കെ.എ. ജയശീലൻ

വൈറസിന്റെയും മനുഷ്യന്റെയും നടുവിൽ
നിങ്ങൾക്കെങ്ങിനെ നിഷ്പക്ഷത പാലിക്കാൻ കഴിയും?

കെ.എ. ജയശീലന്റെ കവിതകൾ വായിക്കുമ്പോൾ

വേദനയുടെ ജൈവീകവും സാമൂഹികവുമായ തലങ്ങളാണ് ജയശീലൻ പ്രശ്‌നവൽക്കരിക്കുന്നത്. സംവേദനവും ശരീരവും ഒരേസമയം ആനന്ദത്തിലേക്കും വേദനയിലേക്കും വാതിൽ തുറക്കുന്നു.

ന്ന് ഇരട്ട കോളനീകരണം നമ്മെ ബ്രാഹ്മണ പുരുഷ മാതൃകയുടെയും പാശ്ചാത്യ പുരുഷ മാതൃകയുടെയും വിസർജ്യം തീനികളാക്കിയിട്ടുണ്ട്. അധികാരത്തിന്റെ അധിനിവേശാവസ്ഥ ഭവ - ജ്ഞാന- ധാർമിക - ലിംഗ പദവി - ലൈംഗികത -പ്രകൃതി - വ്യവഹാരങ്ങളുടെ അധിനിവേശാവസ്ഥ കൂടി സൃഷ്ടിക്കുന്നു. പാശ്ചാത്യ - വെള്ളക്കാരൻ - ക്രിസ്ത്യൻ- ടെക്‌നോക്രാറ്റിക് - വികസന - ചരിത്ര പുരുഷന്റെ വിപരീതമായി അവികസിതരും പ്രാകൃതരും അയുക്തികരും ചരിത്രവും ശാസ്ത്രവും ഇല്ലാത്തവരും സ്‌ത്രൈണ ശീലമുള്ളവരും ആയി ദക്ഷിണാർദ്ധ
ഗോളനിവാസികളെ അടയാളപ്പെടുത്തിയിട്ടുണ്ട്.

ആധുനികത, ജനാധിപത്യം, മതേതരത്വം, സാർവലൗകികത, വികസനം, മാനവികതാവാദം, യുക്തിപരത, ശാസ്ത്രീയത എന്നിവയുടെ കുത്തകാവകാശം യൂറോപ്പിനാണ് എന്ന വശീകരണ മന്ത്രം ചൊല്ലി അധിനിവേശാഭിചാരത്തിന്റെ ദണ്ഡന മാരണ സ്തംഭന തന്ത്രങ്ങൾ മറച്ചുവെയ്ക്കുന്നു. എതിർ ആധുനികരായ സ്പിനോസ, നീഷെ, കാൾ മാർക്‌സ്, ഫ്രോയിഡ്, ഹൈഡഗർ എന്നിവരും ആധുനികാനന്തര ചിന്തകരായ ദെരിദ, ഫൂക്കോ, ഡെല്യൂസ്, ലോത്ത്യോർ, എന്നിവരും സമകാലീനരായ അലെൻ ബാദ്യൂ, അന്തോണ്യോ നെഗ്രി, സ്ലാവേക്​ സിസെക്, ജോർജിയോ അഗംബെൻ എന്നിവരും ആധുനികതയുടെ യൂറോപ്യൻ കുത്തകയെ ചോദ്യം ചെയ്തിട്ടില്ല. അധിനിവേശാനുഭവത്തെ അഭിമുഖീകരിച്ചിട്ടില്ല.
ആധുനികതാന്തരത (Trans modernity) ആധുനികതയുടെ ഉറവിടവും കേന്ദ്രവും യൂറോപ്പാണെന്ന ധാരണയെ വെല്ലുവിളിക്കുന്നു. ആഫ്രിക്ക, അമേരിക്ക, ലാറ്റിനമേരിക്ക, ആസ്‌ട്രേലിയ എന്നീ വൻകരകളിലെ പ്രകൃതി - സംസ്‌കൃതി വിഭവങ്ങളും ശാസ്ത്ര- സാങ്കേതികവിദ്യകളും കട്ടെടുത്തു കൊണ്ടാണ് ലോക വ്യവസ്ഥയുടെ കേന്ദ്രവും ആധുനികതയുടെ സ്ഥാനവും ആയി യൂറോപ്പ്​ മാറിയത്. ആധുനികതാന്തരത സാർവലൗകികതയ്ക്കുപകരം ബഹുലൗകികത (Pluri versality) യും മാനവികതാവാദത്തിനു പകരം മനുഷ്യാനന്തര ദർശനവും മതേതരത്വത്തിനു പകരം മതേതരാനന്തര വിമോചനാത്മക ആത്​മീയതയും മുന്നോട്ടുവെയ്ക്കുന്നു. വികസനം വികസനാനന്തര വ്യവഹാരങ്ങളിലേക്കു മാറിയിട്ടുണ്ട്. അപകോളനീകരണാത്മകമായ സ്ത്രീവാദവും പരിസ്ഥിതി ദർശനവും ക്വിയർ തിയറിയും വിമോചന ദൈവശാസ്ത്ര ചിന്തകളും ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.

ബുദ്ധൻ ദുഃഖകാരണമായി തൃഷ്ണയെ കണ്ടെത്തുന്നു. എന്നാൽ വേദനയുടെ ജൈവീകവും സാമൂഹികവുമായ തലങ്ങളാണ് ജയശീലൻ പ്രശ്‌നവൽക്കരിക്കുന്നത്.

പോസ്റ്റ് ഹ്യൂമൻ വിഷയിയുടെ പൊട്ടിപ്പുറപ്പെടൽ

പോസ്റ്റ് ഹ്യൂമൻ വിഷയി പാശ്ചാത്യ മനുഷ്യ മാതൃകയെ നിഷേധിക്കുന്നു. വിഷയിസ്ഥാനം ജീവജാലങ്ങളും സൂക്ഷ്മജീവികളും വസ്തുക്കളും സ്ത്രീകളും കീഴാളരുമായി പങ്കിടുന്നു. ഈ സാംക്രമിക വിഷയി (Trans subject) നിർവഹണ ശേഷി (Agency) യെ വികേന്ദ്രീകൃതവും വിതരണാത്മകവുമായി കാണുന്നു. വസ്തു, ശരീരം, ചരിത്രകാലം, അനന്തത, രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം എന്നിവക്ക് സംക്രമണ സ്വഭാവമുണ്ട്. അതുകൊണ്ട് ഭൗതികാന്തരത (Trans materiality) ശരീരാന്തരത (Trans corporeality) ചരിത്രാന്തര കാലം (Trans historical Time) , സാന്താന്തര അനന്തതകൾ (Transfinite infinities), സാംക്രമിക രാഷ്ട്രീയം (Trans politics), സാംക്രമിക സൗന്ദര്യശാസ്ത്രം (Trans aesthetics) എന്നീ പരികൽപ്പനകളായി സംക്രമിച്ചിട്ടുണ്ട്.
യൂറോപ്പിലെ പോസ്റ്റ് ഹ്യൂമൻ ചിന്തക്ക് പല ധാരകളുണ്ട്. റോസി ബ്രയദോത്തിയുടെ ക്രിട്ടിക്കൽ പോസ്റ്റ് ഹ്യൂമനിസം, കാതറീൻ വെയ്ൽസിന്റെ സാംസ്‌ക്കാരിക പോസ്റ്റ് ഹ്യൂമനിസം, ഫ്രാൻസെസ്‌ക ഫെറാണ്ടോവിന്റെ തത്ത്വചിന്താപരമായ പോസ്റ്റ് ഹ്യൂമനിസം തുടങ്ങിയവ. പ്രവർത്തക - ശൃംഖലാ സിദ്ധാന്തം, കാരെൻ ബാരദിന്റെ നിർവാഹക റിയലിസം (Agential realism), നവ ഭൗതികവാദം, നിഗമനാത്മക റിയലിസം (Speculative realism), വസ്ത്വന്മുഖ ഭവശാസ്ത്രം ( Object oriented ontology), ഭൗതിക സ്ത്രീവാദം (Material feminism) എന്നിവ മനുഷ്യേതര വിഭാഗങ്ങളെയും വിഷയികളായും ചരിത്രസ്രഷ്ടാക്കളായും കാണുന്നു.

തദ്ദേശീയ മനുഷ്യാനന്തര സംസ്‌ക്കാരത്തിന്റെ ഉറവിടങ്ങൾ

ബുദ്ധ വ്യവഹാരങ്ങൾ ചരാചര മൈത്രി, അഷ്ടാംഗ മാർഗം, പ്രതീതി സമുൽപ്പാദം, ശൂന്യദർശനം എന്നിവ വഴി പ്രാപഞ്ചിക രാഷ്ടീയത്തെ സൃഷ്ടിച്ചിട്ടുണ്ട്. പ്രതീതി സമുൽപ്പാദം സഹാവിർ ഭാവം ( Co-arising) ആണ്. വസ്തുവിനും വിഷയിക്കും തന്മയും അന്തഃസ്സാരവും സ്ഥിരസത്തയും ഇല്ല. ശൂന്യ വിഷയിയാണ്. പ്രകൃതിയെ ജ്ഞാനം കൊണ്ട് കീഴടക്കുന്ന ഉപകരണാത്മക യുക്തിയാണ് പാശ്ചാത്യ പ്രബുദ്ധതാ പദ്ധതി. പ്രജ്ഞയുടെയും കരുണയുടെയും ചേർച്ചയാണ് ബുദ്ധ പ്രബുദ്ധത. ജൈന ദർശനത്തിലെ അനേകാന്തവാദം ബഹുത്വ ദർശനമാണ്. അന്തഃസ്ഥിതവും അതീതവും തമ്മിലുള്ള പകർച്ചയും ആൺ പെൺ പകർച്ചയും ശിവശക്തി താണ്ഡവത്തിലുണ്ട്. ശിവാദ്വൈതം ശ്രേണീപരമായ ഭേദങ്ങളെ എതിർക്കുന്നു. ദേവീ ആരാധനയിലും കൃഷ്ണാരാധനയിലും ബ്രാഹ്മണ വിരുദ്ധ തലമുണ്ട്. എതിർധാരകളെ ബ്രാഹ്മണിക വ്യവഹാരങ്ങൾ സങ്കരവത്ക്കരിച്ച് സ്വാംശീകരിച്ചിട്ടുണ്ട്.
സവർണ വ്യവഹാരങ്ങൾ ലോകമില്ലാത്ത അതീത വിഷയിയെയാണ് ബ്രഹ്മത്തിൽ കണ്ടെത്തുന്നത്. ബ്രഹ്മവിദ്യ, ബ്രഹ്മജ്ഞാനം, ആത്മവിദ്യ എന്നിവയിൽ അപരോട് ഉത്തരവാദിത്തമില്ല. ഈ അന്തഃസാരാത്മക വിഷയി (Substantial subject) സംഭവാത്മക വിഷയി (Eventual subject) യിൽ നിന്ന് വേറിട്ടു നിൽക്കുന്നു.

സംഭവാത്മക വിഷയി, സംഭവത്തിന്റെ സാക്ഷിയും നടനും നടിയും- സഹ സംവിധായകൻ/ൾ- ആണ്. അന്തഃസാരാത്മക വിഷയി ഇച്ഛാശക്തി കൊണ്ട് സംഭവങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. സംഭവാത്മക വിഷയി സംഭവത്തിന്റെ മൂലകാരണവും ഫലവും അല്ല. സംഭവത്തിന് പല കാരണങ്ങളും പല ഫലങ്ങളും ഉണ്ട്. ദെക്കാർത്തെയുടെ ‘ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാനുണ്ട്’ എന്ന കാർട്ടീഷ്യൻ വിഷയിയുടെ പ്രഖ്യാപനത്തിന്റെ അർത്ഥം ‘ഞാൻ കീഴടക്കുന്നു, അതിനാൽ ഞാനുണ്ട്’ എന്നാണ്. മനസും ശരീരവും പിളർന്നു നിൽക്കുന്ന സ്വയം പര്യാപ്ത വ്യക്തിയാണ് കാർട്ടീഷ്യൻ വിഷയി.

കാൻറ്​, ഹെഗൽ, ദെക്കാർത്തെ, ഫ്രാൻസിസ് ബേക്കൺ എന്നിവർ പാശ്ചാത്യാധുനികതയുടെ പുതുവിഷയിയുടെ വാസ്തുശിൽപ്പികളാണ്. ചിത്രകലയിൽ കാർട്ടിഷ്യൻ ദൃഷ്ടി ആത്മത്തിനു പുറത്തുള്ള പുറമ്പോക്കായി പ്രകൃതിയെ കാണുന്നു. ഒരേ സ്ഥാനത്തുനിന്ന് ഒരേ മാതിരിയുള്ള ചിത്ര പ്രതലത്തെ കാണുന്നു. എന്നാൽ പോസ്റ്റ് കാർട്ടീഷ്യൻ ദൃഷ്ടി പ്രകൃതിയിലെ വിഷയിയെ കാണുന്നു . ഇത് ലോകമില്ലാ വിഷയി അല്ല. ലോകത്തിലെ വിഷയിയാണ്. പല സ്ഥാനങ്ങളിൽ നിന്ന് പലതരം ചിത്രപ്രതലങ്ങളെ ചലനാത്മക ദർശനം നടത്തുന്നു. യൂക്ലിഡിയൻ ജ്യാമിതി പ്രകൃതിയെ വൃത്തവും കോണും ചതുരവും ആയി ചുരുക്കുന്നു. എന്നാൽ ഫ്രാക്ടൽ ജ്യാമിതിയിൽ പ്രകൃതിയുടെ ക്രമരഹിതവും സമമിതി (symmetry) തെറ്റിക്കുന്നതുമായ രൂപഘടന കളെ ആവിഷ്‌ക്കരിക്കുന്നു.

എതിർ ആധുനികതയുടെ വിഷയി മാതൃക

എതിർ ആധുനികതയുടെ വിഷയി മാതൃകകൾ മുഖ്യധാരാ ആധുനികതയുടെ വിഷയി മാതൃകയെ വെല്ലുവിളിക്കുന്നു. സ്പിനോസ ശരീരം- മനസ് ദ്വന്ദ്വത്തെ മറികടന്ന് ഭാവശക്തിപ്പകർച്ചയിലൂടെ വ്യാപിക്കുന്ന സാംക്രമിക വ്യക്തി (Trans individual) യെ കാണുന്നു. കാൾ മാർക്‌സ് കാർട്ടീഷ്യൻ വിഷയിയുടെ രാഷ്ട്രീയാടിത്തറയായ സ്വകാര്യ സ്വത്തുടമസ്ഥത, മൂലധനം എന്നിവയെ ചോദ്യം ചെയ്തു. അധ്വാനശക്തിയുടെ സ്പീഷീസ് സ്വഭാവത്തെ കണ്ടെത്തി. എന്നാൽ പ്രകൃതിയെ കീഴടക്കുന്ന മനുഷ്യമാതൃകയെ തകർത്തില്ല. ഫ്രോയിഡ് വ്യക്തിവത്കരണ പ്രക്രിയയിലെ ഇദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയെ കണ്ടെത്തിയെങ്കിലും കാർട്ടീഷ്യൻ അഹത്തെ ഉപേക്ഷിച്ചില്ല. കാൽപ്പനിക വിഷയി ഏകാകിയാണെങ്കിലും അസ്തിത്വത്തെയും പ്രകൃതിയെയും സൗന്ദര്യവത്ക്കരിക്കുന്നു, യുക്തിവത്ക്കരിക്കുന്നില്ല. അസ്തിത്വവാദവും പ്രതിഭാസ വിജ്ഞാനീയവും സത്താപരമായ വിഷയിയിൽ നിന്ന് നിലനിൽക്കുകയും ലോകത്തിൽ പ്രത്യക്ഷപ്പെടുകയും സ്വയം ആവിഷ്‌കരിക്കുകയും ചെയ്യുന്ന ചലനാത്മക വിഷയിയുടെ കൂടെ യാത്ര ചെയ്യുന്നു.

ആധുനികാനന്തരത വിഷയിയുടെ വികേന്ദ്രീകരണവും അപരതയിലേക്കുള്ള വ്യാപനവും കാണുന്നു. വിഷയിയുടെയും ഭാഷയുടെയും കെട്ട് ദെരിദ അഴിക്കുന്നു. ഫൂക്കോ അധികാര വ്യവഹാരങ്ങളുടെ ഫലമായി വിഷയിയെ കാണുന്നു. ഡെല്യൂസ് ആയിത്തീരലിന്റെ വിഷയിയെ സ്‌കീസോഫ്രേനിക് നാടോടിയുടെ ചിതറലായി കാണുന്നു. ലകാൻ വികേന്ദ്രീകൃത വിഷയിയെ കാണുന്നു. ലെവിനാസ് ആത്മത്തിൽ നിന്ന് അപരതയിലേക്ക് സ്വയം ശൂന്യവത്ക്കരിച്ച് വ്യാപിക്കുന്ന വിഷയിയെ സൃഷ്ടിക്കുന്നു.

തദ്ദേശീയ പോസ്റ്റ് ഹ്യൂമൻ വിഷയി

അപ കോളനീകരണാത്മകമായ പ്രകൃതി ദർശനത്തിന്റെ കാഴ്ചപ്പാടിൽ നിന്നാണ് നമ്മൾ യൂറോപ്യൻ വിരാട് പുരുഷ വ്യവഹാരങ്ങളെ വിമർശിക്കുന്നത്. പ്രകൃതി, ലിംഗ പദവി, വംശം, ജാതി, ലൈംഗികത, പ്രദേശം, വർഗം, മതം എന്നിവയുടെ പരസ്പരം ഛേദിക്കുന്ന കൂട്ടുവഴി (Inter secting cross junction) യിലാണ് പുതു വിഷയി സഞ്ചരിക്കുന്നത്.

നാം രാഷ്ട്രീയത്തെയും സംസ്‌ക്കാരത്തെയും ഭാഷയെയും നിർവചിക്കുന്നത് മൃഗങ്ങളെ അവയുടെ വിപരീതമായി, ശൂന്യമായി കണ്ടുകൊണ്ടാണ്. ജീവജാലങ്ങളെ ശൂന്യമായല്ല, ഭവം ആയാണ് ജയശീലൻ കാണുന്നത്.

കെ.എ. ജയശീലന്റെ കവിതകൾ പ്രകൃതി - സംസ്‌കൃതി ദ്വന്ദ്വത്തെ മറികടന്ന് അപകോളനീകരണാത്മകമായ പ്രകൃത്യനുഭവങ്ങളെ എഴുതുന്നു. വസ്തുക്കളെയും ജീവജാലങ്ങളെയും ജയശീലൻ കുലചിഹ്നമായോ, നിഷിദ്ധ ചിഹ്നമായോ രൂപകമായോ, അന്യാപദേശമായോ പ്രതീകമായോ മനുഷ്യവത്ക്കരിക്കുന്നില്ല. കാടിന് കാടിന്റെ ഭംഗി. മൃഗങ്ങൾക്ക് മൃഗത്തിന്റെ ഭംഗി. ഉപാദാന (Metonymy) മായാണ് അവ പ്രത്യക്ഷപ്പെടുന്നത്. ഭൂമിയുടെ അവകാശികളായി മൾട്ടി സ്പിഷീസ് സഹാസ്തിത്വത്തിലെ കൂട്ടക്കാരായി ജീവജാലങ്ങൾ പ്രത്യക്ഷപ്പെടുന്നു. നാം രാഷ്ട്രീയത്തെയും സംസ്‌ക്കാരത്തെയും ഭാഷയെയും നിർവചിക്കുന്നത് മൃഗങ്ങളെ അവയുടെ വിപരീതമായി, ശൂന്യമായി കണ്ടുകൊണ്ടാണ്. ജീവജാലങ്ങളെ ശൂന്യമായല്ല, ഭവം ആയാണ് ജയശീലൻ കാണുന്നത്. അവ നമ്മുടെ അനുബന്ധമോ, അംശമോ, അഭാവമോ അല്ല.
നമ്മുടെ വിഷയിയുടെ ആവിർഭാവം ജീവജാലങ്ങളുമായുള്ള സഹാവിർഭാവമാണ്. അന്തഃസ്സാരത്തിനുമീതെയുള്ള തോടു കൊത്തി പൊളിച്ച് നാം നമ്മെ പരാഗണം നടത്തുന്നതിന്റെ സാക്ഷ്യങ്ങളാണ് ജയശീലന്റെ കവിതകൾ. അതിരു പൊളിച്ച് പടരൽ (Dis enclosure) ആണ് ഇവ. അപരാഗണങ്ങൾ

പോസ്റ്റ് കാർട്ടീഷ്യൻ ദൃഷ്ടി

പ്രകൃതി - സംസ്‌കൃതി വൈരുധ്യം ഒട്ടനവധി ഉച്ചനീചത്വങ്ങൾക്ക് ജന്മം നൽകുന്നു. പുരുഷൻ X സ്ത്രീ, മനസ് X ശരീരം, യുക്തി X വികാരം, ആത്മാവ് X വസ്തു എന്നിവയാണവ. ഈ കവിതകൾ ഈ ദ്വന്ദ്വങ്ങളെ അട്ടിമറിയ്ക്കുന്നു. നിഷ്പക്ഷത എന്ന കവിതയിൽ വൈറസിന്റെയും മനുഷ്യന്റെയും നടുവിൽ നിങ്ങൾക്കെങ്ങിനെ നിഷ്പക്ഷത പാലിക്കാൻ കഴിയും? ഈശ്വരന്റെ കാഴ്ചപ്പാട് നിങ്ങൾക്കെങ്ങിനെ നേടാനാവും? എന്ന ചോദ്യങ്ങളുന്നയിക്കുന്നു. ഞാൻ ഭിന്നനെങ്കിൽ എന്ന കവിതയിൽ അപരരെ അന്യരായി കാണുന്ന നിലപാടിനെ പോസ്റ്റ് കാർട്ടീഷ്യൻ കാഴ്ചയുടെ ചലനാത്മകതയിലേക്ക് മാറ്റുന്നു. ഉപ്പുപോലെ എന്ന കവിതയിൽ അന്യരായി വിട്ടുനിൽക്കുന്നതിലെ ഹിംസയെ കാണുന്നു. രണ്ട് ഞാനുകൾ എന്ന കവിത വിഷയിയുടെ അവിഭാജ്യസത്ത വിഭജിക്കുന്നത് കാണിച്ചുതരുന്നു. നായയുടെ ഉള്ളിൽ നായയുടെ ഗതിയ്ക്കു വിരുദ്ധമായി വയറ്റിലെ ഇര സഞ്ചരിക്കുന്നു. ‘ഇരുന്നീടായ്കയകമേ, പര ജീവനിൽ അറിവിൻ ബഹു ലോദാര പരിണാമങ്ങൾ തേടി ഞാൻ അടനം ചെയ്തു ജീവിച്ചീടട്ടെ അന്യഗൃഹങ്ങളിൽ (അന്യഗൃഹങ്ങളിൽ). ഈച്ച എന്ന കവിതയിൽ വൃത്തി, വൃത്തികേട് എന്ന ഭേദമില്ലാത്ത ഈച്ചയെ പ്രശംസിക്കുന്നു- ‘വരുന്നൊരേ ജന്മത്തിൽ ബ്രാഹ്മണനായ് ജനിക്കുമ്പോൾ നിന്റെയീ ജന്മത്തിലുളള എച്ചിലില്ലായ്മയെ ഈച്ചേ, മറക്കല്ലേ, മറക്കല്ലേ.’

കുബേര, നിൻ പരാതി എന്ന കവിത ധനരാജാവായ കുബേരനോട് നടത്തുന്ന സംഭാഷണമാണ്. ക്രമബദ്ധവും സമ്മിതിപരവുമാണ് കുബേരലോകം. യൂക്ലിഡിയൻ ജ്യാമിതിയിലെ ക്രമം ഇതിലുണ്ട്. ഫ്രാക്ടൽ ജ്യാമിതിയിൽ ഞൊറിവും ക്രമരാഹിത്യവും കൂടും. കുബേര ലോകക്രമത്തിൽ ആകസ്മികത്തിന്റെ സന്ദേശമില്ല. എല്ലാം ആസൂത്രിതമാണ്. നേർരേഖാക്രമമുള്ള പൂന്തോട്ടത്തിൽ വിസ്മയങ്ങളില്ല. വടിവിലല്ല ഒടിവിലും വിടവിലുമാണ് ഭംഗി. ഭംഗത്തിലാണ് ഭംഗി. കുബേര വാസ്തുവിദ്യയിൽ കൃത്യതയും ചിട്ടയും വൃത്തിയും ഉണ്ട്. എല്ലാം ഉപകരണാത്മക യുക്തി കൊണ്ട് അളക്കാവുന്ന ലോകമാണിത്. എന്നിലേക്കെന്നിലേക്കെന്നിലേക്ക് ആണ് എല്ലാം.

കെ.എ. ജയശീലൻ

മരങ്ങൾ നേർവരയുടെ നിരാകരണം കൊണ്ട് നമ്മെ മത്തുപിടിപ്പിക്കുന്നു. ആത്മത്തിൽ കുരുങ്ങുന്ന കാർട്ടീഷ്യൻ വിഷയിയാണ് കുബേരൻ. കണ്ണുകളിലേക്കു നോക്കൽ എന്ന കവിത ആത്മ(രതി) ദർശനത്തെ വിമർശിക്കുന്നു. കണ്ണിന്റെ ഉള്ളിൽനിന്ന് പുറത്തേക്ക് നോക്കണം. പുറത്തേക്ക് നോക്കുമ്പോൾ നിന്നെയും കാണണം. ഈ കാഴ്ച പോസ്റ്റ് കാർട്ടീഷ്യൻ കാഴ്ചയാണ്. ലോകത്തിലെ ആ ത്മത്തെയും ആത്മത്തിലെ ലോകത്തെയും കാണുന്നു.

വിശ്വരൂപൻ എന്ന കവിത ബ്രാഹ്മണിക വിഷയിയുടെ മാതൃകയായ വിരാട് പുരുഷ ബിംബത്തെ തകർക്കുന്നു. ഇത് അന്തഃസാരാത്മക വിഷയിയാണ്. പൂർണമാണ്. അനന്തതയല്ല. ആയിത്തീരൽ ഇല്ല. ബന്ധങ്ങൾ ഇല്ല. ഈ ഏകരൂപിയെ ബഹുരൂപിയായി ഈ കവിത മാറ്റിവരയ്ക്കുന്നു. പാശ്ചാത്യാധുനികതയുടെ വിരാട് പുരുഷ സ്തുതി വയലാർ കവിതകളിലും (എനിക്കു മരണമില്ല ) കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിശ്വമാനവനിലും കാണാം.

മകളെ മഴക്കാലത്ത് സ്‌കൂളിലെത്തിക്കാൻ പുറപ്പെട്ട ആഖ്യാതാവ് സ്‌ക്കൂൾ മുടക്കം കാരണം മടങ്ങി . മഴ കൂടി. ഒരു കടത്തിണ്ണയിൽ കേറി നിന്നു. കൂടെ ആടുകളും ഉണ്ട്. മഴയിൽ കവിയ്ക്ക് വിശ്വരൂപ ദർശനം ഉണ്ടാകുന്നു. ഈ ബഹുരൂപിയുടെ ജീവനൃത്തത്തിൽ ജീവജാലങ്ങളെല്ലാം ഉണ്ട്. ആൽഫ്രഡ് നോർത്ത് വൈറ്റ്‌ഹെഡിന്റെ പ്രക്രിയാദർശനത്തിൽ ദൈവം പ്രപഞ്ച പ്രക്രിയകളിലെ സർഗ്ഗാത്മകതയാണ്, ഇൻസുലാർ ദൈവമല്ല. പ്രപഞ്ച മനുഷ്യ ദൈവദർശനം ആണിത്.

ജന്തുപ്രക്രിയാ ഭവശാസ്ത്രത്തിന്റെ ചലച്ചിത്രങ്ങൾ

ജയശീലന്റെ കവിതകളിൽ പ്രകൃതി ദൂരത്തല്ല. വന്യതയില്ല. സമീപസ്ഥവും ശരീരസ്ഥവുമായ അനുഭവങ്ങളാണ്. പ്രകൃതിയെ സൗന്ദര്യവത്ക്കരിക്കുകയോ നിഗൂഢവത്ക്കരിക്കുകയോ ചെയ്യുന്നില്ല, നിഗൂഢതയോടും സൗന്ദര്യത്തോടും വിനയമുണ്ടെങ്കിലും. മേതിൽ രാധാകൃഷ്ണന്റെ കവിതകളിൽ ജീവജാലങ്ങൾ നിർവികാര ശാസ്ത്ര നിരീക്ഷണത്തിനുള്ള വസ്തുക്കളാണ്. വസ്തുനിഷ്ഠ ജ്ഞാനത്തിന്റെ ഹെർബേറിയത്തിൽ ഒട്ടിച്ചുവെയ്ക്കാനുള്ളവയാണ്. ജീവജാലങ്ങൾ ജയശീലന് കൂട്ടുപാർപ്പിലെ പങ്കാളികളാണ്. ജീവജാലങ്ങളുടെ ഭവപരമായ ആവിർഭാവത്തിൽ സംഭവത്തിൽ സാക്ഷിയും സഹനടനും സഹസംവിധായകനുമായി കവി പങ്കെടുക്കുന്നു. ഭവത്തിന്റെ ഭവനവും സഞ്ചാരപഥവുമായി ഭാഷ മാറുന്നു. പോസ്റ്റ് കാർട്ടിഷ്യൻ ഭാഷയാണ് ഈ കവിതകളുടേത്. പോസ്റ്റ് കാർട്ടീഷ്യൻ ഭാഷ മനുഷ്യഭാഷയുടെ കളിനിയമങ്ങളിലേക്ക് മൃഗ- സസ്യ വിനിമയങ്ങളെ ചുരുക്കുന്നില്ല. മൃഗ- സസ്യജാലങ്ങളുടെ വിനിമയ സിഗ്‌നൽ വ്യവസ്ഥയെ സൂക്ഷ്മമായി പിന്തുടരുന്നു.

ഈ മൃഗ- സസ്യഭവ ശാസ്ത്രരേഖകൾ ജീവചരിത്രങ്ങളാണ്. മൃഗ- സസ്യ- സൂക്ഷ്മ ജീവി ജാലങ്ങളുടെ ശൃംഖലാബന്ധത്തിലാണ് വിഷയിയുടെ സഹാവിർഭാവത്തെയും സഹാസ്തിത്വത്തെയും കാണുന്നത്. ഇത് പ്രതീതി സമുൽപ്പാദം ആണ്. അധിനിവേശ രാഷ്ട്രീയം ജീവജാലങ്ങളുടെ ഭവത്തെ അഭാവമാക്കുന്നു. ഈ അഭാവത്തിൽ ഭവത്തെ വെളിവാക്കുകയാണ് ഈ കവിതകൾ.
പ്രകൃതി- സംസ്‌കൃതി ദ്വന്ദ്വത്തെ അട്ടിമറിയ്ക്കുന്ന ക്വിയർ പ്രകടനപരതയിലൂടെയാണ്, പോസ്റ്റ് ഹ്യുമൻ പ്രകടന പരതയിലൂടെയാണ് ലോകന (Worlding) വും വിഷയിയു ടെ ആവിർഭാവവും നടക്കുന്നതെന്ന് കാരെൻ ബാരദ് അഭിപ്രായപ്പെടുന്നു. കാർട്ടീഷ്യൻ ദൃഷ്ടി ദ്വന്ദ്വക്കാഴ്ചയാണ്. പോസ്റ്റ് കാർട്ടിഷ്യൻ കാഴ്ച ദ്വന്ദ്വാനന്തര ദർശനം ആണ്.

നമ്മുടെ രാഷ്ടീയ സാംസ്‌കാരിക വ്യവഹാരങ്ങളിൽ പാതാളത്തിലേക്ക് ചവുട്ടി താഴ്​ത്തിയ ജീവവാസനകളെ, നമ്മിലെ മൃഗ ജീവിതത്തെ ഈ കവിതകൾ വീണ്ടെടുക്കുന്നു. സംവേദനത്തിന്റെ സാംസ്‌ക്കാരിക തലത്തെ ഈ കവിതകൾ കണ്ടെത്തുന്നു.

വനത്തിൽ എന്ന കവിതയിലെ വനം സഹാസ്തിത്വത്തിന്റെ ആവാസ വ്യവസ്ഥയാണ്. പക്ഷിയാൻ എന്ന കവിതയിൽ ജീവപരിണാമത്തെ ജീവിയുടെ ഇച്ഛയുമായല്ല, പുറമേ നിന്നുള്ള തള്ളലായിട്ടാണ് കാണുന്നത്. ഇല്ലില്ല ഹേ, രാമ എന്ന കവിതയിൽ അതീതത്തെയും അന്തഃസ്ഥിതത്തെയും ഇഹപരങ്ങളെയും വേറിട്ടു കാണുന്നില്ല. അന്തഃസ്ഥിതാന്തരത (Trans immanence) യുടെ ഇടനില സ്ഥാനം (Liminal space) ആണിത്. അതീതത്തിനും അന്തഃസ്ഥിതത്തിനുമിടയിലെ ഉഭയമേഖല.
കിളികൾ ഇരുലോകങ്ങളിൽ ചരിക്കുന്നതായി ചെമ്പോത്തിന്റെ പറത്തം, പക്ഷിയുടെ നിഴൽ തുടങ്ങിയ കവിതകളിൽ പറയുന്നു. കിളിയ്ക്ക് പറക്കാനും മരത്തിലേക്കു മടങ്ങാനും പ്രേരണയെന്താണ്? പ്രകൃതി ദത്ത വാസനകളോ, ആർജിത ശീലങ്ങളോ? ‘അറിയാമിതു മാത്രം. വൃക്ഷം തിരിയുന്ന നഭസ്സിനക്ഷം.'
ബഹു അക്ഷം (multiple axis) ഉള്ളതാണ് പക്ഷിയുടെ കരണം. ‘പോകുന്ന പക്ഷി/ നിന്റെയുദ്വേഗ സന്ദേഹ വിരഹ ദുഃഖങ്ങളും/ നിന്റെയുറപ്പും ചിരിപ്പും സ്വീയാന്തരീയ ചലനങ്ങൾ സൃഷ്ടിക്കും /ഛായാപ്രപഞ്ചങ്ങൾ മാത്രം.'

പോസ്റ്റ് കാർട്ടീഷ്യൻ ധ്യാനങ്ങൾ

ജീവജാലങ്ങളുടെ ആവിർഭാവങ്ങളും സംഭവങ്ങളും ധ്യാനാത്മകമായി സാക്ഷ്യം വഹിച്ച് ഇടപെടുകയാണ് ഈ കവിതകൾ. ഇവയിൽ മനുഷ്യമൃഗ ഭിന്നതയുണ്ട്. എന്നാൽ യുദ്ധമില്ല. വൈരുധ്യമില്ല.
‘വയലിലെ ലില്ലികളെ നോക്കുക, ആകാശത്തിലെ പറവകളെ നോക്കുക’ എന്ന് യേശു പറയുന്നു. ഭവത്തിന്റെ ആവിർഭാവത്തെ ധ്യാനാത്മകമായി സാക്ഷ്യം വഹിക്കാൻ യേശു ആവശ്യപ്പെടുകയാണ്. പ്രയോജനവാദമില്ലാതെ, പദ്ധതികളില്ലാതെ പ്രപഞ്ചത്തെ അഭിമുഖീകരിക്കുകയാണ്. കൊത്ത് എന്ന കവിത ജ്ഞാനോദയത്തെ തോടു കൊത്തിപ്പൊളിക്കലായി കാണുന്നു. ‘പകുതിയരഞ്ഞ ഒരു ജീവിയുടെ പീഡ കൊണ്ട് എന്റെ പ്രഭാതം ആവിഷ്ടമായിരിക്കുന്നു', ‘അതിപ്പോൾ അതിന്റെ വംശമല്ല. വ്യക്തിയല്ല. അതിന്റെ വേദന മാത്രമാണ്, എനിക്കു മനസ്സിലാകുന്നില്ല അനുഭവത്തിന്റെ ഭഗത്വം.'

ജീവനുള്ളവയുടെ കൂട്ടസ്വഭാവം സംവേദന (Sensation) മാണ്. ബോധം, അബോധം എന്നിവയും സംവേദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംവേദനം ഒരേസമയം ജൈവികവും സാമൂഹികവും ആണ്. ജൈവ സാമൂഹികതയാണിത്. ഞാഞ്ഞൂൽ പുരാണം എന്ന കവിതയിൽ ബ്രാഹ്മണരുടെ ബ്രഹ്മസങ്കൽപ്പത്തെ ചോദ്യം ചെയ്യുന്നു. അയിത്തം അവരെ അന്തർജനങ്ങളും കാർട്ടീഷ്യൻ വിഷയിയും ആക്കുന്നു. ശങ്കരാചാര്യരോട് പൊട്ടൻ തെയ്യത്തിലെ പൊട്ടന്റെ ചോദ്യങ്ങൾ പോലെയാണിവ.
ഒരു ബ്രാഹ്മണ പണ്ഡിതൻ തേരിന്മേൽ പോകുമ്പോൾ ചക്രം തട്ടി ഞാഞ്ഞൂൽ മുറിഞ്ഞു രണ്ടായി. അവ പണ്ഡിതരോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. (ഞാഞ്ഞൂലുകൾ ദ്വിലിംഗ ജീവികളാണ്).‘‘ഹേ, താത, വിപ്ര , സ്വാമിൻ, വികൽപ്പ പിതൃത്വ, രണ്ടു ഞാനായ ഞങ്ങളിൽ ആർക്കാണ് നിന്റെയപത്യത? ബ്രാഹ്മണ പൂർവീകം? ആരാണ് വേദാധികാരി? ചൊൽക, മോക്ഷപ്പെടാൻ നീ വെച്ചതായ് ഞങ്ങളിൽ ഏകം പാതിയാത്മാവോ? അല്ലെങ്കിൽ ( കാരുണ്യം മൂലം) ഈ രണ്ടാളിൽ രണ്ടാത്മാവുണ്ടോ തികച്ചും? ഹേ, വിജ്ഞ, ഞങ്ങളിൽ രണ്ടാത്മാവുണ്ടെങ്കിൽ (ഉണ്ടായതേത് ഞൊടിയിൽ? വണ്ടി തൻ ചക്രമീ സാധുവിൻ ദേഹത്തിൽ കൊണ്ടപ്പോൾ ഉടലിനോടൊപ്പം ആത്മാവും മുറിയുമെങ്കിൽ ഭിന്നമോ ആത്മാവും ദേഹവും അത്രമേൽ?'’
ഈ ചോദ്യങ്ങൾക്ക് ബ്രാഹ്മണന് ഉത്തരമുണ്ടായിരുന്നില്ല.
ലക്ഷ്യത്തിലേക്കും വീട്ടിലേക്കും അയാളെത്തിയില്ല.
പ്രബുദ്ധതയിൽ എത്തിയിരിക്കാം.

മീനായി ജനിച്ചു എന്ന കവിതയിൽ കാർട്ടീഷ്യൻ വിഷയിയുടെ പ്രതിസന്ധിയെ എഴുതുന്നു. അപരരും ലോകവും ഇല്ലാതെ എന്ത് സ്വാതന്ത്ര്യം? ഭിന്നതയാണ് തന്മയെ അർത്ഥവത്താക്കുന്നത്. അനേകാന്തതയാണ് ഏകാന്തതയെ അർത്ഥവത്താക്കുന്നത്. ‘എന്നെ ഞാനായ് നിർവചിക്കുവാൻ അന്യനയനങ്ങളില്ലാ കാരണം ഞാനിൻ പരിധിയറിയാതെ വാണു ഞാൻ’. എങ്കിലും മീനിന് ഇത് പാരതന്ത്ര്യമായി തോന്നിയില്ല. ‘കാരണം ഇച്ഛിക്കുവാൻ മേ അനുവാദമുള്ളതേ ഇച്ഛിക്ക വയ്ക്കൂ. എനിക്കെന്റെ സ്വാതന്ത്ര്യം അച്ഛേദ്യമാ പരിധിയ്ക്കകത്തു താൻ.' സ്വാതന്ത്ര്യത്തിന്റെ ജീവവാസനാപരമായ തലം ആവിഷ്‌ക്കരിക്കുകയാണ് ഈ കവിത.

ചിത്രശലഭങ്ങൾ ഇത്ര ധൃതിപ്പെട്ട് എന്ന കവിത കാലാനുഭവത്തിന്റെ പ്രതിഭാസപരവും ജീവവാസനാപരവുമായ തലമാണ് എഴുതുന്നത്. ജീവികൾക്ക് ചരിത്രകാലവും സ്റ്റാൻഡേർഡ് കാലവും ഇല്ല. ശരീരത്തിന്റെ ജൈവഘടികാരമാണ് ജീവികളുടെ കാലാനുഭവത്തെ നിർണയിക്കുന്നത്. നമ്മുടെ കാലമാനകം കൊണ്ട് ജീവജാലങ്ങളുടെ കാലാനുഭവത്തെ അളക്കാനാവില്ല.ഒന്നുകിൽ കാറ്റ് എന്ന കവിത സംഭവങ്ങളുടെ കാര്യകാരണ ബന്ധത്തെക്കുറിച്ചും യാദൃച്ഛികതയെക്കുറിച്ചും ആണ്. ചിലപ്പോൾ ഇല വീഴുന്നത് ശൃംഖലാപ്രവർത്തനത്തിലൂടെ കൂട്ടായിട്ടാവാം. പ്രകൃതി പ്രക്രിയകളിലും ജീവജാല ക്രിയകളിലും യാദൃച്ഛികത വഴി പലതരം നിർവാഹകരിലൂടെ സംഭവശൃംഖല അരങ്ങേറുന്നു. ഇവയെ അഹേതുക സംഭവങ്ങളായി കവി കരുതുന്നു.

ചെമ്പോത്തിനോട് എന്ന കവിതയിൽ, ‘ചെമ്പോത്തിനോട്, നിന്റെ ശബ്ദിക്കലിൽ ആകട്ടെ എന്റെ ദിവസത്തിനും കുത്തും കോമയും’ എന്നു പറയുന്നു. പക്ഷിയുടെ ജൈവീക കാലം കവിയുടെ ദിനചര്യകളെ ചിട്ടപ്പെടുത്തുന്നു.അണ്ണാനോട് എന്ന കവിതയിൽ ഓരോ ചിലപ്പിനും വാലു തുള്ളിക്കുന്ന അണ്ണാനോട് മനുഷ്യരുടെ ഭാഷയിൽ ഈ നൈസർഗ്ഗികത ഇല്ലാതായെന്ന് പറയുന്നു. മനസ്സ് വെയ്ക്കൂ എന്ന കവിത ജയശീലന്റെ പോസ്റ്റ് കാർട്ടീഷ്യൻ ധ്യാനമാണ്- ‘നായയിൽ മനസ് വെയ്ക്കൂ. നായയെ അലട്ടി നിൽക്കും ഈച്ചയിൽ മനസ്സ് വെയ്ക്കൂ. നായ കുടയുമ്പോൾ പൊങ്ങും ഈച്ചയുടെ അപകട ബോധമൊപ്പൂ. ഈച്ചയിൽ കടന്നതിന്റെ പേടി തപ്പൂ. സൂക്ഷ്മത്തിൽ സൂക്ഷ്മമായതിൽ സാക്ഷാത്ക്കാര രൂപം കാണൂ.
ഈ ധ്യാനം മൃഗം എന്ന അപരത്തോടുള്ള ശ്രദ്ധയാണ്. പ്രജ്ഞയും കരുണയും ഒരു മിക്കുന്ന വെളിപാടാണിത്.ശരിവെയ്ക്കുവാൻ വയ്യ എന്ന കവിത നായയുടെ കുടലിലെ ഇരയുടെ ബീഭൽസമായ ഇരിപ്പ് ഭാവനാദൃഷ്ടിയിൽ കാണുന്നു. ‘ബോധത്തിന്റെ ആത്യന്തിക രൂപം ആനന്ദമെന്ന്’ കവി കണ്ടെത്തുന്നു. ജ്ഞാനം ശരീരബദ്ധവും ആബദ്ധവുമാണ്. സ്ഥല കാല സന്ദർഭ ബദ്ധമാണ്. പാശ്ചാത്യ പ്രബുദ്ധതാ പദ്ധതി സാർവ ലൗകികവും അമൂർത്തവുമായ ജ്ഞാന വ്യവഹാരമാണ്. ഈ ഉപകരണാത്മക യുക്തിയിൽ അലിവില്ല. ഒരായിരം പൂവിനെ കൊത്തി മുറിച്ച് പൂവിൻ സത്യം പഠിക്കലാണ് (ഒ.എൻ.വി).

സംവേദനവും വേദനയും

ഭാവശക്തികളും സംവേദനവും ശരീരത്തിന്റെ സ്വകാര്യ വിനിമയ പ്രശ്‌നവും യുക്തിയും ചിന്തയും സാമൂഹ്യ വിനിമയ പ്രശ്‌നവുമായി കാണാറുണ്ട്. ഇതു തെറ്റാണ്. ജൈവിക സാമൂഹികതയിൽ വികാരങ്ങൾക്കും രാഷ്ട്രീയ സംഭവങ്ങളിൽ ഇടമുണ്ട്. രാഷ്ട്രീയം സാംക്രമിക രാഷ്ട്രീയമാകുന്നതും ലൈംഗികത സാംക്രമിക ലൈംഗികതയാവുന്നതും സൗന്ദര്യശാസ്ത്രം സാംക്രമിക സൗന്ദര്യശാസ്ത്രമാവുന്നതും ഇവയുടെ അതിരുകൾ മുറിച്ചു കടക്കുന്നതു കൊണ്ടാണ്. നമ്മുടെ രാഷ്ടീയ സാംസ്‌കാരിക വ്യവഹാരങ്ങളിൽ പാതാളത്തിലേക്ക് ചവുട്ടി താഴ്​ത്തിയ ജീവവാസനകളെ, നമ്മിലെ മൃഗ ജീവിതത്തെ ഈ കവിതകൾ വീണ്ടെടുക്കുന്നു. സംവേദനത്തിന്റെ സാംസ്‌ക്കാരിക തലത്തെ ഈ കവിതകൾ കണ്ടെത്തുന്നു.

ആത്മാവോ ശരീരമോ പ്രാഥമികം? മൗലികം? അടിസ്ഥാനപരം?
ഈ ചോദ്യം തെറ്റാണ്. കാരണം, ദ്വന്ദ്വാത്മക ചിന്തയിലേ ഈ ചോദ്യത്തിന് പ്രസക്തിയുള്ളൂ.

ചൂണ്ടയിൽ ഇര തുടിക്കുന്നു എന്ന കവിതയിൽ കവി പറയുന്നു; ‘എനിക്കു വേണം മീനിന്റെ മരണം. വേദന ഇരുതല മൂർച്ചയുള്ള കത്തിയാണ്. ഇതുപയോഗിച്ചും ഏശിയും വേണം നമുക്ക് ജീവിക്കുക. മരിപ്പിക്കാനും മരിക്കാനും പഠിക്കണം.’
ബുദ്ധൻ ദുഃഖകാരണമായി തൃഷ്ണയെ കണ്ടെത്തുന്നു. എന്നാൽ വേദനയുടെ ജൈവീകവും സാമൂഹികവുമായ തലങ്ങളാണ് ജയശീലൻ പ്രശ്‌നവൽക്കരിക്കുന്നത്. സംവേദനവും ശരീരവും ഒരേസമയം ആനന്ദത്തിലേക്കും വേദനയിലേക്കും വാതിൽ തുറക്കുന്നു.

സ്‌നേഹം പ്രകൃതിയുദ്ദേശിച്ചത് എന്ന കവിതയിൽ സ്‌നേഹം ജീവികൾക്ക് സീസണൽ ആണ്. സ്‌നേഹതീവ്രതയാൽ ആത്മരതിയും ജീവിതരതിയും കുറഞ്ഞാൽ മരണേച്ഛ കൂടാം. സ്‌നേഹം അങ്ങനെ നശീകരണാത്മകമാകാം. ഗ്വാട്ടിമാലയിൽ ഒരു കാല് എന്ന കവിത സാർവത്രിക സ്‌നേഹത്തിനുള്ള തീവ്രാഭിലാഷമാണ്. മനുഷ്യരെ സാർവലൗകികമായി ഒരുമിപ്പിക്കുന്ന സംവേദന തന്തുക്കൾ മുറിഞ്ഞുപോയതാണ് ദുഃഖകാരണമെന്ന് കവി പറയുന്നു. ഈ ഐക്യം സയാമീസ് ഇരട്ടകളുടെ ഐക്യം പോലെ പീഡനാകരമാകും. പിൻവാങ്ങാനിടമില്ലെങ്കിൽ സമ്പർക്കം ഭീകരമാണ്.

മനസ്സ്, കരണം എന്നിവയെ പറ്റി എന്ന കവിത ബോധവും ജീവവാസനാപരമായ ചേഷ്ട (Reflexes) കളും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. കണ്ണുകളെ ആവശ്യമാക്കിയത് കൈകാലുകളാണ്, സഞ്ചരിക്കാൻ കണ്ണു വേണം, കരണ ശക്തിയാണ് മനസ്സ്, തൊട്ടാവാടിയുടെ ബോധവും കരണവും ഒരുമിക്കുന്നു, അതിന്റെ സങ്കോചത്തിൽ ഞാനും അന്യനും എന്ന വേർതിരിവുണ്ട്.മരണ സമിതിയുടെ പഠന റിപ്പോർട്ട് എന്ന കവിതയിൽ മൃഗങ്ങളുടെ മരണാനുഭവങ്ങൾ ശേഖരിക്കുന്നു. മരണവേദനയുടെ കാരണം പേടിയാണ്. കാർട്ടീഷ്യൻ വിഷയി അനശ്വരത്തെ ആഗ്രഹിക്കുന്നു. ശൂന്യ വിഷയി ദുഃഖത്തെയും മരണത്തെയും നേരിടാൻ ശീലിക്കുന്നു.

‘വീണ്ടും ജന്മമുണ്ടാം തീർച്ച. അത് നീയായിരിക്കില്ല, ഒന്നുമാവർത്തിക്കുന്നില്ല. അനന്ത വൈചിത്ര്യസാധ്യ പ്രപഞ്ചമെന്തിനു നിന്നെ ആവർത്തിയ്ക്കും? ഒരേ ചിത്രശലഭത്തിൻ ചിറകുകൾ തികച്ചുമൊരുപോലല്ല ,വളരട്ടെ വിവിധത ഈശ്വരന്റെ പ്രപഞ്ചത്തിൽ. അതേ നന്ന്.'
ഈ വരികൾ മരണത്തെ ധനാത്മകമായി കാണുന്നു. വിവിധ തരം മരണ സംസ്‌ക്കാരങ്ങളുണ്ട്. മരണത്തെ പുനർജന്മം, അനശ്വരത എന്നീ വാഗ്ദാനങ്ങളില്ലാതെ നേരിടാൻ ശൂന്യവിഷയി ശീലിയ്ക്കുന്നു.

ആത്മീയതയുടെ ആരോഹണാവരോഹണങ്ങൾക്കിടയിൽ

ആത്മാവോ ശരീരമോ പ്രാഥമികം? മൗലികം? അടിസ്ഥാനപരം?
ഈ ചോദ്യം തെറ്റാണ്. കാരണം, ദ്വന്ദ്വാത്മക ചിന്തയിലേ ഈ ചോദ്യത്തിന് പ്രസക്തിയുള്ളൂ. ആത്മാവ് സത്തയല്ല, ശരീരത്തിന്റെ പ്രവർത്തന രീതിയാണ്. അതിതരണം (Transcendence) ചെയ്യാനുള്ള ശരീരത്തിന്റെ കാണാചിറകാണ് ആത്മീയത. ശരീരബദ്ധമാണ് ആത്മീയത. അതിതരണത്തിന് തിരശ്ചീനവും ലംബമാനവുമായ തലങ്ങളുണ്ട്. തീരശ്ചീന തലം സാമൂഹ്യ ബന്ധങ്ങളാണ്. ദൈവവും അനന്തതയുമായുള്ള യോഗാത്മക ബന്ധമാണ് ലംബമാന തലം. ആരോഹണം ലംബമാനമാണ്. തിരശ്ചീനമായ ബന്ധങ്ങളെ വേറിട്ടു നോക്കാനുള്ള ഇടം തേടുന്നുണ്ടെങ്കിലും ഇഹപരങ്ങൾക്കിടയിൽ ഇടനില സ്ഥാനത്താണ് എത്തിച്ചേരുന്നത്.

കവിയ്ക്ക് ബ്രഹ്മചര്യോപദേശം, കഷായം, രാധ, ഗൃഹിണിയുടെ പാട്ട്, പ്രേമക്കളരിയിൽ, ആരോഹണം, ഞണ്ടിന്റെ ദൈവ സങ്കൽപം, കുഞ്ഞിനെ നോക്കാൻ, ഇല്ലയില്ല ഹേ രാമ, സ്ഥാവരം ക്രിസ്തീയ സ്വർഗ്ഗത്തിൽ ജോർജേ, അപ്പം നേർച്ച, സൃഷ്ടി എന്നിവയിൽ ആത്മീയതയുടെ ഉഭയദിശാസഞ്ചാരമുണ്ട്. ▮

റഫറൻസ്​: 1. Karen barad Nature's queer performativity- qui parle 2001 2. Karen barad posthuman performativity-signs 2003 3. കെ.എ.ജയശീലൻ, ജയശീലന്റെ കവിതകൾ, കറൻറ്​ ബുക്‌സ്, തൃശൂർ, 2008 മാർച്ച്


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. രാജൻ

അധ്യാപകനും പത്രപ്രവർത്തകനുമായിരുന്നു. കൂട്ടുവഴി, വി.പി.ശിവകുമാർ, പ്രേതം, വില്ലൻ, സർപ്പസുന്ദരി - മലയാള സിനിമയിലെ തിന്മയുടെ ചരിത്രപരിണാമം തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments