Representational Image / Photo: Hari Bhagirath

തൊലിപ്പുറത്തല്ല തോലൻ

ഉപരിതലഭാഷയെക്കൊണ്ട്, യഥാർത്ഥ വ്യവഹാര ഭാഷയെക്കൊണ്ട്, കവിതയെ പുതുക്കുന്ന ഒരു രീതിശാസ്ത്രം തോലനെപ്പോലെ തന്നെ സമകാലീന കവിതയും പിന്തുടരുന്നു

പുരാവൃത്തത്തിന്റെ മായികപരിസരത്തിൽ നിലനിൽക്കുകയും ഇപ്പോഴും തന്റെ ചൂർണികാസമാനമായ ഈരടികൾകൊണ്ട് മലയാളസാഹിത്യത്തിൽ ഇടപെടുകയും ചെയ്യുന്ന കവിയാണ് തോലൻ. കുഞ്ചൻ നമ്പ്യാർ മുതൽ വി.കെ.എൻ. വരെ എഴുതിനീങ്ങുന്ന നർമത്തിന്റെയും രൂക്ഷാക്ഷേപത്തിന്റെയും കോശകേന്ദ്രം തേടിച്ചെല്ലുമ്പോൾ നാം ചെന്നെത്തുക തോലനിലായിരിക്കും.
"ഹൈ കൾച്ചറി'നെതിരെ എപ്പോഴും പൊരുതുന്ന ഭാഷയുടെ സമാന്തരമായ ഈ എതിരൊഴുക്കുകൾ, കാവുതീണ്ടലുകൾ, ഏതൊരു ഭാഷയുടേയും വരേണ്യമായ (വരച്ചവരയിലൂടെ പോകുന്നതുമായ) നിയമസംഹിതകളെ പൊളിച്ചെഴുതുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഭാഷയുടെ തോലുപൊളിച്ച കവിയാണ് തോലൻ.

ജാതിയിൽ നമ്പൂതിരിയായിരുന്നെങ്കിലും, സമൂഹഭ്രഷ്ടനായ ഒരു ബ്രാഹ്‌മണന്റെ സ്വരൂപമാണ് തോലനിലുളളതെന്ന് ചരിത്രം പറയുന്നു (കൊടുങ്ങല്ലൂരിനടുത്ത് കൊണ്ടൊഴിഞ്ഞാറ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം ജനിച്ചതെന്ന് പറയപ്പെടുന്നു). സ്ത്രീസമ്പർക്കത്തിന്റെ പേരിൽ സമാവർത്തനം ചെയ്യപ്പെടാതെയിരിക്കുകയും, ഒടുവിൽ സഹികെട്ട് താനണിഞ്ഞിരിക്കുന്ന തോല് (കൃഷ്ണാജിനം) "തോലൻ' തന്നെ (നീലകണ്ഠൻ എന്നായിരുന്നു തോലന്റെ ശരിയായ പേർ) വലിച്ചുപറിച്ചുകളഞ്ഞെന്നും, അങ്ങനെയാണ് ഈ "തോലികാനാമം' അദ്ദേഹത്തിനു കിട്ടിയതെന്നും ഒരൈതിഹ്യമുണ്ട്. സത്യം എന്തുമാകട്ടെ, ഭാഷയുടെ തൊലിപ്പുറത്തിനകത്തേക്ക് കടന്നുചെന്ന് വാഗ്‌ലീലകൾ കൊണ്ട് അതിനെ മറുഭാഷയാക്കുന്ന ഒരു ഇന്ദ്രജാലം തോലന്റെ എഴുത്തിനുണ്ട്.

മൊത്തം ഭാഷയെത്തന്നെ ചിരിക്കുളള മരുന്നാക്കി തോലനിൽ പ്രവർത്തിക്കുന്ന സർഗ്ഗാത്മകപ്രതികരണങ്ങളെല്ലാം ‘ഹൈ കൾച്ചറി’നെതിരെ ‘ലോ കൾച്ചർ’ നടത്തുന്ന ഒളിപ്പോരായി കാണുക കൂടി ചെയ്യുമ്പോഴേ ശരിയായ രീതിയിൽ തോലനെ വായിക്കാനാകൂ

സഭ്യതയെ അസഭ്യതകൊണ്ട് അഭിമുഖീകരിക്കുക, വ്യക്തഭാഷയിൽ വ്യംഗ്യങ്ങളുടെ ഒട്ടേറെ മറുപാഠങ്ങൾ ഒളിപ്പിച്ചുവെക്കുക, ശബ്ദാലങ്കാരങ്ങൾ കൊണ്ട് ശ്രോതാവിന്റെ അർത്ഥഗ്രഹണശക്തിയെത്തന്നെ ചോദ്യം ചെയ്യുക തുടങ്ങി നിരവധി ഭാഷാപരീക്ഷണങ്ങൾ തോലന്റെ കവിതയിലുണ്ട്. ഒൻപതോ പത്തോ നൂറ്റാണ്ടിൽ ജനിച്ച ഈ കവിയാണ് മണിപ്രവാളത്തിനു തുടക്കം കുറിച്ചതെന്ന ഒരു വാദം (അത്ര പ്രബലമല്ലെങ്കിലും) ഭാഷാ ഗവേഷകരുടെ ഇടയിൽ നിലനിന്നിരുന്നതായും ഇവിടെ ഓർക്കാം. തോലന്റെ "കെണിപ്രവാളത്തിൽ' മൊത്തം മലയാളഭാഷ തന്നെ അകപ്പെട്ടുപോയതോ? ഭാഷാവികടനായ തോലന്റെ ചരിത്രപരമായ ഈ സവിശേഷതയെ പിൽക്കാല ഗവേഷകർ തളളിക്കളഞ്ഞെങ്കിലും, പുരാവൃത്തത്തിൽ നിന്ന് ഇടയ്ക്കിടെ തലനീട്ടി നോക്കുന്ന തോലൻ, മലയാളിയുടെ ജാതിമതഭേദമെന്യേയുളള നർമബോധത്തിന്റെ ഒന്നാന്തരം പര്യായമായി നിലനിൽക്കുന്നുണ്ട്. ഭാഷയുടെ പരുഷ (പുരുഷ)ചാരിത്ര്യാവബോധത്തെ എങ്ങനെ അട്ടിമറിക്കാം എന്ന് ഇന്നും തോലൻ നമ്മെ കാണിച്ചുതരുന്നു.

കൂത്ത്, കൂടിയാട്ടം എന്നിവയ്ക്കുളള ചിട്ടകൾ വിശദീകരിക്കുന്ന ആട്ടപ്രകാരം, ക്രമദീപിക, എന്നീ കൃതികളെക്കൂടാതെ മഹോദയപുരേശചരിതം എന്നൊരു മഹാകാവ്യവും തോലൻ രചിച്ചതായി പറയപ്പെടുന്നു. തോലന്റെ കൃതികൾ ഏതെന്നോ, ഏതല്ലെന്നോ ഉളള വിവാദങ്ങൾ ഇന്നും അവസാനിച്ചിട്ടില്ലെങ്കിലും, "മൈത്തികമായ' തന്റെ സാന്നിദ്ധ്യമാണ് തോലന്റെ കവിത്വത്തിന്റെ സവിശേഷസ്വരൂപം. ആ ബിംബം സ്ഥിരമാണ്. പിൽക്കാലത്ത്, കൂത്തുമായി ബന്ധപ്പെട്ട സാഹിത്യപാഠഭണ്ഡാഗാരങ്ങളിലെവിടെത്തപ്പിയാലും തോലന്റെ തൂലിക കിട്ടും. യമണ്ടൻ കൃതികളിലൂടെയല്ല ഒറ്റവരികളിലൂടെയും ഒറ്റശ്ലോകങ്ങളിലൂടെയുമാണ് തോലൻ നമ്മിൽ സഞ്ചരിക്കുന്നത്.

കാവ്യങ്ങളെക്കാൾ, തന്നെച്ചുറ്റിപ്പറ്റിയുളള ഫോക്ക്‌ലോറുകളുടെ ആധിക്യം കൊണ്ടാണ് തോലൻ മലയാളഭാഷയിൽ അടയാളപ്പെടുന്നത്. ദാസിപ്പെൺ മുതൽ പെരുമാൾ വരെ നീണ്ട ഒരു രേഖ ഈ "സ്റ്റോറീലൈനുകൾക്ക്' തുണയായി വരുന്നു. ബാല്യം വിടുന്ന കാലത്തുതന്നെ തോലന്റെ പ്രചോദനാത്മക കവിത്വവും കുസൃതിയും ഭാഷാപാണ്ഡിത്യവുമെല്ലാം വെളിവായിക്കൊണ്ടിരുന്നു. എന്നാൽ ഇതെല്ലാം തന്നെ സംസ്‌കൃതത്തിന്റെ എക്കൗണ്ടിൽ എന്നതിലേക്കാൾ മലയാളഭാഷയുടെ ചരിത്രത്തിലാണ് കൗണ്ട്‌ ചെയ്യപ്പെട്ടത്. മറ്റൊരർത്ഥത്തിൽ, മലയാളഭാഷ സംസ്‌കൃതത്തിന്റെ ബലിഷ്ഠഹസ്തങ്ങളിൽ നിന്ന് കുതറിച്ചാടുന്നതിന്റെ ഒരു ചിത്രവും ഈ മൊഴിഭേദ്യങ്ങളിൽ കാണാം. മൊത്തം ഭാഷയെത്തന്നെ ചിരിക്കുളള മരുന്നാക്കിക്കൊണ്ട് തോലനിൽ പ്രവർത്തിക്കുന്ന ഈ സർഗ്ഗാത്മകപ്രതികരണങ്ങളെല്ലാം തന്നെ ‘ഹൈ കൾച്ചറി’നെതിരെ ‘ലോ കൾച്ചർ’ നടത്തുന്ന ഒളിപ്പോരായി കാണുക കൂടി ചെയ്യുമ്പോഴേ ശരിയായ രീതിയിൽ തോലനെ വായിക്കാനുമാകൂ..

""പനസി ദശായാം പാശി'' എന്ന ചൂർണിക, തോലന്റെ നാവിൽ വന്നത് ഏതാണ്ട് ബാല്യകാലത്തുതന്നെയാണെന്നാണ് പറഞ്ഞുകേൾക്കുന്നത്. "ചക്കി പത്തായത്തിൽ കയറി' എന്നതിനെ മൊഴിമാറ്റിയ അതിസാഹസികമായ ഈ ഭാഷാപരീക്ഷണം, സംസ്‌കൃതത്തിന്റെ "പരിപ്പെടുക്കുന്ന ഈ വികടപരിപ്രേക്ഷ്യം', പാഠനിർമ്മിതികളുടെ നിസ്സാരതകളെ ചോദ്യം ചെയ്യാനുളള തോലന്റെ സഹജവാസനയെ ഒട്ടേറെ പരിപോഷിപ്പിച്ചിട്ടുണ്ട്. ചക്കിയുമായുളള "സഖിത്വം' തോലനെതിരെയുളള ദുരാരോപണങ്ങളായി വന്നെന്നും കഥയുണ്ട്. എന്തായാലും, വളരെച്ചെറുപ്പത്തിൽത്തന്നെ തന്റെ വക്രോക്തിജീവിതം തോലൻ രജിസ്റ്റർ ചെയ്തു.

ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല തോലന്റെ വികടസരസ്വതിക്ക്. കിട്ടുന്ന അരിക്കിഴിയെക്കാൾ തോലനുവിശ്വാസം സ്വന്തം ഭാഷയുടെ സംഹാരശക്തിയിലായിരുന്നു

പെരുമാളുടെ തൊട്ടടുത്ത് നിന്ന് ഫലിതോക്തികൾ പറയുന്ന തോലൻ പലപ്പോഴും ഓച്ഛാനിച്ചുനിൽക്കുന്ന ഒരു സേവകനെക്കാളുപരി, രാജഭരണത്തെത്തന്നെ തീക്കൊളളിവെച്ചുപൊള്ളിക്കുന്ന ഒരരാജക പ്രതിഭയായി വിരാജിക്കുന്നുണ്ട്. തോലന്റെ സത്യസന്ധതയിൽ പലപ്പോഴും സംശയിക്കുകയും തോലൻ കള്ളനാണെന്നു കരുതുകയുമൊക്കെ പെരുമാൾ ചെയ്യുന്നുണ്ടെങ്കിലും, ബുദ്ധികൊണ്ടും സർഗ്ഗസിദ്ധികൊണ്ടും തോലൻ ഈ വാദങ്ങളെയെല്ലാം അസാധുവാക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട്. തോലന്റെ കവിത്വത്തിൽ പെരുമാളുടെ ഭാര്യ ചെറോട്ടിയമ്മക്കുളള വിശ്വാസം വിളിച്ചോതുന്ന നിരവധി പദ്യങ്ങൾ ഇന്ന് ലഭ്യമാണ്. തന്നെപ്പറ്റി ഒരു ശ്ലോകമുണ്ടാക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ തോലൻ രചിച്ച നിമിഷകവിത ഇന്ന് സുപ്രസിദ്ധമാണ്:

""അന്നൊത്തപോക്കീ, കുയിലൊത്ത പാട്ടീ, തേനൊത്ത വാക്കീ, തിലപുഷ്പമൂക്കീ ദരിദ്രയില്ലത്തെ യവാഗുപോലെ നീണ്ടിരിക്കും നയന ദ്വയത്തീ''

ആദ്യപാദത്തിലെ ഗൗരവം (ഈ കവിതക്ക് അന്തസ്സുപോര എന്നായിരുന്നു ചെറോട്ടിയമ്മയുടെ ലൈൻ) രണ്ടാം പാദത്തിൽ വന്നപ്പോൾ ശിഥിലമാക്കിയതുനോക്കുക. ദാരിദ്ര്യത്തെത്തന്നെയാണ് തോലൻ ചിത്രീകരിക്കുന്നത്. അതുവരെയുളള കവികൾ ഉപയോഗിച്ച ഇന്ദീവരദളവും, അംബുജനയനവുമെല്ലാം പടക്കംപൊട്ടുന്നതുപോലെ "വറ്റില്ലാത്ത ഒഴുക്കൻ കഞ്ഞിയായി' മാറുന്നതിന്റെ "ചിത്രസ്‌ഫോടനം' മലയാളകവിതയിലെ ഒരു വിപ്ലവമായിയെടുക്കുന്നതാണ് ഉചിതം.
ഈ രചനയിൽ മതിവരാഞ്ഞ രാജ്ഞിയുടെ മോഹത്തെ അതിലും വികടമായ മറ്റൊരു രചനകൊണ്ട് തോലൻ ദഹിപ്പിച്ചുകളയുന്നു:

""അർക്കശുഷ്‌കഫലകോമളസ്തനീ തിന്ത്രിണീ ദള വിശാലലോചനാ നിംബ പല്ലവ സമാന കേശിനീ വൃദ്ധവാനരമുഖീ വിരാജസെ!''

ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല തോലന്റെ വികടസരസ്വതിക്ക്. കിട്ടുന്ന അരിക്കിഴിയെക്കാൾ തോലനുവിശ്വാസം സ്വന്തം ഭാഷയുടെ സംഹാരശക്തിയിലായിരുന്നു. ചെറോട്ടിയമ്മയുടെയടുത്ത് തോലനു കാവ്യപരമായ അമിതസ്വാതന്ത്ര്യം തന്നെയുണ്ടായിരുന്നുവെന്ന് ചരിത്രകഥകൾ പറയുന്നു. പലപ്പോഴും വഴി(ളി) വിടുന്ന തോലന്റെ ഈ സർഗ്ഗാത്മക സ്വാതന്ത്ര്യത്തെ പ്രതിഫലിപ്പിക്കുന്ന മറ്റൊരു രചനയാണിത്. ഇതോതിയതും തമ്പുരാട്ടിയായ ചെറോട്ടിയമ്മയോടാണെന്നതും ഓർക്കുക;

""ദൃശാവളീവതെ ഭാത: കുശൂരാനന പങ്കജെ അപ്പിത്തനേത്രഭക്തം ത്വാ- മപിചേട്ടേ ജനാധിപ''

അശ്ലീലമെന്നുകരുതപ്പെട്ടിരുന്ന പദങ്ങളെക്കൊണ്ടുനിറഞ്ഞ ഈ കൃതിയെ വിഗ്രഹിച്ചാൽ കിട്ടുന്നത് മനോഹരമായൊരു രാജസ്തുതിയാണ്! തെറിയിൽ വേദവും വേദത്തിൽ തെറിയും കാണുന്ന ഇത്തരം നോട്ടങ്ങളാൽ നിബിഡമാണ് തോലന്റെ രചനകൾ. നമ്മുടെ സാഹിത്യസങ്കൽപ്പങ്ങളെ വിശകലനം ചെയ്യുമ്പോൾ നാം പലപ്പോഴും ചെന്നെത്തുന്നത് ഇത്തരം നിഗമനങ്ങളിലാണ്. എഴുത്തച്ഛൻ ആഴങ്ങളുടെ കവിയാണ്. തോലനാകട്ടെ ഉപരിതലത്തിന്റെ കവിയും. ഒരാൾ യോഗിയും പണ്ഡിതനും മറ്റൊരാൾ വിദൂഷകനും.

അർത്ഥ- അവബോധ- സന്ദേശങ്ങളുടെ നിരയും ബൃഹദാഖ്യാനത്തിന്റെ സ്ഥപതീസ്ഥാനവും ഉറച്ചുപോയതിനാൽ എഴുത്തച്ഛൻ ഭാഷയുടെ അച്ഛനായി. പിൽക്കാലത്ത്, അച്ചന്മാർ കൊണ്ടുവന്ന അച്ചടിയുടെ അച്ചടക്കത്തെ മനസാവരിച്ച് സന്ധ്യക്ക് നിലവിളക്കുകൊളുത്തിവെച്ച് നാം വായിച്ച രാമായണം ഇന്നും കവിതയുടെ പാഠനിർമ്മിതികളിൽ നിർണായകഘടകമാകുന്നു. ബൃഹദാഖ്യാനങ്ങളെ നിരസിക്കുന്ന പോസ്റ്റ് മോഡേൺ റാഡിക്കൽ കവിയും എഴുത്തച്ഛനെപ്പോലെ ധർമപ്രഭാഷണം നടത്തുന്നു. ഭാഷയുടെ ശുദ്ധിയെപ്പറ്റിയും "കറക്റ്റ്‌നസ്സി’നെപ്പറ്റിയും ആധികൊളളുന്നു. "സഭ്യത’കളുടെ പുതിയ കോട്ടകൾ ഇപ്പോഴും കവിതയിൽ ഉയർന്നുപൊങ്ങിക്കൊണ്ടിരിക്കുന്നു.

സഭക്ക് സ്വീകാര്യമായ(സഭ്യമായ) സാഹിത്യരൂപമാകരുത് കവിത എന്നും, "അസഭ്യത'യുടെ (സഭക്ക് അസ്വീകാര്യമായ) പുത്തൻ പാഠനിർമ്മിതികൾ കൊണ്ട് ഭാഷയെ രൂപപ്പെടുത്തിയെടുക്കാമെന്നും തോലനെന്ന വിഗ്രഹഭഞ്ജകൻ നമുക്ക് കാണിച്ചുതരുന്നു. നമ്മുടെ "ധർമ്മപുരാണ'ങ്ങൾ, "ആട്ടപ്രകാര'ങ്ങളാകാതെ, "തീട്ടപ്രകാര'ങ്ങളായതിന്റെ കാവ്യയുക്തി തോലനിലൂടെ നാം മനസ്സിലാക്കുന്നു.

മലയാളത്തിന്റെ സ്വത്വനിർമിതിയെ സംബന്ധിച്ച ധാരണകൾക്ക് ഇന്നും വ്യക്തമായ ഒരു നിർവ്വചനം സാദ്ധ്യമാകാതെ വരുന്നതും, ഭാഷാശുദ്ധിയെ സംബന്ധിച്ച അവകാശവാദങ്ങൾ പലപ്പോഴും അകത്തുനിന്നുതന്നെ പൊളിയുന്നതും നാം കണ്ടുവരുന്നു

തോലനടക്കമുളള പ്രാചീനകവികൾ പിന്തുടർന്ന പലതരം ഭാഷാസങ്കരങ്ങളുടെ ചാലകശക്തിയിലൂടെ വളർന്നുവികസിച്ച വിപുലമായ ഒരു കവിതാസംസ്‌കാരം മലയാളത്തിനുണ്ട്. മലയാളത്തിന്റെ സ്വത്വനിർമിതിയെ സംബന്ധിച്ച ധാരണകൾക്ക് ഇന്നും വ്യക്തമായ ഒരു നിർവ്വചനം സാദ്ധ്യമാകാതെ വരുന്നതും, ഭാഷാശുദ്ധിയെ സംബന്ധിച്ച അവകാശവാദങ്ങൾ പലപ്പോഴും അകത്തുനിന്നുതന്നെ പൊളിയുന്നതും നാം കണ്ടുവരുന്നു. നമ്മുടെ ഭാഷതന്നെ ഇതുവരെ പൂർണമായി നിർവ്വചിക്കപ്പെടാതെയിരിക്കുന്നതുതന്നെ അതിന്റെ പുതുമയ്ക്ക് അടിവരയിടുന്നു.സാദ്ധ്യതകളുടെ ഈ തുറസ്സാണ് ഒരു ഭാഷയെ നവീകരിക്കുന്നതെന്നും പറയാം.

വാക്കുകളുടെ നിഷ്പത്തിയിലും വാക്യഘടനയിലുമൊക്കെ അതതുകാലത്ത് സംഭവിച്ച വിസ്‌ഫോടനങ്ങൾക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. തുള്ളലടക്കമുളള സാഹിത്യപ്രസ്ഥാനങ്ങളിൽ ഇത് സംഭവിക്കുന്നുണ്ട്. അറിയാതെതന്നെ വരേണ്യഭാഷ അടിത്തട്ടിൽ നിന്ന് വളവും ഊർജ്ജവും വലിച്ചെടുത്തു. പിന്നീട്, ക്ലാസിക്കൽ നിർമിതികളെ വിവിധങ്ങളായ മൊഴിവഴക്കങ്ങൾ അകത്തുകടന്ന് ചോദ്യം ചെയ്യുകയും സാധാരണവും തൊഴിലധിഷ്ഠിതവുമായ ജീവിതരീതികളുടെ പ്രതിഫലനങ്ങൾ കവിതയിൽ കൂടുതൽ പ്രതിഫലിക്കുകയും ചെയ്തത് കവിത്രയകവിതയ്ക്ക് ശേഷമാണെന്ന് തോന്നുന്നു. ദ്രാവിഡവൃത്തങ്ങളുടെ വൈവിദ്ധ്യപൂർണവും സമൃദ്ധവുമായ ഉപയോഗവും വായ്‌മൊഴികൾക്ക് കവിതയിൽ ഉണ്ടായിരുന്ന അസ്പൃശ്യത അകന്നതുമൊക്കെ ഒരൊറ്റ ദിവസം കൊണ്ട് സംഭവിച്ചതല്ലെങ്കിലും, അനുഭവപുഷ്‌കലമായ കാൽപ്പനികതയുടെ ഇടപെടലുകൾ നിർണായകങ്ങളായിരുന്നു.
മനുഷ്യന്റെ അടിസ്ഥാനവികാരങ്ങളുടെ എക്​സ്​പ്രഷനുകൾ, സ്ത്രീകഥാപാത്രങ്ങളുടെ അനിയന്ത്രിതമായ കടന്നുവരവ്, പ്രോലിറ്റേറിയൻ എന്നു വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിസത്തയുടെ പ്രതിഷ്ഠാപനം ഇങ്ങനെ നിരവധി പ്രവണതകൾ നവോത്ഥാന- കാൽപ്പനിക- കവിതാ മുന്നേറ്റങ്ങൾക്ക് പ്രമേയമായി വന്നു. മെല്ലെമെല്ലെ പുരാണങ്ങളൊടുങ്ങി, പുരാവൃത്തങ്ങളൊടുങ്ങി, യഥാതഥജീവിതത്തിന്റെ ചിത്രങ്ങൾ കവിതയിൽ നിറയാൻ തുടങ്ങി. സ്വന്തം ജീവിതവ്യവഹാരങ്ങളിലേക്കും സ്വത്വബോധങ്ങളിലേക്കും തിരിച്ചുവെച്ച കണ്ണാടികൾ കൊണ്ട് കവിതകളെഴുതാൻ മലയാളകവിക്ക് ആത്മവിശ്വാസം നൽകിയ ഈ കാലത്തെത്തുടർന്ന്, ആഗോളനാഗരികതകളുടെ ചുവടുപിടിച്ച് പ്രസ്ഥാനപരമായി വന്ന ആധുനികകവിത ഭാഷയെ അപ്പാടെ പൊളിച്ചടുക്കുന്ന വളരെ ബോധപൂർവ്വമായ ഒരു പരിശ്രമത്തിനു ഊന്നൽ നൽകുകയും അതോടൊപ്പം യാഥാസ്ഥിതികമായ സൗന്ദര്യയശാസ്ത്രങ്ങളെ അപ്പാടെ തള്ളിക്കളയുകയും ചെയ്തു. ചിത്രകല, സംഗീതം മുതലായ അപരകലാ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു കാവ്യഭാഷയുടെ നിർമിതി എങ്ങനെ സാദ്ധ്യമാകും എന്ന് ആധുനിക കവിത അന്വേഷിച്ചു. ആഗോളമാനകങ്ങൾക്കനുസരിച്ച് കവിതയെ വായിക്കാൻ പഠിച്ചു. അസാധാരണഭാഷയെ സാധാരണഭാഷകൊണ്ട് ഹരിച്ചുകിട്ടുന്ന മറ്റൊരസാധാരണഭാഷയുടെ നിർമ്മിതിയിൽ ഊന്നുമ്പോഴും, ഭാഷയെ എങ്ങനെ അട്ടിമറിക്കാം എന്ന വിചാരത്തിൽ ആധുനികത ഉറച്ചുനിന്നതായിക്കാണാം. ഈ വിധ്വംസകത്വം കൊണ്ടുതന്നെ ആധുനികകവിത അരാഷ്ട്രീയമാണെന്ന പരാതികളും ഉയർന്നുവന്നിരുന്നത് ശ്രദ്ധിക്കുക.

ഇപ്പോൾ കവിത ഭൂമിശാസ്ത്രപരമായ സബാൾട്ടേൺ ഇടങ്ങളിൽ നിന്നുളള മൊഴിഭേദങ്ങളുമായി വികസിക്കുന്നു. മലകളിലെ ഭാഷയും കടപ്പുറഭാഷയുമെല്ലാം കവിതയുടെ ഇമേജറികളിൽ കരുത്തോടെ ഇടപെടുന്നു.

ആധുനികാനന്തരമെന്ന് നാം സ്വയം വിശേഷിപ്പിക്കുന്ന കവിതക്ക് എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും, വശങ്ങളിൽ നിന്നുളള ആവിഷ്‌കാരങ്ങൾ കൊണ്ട് അതിസമൃദ്ധമായിരുന്നു അത്. ആധുനിക കവിത തുറന്നിട്ട സ്വാതന്ത്ര്യത്തെ അത് ഏറെ മുന്നോട്ടുകൊണ്ടുപോയി. കവി എന്ന നിർമ്മിതിയെത്തന്നെ ചോദ്യം ചെയ്തുകൊണ്ട്, നിയമങ്ങളെക്കാൾ ആവിഷ്‌കാരങ്ങളിൽ ഊന്നിക്കൊണ്ട്, നൂറുകണക്കിനു കവികൾ കടന്നുവന്നു. മലയാളകാവ്യ പരമ്പരയിൽ ‘മിണ്ടപ്പെടാത്ത' ഒരു കാവ്യഭാഷ തേടിയുളള ഈ അന്വേഷണത്തിൽ പ്രസ്ഥാനപരമായിത്തന്നെ മുന്നോട്ടുവന്ന കൂട്ടങ്ങളുടെ ഇടപെടൽ ആധുനികാനന്തര മലയാള കവിതയെ കൂടുതൽ ചലനോന്മുഖമാക്കി. ദളിത്, സ്ത്രീപക്ഷ എഴുത്തിന്റെ സജീവമായ സാന്നിദ്ധ്യം ചരിത്രപരമെന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും. ഇപ്പോൾ കവിത ഭൂമിശാസ്ത്രപരമായ സബാൾട്ടേൺ ഇടങ്ങളിൽ നിന്നുളള മൊഴിഭേദങ്ങളുമായി വികസിക്കുന്നു. മലകളിലെ ഭാഷയും കടപ്പുറഭാഷയുമെല്ലാം കവിതയുടെ ഇമേജറികളിൽ കരുത്തോടെ ഇടപെടുന്നു. നാമറിയാതെ തന്നെ നമ്മുടെ കാവ്യസങ്കൽപ്പങ്ങൾ പൊളിഞ്ഞുവീഴുന്നു, പുതുതുകൊണ്ട് പുതുക്കപ്പെടാനൊരുങ്ങുന്നു. ഓരോ ജീവിതത്തിനും അതിന്റെ ഭാഷ ഉപയോഗിക്കാം എന്ന നിലവരുന്നു.

തോലനും സമകാലീനകവിതയ്ക്കും തമ്മിൽ എന്തുബന്ധം എന്ന സംശയമുയരാം. എന്നാൽ വിചിത്രമെന്നുമെന്നുപറയട്ടെ, കവിതയുടെ അർത്ഥത്തെസംബന്ധിച്ച യാഥാസ്ഥിതികസങ്കൽപ്പങ്ങളോടുളള വിമർശനം എന്ന നിലയിൽ കവിതയെ എടുക്കുമ്പോൾ, ഉപരിതലഭാഷയെക്കൊണ്ട്, യഥാർത്ഥ വ്യവഹാര ഭാഷയെക്കൊണ്ട്, കവിതയെ പുതുക്കുന്ന ഒരു രീതിശാസ്ത്രം തോലനെപ്പോലെ തന്നെ സമകാലീന കവിതയും പിന്തുടരുന്നു. സത്യം അകത്താണെന്നും, ആഴത്തിൽ മുങ്ങിത്തപ്പിയാലേ കവിതയുടെ അകമ്പൊരുൾ കണ്ടെത്താൻ കഴിയൂ എന്നുമൊക്കെയുളള മിത്ഥ്യാധാരണകളെ ചിരിച്ചുതള്ളുകയല്ലേ സമകാല കവിതയും ചെയ്യുന്നത്? വ്യാവഹാരികമായി നമ്മുടെ നിത്യസഹചാരിയായി തുടരുന്ന നേർഭാഷയെ, എപ്പോഴും കാണാവുന്ന ഭാഷയെ, ഒഴിവാക്കി, നാമെന്തിനൊരു ആദർശഭാഷയുടെ തടവറയിൽ കിടക്കണം? തോലനിലെ വിദൂഷകത്വം എത്ര മാരകമാണെങ്കിലും, തോലഭാഷ പ്രതിനിധീകരിക്കുന്ന "അശ്ലീലം' ഇന്നും പ്രസക്തമാകുന്നത് അതുകൊണ്ടാണ്. വരേണ്യമായ ധർമ്മബോധങ്ങൾക്ക് എതിരെയുളള ജാഗ്രതകൂടിയാണത്. ▮


ശ്രീകുമാർ കരിയാട്

കവി, മാധ്യമപ്രവർത്തകൻ. മേഘപഠനങ്ങൾ, മാഞ്ഞുപോയില്ല വൃത്തങ്ങൾ, പഴയ നിയമത്തിൽ പുഴകളൊഴുകുന്നു, നിലാവും പിച്ചക്കാരനും എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments