1987-ൽ വടക്കൻ ബംഗാളിലെ ജെയ്പാൽഗുഡി ജില്ലയിൽ ബക്കാളി എന്ന ഗ്രാമത്തിൽ (നക്‌സൽബാരിയിൽ നിന്ന് 50 കി.മീ. അകലം) ജനിച്ച മൗമിതാ ആലം വലിയൊരു മുസ്ലിം ജനതയുടെ ഭാഗമാണ്. ഇവരുടെ കുടുംബാംഗങ്ങളിൽ പലരും ബംഗ്ലാദേശിലേയ്ക്കും അസമിലേയ്ക്കുമൊക്കെ പാർപ്പുമാറ്റിയിട്ടുണ്ട്. ബി.ജെ.പി.യുടെ വളർച്ചയോടെ അങ്ങേയറ്റം അരക്ഷിതമായ അവസ്ഥയിലുമാണവർ. അതുകൊണ്ട്പലരും ഇടതുപക്ഷത്തും തൃണമൂൽ പക്ഷത്തുമൊക്കെയായി ചിതറിക്കിടക്കുന്നു. അടിസ്ഥാനപരമായി ഇവർ ഒരു കാർഷികസമുദായമാണ്. മൗമിത തന്നെയും കവി, അധ്യാപിക എന്നതിലുപരി നെല്ലും ഉരുളക്കിഴങ്ങും കടുകും പാടത്തിറങ്ങി കൃഷിചെയ്യുന്ന കർഷക കൂടിയാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് ഇവർ എസ്.എഫ്.ഐ. പ്രവർത്തകയായിരുന്നു. ഹയർ സെക്കൻഡറിതലത്തിലെ ഇംഗ്ലീഷ് അധ്യാപികയെന്ന നിലയിൽ ഇപ്പോഴും ഇടതുപക്ഷസംഘടനയായ ഓൾ ബംഗാൾ ടീച്ചേഴ്സ് അസോസിയേഷന്റെ അംഗമാണ്.
ചെറുപ്പം തൊട്ടുതന്നെ ബംഗാളിയിൽ എഴുതിവന്ന (ഇപ്പോഴും എഴുതുന്ന) മൗമിത അതിനാൽ തന്നെ തന്റെ കൃതികൾ എവിടേയ്ക്കും അയക്കാറില്ല. പുസ്തകങ്ങളായും അവ പ്രസിദ്ധീകരിച്ചിട്ടില്ല.
വടക്കൻ ബംഗാളും തെക്കൻ ബംഗാളും തമ്മിൽ എന്നും ഒരു സമരസമില്ലായ്മ നിലനിന്നിരുന്നു. സാമ്പത്തികരംഗത്തെന്നപോലെ സാഹിത്യത്തിലും അത് പ്രകടമാണെന്നു മൗമിത പറയുന്നു. ഉദാഹരണത്തിന് ബംഗാളി സാഹിത്യം അടക്കിവാഴുന്നത് കൊൽക്കൊത്ത കേന്ദ്രമായ ഒരു ഭദ്രലോക വിഭാഗമാണ്. രാജബോങ്ഷി എന്ന വടക്കൻ ബംഗാളിന്റെ ഭാഷയെ ഇവർ നല്ല സാഹിത്യമായി അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ബംഗാളിയിൽ എഴുതുന്ന വടക്കൻ ബംഗാളികളുടെ സാഹിത്യത്തിനും വലിയ മൂല്യം കല്പിയ്ക്കാറില്ല.
ചെറുപ്പം തൊട്ടുതന്നെ ബംഗാളിയിൽ എഴുതിവന്ന (ഇപ്പോഴും എഴുതുന്ന) മൗമിത അതിനാൽ തന്നെ തന്റെ കൃതികൾ എവിടേയ്ക്കും അയക്കാറില്ല. പുസ്തകങ്ങളായും അവ പ്രസിദ്ധീകരിച്ചിട്ടില്ല. പകരം, അവരുടെ കൃതികളൊക്കെ ഇംഗ്ലീഷിലാണ് പുറത്തുവന്നിട്ടുള്ളത്. അതിലും പ്രധാനപ്പെട്ട കാര്യം, കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതോടെയാണ് അവർ കാര്യമായി ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങിയത് എന്നതാണ്. അതിനുശേഷം പ്രണയകവിതകൾക്കൊപ്പം പ്രതിരോധ കവിതകളും അവരുടെ സാഹിത്യത്തിന്റെ ഭാഗമായി. The Musings of the Dark എന്ന പുസ്തകം അങ്ങനെയാണ് 2020-ൽ പുറത്തുവരുന്നത്.
ഈ പുസ്തകം വായിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും, ഇവരുടെ കവിതകളുടെ ഊന്നൽ ഫാസിസ്റ്റുവിരുദ്ധ പ്രതിരോധകവിതകളിലാണെങ്കിലും അവരുടെ എതിർപ്പുകളോ സമാന്തരചിന്തകളോ ഫെമിനിസത്തിലേയ്ക്കും പുറംതള്ളപ്പെട്ട സമൂഹങ്ങളുടെ പ്രശ്‌നങ്ങളിലേയ്ക്കും കടന്നുചെല്ലുന്നുണ്ട് എന്നത്. ഇവർക്കിഷ്ടപ്പെട്ട എഴുത്തുകാരിൽ ടാഗോറോ, വിഭൂതിഭൂഷണോ, ശങ്കറോ, തസ്ലീമയോ ഇല്ലെന്നതും മണിക് ബന്ദോപാധ്യായയും, കമല ദാസും, അരുന്ധതി റോയിയും, ആഗ ഷാഹിദ് അലിയും, ദർവെഷുമൊക്കെ ഉണ്ടെന്നതും പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഈ തിരഞ്ഞെടുപ്പുകളിൽ കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്.
അവരുടെ പുസ്തകത്തിലെ അധ്യായങ്ങളിൽ തന്നെ ഈ വിഭജനമുണ്ട്. നാല് ഭാഗങ്ങളായാണ് പുസ്തകത്തെ വിഭജിച്ചിരിക്കുന്നത് - നഷ്ടസ്വർഗം, ഷഹീൻ ബാഗ് കവിതകൾ, ശ്വാസംമുട്ടുന്നു, പ്രണയം-കാമം-നഷ്ടമായവ എന്നീ വിഭജനങ്ങളാണിവ. നഷ്ടസ്വർഗം എന്നത് തികച്ചും കശ്മീർ ജനതയെക്കുറിച്ചുള്ളതാണ്. കേരളത്തിൽ ഇരുന്നെഴുതുന്ന കവികളിൽ അപൂർവം ചിലരൊഴികെ തൊടാൻപോലും മടിക്കുന്ന ഒരു പ്രമേയത്തെക്കുറിച്ചാണ് ഈ 37 കവിതകളും. അതേപോലെ, 15 കവിതകളിലായി പടർന്നുകിടക്കുന്നു പൗരത്വ നിയമത്തെ എതിർത്തുകൊണ്ടുള്ള ‘ഐതിഹാസിക സമരത്തിന്റെ പ്രതിഫലനങ്ങൾ.’ ‘ശ്വാസം മുട്ടുന്നു’ എന്ന വിഭാഗം ഇപ്പോഴത്തെ മഹാമാരിയെക്കുറിച്ചുള്ളതാണ്. പ്രണയത്തെയും കാമത്തെയും കുറിച്ചുള്ള ഫെമിനിസ്റ്റ് കവിതകൾ 18 എണ്ണമാണ്. അതായത്, ഒരു സ്ത്രീയുടെ സ്വത്വത്തെയും പൗര എന്ന സ്വത്വത്തെയും പോരാളി എന്ന സ്വത്വത്തെയും സമഞ്ജസിപ്പിക്കുന്നവയാണ് ഇവരുടെ കവിതകൾ. കാൽപനികതയുടെ അംശം തെല്ലുമില്ലാത്തവയും കൂടിയാണിവ.
പല ഓൺലൈൻ മാസികകളിലും ഇവരുടെ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പീപ്പിൾസ് റിവ്യൂ എന്ന ജേണലിലെ സമൂഹസംബന്ധിയായ ഒരു കോളം ഇവർ കൈകാര്യം ചെയ്യുന്നുണ്ട്. ഉത്തർബംഗാ എന്ന പത്രത്തിലും എഴുതാറുണ്ട്. സാരംഗ എന്ന മാസികയുടെ ഗസ്‌റ്റ് എഡിറ്ററും കൂടിയാണ് ഇവർ.
ഇവിടെ കൊടുത്തിരിക്കുന്ന കവിതകൾ ലൈംഗികതയെ സംബന്ധിക്കുന്നവയാണ്. ഒരു സ്ത്രീയുടെ ഏറ്റവും സ്വകാര്യമായ ഒരു കർമത്തെ പ്രശ്‌നവൽക്കരിക്കയാണിവിടെ.
സ്വയംഭോഗം
ഞാനും ഞാനും കൂട്ടിമുട്ടുന്ന ഓരോ സന്ദർഭത്തിനുശേഷവും ഞാൻ അശാന്തയാവുന്നു തുടങ്ങിയയിടം താണ്ടാത്തപോലെ. നിന്റെ അഭാവം തന്നെയും ഏറ്റവും വലിയ സാന്നിധ്യമായി എന്റെ തുടക്കത്തെയും ഒടുക്കത്തെയും നഷ്ടപ്പെടുത്തുന്നു.
നീയെന്നെ കൊന്നില്ല നീയെന്നെ വിട്ടുപോയില്ല പക്ഷെ, നീ എന്റെ അസ്തിത്വത്തെ നേർപ്പിച്ചു നീയെന്റെ പരമാനന്ദത്തെ കവർന്നെടുത്തു.
ഇപ്പോൾ, ഞാൻ വീണ്ടും നിന്നെ പുറകിലാക്കാൻ തുടങ്ങുന്നു. കണ്ണുകൾ അടഞ്ഞാൽ ഞാൻ എന്റെ തകർന്ന ശകലങ്ങളെ സ്വയം പ്രണയിക്കുന്നതിന്റെ മൃദുവായ തന്ത്രികൾ കൊണ്ട് കൂട്ടിയിണക്കുന്നത് എനിക്ക് കാണാം. ഞാൻ സ്വയം മുറിവുണക്കാൻ പഠിച്ചുകഴിഞ്ഞു. ഇത്തവണ ഞാൻ എന്നെ നിരാശപ്പെടുത്തിയില്ല.
സ്വയംഭോഗം 2
ആനന്ദത്തെ പൂർണതയിലെത്തിക്കാൻ രണ്ടു ശരീരം വേണമെന്ന് എന്നെ പഠിപ്പിച്ചിട്ടുണ്ട്. രണ്ടു ആത്മാക്കൾ എന്ന് ഞാൻ തെറ്റിദ്ധരിച്ചു. പിന്നീട് എനിക്ക് മനസ്സിലായി ആത്മാവേ ഇല്ലെന്ന്. രണ്ടു ശരീരം പോലുമില്ലെന്നും. വേട്ടമൃഗത്തിനു ഇരയെ തിന്നുന്ന ആനന്ദം മാത്രമേ ഉള്ളുവെന്ന്. ആ പാഠപുസ്തകങ്ങളെ ഞാൻ അനുസരിക്കാതായി. എന്റെ ഉള്ളിൽ നടനം ചെയ്യുന്ന അനവധി ആത്മാക്കളെ ഞാനറിഞ്ഞു. മുലകളെ കലാപരമായി തഴുകുന്ന എന്റെ കൈകളിലൂടെ കാറ്റ് വീശി. എന്റെ കാലുകൾ വിദഗ്ധരായ പോൾ ഡാൻസർമാരായി. സ്വന്തം പ്രണയത്തിന്റെ താളത്തിൽ ചലിക്കുന്ന കാലുകൾ. എന്റെ ശരീരം വിരലുകളുടെ മൃദുചലന മഴ കൊണ്ട് കീറിപ്പറിഞ്ഞ മേഘങ്ങളെ തുന്നിച്ചേർക്കുന്ന കരകൗശല കലാകാരൻ ആയി മാറി.
പ്രഥമ പ്രണയാകർഷണത്തിന്റെ വിനോദത്തിൽ മുഴുകിയ എന്റെ കീഴധരങ്ങളെ മേലധരങ്ങൾക്കു കടിച്ചുനോക്കാൻ പറ്റുമെന്നായി. ചെവികളുടെ മൃദുലമാംസം കഴുത്തിലെ ചുംബനത്തിലെ ചുവന്ന ഉമിനീരിൽ മുഴുകി. നീണ്ട കാലത്തെ ഇല്ലായ്മയെ ഞാൻ കൈയൊഴിഞ്ഞു. അങ്ങനെ, ഒടുവിൽ, ഞാനെന്റെ ശരീരത്തിന്റെ ഉടമയായി.
സ്വയംഭോഗം -3
അവൻ ശുഭരാത്രി നേർന്ന് പച്ചവെളിച്ചം അണയ്ക്കുമ്പോൾ യന്ത്രം അവന്റെ സാമീപ്യത്തിന്റെ ദൈർഘ്യത്തെ അതിന്റെ സംഖ്യാശബ്ദത്തിൽ അളന്നുമുറിക്കുന്നു. ഞാൻ എന്റെ ജാലകപ്പടിയിലിരുന്ന് ഞങ്ങൾ ശേഖരിച്ച നക്ഷത്രങ്ങളെ എണ്ണുന്നു. കഴിഞ്ഞ രാവിൽ, ഞാൻ മണിനാദം പോലുള്ള അവന്റെ ശാന്തമായ പുഞ്ചിരി മയങ്ങുന്ന കണ്ണുകളിൽ കണ്ടിരുന്നു. ഞാനവനെ ചുംബിക്കുന്ന ഓരോ വേളയിലും എന്റെ അധരങ്ങളിലൂടെ പായുന്ന അരുവിയെ സ്വപ്നം കാണുകയാണോ അവൻ? ഇരച്ചുവന്നു പെയ്യാതൊഴിഞ്ഞ നഷ്ട്ടമേഘങ്ങളിൽ തപ്പിത്തടഞ്ഞു അവൻ നനഞ്ഞിരിക്കയാണോ?
പക്ഷെ, എന്റെ നാസികയുടെ വിയർപ്പുള്ള
ഞങ്ങളുടെ അവസാനത്തെ ലവ് ചാറ്റിന്റെ
കറങ്ങുന്ന വെളിച്ചത്തുണ്ടുകൾ
അവന്റെ അഭാവത്തെ തോൽപ്പിക്കുന്നു.
നശിച്ച ഭൂതകാലം സ്വയം തീ കൊളുത്തുന്നു.
കലാത്മകമായ വിരലുകൾ
എന്നെ തുന്നിച്ചേർക്കയും
അവന്റെ വേദനകളുടെ
സിപ്പഴിക്കുകയും ചെയ്യുന്നു,
ആനന്ദഞരക്കങ്ങളുടെ മടിത്തട്ടിൽ
അവ മരിക്കുന്നതിനുമുമ്പ്
അവയെ താലോലിക്കാൻ -
സ്വയം പ്രണയിക്കുന്നതിന്റെ
ഉന്മാദത്തിൽ.
▮
(വിവർത്തനം: രവിശങ്കർ എൻ.)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.