അഡോണീസ് / photo: Wikimedia Commons

കല്ലിലും പൊടിയിലും എഴുതിയ മൊഴികൾ

ഇസ്‌ലാമിക പൂർവകാലത്തെ കവിതകളിലാണ് അറബ് കവിതയുടെ ഊർജം സംഭരിക്കപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിക്കുന്ന അഡോണീസ്, മതം അറബ് കവിതയുടെ വികാസത്തെ തടസ്സപ്പെടുത്തിയെന്നും പറയുന്നുണ്ട്.

ഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ എറണാകുളത്ത് പുല്ലേപ്പടിയിലെ ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപാർട്ട്‌മെന്റിൽ ഞാൻ വാടകയ്ക്കു താമസിക്കുന്നു.
കിടപ്പുമുറിയിൽ തുരുമ്പെടുത്ത ഒരു അലമാരയുണ്ട്, അതിൽ വീട്ടുടമ കുറെ പഴയസാധനങ്ങളെല്ലാം വച്ച് അടച്ചുവച്ചിരിക്കുന്നു, ആവശ്യം വന്നാൽ ഉപയോഗിക്കാമെന്നും പറയുന്നു.

ഒന്നരവർഷത്തിനുശേഷം ഒരുദിവസം അലമാര വൃത്തിയാക്കി ഉപയോഗിക്കാൻ തീരുമാനിക്കുന്നു, തുരുമ്പിച്ച വാതിൽ തുറക്കുന്നു, അതിൽ കുറെ പഴയ പാത്രങ്ങളും കപ്പുകളും കടലാസുകളും മുഷിഞ്ഞ തുണികളുമാണു കാണുന്നത്, മുൻപൊരിക്കലും അതു തുറന്നുനോക്കാൻ തോന്നാതിരുന്നത് എന്തുകൊണ്ടാണെന്ന് സ്വയം അമ്പരക്കുന്നു, പഴയ സാധനങ്ങൾ ഓരോന്നായി വലിച്ചുപുറത്തേക്കിടുമ്പോൾ അലമാരയ്ക്കുള്ളിൽ മുഷിഞ്ഞു പിഞ്ചിയ തലയണ കാണുന്നു, അതു മെല്ലെ എടുക്കുമ്പോൾ അതിൽനിന്ന്, അതിന്നിടയിൽനിന്ന് അടയ്ക്കയുടെ വലുപ്പമുള്ള എലികൾ കൂട്ടത്തോടെ, പിടയുന്ന ഒച്ചകളോടെ പുറത്തേക്കു പായുന്നു-ചാരനിറമാർന്ന, മിനുസമാർന്ന ഉടലുകളോടെ അവ അവിടെയെല്ലാം നിറയുന്നു.

ഈ ഞെട്ടൽ, ശാന്തമായി മിടിക്കുന്ന നിമിഷത്തെ രണ്ടായി പിളർത്തുന്നു. എലികളുടെ തുളയ്ക്കുന്ന സ്വരവും തിളങ്ങുന്ന കണ്ണുകളും ഉള്ളിൽ സ്ഥിരമായി ഉറയ്ക്കുന്നു. കവിതയിൽ ഇത്തരം ഞെട്ടലുകൾ ഓരോ വാതിൽ തുറക്കുമ്പോഴും സംഭവിക്കണമെന്ന് അറബ് മഹാകവി അഡോണീസ് ഓർമിപ്പിക്കുന്നു. പരിചിതമായ ശീലങ്ങളെ ഉപേക്ഷിച്ച്, ഗർത്തങ്ങൾക്കു മീതെ നൃത്തമായി കവിത മാറണം. Poet, come out of the caves of stone, Come out with rat, the salamander, the firefly..
കവിക്ക് ഒരുപാടു പേരുകളുണ്ട്. കവി ബഹുരൂപിയാണ്. I raise a butterfly like a banner and write my names on it.

‘ഒരു മരം പേരുമാറ്റി എനിക്കൊപ്പം വരുന്നു. കല്ലുകൾ എന്റെ സ്വരത്താൽ തുടയ്ക്കുന്നു, സമതലങ്ങൾ എന്റെ താളുകളാൽ നാമ്പുകൾ നീട്ടുന്നു. ഞാൻ ഇരട്ടയാണ്, ത്രയമാണ്, കല്ലിലും കാറ്റിലും ഞാനെന്റെ മുഖം കൊത്തിവയ്ക്കുന്നു, ചക്രവാളങ്ങളിൽ ഞാൻ പാർക്കുന്നു, തിരമാലകളുടെ മുഖംമൂടികൾ ഞാനണിയുന്നു, സമുദ്രം എന്റെ ഇരട്ടയാണ്, എന്റെ പ്രതിരൂപം.'

രണ്ട്

അഡോണീസുമായുള്ള ഒരു അഭിമുഖം കാണുന്നു.
അലി അഹ്‌മ്മദ് സയ്യിദ് ഇസ്ബർ എങ്ങനെയാണ് അഡോണീസ് ആയതെന്ന് അദ്ദേഹം പറയുന്നു, 15-16 വയസ്സിൽ കവിതകൾ പ്രധാന പ്രസിദ്ധീകരണങ്ങൾക്കു മാറിമാറി അയയ്ക്കുന്നു, ഒരാളും ഒന്നും പ്രസിദ്ധീകരിക്കുന്നില്ല, നിരാശകൊണ്ട് തകർന്നുപോകുന്നു.

ഒരു ദിവസം യവന പുരാണത്തിലെ അഡോണീസിന്റെ കഥ വായിക്കുന്നു, അഡോണീസിനു സംഭവിച്ച ദുരന്തം കണ്ട് ഹൃദയം വേദനിക്കുന്നു, അഡോണീസിന്റെ ചോരയിൽനിന്ന് പൂച്ചെടികൾ മുളച്ചുവന്നു എന്നത് മനോഹരമായിത്തോന്നുന്നു. ലെബനനിൽ അഡോണീസ് എന്ന ഒരു നദിയുണ്ടായിരുന്നു. അങ്ങനെയാണ് അഡോണീസ് എന്ന പേരു സ്വീകരിക്കുന്നത്. ആ പേരിൽ കവിത അയച്ചപ്പോൾ മുൻപ് നിരസിച്ചവരും അച്ചടിക്കാൻ തുടങ്ങി. ഇപ്പോൾ തന്നെ തിരിച്ചറിയരുതെന്നു തോന്നുന്ന സന്ദർഭങ്ങളിൽ താൻ തന്റെ യഥാർഥ പേരായ അലി അഹമ്മദ് എന്ന് എഴുതാറുണ്ടെന്നും കവി പറയുന്നു.

നെതർലൻഡ്‌സിലെ ലെയ്ഡൻ നഗരത്തിൽ പ്രശസ്തമായ wall poems project-ന്റെ ഭാഗമായി ആലേഖനം ചെയ്യപ്പെട്ട അഡോണീസിന്റെ 'ലോസ്' എന്ന കവിത / Photo: Wikimedia Commons

ഒട്ടേറെ അത്ഭുതകരമായ ആകസ്മികതകളാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. 1930-കളിൽ സിറിയയിൽ ഒരു ഉൾനാടൻ ഗ്രാമത്തിലാണ്​ കവി ജനിച്ചത്. സ്‌കൂൾ ഇല്ലാത്ത, വൈദ്യുതി എത്താത്ത ഗ്രാമം. മദ്രസയിൽ അറബിക് പഠിക്കുന്നു, പാടത്ത് പിതാവിനൊപ്പം ജോലിയെടുക്കുമ്പോൾ അദ്ദേഹം പഴയകാല അറബി കവിതകൾ ചൊല്ലും, മകനെ പഠിപ്പിക്കുകയും ചെയ്യും, അങ്ങനെ ചെറുപ്പം മുതൽക്കേ കവിത കൂടെക്കൂടി. സ്വതന്ത്ര സിറിയയുടെ ആദ്യ പ്രസിഡന്റ് ഗ്രാമം സന്ദർശിച്ചപ്പോൾ ഒരു കവിത അദ്ദേഹത്തിന് സമ്മാനിച്ചു. അന്ന് കവിക്കു പതിമൂന്നു വയസ്സാണ്. കവിത പ്രസിഡന്റിന് ഇഷ്ടമായി. അദ്ദേഹം ചോദിച്ചു; നിനക്കെന്താണ് വേണ്ടത്?
കവി പറഞ്ഞു; എനിക്ക് സ്‌കൂളിൽ ചേരണം. സിറിയൻ പ്രസിഡന്റ് രാജ്യത്തെ മികച്ച സ്‌കൂളുകളിലൊന്നിൽ അഡോണീസിനു പ്രവേശനം വാങ്ങിക്കൊടുത്തു. ഇത് അത്ഭുതകരമായി തോന്നുന്നില്ലേ, കവി പറയുന്നു, എന്റെ ജീവിതം അത്ഭുതകരമാണ്, അത് ഒരു മിത്താണ്.

വർഷങ്ങൾക്കുശേഷം സിറിയയിലെ രാഷ്ട്രീയസമരങ്ങളിൽ പങ്കാളിയായി കുറച്ചുകാലം ജയിലിലാകുന്നു അഡോണീസ്. ലബനനിലേക്കു കുടിയേറാനായി അതിർത്തി കടന്ന് മിനിറ്റുകൾക്കകമാണു സിറിയയിൽ എല്ലാ യുവാക്കളെയും നിർബന്ധിത സൈനികസേവനത്തിനുവിളിച്ച് സർക്കാർ ഉത്തരവിറങ്ങുന്നത്. ഫ്രാൻസും ബ്രിട്ടനും ചേർന്ന് സൂയസ് കനാൽ ആക്രമിച്ച സാഹചര്യത്തിലായിരുന്നു അത്. സിറിയയിൽ നിന്നിരുന്നുവെങ്കിൽ തന്റെ വിധി മറ്റൊന്നായേനെ എന്ന് അഡോണീസ് പറയുന്നു.

സിറിയയിലെ കാർഷിക ഗ്രാമത്തിൽനിന്ന് ഫ്രഞ്ച് സ്‌കൂളിലേക്കുള്ള പറിച്ചുനടീൽ അഡോണീസിനു പുതിയ ജീവിതമാണ് നല്കിയത്, യൗവനത്തിൽ സിറിയ വിട്ട് ലബനൻ പൗരത്വം സ്വീകരിച്ചത് രണ്ടാമത്തെ വഴിത്തിരിവായി. അവിടെനിന്നാണ് പാരിസിലേക്കു കുടിയേറുന്നത്. ഇത്തരത്തിൽ കവി സ്വന്തം ജീവിതം ഒട്ടേറെ ആകസ്മിതകളിലൂടെ നിർമിച്ചെടുത്തതുപോലെ വഴിമാറ്റങ്ങളും പുതുനിർമിതികളും കവിതയിലും ഉണ്ടാകണമെന്ന് അഡോണീസ് പറയുന്നു. അതുവരെ നാം വായിച്ച് ആസ്വദിച്ച കവിതയിൽനിന്ന് വേറിട്ടുള്ള ഒരു വഴിയിൽ പുതിയ കവിത സൃഷ്ടിക്കണം. മറ്റു കവികൾ നൽകിയ അതേ ശീലങ്ങളിലൂടെ വീണ്ടും സഞ്ചരിക്കുന്നത് എന്തിനുവേണ്ടിയാണ്, അതുനിരത്ഥകമാണ്, ഇത്തരത്തിൽ അറബ് കവിതയുടെ തന്റെ കാലത്തെ എല്ലാ മുഖ്യശീലങ്ങളെയും നിരാകരിച്ചാണ് പുതിയ കവിതയ്ക്ക് അഡോണീസ് ജന്മം നൽകിയത്.

ഇസ്‌ലാമിക പൂർവ കാലത്തെയും ക്ലാസിക്കൽ ഇസ്‌ലാമിക കാലത്തെയും അറബ് കവികളാണ് അഡോണീസിന് പ്രചോദനമായത്. പൗരാണിക കാലത്തെ അറബ് കവികളുടെ സ്വാതന്ത്ര്യാഭിനിവേശവും ദാർശനികമായ ആഴവും അദ്ദേഹം ശ്രദ്ധിച്ചു. ""ദൈവം ഒരു മതിലാണ്, സാത്താൻ മറ്റൊരു മതിലും, ഇതു രണ്ടും ഞാൻ തിരഞ്ഞെടുക്കുന്നില്ല, രണ്ടും എന്റെ കണ്ണുകളെ അടയ്ക്കുന്നു.''

അറബ് കവിതകളിലെ ഇസ്‌ലാമിക മതാത്മകത കയ്യൊഴിഞ്ഞുകൊണ്ടാണ് അഡോണീസ് പുതിയ കാവ്യലോകം സൃഷ്ടിച്ചത്. ഉറച്ച മതനിരപേക്ഷത പിന്തുടരുന്ന കവി, അറബ് കവിതയുടെ പരമ്പരാഗത ശീലങ്ങളെ നിരാകരിച്ചു.

കണ്ണുകളും കൺപീലികളുമാണു അഡോണീസിന് ഏറ്റവും പ്രിയപ്പെട്ട രൂപകങ്ങളിലൊന്ന്. ആഴമറിയാത്ത ഗർത്തങ്ങളാണ് അഭിനിവേശം. സൂര്യനും ശിലകളും വെള്ളവും കാറ്റും ആ സഞ്ചാരപാതയിൽ നിറയുന്നു. സന്ദേഹങ്ങളാണു അവന്റെ ജന്മദേശം. പക്ഷേ അവൻ മിഴികളാൽ നിറഞ്ഞിരിക്കുന്നു എന്ന് അഡോണീസ് എഴുതുന്നു.

പറുദീസയോ പതനമോ കവിയെ പിന്തുടരുന്നില്ല. സാത്താനെയും ദൈവത്തെയും കടന്നുപോകുന്ന കവിപ്രവാചകൻ, പാപത്തിന്റെ നാവു മായ്ചുകളയുന്നു. തിളങ്ങുന്ന മിന്നലുകളുടെ പ്രകാശത്തിൽ അവൻ പുസ്തകത്തെയും കടന്നുപോകുന്നു, പൊടിയിലും കല്ലിലും കവിതയെഴുതുന്നു.
അതിരുകളിലേക്ക്, ലോകത്തിന്റെ വക്കിലേക്ക് പോകാനാണ് കവിയുടെ വെമ്പൽ. ജനപഥത്തിൽ സ്വസ്ഥിയാകാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവാചകൻ, ദൈവനിന്ദയും അധികാരനിന്ദയും ശീലമാക്കിയ ഒരു ദർവീഷ്. അതിർത്തികൾ ഏകാന്തമായിരിക്കും. അവിടെ മനുഷ്യരാരും കൂട്ടില്ലാതെ ജീവിക്കാനാണ് താൽപര്യം.

മൂന്ന്

1961 ൽ ബെയ്‌റൂട്ടിലായിരിക്കെ, സ്വന്തം പ്രസിദ്ധീകരണത്തിലാണ് അഡോണീസ്, മിഹ്യാറിന്റെ ഗാനങ്ങൾ പ്രസിദ്ധീകരിച്ചത്. ഇംഗ്ലിഷിൽ Songs of Mihyar the Damascene എന്ന പേരിലും.

ഏഴു ഭാഗങ്ങളുള്ള കാവ്യത്തിൽ, വാക്കുകളുടെ യോദ്ധാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന മിഹ്യാർ ആണ് സംസാരിക്കുന്നത്. മിഹ്യാർ സ്വന്തം ദർശനം വിളംബരം ചെയ്യുന്നു, വേദനയെയും ഏകാന്തതയെയും നിരാസത്തെയും കലാപത്തെയും കുറിച്ചു പറയുന്നു. ആരാണ് മിഹ്യാർ എന്നു ചോദിച്ചാൽ അതിനു കൃത്യമായ ഉത്തരമില്ല. കവിയെ ഈ കഥാപാത്രം പ്രതിനിധാനം ചെയ്യുന്നുവെന്ന് നമുക്കു മനസ്സിലാകും. പതിനൊന്നാം നൂറ്റാണ്ടിൽ പേർഷ്യയിൽ മിഹ്യാർ അൽ ദയലാമി എന്നൊരു കവിയുണ്ടായിരുന്നു. സൊരാസ്ട്രിയനായി ജനിച്ച മിഹ്യാർ ദയലാമി ഷിയ മുസ്‌ലിം ആയി പരിവർത്തനം ചെയ്‌തെങ്കിലും കവിയെ പലരും മതനിഷേധിയായാണ് കണ്ടിരുന്നത്. ഇറാൻ കവിയുമായി തന്റെ കവിതയിലെ മിഹ്യാറിന് ബന്ധമില്ലെന്നും എന്നാൽ നീത്‌ഷേയുടെ സരാതുഷ്ട്രയോട് സാഹോദര്യം ഉണ്ടെന്നും അഡോണീസ് ചൂണ്ടിക്കാട്ടുന്നു. യവനപുരാണത്തിലെ ഒഡീസിയൂസിനെയും താൻ സ്വീകരിച്ചിട്ടുണ്ടെന്നു കവി പറയുന്നു. പ്രാചീനനായ, പ്രകൃതി പ്രതിഭാസങ്ങളുടെയും വസ്തുക്കളുടെയും ആരാധ്യനായ പ്രവാചകനായാണ് മിഹ്യാറിനെ നാം വായിക്കുന്നത്. അഥവാ കവിയുടെ നായകൻ വ്യവസ്ഥാപിത മതത്തിനും ദൈവത്തിനും പുറത്താണു നിൽക്കുന്നത്.

അറബ് കവിതകളിലെ ഇസ്‌ലാമിക മതാത്മകത കയ്യൊഴിഞ്ഞുകൊണ്ടാണ് അഡോണീസ് പുതിയ കാവ്യലോകം സൃഷ്ടിച്ചത്. ഉറച്ച മതനിരപേക്ഷത പിന്തുടരുന്ന കവി, അറബ് കവിതയുടെ പരമ്പരാഗത ശീലങ്ങളെ നിരാകരിച്ചു. ഇസ്‌ലാമിക പൂർവകാലത്തെ കവിതകളിലാണ് അറബ് കവിതയുടെ ഊർജം സംഭരിക്കപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിക്കുന്ന അഡോണീസ്, മതം അറബ് കവിതയുടെ വികാസത്തെ തടസ്സപ്പെടുത്തിയെന്നും പറയുന്നുണ്ട്.

കവിതയെ ഒപ്പം നിർത്തണമെന്ന് ഭരണകൂടവും പ്രത്യയശാസ്ത്രവാദികളും അധികാരികളും ആഗ്രഹിക്കുന്നു. കവിത കൊണ്ടുവരുന്ന മാജിക് ആണ് ഇതിനുകാരണം. ഈ മാന്ത്രികത മനുഷ്യരെ വഴിതെറ്റിക്കുമെന്ന ഭീതികൊണ്ടാണ് കവികളെ വിശ്വസിക്കരുത്, അവരെ പിന്തുടരുതെന്ന് പ്ലേറ്റോ വ്യക്തമാക്കിയത്. അത് റിപ്പബ്ലിക്കിലെ പ്രധാന നിലപാടായിരുന്നു. അറബ് ലോകത്തും കവികൾക്കെതിരെ ഇതേ മുന്നറിയിപ്പുകൾ മതശാസനമായി തന്നെ നിലനിൽക്കുന്നു. ശരിയാണ്, ഇരുണ്ടു കനത്ത മേഘരാശികൾക്കൊപ്പമാണ് അവൻ മുന്നേറുന്നത്, അഡോണീസ് എഴുതുന്നു, അപരിചിതമായ ലിപികളുടെ കാലാവസ്ഥയിൽ, ഹതാശമായ കാറ്റുകളിൽ കവിതയെ നൽകി. വ്യവസ്ഥാപിതമായ ആശയങ്ങളുടെയും ചട്ടങ്ങളുടെയും വക്താവായി കവി മാറുന്നില്ലെങ്കിൽ, മറ്റുള്ളവർ അയാളെ മതദ്രോഹിയോ രാജ്യദ്രോഹിയോ സാമൂഹികദ്രോഹിയോ ആയി മുദ്രകുത്തുന്നു, തിരസ്‌കൃതനായി സ്വന്തം നാട്ടിൽനിന്ന് അയാൾ ദൂരേക്കു പോകുന്നു. അയാൾക്കു സമുദ്രങ്ങളും ഗർത്തങ്ങളും കാറ്റുകളും കല്ലുകളും മാത്രം കൂട്ടാവുന്നു. ഒച്ചകൾക്കും പ്രതിധ്വനികൾക്കും നടുവിൽ അവൻ ഒളിക്കുന്നു, അഡോണീസ് എഴുതുന്നു, അക്ഷരങ്ങളുടെ ഹിമത്തിനു കീഴെ, അലയുന്നവരുടെ നെടുവീർപ്പുകൾക്കു കീഴെ, തിരമാലകൾക്കും ചിപ്പികൾക്കുമുള്ളിലും ഒളിക്കുന്നു.

I worship this tranquil stone- I saw my face in its lines I saw my lost poetry in it

നീത്‌ഷെയുടെ സാരാതുഷ്ട്രയുടെ പലായനം പർവതമുകളിലേക്കായിരുന്നു. പർവതച്ചെരിവുകളിൽ ഇടിമിന്നലുകളെയും കാറ്റിനെയും സൂര്യനെയും ഇരുട്ടിനെയും ശൈത്യത്തെയും സഖാവാക്കി സാരാതുഷ്ട്ര സംസാരിക്കുന്നു. സമാനമായ അന്തരീഷമാണ് അഡോണീസിൻറെ മിഹ്യാറിന്റെ സഞ്ചാരവഴികളിൽ നാം കാണുന്നത്

നീത്‌ഷെയുടെ സാരാതുഷ്ട്രയുടെ പലായനം പർവതമുകളിലേക്കായിരുന്നു. പർവതച്ചെരിവുകളിൽ ഇടിമിന്നലുകളെയും കാറ്റിനെയും സൂര്യനെയും ഇരുട്ടിനെയും ശൈത്യത്തെയും സഖാവാക്കി സാരാതുഷ്ട്ര സംസാരിക്കുന്നു. സമാനമായ അന്തരീഷമാണ് മിഹ്യാറിന്റെ സഞ്ചാരവഴികളിൽ നാം കാണുന്നത്. പ്രഭാതം വാതിലുകൾ അടയ്ക്കുമ്പോൾ, അവന്റെ കണ്ണുകൾക്കുമുന്നിൽ പ്രഭാതം മരിക്കുമ്പോൾ, അവൻ തന്റെ വിളക്ക് പർവതത്തിനുനേരെ തിരിക്കുന്നു, മഹാദുഃഖത്തിൽ മുങ്ങിത്താണവൻ അഭയം തേടുന്നു എന്നത്രേ അഡോണീസ് മിഹ്യാറിനെപ്പറ്റി പറയുന്നത്. നീ അടുക്കേണ്ടതില്ല, മുറിവ് നിന്നെക്കാൾ അടുത്താണ്. പ്രലോഭിപ്പിക്കരുത്, കാരണം മുറിവ് നിന്നെക്കാൾ സുന്ദരിയാണ്.

നാല്

നല്ല കവിതകളെ വിശദീകരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുമ്പോൾ, അതു ചെയ്യുന്ന ആളുടെ പരിമിതിയാണ് പുറത്തുവരിക. അയാൾ പരിശ്രമിക്കുന്തോറും കവിത അകലേക്കു പോകുന്നു. എന്താണ് കവിതയിൽ സംഭവിക്കുന്നതെന്നു അഭിമുഖത്തിൽ അഡോണീസ് വിശദീകരിക്കുന്നുണ്ട്. നാം ജീവിക്കുന്ന ജീവിതവും കവി സങ്കൽപിക്കുന്ന ജീവിതവും വ്യത്യസ്തമാണ്. ഈ വ്യത്യസ്തതയെ എഴുതാനാണ് കവി ശ്രമിക്കുന്നത്. ഇവ തമ്മിലുള്ള സംഘർഷമാണ് കവിയെ അലട്ടുന്നത്. ദൈനംദിന ജീവിതത്തെ നിരാകരിക്കുകയോ വെല്ലുവിളിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന കവിയുടെ പ്രവൃത്തികൾ ദുരൂഹമാണ്, സാമൂഹികവിരുദ്ധവും ആയേക്കാം. കവിത വായിക്കുമ്പോഴും ഇതു പ്രശ്‌നമായി വരുന്നു. കവിതയുടെ ജന്മവാസനയാണ് ദുർഗ്രഹത. അതിനെ വ്യാഖ്യാനിക്കുക എളുപ്പമല്ല.

ദുർഗ്രഹത പൂർണമായും നീങ്ങിയ വരികൾക്കുവേണ്ടി കാത്തിരിക്കുന്നവർ കവിതയിൽനിന്ന് അകലുന്നു. അവരാകട്ടെ കവിതയുടെ വിധിയെഴുത്തുകാരുമാകുന്നു. എല്ലാവർക്കും മനസ്സിലാകുന്ന കവിത പുറംമോടി മാത്രമായിരിക്കും എന്ന് അഡോണീസ് കരുതുന്നു, യഥാർഥ കവിത ആവശ്യപ്പെടുന്നതു പ്രയത്‌നമാണ്. കാരണം അതു കവിയെപ്പോലെ വായനക്കാരനും സ്രഷ്ടാവായി മാറാൻ ആവശ്യപ്പെടുന്നു.
മിഹ്യാറിനെ രാജാവായാണ് അഡോണീസ് വിശേഷിപ്പിക്കുന്നത്. പക്ഷേ അവൻ വാക്കുകളുടെ രാജാവാണ്, കാറ്റിന്റെയും മുറിവിന്റെയും രാജാവാണ്. തീയുടെ ഉദ്യാനങ്ങളും കൊട്ടാരങ്ങളും സ്വപ്നം കാണുന്നു. കാറ്റുകളുടെ ലോകത്ത് വസിക്കുന്നു. മിന്നലുകളുടെ സൗഹൃദം പങ്കിടുന്നു, ഇടിവെട്ടുകളിൽ മുറിവുകളെ സുഖമാക്കുന്നു, മരിച്ച ജന്മനാടിനുനേരെ, മൂകമായ തെരുവുകൾക്കുനേരെ അവൻ കരം നീട്ടുന്നു. ‘അവന്റെ കണ്ണുകളിൽ ഞാൻ സമുദ്രത്തിന്റെ പ്രവചനം കണ്ടു. അവനു ഞാൻ പ്രളയം എന്നു പേരിട്ടു’ എന്നു നാം അഡോണീസിൽ വായിക്കുന്നു.
എന്റെ യോഗ്യതാപത്രങ്ങൾ ഈ താളുകളാണെന്ന് കവി എഴുതുന്നു, ഓരോ വട്ടവും ആ താളുകളിലൂടെ സഞ്ചരിക്കുമ്പോൾ മുൻപ് അടിവരയിട്ട വരികളിലേക്കു പുതിയ കാറ്റും സൂര്യനുംതിരമാലകളും കടന്നുവരുന്നു. കവിതയിൽ മുങ്ങിത്താഴുന്നവർക്കു വേണ്ടിയാണു അഡോണീസ് എഴുതുന്നത്. കരയ്ക്കുനിന്നു മീൻ പിടിക്കുന്നവർക്കു വേണ്ടിയല്ല. അവരുടെ ചൂണ്ടയിൽ പായലും പാഴ്‌നാരുകളും മാത്രമേ കുരുങ്ങൂ. അതിനാൽ ആഴങ്ങളിലേക്കു പോകുക, പുലരിയിലേക്ക് ഉദിച്ചുയരുക. ▮

(എല്ലാ ഉദ്ധരണികളും എടുത്തിരിക്കുന്നത്: Songs of Mihyar the Damascene - Adonis, Translated by Kareem James Abu Zeid and Ivan Eubanks -2019).


അജയ് പി. മങ്ങാട്ട്

മാധ്യമപ്രവർത്തകൻ, നോവലിസ്റ്റ്, വിവർത്തകൻ. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments