നമുക്കുവേണ്ടിയാണല്ലോ സാഹിത്യം ജനിക്കുന്നത്, കവിതകൾ പറന്നുവരുന്നത്, കവികളുണ്ടാവുന്നത്. അതുകൊണ്ടുതന്നെ, കുഴൂർ വിത്സന്റെ കവിതകൾ ഞാൻ വായിക്കുന്നു.
അദ്ദേഹത്തിന്റെ ഇരുപത്തഞ്ചു കവിതകൾ വായിച്ചു.
മരങ്ങളാണ് എന്നെ വായിപ്പിച്ചത്. ആ മരങ്ങളിൽ പക്ഷികളും മൃഗങ്ങളും മാത്രമല്ല, മനുഷ്യനും ദൈവങ്ങളും ഉണ്ടായിരുന്നു. ഇരുപത്തഞ്ചുമരങ്ങളിലെ, മനുഷ്യരിലെ
ഒരാൾ ഇത്തിക്കണ്ണിയായിരുന്നു. അവന് സ്‌നേഹിക്കാനും പ്രണയിക്കാനും
മാത്രമേ അറിയുകയുള്ളൂ. അവന് ഇഷ്ടപ്പെട്ട മരങ്ങളിലേ കയറൂ, അതിലേ ജീവിക്കൂ. അവസാനം ഇഷ്ടപ്പെട്ടവനും കൂട്ടുകാരിയും ഒരുമിച്ച് മണ്ണിലേക്ക് അലിയും.
ഇത്തിക്കണ്ണി കൊലയാളിയല്ല, സ്‌നേഹം കൊടുക്കുന്നവനാണ്, ഭൂമിയിലേക്ക് പുതിയ ശരീരത്തെ നൽകുന്നവനാണ്.
ഇത്തിക്കണ്ണിയും മരവും
അൽപ്പന്മാരും ഭാവനാശൂന്യരും ക്രൂരന്മാരുമായിരുന്നു ഭാഷയിൽ എന്റെ പൂർവ്വികർ
കാടുകയറുന്നു കാട്ടുമൂല കാട്ടുനീതി വെട്ടിവെളുപ്പിച്ചുതന്നെ അവരെഴുതി
അതൊക്കെ പോകട്ടെ ഇത്തിക്കണ്ണിയെ ഇത്തിക്കണ്ണിയെന്ന് വിളിച്ചതിലാണ് ഏറെ സങ്കടം
ഇത്തിക്കണ്ണി
മാംസത്തിന്റെ മാംസം, മജ്ജയുടെ മജ്ജ, ആത്മാവിന്റെ ആത്മാവ് കെട്ടിപ്പിടിക്കുന്നു ഉടലിനെ പൊതിയുന്നു വരിഞ്ഞുമുറുക്കുന്നു ഉമ്മ കൊടുക്കുന്നു മുല കുടിക്കുന്നു മടിയിൽ കിടക്കുന്നു മാറത്ത് കുഞ്ഞുകാലാൽ ചവിട്ടുന്നു ഇളംചോപ്പാർന്ന തൊണ്ണുകാട്ടി ചിരിക്കുന്നു ആഴത്തിലേക്ക് കയറുന്നു പറ്റിച്ചേരുന്നു ഇഴുകിയൊന്നാവുന്നു ഒരു ശരീരം ഒരാത്മാവ്
ഇത്തിക്കണ്ണിയില്ലാത്ത മരം, മരമില്ലാത്ത ഇത്തിക്കണ്ണി വിശാലമനസ്‌കരും ഭാവനാശാലികളും ദയാലുക്കളുമായിരിക്കും ഭാഷയിൽ എന്റെ പിൻഗാമികൾ
പരത്തി പരത്തി നുണ പറയുന്നതിനെ അവർ നാടുകയറുന്നു എന്നുപറയും ആർത്തിയും പകയും നിറഞ്ഞവർ ഓടിച്ചെന്ന് ക്യൂ നിൽക്കുന്നിടത്തെ നാട്ടുമൂലയെന്ന് വിളിക്കും
മനുഷ്യരേയും മൃഗങ്ങളേയും ഒന്നാക്കുന്നതിനെ നാട്ടുനീതിയെന്ന് ഉപമിക്കും
വെളുപ്പിക്കുകയെന്നാൽ ഇല്ലാതാക്കലാണ് എന്നെഴുതും ഉറപ്പായും ഇത്തിക്കണ്ണിയെ ഇത്തിക്കണ്ണിയെന്ന് വിളിക്കും.
മരങ്ങളില്ലാത്ത കാട്ടിൽ കവി കുയിലാവുന്നു, തേക്കെണ്ണയുടെ വീര്യം മനഃപാഠമാക്കിയ നഗരമനുഷ്യനിലൂടെ പെൺസിംഹം അവളുടെ പാദങ്ങൾ വൃത്തിയാക്കി, വിത്തുപാകി നടക്കുന്ന കാടോരങ്ങളിൽ പുതിയ മരത്തൈകൾക്ക് അനങ്ങാനുള്ള മണ്ണ് പതിച്ചുകൊടുക്കുന്നതുപോലെ ഒരമ്മയുടെ മാറിടം മലകളാവുകയാണ്. അവിടെയാണ് ഇലകൾ പറയുന്ന കഥ തുടങ്ങുന്നത്, പുഴു പഠിച്ച എഴുത്തും, പക്ഷി കൊത്തിയ അക്ഷരങ്ങളും, കാറ്റുകളണിഞ്ഞ കാഴ്ചയും വെയിൽ കോർത്ത മണവുമെല്ലാം പുതുമഴ നനച്ച മണ്ണിലൂടെ മണമുള്ള കാടായി നടക്കുമ്പോൾ, മനുഷ്യന് കാട് എന്നത് പലവിധത്തിലാണ്.
സത്യം..
കാട്ടുമരങ്ങൾ പുകവലിക്കാറുണ്ട്, മദ്യം കുടിക്കാറുണ്ട്, എല്ലാരുമെറിഞ്ഞ കുപ്പിച്ചില്ലുകളിൽ മുറിഞ്ഞ് ചാവാറുണ്ട്. കവിക്ക് വനയാത്രയിൽ കാണുന്ന ജീവനുള്ള ചിത്രങ്ങൾ ചെമ്പകമരത്തിലൂടെയും കണിക്കൊന്നയിലൂടെയും കാണാൻ സാധിക്കുന്നുണ്ട്.
മൃഗങ്ങൾക്കത് വീടായും രക്ഷയായും ജീവിതമായും മാറുന്നുണ്ട്, കവി അവിടെ അവരറിയാതെ അവരോടൊപ്പം കഴിയുകയാണ്. ഇരുപത്തഞ്ച് മരങ്ങൾ തീരുമ്പോൾ കവി വീണ്ടും ഇരുപത്തഞ്ച് മരങ്ങളുടെ വിത്തുകൾ ശേഖരിക്കാൻ എവിടെ പോവണമെന്ന് മരത്തിന്റെ ചുവട്ടിലിരുന്ന് ആലോചിക്കുകയാണ്.
കാടിനെ കീറുന്നവർക്കും കീറിയവർക്കും അടയാളം നൽകുന്ന ഒരു കുട്ടി, വിത്ത് നൽകി കൃഷിക്കാരനിലേക്ക് വരമ്പ് നിർമിച്ചുനൽകുന്നുണ്ട്.
അതൊരു കാട്ടുകൃഷിയായിരുന്നു.
പക്ഷികളേയും മരങ്ങളേയും പുഴകളേയും മത്സ്യങ്ങളേയും വിളിക്കുന്ന കൃഷി.
ഇരുപത്തഞ്ചു മരങ്ങളുടെ കൃഷി.
പ്രിയകവി കുഴൂർ മാഷിന് സ്‌നേഹം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.