്ങുന്ന മനുഷ്യർക്ക് അല്ലെങ്കിൽ തന്നെ എന്ത് സ്വകാര്യത

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അമ്മ പെടുക്കാനിരിക്കുന്ന മറവുണ്ട്

പുല്ലുകൾ കിളിർത്ത് പെരുച്ചാഴികൾ മറിയുന്ന ഒരിടം

ദൂരെയാരെങ്കിലും വരുന്നതും നോക്കി ഞാൻ നിൽക്കും

ആണാണെങ്കിൽ ആളെന്നും പെണ്ണാണെങ്കിൽ പെണ്ണെന്നും പട്ടി പൂച്ച ആടാണെങ്കിൽ എന്തോ വരുന്നെന്നും പറയും

പാതിനിർത്തിയ മൂത്രവുമായി അമ്മയപ്പോൾ ചീല താഴ്ത്തും

ജലത്താൽ മാത്രമല്ല, മൂത്രത്താലും പുല്ലുകൾ വളരുന്നുണ്ട്

അമ്മയില്ലാത്ത നാട്ടിൽ പച്ച പച്ചയായി ഒരേ പൊക്കത്തിൽ നിവർന്നു നിൽക്കും പുല്ലുകൾ

അതിന്റെ ഊരലിൽ എനിക്ക് മുന്നിൽ മറയില്ലാതെ പെടുക്കാനിരിക്കും അമ്മയുടെ മുഖം (നിഴൽ ) പതിയെ മൂക്ക് വിടർത്തുന്നു ഞാൻ

മൂത്രം എന്ന കവിതയിൽ അനിൽ അമ്മ പെടുക്കാനിരിക്കുന്ന മറവിനെ പറ്റി പറയുന്നു. കേരളത്തിന്റെ പൊതുസ്‌ഥലത്ത് മൂത്രിക്കാൻ സ്വാതന്ത്രമുള്ള ഒരേ ഒരു വിഭാഗം സ്ത്രീകൾ കടൽ തീരത്തെ സ്ത്രീകളാണ്. അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനമല്ല. നിവൃത്തികേടും നിസ്സഹായതയുമാണ്. മകന് മുന്നിൽ മറയില്ലാതെ പെടുക്കാനിരിക്കുന്ന അമ്മ എന്ന ബിംബം തന്നെ മലയാളിക്ക് അപരിചിതമാണ്. എന്നാൽ അനിൽകുമാറിന്റെ വംശപാരമ്പര്യം അത്തരം അമ്മമാരുടെ മൂത്രമണം നിറഞ്ഞതാണ്. വികസനത്തിന്റെ അടരുകൾക്ക് പുറത്ത്, കടൽ സൈന്യം എന്ന വിളിയും ട്രോളിംഗ് കാലത്തെ റേഷനും ഔദാര്യം പോലെ കൈപ്പറ്റി ജീവിക്കാൻ വിധിക്കപ്പെടുന്ന മനുഷ്യരുടെ പ്രേതവിചാരണയാണ് ഈ കവിതകളുടെ സാരം.

അപ്പന്റെ തെറിയോളം മുഴുത്ത കവിതയെന്തുണ്ട് വേറെ ?

അപ്പൻ, അമ്മ തുടങ്ങിയ കർതൃത്വങ്ങൾ അനിൽകുമാറിന്റെ കവിതകളിൽ നമുക്ക് പിടിതരാത്ത ഭാവത്തിൽ നിറയുന്നത്. കടല്പണിക്കാരനായ അച്ഛൻ കുടിച്ചിട്ട് വന്ന് അമ്മയെ വിളിക്കുന്ന തെറിയാണ് താനാദ്യം കേട്ട മുഴു കവിത എന്ന് അനിൽ തന്നെ എഴുതിയിട്ടുണ്ട്. അമ്മയെ തല്ലുകയും തെറി വിളിക്കുകയും ചെയുന്ന അച്ഛൻ കടലിന്റെ കൂടി പ്രതീകമാണ് അയാൾക്ക്. കടൽ പുരുഷന്റെ പ്രതീകമാവുകയും ധമിത കാമനകൾക്ക് പകരം കെട്ടഴിച്ചു വിട്ട ജൈവ കാമനകളുടെ സ്‌ഥലരാശിയായി വളരുകയും ചെയ്യുന്നു ഇവിടെ..

കടല് വരുന്ന പോലാണമ്മേ അപ്പൻ കുടിച്ച് കൂത്താടണ അപ്പന് പെറക്കാത്ത വേല ചെയ്യണ

കടലടിക്കണ പോലാണമ്മേ അപ്പൻ കൂമ്പിലിട്ട് കുത്തണ ഇടിചീഞ്ച പരുവത്തിലാക്കണ

കടല് നിവരുന്ന പോലാണമ്മേ നീ നിവരണ ഒപ്പാരിയിട്ടോടിയൊളിക്കണ..

(കടല് വരണ പോലാണമ്മേ)

മറ്റൊരു കവിതയിൽ കല്ലറയിൽ നിന്ന് വീട്ടിലേക്ക് വരുന്ന അച്ഛന്റെ പരേത്മാവ് മക്കളെയും വിളിച്ചു കടലിൽ മീൻ പിടിക്കാൻ പോകുന്ന ഇമേജറിയുണ്ട്

"വലയെടുക്ക് മക്കളെ മേലാട്ട് നടക്ക് അവിയങ്കോര പാവി തിരിച്ചണയാം'

എന്നാണ് അപ്പൻ മക്കളോട് പറയുന്നത്. ഒരു തീരദേശ വാസിയെ സംബന്ധിച്ചിടത്തോളം മീൻ, കടൽ, വലയെറി, തിര, പള്ളു പറച്ചിൽ , കട്ടമരം ഹാർബർ ഒക്കെയും ജീവിതത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും ചെമ്പൻ ചെതുമ്പലുകളായി തുടരുന്നു.

അയാളുടെ കവിത മലയാള കവിതയുടെ ലോകത്തെ കൂടുതൽ ബലിഷ്​ഠപ്പെടുത്തുന്നു. നമ്മുടെ അനുഭവങ്ങളുടെ ഏകതാനതയെ അടിമുടി പുതുക്കി പണിയുന്നു

കവിതയുടെ പാരമ്പര്യ വഴികളെ വിച്ഛേദിച്ച്​ അനിൽകുമാർ സ്വന്തം ഭാഷയും സ്വത്വവും വംശസാരവും കൈമുതലാക്കി തുഴയെറിയുകയാണ്. അയാളുടെ കവിതയും ജീവിതവും വായിക്കാൻ അടിക്കുറിപ്പുകൾ വേണം. തീട്ടവും മൂത്രവും മണക്കുന്ന, മീൻ മുഷടുള്ള തെറിയും ഉടുമുണ്ടഴിക്കുന്ന അശ്ലീലവും കുഴമറിഞ്ഞു കിടക്കുന്ന, ഒരല്പവും അച്ചടമില്ലാത്ത ഭാഷയിൽ പണിതെടുത്ത അടിക്കുറിപ്പുകൾ. അയാളുടെ കവിത മലയാള കവിതയുടെ ലോകത്തെ കൂടുതൽ ബലിഷ്​ഠപ്പെടുത്തുന്നു. നമ്മുടെ അനുഭവങ്ങളുടെ ഏകതാനതയെ അടിമുടി പുതുക്കി പണിയുന്നു. ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് അയാൾ- അയാളുടെ ഭാഷയെ- വംശ ചരിത്രത്തെ ഒക്കെയും കേവല മാനവ ഭാഷയിൽ നിർമിക്കപ്പെട്ട മലയാളസാഹിത്യത്തിന്റെ അച്ചുതണ്ടിൽ ഉറപ്പിച്ചു നിർത്തുക. മലയാള ഭാഷയ്ക്ക് കണ്ടും കെട്ടും പരിചിതമല്ലാത്ത വഴികളിലൂടെ അനുഭവങ്ങളുടെ കടലിനെ ഒരു ജനതയ്ക്ക് വേണ്ടി വീണ്ടെടുക്കുക്കാനെന്നോണം അനിൽകുമാറിന്റെ കവിത ബലിഷ്ഠമായ അടിക്കുറിപ്പുകളോടെ നമുക്ക് മുന്നിൽ എഴുന്നു നിൽക്കുന്നു. ▮


നൗഫൽ എൻ.

കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗവേഷകൻ. കേരള സർവകലാശാല സെനറ്റ് അംഗം. ഇനി പറയുമോ ജീവിതത്തിൽ അൽപവും ജീവിതം ബാക്കിയില്ലെന്ന് എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments