കെ. സച്ചിദാനന്ദൻ

ബഹുരൂപിയായ കവിതയുടെ
ആത്മാന്വേഷണങ്ങൾ

ഭാഷയെയും കവിതയെയും പറ്റി അനാദിയായ സന്ദേഹങ്ങളുള്ള കവിയാണ് സച്ചിദാനന്ദൻ. എന്താണ് തനിക്ക് കവിത എന്ന് പല കാലങ്ങളിൽ അദ്ദേഹം കവിതകളിലൂടെയും അല്ലാതെയും പറഞ്ഞിട്ടുണ്ട്. 1965 ൽ രചിച്ച ഗാനം എന്ന കവിത മുതൽ 2020 ൽ പുറത്തിറങ്ങിയ ഒരു ചെറിയ വസന്തം എന്ന സമാഹാരത്തിലെ ശില്പം എന്ന കവിതയിലുൾപ്പെടെ കവിതയെ നിർവചിക്കുവാൻ അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു. നീണ്ട അൻപത്തഞ്ചു വർഷവും കവിതയുടെ ബഹുതല സഞ്ചാരത്തെക്കുറിച്ച് സച്ചിദാനന്ദൻ സന്ദേഹത്തോടെ എഴുതിക്കൊണ്ടിരുന്നു.

ഓരോ കാലത്തും കവിത ഓരോ മുഖങ്ങളിലാണ് അദ്ദേഹത്തിന് വെളിപ്പെട്ടുകൊണ്ടിരുന്നത്. കവിത അതുവരെയുള്ള എല്ലാ നിർവചനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് പുതിയ നിർവചനങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു, അദ്ദേഹത്തിന്റെ കവിതകളിൽ.

""ഞാൻ മണ്ണിനടിയിലാണ് ഓർമ്മ വരുമ്പോൾ ഞാൻ മുളയ്ക്കുന്നു സ്വപ്നം കാണുമ്പോൾ പൂക്കുന്നു കായ്ച്ചു കൊഴിഞ്ഞുവീണു വീണ്ടും മുളയ്ക്കുന്നു മറ്റൊരു ചെടിയായി , മറ്റൊരു ഭാഷയിൽ, എനിക്കുതന്നെ തിരിച്ചറിയാനാകാതെ.''

എന്ന് കവികൾ എന്ന കവിതയിൽ സച്ചിദാനന്ദൻ എഴുതുന്നു (ഒരു ചെറിയ വസന്തം). കവിതയുടെ നിശ്ശബ്ദവും നിരന്തരവുമായ ആന്തരിക സഞ്ചാരത്തെക്കുറിച്ചാണ് ഈ കവിതയിൽ അദ്ദേഹം എഴുതുന്നത്.

പൂർവ്വ നിശ്ചിതമായ വഴികളിലൂടെയല്ല, കവിത സഞ്ചരിക്കുന്നത്. ""അനാസൂത്രിതമായതിന്റെ സാഹസികാഹ്ലാദമാണ് കവിത നൽകുന്ന ആഹ്ലാദം'' എന്ന് സച്ചിദാനന്ദൻ പറഞ്ഞിട്ടുണ്ട്.

""പേനയുടെ മൂർച്ച കൊണ്ട് പണിതു കൊണ്ടിരിക്കുന്നു, ഒരിക്കലും പണി തീരാത്ത വാക്കുകളുടെ ഒരു ശില്‌പം''

എന്ന് തന്റെ രചനയെ അദ്ദേഹം വീണ്ടും നിർവചിക്കാൻ ശ്രമിക്കുന്നു (ശില്പം). വാക്കുകളുടെ സന്ദിഗ്ധതയിൽ നിന്ന് അനിശ്ചിതമായ; അപൂർണമായ ഒരു നിർമ്മാണ ദൗത്യത്തിലാണ് കവി ഏർപ്പെടുന്നത്. ഈ അനിശ്ചിതത്വമാണ് വാസ്തവത്തിൽ കവിതയെ പ്രസക്തമാക്കുന്നത്.

എഴുതിത്തുടങ്ങിയ കാലം മുതൽ സച്ചിദാനന്ദൻ കവിതയിലെ ആന്തരിക വൈരുദ്ധ്യങ്ങളെപ്പറ്റി പലമട്ടിൽ അന്വേഷിച്ചിട്ടുണ്ട്. ഇത്തരം അന്വേഷണങ്ങളാണ് അദ്ദേഹത്തെ കവിതകളന്വേഷിച്ച് ലോകമാകെ അലയാൻ പ്രേരിപ്പിച്ചത്. വിവർത്തനത്തിനായി അദ്ദേഹം തെരഞ്ഞെടുക്കുന്ന കവികളും തന്നെപ്പോലെ വൈയക്തികവും സാമൂഹികവുമായ ഇരട്ട ജീവിതം കവിതയ്ക്കകത്ത് ജീവിച്ചവരായിരുന്നു; വൈരുദ്ധ്യങ്ങളുടെ അനിശ്ചിതത്വത്തിൽ സന്ദേഹികളായവരായിരുന്നു.

""കവിത വലുതാണ് അതിൽ മനുഷ്യരാശിക്കു മുഴുവൻ ഇടമുള്ളതുകൊണ്ട്''

എന്ന് 1974-ൽ പെൻസിൽ എന്ന കവിതയിൽ അദ്ദേഹം എഴുതുന്നു. കവിത മനുഷ്യരാശിയുടെ മാതൃഭാഷയാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു വെച്ചിട്ടുണ്ട്. ആത്മാലാപങ്ങളുടെ പരിമിതവൃത്തത്തിനകത്ത് അദ്ദേഹത്തിന്റെ കവിതകൾ ഒരിക്കലും ഒടുങ്ങിപ്പോയില്ല. ആധുനികത രൂപപ്പെടുത്തിയ ലോകബോധത്തിൽ നിന്ന് അതിവേഗം മുന്നോട്ടു സഞ്ചരിക്കാനും കവിതയുടെ സമാന്തര ജീവിതത്തെ തിരിച്ചറിയാനും അദ്ദേഹത്തിനു കഴിഞ്ഞു. സച്ചിദാനന്ദന്റെ കവിതകളിലെ വിസ്മയിപ്പിക്കുന്ന പ്രമേയ വൈവിധ്യവും ബിംബങ്ങളുടെ ബഹുലതയും, ഭാഷയെയും കവിതയെയും നിരന്തരം പുതുക്കുന്നതിന്റെയും അപനിർമ്മിക്കുന്നതിന്റെയും സ്വാഭാവികോൽപന്നമാണ്.

ബഹുരൂപിയായ തന്നിലെ വ്യത്യസ്ത കർത്തൃത്വങ്ങളെ ആത്മവിചാരണ ചെയ്യാൻ അദ്ദേഹത്തിലെ കവി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്

1965 ൽ രചിച്ച ഗാനമെന്ന കവിതയിൽ തന്റെ കവിതയെ ഒരു നീലനാഗിനിയായാണ് കവി ഭാവന ചെയ്തിരിക്കുന്നത്. ആത്മബലിയോളമെത്തുന്ന ത്യാഗത്തിൽ നിന്നാണ് കവിതയാകുന്ന മുത്ത് കവി നിർമ്മിച്ചെടുക്കുന്നത്. വിഷവും രത്നവും ഒരേ യാഥാർത്ഥ്യത്തിന്റെ വിരുദ്ധ ധ്രുവങ്ങളായി ഇവിടെ പ്രത്യക്ഷമാകുന്നു. ആദ്യ കവിതയിൽ ആവിഷ്കരിക്കപ്പെട്ട ഈ വൈരുദ്ധ്യം കാവ്യജീവിതത്തിലുടനീളം സച്ചിദാനന്ദനിൽ പ്രവർത്തിക്കുന്നുണ്ട്. ഊഷരവും ദാഹാർത്തവുമായ ജീവിതാവസ്ഥയിൽ നിന്ന് കവിതയുടെ അമൂല്യരത്നം തോറ്റിയെടുക്കുന്ന കവി അറുപതുകളിലെ ആധുനികതയുടെ ലാവണ്യപരിസരത്തു നിന്നുകൊണ്ടാണ് ഈ കവിത രചിക്കുന്നത്. എന്നാൽ ഇത്തരമൊരു സങ്കല്പത്തിൽ നിന്ന് പരിണമിച്ച്, കാലങ്ങളിലൂടെയുള്ള തന്റെ കവിതയുടെ പരപ്പും പടർച്ചയും തിരിച്ചറിയാൻ സച്ചിദാനന്ദന് കഴിയുന്നുണ്ട്.

സച്ചിദാനന്ദൻ /ഫോട്ടോ: സതി

നീതി, സ്വാതന്ത്ര്യം, പ്രണയം, പ്രകൃതി, മരണം എന്നിവയാണ് തന്റെ കേന്ദ്ര പ്രമേയങ്ങൾ എന്ന് സച്ചിദാനന്ദൻ പറയുന്നു. സ്ഥിതവ്യവസ്ഥയുടെ നിയമങ്ങളെ കവിതയിലൂടെ ചോദ്യം ചെയ്യുമ്പോഴും സർഗാത്മകമായ ജൈവരൂപം എന്ന നിലയ്ക്കുള്ള കവിതയുടെ അസ്തിത്വത്തെ കവി അംഗീകരിക്കുന്നു. 1984-ൽ രചിച്ച സൈദ്ധാന്തികന് കവിയുടെ യാത്രാഗീതകം എന്ന കവിതയിൽ, ഏത് അതിരിൽ വെച്ചാണ് കവിതയുടെ വഴികൾ വേർപിരിയുന്നത് എന്ന് കവി വിശദമാക്കുന്നുണ്ട്. തന്നിൽത്തന്നെയുള്ള പല വ്യക്തിത്വങ്ങളെയാണ് അദ്ദേഹമിവിടെ അഭിമുഖീകരിക്കുന്നത്. സച്ചിദാനന്ദൻ ഒരേ സമയം സൈദ്ധാന്തികനും വിമർശകനും യാത്രികനും വിവർത്തകനും സംഘാടകനുമാണ്. ബഹുരൂപിയായ തന്നിലെ വ്യത്യസ്ത കർത്തൃത്വങ്ങളെ ആത്മവിചാരണ ചെയ്യാൻ അദ്ദേഹത്തിലെ കവി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് സംവാദാത്മകതയുടെയും ആത്മാന്വേഷണത്തിന്റെയും സന്ദേഹാത്മകതയുടെയും ഇഴകൾ അദ്ദേഹത്തിന്റെ കവിതകളിൽ കെട്ടുപിണഞ്ഞു കിടക്കുന്നത്.

കാലത്തിന്റെ സ്പന്ദമാപിനികളെപ്പോലെ ജാഗ്രത്തായി നിൽക്കാൻ ആ കവിതകൾക്കു സാധിച്ചത് ഒരേ സമയം അകത്തേക്കും പുറത്തേക്കും തുറക്കുന്ന കണ്ണുകൾ അവയ്ക്കുള്ളതിനാലാണ്

ഇലകളുടെയും മനുഷ്യരുടെയും വടിവുകൾ ഇഷ്ടപ്പെടുന്ന, തേങ്ങുന്ന മുഖങ്ങളും അണയുന്ന കണ്ണുകളും കാണുന്ന, വികാരവിചാരങ്ങളുടെ അനന്ത സംഗീതത്തിൽ മുഴുകുന്ന, ഭാവിയുടെ അടിമയാകുന്ന, സ്വർഗ്ഗവും നരകവും കാണുന്ന, കണ്ണീരിനെക്കുറിച്ച് ധ്യാനിക്കുന്ന, കാറ്റായി കുട്ടികൾക്ക് പഴങ്ങൾ എറിഞ്ഞു കൊടുക്കുന്ന, കിളിയുടെ പാട്ടുകൾക്കു കാതോർക്കുന്ന, വേറെ സമുദ്രങ്ങളും വേറെ ആകാശങ്ങളും ആഗ്രഹിക്കുന്ന, സ്വർഗ്ഗീയ റിപ്പബ്ലിക്കുകളിൽ നിന്നു പുറത്താക്കപ്പെടുന്ന ഒരു അപരലോകത്തിന്റെ ഭരണഘടന നിർമ്മിക്കുന്നയാളാണ് കവി എന്ന് സച്ചിദാനന്ദന് ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ ഏതെങ്കിലും കാലത്തിലോ പ്രവണതയിലോ പ്രസ്ഥാനത്തിലോ സ്ഥാവരമായി നിൽക്കാൻ അദ്ദേഹത്തിന്റെ കവിത വിസമ്മതിച്ചു. കാലത്തിന്റെ സ്പന്ദമാപിനികളെപ്പോലെ ജാഗ്രത്തായി നിൽക്കാൻ ആ കവിതകൾക്കു സാധിച്ചത് ഒരേ സമയം അകത്തേക്കും പുറത്തേക്കും തുറക്കുന്ന കണ്ണുകൾ അവയ്ക്കുള്ളതിനാലാണ്.

സച്ചിദാനന്ദനും ഭാര്യ ബിന്ദുവും (പഴയ ചിത്രം)

കവിതയെ സംബന്ധിച്ച അദ്ദേഹത്തിന്റെ കവിതകളെല്ലാം നിരന്തര പരിണാമിയായ സംഭാഷണങ്ങളാണ്. അതതു കാലത്തെ ലോകത്തോട് അഗാധമായ ചരിത്രബോധത്തോടെ നടത്തുന്ന ഒരു സന്ദേഹിയുടെ സംഭാഷണങ്ങളാണ് അവ. ആത്മഭാഷണത്തിന്റെ കാല്പനികമായ പോംവഴികളിലോ ഗൃഹാതുരമായ തീർപ്പുകളിലോ നിശ്ചലമാകാതെ ആ കവിതകൾ കാലത്തിന്റെ മൂർച്ചകളിലൂടെ സാഹസികമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

തിരിച്ചു വരാത്ത വിധം തീർത്ഥയാത്രയ്ക്കു പുറപ്പെട്ടു പോയ തന്റെ അച്ഛൻ, വീട്ടിൽ വെച്ചിട്ടു പോയ താക്കോൽക്കൂട്ടമാണ് തനിക്കു കവിതയെന്ന് സച്ചിദാനന്ദൻ (താക്കോൽ).

""ഇന്നും പ്രപഞ്ചത്തിന്റെ രഹസ്യം തുറക്കാൻ ഞാൻ ആ താക്കോലുകൾ മാറി മാറി പരീക്ഷിക്കുന്നു. അവയാണ് എന്റെ കവിതകൾ''

​​​​​​​എന്നാണദ്ദേഹം എഴുതുന്നത്. ആ താക്കോലുകളിൽ ചരിത്രത്തിന്റെ പൊടി പുരണ്ടിട്ടുണ്ട്. ഗാന്ധിയെയും നെഹ്റുവിനെയും സ്നേഹിച്ചിരുന്ന അച്ഛന്റെ താക്കോലാണത്. ഭൂതകാലത്തിന്റെ ജഡസമാനമായ മൂല്യവ്യവസ്ഥയിലേക്കായിരുന്നില്ല ആ താക്കോൽ ഉപയോഗിച്ച് അദ്ദേഹം പ്രവേശിച്ചത്. മറിച്ച് മാനവികതയുടെ സ്നേഹപരാഗം പുരണ്ട ഭാവിയിലേക്കു കൂടിയായിരുന്നു.

കവിതകളുടെ സാമൂഹ്യ ജീവിതവും ആത്മീയ ജീവിതവും സച്ചിദാനന്ദനെ എക്കാലവും സംശയാലുവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ നിന്ന് നിരവധി കവിതകൾ പിറന്നിട്ടുണ്ട്. ഗയയിൽ നിന്നുകൊണ്ടുവന്ന ആലില തന്നെ ആകാശവുമായും, തന്റെ നാട്ടിൻപുറത്തു നിന്നുകൊണ്ടുവന്ന നെൽക്കതിർ ഭൂമിയുമായും ബന്ധിപ്പിക്കുന്നതിനെപ്പറ്റി സച്ചിദാനന്ദൻ എഴുതിയിട്ടുണ്ട്. ഇന്ത്യൻ കവി മൂന്നു മുഖങ്ങളുള്ള ഒരു ദൈവമാണെന്നും അദ്ദേഹമെഴുതും (ഇന്ത്യൻകവി). വർത്തമാനത്തിന്റെ പ്രതിമയും ഭൂതത്തിന്റെ കുതിരയും ഭാവിയുടെ ആകാശവാഹനവുമായി കവിത ത്രികാലങ്ങളിലൂടെ ദ്രുതസവാരി നടത്തുന്നു.

കവിത അഭയവും പ്രവർത്തനവുമാണെന്ന് പറയുന്ന കവി ""മുള്ളുകളാണ് എന്റെ ഭാഷ'' എന്ന് മുൾച്ചെടി എന്ന കവിതയിൽ എഴുതുന്നു. പൂവുകളെന്ന് തെറ്റിദ്ധരിപ്പിച്ച് ആകർഷിക്കുന്നവയല്ല, ചോരയിറ്റിക്കുന്ന സ്പർശത്തിലൂടെ ഓരോ ജീവിയോടും താനിവിടെയുണ്ടെന്ന് വിളിച്ചു പറയുന്നവയാണ് ആ കവിതകൾ.

""നിലാവിന്നപ്പുറം, കിനാവിന്നിപ്പുറം, കൂർത്തു മൂർത്ത ഒരു സമാന്തര ഭാഷ'' യാണ്
ആ കവിതകൾ സൃഷ്ടിക്കുന്നത്.

""വാക്കുകളുടെ ശ്മശാനത്തിൽ കവിത അവസാനത്തെ താണ്ഡവമാടുന്നു'' , ""കവിത മരിച്ചാൽ ആഴത്തിൽ കുഴിച്ചിടണം'',""നമ്മുടെ ഭാഷയിൽ സൂര്യൻ അസ്തമിച്ചിരിക്കുന്നു'' ,""കത്തുന്ന കവിതയ്ക്കു വിഷവാതകച്ചൂളകളിൽ കരിയുന്ന മനുഷ്യശിശുക്കളുടെ മണമാണ്'',""എന്റെ കവിതയിൽ ഞാൻ കത്തിദ്ദഹിച്ചുകൊണ്ടിരിക്കുന്നു, എന്റെ ചിതയിലെന്നപോലെ''""ഞാൻ കരിഞ്ഞു തീരാറായ ഒരു കവിതയാണ്'' ,""അവന്റെ വാക്കുകളിൽ നിന്ന് കത്തുന്ന ചിതയുടെ മണം വരുന്നു''

എന്നിങ്ങനെ കവിതയുടെയും ഭാഷയുടെയും മരണം അദ്ദേഹത്തിന്റെ നിരവധി കവിതകളിൽ ആവർത്തിച്ചു കടന്നുവരുന്നുണ്ട്. ""കവികളുടെ മരണം'', ""മരിച്ച കവിത'' എന്നീ ശീർഷകങ്ങളിൽ കവിതകളെഴുതിയിട്ടുണ്ട് അദ്ദേഹം. അനേകം കവികളുടെ പലതരം മരണങ്ങളെ ""കവികളുടെ മരണ''ത്തിൽ സച്ചിദാനന്ദൻ അടയാളപ്പെടുത്തുന്നു. കവിത കൊണ്ട് മുറിവേറ്റ സർഗാത്മക മരണങ്ങളായിരുന്നു എല്ലാം. അഥവാ മരണത്തെത്തന്നെ കവിതയാക്കിയവരായിരുന്നു അവർ.

""പൂർത്തിയാകാത്ത കവനങ്ങളുടെ ധ്വനിഭാരത്താൽ ബോട്ടു മുങ്ങി വാക്കിനുമപ്പുറത്തെ ചിരന്തന മൗനത്തിന്റെ നീലക്കായലിലാണ്ടു മറഞ്ഞവർ''

എന്ന വരികളിൽ കുമാരനാശാൻ നിഴലിക്കുന്നു.

എന്നാൽ ഭൗതികമായ മരണത്തിനപ്പുറം, ഈ മരണങ്ങളെല്ലാം കവികളുടെ ആത്മീയ മരണങ്ങളായിരുന്നു. കവികളിലധികം പേരും അനശ്വരതയെ കാംക്ഷിക്കുന്നവരായിരിക്കാം. അതിനാലവർ ചിരന്തന മൂല്യങ്ങളെക്കുറിച്ച്

എഴുതിക്കൊണ്ടിരിക്കും. "താൽക്കാലിക'മായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നത് നന്നല്ല എന്ന് വിശ്വസിക്കുന്ന ചിലരെപ്പറ്റി ബഹുരൂപി എന്ന കൃതിയുടെ ആമുഖത്തിൽ സച്ചിദാനന്ദൻ സൂചിപ്പിക്കുന്നുണ്ട്. നിമിഷവും കാലവും തമ്മിലുള്ള ബന്ധം അവർ തിരിച്ചറിയുന്നില്ല എന്നാണദ്ദേഹം അവരെക്കുറിച്ച് പറയുന്നത്. ""അനശ്വരത ഞാൻ അവർക്കു വിട്ടു കൊടുക്കുന്നു. എനിക്ക് മുഹൂർത്തങ്ങളുടെ തീക്ഷ്ണത മതി'' എന്നതായിരുന്നു സച്ചിദാനന്റെ നിലപാട്.

താൻ ജീവിക്കുന്ന കാലത്തോട് നിരന്തര സംവാദത്തിലേർപ്പെട്ട ഒരു കവിയുടെ സംഘർഷനിർഭരമായ ഉദ്വേഗങ്ങളാണ് കവിതയുടെ മരണത്തെ സംബന്ധിച്ച കവിതകളിൽ വെളിപ്പെടുന്നത്. സച്ചിദാനന്ദന്റെ കവിത ചലനാത്മകമാണ്. അതെപ്പോഴും നിശ്ചലതയെ അതിജീവിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ആദിമവും പ്രാദേശികവുമായ സാംസ്കാരികസ്ഥലികളിൽ നിന്ന് ഉരുവം കൊള്ളുന്ന സ്വത്വബോധത്തിൽ നിന്ന് തന്റെ ഗോത്ര ചിഹ്നങ്ങളായ ആലിലയും നെൽക്കതിരും അടയാളമായി സ്വീകരിക്കുന്നെങ്കിലും ആകാശത്തെയും ഭൂമിയെയും അതിരുകളാക്കുന്ന കാവ്യ സങ്കല്പത്തിലേക്ക് പടരാനാണ് സച്ചിദാനന്ദന് ഇഷ്ടം.

""ഭാവി എന്ന ഒരു കാലം ഉള്ളിടത്തോളം എനിക്ക് ഭാഷയെ ഭയമില്ല. എന്നെങ്കിലും ഞാൻ എന്റെ വാക്കുകൾ കണ്ടെത്തും; ഒഴിഞ്ഞ കടലാസിൽ പുതിയൊരു നക്ഷത്രത്തിൻ കീഴിൽ ഒരു കപ്പൽപ്പായ പതുക്കെ നിവർന്നുയരുന്നത് ഒരു കുട്ടി വിസ്മയത്തോടെ നോക്കി നിൽക്കും''

എന്ന് എഴുതാത്ത കവിത എന്ന കവിതയിൽ സച്ചിദാനന്ദൻ എഴുതുന്നു. കവിതയായി സ്വയം സങ്കല്പിക്കുകയാണ് കവി. നിക്കാനോർ പാർറയുടെ ""ഒഴിഞ്ഞ താളിൽ മുന്നേറുക'' എന്ന സങ്കല്പത്തെ കവി മറ്റൊരു രീതിയിൽ ആവിഷ്കരിക്കുകയാണിവിടെ. സൂര്യനോ ചന്ദ്രനോ ആയിട്ടല്ല, അക്ഷരമായിട്ടായിരിക്കും പുനർജനിക്കുക എന്ന് സങ്കല്പിക്കുന്ന കവി വായനക്കാരാൽ കണ്ടെടുക്കപ്പെടുകയും അർത്ഥം പകരുകയും ചെയ്യുന്ന ഭാഷയാവാനാണ് കൊതിക്കുന്നത്.

കവി പ്രവാചകന്റെ ശബ്ദത്തിൽ മഹാപ്രസ്ഥാനങ്ങളെക്കുറിച്ച് സംസാരിക്കണം എന്ന് എഴുപതുകളിൽ എഴുതിയ കവി,

""ചെറിയ ചെറിയ ജ്വാലകളോടെ അമർന്നു കത്തി, അരി ഉപ്പ് മുളക് വിറക് കവിത എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞ്''

കവിത തിരിച്ചു വരും എന്ന് പിന്നീടെഴുതുന്നുണ്ട്. മഹാഖ്യാനങ്ങളുടെ
കാലത്തിനു ശേഷം ഉത്തരാധുനികകവിത കൈവരിച്ച സൂക്ഷ്മ രാഷ്ട്രീയവും പ്രമേയസാധാരണതയും അദ്ദേഹം കൃത്യമായി തിരിച്ചറിയുന്നുണ്ട്.
ചെറിയ ജ്വാലകളോടെ അമർന്നു കത്തുന്നതും കവിതയുടെ വലിയ ആഖ്യാനങ്ങളെ തിരസ്കരിക്കുന്നതും കവിതയുടെ അതിഭൗതികസ്വഭാവത്തെ പൊഴിച്ചു കളയുന്നതുമായ ഒരു കാവ്യ സൗന്ദര്യശാസ്ത്രത്തെപ്പറ്റിയാണ് സച്ചിദാനന്ദൻ എഴുതുന്നത്.

ഇങ്ങനെ, ലോകകവിതയുടെ ഭാവുകത്വ പരിണാമത്തെ തിരിച്ചറിയുന്ന സ്പർശിനികൾ കൊണ്ട് മലയാള കാവ്യഭാവനയെ നിരന്തരം നവീകരിക്കാൻ ശ്രമിക്കുന്നു സച്ചിദാനന്ദൻ. കവിതയെന്ന ജൈവസ്വരൂപത്തിന്റെ ബഹുമുഖമായ സൗന്ദര്യ സഞ്ചാരങ്ങളെ ഇത്രയും വൈവിധ്യങ്ങളോടെ നിരീക്ഷിച്ച കവികൾ നമുക്ക് ഏറെയില്ല.▮


ഡോ. പി. സുരേഷ്

എഴുത്തുകാരൻ, അധ്യാപകൻ. ആലിലയും നെൽക്കതിരും: സച്ചിദാനന്ദന്റെ സഞ്ചാരപഥങ്ങൾ, മതം വേണ്ട മനുഷ്യന്: സഹോദരൻ അയ്യപ്പൻ, കടമ്മനിട്ട രാമകൃഷ്ണൻ, പുഴയുടെ ഏറ്റവും താഴെയുള്ള കടവ്, നോക്കി നിൽക്കേ വളർന്ന പൂമരങ്ങൾ എന്നിവ പ്രധാന പുസ്തകങ്ങൾ

Comments