ക്വിയർ രാഷ്ട്രീയത്തെ ജനാധിപത്യബോധമായി വ്യാഖ്യാനിക്കുന്ന ഭിന്നമായ ആലോചനകളാണ് വിജയരാജമല്ലികയുടെ ‘മറ്റൊരു പെണ്ണല്ല ഞാൻ' എന്ന പുസ്തകം.
വ്യവസ്ഥിതിയോടുള്ള കലഹമാണ് വിജയരാജമല്ലികയുടെ കവിതകൾ. അവ ശ്രേണീകരിക്കപ്പെട്ട എല്ലാത്തരം അധികാര ഭാവങ്ങളോടും നിരന്തരം സമരം ചെയ്യുന്നു. ഒറ്റ അച്ചിൽ വാർത്തെടുത്ത രൂപങ്ങളോ അച്ചിന് പാകമാകും വിധം ചെത്തി മിനുക്കിയ ഘടനയോ മല്ലികയുടെ കവിതകളിൽ കാണാൻ കഴിയില്ല. രൂപത്തിന്റെ സകല വാർപ്പുമാതൃകകളെയും തകർത്തെറിഞ്ഞുകൊണ്ടാണ് മല്ലിക കവിതക്ക് മഷി കണ്ടെടുക്കുന്നത്. നിലനിൽക്കുന്ന എല്ലാ വ്യവഹാര ഘടനയിലും അധികാരം പ്രവർത്തിക്കുന്നുണ്ടെന്നും ഭാഷ അതിൽ നിന്ന് ഭിന്നമല്ലെന്നും തിരിച്ചറിയുന്ന കവി ഒരേസമയം വ്യവസ്ഥക്കുള്ളിലും പുറത്തും നിന്ന് അതിനെ തകർക്കാനുള്ള പദമൊരുക്കുകയാണ്. കലഹവും കലാപവും മാത്രമല്ല, രാഷ്ട്രീയ ജാഗ്രതകൂടിയാണ് മല്ലികയുടെ കവിതകൾ.
എന്തുകൊണ്ടായിരിക്കാം വിജയരാജമല്ലിക തന്റെ കവിതാസമാഹാരത്തിന് ‘മറ്റൊരു പെണ്ണല്ല ഞാൻ' എന്നൊരു തലക്കെട്ട് തീർത്തിരിക്കുന്നത്? പ്രതിബിംബത്തിലൂടെ മാത്രം നേർക്കാഴ്ച സാധ്യമാകും വിധം അക്ഷരങ്ങളെ തല ചരിച്ച് നിർത്തിയിരിക്കുന്നത്?
ലിംഗരാഷ്ട്രീയത്തിന്റെ മുൻധാരണകളെ മുഴുവൻ തകർത്തെറിഞ്ഞാണ് ആധുനികാനന്തര ചിന്തകളുടെ ഭാഗമായി ക്വിയർ (queer) സിദ്ധാന്തം നമ്മുടെ ജ്ഞാനമേഖലയിലേക്ക് കടന്നുവരുന്നത്. അതിന്റെ ഫലമായി ആൺ - പെൺ ദ്വന്ദ്വങ്ങളിൽ ഒതുങ്ങിനിന്ന ലിംഗ- ലൈംഗിക കാഴ്ചപ്പാടുകളിൽ നിന്ന് LGBTIQ A+ എന്ന വിശാലലോകത്തേക്ക് അന്വേഷണങ്ങൾ വികസിച്ചു. ഒരു വ്യക്തിയിലും പൂർണമായ ആണോ പെണ്ണൊ ഇല്ലെന്നും ദ്വന്ദ്വകേന്ദ്രീകൃതമായ വിഭജനമാതൃകകൾ അധികാരത്തിന്റെ മുഖമാണെന്നും ക്വിയർ സിദ്ധാന്തം നമ്മെ പഠിപ്പിച്ചു. ക്വിയർ രാഷ്ട്രീയത്തെ ജനാധിപത്യബോധമായി വ്യാഖ്യാനിക്കുന്ന ഭിന്നമായ ആലോചനകളാണ് മല്ലികയുടെ ‘മറ്റൊരുപെണ്ണല്ല ഞാൻ' എന്ന പുസ്തകം.
‘മറ്റൊരു പെണ്ണല്ല ഞാൻ ' എന്ന് കവി പറയുമ്പോൾ ആൺ - പെൺ ദ്വന്ദ്വങ്ങളിൽ നിർമിതമായ ലിംഗപദവിയെ കുറിച്ചുള്ള സൂക്ഷ്മമായ ആലോചനകൾ വായനക്കാരിലേക്ക് കടന്നുവരുന്നുണ്ട്.
‘മറ്റൊരു പെണ്ണല്ല ഞാൻ ' എന്ന് കവി പറയുമ്പോൾ ആൺ - പെൺ ദ്വന്ദ്വങ്ങളിൽ നിർമിതമായ ലിംഗപദവിയെ കുറിച്ചുള്ള സൂക്ഷ്മമായ ആലോചനകൾ വായനക്കാരിലേക്ക് കടന്നുവരുന്നുണ്ട്. അധികാര ചരിത്രത്തിന്റെ ആണത്ത (masculinity) ധാരണകൾകൊണ്ട് നിർവചിക്കപ്പെട്ട പെണ്ണത്ത (feminity) ഭാവങ്ങൾ ആണത്തം പോലെ തന്നെ പൊളിച്ചുമാറ്റപ്പെടേണ്ടതാണ് എന്ന് മല്ലിക കവിതകളിലൂടെ വിളിച്ചു പറയുന്നു
അപ്പോഴും ഉള്ളം ഉറപ്പിക്കുന്നു. ചെത്തിക്കളഞ്ഞില്ലെങ്കിലും തുന്നിക്കെട്ടിയില്ലെങ്കിലും മാറ് തുടുപ്പിച്ചില്ലെങ്കിലും ഞാനൊരു പെണ്ണ്. ചങ്കുറപ്പുള്ള ചുണയുള്ള പെണ്ണ്.- പെണ്ണ്.
‘പെണ്ണ്' എന്ന കവിതയിൽ ബാഹ്യ ഉടയാടകളാൽ നിർമിതമായ തന്മകളുടെ (identity) പ്രകടനപരത (performs) കളല്ല ജെൻഡർ എന്ന് മല്ലിക തിരുത്തി എഴുതുന്നു. ‘സ്ത്രീ' എന്നും ‘ട്രാൻസ് സ്ത്രീ' എന്നും വിഭജിക്കപ്പെടുന്നതിന്റെ മാനദണ്ഡം ശരീരവും പെരുമാറ്റവും നിർണയിക്കുന്ന പരമ്പരാഗത ലിംഗ നിയമങ്ങളിലാണ് വേരൂന്നുന്നത് എന്നു പറയുന്ന കവി, ലിംഗപദവി ഒരു പെരുമാറ്റമല്ല സ്വയം തിരിച്ചറിയലും തിരഞ്ഞെടുക്കലുമാണ് എന്ന് തിരുത്തി എഴുതുന്നു.
അമ്മയാകാത്തവളും അമ്മയാകാൻ കൊതിക്കാത്തവളും ഇല്ലേ? അമ്മ പെണ്മയുടെ പരിപൂർണ്ണതയാണോ? അതു പെരുമാറ്റമല്ലേ?- പൂർണ്ണ.
ശരീരമോ, പെരുമാറ്റമോ അല്ല, തലച്ചോറാണ് ജെൻഡറിനെ നിർണയിക്കുന്നത്. ജന്റർ ഒരു സ്വകാര്യത കൂടിയാണ്. സ്വയം തിരിച്ചറിയലും വെളിപ്പെടുത്തലുമാണ് (come out) അതിന്റെ രീതിശാസ്ത്രം. പ്രകടനപരമായ (Performing ) കേവലം പെരുമാറ്റചട്ടങ്ങളായി അതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. സാമൂഹികമായ സദാചാര കൽപ്പനകൾകൊണ്ട് നിർവ്വചിക്കാൻ ശ്രമിക്കുന്നിടത്ത് ഉത്തരം തെറ്റി പോകുന്നു. പുറംകാടുകൾ മാത്രം വെട്ടി മിനുക്കി അടിക്കാടുകളിൽ അഴുക്കു ഭാണ്ഡങ്ങൾ സൂക്ഷിക്കുന്ന പുതിയ കാലത്തിന്റെ പുരോഗമന നാട്യങ്ങളെ വലിച്ചു പുറത്തേക്കിടുകയാണ് കവി. പെണ്ണത്ത നിർമിതികളുടെ വേരുകളിലേക്ക് ഇറങ്ങി ചെന്ന് പരമ്പരാഗത ഹെട്രോസെക്ഷ്വൽ (hetro sexual) വ്യാഖ്യാനങ്ങളെ കവിത ചോദ്യം ചെയ്യുന്നു. സമൂഹത്തിന്റെ ലിംഗപദവി സങ്കല്പങ്ങൾ ഇപ്പോഴും പുതുക്കപ്പെട്ടിട്ടില്ലെന്നും ‘പെണ്ണ് - മറ്റൊരുപെണ്ണ്' എന്നിങ്ങനെ തുടരെത്തുടരെ ദ്വന്ദ്വങ്ങൾ മാത്രം തീർക്കപ്പെടുകയാണെന്നും കവി കാട്ടിത്തരുന്നു. കവിതയിൽ മറ്റൊരു പെണ്ണ് എന്ന പ്രയോഗം പെണ്ണത്തങ്ങളെ നിഷേധിക്കുന്ന പെണ്ണുങ്ങളുടെ ശബ്ദമാണ്. അമ്മയാകാൻ കൊതിക്കാത്ത പെണ്ണുങ്ങൾ, അമ്മയാകാത്ത പെണ്ണുങ്ങൾ, സ്വവർഗ്ഗാനുരാഗികളായ പെണ്ണുങ്ങൾ, ഫെമിനിസ്റ്റുകളായ പെണ്ണുങ്ങൾ തുടങ്ങിയവരെയെല്ലാം കവി ചേർത്തുപിടിക്കുന്നു.
തനിക്കുചുറ്റുമുള്ള ലോകത്തെ നിഷേധിച്ചുകൊണ്ടുള്ള ഇറങ്ങിപ്പോക്കല്ല, തന്റെ ഇടത്തെ നേടിയെടുക്കലാണ് മല്ലികയ്ക്ക് കവിത. വില്ലു കുലച്ച്, നെഞ്ച് നിവർത്തി, മുഷ്ടി ചുരുട്ടിയിറങ്ങുന്ന പെൺലോകമാകുന്നു ഇവിടെ മല്ലികയുടെ കവിതകൾ.
‘കുല' എന്ന കവിത ‘ആൺ ലോക'ത്തിനുള്ള താക്കീത് കൂടിയാണ്. ‘എന്നെ കുലസ്ത്രീയെന്ന് വിളിക്കരുതേ, കുലകളെല്ലാം അറുത്ത് സ്ത്രീയായവളല്ലേ ഞാൻ?' (കുല) എന്ന് മല്ലിക പറയുമ്പോൾ ഭാഷ അത്രമേൽ തീവ്രമാകുന്നു.
‘എന്നെ തിരുത്താമെന്നാണോ അതിനു നീ ശരിയാണോ?' (പരിചാരിക ) എന്ന് മറുചോദ്യം ചോദിക്കാനും ‘ഓഹ്!ഈ ലിംഗം ഒരു പ്ലേഗ് തന്നെ' (അലകൾ ) എന്ന് ആഞ്ഞടിക്കാനും കവിക്ക് കഴിയുന്നുണ്ട്. ആ നിലയിൽ ഊതി വീർപ്പിക്കപ്പെട്ട സംസ്‌കാരത്തിന്റെ ജീർണമുഖങ്ങൾ കവിതയിൽ തകർന്നു വീഴുന്നു.
ഞാൻ രണ്ടിലുംപ്പെടാത്തവൾ രണ്ടും തികഞ്ഞവൾ ജോലിയോ ചുടലക്കാട്ടിലും എന്ത് ആണ്? എന്ത് പെണ്ണ്? എല്ലാം ഇന്നെന്റെ മുഷ്ടിക്കുള്ളിലെ ഒരു പിടി ചാരം മാത്രം- ചാരം.
രേഖീയമായതിനെ നിഷേധിക്കുമ്പോൾ തന്നെ ഘടനക്കുള്ളിലും പുറത്തും നിന്നു കൊണ്ടുളള അകംനോട്ടങ്ങളും പുറംനോട്ടങ്ങളുമായി മല്ലികയുടെ കവിതകൾ മാറുന്ന കാഴ്ച ‘ചാര'ത്തിൽ നമുക്ക് കാണാം. സൂക്ഷ്മമായിരിക്കെ തന്നെ അവ സ്ഥൂലവുമാണ്. തനിക്കുചുറ്റുമുള്ള ലോകത്തെ നിഷേധിച്ചുകൊണ്ടുള്ള ഇറങ്ങിപ്പോക്കല്ല, തന്റെ ഇടത്തെ നേടിയെടുക്കലാണ് മല്ലികയ്ക്ക് കവിത. വില്ലു കുലച്ച്, നെഞ്ച് നിവർത്തി, മുഷ്ടി ചുരുട്ടിയിറങ്ങുന്ന പെൺലോകമാകുന്നു ഇവിടെ മല്ലികയുടെ കവിതകൾ. ആണൊരുത്തി, കുല , മംഗല, നായകി, കാമജലധി, കനൽപെണ്ണ്, വെട്ടിമാറ്റപ്പെട്ടവൾ തുടങ്ങിയ കവിതകൾ പുതിയൊരു വായനാനുഭവം നൽകുന്നു.
കാഴ്ചയാണ് ഈ കവിതാസമാഹാരത്തിന്റെ കാതൽ. സമൂഹത്തിനുമുൻപിൽ കവി ഒരു കണ്ണാടി സ്ഥാപിക്കുന്നു. അതിലൂടെ ചരിഞ്ഞ ലോകത്തിന്റെ നേർരൂപം കാട്ടിത്തരുന്നു. ‘എത്രമാത്രം ആധുനിക മനുഷ്യരാണ് നിങ്ങൾ?' എന്ന ചോദ്യം വരികൾക്കുള്ളിലുടനീളം ആവർത്തിക്കപ്പെടുന്നത് കാണാം.
പരാപരങ്ങൾക്കിടയിലെ വിടവുകളിലേക്കല്ല, പരസ്പര ബഹുമാനനത്തിലേക്കാണ് മല്ലികയുടെ ലോകം നമ്മെ കൊണ്ടുപോകുന്നത്. വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന ഒന്നിനും അവിടെ ഇടമില്ലെന്നു മല്ലിക പറയുന്നു. വ്യക്തികൾ തീർക്കുന്ന ലോകമാണ് കൂട്ടം, പൊതുവായിരിക്കെ തന്നെ അത് സവിശേഷവുമാണ്. അതുകൊണ്ടു തന്നെ താൻ ജീവിക്കുന്ന കാലത്തിനോട് മുഖം തിരിഞ്ഞു നിൽക്കാനാകില്ല എന്ന് പറയുന്ന മല്ലിക ലോകത്തിന് മുന്നിലേക്കാണ് കവിതയുടെ കണ്ണാടി തുറന്നു പിടിച്ചിരിക്കുന്നത്. ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ രോഗത്തെ കവിയ്ക്ക് കാണാതിരിക്കാനാകില്ല. തന്റെ പരിസരം തന്റെ അനുഭവം കൂടിയാണെന്നും താനതിൽ നിന്ന് വേറിട്ട ഒന്നല്ല എന്നും പറയുന്ന കവി തന്റെ വിഷയലോകത്തെ വിപുലമാക്കുന്നകാഴ്ച നമുക്ക് ഈ പുസ്തകത്തിൽ കാണാം.
കോവിഡേ, മതിയെടാ മടങ്ങിപ്പോടാ... പത്തായം ഒഴിഞ്ഞെടാ... കടം കഴുത്തോളമായെടാ- സേവാനാഴി.
മനുഷ്യജീവിതത്തിന്റെ ഇതുവരെയുള്ള തെരുവിടങ്ങളെ ഒന്നടങ്കം റദ്ദുചെയ്തുകൊണ്ടാണ് കോവിഡാനന്തര ജീവിതം സാധ്യമാകുന്നത്. കോവിഡിന് ശേഷമുള്ള സാഹിത്യവും കലയും എന്തായിരിക്കും എന്നുള്ള കൗതുകത്തിലേക്കാണ് ‘തിരുത്തൽവാദി' എന്ന കവിത കടന്നുവരുന്നത്. മാസ്‌ക് ജനകീയതയുടെ സോഷ്യലിസ്റ്റ് മുഖം കൈവരിക്കുന്നതും ലോകം പെട്ടെന്ന് ഒരു തിരുത്തൽവാദിയായി മാറുന്നതും കവിതയിൽ നമുക്ക് കാണാം .
മാസ്‌ക് ജനകീയമായതും എത്ര പരിഹാസങ്ങൾ കൊഞ്ഞനം കാട്ടലുകൾ കേറ്റിപ്പിടുത്തങ്ങൾ പുച്ഛചിരികൾ കീഴ്ചുണ്ടിന്റെ കടിവലികൾ... കാമം പുരട്ടിയ പറക്കമുറ്റ ചുംബനങ്ങൾ വായ് നാറ്റങ്ങൾ... അങ്ങനെ എന്തെല്ലാം ഓർമയായി.- തിരുത്തൽവാദി.
രോഗത്തിന്റെ വിള്ളലുകൾ വീണ കാലത്തോട് സംവദിക്കുന്ന കവിതകളുടെ കൂട്ടം കൂടിയാണ് ഈ പുസ്തകം. ഏതുനിമിഷവും ഫ്രെയിമിൽ നിന്ന് അപ്രത്യക്ഷരാകാൻ വിധിക്കപ്പെട്ട മനുഷ്യരുടെ മുഴുവൻ ഭാരവും ആ വരികളിൽ നിറയുന്നു.
‘വെട്ടിമാറ്റപ്പെട്ടവൾ' എന്ന കവിത നീതി നിഷേധിക്കപ്പെട്ടവരുടെ, ഒറ്റപ്പെട്ടവരുടെ ജീവിതത്തിലേക്കുള്ള നോട്ടവും നീറ്റലുമാണ്. ആ നീറ്റലിൽ നിന്നാണ് ‘ഇനി ആര്?' എന്ന മറുകവിത ആരംഭിക്കുന്നത്. ‘അമ്മകളി'യിൽ പൂതനയുടെ സിലിക്കൺ മുലകൾ വലിച്ചുപൊട്ടിക്കാൻ പിറക്കുന്ന ആലിലക്കണ്ണൻ കവിക്ക് കേവലമൊരു ബിംബം മാത്രമല്ല, നേരിന്റെ മുഖം ചികയലാണ്. കിഴക്കുദിച്ചിട്ടും വെളുക്കാത്ത ലോകത്തിന്റെ കപടത കവി തുറന്നു പറയുന്നു. ‘ഹിതമോ അവിഹിതമോ, ലോകം തേടുവതവരവരുടെ വിഹിതം മാത്രമാണെന്നു (ലോകം ) കവി പറയുമ്പോഴും, ഉപ്പും വെള്ളവും പോലെ കർമ്മവും അതിന്റെ ഫലവും ഏറ്റു വാങ്ങാതെ തിരിച്ചു പോകാനാകില്ല എന്നും കൂട്ടി ചേർക്കുന്നു. ‘വേലയെടുക്കും ജീവിക്കും’, ‘രൊക്കം പണം' തുടങ്ങിയ കവിതകൾക്കുള്ളിൽ ഉരുകി ജ്വലിക്കുന്ന ‘ചിരാത്' കൊളുത്തി വെയ്ക്കുകയാണ് കവി.
കലവറകൾ, പിഴ, അമ്മാനം, അന്നും ഇന്നും, കുത്തുപാള, നേരം, പണി, അവർ പുറത്തല്ല തുടങ്ങിയ കവിതകൾ തീക്ഷ്ണമായ പരിഹാസമാണ്. കലവറകളുടെ സൂക്ഷിപ്പുകാരായി ഒതുങ്ങിക്കൂടി സുഖിക്കുന്ന ദൈവങ്ങൾക്കുനേരെയും അവരെ വാഴ്ത്തിപ്പാടുന്ന ലോകത്തിനു നേരെയും മല്ലിക പരിഹാസത്തിന്റെ ശരമാല അഴിച്ചു വിടുന്നു. യാഥാർത്ഥ്യത്തോട് കെട്ടുപിണഞ്ഞു കിടക്കുമ്പോഴും പാരമ്പര്യത്തെ ചെറുക്കുന്ന കാമനകളുടെ ലോകം യക്ഷിയുടെ മരണം, നീലി, രതിവീണ, ആൺ നദി ചുവക്കുമ്പോൾ, വിശ്വപ്രണയിനി, കാമദൂതി, ഞാനും ചിരിക്കും, കാമ ജലധി , മദാലസ, ജീവരഹസ്യം, കുരുതി മുതലായ കവിതകളിൽ കാണാം.
നിഷകളങ്കതയുടെ പുറംതോലുകൾ പൊളിച്ചെറിഞ്ഞുകൊണ്ട് നേരിനെ ചികയുന്ന അറുപതു കവിതകളിൽ നിന്ന് അത്ര പെട്ടെന്ന് വായനക്കാർക്ക് ഇറങ്ങി നടക്കാനാകില്ല.
ഭാഷ കൊണ്ട് മുറിപ്പെട്ടവരുടെ ലോകമാണ് (ഒരാൾ കൂടി) മല്ലികയുടെ കവിതകളുടെ ഒരു മുഖം. കവിതകളിൽ അവർ മറുഭാഷയും പുതുഭാഷയും നിർമ്മിക്കുന്നു. വാക്കിൽനിന്ന് അധികാരത്തെ തുടച്ചു മാറ്റുന്നു. പ്രജ്ജ്വലിത, പരിചാരിക തുടങ്ങിയ പ്രയോഗങ്ങൾ കവിതയെ കൂടുതൽ രാഷ്ട്രീയമാക്കുന്നു. ആൺഭാഷയുടെ അധികാരഭാവങ്ങളെ തത്തമത്സ്യങ്ങൾ കൊണ്ട് ചെറുത്തു തോൽപ്പിക്കുന്ന കവി നിരന്തരം പുതുബിംബങ്ങളെ നിർമിച്ചുകൊണ്ട് കാവ്യ ഭാഷയെ കൂടുതൽ തീവ്രമാക്കുന്നു. മല്ലികയ്ക്ക് ഭാഷ കേവലം ഒരു വ്യവഹാര ഇടമല്ല. വ്യക്തമായ രാഷ്ട്രീയമാണ്, വ്യവസ്ഥയോടുള്ള കലഹവും കലാപവുമാണ്.
മതവും ദേശവും ജാതിയും വംശവും ലിംഗവും നിറവും ഇടവും പദവിയുമൊക്കെ ചേർന്ന് നിർമ്മിച്ച അധികാര ഭൂപടത്തിന്റെ നേർകാഴ്ചയാണ് ഈ പുസ്തകം. നിഷകളങ്കതയുടെ പുറംതോലുകൾ പൊളിച്ചെറിഞ്ഞുകൊണ്ട് നേരിനെ ചികയുന്ന അറുപതു കവിതകളിൽ നിന്ന് അത്ര പെട്ടെന്ന് വായനക്കാർക്ക് ഇറങ്ങി നടക്കാനാകില്ല.
ഈ ആണുങ്ങൾക്കെന്താ വലുതായി വല്ലതുമുണ്ടോ തുടയ്ക്കാൻ?
എന്ന ചോദ്യത്തിൽ നിന്ന് നമുക്ക് തലക്കെട്ടിലേക്ക് തിരിച്ചുനടക്കാം. ലേബൽ ചെയ്യപ്പെട്ട മുൻ ധാരണകളെ തകർത്തെറിയുകയാണ് മല്ലികയുടെ ‘മറ്റൊരുപെണ്ണല്ല ഞാൻ ' എന്ന കവിതാസമാഹാരം. കാലത്തെ നോക്കുന്ന കവി കാലത്തിന്റെ മറുപുറവും കാണുന്നു. ▮