ഗബ്രിയേല മിസ്ട്രാൽ / Photo: Wikimedia Commons

‘ഞാൻ നിങ്ങൾക്ക് വേണ്ടി പാടുമ്പോൾ
ലോകം പാപം ചെയ്യൽ നിർത്തി വെക്കുന്നു.. ’

ലാറ്റിനമേരിക്കയ്ക്ക് സാഹിത്യത്തിൽ ആദ്യ നോബൽ സമ്മാനം കൊണ്ടുവന്ന ഗബ്രിയേല മിസ്ട്രാലിന്റെ കാവ്യജീവിതം

തിനാറു വയസുള്ള ഒരു നാണക്കാരൻ സ്കൂൾ കുട്ടിയായാണ് അവൾ അവനെ ആദ്യം കണ്ടത്. നല്ല ഉയരമുണ്ടെങ്കിലും തല കുനിച്ചാണ് നടപ്പ്. കുഞ്ഞിലെ തൊട്ട് കവിതയെഴുതുന്ന ഒരു സ്വപ്നക്കാരൻ പയ്യൻ. പക്ഷെ തീരെ ആത്മവിശ്വാസമില്ല.. "വേലയും കൂലിയുമില്ലാത്ത കവിതയെഴുത്തു നിറുത്തി, കാശു കിട്ടുന്ന വല്ല പണിയും പഠിക്കെടാ' എന്നാണ് അപ്പന്റെ ശാസന. റയിൽവേ ഗാർഡാണ് അപ്പൻ.. ജനിച്ചയുടനെ അമ്മ നഷ്ടപ്പെട്ടതാണ്. കുഞ്ഞിലേ ആദ്യമെഴുതിയ കവിത അപ്പനെയും രണ്ടാം അമ്മയെയും കാണിച്ചപ്പോൾ ഇതെവിടുന്ന് കട്ടെടുത്തതാണെന്നായിരുന്നു ആക്രോശം.. അതിനു ശേഷം ഒളിച്ചിരുന്നാണ് കവിതയെഴുത്ത്; കള്ളപ്പേരിൽ..

അവൾ 30 വയസുകാരി. ലുസിലാ എന്ന സ്കൂൾ ടീച്ചർ.
തൊട്ടടുത്ത ഗേൾസ് സ്കൂളിലെ ഹെഡ് ടീച്ചർ. അവളും പകുതി അനാഥയാണ്. മൂന്നാംവയസിൽ അച്ഛനുപേക്ഷിച്ച് പോയവൾ. പതിമൂന്ന് വയസു വരെ മാത്രം ഔപചാരിക സ്കൂൾ വിദ്യാഭ്യാസം. പിന്നെ സ്വന്തമായിരുന്നു പഠനം. അരിഷ്ടിച്ച് ജീവിക്കുന്നവൾ. കവിതക്കാരി. ജോലി നഷ്ടപ്പെടുമോ എന്നുപേടിച്ച് ഗബ്രിയേൽ മാലാഖയുടെയും കടൽക്കാറ്റിന്റെയും പേരുകൾ കൂട്ടിച്ചേർത്ത് തൂലികാനാമമാക്കി ആ മറയിൽ എഴുതുന്നവൾ. അവളെപ്പോലെ ആർക്ക് അവനെ മനസിലാവും.

"മെമ്മോയിർസ്' എന്ന തന്റെ ഓർമക്കുറിപ്പുകളിൽ നെരൂദ ഗബ്രിയേലയ്ക്ക് സ്തുതി പറയുന്നുണ്ട്; തന്നിലെ എഴുത്തുകാരന്റെ ശബ്ദം തിരിച്ചറിയാൻ സഹായിച്ചതിന്

കവിത കവിതയെ തൊട്ടതു പോലെയായിരുന്നു അത്. ഒഴുക്കിൽ തടഞ്ഞുകിടന്ന് സുഗന്ധം കെട്ടുപോകുമായിരുന്ന ഒരു കാട്ടുപൂക്കുലയെ പതുക്കെ വെള്ളമിളക്കി, ഗതി തെളിച്ച് , ഒഴുക്കി വിടുന്നതു പോലെ.. അത്ര സൗമ്യമായി അവൾ അവന്റെ ജീവിതത്തെ സ്പർശിച്ചു. അങ്ങനെ ചിലരുണ്ട്. മറ്റു ചിലരുടെ ജീവിതത്തിൽ അവർക്ക് നിയോഗം പോലെയൊരു കാറ്റലിസ്റ്റ് റോൾ നൽകപ്പെട്ടിട്ടുണ്ടാവും. എഴുത്താണ് നിന്റെ വഴിയെന്ന് അവൾ ആണ് അവന് പറഞ്ഞ് കൊടുത്തത്. പതുക്കെ കൈ പിടിച്ച് റഷ്യൻ ക്ലാസിക്കുകളുടെ ലോകത്തേക്ക് നയിച്ചു. ടോൾസ്റ്റോയ്, ദസ്തയോവിസ്കി, ആൻറൺ ചെക്കോവ്... ചുറ്റും തിളച്ചുമറിയുന്ന സ്വന്തം രാജ്യത്തെയും മനുഷ്യരെയും കൂടെ കവിതയിലേക്ക് കൊണ്ടുവരണമെന്ന് അവനെ ഓർമ്മപ്പെടുത്തി.

ഗബ്രിയേല മിസ്ട്രാൽ യൗവ്വനകാലത്ത്‌

ടീച്ചർമാർ മാലാഖമാരായി പരാവർത്തനം ചെയ്യപ്പെടാറുണ്ട് ചിലപ്പോഴൊക്കെ. ഏതു നാട്ടിലും, ഏതു കാലത്തും. "ഇരുപതാം നൂറ്റാണ്ടിലെ എല്ലാ ഭാഷകളിലെയും ഏറ്റവും നല്ല കവി' എന്ന് മാർകേസ് വിശേഷിപ്പിച്ച പാബ്ലോ നെരൂദയാണ് ആ കുട്ടി. ടീച്ചറാവട്ടെ ഗബ്രിയേല മിസ്ട്രാൽ. ലാറ്റിനമേരിക്കയ്ക്ക് സാഹിത്യത്തിൽ ആദ്യത്തെ നോബൽ സമ്മാനം കൊണ്ടുവന്നവൾ. "മെമ്മോയിർസ്' എന്ന തന്റെ ഓർമക്കുറിപ്പുകളിൽ നെരൂദ ഗബ്രിയേലയ്ക്ക് സ്തുതി പറയുന്നുണ്ട്; തന്നിലെ എഴുത്തുകാരന്റെ ശബ്ദം തിരിച്ചറിയാൻ സഹായിച്ചതിന്.

മധ്യ ചിലിയിലെ ടെമുകോയിൽ വെച്ചാണ് ആദ്യമായി അവരുടെ വഴികൾ കൂട്ടിമുട്ടിയത്. "ടെമുകോ'; നെരൂദ വളർന്ന നാട്. ജട കെട്ടിയ കാടുകളുടെയും, കൊടും മഴയുടെയും ഭൂമികുലുക്കങ്ങളുടെയും "ലയിമ ' എന്ന തിളച്ചു പൊങ്ങുന്ന അഗ്നിപർവതത്തിന്റെയും നാട്. ലോകത്തിലെവിടെ ആയിരുന്നാലും പാബ്ലോ നെരൂദ ഓർമ്മകളും കവിതയുമായി കൂടെ കൊണ്ടു നടന്നിരുന്ന പ്രിയനാട്. 1920 ലായിരുന്നു അത്. ഇരുപതുകളിലാണ് ലുസിലയുടെയും കവിതകൾ ധാരാളമായി അച്ചടിച്ചു വരാൻ തുടങ്ങിയത്.. ഒരുമിച്ച് വളർന്ന ടീച്ചറും കുട്ടിയും.

നെരൂദയും ഗബ്രിയേലയും ചിലിയുടെ ഹൃദയത്തിന്റെ ഭാഗമായി. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും അടയാളമായി നെരൂദയെയും മാതൃത്വത്തിന്റെയും സ്ത്രൈണ സ്വത്വത്തിന്റെയും സുഗന്ധമായി ഗബ്രിയേലയെയും ചിലി ചേർത്തു പിടിച്ചു. ചിലി അങ്ങനെയാണ്; കവിതയും വിപ്ലവവും പരസ്പരം മോന്തിക്കുടിക്കുന്ന രാജ്യം. വടക്ക് ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയായ അറ്റക്കാമ ആണെങ്കിൽ തണുപ്പിന്റെ കൂടായ ആൻഡിയൻ മലനിരകളും ഇവിടെത്തന്നെ. വിപരീതവും കഠിനവുമായ കാലാവസ്ഥകൾ പോലെ തന്നെ പൊരുത്തമില്ലാത്തതാണ് ഇവിടുത്തെ രാഷ്ട്രീയവും. അസ്ഥിര ഭരണകൂടങ്ങളും ഒലിഗാർക്കിയും പട്ടാള അട്ടിമറികളും. പട്ടിണിയുടെയും അനാഥക്കുഞ്ഞുങ്ങളുടെയും ചിലി. കവികളുടെ ചിലി. വാക്കുകൾ ഉതിർന്നു വീഴുന്ന ആൻഡസിന്റെ താഴ്‌വരകൾ. നെരൂദ തന്നെ പറഞ്ഞതുപോലെ "കവിതയുടെ അസുഖമുള്ള ' ചിലി. ("Chileans have always had a weakness for Poetry.')

വിശക്കുന്നവർക്കും സ്ത്രീകൾക്കും അനാഥക്കുഞ്ഞുങ്ങൾക്കും പല കാരണങ്ങൾ കൊണ്ട് ഓരം പറ്റി ജീവിക്കേണ്ടി വന്നവർക്കും വേണ്ടി അവൾ പാടി. കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു പാട് കവിതകൾ എഴുതിയിട്ടുണ്ട് ഗബ്രിയേല.

വടക്കെ അമേരിക്ക തങ്ങളുടെ രാഷ്ട്രീയ ചിന്തകരെയും വിദഗ്ധരെയും ഡിപ്ലോമാറ്റുകളായി അയയ്ക്കുമ്പോൾ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കവികളെയും എഴുത്തുകാരെയുമാണ് കൗൺസലുകളായി അയച്ചത്. അവർ ഗവൺമെന്റിലും രാഷ്ട്രീയത്തിലും എഴുത്തുകാർക്ക് വലിയ സ്ഥാനം കൊടുത്തു. ഗബ്രിയേല വിവിധ രാജ്യങ്ങളിലെ ചിലിയുടെ കൗൺസലായി, പിന്നീട് നെരൂദയും.1945-ൽ ഗബ്രിയേലയും പിന്നീട് കാൽ നൂറ്റാണ്ട് കഴിഞ്ഞ് നെരൂദയും സാഹിത്യത്തിന്റെ നോബൽ സമ്മാനം ചിലിയിലേക്ക് കൊണ്ടുവന്നു.

ജൈവീകമായി ഒരിക്കൽ പോലും അമ്മയാകാത്ത ഗബ്രിയേല ചിലിയെയാണ് ഗർഭത്തിൽ വഹിച്ചത്. മുലയൂട്ടി നെഞ്ചിൽ കൊണ്ടു നടന്നത് അവിടുത്തെ വിശക്കുന്ന കുഞ്ഞുങ്ങളെയാണ്. അവരുടെ വിദ്യാഭ്യാസത്തിന് അവൾ ലോക വേദികളിൽ തൊണ്ട പൊട്ടി നിലവിളിച്ചു. വിശക്കുന്നവർക്കും സ്ത്രീകൾക്കും അനാഥക്കുഞ്ഞുങ്ങൾക്കും പല കാരണങ്ങൾ കൊണ്ട് ഓരം പറ്റി ജീവിക്കേണ്ടി വന്നവർക്കും വേണ്ടി അവൾ പാടി. കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു പാട് കവിതകൾ എഴുതിയിട്ടുണ്ട് ഗബ്രിയേല.

1966ൽ യു.എസ് ലൈബ്രറി ഓഫ് കോൺഗ്രസിലിരുന്ന് തന്റെ കവിത റെക്കോർഡ് ചെയ്യുന്ന പാബ്ലോ നെരൂദ

ചിലിക്ക് അവൾ രാഷ്ട്രമാതാവും രാഷ്ട്രത്തിന്റെ സ്കൂൾ ടീച്ചറും ആണ്. ജന്മനാടായ "വിക്യുന' യിൽ സ്മാരകമായി ഉണ്ടാക്കിയിരിക്കുന്ന പുരാതന മരങ്ങൾ നിറഞ്ഞ മനോഹര ഉദ്യാനത്തിൽ വെച്ചിരിക്കുന്ന പ്രതിമ പോലും അതാണ്. കുഞ്ഞുങ്ങളെ ചേർത്തു പിടിച്ചു നിലക്കുന്ന ഗബ്രിയേല. കുട്ടികളെ പഠിപ്പിക്കാനായി ഈണത്തിൽ കവിതകളുണ്ടാക്കി പാടിയാണ് അവൾ പാട്ടെഴുത്ത് തുടങ്ങിയത്. ഇപ്പോഴും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സ്കൂൾ കുട്ടികൾ ഉച്ചത്തിൽ ചൊല്ലിപ്പഠിക്കുന്ന അവളുടെ കവിതകൾ..

"ഞാൻ നിങ്ങൾക്ക് വേണ്ടി പാടുമ്പോൾ ലോകം പാപം ചെയ്യൽ നിർത്തി വെക്കുന്നു.. നിങ്ങളുടെ കവിളുകളുടെ ചടുലതയും കാട്ടുനീർച്ചാലും പൂത്ത മുൾപ്പടർപ്പും മാത്രം ബാക്കിയാവുന്നു...'

"എൽക്വി' നദിക്കരയിലെ അതിമധുരമുള്ള മുന്തിരിപ്പഴങ്ങളുടെ നാടായ വിക്യുനയിൽ ജനിച്ചവളുടെ കവിതകളും ആ മധുരം പേറി. ആൻഡിയൻ മലകളിലെ കരിനീല അത്തിപ്പഴങ്ങളുടെ ചൂരും ചൊടിയുമുള്ള , താഴ്​വരകളിലെ ആൽമണ്ട് പൂക്കളുടെ സുഗന്ധമുള്ള കവിതകൾ. കവിത എഴുതാതിരിക്കുകയെന്നാൽ തൊണ്ടക്കുഴിയിൽ നിന്ന് കുതിച്ചുയരുന്ന ഉറവയെ അണകെട്ടി തടയുന്നതു പോലെ അസാധ്യമാണ് തനിക്കെന്നാണ് അവൾ പറഞ്ഞത്. പക്ഷെ തുടക്കത്തിലേ ചാർത്തിക്കിട്ടിയ അമ്മ- ടീച്ചർ ഇമേജറിയിൽ കുടുങ്ങിപ്പോയതിനാൽ അതിന്റെ അപ്പുറം കടന്ന് അവളെ വായിക്കാൻ ആരും മെനക്കെട്ടില്ലെന്ന് വേണം കരുതാൻ. സ്വന്തം നിഴലിന്റെ തടവിലായി പോയവൾ. നിർമല പ്രണയത്തിന്റെയും മാതൃത്വത്തിന്റെയും സഹനത്തിന്റെയും ബിംബങ്ങളിൽ അവൾ തടഞ്ഞു വീണു.

ചിലിയിലെ ഗബ്രിയേല മിസ്ട്രാലിന്റെ സ്മാരകം

"മരിക്കും വരെ ഞാനീ ഓർഗൻറി ധരിക്കേണ്ടി വരുമോ' എന്നവൾ ഒരിക്കൽ പറയുന്നുണ്ട്. സ്കൂൾ ടീച്ചർമാർ ഇടുന്ന കഞ്ഞിമുക്കി വടി പോലെയാക്കിയ കുപ്പായങ്ങളാവാം സൂചന. ജെൻഡർ റോളിലേക്ക് അവളെ സ്റ്റീരിയോടൈപ്പ് ചെയ്യാൻ രാജ്യവും കാലവും ശ്രമിച്ചുകൊണ്ടിരുന്നു. ഗബ്രിയേലയിലെ വിപ്ലവകാരിയെയും വിദ്യാഭ്യാസ ചിന്തകയെയും സാമൂഹിക നീതിയുടെ വക്താവിനെയും ആരും കണ്ടില്ലെന്ന് നടിച്ചു. Having been adulated as a poetess she is not read as a poet എന്ന് ബെർഗ് മാൻ പറയുന്നു. "കവയിത്രിയെന്ന നിലയിൽ ആഘോഷിക്കപ്പെട്ടതുകൊണ്ട് കവിയായി വായിക്കപ്പെടാതെ പോയ ഒരുവൾ '.

ഇരുപതാം നൂറ്റാണ്ടുവരെയെങ്കിലും ജീനിയസ്സായ സ്ത്രീകളുടെയെല്ലാം തലവരയായിരുന്നു അത്. പതിച്ചു കൊടുത്ത ജെൻഡർ റോളിനപ്പുറം പോകാൻ അനുവദിക്കപ്പെടാതിരിക്കുക. ശരിക്കും ആരെന്ന് വായിക്കപ്പെടാതെ കടന്നു പോവുക.. അവൾ ആരുടെയെങ്കിലും അമ്മയായി അറിയപ്പെടും... അത് ദേശത്തിന്റെ ആയാലും. സാഹിത്യത്തിന്റെ നോബൽ സമ്മാനം നടാടെ ഭൂഖണ്ഡത്തിന് കൊണ്ടുവന്ന് കൊടുത്താലും ആരുടെയെങ്കിലും ടീച്ചറായി അറിയപ്പെടാനാണ് യോഗം.. അത് നെരൂദയുടെ ആയാലും..

ഗബ്രിയേല മിസ്ട്രാലിന്റെ രണ്ടു കവിതകൾ. (സ്വതന്ത്ര വിവർത്തനം)

അഴക് (La belleza)

വ്രണിത സ്നേഹത്തിലാണ്
ഞങ്ങളുടെ പാട്ടുകളുടെ പിറവി.
നിരാർദ്രനായ പുരുഷാ,
നിന്റെ ദൃഷ്ടിയിൽ തടയുന്നത്
അവളുടെ ഉടലും ഉദരവും മാത്രമാണ്.
പക്ഷെ....
ഞങ്ങളുടെ അശാന്തി തുടരുകയാണ്.
മുഴുവൻ ഭൂമിയുടെയും ചാരുത
ഞങ്ങളിൽ ചുറ്റോളങ്ങൾ തീർക്കുന്നു..
താരകാർച്ചിതരാവു പോലും
ഞങ്ങളുടെ പ്രണയതല്പമാവുന്നു..
ഞങ്ങൾ പാടുന്ന പാട്ടുകൾ
ഈ അഴകിനുള്ള അർച്ചനകൾ...
അനിയന്ത്രിതമായ വിറയലോടെയാണ്
ഞങ്ങളിതർപ്പിക്കുക..
അനാവൃതമായ മാറ്
നിങ്ങളെ എത്ര വിറകൊള്ളിക്കും എന്ന പോലെ..
ലാവണ്യത്തിന്റെ ഈ പരിലാളനയ്ക്ക്
നിണം കൊണ്ടാണ് ഞങ്ങൾ
ഋണമൊടുക്കുന്നത്.
അഴകിന്റെ അനന്തക്ഷണത്തിന് കാതോർത്ത്..
ദീർഘ പാതകളിലൂടെ
അത്രമേൽ വിറയാർന്ന് ഞങ്ങൾ..
നിങ്ങളെക്കാളെത്രയോ
ചാട്ടവാറേറ്റവർ..
ഞങ്ങൾ
ശുദ്ധി തന്നെയാണ്.

ചാവു പാട്ട് ( La muerte)

കാനേഷുമാരി കണക്കെടുക്കുന്ന
കുനുഷ്ടു തള്ളേ,
നിന്റെ വഴികളിലൊന്നും
​നീയെന്റെ കുഞ്ഞിനെ കാണാൻ വരരുതേ.

ള്ളാവാവകളുടെ മണം പിടിക്കുന്നവളേ,
മുലപ്പാൽ മണത്ത്, മണത്തറിയുന്നവളേ,
നീ ഉപ്പും ചോളവും കണ്ടെടുത്തോളൂ.
എന്റെ പാൽ നീ കണ്ടു പിടിക്കരുതേ.

ലോകമാതാവിന്റെ എതിർപദമേ,
മനുഷ്യരെ പെറുക്കിയെടുക്കുന്നവളേ,
കടൽ തീരങ്ങളിൽ ,ഇടവഴികളിൽ
നീയെന്റെ കുഞ്ഞിനെ കണ്ടുമുട്ടരുതേ.

അവന്റെ മാമ്മോദീസാപ്പേരും
അവന്റെ കൂടെ വളരുന്ന പൂവും
മറന്നു പോട്ടെ നീ, ഒടുക്കത്തെ ഓർമ്മക്കാരീ,
നിനക്കത് നഷ്ടപ്പെട്ടു പോട്ടെ മരണമേ.

ഉപ്പും മണലും കാറ്റും നിന്നെ ഭ്രാന്ത് പിടിപ്പിക്കട്ടെ,
നിനക്ക് കിഴക്കും പടിഞ്ഞാറും തിരിയാതെ പോട്ടെ,
അമ്മയും കുഞ്ഞും തിരിയാതെ പോട്ടെ,
കടലും മീനും തിരിയാതെ പോട്ടെ.

അങ്ങനെ, ആ ദിവസം, ആ മണിക്കൂറിൽ,
നീ എന്നെ കണ്ടെത്തിക്കോളൂ.
എന്നെ എടുത്തോളൂ.
എന്നെ മാത്രം....


ഡോ. സോണിയ ചെറിയാൻ

എഴുത്തുകാരി, ഡന്റൽ സർജൻ. ഇന്ത്യൻ കരസേനയുടെ ഡെന്റൽ കോറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെന്റൽ ഓഫീസറായി പ്രവർത്തിച്ചു. ലഫ്​റ്റനന്റ്​ കേണലായി വിരമിച്ചു.

Comments