ജോവാൻ ബ്രോസ / Photo: Wikimedia Commons

നിത്യജീവിതത്തിലേക്ക് തുറവിയുള്ള ഇമേജറിയുടെ കവിതകൾ

ബ്രോസ, കണ്ടെടുപ്പുകളുടെ കവി

അമലു

ഗ്രാഫിക് വിഷ്വൽ കവിതകളുടെയും ശില്പകവിതകളുടെയും വക്താവ് എന്ന നിലയിൽ വിഷ്വൽ കോഡുകളിലൂടെ കാവ്യാനുഭൂതിയെ സൃഷ്ടിച്ച ജോവാൻ ബ്രോസയുടെ സർഗജീവിതത്തിലൂടെ

വിതയുടെ ഭാഷ വാക്കുകളുടേതും വായനാ/ ആലാപന ക്ഷമതയുടേതുമൊക്കെയായി ബന്ധിപ്പിക്കപ്പെടുന്ന സാമ്പ്രദായിക ധാരണകളിൽ നിന്ന് ഇടറിമാറി സഞ്ചരിച്ചവയായിരുന്നു ജോവാൻ ബ്രോസ ( Joan Brossa, 1919-1998) യുടെ കവിതകൾ.

കാഴ്ചയുടെ സാധ്യതകളെ കവിതയായി പരിണമിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന എഴുത്തുശൈലി. കവി, നാടകകൃത്ത്, ദൃശ്യകലകളുടെ അപാരമായ സാധ്യതകളെ കണ്ടെടുക്കുകയും പ്രയോഗിക്കുകയും ചെയ്ത കലാകാരൻ എന്നീ നിലകളിൽ ബ്രോസ ശ്രദ്ധേയനായി. കറ്റാലൻ (Catalan) ഭാഷയിലാണ് അദ്ദേഹം തന്റെ രചനകൾ നടത്തിയിരുന്നതെങ്കിലും, "കാഴ്ച" എന്ന സാർവലൗകിക മാധ്യമത്തെ കവിതയുടെ മീഡിയമായി പലപ്പോഴും തെരഞ്ഞെടുത്തു. പരീക്ഷണാത്മകമായ ദുഷാംപിയൻ (Duchampian) ശൈലിയോട് ചേർന്ന് നിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കലയും കവിതയും. മാധ്യമത്വത്തിൽ ഊന്നി പറയുകയാണെങ്കിൽ പ്രധാനമായും മൂന്നുതരത്തിലാണ് ബ്രോസ തന്റെ കവിതകൾ സൃഷ്ടിച്ചിരുന്നത്. ഭാഷാപരമായി രൂപപ്പെടുത്തിയ കവിതകൾ (oral/written poetry), പ്രകടന കവിതകൾ (performance poetry), ദൃശ്യകവിതകൾ (visual poetry). ദൃശ്യകവിതകളിൽ ശില്പകവിതകളും, വസ്തുകവിതകളും, കാലിഗ്രാമുകളുമൊക്കെ ഉൾപ്പെടുന്നു.

ജോവാൻ ബ്രോസയുടെ ദൃശ്യ കവിതകൾ

മാജിക്കുമായി ബന്ധിപ്പിച്ചും, സർറിയലിസ്റ്റ് ശൈലിയെ പിൻപറ്റിയും ബ്രോസ തന്റെ "രചനാ'തന്ത്രം വികസിപ്പിച്ചുകൊണ്ടിരുന്നു. രചന എന്ന വൃത്തി പ്രശ്നവത്കരിക്കപ്പെടുന്നുണ്ട് ഇദ്ദേഹത്തിന്റെ കവിതകളിൽ. ദൃശ്യകലയുടെയും കവിതയുടെയും ലിമിനൽ സ്പേസിനെ (liminal space) പ്രശ്നവത്കരിച്ചുകൊണ്ട് "എഴുത്ത്' എന്ന ദരീദിയൻ സങ്കല്പത്തിന്റെ വിശാലതകളെ ഈ കവിതകൾ കണ്ടെടുക്കുന്നു. അദ്ദേഹത്തിന്റെ പരീക്ഷണാത്മക ശൈലി anti-poetry എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. സാമൂഹിക -രാഷ്ട്രീയ വിഷയങ്ങളോട് ശക്തമായി ഇടപെടുന്നതാണ് ബ്രോസയുടെ കവിതകൾ. രാഷ്ട്രീയമായി സ്പാനിഷ് ഭാഷ അടിച്ചേൽപ്പിക്കപ്പെടുന്ന കാലത്ത് തന്റെ കവിതയെഴുത്തിന് കറ്റാലൻ ഭാഷ ഉപയോഗിക്കുകയും അതേസമയം ഭാഷയുടെ സാമ്പ്രദായിക വ്യവസ്ഥയോട് സർഗാത്മകമായി കലഹിക്കുകയും ചെയ്തു അദ്ദേഹം.

ഒരു ചെറുകവിത നോക്കുക:

ഒരു പണിയാളൻ കടന്നുപോകുന്നു

ചോറ്റുപൊതിയുമായി ഒരു പണിയാളൻ കടന്നുപോകുന്നു അവിടൊരു ദരിദ്രൻ വഴിവക്കിലിരിക്കുന്നു

രണ്ട് വ്യവസായികൾ കാപ്പികുടിച്ചുകൊണ്ട് കച്ചവടവിചാരങ്ങളിൽ ഏർപ്പെടുന്നു

ദേശം എന്നതൊരു വലിയ വാക്കാണ്

(A Workman Passes By, ലേഖികയുടെ വിവർത്തനം)

കവിതയിൽ ഭാഷയെന്ന വ്യവസ്ഥയെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് ഫ്രാങ്കോസ്റ്റ് സ്വേഛാധിപത്യത്തിനെതിരെ ബ്രോസ സന്ധിയില്ലാസമരം നടത്തി. ദൃശ്യത്തിന്റെ സാധ്യതകളോട് തുറവിയുള്ള കവിതകൾ എന്ന നിലയിൽ സമകാലിക കലയോടും (contemporary art) കവിതാശൈലികളോടും ചേർന്നുനിൽക്കുന്നു ഇദ്ദേഹം. സമകാലികത എന്ന താക്കോൽപദത്തെ കാലക്കണക്ക് എന്നതിൽ നിന്ന് വഴിമാറിചിന്തിച്ചാൽ ബ്രോസയുടെ കവിതകളെ രൂപപരമായും ആശയപരമായും സമകാലികം (contemporary) എന്നുതന്നെ പറയാം.

ചിത്രം, അക്ഷരം, വസ്തു എന്നിവയുടെ രൂപകാത്മകമായ (metaphorical) ഉപയോഗമാണ് ബ്രോസയെ സംബന്ധിച്ച്​ visual poetry. സർറിയലിസവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം കവിതകളിൽ വളരെ വ്യക്തമാണ്. Joan Miro എന്ന സർറിയലിസ്റ്റ് ആർട്ടിസ്റ്റിന്റെ ഒപ്പമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും കവിതയിൽ പ്രതിഫലിച്ചു. 1948 ൽ Dau al Set എന്ന പേരിൽ ഒരു കറ്റാലൻ അവാൻദ് ഗാർഡ് (avant-garde) സംഘം രൂപീകരിക്കുകയും അതിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തുപോന്നു. 1951 ലാണ് അദ്ദേഹം ബാഴ്സലോണയിൽ തന്റെ visual poetry പ്രദർശിപ്പിച്ചത്. തുടർന്ന് നിരവധി പ്രദർശനങ്ങളും പ്രകടനങ്ങളും നടത്തുകയുണ്ടായി. കവിയെന്നതിലുപരി നാടകപ്രവർത്തകനായും അറിയപ്പെട്ടു. രൂപപരതയെ മാനദണ്ഡമാക്കി കവിതയെ കെട്ടിയിടാൻ ബ്രോസ ഒരിക്കലും മുതിർന്നില്ല.

അക്ഷരങ്ങളെ ഇമേജുകളുമായി ചേർത്തുവച്ചുകൊണ്ട് അദ്ദേഹം നിരവധി കവിതകളെ ഉരുവപ്പെടുത്തി. കാലിഗ്രാമുകളുടെ സ്വഭാവം അവയിൽ പലതിനും നമുക്ക് കണ്ടെടുക്കാം.
ഗ്രാഫിക് വിഷ്വൽ കവിതകളുടെയും ശില്പകവിതകളുടെയും വക്താവ് എന്ന നിലയിൽ visual code കളിലൂടെ കാവ്യാനുഭൂതിയെ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. വസ്തുഭാഷ -"the language of things" അദ്ദേഹം സങ്കേതമായി ഉപയോഗിച്ചു. "പറച്ചിൽ" എഴുത്തിനു മുൻപേ പോകുന്നു എന്ന സമ്പ്രദായിക ധാരണയെ പ്രശ്നത്തിലാക്കിയ ദരീദയുടെ ആശയത്തെ മുൻനിറുത്തി ചിന്തിച്ചാൽ "കാഴ്ച" എന്നതിന് ഇവിടെ ബ്രോസ നൽകുന്ന വിശാലമായ അർഥത്തെ, ഭാഷാപരതയെ അനുഭവിക്കാം. അർഥത്തെ അഴിച്ചെടുക്കുന്ന, വായനക്കാരന് കർതൃസ്ഥാനം പങ്കുവച്ചുകൊടുക്കുന്ന പ്രവർത്തികൂടിയാണ് ഇവിടെ കവിത. ബ്രോസയുടെ വാക്കുകളിൽ; ​"These verses, like a score, are nothing but a group of signs to decipher. A reader of the poem is an executor.'

ഇവിടെ സാധാരണത്വത്തിൽ നിന്ന് ഉരുവപ്പെട്ട ഇമേജുകൾ കവിതയായി മാറുന്നു. അത്​ വായനക്കാർ നിത്യജീവിതത്തിലെന്നപോലെ കണ്ടെടുക്കുകയും​ ചെയ്യുന്നു ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അമലു

കവി, ചിത്രകാരി. ഉട്ടോപ്യൻ രേഖകൾ (കവിതാ സമാഹാരം) എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. Reading the Tales: A Study on Mannan Folk Myths (പഠനം), കവിതയുടെ പ്രതിശരീരം, Digimodernism: Configuring Literature and Society എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തു.

Comments