പി. പി. രാമചന്ദ്രൻ

ലളിത സവാരിക്കാരൻ

ജീവിതം എന്ത് എന്ന ഏറ്റവും ഗഹനമായ ചോദ്യത്തിന് ഇത്രയും ലളിതമായി ഉത്തരം പറഞ്ഞു തന്ന പി.പി.രാമചന്ദ്രൻ എന്ന രാമചന്ദ്രൻ മാഷല്ലാതെ വേറെ ആർക്കാണ് എന്റെ സ്വന്തം കവിയാവാൻ കഴിയുക?

കൂടുതലും ഗദ്യം വായിക്കാനാണ് വായനാ സമയങ്ങൾ ഞാൻ ഉപയോഗിച്ചിട്ടുള്ളത്. ഒരു ഗദ്യമെഴുത്തുകാരിയായി അറിയപ്പെടണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ഞാൻ കവിയായിപ്പോയി. അപ്പോൾ ആരാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കവി എന്ന് ചോദിച്ചാൽ ഞാൻ എപ്പോഴും ആശയക്കുഴപ്പത്തിൽച്ചാടും. ഒരുപാട് പേരുടെ ഒരു പാട് കവിതകൾ ഒരൊറ്റക്കവിയുടെ കവിതയായിക്കണ്ട്, അതെല്ലാം എന്റെ കവിത എന്നാലോചിക്കാറാണ് പതിവ്. എങ്കിലും പ്രിയപ്പെട്ടൊരു കവിയുണ്ട്. ഇല്ലാതിരിക്കുമോ?

കവിത എനിക്ക് വേദനയും സുഖവും പിന്നെ എന്തെന്നറിയാത്ത ഇരുണ്ട സൗന്ദര്യവും മനസ്സിൽ വ്യാപിപ്പിക്കുന്ന ഒരനുഭവമാണ് . ഇരുട്ട് വരുന്ന സന്ധ്യയിൽ അജ്ഞാതമായ പാട്ടിന്റെ നേർത്ത അല ദൂരെ നിന്ന് കേൾക്കുമ്പോലുള്ള അനുഭവം തരുന്ന ഏത് കവിതയും എനിക്ക് ഇഷ്ടമാണ്.

ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ,

""പല പല നാളുകൾ ഞാനൊരു പുഴുവായ്പവിഴക്കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ പോക്കീ''

എന്ന് ബൈഹാർട്ട് പഠിച്ചു. തരം കിട്ടിയാൽ കൈയ്യിൽ മൂർച്ചയുളള നഖം കൊണ്ട് നുള്ള് വെച്ച് തരുന്ന ജാക്സൺമാഷ് ഞങ്ങൾ എല്ലാ പിള്ളേരെയും ഭീഷണിപ്പെടുത്തിയിരുന്നു. നാളേക്ക് എല്ലാരും ഈ പദ്യം കാണാതെ പഠിച്ചേക്കണം എന്ന്! വേറെ പഠിപ്പിക്കലൊന്നുമില്ല. ആ വരികൾ എഴുന്നേറ്റ് നിന്ന് കണ്ണുമടച്ചങ്ങ് ചൊല്ലുക. കേരള പാഠാവലിയിലെ ഒന്നാമത്തെ പാഠമായിരുന്നു അത്. വലിയൊരു ചിത്രശലഭത്തിന്റേയും ഒരു പ്യൂപ്പയുടേയും പടമുണ്ടായിരുന്നു കവിതയ്ക്കൊപ്പം. വീട്ടിൽ പായിൽ കാൽമുട്ട് രണ്ടും വയറോട് ചേർത്ത് ഉറങ്ങി ഉണരുമ്പോഴെല്ലാം ഞാനാ പ്യൂപ്പയെ ഓർത്തു. പവിഴക്കൂട് എന്ന വാക്ക് കാറ്റിൽ ജിമിക്കി തൂങ്ങിയാടും പോലെ മനസ്സിൽക്കിടന്നാടി.

പി. പി. രാമചന്ദ്രൻ

പിന്നെയും കുറേക്കാലം കഴിഞ്ഞ് ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ, റോഡരികിലെ വീട്ടിൽ എന്നും ചെടികൾക്ക് വെള്ളം ഒഴിക്കുന്ന വൃദ്ധനെ കാണും. ചെറുതായിരിക്കുമ്പോൾ ഞാൻ കണ്ട പൂപ്പാലിക എന്ന കവിതാ സമാഹാരം എഴുതിയ കവിയാണതെന്ന് ചേച്ചി പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. അംബിക ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് ഞാനാക്കവിയെ എന്നും ഒരേ ആരാധനയോടെ നോക്കി.

പിന്നേയും ഒരുപാട് കാലം കഴിഞ്ഞ് കോളേജിൽ എത്തിയപ്പോഴാണ് കവികളുടെ ഒരു ചാകരയ്ക്കു മുന്നിൽ അകപ്പെട്ട് ഞാൻ പകച്ചു പോയത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ 99- ൽ ഒരു കവിയരങ്ങ്. റഫീഖ് അഹമ്മദ്, പി.പി.രാമചന്ദ്രൻ, കെ.ആർ.ടോണി, പി.രാമൻ, ഏ.സി. ശ്രീഹരി, ദിവാകരൻ വിഷ്ണുമംഗലം ...
ഞാൻ പണ്ട് കണ്ട പ്യൂപ്പ ജീവൻ വെച്ച് പറന്ന് എനിക്കു ചുറ്റും കവിതകൾ വിരിയിച്ചു.

എന്റെ പ്രിയപ്പെട്ട കവിയായ പി.പി.രാമചന്ദ്രൻ എന്ന രാമചന്ദ്രൻ മാഷ്
അന്നവിടെച്ചൊല്ലിയ ""കാണെക്കാണെ'' എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.
ഞാൻ വളരെ ചെറുതായിരിക്കുമ്പോൾ നിലത്തു കൂടി ഇഴഞ്ഞുനീങ്ങിയ കടും ചുവപ്പ് തേരട്ടയെ എടുത്ത് കടിച്ച് ചുണ്ടും വായും പൊള്ളിക്കരയുന്ന ഒരോർമ്മയുണ്ട്. ചുണ്ടുകൾ പൊള്ളി നീലിച്ചു പോയിരുന്നു. തേരട്ട ചതഞ്ഞരഞ്ഞ് കുറേ കഷ്ണങ്ങളായി നിലത്തു കിടന്നു. ആ തേരട്ട വൻരൂപം പൂണ്ട് ഒരു തീവണ്ടി കണക്ക് എന്റെ മുന്നിൽ വന്ന് എന്നെ ഉണ്ടക്കണ്ണ് വെച്ച് നോക്കിക്കിടക്കുന്നതായി എനിക്ക് തോന്നി. പാവം! അതിനിപ്പോൾ പൂർണ്ണരൂപം കിട്ടിയിരിക്കുന്നു. ഞാൻ വല്ലാതെ സന്തോഷിച്ചു പോയി. കവിതക്കൊടുക്കം അതിനെ മുഴുരൂപത്തിൽ ഏറ്റിക്കൊണ്ടുപോകുന്ന ഉറുമ്പുകളുടെ കാഴ്ച എനിക്കുള്ളിൽ കുട്ടിക്കാലത്തെ കുണ്ടനിടവഴികളെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു.

""ആവിയോ പുകയോ ശബ്ദമോ ഇല്ല. ഒരു കൂട്ടം ഉറുമ്പുകൾ വലിച്ചു കൊണ്ടുപോവുകയാണ് അതിനെ...''

മാഷ് പ്രണയിച്ചിട്ടുണ്ടാവില്ലേ എന്ന് മാഷിന്റെ കവിത വായിക്കുമ്പോഴൊക്കെ ഞാൻ ശങ്കിച്ചിട്ടുണ്ട്. മാഷിന്റെ കവിതയിൽ ഞാൻ പ്രണയം തിരയുമ്പോൾ അണക്കെട്ട് പോലെ കെട്ടിനിർത്തിയ പ്രണയത്തെ കാണുന്നു. ജലസ്തംഭം എന്ന കവിതയിൽ .

""അരികിലുണ്ടായിരുന്നു നീയെപ്പൊഴും അതുമിതും കാതിൽ മൂളും: ഇടയ്ക്കിടെ ഇമകൾ പൂട്ടി മയങ്ങും, ഉണർന്നിട്ടു കനവുകണ്ടതേതെന്നു ചോദിച്ചിടും''

എനിക്ക് പ്രണയം കെട്ടിനിർത്താനാവാത്ത, പിടിച്ചു നിർത്താനാവാത്ത എവിടെയൊക്കെയോ എന്റെ അനുവാദമില്ലാതെ പരക്കുന്ന വമ്പൻ കാറ്റാണ്. മാഷിൽ പക്ഷേ ഏതൊരു വേദനയേയും ആനന്ദത്തേയും ഒരു യമിയുടെ സംയമനത്തോടെ നോക്കിക്കാണുന്ന കാഴ്ചയുടെ ഒരു സമാന്തര വിതാനമുണ്ട്.
ഒരു ചുവടുപിഴയ്ക്കാതെ കൊടിയ ചുരം താണ്ടി മലമുകളിലെത്തി പിടി വിട്ടൊരു നിശ്വാസം പോലും പുറത്തേക്ക് വിടാതെ അണക്കെട്ട് കണ്ട് തിരിച്ച് ചുരമിറങ്ങുന്ന കാമുകീ കാമുകന്മാർ എനിക്ക് വിസ്മയമായിരുന്നു.

റഫീക്ക് അഹമ്മദിനൊപ്പം

രാമചന്ദ്രൻ മാഷ് വേദിയിൽ കവിത ചൊല്ലുന്നത് ഞാൻ രണ്ടാമത് കണ്ടത് സാഹിത്യ അക്കാദമി ഹാളിൽ വെച്ചാണ്. മാഷ് ക്രൗണിൽ എന്ന കവിത ചൊല്ലുകയായിരുന്നു. യൗവനകാലത്ത് കോഴിക്കോട് തിയേറ്ററിൽച്ചെന്ന് ഇംഗ്ലീഷ് പടങ്ങൾ കാണുന്ന കവി മുണ്ടിൻ കാലം കഴിഞ്ഞ് ഒരുപാട് കാലത്തിനു ശേഷം വീണ്ടും ക്രൗണിൽ എത്തുന്നു. ആ പഴയ തുരുമ്പെടുത്ത എഞ്ചിൻ പുറത്ത് കാഴ്ചയ്ക്കുവച്ചതായിക്കാണുന്നു. കവി അതിൽ തൊട്ടും തലോടിയും നിൽക്കുന്നു. ഭൂതത്തേയും വർത്തമാനത്തേയും ഒരു പോലെ നെഞ്ചോട് ചേർക്കുന്ന ഒരനുഭൂതി ഈ കവിത തരുന്നു. നമ്മളും ആ തിയേറ്ററിലിരുന്ന് ഇംഗ്ലീഷ് പടം കണ്ടമ്പരന്ന്, നമ്മളെയാരും കണ്ടില്ലല്ലോ എന്ന് തിക്കും പൊക്കും നോക്കുന്നതായി തോന്നും ഈ വരികൾ കേട്ടാൽ.

കോളേജ് കാലത്ത് ക്രൗണിൽ ഇംഗ്ലീഷു ലോകം കണ്ടമ്പരക്കും ചെമ്പൻ മുടിക്കാരി കാമുകന്റെ ചുണ്ടുകളീമ്പുന്നത് കണ്ട് കമ്പിത്തരിച്ചിരിക്കും. വെള്ളിത്തിരയിലെ യക്ഷികൾ കോമ്പല്ലുകൊണ്ട് കിനാവു മുറിക്കും.

പിന്നെയക്കാലം മുണ്ടു മാറ്റി ഇംഗ്ലീഷുമട്ടിൽ കാലുറയിട്ട് മാനാഞ്ചിറ ചുറ്റി യെത്രയോ വട്ടം നടന്നു. ഇന്നു വീണ്ടും ക്രൗണിലെത്തിയപ്പോൾ മുറ്റത്തു പണ്ടത്തെയാ പ്രൊജക്ടർ കാഴ്ചകൾ കാട്ടി മോഹിപ്പിച്ച യന്ത്രത്തെ കാഴ്ചക്കു വെച്ചിരിക്കുന്നു. തൊട്ടും തലോടിയും നിന്നു , തുരുമ്പിച്ച പെട്ടിയിൽ കണ്ട ഭൂതത്തെ !

മാഷ് കവിത ചൊല്ലി അവസാനിപ്പിച്ചു.
ഒരു കുഞ്ഞിന് നിറവാത്സല്യത്തോടെ എങ്ങനെ അതിന്നമ്മ ഇങ്ക് കോരിക്കൊടുക്കുന്നുവോ അതേ വാത്സല്യത്തോടെ മാഷ് തന്റെ കവിതയിലെ ഓരോ വരിയും തന്റെ ചുണ്ടിൽക്കോരി കാണികളുടെ ഹൃദയത്തിൽ നിറയ്ക്കുകയായിരുന്നു. പോയ ഒരു സിനിമാക്കാലത്തിന്റെ മധുരമായ ഓർമ്മ, വേഗം കുറഞ്ഞ പരക്കം പാച്ചിലില്ലാത്ത, പോയ്പ്പോയ കഴിഞ്ഞ കാലത്തിന്റെ എടുത്തുവെപ്പ് കൂടിയാണാക്കവിത.

എത്ര മാത്രം ശ്രമിച്ചിട്ടും സൈക്കിളോടിക്കുക എന്ന വിദ്യ കരഗതമാക്കാനാവാതെ വിഷമിച്ച് ശ്രമമുപേക്ഷിച്ച എനിക്ക് മാഷിന്റെ സൈക്കിൾ യാത്ര ഒരുപാട് സന്തോഷം തരാറുണ്ട്. അപ്പോഴൊക്കെ ഞാൻ മാഷിന്റെ "മൈക്കിള്‌ ചേട്ടാ സൈക്കിള് വേണം' എന്ന വരിയോർക്കും. സൈക്കിളിലേറി ചന്ദ്രനിൽ പോകുന്ന ആ സൈക്കിൾ സവാരിക്കാരി ഞാനാണെന്നോർക്കും. കുന്നുകൾ അപ്രത്യക്ഷമായിപ്പോയെങ്കിലും കുന്നിൻ കയറ്റവും ഇറക്കവും ഞാൻ ആ വലിയ ചക്രമുള്ള സൈക്കിളിൽ താണ്ടുന്നതായ് സങ്കല്പിക്കും. അപ്പോൾ ഞാനോടിക്കാത്ത എന്നാൽ ഞാനോടിക്കുന്ന എന്റെ സൈക്കിളും മഴ വെള്ളത്തിലും ചെളിയിലും മൂത്രത്തിലും ഉരുണ്ട് തെന്നി മുന്നോട്ടു പോകും. ജീവിതത്തിന്റെ നാനാ തുറകളും സൈക്കിളിലിരുന്ന് ഞാൻ കാണുന്നതായ് തോന്നും.
സൈക്കിൾ എന്ന കവിത ചൊല്ലുമ്പോൾ സൈക്കിൾ ഓടിക്കുന്ന അനുഭവമാണ്.

""ടാറിൽ ചെളിയിൽച്ചരൽക്കല്ലിൽ ചാലേ മൂത്രച്ചാലിലങ്ങനെ കയറ്റത്തിൽപ്പതുക്കെ ഇറക്കത്തിലങ്ങനെ ​​​​​​​ഇടത്തോട്ടെങ്കിലങ്ങനെ വലത്തോട്ടെങ്കിലങ്ങനെ ....''

നമ്മുക്ക് കവിതയ്ക്കൊപ്പം സൈക്കിളോടിച്ചു പോകാം.

ഒരിക്കൽ പി.എസ്.സി പരീക്ഷയ്ക്ക് സബ്ജക്റ്റ് എക്സ്പേർട്ടായി വന്ന ചിത്രഭാനു മാഷ് ഒരു ചോദ്യം ചോദിച്ചു. പി.പി. രാമചന്ദ്രന്റെ കുയിൽ വാഹനൻ എന്ന കവിത ക്ലാസ്സിൽ പഠിപ്പിക്കാൻ കഴിയില്ല. എന്താണ് കാരണം ?

""ഏത് മൈരനാണെന്നെക്കുറിച്ചൊരു പാട്ട് പാടുവാൻ? നില്ല് തെമ്മാടി. കൂരിരുട്ടിന്റെ മൂലയിൽ നിന്നും കാതടയ്ക്കും തെറിയൊന്നു ചാടി''

എന്ന വരിഎന്റെ വായിൽ നിന്ന് ചാടിയോ?
രാത്രിയിലൂടെ ഗ്രാമവൃക്ഷത്തിലെക്കുയിൽ പാടിപ്പോവുന്ന കവി സുഹൃത്തുക്കൾ ഓർക്കാപ്പുറത്ത് ഇരുട്ടിൽ നിന്ന് കേൾക്കുന്ന ഈ തെറി വിളി. തെറിവിളിച്ച തെരുവു ചട്ടമ്പി പിറ്റേന്നു വന്ന് കവികളെ കാണുന്ന രംഗം.

""എത്ര മാന്യൻ ! കുളിച്ചു കുറിയിട്ടു വൃത്തിയിൽ കൈകൾ നീട്ടിനിൽക്കുന്നു അമ്പിയണ്ണൻ - തെരുവു ചട്ടമ്പി അൻപിയന്നു പറഞ്ഞു പതുക്കെ:

സാറു പോകുന്ന പോക്കിൽ അറിയാതെ വീണതാകണം, പാതയിൽ നിന്നും ഞാനെടുത്തിതു സൂക്ഷിച്ചു വാങ്ങൂ നാളെയും നമ്മൾ കാണും, വരട്ടെയോ?

ചീകി വെച്ച പോലുള്ള മിനുപ്പ് നീറുമുള്ളം തലോടും തണുപ്പ് ഗ്രാമവൃക്ഷക്കുയിൽ കുടഞ്ഞിട്ട രോമഹർഷമാം തൂവൽത്തലപ്പ് !

എനിക്കൊരുപാടിഷ്ടമുള്ള കവിത. എഴുതിയ ആളും കവിതയിലെ ആളും എനിക്കേറെ പ്രിയപ്പെട്ടവർ...
കവിതയുടെ അവസാനം രാമചന്ദ്രൻ മാഷിനു മാത്രം കവിതയിൽ കാണിക്കാൻ കഴിയുന്ന മാജിക്ക്.
എപ്പോ വായിച്ചാലും എനിക്ക് കണ്ണ് നിറയും. അമ്പിയണ്ണനെക്കുറിച്ച് പിൽക്കാലത്ത് പിന്നെയും വാർത്തകേട്ടു. അദ്ദേഹം ആത്മഹത്യ ചെയ്തുകളഞ്ഞെന്ന്! അദ്ദേഹം ഒരു മഹാനായിരുന്നിരിക്കണം എന്ന് ഞാനാലോചിക്കാറുണ്ട്.

ഒരേ കാലത്ത് എഴുതുന്ന എഴുത്തുകാർതമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആലോചിക്കാറുണ്ട്. ഒരേ വഴിയിലുള്ളവർ തമ്മിൽ കാണുമ്പോൾ അവരുടെ പ്രതികരണങ്ങൾ എങ്ങനെയെന്ന് നിരീക്ഷിക്കാറുണ്ട്.
രാമചന്ദ്രൻ മാഷിന്റെ ഒരു കാർമുകിൽക്കീറ് എന്ന കവിത സംസാരിക്കുന്ന വിഷയം അതാണ്. എനിക്ക് വളരെ ഇഷ്ടമുള്ള കവിതയാണ്... എന്റെ ഏറ്റവും പ്രിയപ്പെട്ട ആളെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും മനോഹരമായ കവിത എന്ന് തോന്നാറുണ്ട്.

നേരമല്ലാ നേരമിപ്പോൾ ആരു വിളിക്കുന്നു? വാതിലു തുറക്കെയൊരു കാർമുകിലിൻ കീറ്!

കണ്ണിലതേ മിന്നലുണ്ട് തൊണ്ടയിൽ മുഴക്കം കണ്ണടയും പുഞ്ചിരിയും മുന്നിലിതാ രാമൻ ....

പി. പി. രാമചന്ദ്രൻ, പി. രാമൻ, ഡോ.പി. വേണുഗോപാലൻ

അത് സമകാലികരായ രണ്ടു കവികളുടെ സൗഹൃദത്തെ അത്രയും ഗാഢമായി അവതരിപ്പിക്കുന്ന കവിതയാണ്. സഹ എഴുത്തുകാരന്റെ എഴുത്തിനെ അഭിരുചി ഭേദങ്ങളുണ്ടായാലും സ്നേഹത്തോടെ കരുണയോടെ ആദരവോടെ പ്രതിപക്ഷബഹുമാനത്തോടെ നോക്കിക്കാണുന്ന സൗഹൃദം. എഴുത്തുകാർ തമ്മിൽ ഐക്യത്തേക്കാൾ, സ്നേഹത്തേക്കാൾ സ്പർദ്ധയാണല്ലോ ഈ കാലത്ത് കാണുന്നത്. അതുകൊണ്ട് തന്നെ കാർമുകിൽക്കീറ് വളരെ മനോഹരമായ കവിതയായി മാറുന്നുണ്ട് ഇന്നിന്റെ ജീവിത സന്ദർഭത്തിൽ .

""അല്ലലകറ്റുമുഷസ്സായ് നാളെ കണ്ണു മിഴിക്കും നമ്മുടെ മോളെ "പുല്ലേ' യെന്നു വിളിക്കാമിനിമേൽ ഇല്ലതിലേറെ വിലപ്പെട്ടൊന്നും''

ഡിഗ്രിക്ക് പഠിക്കുമ്പോൾ ഞാനെന്റെ നോട്ടുബുക്കിൽ തുറക്കുമ്പോൾ കാണാൻ ആദ്യ പേജിൽ എഴുതിവെച്ച വരികളായിരുന്നു മാഷിന്റെ ഹരിതാഭരണം എന്ന കവിതയിലെ ഈ വരികൾ... എന്നും പ്രകൃതിയുടെ കൂടെ നിൽക്കുന്ന ഒരാളായിട്ടാണ് എനിക്ക് രാമചന്ദ്രൻ മാഷ് അനുഭവപ്പെട്ടത്. മാഷ് പ്രകൃതിയെ, അതിന്റെ സമൃദ്ധിയെ, അതിന്റെ സുഗന്ധത്തെ, അതിന്റെ കരുണയെ, അതിന്റെ തകർച്ചയെ ഒരുമിച്ച് അവതരിപ്പിച്ചു.

അന്നൊക്കെ പാലക്കാട് എന്ന സ്ഥലനാമം കേൾക്കുന്നത് തന്നെ വളരെ പ്രിയങ്കരമായിരുന്നു. വാർത്തയിലാണെങ്കിലും എവിടെയാണെങ്കിലും പാലക്കാട് എന്ന ശബ്ദം എന്നെ പിടിച്ചു നിർത്തുമായിരുന്നു. പാലകൾ നിറയെ പൂത്തു നിൽക്കുന്ന ഇടം പാലക്കാട് എന്ന് ഞാനോർക്കും. ആ പാലക്കാടിൽ ഒന്നുകൂടി സൂക്ഷ്മം നോക്കിയാൽ പട്ടാമ്പി കാണാം. പട്ടാമ്പിയെക്കുറിച്ചുള്ള എന്തും എനിക്ക് പ്രിയങ്കരമാണ്. മാഷും ടീച്ചറും മോളും, മാഷ് സ്നേഹത്തോടെ ഇനി പുല്ലേ എന്ന് വിളിക്കാമെന്ന് പറഞ്ഞ ഹരിതയും (അമ്മു) ഒരുമിച്ച് വന്ന്, കീഴായൂർ മുറിച്ചു കടന്ന് പട്ടാമ്പിപ്പുഴയിൽ ചെന്നിരുന്ന്, തിരിച്ച് പോയി മാഷ് എഴുതിയ കവിതയാണ്പട്ടാമ്പിപ്പുഴമണലിൽ. സൗന്ദര്യവും ദുരന്തവും ഒരു പോലെ ആ വിഷ്ക്കരിക്കപ്പെടുന്ന കവിത. കാലങ്ങളായി ഞാൻ ജീവിച്ച് കണ്ടു കൊണ്ടിരിക്കുന്ന ഇടം. ഇപ്പോൾ എന്റെ പുഴ. എന്റെ തീരം.

""പട്ടാമ്പിപ്പുഴമൂളും പാട്ടും കേട്ടൊരു നാളിൽ വെറുതേ ഇത്തിരി നേരം വെയിലിൽ ഞാനിളവേൽക്കേ...''

എന്ന് ഞാൻ മൂളാറുണ്ട്. ഒപ്പം പുഴയുടെ ദുരന്തം മാഷ് എഴുതിയതുപോലെ,

""പിറ്റേന്നാപ്പുഴയിൽ നിന്നൊരു പെണ്ണിൻ ജഡവും കൊണ്ടൊരു ലോറി കയറിപ്പോയതു കണ്ടു''

ഇപ്പോൾ മണലെടുപ്പില്ല. കാട് വന്ന് മൂടിപ്പോയ പട്ടാമ്പിപ്പുഴയാണ് ഇന്നത്തെ പുഴക്കാഴ്ച...

മാഷ് കണ്ട പുഴ, അതിന്റെ ദുരന്തം, അതിന്റെ സൗന്ദര്യം, സമൃദ്ധി ഞാൻ കൂടി കണ്ടതാണ്. അത് എന്റെ കൂടി പ്രകൃതിയാണ്.
മാഷ് കണ്ട ആ മാമ്പഴക്കാലം അത്രയും സമൃദ്ധമായല്ലെങ്കിലും ഞാനും കണ്ടിട്ടുണ്ട്. ഇടിച്ചും നിരത്തിയും മണൽ വാരിയും നശിപ്പിക്കപ്പെടുന്ന പ്രകൃതി എന്റെ കൂടി സമകാലീന യാഥാർത്ഥ്യമാണെന്നത് എന്നെ രാമചന്ദ്രൻ മാഷിന്റെ കവിതയിലേക്ക് കൂടുതൽ കൂടുതൽ ചേർത്തു നിർത്തുന്നു.

ജീവിതം എന്തിനാണ് എന്ന് ആലോചിച്ച് അന്തംവിടുകയും ചിലപ്പോഴെങ്കിലും ശോകത്തിൽപ്പെട്ടു പോവുകയും ചെയ്യാറുണ്ട്. അപ്പോഴെല്ലാം ലളിതം എന്നെ ആശ്വസിപ്പിക്കാറുണ്ട്.

""ഇവിടെയുണ്ടു ഞാൻ എന്നറിയിക്കുവാൻ മധുരമാമൊരു കൂവൽ മാത്രം മതി

ഇവിടെയുണ്ടായി രുന്നു ഞാനെന്നതി- ന്നൊരു വെറും തൂവൽ താഴെയിട്ടാൽ മതി

ഇനിയുമുണ്ടാകു- മെന്നതിൻ സാക്ഷ്യമായ് അടയിരുന്നതിൽ ചൂടുമാത്രം മതി

ഇതിലുമേറെ ലളിതമായ് എങ്ങനെ കിളികളാവി ഷ്ക്കരിക്കുന്നു ജീവനെ ?

ആക്രാന്തങ്ങളോ ബേജാറുകളോ വെപ്രാളങ്ങളോ ഇല്ലാതെ വളരെ ശാന്തമായി ഒരു കിളിയെപ്പോലെ ജീവിച്ചു പോകൂ എന്ന് മാഷിന്റെ വരികൾ എന്നോടു പറയുന്നു. ജീവിതം എന്ത് എന്ന ഏറ്റവും ഗഹനമായ ചോദ്യത്തിന് ഇത്രയും ലളിതമായി ഉത്തരം പറഞ്ഞു തന്ന പി.പി.രാമചന്ദ്രൻ എന്ന രാമചന്ദ്രൻ മാഷല്ലാതെ വേറെ ആർക്കാണ് എന്റെ സ്വന്തം കവിയാവാൻ കഴിയുക.!! ▮


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments