ബാലചന്ദ്രൻ ചുള്ളിക്കാട് / Photo: Wikimedia Commons

വസന്തം വരികയും പുൽക്കൊടികൾ താനെ തളിർക്കുകയും ചെയ്യുന്നു

അത്ഭുതസ്തബ്ധനായി കൗമാരവ്യഥയോടെ മനുഷ്യജീവിതത്തിന്റെ എല്ലാ വിശാലതയിലേക്കും എന്റെ ഹൃദയത്തെ കൊത്തിവലിച്ച് ഒരു കാരുണ്യവുമില്ലാതെ കൊണ്ടുപോവുകയായിരുന്നു ഈ കവി

റ്റവും പ്രിയപ്പെട്ട കവികൾ ഒരു പാടുപേരുണ്ട്.
അതിൽ വൈലോപ്പിള്ളിയും മഹാകവി പി.യും എ. അയ്യപ്പനും പ്രധാനപ്പെട്ടവരാണ്​. ഇപ്പോൾ ജീവിച്ചിരിക്കുന്ന കവികളിൽ ജീവിതം കൊണ്ടും കവിത കൊണ്ടും എന്നെ അടിമുടി ഉലച്ച കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ്.

ജീവിതത്തിന്റെ മദ്ധ്യാഹ്ന സൂര്യൻ കത്തിജ്ജ്വലിക്കുന്നു.
ഉറങ്ങുമ്പോഴും ഉന്നരുമ്പോഴും ജീവിതത്തിന്റെ സർവത്ര കോണുകളിലും വലിയ നിഴലായി, പ്രാർത്ഥനയായി ഒരു കവി. ഉള്ളിൽ നിന്നും ബാഹ്യരൂപത്തിൽ നിന്നും ബാല്യം മാഞ്ഞുപോകാത്ത കൗമാരത്തിലെ ഏതോ ഒരു വെയിലിൽ അന്നേ പൊള്ളി മുളച്ച് തളിർത്തുവരുന്ന കവിതയുടെ ഭൂമിക്കുമുന്നിൽ, വൃക്ഷത്തിനുമുന്നിൽ, ആകാശത്തിനു മുന്നിൽ കവിതയുടെ മത്തുപിടിപ്പിച്ച പ്രഭാപൂരത്തിൽ, സൗന്ദര്യത്തിൽ, ഗാംഭീര്യത്തിൽ വെട്ടിതിളങ്ങി പ്രത്യക്ഷനായ ജ്യേഷ്ഠകവി. അതെന്റെ ബാല്യ- കൗമാര മിഴികളെ അന്ധമാക്കി.

എന്റെ വണ്ടിയും തെറ്റിത്തുടങ്ങിയതിനാൽ ഞാനും സച്ചിമാഷിന്റെ വീട്ടിലെ നിത്യസന്ദർശകൻ. ബാലചന്ദ്രൻ എന്ന വണ്ടി നേരത്തെ തന്നെ അവിടെ.

അന്നേവരെ സഞ്ചരിച്ചിരുന്ന അക്ഷരങ്ങളുടെ നൂൽ പാലത്തിൽ നിന്ന് തള്ളിയിട്ട് അഹംബോധത്തെ നശിപ്പിച്ചു. കാണുന്നതിനുമുമ്പേ ആ കവിത കെട്ടി മുറുക്കിയിരുന്നു. കണ്ടപ്പോൾ ശോഷിച്ച ശരീരത്തിൽ പ്രകാശമുള്ള കണ്ണുകളുള്ള ഒരാൾ കൗമാരക്കാരൻ കവി. ബീഡിക്കറയിൽ ചുണ്ടുകൾ. മുഖത്തു നോക്കുവാൻ ഞാൻ മുഖമുയർത്തിയില്ല. അതിരില്ലാത്ത, അനന്തമാകുന്ന, അതിവിശാലമാകുന്ന സമുദ്രത്തിന്നു മുന്നിലെ കേവലമൊരു മഴത്തുള്ളിയായിയായിരുന്നു ഞാൻ. തീപ്പന്തം പോലുള്ള ആ കണ്ണുകൾ എന്നെ സൂക്ഷ്മം നോക്കി. പൊടുന്നന്നെ ഞാൻ അപ്രത്യക്ഷനായി, ആ സമുദത്തിലേക്ക്.

ബാലചന്ദ്രൻ ചുള്ളിക്കാടും സെബാസ്റ്റ്യനും

ആ അപ്രത്യക്ഷമാകലിലൂടെയാണ് ഞാൻ വെളിച്ചത്തിലേക്ക് ഉയിർക്കപ്പെട്ടത്; ‘ഇതെന്റെ രക്തമാണ്. ഇതെന്റെ മാംസമാണ്. ഇതെടുത്തു കൊള്ളുക' എന്ന് ആ അപാരത പറഞ്ഞു. രക്തപങ്കിലമായ കൈപ്പത്തികൾ. പിളർക്കപ്പെട്ട മാറ്. കാൽ മുട്ടുകളിലെ ക്ഷതം, മുൾക്കിരീടമണിഞ്ഞ തീനാളമുള്ള ഒരു കാവ്യ ഹൃദയം. എല്ലാം വില കൊടുക്കാതെ തന്നെ എനിക്കുതന്നു. കവിതയോടുള്ള അടങ്ങാത്ത പ്രേമം. സൗന്ദര്യബോധത്തിന്റെ മലീമസമായ തെരുവ്. ധൈഷണികതയുടെ വീഞ്ഞ്, ഞാനാവശ്യപ്പെടുന്നതിനു മുമ്പു തന്നെ നൽകി.

ആ നിമിഷം മുതൽ പ്രവർത്തിച്ചു തുടങ്ങി. ആ മഹാപ്രളയത്തിന്റെ അലകളിലൂടെ ഒരു മെയ് വഴക്കക്കാരനെപ്പോലെ യാത്ര ചെയ്യാൻ, അവന്റ ഓരോ കവിതാപ്രഹരത്തിലും കൂടുതൽ കൂടുതൽ കൃതജ്ഞത അനുഭവിക്കുന്ന ഒരു ചെറുപ്രതിരൂപമായി മാറുവാൻ എന്തൊരു വരദാനമെന്ന് അന്നേ ഹൃദയത്തോട് ചരാചരങ്ങൾ പറഞ്ഞു. വില കൊടുത്തു വാങ്ങുവാൻ കഴിയുമോ ഇത്? ഒരു മാർഗ്ഗവുമില്ല. അത്രമാതം അമൂല്യമായ, വിലമതിക്കാൻ കഴിയാത്ത ഒരു കാവ്യസൗഹൃദത്തെ എനിക്ക് ലഭിക്കുകയായിരുന്നു.

ഇരിങ്ങാലക്കുടയിലെ ‘ബോധി' എന്ന സച്ചിമാഷിന്റെ വീട്. എൺപതുകൾ ആദ്യം. തെറ്റിയോടുന്ന എല്ലാ വണ്ടികളുടെയും താവളമായിരുന്നു അത്. എന്റെ വണ്ടിയും തെറ്റിത്തുടങ്ങിയതിനാൽ ഞാനും സച്ചിമാഷിന്റെ വീട്ടിലെ നിത്യസന്ദർശകൻ. ബാലചന്ദ്രൻ എന്ന വണ്ടി നേരത്തെ തന്നെ അവിടെ. അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് ബീഡിപ്പുകയുടെ മായികവലയത്തിൽ ഞങ്ങൾക്കുമുന്നിൽ ‘യാത്രാമൊഴി'.

ഓട്ടമായിരുന്നു പിന്നെ; ‘പതിനെട്ടു കവിത' കളുടെ ആദ്യ പതിപ്പായ നോട്ടുബുക്കിൽനിന്ന്. ഓടിയത് ബാലചന്ദ്രനല്ല

അത്ഭുതസ്തബ്ധനായി കൗമാരവ്യഥയോടെ മനുഷ്യജീവിതത്തിന്റെ എല്ലാ വിശാലതയിലേക്കും എന്റെ ഹൃദയത്തെ കൊത്തിവലിച്ച് ഒരു കാരുണ്യവുമില്ലാതെ കൊണ്ടുപോവുകയായിരുന്നു ഈ കവി: ആ ശബ്ദം, ഭാവം. കവിത പതുക്കെ പതുക്കെ ഒടുവിൽ അത് യാതൊന്നും അവശേഷിപ്പിക്കാതെ ഒന്നുമില്ലായ്മയിൽ നിന്നും എന്നെ കശക്കി എറിയുകയായിരുന്നു. തലച്ചോറിലെ ഒരു പെരുപ്പം വിളിച്ചു പറയുകയായിരുന്നു; അതിരുകളില്ല, സമുദ്രത്തിന് അതിരുകളുണ്ട്, ഈ മനുഷ്യന് അതിരുകളില്ല എന്ന്.

കവികളായ സെബാസ്റ്റ്യൻ, എ. അയ്യപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി

ഓട്ടമായിരുന്നു പിന്നെ; ‘പതിനെട്ടു കവിത' കളുടെ ആദ്യ പതിപ്പായ നോട്ടുബുക്കിൽനിന്ന്. ഓടിയത് ബാലചന്ദ്രനല്ല. കുറച്ചെഴുതി വളരെ വലിയ വടവൃക്ഷമായി മാറാനുള്ള തപസ്സിലായിരുന്നു ഇയാൾ. ആ ശബ്ദം കേരളത്തിലെ എല്ലാ കാവ്യാസ്വാദകരുടേയും സ്വർഗവും നരകവും സൃഷ്ടിച്ചു. അവരാണ് ഓടിയത്; ഈ കവിതകൾക്കൊപ്പം, കവിയൊടൊപ്പം. ശബ്ദസൗകുമാര്യമല്ല യഥാർത്ഥ കവിതയുടെ ഭാവം. അനുഭവം പകരുകയായിരുന്നു അയാൾ. ഓരോ വ്യക്തിയും അയാളുടെ സ്വന്തം സത്യം കണ്ടെത്തേണ്ടതുണ്ട്. ബാലചന്ദ്രന്റെ പരമമായ സത്യങ്ങളായിരുന്നു ആ കവിതകൾ.

ആന്തരികതയിൽ സംഭവിക്കുന്ന യഥാർത്ഥ കവിതയുടെ പര്യായമാണ് ഈ കവി. ചിന്തയുടെ ഇടങ്ങളിലുടെ കടന്നുവരുന്ന ജ്ഞാനത്തിന്റെ കാറ്റ്. സദസ്സിനെ മുൾമുനയിൽ നിർത്തി മുഴുവനായി പിടിച്ചടക്കുന്ന വാഗ്മി. ആ മസ്തിഷ്‌കത്തിൽ സേവ് ചെയ്തു വെച്ചിട്ടുള്ള ജ്ഞാനം കേൾവിക്കാരന്റെ ശൂന്യമായ ഹൃദയത്തെ പരിശുദ്ധവും മാലിന്യവിമുക്തവുമാക്കി. ആന്തരിക സ്രോതസുകളെ പ്രവാഹ ക്ഷമമാകുന്നു.

ഓരോരോ ഇതളുകൾ വിടർന്നു വിടർന്നു വരികയാണ്. ഇതു കുറിക്കുമ്പോൾ പറയൂ പറയൂ എന്ന് ആനന്ദസ്വരം പുറപ്പെടുവിച്ചുകൊണ്ട്. ഒന്നറിയാം, കൗമാരത്തിന്റെ ആദ്യ നാളുകളിൽ ആ ചാരേ ചേർന്നിരിക്കുമ്പോൾ എന്നെ കൊത്തിയെടുത്ത ആ കവിതകൾ ഇപ്പോഴും ചേർത്തുപിടിച്ച് നിർവചനാതീതമായ സ്‌നേഹത്തിന്റെ അനുഭവം. അതിന്റെ ആഴവും പരപ്പും തിട്ടപ്പെടുത്താൻ കഴിയുകയുമില്ല. ശ്രേഷ്ഠമായ ആ കാവ്യവഴികൾ എനിക്ക് സമ്മാനിച്ച ഉത്തമമായ സൗഹൃദം എന്നെ അനുഭവിപ്പിച്ച ആ പവിത്രതയെ മരണത്തോളവും അനശ്വരമായ അനുബന്ധ ജീവിതത്തോളവും ഞാൻ കൊണ്ടുപോകട്ടെ.▮


സെബാസ്​റ്റ്യൻ

കവി. പാട്ടു കെട്ടിയ കൊട്ട, ഇരുട്ടുപിഴിഞ്ഞ്​, സെബാസ്​റ്റ്യന്റെ കവിതകൾ, ​പ്രതി ശരീരം, കൃഷിക്കാരൻ, എ. അയ്യപ്പന്റെ സമ്പൂർണ കവിതകൾ (എഡിറ്റർ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments