പേട്രിഷ്യ രെഹ്ദർ ഗാൽവനോ / Photo: Pinterest

ബോൾസോനാരോയുടെ കാലത്ത്
പെഗുവിനെ വായിക്കുമ്പോൾ

സാവോ പോളോയിലെ പിതൃകേന്ദ്രീകൃത വ്യവസ്ഥയ്ക്കും ഏകാധിപത്യത്തിനുമെതിരെ ഉയർന്ന ബ്രസീലിയൻ കവിതയിലെ പെഗുവിന്റെ സ്വരം വർത്തമാനകാല ബ്രസീലിനെ ഇന്ന് കൂടുതൽ ആവേശം കൊള്ളിക്കുന്നുണ്ട്. വർത്തമാനകാലത്ത് പേട്രിഷ്യ രെഹ്ദർ ഗാൽവനോയെ വായിക്കുക എന്നതുതന്നെ ‘രാഷ്ട്രീയപ്രവർത്തനമായി' മാറുന്നു.

സാവോപോളോയിലെ ഒരു മധ്യവർഗ കുടുംബത്തിൽ 1910-ൽ ജനിച്ച പേട്രിഷ്യ രെഹ്ദർ ഗാൽവനോ (പെഗു) ആധുനിക ബ്രസീലിയൻ പെൺകവിതയുടെ പ്രമുഖ വക്താവായി കാണക്കാക്കപ്പെടുന്നു. ബ്രസീലിയൻ ആധുനികതാ പ്രസ്ഥാനത്തിന്റെ ഭാഗമാവുമ്പോഴും, തന്റെ സമകാലികരായ പല എഴുത്തുകാരിൽ നിന്നും പെഗു നടത്തിയ പോരാട്ടങ്ങൾ വ്യത്യസ്തങ്ങളായിരുന്നു.

എഴുത്തിന്റെയും സാമൂഹിക ഇടപെടലുകളുടെയും പശ്ചാത്തലത്തിൽ അധികാരത്തിനെതിരെയുള്ള പെണ്ണിടങ്ങളെ രൂപപ്പെടുത്തുന്നത്തിൽ പെഗു നടത്തിയ സാംസ്‌കാരിക എതിർമുഖങ്ങൾ ‘ആധുനിക ബ്രസീലിയൻ സ്ത്രീയെ' നിർമിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി കണക്കാക്കപ്പെടുന്നു. 1930-കളിലെ ഗെറ്റുലിയോ വർഗാസിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കുചേർന്ന് തന്റെ തൊഴിലാളിപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതോടെയാണ് പെഗുവിന്റെ പ്രത്യക്ഷ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതെന്നുപറയാം.

ഗെറ്റുലിയോ വർഗാസ്‌ / Photo: Wikimedia Commons
ഗെറ്റുലിയോ വർഗാസ്‌ / Photo: Wikimedia Commons

1931-ലെ സാന്തോം തൊഴിലാളി പ്രക്ഷോഭത്തിനുശേഷം പെഗു തന്റെ എഴുത്തിലേയ്ക്കും ഇടതുപക്ഷത്തെ കൂട്ടിക്കൊണ്ടുവരുന്നുണ്ട്. പ്രക്ഷോഭത്തിൽ അറസ്റ്റുവരിക്കുന്ന പെഗു പിന്നീട് രചിക്കുന്ന ഇൻഡസ്ട്രിയൽ പാർക്ക് എന്ന നോവലിൽ തന്റെ ഇടതുരാഷ്ട്രീയ നിലപാട് വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ബ്രസീലിലെ ആദ്യ തൊഴിലാളിവർഗ നോവലായി (Proletariat Novel) ഇൻഡസ്ട്രിയൽ പാർക്കിനെ ഇന്നും സാഹിത്യ പഠിതാക്കൾ അടയാളപ്പെടുത്തുന്നു.

1935-ൽ പാരിസിലെത്തിയ പെഗുവിനെ തന്റെ കമ്യൂണിസ്റ്റ് വ്യക്തിത്വം മറച്ചുവെച്ചു എന്നാരോപിച്ച്​ ഫ്രാൻസ് ഭരണകൂടം പാരീസിൽ നിന്ന്​ ബ്രസീലിലേയ്ക്ക് തിരിച്ചയക്കുന്നുണ്ട്. ഏകാധിപത്യ ഭരണകൂടങ്ങളോട് തെരുവിലും എഴുത്തിലും ഏറ്റുമുട്ടി നാലുവർഷത്തിലധികം അവർ തടവിലാക്കപ്പെടുകയും ഭരണകൂടത്തിന്റെ ക്രൂരപീഡനങ്ങൾക്കിരയാക്കപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് പലപ്പോഴായി അവർ പുലർത്തിയ പുരോഗമന- ലിംഗ രാഷ്ട്രീയവീക്ഷണങ്ങൾ, സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്ന ബ്രസീലിയൻ കമ്യൂണിസ്റ്റ് പാർട്ടിയോട് പതിയെ അകലുന്നതിന് കാരണമായി. അപ്പോഴും ട്രോട്‌സ്‌കിയിസ്റ്റ് വീക്ഷണത്തിൽ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് ആശയങ്ങളെ അവർ മുറുകെപ്പിടിച്ചു. 1940കളോടെ പെഗു പ്രത്യക്ഷ രാഷ്ട്രീയം ഉപേക്ഷിക്കുകയും കൂടുതലായി എഴുത്തിലേയ്ക്ക് മടങ്ങുകയും ചെയ്യുന്നതാണ് കാണാനാവുന്നത്. എന്നാൽ എഴുത്തിലെ രാഷ്ട്രീയം ആ ഘട്ടത്തിലും അവർക്ക് കൈമോശം വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

പെഗു രചിച്ച ഇൻഡസ്ട്രിയൽ പാർക്ക് എന്ന നോവലിന്റെ കവർ / Photo: Amozon.in
പെഗു രചിച്ച ഇൻഡസ്ട്രിയൽ പാർക്ക് എന്ന നോവലിന്റെ കവർ / Photo: Amozon.in

തന്റെ എഴുത്തു ജീവിതത്തിലുടനീളം അവർ, ദേശീയവാദികളുമായും ആധ്യാത്മികവാദികളുമായും (Church) ഏകാധിപതികളുമായുമെല്ലാം നിരന്തരം കലഹിച്ചു. തന്റെ കൂടി പ്രയത്‌നഫലമായി രൂപപ്പെട്ടുവന്ന ബ്രസീലിയൻ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ പിൽക്കാലത്ത് ഏറിവരുന്ന വരേണ്യവൽകരണത്തിനെതിരെ പെഗു ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട്. 1920 കളിലെയും 1930കളിലെയും സാമൂഹികാവസ്ഥ പരിശോധിക്കുന്ന ഘട്ടത്തിൽ ബ്രസീലിലെ 80 ശതമാനത്തിലധികം സ്ത്രീകളും നിരക്ഷരരായിരുന്നു എന്ന വസ്തുത അഭ്യസ്തവിദ്യരും മേൽത്തട്ടിലുള്ളവരുമായ ഒരു ചെറുവിഭാഗത്തിലേയ്ക്ക് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ചുരുങ്ങുന്നു എന്ന പെഗുവിന്റെ വിമർശങ്ങളെ ശരിവയ്ക്കുന്നതാണ് എന്ന് കാണാനാവും. എന്നാൽ അക്കാലഘട്ടത്തിൽ അവർക്ക് തന്റെ വിമർശനങ്ങളുടെ പേരിൽ ധാരാളം പഴി കേൾക്കേണ്ടിവന്നിരുന്നു എന്നതാണ് യാഥാർഥ്യം. കാൻസറിനോട് പോരാടി കാവ്യജീവിതത്തോട് വിടപറയുന്നതിനു മുൻപ് പെഗു ഇങ്ങനെ എഴുതി:

‘ശൂന്യത ശൂന്യത ശൂന്യത മാത്രം ശൂന്യതയല്ലാതെ മറ്റൊന്നുമില്ല കാരണം നിങ്ങൾക്കു വേണ്ടതെല്ലാം ശൂന്യതയിൽ നിഴലിക്കുന്നു അത്രയും ഏകാന്തമായി ശൂന്യത മാത്രം നിലകൊള്ളുന്നു.’ (‘ശൂന്യത’- 1962)

പിടിച്ചടക്കലുകളുടെ രാഷ്ട്രീയത്തെക്കാൾ തന്റെ എഴുത്തിനെ, നഷ്ടപ്പെട്ടവരുടെ പ്രത്യയശാസ്ത്രത്തോട് ചേർത്തുനിർത്തിയ കവിതയായിരുന്നു പെഗുവിന്റെ കാവ്യ സംസ്‌കാരത്തെ രൂപപ്പെടുത്തിയിരുന്നത്.

ബ്രസീലിൻ രാഷ്ട്രീയം പെഗുവിനുശേഷം ഇന്ന് ഒട്ടനവധി മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ടിരിക്കുന്നു. ജെയ്ർ ബോൾസോനാരോയുടെ ഭരണത്തിൽ വീണ്ടും തീവ്രദേശീയതയും മതദേശീയതയും ആൺകോയ്മയും ശക്തി പ്രാപിച്ചിരിക്കുന്നു.

വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കൂട്ടുപിടിച്ച്​ ബ്രസീലിയൻ സ്ത്രീമുന്നേറ്റ പോരാട്ടങ്ങളിലെ വരേണ്യതയെ വിമർശിച്ച ആദ്യ സ്ത്രീ എന്ന കാരണത്താലാവണം പല സ്ത്രീമുന്നേറ്റ ചരിത്രങ്ങളിലും പെഗുവിന്റെ പേര് കാണാൻ നമുക്ക് സാധിക്കുകയില്ല. വീണ്ടെടുപ്പുകൾ ചരിത്രത്തിന്റെ ഗതിവേഗം വർധിപ്പിക്കുകയും അടഞ്ഞ ഇടങ്ങളിൽ വെളിച്ചം വിതറുകയും ചെയ്യും എന്ന വസ്തുത പെഗുവിന്റെ പുനർവായനകളെ അന്വർത്ഥമാക്കുന്നുണ്ട്.

ബ്രസീൽ പ്രസിഡന്റ്‌ ജെയ്ർ ബോൾസോനാരോ / Photo: Flickr
ബ്രസീൽ പ്രസിഡന്റ്‌ ജെയ്ർ ബോൾസോനാരോ / Photo: Flickr

ബ്രസീലിൻ രാഷ്ട്രീയം പെഗുവിനുശേഷം ഇന്ന് ഒട്ടനവധി മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ടിരിക്കുന്നു. ജെയ്ർ ബോൾസോനാരോയുടെ ഭരണത്തിൽ വീണ്ടും തീവ്രദേശീയതയും മതദേശീയതയും ആൺകോയ്മയും ശക്തിപ്രാപിച്ചിരിക്കുന്നു. സമൂഹത്തിലെ സമ്പന്ന ന്യൂനപക്ഷം അധികാരം കൈയാളുകയും വിപണിയുടെ ഉദാരവൽകരണത്തിനായുള്ള തിടുക്കപ്പെട്ട നയപരിപാടികൾ ഭരണകൂടതലത്തിൽ രൂപീകരിക്കുകയും ചെയ്യുന്നു. ബോൾസനാരോയുടെ അമേരിക്കൻ പക്ഷപാത സമീപനങ്ങൾ വിപണിയെ കൈയടക്കുമ്പോൾ തൊഴിൽ സാഹചര്യങ്ങൾക്കായുള്ള സമരങ്ങൾ ബ്രസീലിന്റെ വർത്തമാനത്തെ കൂടുതൽ കലുഷിതമാകുന്നു. സാവോ പോളോയിലെ പിതൃകേന്ദ്രീകൃത വ്യവസ്ഥയ്ക്കും ഏകാധിപത്യത്തിനുമെതിരെ ഉയർന്ന ബ്രസീലിയൻ കവിതയിലെ പെഗുവിന്റെ സ്വരം വർത്തമാനകാല ബ്രസീലിനെ ഇന്ന് കൂടുതൽ ആവേശം കൊള്ളിക്കുന്നുണ്ട്. ഇപ്രകാരം വർത്തമാനകാലത്ത് പേട്രിഷ്യ രെഹ്ദർ ഗാൽവനോയെ വായിക്കുക എന്നതുതന്നെ ‘രാഷ്ട്രീയപ്രവർത്തനമായി' മാറുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എബിൻ എം.ദേവസ്യ

കവി. എം.ജി. യൂണിവേഴ്​സിറ്റി സ്​കൂൾ ഓഫ്​ ലെറ്റേഴ്​സിൽ ഗവേഷണ വിദ്യാർഥി. യുവരാജ്​ സിങ്​: അതിജീവനത്തിന്റെ ആറു സിക്​സറുകൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments