സജീവൻ പ്രദീപ്‌ / ചിത്രീകരണം: ഷാഫി ഹസ്സൻ

കാണുന്നുണ്ടനേകമക്ഷരങ്ങൾ

സജീവൻ പ്രദീപിന്റെ കവിതകളിലെ ജാതി/ ലിംഗ/ ഭാഷ/ സംസ്‌കാര, രാഷ്ട്രീയ വ്യവഹാരങ്ങളെ മുൻനിർത്തി മലയാള ദളിത് കവിതയുടെ ജ്ഞാനപരവും, സൗന്ദര്യ ശാസ്ത്രപരവുമായ വ്യതിരിക്തതകളെയും ചരിത്രപരമായി അതെങ്ങനെ ജനപ്രിയ സംസ്‌കാരത്തിന്റെ അടരുകളെ വീണ്ടും വീണ്ടും പൊളിച്ചെഴുതുന്നുവെന്നും പരിശോധിക്കുന്നു

ന്ന് ദളിത് സാമൂഹിക ജീവിതത്തിന്റെ ഭൗതിക വ്യവഹാരങ്ങളും ജീവിത രീതികളും അതിജീവന സൗന്ദര്യങ്ങളും ശബ്ദങ്ങളും നിഷേധിക്കാനാവാത്ത വിധം കലയിലും സാഹിത്യത്തിലും സ്വാംശീകരിക്കപ്പെടുകയും, നിലവിൽ, പ്രബലമായിരുന്ന സംസ്‌കാര നിർമ്മിതികളെ പുനർനിർണ്ണയിക്കുന്ന രാഷ്ട്രീയമാനകമായി അത് സമൂഹത്തെയും ജനപഥങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്നു. ജാതി/ ലിംഗ/ വർഗ്ഗ/ ഭാഷ നീതികളുടെ പുതിയ ചെറുതുകളിലേക്കും സൂക്ഷമതകളിലേക്കും ഇത് സംവാദാത്മക ബന്ധം പുലർത്തുന്നു. "ഇത് മഹാപ്രസ്ഥാനങ്ങളോ, വിപുലമായ ചർച്ചാവേദികളോ അണിനിരന്ന ഒരു പ്രത്യക്ഷത’ എന്ന നിലയിലല്ല. മറിച്ച് അരികുവൽക്കരിക്കപ്പെട്ട ഒരോ സാമൂഹിക/ ലിംഗവിഭാഗങ്ങളുടെയും സ്വയം പ്രതിനിധാനത്തിന്റെയും നിർവാഹകത്വത്തിന്റെയും ഫലമായിട്ടാണ്.

വ്യാഖ്യാനവും വിമർശനവും തുടർച്ചയായ വിമോചന പ്രക്രിയയാണെന്ന തിരിച്ചറിവ് ഇത്തരം അന്വേഷണങ്ങൾക്ക് ദിശാബോധം നൽക്കുന്നു. സ്വത്വങ്ങളും തൻമകളും സ്വാഭാവികമായി ഉണ്ടായി വന്നതല്ല എന്നും, നമ്മുടെ സാമൂഹിക- സാംസ്‌കാരിക ഇടപെടലുകൾക്കും ഈ നിർമിച്ചെടുക്കൽ പ്രക്രിയയിൽ പങ്കുണ്ടെന്നും ദളിത് രാഷ്ടീയം ചൂണ്ടിക്കാട്ടുന്നു.

""കാണുന്നീലോരക്ഷരവും എന്റെ വംശത്തെ പറ്റി'' എന്ന ആധുനികപൂർവ്വ ഘട്ടത്തിൽ നിന്നും ""കാണുന്നുണ്ടനേക മക്ഷരങ്ങൾ'' എന്ന് സ്വയം പ്രകാശിക്കുന്ന ആധുനികോത്തര ഘട്ടത്തിലാണ് മലയാള ദളിത് കവിത. അധഃസ്ഥിതത്വത്തിന്റെ ചരിത്രപരമായ മുറിവുകളിൽ നിന്ന്​ മനുഷ്യാന്തസ്സിന്റെ ഏറ്റവും ദീപ്തമായ വാക്കുകളുടെ ഉറവുകളുണ്ടായി. എഴുതപ്പെടുന്നതിന് മുമ്പും ഉച്ചരിക്കപ്പെട്ട ആ വാക്കുകളുടെ രാഷ്ട്രീയ മൂർച്ചയും സാമൂഹ്യ ജാഗ്രതയും ആറടി പൊക്കത്തിൽ തലപ്പാവു വച്ച നീളൻകുപ്പായക്കാരനോളം കറുത്തിരുണ്ട കാലത്തു നിന്ന്​ ""നാങ്കടെ ക്ടാങ്ങൾക്ക് വിദ്യ പഠിക്കാൻ അവകാശമില്ലെങ്കിൽ ഇക്കാണായ പാടമെല്ലാം മുട്ടുപുല്ലു കുരുപ്പിക്കുമെന്ന''
ധീരമായൊരു ശബ്ദം മലയാളക്കര കേട്ടു.

""അടിച്ചമർത്തലിന്റെയും നിയന്ത്രണത്തിന്റെയും യുദ്ധത്തിന്റെയും നിയമാവലികൾക്ക് പുറത്ത് കടക്കാനുള്ള കർമമാണ് കവിത'' എന്ന് ആനി വാൾഡ്മാൻ പറയുന്നു (പൊതു നിയമ ലംഘനം: കാവ്യശാസ്ത്രവും രാഷ്ട്രീയവും പ്രാവർത്തിയിൽ (Civil Disobediences: Politics and Poetics in Action) എന്ന പുസ്തകത്തിന്റെ അവതാരികയിൽ).

അങ്ങനെയെങ്കിൽ നിർഭയമായ, ഒത്തുതീർപ്പുകളില്ലാത്ത കവിതയാകുന്നുണ്ട് ഈ ശബ്ദം.
പതിറ്റാണ്ടുക്കൾക്കിപ്പുറം മലയാള ദളിത്കവിതയുടെ ആധുനികാനന്തരഘട്ടത്തിൽ ഭാഷയിലും ഭാവനയിലും അനുഭവത്തിലും അതേ ശബ്ദതാരവലിയിലെ കനപ്പെട്ട വാക്കാണ് സജീവൻ പ്രദീപ് എന്ന കവി. ""നെല്ലിന് പകരം പുല്ലു കുരുപ്പിക്കുമെന്ന'' അധികാരശബ്ദവും അതിജീവിന സൗന്ദര്യവുമാണ് സജീവന്റെ കവിതകൾ.
ഈ കവിതകളിലെ ജാതി/ ലിംഗ/ ഭാഷ/ സംസ്‌കാര, രാഷ്ട്രീയ വ്യവഹാരങ്ങളെ മുൻനിർത്തി മലയാള ദളിത് കവിതയുടെ ജ്ഞാനപരവും, സൗന്ദര്യ ശാസ്ത്രപരവുമായ വ്യതിരിക്തതകളെയും ചരിത്രപരമായി അതെങ്ങനെ ജനപ്രിയ സംസ്‌കാരത്തിന്റെ അടരുകളെ വീണ്ടും വീണ്ടും പൊളിച്ചെഴുതുന്നുവെന്നും പരിശോധിക്കുന്നു.

ലിംഗ രാഷ്ട്രീയത്തെ സംബന്ധിച്ച്

മുഖ്യധാര ഫെമിനിസം ആധുനിക ജാതി/ ലിംഗ ഘടനകളെ മനസിലാക്കാൻ പ്രധാനമായും പരിശോധിച്ചുവന്നത് ആധുനികവ്യവഹാരങ്ങൾ ഉപയോഗിച്ചും സ്വാംശീകരിച്ചും ഉയർന്നുവന്ന ശൂദ്രാധിഷ്ഠിതമായ സവർണ്ണ സമുദായങ്ങളുടെ നിർവാഹകത്വത്തെയും, അല്ലെങ്കിൽ ജാതി ഘടനയിൽ അധിഷ്ഠിതമായ, ആധുനികതക്ക് വേണ്ടി ആണത്തങ്ങളെ ക്രമീകരിക്കുന്ന ഒരു രീതിയെയുമാണ്. എന്നാൽ ഇന്ത്യൻ വിമതരാഷ്ട്രീയ പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനെയും, സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് വളരെ പ്രസക്തമായ ചില ചോദ്യങ്ങൾ ഉയർത്തുകയും, മനുഷ്യാവകാശവാദങ്ങളുടെ സാധ്യതയും പരിമിതിയും തുറന്നു കാണിക്കുന്നുമുണ്ട്. അത്തരത്തിൽ വൈവിധ്യങ്ങൾ അമർത്തപ്പെടുകയും "അപരങ്ങൾ' എന്നത് ഹിംസിക്കപ്പെടുകയും ചെയ്യുന്നതിന്റെ പ്രതിനിധാനമാണ് മിഥില ഒരു മരമായിരുന്നു എന്ന കവിത.

""മിഥില ഒരു മരമായിരുന്നു. എത്ര ഒളിഞ്ഞു നോക്കിയാലും മരലിംഗം കാണാനാവുമോ മിഥിലയിലുമത് അങ്ങിനെയായിരുന്നു''

പ്രകൃതിദത്തമായി ശരീരങ്ങൾ സ്വാഭാവികമായി സ്ത്രീപുരുഷ ദ്വന്ദ്വമായി രൂപമെടുക്കുമെന്നും, ഈ ശരീരങ്ങളെ അടിസ്ഥാനമാക്കി രൂപം കൊള്ളുന്ന സാമൂഹിക നിർമിതിയാണ് ലിംഗ പദവി എന്നും താത്വികമായി തന്നെ അംഗീകരിക്കപ്പെടുന്നുണ്ട്. ഇത്തരം ബോധ്യങ്ങളെ മാറ്റേണ്ടതുണ്ട് എന്ന സാമൂഹ്യ യാഥാർഥ്യത്തെയാണ് ഈ വരികൾ സാക്ഷ്യപ്പെടുത്തുന്നത്.
എത്ര ഒളിഞ്ഞു നോക്കിയിട്ടും കാണാനാവാത്ത "ലിംഗ' നോട്ടത്തിന്റെ ഏങ്കോണിപ്പുകൾ ചെന്ന് മുട്ടുന്നത് ശരീരത്തിൽ നിന്നും ലിംഗപദവിയിലേക്ക് നീങ്ങുന്ന സ്വാഭാവിക പരിണാമത്തെയാണ് എന്നുറപ്പിക്കുന്നുണ്ട്.

""മഞ്ഞസാരി/ കറുത്ത ബ്രയ്‌സീർ/ ചുവന്ന പാന്റീസ്/ ചരടിൽ പിണഞ്ഞ മുക്കിന്റെ മാല'' എന്ന വരികളിൽ "കാഴ്ച' സൃഷ്ടിക്കുന്ന പൊതുബോധഭാവനക്കപ്പുറം ഈ കാഴ്ചക്ക് പുറത്തും/ അകത്തുമായി ഒരാൾ സ്വീകരിക്കുന്ന സ്‌ത്രൈണ/ പുരുഷ സ്വത്വങ്ങളെ പൊതു സമൂഹത്തിന്റെതെന്ന പോലെ സ്ത്രീപക്ഷവാദികളും സംശയത്തോടെയാണ് നോക്കുന്നത് എന്ന വിമർശനം മുന്നോട്ട് വയ്ക്കുന്നു.

""മാന്യതയുടെ പന്നികൾ പാത്തും പതുങ്ങിയും വന്നുക്കൊണ്ടിരുന്നു. മുള്ളുകളുടെ നിറത്തിനും നീളത്തിനും വ്യത്യാസമുണ്ടായിരുന്നെങ്കിലും മുക്കറയും മണവും മുഖവും ഒന്നായിരുന്നു''

തീവണ്ടിയാപ്പീസിന് പുറകിൽ കുനിഞ്ഞ് നിന്നും കുന്തുകാലിൽ ഇരുന്നും രാത്രികളുടെ കവിതയെഴുതുന്ന മിഥില വെളിപ്പെടുത്തുന്ന സാമൂഹ്യ യാഥാർഥ്യങ്ങൾക്കു നേരെ, നമ്മൾ കൊട്ടിയടക്കുന്ന സ്വാഭാവികവും സാധാരണവും സദാചാരപരവുമെന്ന് തോന്നിക്കുന്ന ഇടങ്ങളിൽ നിന്നാണ് ഈ ""പന്നികൾ'' എന്നതാണ് മാന്യത എന്ന വാക്കിൽ ധ്വനിക്കുന്നത്.""മിഥില കരഞ്ഞതിന് കാണികളുടെ കൈയ്യിൽ തെളിവില്ല, പക്ഷേ ഹൃദയസ്ഥാനത്ത് വജ്രം പോലുറഞ്ഞ ഒറ്റക്കരച്ചിലിന്റെ മുറിവുണ്ടായിരുന്നു'' എന്നു പറയുമ്പോൾ കിട്ടേണ്ട നീതിയുടെ തെളിവാണ് പുറത്തേക്ക് വരാത്ത കരച്ചിലിൽ മുറിവായ് ഉറഞ്ഞു പോയത്. ക്രൂരവും നിസ്സംഗവുമായ ഈ തെളിവില്ലായ്മകൾ സൂക്ഷ്മ സങ്കീർണ്ണതകളിൽ ആവിഷ്‌കരിച്ചു കൊണ്ട് പച്ചിലകൾക്കും പ്ലാസ്റ്റിക്ക് ഉറകൾക്കും മാത്രമറിയാവുന്ന രഹസ്യത്തെ കവി ദൃശ്യപ്പെടുത്തുന്നത് അത്രമേൽ സൗമ്യവും നിശിതവുമായി സംതുലനം ചെയ്തുകൊണ്ടാണ്. മരത്തിന്റെ സ്ഥാനനിലയിൽ മുകൾ ഭാഗത്ത് ഇലകളും, താഴെ ഉപയോഗശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് ഉറകളും എന്ന് അടരുകളെ അടയാളപ്പെടുത്തുന്നു. മുന്നോട്ട് ചലിക്കാൻ കഴിയാത്ത മരത്തിന്റെ ജൈവികതയിലും, ഭൂമിശാസ്ത്രത്തിലും ഇലകളോളം തെളിവുകൾ കണ്ണിന്റെ വേരു തേടി ഉള്ളിലേക്ക് വളരുന്നു.

സജീവൻ പ്രദീപ്‌

""കലമ്പുന്ന പാത്രങ്ങളും പുകയുന്ന അടുക്കളയും മുഷിഞ്ഞ വസ്ത്രങ്ങളുമുള്ളൊരു വീടിനെ അടിവയറ്റിൽ അടക്കി പിടിച്ച മിഥില, കീഴാളാധ്വാനത്തിന്റെയും അധ്വാന സംസ്‌കാരത്തിന്റെയും ഹൃദയത്തിലാണ് നാഥനെയും അന്നത്തെയും മക്കളെയും സ്വപ്നം കാണുന്നത്''. ""ഇവിടെ ലിംഗാധീശ പരിസരത്തെക്കുറിച്ച് മൗനം പാലിക്കുകയല്ല, പകരം സർഗാത്മകതയും, നിർവാഹകത്വവും, ചലനാത്മകവുമായ ഒരു സ്വത്വത്തെ അഭിമുഖീകരിക്കുകയും അംഗീകരിക്കുകയുമാണ് ചെയ്യുന്നത്. ഇത് പരിചിതമായ ലോകത്തെ പുനർനിർമ്മിക്കുന്ന പ്രകിയയാണ്. ഇതിലൂടെ സ്വത്വങ്ങളും, ഇടങ്ങളും, ആഗ്രഹങ്ങളും, ജീവിത രൂപങ്ങളും'' പുതുതായി സൃഷ്ടിക്കപ്പെടുകയല്ല പകരം ഇതുവരെ അദൃശ്യമായിരുന്നതിനെ കവി പ്രകാശനം ചെയ്യുകയാണ്. ചരിത്രത്തിനും വർത്തമാനത്തിനും ഭൗതിക യാഥാർഥ്യത്തിനും ബാധകമായ പ്രമേയത്തെയും പ്രശ്‌നപരിസരത്തെയും ബദൽ ആഖ്യാനം നടത്താനുള്ള ശ്രമമാണ് ""ആണൊച്ചയുടെ കുരിശിൽ തറക്കപ്പെട്ട പെൺക്രിസ്തു'' എന്ന വരികളിൽ കാണാനാവുന്നത്. അദൃശ്യരായ പലരുടെയും നിലവിളികളുടെ ചോര ഉടൽച്ചീളുകളായി കുത്തിക്കോർത്തെടുക്കുന്ന വേദനയിലും ഗർഭപാത്രത്തിലെ ജൈവജലത്താൽ ഉയിർപ്പിന്റെ പ്രതീക്ഷകളെ പെറ്റുകൂട്ടുന്നുണ്ട് ഈ പെൺക്രിസ്തു. അതോടൊപ്പം, സത്യത്തിന്റെ സൂക്ഷ്മകോശങ്ങളിൽ നിന്നു കൊണ്ട് സാമ്പ്രദായിക ചിന്തയെ കത്തിച്ച് ചാരമാക്കുന്ന അസാമാന്യ ധീരതയും ചരിത്രപരമായ അനീതിയുടെ ദുരന്താനുഭവത്തേയും വരച്ചിടുന്നുണ്ട്.

""കറുത്തമഞ്ഞു പോലെ പൂത്തുലഞ്ഞഴിഞ്ഞ് മോർച്ചറി വരാന്തയിൽ കിടപ്പുണ്ട് - മിഥില എന്ന മരം''

എന്ന് കവിത അവസാനിക്കുമ്പോൾ മനുഷ്യർക്ക് മാത്രം പ്രാപ്യമായ മനുഷ്യാവകാശത്തിൽ ഉൾപ്പെടാൻ ആരാണു മനുഷ്യർ? എന്നും എങ്ങനെയാണ് മനുഷ്യരാവുകയെന്നും ലിംഗപദവിയെ സംബന്ധിച്ച് കൂടുതൽ സൂക്ഷ്മമായ, ജാഗ്രതയുള്ള ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു. ""എല്ലാ തെരുവുകളിലും പുറത്താക്കലിന്റെ അദൃശ്യ പരസ്യങ്ങൾ പതിച്ചു വച്ചിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ട് സ്‌നേഹശൂന്യമായ ഈ ജനാധിപത്യത്തിന്റെ മോർച്ചറി വരാന്തയിലേക്ക് മിഥിലയെന്ന മരത്തെ കവി ഇറക്കി കിടത്തുന്നു''. വേണമെങ്കിൽ പോയ് നോക്കാം, കുനിച്ചോ, കമഴ്ത്തിയോ, കുന്തിച്ചോ, കാലടിപ്പിച്ചോ ഇരുത്താം.

കവി വിജയരാജമല്ലിക

എന്നിട്ടും നിങ്ങൾ പ്രതീക്ഷിക്കുന്നത് കാണാനാകുന്നില്ലെങ്കിൽ പുതിയ രാഷ്ട്രീയ ആഗോള സാഹചര്യത്തിൽ പലതരം ലിംഗസ്വത്വങ്ങളിൽ ഒന്ന് മാത്രമാണ് സ്ത്രീ എന്നതും, ട്രാൻസ്‌ജെൻഡർ അടക്കമുള്ള മറ്റു സാധ്യതകളും എന്ന് നമ്മൾ അംഗീകരിക്കേണ്ടി വരുന്നു.
മലയാള ട്രാൻസ്‌ജെൻഡർ കവിയായ വിജയരാജമല്ലികയുടെ മരണാനന്തരം എന്ന കവിതയിൽ ഇതേ പ്രമേയം ചർച്ച ചെയ്യുന്നത് ഇങ്ങനെയാണ്:

""അത് ആണോ? പെണ്ണോ? തൊട്ടടുത്തിരുന്നയാൾ താടി തടവി പറഞ്ഞു മരണാനന്തരമറിയാം അതെങ്ങനെ? നെറ്റികൾ ചുളിഞ്ഞു. കുളിപ്പിക്കാതെ കട്ടയിൽ വയ്ക്കില്ലല്ലോ?''

അത്രമേൽ "അപരങ്ങൾ' അപമാനിക്കപ്പെടുകയും അവിശ്വസിക്കപ്പെടുകയും ഹിംസിക്കപ്പെടുകയും വൈവിധ്യങ്ങൾ അമർത്തപ്പെടുത്തകയും ചെയ്യുന്നതിന്റെ പ്രതിനിധാനവും സമകാലരാഷ്ട്രീയ യാഥാർഥ്യത്തെ ചരിത്രബോധത്തോടും ജാഗ്രതയോടും സമീപിക്കാനുള്ള മുന്നറിയിപ്പും ലിംഗ പദവിയെ സംബന്ധിച്ച് പുതിയൊരവബോധവും മിഥില ഒരു മരമായിരുന്നു എന്ന കവിതയിൽ പങ്കുവെക്കപ്പെടുന്നു.

സ്ത്രീ രാഷ്ട്രീയം

ആൾക്കൂട്ടത്തിന്റെ കൂവലുകൾക്കും ചവിട്ടിത്തിമിർക്കലിന്റെ കാൽച്ചുവടുകൾക്കും ഇടയിലൂടെ കറുത്ത പെൺമയുടെ നെഞ്ചിടിപ്പിന്റെ വഴി വരഞ്ഞിട്ട് കൊണ്ട് കണ്ടെത്തലിന്റെയോ, മാറ്റത്തിന്റെയോ , വ്യത്യസ്തമായ ഊന്നലിന്റെയോ നിർണ്ണായക രാഷ്ട്രീയം അസഹനീയ സന്തുലനതയോടെ സജീവന്റെ കവിതകളിൽ ആവിഷ്‌കരിച്ചിരിക്കുന്നു .
ആന്തരികമായതിനെ വംശത്തിന്റെ സാമൂഹികതയെന്നും, സാംസ്‌കാരികതയെന്നും അടയാളപ്പെടുത്തുന്ന കവി, അതേസമയം തന്നെ അവരാൽ ഇഷ്ടപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്ത ഒരു കറുത്ത കുറുമ്പായി ചിരിച്ചും കരഞ്ഞും കവിതക്ക് പുറത്തും നിൽപ്പുണ്ട്. അതിജീവനത്തിന്റെ കരിനീലപച്ചകളായി ഒട്ടനവധി സാന്നിധ്യങ്ങളും അഭാവങ്ങളും അറിവനുഭവങ്ങളും സങ്കീർണ്ണതകളും ഉൾചേരുന്ന ഈ പെണ്ണുങ്ങൾ മലയാളകവിതയുടെ വർത്തമാനചരിത്രത്തിന്റെ ഏറ്റവും സൂക്ഷ്മമായ അടരാവുന്നു. നിലനിൽക്കുന്ന ശരികളോട് കലഹിക്കുകയല്ല, പകരം ദളിത് അവബോധത്തിന്റെ നൈതികമായ അടിത്തറയെ ഒരോ വാക്കിലും സ്ഥാപിച്ചു കൊണ്ട് ഉറഞ്ഞ യാഥാർഥ്യത്തിന് അടിവരയിടുകയാണ് കവിത.

കറുത്ത പെൺമ അനുഭവിച്ച ജീവിത സംത്രാസങ്ങളേയും ജാതി/ ലിംഗ പ്രതിസന്ധികളെയും സ്ത്രീവാദഭിന്നതകളെയും ഇത്രയധികം സമഗ്രവും സൂക്ഷ്മവും ഹൃദയാവർജ്ജകമായും പ്രതിനിധാനം ചെയ്യുന്ന ആഖ്യാനങ്ങൾ മലയാള കവിതയിൽ വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.

എന്റെ പെണ്ണുങ്ങൾ എന്ന കവിതയിൽ വൈവിധ്യ പൂർണ്ണമായ സ്ത്രീയനുഭവങ്ങളുടെ അടയാളങ്ങളെ പതിച്ചു വയ്ക്കുന്നുണ്ട് .

""എസ്.ഐ രാമൻ കർത്തായേമാൻ വാതിൽ പാളികൾക്ക് നടുവിൽ വെച്ചടച്ച മുലക്കണ്ണുകളെ നോക്കി, മധുരക്കുരു തെറിച്ചു പോയ മുന്തിരിങ്ങയാണെടി പുലയാടിച്ചീടെ മോളെ യെന്ന് കുരച്ചപ്പോൾ ഒളിവിടമെനിക്കറിയാടാ തലയറുത്താലും പറയില്ലയെന്നലറി മുഖം കുനിക്കാതെ നിന്ന മലരിയമ്മായി ''

തൊഴിലാളിജാതികളുടെ ചരിത്ര വിശകലനത്തിനു മുൻപേ വർഗ്ഗവിപ്ലവത്തിന്റെ ഒളിപോരാളികളായി നിന്ന അനേകം മലരിമാരിൽ നമ്മുക്കി സഖാക്കളെ കാണാം. മുലക്കരത്തിനു പകരം മുല തന്നെ മുറിച്ചു കൊടുത്ത ഒരൊറ്റ നങ്ങേലിയിൽ ഒതുങ്ങുന്നതല്ല ദളിത്‌സ്ത്രീ വിപ്ലവ പാരമ്പര്യം എന്ന തെളിവിന്റെ ചോരയാണ് ഈ വരികളെ കടുംചുവപ്പാക്കുന്നത്.

""തലയറുത്താലും പറയില്ലയെന്നലറുമ്പോൾ'' മണ്ണു ചോപ്പിച്ച രാഷ്ട്രീയ ധാരയിൽ കാലുറപ്പിച്ച് നിന്ന കറുത്തപ്പെണ്ണുങ്ങൾക്ക് ജീവിതവും രാഷ്ട്രീയവും രണ്ടായിരുന്നില്ല.
സ്വന്തം ശരികളെ ആദർശപരമായി മാത്രമല്ല, ആത്മീയമായും ആന്തരവത്ക്കരിച്ച നിലപാടുതറകളാവുന്നു ഈ പെണ്ണുങ്ങൾ.

""മംഗലാപാതിര പച്ചയ്ക്ക് മൂത്തുനരച്ചു കുലച്ച മഞ്ചലിന്റെ നെഞ്ചത്തേക്ക് കൊയ്ത്തരിവാളാഞ്ഞു വീശിയ തളിരിയമ്മുമ്മ''

പ്രാദേശികമായി നിലനിന്നിരുന്ന ജാത്യചാരങ്ങൾക്ക് നേരെ നടന്ന ചെറുത്തുനിൽപ്പിന്റെയും ചോരയുടെയും നീണ്ട ചരിത്രത്തെ പ്രത്യക്ഷവത്കരിക്കുന്നതോടൊപ്പം ജാതി/ ലിംഗ അധികാരത്തിന്റെ നെഞ്ചത്തേക്ക് അരിവാളു വീശുന്ന ചങ്കുറപ്പ്, അഭിമാനത്തിന്റെ ഒത്തുതീർപ്പില്ലാത്ത പോരാട്ടതുടർച്ചയായി കാണാം. ഇരകളും നിസ്സഹായരുമെന്ന് മുഖ്യധാര സ്ത്രീവാദങ്ങളോട് മുഖംതിരിഞ്ഞ് ജീവിതവും വ്യാഖ്യാനവും വേറിട്ട സാധ്യതകളിലേക്ക് ഉയർത്തി പിടിക്കാനും സ്വന്തം ബോധ്യങ്ങൾ കൂടുതൽ ശരികൾ കണ്ടെത്താനായി വികസിപ്പിക്കാനും പ്രചോദിതമാവുന്നുണ്ട് ഈ വരികൾ.

""കളിമുറുക്കി നെഞ്ചോളം കുഴഞ്ഞ മണ്ണിൽ മട പൂഴ്ത്തിവെച്ചക്കിടാവിനെ --------------------------------- --------------------------------- വെറ്റില പോലെ കീറിയെറിയുമ്പോഴും ഈരമ്പൻ വെളപ്പന്റെ അരക്കെട്ടിൽ പല്ലള്ളൽ കൊണ്ടൊരു ചോരക്കുഴി തീർത്ത് കത്തിരിക്ക പോലെ കടിച്ചുതുപ്പിയ ചീതപ്പെണ്ണ് ''

നവോത്ഥാനപൂർവ കേരളീയ ചരിത്രത്തിലെ ബ്രാഹ്‌മണ/ സവർണാധികാരങ്ങൾ ദളിത് ജനതക്ക് മേൽ നടത്തിയ അതിക്രൂരപ്രവൃത്തികളെ ഓർമിപ്പിച്ചു കൊണ്ട് വർണവ്യവസ്ഥയുടെ സാമൂഹികാധികാരത്തെയും, അതിനോടുള്ള ജനതയുടെ പ്രതിരോധത്തെയും കാണിച്ചുതരുന്നു.
ചിറ മുറുക്കിനും മടമുറിയുമ്പോഴും കൊല്ലപ്പെട്ട കാർന്നോൻമാരുടെ നിലവിളി കാട്ടുപോത്തായി കുതിച്ചെത്തുന്നുണ്ട്. ചിതറിക്കപ്പെട്ടതും പലപ്പോഴും നിരാഹരിക്കപ്പെട്ടതുമായ ഓർമ്മകളെ അപകടകരമായി പിന്നോട്ട് ചെന്ന് നോക്കുന്ന ഒരു ചരിത്രാന്വേഷിയെ നമുക്കി വരികളിൽ കാണാം. മറക്കാതിരിക്കുക (primordial images by Carl Gustav Jung) എന്ന ജാഗ്രത രാഷ്ട്രീയമാകുന്നത് ഓർമ്മ മാത്രമാണ് ചരിത്രം എന്നുള്ളതുകൊണ്ടും എന്നുള്ളവർക്കുമാണ് എന്ന് മിലൻ കുന്ദേരയുടെ വാക്കുകളിൽ നിലവിലെ സാമൂഹ്യ യാഥാർഥ്യത്തെ സൂചിപ്പിക്കുന്നു.

മിലൻ കുന്ദേര/ photo: Wikimedia commons

സവർണ- മധ്യവർഗ പൊതുയുക്തിക്കകത്ത് വീട് എന്ന ഇടത്തെ സാംസ്‌കാരികതയുടെയും ജാതി/ ലിംഗ അധികാര ബന്ധങ്ങളുടെയും അടിസ്ഥാന യൂണിറ്റായിട്ടാണ് വിവക്ഷിക്കുന്നത്. അതുകൊണ്ട് സൂക്ഷ്മവും സ്ഥൂലവുമായ അധികാരപ്രകടനങ്ങളെ തികഞ്ഞ സ്വാഭാവികതയായി കണക്കാക്കുകയും ചെയ്യും. എന്നാൽ ഇത്തരം പരിമിതികളെയൊക്കെ മറികടക്കുന്നതാണ് ദളിത് ജീവിതങ്ങളുടെ, കുടുംബ ബന്ധത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പരിസരം. തീവ്രമായ സംഘർഷാത്മകതകളെ ജീവിക്കാനും ചിന്തിക്കാനും എഴുതാനും, വരയ്ക്കാനും, പാടാനും, ആടാനും, ആവിഷ്‌കരിക്കാനും നിർണയിക്കാനും കലയും ജീവിതവും വിഭജിതമല്ലാത്ത അവർക്ക് കഴിയുന്നു. അത്തരം മനുഷ്യരുടെ നൈതിക രാഷ്ട്രീയത്തെയും സാംസ്‌കാരിക ജാഗ്രതയെയും ശൂന്യമാക്കിയും ന്യൂനീകരിച്ചും വിച്ഛേദിച്ചു കൊണ്ടും ജാതി- ലിംഗ അധീശഅധികാരം ഇതിന്റെയൊക്കെ "അപരമായിട്ടാണ്' ദളിത് ഇടങ്ങളെയും, കുടുംബങ്ങളെയും സ്ഥാപിക്കുന്നത്.
കലഹത്തിന്റെയും, പ്രശ്‌നങ്ങളുടെയും, ഒച്ചകളുടെയും (മർദ്ദിതരുടെ തികച്ചും അകാൽപനിക, അതിജീവന യാഥാർഥ്യങ്ങൾ) സമരഭരിത സന്നാഹമായി നിരവധിയായ വായന- ദൃശ്യ-ശ്രാവ്യ ആവിഷ്‌കാരങ്ങൾകൊണ്ട് ഇതിനെ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. ഈ അപരനിർമ്മിതി കൊണ്ട്
സർവ പ്രതിനിധാനപരതയും സനാതന രക്ഷകർതൃത്വത്തെയും വികസിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഏകശിലാത്മകമായ സാംസ്‌കാരിക വിവക്ഷകളെ അട്ടിമറിച്ചു കൊണ്ട് ദളിത് എഴുത്തുകാർ തന്റെ ജനതയുടെ അതിജീവന ചരിത്രത്തെ, മാനവികമായ സമഭാവനയുടെ,
സഹജീവനബോധത്തെ വെളിച്ചപ്പെടുത്തി കൊണ്ട് ഒരേ സമയം ജൈവികവും നാഗരികവുമായ മനുഷ്യബന്ധങ്ങളെയും ജീവിതത്തെയും ആവിഷ്‌കരിക്കുന്നു.

""വലതുകൈയ്യിന്റെ മൂന്ന് വിരല് ഞാൻ കൂട്ടി കടിച്ചതേ, പെൺകുട്ടി നീ കുരുത്തോല പയറിന്റെ ഇലയരിഞ്ഞ് കറി വെച്ച രാത്രിയിലാണ്...''

​​​​​​​എന്നു തുടങ്ങുന്ന പിസ എന്ന കവിത ആധുനിക ദാമ്പത്യത്തിന്റെ പൊതുസ്വീകാര്യ സവർണ്ണജാതി സ്ഥാനങ്ങളെ അടപടലം വിച്ഛേദിച്ചുകൊണ്ട് ദളിത് കുടുംബത്തിന്റെ പ്രണയാതുരവും ലാവണ്യാത്മകവുമായ വർത്തമാന പരിസരത്തെ കാണിച്ചു തരുന്നു. ഓർമയും വർത്തമാനവും തമ്മിലുള്ള ആത്മഭാഷണത്തിൽ നിറഞ്ഞു നിൽക്കുന്നത് കാർന്നോൻമാരുടെ ജീവിതചരിത്രത്തിൽ നിന്നും കവി നേടിയെടുത്ത രുചിബോധത്തിന്റെ ദളിത്‌ പെണ്ണായ്മയാണ്. കീഴാളധ്വാനത്തിന്റെ വിയർപ്പുപ്പിൽ ഈ രുചിഭേദങ്ങളുടെ പൊതിക്കെട്ടഴിക്കുമ്പോൾ വിശപ്പും പ്രണയവും ഇവിടെ ആനുപാതിക ചേരുവകളാണ്.

""ഒരു ചെറുമ്മ്‌നെ കണ്ടം കെളച്ച് കെളച്ച് കൊടല് പിരിഞ്ഞ നട്ടുച്ചനെ ഞാൻ മറന്നത് പ്രിയപ്പെട്ട പെൺകുട്ടി നീ കാച്ചിലിൽ മുതിരയിട്ട് വെച്ച അന്നാണ്''

പ്രദീപൻ പാമ്പിരികുന്ന്‌

അധ്വാനം മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളെ തനിക്ക് അനുകൂലമായ വിധത്തിൽ മാറ്റിത്തീർക്കുന്ന പ്രവൃത്തിയാണ്.

അത് ഉത്പാദനവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ""ദളിത് കുടുംബജീവിതം തന്നെയും ഉത്പാദനവുമായി ബന്ധപ്പെട്ടാണ് ദളിത് സമൂഹം വികസിപ്പിച്ചത്''. (പ്രദീപൻ പാമ്പിരികുന്ന്- ദളിത് പഠനം സ്വത്വം -സംസ്‌കാരം, സാഹിത്യം, The state institute of language തിരുവനന്തപുരം)

""തെക്കത്തറ കോമരം തുള്ളി വന്ന പെലർച്ചേ കപ്പപുഴുങ്ങി വെച്ച് പുറത്തേക്കോടിയ പെൺകുട്ടി, കന്താരിമുളകുമായി നീ തിരിച്ച് വന്ന സമയാണ് തളർച്ചയും, തീപ്പാതിയും എന്നോട് തോറ്റത് നാല് ചോന്ന മൊളക് രണ്ട് ചൊള ചുവന്നുള്ളി ഒരു വിരല് നീളത്തില് വാളൻപുളി കോര്പ്പലകമ്മേ , ഞെരിഞ്ഞെരിഞ്ഞ പകലിൽ എന്റെ പെൺകുട്ടി ഇടങ്ങഴിയരിയുടെ കഞ്ഞി ഏതിലെയെറിങ്ങി പോയന്ന് , വെയിലും വേവലാതീം കണ്ടില്ല''

വിശപ്പോളം രുചിയേറുന്ന സ്വാഭാവികതയെ മാത്രം വെളിപ്പെടുത്തുകയല്ല, മറിച്ച് ഏതു പ്രാരാബ്ദത്തിലും തരിശിടാത്ത ജീവിതത്തെ നട്ടുനനച്ച് സവിശേഷമായി അനുഭവപ്പെടുത്തുകയാണ്. ഭൂമിയിലെ ഭക്ഷണങ്ങളുടെ കവിത മുഴുവൻ അരിഞ്ഞിട്ട, അടുക്കളയുടെയും ആൺപിറന്നോന്റെയും മുപ്പത്തിമുക്കോടി ഐശ്വര്യമായ പെൺകുട്ടിക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല, പിസ അന്വേഷിക്കുന്നത്. ആധുനിക രാഷട്രീയത്തിന്റെ പ്രതിനിധാനപരവും ചിന്താപരവുമായ മൂർത്തവും നിശിതവുമായ രാഷ്ട്രീയ ഭാവനയാണത്. നിരന്തരമായ അന്വേഷണങ്ങളുടെ തുടർച്ചയും.

സംസ്‌കാര രാഷ്ട്രീയം

ദളിത്- സ്ത്രീ- ട്രാൻസ്- ഡിസേബിൾഡ് പക്ഷങ്ങളിൽ നിന്ന്​ കൂടുതൽ രാഷ്ട്രീയ വ്യക്തതയുള്ളതും ഉൾക്കാഴ്ചയുള്ളതുമായ പറച്ചിലുകളും എഴുത്തും വിമർശനപരമായും, സൈദ്ധാന്തിക വിശകലനങ്ങളായും വന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ വ്യത്യസ്ത ജീവിതവീക്ഷണങ്ങളും സംസ്‌കാര സാഹിത്യ മൂല്യങ്ങളും പൊതുജ്ഞാന വ്യവസ്ഥയുടെ ഭാഗമായോ, വിമർശനമായോ മലയാള സാഹിത്യത്തിന്റെ അറുപത് വർഷത്തെ ഭാവുകത്വ പരിണാമത്തിൽ അടയാളപ്പെടുന്നുണ്ട്. ഇത് ജനായത്തപരമായ സംസ്‌കാരരാഷ്ട്രീയത്തിന്റെ വികാസത്തെയാണ് സൂചിപ്പിക്കുന്നത്. ദളിത് അവബോധം എന്നാൽ
വ്യക്തികൾക്ക് സ്വതന്ത്രമായ വിനിമയ സാധ്യതയുള്ള പൊതു ഇടം എന്ന ആധുനിക സങ്കൽപമായ "സമൂഹം' എന്ന ആശയത്തിലാണ് ഊന്നുന്നത്. ജാതിയെ മറികടക്കുമ്പോൾ മാത്രമാണ് പൊതുസമൂഹം സാധ്യമാവുക. അത്തരത്തിൽ സാംസ്‌കാരിക ബന്ധങ്ങളെ നിർമ്മിക്കാനും, അഴിച്ചെടുക്കാനും സാധ്യമാവുന്നൊരു പരിവർത്തന ചാലകതയും ഊർജ്ജവും ഈ കവിതകൾക്കുണ്ട്.

""ദ്രൗപതി ഇപ്പോൾ സീതയാണ് കരിങ്കൽ മുറിവിലൂടെ ജലം പിളർന്ന ചുഴിപിരിവിലൂടെ ഭൂമിക്കടിയിലേക്ക് മാഞ്ഞു പോയവൾ''

ക്വാറി തൊഴിലാളിയും കുടുംബത്തിന്റെ നെടുംതൂണായും ഒരു സ്ത്രീ അടയാളപ്പെടുന്നത് മലയാള സാഹിത്യത്തിൽ പുതുമയല്ല, എന്നാൽ "ദ്രൗപതിയെന്ന' സാംസ്‌കാരികഭാവനയെ കറുത്ത പെണ്ണിന്റെ പ്രാന്തതയിലേക്കും അവളനുഭവിക്കുന്ന അനീതിയിലേക്കും തലതിരിച്ചിട്ട് കൊണ്ട് ജാതി-സംസ്‌കാര സാമൂഹ്യനിർമ്മിതി പുറന്തള്ളിയ സമൂഹങ്ങളെയും വ്യക്തികളെയും അതിസൂക്ഷ്മമായ നിരീക്ഷണത്തോടെയും അസന്ദിഗ്ദ്ധമായും ആവിഷ്‌കരിക്കുന്നു.
അതേസമയം, പൊതു ജീവിതത്തിന്റെ സംസ്‌കാരബന്ധങ്ങളിൽ ഉൾചേർന്നിരിക്കുന്ന ജാതി-ലിംഗ-വർണ്ണ-വർഗ്ഗ യാഥാർഥ്യത്തെ അഭിമുഖീകരിക്കാനും പ്രതിനിധാനം ചെയ്യാനുമുള്ള ആർജ്ജവവും ശക്തിയും ഈ കവിതയിലേക്ക് പകരുന്നു.

"ദ്രൗപതി ഇപ്പോൾ സീതയാണ്' എന്ന തലക്കെട്ട് തന്നെ മലയാളത്തിന്റെ സാമൂഹ്യമായി നിർണയിക്കപ്പെട്ട സാംസ്‌കാരിക ബന്ധങ്ങളോട് കലഹിക്കുന്നുണ്ട്. അതുകൂടാതെ, ചരിത്രത്തിലും വർത്തമാനത്തിലുമുള്ള സ്ത്രീയവസ്ഥകളുടെ (സീതത്വത്തെ) സാധൂകരണ തന്ത്രങ്ങളെ രൂക്ഷമായി വിമർശിക്കുന്നു. പകരം പ്രാദേശിക യാഥാർഥ്യങ്ങളെ കവിതയുടെ ജീവന ശാസ്ത്രമാക്കി മാറ്റുന്നു. വ്യാഖ്യാനങ്ങളുടെ ഈ ഗിയർ മാറ്റം പുനർവായനകളെ ആവശ്യമാക്കുന്ന, സ്വാഗതം ചെയ്യുന്ന ഒരു പൊതു ഭാഷക്കുള്ളിൽ പങ്കുവയ്ക്കാവുന്ന ഭാവനലോകങ്ങളെ വ്യാഖ്യാനിക്കാനും സാക്ഷാത്കരിക്കാനും ഇത് ഒരേ സമയം സമരം ചെയ്യുന്നുണ്ട്.

ടോണി മോറിസൺ പറഞ്ഞത് ഇവിടെ ഓർത്തു വയ്ക്കുന്നു. ""തങ്ങളുടെ ലോകവീക്ഷണം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും, ഒപ്പം വിനാശകരമായ വംശീയമർദനത്തിന്റെയും സങ്കേതങ്ങളുടെ അജണ്ടകൾ കൂടി ചേർന്നതായിരിക്കണം എന്ന് തീരുമാനിച്ചിട്ടുള്ള ഒരു ജനതയുടെ ദേശത്ത് വസിക്കുകയെന്നത് ഒരു എഴുത്തുകാരിക്ക് തികച്ചും അനുപമമായ ഒരു ഭൂപ്രകൃതിയെയാണ് കാഴ്ചവെക്കുന്നത്. ഈ ലോകവീക്ഷണത്തെ ഗൗരവബുദ്ധിയോടെ കർതൃത്വമായി കണക്കാക്കിയാൽ അതിനുള്ളിലും അതിനു പുറത്തും നിർമ്മിക്കപ്പെടുന്ന സാഹിത്യം ഭാവനയെന്ന കൃത്യത്തിന്റെ അതിവർത്തന ശേഷിയെയും ഗൗരവത്തേയും അതിന്റെ പരിമിതികളെയും ശക്തിയെയും, എല്ലാം മനസിലാക്കാനുള്ള അപൂർവ്വമായ അവസരം നൽകുന്നതായി കാണാം'' (ഇരുട്ടിലെ കളി- വെളുപ്പും സാഹിത്യ ഭാവനയും).

ടോണി മോറിസൺ / photo: Wikimedia commons

ഇന്ത്യൻ സംസ്‌കാര ചരിത്രത്തിലെ നിർണയക സന്ദർഭമാണ് ദളിത് പരിപ്രേക്ഷ്യം ശക്തി പ്രാപിച്ചത്. അത് രാഷ്ട്രീയ വിമോചനത്തിന്റെ സൈദ്ധാന്തികതയിലേക്കും സാമൂഹ്യ നവീകരണത്തിന്റെ ദാർശനികതയിലേക്കും വെളിച്ചം പരത്തി. ആധുനിക കേരളത്തിന്റെയും, ഇന്ന് കൂടുതൽ ബഹുസ്വരമാണെന്ന് തിരിച്ചറിയപ്പെടുന്ന ഭാഷാ സംസ്‌കാരത്തിന്റെയും സൃഷ്ടിയ്ക്ക് കാരണമായി. ഇത് മാനവികമായ മാറ്റങ്ങളോടുള്ള ആഭിമുഖ്യത്തെ ഉറപ്പിച്ചു കൊണ്ട് പ്രാചീനവും നവീനവുമായ അസമത്വങ്ങളോട് പോരാടുകയും ബൗദ്ധിക വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നു.
അപ്രകാരം ഇരുന്നൂറോളം കവിതകളും, ഇരുപതിൽപ്പരം നാടകങ്ങളും സിനിമ - ഷോർട്ട് ഫിലിം തിരക്കഥകളും എഴുതിയിട്ടുള്ള സജീവൻ പ്രദീപ് മലയാളസാഹിത്യത്തെ സംബന്ധിച്ച മുഖ്യധാര സാമാന്യബോധത്തിന്റെ കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞ്, സവർണ/ ഫ്യൂഡൽ ആധുനികതയുടെ ഭാഷാബോധവും അതിന്റെ ആഡംബര ഘോഷയാത്രകളെയും ലോക്ഡൗൺ ചെയ്യുന്നു. പകരം ഇതാരുടെ ജീവിതമാണെന്ന് മൂർത്തവും നിശിതവുമായ മറുപടി നൽകി കൊണ്ട്, ദളിത് ജനതയുടെ പ്രപഞ്ചാവബോധവും സൗന്ദര്യമൂല്യവും അവ നിർമ്മിക്കുന്ന സാഹിത്യ-സാംസ്‌കാരിക മാതൃകയെന്താണെന്നുമുള്ള രേഖപ്പെടുത്തലിന്റെയും അന്വേഷണങ്ങളുടെയും ചരിത്രപരമായ തുടർച്ചയെ ബലപ്പെടുത്തുന്ന കണ്ണിയാവുന്നു.
ഇനിയും സൂക്ഷ്മമായി കൂട്ടിചേർക്കാനുണ്ടാവാം എന്ന നീതിബോധത്തോടെ
പുതിയ കാലത്തിന്റെ ആവശ്യങ്ങളെ അഭിമുഖീകരിക്കുകയും ചെയ്തു കൊണ്ട് മറ്റൊരു സാംസ്‌കാരിക ചരിത്രത്തെ സാധ്യമാക്കുന്നു.

ഭാഷാ രാഷ്ട്രീയം

വിജ്ഞാനത്തിന്റെ ബഹുമുഖ വിനിമയങ്ങളെ സാധ്യമാക്കുന്ന ഒരധികാര രൂപമാണ് ഭാഷ. വിജ്ഞാനത്തിന്റെ തുറവികളും യുക്തിയും തിരിച്ചറിവുകളും പലവിധത്തിൽ കണ്ടെടുക്കുന്നതും നിക്ഷേപിക്കുന്നതും ഭാഷയിലൂടെയാണ്. എന്നാൽ ഇന്ത്യൻ സാമൂഹ്യ വ്യവഹാരത്തിലും ഭാഷാ ബോധത്തിലും നിലനിൽക്കുന്ന വർണ്ണവ്യവസ്ഥ, പരസ്പര വിനിമയങ്ങളെ പോലും അപ്രസക്തമാക്കുന്ന സാംസ്‌കാരികാധിനിവേശമാണ് ദളിതർക്ക് മേൽ നടത്തിയിട്ടുള്ളത്. എന്നാൽ വരേണ്യവും വ്യവസ്ഥാപിതവുമായ സൗന്ദര്യദർശനങ്ങളെ തകർത്തെറിഞ്ഞു കൊണ്ട് ദളിത് സാഹിത്യം ഭാഷയിലും ബ്രാഹ്‌മണിക്കൽമൂല്യബോധത്തിലും നിർഭയമായ കടന്നുകയറ്റങ്ങൾ നടത്തി.

അധഃസ്ഥിതത്വത്തിന്റെ മുറിവുകളും അനുഭവങ്ങളും ജ്ഞാന രൂപങ്ങളും ചേർന്ന ആവിഷ്‌കാരത്തിലൂടെ സൗന്ദര്യത്തിന്റെയും ആസ്വാദനത്തിന്റെയും പുതിയൊരു അവബോധത്തിലേക്ക് ഭാഷാസാഹിത്യ സങ്കൽപനങ്ങൾ അട്ടിമറിക്കപ്പെട്ടു. ഇത് നൂറ്റാണ്ടുകളോളം പ്രബല ചരിത്രത്തിൽ നിന്നും, സാമൂഹ്യഭാവനകളിൽ നിന്നും പുറത്താക്കപ്പെട്ട് അദൃശ്യരും, അപ്രസക്തരുമായി നിന്ന വലിയൊരു ജനാവലിയെ പൊതുസാമൂഹ്യ ചരിത്രത്തിലേക്ക് നിർമിച്ചെടുക്കാൻ തക്ക പ്രാപ്തമായിരുന്നു.

2017 അംബേദ്കർ ഫെസ്റ്റിൽ നടന്ന 'ഒരു ജാതി വാക്കുകൾ' എന്ന കവിത സമാഹാരത്തിന്റെ പ്രകാശനത്തിനിടെ പ്രദീപ്‌

അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും കലയും കലാപവും ചേർന്ന മറ്റൊരു ഭാഷയും ഭാവനയും വരേണ്യ വ്യവഹാരങ്ങളെയും ആഭിജാത്യപാരമ്പര്യങ്ങളെയും നിർദ്ദയമായി വിചാരണ ചെയ്തും തിരുത്തിയും ഏറ്റവും പ്രാദേശികപരവും ജീവന പരവുമായി സൂക്ഷ്മമായതിനെ കൂട്ടി ചേർത്തും പുതിയൊരു സാമൂഹ്യചരിത്രത്തെയും ജീവിതത്തെയും സ്ഥാപിക്കുന്നുണ്ട്. ഇത്തരത്തിൽ ദളിത് രചനകളെ സാധ്യമാക്കിയ ഭാഷ ആ ജനതയുടെ സാംസ്‌കാരിക ചിഹ്നങ്ങളിലൊന്നാണ്. ഭാഷയുടെ മേലുള്ള അധിനിവേശം ഒരു സംസ്‌കാരത്തിന്റെ നാശത്തിലാണ് കലാശിക്കുക.
ദളിത് അവബോധവും അരികനുഭവങ്ങളും നിറഞ്ഞ നിരവധി രചനകൾ ഇന്നു നമ്മുക്കുണ്ടാവുന്നുണ്ട്. സജീവൻ പ്രദീപിന്റെ കവിതയിലെ ഭാഷാരാഷ്ട്രീയത്തെ വിശകലനം ചെയ്യാൻ വെള്ളമ്മ അഥവാ കൂത്തിച്ചികുരിപ്പ്, ലത് എന്നീ രണ്ട് കവിതകൾ തെരഞ്ഞെടുക്കുന്നു.

""ചത്തോരന്റെ ചോറേ .... ചാവ് മണത്താ അന്റെ ഉടലേ കാരി കാഞ്ഞിരത്തണലേ കൂരികരിപ്പൻ മീനേ വെള്ളയമ്മ കാളി നീയ്യമ്മം മുടിഞ്ഞ മുടിത്താര് വെള്ളയമ്മകാളി ഏല്‌മ്മേ ഏരുക്കം ചോര താളി... മണ്ണ് പെറ്റ വെള്ളേ വെള്ളം ചുട്ട ചാവേ കണ്ണ് കൊത്തിയ പാമ്പേ''

എന്ന് വെള്ളമ്മ അഥവാ കൂത്തിച്ചി കുരിപ്പ് കവിതയിലിരുന്ന് പാടുമ്പോൾ സ്വന്തം വാക്കുകൾ ഉപയോഗിക്കാൻ കഴിയാതെ അപകർഷത അനുഭവിച്ച ഒരു ജനതയ്ക്ക് കൊല ചെയ്യപ്പെട്ട ഭാഷയുടെ ശരീരം തിരിച്ചു നൽകിക്കൊണ്ട് അവരൊളിപ്പിച്ചു വച്ച "നാണക്കേടുകൾ' വലിച്ചു കീറി പുറത്തിടുന്നുണ്ട്.

""മലവെള്ളത്തിന്റെ ഓരോ അടക്കുമവളെ കാത്തിരിക്കുന്നു ' അവൾക്ക് വേണ്ടി ശവങ്ങളെ കരിംപാറക്കെട്ടുകൾ അമർത്തി വയ്ക്കുന്നു പത്തു പതിനഞ്ചുമാൾക്ക് വെള്ളോള്ള ചുഴികളിലവൾ പൊൻമയെ പോലെ ഊളിയിടുന്നു. അടിത്തട്ടിലവളുടെ വിരൽ തൊട്ടാൽ വെള്ളച്ച് മരവിച്ച ശരീരങ്ങൾ പൂക്കുറ്റി പോലെയുയർന്ന് മേൽപരപ്പിൻ വിരിയുന്നു''.

അസാമാന്യമായ നീതിബോധത്തിന്റെ കുര്യാലയിൽ നിന്ന് പൂക്കുറ്റി പോലെ ഉയർന്ന് നിൽക്കുന്നുണ്ട് കുരിപ്പ്. അതേ സമയം വാതിലടയാത്ത വീടായി അസ്വാഭാവിക ജീവിതത്തിന്റെ കുന്തിരിക്കം പുകച്ചു നിൽക്കുന്ന കൂത്തിച്ചിയേയും നമ്മുക്കൊരാളിൽ തന്നെ കാണാം. സാംസ്‌കാരികമായി വിരുദ്ധപ്രദേശങ്ങളിൽ നിൽക്കുന്ന കൂത്തിച്ചിയും കുരിപ്പും വ്യത്യസ്ത ജീവിതപരിസരങ്ങളെ ആവിഷ്‌കരിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുമ്പോഴും ഇവിടെ ഭാവുകത്വപരമായ സന്തുലനം നഷ്ടപ്പെടുന്നില്ല. പകരം "കുരിപ്പ്', "കുര്യാല'എന്ന വാക്കുകളുടെ ഭൂതകാലത്തോടുള്ള ബന്ധവും, അതുത്പാദിപ്പിക്കുന്ന സൗന്ദര്യബോധവും ദാർശനികതയും നൈതികതയും സമൂഹത്തിലെ യാഥാസ്ഥിതിക ബോധശൂന്യതയെ ചോദ്യം ചെയ്യുന്ന തലം സൃഷ്ടിക്കപ്പെടുന്നു.

വെള്ളമ്മയെന്ന ഭാവന കരുത്താർജ്ജിക്കുന്നത് ഇന്ത്യൻ ദളിത് സ്ത്രീത്വത്തിന്റെ കറുപ്പിലും കരുത്തിലുമാണ്. കാഞ്ഞിരകയ്പ്പുള്ള ജീവിതത്തിൽ സ്വാതന്ത്ര്യത്തിന്റെയും സ്വയംനിർണയനത്തിന്റെയും തീച്ചാരായം മോന്തുന്ന വെള്ളമ്മ ഒറ്റമോളുടെ നേർക്ക് അന്തിക്കൂട്ടുകാരന്റെ നോട്ടമൊന്നു പിഴച്ചാൽ പച്ചത്തെറികൊണ്ടവന്റെ നെറുംതല തല്ലി പൊളിക്കുന്നു. എന്നിരുന്നാലും അവൾ ജീവിതം ആവർത്തിച്ച അനീതിയുടെ ദുരന്താനുഭവങ്ങളിലേക്ക് മുങ്ങി താഴ്ന്ന് അപ്രത്യക്ഷയാകുന്നു. യാഥാർഥ്യം തന്നെ നിർമ്മിതിയാകുമ്പോൾ അതിന് ചരിത്രത്തിന്റെയും ചിന്തയുടെയും കർതൃത്വത്തിന്റയും ശരീരത്തിന്റെയും പ്രതിനിധാനപരത കൂടി കൈവരുന്നു. ഇത് ദളിത് ജീവിതങ്ങളുടെ മേലുള്ള സാമൂഹ്യ-സാംസ്‌കാരിക അധികാരരൂപമായ ഭാഷാവബോധത്തെ കൂടി വിച്ഛേദിച്ചു കൊണ്ടാണ്. കുരിപ്പ്/ കുര്യാല/ ഏല്‌മ്മേ / ഏരുക്കം / കാരി / കൂരികരിപ്പൻ / നീയ്യമ്മം/മുടിത്താര് | ഏല്‌മ്മേ / നെറുംതല / വെള്ളോള്ള ചുഴി / മോന്തി / കച്ചോടം / വെന്തിങ്ങകണ്ണൻ / വെള്ളമ്മമോള്‌ടെ / കന്നിമണ്ണ് / നെറേല് എന്നിങ്ങനെയുള്ള പദങ്ങൾ കൊണ്ട് ഭാഷയുടെ "മാനകമായ' ഉച്ചാരണവ്യവസ്ഥയെ ഉടച്ചുവാർത്തും സമകാലീന കവിതയുടെ ശബ്ദഘടനയെ തന്നെ പൊളിച്ചെഴുതുന്നു.

കാലിക രാഷ്ട്രീയത്തിലെ അനീതികളേയും അസമത്വങ്ങളേയും നേരിട്ടും
സമുദായപരമായും ആത്മവൽകരിച്ച കവിതയാണ് ലത്.

""സ്വാമീടെ, "ലത്' അഴിഞ്ഞു പോവും "ലത് ' കാത്തു സൂക്ഷിക്കേണ്ടത് നുമ്മ പെണ്ണുങ്ങടെ കടമയാണ് എന്നൊന്നും പറഞ്ഞു വരല്ലേ "ലത്' അഴിയാണ്ട് നോക്കാൻ പറ്റാത്തവന്റെ കാര്യം പോക്കാ'', എന്നു പറയുക മാത്രമല്ല

""പ്രാർത്ഥന ജാഥ മണ്ണാംങ്കട്ട ഞങ്ങക്ക് "ലതിന് ' ഒഴിവില്ല പെണ്ണുങ്ങളെ''

എന്ന് തീർച്ചപ്പെടുത്തി തള്ളി പറയുന്നുമുണ്ട്. ഇതിലൂടെ ദളിതർക്ക് മേൽ ചാരിവച്ച വർഗ്ഗരാഷ്ട്രീയ താത്പര്യങ്ങളെ തട്ടിമറിച്ചിട്ടു കൊണ്ട്,

""ഞങ്ങടെ പെണ്ണുങ്ങൾ ഞങ്ങളിൽ നിന്ന് മാറികിടന്നില്ല. ശബരിമലമുണ്ട് ഞങ്ങളും ഞങ്ങളുടെ കുട്ടികളും നാടകത്തിന്ന്, ഊരി കളഞ്ഞു''

എന്ന് അധികാര അപ്രമാദിത്വത്തോട് കലഹിക്കുന്നു. കറുത്ത പെൺമ അനുഭവിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക സന്ദിഗ്ധതയെ "പച്ചതെറിയുടെ' ഉത്സവാഘോഷത്തിലൂടെ മറികടക്കുമ്പോൾ പ്രത്യേകിച്ചും അധീശത്വ പ്രതിരോധത്തിനും അതിജീവനത്തിനുള്ള ആയുധമാവുന്നുണ്ട് ഭാഷ. ഭാഷയുടെ മ്ലേച്ഛ/ കുലീന സങ്കൽപ്പനങ്ങളെ വിച്ഛേദിക്കുന്ന വെറും പറച്ചിലുകളല്ലാതെ സത്യസന്ധവും മനുഷ്യസഹജവുമായ ജൈവവിനിമയങ്ങളുടെ ദേശമാവുന്നു ഭാഷ.

ലത്/ ലതിന് എന്ന പദങ്ങളിലെ അമൂർത്തത ദളിത് ജീവിതങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഭാഷാപരമായി ഏറെ പാർശ്വമായി കാണാവുന്ന ഈ പദങ്ങൾ സമകാലീനതയിൽ ഏറ്റവും പ്രസക്തമായ ചോദ്യങ്ങളിലാണ് ഊന്നുന്നത്. അതോടൊപ്പം തന്നെ ധീരമായ ചില രാഷട്രീയ ധർമ്മങ്ങൾ നിലവിലെ സാമൂഹ്യ സന്ദർഭത്തിൽ അത് നിർവഹിക്കുന്നുണ്ട്.

"ലത്' വെറുമൊരു ലതല്ലാതെ സ്ഥലകാലങ്ങളേയും സ്വത്വങ്ങളേയും ശരീരത്തേയും ലൈംഗികതയേയുമൊക്കെ പേരുചൊല്ലി വിളിക്കാൻ പ്രാപ്തിയുള്ളപ്പോൾ
/ലതിന് /എന്നത് കാമനകളുടെ അധീശത്വത്തെ ശക്തമായി തള്ളികളയുന്ന നിഷേധ ധ്വനിയാവുന്നുണ്ട്.

ദളിത് സാഹിത്യത്തിൽ ഭാഷ ഒരു ജനതയുടെ ആശയ വിനിമയോപാധി മാത്രമല്ല, അത് സംസ്‌കാരത്തിന്റെ പ്രതിനിധാനവും നിർമ്മിതിയും അധികാരഘടനകളുടെ സ്വയംനിർണ്ണയനവുമാകുന്നുണ്ട്. സജീവന്റെ ബഹുമുഖമായ എഴുത്തുകൾ ഒന്നും തന്നെ അപ്രിയ വാക്കുകളുടെ പിടഞ്ഞോട്ടങ്ങല്ല തറഞ്ഞ വേദനകളെ ഊരിമാറ്റുന്ന അതിജീവനത്തിന്റെ ജലനെല്ലിക്കകളാകുന്നു. ആദ്യം കയ്ച്ചും പിന്നെ മധുരിച്ചും അറിവിന്റെ നിക്ഷേപങ്ങളായി പരിവർത്തനപ്പെടുന്ന രാഷ്ട്രീയബോധവും രാഷ്ട്രീയ പ്രതിരോധവും ഈ എഴുത്തിലും കവിതകളിലും കാണാം.▮

റഫറൻസ്

* ടോണി മോറിസൺ -ഇരുട്ടിലെ കളി - വെളുപ്പും സാഹിത്യ ഭാവനയും.
* പ്രദീപൻ പാമ്പിരികുന്ന്- ദളിത് പഠനം: സ്വത്വം, സംസ്‌കാരം, സാഹിത്യം; കേരള ഭാഷാ ഇൻസ്റ്റിറ്റുട്ട് തിരുവനന്തപുരം, 2007)
* പ്രദീപൻ പാമ്പിരികുന്ന്- ദളിത് സൗന്ദര്യശാസ്ത്രം; ഡി.സി.ബുക്‌സ് കോട്ടയം, 2017.
* കെ.കെ ബാബുരാജ് -ഇരുട്ടിലെ കണ്ണാടി; ഡി.സി ബുക്‌സ് കോട്ടയം, 2011.
* അജയ്‌ശേഖർ- സംസ്‌കാരം പ്രതിനിധാനം പ്രതിരോധം - സംസ്‌കാര രാഷട്രീയത്തിലേക്കുള്ള കുറിപ്പുകൾ; ഫേബിയൻ ബുക്‌സ് മാവേലിക്കര, 2009.
* രേഖാരാജ്- ദളിത് സ്ത്രീ ഇടപെടലുകൾ ; ഡി.സി ബുക്‌സ് കോട്ടയം, 2016.
* സജീവൻ പ്രദീപ്- ഒരു ജാതിവാക്കുകൾ; ഭീംയാന ബുക്‌സ് തിരുവനന്തപുരം, 2017.
* സജീവൻ പ്രദീപ്- സജീവധ്വനി ഫെയ്‌സ് ബുക്ക് പേജ്.
* ജെനി റൊവീന- ലേഖനങ്ങൾ, ഉത്തരകാലം ഓൺലൈൻ പേജ്, 2018- 2019.


സതി അങ്കമാലി

കവി, എഴുത്തുകാരി, പുസ്തക പ്രസാധക സംരംഭക​. ആലുവ യു.സി കോളേജിൽ പ്രൊജക്ട് ഫെല്ലോ. തീമരങ്ങൾ ആദ്യ കവിതാ സമാഹാരം.

Comments