അശോകൻ മറയൂർ

കാടുടുത്തവന്റെ കവിതക്കറ

മലയാള കവിതയിലേക്ക് ഗോത്രഭാഷയുടെ ചൂരും ചൂടും കൊണ്ടുവന്ന രണ്ടുകവികൾ. സുകുമാരൻ ചാലിഗദ്ദ തന്റെ പ്രിയപ്പെട്ട കവി അശോകൻ മറയൂറിനെയും അദ്ദേഹത്തിന്റെ കവിതകളെയും അനുഭവിച്ച വിധം എഴുതുന്നു

കേരള കവിതയുടെ വസന്തമാണ് പ്രിയപ്പെട്ട കവി അശോകൻ മറയൂർ.
ആ വസന്തങ്ങളിലൂടെയാണ് കാടിനെ കുറച്ചുകുറച്ചായി നുള്ളിനുള്ളി തന്നുകൊണ്ട് നമ്മളെ കാടുടുത്ത കവിയുടെ കവിതകളിലേക്ക് ആകർഷിപ്പിക്കുന്നത്.

ഞാനും അശോകൻ മറയൂരും ഒത്തിരി വർഷങ്ങൾക്കുമുമ്പേ പരിചയമുണ്ട്, സമപ്രായക്കാരാണ്​, ഏതാണ്ട് ഒരേ കാലത്തിൽ എഴുത്തിലേക്ക് വന്നവർ.
അവനെ കാണുക, ഒന്നിച്ചിരിക്കുക, കവിത ചൊല്ലുക, പിരിയാതിരിക്കുക എന്നതായിരുന്നു എനിക്ക്. കേരള സാഹിത്യ ഫെസ്റ്റിവെൽ, പട്ടാമ്പി കാർണിവൽ അങ്ങനെ മറ്റു പല വേദികളിലും ഞങ്ങളിരുവരും ഒന്നിച്ച് കവിതയുമായി പങ്കെടുത്തിട്ടുണ്ട്. അവനോടൊപ്പം ഒന്നിച്ചിരുന്നു കഴിയുമ്പോൾ പിരിഞ്ഞുപോകാൻ തോന്നുകയില്ല; എന്തെന്നറിയില്ല. പിന്നെ കുറച്ചുദിവസത്തേക്ക് സങ്കടമാണ്. അത് തീരണമെങ്കിൽ എന്നും വിളിക്കണം.

അത്രയ്ക്കുമുണ്ട് മറയൂരിന്റെ വസന്തത്തിന്റെ കറ.
ആ കറയിലാണ് കാടുടുത്തവന്റെ കവിത പച്ചവീടായി ഇന്നും കേരള കവിതയിൽ വിരിഞ്ഞിരിക്കുന്നത്. അശോകന്റെ കവിതകളെ കുറിച്ച് ഒരുപാട് തവണ പലയാൾക്കാരും പലതരം വായനകൾ നടത്തിട്ടുണ്ട്. ഞാനതിലേക്ക് നേരിട്ട് കടന്നുചെന്നിട്ടുണ്ട്​, എന്നിട്ട്​ ആ മറയൂർക്കാടിലെ നീലക്കുറിഞ്ഞികൾക്കിടയിലൂടെ നടന്നിട്ടുണ്ട്.
ആ നടത്തത്തിലെനിക്ക് കാടുടുത്ത കവിയുടെ കവിതകളുടെ വരികൾ സമ്മാനമായി ലഭിച്ചു. ഇടക്കിടയ്ക്ക് നോക്കുമ്പോൾ പച്ചവീടിന്റെ മുറ്റത്ത് മയ.

പകൽ മൊത്തം പിടിച്ച ആറ്റുമീനുകളെ ഒരുവൾ വഴിക്കടവിൽ ശരിയാക്കിക്കൊണ്ടിരിക്കുന്നു കൈയ്യിലൊരു കമ്പു കരുതിക്കൊണ്ട്. മുറ്റത്തിടുന്ന ഇര തിന്നാൻ കോഴികൾ ഓടിക്കൂടുന്നതുപോലെ മീൻ മണത്തിന് പാമ്പുകൾ വന്നുകൂടുന്നു. അവൾ ഇടയ്ക്കിടെ ആ കമ്പെടുത്തു - വീശുമ്പോൾ ഒരു കൂട്ടം പാമ്പുകൾ കോഴികളെ പോലെ ഓടിയൊളിക്കുന്നു. വല്ലാതെ നടത്തങ്ങൾകൊണ്ട് തേഞ്ഞുതീരുന്ന വഴിയിൽ തേടൽ ഒരു കമ്പിന്റെ രൂപത്തിൽ മുന്നും പിന്നും നടന്നുകൊണ്ടേയിരിക്കുന്നു. നീളമുള്ള ആറ്റുതുമ്പികൾ ഒന്നിനൊന്ന് ഇണ ചേർന്ന് അവളുടെ വലതുതോളിൽ തൂങ്ങിക്കിടക്കുന്നു ഒരു തോരണമായ് ...

കാടിനേയും നാടിനേയും ഒരുപോലെ കവിതയിലേക്ക് പകർത്തുവാൻ അശോകന് കഴിയുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും ഗോത്രങ്ങളിൽ നിന്ന് വന്നവരാണ്- അശോകൻ മുതുവാനും ഞാൻ റാവുളനും. മുതുവാൻ ഭാഷയിലെ കവിത, റാവുള ഭാഷയിലെ കവിത, അതിന്റെ മലയാള പരിഭാഷ സ്വന്തമായി ഞങ്ങൾ ചെയ്യുന്നു. അശോകനെ കുറിച്ച് രണ്ടോ മൂന്നോ കവിതകൾ എനിക്ക് എഴുതാൻ കഴിഞ്ഞിട്ടുണ്ട്.

സുകുമാരൻ ചാലിഗദ്ദ
സുകുമാരൻ ചാലിഗദ്ദ

എപ്പോഴെങ്കിലും ഒന്നിച്ചുകണ്ടാൽ പിന്നെ കവിതകളാണ് കൂടുതലും സംസാരിക്കുന്നത്. ആ സംസാരങ്ങളിൽ അശോകൻ കവിതകൾ നിറച്ച് വളരുകയായിരുന്നു. അവന്റെയുള്ളിൽ തന്റെ വംശത്തിന്റെ വേരുകൾ ചലിക്കുകയായിരുന്നു. ആ ചലനമാണ് പച്ചവീടിൽ വളർന്നിരിക്കുന്നത്.
തന്റെ കവിതകളെ കുട്ടികളെപ്പോലെ വളർത്തുന്ന അശോകൻ ഒരുപാട് വേദനക്കിടയിലും എന്നെയും ഒപ്പം ചേർത്തുവെച്ചു. ആ സൗഹൃദം ഇപ്പോഴും വളരുകയാണ്. അങ്ങനെ ഒരു ഗോത്ര കവിതാ സമാഹാരത്തിലേക്ക് ഞങ്ങളെ കൊണ്ടെത്തിച്ചു. കേരളത്തിലെ നാൽപ്പതോളം ഗോത്ര കവിതകൾ വരാനിരിക്കുന്ന ഈ സമാഹാരത്തിലുണ്ട്.

കാടിനേറ്റ മുറിവുകളിലൂടെ ഓടിനടന്ന് മരുന്നിട്ട് അതെല്ലാം പച്ചയാക്കി മാറ്റുന്ന കാഴ്ചകളാണ് ഓരോ കവിതകളിലും അനുഭവിക്കുന്നത്. ആ മുറിവ് തന്റേതാവാം, ഗോത്രത്തിന്റേതാവാം, കാട്ടുജീവികളുടേതാവാം.

നിലാനിറ പെണ്ണും കാട്ടുകഥയും

1ച്ഛന്റെ മുണ്ടിലൊരുമൂലകീറിയെടുത്ത്
എന്റെ കയറുപൊട്ടിയ പൂവിട്ട പാവാടയ്ക്ക്
കയർകോർത്തിട്ട്
അരവേദനിക്കെ മുറിക്കിമുറിക്കിക്കെട്ടി
പുണ്ണായയിടമെല്ലാം കറത്തുപോകെ
ഞാനോടിനടന്ന കാടിത്.

2
മുത്തുമാല പൊട്ടിവീഴേ അവയെല്ലാം
പൊതികളായി ചെറിയ ചെറിയ തുണിയിൽ
വിത്തുകെട്ടി സൂക്ഷിക്കും പോലെ
കൂട്ടിവെച്ചതെല്ലാം പൊട്ടു സഞ്ചി നിറയെ....
ഒരുനാൾ
പൊതികളെല്ലാം അഴിച്ചെടുത്ത്
ഓരോരോ നിറത്തിൽ ഓരോ മുത്തെടുത്ത്
എന്റെ സാരി നിത്തിൽ കളർകളരായി മാല കോർത്ത്
ആരും കാണാതെ ഇട്ടു നടന്ന കാടിത്

3
ആരാരോ കേൾക്കെ കുയിൽപോലെയൊച്ചയിട്ട്
കൂടെയുള്ളയെല്ലാരും കേൾക്കെ
മനസ്സിന് പിടിച്ച കാറ്റിന് മരുതാളമിട്ട്
എല്ലാരും ചിരിക്കെ ഇത്തിരിനേരം
കോപത്തോടെ ഞാൻ നടന്നു തീർക്കും കാടിത്.

4
ചീകിക്കെട്ടിയ തലമുടിയിൽ
റോസാപ്പൂവ് നിറമുള്ള റിബ്ബണിൽ
പൂവുണ്ടാക്കിക്കുത്തി....
കഴുത്തിലെ സ്വർണ്ണമാലയോട്
ചേർത്ത് പാശീമാലയുമിട്ട്...
കൊലുസ്.
വേങ്ങമരപ്പാലിൽ പൊട്ടുതൊട്ട്.
മൂക്കുത്തി.
സൂര്യവട്ടക്കമ്മലിട്ട് അടുത്ത തെരുവിലെ
പൊങ്കലിന് കൂട്ടം കൂട്ടമായി
ഇടതു തോളിലെ ഒരു വശത്തിലേക്ക്
ഇരു സാരിത്തുമ്പുകൾ ചേർത്തു കെട്ടിയ
ഒരേ വേഷത്തിൽ യുവതികൾ പോകുന്ന
കാടിത്.

5
കാട്ടിൽ എന്റേതെന്ന്
നാല് കൂണുണ്ടാവുന്ന മരങ്ങൾ .
എന്റേതെന്ന് ആറുകളിൽ നൂറു നൂറു കണക്കിന്
മീനും ഞണ്ടുമുള്ള നാല് കല്ലിടുക്കുകൾ .
ഇടയ്ക്കിടെ തൊട്ടു പോകുന്ന കാറ്റ് .
മാറി മാറി വറ്റാതെ പൂക്കുന്ന നാല് പൂമരം .
വീട്ടിലെ ചുമരിൽ ചിത്രങ്ങൾ വരയ്ക്കാൻ
കളർ കളറായുള്ള മണ്ണുകൾ.

6
ഞാനില്ലാത്ത പകൽ.
ഇരുട്ട്.
നിലാവ്.
നക്ഷത്രങ്ങൾ.
കേൾക്കാതെ പോയ
കുയിൽ പാടും പുതിയ പുതിയ
പാട്ടുകൾ.
പുതുമഴയ്ക്ക്
പുതിതായ് കേൾക്കും
ചീവീടിന്റെ ശബ്ദം.
ഞാൻ ഉറങ്ങേ ഞാൻ കേൾക്കാതെപോയ
മഴ ശബ്ദത്തെ എനിക്കായ് വറ്റും വരെ പാടും
വെള്ളച്ചാട്ടം.
ഇവയെല്ലാം ഞാൻ മരിച്ചാലും
വീണ്ടും പിറക്കും വരെ എനിക്കായ്
കാത്തുവെക്കും ഈ വനദൈവങ്ങൾ.

ഡി.അനിൽകുമാർ, അമ്മുദീപ, അശോകൻ മറയൂർ, കുഴൂർ വിൽസൺ, ആദിൽ മഠത്തിൽ
ഡി.അനിൽകുമാർ, അമ്മുദീപ, അശോകൻ മറയൂർ, കുഴൂർ വിൽസൺ, ആദിൽ മഠത്തിൽ

ഓരോ ഗോത്രങ്ങളെയും വളർത്തുന്നത് സ്ത്രീകളാണ്.
അവരാണ് കാതൽ. ഒരു വംശത്തെ അല്ലെങ്കിൽ കുടുംബത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന അറിവുകളൊക്കെയും സ്ത്രീകളിലാണ് നിലനിൽക്കുന്നത്. അശോകന്റെ കവിതകളിലും അങ്ങനെ കാണുന്നുണ്ട്. അതിനാലാണ് കവിതകൾക്ക് നല്ല തെളിച്ചം. അതുപോലെ ഞാനും എഴുതുന്നുണ്ട്. പുരുഷൻമാർ അധികം കവിതകളിൽ ചേരാറില്ല. ഗോത്ര സ്ത്രീകളുടെ നന്മ നിറഞ്ഞ മുഖങ്ങളാണ് അശോകന്റെ കവിതകളുടെ തലക്കെട്ട്. അവിടെയാണ് സൗന്ദര്യമുള്ള കാടും കവിതയും പറയുന്നത്.

വിടങ്ങളിലെ മരങ്ങളിൽ
സംഭവിക്കുന്നതെല്ലാം
ആകാശത്തും സംഭവിക്കുന്നു.
മഞ്ഞയിലകൾ
ചുവന്നയിലകൾ
കൊഴിഞ്ഞ ആകാശം
ഇളം പച്ചനിറ പൂക്കൾ.

മരങ്ങളിൽ പെയ്യും മഴ
അവിടെയും പെയ്യുന്നു.
ഇവിടങ്ങളിലെ കോടമഞ്ഞ്
അവിടെയും പെയ്യാതെ
ചുറ്റിക്കറങ്ങുന്നു.

ഇവിടങ്ങളിലെ
കള്ളിമുൾപടർപ്പുകൾ
അവിടെ
വെളിച്ചം ഉണ്ടു ജീവിക്കുന്ന
നക്ഷത്രക്കാടുകൾ.

പുള്ളിമാനിന്റെ നിറമുള്ള
പക്ഷി
ഇവിടെ കൂടൊരുക്കുന്നു.
ആകാശത്ത് രണ്ട്
വെള്ളക്കുതിരകൾ
ആരെയോ തേടി നടക്കുന്നു
അത് നമ്മളല്ല...

മരമതിന്റെ ഗർഭകാലത്തെ
എങ്ങനെയെല്ലാം ആഘോഷിക്കുന്നു
ഒരു മനുഷ്യ സ്ത്രീയെപോലെ.

കാടിന്റെ ഒറ്റവഴിയിൽ നിന്നുകൊണ്ട് അതിനകത്തുള്ള നമ്മളാണ് ബാക്കിയുള്ള വഴികളെ കണ്ടെത്തുന്നത്. അവിടെയാണ് ഇത്രയും പൂക്കളുടെ പൂമ്പൊടികൾ അശോകൻ ശരീരത്തിലണിഞ്ഞ് കേരളക്കരയിലൂടെ തുഴഞ്ഞുതുഴഞ്ഞ് ഓരോ വായനക്കാർക്കും പച്ചമണം നൽകുന്നത്.

അക്​ബർ, പി. രാമൻ, അശോകൻ മറയൂർ
അക്​ബർ, പി. രാമൻ, അശോകൻ മറയൂർ

ഗോത്രമനുഷ്യരുടെ തനത് ഭക്ഷണരീതിയുടെ കൂട്ടുകൾ അവന്റെ നാവിലിപ്പോഴും മധുരിക്കുന്നുണ്ട് . ആ തീച്ചൂടിൽ വിയർത്തൊഴുകിയ ഉപ്പുനീരിൽ അവിടെയൊരു ഉറവ രൂപപ്പെട്ടു. ആ ഉറവയിൽ ഗോത്രങ്ങളുടെ കണ്ണിന്റെ കാഴ്ചകൾ ഓടിക്കളിക്കുകയാണ്. അവരോടൊപ്പം സ്വന്തം കണ്ണുകളെയും കളിക്കാൻ വിട്ടിട്ട് മണ്ണിന്റെ മക്കളുടെ മാനസങ്ങളെ കോർത്തെടുത്ത് ഒരു കാടാക്കി, അവിടെ പുഴകളെ നട്ടും മരങ്ങളെ വെച്ചും സ്വയം മൃഗമാവുന്നു, പക്ഷിയാവുന്നു, കല്ലാവുന്നു, ശബ്ദമാവുന്നു.
കാറ്റായി വെയിലായി മഴയായി വരുന്ന അശോകന്റെ കവിതകൾ കാടുടുത്തവയാണ്.
അത് അശോകന്റെ സ്വന്തം കാടാണ്
ആ കാടിന് അശോകനെ നന്നായറിയാം.
വായനക്കാരനായ എനിക്കും.

പാറക്കെട്ട് രമൊന്നു വറ്റിയതും
ഇലകൾ കൂട്ടം കൂട്ടമായ്
ചത്തുവീണു
അത്
മരങ്ങളിൽ നിന്നും
മരങ്ങളിലേക്ക് പടർന്നു പിടിച്ചു
ഓരോന്നായ് വറ്റിത്തീർന്നു
ഇലകൾ
കൂട്ടം കൂട്ടമായ് ചത്തൊടുങ്ങി
കൂട്ട നിലവിളികളും
സ്‌ഫോടനങ്ങളും
അവസാനിച്ചു.

ഇലകളില്ലാത്ത മരത്തിൽ നിന്ന്​
ഒരു വരയാട്
ഇറങ്ങിയോടി
കൂടെയൊരു പ്രപഞ്ചവും
പുറപ്പെട്ടു.
ഓടിയോടി
താഴ്‌വരകളിൽ നിന്നും
ഉയരമുള്ള പാറക്കെട്ടുകളിലെത്തി
പാറക്കെട്ടുകൾക്കു മൊത്തം
കണ്ണുകൾ വെച്ചു
വരയാട്
കണ്ണടച്ചിരുന്ന്
കൂടെക്കൂടിയ
പ്രപഞ്ചത്തെ
കാണുന്നു
മലകൾ
പുൽമേടുകൾ
പാറക്കെട്ടുകൾ
മുൾചെടികൾ നിറഞ്ഞ
അതിർത്തികൾ
ഇല്ലാതായി

വരയാട്
ചാടി, ചാടി
പാറക്കെട്ടുകളിൽ നിന്നും
താഴ്​വരയിലേക്ക്
പുറപ്പെട്ട്
ഒരു നദിക്കരയിലെത്തി
അപ്പോഴേക്കും
കണ്ണുകൾ തുറന്ന്
താഴ്വരയിലേക്ക് മാത്രം
നോക്കിക്കിടന്നു.

നദിയുടെയക്കരെ മനുഷ്യർ
മണ്ണുകുഴച്ച്
ആ മണ്ണുരുളയിയുടെയുള്ളിൽ
ഒരു മുട്ടവെച്ച്
തീ കൂട്ടി
കനലിലിട്ട്
വേവിച്ചെടുക്കുന്നുണ്ടായിരുന്നു.

മീനുകൾ
കുറേ
കല്ലുകൾവീഴുന്നയൊച്ചയിൽ
ഇലകളായ്
ആ മുനുഷ്യരുടെ
ഉടലാകെ പൊതിഞ്ഞു
അയാൾ നടന്നു
പാറക്കെട്ടുകളുടെ
ഉയരത്തിലെത്തി
പ്രഭാതങ്ങളിൽ
പക്ഷികൾ പറന്നു പോകുന്ന
ദിക്കുകൾ നോക്കിയിരുന്നു.

ഇതുപോലെ
ഇതിനുമുമ്പും
ഇങ്ങനെയൊരു
പ്രപഞ്ചം
തുടങ്ങിയിരുന്നു.

താമസിക്കുവാൻ വരുന്ന താഴ്‌വാരങ്ങളോടൊപ്പം തപസിരിക്കുന്ന മറയൂരിന്റ വസന്തങ്ങൾ മഴയില്ലാത്ത രാത്രിയിൽ എവിടെയോ മറഞ്ഞിരുന്ന് പുഷ്പിക്കുകയാണ്...
ആ പൂക്കാല സൗന്ദര്യ കുളിർമയിൽ മുങ്ങിനിവരുവാൻ കാത്തിരുന്ന്
പകലാളാക്കിയ രാവുകളിൽ ഞാനും
നാലുവഴിയിൽ വരിവരിയായി നടന്നു നീങ്ങി.
ഇടുക്കിയിലെ ഇടുങ്ങിയ വഴികളിൽ
ഇണങ്ങി നിൽക്കുന്ന വരയാടുകൾ
ഓരോരോ കാറ്റിനേയും ഊതി വീർപ്പിച്ച്
ഓരോരോ മലകളിലേക്കും പറക്കുമ്പോൾ
നീലമേഘങ്ങളിൽ നിന്ന്​ നീലക്കുറിഞ്ഞിയിലകൾ
കാച്ചിയെടുക്കുന്ന പച്ചതേയില കറയെ
ചൂടോടെ ഊതിയെടുക്കുന്ന ആവിയിൽ
പച്ചവീട്ടിലെ കവിതകൾ ഉണരുകയായിരുന്നു.
അതിരുകളിൽ വരവും കാത്തിരിക്കുന്ന
കരിമലപ്പുഴയുടെ കാവൽക്കാരൻ കൂവിയ
കൂവൽ കേൾക്കാം, ആ താരാട്ട് കേൾക്കാം.

ഞാൻ വിളിച്ചതാണ്; അശോകാ പൂയ് ...


സുകുമാരൻ ചാലിഗദ്ദ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments