മേതിൽ രാധാകൃഷ്ണൻ / Photo: Kamalram Sajeev

ഞാൻ ഒരു പാറയുടെ വിള്ളലിൽ മുഖമമർത്തുന്നു

മേതിൽക്കവിതയുടെ സ്പർശമാപിനികൾ

കോവിഡ്/കോവിഡനന്തര കാലത്തെ മേതിൽ ആധുനിക- ഉത്തരാധുനിക മേതിലിനേക്കാൾ അടുപ്പമുള്ള കവിയായിത്തീർന്നിരിക്കുന്നു. മേതിലിന്റെ തത്തകളെ ഇപ്പോൾ നമുക്ക് കൂടുതൽ അറിയാനാവുന്നു.

ലമാരയിൽ കൂട്ടം തെറ്റിക്കിടന്ന, മങ്ങിയ ഇരുട്ടിലെ താക്കോൽച്ചിത്രം മുഖപടമായ പുസ്തകം കയ്യിലെടുക്കുമ്പോൾ അതിന്റെ വശങ്ങളിൽ ചിതലുകൾ ഉമ്മവെച്ചുതുടങ്ങിയിരുന്നു.
താളുകൾ മറിക്കുമ്പോൾ പുഴുവും പാറ്റയും പുൽച്ചാടികളും ഞാഞ്ഞൂളുകളും പഴുതാരയും ഒരു യുഗ്മഗാനത്തിലെന്നവണ്ണം നിരന്നുനിൽക്കുന്നു.
കവിതയിലെ കുറുനരിവാക്കുകളും ചിതലും തമ്മിലുള്ള സമാഗമത്തിന്റെ രഹസ്യമറിയാൻ എനിക്ക് കൗതുകമായി.
ചിതലുകൾക്ക് അന്നമാവാൻ എന്ന് ഒരു കവി പണ്ടെങ്ങോ ആലങ്കാരികമായി പറഞ്ഞത് ശാസ്ത്രീയമായി തെളിയിക്കുകയായിരുന്നോ പ്രാണികൾ ചുംബിച്ച ഈ പുസ്തകം? പ്രാണികളുടെ കൂടി സമാഹാരം ഇതെന്ന് ചിതൽ ഒന്നുകൂടി ഊന്നിപ്പറയുകയായിരുന്നോ?"മേതിൽ കവിതകൾ' എന്നാണ് ഈ പുസ്തകത്തിന്റെ തലക്കെട്ട്. ചിതലുകളുടെ കരുണയിൽ ഞാൻ ആ കവിത വായിക്കുന്നു. (അരണയുടെ മറവിയിൽ നാം ജീവിക്കുന്നു എന്ന് മേതിൽ).

മേതിലെഴുതിയ കാലത്ത് ആ കവിതകൾ അക്കാലത്തെ സമകാലികതയ്ക്ക് എതിരുനിന്നു. മേതിലിന്റെ അസമകാലികത ഇന്ന് കാലികമായി എന്നും പറയാം.

ഒരു കൊതുകിന്റെ സാമീപ്യം അറിയുമ്പോൾ തന്നെ അതിനെ കൊല്ലാനോങ്ങുന്ന കൈ നാം തയ്യാറാക്കിനിർത്തുന്നു. കൊതുകിനോടുള്ള കുടിപ്പക മനുഷ്യന്റെ വംശപരമ്പരയിൽ എവിടെനിന്നാണ് തുടങ്ങുന്നത് എന്ന് സമീപകാലത്ത് ബ്രസീലിയൻ ആർട്ടിസ്റ്റായ വിവാൻ കാകുരി തന്റെ "മോസ്‌കിറ്റോ ഷ്രൈൻ' എന്ന കലാവിന്യാസത്തിലൂടെ ആരായുന്നുണ്ട്. കൊതുകിനെ കൊല്ലാനുള്ള വാസനയ്ക്ക് ഒരു കൊളോണിയൽ ഹിസ്റ്ററി ഉണ്ടെന്നും പാശ്ചാത്യർക്കുള്ള കൊതുകുപേടിയോളം ആഗോള തെക്കൻ രാജ്യങ്ങളിലെ ജനങ്ങൾക്ക് കൊതുകിനോടില്ല എന്നും കാകുരി പറയുന്നു. കൊതുക് കോളനിവത്കരണത്തിൽ ഇടപെട്ടതെങ്ങനെ എന്നതിന്റെ ദൃശ്യകലാവ്യാഖ്യാനമാണ് വിവാൻ കാകുരിയുടേത്. ഒരു ജീവിയും എളുതല്ല എന്ന്, എളുതായ ഒരു അണു ലോകത്തെ അട്ടിമറിച്ചിരിക്കുന്ന ഇക്കാലത്തിരുന്നു നാം അറിയുന്നു.

വിവാൻ കാകുരിയുടെ 'മോസ്‌കിറ്റോ ഷ്രൈൻ' എന്ന കലാവിന്യാസം കൊച്ചി മുസരിസ് ബിനാലെയിൽ (2018)
വിവാൻ കാകുരിയുടെ 'മോസ്‌കിറ്റോ ഷ്രൈൻ' എന്ന കലാവിന്യാസം കൊച്ചി മുസരിസ് ബിനാലെയിൽ (2018)

ആധുനികതയുടെ കാലത്ത് മേതിൽ കൂട്ടത്തിൽ കൂടാത്ത തത്തയായിരുന്നു (മകനെ തത്തയാക്കിയ മാന്ത്രികന് തിരികെ അവനെ മനുഷ്യനാക്കാൻ കഴിയാതെപോയതിനെപറ്റി കൽപറ്റ നാരായണൻ എഴുതി. തത്തകൾ അവനെ കൂട്ടത്തിൽ കൂട്ടാത്തതിനെപ്പറ്റിയും). ആധുനികാനന്തര പുതുകവിതയിൽ മേതിലിനെ കണ്ടതുമില്ല. അഥവാ രേഖീയമായ സാഹിതീയചരിത്രത്തിന്റെ ഏടുകളിൽനിന്ന് ഈ കവിത എന്നോ കൂട്ടംതെറ്റിയിരുന്നു. പുസ്തകപ്രേമികളുടെ അലമാരയിൽ കവിതകളുടെ കൂട്ടത്തിൽത്തന്നെയായിരുന്നോ മേതിൽ എന്നും സംശയത്തോടെ സ്വയം ചോദിക്കാം. കോവിഡ്/കോവിഡനന്തര കാലത്തെ മേതിൽ ആധുനിക- ഉത്തരാധുനിക മേതിലിനേക്കാൾ അടുപ്പമുള്ള കവിയായിത്തീർന്നിരിക്കുന്നു. മേതിലിന്റെ തത്തകളെ ഇപ്പോൾ നമുക്ക് കൂടുതൽ അറിയാനാവുന്നു. മാനോ, മയിലോ, മനുഷ്യനോ ആയി മാറാനിടയുള്ള പരിണാമത്തിന്റെ ദശാസന്ധികളെ ആ തത്തകൾ പൂരിപ്പിക്കുന്നു. കവിത കേവല വാഗ്വിലാസങ്ങളിൽനിന്ന് ലോകാനുഭവമായി മാറുന്നു.

പാരിസ്ഥിതികം എന്ന വാക്ക് സുപരിചിതമായിരുന്ന മലയാള ആധുനികകവിതയുടെ സൗന്ദര്യശാസ്ത്രത്തിനകത്ത് "ഭൗമികം' എന്ന വാക്ക് എഴുതിച്ചേർത്ത കവിയാണ് മേതിൽ രാധാകൃഷ്ണൻ.

രാഷ്ട്രീയമായി അധഃപതിച്ച ഒരു സാമൂഹികസന്ദർഭത്തെ സൂചിപ്പിക്കുന്ന വിശേഷണമാണ് "കെട്ട കാലം' എന്ന പ്രയോഗം. കവിതയിൽ (നമ്മുടെ മറ്റ് സാംസ്‌കാരികരംഗങ്ങളിലും) കെട്ടകാലത്തെക്കുറിച്ചുള്ള വേപഥുവായി കല മാറുകയും ചെയ്യുന്നത് ഒരു പൊതുഭാവനയാണ്. മേതിൽ കവിതകൾ എഴുതുന്ന സന്ദർഭത്തിൽ കാലം ഇത്ര "കെട്ടിരുന്നില്ല'. എന്നാൽ അദ്ദേഹം മനുഷ്യൻ കേടുപാടുകൾ വരുത്തിയ ഒരു ലോകത്തെക്കുറിച്ചുതന്നെ എഴുതി. അതിൽ വേപഥുവില്ലായിരുന്നു. പകരം അവസ്ഥകളുടെ സ്ഥിതിവിവരക്കണക്കുപോലെ ഒരു ശാസ്ത്രകാരന്റെ ഗദ്യത്തിൽ മേതിലെഴുതി. മേതിലിന്റെ "കെടൽ' ഭാഷയ്ക്ക് വളമാവുകയായിരുന്നു. ആന്ത്രോപൊസീൻ ആശയസംഘാതം ജീവശാസ്ത്രപരവും സാങ്കേതികശാസ്ത്രപരവും ആവാസശാസ്ത്രപരവുമായ സംവർഗങ്ങളെ ഒരു കുടക്കീഴിൽ കാണാൻ പ്രേരിപ്പിക്കുന്നു. കല, കവിത ഈ സംവർഗങ്ങളോട് പ്രതികരിച്ചുതുടങ്ങുന്ന കാഴ്ച സമകാലികകലയിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നു. "ഇക്കോ ക്രിട്ടിസിസം' എന്ന് തിമോത്തി ക്ലാർക്കിനെപ്പോലുള്ള ചിന്തകർ സൂചിപ്പിക്കുന്നതുപോലെ ഭൗതികപരിസ്ഥിതിയും സാഹിത്യവും തമ്മിലുള്ള ബന്ധത്തിന്റെ തലത്തിൽ നോക്കിക്കാണാൻ കഴിയും. കവിതയിലെ പാരിസ്ഥിതികാവബോധത്തെക്കുറിച്ച് പഠിച്ച ടി.എച്ച്. ഹക്സിലിയെപ്പോലുള്ള വിമർശകർ പാരിസ്ഥിതിക കവിതയിലെ കവിയുടെ വീക്ഷണത്തെയാണ് പരമപ്രധാനമായി കാണുന്നത്. മനുഷ്യസമ്പർക്കത്താൽ ഭൂവിഭവസ്രോതസ്സുകളിൽ ഉണ്ടാവുന്ന മാറ്റങ്ങളിലും മനുഷ്യേതരലോകത്തെക്കുറിച്ചുള്ള ആലോചനകളും സാംസ്‌കാരിക മേഖലകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ഇക്കാലത്ത്, നരവംശയുഗത്തിന്റെ (ആന്ത്രോപൊസീൻ) ആന്തലുകൾ മൂന്ന് പതിറ്റാണ്ടുമുൻപേ കവിതയിൽ കൊത്തിവെച്ചിരിക്കുന്നു മേതിൽ. മേതിലെഴുതിയ കാലത്ത് ഇക്കവിതകൾ അക്കാലത്തെ സമകാലികതയ്ക്ക് എതിരുനിന്നു. മേതിലിന്റെ അസമകാലികത ഇന്ന് കാലികമായി എന്നും പറയാം.

പാരിസ്ഥിതികം എന്ന വാക്ക് സുപരിചിതമായിരുന്ന മലയാള ആധുനികകവിതയുടെ സൗന്ദര്യശാസ്ത്രത്തിനകത്ത് "ഭൗമികം' എന്ന വാക്ക് എഴുതിച്ചേർത്ത കവിയാണ് മേതിൽ രാധാകൃഷ്ണൻ. മലയാളകവിത അതിന്റെ പുഷ്‌കല കാലഘട്ടങ്ങളിലെല്ലാം പ്രകൃതിയെ പ്രധാന കൃതിഘടകമാക്കിയിരുന്നെങ്കിലും ‘മനുഷ്യൻ- പ്രകൃതി' എന്ന സമന്വയത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും പ്രകരണത്തിലായിരുന്നു തനിക്കുചുറ്റുമുള്ള ലോകത്തെ കണ്ടത്. മേതിൽ എഴുതുമ്പോൾ കവിതയിലെ പ്രകൃതി മനുഷ്യസൃഷ്ടിയായ സൗന്ദര്യത്തിലോ പരിദേവനത്തിലോ തൊട്ടില്ല. പകരം അത് കുറേക്കൂടി വിഷയീബാഹ്യമായ ഒരുതരം ഭൗതികതയിൽനിന്ന് ലോകത്തെ കാണാൻ ശ്രമിച്ചു. സമൂഹം എന്ന വ്യക്തികേന്ദ്രിതമായ ആധുനികമനുഷ്യസങ്കല്പം ഈ കവിതകളിലില്ല. ഇതിലെ വ്യക്തി ഒരു ജന്തുജീവിയുടെ പ്രതിനിധി മാത്രമാണ്. അയാൾ സംവദിക്കാൻ ശ്രമിക്കുന്നത് തന്റെ തന്നെ വംശപരമ്പരകളോടും ജീവിലോകത്തോടുമാണ്. പരിസ്ഥിതിയെക്കുറിച്ചുള്ള കവിതകൾ പലതും പ്രത്യയശാസ്ത്രഭാരമുള്ള മുദ്രാവാക്യങ്ങളായോ, മരം വച്ചുപിടിപ്പിക്കുന്നതിനു തൊട്ടു മുൻപ് ചൊല്ലേണ്ടുന്ന സ്തോത്രമായോ, പരിദേവനഗീതകങ്ങളോ ആയിരിക്കെ ഒരു പുഴുവിന്റെ അവകാശത്തിനായി രാഷ്ട്രീയക്കൊടി പാറിച്ചു മേതിൽ. ഉറുമ്പുകളുടെ ജാഥയിൽ നിന്നുരുത്തിരിയുന്ന ഫിറോമോണുകളാണ് മേതിലിന്റെ മുദ്രാവാക്യങ്ങൾ. ദേശാടന പക്ഷികൾ അതിർത്തി ഭേദിക്കുന്ന ചിറകൊച്ചയിൽ പതിച്ചു വെച്ചിരിക്കുകയാണ് ഈ കവിയുടെ ചെവിക്കല്ല്. ‘എന്റെ രാഷ്ട്രീയം ഒരു വിത്തിൽനിന്ന് നേരിട്ട് കിളിർക്കുന്നു' എന്നു മേതിലെഴുതുമ്പോൾ ജൈവരാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകൾ മലയാളത്തിൽ സജീവമായിരുന്നില്ല. ഇന്നു നാം ചർച്ച ചെയ്യുന്ന പാരിസ്ഥിതികരാഷ്ട്രീയത്തിന്റെ ഹെഡ്ലൈനുകൾ മേതിൽക്കവിതയിൽ ആവോളം കണ്ടെടുക്കാം.

പഴുതാരയെ പോലുള്ള ജീവികൾ അതു വസിക്കുന്ന പ്രതലവുമായി എങ്ങനെ ഇണങ്ങുന്നു എന്നറിയാനുള്ള ആഗ്രഹത്തിൽ നിന്നാണ് അദ്ദേഹം "ബോഡി നടാക്സിസ്' എന്ന തിയറി ആവിഷ്‌ക്കരിക്കുന്നത്

ശരീരത്തിന്റെ ലൈംഗിക ഉടമാവകാശത്തിനുമേൽ പണിത ലോകക്രമത്തെ വിമർശവിധേയമാക്കുന്ന സങ്കല്പനങ്ങൾ മാനവികാനന്തര(post human)ഘട്ടത്തിൽ ഉരുത്തിരിഞ്ഞുവരുന്നതു കാണാം. അതിൽ പ്രധാനപ്പെട്ട ഒരാശയമാണ് ഡോണാ ഹാരാവെയുടെ ‘സൈബോർഗ് മാനിഫെസ്റ്റോ'. മനുഷ്യൻ എന്ന പ്രഥമപുരുഷ സങ്കല്പത്തെ ചിതറിച്ചുകളയുന്നതോടൊപ്പം സൈബോർഗിയൻ ജീവശാസ്ത്രം പലതരം ദ്വൈതവാദങ്ങളെയും പുനർനിർവ്വചിക്കുന്നുണ്ട്. മനസ്സ്/ശരീരം, മനുഷ്യൻ/മൃഗം, സംസ്‌കാരം/പ്രകൃതി, സ്വകാര്യം/പൊതു, ആൺ/പെൺ, ആധുനികം/പ്രാചീനം, യാഥാർത്ഥ്യം/പ്രതീതി തുടങ്ങി ഒട്ടനവധി വിപരീതങ്ങൾ വാസ്തവത്തിൽ രണ്ടറ്റങ്ങളിൽ നിൽക്കുന്ന ഒന്നല്ലെന്നും അവ പലപ്പോഴും കൂടിക്കലരുകയോ പരിണാമം സംഭവിക്കുകയോ ചെയ്യുന്ന സങ്കല്പനങ്ങളാണെന്ന് സൂചിപ്പിക്കുന്നു. സൈബോർഗിയൻ ആശയങ്ങൾ പ്രതിഫലിക്കുന്നതിന്റെ സൂചനകൾ ആധുനികാനന്തര കലയിൽ കാണാം. നോർവീജിയൻ ഫിലോസഫറായ ആർണെ നയസ്സിന്റെ ‘ഡീപ് ഇക്കോളജി' സിദ്ധാന്തം പ്രകൃതിയിലുള്ള മനുഷ്യാധികാരത്തെ പ്രശ്നവത്കരിക്കുകയും മനുഷ്യന്റെ നിയന്ത്രണത്തിൽനിന്നും വിടുതി നേടേണ്ട പ്രകൃതിയെക്കുറിച്ചും ആഴത്തിലുള്ള ചിന്തകൾ അവതരിപ്പിക്കുകയും ചെയ്തു. നീർച്ചാലുകളുടെയും മരക്കൂട്ടങ്ങളുടെയും കൊടുമുടികളുടെയും വന്യജീവികളുടെയും ആവാസവ്യവസ്ഥയെക്കുറിച്ചുള്ള സാംസ്‌കാരികധാരണകളെ അത് കൂടുതൽ ഉദ്ദീപിപ്പിച്ചു. കലയ്ക്ക്, കവിതയ്ക്ക് ഈ പുതിയ പരിസ്ഥിതിബോധത്തിൽനിന്ന് മാറിനില്ക്കുക സാധ്യമല്ല.

മനുഷ്യസമ്പർക്കത്താൽ ഭൂവിഭവസ്രോതസ്സുകളിൽ ഉണ്ടാവുന്ന മാറ്റങ്ങളിലും മനുഷ്യേതരലോകത്തെക്കുറിച്ചുള്ള ആലോചനകളും സാംസ്‌കാരികമേഖലകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ഇക്കാലത്ത്, നരവംശയുഗത്തിന്റെ (ആന്ത്രോപൊസീൻ) ആന്തലുകൾ മൂന്ന് പതിറ്റാണ്ടുമുൻപേ കവിതയിൽ കൊത്തിവെച്ചിരിക്കുന്നു മേതിൽ. / Photo: Kamalram Sajeev
മനുഷ്യസമ്പർക്കത്താൽ ഭൂവിഭവസ്രോതസ്സുകളിൽ ഉണ്ടാവുന്ന മാറ്റങ്ങളിലും മനുഷ്യേതരലോകത്തെക്കുറിച്ചുള്ള ആലോചനകളും സാംസ്‌കാരികമേഖലകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ഇക്കാലത്ത്, നരവംശയുഗത്തിന്റെ (ആന്ത്രോപൊസീൻ) ആന്തലുകൾ മൂന്ന് പതിറ്റാണ്ടുമുൻപേ കവിതയിൽ കൊത്തിവെച്ചിരിക്കുന്നു മേതിൽ. / Photo: Kamalram Sajeev

ഒടുക്കത്തെ ഏറ്റുപറച്ചിൽ എന്ന കവിതയിൽ മേതിൽ ഇങ്ങനെ എഴുതി:

""എനിക്കറിയാം ഭൂമിയുടെ ആചാരങ്ങൾ; എന്റെ മരണം ഒരു ഒടുക്കമല്ലെന്നും, എന്റെയൊരു കോശം ഒരു ഞാഞ്ഞൂളിന്റെ ഭാഗമായും എന്റെ മറ്റൊരു കോശം ഒരു വേരിന്റെ ഭാഗമായും ഇനിയും ചില കോശങ്ങൾ മറ്റുള്ളവയുടെ ഭാഗമായും മാറുമെന്നതും ഒരു മരണം പല ജനനങ്ങൾക്ക് സംഭാവന നൽകുമെന്നും ഓരോ ജനനവും പല മരണങ്ങളുടെ സംഭാവനയാണെന്നും ഇങ്ങനെ പുനർജ്ജന്മം തികച്ചുമൊരു ഭൗമിക യാഥാർത്ഥ്യമെന്നതും ആകയാൽ മരണത്തിനു ശേഷവും ഞാൻ തുടരുമെന്നതും എത്രയോ സ്പഷ്ടമായ ഭൗമികചര്യകൾ! എങ്കിലും ഓർമകളുടെ തുടർച്ചയില്ലാത്തൊരു തുടർച്ചകൊണ്ട് എനിക്കെന്തുണ്ട് പ്രയോജനം! എനിക്കിപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ടോ എന്നിലെ തവളയെ, മുതലയെ? എന്നിലെ കറുക വേരിനെ?''

പ്രപഞ്ചം ദൈവത്തിന്റെ ഫോസിലാണെന്ന് എഴുതിയ മേതിൽ പുനർജന്മത്തിന്റെ പാരമ്പര്യനിഷ്ഠകളെ പുണരുന്നില്ല. പൂന്താനം എഴുതിയതുപോലെ മനുഷ്യജീവിതത്തിന്റെ നിസ്സാരതകളെ മേതിൽ കവിതയിൽ അഭിമുഖീകരിക്കുന്നത് അഭൗമമായ ഒരു ശക്തിയിൽനിന്നുള്ള നോട്ടമായല്ല. ഭൗമികമായിത്തന്നെ ഈ നിസ്സാരതകളെ കാണാനുള്ള കണ്ണട മേതിൽക്കവിത മുന്നോട്ടുവെക്കുന്നു.

""മഴയത്ത് വളപ്പിലെയും വയലിലെയും മാളങ്ങൾ നിറയുമ്പോൾ മെത്തയിൽ ഞാൻ തിരിഞ്ഞുകിടക്കുന്നു'' (എന്റെ രാഷ്ട്രീയം)

എന്ന വരിയിൽ, ലോകത്തോട് പുറംതിരിഞ്ഞ് കിടക്കുന്ന മനുഷ്യന്റെ ഉടൽപ്പെരുമാറ്റം മാത്രമല്ല നാം വായിക്കുന്നത്, അയാളുടെ ഉടലിൽനിന്ന് ഒഴിഞ്ഞുപോകാത്ത വംശപരമ്പരയുടെ ഇഴച്ചിൽ കൂടി നാം വായിക്കുന്നു. കവിത ഇവിടെ പരിണമാത്തെക്കുറിച്ചുള്ള അവതരണഗദ്യമായി സംഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. ""ഒരു പാമ്പ് എന്നെ തിരഞ്ഞുനടക്കുന്നുണ്ട്'' (പാമ്പ്: ഒരേറ്റുമുട്ടൽ) എന്നെഴുതുമ്പോഴും ഈ വംശഗാഥ കവിതയിൽ ഊറിക്കിടക്കുന്നു. ജന്തുജീവിതത്തിന്റെ ഏകാകിതകൾ എന്നതിനെ വിളിക്കാം.

""കാണാത്ത ദൈവങ്ങളിൽ എനിക്കുവിശ്വാസമില്ല ദൈവങ്ങളെ കാണാനാവാത്തതിൽ എനിക്ക് ദുഃഖമില്ല എനിക്കുണ്ടല്ലോ ചിതൽപ്പുറ്റുകളും ഞാഞ്ഞൂൾക്കൂനകളും എനിക്കതുമതി, ചിപ്പികളും ഒച്ചിൻതോടുകളും- എന്റെ ധ്യാനം ഈ പഗോഡകളിലാണ്''
(ഒടുക്കത്തെ ഏറ്റുപറച്ചിൽ)

എന്നും,

മരണത്തിനുമുന്നിൽ ഞാനൊരു കവിയല്ല, ചിന്തകനല്ല മരണവും നാഗരികതകളും പടച്ച മനുഷ്യൻ പോലുമല്ല മറിച്ച്, വെറും ഒരു ജീവി മാത്രമാണ് ജീവനെയും ജീവിക്കലിനെയുംകുറിച്ച് ഏറ്റവും ആഴത്തിൽ തോന്നലുകളുള്ള വെറും ഒരു ജീവി, ജീവി പോലുമല്ല ഒരു വെറും വാസന, പ്രതികരണങ്ങൾക്കുപോലും അടിയിലുള്ള ആ വാസനയിൽ ഞാൻ മരണത്തിനെതിരാണ്.

മേതിൽ തന്റെ കവിതയ്ക്ക് അടയാളവാക്കുകളെഴുതി.
​പൂർവ്വാപരബന്ധമുള്ള ഒരു വാസന മാത്രമായി മനുഷ്യജീവിതത്തെ രേഖപ്പെടുത്തിവെക്കുന്നു ഈ കവിതകൾ. കലയ്ക്ക് വ്യക്തിതലം, സമൂഹതലം എന്നതിനൊപ്പം ഒരു ജന്തുതലം കൂടിയുണ്ടെന്നും ഈ ത്രിഘടനയിൽനിന്നാവും ഇനിയത്തെ സൗന്ദര്യശാസ്ത്രമെന്നും മേതിൽ അഭിപ്രായപ്പെടുന്നു. (പാഠഭേദം, ഏപ്രിൽ 199,16-30) ""അമീബ തൊട്ട് എന്റെ കംപ്യൂട്ടറുകൾ വരെയുള്ള പലതരം ഘടനകൾക്ക് പല തലങ്ങളിലും കർമ്മങ്ങളിലുമെങ്കിലും ഒരേ അർത്ഥത്തിൽ നിയാമകമായ ഇൻഫൊർമേഷൻ വ്യവസ്ഥകളിൽനിന്ന് പിടിച്ചെറുത്ത ഒരവബോധമാണെന്റേത്; എനിക്ക് സമൂഹബോധമുണ്ടാക്കിയത് ചിതലുറുമ്പുകളും തേനീച്ചകളും സംഘം ചേർന്ന് ആത്മഹത്യ ചെയ്യുന്ന ലമിങ്ങുകളും പിന്നെ ആർദ്രെയുടെ മൃഗയാ സിദ്ധാന്തത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്ന കുലപൂർവ്വികരുമാണ്'' എന്നും മേതിൽ അഭിപ്രായപ്പെട്ടു.

മേതിൽ / Photo: Wikimedia Commons
മേതിൽ / Photo: Wikimedia Commons

ജീവനുള്ളവ കടന്നു വരുംപോലെ അജൈവ ഘടകങ്ങളും മേതിൽക്കവിതയിൽ നിറഞ്ഞു നിൽക്കുന്നു. ഭൂമിയുടെ രഹസ്യമറിയാൻ പാറയുടെ വിള്ളലിൽ മുഖമമർത്തുന്ന മനുഷ്യനെ കാണാം, പാറയുടെ വിള്ളലിൽ എന്ന കവിതയിൽ. മേതിൽക്കവിതയുടെ ലോഗോ ആണത്. പ്രകൃതിയോട് പരാജയപ്പെട്ട ഒരു വംശത്തിനു തിരിച്ച് നടക്കാനുള്ള ഏക വഴി ഒരു പാറയുടെ വിള്ളൽ മാത്രമെന്ന് ഈ കവിത ഓർമിപ്പിക്കുന്നു. ഒരു പാറയുടെ വിള്ളലിലൂടെ കവി നരവംശയുഗത്തിന്റെ വ്യഥകൾ കാണുന്നു. ഒരു പാറയുടെ വിള്ളലിലൂടെ ജന്തുലോകത്തിന്റെ പരിണാമങ്ങളെ, മനുഷ്യൻ നേടിയെന്ന് ഗർവ്വിക്കുന്ന മിഥ്യാഭിമാനങ്ങളെ കാണുന്നു, ഒരു പാറയുടെ വിള്ളലിലൂടെ ഭൂമിയുടെ ഉള്ളത്തെ തൊടുന്നു.
മൃഗപ്പെരുമാറ്റശാസ്ത്ര (ഇത്തോളജി)ത്തിലുള്ള മേതിലിന്റെ അറിവുകൾ കവിതയ്ക്ക് അപൂർവ്വമായ വിഷയങ്ങളായി. പക്ഷികൾ പറക്കുന്നതും പ്രാണികൾ കുത്തനെയുള്ള പ്രതലങ്ങളിൽ ഇഴയുന്നതും ഭൂമിയുടെ ഗുരുത്വത്തെ എതിർത്തുകൊണ്ടാണ്. ഗുരുത്വ നിഷേധികളായ ജീവികളുടെ ചലനങ്ങളെ ചുറ്റിപ്പറ്റിയാണ് മേതിലിന്റെ ഇത്തോളജിക്കൽ നിരീക്ഷണങ്ങൾ ആരംഭിക്കുന്നത്. പഴുതാരയെ പോലുള്ള ജീവികൾ അതു വസിക്കുന്ന പ്രതലവുമായി എങ്ങനെ ഇണങ്ങുന്നു എന്നറിയാനുള്ള ആഗ്രഹത്തിൽ നിന്നാണ് അദ്ദേഹം "ബോഡി നടാക്സിസ്' എന്ന തിയറി ആവിഷ്‌ക്കരിക്കുന്നത്. എന്നാൽ പഴുതാര എല്ലാ നിയമങ്ങളെയും തെറ്റിച്ചു കൊണ്ട് തന്റെ മുറിയിലെ മൊസൈക്ക് തറയിൽ പ്രത്യക്ഷപ്പെട്ട അപൂർവ്വ സന്ദർഭത്തെപ്പറ്റി മേതിൽ ഓർക്കുന്നു. കണ്ണാടി പോലെ മിനുത്ത തറയിൽ, അത്രയും തുറസ്സായ പ്രതലത്തിൽ വെളിച്ചത്തിന്റെ മധ്യത്തിൽ, ഉടലിന്റെ വാക്കുകൾ എങ്ങും തൊടാതെയുള്ള അവസ്ഥയിൽ പഴുതാര കിടക്കുകയെന്നത് പെരുമാറ്റശാസ്ത്രത്തിന് അന്യമായ കാര്യമാണെന്ന് അദ്ദേഹം പറയുന്നു. ജന്തുശാസ്ത്ര നിയമങ്ങളിൽ നിന്ന് പുറത്ത് ചാടിയ ജീവികളെയെല്ലാം മേതിൽ തന്റെ കവിതയിൽ പാർപ്പിച്ചിരിക്കുന്നു.

മേതിലിന്റെ ജൈവബോധം രണ്ടറ്റങ്ങളിലും പ്രഭാവമുള്ള ഒരു കാന്തമാണ്. ഒരു ധ്രുവത്തിൽ ജീവിലോകത്തോടുള്ള മമത നിലനിൽക്കുമ്പോൾ മറ്റേയറ്റത്ത് മനുഷ്യബോധത്തിന്റെ സാങ്കേതികത്തികവിനെക്കുറിച്ചുള്ള പ്രത്യാശ ഒട്ടിച്ചുവെച്ചിരിക്കുന്നു. സാങ്കേതികവിദ്യയുടെ തിളങ്ങുന്ന ചവിട്ടുപടിയിൽ നിന്നുകൊണ്ടാണ് കുഴിയാനകളെയും, മഴപ്പാറ്റകളെയും, ആൾക്കുരങ്ങിനെയും ഓർക്കുന്നത്. ഇക്കവിതകളിലെ ചിതൽപ്പുറ്റുകൾ പൊട്ടിച്ച് നോക്കിയാൽ വാഗ്രൂപനായ വാത്മീകിയെ കാണാനാവില്ല. പകരം ലോഹവും മാംസവും കൂടിച്ചേർന്നുണ്ടായ ഒരു സൈബോർഗിന്റെ ധ്യാനിക്കുന്ന മുഖം കാണാം. അതിന്റെ ചുണ്ടനക്കങ്ങളിൽനിന്നു മാത്രമായിരിക്കും നമുക്ക് മേതിൽക്കവിതയുടെ രഹസ്യ വിത്തുകൾ ഇനിയും കണ്ടെത്താനാവുക. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സുധീഷ് കോട്ടേമ്പ്രം

ചിത്രകാരൻ, കവി. കലാവിമർശകൻ. ന്യൂഡൽഹി ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിൽ കലാചരിത്ര ഗവേഷകൻ. ​​​​​​​ശരീരസമേതം മറൈൻഡ്രൈവിൽ, ചിലന്തിനൃത്തം (കവിത), നഷ്​ടദേശങ്ങളുടെ കല, ക്വാറൻറയിൻ നോട്ട്​സ്​: തടങ്കൽദിനങ്ങളിലെ കലാചിന്തകൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments