കെ.ജി.എസ്

‘ബംഗാൾ':
കവിതയും
ചരിത്രവും

50 വയസ്സ്​ പൂർത്തിയാക്കുന്ന കെ.ജി.എസ്സിന്റെ ‘ബംഗാൾ’ എന്ന കവിതയുടെ സമകാലിക വായന

കെ.ജി.എസിന്റെ ‘ബംഗാൾ' മലയാള കവിതയുടെ ചരിത്രത്തിൽ അനിഷേധ്യസ്ഥാനമുള്ള കവിതയാണ്. 1972-ൽ രചിക്കപ്പെട്ട കവിത 2022-ൽ അമ്പതുവർഷം പൂർത്തിയാക്കുന്നു. കേരളത്തിന്റെ ജനകീയസംസ്‌കാരസമീക്ഷയുടെ അവിഭാജ്യഭാഗമായ ഈ കവിത മലയാള കവിതാചരിത്രത്തിൽ വലിയൊരു വിച്ഛേദത്തെയും ഭാവുകത്വ നവീകരണത്തെയും കൊണ്ടുവന്നു.

മലയാള സാഹിത്യത്തിലെ ആധുനികതാവാദത്തിന്റെ ദിശ മാറ്റിമറിച്ചത് ഈ കവിത കൂടി ചേർന്നാണ്; അല്ല, ആദ്യമായി അതു ചെയ്തത് ഈ കവിതയാണ്. മലയാളത്തിലെ ആധുനികതാവാദത്തിന്റെ രാഷ്ട്രീയവത്കരണത്തിനു തുടക്കം കുറിക്കുന്നത് ‘ബംഗാൾ' എന്ന കവിതയുടെ രചനയിലൂടെയാണ്.

കെ.ജി.എസിന്റെ പിൽക്കാലകവിത ‘ബംഗാളി'ൽ തുടരുന്നതായിരുന്നില്ലെന്ന് സുവിദിതമാണ്. അത്​ നിരന്തരപരിണാമങ്ങൾക്കും നവീകരണങ്ങൾക്കും വിധേയമായിക്കൊണ്ടിരുന്നു.

‘നക്സൽബാരിയിലെ കാർഷികകലാപം ഓരോ ഇന്ത്യക്കാരന്റെയും ചരിത്രപരമായ നിലനിൽപ്പിനെ ഗുണപരമായി തന്നെ മാറ്റിയിട്ടുണ്ട്’ എന്ന് അക്കാലത്തുതന്നെ ബി. രാജീവനും ‘നക്സൽബാരിയിലെ കാർഷികകലാപം ഇടതുപക്ഷത്തിലെ വലിയ ഒരു വിഭാഗത്തെ - പിന്നീട് നക്സലൈറ്റുകളായി മാറിയവരെ മാത്രമല്ല - ചിന്തിപ്പിച്ചിരുന്നു, അതുവരെ ആധുനികതാവാദികളായി അറിയപ്പെട്ടിരുന്ന പല സാഹിത്യകാരന്മാരെയും രാഷ്ട്രീയവത്കരിക്കുന്നതിൽ നക്സൽബാരി കലാപവും പുതിയ സാർവദേശീയചലനങ്ങളും വഹിച്ച പങ്ക് വളരെ വലുതാണ്’ എന്ന് പിന്നീട് പി.പി. രവീന്ദ്രനും എഴുതുന്നുണ്ട്.

‘ബംഗാൾ' നക്സൽബാരിയെ സ്വാംശീകരിക്കുന്ന കവിതയായിരുന്നല്ലോ? ആധുനികതാവാദത്തിന്റെ രാഷ്ട്രീയവത്കരണം തെറ്റായ ദിശയിലുള്ള സഞ്ചാരങ്ങളെ തിരുത്തുന്നുണ്ടായിരുന്നു. മലയാളസാഹിത്യത്തിലെ രാഷ്ട്രീയലോകങ്ങളുടെ നവീകരണം മാത്രമല്ല, രൂപപരമായ വലിയൊരു പരിവർത്തനവും ഇത്​ കൊണ്ടുവരുന്നുണ്ട്. പദ്യത്തിലും പാട്ടിലും എഴുതുന്ന പാരമ്പര്യം അതേപടി പിന്തുടർന്നുകൊണ്ടിരുന്ന കാലത്ത് ഗദ്യശിൽപങ്ങളിലൂടെ എഴുതപ്പെട്ട സാമാന്യം ദീർഘമായ ഈ കവിത ഗദ്യത്തിലെഴുതുന്നതിനുള്ള കവികളുടെ ഭയം ശമിപ്പിക്കുകയും അവർക്ക് വലിയ ആത്മവിശ്വാസം പകർന്നുനൽകുകയും ചെയ്തിരുന്നു. പിൽക്കാലത്ത് ‘കെ.ജി.എസ്. ഗദ്യ'ത്തിലെഴുതുന്ന നിരവധി കവികൾ പിറക്കുന്നിടത്തോളം ഇതിന്റെ രൂപവും ശൈലിയും മലയാളകവിതയിൽ സ്വാധീനിക്കപ്പെടുന്നുമുണ്ട്.

നക്സൽബാരിൽ സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്തൂപങ്ങൾ/ photo: Ajmal Mk Manikoth

മലയാളികൾക്ക് എക്കാലത്തും ബംഗാളിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും സവിശേഷമായ ചില ആഭിമുഖ്യങ്ങളുണ്ടായിരുന്നു. ബംഗാൾ മുന്നേ നടക്കുന്ന ദേശമായി ഇന്ത്യയെമ്പാടും ഘോഷിക്കപ്പെടുന്ന കാലമുണ്ടായിരുന്നല്ലോ? വലിയ കോട്ടം തട്ടിയെങ്കിലും, ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ ഓർമകളിൽ പോലും അതുണ്ട്. ഇന്ത്യക്ക് വഴികാട്ടിയായിനിന്ന പലതും ഉദ്ഘാടനം ചെയ്യപ്പെട്ടത് അവിടെയായിരുന്നു. നവോത്ഥാനത്തിന്റെയും വിപ്ലവചിന്തകളുടെയും മണ്ണ്. സാന്താൾ കലാപത്തിന്റെ, ബ്രിട്ടീഷ് അധിനിവേശവിരുദ്ധ പ്രസ്ഥാനങ്ങളുടെ, മധ്യവർഗാഭിമുഖ്യങ്ങളുടെ, നക്സൽബാരിയുടെ മണ്ണ്. ടാഗോറിന്റെയും താരാശങ്കർ ബാനർജിയുടെയും പ്രഫുല്ലചന്ദ്രറേയുടെയും ഘട്ടക്കിന്റെയും സത്യജിത് റേയുടെയും... മലയാളികളെ ത്വരിപ്പിച്ച നിരവധി ബുദ്ധിജീവിതങ്ങളുടെ നാട്. മലയാളികൾക്ക് ഏറെ ബന്ധുക്കൾ അവിടെയുണ്ടായിരുന്നു, മറ്റൊരിടത്തും ഇല്ലാത്തിടത്തോളം. നേരിട്ടറിയാതെ തന്നെ മനസ്സിൽ കുടിയിരുന്നവർ.

നദീതട സംസ്‌ക്കാരങ്ങളവിടെയാണ്. നഗരപരിഷ്‌ക്കാരങ്ങളവിടെയാണ്. പ്രഭുക്കൾ, ഭൃത്യർ, നൂറ്റാണ്ടുകൾ, മദം പൊട്ടിയ ഭൂഖണ്ഡങ്ങൾ, മഹായുദ്ധങ്ങൾ, ചുഴലികൾ ... എല്ലാം അവിടെയാണ്. എന്റെ മക്കളും ചെറുമക്കളും ബന്ധുക്കളുമവിടെയാണ്.

എന്നിങ്ങനെ കവിതയിലെ വാക്കുകൾ വായനാശീലമുള്ള ആർക്കും ഉൾക്കൊള്ളാൻ കഴിയുന്നിടത്തോളം ഏറെ സത്യസന്ധമായിരുന്നു.

ലളിതവും എത്തിപ്പിടിക്കാൻ കഴിയുന്നതുമായ ബിംബങ്ങളും രൂപകങ്ങളും കൊണ്ട്​നിറഞ്ഞ ‘ബംഗാൾ’ ജനകീയസംസ്‌കാരത്തോടു ചേർന്നുനിൽക്കുമ്പോൾ തന്നെ പുരോഗമനസാഹിത്യത്തെക്കുറിച്ച്​ നിലനിന്നിരുന്ന പല ധാരണകളെയും നിഷേധിക്കുകയും ചെയ്തു.

ആധുനികതാവാദം കവിതയിലേക്കുകൂടി കടത്തിക്കൊണ്ടുവന്ന ദുരൂഹതയെ ഈ കവിത നിരസിക്കുന്നുണ്ടായിരുന്നു. ലളിതവും എത്തിപ്പിടിക്കാൻ കഴിയുന്നതുമായ ബിംബങ്ങളും രൂപകങ്ങളും കൊണ്ട്​ നിറഞ്ഞ കവിത ജനകീയസംസ്‌കാരത്തോടു ചേർന്നുനിൽക്കുമ്പോൾ തന്നെ പുരോഗമനസാഹിത്യത്തെക്കുറിച്ച്​ നിലനിന്നിരുന്ന പല ധാരണകളെയും നിഷേധിക്കുകയും ചെയ്തു. യാന്ത്രികവും പ്രചരണപരവുമായ മൂല്യങ്ങൾക്കല്ല, വിമർശത്തിനും സ്വയംവിമർശത്തിനും ഇടം നൽകുകയും സ്വയം തെളിച്ചമാർജിക്കുന്ന തുറസ്സുകളിലേക്കു സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ഉള്ള് അതിനുണ്ടായിരുന്നു. നമ്മുടെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെല്ലാം തന്നെ ഈ കവിതയിൽ പ്രത്യക്ഷപ്പെട്ടു. സൂക്ഷ്മരാഷ്ട്രീയത്തെക്കുറിച്ചുള്ള ധാരണകൾ കാര്യമായി രൂപം കൊണ്ടിട്ടില്ലാത്ത അക്കാലത്ത് വിമോചനരാഷ്ട്രീയത്തിന്റെ ബൃഹദ്​രൂപം തന്നെയാണ് ഈ കവിതയിൽ നാം കണ്ടുമുട്ടിയത്. എന്നാൽ, വരേണ്യസംസ്‌കാരത്തിനെതിരായ ഒരു മനസ് അതിൽ തുറന്നിരിക്കുന്നുണ്ടായിരുന്നു.

തീർഥാടനം കഴിഞ്ഞ് പ്രഭുക്കന്മാരുടെ ഒരു സംഘം കാളീഘട്ടിലൂടെ കഥകൾ പറഞ്ഞ് ആർത്തട്ടഹസിച്ചു വരികയായിരുന്നു പെട്ടെന്ന് തെരുവിൽ ചുഴലി പൊങ്ങി. ഓടയിൽ നിന്നാരംഭിച്ച ചുഴലി തെരുവുകൾ ആശുപത്രികൾ ജലസംഭരണികൾ റേഡിയോ നിലയം - നഗരം മുഴുവൻ തല്ലിത്തകർത്ത് അന്നത്തെ വീരലാൽ ചക്രവർത്തിയെ സിംഹാസനത്തോടെ തട്ടിക്കൊണ്ടുപോയി ചുഴലി കഴിഞ്ഞപ്പോൾ രാജ്യം വേരോടെ മാറിപ്പോയിരുന്നു ഭരണം നിയമം മര്യാദകൾ രാപകലുകൾ -ആകെപ്പുത്തൻ. ഏറ്റവുമൊടുവിലാണ് പഴയ ആളുകൾക്കു മനസ്സിലായത് വിദൂരഗ്രാമങ്ങളിലെ ദരിദ്രകർഷകരുടെ ഉഗ്രശാപത്തിൽ നിന്നാണ് ചുഴലി പൊട്ടിപ്പുറപ്പെട്ടതെന്ന്.

മലയാളികൾക്ക് എക്കാലത്തും ബംഗാളിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും സവിശേഷമായ ചില ആഭിമുഖ്യങ്ങളുണ്ടായിരുന്നു. ബംഗാൾ മുന്നേ നടക്കുന്ന ദേശമായി ഇന്ത്യയെമ്പാടും ഘോഷിക്കപ്പെടുന്ന കാലമുണ്ടായിരുന്നല്ലോ/ photo; PEXELS

മലയാള കവിതയിൽ ‘ബംഗാൾ' ഒരു വിച്ഛേദം സൃഷ്ടിച്ചുവെന്നു പറയുമ്പോഴും അത് പാരമ്പര്യത്തോട് തീർത്തും മുഖംതിരിച്ചു നിന്നുവെന്നു കരുതാൻ കഴിയില്ല. ‘ബംഗാളി'നെ മലയാളത്തിലെ ഒരു പൂർവകവിതയുമായി ബന്ധിപ്പിക്കാനുണ്ടെങ്കിൽ അത് വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കലു'മായിട്ടാണ്. ഈ ബന്ധം കവിതയുടെ രൂപപരമായ തലത്തിലല്ല. ദാർശനികമായൊരു തലത്തിൽ ഈ കവിതകൾക്ക് ചില ചേർച്ചകളുണ്ടായിരുന്നു. മധ്യവർഗത്തിന്റെ ഇരട്ട ആത്മാവ് രണ്ടു കവിതകളിലും പ്രത്യക്ഷപ്പെടുന്നു. തങ്ങളുടെ സത്യസന്ധതയെ പറഞ്ഞുറപ്പിക്കേണ്ടിവരുന്ന ഒരു വർഗത്തിന്റെ വലിയ പശ്ചാത്താപത്തിന്റെയും ആത്മവിചാരണയുടെയും വാക്കുകളാണ് രണ്ടു കവിതകളിലും കേട്ടത്. ഇടച്ചേരിവർഗത്തിന് ദരിദ്രവർഗത്തോട് പൂർണ ഐക്യം അസാധ്യമാണെന്നും സമ്പന്നവർഗത്തെ എത്തിപ്പിടിക്കാനുളള അതിന്റെ ഉപബോധമോഹങ്ങൾ എപ്പോഴും അതിനെ പിന്നോട്ടുവലിക്കുന്നുണ്ടെന്നും ഇരുകവികൾക്കും അറിയാമായിരുന്നു. ‘ബംഗാളി'ലെ ധൃതരാഷ്ട്രനെയും സഞ്ജയനെയും പെറ്റിബൂർഷ്വാസിയുടെ പ്രതിനിധികളായി കാണാൻ കഴിയുമായിരുന്നു. കാഴ്ചശേഷിയുള്ള സഞ്ജയൻ നിശബ്ദനായിരിക്കുമ്പോൾ ആന്ധ്യം കൊണ്ട് ഒന്നും തിരിച്ചറിയാനാകാത്ത ധൃതരാഷ്ട്രൻ ദുരന്തത്തിന്റെയും കലാപത്തിന്റെയും ഭീതിയിൽ അലമുറയിടുന്നു.

... സത്യം ഞാൻ കാണുന്നതേയില്ല നേരു പറയാം, അവരെ ദൂരെക്കാണുമ്പോഴേ എന്റെയുള്ളിൽ തീപായും അവർ കരിയിലകളാണെന്ന്. പിശാചുക്കൾ ഭയങ്കരമായ ചുഴലിയുണ്ടാക്കുമെന്ന്. മുള്ളുമരങ്ങളിൽ എന്റെ മക്കളെ കുരുക്കിത്തൂക്കുമെന്ന്. മുക്കുവന്റെ വലയിൽ എന്റെ തല കുരുത്തെടുക്കുമെന്ന്. സഞ്ജയാ അന്ധത ഒരുത്തമ കവചമല്ലാതായി.

‘ബംഗാളി'നെ മലയാളത്തിലെ ഒരു പൂർവകവിതയുമായി ബന്ധിപ്പിക്കാനുണ്ടെങ്കിൽ അത് വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കലു'മായിട്ടാണ്. മധ്യവർഗത്തിന്റെ ഇരട്ട ആത്മാവ് രണ്ടു കവിതകളിലും പ്രത്യക്ഷപ്പെടുന്നു.

ഈ കവിതയുടെ പശ്ചാത്തലത്തിൽ പശ്ചിമബംഗാളിനെ സ്ഥലീയമായി കാണുന്നതിലേക്കു നമ്മെ നയിക്കുന്ന പ്രവണതക്ക്​ ഇപ്പോൾ പുതിയ മാനങ്ങൾ കൈവന്നിട്ടുണ്ട്. അന്നു നടന്ന പ്രതിവിപ്ലവങ്ങളെയും പിൽക്കാല ബംഗാൾ ചരിത്രത്തെയും ചേർത്തുവയ്ക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നുമുണ്ട്. അറുപതുകളിലെയും എഴുപതുകളിലെയും ബംഗാളിലെ നക്സലൈറ്റുകൾ യോദ്ധാക്കളുടെ ഒരു മഹാനിരയായിരുന്നു. ബംഗാൾ സമൂഹത്തിലെ ഏറ്റവും ധിഷണാശാലികളും പ്രതിജ്ഞാബദ്ധരും സജീവമനസ്സിന്റെ ഉടമകളുമായ യുവാക്കളെയാണ് ഈ ഭൂമുഖത്തുനിന്ന്​ ഭരണകൂടവും എതിരാളികളും പ്രതിവിപ്ലവത്തിലൂടെ തുടച്ചുനീക്കിയത്. ഈ കൂട്ടക്കൊലകളിൽ ഭാവിയിലെ ബംഗാൾ ദുഃഖിക്കേണ്ടിവരുമെന്ന് ദിവ്യേന്ദു പാലിതിന്റെ പ്രശസ്ത നോവലിലെ നായകനായ ആദിത്യറോയ് കേഴുന്നുണ്ട്. നക്സലൈറ്റുകളുടെ ആശയങ്ങളോട് വിയോജിക്കുമ്പോഴും ജനാധിപത്യത്തിന്റെ മൂല്യങ്ങൾക്കുവേണ്ടി ആദിത്യ റോയ് അവരുടെ സഹയോദ്ധാവായി മാറിത്തീരുന്നു.

ഇന്ത്യയിലെ നവോത്ഥാനത്തിന്റെയും ധൈഷണികതയുടെയും പുതുശബ്ദങ്ങളുടെയും ഭൂമി വരണ്ടു ശുഷ്‌കിച്ചു കെട്ടുപോയത് യഥാർഥ അനുഭവമാണ്. ബംഗാൾ എല്ലാതലത്തിലും പുലർത്തിയിരുന്ന മേധാവിത്വം ഇല്ലാതായി. അത് ഇന്ത്യയിലെ ഇതരപ്രദേശങ്ങളിലേക്ക് കൂലിപ്പണിക്കായി യുവാക്കളെ കയറ്റിയയക്കുന്ന ദേശമായി മാറി/Photo;pexels

പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതിനും വിപ്ലവകാരികളെ കൊന്നുതീർത്തതിനും ശേഷം ബംഗാളിന് എന്താണ് സംഭവിച്ചത്? ഇന്ത്യയിലെ നവോത്ഥാനത്തിന്റെയും ധൈഷണികതയുടെയും പുതുശബ്ദങ്ങളുടെയും ഭൂമി വരണ്ടു ശുഷ്‌കിച്ചു കെട്ടുപോയത് യഥാർഥ അനുഭവമാണ്. ബംഗാൾ എല്ലാതലത്തിലും പുലർത്തിയിരുന്ന മേധാവിത്വം ഇല്ലാതായി. അത് ഇന്ത്യയിലെ ഇതരപ്രദേശങ്ങളിലേക്ക് കൂലിപ്പണിക്കായി യുവാക്കളെ കയറ്റിയയക്കുന്ന ദേശമായി മാറി. എഴുപതുകളിൽ, കേരളത്തിലുണ്ടായ ജനകീയസംസ്‌കാരത്തിന്റെ ഉണർച്ചകളെ ബംഗാളിലെന്നപോലെ അത്രയും മാരകമായി ഭരണകൂടവും എതിരാളികളും നേരിട്ടില്ലെന്ന വസ്തുത ഇവിടുത്തെ പിൽക്കാലത്തെ സൂക്ഷ്മരാഷ്ട്രീയാന്വേഷണങ്ങൾക്കു ത്വരകമായെന്നുകൂടി കാണേണ്ടതല്ലേ?

കാലത്തിന്റെ വെയിലും ചൂടും മഞ്ഞും മഴയും കൊണ്ട് പുതിയ അർഥങ്ങൾ നിർമിക്കാൻ ഈ കവിതയിലെ വാക്കുകൾക്ക് കരുത്തുണ്ടല്ലോ? നമ്മുടെ കാവ്യചരിത്രത്തിൽ അത് സാധ്യമാക്കിയ വിച്ഛേദത്തിന്റെ പ്രസക്തി അവസാനിക്കുന്നതുമില്ല.

അമ്പതുവർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ ഈ കവിതയെ വിമർശനബുദ്ധികൊണ്ട്​ പരിശോധിക്കേണ്ടുന്ന നിരവധി കാര്യങ്ങളെ കണ്ടെത്താൻ കഴിഞ്ഞേക്കും. അത് പല രൂപങ്ങളിൽ നിർവഹിക്കപ്പെടുന്നുമുണ്ട്. രാഷ്ട്രീയമായ ആശങ്കകളുടെ ആഖ്യാനം വ്യാമോഹത്തിന്റെയും അമിതാവേശത്തിന്റെയും പ്രകടനം കൂടിയായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സഞ്ജയന്റെയും ധൃതരാഷ്ട്രന്റെയും പരാമർശങ്ങളിലൂടെ വരേണ്യതയുടെ മൂല്യബോധങ്ങളെ ഇതരരൂപങ്ങളിൽ പുനരാനയിക്കുകയാണ്​ കവിത ചെയ്തതെന്നും അങ്ങനെ അത് വരേണ്യതയെ പുനരുത്പാദിപ്പിക്കുന്നുണ്ടെന്നും കാണുന്നവരുണ്ട്. ഈ പാഠങ്ങളൊന്നും അപ്രസക്തമാകുന്നില്ല. കാലത്തിന്റെ വെയിലും ചൂടും മഞ്ഞും മഴയും കൊണ്ട് പുതിയ അർഥങ്ങൾ നിർമിക്കാൻ ഈ കവിതയിലെ വാക്കുകൾക്ക് കരുത്തുണ്ടല്ലോ? നമ്മുടെ കാവ്യചരിത്രത്തിൽ അത് സാധ്യമാക്കിയ വിച്ഛേദത്തിന്റെ പ്രസക്തി അവസാനിക്കുന്നതുമില്ല.

കെ.ജി.എസിന്റെ പിൽക്കാലകവിത ‘ബംഗാളി'ൽ തുടരുന്നതായിരുന്നില്ലെന്ന് സുവിദിതമാണ്. അത്​ നിരന്തരപരിണാമങ്ങൾക്കും നവീകരണങ്ങൾക്കും വിധേയമായിക്കൊണ്ടിരുന്നു. എന്നാൽ, ‘ബംഗാളി'ൽ നിറഞ്ഞുനിന്ന നൈതികതയ്ക്കുവേണ്ടിയുള്ള ആകാംക്ഷകൾ പലവിധത്തിൽ, പലരൂപത്തിൽ പിൽക്കാല കവിതകളിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ, മലയാളവാക്കിന് പുതിയ അർഥങ്ങൾ നിർമിക്കുന്ന ഒരു ബൃഹദ്പ്രവർത്തനം കെ.ജി.എസ്. കവിതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments