കാവ്യാസ്വാദനത്തെയും അതിന്റെ ഭിന്നഭാവങ്ങളെയും സൂക്ഷ്മതലങ്ങളിലേക്ക് ചെത്തിക്കൂർപ്പിക്കുന്ന പിച്ചാത്തിത്തലപ്പുകളാണ് വൈലോപ്പിള്ളി കവിതകൾ. അകത്തേക്ക് പ്രവേശിച്ചാൽ കവിതയൊരു കത്തിയായി രൂപാന്തരം പ്രാപിക്കുന്നത് കാണാം. നാലുപാടും മൂർച്ച കൂടിയ ഈ കത്തിയിൽനിന്ന് നാമെങ്ങനെ അനങ്ങിയാലും രക്തം പ്രവഹിക്കും. പുറമേയ്ക്ക് യാതൊരു അടയാളങ്ങളുമില്ലാതെ തന്നെ അകം കീറി മനസ്സിനെ പരിവർത്തിപ്പിക്കുന്ന, ശസ്ത്രക്രിയ ചെയ്യാൻ പാകത്തിലുള്ള മൂർച്ച കൂടിയ ഒന്നാണത്. അതിൽ വർത്തമാനകാലത്തിന്റെ യാഥാർത്ഥ്യങ്ങളെ പുതിയ ബോധ്യങ്ങൾക്കൊപ്പം രാകിമിനുക്കിച്ചേർത്തിരിക്കുന്നു. മനുഷ്യനെയും പ്രകൃതിയെയും തന്റെ ചുറ്റുപാടിനെയും ജീവിവർഗങ്ങളെയും കവി രേഖപ്പെടുത്തിയിരിക്കുന്നത് അതിന്റെ ചിട്ടപ്രകാരമാണ്. ചുറ്റുപാടിന്റെ ആകമാനമുള്ള മാറ്റങ്ങളെ കുറിക്കുന്നവയാണ് വൈലോപ്പിള്ളി കവിതകൾ. അതിലെ പ്രകൃതിയും മനുഷ്യനും തമ്മിൽ വലിയ അന്തരങ്ങളില്ല.
കാഴ്ചയെ മഹത്വവല്ക്കരിക്കലാണ് ദർശനം എന്നുണ്ടെങ്കിൽ, വൈലോപ്പിള്ളിയ്ക്കുള്ളിലെ ചാഞ്ഞും ചെരിഞ്ഞുമുള്ള കാക്കനോട്ടത്തിൽ നിന്നുണ്ടാവുന്ന സൗന്ദര്യബോധമാണ് കാവ്യദർശനത്തിന് നിദാനം.
കാവ്യവിഷയങ്ങളെ എല്ലാ തലത്തിൽ നിന്നും നോക്കിക്കാണുന്ന കവിയുടെ ദാർശനികബോധത്തെ കുറിച്ച് നിരവധി ചർച്ചകൾ നടന്നുകഴിഞ്ഞതാണ്. ശാസ്ത്രബോധത്തിലൂന്നിയ നോട്ടം തന്നെയാണ് ഇതിന്റെ അടിസ്ഥാനം. ഇത് വെറും ശാസ്ത്രീയതയല്ല, ചരിത്രബോധവും യാഥാർത്ഥ്യബോധവും കൂടി ഉൾച്ചേർന്നിട്ടുള്ള സൗന്ദര്യദർശനമാണ്. സൗന്ദര്യബോധം യാഥാർത്ഥ്യത്തിൽ നിന്നകലുന്നതിനനുസരിച്ച് കവിതയിൽ മിഥ്യയുടെ അംശം കൂടും. ഈ അകലം വൈലോപ്പിള്ളി കവിതകളിൽ കാണാനില്ല. എന്തിന്റെയും പിൻപുറം കാണുന്ന കണ്ണല്ല, സൂക്ഷ്മമവും സത്യസന്ധവുമായ കാഴ്ചയാണ് ഇതിനാസ്പദം. കവിയും സൗന്ദര്യബോധവും എന്ന കവിതയിൽ തന്റെ എഴുത്തിലെ സൗന്ദ്യാത്മകതയ്ക്ക് കവി വിശാലമായ അർത്ഥങ്ങളും വലിയ മാനങ്ങളും നല്കുന്നു.

മാനവപ്രശ്‌നങ്ങൾതൻ മർമ്മകോവിദന്മാരേ ഞാനൊരു വെറും സൗന്ദര്യാത്മകകവിമാത്രം!
ഈ സൗന്ദര്യാത്മകത മറ്റ് കവികളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാണെന്നും മറ്റുള്ളവർ കാണുന്നതിൽ നിന്നും എത്രമാത്രം വ്യത്യസ്തമായാണ് താൻ കാണുന്നതെന്നും ‘ഗന്ധ'ങ്ങളിൽ കവി വ്യക്തമാക്കുന്നു:
മകരപ്പനിനീർപ്പൂവിൻ മാദകസൗരഭ്യവും അകിൽ ചന്ദനങ്ങൾ തൻ തപ്തനിശ്വാസങ്ങളും ആസ്വദിച്ചെൻ കൂട്ടുകാർ പകർത്തിഗാനങ്ങളിൽ
‘എന്റെ ഗ്രാമം' എന്ന കവിതയിൽ കവി തന്റെ നാടായ കലൂരിനെ കുറിച്ച് പറയുന്നു. ഒരിടം മലംപറമ്പ്, ഒരിടം ശവപ്പറമ്പ്, ഒരിടം വേശ്യാവാടം, പിന്നെ യാചകകേന്ദ്രം. ജീർണതയുടെ ഗന്ധമാണ് താൻ പരിചയിച്ചത്. നരലോകാസ്വാസ്ഥ്യത്തെ താരാട്ടിയുറക്കുന്ന അനേകം ഘടകങ്ങളുണ്ടെങ്കിലും കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്;
സൗമ്യമാം സൗന്ദര്യത്തിൻ കളിവീടാണീക്കൊച്ചു- കവി മേവീടും ഗ്രാമം.
അത്രയൊന്നും സുന്ദരമല്ലാത്തവയിലും കവി സൗന്ദര്യം ദർശിക്കുന്നുണ്ട്. അതൊന്നും കേവലം ബാഹ്യസൗന്ദര്യമല്ലതാനും. കാഴ്ചയെ മഹത്വവല്ക്കരിക്കലാണ് ദർശനം എന്നുണ്ടെങ്കിൽ, വൈലോപ്പിള്ളിയ്ക്കുള്ളിലെ ചാഞ്ഞും ചെരിഞ്ഞുമുള്ള കാക്കനോട്ടത്തിൽ നിന്നുണ്ടാവുന്ന സൗന്ദര്യബോധമാണ് ഈ കാവ്യദർശനത്തിന് നിദാനം.
‘പ്രകൃതിയിൽ വിശ്വഹൃദയത്തിന്റെ മിടിപ്പും പരമാത്മാവിന്റെ മുഖവും കാണുന്ന പ്രകൃത്യുപാസകരായ കവികളുണ്ട്. എനിക്ക് ആ ദർശനം നഷ്ടപ്പെട്ടിക്കുന്നു. ആ ഹൃദയത്തിലും മുഖത്തും അതിരറ്റ വാൽസല്യവും അന്ധമായ ക്രൂരതയും ഞാൻ കാണുന്നു’ എന്ന് വൈലോപ്പിള്ളി വിത്തും കൈക്കോട്ടും എന്ന കവിതാസമാഹാരത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. മലയാള കവിതയിലെ അതികാല്പനികനായി എല്ലാ കാലത്തും കേരളീയർ ഓർമിക്കുന്ന ചങ്ങമ്പുഴ ജീവിച്ചിരുന്ന അതേ കാലത്താണ് വൈലോപ്പിള്ളിയും കവിതയെഴുതിയത്. ചങ്ങമ്പുഴക്കവിതകളിലെ പ്രകൃതിയെയൊ മനുഷ്യരെയൊ നമുക്കിവിടെ കാണാൻ കഴിയില്ല. നിരാശയോ വ്യർത്ഥതാബോധമോ അല്ല, പരിവർത്തനോജ്ജ്വലമായ ഒരു പ്രത്യാശയാണ് കവി ബാക്കി നിർത്താൻ ശ്രമിക്കുന്നത്.

ഈടുവെപ്പുകളെല്ലാം പോകിലും പുതിയൊരു നാടുനമ്മുടേതാകാം അസംഖ്യം തോഴന്മാരും
എന്ന ഭാവിയെപ്പറ്റി വലിയ പ്രതീക്ഷകൾ നിലനിർത്തുന്ന ഈ വരികളിൽ ലോകത്തിന്റെ അനുസ്യൂതമായ പുരോഗതിയെ കുറിച്ച് കവിക്കുള്ള വിശ്വാസം ദർശിക്കാനാവും. ഇത്തരമൊരു പ്രതീക്ഷ ഉള്ളിൽ പുലർത്തുന്നു എന്നതിൽ കവിഞ്ഞ് ഒരു സുന്ദരലോകത്തെ വർണിക്കാനോ അതിരുകവിഞ്ഞ് സ്വപ്നം കാണാനോ കവി മെനക്കെടുന്നുമില്ല.
വൈലോപ്പിള്ളി കേവലമൊരു പ്രകൃത്യുപാസകൻ ആയിരുന്നില്ലെങ്കിലും പ്രകൃതിബോധം ഈ കവിതകളിൽ വളരെ ആഴത്തിൽ അന്തർലീനമാണ്. ആ വീക്ഷണം പലപ്പോഴും മർത്യബോധത്തേക്കാൾ ഒരുപടി കൂടി കടന്നുനില്ക്കുന്നു എന്നും പറയാം. ഈ കടന്നുനില്ക്കൽ ഏറിയും കുറഞ്ഞും പല കവിതകളിലും കാണാനാവും. സർപ്പക്കാട്, സഹ്യന്റെ മകൻ തുടങ്ങി ധാരാളം കവിതകൾ ഉദാഹരണങ്ങളാണ്. സദാചാരബോധങ്ങൾക്കും സാമൂഹികമായ അതിർവരമ്പുകൾക്കുമുള്ളിൽ കിടന്നുഴറുന്ന മനുഷ്യനെ കവി കാണുന്നത് കാട്ടിലെ സ്വച്ഛമായ ജീവിതം നഷ്ടമായി അതിന്റെ സംഘർഷങ്ങളെല്ലാം ഉള്ളാൽപേറി ഉത്സവത്തിന് എഴുന്നള്ളിക്കപ്പെടുന്ന കൊമ്പനിലാണ്. ആധുനിക ലോകത്തിന്റെ സംഘർഷങ്ങളുടെ പിടിയിലകപ്പെന്ന മനുഷ്യൻ തിരിച്ചുപോകാനാഗ്രഹിക്കുന്നത് അവരുടെ ആദിമജീവിതത്തിലേക്കാണ്. അവിടെ വന്യതയാണ് ഏതൊരു ജീവിയ്ക്കുമെന്ന പോലെ മനുഷ്യനും കൈമുതലാവുന്നത്.
പുല്ലുകൾ എന്ന കവിതയിൽ പ്രകൃതിയോടുള്ള തന്റെ മനോഭാവം കവി വ്യക്തമാക്കുന്നുണ്ട്.
ചെറുകരം കൊണ്ടു ഞാനോമനിച്ചേൻ കറുകയെത്തായിന്റെ കൂന്തൽപോലെ നനവാർന്ന പുൽത്തട്ടിൽ ഞാൻ കിടന്നേൻ ജനകന്റെ മാർത്തട്ടിലെന്ന പോലെ
പ്രകൃതിയെ കവിയിവിടെ ഒരഭയസ്ഥാനമായി പ്രഖ്യാപിക്കുന്നു. കറുകച്ചെടി അമ്മയുടെ കൂന്തലായും നനവാർന്ന പുൽത്തട്ട് അച്ഛന്റെ മടിത്തട്ടായും സങ്കൽപ്പിക്കുന്നു. ഏത് ദുരിതത്തിലും തന്റെ ഭാരങ്ങളെല്ലാം ഇറക്കാൻപോന്ന ഇടമാണ് പ്രകൃതിയെന്ന് കാണാം. അല്ലെങ്കിൽ ഈയൊരു ഇഴുകിച്ചേരലിലാണ് ആത്യന്തികമായ പൂർണതയെ കണ്ടെത്താനുള്ള ശ്രമം കവി നടത്തുന്നത്.
വർത്തമാന കാലത്തിന്റെ കവിയാണ് വൈലോപ്പിള്ളി എന്നുപറയാം. ഭൂതകാലത്തിന്റെ കോട്ടകൊത്തളങ്ങളെ അലങ്കരിക്കാനോ മോടിപിടിപ്പിക്കാനോ അദ്ദേഹം മുതിർന്നില്ല. പാരമ്പര്യത്തിന്റെ യാതൊരു ബാധ്യതകളേയും മേലിൽ പേറാതെ വർത്തമാനത്തിന്റെ യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി കവിതയിലവതരിപ്പിച്ചു.
മനുഷ്യപുരോഗതിയെ കുറിച്ചും മനുഷ്യന്റെ നേട്ടങ്ങളെ കുറിച്ചും പുകഴ്ത്തിപ്പാടിയ കവിയാണ് വൈലോപ്പിള്ളി. പ്രാപ്തിയും ധീരതയുമാണ് പുരോഗതിയുടെ ആസ്പദമായി കവി കാണുന്നത്. മലതുരക്കലിലെ അച്ഛനും മകനും നമ്മുടെ ഓർമ്മയിലുണ്ടാകും. നെറ്റിവേർപ്പിലുരുകുവാൻ ഉപ്പിൻ കട്ടയോ കുലപർവ്വതകൂടം എന്ന പിതാവിന്റെ സംശയത്തിന് മർത്ത്യവീര്യമീയദ്രിയെ വെല്ലുമെന്ന് മകൻ നിസ്സംശയം ഉത്തരം നല്കുന്നു.

‘അപ്പനെന്നൊച്ചയങ്ങു കേൾക്കാമോ?' അപ്പുറത്തുനിന്നോതിനാനച്ഛൻ: ‘അപ്പനേ, യെനിയ്ക്കസ്സലായ് കേൾക്കാം' പിന്നെ നീണ്ടിതാഗ്ഗദ്ഗദാമേവം ‘എന്മകനേ, ഞാൻ വിശ്വസിയ്ക്കുന്നു.'
പുതിയ കാലത്തോടും കാലത്തിന്റെ മാറ്റങ്ങളോടും കവിയ്ക്കുള്ള വിശ്വാസമാണിവിടെ കാണാനാവുന്നത്. വർത്തമാന കാലത്തിന്റെ കവിയാണ് വൈലോപ്പിള്ളി എന്നുപറയാം. ഭൂതകാലത്തിന്റെ കോട്ടകൊത്തളങ്ങളെ അലങ്കരിക്കാനോ മോടിപിടിപ്പിക്കാനോ അദ്ദേഹം മുതിർന്നില്ല. പാരമ്പര്യത്തിന്റെ മൂല്യങ്ങളെ നിഷേധിക്കാതെ തന്നെ, അതിന്റെ യാതൊരു ബാധ്യതകളേയും മേലിൽ പേറാതെ വർത്തമാനത്തിന്റെ യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി കവിതയിലവതരിപ്പിച്ചു. കാവ്യപാരമ്പര്യത്തെ കാലാനുസൃതമായി ശുദ്ധപ്പെടുത്തുകയും ഉറപ്പുള്ളതാക്കുകയും ചെയ്തു. തന്റെ ചുറ്റുപാടിനെ സൂക്ഷ്മമായി നിരീക്ഷിക്കാനും അതിന്റെ ഉണ്മയെ എഴുതിവെക്കാനും ശ്രമിച്ചു. ആ യാഥാർത്ഥ്യങ്ങൾക്കപ്പുറം ഭാവിയെ കുറിച്ചുള്ള വർണാഭമോ അല്ലാത്തതോ ആയ മനോരാജ്യങ്ങളൊന്നും മെനയാൻ വൈലോപ്പിള്ളി മെനക്കെട്ടിട്ടില്ല.
ജീർണാവശിഷ്ടങ്ങൾ എന്നൊരു കവിതയിൽ ഭാരതത്തിലെ മഹത്തായ പാരമ്പര്യങ്ങൾ എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്ന പലതിനെയും പരിഹാസച്ചുവയോട് കൂടി പരാമർശിക്കുന്നുണ്ട്.
വന്നാലും മറുനാടൻ ടൂറിസ്റ്റുകളേ, കാണാ- മെൻനാട്ടിലിതുപോലെ ജീർണാവശിഷ്ടം നീളെ.
നാടിന്റെ പാരമ്പര്യത്തിലും അവിടെ ഉണ്ടായിരുന്നെന്ന് വിശ്വസിച്ചുപോരുന്ന സമ്പൽസമൃദ്ധിയിലും പേരുകേട്ട ക്ഷേത്രങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയുമെല്ലാം പേരിൽ കവികൾക്ക് വർണിച്ചു പാടാൻ പൊതുവെ താല്പര്യം കാണും. അവർ ചരിത്രത്തെ സത്യമായി കണ്ട് അതിലഭിരമിച്ചു പോകുന്നു. എന്നാൽ വൈലോപ്പിള്ളിയിൽ ഈ അഭിരമിക്കൽ കാണാനാവില്ല. ചരിത്രത്തെ പുകഴ്ത്തി തന്റെ മുന്നിലെ യാഥാർത്ഥ്യങ്ങൾക്കുനേരെ കണ്ണടയ്ക്കാൻ അദ്ദേഹം മനസ്സുകാണിച്ചില്ല. അതേകവിതയിൽ തന്നെ നീരാഴിമണ്ഡപങ്ങളിലെ അനശ്വര ശിലാശില്പങ്ങളായ ദേവമാനവസ്ത്രീരൂപങ്ങളെ കുറിച്ച് പറഞ്ഞതിനു തൊട്ടുപിന്നാലെ എഴുതുന്നു:
അവർതൻ മിഴി നീണ്ട സന്തതിയതാ തെണ്ടാ- നവശം കൈക്കുഞ്ഞുമായ് പ്ലാറ്റ്‌ഫോമിൽ ചുടുവെയിലിൽ!
മിനുപ്പും മുഴപ്പും നിറഞ്ഞ ദേവമാനവ സ്ത്രീരൂപങ്ങളെ കണ്ടാസ്വദിച്ച് മഹനീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വാഴ്ത്തുകാരനാവുന്നതിനു പകരം ഇതേ നരവർഗത്തിന്റെ ചരിത്രപരമായ തുടർച്ചയെ അവലോകനം ചെയ്യാനും ദാരുണമായ വർത്തമാനത്തെ തുറന്നു കാട്ടാനുമാണ് വൈലോപ്പിള്ളി മുതിർന്നത്.
ഓണപ്പാട്ടുകാർ എന്ന കവിതയിലും ചരിത്രത്തെയും നാടിന്റെ മഹത്തായ പാരമ്പര്യത്തെ കുറിച്ചും കവി പറയുന്നുണ്ട്.

അവകൾ കിനാവുകളെന്നാം ശാസ്ത്രം, കളവുകളെന്നാം ലോകചരിത്രം ഇവയിലുമേറെ യഥാർത്ഥം ഞങ്ങടെ ഹൃദയനിമന്ത്രിതസുന്ദരതത്ത്വം.
‘മനുഷ്യവർഗത്തിന്റെ ഓർമയിൽ നിലവിൽ ഉള്ളവയെയാണ് കവി യഥാർത്ഥ്യമായും സത്യമായും കണക്കാക്കുന്നത്. മനുഷ്യവർഗത്തിന്റെ ഓർമയിൽ, എന്നോ നിലനിന്നിരിക്കാവുന്ന ഒരു സ്വർഗയുഗത്തിന്റെ നിഴലുകൾ തങ്ങിനില്ക്കുന്നുവെന്നും മറ്റൊരു സഹായവും കൂടാതെ അവ അവയിൽതന്നെ സത്യമാണെന്നുമുള്ള ഈ പ്രഖ്യാപനം പ്രസിദ്ധ മനശാസ്ത്രജ്ഞനായ യുങ്ങിന്റെ വർഗ്ഗസ്മൃതി സിദ്ധാന്തവുമായി പൊരുത്തമുള്ളതാണ്' (വൈലോപ്പിള്ളി സമ്പൂർണകൃതികൾ, പേജ് 578) എന്ന് ഓണപ്പാട്ടുകാരുടെ അവതാരികയിൽ എം. എൻ. വിജയൻ പറയുന്നു.
ചരിത്രത്തോട് നാം എത്തരത്തിലാണ് സംവദിക്കുന്നത് എന്ന കാര്യം ഇന്നേറെ പ്രസക്തമാണ്. ഏത് ചരിത്രവും സമകാലികചരിത്രമാണ് എന്ന് ക്രോച്ചെ അഭിപ്രായപ്പെടുന്നു. ഈ ദർശനം നമുക്ക് വൈലോപ്പിള്ളിയിൽ കാണാം. ഉള്ളതിനെ അതേപടി സ്വീകരിക്കാൻ വൈലോപ്പിള്ളി താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. ചരിത്രത്തെ പരാമർശിക്കുമ്പോഴെല്ലാം കവി നിതാന്ത ജാഗ്രത വെച്ചു പുലർത്തുന്നുണ്ട്. ഇത് കവിയെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുകയും ചെയ്യുന്നു.
മനുഷ്യന്റെയും അവർ ഇന്നുവരെ നിർമിച്ചുവെച്ച ലോകത്തിന്റെയും വളർച്ചയുടെയും രേഖപ്പെടുത്തലായി വൈലോപ്പിള്ളി കവിതകളെ കാണാം. പ്രപഞ്ചത്തിലെ സകലതിനും മീതെയൊരു സ്ഥാനത്തിൽ കവി നരവർഗത്തെ പ്രതിഷ്ഠിക്കുന്നില്ല.
വൈലോപ്പിള്ളി കവിതകളിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തതമായി വളരെ പ്രകടമായി കടന്നുവരുന്ന ഒന്നാണ് അടിക്കുറിപ്പുകൾ. ലളിതമായ പദങ്ങൾക്കുപോലും അടിക്കുറിപ്പു നല്കുന്ന ശീലത്തെ പലരും കവിയുടെ സ്വഭാവത്തിലും എഴുത്തിലുമുള്ള കണിശതയായി കണ്ടു. തന്നെ സമൂഹം തെറ്റായി വായിക്കുമോ, തെറ്റായി മനസ്സിലാക്കുമോ എന്നിങ്ങനെയുള്ള വിചാരങ്ങളും അതിന് കാരണമായിരിക്കാം. മാത്രമല്ല, അനേകം കവിതകളിൽ നിന്നും തന്റെ കവിത തിരിച്ചറിയപ്പെടാതെ പോകുമോ എന്ന ആശങ്കയും ഉത്ക്കണ്ഠയും അതിലുണ്ടായിരിക്കാം. ചങ്ങമ്പുഴയടക്കമുള്ള ധാരാളം കവികൾ എഴുതിയിരുന്ന കാലത്ത് തന്റെ കവിതകൾ അവയിൽ നിന്നും വ്യത്യസ്തമാക്കാൻ വൈലോപ്പിള്ളി ശ്രമിച്ചിട്ടുണ്ട്.
ധന്യനാമിടപ്പള്ളിലെ ഗാന- കിന്നരന്റെ കവിതകൾ പാടി, കന്യകമാരുമൊത്തയൽവക്കിൽ കൈയുകൊട്ടി കളിച്ചതിൻശേഷം എന്നുടെയൊച്ച കേട്ടുവോ വേറി- ട്ടെന്നു പിറ്റേന്ന് ചോദിക്കുവോളോ...
കുടിയൊഴിക്കലിൽ നമുക്ക് ഈ ചോദ്യത്തെ നേരിട്ടുകേൾക്കാം. ‘ധന്യനാമിടപ്പള്ളിയിലെ ഗാനകിന്നരന്റെ കവിതകൾ പാടി കന്യമാരുമൊത്ത് കൈകൊട്ടിക്കളിക്കു’ശേഷം തന്റെ ഒച്ച വേറിട്ട് കേട്ടുവോ എന്ന് പിറ്റേന്ന് പ്രണയിനി കാമുകനോട് ചോദിക്കുന്നതാണിത്. ‘ധന്യനാമിടപ്പള്ളിയിലെ ഗാനകിന്നരൻ’ ചങ്ങമ്പുഴയാവാനേ തരമുള്ളൂ. അതിൽ നിന്നെല്ലാം തന്റെ ശബ്ദം വേറിട്ട് കേൾക്കണമെന്നത് വൈലോപ്പിള്ളിയ്ക്ക് വളരെ പ്രധാനമായിരുന്നു എന്നുവേണം കരുതാൻ. വേറിട്ടു കേൾപ്പിക്കുന്നതിൽ വിജയിച്ചിട്ടുമുണ്ട്.

മനുഷ്യന്റെയും അവർ ഇന്നുവരെ നിർമിച്ചുവെച്ച ലോകത്തിന്റെയും വളർച്ചയുടെയും രേഖപ്പെടുത്തലായി വൈലോപ്പിള്ളി കവിതകളെ കാണാം. മനുഷ്യവർഗത്തിന്റെ നേട്ടങ്ങളെ ആവേശത്തോടെ പുണരുമ്പോഴും പ്രപഞ്ചത്തിലെ സകലതിനും മീതെയൊരു സ്ഥാനത്തിൽ കവി നരവർഗത്തെ പ്രതിഷ്ഠിക്കുന്നില്ല. ഹ്യുമനിസത്തിന്റെ എന്ന പോലെതന്നെ പോസ്റ്റ് ഹ്യുമനിസത്തിന്റെയും വക്താവായി നമുക്ക് വൈലോപ്പിള്ളിയെ വായിച്ചെടുക്കാം. പോസ്റ്റ് ഹ്യുമനിസം മനുഷ്യചരിത്രത്തിലെ തന്നെ ഒരു പുതിയ ഘട്ടമാണ്. മനുഷ്യൻ പ്രകൃതിയിലെ മറ്റ് ജീവജാലങ്ങൾക്ക് സമമാകേണ്ടതിന്റെ പ്രാധാന്യത്തിൽ നിന്നാണ് മാനവാനന്തരവാദത്തിന് പ്രസക്തി ലഭിക്കുന്നത്. ‘മനുഷ്യൻ' എന്ന ലേബലിൽ സവിശേഷമായ കഴിവുകളുള്ള കൂട്ടം എന്ന അധികാരത്തോടെ സകലതിനേയും കാൽചുവട്ടിലാക്കാനുള്ള അപകടകരമായ പ്രവണത ആധുനികതയുടെ കടന്നുവരവോടെ സമൂഹത്തിലുണ്ടായിട്ടുണ്ട്. മനുഷ്യന്റെ യുക്തി വളരെ ഗണനീയമായി കണക്കാക്കപ്പെട്ടു. പ്രകൃതിയുടെ മൊത്തം സമതുലനാവസ്ഥയെയും സാരമായി ബാധിക്കുന്ന തരത്തിലേക്ക് പോലും ഈ ആത്മഗർവ് കൊണ്ടെത്തിക്കുന്നു. മനുഷ്യപുരോഗതിയെ വാനോളം പുകഴ്ത്തുമ്പോഴും അതിൽ അഭിമാനിക്കുമ്പോഴും ഒന്ന് മാറിനിന്നുകൊണ്ട് നോക്കിയാൽ പൊയ്‌പ്പോവുന്ന ചില ഗ്രാമീണ നന്മകളെപ്പറ്റി കവി ആശങ്കപ്പെടുന്നത് കാണാം. സൂക്ഷ്മമായി വീക്ഷിച്ചാൽ ഈ ആശങ്ക കേവലം നഷ്ടസ്മരണയോ ഗൃഹാതുരതയോ അല്ലെന്ന് വ്യക്തമാകും. അത് മനുഷ്യൻ എന്ന സവിശേഷസൃഷ്ടി പ്രകൃതിയിൽ നിന്നും ഭിന്നവും, സ്വകല്പിതവുമായ മറ്റൊരു ഉന്നതിയിൽ സ്വയം പ്രതിഷ്ഠിക്കുന്നതിനെപ്പറ്റിയും അതു പ്രകൃതിയിലുണ്ടാക്കാവുന്ന ആഘാതങ്ങളെപ്പറ്റിയുമാണ്.
പോസ്റ്റ്ഹ്യൂമൺ വിചാരലോകങ്ങൾ എന്ന ടി.ടി. ശ്രീകുമാറിന്റെ പുസ്തകത്തിലെ ആമുഖത്തിന്റെ ആരംഭത്തിൽ തന്നെ വൈലോപ്പിള്ളിയുടെ കൃഷിപ്പാട്ടിലെ വരികളോടെയാണ് അദ്ദേഹം മാനവാനന്തര ലോകത്തെ കുറിച്ചുള്ള ചിന്തകൾ ആരംഭിക്കുന്നത്.
നാളെയോ യന്ത്രം വിത്തുവിതയ്ക്കും, യന്ത്രം കൊയ്യും, നീളവെ യന്ത്രം കറ്റ മെതിക്കും യന്ത്രം ചേറും മനുജശ്രമം ലഘുതരമാമതു പിന്നെ മധുരിപ്പാൻ ലഘു ഗാനമെന്തിനു വേണം? കൃത്രിമവളം നൂറു മേനി നല്കിടാം മർത്ത്യ ഹൃത്തിലെപ്പശി മാറ്റാനെന്തന്നു യന്ത്രപ്പാട്ടോ?
ഈ കാണുന്ന വളർച്ചയ്ക്കും പരിവർത്തനങ്ങൾക്കും അപ്പുറം മനുഷ്യൻ എത്തിപ്പെടുന്ന കാലത്തിലേക്കാണ് കവി തന്റെ ചോദ്യം ഉന്നയിക്കുന്നത്. ആ മാനവാനന്തര കാലത്തിൽ ഹൃദയത്തിന്റെ വിശപ്പ് മാറ്റാൻ എന്തു പാട്ടാണുണ്ടാവുക എന്നും സന്ദേഹിക്കുന്നു.
കേണു ഞാൻ മൃഗമനസ്സെത്ര നിർമ്മലം മർത്ത്യ- നാണു വൃത്തികേടുള്ളിൽ നാട്യവും പഴഞ്ചൊല്ലും
എന്നും അദ്ദേഹം ഭംഗ്യന്തരേണ തുറന്നു പറഞ്ഞിട്ടുള്ളതാണല്ലോ. ഭൂമിയിൽ മനുഷ്യനടക്കമുള്ള ജന്തുജീവജാലങ്ങളുടെ മഹത്വത്തെ എന്ന പോലെ നിസ്സാരതയെയും മനസ്സിലാക്കിയാണ്,
ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം വെന്തുവെണ്ണീറായ് ചമഞ്ഞുപൊയ്‌പോകിലാം
എന്ന് വൈലോപ്പിള്ളി എഴുതിയത്.
ഈ ചിന്തകളോട് ചേർത്തുവെക്കാവുന്ന മറ്റൊരു കവിതയാണ് മ്യൂസിയം പാർക്കിൽ. ഒരു സ്ത്രീയും പുരുഷനും അനേകം ജന്തുജാലങ്ങൾ വിഹരിക്കുന്നതിനിടയിൽ മ്യൂസിയത്തിലെ ബെഞ്ചിൽ ഇരിക്കുന്നു. അരളിപ്പൂക്കളും തൈവാകകളും കുയിൽനാഥവുമുള്ള മനോഹരമായ ആ ചുറ്റുപാടിൽ മനുഷ്യർ ഒരധികപ്പറ്റല്ലെ എന്ന് നായിക സംശയിക്കുന്നു. പാർക്കിലുള്ള ഒരു മൈനയുടെ കണ്ണിലൂടെയാണ് ആ സംശയത്തിന് കവി തീർപ്പു വരുത്തുന്നതെന്നാണ് എടുത്തുപറയേണ്ട കാര്യം.
ഓമലേ മന്ത്രിക്കുന്നതെന്തു നീ? മനുഷ്യരാം നാമധികപ്പറ്റല്ലീ പ്രകൃതിരംഗത്തിങ്കൽ സമമീക്കിളിപോലെ, പൂപോലെ നാമും ചേർന്നേ രമണീയോദാരമീയരങ്ങു നിറഞ്ഞിടു ചൊല്ലുകയാവാം മൈന, ‘യിണയാമിരുമർത്ത്യർ സൊള്ളുകയാണാബ്ബഞ്ചിൽ, എന്തു കൗതുകം കാണ്മാൻ’
ഈ കവിതയെ കുറിച്ച് എൻ. അജയകുമാർ എഴുതിയതിങ്ങനെയാണ്: ‘മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്ന വിവേകം മാത്രമല്ല, മനുഷ്യരെ നോക്കി കൗതുകം കൊള്ളുന്ന മൈനയെ പ്രതിപരീത്യാ ചിത്രീകരിക്കുന്നതിലൂടെ മനുഷ്യനുൾപ്പെട്ട ജന്തുസഞ്ചയം പ്രകൃതിയുടെ ആഹ്ലാദത്തിൽ തുല്യപങ്കുവഹിക്കുന്നുവെന്ന അധികാരനിഷേധം കൂടി ഈ വരികൾ കാണിച്ചു തരുന്നു.' ( വാക്കിലെ നേരങ്ങൾ, എൻ. അജയകുമാർ, പുറം 71).
എല്ലാ മേൽകീഴ് ബന്ധങ്ങൾക്കുമപ്പുറമുള്ള മനുഷ്യനടക്കമുള്ള ജന്തുവർഗത്തെ വിഭാവനം ചെയ്ത ആധുനികനും ആധുനികാനന്തരനുമായ കവിയാണ് വൈലോപ്പിള്ളി.
ഈ കവിതയ്ക്ക് വൈലോപ്പിള്ളി നല്കുന്ന അടിക്കുറിപ്പ് മാനവാനന്തര ചിന്തയെ സംബന്ധിച്ച് വളരെ പ്രസക്തമായി തോന്നുന്നു: ‘‘മനുഷ്യൻ ‘താൻപോരിമ'ക്കാരനാണ്. ജീവലോകത്തിൽ അത്യുൽക്കൃഷ്ടനാണു താൻ എന്നാണ് അവന്റെ ഭാവം. കവികൾ പോലും മനുഷ്യന്റെ പശ്ചാത്തലമായി മാത്രം പ്രകൃതിയെ കാണുന്നു. മനുഷ്യൻ പ്രേമിക്കുന്നു, ആ രംഗത്തിൽ പൂമരങ്ങളും കൊക്കുരുമ്മിയിരിക്കുന്ന കിളികളും ‘അകമ്പടി സേവിക്കുന്നു'- ഇങ്ങനെ. പക്ഷേ മനുഷ്യൻ ഈ വസന്തത്തിൽ അത്രയും പ്രധാനമല്ലാത്ത (സാമാന്യമായ) ഒരംശമാണെന്നത്രെ ഈ ഗീതകത്തിലെ വിവക്ഷ. അതുകൊണ്ട് ഊറ്റത്തിനു കുറവുണ്ടാകാമെങ്കിലും ആഹ്ലാദം കുറയണമെന്നില്ല. അനേകം (ജന്തുസസ്യങ്ങളുടെ) ഉദ്വാഹങ്ങൾ നടക്കുന്ന കല്യാണപ്പന്തലിലാണു നമ്മൾ മനുഷ്യമിഥുനങ്ങളും. കൂടുതൽ ആഹ്ലാദത്തിനല്ലെ അത് വഴിവെക്കുന്നത്?’’ (വൈലോപ്പിള്ളി സമ്പൂർണകൃതികൾ, പേജ് 484).

മനുഷ്യന് മറ്റു ചരാചരങ്ങളുടെ മേൽ അധികാരജഡിലമാർന്ന മനോഭാവമാണുള്ളതെന്ന വൈലോപ്പിള്ളിയുടെ പൂർണബോധ്യത്തെയാണ് കവിതയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പിലൂടെ വ്യക്തമാകുന്നത്. ഇന്നേവരേ മനുഷ്യൻ ജന്തുലോകത്തെ തങ്ങളുടെ ജീവിതത്തിന്റെ വെറും പശ്ചാത്തലമായാണ് വീക്ഷിച്ചിട്ടുള്ളത്. ഒരു വസന്തകാലത്തിൽ മനുഷ്യനതിലെ അത്ര പ്രധാനമല്ലാത്ത അംശമായി മാറുന്നു, അതോടെ മനുഷ്യന്റെ ഊറ്റത്തിന് കുറവുണ്ടാകാമെന്നും അത് കൂടുതൽ ആഹ്ലാദത്തിന് വഴിവെക്കുമെന്നും കവി പറയുന്നു. ഇവിടെ പറയുന്ന ഊറ്റം തികച്ചും അധികാരത്തോട് ബന്ധപ്പെട്ട് നിൽക്കുന്നതാണെന്ന് എൻ. അജയകുമാർ നിരീക്ഷിക്കുന്നുണ്ട്.
മനുഷ്യന്റെ ഏത് ജീവിതഘട്ടത്തിലേക്കും കോർത്തുവെക്കാവുന്ന വരികൾ വൈലോപ്പിള്ളി കവിതയിലുണ്ട്. വൈയക്തികമായ പല ദൗർബല്യങ്ങളെയും സാമൂഹിക യാഥാർത്ഥ്യത്തിന്റെ ഉറപ്പും കരുത്തും കൊണ്ട് മറികടന്ന കവിയാണ് വൈലോപ്പിള്ളി.
മനുഷ്യന് ലോകത്തിനുമീതെ നടത്തുന്ന ഈ അധികാരം സ്ഥാപിക്കലിനെ കുറിച്ചും, മനുഷ്യൻ ഒന്നിന്റെയും അധികാരം കയ്യാളാതിരിക്കേണ്ടതിനെ കുറിച്ചും ചിന്തിച്ച, എല്ലാ മേൽകീഴ് ബന്ധങ്ങൾക്കുമപ്പുറമുള്ള മനുഷ്യനടക്കമുള്ള ജന്തു വർഗത്തെ വിഭാവനം ചെയ്ത ആധുനികനും ആധുനികാനന്തരനുമായ കവിയാണ് വൈലോപ്പിള്ളി.
പുതിയ കാലത്ത് പുതിയ വായനകൾ തുറന്നിടുന്നവയാണ് വൈലോപ്പിള്ളി കവിതകൾ. ഇന്നും നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന കവിയും കവിതയും. മനുഷ്യന്റെ ഏത് ജീവിതഘട്ടത്തിലേക്കും കോർത്തുവെക്കാവുന്ന വരികൾ അതിലുള്ളടങ്ങിയിട്ടുണ്ട്. വൈയക്തികമായ പല ദൗർബല്യങ്ങളെയും സാമൂഹിക യാഥാർത്ഥ്യത്തിന്റെ ഉറപ്പും കരുത്തും കൊണ്ട് മറികടന്ന കവിയാണ് വൈലോപ്പിള്ളി. ജീവിതത്തിന്റെ ഒറ്റപ്പെടലുകളിലും ആകുലതകളിലും ഇദ്ദേഹം സംവദിച്ചത് കവിതകളോടാണ്. ഈ സംവാദങ്ങളിൽ ആധുനിക മനുഷ്യനനുഭവിച്ച എല്ലാ വ്യഥകളും ഉള്ളടങ്ങിയിട്ടുണ്ട്. നേരിയൊരു കുറ്റബോധത്തിന്റെയും ആത്മനിന്ദയുടെയും നിരാശയുടെയും അംശങ്ങളതിൽ കാണാം. ഈ അംശങ്ങളെയെല്ലാം ചേർത്തുവെച്ച് മറ്റ് ജന്തുജീവജീലങ്ങളോട് ചേർന്നു നിൽക്കുന്ന നരവർഗത്തെ ഒരു അശ്രുകണമായ് സങ്കല്പിച്ചാൽ നമുക്കതിനെ ഈ വിധം പാടി നിർത്താം,
ഊഴിയിൽ ഞാൻ മറ്റെന്താ- ണൂർന്നിടുവോരശ്രുകണം. ▮
സഹായകഗ്രന്ഥങ്ങൾ: 1) അജയകുമാർ. എൻ., സസ്യജന്തുരാശി വൈലോപ്പിള്ളിക്കവിതയിൽ, വാക്കിലെ നേരങ്ങൾ, 2019, കേരള സാഹിത്യ അക്കാദമി തൃശൂർ. 2) ലീല.സി.പി., വൈലോപ്പിള്ളി നേരിന്റെ വേനൽപ്പൊരുൾ, 2008, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം. 3) ശ്രീകുമാർ.ടി.ടി., പോസ്റ്റ് ഹ്യൂമൻ വിചാരലോകങ്ങൾ ശാസ്ത്രം സൗന്ദര്യം മൃത്യുരാഷ്ട്രീയം, 2021, പുസ്തകപ്രസാധക സംഘം. 4) ശ്രീധരമേനോൻ വൈലോപ്പിള്ളി, സമ്പൂർണകൃതികൾ, 2001, കറൻറ് ബുക്സ് തൃശൂർ.
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.